Begin typing your search above and press return to search.

ജീവിതരീതി

ആത്മകഥ/ കടുത്ത-13

ജീവിതരീതി
cancel

വിവാഹാനന്തര ജീവിതം, കൃഷി, വരുമാന മാർഗം തേടൽ, ഭാര്യയുടെ ഗർഭധാരണം, പ്രസവം എന്നിവയെ കുറിച്ച് പ്രതിപാദിക്കുകയാണ് ഇത്തവണ. പാർട്ടിക്കും ജനങ്ങൾക്കുംവേണ്ടി സമർപ്പിതജീവിതം നയിക്കുന്ന ലെനിനിസ്റ്റ് മാതൃകയിലുള്ളൊരു കമ്യൂണിസ്റ്റ് കേഡറാവാൻ എനിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. വിവാഹത്തോടെ അതിനുള്ള സാധ്യത പിന്നെയും ഇല്ലാതായി. സാമൂഹിക ജീവിതത്തിൽനിന്ന് ഭിന്നമല്ലാത്ത ഒരു സ്വകാ​ര്യ ജീവിതമാണ് മനസ്സിൽ ഉണ്ടായിരുന്നതെങ്കിലും കുടുംബം വ്യത്യസ്തമായൊരു ജീവിതസ്ഥലമായിരുന്നു. നിശ്ചിതമായ ജീവിതോപാധികളും വരുമാന മാർഗങ്ങളും ഇല്ലാതെ ജീവിക്കാൻ തുടങ്ങുന്നവർക്കു മുന്നിൽ അതൊരു പരീക്ഷണമാണ്. കുടുംബജീവിതത്തോടെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
വിവാഹാനന്തര ജീവിതം, കൃഷി, വരുമാന മാർഗം തേടൽ, ഭാര്യയുടെ ഗർഭധാരണം, പ്രസവം എന്നിവയെ കുറിച്ച് പ്രതിപാദിക്കുകയാണ് ഇത്തവണ.

പാർട്ടിക്കും ജനങ്ങൾക്കുംവേണ്ടി സമർപ്പിതജീവിതം നയിക്കുന്ന ലെനിനിസ്റ്റ് മാതൃകയിലുള്ളൊരു കമ്യൂണിസ്റ്റ് കേഡറാവാൻ എനിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. വിവാഹത്തോടെ അതിനുള്ള സാധ്യത പിന്നെയും ഇല്ലാതായി. സാമൂഹിക ജീവിതത്തിൽനിന്ന് ഭിന്നമല്ലാത്ത ഒരു സ്വകാ​ര്യ ജീവിതമാണ് മനസ്സിൽ ഉണ്ടായിരുന്നതെങ്കിലും കുടുംബം വ്യത്യസ്തമായൊരു ജീവിതസ്ഥലമായിരുന്നു. നിശ്ചിതമായ ജീവിതോപാധികളും വരുമാന മാർഗങ്ങളും ഇല്ലാതെ ജീവിക്കാൻ തുടങ്ങുന്നവർക്കു മുന്നിൽ അതൊരു പരീക്ഷണമാണ്. കുടുംബജീവിതത്തോടെ സാമൂഹിക ജീവിതം അവസാനിപ്പിക്കുന്നവരുമുണ്ട്. ഇവ രണ്ടും ബന്ധിപ്പിക്കുവാൻ ജീവിതകാലം മുഴുവൻ പാടുപെടുന്നവരുമുണ്ട്. അതിനിടയിൽ സംഘർഷത്തിലാവുകയും തകർന്നുപോവുകയുംചെയ്യുന്ന കുടുംബബന്ധങ്ങളും അതിന്റെ ദുരന്തങ്ങളനുഭവിക്കുന്ന പിൻതലമുറകളുമുണ്ട്. ഇതിനിടയിൽ സ്വാശ്രിതമായൊരു വ്യക്തിജീവിതവും അതിന്റെ ഊഷ്മളതക്ക് സാരമായ മുറിവേൽക്കാത്തൊരു സാമൂഹിക ജീവിതവുമാണ് ഞങ്ങൾ ആലോചിച്ചത്. നാണ്യവിളകളായ കുരുമുളകും കാപ്പിയും കവുങ്ങും തെങ്ങുമെല്ലാമാണ് പ്രധാന കൃഷിയെങ്കിലും സീസണലായൊരു ഭക്ഷ്യശൃംഖല പുരയിടത്തിലുണ്ടായിരുന്നു.

കിഴങ്ങുവർഗങ്ങളായ കപ്പയും കാച്ചിലും​ ചേനയും​ ചേമ്പും പച്ചക്കറികളായ പയറും പാവലും മത്തനും പഴവർഗങ്ങളായ മാങ്ങയും വാഴപ്പഴവും ​പേരക്കയും പപ്പായയുമെല്ലാം അടങ്ങുന്ന ഭക്ഷ്യശേഖരവുമായിരുന്നു അത്. ആനന്ദക്ക് ഇവയൊന്നും കഴിക്കാൻ വിമുഖതയുണ്ടായിരുന്നില്ലയെന്നത് ഞങ്ങളുടെ ജീവിതത്തിന്റെ ആരംഭം അനായാസമാക്കി. ചോറും മീനും മുഖ്യഭക്ഷണമായിരുന്ന പടിഞ്ഞാറൻ രീതിക്കുപകരം നാലഞ്ചുമാസം ചക്ക പ്രധാന ഭക്ഷണമാക്കാൻ​പോലും അയാൾക്ക് കഴിഞ്ഞു. ഇതിനിടയിൽ ദീർഘകാലമായി ക്ലേശിച്ചിരുന്ന സന്ധിവാതരോഗത്തിന് ശമനമുണ്ടായിയെന്നത് ഞങ്ങൾക്കേറെ ആശ്വാസമായി. ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഭക്ഷ്യരീതിയിലുമെല്ലാം ഉണ്ടായ മാറ്റം രോഗശമനത്തിന് അനുകൂലമായൊരു ഘടകമായിരിക്കാം.

കുടുംബം ഒരു രാഷ്ട്രംപോലെയാണ്. രാഷ്ട്രങ്ങളുടെ ചുമതല കുടുംബങ്ങളെ ഏൽപിച്ച് ചക്രവർത്തിമാരെയും രാജവംശങ്ങളെയും പഴിചാരുന്നൊരു പാരമ്പര്യം മനുഷ്യ സംസ്കൃതിക്കുണ്ട്. ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്തുപോലും ഇന്നും നെഹ്റു കുടുംബത്തിലെ ഇളംതലമുറയെ രാജ്യഭരണത്തിന് കാത്തിരിക്കുന്ന ജനസഞ്ചയമുണ്ട്. കുടുംബത്തിന്റെ സമകാലിക രൂപങ്ങൾക്കുപോലും ഏറെ സാദൃശ്യം​ സ്വേച്ഛാധിപത്യ ഭരണക്രമങ്ങളോടാണ്.​ ഗോത്രാവസ്ഥയിൽനിന്ന്‍ വികാസ പരിണാമങ്ങൾക്കിടയിൽ പുരുഷാധിപത്യപരവും മതാത്മകവുമായൊരു പ്രത്യയശാസ്ത്ര സ്ഥാപനമായി അത് മാറി. വിവാഹത്തെപ്പോലും അത് സ്വർഗത്തെ ഏൽപിച്ചു ജീവിതം വിധിക്ക്‍ വിട്ടു​കൊടുത്തു. കുടുംബം ഭരിക്കുന്നവർ​ ദൈവത്തിന്റെ പ്രതിനിധികളായി. മാതാവും പിതാവുമെല്ലാം പ്രത്യക്ഷ ദൈവങ്ങളായി. അടുക്കള പെണ്ണിന് നൽകി. ആണ് സംസാരിക്കുന്നിടത്ത് പെണ്ണിന് സ്ഥാനമില്ലെന്ന കുടുംബനിയമം ഘനീഭവിച്ച് പുരുഷന്റെ ശ്വാസത്തിൽനിന്നും ഗന്ധത്തിൽനിന്നും സംസർഗത്തിൽനിന്നും ദൃഷ്ടിയിൽനിന്നുപോലും പെണ്ണിനെ മാറ്റിനിർത്തി.

മാതാവിന്റെയും പുത്രിയുടെയും ഭാര്യയുടെയും ചാരിത്ര്യത്തിനും കന്യകാത്വത്തിനും പിതാവിലൂടെയും പുത്രനിലൂടെയും ഭർത്താവിലൂടെയും കാവലേർപ്പെടുത്തി. അത് ലംഘിക്കുന്നവർക്ക് അലിഖിതവും ലിഖിതവുമായ വിലക്കുകളും ശിക്ഷാവിധികളുമുണ്ടാക്കി. സംഘടിതമായ മതങ്ങളുടെയും ജാതികളുടെയും രാഷ്ട്രങ്ങളുടെയും മേൽനോട്ടം അതിനുണ്ട്. ഈ ‘മാതൃക’സ്ഥാപനത്തിൽനിന്ന് ഉയരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും രോദനം അവസാനമില്ലാതെ തുടരുകയാണ്. സ്ത്രീകളുടെ സ്വതന്ത്രസഞ്ചാര വഴികളിലും യുദ്ധഭൂമികളിലെ ചോരക്കളങ്ങളിലുമത് കേൾക്കാം.

ഒരു വിശുദ്ധ ഗ്രന്ഥത്തിനും പ്രവാചകനും അത് തടയാനാവില്ല. വ്യത്യസ്തമായൊരു ജീവിത​സ്ഥലമായി കുടുംബ​ത്തെ അനുഭവിക്കാനാവുമോയെന്നതായിരുന്നു ഞങ്ങളുടെ ആ​ലോചന. അടുത്തും അല്ലാതെയും അറിയുന്ന ബഹുഭൂരിപക്ഷം കുടുംബങ്ങളും അലോസരങ്ങളുടെയും കലഹങ്ങളുടെയും സംഘർഷങ്ങളുടെയും ദുഃഖത്തിന്റെയും ദുർമരണങ്ങളുടെയും കേന്ദ്രങ്ങളായിരുന്നു. വേർപിരിയാനാവാത്തതുകൊണ്ടു മാത്രം തുടർന്നുപോരുന്നവയാണ് അവയിൽ പലതും. സമാധാനവും സന്തോഷവുമല്ല സ്ത്രീയുടെ സഹനവും ക്ഷമയുമാണ് അതിനെ നിലനിർത്തുന്നത്. തുറന്ന ഭാഷണങ്ങൾക്കും പൊട്ടിച്ചിരികൾക്കും സ്ഥാനമില്ല. എല്ലാം മനസ്സിലൊതുക്കി വിശുദ്ധഭാവങ്ങളിലൂടെ അവർ ജീവിക്കുന്നു. ധ്യാനങ്ങളിലും പ്രാർഥനകളിലും കുമ്പസാരങ്ങളിലും രക്ഷതേടുന്നു. അസൂയയും കുശുമ്പും പകയും വിദ്വേഷവും കാപട്യവുമെല്ലാം അവർ പിൻതലമുറക്ക് കൈമാറുന്നു. സ്വർഗത്തെ സാക്ഷിനിർത്തി ഭൂമിയിൽ മനുഷ്യൻ തീർത്ത നരക കൂനകളാണവ. ഈ ദുരന്തങ്ങളുടെ മുഖ്യഹേതു പുരുഷാധിപത്യമായിരുന്നു. മദ്യവും മയക്കുമരുന്നും ചൂതാട്ടവും വ്യഭിചാരവുമെല്ലാം ഈ ആധിപത്യവ്യവസ്ഥയിലെ ചര്യകളായിരുന്നു. കുടുംബത്തിലെ സംഘർഷങ്ങളും കലഹങ്ങളുമെല്ലാം കലാപങ്ങളും രക്തച്ചൊരിച്ചിലുകളുമായി അത് മനുഷ്യസമൂഹത്തിലേക്ക് വ്യാപരിപ്പിച്ചു.

ആത്മനവീകരണത്തിലൂടെയേ മറ്റൊരു കുടുംബത്തിന്റെ സാധ്യത തേടാനാവുമായിരുന്നുള്ളൂ. അധീശത്വവാസനകളിൽനിന്ന് സ്വയം വിമുക്തരാവുകയെന്നതായിരുന്നു അതിന്റെ മുന്നുപാധി. അസാധ്യമായൊരു കാര്യമായിരുന്നു അത്. ജ്ഞാനാന്വേഷണത്തിന്റെ വഴിയിൽ മതങ്ങളിലും സംസ്കാരങ്ങളിലും തത്ത്വശാസ്ത്രങ്ങളിലും രാഷ്ട്രവ്യവഹാരങ്ങളിലുമെല്ലാം കണ്ട സ്ത്രീ-പുരുഷ ബന്ധങ്ങളുടെ നിരാകരണമായിരുന്നു അത്.​ താഴെയും മുകളിലുമെന്നുള്ള, പിന്നിലും മുന്നിലുമെന്നുള്ള സ്ത്രീ-പുരുഷ സ്ഥാനനിർണയം ഞങ്ങൾ വേണ്ടെന്ന് ​െവച്ചു. തൽസ്ഥാനത്ത് സ്വാതന്ത്ര്യവും തുല്യതയും പ്രതിഷ്ഠിച്ചു. ഇതൊരു ഗോത്രമൂല്യമായിരുന്നു. തന്റേതെന്ന് പറയാൻ ഭൗതികവിഭവങ്ങൾ ഒന്നുമില്ലാത്ത എന്നിലേക്ക് കടന്നുവന്നൊരു സ്ത്രീയുടെ മുന്നിൽ എന്റേത് എന്ന് പറയാവുന്ന വിഭവങ്ങൾ മനസ്സാ സമർപ്പിക്കുകയും അതിനെ മറികടക്കുകയില്ലായെന്ന പ്രതിജ്ഞ ജീവിതനിശ്ചയമായി സ്വീകരിക്കുകയുംചെയ്തു. ജന്മബന്ധങ്ങളുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകൾ പേറുമ്പോഴും എത്തിച്ചേർന്ന മണ്ണിൽ താൻ നിസ്വയും അന്യയുമല്ലെന്ന് ആത്മബോധത്തിലേക്ക് സ്വയം ഉണരുവാൻ ഇത് പ്രേരണയായി. പുരുഷനും സ്ത്രീക്കും വേറിട്ട തൊഴിലുകളും തൊഴിലിടങ്ങളുമെന്ന നാഗരിക സങ്കൽപങ്ങളെ ഞങ്ങൾ നിരാകരിച്ചു.

ഓരോ പ്രഭാതവും പുലരുമ്പോൾ മുറ്റവും പരിസരവും വൃത്തിയാക്കുകയോ ഓലിയിൽനിന്ന്​ വെള്ളം ചുമന്നുകൊണ്ടുവരികയോ പ്രഭാതഭക്ഷണത്തിനുള്ള ഒരുക്കങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്ന അച്ഛനെയാണ് ഞങ്ങൾ കണ്ടത്. ഇവയും ഗോത്രമൂല്യങ്ങളായിരുന്നു. മനുഷ്യമനസ്സുകളിൽ ഫണമുയർത്തുന്ന ആസക്തികളെയും ആർത്തികളെയും നിയന്ത്രണവിധേയമാക്കുകയും തടയുകയും ചെയ്യേണ്ടതുണ്ടായിരുന്നു. ആധുനികതയുടെ വിഷക്കാറ്റിൽ അത് പൂത്തുലയുകയും മനുഷ്യജന്മങ്ങളെ അത് പന്താടുകയും വിലപേശുകയും ചെയ്യുന്നു. അതിന്റെ മായികവലയത്തിൽ മനസ്സിന്റെ താളം തെറ്റുന്നു. സമാധാനവും ശാന്തിയും നഷ്ട​പ്പെടുന്നു. ഇവിടെയും ഞങ്ങൾ ഗോത്രമൂല്യങ്ങളിലേക്ക് തിരിച്ചുപോയി. ലളിതമായൊരു ജീവിതത്തിന്റെ ആവിഷ്‍കാരത്തിലേക്ക്. വരുമാനത്തിന്റെ ​തോതനുസരിച്ചുള്ള ഒരു ചെറിയ ജീവിതം. ഒരിക്കലും ആരോടും ബാധ്യതപ്പെടാത്തൊരു ജീവിതം. കുടുംബപദവികളുടെ സൂചകങ്ങൾ പഴയതാണെങ്കിലും അർഥതലങ്ങളിൽ മാറ്റമുണ്ടായി.

ഭർത്താവ് ചോദ്യംചെയ്യപ്പെടാൻ പാടില്ലാത്ത അധികാരകേന്ദ്രവും ഭാര്യ ഭരിക്കപ്പെടുന്നവളും മറുവാക്കില്ലാത്തവളുമാണെന്ന ചിന്തയും കൈയൊഴിഞ്ഞു. അപ്പോഴും ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു. ജീവിതത്തിന്‍റെ വൈകാരിക മണ്ഡലത്തിൽ, ഉരസലുകളും സംഘർഷങ്ങളും ഉരുണ്ടുകൂടിയോ! അത് തുറന്നുപറയാനും, പരിഹാരം തേടാനും വിശ്വസ്തനായ മൂന്നാമതൊരാളെ കണ്ടെത്തി, അണ്ണനെ. ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുകപോലും ചെയ്യേണ്ടിവന്നില്ലയെന്നത് മറ്റൊരു കാര്യം.

ഞങ്ങളുടെ തനതായ ആദ്യ സംരംഭം ആടു വളർത്തലായിരുന്നു. ആനന്ദക്ക് കോളജിൽനിന്ന് കിട്ടാനുണ്ടായിരുന്ന 150 രൂപ സ്റ്റൈപന്‍റ് ലഭിച്ചപ്പോൾ അതിനുള്ളിൽനിന്ന് ആലോചിച്ചൊരു പദ്ധതി. സ്കൂളിൽ പഠിക്കുന്ന കാലത്തും ആടു വളർത്തൽ എനിക്കിഷ്ടമായിരുന്നു. തേക്കിൻതടികൊണ്ട് അക്കാലത്ത് തീർത്ത ആട്ടിൻകൂട് ഇപ്പോഴും നിലനിന്നിരുന്നു. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമുള്ള വെളുത്തൊരു സുന്ദരിയായിരുന്നു ഞങ്ങളുടെ ആദ്യത്തെ ആട്. പച്ചപ്പ് നക്കിയെടുക്കുന്ന ജൈവസ്വഭാവം ആടിനുണ്ടായിരുന്നെങ്കിലും, അവശ്യവസ്തുക്കളൊന്നും അത് കടിച്ചെടുത്തില്ല. അവശ്യ സന്ദർഭങ്ങളിൽ വിളിക്കുകയും, വിളി കേൾക്കുകയും ചെയ്യുന്ന സ്വഭാവക്കാരി. ആടുകളും വളർത്തു നായും കോഴികളുമെല്ലാം വീട്ടിലെ നിത്യസാന്നിധ്യവും സൗഹൃദങ്ങളുമായിരുന്നു. പെറ്റുപെരുകിയും ആട് ഞങ്ങളെ പാലായും പണമായും സഹായിച്ചു. അമ്മയാട് സൃഷ്ടിച്ചൊരാത്മബന്ധം അതിനെ വിലപറയു​വാനോ വിൽക്കുവാനോ കഴിയാത്ത ഒരവസ്ഥ ഉണ്ടാക്കി. ജീവിതാന്ത്യത്തോളമത് ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അതുപോലെ തന്നെയായിരുന്നു പന്നിവളർത്തൽ. എന്നാൽ, വളർത്തുന്നവർക്കു മുന്നിൽ സഹായാഭ്യർഥനയുമായി കേഴുമ്പോഴും കശാപ്പുകാരുടെ കത്തിക്കു മുന്നിൽ ഉപേക്ഷിച്ചുപോകുന്ന ക്രൂരത ഞങ്ങൾ പന്നികളോട് കാട്ടി. ഞാനാകട്ടെ അന്നേദിവസം വീട്ടിൽനിന്നുതന്നെ ഒഴിഞ്ഞുനിൽക്കാൻ ശ്രമിച്ചു.

ആടു വളർത്തിയാണ് ആനന്ദ ആദ്യം സ്വർണാഭരണം വാങ്ങിയത്. കാട്ടിക്കുന്നിൽ െവച്ച് ഒരിക്കൽ ഒരു മുതിർന്ന അഭ്യുദയകാംക്ഷി ശൂന്യമായ കഴുത്തും കാതും കൈകളുമെല്ലാം കണ്ടിട്ട് വരവെങ്കിലും വാങ്ങി ഇടരുതായിരുന്നോയെന്ന് ചോദിച്ചപ്പോൾ നിഷേധാർഥത്തിൽ അത് ചിരിച്ചുതള്ളി. രാഘവൻ ചേട്ടൻ അത് സമ്മതിക്കില്ലായിരുന്നുവെന്നാണ് ന്യായീകരണം. ഒരുനേരത്തെ ഭക്ഷണത്തിനായി ചായക്കടയിൽ ഒരാൾക്ക് വേണ്ടിവരുന്ന തുകകൊണ്ട് കുടുംബാംഗങ്ങൾക്കെല്ലാം ഒരു നേരം വീട്ടിൽ ഭക്ഷണം പാകംചെയ്ത് കഴിക്കാമെങ്കിലും ഇക്കാലത്ത് ദലിത് പുരുഷന്മാർക്ക് ചായക്കട ഭക്ഷണം ഒരു ചര്യപോലെ ആയിരുന്നു. ചായകുടിയും പുകവലിയും മദ്യപാനവുമെല്ലാം പുരുഷ ലക്ഷണങ്ങളായിരുന്നു. അതിന്റെ തോതനുസരിച്ചാണ് അവർ പരസ്പരം വിലയിരുത്തി വലിപ്പചെറുപ്പം നിശ്ചയിച്ചിരുന്നത്. ഇന്നും ഈ സ്ഥിതി ശക്തമായി തുടരുന്നു. സ്ത്രീകളാകട്ടെ തങ്ങളുടെ ആഭരണഭ്രമം തീർക്കുന്നത് മുക്കുപണ്ടത്തിലൂടെയാണ്. കല്ലുമാലകളുടെ സ്ഥാനത്തേക്ക് മുക്കുപണ്ടം കയറിവന്നു. കുടുംബത്തിന്റെ അധ്വാനമിച്ചം വിവാഹവേളകളെയും ആഘോഷങ്ങളെയും അലങ്കരിക്കുന്ന വസ്ത്രങ്ങളായും മുക്കുപണ്ടങ്ങളായും സ്ത്രീകൾ വിനിയോഗിക്കുമ്പോൾ ഇത്തരം സന്ദർഭങ്ങളെ കൊഴുപ്പിക്കുന്ന മദ്യവുമായി പുരുഷന്മാർ മാറു​ന്നൊരു സംസ്കാരമാണ് ആധുനികത ദലിതരിലും ആദിവാസികളിലും എത്തിച്ചത്. അലങ്കാരത്തിനൊപ്പം ഒരു നിക്ഷേപവുമാണ് സ്വർണം എന്നറിയുന്നവർ ഇന്നും ഇവർക്കിടയിൽ കുറവാണ്.

ഏതാനും മാസങ്ങൾക്കകം അച്ഛൻ വേറൊരു വീട് വെക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലായി. അതിനുള്ള ശ്രമം ആരംഭിച്ചപ്പോൾ ആദ്യം ഞങ്ങൾ എതിർത്തു. ഞങ്ങൾ താമസം തുടങ്ങിയ ഉടനെ അച്ഛൻ ഇങ്ങനെ ചെയ്യുമ്പോൾ മറ്റുള്ളവർ എന്തു പറയും എന്നതായിരുന്നു ഞങ്ങളുടെ പ്രശ്നം. അച്ഛൻ പിണക്കത്തിലായി, മിണ്ടാട്ടമില്ല. അമ്മയും ഇഷ്ടക്കേടുകൾ കാണിച്ചുതുടങ്ങി. കുറച്ചുനാൾ കഴിഞ്ഞ് അച്ഛൻ വീണ്ടും ശ്രമം തുടങ്ങി. അ​പ്പോൾ ഞങ്ങൾ തടസ്സപ്പെടുത്തിയില്ല. ഒഴിവാക്കാനാവാത്തൊരു ന്യായീകരണം അച്ഛനുണ്ടായിരുന്നു. എന്നെങ്കിലും ഞാൻ വിവാഹിതനായാൽ അപ്പൻ ദേഹണ്ഡിച്ച ഭൂമിയും വിഭവങ്ങളും എന്നെയേൽപിച്ച് അച്ഛൻ മാറി താമസിച്ചുകൊള്ളാമെന്ന് വിവാഹസമയത്ത് കാരണവർക്ക് വാക്ക് നൽകിയിരുന്നുപോലും.

 

ഓടിട്ട വീട് ഞങ്ങൾക്ക് നൽകി, വീടിന്റെയും പുരയിടത്തിന്റെയും മുകൾഭാഗത്ത് കണ്ണെത്താവുന്ന ദൂരത്തിൽ, കാട്ടുതടികൾകൊണ്ടുണ്ടാക്കിയൊരു പുൽവീട്ടിലേക്ക് കുട്ടികളായ പ്രദീപും ഹേനയും അമ്മയുമൊത്ത് മാറി. പുരയിടത്തിന്റെ പകുതിയിലേ​റെ വരുന്ന ആദായമുള്ള ഭാഗം അദ്ദേഹം ഞങ്ങൾക്കായി മനസ്സിൽ കുറിച്ചു. മുൻതലമുറ നട്ടുവളർത്തിയ ഫലവൃക്ഷങ്ങളും കുന്നംകുടിക്കാരുടെ ആദ്യ കുടിപാർപ്പിന്റെ അവശിഷ്ടങ്ങളും ചാവേർകോലുമെല്ലാം അതിലാണ്. വീട്ടിലെ വിലപിടിപ്പുള്ളതൊന്നും അച്ഛൻ എടുത്തില്ല. പാത്രങ്ങൾപോലും. ഞങ്ങൾക്ക് ബുദ്ധിമുട്ട് തോന്നി. നേരം വൈകിയും ഭക്ഷണത്തിനായി ശ്രമിച്ചില്ല. പുരയിടത്തിന്റെ താഴത്തെ ചെരുവിൽ കിഴുക്കാംതൂക്കായ ഒരിടത്ത് ആടുകളെ മേച്ച് പാറപ്പുറത്ത് ഇരുന്നപ്പോൾ ഭക്ഷണമുണ്ടാക്കി വീട്ടിൽകൊണ്ടുവന്ന് ​െവച്ചതിനുശേഷം പറമ്പിലാകെ തിരക്കി അച്ഛൻ ഞങ്ങളെ കണ്ടെത്തി. ‘‘പെണ്ണെ...’’ മുകളിൽനിന്ന് നീട്ടിവിളിച്ചു. ചോറു കൊണ്ടുവന്ന് വെച്ചിട്ടുണ്ട്, രണ്ടുപേരും കഴിക്ക്. അച്ഛൻ തിരിച്ചുപോയി. ഞങ്ങൾക്ക് നൽകാതെ അദ്ദേഹത്തിന് ഭക്ഷണം കഴിക്കാൻ ആവില്ലായിരുന്നു. സൂര്യൻ എരിഞ്ഞടങ്ങി. ആടുകളുമായി ഞങ്ങളും വീട്ടിലേക്ക് തിരിച്ചു. പിന്നീട് മരണംവരെ അച്ഛനും അമ്മയും പിന്തുടർന്നുപോന്നൊരു ചര്യയായിരുന്നു അത്.

അച്ഛന്റെ വീടുമാറ്റവും തുടർനടപടികളും ആനന്ദക്ക് ആത്മബലം പകരുന്നതായിരുന്നു. ഒന്നിച്ചു ജീവിച്ചിരുന്നെങ്കിൽ ഉണ്ടാകാനിടയുള്ള അലോസരങ്ങളും ഒഴിവാക്കപ്പെട്ടു. തങ്ങളുടെ ആഗ്രഹാഭിലാഷങ്ങളനുസരിച്ച് ജീവിക്കുവാനുള്ള സ്​പേസ് ആണ് ഓരോരുത്തരും അന്വേഷിക്കുന്നത്. ഏത് നിലയിലുള്ള ബന്ധങ്ങൾ ആണെങ്കിലും മറ്റുള്ളവർ അതിന് തടസ്സമാകാറുണ്ട്. അത്രമാത്രം സ്വകാര്യത പുലർത്താൻ മനുഷ്യനു മാത്രമേ കഴിയൂ. ഞാൻ ആനന്ദക്ക് നൽകിയ വാഗ്ദാനം അച്ഛൻ നിറവേറ്റിക്കൊടുത്തു. തന്റെ വീടും തന്റെ ഭൂമിയുമുണ്ടായി. സ്വാതന്ത്ര്യത്തിന്റെയും സ്വാഭിമാനത്തിന്റെയും ഭൗതിക സ്പന്ദനങ്ങളാണവ. തന്റെ വിധി താൻതന്നെ തീരുമാനിക്കുവാനുള്ള ഉറപ്പാർന്ന അടിത്തറ. നിലവിളക്കും പ്രാർഥനകളുമില്ല. ദൈവങ്ങളും പിശാചുക്കളുമില്ലാത്ത രണ്ട് മനുഷ്യരുടെ സ്വകാര്യ ജീവിതം. കൊയ്ത്തുകാലം അളവില്ലാതെ വെയ്ക്കുകയും വിളമ്പുകയും വലിച്ചെറിയുകയും ചെയ്യുന്ന സന്ദർഭമാണ്. ഉള്ളപ്പോൾ ഓണംപോലെയെന്ന് പഴമൊഴി. ആനന്ദക്ക് ​അതൊരു തിക്തമായ പടിഞ്ഞാറൻ അനുഭവമായിരുന്നു. അതുകൊണ്ട് ആറ്റിൽ കളഞ്ഞാലും അളന്നുകളയണമെന്ന പ്രമാണം അന്യമായി തോന്നിയില്ല. ഒരു വറ്റ് ചോറുപോലും പാത്രത്തിന് പുറത്തു പോകരുതെന്നത് അച്ഛന്റെ ഭക്ഷ്യരീതിയായിരുന്നു. ഭക്ഷണം വെറുതെ ഉണ്ടാകുന്നതല്ലെന്ന ഓർമപ്പെടുത്തൽ അതിന്റെ മൂല്യത്തിലേക്കും ഉൽപാദക രീതിയിലേക്കും നീളുന്ന ആദരവിന്റെ സൂചനയും.

കോളജ് വിഭ്യാഭ്യാസകാലത്ത് കല്ലറയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണസമയത്ത് വെള്ളം കുടിച്ചപ്പോൾ ഉണ്ടായ പാത്രത്തിലെ മത്സ്യത്തിന്റെ ഉളുമ്പ് അസഹ്യമായൊരോർമ ആയിരുന്നു. ഏറെക്കാലം പലയിടത്തും ആവർത്തിക്കപ്പെട്ടൊരു അനുഭവം. ഇതൊന്നും മറ്റാരും അടിച്ചേൽപിച്ചതായിരുന്നില്ല. ജീവിതസാഹചര്യം ഒരു ഘടകമായിരുന്നുവെങ്കിലും, വൃത്തിയും ശുചിത്വവുമുള്ളൊരു ജീവിതശൈലിയുടെ അഭാവം ദലിതർക്കും ആദിവാസികൾക്കുമിടയിൽ ശക്തമായിരുന്നു. എന്റെ തലമുറയിൽപെട്ട ഗൈനക്കോളജിസ്റ്റായ ഡോ. രാമന്റെ വീട് ഞങ്ങൾ തിരിച്ചറിഞ്ഞത് വീടിന്റെ മുൻവശത്ത് ഒരു കലവും ചൂലും കണ്ടതു വഴി ആയിരുന്നു. കൂടെ ഉണ്ടായിരുന്ന സണ്ണി കാവിൽ പറഞ്ഞു: ഇത് നമ്മളിൽപെട്ടവരുടെ വീടാണ്. ബെല്ലടിച്ചപ്പോൾ ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന ഡോക്ടർ വാതിൽ തുറന്നു. അദ്ദേഹം കൈയും മുഖവും കഴുകിയിട്ടില്ലായിരുന്നുവെന്നതും ഞങ്ങൾ ശ്രദ്ധിച്ചു. ജീവിതസാഹചര്യത്തിലുണ്ടായ സ്ഥായിയായ മാറ്റങ്ങൾക്കിടയിലും മാറിത്തീരേണ്ടിയിരുന്ന പൂർവാവസ്ഥയുടെ സൂചകങ്ങൾ.

കൃഷിക്കാരായി മാറിയിട്ടില്ലാത്ത ആദിവാസികൾക്കിടയിൽ ദലിതർക്കിടയിൽ സംഭവിച്ചതുപോലെ കൂലിവേലയോടുള്ള താൽപര്യമായിരുന്നു ശക്തിപ്പെട്ടത്. എപ്പോഴെങ്കിലും എന്തെങ്കിലും കൃഷി ചെയ്യുകയെന്നല്ലാതെ കാലോചിതമായി കൃഷി ഇറക്കുകയും പരിചരിക്കുകയും വിളവെടുക്കുകയും ചെയ്യുന്നതിൽ കൃത്യത പുലർത്താനായില്ല. നാട്ടുകാർക്ക് സ്വന്തം കൃഷിഭൂമി വിട്ടുകൊടുത്ത് അതിൽ കൂലിവേല ചെയ്യുന്നവരുമുണ്ടായിരുന്നു. അലസമായൊരു ദൈനംദിന ജീവിതമായിരുന്നു അവരുടേത്. പരിമിതമായൊരു ജീവിതാവശ്യങ്ങൾപോലും നിറവേറ്റുവാൻ കഴിയാത്ത സാഹചര്യം എന്നുമവർ നേരിട്ടിരുന്നു. ഇതിനിടയിൽ പരമ്പരാഗതമായ പുകയില മുറുക്കിനോടൊപ്പം കൂലിവേലക്കാർക്കിടയിൽ പുകവലി ശീലമാക്കി. ഭക്ഷണം ചായക്കടയിൽനിന്നാക്കി. മദ്യപാനം തൊഴിലിന്റെയും ജീവിതത്തിന്റെയും ഭാഗമായിത്തുടങ്ങി. ഇതുതന്നെയായിരുന്നു ദലിതർക്കിടയിലും സംഭവിച്ചത്. ആധുനികതയുടെ വ്യാപനത്തിന്റെ ഫലമായി തകർന്നടിഞ്ഞ ഗോത്രസമൂഹങ്ങൾ നേരിടുവാൻ തുടങ്ങിയ വൻ വിപത്തുകളായിരുന്നു ഇവ. ഇതിൽ മദ്യപാനംതന്നെ ആയിരുന്നു ഏറ്റവും ഹിംസാത്മകമായ രൂപം. ഇത് കുടുംബസദസ്സുകളിലേക്കും വിവാഹവും മരണവും മരണാനന്തര ചടങ്ങുകളുംപോലുള്ള പൊതുസദസ്സുകളിലേക്കും വ്യാപിച്ചു.

മദ്യപാനികളായ പുരുഷന്മാരുടെ ഉപദ്രവങ്ങളിൽനിന്ന് രക്ഷനേടുന്നതിനായി മദ്യപാനത്തിന് നിശിതമായൊരു തുക ദൈനംദിനം തന്റെ കൂലിവേലയിൽനിന്ന് ഭർത്താവിന് നൽകുന്ന വിധം സ്ത്രീകളുടെ ജീവിതം തകർന്നു. അത് കുടുംബത്തിന്റെ തന്നെ തകർച്ച ആയിരുന്നു. മദ്യപാനിയായ അച്ഛന്റെ ശൂരപരാക്രമങ്ങൾക്കു മുന്നിൽ അരക്ഷിതാവസ്ഥയും അമർഷങ്ങളും രോഷപ്രകടനങ്ങളുമായി എരിഞ്ഞു തീരുന്ന അമ്മയും, സ്നേഹവും വാത്സല്യവും സാന്ത്വനവും സുരക്ഷിതത്വമില്ലാതെ ഭയവിഹ്വലരായി വളരുന്ന കുട്ടികളുമായി കുടുംബം താറുമാറായി. തന്മൂലം ചില വിലക്കുകൾക്കും ചര്യകൾക്കും ഞങ്ങൾ സ്വയം വിധേയരായി. പിച്ചവെക്കുന്ന പ്രായത്തിലേ വേർപിരിഞ്ഞുപോയ എന്റെ കുഞ്ഞനിയത്തിയുടെ മഹത്വമായി അമ്മ എന്നും മനസ്സിൽ സൂക്ഷിച്ചൊരു കാര്യം ആരുവന്നാലും അവൾ മുറുക്കാൻപാത്രം എടുത്തുകൊടുക്കുമെന്നായിരുന്നു, ആതിഥ്യമര്യാദയുടെ ആദ്യപാഠം. മുറുക്കാൻപോലും തന്നില്ലെന്നതായിരുന്നു ഒരു കുടുംബത്തിനെതിരെ അതിഥിയായി എത്തുന്നവർ ഉയർത്തുന്ന ഏറ്റവും വലിയ ആക്ഷേപം.

ഞങ്ങൾ വീട്ടിൽ പുകയില മുറുക്കും പുകവലിയും വിലക്കി. ഇതുപോലെത്തന്നെ മുത്തച്ഛൻ വർഷങ്ങളായി മുറ്റത്തിന്റെ കിഴക്കേമൂലയിൽ ഇരുന്ന് പൂർവികർക്ക് വെച്ചുകൊടുക്കാൻ വിളമ്പിയിരുന്ന മദ്യത്തിനും മദ്യപാനിക്കും വീട്ടിൽ വിലക്ക് ഏർപ്പെടുത്തി. കിടപ്പറയിലും അടുക്കളയിലും പുരയിടത്തിലും ഞങ്ങൾ ഒന്നിച്ചായിരുന്നു. വെട്ടും കിളയും ചുമടുമൊന്നും തനിക്ക് ചെയ്യാൻ കഴിയുന്ന പണികളല്ലായിരുന്നിട്ടും കല്ലും മുള്ളും സഹിച്ച് ഇഴജന്തുക്കളെ ഭയന്ന് ചിരിച്ചും പരിഭവങ്ങളുമായി നിഴൽപോലെ ആനന്ദ ഒപ്പമുണ്ടായിരുന്നു. തെങ്ങ് വേണ്ട രീതിയിൽ ശ്രദ്ധിച്ചാൽ ഇരട്ടിയിലധികം ആദായമുണ്ടാകുമെന്നത് ആനന്ദയുടെ അഭിപ്രായമായിരുന്നു. 60ഒാളം നല്ല തെങ്ങുകളുണ്ടായിരുന്നു. അവയുടെ ചുവട്ടിൽ കല്ലുപാകി, തറകെട്ടി വെള്ളം നിൽക്കാനും വളമിടാനുമുള്ള സൗകര്യമൊരുക്കി. ആനന്ദ ഓലമെടഞ്ഞ് വിറ്റു. പുരയിടത്തിലെ ആവശ്യത്തിനായി കൈകൊണ്ട് കയർ പിരിച്ചു. കുരുമുളക് കൃഷി ചെയ്തു. വാർഷിക കൃഷികളെല്ലാം കൃത്യസമയത്തുതന്നെ ചെയ്യാൻ പദ്ധതിയിട്ടു. വിശ്രമമില്ലാതെ ഞങ്ങൾ മണ്ണിൽ പണിയെടുത്തു.

അതിനിടയിൽ ഒരു മാതാവാകാൻ പോകുന്നുവെന്ന സന്തോഷത്തിലായിരുന്നു ആനന്ദ. ആദ്യത്തെ കുഞ്ഞിനെ ഞങ്ങൾ വേണ്ടെന്നു വെച്ചതാണ്. കുഞ്ഞുങ്ങൾ എങ്ങനെയെങ്കിലും വളർന്നാൽ പോരാ. വളർത്തുവാൻ ശേഷി ഇല്ലാത്തവർക്ക് കുഞ്ഞുങ്ങൾ എന്തിനാണ്? അബോർഷൻ നടത്തി. ഇപ്പോഴും ആനന്ദ നേരിടുന്നൊരു പ്രശ്നം ഉണ്ടായിരുന്നു. തന്റെ സഹായം ആവശ്യമുള്ളൊരു സമയം വരുമെന്നും അന്ന് നീ അനുഭവിക്കുമെന്നും അമ്മ പറഞ്ഞിരുന്നുപോലും. അനിവാര്യമായതൊഴികെ ബാക്കിയെല്ലാം ഞാൻ ഏറ്റെടുത്തു. ഈ അമ്മസങ്കൽപം മറികടക്കേണ്ടതുണ്ടായിരുന്നു. ശുദ്ധാശുദ്ധ സങ്കൽപത്തോടൊപ്പം സ്ത്രീക്കുമേൽ ഗോത്രപുരുഷൻ നടത്തിയൊരു കൈയേറ്റമായിരുന്നു അത്. എന്റെ വയറ്റാട്ടി ആയിരുന്ന പാമ്പൂരിക്കൽ മുണ്ടി ആനന്ദയെ പരിശോധിച്ച് കുട്ടി ആണാണെന്ന് മന്ത്രിച്ചു. ഗർഭാവസ്ഥയിലെ കുട്ടിയുടെ നിലയിലും ദോഷമില്ലെന്ന് പറഞ്ഞു. എത്രയേറെ ഗർഭാവസ്ഥകൾക്കും പ്രസവങ്ങൾക്കും സാക്ഷ്യംവഹിച്ചൊരു വാർധക്യമാണത്. ഞങ്ങൾ തടസ്സംനിന്നില്ല. ഗർഭധാരണത്തെ ഒരു രോഗമായി കാണുകയും നിരന്തരം പരിശോധനകളും മെഡിസിനുകളുമായി സ്ത്രീകൾ മാറുകയും ചെയ്യുന്നൊരു കാലമായിരുന്നു അത്. ശരീരമനങ്ങിയാൽ ഗർഭം അലസുമെന്ന് കരുതുന്ന വിഡ്ഢിത്തത്തിന്റെ കാലം.

 

കുഞ്ഞുങ്ങൾക്ക് അമ്മമാർ മുലകൊടുക്കുന്നതുപോലും വിലക്കപ്പെട്ടു. ഞങ്ങളീ വ്യാപാര കണ്ണികളിൽനിന്നും വിട്ടുനിന്നു. ആരോഗ്യമുള്ള ശരീരവും സ​ന്തോഷമുള്ള മനസ്സും പതിവു ജോലികളിൽ വ്യാപൃതമാകാനുള്ള സന്നദ്ധതയും, മലയിലെ കയറ്റിറക്കങ്ങളിലൂടെ പരുവപ്പെട്ട ശരീരാവസ്ഥയുമുള്ള ഒരു സ്ത്രീക്ക് പ്രസവം തികച്ചും സ്വാഭാവികമായൊരു ശരീരധർമം മാത്രമായിരുന്നു. തീവ്രമായ വേദനയിലൂടെ സുഖാനുഭൂതിയിലേക്ക് നീളുന്ന ഒരു ശരീരപ്രക്രിയ. എന്നാൽ, കുടിയിൽ കണ്ടിട്ടുള്ള പ്രസവങ്ങളുടെ അന്ത്യനിമിഷങ്ങളിലെ വേവലാതികൾ ഭയാനകമായൊരു ബാല്യകാല ഓർമയായിരുന്നു. ദുരന്തങ്ങൾ കാണേണ്ടിവന്നിട്ടില്ലെങ്കിലും, സമയമാകുമ്പോൾ ഹോസ്പിറ്റലിൽ പോകാമെന്നതായിരുന്നു ഞങ്ങളുടെ തീരുമാനം.

പ്രസവത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോൾ അറക്കുളം ഗവ. പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് പോയി. ഒരു ഡോക്ടറുടെ സാന്നിധ്യം, അത്രയേ വേണ്ടിയിരുന്നുള്ളൂ. പറവൂർ സ്വദേശിയായ ഡോ. ജോയി ഫ്രാൻസിസ് അന്ന് രാത്രി ഞങ്ങൾക്കായി സർവിസ് ചെയ്തു. രാത്രി 11 മണിയാകുമ്പോൾ മൂലമറ്റത്തുള്ള വീട്ടിൽനിന്ന് തന്നെ കൂട്ടിക്കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതിനുമുമ്പേ അദ്ദേഹം ഹോസ്പിറ്റലിലെത്തി. പിറ്റേന്ന് രാവിലെ പതിവു സന്ദർശനത്തിനായി വന്നപ്പോൾ നക്സ​െലെറ്റ് കുഞ്ഞെന്ന് മോനെ പരിചയപ്പെടുത്തി അദ്ദേഹം കടന്നുപോയി. തോരാതെ പെയ്യുന്ന ഇടവപ്പാതിക്കാലമായിരുന്നു അത്. മഞ്ഞു മൂടിക്കെട്ടിയ തണുപ്പും കുളിരും നിറഞ്ഞ രാപ്പകലുകളും. കുഞ്ഞിനെ പുതപ്പിച്ച് ദേഹത്തോടൊപ്പം ചേർത്ത് അടുപ്പിൻചുവട്ടിൽ ഞങ്ങൾ നാളുകൾ നീക്കി. കുഞ്ഞിനെയും അമ്മയെയും പരിചരിക്കുകയെന്നത് ഇഷ്ടമായൊരു ജീവിതാനുഭവമായിരുന്നു.

(തുടരും)

News Summary - KM Salim kumar biography