Begin typing your search above and press return to search.

പത്രലോകത്തെ കാലാൾ ഭടന്‍

പത്രലോകത്തെ   കാലാൾ ഭടന്‍
cancel

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി. രാമന്‍ ഇന്ത്യന്‍ മാധ്യമരംഗത്തെയും രാഷ്ട്രീയത്തെയും ആറു പതിറ്റാണ്ടിലേറെക്കാലം ഡൽഹിയില്‍ ഇരുന്ന് നിരീക്ഷിച്ച മാധ്യമ പടയാളിയാണ്.നവതിയിലെത്തിയ അദ്ദേഹം ഇപ്പോഴും ആ പോരാട്ടം തുടരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമരംഗവും നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയും ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിണാമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പത്രപ്രവര്‍ത്തനം തികച്ചും വ്യവസായവും പത്രം കേവലം ഉൽപന്നവും എന്ന ചിന്തക്ക് ഇന്ത്യയില്‍ വേരോട്ടം 21ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്നതിനു മുമ്പേ ആരംഭിച്ചിരുന്നു. പത്രഉടമകള്‍ ഫോര്‍ത്ത് എസ്റ്റേറ്റിനെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി. രാമന്‍ ഇന്ത്യന്‍ മാധ്യമരംഗത്തെയും രാഷ്ട്രീയത്തെയും ആറു പതിറ്റാണ്ടിലേറെക്കാലം ഡൽഹിയില്‍ ഇരുന്ന് നിരീക്ഷിച്ച മാധ്യമ പടയാളിയാണ്.നവതിയിലെത്തിയ അദ്ദേഹം ഇപ്പോഴും ആ പോരാട്ടം തുടരുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമരംഗവും നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയും ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിണാമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പത്രപ്രവര്‍ത്തനം തികച്ചും വ്യവസായവും പത്രം കേവലം ഉൽപന്നവും എന്ന ചിന്തക്ക് ഇന്ത്യയില്‍ വേരോട്ടം 21ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്നതിനു മുമ്പേ ആരംഭിച്ചിരുന്നു.

പത്രഉടമകള്‍ ഫോര്‍ത്ത് എസ്റ്റേറ്റിനെ റിയല്‍ എസ്റ്റേറ്റായി കാണാന്‍ തുടങ്ങി. വിദേശപത്രങ്ങളുടെ തനിപ്പകര്‍പ്പുകള്‍ ഇന്ത്യയില്‍ അച്ചടിക്കാനും അച്ചടി മാധ്യമത്തിലെ വിദേശ നിക്ഷേപം കൂടുതൽ ഉദാരമാക്കാനും അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നിലും ഇതേ നിലപാടായിരുന്നു. ആദര്‍ശങ്ങളുടെയും സാമൂഹിക പ്രതിബദ്ധതയുടെയും സ്ഥാനത്ത് വിപണി യുക്തിയും, ജനപ്രിയ രാഷ്ട്രീയവും അധികാരകേന്ദ്രങ്ങളെ കീഴടക്കുമ്പോള്‍ അവയെ കൃത്യമായി അപഗ്രഥിക്കേണ്ടത് അനിവാര്യമാണ്.

ലോകത്തെങ്ങും അതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു സംഗതി ഇന്ത്യയില്‍ അരങ്ങേറി. പത്രപ്രവര്‍ത്തനത്തിന് പത്രപ്രവര്‍ത്തകരെ ആവശ്യമില്ല എന്ന സിദ്ധാന്തം. അത് ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കിയത് തൊണ്ണൂറുകളില്‍ ‘ടൈംസ് ഓഫ് ഇന്ത്യ’ ആയിരുന്നു. അതിന്റെ ഉടമസ്ഥരില്‍പെട്ട വിവേക് ജയിന്‍ ഒരു ദിവസം പ്രഖ്യാപിക്കുന്നു, പത്രാധിപര്‍ എന്ന തസ്തിക പത്രത്തിന് ആവശ്യമില്ല. പകരം സര്‍ക്കുലേഷന്‍ മാനേജര്‍ പത്രാധിപരായി ചുമതലയേല്‍ക്കുന്നു. ഇത്തരം കസര്‍ത്തുകളിലൂടെ ആ പത്രം അങ്ങനെ സര്‍ക്കുലേഷനില്‍ മുന്‍നിരയിലെത്തുന്നു.

വിവേക് ജയിനിന്റെ പിതാവ് അശോക് ജയിന്‍ മകന്റെ വിവേകത്തെ പുകഴ്ത്തിക്കൊണ്ട് അന്ന് പറഞ്ഞതിങ്ങനെയാണ്: ‘ടൈംസ് ഓഫ് ഇന്ത്യ’ ഈ പോളിസി നടപ്പാക്കിയ ശേഷം കോപ്പികളുടെ വർധന എട്ട് ഇരട്ടിയിലേറെയായി. പത്രത്തിന്റെ വില ഒരു രൂപയിലേക്ക് താഴ്ത്തി. മിക്കദിവസങ്ങളിലും അഡീഷനലായി സപ്ലിമെന്റുകള്‍ വേറെയും. അങ്ങനെ പേജുകള്‍ വർധിപ്പിച്ചിട്ടും വന്‍ ലാഭം കമ്പനിക്കുണ്ടായി. അവിടംകൊണ്ടും തീര്‍ന്നില്ല പത്രത്തില്‍ പരസ്യം ചെയ്യുന്ന കമ്പനികളുടെ പേമെന്റില്‍ ഒരുഭാഗം ആ കമ്പനികളുടെതന്നെ ഷെയര്‍ ആക്കി മാറ്റിക്കൊണ്ട് ബെന്നറ്റ് കോള്‍മാന്‍ കമ്പനി അത് മുതല്‍ക്കൂട്ടാക്കുകയും ചെയ്തു.

ആദ്യകാലങ്ങളില്‍ പത്രാധിപരും പത്രഉടമയും തമ്മിലായിരുന്നു അവകാശത്തര്‍ക്കം. അവ നിലനില്‍ക്കുമ്പോള്‍തന്നെ പുതിയ ഏറ്റുമുട്ടല്‍ പലയിടങ്ങളിലും ഉണ്ടാകുന്നത് പത്രാധിപരും പരസ്യാധിപരും തമ്മിലാണ്. രണ്ട് യുദ്ധങ്ങളിലും പത്രാധിപര്‍, അതായത് പത്രധര്‍മം എന്ന് പരക്കെ അറിയപ്പെടുന്ന വിശ്വാസസംഹിത, അടിയറപറഞ്ഞിരിക്കുന്നു. ഇതൊക്കെ തുറന്നെഴുതാന്‍ അധികം പേരും മുതിരുകയില്ല. കാരണം, അവര്‍ക്ക് പലതും ഭരണകൂടത്തില്‍നിന്നും പത്രസ്ഥാപനത്തില്‍നിന്നും നേടിയെടുക്കേണ്ടതുണ്ട്. അവിടെയാണ് പി. രാമന്‍ എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ പ്രസക്തി.

കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലം ഡൽഹിയിലെ രാഷ്ട്രീയ ഇടനാഴികളിലും മാധ്യമ മുറികളിലും ഒരു സാധാരണ പത്രപ്രവര്‍ത്തക പടയാളിയായി നിലകൊണ്ട പൊല്‍പാക്കര രാമന്‍ എന്ന പി. രാമന്‍. അദ്ദേഹം തന്റെ അനുഭവക്കരുത്തിലൂടെ ഇത്തരം ജീര്‍ണതകളെ തുറന്നുകാട്ടാന്‍ തയാറായി. ആകാര്‍ ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ രണ്ടു പ്രമുഖ ഗ്രന്ഥങ്ങളായ ‘ദി പോസ്റ്റ്-ട്രൂത്ത് മീഡിയാസ് സര്‍വൈവല്‍ സൂത്ര’, മറ്റൊരു പുസ്തകമായ ‘ട്രിസ്റ്റ് വിത്ത് സ്ട്രോങ് ലീഡര്‍ പോപ്പുലിസം’ എന്നിവ ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിയുടെ നേര്‍ക്കാഴ്ചകളാണ്. ഒരു മാധ്യമ പടയാളിയുടെ ഡൽഹിയിലെ കരിയര്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താന്‍ വഹിച്ച വലിയ പദവികളെക്കുറിച്ചോ നേട്ടങ്ങളെക്കുറിച്ചോ ഒരിക്കലും സ്വയം പുകഴ്ത്താന്‍ ശ്രമിക്കാറില്ല എന്നത് പി. രാമന്‍ എന്ന വ്യക്തിത്വത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ്.

ജോസഫ് മുണ്ടശ്ശേരിയുടെ ‘നവജീവന്‍’ എന്ന പത്രത്തില്‍ വിദ്യാർഥി ആയിരിക്കെ പത്രപ്രവര്‍ത്തനം ആരംഭിച്ചു രാമന്‍. അന്ന് അവിടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ടി.കെ.ജി. നായര്‍, കെ.കെ. വാര്യര്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാനായി. കേവലം 20 വയസ്സു മാത്രമുള്ളപ്പോള്‍ രാമന്‍ 1955ല്‍ ഡല്‍ഹിയില്‍ എത്തപ്പെട്ടു.

വി.കെ. കൃഷ്ണമേനോന്റെ പത്രാധിപത്യത്തിലിറങ്ങിയിരുന്ന ‘ദി സെഞ്ചുറി’ മാസികയില്‍ ചേര്‍ന്നു. അന്നവിടെ ടി.ജെ.എസ്. ജോര്‍ജുമുണ്ടായിരുന്നു. കൃഷ്ണ മേനോന്റെ മരണത്തോടെ സെഞ്ച്വറി നിലച്ചപ്പോള്‍ രാമന്‍ ‘കാരവന്‍’ എന്ന പ്രസിദ്ധീകരണത്തിലേക്കും ടി.ജെ.എസ്. ജോര്‍ജ് ഹോ​േങ്കാങ്ങിലേക്കും പോയി.

ഡൽഹിയിലെ മാധ്യമ ചരിത്രത്തിനൊപ്പം സഞ്ചരിച്ചതാണ് രാമന്റെ ജീവിതത്തിലെ നാഴികക്കല്ലായി മാറിയത്. തുടര്‍ന്ന് ഡൽഹി പ്രസ് ഇറക്കിയ ‘കാരവന്‍’ മാഗസിനില്‍ ഒന്നര വര്‍ഷത്തോളം സബ് എഡിറ്ററായിരുന്നു. അതിനുശേഷം ഇടത്തട്ട നാരായണന്‍ ചീഫ് എഡിറ്ററായിരുന്ന ‘പേട്രിയറ്റ്’ പത്രത്തില്‍ സബ് എഡിറ്ററായും പിന്നീട് റിപ്പോര്‍ട്ടറായും സേവനമനുഷ്ഠിച്ചു.

അതിനുശേഷം രാമന്‍ ‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍ ചേര്‍ന്നു. അവിടെ ബി.ജി. വര്‍ഗീസ് എന്ന പ്രഗല്ഭനായ എഡിറ്ററുടെ കീഴില്‍ പാര്‍ലമെന്റ് റിപ്പോര്‍ട്ടറായി അദ്ദേഹം തിളങ്ങി. ആ കാലയളവില്‍ തന്നെ അദ്ദേഹത്തിന് അഹ്മദാബാദിലേക്ക് ഒരു പണിഷ്‌മെന്റ് പോസ്റ്റിങ്ങും ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് ‘ടൈംസ് ഓഫ് ഇന്ത്യ’ ഗ്രൂപ്പിന്റെ ഭാഗമായ ‘ദി ഇക്കണോമിക് ടൈംസി’ല്‍ പൊളിറ്റിക്കല്‍ എഡിറ്ററായത്. അവിടെ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അക്കാലത്താണ് അദ്ദേഹം പ്രശസ്തമായ ‘റിയല്‍പൊളിറ്റിക്’ എന്ന രാഷ്ട്രീയ കോളം കൈകാര്യം ചെയ്തത്. അതിനു ശേഷമാണ് ‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡി’ല്‍ ചേര്‍ന്നത്. ആ പ്രസിദ്ധീകരണത്തിലും ‘റിയല്‍പൊളിറ്റിക്’ എന്ന കോളം തുടര്‍ന്നു. വിരമിച്ചശേഷം അത് സിൻഡിക്കേറ്റ് ചെയ്യുകയുമുണ്ടായി.

കരിയറിന്റെ അവസാന ഘട്ടത്തില്‍ ‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ പത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധിയായി ‘ഇന്ത്യന്‍ പ്രസ് കൗണ്‍സിലി’ല്‍ രണ്ടു തവണ (ആറു വര്‍ഷം) അംഗമായിരുന്നിട്ടുള്ള അദ്ദേഹം പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ സജീവ ഭാരവാഹിയുമായിരുന്നു. എഡിറ്റര്‍മാരില്‍നിന്ന് ഉടമകളിലേക്ക് മാറിയ അധികാരം തന്റെ ആദ്യ പുസ്തകമായ ‘ദി പോസ്റ്റ്-ട്രൂത്ത് മീഡിയാസ് സര്‍വൈവല്‍ സൂത്ര: എ ഫുട് സോള്‍ജ്യര്‍ വെര്‍ഷന്‍’ എന്ന കൃതിയിലൂടെ സ്വാതന്ത്ര്യാനന്തര ഇന്ത്യ മുതല്‍ ഇന്നുവരെയുള്ള മാധ്യമ ചരിത്രമാണ് അദ്ദേഹം പങ്കുവെക്കുന്നത്. തൊണ്ണൂറുകള്‍ക്കു ശേഷം ഉദാരവത്കരണത്തിന്റെ വരവോടെ മാധ്യമങ്ങളിലെ അധികാരം ചീഫ് എഡിറ്റര്‍മാരില്‍ നിന്നും പത്രത്തിന്റെ ഉടമസ്ഥരിലേക്കും പരസ്യദാതാക്കളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു.

വാര്‍ത്തകള്‍ വെറുമൊരു വിപണി ഉൽപന്നം മാത്രമായി മാറിയ ഈ മാറ്റത്തെ പി. രാമന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. പ്രസ് കൗണ്‍സില്‍ പോലും പത്ര ഉടമകള്‍ക്ക് കീഴടങ്ങി എന്നതിന്റെ നഖചിത്രം ഈ പുസ്തകത്തില്‍ വരച്ചിടുന്നു. ഇത് മറ്റൊരു പത്രപ്രവര്‍ത്തകന്റേയും സ്മരണകളില്‍ എഴുതിയിട്ടുള്ളതായി അറിയില്ല. ഓരോ അക്ഷരങ്ങളും പെറുക്കിയെടുത്ത് ഗ്യാലിയില്‍ സെറ്റുചെയ്ത് ഫ്രൂഫ് വായിച്ച്, തെറ്റുതിരുത്തി അച്ചടിച്ചിറക്കിയ ആദ്യകാലം മുതല്‍ (അതിന്റെ വിവരണവും പുസ്തകത്തിലുണ്ട്.) ഡിജിറ്റല്‍ കാലം വരെ സജീവമായി പത്രപ്രവര്‍ത്തനം നടത്തിയ, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന അപൂർവ പ്രതിഭ. ‘ദി വയര്‍’ എന്ന പ്രസിദ്ധീകരണത്തിനായി ആഴ്ചയില്‍ രണ്ട് സ്‌റ്റോറികള്‍ ചെയ്യുന്നു.

‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’ (ബോംബെ, ഡല്‍ഹി, നോര്‍ത്ത്), ‘ടെലിഗ്രാഫ്’ മുതലായവക്ക് അവര്‍ ആവശ്യപ്പെടുമ്പോള്‍ എഴുതിക്കൊടുക്കാറുമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് മെയിന്‍ട്രീം വാരികയില്‍ ‘ഔട്ട്‌സൈഡര്‍’ എന്ന പേരില്‍ ഇന്ദിര ഗാന്ധിയെ വട്ടംകറക്കിയ ഒരു കോളം ഉണ്ടായിരുന്നു. അത് എഴുതിയത് സാക്ഷാല്‍ നരസിംഹറാവു ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത് രാമന്റെ പുസ്തകത്തിലൂടെ ആയിരുന്നു.

ഓര്‍മക്കുറിപ്പുകളില്‍ ഒരിടത്തും താന്‍ അതു ചെയ്തു, ഇതു ചെയ്തു എന്ന് സ്വയം പുകഴ്ത്തുന്ന പരാമര്‍ശങ്ങള്‍ കാണാനേ ഇല്ല. മറിച്ച് താനും മറ്റു പത്രങ്ങളില്‍ ജോലിചെയ്യുന്ന സമാന മനസ്‌കരായ മൂന്നുപേരും ചേര്‍ന്ന് തങ്ങള്‍ ഒരു പത്രത്തിന്റെയും എക്സിക്യൂട്ടിവ് പദവികള്‍ ഏറ്റെടുക്കുകയില്ലെന്നു തീരുമാനിച്ചു. പത്ര മുതലാളിമാരുടെ പത്രബാഹ്യ ബിസിനസ് വളര്‍ത്താന്‍ പത്രാധിപന്മാരെ ഉപയോഗിക്കുന്ന പ്രവണതയെ അതിജീവിക്കാനാണ് അത്തരം ഒരു തീരുമാനം എടുത്തതെന്നും രാമന്‍ അവതാരികയില്‍ പറയുന്നുണ്ട്.

ഇന്ത്യന്‍ പത്രങ്ങളില്‍നിന്നും സ്വാതന്ത്ര്യസമരകാലത്തും ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലം വരെ ഉണ്ടായിരുന്ന സൂപ്പര്‍ എഡിറ്റര്‍മാര്‍ പിന്നീട് എങ്ങനെ ഇല്ലാതായി..? എങ്ങനെയാണ് ‘ടൈംസ് ഓഫ് ഇന്ത്യ’ (ബി.സി.സി.എല്‍) വഴി പത്രങ്ങളില്‍ മാര്‍ക്കറ്റിങ് സ്റ്റാഫിന് മേല്‍ക്കൈ കിട്ടി..? ഇങ്ങനെയുള്ള ഒട്ടേറെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നുണ്ട് രാമന്‍.

യഥാർഥ വസ്തുതകളേക്കാള്‍ ഉപരിയായി മനുഷ്യന്റെ വൈകാരികതകളെയും വിശ്വാസങ്ങളെയും സ്വാധീനിക്കുന്ന വാര്‍ത്തകള്‍ക്ക് മുന്‍ഗണന ലഭിക്കുന്ന ഈ ‘പോസ്റ്റ്-ട്രൂത്ത്’ യുഗത്തില്‍ മാധ്യമങ്ങള്‍ എങ്ങനെ അതിജീവിക്കണം എന്നതിനുള്ള ‘സൂത്രവാക്യങ്ങള്‍’ അദ്ദേഹം ഇതില്‍ വിവരിക്കുന്നു. ‘സ്ട്രോങ് ലീഡര്‍’ പ്രതിഭാസത്തിന്റെ അപഗ്രഥനം പി. രാമന്റെ രണ്ടാമത്തെ ശ്രദ്ധേയമായ രാഷ്ട്രീയ ഗ്രന്ഥമാണ് ‘ട്രിസ്റ്റ് വിത്ത് സ്ട്രോങ് ലീഡര്‍ പോപ്പുലിസം’.

11 അധ്യായങ്ങളുള്ള ഈ ഗ്രന്ഥം സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ, പ്രത്യേകിച്ച് മോദി സര്‍ക്കാറിന്റെ ഭരണശൈലിയെയും അതിന്റെ സ്വാധീനങ്ങളെയും ആഴത്തില്‍ വിശകലനം ചെയ്യുന്നു. അഞ്ഞൂറിലധികം വരുന്ന ആധികാരികമായ വസ്തുതകളും സൂചികകളും ഉള്‍പ്പെടുത്തിയാണ് അദ്ദേഹം ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അധികാരം പൂർണമായും കേന്ദ്രീകരിക്കപ്പെട്ടതും, ബ്യൂറോക്രസിയുടെ ഘടനയില്‍ വരുത്തിയ മാറ്റങ്ങളും അദ്ദേഹം ഇതില്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്റ് മുതല്‍ സിവില്‍ സൊസൈറ്റിയും മാധ്യമങ്ങളും വരെയുള്ള ഭരണഘടനാപരമായ ജനാധിപത്യ സ്ഥാപനങ്ങള്‍ എങ്ങനെയാണ് ഈ അതിശക്തമായ ജനപ്രിയ രാഷ്ട്രീയത്തിന് മുന്നില്‍ നിഷ്പ്രഭമായിപ്പോയതെന്ന് പി. രാമന്‍ ആശങ്കപ്പെടുന്നു. മാധ്യമങ്ങള്‍ ഭരണകൂടത്തെ നിരീക്ഷിക്കുന്നതിന് പകരം അതിന്റെ പി.ആര്‍ ഏജന്‍സികളായി മാറുന്നതിനെ അദ്ദേഹം കടുത്ത ഭാഷയില്‍ ചോദ്യംചെയ്യുന്നു.

 

പി. രാമന്‍

വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തിലും വിപണിയുടെയും ഭരണകൂടത്തിന്റെയും സമ്മർദങ്ങള്‍ക്ക് വഴങ്ങാതെ, ജനപക്ഷത്തുനിന്നുകൊണ്ട് സത്യം വിളിച്ചുപറയാന്‍ മാധ്യമങ്ങളും സമൂഹവും തയാറാകണമെന്ന സന്ദേശമാണ് പി. രാമന്റെ രണ്ട് കൃതികളും നല്‍കുന്നത്. ലളിതജീവിതം നയിക്കുന്ന, സ്വയം പുകഴ്ത്തലുകളില്‍ നിന്ന് മാറിനില്‍ക്കുന്ന പി. രാമന്‍ കേരളത്തില്‍ അറിയപ്പെടുന്ന ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്.

രാമന്‍ എഴുതിയ ഈ രണ്ട് പുസ്തകങ്ങളും ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും മാധ്യമരംഗത്തിന്റെയും അകക്കാഴ്ചകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരു വായനക്കാരനും ഒഴിച്ചുകൂടാനാവാത്ത വിലപ്പെട്ട ചരിത്രരേഖകളാണ് എന്നു നിസ്സംശയം പറയാം.

പിന്‍കുറിപ്പ്: പി. രാമന്‍ എന്നൊരു മുതിര്‍ന്ന, പ്രമുഖനായൊരു പത്രപ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍ ഉണ്ടെന്നും അദ്ദേഹം മലയാളിയാണെന്നും കേരളത്തില്‍ ഏറെയൊന്നും അറിയപ്പെടാത്ത സംഗതിയാണ്. 90 വയസ്സായ പി. രാമനാവണം ഇന്ത്യയില്‍ ഇന്നും സജീവമായി എഴുതിക്കൊണ്ടിരിക്കുന്ന ഏറ്റവും തലമുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ സഹോദരിയുടെ മകനാണ് ഇദ്ദേഹം. എടപ്പാള്‍ പൊല്‍പാക്കര രാമനെ തിരഞ്ഞപ്പോള്‍ ഗൂഗിള്‍ ആദ്യം പൊന്നാനിക്കാരന്‍ കവി പി. രാമനെ എടുത്തുകാട്ടി. അല്ല ഡല്‍ഹിയിലെ മുതിര്‍ന്ന ജേണലിസ്റ്റ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം 2026 ഫെബ്രുവരി 10ന് നിര്യാതനായി എന്ന് മറുപടി.

ഡല്‍ഹിയില്‍ സമാചാര്‍ അപ്പാര്‍ട്‌മെന്റില്‍ അദ്ദേഹം ഭാര്യയോടും മകന്‍ ഡോ. ദീപക് പൊല്‍പാക്കരയോടും കുടുംബത്തോടും ഒപ്പം വാർധക്യസഹജമായ കൊച്ചുകൊച്ചു ആരോഗ്യപ്രശ്‌നങ്ങളെ അവഗണിച്ച് തന്റെ മൂന്നാമത്തെ പുസ്തകത്തിന്റെ പണിയില്‍ വ്യാപൃതനായി ജീവിക്കുന്നു. മകള്‍ അമേരിക്കയില്‍ ജോലിചെയ്യുന്നു.

പി. രാമന്റെ ‘ദി പോസ്റ്റ്-ട്രൂത്ത് മീഡിയാസ് സര്‍വൈവല്‍ സൂത്ര: എ ഫുട്സോള്‍ജിയേഴ്സ് വെര്‍ഷന്‍’ എന്ന പുസ്തകമുണ്ടെന്ന് ഈ ലേഖകന്റെ ശ്രദ്ധയില്‍പെടുത്തിയത് രാമന്റെ സമകാലികനായ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി.ജെ. മാത്യു ആണ്. രാമന്റെ പുസ്തകത്തില്‍പോലും വെളിപ്പെടുത്താത്ത ജീവിതരേഖ അങ്ങനെയാണ് ലഭിച്ചത്.

News Summary - P. Raman Six Decades in Delhi Journalism