Begin typing your search above and press return to search.

ആനന്ദ

ആനന്ദ
cancel

പ്രണയിച്ച സ്​ത്രീയെ സ്വന്തമാക്കുന്നതോ​െട ഇരു വീടുകളിലും ഉയർന്ന പ്രശ്​നങ്ങളെയും അത്​ നേരിട്ട വഴികളെയും കുറിച്ചാണ്​ ഇത്തവണ. പവിത്രൻ രമ്യമായൊരു പരിഹാരത്തിനുവേണ്ടി നടത്തിയ ശ്രമം ആദ്യം രാഘവനും കുടുംബവും അംഗീകരിച്ചെങ്കിലും പിന്നീടത് വേണ്ടെന്നു​െവച്ചു. ഇതുമൂലം പവിത്രനും രാഘവനും തമ്മിലുള്ള ബന്ധത്തിന് മങ്ങലേറ്റു. ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഇളക്കമില്ലാതെ വന്നപ്പോൾ ആനന്ദയുടെ വിദ്യാഭ്യാസം മുടക്കി. കോളജിൽപോക്കിന് വിലക്കേർപ്പെടുത്തി. ഒരു വിദ്യാർഥിനിക്ക് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷ. വീട്ടിൽ വഴക്കു മുറുകിയപ്പോൾ ഭക്ഷണം ഇല്ലാതായി. കുടുംബകോടതിയുടെ മറ്റൊരു ശിക്ഷ. അയൽപക്കത്തുള്ള...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
പ്രണയിച്ച സ്​ത്രീയെ സ്വന്തമാക്കുന്നതോ​െട ഇരു വീടുകളിലും ഉയർന്ന പ്രശ്​നങ്ങളെയും അത്​ നേരിട്ട വഴികളെയും കുറിച്ചാണ്​ ഇത്തവണ.

പവിത്രൻ രമ്യമായൊരു പരിഹാരത്തിനുവേണ്ടി നടത്തിയ ശ്രമം ആദ്യം രാഘവനും കുടുംബവും അംഗീകരിച്ചെങ്കിലും പിന്നീടത് വേണ്ടെന്നു​െവച്ചു. ഇതുമൂലം പവിത്രനും രാഘവനും തമ്മിലുള്ള ബന്ധത്തിന് മങ്ങലേറ്റു. ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഇളക്കമില്ലാതെ വന്നപ്പോൾ ആനന്ദയുടെ വിദ്യാഭ്യാസം മുടക്കി. കോളജിൽപോക്കിന് വിലക്കേർപ്പെടുത്തി. ഒരു വിദ്യാർഥിനിക്ക് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷ. വീട്ടിൽ വഴക്കു മുറുകിയപ്പോൾ ഭക്ഷണം ഇല്ലാതായി.

കുടുംബകോടതിയുടെ മറ്റൊരു ശിക്ഷ. അയൽപക്കത്തുള്ള രാജുവിന്റെ വീട്ടിൽനിന്നും എന്തെങ്കിലും കഴിക്കുന്ന സ്ഥിതിയായി. രാജുവിന്റെ അമ്മയും വല്യമ്മയും ആനന്ദയോട് ഏറെ സ്നേഹം പുലർത്തുന്ന ഈഴവരായ രണ്ട് മുതിർന്ന സ്ത്രീകളായിരുന്നു. ഒരിക്കൽ ആനന്ദയുടെ സുഹൃത്തുക്കളായ രാജുവും മനോഹരനും കാട്ടിക്കുന്നിൽ വന്ന് ഈ അവസ്ഥയെപ്പറ്റി എന്നോട് പറഞ്ഞു. പവിത്രന്റെ ഇളയ സഹോദരനാണ് മനോഹരൻ. ആനന്ദ കൊടുത്തയച്ചൊരു കത്തുമുണ്ടായിരുന്നു. ഈ നിലയിൽ വീട്ടിൽ തുടരാനാകില്ലെന്നും കൂടെ കൊണ്ടുപോകുന്നില്ലെങ്കിൽ ഇനി തമ്മിൽ കാണുകയില്ലെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു സ്ഥിതി പ്രതീക്ഷിച്ചിരുന്നില്ല. ആനന്ദ വീട്ടിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി അമ്മയുടെ മൂത്ത സഹോദരീപുത്രൻ വിജയൻ അതിനൊരു പരിഹാരം ഉടനുണ്ടാക്കാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു.

യാദൃച്ഛികമായിട്ടാണ് വിജയനെ കണ്ടുമുട്ടിയത്. പിന്നീട് ഒരിക്കലും കണ്ടിട്ടില്ലാത്ത ഇടയുന്ന ഒരു ഭാവം അന്ന് വിജയനുണ്ടായിരുന്നു. ‘പെണ്ണ്’ എന്നു വിളിച്ച് വീട്ടിലേക്ക് കടന്നുവന്ന് മറ്റാരേക്കാളും സ്നേഹവും സാഹോദര്യവും ആനന്ദയുമായി പങ്കിട്ട് വിജയൻ തിരിച്ചുപോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഇളയമ്മക്കും ഉദ്യോഗസ്ഥനായ ജ്യേഷ്ഠ സഹോദരനുമെല്ലാം നിഷേധിക്കാൻ കഴിയാത്തൊരാഴം ആ ബന്ധത്തിനുണ്ടായിരുന്നുവെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. പട്ടിമറ്റത്തുനിന്ന് അയ്യപ്പൻകുട്ടിയും ഇതേ സമീപനം സ്വീകരിച്ചുകൊണ്ട് എനിക്ക് ഒരു കത്തയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഞാൻ അറിയിച്ചപ്രകാരം ഒരുദിവസം രാവിലെ ആനന്ദവല്ലി വൈക്കം പ്രൈവറ്റ് സ്റ്റാൻഡിലെത്തിയത്. മനസ്സിന്റെ വേവലാതി മറച്ചുവെക്കാൻ പാടുപെടുന്ന ചുണ്ടിലെ മന്ദഹാസം.

‘‘നമുക്ക്​ പോകാം’’, ഞാൻ പറഞ്ഞു. എല്ലാം തീരുമാനിച്ചുറച്ചതുപോലെ മറുവാക്കില്ലാതെ അവൾ എന്നോടൊപ്പം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തി, എറണാകുളം ബസിൽ എന്റെ ചാരത്തിരുന്നു. ഇതും ഒരു വിവാഹമാണ്. അലങ്കാരങ്ങളും ആർഭാടങ്ങളും ചടങ്ങുകളും ആചാരങ്ങളും ബന്ധുമിത്രാദികളും സുഹൃത്തുക്കളും മറ്റാരുമില്ല. പരസ്പരം ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച രണ്ട് ശരീരങ്ങളുടെയും മനസ്സുകളുടെയും സംഗമം. മനസ്സ് മാത്രമല്ല ശരീരവും പരസ്പരം പങ്കിട്ടാസ്വദിച്ചവർക്ക് അതിന്റെ രഹസ്യ ഭാഷ്യങ്ങളെ മറികടക്കുകയേ വേണ്ടൂ. അതാണ് സംഭവിച്ചത്. ഒരു പ്രണയസാഫല്യം. 79ലെ വേനൽക്കാലത്ത് ഏതോ ഒരു ദിവസം. അതിന് സമയമോ കാലമോ അടയാളങ്ങളോ ഒന്നുമില്ല. ലിഖിത രേഖകളോ സാക്ഷ്യങ്ങളോ ഇല്ല. ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് മാത്രമായിരുന്നു അതിന്റെ സാക്ഷ്യം. കുട്ടികൾ അതിന്റെ ഭാഷ്യങ്ങളായി മാറുമെന്ന് ഞങ്ങൾ സൊറ പറഞ്ഞു.

എറണാകുളം ജില്ലയിലെ പുതിയകാവിലുള്ള കുഞ്ഞുപണിക്കന്റെ വീട്ടിലേക്കാണ് ഞങ്ങൾ പോയത്. പാവാടയും ബ്ലൗസുമണിഞ്ഞ് കോളജിൽ പോകുന്ന വേഷത്തിലായിരുന്നു ആനന്ദവല്ലി. കൈയിലെ നോട്ടുബുക്കിൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും ഉണ്ട്. കുടുംബത്തിലെ സ്വൈരക്കേടുകൾക്കും, രോഗത്തിനുമിടയിലെ തന്റെ സമ്പത്ത്. പരാജയപ്പെ​ടുന്നൊരു ജീവിതമല്ല തന്റേതെന്നതിന്റെ തെളിവ്. ശാരീരികവും മാനസികവുമായി ഏറെ ക്ഷീണിതയായിരുന്നു അവൾ. വീടു വിടേണ്ടിവന്നതും വിട്ടതും താങ്ങാവുന്നതിനേക്കാൾ വലിയ ദുഃഖമായി. വിട്ടുപോന്ന ബന്ധങ്ങൾ അവളെ പൊട്ടിക്കരയിച്ചു. മൂന്നാംനാൾ സന്ധ്യക്ക് പണിതീരാത്ത വീടിന്റെ വാതിൽപ്പടിയിൽ എന്റെ മടിയിൽ വീട്ടിലേക്ക് തിരികെ പോകണമെന്ന് പറഞ്ഞ് ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ വിങ്ങിപ്പൊട്ടി. കണ്ണീരൊപ്പി മുഖത്തു തടവിക്കൊണ്ട് ഞാൻ ചൊരിഞ്ഞ സാന്ത്വന വാക്കുകൾക്കൊന്നും തടഞ്ഞുനിർത്തുവാൻ കഴിയുന്നതായിരുന്നില്ല അതിന്റെ അലകൾ. ആത്മവിശ്വാസത്തോടെ ശാന്തതയിലേക്ക് തിരിച്ചുവരുവാൻ അൽപനേരമെടുത്തു. പിന്നീടൊരിക്കലും തന്റേതല്ലാത്ത കാരണങ്ങളാൽ അറുത്തുമാറ്റപ്പെട്ട ബന്ധങ്ങളെയോർത്ത് അവൾ വിലപിച്ചു കണ്ടില്ല. നിശ്ചയദാർഢ്യമുള്ളൊരു പോരാളിയായി അവൾ മാറി.

മകളുടെ ഇറങ്ങിപ്പോക്ക്​ കുടുംബാന്തരീക്ഷമാകെ പിന്നെയും തകർത്തു. ഇത്തരം സംഭവങ്ങൾ സ്വജാതിയിലെ അനുവദനീയമായ രക്തബന്ധങ്ങൾക്കിടയിലാണെങ്കിൽ ക്ഷമിക്കുകയും സഹിക്കുകയും ചെയ്യാവുന്നതാണ്. അമ്മയുടെ പ്രാപ്തിക്കുറവിനെയും അശ്രദ്ധയേയും അച്ഛനും പുത്രന്മാരും കുറ്റപ്പെടുത്തുമ്പോൾ അച്ഛന്റെയും സഹോദരന്മാരുടെയും കയ്യൂക്കില്ലായ്മയെയാണ് പുരുഷാധിപത്യത്തിലെ സാമൂഹിക ബോധം കുറ്റപ്പെടുത്തുന്നത്. അവരുടെ ആണത്തമാണ് ചോദ്യംചെയ്യപ്പെടുന്നത്. ഉദ്യോഗസ്ഥനായൊരു ചേട്ടനുണ്ടെന്ന് പറഞ്ഞിട്ട് എന്തുകാര്യം എന്ന പരിഹാസം രാഘവനുള്ളതാണ്. ഒരിക്കൽ മദ്യലഹരിയിൽ രാഘവൻ പറഞ്ഞുപോലും ‘‘രണ്ടിനേയും ഒരു പായിൽ പൊതിയും.’’ രാഘവന്റെ ക്ലാസ്മേറ്റും സഹമുറിയനും ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായ മുളന്തുരുത്തി സ്വദേശി അന്തരിച്ച മുകുന്ദനാണ് ഈ വിവരം പറഞ്ഞത്. ഏത് പുരുഷനാണ് കുടുംബവും സമൂഹവും പാരമ്പര്യമായി കാത്തുസൂക്ഷിക്കാൻ ഏൽപിച്ചൊരു പെണ്ണിന്റെ നഷ്ടബോധത്തിൽനിന്ന് ഇമ്മാതിരി ക്ഷുഭിതനാകാതിരിക്കുന്നത്. ഇത്തരക്കാർക്ക് പെണ്ണൊരു ജഡവസ്തുവാണ്. ‘‘രാഘവൻ വെറുതെ പറഞ്ഞതാണ്.’’ മുകുന്ദനോട് ഞാൻ പ്രതികരിച്ചു. ഇക്കാര്യം ആനന്ദയോടു പറഞ്ഞപ്പോൾ ഒട്ടും ഗൗരവമുള്ളൊരു കാര്യമായി കാണാതെ നിസ്സംഗത കാട്ടി.

അമ്മ രോഷാകുലയായി കാട്ടിക്കുന്നിലെ വീട്ടിലെത്തി. ഞങ്ങൾ അവിടെയുണ്ടെന്ന് വിചാരിച്ചുകാണും. ഞങ്ങൾക്കെതിരെ സകല കുടുംബദൈവങ്ങളെയും സാക്ഷിനിർത്തി ശകാരങ്ങളും ശാപവാക്കുകളും ചൊരിഞ്ഞെന്നാണ് അറിഞ്ഞത്. കാട്ടിക്കുന്നിലെ വെയിറ്റിങ് ഷെഡിന് മുന്നിൽവെച്ച് ഇടവട്ടത്തുനിന്ന് ഒരു പെണ്ണിനെ തട്ടിക്കൊണ്ടു​േപായി എന്ന് പറഞ്ഞ് തന്റെ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ സലിംകുമാർ അങ്ങനെ ചെയ്യാനിടയില്ലാ എന്നുപറഞ്ഞ് തങ്ങൾ ന്യായീകരിച്ചതായി ചില യുവാക്കൾ പറഞ്ഞു. ആരുടെ മകളെ എന്ന ചോദ്യത്തിന് തന്റെ മകളെ അന്വേഷിച്ചിറങ്ങിയതാണെന്നു പറയുവാൻ അമ്മക്കായില്ല. വിവരമറിഞ്ഞ ഞങ്ങൾ വീട്ടിലേക്ക് കത്തെഴുതി. ആനന്ദവല്ലി എന്റെ കൂടെയുണ്ടെന്നും, അന്വേഷിച്ചു നടക്കേണ്ടതില്ലെന്നും സമ്മതമാണെങ്കിൽ വീട്ടിലേക്ക് വരാമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. ഒരിക്കലുമതിന് മറുപടിയുണ്ടായില്ല.

മനുഷ്യ സംസ്കൃതിയിൽ നാളിതുവരെ നടന്ന മഹാസംഭവങ്ങൾക്കൊന്നും കാര്യമായി തകർക്കാൻ കഴിയാത്തൊരടിത്തറ കുടുംബത്തിനുണ്ട്. സ്ത്രീ വിരുദ്ധതയാണ് അതിന്റെ നെടുംതൂൺ. നീചരിൽ നീചനാണെന്ന്, മുമ്പ് തന്നെ തോന്നിയൗ രാമന്റെ മുഴുവൻ തെറ്റുകൾക്കും മാപ്പുകൊടുക്കുന്ന സീതമാരെയാണ് കുടുംബത്തിന്​ ആവശ്യം. ഒരു സംവത്സരക്കാലം നീണ്ടുനിൽക്കുന്ന വനവാസമായിട്ടും രാമനോടൊപ്പം സഞ്ചരിക്കാതിരിക്കാൻ സീതക്കാവില്ലായിരുന്നു. എന്നാൽ, രാമനോ? തന്റെ ഭ്രൂണവും പേറി നടക്കുന്ന സീതയെ എത്രയോ ലാഘവത്തോടെയാണ് അദ്ദേഹം കാലഗണന പോലുമില്ലാത്ത കൊടുംവനത്തിലേക്ക് ഏകാകിയായി തള്ളിവിട്ടത്. പരപുരുഷ സമാഗമത്തിനു ശേഷം രാമൻ വിധിച്ച എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ചിട്ടും, സീതക്ക് ഇതിഹാസ പുരുഷനിലേക്ക് സഞ്ചരിക്കാനായില്ല.

സഹജമായ ജൈവിക ഭാവങ്ങൾ സ്ത്രീക്കുനേരെ പ്രകടിപ്പിക്കാതിരുന്ന ​േയശുക്രിസ്തുവിനെ പരിചയപ്പെടുത്തുന്നതിനാണ് 2000 വർഷങ്ങളായി ക്രൈസ്തവ പൗരോഹിത്യം ശ്രമിച്ചുകൊണ്ടിരുന്നത്. ക്രിസ്തുവിന്റെ സ്ത്രീബന്ധം അവർക്ക് ദൈവനിന്ദയാണ്, മതനിന്ദയാണ്. ബോധോദയം സിദ്ധിച്ച സിദ്ധാർഥന്റെ കൂടെ യശോദയെ കണ്ടില്ല, അപ്പോൾ അദ്ദേഹം സർവസംഗപരിത്യാഗിയായ ബുദ്ധനായി മാറിയിരുന്നു. എന്തിന് നവോത്ഥാന കാലത്തിന്റെ മുൻനിരക്കാരായിരുന്ന ശ്രീനാരായണ ഗുരുപോലും കുടുംബവുമായൊരു പരീക്ഷണത്തിന് നിന്നില്ല. തന്നോടൊപ്പം സഞ്ചരിക്കേണ്ടിയിരുന്ന സഹധർമിണിയെ എന്തുകൊണ്ടാണദ്ദേഹം പരിത്യജിച്ചതെന്നതിന് ഉത്തരം കണ്ടില്ല. ന്യായീകരണങ്ങൾ പോരാ, പരിത്യജിക്കപ്പെടുന്ന സ്ത്രീയുടെ നീറുന്ന ഹൃദയത്തിന്റെ ഭാഗത്തുനിന്നുള്ള ഉത്തരമാണ് വേണ്ടത്. പിന്നീടൊരിക്കലും ഒരു സ്ത്രീയും കടന്നുവരാത്തവണ്ണം അദ്ദേഹത്തിന്റെ ജീവിതം സ്വയം കെട്ടിയടക്കപ്പെടുകയുംചെയ്തു.

നാരായണ ഗുരുവിലും വാഗ്ഭടാനന്ദനിലും ചുവടുറപ്പിച്ച് തീവ്രമായ തങ്ങളുടെ പ്രണയബന്ധം നിരാകരിച്ചതിന് ന്യായീകരണം കണ്ടെത്തിയ സുകുമാർ അഴീ​ക്കോട് നാലു പതിറ്റാണ്ടിലേറെ കാലം അദൃശ്യമായി തന്റെ ഹൃദയത്തിൽ കെടാതെ സൂക്ഷിച്ചിരുന്ന പ്രണയഭാവത്തെ അപഹസിക്കുന്നുവെന്ന് തോന്നിയപ്പോൾ അത്യാസന്നനായ തന്റെ ചിരകാല കാമുകന്റെ മുന്നിൽ വിലാസിനി ടീച്ചർ ഇളകുന്ന സാഗരമായി മാറിയത് ഈയിടെ കേരളം കണ്ടതാണ്. സുഗതകുമാരി ടീച്ചർ വിലാസിനി ടീച്ചറെ വിലക്കി. നിങ്ങളെന്റെ ജീവിതം വഷളാക്കിയെന്ന് അവർ കാമുകന്റെ ഉയരങ്ങൾ നോക്കാതെ തുറന്നുപറയുമ്പോൾ സുകുമാർ അഴീക്കോടിന്റെ നെഞ്ചു മാത്രമല്ല, മരണാനന്തരം അദ്ദേഹത്തിന്റെ മഹത്വങ്ങൾ ഉദ്ഘോഷിക്കുവാൻ തയാറെടുക്കുന്ന കേരളീയ പുരുഷ ഹൃദയങ്ങളും പിളർക്കേണ്ടതായിരുന്നു.

അമ്മയുടെ ഇഷ്ടമായിരുന്നു തടസ്സമെന്ന് അഴീക്കോട് പറയുമ്പോൾ അദ്ദേഹം വീണ്ടും പരിഹാസ്യനാകുന്നുണ്ട്. അതുമിതുമൊന്നാണെന്നും ഞാനും നീയും ഭേദമില്ലെന്നും വേദാന്തങ്ങളിൽനിന്ന് വായിച്ചിട്ടുണ്ട്. തത്ത്വമസിയിലൂടെ മലയാളി മനസ്സിനെ കടത്തിക്കൊണ്ടു പോകുവാൻ ശ്രമിച്ച അഴീക്കോട് പ്രണയിനിയാ​യൊരു സ്​​ത്രീയുടെ മുന്നിൽ അപഹാസ്യനായി ഭിന്നിച്ചു നിൽക്കുമ്പോൾ ഏത് ജ്ഞാനവ്യവസ്ഥക്കാണ് അദ്ദേഹത്തെ രക്ഷിക്കാനാവുക. മഹാത്യാഗികളെന്നും, മനുഷ്യസംസ്കൃതിയുടെ നിർമാതാക്കളെന്നും ചരിത്രത്തിന് മുന്നിൽ നടന്നുപോയവരെന്നുമെല്ലാം പ്രകീർത്തിക്കപ്പെടുന്നവരിലേറെയും സ്വന്തം ചങ്ങലയുടെ ചുമതല സ്ത്രീയെ തന്നെ ഏൽപിച്ച് കുടുംബത്തിന് പുറത്തുവന്നവരാണ്. അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും ദുഃഖങ്ങളാണ് തങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നതെന്നാണ് ന്യായവാദം. സ്ത്രീകൾ നാവടക്കുന്നതുകൊണ്ടു മാത്രമാണ് ഇത്തരം വിഗ്രഹങ്ങൾ ഹിമാലയസാനുക്കൾക്കു മേൽ ഇന്നും ഉയർന്നുനിൽക്കുന്നത്.

പാലൂട്ടി വളർത്തിയ രക്തബന്ധങ്ങളുടെ വിച്ഛേദനമാണ് കുടുംബത്തിൽനിന്ന് പറിച്ചെറിയുകയോ വിട്ടുപോകുകയോ ചെയ്യുന്നതിലൂടെ സംഭവിക്കുന്നത്. അത് സ്ത്രീയുടെ മുൻകൈയിലാകുമ്പോൾ മനുഷ്യാർജിതമായ ഏത് സംസ്കൃതിയുടെയും അടിത്തറ ഇളകുന്നുണ്ട്. കുടുംബത്തിന്റെ ഇരയാണ് സ്ത്രീ. എന്നാൽ അതിന്റെ സംരക്ഷകയും. ബഹിഷ്കൃതരായ വ്യക്തികൾക്ക് തിരികെ ചെല്ലാൻ സാധ്യമല്ലാ​ത്ത ക്രമീകരണങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും അതിനനുസൃതമായ മനോഘടനയുമായിട്ടാണ് ആധുനിക കാലത്തുപോലും കുടുംബം നിലനിൽക്കുന്നത്. ഗോത്ര സംസ്കൃതിയുടെ തകർച്ചയിലൂടെ കടന്നുവരുകയും താരതമ്യേന നിരവധി സ്വാതന്ത്ര്യങ്ങൾ അനുഭവിക്കുകയുംചെയ്യുന്ന, പുരുഷാധിപത്യത്തിന്റെയും പൗരോഹിത്യത്തിന്റെയും സംഘടിതമായ സ്വാധീനം ഇപ്പോഴും ശക്തിപ്പെട്ടിട്ടില്ലാത്ത, ഞാൻ കണ്ടെത്തിയ, എനിക്ക് പ്രവേശനം നൽകിയ, എ​ന്നെ വർഷങ്ങളായി സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തൊരു കുടുംബത്തിലാണ് ഇത്തരമൊരു ദുഃഖം ഉണ്ടായതെന്നത് എന്നും എനിക്കൊരു പ്രശ്നമായിരുന്നു.

ചെയ്യാൻ പാടുള്ള കാര്യമായിരുന്നുവോ ചെയ്ത​ത് എന്ന് പിന്നീട് ആലോചിച്ചിട്ടുണ്ട്. പാടില്ലായിരു​ന്നുവെന്ന് ചില​പ്പോൾ മനസ്സ് പറഞ്ഞു. എന്നെ വിശ്വാസത്തിലെടുത്തൊരു കുടുംബത്തെയാണ് ഞാൻ വഞ്ചിച്ചത്. അച്ഛനെ, അമ്മയെ ഇളയ സഹോദരങ്ങളെ പോലെ കണ്ടവരെ. പക്ഷേ, നിയതമായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ക്രമീകരണങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായൊരു സാമൂഹിക നിർമിതിയിൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ നടപ്പാക്കുവാൻ മറ്റെന്തു വഴിയാണുള്ളത്. ഇത്തരം സന്ദിഗ്ധഘട്ടങ്ങളിൽ മാത്രമേ മഹാ വിപ്ലവങ്ങൾപോലും ചരിത്രത്തിൽ നടന്നിട്ടുള്ളൂ.

കുടുംബബന്ധങ്ങളുടെ ദുഃഖാകുലമായ വിച്ഛേദനം മറ്റൊരു മാതൃകയിലുള്ള കുടുംബത്തിന്റെ സൃഷ്ടിയിലേക്കുള്ള സക്രിയമായ നടപടിയാണ്. പുതിയ കാലവും പുതിയ ബന്ധങ്ങളും സ്വപ്നം കാണുന്നവർക്ക് അത് ലംഘിക്കാതിരിക്കാനാകില്ല. ഇവിടെ പ്രണയമാണ് വിജയിക്കേണ്ടത്. മനുഷ്യാർജിതമായ ഭാവങ്ങളിൽ ഏറ്റവും ഉദാത്തവും ഊഷ്മളവുമായ ഭാവം പ്രണയമാണ്. ഉത്കൃഷ്ടമായ എല്ലാ മാനസിക മൂല്യങ്ങളുടെയും അടിത്തറയാണിത്. പ്രണയത്തിനു മാത്രമേ മനുഷ്യനെ രണ്ടെന്ന ഭാവത്തിൽനിന്ന് വിമോചിപ്പിക്കാനുള്ള ശക്തിയുള്ളൂ. അത് വ്യക്തിക്ക് സ്വാതന്ത്ര്യവും തുല്യതയും സ്നേഹവും ബഹുമാനവും വിശ്വാസവും കരുണയും ദയയും സഹിഷ്ണുതയും ശാന്തതയും സന്തോഷവും പരമാനന്ദവും നൽകുന്നു. പ്രണയരഹിതമാ​െയാരു കാലത്താണ് മനുഷ്യരിലെ ഹിംസാത്മകമായ മൃഗഭാവം ഉണ്ടാകുന്നത്. മനുഷ്യൻ നിർവൃതിയുടെ ധ്യാനാത്മകവും മിഥ്യയുമായ മാർഗം അവനവനിൽതന്നെ തിരക്കുന്നതും നീയില്ലാതെ ഞാൻ മാത്രമുള്ളൊരു ലോക​ത്തേക്ക് അപഥസഞ്ചാരം നടത്തുന്നതും.

ആനന്ദവല്ലി എന്നോടൊപ്പം ജീവിക്കുവാൻ തുടങ്ങിയ കാര്യം ഞാൻ വീട്ടിൽ അറിയിച്ചു. ഔപചാരികമായൊരു വിവാഹം വേണ​​മെന്ന ​ആഗ്രഹം അച്ഛനുണ്ടായിരുന്നതാണ്. വിവാഹിതരുടെ ഇഷ്ടത്തിന് പ്രാധാന്യം കൽപിക്കുന്ന ആളായിരുന്നു അച്ഛൻ. ആണായാൽ ഒരു പെണ്ണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ വിവാഹ സങ്കൽപം. വിവാഹിതരുടെ ഇഷ്ടത്തിൽ മാത്രമായിരുന്നു ഊന്നൽ. വിവാഹശേഷം ഇഷ്ടമല്ലാതായാലോ? പിടിച്ച കാട്ടിൽ കൊണ്ടുവിടുക. പീഡനങ്ങൾ പാടില്ല. ഈ ലളിതയുക്തിയാണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്നുവെന്ന വിവരം അറിഞ്ഞയു​ടനെ പെൺവീടു​മായി ബന്ധപ്പെടാൻ സഹോദരനു​മൊത്ത് വൈക്കത്തെത്തു​വാൻ അച്ഛനെ പ്രേരിപ്പിച്ചത്. പവിത്രൻ പറഞ്ഞതനുസരിച്ച് കാട്ടിക്കുന്നിൽനിന്നുള്ള ചന്ദ്രനായിരുന്നു വഴികാട്ടി. നടക്കാതെ പോയൊരു ദൗത്യം. ഇപ്പോൾ അച്ഛ​ന് സ​ന്തോഷമായി. സ്ത്രീയെ ദേവിയായും മാതാവായും ആകാശത്തിന്റെ പാതിയായിപോലും മനുഷ്യൻ വിഭാവനംചെയ്തിട്ടുണ്ട്. എന്നാൽ, ലോകത്തൊരിടത്തും ഒരു സംസ്കാരത്തിലും ഒരു പ്രദേശത്തും ഒരു ഗോത്രത്തിലും ഒരു വർഗത്തിലും ഒരു പാരമ്പര്യത്തിലും ഒരു വംശത്തിലും ഒരു മതത്തിലും ഒരു ജാതിയിലും ഒരു വർഗത്തിലും സ്ത്രീകൾ പുരുഷന്മാരോടൊപ്പം പരിഗണിക്കപ്പെടുകയോ ഉയർത്തപ്പെടുകയോ ചെയ്യുന്നതായി ചരിത്രം രേഖപ്പെടുത്തുന്നില്ല.

ആനന്ദയുടെ രോഗവും പട്ടിണിയും മാനസിക സംഘർഷങ്ങളും സൃഷ്ടിച്ച അനാരോഗ്യംമൂലം കുറച്ചുനാൾ പുതിയകാവിൽ തങ്ങി. ഭക്ഷണവും പാർപ്പിട സൗകര്യവും പണിക്കൻ നൽകി. അണ്ണനാണ് ആനന്ദക്ക് ആദ്യം സാരി വാങ്ങിക്കൊടുത്തത്. കാട്ടിക്കുന്നുനിന്ന് അപ്പച്ചനും രാജമ്മയുമൊത്ത് ഒരുനാൾ സന്ധ്യയെത്തും മുമ്പ് ഞങ്ങൾ കരിപ്പലങ്ങാട് വീട്ടിലെത്തി. അച്ഛന്റെ സാന്നിധ്യത്തിൽ ആനന്ദയുടെ കൈപിടിച്ചു. അമ്മ തങ്ങളുടെ കുടുംബത്തിലെ ഒരംഗമായി സ്വീകരിച്ചു വീട്ടിൽ കയറ്റി. പെറ്റമ്മക്ക് പകരമാകില്ലെങ്കിലും ഒരമ്മയുടെ സാന്നിധ്യത്തിനുള്ള വഴി തുറന്നു. മരുമകളുടെ അതിരുകടന്ന ​പ്രവർത്തനങ്ങൾപോലും അലോസരമില്ലാതെ നോക്കിനിൽക്കുകയും അനുകരിക്കാവുന്നതെല്ലാം സ്വായത്തമാക്കാൻ നോക്കിയും അല്ലാത്തവയെ എതിർക്കാതിരിക്കുകയും ചെയ്തൊരമ്മ.

എല്ലാം നല്ലതിന്. അച്ഛനും ഇളയച്ചന്മാരും അമ്മാവന്മാരും അവരുടെ ഭാര്യമാരുമെല്ലാം മകളെ മനസ്സിൽ​ വെച്ച് ‘പെണ്ണ്’ എന്ന് വിളിച്ച് അവളെ തങ്ങളിലേക്ക് ആനയിച്ചു. എന്റെ അപ്പന്റെ സഹോദരിയു​െട നിരക്ഷരരായ മക്കൾക്ക് ആനന്ദ പെങ്ങളായിരുന്നു.​ ഗോത്രമുറയിലെ ബന്ധസൂചനയുടെ സ്ഥാനനിർണയം. ഒരിടത്ത് തിരസ്കരണവും മറ്റൊരിടത്ത് സ്വീകാര്യതയും. ഒരിക്കൽപോലും മുഖമോ, മറ്റാരെങ്കിലും വഴിയോ തന്റെ മരുമകളു​മായി ബന്ധപ്പെട്ട് അമ്മ അവിഹിതമായ എന്തെങ്കിലും ചെയ്തതായോ പറഞ്ഞതായോ കേട്ടിട്ടില്ല. മാംസം വറ്റിയ തന്റെ വൃദ്ധശരീരവുമായി ആനന്ദയുടെ മൃതശരീരത്തിന്റെ തലക്കൽ ഒരു രാവ് മായ്ഞ്ഞിട്ടും മിഴി അടക്കാതിരുന്ന അമ്മ ‘‘പകരം താനില്ലായിരുന്നോ’’ എന്ന് ഏതോ അദൃശ്യതയോട് ഹൃദയം നൊന്ത് ചോദിക്കുകയും കണ്ണീര് ഒഴുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിനപ്പുറം ഒരമ്മ താൻ ജന്മംകൊടുക്കാത്ത മകളെ എങ്ങനെ സ്വീകരിക്കും. ഒന്നും ചോദിച്ചില്ലെങ്കിലും ‘‘എനിക്കുള്ളതെല്ലാം നിനക്ക്’’ എന്ന പ്രതിജ്ഞയോടെ ജീവിതം തുടങ്ങി. ഉള്ളത് മണ്ണും മനസ്സുമാണ്. ഞാൻ വേലക്കാരനായി. അയാൾ സർവസഹായിയും ഉടമസ്ഥയും.

മകൾമൂലമുണ്ടായ മാനഹാനി പരിഹരിക്കാൻ ആനന്ദയുടെ കുടുംബം കണ്ടെത്തിയ മാർഗം ദേശം വിട്ടുപോകുകയെന്നതായിരുന്നു. ആനന്ദയോട് ആഭിമുഖ്യം പുലർത്തിയ രക്തബന്ധുക്കളും അയൽവാസികളും വെറുക്കപ്പെട്ടവരുമായി. ഏറെ അടുത്തിടപഴകി കഴിഞ്ഞിരുന്ന പയിറ്റാത്ര കുടുംബവും മറ്റുമായി അകന്നു. പവിത്രനെപ്പോലുള്ളവരുമായുള്ള സൗഹൃദങ്ങൾ രാഘവൻ വേണ്ടെന്നുവെച്ചു. അമ്മയുടെ ഒരേയൊരു സഹോദരിയും ചേച്ചിയുമായ തുറുവേലിക്കുന്നിലെ ജാനകിയും ഭർത്താവ് പങ്കിയും മക്കളുമെല്ലാം വെറുക്കപ്പെട്ടവരായി. അവരുടെ മൂത്തമകൻ വിജയൻ ആനന്ദയെ പിന്തുണച്ചുവെന്നതു മാത്രമായിരുന്നു അതിനു കാരണം. അമ്മക്ക് ഏറെ ആദരവും ബഹുമാനവു​മുള്ളൊരാളായിരുന്നു പങ്കി. പങ്കജാക്ഷിയെപ്പറ്റി പറയുമ്പോൾ പങ്കിക്കും മതിപ്പായിരുന്നു. പങ്കിയുടെ നേതൃത്വത്തിൽ നടത്തിയ കുട്ടനാടൻ ​കൊയ്ത്തു യാത്രക

ള​ുടെ ഓർമകൾ പങ്കജാക്ഷിയമ്മ പലപ്പോഴും അയവിറക്കുന്നത് കേട്ടിട്ടുണ്ട്. കിട്ടുന്ന നെല്ലും പതിരുംകൊണ്ട് തിളക്കാനുള്ള ജീവിതവെപ്രാളത്തിനിടക്ക് പ്രണയവും വിവാഹവും വിവാഹേതര ബന്ധങ്ങളുമെല്ലാം കൊയ്തുകാലത്തുണ്ട്. തുറുവേലിക്കുന്നിലെ മൂത്ത മകൾ കൊയ്ത്തുപാടത്തു കണ്ടുമുട്ടിയ കുമരകംകാരനെയാണ് വിവാഹം കഴിച്ചത്. അധ്വാനശീലവും സ്വഭാവശുദ്ധിയുമുള്ള കരുത്തനായൊരു ചെറുപ്പക്കാരനായതുകൊണ്ട് ചേച്ചിയും ചേട്ടനും ഇഷ്ടക്കുറവുണ്ടായിട്ടും താൻ അതിനോട് യോജിച്ചു. വിവാഹിതയും മാതാവുമായ അകന്നൊരു സഹോദരിയുടെ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടി കുട്ടനാടൻ കൊയ്ത്തുകാല വാസത്തിനിടയിലെ അവിഹിതബന്ധത്തിന്റെ ഫലമാണ്.

ഒരുകാലത്ത് വല്യമ്മ കൊയ്ത്തിനു പോകുമ്പോൾ മുലകുടി മാറാത്ത ഇളയമകൻ സത്യനെ നോക്കാൻ കൊയ്ത്തുസംഘത്തിൽ തന്നെയും കൊണ്ടുപോയിരുന്നതായി ആനന്ദ പറഞ്ഞു. ശുദ്ധജലംപോലും കിട്ടാത്ത ചുട്ടു​പൊള്ളുന്ന കുട്ടനാടൻ കൊയ്തുകാലം ആനന്ദക്ക് ബാല്യകാലത്തെ ഭയാനകമായൊരു ഓർമയായിരുന്നു. പ്രതിസന്ധികളുടെ കാലത്ത്, പെരുമഴയിലും കൊടുംചൂടിലും മുലകുടി മാറാത്ത പൈതങ്ങ​െളപ്പോലും തോളിലേറ്റി ജീവിതോപാധികൾക്കായി ഒപ്പം നീങ്ങിയ സാഹോദര്യബന്ധങ്ങളെയും അയൽവാസികളെയുമെല്ലാം ശപിച്ചുകൊണ്ടാണ് കുടുംബം ദേശം വിട്ടത്. ഇത്തരം സന്ദർഭത്തിലൊന്നും ഒരിക്കലും കണ്ടിട്ടില്ലാത്തവരായ രക്തബന്ധുക്കളും അല്ലാത്തവരും ഇപ്പോൾ സൗഹൃദത്തിലുമായി.

മുമ്പുതന്നെ പട്ടിമറ്റത്ത് സ്ഥലം വാങ്ങുവാൻ രാഘവൻ ആലോചിച്ചിരുന്നുവെങ്കിലും ഇപ്പോഴതിന് വേഗതകൂടി. ദുഃഖകരമായൊരു കാര്യം നൊന്തുപെറ്റ മക്കളിൽ ഒരാൾക്ക് മനസ്സിൽ ചിതയൊരുക്കിക്കൊണ്ടാണ് ആനന്ദയുടെ മാതാപിതാക്കൾ പട്ടിമറ്റത്ത് താമസം തുടങ്ങിയതെന്നാണ്. പട്ടിമറ്റത്ത് ഭൂമി വാങ്ങുമ്പോൾ തങ്ങൾക്ക് നാലു മക്കളേയുള്ളൂവെന്ന് പ്രമാണത്തിൽ അവർ കൈയൊപ്പു ചാർത്തി. ഇത്തര​െമാരിടപാടിൽ പങ്കാളിയാകേണ്ടിവന്ന അയ്യപ്പൻകുട്ടിയുടെ അച്ഛൻ വർഷങ്ങൾക്കുശേഷം അതിലുള്ള കുറ്റബോധം ആനന്ദയെ അറിയിക്കാൻ ഒരിക്കൽ കരിപ്പലങ്ങാട് വന്നിരുന്നു. ഒരു സ്ത്രീയായതുകൊണ്ടാണ് കുടുംബം തന്നോട് ഇത്ര ക്രൂരമായി പെരുമാറിയതെന്ന തിരിച്ചറിവിൽ ഹൈകോടതി അഭിഭാഷകനായ കെ.എസ്. മധുസൂദനൻ 80കളുടെ മധ്യത്തിൽ വീട്ടിൽവരുമ്പോൾ മാതാപിതാക്കളുടെ പേരിലുള്ള കുടികിടപ്പുഭൂമിയുടെ എന്നെ ഒഴിവാക്കിക്കൊണ്ടുള്ള കൈമാറ്റത്തിൽ ഒരു വ്യവഹാരത്തിന്റെ സാധ്യത ആരായുന്നുണ്ടായിരുന്നു. ഈ ആലോചനയോട് ഞാൻ വിയോജിക്കുകയും, അതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്തപ്പോൾ കോടതിമുറിക്കുള്ളിൽവെച്ച് താൻ അവരുടെ മകളാണെന്ന് അറിഞ്ഞാൽ മതിയെന്നായിരുന്നു ന്യായവാദം. ഒരു സ്ത്രീക്കും ഈ ഗതി വരുവാനും പാടില്ല. ഇയാൾക്ക് അത് മനസ്സിലാകുകയില്ലെന്ന് കുറ്റപ്പെടുത്തുകയുംചെയ്തു. മക്കളിലൊരാളെ വക്കീലാക്കാൻ ആഗ്രഹിച്ച ആ മനസ്സിൽ മനുഷ്യബന്ധ​ങ്ങളെ നിരാകരിക്കുന്നവർക്കെതിരെ, അവർ ആരായിരുന്നാലും നിയമയുദ്ധത്തിലേർപ്പെടുന്നൊരു വ്യവഹാരി പതിയിരിക്കുന്നുണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്.

അപരിഹാര്യമായ ഈ ബന്ധവിച്ഛേദനങ്ങളുടെ മൗലിക കാരണം ജാതിയാണെന്ന കാര്യത്തിൽ എനിക്ക് ഒരിക്കലും സംശയം തോന്നിയിട്ടില്ല. വിവാഹം ഒഴികെ മറ്റെല്ലാ ബന്ധങ്ങളും ഇടപെടലുകളും അവർ സ്വാഗതംചെയ്തിരുന്നു. തകർ​ക്കപ്പെട്ട ഗോത്രങ്ങൾക്കുള്ളിലെ രക്തശുദ്ധി ബോധം ഊറ്റിക്കുടിച്ചുകൊണ്ടാണ് ഓരോ ജാതിയും വളർന്നു പന്തലിച്ചത്. പരസ്പരം രക്തം കയറാത്ത അറകളാണ്. ജാതിവ്യവസ്ഥക്ക് ആവശ്യം കൂലിവേലയിൽനിന്നുള്ള മോചനവും സർക്കാർ ഉ​ദ്യോഗസ്ഥരെന്ന നിലയിലേക്കുള്ള മാറ്റവും തദ്വാരാ ലഭ്യമായ സാമ്പത്തിക ഉയർച്ചയും തർക്കങ്ങൾക്കിടയിലെ ജാത്യാഭിമാനത്തിന് മാറ്റുകൂട്ടാനായി ഉപയോഗിക്കുകയെന്നത് കീഴ്ജാതിയിൽപെട്ട സാമാന്യബോധമായിരുന്നു. തന്മൂലം ഇതൊരു ഒറ്റപ്പെട്ട അനുഭവമല്ല. സമ്പ്രദായമാണ്. ഉയർന്ന വിദ്യാഭ്യാസവും തൊഴിലുകളും സാധ്യമാക്കിയ ആനന്ദയുടെ സഹോദരങ്ങളായ രാഘവനും പുഷ്പവല്ലിയും പ്രസാദും വിദ്യാഭ്യാസം നന്നേ കുറഞ്ഞ സാധാരണ തൊഴിലുകൾ ചെയ്യുന്ന പ്രകാശനേക്കാൾ വളരെ​യേറെ അവളെ വെറുത്തിരുന്നുവെന്നത് ഒരു സത്യമാണ്.

ജാതീയ വളർച്ച സംഭവിക്കാതിരുന്നതുകൊണ്ട് മാത്രമാണ് ഒരു ആദിവാസി ഗോത്രത്തിലെ അംഗങ്ങൾക്ക് ആനന്ദയെ സ്വീകരിക്കാൻ കഴിഞ്ഞത്. ഗോത്രഭാവം തകർക്കപ്പെടുകയും ജാതിഭാവം അവികസിതമായിരിക്കുകയും ചെയ്തപ്പോൾ മാനസികഭാവത്തിന് പഴുതുണ്ടായി. സ്പർധകൾക്കിടയില്ലാതായി. എന്നാൽ, ജാതിവ്യവസ്ഥ ഗോത്രങ്ങളെയും വിഴുങ്ങി കഴിഞ്ഞാൽ അവിടെ ഈ മാനസിക ബോധ്യത്തിന് സ്ഥാനമില്ല. യോഗക്ഷേമ സഭയുടെയും എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പിയുടെയും കെ.പി.എം.എസിന്റെയും മല അരയ മഹാസഭയുടെയുമെല്ലാം മാതൃകയിൽ ഊരാളിമാർ ഒരു ജാതിക്കൂട്ടമായി മാറാനാരംഭിച്ചപ്പോൾ അവർക്ക് ആനന്ദയെ അംഗീകരിക്കാനാവില്ലായിരുന്നു. ജാതിനിയമങ്ങൾ പാലിക്കാത്ത എന്നെയും.

(തുടരും)

News Summary - KM Salim Kumar biography