സമരങ്ങൾ അവസാനിക്കുന്നില്ല

‘‘വാളയാർ വിഷയത്തിൽ ഞാൻ നേരിട്ട് ഇടപെടുകയുണ്ടായില്ല. അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ ഒരെഴുത്തും എനിക്ക് സാധ്യമായില്ല. എന്നാൽ ഒരു നിലപാടിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നു.’’ വിവിധ സമര വിഷയങ്ങളിലെ നിലപാടുകൾ എഴുതുന്നു.വടയമ്പാടിയിലെ ജാതിമതിൽ വിരുദ്ധ സമരത്തിൽ ഞാനും പങ്കെടുത്തിരുന്നു-രണ്ടോ മൂന്നോ യോഗങ്ങളിൽ. ഈ സമരവുമായി ബന്ധപ്പെട്ടൊരു കേസിൽ അന്തരിച്ച കെ.കെ.എസ്. ദാസിനെപ്പോലുള്ളവരോടൊപ്പം ഞാനും പ്രതിയാണ്. ദലിത് ഭൂ അവകാശ സമരമുന്നണിയാണ് സമരത്തിന് നേതൃത്വം നൽകിയത്. എം.പി. അയ്യപ്പൻകുട്ടി എന്ന ദലിത് വ്യക്തിയായിരുന്നു മുന്നണിയുടെ കൺവീനർ. സമരത്തെ സഹായിക്കാനായി...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘‘വാളയാർ വിഷയത്തിൽ ഞാൻ നേരിട്ട് ഇടപെടുകയുണ്ടായില്ല. അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ ഒരെഴുത്തും എനിക്ക് സാധ്യമായില്ല. എന്നാൽ ഒരു നിലപാടിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നു.’’ വിവിധ സമര വിഷയങ്ങളിലെ നിലപാടുകൾ എഴുതുന്നു.
വടയമ്പാടിയിലെ ജാതിമതിൽ വിരുദ്ധ സമരത്തിൽ ഞാനും പങ്കെടുത്തിരുന്നു-രണ്ടോ മൂന്നോ യോഗങ്ങളിൽ. ഈ സമരവുമായി ബന്ധപ്പെട്ടൊരു കേസിൽ അന്തരിച്ച കെ.കെ.എസ്. ദാസിനെപ്പോലുള്ളവരോടൊപ്പം ഞാനും പ്രതിയാണ്. ദലിത് ഭൂ അവകാശ സമരമുന്നണിയാണ് സമരത്തിന് നേതൃത്വം നൽകിയത്. എം.പി. അയ്യപ്പൻകുട്ടി എന്ന ദലിത് വ്യക്തിയായിരുന്നു മുന്നണിയുടെ കൺവീനർ. സമരത്തെ സഹായിക്കാനായി ഉണ്ടാക്കിയ സമരസഹായസമിതിയുടെ ചെയർമാൻ മറ്റൊരു ദലിത് അംഗമായ സി.എസ്. മുരളിയായിരുന്നു. കൺവീനർ വി.കെ. ജോയി എന്ന അദലിതനനും. ‘ദലിത് ബന്ധു’ എന്ന് വിശേഷിപ്പിക്കപ്പെട്ട ജോയി പ്രത്യക്ഷത്തിൽ സമരത്തെ നയിച്ചപ്പോൾ അദലിതനായ അഡ്വ. പി.കെ. മാനുവൽ അദൃശ്യനായി പിന്നിൽനിന്ന് സമരത്തെ നയിച്ചു. ദലിതരെ മുന്നിൽ നിർത്തി വർഗസമരം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു ഇവരുടെ അജണ്ട. ജനകീയ സമരങ്ങളെ തകർക്കാനുപയോഗിക്കുന്ന മാവോയിസ്റ്റ്-മുസ് ലിം തീവ്രവാദ കാർഡുമായി സമരത്തെ പ്രാദേശികമായി ഒതുക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണ് ‘അറസ്റ്റുകളും മർദനവും’ എന്ന് ഇവർ വിലയിരുത്തി. തങ്ങളുടെ മാവോയിസ്റ്റ് തീവ്രവാദ രാഷ്ട്രീയം മറച്ചുവെക്കാനുള്ള ഒരു പുകമറയായിരുന്നു ഈ വിലയിരുത്തൽ.
ഈ സമരത്തിന്റെ ഭാഗമായി നടന്ന സർവകക്ഷി സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ 2017 മാർച്ച് 26ന് ദലിത് ഭൂ അവകാശ സമരമുന്നണി പുറത്തിറക്കിയ പ്രസ്താവനയുടെ തലക്കെട്ട് ‘ഭജനമഠത്തിലെ നാടുവാഴി മാടമ്പികളെ നവോത്ഥാന കേരളം, തൊട്ടുകൂടായ്മയുടെ ഈ സവർണമതിൽ പൊളിച്ചെറിയുക തന്നെ ചെയ്യും’ എന്നതായിരുന്നു. ദലിതർക്കുവേണ്ടി നവോത്ഥാന കേരളം നിർവഹിക്കുന്ന ഒരു ദൗത്യമായി സമരത്തെ എടുത്തുകാണിക്കുകയും സ്റ്റേറ്റിനെ മറികടന്ന് തങ്ങൾ നീതി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഈ പ്രസ്താവനയിൽ സമരങ്ങളുടെ ദലിത് ഭാഷ്യം കണ്ടെത്താനുമായിരുന്നില്ല. വിശ്വാസത്തെ കൂട്ടുപിടിച്ചായിരുന്നു ഈ പ്രഖ്യാപനമെന്നത് മറ്റൊരു കാര്യം. ‘ആദ്യമവർ ഞങ്ങളുടെ ദേവിയെ തട്ടിയെടുത്തു, പിന്നെ ഭൂമിയും’ എന്നതായിരുന്നു സന്ദേശം. ഇതേ തങ്ങളെ, പറയനായ കോഴിവെട്ടിയിരുന്ന കുരുതിക്കളവും കല്ലും പുലയനായ ആനക്കാരൻ അയ്യപ്പൻകുട്ടി വെളിച്ചപ്പാട് അരമണിയും കൊടുവാളും നിക്ഷേപിച്ച തറയുമായി ബന്ധിപ്പിച്ച് ഇതേ പ്രസ്താവന തന്നെ ജാതീയമായി വിഭജിക്കുന്നതും കാണാം. 2017 ആഗസ്റ്റ് ഒമ്പതിന് നടന്ന കലക്ടറേറ്റ് മാർച്ച്, 2017 സെപ്റ്റംബർ അഞ്ചിന് ചൂണ്ടി വടയമ്പാടി കോളനിയിൽ നടന്ന മഹാത്മ അയ്യൻകാളി അനുസ്മരണ സമ്മേളനം, 2018 ഫെബ്രുവരി നാലിന് ചൂണ്ടി പുത്തൻകുരിശിൽ നടന്ന അസ്പൃശ്യരുടെ ആത്മാഭിമാന സംഗമം എന്നിവയുടെ പ്രസ്താവനകളും ഇതേ നിലപാടിൽനിന്നുള്ളവയായിരുന്നു.
‘വ്യാജപട്ടയം റദ്ദുചെയ്യുക, റവന്യൂഭൂമി പൊതു ഉടമസ്ഥതയിലാക്കുക’ എന്ന സമരത്തിന്റെ കേന്ദ്രമുദ്രാവാക്യത്തിലും ദലിത് സ്വത്വം ഒഴിവാക്കപ്പെടുകയാണ് ചെയ്തത്. തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാതെ ഏകപക്ഷീയമായി സമരം നിർത്തിവെക്കാൻ ആവശ്യപ്പെടുന്ന ജില്ലഭരണകൂടം സവർണ നാടുവാഴിത്ത പിന്തിരിപ്പൻ ശക്തികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് എന്ന നിലപാടിൽ ഉപയോഗിക്കുന്ന വാക്കുകൾ ദലിതരുടേതായിരുന്നില്ല, മാവോയിസ്റ്റുകളുടേതായിരുന്നു.
എന്നിട്ടും എന്തുകൊണ്ടാണ് ഞാൻ ഈ സമരത്തിൽ പങ്കെടുക്കുകയും അറസ്റ്റുവരിക്കുകയും ചെയ്തത് എന്നത് ഒരു ചോദ്യചിഹ്നമായിരുന്നു. സി.എസ്. മുരളിയുടെ സമരത്തിലെ സാന്നിധ്യവും േപ്രരണയും ഒരു കാരണമായി ചൂണ്ടിക്കാണിക്കാമെങ്കിലും അടിസ്ഥാന കാരണം കമ്യൂണിസ്റ്റുകളോടും വിശിഷ്യ ഇടതുപക്ഷത്തോടുമുള്ള എന്റെ സമീപനമായിരുന്നു. ഒരു കമ്യൂണിസ്റ്റ് വിമർശകനായിരുന്നുവെങ്കിലും ഞാനൊരിക്കലും ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നില്ല. ബ്രാഹ്മണിസത്തെ എന്നതുേപാലെ, കാപിറ്റലിസത്തെയും ശത്രുപക്ഷത്താണ് കമ്യൂണിസ്ണുസ്റ്റുകൾ കണ്ടത്.എന്നാൽ, പാർട്ടി വിട്ടശേഷം കമ്യൂണിസ്റ്റ് വിരുദ്ധനായി മാറിയ കെ. വേണുവോ പാർലമെന്ററി ജനാധിപത്യം അംഗീകരിക്കാൻ കൂട്ടാക്കാത്ത എം.എൻ. രാവുണ്ണിയെ പോലുള്ള മാവോയിസ്റ്റുകളുമായോ സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ് നേതാവായ കെ.എൻ. രാമചന്ദ്രൻ, സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ഉണ്ണിച്ചെക്കൻ, സി.പി.എമ്മിലേക്ക് ചുവടുമാറ്റിയ ഭാസുരേന്ദ്ര ബാബു, കെ.ടി. കുഞ്ഞിക്കണ്ണൻ എന്നിവരുമായോ ഉണ്ടായിരുന്ന രാഷ്ട്രീയേതര സൗഹൃദം ഞാനൊരിക്കലും മുറിച്ചു കളഞ്ഞില്ല. ജാത്യാധിപത്യത്തിനെതിരെ പൊരുതുമ്പോൾ വർഗാധിപത്യത്തിനെതിരെ പൊരുതുന്നവരുമായി ഞാൻ പുലർത്തിപ്പോന്ന സഹഭാവവും സംവാദാത്മകതയുമായിരുന്നു അതിന്റെ കാരണം. ഒന്ന് മറ്റൊന്നിനെ റദ്ദു ചെയ്യുന്നില്ലെന്ന് ഞാൻ വിശ്വസിച്ചു. സമന്വയമില്ല, സമാന്തര സഞ്ചാരങ്ങളാണ്. ജാതിരഹിത-വർഗരഹിത ഇന്ത്യയിലേക്കുള്ള വ്യത്യസ്തമായ പാതകൾ.
എന്നാൽ, ദലിതർക്കെന്നതുപോലെ കമ്യൂണിസ്റ്റുകൾക്കും ഈ നിലപാട് സ്വീകാര്യമായിരുന്നില്ല. ദലിത് സ്വത്വത്തെ ജാതിയായും ദലിത് രാഷ്ട്രീയത്തെ ജാതിരാഷ്ട്രീയമായും നോക്കിക്കാണുന്ന കമ്യൂണിസ്റ്റുകളെയും കമ്യൂണിസത്തെ പച്ചിലപ്പാമ്പായി കാണുന്ന കാൻഷിറാമിനെപ്പോലുള്ള ദലിത് നേതാക്കളെയുമാണ് കണ്ടത്. ഇത്തരമൊരു നിലപാടിൽനിന്ന് വടയമ്പാടിയിൽ മാത്രമല്ല, റെഡ് ഫ്ലാഗുകാരും റെഡ് സ്റ്റാറുകാരും ക്ഷണിച്ച പല പരിപാടികളിലും ഞാൻ പങ്കെടുത്തിരുന്നു. കാലാനുസൃതമായ മാറ്റങ്ങൾക്കുവേണ്ടിയുള്ള ശ്രമങ്ങളും മാറ്റമില്ലായ്മയും ഞാൻ ഇവർക്കിടയിൽ കണ്ടു.
നായരമ്പലം കൈയെഴുത്തുവഴിയിൽ 2016 സെപ്റ്റംബർ 14ന് സർഫാസി ബാങ്ക് ജപ്തി വഞ്ചനക്കെതിരായി സമരസമിതി ഇബ്രാഹിം പള്ളിത്തായെന്ന മാഫിയ തലവന്റെ വീട്ടുപടിക്കൽ നടത്തിയ ജനകീയ സമരത്തിന്റെ ഉദ്ഘാടകനായി ഞാൻ പങ്കെടുത്തത് ഇത്തരമൊരു നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ സമിതിയുടെ വൈസ് ചെയർമാന്മാരിൽ ഒരാൾ സി. എസ്. മുരളിയായിരുന്നു. അവിടെ ഉയർന്നുകേട്ട മുദ്രാവാക്യങ്ങൾ 70 കളിലെ നക്സൽ കാലത്തേക്ക് എന്നെ കൊണ്ടുപോയി. എന്തൊരു ജഡാവസ്ഥയാണിത്. ഗോത്രവർഗത്തിന്റെ അവസ്ഥ. മാവോയിസ്റ്റുകളാണിവർ: ഉദ്ഘാടനപ്രസംഗത്തിന്റെ ആമുഖമായി തന്നെ എനിക്കു പറയേണ്ടിവന്നത് ഞാനൊരു ഭരണഘടനാവാദിയാണെന്നാണ്. സി.പി.എമ്മിന്റെ പോഷകസംഘടനയായ പട്ടികജാതി ക്ഷേമസമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദലിത് എഴുത്തുകാരുെട സംസ്ഥാനയോഗത്തിൽ ഞാൻ പങ്കെടുത്തു. എഴുതാനായില്ലെങ്കിലും ഏഷ്യയിലും യൂറോപ്പിലും ലാറ്റിനമേരിക്കയിലും ലോകത്തെവിടെയും നടക്കുന്ന ഇടതുപക്ഷ മുന്നേറ്റങ്ങളെ സശ്രദ്ധം നിരീക്ഷിക്കുകയും ആവേശേത്താടെ നോക്കിക്കാണുകയും മാർക്സിസത്തിന്റെ വർത്തമാനകാല വ്യാഖ്യാനങ്ങളായി അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നതും ഇതേ നിലപാടിൽനിന്നാണ്.
ഒരു രാജ്യത്തെയും അതിന്റെ നിർമിതികളെയും വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നവർക്കു മാത്രമേ വിജയകരമായി അതിലിടപെടാൻ കഴിയൂ. സമരങ്ങൾ പരാജയപ്പെട്ടാൽപോലും ഈ വസ്തുനിഷ്ഠത അതുയർത്തുന്ന ആശയങ്ങളെ മുന്നോട്ടുകൊണ്ടുപോകും. വടയമ്പാടി സമരം ദലിതർക്കെന്നതുേപാലെ സ്റ്റേറ്റിനും ഉൾക്കൊള്ളാൻ കഴിയാതെപോയത് ഈ വസ്തുനിഷ്ഠതയുടെ അഭാവംമൂലമാണ്. അയിത്തമെന്നും ജാതിമതിലെന്നും കേട്ടപ്പോൾ ഗ്രൂപ്പുകളായും വ്യക്തികളായും പാഞ്ഞെത്തിയവർ തങ്ങളുടെ സാന്നിധ്യമറിയിച്ച് മടങ്ങിപ്പോകുകയായിരുന്നു. അവരെ പിടിച്ചുനിർത്തുന്ന വ്യക്തമായൊരാശയവും സമരത്തിനുണ്ടായിരുന്നില്ല.
ജാതിയും വർഗവും കൂട്ടിക്കെട്ടി വർഗത്തിലേക്ക് ജാതിയെ ഒളിച്ചുകടത്താൻ നോക്കുന്നവർക്ക് അത്തരമൊരാശയ നിർമിതി അസാധ്യമായിരുന്നു. ദലിതരോട് ബന്ധുത്വം പ്രഖ്യാപിച്ച് പരിഹരിക്കാവുന്നൊരു പ്രശ്നമായിരുന്നില്ലത്. സ്വകാര്യസ്വത്തും പൊതു സ്വത്തും തമ്മിലുള്ള സംഘർഷമാണ് വടയമ്പാടി സമരമെന്ന സമരസമിതിയുടെ നിലപാടുതന്നെ ജാതിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവർക്ക് ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല. എഴുപതു വർഷം തുടർച്ചയായും തടസ്സമില്ലാതെയും ഭജനമഠം നിലനിർത്തിപ്പോന്നത് പട്ടികജാതിക്കാരാണെന്നും അതുകൊണ്ട് ഭജനമഠവും അതിരിക്കുന്ന ഭൂമിയും പൊതുസ്വത്താണെന്ന വാദവും നിലനിൽക്കുന്നതായിരുന്നില്ല. നിലവിലുള്ള നിയമവ്യവസ്ഥയെ അംഗീകരിക്കുന്നതായിരുന്നില്ല ഈ വാദഗതി. മാത്രമല്ല, ഭരണമഠം നോക്കിനടത്തി എന്നതിനപ്പുറം അതിരിക്കുന്ന ഭൂമി പട്ടികജാതിക്കാരുടേതാണെന്ന് സ്ഥാപിക്കുവാൻ കഴിയുന്ന യാതൊരു തെളിവും സമരസമിതിക്ക് മുന്നോട്ടുവെക്കാനായില്ല. രക്ഷകരായി എത്തുന്നവർ തങ്ങളുടെ താൽപര്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ അത് തിരിച്ചടിക്കാനുള്ള ശേഷി പീഡിതരെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ദൗർഭാഗ്യവശാൽ ഞാനും ഈ കുടുക്കിൽ പെട്ടുപോയി. കൂട്ടവും കൂടിയാലോചനകളുമില്ലാത്തൊരു കാലത്ത് ഒറ്റപ്പെട്ടുപോയ ഒരു വ്യക്തിക്ക് സംഭവിച്ച തെറ്റായിരുന്നു ഇത്.
വാളയാർ
മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നൊരു സംഭവമായിരുന്നു 13ഉം എട്ടും വയസ്സുള്ള രണ്ടു ദലിത് പെൺകുട്ടികൾ വാളയാർ എന്ന കേരളീയ ഗ്രാമത്തിൽ ലൈംഗികാക്രമണങ്ങൾക്ക് വിധേയപ്പെടുകയും കൊലചെയ്യപ്പെടുകയും സ്വന്തം വീടിനുള്ളിൽ തൂങ്ങിനിൽക്കുകയും ചെയ്തിരുന്ന കാഴ്ച. തങ്കമണിയും സൂര്യനെല്ലിയും മുതൽ പ്രമാദമായ പല ലൈംഗികാക്രമണങ്ങളും മരണങ്ങളും കൺമുന്നിലുണ്ടെങ്കിലും 2017ൽ വാളയാറിൽ കണ്ടതുേപാലെ രണ്ടുമാസത്തെ ഇടവേളക്കുള്ളിൽ ഒരു കുടുംബത്തിലെ പറക്കമുറ്റാത്ത, ജീവിതമെന്തെന്നറിയാത്ത രണ്ട് പെൺകുട്ടികൾ ഇത്തരമൊരു ദുരന്തത്തിന് വിധേയമാക്കപ്പെട്ടുവെന്നത് അത്യപൂർവമായൊരനുഭവമായിരുന്നു. അതിന്റെ ചുറ്റുപാടുകളെന്തായിരുന്നുവെന്നതും അതിനുത്തരവാദികൾ ആരായിരുന്നുവെന്നതും എന്നും മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന േചാദ്യങ്ങളായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട ഓരോ വാർത്തകൾ കാണുമ്പോഴും മകൾ ബുദ്ധയുമായി ഞാൻ ഈ കാര്യം ചർച്ചചെയ്തു. മകളുടെ സാന്നിധ്യത്തിൽ ഭർത്താവ് ഗാവിൻ ആതിഷ് നാലു വയസ്സുകാരി പേരക്കുട്ടി ഭൂമികയെ വിളിച്ച് മുന്നിലിരുത്തി നെഞ്ചിൽ ചൂണ്ടി പറഞ്ഞു: ‘‘ഈ ശരീരം പൊന്നിേന്റതാണ്. അനുവാദമില്ലാതെ ഈ ശരീരം സ്പർശിക്കാൻ മുത്തച്ഛന് മാത്രമല്ല, അമ്മയ്ക്കും അച്ഛനും പോലും അധികാരമില്ല.’’ ഭൂമികയുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ ഞാനിത് ആവർത്തിച്ചുകൊണ്ടിരുന്നു. ഇപ്പോൾ നാല് വയസ്സായ ഭൂമികയുടെ സഹോദരി ഈതൽ ഗയാലിനോടും ഞാൻ ഇതുതന്നെ പറയുന്നു.
വാളയാർ വിഷയത്തിൽ ഞാൻ നേരിട്ട് ഇടപെടുകയുണ്ടായില്ല. അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ ഒരെഴുത്തും എനിക്ക് സാധ്യമായില്ല. എന്നാൽ, ഒരു നിലപാടിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നു. ഇത് തുറന്നുപറയാൻ അവസരം കിട്ടിയപ്പോൾ ‘ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം’ എന്ന ജനകീയ കൂട്ടായ്മയുടെ രൂപവത്കരണത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളത്ത് നടന്ന ആലോചനകളിലും, ഈ ഫോറത്തിന്റെ നേതൃത്വത്തിൽ വാളയാർ പെൺകുട്ടികളുടെ നീതിക്കും 2020 ജനുവരി 4 മുതൽ 22 വരെ ഹൈകോടതിയിൽനിന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് എന്ന പേരിൽ നടന്ന പദയാത്രക്കും കച്ചേരിപ്പടി ഗാന്ധിഭവനു മുന്നിലെ ഉദ്ഘാടന സമ്മേളനത്തിലും ഹൈകോടതി ജങ്ഷനിൽനിന്ന് ജനുവരി അഞ്ചിന് രാവിലെ ഈ യാത്ര ആരംഭിക്കുേമ്പാഴും ഞാനുമുണ്ടായിരുന്നു.
ഹൈകോടതി ജങ്ഷനിലെ മുഖ്യപ്രസംഗകൻ എം.എൻ. കാരശ്ശേരിയായിരുന്നു. ‘നീതി കിട്ടാതെ മടക്കമില്ല’ എന്നതായിരുന്നു ഈ പദയാത്രയുടെ സന്ദേശം. ഈ യാത്രയുടെ സംഘാടനത്തിനായി രൂപവത്കരിക്കപ്പെട്ട 22 അംഗ സംഘാടക സമിതിയിൽ സി.ആർ. നീലകണ്ഠൻ, ഫാ. സെബാസ്റ്റ്യൻ വട്ടോളി, കുസുമം ജോസഫ്, വി.എം. മാർസൻ, സണ്ണി എം. കപിക്കാട്, കെ. സുനിൽകുമാർ, അഡ്വ. ഭദ്രകുമാരി, പി.എം. േപ്രം ബാബു, കെ.ഡി. മാർട്ടിൻ എന്നിവരുടെ ഒരു നിരതന്നെയുണ്ടായിരുന്നു. എന്നാൽ, രണ്ട് ആലോചനകളിലും ഉദ്ഘാടനത്തിലും തുടക്കത്തിലും എന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നതൊഴിച്ചാൽ അതിന്റെ സംഘാടകത്വത്തിലോ പ്രവൃത്തികളിലോ എനിക്ക് യാതൊരു പങ്കാളിത്വവുമുണ്ടായിരുന്നില്ല. മറക്കാനാവാത്തൊരനുഭവം ഞാനെന്റെ പേരക്കുട്ടിയെയും തോളിലേറ്റിയാണ് ഈ നീക്കത്തോട് സഹകരിച്ചത് എന്നതാണ്.
പതിമൂന്ന് വയസ്സുകാരിയായൊരു വിദ്യാർഥിനിക്ക് തന്റെ മാതാപിതാക്കളോടൊ രക്തബന്ധുക്കളിൽ ആരോടെങ്കിലുമോ രണ്ടാം വീടായ വിദ്യാലയത്തിലെ അധ്യാപകരിലോ കൂട്ടുകാരികളിലോ ഒരാേളാടെങ്കിലുമോ താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങൾ എന്തുകൊണ്ട് തുറന്നുപറയാൻ കഴിയാതെപോയി എന്നായിരുന്നു ഈ സംഭവം അറിഞ്ഞപ്പോൾ മുതൽ എന്നെ അലട്ടിക്കൊണ്ടിരുന്ന ചോദ്യം. ഈ ചോദ്യം ഞാൻ പങ്കെടുത്ത ആദ്യ യോഗത്തിൽ തന്നെ വ്യക്തമായി ഉന്നയിച്ചിരുന്നു. ഒപ്പം വാളയാർ വ്യത്യസ്തമായൊരു സാമൂഹികപ്രശ്നമാണെന്നും ഒരു സർക്കാർ മാറി മറ്റൊരു സർക്കാർ അധികാരത്തിലേറിയാൽ പരിഹരിക്കപ്പെടുന്നൊരു പ്രശ്നമല്ലെന്നും ഭരണവിരുദ്ധ വികാരമിളക്കിവിട്ട് അതിന് പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് കരുതുന്നത്. അർഥശൂന്യമാണെന്നും ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. ദുഃഖകരമായൊരു കാര്യം യോഗത്തിൽ പങ്കെടുത്ത ആരും അതിനോട് പ്രതികരിച്ചില്ല എന്നതാണ്. അവരിൽ അക്കാദമിഷ ൻമാർ ഉണ്ടായിരുന്നു. നിയമജ്ഞർ ഉണ്ടായിരുന്നു. അറിയപ്പെടുന്ന പൗരാവകാശ പ്രവർത്തകരും ജനാധിപത്യവാദികളുമുണ്ടായിരുന്നു. പുരുഷന്മാർ മാത്രമല്ല, സ്ത്രീകളുമുണ്ടായിരുന്നു. ഇവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞുകൊണ്ടിരുന്നത് കേസന്വേഷണത്തിലെ വീഴ്ചകളെ കുറിച്ചാണ്. കുറ്റവാളികളെ കോടതി വെറുതെ വിട്ടതിനെക്കുറിച്ചാണ്. പബ്ലിക് േപ്രാസിക്യൂട്ടറുടെ പക്ഷപാതിത്വവും കാര്യപ്രാപ്തിയില്ലായ്മയെയും കുറിച്ചാണ്. ഇടതുപക്ഷ സർക്കാർ, പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റവാളികളോടൊപ്പം നിൽക്കുന്നതിനെക്കുറിച്ചാണ്.
സ്വന്തം പെൺകുട്ടികളെ സ്വതന്ത്രമായി വളരാൻ അനുവദിക്കുന്നവർക്ക് മാത്രമേ മറ്റുള്ളവരുടെ കുട്ടികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാൻ കഴിയുമായിരുന്നുള്ളൂ. കോളജ് അധ്യാപികയും മുൻ പ്രഫസറും സാമൂഹിക പ്രവർത്തകയുമായ കുസുമം ജോസഫിനെ പോലുള്ളവരെങ്കിലും എന്റെ നിലപാടിനോട് ആഭിമുഖ്യം കാട്ടുമെന്ന് കരുതി. ഞാനുമായി നടത്തി സ്വകാര്യ സംഭാഷണത്തിൽ അതിന്റെ സൂചനയുണ്ടെന്ന് തോന്നിയിരുന്നു.അതൊരു തെറ്റിദ്ധാരണ മാത്രമായിരുന്നു.
വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ വ്യക്തിസ്വത്വത്തെയും അന്തസ്സിനെയും സ്വാതന്ത്ര്യത്തെയും എങ്ങനെയാണ് ജസ്റ്റിസ് ഫോർ കിഡ്സ് ഫോറം നോക്കിക്കണ്ടത് എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു നീതിയാത്രയിൽ അവർ ഉയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങളുടെ ക്രമീകരണം. മൂന്ന് മുദ്രാവാക്യങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മൂന്നാമത്തെ മുദ്രാവാക്യമായിരുന്നു ‘വാളയാർ പെൺകുട്ടികളുടെ നീതി ഉറപ്പാക്കുക’ എന്നത്. എന്തൊരവഗണനയായിരുന്നു! ഒന്നാമത്തെ മുദ്രാവാക്യം ‘ഡിവൈ.എസ്.പി സോജനും കൂട്ടുകാർക്കുമെതിരെ ക്രിമിനൽ കേസ് എടുക്കുക’ എന്നതായിരുന്നു. പെൺകുട്ടികളുടെ നീതിക്കല്ല, ഭരണവിരുദ്ധ വികാരം ഇളക്കിവിടുന്നതിന് പ്രാമുഖ്യം നൽകുന്നതായിരുന്നു ഈ മുദ്രാവാക്യം. ‘യഥാർഥ കുറ്റവാളികളെ ശിക്ഷിക്കുക’ എന്നതായിരുന്നു രണ്ടാമത്തെ മുദ്രാവാക്യം. ഈ മുദ്രാവാക്യത്തിലൂടെ ഭരണഘടന സ്ഥാപനമായ കുറ്റാന്വേഷണ സംവിധാനത്തെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി.
ഒപ്പം കുറ്റവാളികളെ നിശ്ചയിക്കുന്നതിലെ തങ്ങളുടെ പങ്കാളിത്തം പറയാതെ പറയുകയും ചെയ്തു. ഈ മുദ്രാവാക്യങ്ങൾ ഉള്ളടക്കമായിട്ടുള്ള ഒരു ലഘുലേഖ യാത്രയുടെ ഭാഗമായി ഫോറം പ്രസിദ്ധീകരിച്ചിരുന്നു. ഈ ലഘുലേഖയുടെ കരട് രൂപവുമായി സി.ആർ. നീലകണ്ഠനും ഫാ. സെബാസ്റ്റ്യൻ വട്ടോളിയും എന്നെ കാണാൻ വാഴക്കാലയിൽ വന്നു. എന്റെ വ്യത്യസ്ത നിലപാട് ആവർത്തിച്ചറിയുന്നതിനും അതുകൂടി ലഘുലേഖയുടെ ഭാഗമാക്കുന്നതിനും വേണ്ടിയാണ് ഈ വരവെന്ന് ഞാൻ കരുതി. പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള എന്റെ നിലപാട് വീണ്ടും വിശദീകരിക്കുകയും ചെയ്തു. ആ നിലയിലുള്ളൊരു മാറ്റം യാത്രയിൽ വിതരണം ചെയ്ത ലഘുലേഖയിൽ ഉണ്ടോയെന്നറിയാൻ എന്റെ കൈയിൽ അത് എത്തുകയുണ്ടായില്ല. എന്നാൽ, ഇവർ എനിക്കു കൈമാറിയ ലഘുലേഖയുടെ ഡ്രാഫ്റ്റിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾ എന്ന പദപ്രയോഗം ചിലയിടത്ത് കാണാമെന്നല്ലാതെ വാളയാർ പെൺകുട്ടികളെക്കുറിച്ചോ അവരുടെ നീതിയെക്കുറിച്ചോ ഒരിടത്തും പരാമർശിച്ചു കാണുന്നില്ല.
കുടുംബവ്യവസ്ഥക്കുള്ളിലെ കുട്ടികളുടെ സ്ഥിതിയൊഴികെ മറ്റ് നിരവധി പ്രശ്നങ്ങൾ ഈ ലഘുലേഖയിൽ ചർച്ച ചെയ്യുന്നുണ്ട്. ഉന്നയിക്കപ്പെടുന്ന വിഷയത്തിനപ്പുറം വാളയാർ സമരത്തിന് മറ്റൊരു മാനമുണ്ടെന്നും ദലിതർക്കും ആദിവാസികൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പിന്നിൽ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ ഘടകങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി, നീതിയാത്ര എന്തിനുവേണ്ടി? എന്ന ചോദ്യമുയർത്തി കിഡ്സ് ഫോറം അതിന്റെ ലഘുലേഖയുടെ ഡ്രാഫ്റ്റിൽ അർഥശങ്കക്കിടയില്ലാത്തവണ്ണം വ്യക്തമാക്കുന്നത് ‘ദലിതരും ആദിവാസികളും സ്ത്രീകളുമടക്കമുള്ള വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കും വിധത്തിലൊരു സാമൂഹികപ്രതിരോധ കൂട്ടായ്മ രൂപപ്പെടുത്തുകയാണ്’ ലക്ഷ്യമെന്നാണ്.
അതിനായി ദലിതർ ഒരു സമുദായമായി മാറുവാനുള്ള ശ്രമങ്ങൾ നടന്നുവെങ്കിലും വേണ്ടത്ര മുന്നോട്ടുപോയില്ലെന്നും ആദിവാസി ഭൂസമരത്തിന് ഒരു പരിധിവരെ പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടായിരുന്നുവെന്നും വിലയിരുത്തുന്നു. എന്നാൽ ദലിതർ തങ്ങളുടെ സാമൂഹികാവസ്ഥയെ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ട് തങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഗോത്ര-ജാതി-ഉപജാതി-മത-രാഷ്ട്രീയ ഭിന്നതകൾ മറികടന്ന് ഒരു സമുദായമാണെന്ന് നിർവചിക്കുകയും സ്വത്വവും സ്വാഭിമാനവും ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുവാൻ തീരുമാനിക്കുകയും ചെയ്തത് ഏതെങ്കിലും ജനകീയ പ്രസ്ഥാനങ്ങളുടെയോ പൊതു സമൂഹത്തിന്റെയോ പിന്തുണയോടെയായിരുന്നില്ലെന്ന യാഥാർഥ്യം മറച്ചുവെക്കുന്നു. വ്യത്യസ്തമായൊരു അനുഭവമായിരുന്നു ആദിവാസികളുടേത്. സ്വന്തം സ്വത്വത്തിലൂന്നി ഒരു ജനസമൂഹം നഷ്ടപ്പെട്ട തങ്ങളുടെ ഭൂമി തിരികെ ലഭിക്കുന്നതിനുവേണ്ടി നടത്തിയ പോരാട്ടത്തെ, അവരുടെ രക്ഷകരായി എത്തിയ പൊതുസമൂഹം ആദിവാസി സമരനേതൃത്വമായ സി.കെ. ജാനുവിനെ ആരാണോ തങ്ങളുടെ ഭൂമി കവർന്നെടുത്തത് അവരുടെ പാളയത്തിൽ എത്തിക്കുന്നതാണ് കണ്ടത്. ഈ പൊതുസമൂഹത്തിൽ സി.ആർ. നീലകണ്ഠനെേപ്പാലുള്ളവരും ഉണ്ടായിരുന്നു.
ഈ ലഘുലേഖയുടെ എടുത്തുപറയാവുന്നൊരു പ്രത്യേകത രാഷ്ട്രീയ ജനാധിപത്യത്തെയും ജനാധിപത്യസ്ഥാപനങ്ങളെയും മാനിക്കുവാൻ കാട്ടുന്ന വിമുഖതയാണ്. രാഷ്ട്രീയപ്രസ്ഥാനങ്ങളെയും വനിതാ കമീഷനെയുമെല്ലാം സ്ത്രീവിരുദ്ധമായിട്ടാണ് കാണുന്നത്. വാളയാർ കേസിൽ സർക്കാർ പ്രഖ്യാപിച്ച ജുഡീഷൽ അന്വേഷണം കുറ്റവാളികളെ രക്ഷിക്കാനാണെന്ന് പറയുന്നു. ഈ സമീപനം സമഗ്രമായൊരന്വേഷണം വേണമെന്ന് പറയുമ്പോഴും ആരായിരിക്കണം അന്വേഷണ ഏജൻസി എന്ന് വ്യക്തമായി പറയാൻ കഴിയാത്ത ഒരു സ്ഥിതിയിൽ കിഡ്സ് ഫോറത്തെ എത്തിച്ചു. കുട്ടികളുടെ രക്ഷിതാക്കൾ ഉന്നയിച്ച സി.ബി.ഐ. അന്വേഷണവും ഫോറത്തിന് ഉൾക്കൊള്ളാനായില്ല. ഹൈകോടതിയുടെ മേൽനോട്ടത്തിൽ ഒരു പുനരന്വേഷണം എന്ന ആവശ്യമായിരിക്കും ഫലപ്രദമാകുക എന്ന് ലഘുലേഖയുടെ അവസാനഭാഗത്ത് ഒഴുക്കൻ മട്ടിൽ പറയുേമ്പാൾ ക്രിമിനൽ കേസെടുക്കുക, ശിക്ഷിക്കുക, നീതി ഉറപ്പാക്കുക എന്നെല്ലാം പറയുമ്പോഴും ഏത് ഏജൻസിയാണ് കേസ് അന്വേഷിക്കേണ്ടത് എന്ന് ഉറപ്പിച്ചുപറയാൻ കഴിയുന്നില്ല.
ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസമില്ലായ്മയാണ് അതിന് കാരണം. കുറ്റവാളികളുടെ സാമൂഹികസ്ഥാനവും സാമ്പത്തിക രാഷ്ട്രീയ സ്ഥിതിയും കുറ്റാന്വേഷകരുടെ സാമൂഹികസ്ഥാനവും കാഴ്ചപ്പാടുകളുമടക്കം നിരവധി ഘടകങ്ങൾക്കുള്ളിലാണ് ഒരു കേസ് അന്വേഷിക്കുന്നത്. നിർണായകമായൊരു കാര്യം ഈ സന്ദർഭത്തിൽ സ്റ്റേഡിയത്തിന് ഭരണഘടനാ ധാർമികത ഉയർത്തിപ്പിടിക്കാൻ കഴിയുന്നുണ്ടോയെന്നതാണ്. എന്നാൽ ഓർക്കേണ്ടൊരു കാര്യം ഭരണഘടന നിലനിൽക്കുന്നതും ഇന്ത്യൻ സ്റ്റേറ്റ് പ്രവർത്തിക്കുന്നതും വർണജാതി വ്യവസ്ഥ ഉള്ളിലൊതുക്കിയാണ് എന്നാണ്. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാനത്തിലാണ് മുമ്പ് കാര്യങ്ങൾ തീരുമാനിച്ചിരുന്നതെന്ന് ലഘുലേഖ വളരെ ലാഘവത്തോടെ പറയുമ്പോൾ പറയാൻ മടിെച്ചാരു കാര്യം ഈ വ്യവസ്ഥയുടെ സാന്നിധ്യമാണ്.
ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും നിലവിൽ വന്നിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞുവെങ്കിലും ഈ വ്യവസ്ഥയിൽ ഇപ്പോഴും ആഴത്തിലുള്ളൊരു അഴിച്ചുപണി നടത്തിയിട്ടില്ല. ഭരണഘടന നിലനിൽക്കുന്ന ഒരു രാജ്യത്താണ് നാം ജീവിക്കുന്നത് എന്ന് പറയാൻ മാത്രമേ കഴിയൂ. ഇന്നും രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഉയർത്തിപ്പിടിക്കുന്നത് ഈ വ്യവസ്ഥയുടെ നീതിസംഹിതയായ മനുസ്മൃതിയാണ്. ഇന്ന് രാജ്യം ഭരിക്കുന്ന ആർ.എസ്.എസ്-ബി.ജെ.പി സർക്കാറും ഭരണഘടന അവർക്കൊരു അലങ്കാരം മാത്രമാണ്. ജനാധിപത്യ സ്ഥാപനങ്ങളെയും അവയുടെ കാര്യനിർവഹണത്തെയും ഭരണഘടനാ ധാർമികതയുടെ അടിസ്ഥാനത്തിൽ തിരുത്താൻ ശ്രമിക്കുന്നതിനപ്പുറം കിഡ്സ് ഫോറത്തിന്റെ ലഘുലേഖയിൽ കാണുന്നതുപോലെ അതിരുവിട്ട് ആക്രമിച്ചാൽ അറിഞ്ഞോ അറിയാതെയോ അവർ എത്തിച്ചേരുന്നത് മനുനീതിയിലാണ്.
വാളയാർ കേസിൽ 2017ൽ അറസ്റ്റിലായവർ ഒരു പോറൽപോലും ഏൽക്കാതെ 2019ൽ കുറ്റമുക്തമാക്കപ്പെട്ടത് കേരളത്തിലെ ദലിത് പ്രസ്ഥാനങ്ങൾക്കോ ജനാധിപത്യ വിശ്വാസികൾക്കോ മാത്രമല്ല പൊതുസമൂഹത്തിനുതന്നെ സ്വീകാര്യമായൊരു കാര്യമായിരുന്നില്ല. കുറ്റാന്വേഷണ സംവിധാനത്തിനുതന്നെ നാണക്കേടുണ്ടാക്കിയ ഒരു നൈതികാനുഭവമായിരുന്നു അത്. പ്രതികൾക്കെതിരെ വ്യക്തവും സംശയരഹിതവുമായ തെളിവുകൾ കോടതിയിൽ ഹാജരാക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർ ദയനീയമായി പരാജയപ്പെട്ടു. ഈ ചുറ്റുപാടിലാണ് 2020ൽ ദലിതരെയും ആദിവാസികളെയും സ്ത്രീകളെയും ചേർത്തുനിർത്തി മഹത്തായൊരു ജനകീയ പ്രസ്ഥാനമുണ്ടാക്കണമെന്ന വ്യാമോഹത്തിൽ ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം രൂപവത്കരിക്കപ്പെട്ടതും ‘നീതിയില്ലാതെ മടക്കമില്ല’ എന്ന പ്രതിജ്ഞയുമായി സെക്രേട്ടറിയറ്റിലേക്ക് യാത്ര നടത്തിയതും.
എന്നാൽ, യാത്രയിൽ പങ്കാളിയായ അനിൽ ഓച്ചിറയെപ്പോലുള്ള ചിലരിൽനിന്ന് ഞാൻ അറിഞ്ഞത് പൊലിഞ്ഞുപോയൊരു സ്വപ്നമായിരുന്നു അതെന്നാണ്: യാത്രക്ക് നേതൃത്വം നൽകിയ ആരെയും അതിനുശേഷം കണ്ടിട്ടില്ല. പിന്നീട് കാണുന്നത് ഈ നിരാശയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് കിഡ്സ് ഫോറം നേതാക്കൾ വാളയാർ കുട്ടികളുടെ മാതാവായ ഭാഗ്യവതിയെ മുന്നിൽ നിർത്തി ഭരണവിരുദ്ധവികാരം ഇളക്കിവിടുന്നതാണ്. പ്രതിപക്ഷങ്ങളുടെയും വലതുപക്ഷമാധ്യമങ്ങളുടെയും പിന്തുണയോടെ വാളയാർ ഒരു രാഷ്ട്രീയ പ്രശ്നമായി മാറി. സോഷ്യൽ മീഡിയ അതിന്റെ ഭാഗമായി.
അതിനിടയിലുണ്ടായ ശ്രദ്ധേയമായൊരു സാമൂഹികാനുഭവം വാളയാർ കുട്ടികളുടെ അമ്മ മാതാ അമൃതാനന്ദമയിയെപ്പോലെ വാളയാർ അമ്മയായി മാറ്റപ്പെട്ടുവെന്നതാണ്. സി.ആർ. നീലകണ്ഠനെയും വി.എൻ. മാർക്സനെയും പോലുള്ള കിഡ്സ് നേതാക്കൾ മാത്രമല്ല എം. ഗീതാനന്ദനെപ്പോലുള്ള ആദിവാസി-ദലിത് നേതാക്കളും സമരമുഖങ്ങളിൽ അവരെ അമ്മയെന്ന് വാഴ്ത്തി. അക്കാലത്തെ ഏറ്റവും ലജ്ജാകരമായൊരു രാഷ്ട്രീയാനുഭവം ഇപ്പോഴത്തെ പാലക്കാട് എം.എൽ.എയും അന്നത്തെ യൂത്ത് കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടം തലമുണ്ഡനം ചെയ്ത ഭാഗ്യവതിയുടെ മുന്നിൽ തൊഴുകൈകളോടെ നിൽക്കുന്ന ദയനീയമായ കാഴ്ചയാണ്. കോൺഗ്രസ് രാഷ്ട്രീയത്തിന് എത്രമാത്രം ജീർണിക്കാൻ കഴിയുമെന്നതിന്റെ പ്രതിഫലനമായിരുന്നു. പിന്നീട് ഭാഗ്യവതിയെ കാണുന്നത് 2021 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്ഥാനാർഥിയായി മത്സരിക്കുന്നതാണ്. ഇതാണ് ദലിതരും ആദിവാസികളും എത്തിച്ചേരുന്ന ഇടങ്ങൾ. സി.കെ. ജാനു സംഘ്പരിവാറിൽ എത്തിച്ചേർന്നതുപോലെ.
ശൈശവകാലത്തെന്നതുപോലെ ബാല്യകാലത്തും മാതാപിതാക്കളുടെ, പ്രത്യേകിച്ച് അമ്മയുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കേണ്ടത് കുട്ടികളുടെ വളർച്ചയും സുരക്ഷയും സംരക്ഷണവുമാണ്. പ്രത്യേകിച്ചും അപകടകരമായ ചുറ്റുപാടുകളിൽ. മരണംപോലും കുട്ടികളെ ചേർത്തുപിടിച്ചുെകാണ്ടാണെങ്കിൽ അതിനേക്കാൾ ഊഷ്മളമായ ജീവിതമെന്താണ്. വിഷജീവികളും മറ്റ് വന്യജീവികളും പാർക്കുന്ന കാടുകളിൽപോലും മനുഷ്യന് തന്റെ ശൈശവ-ബാല്യകാലങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്നത് മാതാപിതാക്കളും രക്തബന്ധുക്കളുമൊരുക്കുന്ന സുരക്ഷാവലയത്തിനുള്ളിലാണ്. ഈ യാഥാർഥ്യങ്ങൾ നേരിൽ കാണുകയും അനുഭവിക്കുകയും ചെയ്തൊരു വ്യക്തിയെന്ന നിലയിൽ ‘മൂത്തകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന വസ്തുത മാതാപിതാക്കളെ പൊലീസ് അറിയിച്ചില്ലെന്നും മറിച്ചായിരുന്നുവെങ്കിൽ ഇളയകുട്ടിയുടെ ജീവിതമെങ്കിലും രക്ഷിക്കാമായിരുന്നു’വെന്നുമുള്ള കിഡ്സ് ഫോറത്തിന്റെ നിലപാടിൽ ലജ്ജ തോന്നി.
കുട്ടികളോടു സ്നേഹവും അവരുടെ സുരക്ഷയിൽ ഉത്കണ്ഠയുമുള്ള മാതാപിതാക്കളായിരുന്നുവെങ്കിൽ മൂത്തകുട്ടി പിതൃമേധാവിത്വത്തിന്റെ ചങ്ങലയിൽ തളയ്ക്കപ്പെട്ടു നഷ്ടപ്പെട്ടപ്പോഴെങ്കിലും ഇളയ മകളെ ഒറ്റക്കാക്കി കശാപ്പു ചെയ്യാൻ കൊലയാളിക്ക് അവസരമൊരുക്കുമായിരുന്നില്ല. അതിന് കിഡ്സ് നൽകുന്ന ദലിതർ, ദരിദ്രർ, കൂലിവേലക്കാർ എന്നീ സാമൂഹിക ചുറ്റുപാടുകളുടെ ന്യായീകരണങ്ങളൊന്നും മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഈ പ്രവൃത്തിയെ ന്യായീകരിക്കാൻ പര്യാപ്തമല്ല. അത് ദലിതർക്കും ആദിവാസികൾക്കും പൊതുസമൂഹം നൽകുന്ന പ്രത്യേക പരിഗണനയാണെങ്കിൽ വെറുക്കപ്പെടുകയും വലിച്ചെറിയപ്പെടുകയും ചെയ്യേണ്ടതാണ്. അതിനിടയിൽ പ്രതികൾക്ക് പിന്നിൽ ഏതോ വമ്പൻ സ്രാവുകളുണ്ടെന്ന കണ്ടെത്തൽ ദലിതർക്കും ആദിവാസികൾക്കും ആരെയും കൊല്ലാനാവില്ലെന്ന മിഥ്യാധാരണയും പ്രതിഫലനവുമാണ്. യഥാർഥത്തിൽ വാളയാർ കുട്ടികളുടെ കുടുംബം ഒരു തടവറയായിരുന്നു. വാതുറക്കാനും ഉച്ചത്തിൽ കരയാനും സ്വാതന്ത്ര്യമില്ലാത്ത രണ്ട് പെൺകുട്ടികളുടെ തടവറ. ഈ തടറവയുടെമേൽ നോട്ടക്കാരിയും നടത്തിപ്പുകാരിയും കാവൽക്കാരിയുമായിരുന്നു ഭാഗ്യവതി. സ്ത്രീയിലൂടെ പുരുഷൻ നടപ്പിലാക്കുന്ന സർവാധിപത്യത്തിന്റെ തീവ്രരൂപമായിരുന്ന വാളയാർ കുട്ടികളുടെ ദാരുണമായ അന്ത്യം.
സി.ബി.ഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നപ്പോഴാണ് ഭാഗ്യവതിയെ ദലിതർക്കിടയിലും കേരളീയ സമൂഹത്തിലും ബിംബവത്കരിക്കാൻ ശ്രമിച്ചവരുടെ നിലതെറ്റിയത്. ഈ കുറ്റപത്രത്തിൽ പ്രതികളുടെ ലിസ്റ്റിൽ കുട്ടികളുടെ മാതാപിതാക്കളുമുണ്ടായിരുന്നു. കുട്ടികൾ പീഡിപ്പിക്കപ്പെട്ട വിവരം അറിയാമായിരുന്നിട്ടും പൊലീസിനെ അവർ അറിയിച്ചില്ലെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. പോക്സോ കുറ്റം ചുമത്തിയാണ് സി.ബി.ഐ മാതാപിതാക്കൾക്കെതിരെ കേസെടുത്തത്. സന്തോഷകരമായൊരു കാര്യം ഇവർ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും വാളയാർ കുട്ടികളുടെ കൊലപാതക വാർത്ത അറിഞ്ഞപ്പോൾ മുതൽ മനസ്സിലുണ്ടായിരുന്ന ഒരു സന്ദേഹം സി.ബി.ഐ അന്വേഷണത്തിലൂടെ ഇല്ലാതാക്കപ്പെട്ടുവെന്നതാണ്.
അതുേപാലെതന്നെ പെൺകുട്ടികളുടെ മാതാപിതാക്കളെ സി.ബി.ഐ കോടതിയിൽ ഹാജരാക്കുമ്പോൾ അവരുടെ മുന്നിൽ തൊഴുകൈകളോടെ നിൽക്കുന്ന കോൺഗ്രസ് നേതാക്കളെയോ വി.എസ്. മാർസൻ ഒഴികെയുള്ള കിഡ്സ് ഫോറം നേതാക്കളെയോ ദലിത് നേതാക്കളെയോ കണ്ടില്ലായെന്നതും. എന്നിട്ടും അവർക്കിടയിൽ നിന്ന് കിഡ്സ് ഫോറം നേതാവായിരുന്ന കുസുമം ജോസഫ് സമൂഹ മാധ്യമത്തിൽ എഴുതിക്കണ്ടത് ‘രണ്ട് കൊലപാതകത്തിന് േപ്രരിപ്പിച്ചവർ ഇത്ര സാഹസികമായി സമരം ചെയ്യില്ല’ എന്നാണ്. ധർമടത്ത് കണ്ടതുപോലെ അവർ സമരം ചെയ്യിപ്പിക്കുകയായിരുന്നു. കുടുംബഘടനയിലെ സ്ത്രീവിരുദ്ധതയുടെ ആഴത്തെക്കുറിച്ചും ചിറകരിയാതെ വളർത്തപ്പെടേണ്ട പെൺജന്മങ്ങളെക്കുറിച്ചും അവരുടെ സ്വാതന്ത്ര്യത്തിന്റെ അനിവാര്യതയെക്കുറിച്ചും ചിന്തിക്കാത്തവർക്കു മാത്രമേ ഇത്തരമൊരഭിപ്രായം പറയാൻ കഴിയുമായിരുന്നുള്ളൂ. അതിനിടയിൽ എന്റെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തിൽ സംഭവിച്ച ഗുരുതരമായൊരു തെറ്റായിരുന്നു ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം സംഘടിപ്പിച്ച ആലോചനായോഗങ്ങളിലും വാളയാർ നീതിയാത്രയുടെ ഉദ്ഘാടന സമ്മേളനത്തിലും പങ്കാളിയായത് എന്ന് ഞാൻ തിരിച്ചറിയുന്നു.
(തുടരും)


