ഇരുൾ മൂടിയ കാലം

അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങൾ എഴുതുകയാണ് ഇൗ ലക്കം. രാജ്യത്തെ പൊതു അവസ്ഥയും കേരളത്തിലെ സവിശേഷ സാഹചര്യവും പരിശോധിക്കുന്നു.ചൈനീസ് വിപ്ലവത്തെ അടുത്തറിഞ്ഞ അമേരിക്കൻ പത്രപ്രവർത്തകനായ എസ്ഗർസ്റ്റോ രചിച്ച ‘റെഡ് സ്റ്റാർ ഓവർ ചൈന’ എന്ന വിസ്തൃത കൃതിയുടെ മലയാള പരിഭാഷ പാലായിൽ അന്ന് ജനത ബുക് സ്റ്റാൾ പ്രസിദ്ധീകരിക്കുന്നുവെന്ന പരസ്യം കണ്ട് അതിന്റെ കോപ്പി അയച്ചുതരണമെന്ന് ആവശ്യപ്പെട്ടു പണമടച്ചു. ഇപ്പോൾ സി.പി.ഐ (എം.എൽ) അഖിലേന്ത്യാ സെക്രട്ടറി ആയിരിക്കുന്ന സഖാവ് കെ.എൻ. രാമചന്ദ്രന്റെ മുൻകൈയിലുള്ള ഒരു സംരംഭമായിരുന്നു ജനത ബുക്സ്റ്റാൾ. സർക്കാർ എൻജിനീയറായി ഔദ്യോഗിക ജീവിതം നയിക്കുന്നതിനിടെ ഈ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങൾ എഴുതുകയാണ് ഇൗ ലക്കം. രാജ്യത്തെ പൊതു അവസ്ഥയും കേരളത്തിലെ സവിശേഷ സാഹചര്യവും പരിശോധിക്കുന്നു.
ചൈനീസ് വിപ്ലവത്തെ അടുത്തറിഞ്ഞ അമേരിക്കൻ പത്രപ്രവർത്തകനായ എസ്ഗർസ്റ്റോ രചിച്ച ‘റെഡ് സ്റ്റാർ ഓവർ ചൈന’ എന്ന വിസ്തൃത കൃതിയുടെ മലയാള പരിഭാഷ പാലായിൽ അന്ന് ജനത ബുക് സ്റ്റാൾ പ്രസിദ്ധീകരിക്കുന്നുവെന്ന പരസ്യം കണ്ട് അതിന്റെ കോപ്പി അയച്ചുതരണമെന്ന് ആവശ്യപ്പെട്ടു പണമടച്ചു. ഇപ്പോൾ സി.പി.ഐ (എം.എൽ) അഖിലേന്ത്യാ സെക്രട്ടറി ആയിരിക്കുന്ന സഖാവ് കെ.എൻ. രാമചന്ദ്രന്റെ മുൻകൈയിലുള്ള ഒരു സംരംഭമായിരുന്നു ജനത ബുക്സ്റ്റാൾ. സർക്കാർ എൻജിനീയറായി ഔദ്യോഗിക ജീവിതം നയിക്കുന്നതിനിടെ ഈ ജോലി രാജിവെച്ചിട്ടായിരുന്നു സഖാവ് കെ.എൻ. രാമചന്ദ്രൻ എം.എൽ പ്രവർത്തനത്തിനായി കേരളത്തിൽ വന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ടതിന്റെ ഫലമായി സി.പി.ഐ (എം.എൽ) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കപ്പെട്ടു.
ഉന്മൂലന സമരത്തിലൂടെ വിപ്ലവ പ്രസ്ഥാനങ്ങൾ ഏകീകരിക്കാനായിരുന്നു നീക്കം. ഉന്മൂലന സമരം അംഗീകരിക്കാത്തവർ റിവിഷനിസ്റ്റുകളായി വിലയിരുത്തപ്പെട്ടു. ഉന്മൂലന സമരം ഉയർത്തിപ്പിടിച്ചുകൊണ്ട് ലെനിനിസ്റ്റ് സംഘടനാ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ രഹസ്യസ്വഭാവമുള്ള കേഡർ പാർട്ടി കെട്ടിപ്പടുക്കുവാനുള്ള ശ്രമമായിരുന്നു അന്ന് നടന്നത്. നക്സെലെറ്റ് പ്രസ്ഥാനത്തിന്റെ തുടക്കത്തിൽതന്നെ ഇടുക്കി ജില്ലയിൽനിന്ന് മുൻനിരക്കാരായി എത്തിയവരായിരുന്നു വെള്ളത്തൂവൽ സ്റ്റീഫനും വി.എസ്. നാരായണനും. അവരുടെ അറസ്റ്റിന് ശേഷം ആ നീക്കത്തിന് തുടർച്ചയുണ്ടായില്ല.
സ്റ്റീഫന്റെ നേതൃത്വത്തിൽ നടന്ന വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉന്മൂലനവുമായി ബന്ധപ്പെട്ട കേസിൽ പിടിക്കപ്പെട്ട കരുനാഗപ്പള്ളിക്കാരനായ മാധവൻ പിള്ള ചേട്ടൻ കുളമാവ് ഡാം കൺസ്ട്രക്ഷന്റെ പശ്ചാത്തലത്തിൽ ചായക്കട നടത്തുന്നുണ്ടായിരുന്നു. വെള്ളത്തൂവലിൽ അദ്ദേഹത്തിന് ഒരു സ്റ്റേഷനറി കട ഉണ്ടായിരുന്നതാണ്. കേസുമൂലം അത് ആർക്കോ കൈമാറി കിട്ടിയ തുകയുമായി കുളമാവിലെ ചായക്കട തുടങ്ങിയതാണ്. ഭാര്യയും കുട്ടികളുമുണ്ടായിരുന്നെങ്കിലും നല്ല ബന്ധത്തിലായിരുന്നില്ല. ഒറ്റയാൻ യാത്രയിലെ മറ്റൊരിടത്തവാളമാണിവിടം. കൈലിമുണ്ടും തണുപ്പിനെ തടയുന്നതിനായി കൈപ്പത്തിയോളമെത്തുന്നൊരു കട്ടിയുള്ള കറുത്ത ബനിയനും ചുവന്ന ഷാളും, നീണ്ടുവളർന്നു വെളുത്ത താടിയുമുള്ളൊരു തലേക്കെട്ടുകാരൻ. 60 വയസ്സുകാണും. പ്രായത്തേക്കാൾ ക്ഷീണിതനാണ്. വിട്ടുമാറാത്ത ചുമയുമുണ്ട്. ഇടവിടാതെ ബീഡിവലിയും. പ്രത്യക്ഷത്തിൽ ഗൗരവക്കാരൻ. വെള്ളത്തൂവൽ സംഭവം പറിച്ചെറിഞ്ഞ ഒരാളാണ് താനെന്നോ, തനിക്ക് നക്സെലെറ്റ് ബന്ധം ഉണ്ടെന്നോ ആരോടും വെളിപ്പെടുത്താറില്ല. കമ്യൂണിസ്റ്റ് വിപ്ലവവും പുന്നപ്ര വയലാറും തെലങ്കാനയുമെല്ലാം പിള്ളച്ചേട്ടന് ആവേശമാണ്. വിപ്ലവം കൈവെടിഞ്ഞ സി.പി.ഐ, സി.പി.എം നേതൃത്വങ്ങളോട് പുച്ഛം മാത്രമാണ്. ചായ കുടിക്കാനും പത്രം വായിക്കാനുമെത്തുന്നവരുടെ രാഷ്ട്രീയ ട്രെൻഡ് മനസ്സിലാക്കി ചിലരെ അദ്ദേഹം എനിക്ക് പരിചയപ്പെടുത്തിത്തന്നു. പോത്തുമറ്റം പാപ്പച്ചനും വിറകുവെട്ടുകാരൻ തങ്കപ്പനും കരിപ്പലങ്ങാട്ടുകാരനും കൺസ്ട്രക്ഷൻ തൊഴിലാളിയുമായിരുന്ന മുകുന്ദൻ ചേട്ടനും ഇലക്ട്രിസിറ്റി ബോർഡിലെ ചില ഉദ്യോഗസ്ഥരും അധ്യാപകരുമെല്ലാം അങ്ങനെ പരിചിതരായി.
നക്സെലെറ്റ് പ്രസ്ഥാനത്തോടുള്ള ആഭിമുഖ്യം മൂലം സി.പി.എം വിട്ടുപോന്ന ജോസ് എബ്രഹാമിന്റെയും വാഴൂർ വിശ്വന്റെയും മറ്റും നേതൃത്വത്തിലുള്ള ശക്തമായൊരു തൊഴിലാളി സംഘടനയായിരുന്നു ഇടുക്കി പ്രോജക്ട് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ. അവകാശ സമരങ്ങളുടെ ഭാഗമായി ’70ൽ ഐ.പി.സി വർക്കേഴ്സ് യൂനിയന്റെ രണ്ട് തൊഴിലാളികൾ പൊലീസ് വെടിയേറ്റ് മരിച്ചു. കോൺട്രാക്ടർമാരും തൊഴിലാളികളും തമ്മിലുള്ള സംഘർഷത്തിൽ ഒരു കോൺട്രാക്ടർ കൊലചെയ്യപ്പെട്ട സംഭവം കുളമാവിലുമുണ്ടായി. കെ.പി. കോസല രാമദാസിന്റെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ബോർഡിലും ശക്തമായ തൊഴിലാളി സംഘടനകളുണ്ടായിരുന്നു. ഉന്മൂലന സമരത്തെ അംഗീകരിക്കില്ലെങ്കിലും വിപ്ലവത്തിന് അവർ എതിരല്ലായിരുന്നു. ഐ.പി.സി വർക്കേഴ്സ് യൂനിയനിലെ സാധാരണക്കാരായ തൊഴിലാളികളിൽനിന്ന് വ്യത്യസ്തമായി ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാർക്കിടയിൽനിന്ന് പലരും ഉന്മൂലന സമരത്തോട് ആഭിമുഖ്യം കാട്ടി.
ഇലക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റന്റ് എൻജിനീയറായിരുന്ന തിരുവനന്തപുരം സ്വദേശി ഗോപിയും ഓവർസീയറായിരുന്ന ആലപ്പുഴ തോട്ടപ്പള്ളിക്കാരൻ പ്രഭാകരനും യു.ഡി ക്ലർക്കായ കൊല്ലം സ്വദേശി രാജ്മോഹനനും റെയിൻഗേജ് റീഡർ എൻ.എം. ജോസഫും ചില കൺസ്ട്രക്ഷൻ തൊഴിലാളികളുമെല്ലാമടങ്ങുന്ന നല്ലൊരു ഗ്രൂപ് കുളമാവിലുണ്ടായി. രാഷ്ട്രീയ കാര്യങ്ങൾ താരതമ്യേന പഠിക്കാനും ചർച്ചചെയ്യാനും പറ്റുന്നൊരു ഗ്രൂപ്. പോത്തുമറ്റം പാപ്പച്ചൻ സജീവ പ്രവർത്തകനായി മാറി. പോത്തുമറ്റത്തും കോട്ടമല എസ്റ്റേറ്റിലും മൂലമറ്റത്തുമെല്ലാം നക്സെലെറ്റ് അനുഭാവികളുടെ ഗ്രൂപ്പുകളുണ്ടാക്കി. സ്റ്റഡി ക്ലാസുകൾക്കപ്പുറമുള്ള പ്രായോഗിക പദ്ധതികളൊന്നുമാലോചിച്ചില്ലെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ എല്ലാവരും ആശങ്കയിലായി.
1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. കുളമാവ് ജങ്ഷനിൽ വെച്ച് വിരൽ ഉയർത്തിക്കാട്ടി കാണാമെന്ന ഭാവത്തിൽ ചിരിച്ചുകൊണ്ട് കടന്നുപോയ എൻ.എം. ജോസഫിനെ പിന്നീട് വർഷങ്ങൾക്കുശേഷമാണ് കണ്ടുമുട്ടിയത്. അടിയന്തരാവസ്ഥ സൃഷ്ടിച്ച ഭീതിയുടെ ആഴം അത്രത്തോളമായിരുന്നു. നക്സെലെറ്റുകളുടെ പീഡനകാലത്തിന്റെ രണ്ടാമൂഴമായിരുന്നു അടിയന്തരാവസ്ഥ. മുമ്പേ പോയവർക്ക് തുടർച്ചയും. നക്സലൈറ്റുകൾക്കെതിരെയുള്ള പീഡനങ്ങളുടെ ആക്കം വർധിപ്പിച്ചുകൊണ്ട് ഭരണകൂടത്തിന്റെ ഹിംസാത്മകത രാഷ്ട്രശരീരത്തിലാകെ വ്യാപിച്ചു. മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട് (മിവ) ഉപയോഗിച്ച് ഭരണകൂടത്തിന് അനഭിമതരായ ആരെയും തുറുങ്കിലടക്കാമെന്നായി രാഷ്ട്ര നിയമം.
കോൺഗ്രസിന്റെ ദേശീയ നേതൃത്വം ‘ഇന്ദിരയാണ് ഇന്ത്യ’ എന്ന് പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ‘പണിയെടുക്കൂ നാവടക്കൂ’ എന്ന് രാഷ്ട്രത്തിന് കൽപന നൽകി. രാഷ്ട്രത്തിന് ഒരേയൊരു നാവു മാത്രമായ ചരിത്ര സന്ദർഭം. ദേശീയ പ്രക്ഷോഭണകാലത്ത് ഇന്ത്യയിൽ ശക്തിപ്പെടാൻ തുടങ്ങിയ ജനാധിപത്യ വാസനക്കുമേൽ രാഷ്ട്രത്തിന്റെ വിധികർത്താക്കളായ കോൺഗ്രസ് നേതൃത്വം സ്വേച്ഛാധിപത്യത്തിന്റെ പടവാളുയർത്തി. അലങ്കരിച്ച ഇരിപ്പിടത്തിൽ തന്റെ ചെരിപ്പ് തുടയ്ക്കാനും തയാറാണെന്നു പറഞ്ഞ അനുയായി സെയിൽ സിങ്ങിനെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാഷ്ട്രപതിയാക്കി ഇരുത്തി. നിയമനിർമാണ സഭയുടെ മാത്രമല്ല, ജുഡീഷ്യറിയുടെയും ഫോർത്ത് എസ്റ്റേറ്റിന്റെയുമെല്ലാം വായ മൂടിക്കെട്ടി.

സമാനമായ ചരിത്ര പശ്ചാത്തലത്തിൽ ഉപഭൂഖണ്ഡത്തിൽ ഇണങ്ങിയും പിണങ്ങിയും നൂറ്റാണ്ടുകൾ താണ്ടിയ മനുഷ്യനെ ചോരകൊണ്ട് തീർത്ത അതിരുകൾക്കപ്പുറത്ത്, സ്വതന്ത്ര പാകിസ്താൻ, ഇസ്‍ലാമിക നിയമവാഴ്ചകൊണ്ട് തങ്ങളുടെ രാഷ്ട്രപിതാവിന്റെ മതേതര ജനാധിപത്യ സങ്കൽപങ്ങൾ പകരംവെക്കുകയും നാടിനെ സൈനിക സ്വേച്ഛാധിപതികൾക്കും ഫ്യൂഡൽ പ്രഭുക്കൾക്കും ബ്യൂറോക്രാറ്റുകൾക്കും വിട്ടുകൊടുക്കുകയുംചെയ്തു. സഹികെട്ട കിഴക്കൻ പാകിസ്താനിലെ ബംഗാളി ജനത ’70ന്റെ തുടക്കത്തിൽ കിഴക്കിന്റെ മേലുള്ള പടിഞ്ഞാറിന്റെ ആധിപത്യത്തെ വെല്ലുവിളിച്ചു. ആയുധത്തിന്റെ ഭാഷയിലായിരുന്നു മറുപടി. മതത്തിന്റെ പേരിൽ രാഷ്ട്രമായി മാറിയവർ ഭാഷയുടെയും ദേശത്തിന്റെയും പേരിൽ ഭ്രാതൃഹത്യയിലേക്ക് നീങ്ങി.
വിഭജനകാലത്ത് വെട്ടിയൊഴുക്കിയ രക്തച്ചാലുകളിൽ ഹിന്ദുവിന്റെയും മുസ്‍ലിമിന്റെയും രക്തം ഇടകലർന്നിരുന്നു. ഇപ്പോഴത് മുസ്‍ലിമിന്റെ കലർപ്പില്ലാത്ത രക്തമായി. ലക്ഷക്കണക്കിന് മുസ്‍ലിംകൾ കൊലചെയ്യപ്പെട്ടു. പലായനംചെയ്തു. മാനഭംഗം ചെയ്യപ്പെട്ടു. ഒടുവിൽ കിഴക്കൻ പാകിസ്താൻ ബംഗ്ലാദേശായി. എന്നിട്ടും അവരുടെ ദുർവിധി തീർന്നില്ല. രാഷ്ട്രപിതാവ് മുജീബ് റഹ്മാനും കുടുംബവും അറുകൊല ചെയ്യപ്പെട്ടു. ബംഗ്ലാദേശും പാകിസ്താന്റെ പാതയിലായി. ഇസ്‍ലാമിക സൈനിക സ്വേച്ഛാധിപത്യത്തിലേക്ക് ബംഗ്ലാദേശ് നീങ്ങി. പടിഞ്ഞാറുനിന്നും കിഴക്കുനിന്നുമടിക്കുന്ന സ്വേച്ഛാധിപത്യത്തിന്റെ വിഷക്കാറ്റിൽ ഡൽഹി ആടിയുലയുമോയെന്ന ആശങ്ക പടർത്തുന്ന സാഹചര്യം അടിയന്തരാവസ്ഥയിലൂടെ നിലവിൽ വന്നു.
മുഹമ്മദ് അലി ജിന്നയും പാകിസ്താനും പിൻപറ്റാൻ ശ്രമിച്ച സാംസ്കാരിക ചരിത്ര പാരമ്പര്യങ്ങളായിരുന്നില്ല ഇന്ത്യയുടെ രാഷ്ട്രനിർമാതാക്കൾ പിൻപറ്റിയത്. അവരുടെ കൊടിയടയാളങ്ങൾ തന്നെ ഹിംസാത്മകതയെ ഭേദിക്കുന്ന ബൗദ്ധ പാരമ്പര്യങ്ങളിലേക്ക് ആഴ്ന്നിറങ്ങിയതായിരുന്നു. ഏതെങ്കിലും വംശത്തിന്റെയോ ഭാഷയുടെയോ ദേശത്തിന്റെയോ മതത്തിന്റെയോ തൂണുകളിലല്ല രാഷ്ട്രം നിർമിച്ചെടുക്കാൻ ശ്രമിച്ചത് എന്നതുകൊണ്ടാവാം തങ്ങൾ തിരഞ്ഞെടുത്ത ഭരണാധികാരികൾ വഴിമാറി ചിന്തിക്കുന്നത് സാവകാശമെങ്കിലും ഇന്ത്യയിലെ ജനങ്ങൾക്ക് ബോധ്യമായി. എല്ലാ വിഭജന രേഖകളും നിലനിൽക്കെത്തന്നെ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ നീക്കങ്ങൾക്കെതിരെ അവർ പ്രതിഷേധമുയർത്തി. തീവ്ര ഇടതുപക്ഷത്തും തീവ്ര വലതുപക്ഷത്തും നിൽക്കുന്നവരുൾപ്പെടെ ഇടതുപക്ഷവും വലതുപക്ഷവും മധ്യ വലതുപക്ഷത്തെത്തി രാഷ്ട്രീയ സ്വേച്ഛാധിപത്യത്തിനെതിരെ രംഗത്തുവന്നു.
കൊളോണിയലിസത്തെ അതിജീവിച്ച എല്ലാ സ്വതന്ത്ര രാഷ്ട്രങ്ങളുടെയും സ്വേച്ഛാധിപത്യ നീക്കങ്ങൾക്കുള്ള സാർവദേശീയ പിന്തുണ ഇക്കാലത്തും കുപ്രസിദ്ധമായിരുന്നു. രണ്ടാം ലോക യുദ്ധത്തിലേക്ക് നയിച്ച വംശീയ സ്വേച്ഛാധിപത്യത്തെ തകർക്കുന്നതിന് മുൻകൈയെടുത്തവർ തന്നെ വംശാധിപത്യത്തിന്റെ സംരക്ഷകരാവുന്നതും മതസ്വേച്ഛാധിപത്യങ്ങളുടെ പരിപാലകരാവുന്നതുമെല്ലാം ചരിത്രത്തിലെ വിരോധാഭാസമാണ്. വൻശക്തികളായ അമേരിക്കൻ ഐക്യനാടുകളും സോവിയറ്റ് റഷ്യയുമെല്ലാം ഇന്ത്യയിലെ അടിയന്തരാവസ്ഥയെ പിന്തുണച്ചു. കമ്യൂണിസ്റ്റ് റഷ്യയുടെ പ്രസിഡന്റ് ബ്രഷ്നേവ് ഇന്ത്യൻ പാർലമെന്റിലെത്തി ഇന്ദിര ഗാന്ധിയെ ശ്ലാഘിച്ചു. അവരുടെ മറ്റൊരു കൂട്ടാളിയായിരുന്ന പശ്ചിമേഷ്യൻ രാഷ്ട്രം സിറിയ അപ്പോഴേക്കും ഒരു വ്യാഴവട്ടക്കാലമായി അടിയന്തരാവസ്ഥ നിലനിർത്തപ്പെടുന്ന രാജ്യമായിരുന്നു. ഇന്ത്യയെപ്പോലെ കൊളോണിയൽ നുകത്തിൽനിന്ന് മോചനം നേടുകയും പാർലമെന്ററി ജനാധിപത്യം ഭരണസമ്പ്രദായമായി അംഗീകരിക്കുകയുംചെയ്തൊരു രാജ്യമായിരുന്നു സിറിയ എന്നോർക്കണം.
ഇന്ത്യയിൽ കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഗാന്ധിയൻമാരും ആർ.എസ്.എസുകാരുമെല്ലാം രാഷ്ട്രീയ സ്വേച്ഛാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകി. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ മുൻനിരക്കാരായിരുന്ന ജയപ്രകാശ് നാരായണനെപ്പോലുള്ളവർ സ്വതന്ത്ര ഇന്ത്യയിൽ തുറുങ്കിലടക്കപ്പെട്ടു. ദേശീയപ്രസ്ഥാനമായ കോൺഗ്രസിനകത്ത് സാമൂഹികനീതിയുടെ പ്രശ്നം ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്ക് ജയപ്രകാശ് നാരായണനെപ്പോലുള്ളവർക്കൊപ്പം നേതൃത്വം നൽകിയ അശോക് മേത്തയെപ്പോലുള്ള ജനാധിപത്യ സോഷ്യലിസ്റ്റുകളും ജയിലിലായി.
കേരളത്തിലും അതിന്റെ പ്രതിധ്വനികളുണ്ടായി. എന്നാൽ, പലതുകൊണ്ടും കേരളത്തിലെക്കാൾ പിന്നിലാണെന്ന് മലയാളികൾ കരുതുന്ന വടക്കേ ഇന്ത്യക്കാരായിരുന്നു അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ. കേരളത്തിലെയും ബംഗാളിലെയും ഇടതുപക്ഷ രാഷ്ട്രീയവും തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയവുമൊഴിവാക്കിയാൽ കോൺഗ്രസിന് ഇന്ത്യൻ രാഷ്ട്രീയത്തിലൊരു മറുപക്ഷമുണ്ടായിരുന്നില്ല. ഇന്ദിര ഗാന്ധിയുടെ സ്വേച്ഛാധിപത്യ നീക്കങ്ങൾ ഈ സ്ഥിതിയിൽ സ്ഥായിയായ മാറ്റങ്ങളുണ്ടാക്കി. മൊറാർജി ദേശായിയെപ്പോലുള്ള വിമത കോൺഗ്രസ് നേതാക്കളും അടിയന്തരാവസ്ഥക്കെതിരായി. കോൺഗ്രസിന്റെ രാഷ്ട്രീയ അടിത്തറ ഇദംപ്രഥമമായി ഇളകി.
കേരളത്തിലാകട്ടെ ഈ കാലത്ത് മുഖ്യമന്ത്രി സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സി.പി.ഐ, കോൺഗ്രസ് ഭരണമാണ് നിലനിന്നിരുന്നത്. ബ്രഷ്നേവിന്റെ ആശീർവാദമുള്ളതുകൊണ്ട് സി.പി.ഐക്ക് അടിയന്തരാവസ്ഥയെ അനുകൂലിക്കാൻ സാർവദേശീയ സമ്മതമുണ്ടായിരുന്നു. ഇന്ത്യൻ കമ്യൂണിസ്റ്റുകൾ അങ്ങനെ ആയിരുന്നു. അവരുടെ മസ്തിഷ്കം, സ്വയം ചലിക്കുന്നതായിരുന്നില്ല. മോസ്കോയും പീക്കിങ്ങുമൊക്കെയാണ് ചലിപ്പിച്ചുകൊണ്ടിരുന്നത്. റോം ക്രൈസ്‍തവരെ ചലിപ്പിച്ചതുപോലെ. സോഷ്യലിസ്റ്റ് പൊയ്മുഖത്തിനുള്ളിൽ ഇസ്‍ലാമിക സ്വേച്ഛാധിപതികളെപ്പോലും പാലൂട്ടുന്നൊരു സ്ഥിതിയിലായിരുന്നു അപ്പോൾ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം.
ആഭ്യന്തര മന്ത്രിയായിരുന്ന കോൺഗ്രസ് ലീഡർ കെ. കരുണാകരൻ ഇന്ദിര കുടുംബത്തിന്റെ വിശ്വസ്ത ദാസന്മാരിലൊരാളായിരുന്നു. ഇ.എം.എസിനെപ്പോലൊരു നേതാവിനെ നല്ലനടപ്പിന് വിട്ടുകൊടുത്തുകൊണ്ടായിരുന്നു സി.പി.എം നേതൃത്വത്തിലുള്ള പലരെയും അറസ്റ്റ്ചെയ്തത്. ഒരുതരം കോംപ്രമൈസ്. മിസ തടവുകാരനായിരുന്ന, കോൺഗ്രസിന്റെ മറ്റൊരു കൈവഴിയിലായിരുന്ന കേരള കോൺഗ്രസ് നേതാവ് ആർ. ബാലകൃഷ്ണപിള്ള ഇത്തരം കോംപ്രമൈസിന്റെ ഭാഗമായി ജയിൽമുക്തനായി എന്നു മാത്രമല്ല, ജയിൽ മന്ത്രിയായി പൂജപ്പുര ജയിലിലെത്തി. എത്ര അപഹാസ്യമായൊരു രാഷ്ട്രീയജന്മം. പിൽക്കാലത്ത് കേരളത്തിന്റെ നിയമ നിർമാണരംഗത്തും നീതിന്യായ രംഗത്തും സാംസ്കാരിക രംഗത്തുമെല്ലാം വാഴ്ത്തപ്പെട്ട നിരവധി വ്യക്തികൾ ഇക്കാലത്ത് നിശ്ശബ്ദമായവരോ മൗനംകൊണ്ടെങ്കിലും അടിയന്തരാവസ്ഥയെ പിന്തുണച്ചവരോ ആയിരുന്നു.

ഭരണഘടനാപരമായ എല്ലാ വ്യവസ്ഥകൾക്കും വിധേയമായി ഭരണം നടത്തുന്നൊരു കാലത്ത് കമ്യൂണിസ്റ്റുകളുടെ സെൽ ഭരണത്തിനെതിരെ പരിശുദ്ധമായ കുരിശുയുദ്ധത്തിനും ജിഹാദിനും ഇറങ്ങിത്തിരിച്ച വിമോചന സമര പോരാളികളിലാരെയും പ്രാഥമികമായ മനുഷ്യാവകാശങ്ങൾപോലും നിഷേധിക്കപ്പെടുന്നൊരു കാലത്ത് കേരളത്തിലൊരിടത്തും കണ്ടില്ലെന്നത് മറ്റൊരു വിരോധാഭാസം. ഗുഹാമുഖങ്ങളടച്ചവർ ഒളിവിൽ കഴിയുകയല്ല ചെയ്തത്, അടിയന്തരാവസ്ഥയുടെ സ്തുതിപാഠകരായി. സ്വാതന്ത്ര്യബോധത്തിന്മേലുള്ള ഈ കൈയേറ്റത്തിനെതിരായ അടിമസമാനമായ ജീവിതം ലജ്ജാകരമായിരുന്നു. വിദ്യാസമ്പന്നരായ മധ്യവർഗ മലയാളികളുടെ കോംപ്രമൈസിങ് മനോഭാവവും കീഴടങ്ങലും പ്രതികരണശേഷി ഇല്ലായ്മയും തന്നിലേക്ക് മാത്രമുള്ള എത്തിനോട്ടവും അടിയന്തരാവസ്ഥക്കെതിരെ പ്രതികരിക്കാൻ വന്നവർക്ക് വിനയായി. അവർ ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടുവെന്ന് മാത്രമല്ല അവർക്കെതിരെയുള്ള കടന്നാക്രമണങ്ങൾ മറച്ചുവെക്കാനും ആഘോഷിക്കാനും ഭരണകൂടത്തിന് അവസരം നൽകി. അടിയന്തരാവസ്ഥയെ എതിർക്കുന്നവർ ജനാധിപത്യത്തിന്റെയും രാഷ്ട്രത്തിന്റെ തന്നെയും ഘാതകരായി.
അടിയന്തരാവസ്ഥക്കാലത്തും അതിനുശേഷവും അതിന്റെ വക്താക്കൾ ഏറെ പ്രകീർത്തിച്ചൊരു പേരായിരുന്നു ജയറാം പടിക്കൽ. എല്ലാ വിയോജിപ്പുകളെയും വിമത ശബ്ദങ്ങളെയും മുളയിലേ നുള്ളിക്കളയാൻ ചുമതലയേൽപിക്കപ്പെട്ട ക്രമസമാധാന പാലകൻ. കൂട്ടിന് കെ. ലക്ഷ്മണയെപ്പോലുള്ള കുപ്രസിദ്ധരായ പൊലീസ് ക്രിമിനലുകളും. അവരുടെ മേൽനോട്ടത്തിലാണ് കേരളത്തിൽ കക്കയം ക്യാമ്പും ശാസ്തമംഗലം ക്യാമ്പുംപോലുള്ള നിരവധി പീഡനകേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നത്. ക്യൂബൻ ഐലൻഡിൽ പത്തു കൊല്ലം മുമ്പ് സ്ഥാപിച്ച ഗ്വണ്ടാനമോ ജയിലും അബൂഗരീബുകളുമെല്ലാം അതിന്റെ തുടർച്ചയോ ഭാഗമോ ആണ്. മനുഷ്യപീഡനത്തിന്റെ പരീക്ഷണശാലകളാണവ. യുവത്വത്തിന്റെ തുടയെല്ലുകളും വാരിയെല്ലുകളും മസ്തിഷ്കങ്ങളുമെല്ലാം അവിടെ തകർക്കപ്പെട്ടു. കൊലചെയ്യപ്പെടുന്നവർ ജീവിച്ചിരുന്നില്ലെന്ന് തെളിയിക്കുവാൻപോന്ന ബുദ്ധിവൈഭവത്തോടെയും കരവിരുതോടെയുമാണ് അവർ ഓരോരുത്തരെയും അരങ്ങത്തുനിന്നും അപ്രത്യക്ഷമാക്കുന്നത്. കക്കയത്തും ശാസ്തമംഗലത്തുമെല്ലാം കണ്ടത് അതാണ്.
തടവിലാക്കപ്പെട്ട ഇറാഖി പൗരന്മാരെ തടവറക്കുള്ളിൽ കൂട്ടിയിട്ട് അവരുടെ ശരീരത്തിലൂടെ വൈദ്യുതി പ്രവഹിപ്പിച്ച് ചിരിക്കുന്ന ബ്രിട്ടീഷ് സൈനികനെ കാമറക്കണ്ണുകളിലൂടെ ഈ ദശകത്തിൽ ലോകം കണ്ടതാണ്. തങ്ങൾ കൊലപ്പെടുത്തിയ താലിബാൻകാരുടെ മൃതശരീരങ്ങൾക്കുമേൽ നാല് അമേരിക്കൻ സൈനികർ വട്ടത്തിൽനിന്ന് മൂത്രമൊഴിക്കുന്ന കാഴ്ച 2012 ജനുവരി രണ്ടാംവാരത്തിൽ ലോകം കണ്ടതാണ്. ഈ സമയത്തുതന്നെ ഇന്ത്യൻ തടവറക്കുള്ളിൽ ഛത്തിസ്ഗഢിൽ അറസ്റ്റ് ചെയ്യപ്പെട്ട 36 വയസ്സുള്ള ആദിവാസി അധ്യാപികയെ മർദനവിധേയമാക്കിയതിന്റെ സാക്ഷ്യമായി ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ചിരുന്ന മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത് യോനിയിലും മലദ്വാരത്തിലും കയറ്റിയ കല്ലുകളാണ്. തന്നെ ചോദ്യംചെയ്യുന്നതിനായി കെട്ടിയിട്ട് വൈദ്യുതിപ്രവാഹത്തിന് വിധേയമാക്കിയതായി അവർ സുപ്രീംകോടതിയിൽ പരാതിപ്പെട്ടിരുന്നു. മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ടതാണ് സോണി സോറി. കേന്ദ്ര റിസർവ് പൊലീസ് ഫോഴ്സിന്റെ (സി.ആർ.പി.എഫ്) മൃഗീയതകൾക്ക് വിധേയനായി മരിച്ച കോൺട്ര വില്ലേജിെല പോഡിയം മാര എന്ന യുവാവിന്റെ മലദ്വാരവും ലിംഗവും നീരുവെച്ച് വീർത്തതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നതായി 2012 ജനുവരി 13ന് ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. ലിംഗത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചതായും മലദ്വാരത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ചതായും ഒരു പൊലീസുകാരൻതന്നെ സാക്ഷ്യപ്പെടുത്തുന്നു.
മനുഷ്യരോദനങ്ങൾ കണ്ട് അട്ടഹസിക്കുന്ന ജയറാം പടിക്കലിനെപ്പോലുള്ള അനേകരുടെ മുഖങ്ങൾ ഇത്തരത്തിൽപ്പെടുന്നതായിരുന്നു. എല്ലാ യുദ്ധങ്ങളുടെയും നിയമം ഒന്നുതന്നെയാണ്. വിജയത്തിനായി ശത്രുക്കളെ കൊല്ലുക. കൈയൂക്കുള്ളവൻ വിജയിക്കുന്നു. മൃഗസഹജമായ നിയമമാണിത്. രണ്ടാം ലോകയുദ്ധത്തിന്റെ അതിരുകളില്ലാത്ത ഹിംസാത്മകതയിൽനിന്ന് മനുഷ്യൻ യുദ്ധത്തിൽ തടവിലാക്കപ്പെടുന്നവരെ ക്രൂരമായ പീഡനങ്ങൾക്കും ശിക്ഷാവിധികൾക്കും വിേധയമാക്കുവാൻ പാടില്ലെന്ന പാഠം പഠിക്കുവാൻ ശ്രമിച്ചിരുന്നുവെങ്കിലും ആധുനിക യുദ്ധതന്ത്രവുമായി ബന്ധപ്പെട്ട് എവിടെയും പ്രയോഗിക്കപ്പെടുന്നത് ഭീകരതയും പീഡനവും (terror & torture) ആണ്. ഇതുതന്നെയായിരുന്നു സ്കോട്‍ലൻഡിൽനിന്ന് പരിശീലനം നേടിയ പൊലീസ് മേധാവി അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിൽ നടപ്പാക്കിയത്.
ഭരണകൂട ഭീകരത ദേശവ്യാപകമായി അഴിഞ്ഞാടിയ കാലമായിരുന്നു അടിയന്തരാവസ്ഥ. കേരളത്തിൽ അതിന്റെ ദംഷ്ട്രകൾക്ക് ഏറെ ഇരയായിത്തീരേണ്ടിവന്നത് നക്സലൈറ്റുകളാണ്. കോഴിക്കോട് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരുന്ന രാജനും വർക്കല വിജയനുമെല്ലാം പീഡനകേന്ദ്രങ്ങളിൽ കൊലചെയ്യപ്പെട്ടു. കൊലക്കളത്തിലേക്ക് യാത്രാമധ്യേ പൊലീസ് മേധാവിയോടൊപ്പം അങ്ങാടിപ്പുറം ബാലകൃഷ്ണൻ ജീപ്പിനുള്ളിൽ കത്തിപ്പടർന്നു. അസ്വാതന്ത്ര്യത്തിന്റെ അടിയായ്മയിലൂടെ കടന്നുപോകുമ്പോഴും സുഖനിദ്രകൊള്ളുന്ന മനുഷ്യാവസ്ഥയുടെ ജഡത്വത്തെ ഭേദിക്കാൻ പലപ്പോഴും സ്വാതന്ത്ര്യലാഞ്ഛനയുള്ള മനുഷ്യന് ആത്മത്യാഗം ചെയ്യേണ്ടിവരുന്നുണ്ട്. അവർ ഒറ്റപ്പെട്ടവരും നിസ്സാരന്മാരുമാകാം.
പക്ഷേ, ചിലപ്പോഴെല്ലാം ചരിത്രത്തെ വഴിതിരിച്ചുവിടുന്നത് അവരാണ്. അവരുടെ കുഴിമാടങ്ങൾ മാത്രമേ കൊലയാളികൾക്കും ന്യായാസനങ്ങൾക്കും ഭരണകൂടത്തിനും മറച്ചുെവക്കാനുള്ളൂ. അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടപ്പോൾ രാജന്റെയും വിജയന്റെയും അരുവിപ്പുറം ബാലകൃഷ്ണന്റെയുമെല്ലാം ദുർഭൂതങ്ങൾ കേരളത്തെ പിടിച്ചുകുലുക്കുന്നതും അധികാരകേന്ദ്രങ്ങൾ തകിടം മറിയുന്നതും കൊലയാളികളുടെ ഉറക്കംകെടുന്നതുമെല്ലാം നാം കണ്ടതാണ്. ജയറാം പടിക്കലിനെപ്പോലുള്ളവർ വെറുക്കപ്പെട്ടവരായിത്തീർന്നു എന്നുമാത്രമല്ല അവരെ കയറൂരിവിട്ട രാഷ്ട്രീയ നേതൃത്വങ്ങൾക്ക് തങ്ങളുടെ കാര്യസ്ഥന്മാരുടെ ചെയ്തികളെപ്പറ്റി പുറത്തുപറയാനാവാത്ത ദുഃസ്ഥിതി ഉണ്ടാവുകയുംചെയ്തു.