Begin typing your search above and press return to search.

ജാതിപ്രശ്നം

ജാതിപ്രശ്നം
cancel

ഇന്ത്യയിലെ ജാതിപ്രശ്​ന​െത്തക്കുറിച്ച്​ വേറിട്ട ചിന്തകളിലേക്കും നിഗമനങ്ങളിലേക്കും നയിച്ച സാഹചര്യത്തെക്കുറിച്ച്​ എഴുതുന്നു. ഇൗ ചിന്താമാറ്റങ്ങളിൽ സീഡിയൻ വഹിച്ച പങ്കിനെക്കുറിച്ചും വ്യക്തമാക്കുന്നു. മാറുന്ന ജീവിതരീതിയെപ്പറ്റിയാണ്​ പറഞ്ഞുവന്നത്​. പാർട്ടി അനുഭാവിയായിരുന്ന കുടയത്തൂർ സ്വദേശി വിജയൻപിള്ളയുടെ വിവാഹം മുട്ടത്ത് വെച്ച് നടത്തിയത് പാർട്ടിയുടെ മുൻകൈയിലാണ്. പി.ഡി. ജോസിന്റെയും ജോയിയുടെയും അടുത്ത സുഹൃത്തായിരുന്നു വിജയൻ. ദലിത് വിഭാഗത്തിൽപെട്ടതായിരുന്നു വധുവായ ഓമന. പിള്ളമാരുടെ വീട്ടിലെ തുണിയലക്കുന്ന പരവൻമാർക്കിടയിൽനിന്നാണ് വിജയൻപിള്ള വിവാഹം കഴിക്കുന്നത് എന്നത് അമ്മ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
ഇന്ത്യയിലെ ജാതിപ്രശ്​ന​െത്തക്കുറിച്ച്​ വേറിട്ട ചിന്തകളിലേക്കും നിഗമനങ്ങളിലേക്കും നയിച്ച സാഹചര്യത്തെക്കുറിച്ച്​ എഴുതുന്നു. ഇൗ ചിന്താമാറ്റങ്ങളിൽ സീഡിയൻ വഹിച്ച പങ്കിനെക്കുറിച്ചും വ്യക്തമാക്കുന്നു.

മാറുന്ന ജീവിതരീതിയെപ്പറ്റിയാണ്​ പറഞ്ഞുവന്നത്​. പാർട്ടി അനുഭാവിയായിരുന്ന കുടയത്തൂർ സ്വദേശി വിജയൻപിള്ളയുടെ വിവാഹം മുട്ടത്ത് വെച്ച് നടത്തിയത് പാർട്ടിയുടെ മുൻകൈയിലാണ്. പി.ഡി. ജോസിന്റെയും ജോയിയുടെയും അടുത്ത സുഹൃത്തായിരുന്നു വിജയൻ. ദലിത് വിഭാഗത്തിൽപെട്ടതായിരുന്നു വധുവായ ഓമന. പിള്ളമാരുടെ വീട്ടിലെ തുണിയലക്കുന്ന പരവൻമാർക്കിടയിൽനിന്നാണ് വിജയൻപിള്ള വിവാഹം കഴിക്കുന്നത് എന്നത് അമ്മ അടക്കമുള്ള ബന്ധുക്കൾക്കോ പിള്ളമാർക്കോ ഉൾക്കൊള്ളാനായില്ല. വിവാഹശേഷം വിജയനും ഓമനയും കുറച്ചുനാൾ ഞങ്ങളുടെ വീട്ടിലായിരുന്നു. പിന്നെയും ഇത്തരം പല വിവാഹങ്ങളുടെയും താൽക്കാലിക ഷെൽട്ടറായിരുന്നു ഞങ്ങളുടെ വീട്. ഉദ്യോഗമുണ്ടായിരുന്നതുകൊണ്ടാണ് ഈ കുടുംബ-സാമൂഹിക ബഹിഷ്‍കരണം വിജയൻപിള്ളക്ക് എളുപ്പം മറികടക്കാനായത്. പിന്നീട് കത്തോലിക്കനായ പി.ഡി. ജോസ് ഈഴവ വിഭാഗത്തി​ൽപെട്ട ബിനോയെയും ജോയി പുലയവിഭാഗത്തിൽപെട്ട പുഷ്പയെയും വിവാഹം കഴിച്ചു. ഈ കാലത്ത് വിപ്ലവപ്രസ്ഥാനത്തിലേക്ക് കടന്നുവന്ന യുവാക്കൾക്കിടയിൽ കണ്ട ജാത്യാതീതമായൊരു മൂല്യബോധമായിരുന്നു ഇത്.

പാർട്ടി നേതൃത്വത്തിൽ 1984ൽ തലയോലപ്പറമ്പിൽ നടന്ന ത്രിദിന ജാതിവിരുദ്ധ മതേതര സ​മ്മേളനം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ വേറി​ട്ടൊരു സംഭവം ആയിരുന്നു. സീഡിയൻ സർവിസ് സൊസൈറ്റിയും കേരള യുക്തിവാദി സംഘവും ഈ സ​മ്മേളനത്തി​ൽ പ​ങ്കെടുത്തു. വ്യവസ്ഥാപിതമായ സാമൂഹിക നിർമിതികളിലേറെയും ലംഘിച്ച് സ്വൈരസഞ്ചാരത്തിനിറങ്ങിത്തിരിച്ച ജോൺ എബ്രഹാമും (സിനിമാസംവിധായകൻ) സുരാസുവും ഈ സമ്മേളനത്തിനെത്തിയിരുന്നു. എറണാകുളത്തുനിന്ന് കാൽനടയായി വന്നൊരു സംഘത്തിലായിരുന്നു ജോൺ എബ്രഹാം.

പാശ്ചാത്യ ജ്ഞാനോദയ കാലത്തിന്റെ മതേതര സങ്കൽപത്തിൽനിന്ന് വ്യതിചലിക്കാൻ വിമുഖത കാട്ടു​മ്പോഴും സവിശേഷമായൊരു സാമൂഹിക യാഥാർഥ്യമായി ജാതി പരിഗണിക്കപ്പെടുന്നുവെന്നത് ഈ സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. ജാതിവിരുദ്ധമായൊരു ദിശാബോധം തന്നെയായിരുന്നു അതിൽ പ്രധാനം. ദേശീയവാദികളിൽ ചിലരും കമ്യൂണിസ്റ്റുകളും ഇടപെടുവാൻ ശ്രമിച്ച ജാതികളുടെയും മതങ്ങളുടെയും മണ്ഡലങ്ങളെ വർഗമണ്ഡലത്തിനു പുറമെ പരിഗണനക്കെടുത്തിരുന്ന സമ്മേളനമായിരുന്നു ഇത്. മാർക്സും ലെനിനും മാവോയുമെല്ലാം മുദ്രണംചെയ്യപ്പെടുന്ന വേദിയിലേക്ക് നാരായണഗുരുവും അയ്യൻകാളിയും സഹോദരൻ അയ്യപ്പനും അംബേദ്കറുമെല്ലാം കടന്നുവന്നു. സങ്കീർണമായൊരു സമസ്യയാണിത്. പുതിയ ചില തിരിച്ചറിവുകളുടെ സൂചനകൾ സമ്മേളനത്തിൽ കാണാമായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി രൂപംകൊണ്ട ജാതിവിരുദ്ധ മതേതരവേദിയുടെ ബുള്ളറ്റിനിൽ പാർട്ടിയുടെ ഭാഗത്തുനിന്ന് എം. സോമശേഖരൻ എഴുതിയ ‘ജാതിവ്യവസ്ഥ: ചരിത്രപരമായൊരു സമീപനത്തിന്റെ പ്രസക്തിയും അത് ​നേരിടുന്ന പ്രശ്നങ്ങളും’ എന്ന ​ലേഖനത്തിൽ അധഃസ്ഥിതരുടെ പ്രവർത്തനമണ്ഡലത്തെ വർഗസമരത്തോടൊപ്പം അംഗീകരിക്കുവാനുള്ളൊരു ശ്രമം ഉണ്ടായിരുന്നു. നവോത്ഥാന കാല ഉണർവുകൾ നിലക്കുകയും മലയാളിനാവുകൾ വരണ്ടുപോകുകയും ചെയ്തൊരു കാലത്ത് ഭാഷയുടെ ജൈവഭാവങ്ങൾ പ്രത്യക്ഷപ്പെട്ടത് നക്സലൈറ്റുകളാലായിരുന്നു.

എന്നാൽ, പ്രത്യയശാസ്ത്രവത്കരിക്കപ്പെട്ട മനുഷ്യന് അതിന്റെ ജഡത്വ​ത്തെ ഭേദിക്കുക എളുപ്പമല്ലെന്നത് നക്സലൈറ്റുകൾക്കും ബാധകമായിരുന്നു. സ്വന്തം തിരിച്ചറിവുകൾക്കൊപ്പം സഞ്ചരിക്കാനാവാത്തൊരു ദുരന്തം ആണിത്. ഇത്തരം തിരിച്ചറിവുകൾ നക്സലൈറ്റുകൾക്കിടയിൽ ഉണ്ടാക്കിയത് നിരന്തരമായ ആശയസമരങ്ങളായിരുന്നു. ആശയസമരങ്ങളിലൂടെ കരുത്താർജിച്ചെങ്കിലും അപ്രത്യക്ഷമാ​യൊരു പ്രസ്ഥാനമാണ് കേരളത്തിലെ നക്സലൈറ്റുകളുടേത്. എന്നാൽ കേരളത്തിന്റെ പൊതുമണ്ഡലത്തിൽനിന്ന് അവർ ഉന്നയിക്കുകയും ചർച്ചചെയ്യുകയും ഇടപെടുകയുംചെയ്ത മൗലികമായ പല പ്രശ്നങ്ങളും പിൽക്കാല കേരളത്തിന് അവഗണിക്കാനായില്ല. അതിലൊന്നായിരുന്നു ജാതിപ്രശ്നം.

സംസ്ഥാന കമ്മിറ്റി തീരുമാനമനുസരിച്ച് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ഫുഡ് കമ്മിറ്റിയുടെ ചുമതല എനിക്കായിരുന്നു. മറ്റൊരു ചുമതലക്കാരൻ പാർട്ടിയുടെ കോട്ടയം ജില്ല സെക്രട്ടറി കുഞ്ഞ് പഴന്താറ്റിലും. സമ്മേളനത്തിന്റെ സവിശേഷത ആലോചിക്കുമ്പോൾ ഈ ചുമതല ഞങ്ങൾക്കൊരു നഷ്ടമായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചർച്ചകളും സംവാദങ്ങളുമൊന്നും ശ്രദ്ധിക്കാനായില്ല. ഇത്തരമൊരവസ്ഥയിൽനിന്നാകാം വൈക്കം ടി.വി പുരം സ്വദേശി കുമാർജിയെന്ന കൊമ്പൻ കുമാരൻ പാർട്ടി സംസ്ഥാന സെക്രട്ടറിയും സമ്മേളനത്തിന്റെ മുഖ്യ സംഘാടകനുമായിരുന്ന സഖാവ് കെ.എൻ. രാമച​​ന്ദ്രനോട് ഇങ്ങനെ പ്രതികരിച്ചത്, ‘‘വെള്ളം​ കോരാനും വിറക്​ വെട്ടാനും ഞങ്ങളെ വേണം.’’

’79ൽ കോട്ടയം മഞ്ചാടിക്കരയിൽ നടന്ന പാർട്ടി സംസ്ഥാനസമ്മേളനത്തിൽ പ​ങ്കെടുത്ത തന്റെ അയൽവാസിയും പാർട്ടി അനുഭാവിയുമായിരുന്ന പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ പാപ്പൻ ദലിതരെ ഭക്ഷണം പാകംചെയ്യാനും മറ്റുമാണ് ഉപയോഗിക്കുന്നതെന്ന് സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതായി കുഞ്ഞ് പഴന്താറ്റിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, മറ്റൊരു യാഥാർഥ്യം പ്രായോഗിക പ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കാൻ കഴിയുന്നതുപോലെ ബൗദ്ധിക പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കാൻ കഴിയുന്നവർ ദലിതർക്കിടയിൽനിന്ന് പാർട്ടിയിൽ ദുർബലമായിരുന്നു എന്നതാണ്. ബുദ്ധി കൃഷിചെയ്യുന്നവർക്കിടയിൽനിന്ന് കടന്നുവരുന്നവരും നിരക്ഷരരും സാമാന്യ വിദ്യാഭ്യാസം മാത്രമുള്ളവർക്കിടയിൽനിന്ന് കടന്നുവന്നവരും തമ്മിലുള്ള അന്തരമായിരുന്നു ഇത്.പാർട്ടി പ്രവർത്തനത്തോടൊപ്പം എനിക്ക് ആഭിമുഖ്യം തോന്നിയൊരു സംഘടനയായിരുന്നു സീഡിയൻ സർവിസ് സൊസൈറ്റി. സാമൂഹികമായും (Socially) സാമ്പത്തികമായും (economically) വിദ്യാഭ്യാസപരമായും (educationally) താഴ്ത്തപ്പെട്ട (depressed) പൗരാണിക (ancient) ഇന്ത്യൻ തദ്ദേശികൾ (native) എന്ന നിലയിലാണ് സീഡിയൻ സ്വയം നിർമിച്ചത്.

കല്ലറ സുകുമാരന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ​കേരള ഹരിജൻ ഫെഡറേഷൻ ഉൾപ്പെടെ ഗാന്ധിയൻ ഹരിജൻ സങ്കൽപത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പൊതു പ്രസ്ഥാനങ്ങൾ ദലിതർക്കിടയിൽ നിലനിൽക്കുമ്പോഴാണ് വ്യത്യസ്തമായൊരു സങ്കൽപത്തിലും അർഥത്തിലുമുള്ള സീഡിയൻ സർവിസ് സൊസൈറ്റി ’70കളുടെ തുടക്കത്തിൽ രൂപവത്കരിക്കപ്പെടുന്നത്. ഗാന്ധിയുടെ ഹരിജൻ സങ്കൽപത്തെ നിരാകരിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ ദലിതർ ദലിത് പാന്തേഴ്സ് പ്രസ്ഥാനം രൂപവത്കരിച്ചതും ഇക്കാലത്തായിരുന്നു. കല്ലറ സുകുമാരനും പോൾ ചിറക്കരോടുമെല്ലാം ഹരിജൻ ​ഫ്രെയിമിനകത്തുനിന്ന് ഗാന്ധിസത്തെയും ബ്രാഹ്മണിസത്തെയും വിമർശിക്കാൻ ശ്രമിച്ചപ്പോൾ ഗാന്ധിയൻ ​​​​​ഫ്രെയിംതന്നെ ഉപേക്ഷിച്ചുകൊണ്ട് രംഗത്തുവന്നവരാണ് സീഡിയൻമാർ. കല്ലറയെപ്പോലെയുള്ളവർ ഹരിജനിൽനിന്ന് അംബേദ്കറിലെത്തിയപ്പോൾ സീഡിയൻ മാർക്സ്-ലെനിൻ-മാവോയിലൂടെ അംബേദ്കറിലെത്തി. എം.എൽ പ്രവർത്തനത്തോട് ആഭിമുഖ്യമുള്ളവരായിരുന്നു സീഡിയൻ സർവിസ് സൊസൈറ്റിയുടെ പല പ്രവർത്തകരും. ഞാൻ പ​ങ്കെടുത്ത ആദ്യ​ത്തെ നക്സ​െലെറ്റ്​ യോഗത്തിൽ പങ്കാളി ആയിരുന്ന വി. പദ്മനാഭൻ ഈ സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു.

’80കളുടെ മധ്യത്തിൽ കോട്ടയം, ഇടുക്കി ജില്ലകളിലെ പാർട്ടി പ്രവർത്തകരുടെ ഒരു യോഗം വീട്ടിൽ ​െവച്ച് കൂടുമ്പോൾ സീഡിയന്റെ എക്കാലത്തെയും പ്രമുഖ നേതാവായിരുന്ന കെ.കെ.എസ്. ദാസ് ആ യോഗത്തിൽ പ​​ങ്കെടുത്തിരുന്നു. പാർട്ടിയിലെ ഒരു വിഭാഗം സഖാക്കൾ ഉയർത്തിയ പരിമിത ജനാധിപത്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത പ്രത്യേക സമ്മേളനമായിരുന്നു ഇത്. പാർട്ടി അഖിലേന്ത്യാ സെക്രട്ടറി കെ. വേണുവും സംസ്ഥാന സെക്രട്ടറി കെ.എൻ. രാമചന്ദ്രനും പ​ങ്കെടുത്തിരുന്നു. നക്സ​െലെറ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകരിലൊരാളായിരുന്ന ഡോ. കെ.കെ. മന്മഥൻ നീണ്ടകാലത്തെ ജയിൽവാസത്തിനുശേഷം പുറത്തുവന്ന് സാമൂഹിക പ്രവർത്തനത്തിനായി ക​ണ്ടെത്തിയ സംഘടന സീഡിയൻ സർവിസ് സൊസൈറ്റി ആയിരുന്നു. ’80കളുടെ രണ്ടാം പകുതിയിൽ കെ.കെ.​ കൊച്ചിനെയും സണ്ണി എം. കപിക്കാടിനെയും പോലുള്ളവർ സീഡിയനിൽ എത്തി. നക്സ​െലെറ്റ് പ്രസ്ഥാനത്തെ അറിയാൻ ശ്രമിച്ചവരോ അതിന്റെ സ്പർശനമേറ്റവരോ ആയിരുന്നു സീഡിയൻ സർവിസ് സൊസൈറ്റിക്ക് രൂപകൽപന നൽകുകയും നേതൃത്വം നൽകുകയും ചെയ്തവരിൽ പലരും.

കടുത്തുരുത്തിയിൽ നടന്നൊരു സംസ്ഥാന സമ്മേളനത്തിനുശേഷം നടന്ന പ്രകടനത്തിൽ സീഡിയൻ ഉയർത്തിയ മുദ്രാവാക്യം ‘‘ഞങ്ങൾ കമ്യൂണിസ്റ്റുകാർ’’ എന്ന് തുടങ്ങുന്നതായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായിട്ടും പാർട്ടിയുടെ പോഷക സംഘടനയുടെ പ്രവർത്തകനായ ജയകുമാറും ഞാനും ഈ പ്രകടനത്തിൽനിന്ന്‍ വിട്ടുനിൽക്കാൻ ക​ണ്ടെത്തിയ കാരണം ഈ മുദ്രാവാക്യമായിരുന്നു. പിറവത്ത് നടന്നൊരു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ തൊഴിലാളി വർഗത്തിന്റെ മുന്നണിപ്പടയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന എന്റെ നിലപാട് ആർക്ക് വേണമെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കാമെന്ന നിലപാട് വെച്ച് നക്സ​െലെറ്റ് പ്രസ്ഥാനത്തിലെ സമുന്നതരിലൊരാളായ എ. വാസു ആധികാരികമായി തിരുത്തി. സീഡിയനിലെ കമ്യൂണിസ്റ്റ് വിപ്ലവകാരികൾക്ക് ഇതിൽ കൂടുതൽ എന്തുവേണം. ആവശ്യമുള്ളവർക്ക് കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കാമെന്ന ചിന്തയിൽവരെ സംഘടന എത്തി. ഇക്കാലത്ത് അംബേദ്കറുടെ ചരമദിനത്തോടനുബന്ധിച്ച് എറണാകുളത്ത് സീഡിയൻ സർവിസ് സൊസൈറ്റി സംഘടിപ്പിച്ചൊരു സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ചത് ഡോ. കെ.കെ. മന്മഥൻ ആയിരുന്നു. ഒന്നൊന്നര മണിക്കൂർ നീണ്ടുനിന്ന പ്രബന്ധാവതരണത്തിൽ ഉടനീളം അദ്ദേഹം ശ്രമിച്ചത് ഇന്ത്യയുടെ അർധ കൊളോണിയൽ അർധ ഫ്യൂഡൽ അവസ്ഥ വെളിപ്പെടുത്തുന്നതിനും ഇന്ത്യൻ ഭരണാധികാരികൾ സാമ്രാജ്യത്വ ദല്ലാളൻമാരാണെന്ന് സ്ഥാപിക്കുന്നതിനുമായിരുന്നു.

കാർഷിക വിപ്ലവമായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധത്തിന്റെ സത്ത. ജയിലിൽ ​െവച്ച് കണ്ട മന്മഥന് സീഡിയൻ സർവിസ് സൊസൈറ്റിയിലെത്തിയിട്ടും യാതൊരു മാറ്റവും ഇല്ലെന്ന് തോന്നി. ഈ പ്രബന്ധ​ത്തോടുള്ള എന്റെ വിയോജിപ്പ്​ കെ.കെ. കൊച്ചിന് ഒട്ടും സ്വീകാര്യമായിരുന്നില്ല. ഈ കാലത്ത് സീഡിയൻമാർക്കിടയിൽ പൊതുവിൽ കണ്ടൊരു പ്രവണതയുടെ ഭാഗമായി എന്നെപ്പോലുള്ളവർക്ക് തിരിച്ചറിയാനോ അംഗീകരിക്കാനോ കഴിയുന്നില്ലെന്ന മട്ടിൽ മന്മഥനെ അമിതമായി പെരുപ്പിച്ചു കാണിക്കാൻ കൊച്ചു നടത്തിയൊരു ശ്രമം വിചിത്രമായൊരു സംവാദത്തിലെത്തി. മഹാരാജാസ് കോളജ്​ ഗ്രൗണ്ടിനടുത്തു​െവച്ചാണ് സംഭവം. മാർക്സ്-ലെനിൻ-മാവോ-അംബേദ്കർ നിരയിൽ നിർത്തി കൊച്ച് കെ.കെ.എസ്. ദാസിനെ പരിചയപ്പെടുത്തി. എനിക്കൊന്നും മനസ്സിലായില്ല. അംബേദ്കർക്ക് പിന്നാലെ​ കൊച്ചിന്റെ പേരാണ് പറഞ്ഞിരുന്നതെങ്കിൽ പിന്നെയും അംഗീകരിക്കാമായിരുന്നുവെന്ന മട്ടിൽ ഞാനതിനെ പരിഹാസ്യമായി തള്ളിപ്പറഞ്ഞു. മാർക്സിസം-ലെനിനിസം-അംബേദ്കറിസം എന്ന സങ്കൽപത്തിലേക്ക് ഈ കാലത്ത് സീഡിയൻ എത്തിയിരുന്നു.

 

ഒരു സംഘടനയെന്ന നിലയിൽ അതിന്റെ വികാസ പരിണാമങ്ങൾ എന്തുതന്നെയായിരുന്നാലും സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയുമെല്ലാം ഭാവന ദലിതർക്കിടയിൽ എത്തിക്കാൻ അവർക്കിടയിൽനിന്നുതന്നെ ഉയർന്നുവന്നൊരു സംഘടനയായിരുന്നു സീഡിയൻ സർവിസ്​ സൊസൈറ്റി. ഒപ്പം വർണം, ദേശം, വംശം, ജാതി തുടങ്ങിയ പരികൽപനകൾ വർഗത്തോടൊപ്പം രാഷ്ട്രീയവ്യവഹാരത്തിലേക്കും കൊണ്ടുവന്നു. എന്നിരിക്കിലും ഒരു കർഷകജനതയെന്ന് ദലിതരെ വിലയിരുത്തുകയും കാർഷിക വിപ്ലവവുമായി അതിനെ ബന്ധിപ്പിക്കുകയുമായിരുന്നു സീഡിയൻ ഏറ്റെടുത്ത ദൗത്യം. കാർഷിക വിപ്ലവം തന്നെയായിരുന്നു കമ്യൂണിസ്റ്റുകളുടെയും നക്സ​െലെറ്റുകളുടെയും കേന്ദ്രപ്രമേയം. കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുമ്പോഴും സീഡിയന്റെ ഈ വർഗനിലപാടിനോട് യോജിപ്പ് തോന്നിയിരുന്നില്ല.എന്നാൽ, സീഡിയൻ ഉന്നയിച്ച വർ​​ഗേതര പ്രശ്നങ്ങൾ അ​ന്വേഷണ വിഷയങ്ങളുമായി.

1985ൽ പശ്ചിമ ബംഗാളിലെ മിഡ്നാപുർ ജില്ലയിൽ നടന്ന സി.ആർ.സി.സി.പി.ഐ (എം.എൽ) അഖിലേന്ത്യാ സമ്മേളനത്തിലെ മുഖ്യ അജണ്ടകളിലൊന്ന് ജാതിപ്രശ്നമായിരുന്നു. തങ്ങളുടെ ചിന്താപദ്ധതിക്ക് കുരുക്കഴിക്കാൻ എ​ളുപ്പമല്ലാത്ത നിരവധി സമസ്യകൾ ഇന്ത്യൻ കമ്യൂണിസ്റ്റുകൾ നേരിട്ടിരുന്നു. മാർക്സിയൻ സ​മ്പ്രദായത്തിലുള്ള സാമൂഹിക വിശകലനംപോലും പ്രായോഗികമല്ലാത്ത ഒരു സ്​പേസിലായിരുന്നു അവർക്ക് പ്രവർത്തിക്കേണ്ടിവന്നത്. ഗോത്രവും ഭാഷയും ജാതിയും മതവുമെല്ലാം ഇത്തരം പ്രതിഭാസങ്ങളായിരുന്നു. ചിലപ്പോൾ ചിലയിടങ്ങളിൽ അവർ ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ ശ്രമിച്ചു. ചില​പ്പോൾ തള്ളിക്കളയുകയോ മൗനം പാലിക്കുകയോ ചെയ്തു. കൊളോണിയൽ ഘട്ടത്തിൽ ഇത്തരം വിഷയങ്ങളിൽ സ്വീകരിക്കാൻ ശ്രമിച്ചിരുന്ന ഗുണപരമായ സമീപനങ്ങൾപോലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പിന്തുടരാനായില്ല. പഞ്ചാബിലും അസമിലും കശ്മീരിലും വടക്കുകിഴക്കേ ഇന്ത്യയിലെ ഗോത്രമേഖലയിലുമെല്ലാം ഇക്കാലത്ത് ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമൂഹിക രാഷ്ട്രീയ നീക്കങ്ങളെ വിഘടനവാദമായി വിലയിരുത്തുകയും ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത, ഒരൊറ്റ സംസ്കാരം എന്ന വലതുപക്ഷ, തീവ്ര വലതുപക്ഷ നിലപാടുകളോട് സഖ്യം ചെയ്യുകയുമാണ് മുഖ്യധാരാ കമ്യൂണിസ്റ്റുകൾ ചെയ്തത്. ജാതിപ്രശ്നത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. ജാതി ഇല്ലായ്മചെയ്യുമെന്ന പ്രഖ്യാപനത്തിനപ്പുറം ജാതിഗ്രസ്തമായ ഇന്ത്യൻ സമൂഹത്തിൽ എങ്ങനെയാണ് ഇടപെടേണ്ടതെന്നതിനെപ്പറ്റി യാതൊരു സമീപനവും അവർക്ക് ഉണ്ടായിരുന്നില്ല. ഇത്തരമൊരു സന്ദിഗ്ധഘട്ടത്തിലാണ് സി.ആർ.സി. സി.പി.ഐ (എം.എൽ) ഇദംപ്രഥമമായി ജാതിപ്രശ്നം ചർച്ചക്കെടുത്തത്.

കൊളോണിയൽ കാലത്ത് അംഗീകരിക്കുകയും സ്വാതന്ത്ര്യാനന്തര കാലത്ത് ശക്തിപ്പെടുകയുംചെയ്ത ജാതിഘടനക്കുള്ളിലെ ചലനങ്ങൾ അധഃസ്ഥിത ആദിവാസി വിഭാഗങ്ങൾക്കെതിരെയുള്ള വ്യാപകമായ ആക്രമണങ്ങളായിട്ടാണ് വികസിച്ചുവന്നത്. ദലിത് ഗ്രാമങ്ങൾ ചുട്ടെരിക്കപ്പെടുന്നതും അവരുടെ സ്ത്രീകൾ മാനഭംഗപ്പെടുന്നതുമെല്ലാം സർവസാധാരണമായി. ഭൂതകാലത്തിന്റെ മാറാപ്പിൽ പാട്ടുകളുമായി ഇഴഞ്ഞുനീങ്ങുന്ന ഒരു ജനസഞ്ചയത്തിൻമേലായിരുന്നു ഈ കടന്നാക്രമണങ്ങൾ. അവരുടെ നിരക്ഷരതയും ദാരിദ്ര്യവുമെല്ലാം എക്കാലവും മേൽജാതിക്കാരുടെ ആഘോഷങ്ങളായിരുന്നു. അതിനിടയിലാണ് വിദ്യാഭ്യാസത്തിലൂടെയും മറ്റുമുണ്ടായ​ ചെറിയ മാറ്റങ്ങൾ മറുവാക്കുകളായും വിയോജിപ്പുകളായും പ്രതികരണങ്ങളായും വളർന്നുവന്നത്. ഇത് മേൽജാതിക്കാരെ​ ക്രോധാവേശത്തിലാക്കി. രാഷ്ട്രീയത്തിലെ ജാതിവത്കരണം ദലിതരുടെ വോട്ടവകാശംപോലും അപഹാസ്യമാക്കി. രക്ഷകരെ തേടിയവർ വിധേയരായി, ചട്ടു​കങ്ങളായി. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കൊലചെയ്യപ്പെടുമ്പോൾ സിഖുകാരെ കൂട്ടക്കൊല ചെയ്യുന്നതിനായി കോൺഗ്രസ് നേതൃത്വം ഉപയോഗിച്ചൊരു റെജിമെന്റ് ദലിതരായിരുന്നു. ഗാന്ധിയുടെ ഹരിജനങ്ങൾ. അതുപോലെ 1984ലെ കരുണാകര ഭരണം. ദലിതർക്ക് ആട്, കോഴി, പശുവിതരണം, സമൂഹസദ്യയിൽ പ​ങ്കെടുക്കൽ. ബലാത്സംഗത്തിനിരയാകുന്ന ദലിത് സ്ത്രീകൾക്ക് 5000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ടി.കെ.സി. വടുതല കോൺഗ്രസ് സീറ്റിൽ രാജ്യസഭയിലെത്തിച്ച ഇങ്ങനെ ഇരകളും ചട്ടുകങ്ങളുമായൊരു ജനത.

ഈ ദലിതാവസ്ഥ മുൻനിർത്തിയാണ് ജാതിപ്രശ്നം ചർച്ചചെയ്യപ്പെട്ടത്. കാർഷികവിപ്ലവത്തിലൂടെ സ്വാഭാവികമായി പരിഹരിക്കപ്പെടുന്നൊരു പ്രശ്നമായിട്ടാണ് കമ്യൂണിസ്റ്റുകാർ ജാതിപ്രശ്നത്തെ കണ്ടിരുന്നത്. എന്നാൽ, വർഗസമരത്തിന്റെയും ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെയും തൊഴിലാളിവർഗ സർവാധിപത്യത്തിന്റെയുമെല്ലാം മാർക്സിയൻ​ ഫ്രെയിമിൽ എങ്ങനെയാണ് ജാതിപ്രശ്നം പരിഹരിക്കാൻ പോകുന്നത്? അതി വിപ്ലവാനന്തര കാലത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. അപ്പോൾ നിലവിലുള്ള ജാതിവിമോചനങ്ങളും ഉച്ചനീചത്വങ്ങളും അതിക്രമങ്ങളുമോ? ഇതായിരുന്നു ജാതിപ്രശ്നവുമായി ബന്ധപ്പെട്ട് ദലിത്പക്ഷത്തുനിന്ന് ഉന്നയിക്കപ്പെട്ട മുഖ്യപ്രശ്നം. മറ്റു രാഷ്ട്രീയകാര്യങ്ങളിൽനിന്ന് വ്യത്യസ്തമായി ജാതിപ്രശ്നവുമായി ബന്ധപ്പെട്ട പാർട്ടി രേഖ ചർച്ചചെയ്യപ്പെട്ടപ്പോൾ ഇടപെടാനായി. കണ്ണമ്പള്ളി മുരളിയാണ് രേഖ അവതരിപ്പിച്ചത്. ഈ സ​മ്മേളനത്തിൽ പ​ങ്കെടുത്തതുകൊണ്ടുള്ള നേട്ടവും സന്തോഷവുമായിരുന്നു അത്. ഇന്ത്യയുടെ സവിശേഷത എന്ന നിലയിൽ ജാതിപ്രശ്നവും ദലിതരുടെ തനതായ പ്രവർത്തനങ്ങളും അംഗീകരിക്കുന്നൊരു നീതിബോധത്തിലാണ് സമ്മേളനം എത്തിച്ചേർന്നത്. എന്നെ സംബന്ധിച്ചിടത്തോളം സീഡിയന്റെ കണ്ടെത്തലുകളുടെ ഒരു തുടർച്ച ഈ തീരുമാനത്തിലുണ്ടായിരുന്നു.

ഈ സമ്മേളനത്തോടനുബന്ധിച്ചുണ്ടായ ഊഷ്മളമായൊരു അനുഭവം മറ്റ് സഖാക്കളിൽനിന്ന് വ്യത്യസ്തമാ​യി എന്നെ തങ്ങളിലൊരാളായി തിരിച്ചറിഞ്ഞ തദ്ദേശവാസികളായ സന്താളുകൾ എനിക്കായി നൽകിയ ആതിഥ്യവും ബന്ധുത്വപ്രഖ്യാപനവുമായിരുന്നു. ഒരിക്കൽ നക്സൽ ബാരിയിൽനിന്ന് ഞാനറിഞ്ഞ ദുരന്തവാർത്ത എന്റെ ബന്ധുക്കളുടേതു തന്നെയായിരുന്നുവെന്ന് അവർ അർഥശങ്കക്കിടയില്ലാത്തവണ്ണം ബോധ്യപ്പെടുത്തി. രാജ്യത്തിന്റെ തെക്കേ അറ്റവും കിഴക്കേ അറ്റവും തമ്മിലുള്ള അകലങ്ങളൊന്നും ശരീരഭാഷയിലൂടെ തിരിച്ചറിയുന്നതിൽനിന്ന് ഞങ്ങളെ തടഞ്ഞില്ല. പാർട്ടി സമ്മതത്തോടെ പ്രാദേശിക സഖാക്കൾക്കൊപ്പം അവരുടെ വീട്ടിൽ പോയി. ഡൽഹിയിൽനിന്നെത്തിയ സുഗതനുമുണ്ടായിരുന്നു. പുനരാവർത്തനമില്ലാത്തൊരു ബന്ധുസന്ദർശനം.

കാലിവളർത്തും കൃഷിപ്പണിയുമായി കഴിയുന്ന സാധാരണ മനുഷ്യരാണ്. സാൽമരങ്ങളെ കുലുക്കിയിളകിപ്പോകുന്ന സായാഹ്ന കാറ്റും​ വേനൽച്ചൂടിൽ മുങ്ങിക്കുളിക്കാൻ ഇടം നൽകിയ നീർച്ചാലും വിളവെടുപ്പു കഴിഞ്ഞ പാടശേഖരങ്ങളെ നോക്കി ഇങ്ക്വിലാബ് വിളികളുമായി ചുറ്റിക്കറങ്ങിയ പ്രകടനവും, കാളവണ്ടിയിലുള്ള മടക്കയാത്രയിൽ മഹാരാഷ്ട്രയിൽനിന്നുള്ള ഭീമൻ സഖാവിന്റെ വണ്ടി നിയന്ത്രണംവിട്ടതും ’70കളുടെ തുടക്കത്തിൽ വിപ്ലവകാരികളുടെ നിരവധി കൂട്ടക്കൊലകൾക്ക് സാക്ഷ്യം വഹിച്ച കൽക്കത്ത നഗരവും അവരുടെ മൃതശരീരങ്ങൾ വലിച്ചെറിഞ്ഞ ഗംഗാനദിയും ശവംതീനികളായ കഴുകൻമാരെയുമെല്ലാം കണ്ടു. മടക്കയാത്രയിൽ കൂട്ടിന് സുഗതനായിരുന്നു. പോക്കുവരവുകളിൽ ഗ്രാമങ്ങളിലും, പട്ടണങ്ങളുടെയും നഗരങ്ങളുടെയും പാർശ്വങ്ങളിലും ചേരികളിലും ഞാൻ കണ്ട നഗ്നരും അർധനഗ്നരുമായ എല്ലും വയറുമുന്തിയ ശൈശവങ്ങളായിരുന്നു ഇന്ത്യയുടെ ഒരു മുഖം. അത് ഇന്ത്യയിലെ ദലിതരുടെയും ആദിവാസികളുടെയും മുഖമായിരുന്നു. ജാതിവ്യവസ്ഥയുടെ ഏറ്റവും ഹിംസാത്മകമായ മുഖം.

(തുടരും)

News Summary - K.M. Salimkumar biography