കുടുംബവും രാഷ്ട്രീയവും
കടുത്ത -14

സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് മടങ്ങിയെത്തുന്ന കാലത്തിന്റെ ഒാർമകൾ പങ്കുവെക്കുന്നു. ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. കോളജ് പഠനം കഴിഞ്ഞ് വീട്ടിൽ വന്നതിനുശേഷം ഒരിക്കൽ കുവക്കണ്ടം ദേവീക്ഷേത്രത്തിൽ നടന്ന ഉത്സവത്തിന് ഉത്സവക്കമ്മിറ്റി അംഗങ്ങൾ നിർബന്ധിപ്പിച്ച് എന്നെ പ്രസംഗിപ്പിച്ചു. കോളജിൽ പോയതുകൊണ്ട് കിട്ടിയ ഒരാദരവായിരുന്നു അത്. എന്നാൽ, ദൈവ നിഷേധിയായി കഴിഞ്ഞ എനിക്ക് അത് അവ്വിധം ഉൾക്കൊള്ളാൻ ആയില്ല. രണ്ടു ഗോത്രങ്ങൾ –മല അരയൻമാരും ഊരാളിമാരും സംയുക്തമായി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നതാണ് ക്ഷേത്രം. ഇവർക്കിടയിൽ നിലനിൽക്കുന്ന പതിവുകളിലൊന്നായിരുന്നു ഇത്....
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് മടങ്ങിയെത്തുന്ന കാലത്തിന്റെ ഒാർമകൾ പങ്കുവെക്കുന്നു. ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്.
കോളജ് പഠനം കഴിഞ്ഞ് വീട്ടിൽ വന്നതിനുശേഷം ഒരിക്കൽ കുവക്കണ്ടം ദേവീക്ഷേത്രത്തിൽ നടന്ന ഉത്സവത്തിന് ഉത്സവക്കമ്മിറ്റി അംഗങ്ങൾ നിർബന്ധിപ്പിച്ച് എന്നെ പ്രസംഗിപ്പിച്ചു. കോളജിൽ പോയതുകൊണ്ട് കിട്ടിയ ഒരാദരവായിരുന്നു അത്. എന്നാൽ, ദൈവ നിഷേധിയായി കഴിഞ്ഞ എനിക്ക് അത് അവ്വിധം ഉൾക്കൊള്ളാൻ ആയില്ല. രണ്ടു ഗോത്രങ്ങൾ –മല അരയൻമാരും ഊരാളിമാരും സംയുക്തമായി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നതാണ് ക്ഷേത്രം. ഇവർക്കിടയിൽ നിലനിൽക്കുന്ന പതിവുകളിലൊന്നായിരുന്നു ഇത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സംസാരിച്ച ഞാൻ ദൈവത്തെയും ചോദ്യംചെയ്തു. ദൈവത്തിനും ക്ഷേത്രത്തിനുമെതിരെ സംസാരിച്ചുവെന്ന പേരിൽ രണ്ടു ഗോത്രത്തിലെയും മുതിർന്നവർ എന്നെ ശപിച്ചു. പിന്നീടൊരിക്കലും ക്ഷേത്രവുമായി ബന്ധപ്പെടാൻ അവർ എന്നെ ക്ഷണിച്ചിട്ടില്ല. ഞാനങ്ങോട്ട് തിരിഞ്ഞുനോക്കിയുമില്ല.
മുണ്ടക്കൻ കൊണ്ടുപോയ ഒരു ചാക്ക് കാപ്പിക്കുരു അന്വേഷിച്ചിറങ്ങിയവർ സന്ധ്യക്ക് മടങ്ങിയെത്തിയത്, അടുത്ത ദിവസം രാവിലെയെത്തുമെന്ന് പറഞ്ഞ് റോഡ് സൈഡിലുള്ളൊരു വീട്ടിൽ സൂക്ഷിക്കാൻ ഏൽപിച്ചത് കണ്ടുപിടിച്ച വാർത്തയുമായാണ് കാഞ്ഞാർ സ്വദേശിയായ യൂനഹയെന്ന മുസ്‍ലിം നടപ്പു കച്ചവടക്കാരനായിരുന്നു മുണ്ടക്കൻ. ഒരു വാഴക്കുലയാണ് അദ്ദേഹം വാങ്ങിയത്. അതും അടുത്ത തവണ ചെല്ലുമ്പോൾ വിലകൊടുക്കാമെന്ന് പറഞ്ഞ്. എന്നാൽ, വാഴക്കുലയോടൊപ്പം തിണ്ണയിൽ ഉണക്കിവെച്ചിരുന്ന ഒരു ചാക്ക് കാപ്പിക്കുരുകൂടി എടുത്തുകൊണ്ടാണ് അയാൾ പോയത്. ആദിവാസികൾക്കിടയിലെ കച്ചവടത്തിന്റെ പൊതുരീതി അനുസരിച്ച് കച്ചവടക്കാർ പറയുന്നതായിരുന്നു സാധനങ്ങളുടെ വില. അതവർക്ക് പ്രശ്നമല്ല. പക്ഷേ മോഷണം കൂടിയായാലോ! കാപ്പിക്കുരു എടുക്കാൻ അടുത്ത ദിവസം മുണ്ടക്കൻ വരുമ്പോൾ തല്ലുകൊടുക്കണമെന്നതായിരുന്നു ചിലരുടെ അഭിപ്രായം.
ഞങ്ങൾ ഇടപെട്ട് ഈ പദ്ധതി ഒഴിവാക്കി. ഒരാളെ പ്രഖ്യാപിത കള്ളനാക്കേണ്ടെന്നു കരുതി, പൊലീസ് കേസും വേണ്ടെന്നു വെച്ച് കാഞ്ഞാർ സ്വദേശിതന്നെയായ കരിപ്പലങ്ങാട്ട് പലചരക്ക് കച്ചവടക്കാരൻ ഇബ്രാഹിംകുട്ടിയുടെയും മറ്റു ചിലരുടെയും സാന്നിധ്യതിൽ കുട്ടികളും സ്ത്രീകളുമെല്ലാം പങ്കെടുത്തൊരു പ്രായശ്ചിത്ത ജാഥയുടെ മുന്നിൽ കാപ്പിക്കുരു തലയിലേറ്റി മുണ്ടക്കനെ നിർത്തി. വീട്ടിലെത്തി ഇരുന്ന സ്ഥലത്തുതന്നെ അയാൾ കാപ്പിക്കുരു ഇറക്കിവെച്ചു. കായക്കൊടിക്കൽ മാണിക്കനെന്ന കാരണവരുടേതായിരുന്നു മുതൽ. അയാളുടെ കാലുപിടിച്ച് മുണ്ടക്കൻ ക്ഷമാപണം നടത്തി. ‘‘ഊരാളിമാരുടെ കുടിയിലാണെങ്കിലും മറ്റെവിടെയാണെങ്കിലും നീ കളവുമാത്രം ചെയ്യരുതെ’’ന്ന് മൂത്തൻ അയാളെ ഉപദേശിക്കുന്നുണ്ടായിരുന്നു. മലയിലെ നടന്നു കച്ചവടക്കാർക്ക് ഇെതാരു പുത്തൻ അനുഭവമായിരുന്നു. കൊടുക്കൽ വാങ്ങലുകൾക്കായി കാഞ്ഞാറിൽ പോകേണ്ടതുള്ളതുകൊണ്ട് മുസ്‍ലിംകളെ ഭയന്ന് ഇത്തരം അനുഭവങ്ങളുണ്ടായിട്ടും പ്രതികരിക്കുന്ന പതിവ് ആദിവാസികൾക്കിടയിൽ ഉണ്ടായിരുന്നില്ല. പിന്നീട് കുടിയിൽ ആനന്ദ സാധനം വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവരാണ് വിശ്വസ്തർ എന്ന് കരുതുന്നൊരു സ്ഥിതി ഉണ്ടായി. മുണ്ടക്കനെ പോലുള്ളവർക്ക് സ്ഥാനം ഇല്ലാതായി.
പാർട്ടി ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടൊരു സന്ദർഭമായിരുന്നു ഇത്. ചൈനയിലെ മുതലാളിത്ത പാതക്കാരോടുള്ള മൃദുസമീപനത്തിന്റെ പേരിലാകാം പാർട്ടിയിൽനിന്ന് എന്നോട് ബന്ധപ്പെടുവാൻ ആരും തയാറായില്ല. വിവാഹശേഷം ഞാനും അതിന് ശ്രമിച്ചില്ല. ഉന്മൂലന സമരത്തിലും രഹസ്യപ്രവർത്തനത്തിലും ഊന്നുന്ന പ്രവർത്തനശൈലി മാറ്റിയില്ലെങ്കിലും ബഹുജനരംഗത്ത് പ്രത്യേകിച്ച് സാംസ്കാരിക രംഗത്ത് ജനകീയ വിചാരണയും തെരുവുനാടകങ്ങളുമടക്കം ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്ന കാലമായിരുന്നു ’80കളുടെ ആരംഭം.
കൃഷിയിലും കുടുംബത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഈ സന്ദർഭം എനിക്ക് ബൗദ്ധികമാന്ദ്യത്തിന്റെ കാലമായിരുന്നു. വായനയും അന്വേഷണങ്ങളുമൊന്നുമില്ലാത്ത മനസ്സിനെ ശരീരത്തിനു വിട്ടുകൊടുത്ത് മണ്ണിൽ വിയർപ്പൊഴുക്കുന്ന കാലം. അതിനൊരു വ്യതിയാനമുണ്ടായത് പൂച്ചപ്ര യു.പി സ്കൂളിൽ എന്റെ ജൂനിയേഴ്സായിരുന്ന കുഴിപ്ലാക്കൽ ശശിയും കോഴിക്കാട്ടിൽ പരമേശ്വരനും രാഷ്ട്രീയ കാര്യങ്ങൾ ചർച്ചചെയ്യുവാൻ വീട്ടിൽ വന്നപ്പോഴാണ്. എന്റെ രാഷ്ട്രീയ വിശ്വാസങ്ങളോട് ഒപ്പം ചേരുവാൻ ആദ്യമായെത്തിയ രണ്ട് ആദിവാസി യുവാക്കളായിരുന്നു അവർ. പാർട്ടിയുമായി ബന്ധപ്പെടുവാനും പ്രവർത്തിക്കുവാനും അവർക്ക് അതിയായ താൽപര്യമുണ്ടായിരുന്നു. ഒളിയറയ്ക്കൽ ശിവരാമനും വണ്ടനാനിക്കൽ കൊച്ചപ്പനും എം.ഐ. ശശിയുമെല്ലാം അവരോടൊപ്പം ചേർന്നു. തത്സമയം എനിക്ക് പാർട്ടിബന്ധങ്ങളൊന്നുമില്ലെന്ന് അവരോട് പറഞ്ഞില്ല. അവരെ നിരാശരാക്കേണ്ടെന്ന് കരുതി അവരുടെ ഇടപെടൽ എന്നെ പിന്നെയും പാർട്ടിയിലേക്ക് അടുക്കാൻ പ്രേരിപ്പിച്ചു. ഫോറസ്റ്റ് അതിക്രമങ്ങളും കള്ളക്കേസുകളുമടക്കം നിരവധി പ്രശ്നങ്ങളിൽ ഇടപെടാൻ ഇവരുടെ സാന്നിധ്യം അവസരമൊരുക്കി.
ഇതിനിടയിലാണ് കുമ്പളം കേസിൽ വെറുതെ വിട്ട ആലുവ സ്വദേശി അബ്ദു ജീവനെന്ന പേരിൽ വീട്ടിൽ വന്നത്. ഇടുക്കി ജില്ലയിലെ പാർട്ടി പ്രവർത്തനത്തിന്റെ മുഖ്യചുമതലക്കാരനായിരുന്നു അദ്ദേഹം. എന്റെ നിലപാടറിയുവാൻ വന്നതാണ്. വിയോജിപ്പൊന്നും പ്രകടിപ്പിക്കാതിരുന്നപ്പോൾ സന്തോഷമായി. പിന്നീട് വീട് പാർട്ടി പ്രവർത്തകരുടെ സ്ഥിരം ഷെൽട്ടറുകളിലൊന്നായി മാറി. കമ്മിറ്റികളും സമ്മേളനങ്ങളും വരെ നടക്കുന്ന സ്ഥലം. അടിയന്തരാവസ്ഥക്കു ശേഷം ഊർജസ്വലരായ ചില യുവാക്കൾ ജില്ലയിൽനിന്ന് പാർട്ടിയിലേക്ക് കടന്നുവന്നിരുന്നു. കാഞ്ഞാറിൽനിന്നും പി.ഡി. ജോസും ജോയിയും മുട്ടത്തുനിന്ന് ഇ.എൻ. ചന്ദ്രബോസ്, കരിങ്കുന്നത്തുനിന്ന് കോളജ് അധ്യാപകനായ കെ.എസ്. ടോമി, കരിമ്പനിൽനിന്ന് രാജു സേവ്യർ തുടങ്ങിയവർ അക്കൂട്ടത്തിൽപെടുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസമനുഭവിച്ച കെ.കെ. മണിയും ഇ.പി. ജോസഫുമെല്ലാം വീണ്ടും സജീവമായി.
കുമാരമംഗലത്ത് ടി.കെ. നാരായണന്റെയും വണ്ണപ്പുറത്ത് മണിയുടെയും ചേലച്ചുവട്ടിൽ ആന്റണിയുടെയുമെല്ലാം വീടുകൾ കമ്മിറ്റി കൂടുന്ന സ്ഥിരം സ്ഥലങ്ങളായിരുന്നു. വെള്ളത്തൂവൽ സ്റ്റീഫനും എം.എൻ. രാവുണ്ണിയുമടക്കം 12 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെ.വി.കെ. വാര്യരുടെ അധ്യക്ഷതയിൽ നടന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുഞ്ഞുലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ വെള്ളത്തൂവൽ പഞ്ചായത്തിൽ നടന്ന പ്രചാരണ പ്രവർത്തനത്തിൽ പങ്കെടുത്തുകൊണ്ടാണ് പിന്നെയും പാർട്ടി പ്രവർത്തനങ്ങളുമായി സഹകരിച്ചു തുടങ്ങിയത്. എന്നാൽ, കുടുംബ ജീവിതവും പാർട്ടി ജീവിതവും തമ്മിലുള്ള ബന്ധങ്ങൾ ക്രമപ്പെടുത്തേണ്ടതുണ്ടായിരുന്നു. കുടുംബത്തിൽനിന്ന് അകന്നുകൊണ്ടുള്ള ഒരു രാഷ്ട്രീയ പ്രവർത്തനം അസാധ്യമായിരുന്നു. കുടുംബം പ്രഥമ പരിഗണന ആയിത്തീർന്നു. ഒരു കേൾവിക്കാരനോ പങ്കാളിക്കോ അപ്പുറം പാർട്ടി ചുമതലകളൊന്നും വഹിക്കാൻ തയാറായില്ല. പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി ജീവിക്കുമ്പോൾ പാർട്ടിയുടെയും ജനങ്ങളുടെയും ചെലവിൽ ജീവിക്കുന്നത് തെറ്റല്ലെന്ന് വിശ്വസിക്കുമ്പോൾതന്നെ സ്വന്തം വിയർപ്പാണ് അപ്പവും ജീവിതവുമെന്ന് പറയുന്നതിൽ സംതൃപ്തി തോന്നുന്നൊരു മനോഭാവം എന്നും എന്നിലുണ്ടായിരുന്നു. മുഴുവൻസമയ പാർട്ടി പ്രവർത്തനം തടയുന്ന ഒരു മനോഭാവമായിരുന്നു ഇത്.

പട്ടാപ്പകൽ നടന്നൊരു കൊലപാതകത്തിന്റെ മൂകതയിലാണ് ഞാൻ മൂലമറ്റം ടൗണിൽ ബസിറങ്ങിയത്. ടൗണിന്റെ ആരംഭകാലത്തുതന്നെ ഹൃദയഭാഗത്ത് ഉയർന്നുവന്ന കുരിശുപള്ളിക്ക്, ചാരെയുള്ള ആലയിലെ സഹോദരങ്ങളായ കൊല്ലപ്പണിക്കാരിലൊരാളെ ഒരു സംഘം ആളുകൾ വീട്ടിൽകയറി ആക്രമിക്കുകയും ജീവരക്ഷാർഥം ഓടിക്കയറിയ ഹോട്ടലിൽ വച്ച് അടിച്ചുകൊല്ലുകയുംചെയ്തതാണ് സംഭവം.. കൊല്ലനെ തല്ലിക്കൊന്നുവെന്ന് പറയുന്നതല്ലാതെ ആരാണ് അത് ചെയ്തതെന്നോ അതിന്റെ പിന്നിലാരാണെന്നോ പറയുവാൻ ആളുകൾ ഭയപ്പെട്ടിരുന്നു. ഡി.വൈ.എഫ്.ഐക്കാരായ രണ്ട് യുവാക്കളാണ് കുന്നേൽ അപ്പച്ചന്റെ ഗുണ്ടകളാണ് കൊല്ലനെ തല്ലിക്കൊന്നതെന്ന് പറഞ്ഞത്. കുന്നേൽ അപ്പച്ചന്റെ ഭൂമിയിലാണ് കൊല്ലന്റെ ആലയെന്നും കുരിശുപള്ളിയും പല കെട്ടിടങ്ങളും ഇരിക്കുന്നത് കുന്നേൽ അപ്പച്ചന്റെ ഭൂമിയിലാണെന്നും ഇറങ്ങിപ്പോകാൻ പലതവണ പറഞ്ഞിട്ടും കൂട്ടാക്കാത്തതിന് കൊടുത്ത ശിക്ഷയാണ് കൊലയെന്നും ഇ.പി. ജോസഫ് അന്ന് പറഞ്ഞു. കുന്നേലപ്പച്ചന് ഇത് ഒരു പുതിയ കാര്യമല്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
അറക്കുളം പഞ്ചായത്തിലെ പല കരപ്രമാണിമാരിലൊരാളായിരുന്നു കുന്നേലപ്പച്ചൻ. സമ്പത്തും സാമുദായിക പിൻബലവുമുണ്ട്. കോൺഗ്രസും കേരള കോൺഗ്രസുമെല്ലാം ആജ്ഞാനുവർത്തികളാണ്. ഉന്നത പൊലീസുകാരുടെ ബന്ധുബലവുമുണ്ട്. പഞ്ചായത്ത് ഭരണാധികാരിയായി ഒരു ഗ്രാമം അടക്കി ഭരിക്കുവാൻ മറ്റെന്തുവേണം. ഈ ധാർഷ്ട്യമാണ് തന്നെ ധിക്കരിച്ച കൊല്ലനെ കൊന്നുകളയാൻ കുന്നേലപ്പച്ചനെ പ്രേരിപ്പിച്ചത്. കൊല്ലനോ ഒറ്റപ്പെട്ടവനാണ്. ബന്ധുബലമോ, സാമുദായികസാന്നിധ്യമോ ഇല്ലാത്തവൻ. കൊല്ലനെ കൊന്നാൽ ഒരു ഉറുമ്പുപോലും അനങ്ങില്ലെന്ന് അപ്പച്ചന് ഉറപ്പായിരുന്നു.
ഈ സാഹചര്യം തകർക്കപ്പെടേണ്ടതാണെന്ന് മനസ്സ് നിഷ്കർഷിച്ചു. കുന്നേലപ്പച്ചനെ കേസിൽ ഉൾപ്പെടുത്താനോ കൊല്ലന്റെ കൊലയാളികൾ നിയമത്തിന്റെ മുന്നിൽ എത്താനോ യാതൊരു സാധ്യതയുമില്ലെന്ന് അറിയാമായിരുന്നു. എന്നാൽ, വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നവർക്കിടയിലിട്ട് പട്ടാപ്പകൽ ഒരാളെ തല്ലിക്കൊന്നിട്ട് അരുതെന്ന് പറയുവാൻ ആരുമില്ലാത്ത ഈ നിർവികാരാവസ്ഥ പിളർക്കപ്പെടേണ്ടതാണ്. കുന്നേൽ അപ്പച്ചനാണ് യഥാർഥ കൊലയാളി എന്നെങ്കിലും പറയാമല്ലോ. എന്നോടൊപ്പം ജയിലിലുണ്ടായിരുന്ന ആറ്റുപുറമ്പോക്കിൽ താമസമാക്കിയ ഇ.പി. ജോസഫിനെയും വിറകുവെട്ടുകാരൻ തങ്കപ്പനെയും കണ്ടു. എന്തെങ്കിലും ചെയ്യണമെന്ന് അവർക്കുമുണ്ടായിരുന്നു. പ്രതിഷേധപ്രകടനവും യോഗവും ആലോചിച്ചു. ആരാണ് പ്രകടനത്തിന് ഉണ്ടാവുക? ഉണ്ടാകുന്നവർ മതി. രണ്ടുമൂന്ന് മണിക്കുറുകൾക്കുള്ളിൽ കണ്ടവരെയെല്ലാം മുഖാമുഖം കാര്യമറിയിച്ചു. ഒരനീതിയും ചോദ്യം ചെയ്യപ്പെടാതിരിക്കാൻ പാടില്ലെന്ന സ്പിരിറ്റിൽ നടന്ന പ്രകടനം ആളുകളുടെ സാന്നിധ്യത്തെക്കാൾ ധാർമികതയുടെ കരുത്തിലൂടെ ശ്രദ്ധേയമായി.
ഖേദകരമായൊരു കാര്യം യോഗത്തിൽ പങ്കെടുത്ത സുലൈമാൻ റാവുത്തർ അല്ലാതെ മറ്റാരും കൊലപാതകത്തിൽ കുന്നേൽ അപ്പച്ചന്റെ പങ്ക് വെളിപ്പെടുത്താൻ തയാറായില്ല എന്നതാണ്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പ്രാദേശിക നേതാക്കൾ യോഗത്തിലുണ്ടായിരുന്നു. ആന്ധ്രയിലും ബിഹാറിലുമെല്ലാം നടക്കുന്ന ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഇത്തരം ചെയ്തികളുമായി കുന്നേൽ അപ്പച്ചനെപ്പോലുള്ള ഭൂവുടമകൾ ഇനിയും മുന്നോട്ടുപോകാമെന്ന് കരുതരുതെന്ന എന്റെ മുന്നറിയിപ്പിന്റെ ഫലം സി.പി.എം വിട്ട് പച്ചക്കറി കച്ചവടം നടത്തുന്ന സഖാവ് മാധവൻ നായർ വഴി എന്നെ വിലക്കെടുക്കുവാൻ 20,000 രൂപ കുന്നേൽ അപ്പച്ചൻ വാഗ്ദാനം നൽകിയതായിരുന്നു. ‘‘എനിക്ക് ജീവിക്കാൻ എന്റെ അപ്പൻ വേല എടുത്തിട്ടുണ്ട്.’’ കുന്നേൽ അപ്പച്ചന് മറുപടി കൊടുത്തു. ഇങ്ങനെ പറയുവാൻ കഴിഞ്ഞതിൽ അഭിമാനംതോന്നി. പിന്നീട് മാധവൻ നായർ പറഞ്ഞത്, സഖാവിനല്ലേ പണം വേണ്ടാതുള്ളൂ, സി.പി.എമ്മിന്റെ ഒരു പ്രാദേശിക നേതാവ് അത് കൈപ്പറ്റി എന്നാണ്. അതെന്തായാലും കൊല്ലന്റെ കുടുംബം പിന്നെയും അവിടെ നിലനിന്നു.
വണ്ണപ്പുറം പഞ്ചായത്തിലെ ട്രൈബൽ സെറ്റിൽമെന്റായ പട്ടയക്കുടിയിൽ ഊരാളി വിഭാഗത്തിൽപ്പെട്ട ഒരാദിവാസി കൊലചെയ്യപ്പെട്ടത് അന്വേഷണവിധേയമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു പൊതുയോഗം ഞങ്ങൾ സംഘടിപ്പിച്ചു. അതിന്റെ പ്രചാരണത്തിനായി വെൺമണിയിൽ എത്തിയപ്പോൾ വിചിത്രമായൊരു സംഭവം ഉണ്ടായി. ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽ രാവിലെ 10 മണിക്ക് എത്താമെന്ന് ഏറ്റിരുന്ന ചിലർക്കു പകരം അവരെ പൊലീസ് അറസ്റ്റ് ചെയ്ത് ചായക്കടയിൽ ഇരുത്തിയിരിക്കുകയാണെന്ന വിവരമാണ് കിട്ടിയത്.
പൂച്ചപ്രയിൽനിന്നുള്ള ശശിയും പരമേശ്വരനും ശിവരാമൻ മാസ്റ്ററും കൊച്ചപ്പനും ഞാനും മറ്റു ചിലരുമായി ചായക്കടയിലെത്തി. ചായക്കട ഒരു പൊലീസുകാരൻ പൊലീസ്‍ സ്റ്റേഷനാക്കി മാറ്റിയിരിക്കുകയാണ്. കാക്കിയുടെ ഭീകരത നിറഞ്ഞുനിൽക്കുന്നു. പൂർണ നിശ്ശബ്ദത. കാണാനുള്ളവരോട് എന്തുപറ്റിയെന്ന് ചോദിച്ചു. ആവർത്തിച്ചു ചോദിച്ചിട്ടും ആരും ഒന്നും മിണ്ടുന്നില്ല. ഞങ്ങൾ പൊലീസുകാരനെ മാറ്റിനിർത്തി വിവരങ്ങൾ ആരാഞ്ഞു. അറസ്റ്റ് വാറന്റൊന്നുമില്ല. കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിൽനിന്ന് വന്നതാണ്. തിരിച്ചുപോകണമെങ്കിൽ പണം കൊടുക്കണം. അതിനും ന്യായീകരണങ്ങളുണ്ട്. താൻ കഞ്ഞിക്കുഴിയിൽനിന്ന് കിലോമീറ്ററുകൾ നടന്നുവരികയാണ്. ഞങ്ങൾ അത്തരക്കാരല്ലെന്ന് ബോധ്യപ്പെടുത്തി. വാറന്റുണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കാം. കാക്കി അപ്രത്യക്ഷമായതിനുശേഷമാണ് അവർ ഞങ്ങളോടൊപ്പം ചേർന്നത്.
അറസ്റ്റ്‍ വാറന്റ് ഇല്ലാതെയും ആദിവാസികളെ അറസ്റ്റ് ചെയ്തിരുന്ന പൊലീസുകാരാണ് പട്ടയക്കുടിയിൽ ഒരു കൊലപാതകം നടന്നിട്ട് അന്വേഷിക്കാൻ വിമുഖത കാട്ടുന്നത്. കൊലയാളി ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ഒരു സമ്പന്നനായിരുന്നു. തങ്ങൾക്കിടയിൽനിന്ന് ഒരാൾ കൊലചെയ്യപ്പെട്ടിട്ട് അത് അന്വേഷിച്ചിറങ്ങിയവരെ തടഞ്ഞുനിർത്താനും ആദിവാസികളുണ്ടായി. തങ്ങളുടെ നെഞ്ചത്ത് ചവിട്ടി മാത്രമേ യോഗം നടത്തുവാൻ അനുവദിക്കൂവെന്ന് രണ്ടുപേർ വെല്ലുവിളിച്ചു. വണ്ണപ്പുറം പഞ്ചായത്ത് മെംബറും ആദിവാസിയുമായ മാധവന്റെ വീട്ടിൽ താമസിച്ചുകൊണ്ടായിരുന്നു ഞങ്ങൾ യോഗം സംഘടിപ്പിച്ചത്. ഊരാളിക്കുടികളിലെല്ലാം കയറിയിറങ്ങി ഞങ്ങൾ വിവരം ധരിപ്പിച്ചു. സൂര്യൻ കാണിയെപ്പോലുള്ള ചിലർ ഞങ്ങളുമായി സഹകരിച്ചു. വണ്ണപ്പുറത്തുനിന്ന് മലകളും കുന്നുകളും തോടുകളും താണ്ടി കിലോമീറ്റർ അകലെയുള്ള പട്ടയക്കുടിയിൽ മൈക്ക് സെറ്റ് എത്തിക്കുക എന്നത് ഏറ്റവും ദുഷ്‍കരമായൊരു കാര്യമായിരുന്നു. വണ്ണപ്പുറം സ്വദേശികളായ സഖാവ് കെ.കെ. മണിയും പത്ര ഏജന്റായ തങ്കച്ചനും കുഞ്ഞുമോനും ജോസുമെല്ലാം മുൻകൈയെടുത്താണ് അത് സാധിച്ചത്. ഈ മേഖലയിൽ ആദിവാസികൾക്കിടയിൽ നടന്ന ആദ്യത്തെ സാമൂഹിക ഇടപെടലായിരുന്നു അത്.
കേണിച്ചിറ മഠത്തിൽ മത്തായിയുടെ ഉന്മൂലനത്തിൽ പങ്കെടുത്തവരുടെ സുരക്ഷിതത്വം എം.എസ്. ജയകുമാറിന്റെ ദൗത്യമായിരുന്നു. അവരിൽപ്പെട്ട ചിലരെ ഒളിവിൽ പാർപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജയകുമാറും അബ്ദുവും വീട്ടിൽ വന്നു. അങ്ങനെയാണ് കുന്നേൽ കൃഷ്ണേട്ടനും മോഹനനും രവിയും വീട്ടിൽ വന്നത്. കൃഷ്ണേട്ടനും മോഹനനും വയനാട്ടുകാരും രവി കോട്ടയം കോരുത്തോടുകാരനുമായിരുന്നു. മനോരോഗികൂടിയായ രവി ദീർഘനാൾ വീട്ടിലെ ഒരന്തേവാസിയായിരുന്നു. കാഞ്ഞാറിൽനിന്ന് ജോസും ജോയിയുമെല്ലാം മിക്കവാറും വീട്ടിലുണ്ടാകും. ആനന്ദക്ക് അവരെല്ലാം സഖാക്കളല്ല, സഹോദരങ്ങളായിരുന്നു. കൂടെ പിറന്ന സഹോദരങ്ങളുടെ നഷ്ടം നികത്താൻ അയാൾ കണ്ടെത്തിയ ആത്മബന്ധങ്ങൾ. തന്റെ മോനെ വളർത്തുന്നതിൽ അവർക്കുള്ള പങ്ക് അഭിമാനമായി കാത്തുസൂക്ഷിക്കുന്നത് കണ്ടിട്ടുണ്ട്. മോന് അവർ മാമൻമാരായി. രക്തബന്ധുക്കളുടെ നഷ്ടം മക്കൾക്കായി നികത്താനുള്ള ഒരമ്മയുടെ ശ്രമം.
ഈ കാലത്താണ് ആകസ്മികമായ അച്ഛന്റെ വേർപാട് ഉണ്ടായത്. സെപ്റ്റിസീമിയയായിരുന്നു രോഗമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പനി ബാധിതനായി ഹോസ്പിറ്റലിൽ എത്തിയതാണ്. രണ്ടാംനാൾ പെട്ടെന്ന് ബോധമറ്റ് തളർന്നുവീണു. പിന്നീടൊരിക്കലും പൂർവസ്ഥിതിയിലേക്ക് തിരിച്ചുവന്നില്ല. രോഗശയ്യയിൽ തൊട്ടുരുമ്മിയിരിക്കുന്ന പേരക്കിടാവിലേക്ക് തുറന്നിരുന്ന കണ്ണുകൾ ഒലിച്ചിറങ്ങുന്നത് കണ്ടപ്പോൾ അച്ഛന് ബോധമുണ്ടെന്ന് ഞങ്ങൾ കരുതി. ഒരു മാസക്കാലം രാവും പകലും അച്ഛനെ ശുശ്രൂഷിച്ചു. അത് മാത്രമായിരുന്നു ചെയ്യാൻ കഴിയുന്നത്.

കൃഷിയിൽ സ്ഥായിയായൊരു മാറ്റം വേണമെന്നത് കൃഷ്ണേട്ടന്റെ അഭിപ്രായമായിരുന്നു. റബർകൃഷി നടത്തണം. കുറച്ച് വർഷംകൊണ്ട് കൃഷിയിടത്തിൽനിന്ന് മോചിതനാകാമെന്നതായിരുന്നു പദ്ധതി. ഈ പ്രദേശത്ത് അപ്പോഴും റബർ കൃഷി എത്തിയിരുന്നില്ല. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഞാൻ നട്ടുവളർത്തിയ ചില നാടൻ റബർ മരങ്ങൾ നന്നായി വളരുന്നത് കണ്ടിട്ടുണ്ട്. പറമ്പു കളയുമെന്ന് പറഞ്ഞ് അച്ഛന് റബറിനോട് വിയോജിപ്പായിരുന്നു. പുരയിടത്തിൽ നിറഞ്ഞുനിന്ന പ്ലാവുകളുടെ ഒരു ശേഖരം വെട്ടിമാറ്റിക്കൊണ്ടാണ് റബർകൃഷി നടത്തിയത്. അനുബന്ധ കൃഷികളായ ഏത്തവാഴയും കപ്പയുമെല്ലാം നല്ല വിളവുകൾ നൽകി. മിച്ചംവരുന്ന ചെറിയ ധനംകൊണ്ട് ആനന്ദ സ്വർണാഭരണങ്ങൾ വാങ്ങി.
ഈ കാലത്ത് നക്സലൈറ്റ് പ്രവർത്തകർക്കും അനുഭാവികൾക്കുമെതിരെ നടന്ന പൊലീസ് അക്രമങ്ങൾ നേരിടുന്നതിനായി വയനാട്ടിലെ കൽപറ്റയിൽ നടന്ന ജനകീയ പ്രതിരോധത്തിൽ ഞാനും ആനന്ദയും ഭഗത്തും പങ്കെടുത്തു. തുടയെല്ലുകൾ തകർക്കുന്ന തടവറകളോടുള്ള രോഷത്തോടൊപ്പം ‘‘കൂടെവിടെ മക്കളേ മേടെവിടെ മക്കളേ’’ എന്ന പാരിസ്ഥിതിക ആശങ്കകളും ചുരം കയറിയെത്തുന്നവർക്കിടയിൽനിന്ന് ഒഴുകിയെത്തുന്നൊരു സമ്മേളനമായിരുന്നു ഇത്. രാഷ്ട്രീയ പ്രവർത്തകരും നിയമജ്ഞരും പൗരാവകാശ പ്രവർത്തകരും എഴുത്തുകാരും തൊഴിലാളികളും കൃഷിക്കാരുമെല്ലാം പങ്കെടുത്തു. ഈ സമ്മേളനത്തിന്റെ പ്രസീഡിയത്തിൽ എന്നെയും ഉൾപ്പെടുത്തിയിരുന്നു. സമ്മേളനത്തിനുശേഷം ഞങ്ങൾ വാളാട് കൃഷ്ണേട്ടന്റെ വീട്ടിൽ പോയി. ചില ആദിവാസി വീടുകളിൽ എന്നെ കൊണ്ടുപോയ കൃഷ്ണേട്ടൻ പറഞ്ഞു, അയിത്തം ആചരിക്കുന്നവരാണ് കുറിച്യർ. പിന്നീട് അത് നേരിൽ ബോധ്യപ്പെട്ടു.
പാർട്ടി പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു മുട്ടം. ചുമട്ടു തൊഴിലാളികൾക്കിടയിലും ടിമ്പർ തൊഴിലാളികൾക്കിടയിലും പാർട്ടിക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. അവർക്കിടയിൽനിന്ന്‍ വളർന്നുവന്ന കഴിവുള്ള രണ്ട് പ്രവർത്തകരായിരുന്നു സിദ്ദീഖും ചെല്ലപ്പൻ ചേട്ടനും. സിദ്ദീഖിന്റെയും കുഞ്ഞുമോന്റെയുമെല്ലാം നേതൃത്വത്തിൽ ചുമട്ടുതൊഴിലാളി യൂനിയനുമുണ്ടായിരുന്നു. തുടങ്ങനാട് ജോയിയെപ്പോലുള്ള കോൺഗ്രസ് ഗുണ്ടകളുടെയും ചൂതാട്ടക്കാരുടെയും അക്രമങ്ങൾക്ക് വിധേയരാക്കപ്പെട്ടവരായിരുന്നു മുട്ടത്തെ പല തൊഴിലാളികളും. സിദ്ദീഖിനെയും ചെല്ലപ്പൻ ചേട്ടനെയുംപോലുള്ളവർ നെഞ്ചുറപ്പോടെ ചെറുത്തുനിൽക്കാൻ തുടങ്ങിയപ്പോഴാണ് മുട്ടത്തെ തൊഴിലാളികൾ തലയുയർത്തി നിൽക്കാൻ തുടങ്ങിയത്.
തുടങ്ങനാട് ജോയിയുടെ കൂട്ടാളിയായ പള്ളിവാതുക്കൽ അപ്പച്ചൻ തന്റെ വേലക്കാരനായിരുന്ന പാറേൽ കുഞ്ഞാമനെ കൊലപ്പെടുത്തിയ സംഭവത്തിൽ പാർട്ടി ഇടപെടുകയുണ്ടായി. കേണിച്ചിറ മഠത്തിൽ മത്തായിയുടെയും കാഞ്ഞിരംചിറ സോമരാജന്റെയും ഉന്മൂലനത്തെ തുടർന്നുള്ള ഒരു നീക്കം എന്ന നിലയിൽ തുടക്കം മുതലേ പൊതുജന ശ്രദ്ധ നേടുവാൻ കഴിഞ്ഞൊരു ഇടപെടലായിരുന്നു അത്. കൊലയാളികളുടെയും കൊലചെയ്യപ്പെടുന്നവരുടെയും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കുന്നൊരു സമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്. തന്മൂലം പൊലീസ് അന്വേഷണത്തിന്റെ തുടക്കം മുതൽതന്നെ കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമമാണ് നടത്തിയത്.
കൊലയാളി സമ്പന്നനും രാഷ്ട്രീയ സ്വാധീനമുള്ളയാളും ക്രൈസ്തവ സമുദായാംഗവുമായിരുന്നു. തന്റെ സേവകന്റെ ഭാര്യ തന്റേതുകൂടിയാണെന്ന യജമാനന്റെ നിശ്ചയത്തെ മറികടക്കുവാൻ ശ്രമിച്ചതാണ് കുഞ്ഞാമന്റെ അന്ത്യമായി മാറിയത്. കുടുംബബന്ധങ്ങളോ സാമൂഹിക ബന്ധങ്ങളോ ഒന്നും കുഞ്ഞാമനെ തേടിയെത്തിയില്ല. വേണ്ടപ്പെട്ടവരെ അപ്പച്ചൻ വിലക്കെടുത്തു. എല്ലാം ദൈവനിശ്ചയമാണെന്ന് വേദവാക്യം. വെളുത്ത വസ്ത്രമണിഞ്ഞ് എല്ലുപൊന്തിയ മിണ്ടാപ്രാണിയായ ജ്യേഷ്ഠസഹോദരൻ മാത്രമേ കുഞ്ഞാമന്റെ ബന്ധുവായി യോഗസ്ഥലത്തുപോലും എത്തിയുള്ളൂ. ഒരു ദലിതന്റെ ജീവന് സമൂഹം കൽപിക്കുന്ന മൂല്യമാണിത്. അവൻ ക്രിസ്‍ത്യാനിയാണെങ്കിലും ഹിന്ദുവാണെങ്കിലും.
ഈ സാഹചര്യത്തിലാണ് കുഞ്ഞാമന്റെ കൊലപാതകത്തെക്കുറിച്ച് സത്യസന്ധമായൊരു അന്വേഷണം നടത്തി അന്വേഷണ റിപ്പോർട്ട് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. പി.ഡി. ജോസും ഇ.എൻ. ചന്ദ്രബോസും കെ.എസ്. ടോമിയും ജോയിയുമെല്ലാം അന്വേഷണത്തിന്റെ ചുമതലക്കാരായിരുന്നു. ഭരണകൂടം പക്ഷപാതപരമായി പെരുമാറുമ്പോൾ നീതി നിഷേധിക്കപ്പെടുന്നവർക്ക് സത്യം വിളിച്ചുപറയാനൊരു മാർഗം. നിയമത്തിന്റെ മുന്നിൽ സുരക്ഷിതരും കുമ്പസാരക്കൂടുകളിൽ വിശുദ്ധന്മാരുമായിത്തീരുന്നവർ സാമൂഹിക മനസ്സാക്ഷിക്കു മുന്നിൽ കൊടും കുറ്റവാളിയായി പ്രഖ്യാപിക്കുന്നൊരു നടപടി.
മുട്ടം പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും നടത്തിയ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടൗണിലെത്തിച്ചേർന്ന വലിയൊരു ബഹുജന സാന്നിധ്യത്തിൽ ശക്തമായ പൊലീസ് നിരീക്ഷണത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ട് വിശ്വസനീയമായ നിരവധി തെളിവുകൾ നിരത്തി കുഞ്ഞാമന്റെ കൊലയാളി പള്ളിവാതുക്കൽ അപ്പച്ചനാണെന്ന് പ്രഖ്യാപിച്ചു. ഈ തെളിവുകളോടും നിഗമനത്തോടും വിയോജിക്കാൻ ആർക്കും അവസരമുണ്ടായിരുന്നു. പക്ഷേ ആരെയും കണ്ടില്ല. എന്നെ ആയിരുന്നു പാർട്ടി ഇതിന് ചുമതലപ്പെടുത്തിയിരുന്നത്. അപ്പോൾ ഞാൻ പാർട്ടിയുടെ ജില്ല സെക്രട്ടറി ആയിരുന്നു. തുടർന്ന് കല്ലറ രാജപ്പൻ സംവിധാനം നിർവഹിച്ച ‘ചെന്നായ്ക്കൾ ചെന്നായ്ക്കൾ’ എന്ന തെരുവുനാടകവും നടന്നു.

