സൗഹാർദ സ്നേഹമുള്ള സംവിധായകർ

സാലു ജോർജ്- ഫോട്ടോ: രതീഷ് ഭാസ്കർ
കടലാസിൽ എഴുതിവെച്ചതിനെ ദൃശ്യഭാഷയിലേക്ക് മാറ്റാൻ കലാപരമായ അറിവും കഴിവും വായനയും അനിവാര്യമാണ്. മനസ്സുകൊടുത്താകണം കാമറ ചലിപ്പിക്കാൻ. മലയാള സിനിമയിൽ താൻ നടത്തിയ കാമറ ചലനങ്ങളെ പ്രശസ്ത ഛായാഗ്രാഹകൻ സാലു ജോർജ് ലേഖകനോട് ഓർത്തെടുക്കുന്നു. ആത്മഭാഷണം തുടരുന്നു.
‘പ്രാദേശിക വാർത്തകളി’ലൂടെ കമലിനൊപ്പം
‘സംവിധായകരുടെ കാമറാമാൻ’ എന്ന് പലരും എന്നെ വിശേഷിപ്പിക്കാറുള്ളത് സന്തോഷം നൽകിയ വസ്തുതയാണ്. അതിന്റെ മൂലകാരണം അവരോട് ഞാൻ കാണിച്ച സൗഹാർദ സ്നേഹവും അടുപ്പവുമാണ്. ആരുടെ കൂടെ സിനിമ ചെയ്തപ്പോഴാണ് ഏറെ കംഫർട്ട് എന്ന ചോദ്യത്തിനുത്തരം പറയൽ പ്രയാസമാകുന്നതോടൊപ്പംതന്നെ, മനപ്പൂർവം ബുദ്ധിമുട്ടിക്കുന്നവരോടൊപ്പം സിനിമചെയ്യാൻ നിൽക്കാറില്ല എന്നതും ഇവിടെ വ്യക്തമാക്കുകയാണ്.
മലയാളത്തിൽ എണ്ണംപറഞ്ഞ മികച്ച സിനിമകൾ സംവിധാനംചെയ്ത ബഹുമുഖ പ്രതിഭയാണ് കമൽ. അദ്ദേഹം സംവിധാനംചെയ്ത ചില സിനിമകൾക്ക് കാമറ ചലിപ്പിക്കാൻ എനിക്കും അവസരമുണ്ടായി. ‘പ്രാദേശിക വാർത്തകൾ’, ‘പാവം പാവം രാജകുമാരൻ’, ‘തൂവൽസ്പർശം’, ‘ശുഭയാത്ര’, ‘ഉള്ളടക്കം’, ‘വിഷ്ണുലോകം’, ‘ആയുഷ്കാലം’, ‘ചമ്പക്കുളം തച്ചൻ’, ‘എന്നോടിഷ്ടം കൂടാമോ’ എന്നീ സിനിമകളിലാണ് ഞാൻ കമലിനൊപ്പം പ്രവർത്തിച്ചത്. കമൽ ചെയ്ത ഓരോ സിനിമയും വ്യത്യസ്ത സ്വഭാവത്തിലുള്ളതായിരുന്നു. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന സമയത്തുതന്നെ എനിക്ക് കമലിനെ അറിയാം. ഇൻസ്റ്റിറ്റ്യൂട്ടിൽ വരുകയും സംവിധായകൻ ജോർജ് കിത്തു, തോപ്പിൽ ഭാസിയുടെ മകൻ അജയൻ എന്നിവരോട് അദ്ദേഹം സൗഹൃദം പുലർത്തുകയുംചെയ്തിരുന്നു. ഹോസ്റ്റലിൽവെച്ച് ഇവരോടൊപ്പമുള്ള സിനിമ ചർച്ചകളിൽ ഞാനും പങ്കുചേരാറുണ്ടായിരുന്നു.
അക്കാലത്ത് കമൽ സിനിമയിൽ അസിസ്റ്റന്റായും അസോസിയേറ്റായും പ്രവർത്തിക്കുന്നുണ്ടെങ്കിലും അറിയപ്പെടുന്ന കലാകാരനായിരുന്നില്ല. പിന്നീട് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നിറങ്ങി വിപിൻ ദാസ് സാറുടെ കൂടെ ഞാൻ പ്രവർത്തിക്കുന്ന സമയത്താണ് കമലും സംവിധായകൻ സേതുമാധവൻ സാറിന്റെ കൂടെ അസിസ്റ്റന്റായി ചേർന്നത്. പിന്നീട് കമൽ സ്വതന്ത്ര സംവിധായകനായി. ഞാൻ ‘തനിയാവർത്തനം’ അടക്കം സിനിമകളിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനുമായി.
1989ൽ ഇറങ്ങിയ ‘പ്രാദേശിക വാർത്തകൾ’ എന്ന ചിത്രത്തിലൂടെയാണ് ഞാനും കമലും ഒരുമിച്ച് പ്രവർത്തിച്ചു തുടങ്ങിയത്. സിനിമ പ്രവർത്തകൻ എന്നതിനപ്പുറം നല്ലൊരു സഹൃദയനും വിശ്വസ്തനുമാണ് കമൽ. പത്തോളം സിനിമകളിൽ കമലിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചതിൽ ‘ഉള്ളടക്കം’ സിനിമയുടെ ടൈറ്റിൽ ഷോട്ട് എടുക്കുന്ന സമയത്ത് വ്യത്യസ്തമായൊരു അനുഭവമുണ്ടായി. അത് തുടർന്ന് വിശദീകരിക്കാം.
കൂടെ ജോലിചെയ്യുന്നവരോട്, അതൊരുപക്ഷേ കാമറാമാനോ അസിസ്റ്റന്റ്സോ അസോസിയറ്റ്സോ ആയിക്കൊള്ളട്ടെ അവരോടെല്ലാം കഥ പറഞ്ഞുകൊടുക്കുന്ന രീതിയാണ് കമലിന്റേത്. അങ്ങനെ കഥപറഞ്ഞ് ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പുതന്നെ മൊത്തം സ്റ്റോറിയും അദ്ദേഹം മനപ്പാഠമാക്കിയിട്ടുണ്ടാകും. സിനിമ ചിത്രീകരണത്തിന് ഇത് ഉപകാരവുമാണ്. തിരക്കഥാകൃത്തുക്കൾ മറന്നാൽപോലും കമലിന്റെ മനസ്സിൽനിന്ന് കഥ മാഞ്ഞുപോകില്ല. കരിയറിന്റെ ആരംഭത്തിൽ നടൻ ദിലീപിന് ഏറെ ഉപകാരംചെയ്ത വ്യക്തികൂടിയാണ് കമൽ. 1991ൽ കമൽ സംവിധാനംചെയ്ത ‘വിഷ്ണുലോക’ത്തിലൂടെയാണ് ദിലീപ് ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് വരുന്നത്. പിന്നീടിറങ്ങിയ ‘എന്നോടിഷ്ടം കൂടാമോ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കും പ്രവേശിച്ചു.
എഴുതി കൊണ്ടുവരുന്നത് അതുപോലെ ഷൂട്ട് ചെയ്യുന്നതിനു പകരം പോരായ്മകൾ തിരുത്തി തിരക്കഥ മാറ്റിയെഴുതി മെച്ചപ്പെടുത്തുന്ന ശീലം കമലിനുണ്ട്. സിനിമ എങ്ങനെ രൂപപ്പെടുത്തണമെന്ന കൃത്യമായ രൂപം ഷൂട്ടിങ്ങിന്റെ ആരംഭംതൊട്ടേ അദ്ദേഹത്തിന്റെ മനസ്സിലുണ്ടാകും. ഒന്ന്, രണ്ട് സിനിമകൾ ചെയ്തു കഴിഞ്ഞപ്പോൾതന്നെ ഞങ്ങൾ തമ്മിൽ ആത്മാർഥമായൊരു ബന്ധവും വേവ് ലെങ്ത്തും ഉണ്ടായിവന്നു. സ്ക്രിപ്റ്റ് എഴുതിക്കഴിഞ്ഞാൽ എന്നെ വിളിച്ച് വായിച്ച് കേൾപ്പിക്കും. ഞാൻ ഒാകെ പറഞ്ഞാൽ മാത്രമേ ആർട്ടിസ്റ്റുകളോട് കഥപറയാൻ പോകൂ. സീൻ വിവരിക്കുമ്പോൾ, എന്റെ അഭിപ്രായംകൂടി കേട്ട് വേണ്ട മാറ്റങ്ങൾ വരുത്തിയ ശേഷമേ ഷൂട്ടിങ് നടപടികൾ അദ്ദേഹം നടത്താറുള്ളൂ. മിക്ക സിനിമകളും ഇതുപോലെതന്നെയാണ് ഞങ്ങൾ ചെയ്തിട്ടുള്ളത്.
കമൽ സിനിമകളിൽ എടുത്തുപറയേണ്ട ഒന്നാണ് അതിലെ ഗാനചിത്രീകരണം. ഔസേപ്പച്ചൻ-കമൽ കൂട്ടുകെട്ടിൽ പിറന്ന ‘ഉള്ളടക്ക’ത്തിലെ ‘‘പാതിരാമഴയേതോ...’’, ‘ആയുഷ്കാല’ത്തിലെ ‘‘മൗനം സ്വരമായ്’’, രവീന്ദ്രൻ മാസ്റ്ററോടൊപ്പം ചെയ്ത ‘തമ്പക്കുളം തച്ചനി’ലെ ‘‘മകളെ പാതിമലരെ’’ തുടങ്ങിയ പാട്ടുകളെല്ലാംതന്നെ നന്നായി പിക്ചറൈസ് ചെയ്തതും സൂപ്പർഹിറ്റുകളായതുമാണ്. ഫ്രെയിമിനെ കുറിച്ചും ലൈറ്റിനെ കുറിച്ചും അസാമാന്യ ബോധ്യമുള്ള ആളുകൂടിയാണ് കമൽ.
ഷോട്ട് ബൈ ഷോട്ട് ആയല്ല സീനുകൾ എടുക്കുന്നത് എന്നതും കമലിന്റെ പ്രത്യേകതയാണ്. ഒരുപക്ഷേ, ആദ്യം 13ാമത്തെ ഷോട്ടായിരിക്കും ഷൂട്ട് ചെയ്യുക, ഒന്നാമത്തെ ഷോട്ട് എടുക്കുന്നത് അവസാനവും. ഏകദേശം മധ്യഭാഗത്തോ, മറ്റോ വരുന്ന ഷോട്ട് കാണിച്ച് കമൽ പറയും, ‘‘സാലൂ ആദ്യം നമുക്ക് ഈ ഷോട്ടെടുക്കാം, ആദ്യം വരുന്ന ഷോട്ടുകൾ നമുക്ക് പിന്നീട് നോക്കാം.’’ എന്നാൽ, സിബിയുടെ ശീലം ഇങ്ങനെയായിരുന്നില്ല. 40 ഷോട്ടുകൾ എടുക്കാനുണ്ടെങ്കിൽ ഒന്നു മുതൽ 40 വരെയുള്ള ഷോട്ടുകൾ ഒന്നിന് പിറകെ ഒന്നായി എടുക്കും. കമലിനെ പോലെതന്നെ സംവിധായകൻ കെ. മധുവും ഇടക്കുള്ള സീനായിരിക്കും ആദ്യം എടുക്കാൻ പറയുക. അതു കഴിഞ്ഞാണ് ആദ്യത്തെ ഷോട്ടിലേക്കും അവസാനത്തേതിലേക്കുമെല്ലാം പ്രവേശിക്കുന്നത്. ഓരോരുത്തർക്കും ഓരോ ശീലങ്ങളാണ്. കാമറാമാനെ സംബന്ധിച്ച് ഏത് ഷോട്ട് പറഞ്ഞാലും അത് എടുക്കാൻ സന്നദ്ധനായിരിക്കണം എന്നുള്ളതാണ് കാര്യം.
കമൽ,തുളസീദാസ്,കെ. മധു,തമ്പി കണ്ണന്താനം
തൂവൽസ്പർശത്തിലെ കിങ്ങിണി
വർഷങ്ങൾക്കു മുമ്പ്, ഫോർട്ട്കൊച്ചിയിൽ സിനിമയുടെ ചിത്രീകരണത്തിനിടെ സുന്ദരിയായ ഒരു കൊച്ച് അങ്ങോട്ടു വന്നു. എന്നെ കണ്ട് അടുത്തുവന്നശേഷം ചോദിച്ചു: ‘‘സാർ, എന്നെ മനസ്സിലായോ?’’ ആ കൊച്ചിനെ നല്ലപോലെ ശ്രദ്ധിച്ചെങ്കിലും മുഖം ഓർത്തെടുക്കാനായില്ല. മനസ്സിലായില്ലെന്ന് മറുപടി പറഞ്ഞപ്പോൾ, തിരിച്ച് പറഞ്ഞു. ‘‘സാർ ഞാൻ ‘തൂവൽസ്പർശം’ സിനിമയിൽ അഭിനയിച്ച ആ കുഞ്ഞുകുട്ടിയാണ്.” എനിക്ക് വല്ലാത്ത ആശ്ചര്യമായി. അന്ന് കണ്ടപ്പോ കല്യാണമൊക്കെ കഴിഞ്ഞ് വലിയ പെണ്ണായിട്ടുണ്ട്. ബേബി ഫർസീന ഭായ്, ‘തൂവൽസ്പർശ’ത്തിൽ കിങ്ങിണിയെന്ന കൊച്ചുകുഞ്ഞായി അഭിനയിച്ച് പ്രേക്ഷകമനം കവർന്ന ഒന്നര വയസ്സുകാരി. അന്ന് സെറ്റിൽ അവളെ കൊഞ്ചിച്ചും ലാളിച്ചും പൊന്നോമനയെ പോലെയാണ് ഞങ്ങൾ കൊണ്ടുനടന്നത്.
ആ സിനിമയുമായി ബന്ധപ്പെട്ട് നല്ല കുറെ ഓർമകൾ എനിക്ക് പറയാനുണ്ട്. കലൂർ ഡെന്നിസിന്റെ തിരക്കഥയിലും സംഭാഷണത്തിലും കമൽ സംവിധാനംചെയ്ത് 1990ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘തൂവൽസ്പർശം’. എവർഷൈൻ പിക്ചേഴ്സ് നിർമിച്ച ഈ ചിത്രത്തിൽ യുവതാരങ്ങളായി അന്ന് കത്തിനിന്ന ജയറാം, മുകേഷ്, സായികുമാർ എന്നിവരും സുരേഷ് ഗോപി, ഉർവശി, രഞ്ജിനി, ബഹദൂർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇന്നസെന്റ്, മാമുക്കോയ, സുകുമാരി, പറവൂർ ഭരതൻ, സൈനുദ്ദീൻ തുടങ്ങിയവരുമാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരുമിച്ച് താമസിക്കുന്ന അവിവാഹിതരായ മൂന്ന് ചെറുപ്പക്കാരുടെ ഇടയിലേക്ക് ഒരു കൈക്കുഞ്ഞ് അവിചാരിതമായി വരുന്നതും, തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഈ സിനിമ ചെയ്യുമ്പോൾ ഞാനും കമലും മൊത്തത്തിലുള്ള ടീമും അനുഭവിച്ച ടെൻഷൻ, അതിലെ ഒന്നര വയസ്സ് മാത്രമുള്ള കുഞ്ഞിനെ എങ്ങനെ കൈകാര്യംചെയ്യും എന്നതിനെ കുറിച്ചായിരുന്നു. കാമറാമാനെ സംബന്ധിച്ച് ഷൂട്ട് ചെയ്യണമെങ്കിൽ കുഞ്ഞിന്റെ മൂഡ് എങ്ങനെയെന്ന് നോക്കണം. നല്ലപോലെ ഉറങ്ങുന്ന സമയത്ത് ലൈറ്റും മറ്റു ക്രമീകരണങ്ങളും ചെയ്തുവെച്ച് ഉറങ്ങുന്ന സീൻ എടുക്കുമ്പോഴായിരിക്കും കുഞ്ഞ് ഉണരുക. അതോടെ ആ സീൻ കട്ട് ആവും. ഇതുപോലെ നടന്മാർ വേഷം മാറി മേക്കപ്പ് ഇട്ട് ഒരുങ്ങി അഭിനയിക്കാൻ നിൽക്കുമ്പോൾ കുഞ്ഞ് വീണ്ടും കരയും. അപ്പഴും ഷോട്ടെടുക്കാൻ കഴിയില്ല. ഇതുപോലെ, ചിരിക്കുന്ന സീനെടുക്കണമെങ്കിലും, ഏറെനേരെ കാത്തുനിൽക്കണം. കളിചിരികളും കളിപ്പാട്ടങ്ങളും കൊടുത്ത് ചിരിപ്പിച്ച് പതിയെ ഇണങ്ങിവരുമ്പൊ ഞാൻ കാമറ ഓൺ ചെയ്ത് ഷോട്ടെടുക്കും. ബാക്കിയെല്ലാ നടന്മാർക്കും ഇതേ അവസ്ഥയായിരുന്നു. കുഞ്ഞിന്റെ ടൈമിങ്ങിനായിരുന്നു പ്രാധാന്യം. കുഞ്ഞ് ഹാപ്പിയായി ഒാകെയാകുമ്പോൾ കമൽ ആക്ഷൻ പറയും. അങ്ങനെ രാത്രി രണ്ടു മണിവരെ കാത്തിരുന്ന് ബുദ്ധിമുട്ടിയാണ് ആ സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്.
എല്ലാ ഷോട്ടും ചിത്രീകരിച്ച് കഴിഞ്ഞെങ്കിലും കുഞ്ഞ് ഉറങ്ങുന്ന കുറച്ച് സീനുകൾകൂടി എടുക്കാൻ ബാക്കിവന്നു. അത്, എങ്ങനെയെടുക്കും എന്ന കൺഫ്യൂഷനുണ്ടായെങ്കിലും പരിഹാരവും മുന്നിൽ തുറന്നുവന്നു. തുടക്കത്തിലുണ്ടായിരുന്ന അപരിചിതത്വം ഷൂട്ടിങ്ങിന്റെ അവസാനമായപ്പോഴേക്കും ഇല്ലാതെയായി, കുഞ്ഞ് ഞങ്ങളോടൊപ്പം അടുപ്പം കാണിച്ചു. അതോടെ, കുഞ്ഞിന്റെ ഉറക്കവും കുറഞ്ഞു. അധിക സമയവും ചിരിയും കളികളുമായി രസിച്ചു നടന്നു. പിന്നീട് കാര്യങ്ങളെല്ലാം എളുപ്പമായി, ഷൂട്ടും നടന്നു.
ഈ സിനിമയിലൂടെ ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. കുട്ടികൾ, പക്ഷികൾ, ജന്തുക്കൾ എന്നിവയെ ഷൂട്ട് ചെയ്യുമ്പോൾ നമ്മൾ വിചാരിക്കുന്നതാവില്ല കാമറയിലൂടെ കിട്ടുക. അങ്ങനെ വരുമ്പോൾ പിന്നെ ചെയ്യാനുള്ളത്, അവരെ നല്ലപോലെ നിരീക്ഷിച്ച് സന്ദർഭത്തിനനുസരിച്ച് കാമറ ചലിപ്പിക്കുക മാത്രമാണ്. ഇതിന് നല്ല ക്ഷമയും സമയവും അത്യാവശ്യമാണ്. ഇത്തരത്തിലുള്ള ചിത്രീകരണത്തിൽ കട്ട്ഷോട്ടുകളുടെ എണ്ണം താരതമ്യേന കൂടുതലായിരിക്കും. അത് എഡിറ്റർക്കാണ് നല്ല പണിയാകുന്നത്. എന്നാൽ, ഇവ കറക്ടായി എടുത്തുവെക്കാൻ സാധിച്ചാൽ ആ സീൻ ഗംഭീരമായിരിക്കും. ഇവിടെ കാമറാമാന് മുകളിൽ എഡിറ്റർക്ക് പണിയെടുക്കേണ്ടി വരും.
വെല്ലുവിളിയായ ‘ഉള്ളടക്ക’ത്തിലെ ടൈറ്റിൽ ഷോട്ട്
കിതച്ചുകൊണ്ട് വേഗത്തിൽ ഓടുന്ന ഒരാൾ, അയാളെ ആരോ പിന്തുടരുന്നുണ്ട്. വിഭ്രാന്തപ്പെട്ട്, തന്റെ സ്വപ്നങ്ങളെ തച്ചുടച്ച് തന്നെ കീഴ്പ്പെടുത്താൻ വരുന്ന ആ അജ്ഞാതശക്തിയിൽനിന്ന് രക്ഷപ്പെടാനാണ് അയാൾ ധൃതിയിൽ ഒാടുന്നത്. അയാൾ മാനസികമായി ഏറെ പിരിമുറുക്കത്തിലുമാണ്. സിതാര കാമ്പയിൻസിന്റെ ബാനറിൽ ചെറിയാൻ കൽപകവാടിയുടെ കഥക്ക് പി. ബാലചന്ദ്രൻ തിരക്കഥയും സംഭാഷണവും നിർവഹിച്ച് സുരേഷ് ബാലാജി 1991ൽ നിർമിച്ച ‘ഉള്ളടക്കം’ സിനിമയുടെ ടൈറ്റിൽ ഷോട്ടാണിത്. കഥാപാത്രത്തെ കാണിക്കാതെ കാമറ ചലനങ്ങളിലൂടെയും ബാക്ഗ്രൗണ്ട് മ്യൂസിക് സഹായത്തോടെയും സന്ദർഭം വിവരിക്കുന്ന, ഏറെ ചർച്ച ചെയ്യപ്പെട്ട ഈ രംഗം ചിത്രീകരിച്ചതിന് പിന്നിൽ പ്രത്യേകമൊരു കഥകൂടി പറയാനുണ്ട്.
സിനിമയിൽ ഡോ. സണ്ണിയായി മോഹൻലാലും ആനിയായി ശോഭനയും അഭിനയിച്ചപ്പോൾ രേഷ്മ എന്ന ഭ്രാന്തിയായ യുവതിയുടെ വേഷത്തിൽ നടി അമല നിറഞ്ഞാടി. 1991ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ‘അഭിമന്യു’, ‘കിലുക്കം’ എന്നീ ചിത്രങ്ങളോടൊപ്പം ‘ഉള്ളടക്ക’ത്തിലെ അഭിനയവും കണക്കിലെടുത്ത് മോഹൻലാലിന് മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കാനായി. കമലിന് മികച്ച സംവിധായകനുള്ള അവാർഡും ‘എന്റെ സൂര്യപുത്രിക്ക്’, ‘ബലി’ എന്നീ ചിത്രങ്ങളോടൊപ്പം ഭാഗ്യലക്ഷ്മിക്ക് മികച്ച ഡബിങ് ആർട്ടിസ്റ്റിനുള്ള അവാർഡും ഈ ചിത്രത്തിലൂടെ നേടാനായി. ഈ സിനിമയുടെ ചിത്രീകരണ സമയത്താണ് സൗത്ത് ഇന്ത്യയിൽ ആദ്യമായി കാമറ സ്റ്റെബിലൈസിങ് സിസ്റ്റം വരുന്നത്. സിനിമയുടെ നിർമാതാവും മോഹൻലാലിന്റെ ഭാര്യാ സഹോദരനുമായ സുരേഷ് ബാലാജി ഷൂട്ടിങ് സമയത്ത് എന്നോട് പറഞ്ഞു.
‘‘സാലൂ, ഈ സിസ്റ്റം നമുക്ക് ഈ സിനിമയിലൊന്ന് പരീക്ഷിച്ചാലോ.’’ കമലുമായി സംസാരിച്ചിട്ട് മറുപടി പറയാമെന്ന് ഞാൻ തിരിച്ചുപറഞ്ഞു. കമലിനോട് ഇക്കാര്യം പറഞ്ഞപ്പോൾ ‘‘നോക്കാം’’ എന്ന മറുപടി കിട്ടി. ലൊക്കേഷനിൽ ഉപയോഗിക്കുന്ന സാദാ കാമറയിലേക്ക് സ്റ്റെബിലൈസിങ് സിസ്റ്റം കൂട്ടിച്ചേർത്ത് പ്രവർത്തിപ്പിക്കുന്ന സംവിധാനമാണിത്. ഇതുവഴി ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന അനാവശ്യ ചലനങ്ങളും വിറയലുമെല്ലാം ഒഴിവാക്കാനാകും.
അങ്ങനെ, ആ സംവിധാനം കേരളത്തിലേക്ക് എത്തിച്ച് ഷൂട്ടിങ് സെറ്റിൽ കൊണ്ടുവന്നു. ഇതിനായി പ്രത്യേകം പരിശീലനം നേടിയ ഓപറേറ്ററും വന്നിരുന്നു. തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോകുന്ന വഴിയിൽ മുട്ടം എന്ന സ്ഥലത്താണ് ‘ഉള്ളടക്ക’ത്തിന്റെ ടൈറ്റിൽ ഷോട്ട് ചിത്രീകരിച്ചത്. സിനിമകളിൽ കാണുന്നതുപോലെ ഭൂമികുലുക്കമുണ്ടായി ഭൂമിക്ക് വിള്ളൽവീണതു പോലുള്ള സ്ഥലമുണ്ടായിരുന്നു അന്നവിടെ. വളഞ്ഞും തിരിഞ്ഞും പോകുന്ന ആ വഴിയാണ് അന്ന്, അവിടത്തെ ഗ്രാമവാസികൾ കാൽനടയാത്രക്ക് ഉപയോഗിച്ചിരുന്നത്. ഹൈ ആംഗിൾ ഷോട്ടെടുത്താൽ ആ വഴിയിലൂടെ പോകുന്നവരെയെല്ലാം കാണിക്കേണ്ടി വരും. അതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ച് നീളത്തിലൊരു ഷോട്ടെടുക്കാൻ തീരുമാനിച്ചു.
സിനിമയിൽ ഓടുന്ന ആളെ കാണിക്കുന്നില്ല, പകരം ഓടുന്നത് കാമറയാണ്. അതും വളഞ്ഞും പുളത്തും ചാഞ്ഞും ചരിഞ്ഞുമുള്ള ഓട്ടം. ഈ ഷോട്ടിലൂടെയാണ് സിനിമയുടെ ടൈറ്റിൽസ് എല്ലാം വരുന്നത്. അങ്ങനെ ഷൂട്ടിങ് പുരോഗമിക്കവെ ആ വഴി ഞങ്ങൾക്ക് വല്ലാത്ത തലവേദനയായി. വിണ്ടുകീറിയ ആ പാതയുടെ നിൽപ് ഒറ്റവഴിയായി നേരെയായല്ല. കുറച്ച് ദൂരം ചെന്നാൽ വലത്തേക്ക് തിരിയണം, അതുകഴിഞ്ഞ് പോയാൽ ഇടത്തോട്ടും, പിന്നെയും വലത്തോട്ടും ഇടത്തോട്ടും മാറി മാറി തിരിയണം. ഞങ്ങൾക്ക് എടുക്കേണ്ടത് ലെങ്തിയായൊരു ഷോട്ടാണ്. അതിനു വേണ്ടത് വളവും തിരിവുമില്ലാത്ത നീളമുള്ളതും കുറച്ചെങ്കിലും വീതിയുള്ളതുമായ ഇടവഴിയാണ്.
ഏതൊരു പ്രതിസന്ധിക്കും അതിനപ്പുറത്തുതന്നെ പരിഹാരവുമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അങ്ങനെ, മുന്നിൽ വന്ന പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന ലക്ഷ്യത്തോടെ ഞാനും എന്റെ അസോസിേയറ്റ് എം.ഡി. സുകുമാരനും ആ വഴിയിലൂടെ മുന്നോട്ടു നടന്നു. കുറച്ച് നടന്നപ്പോൾ വഴി അടഞ്ഞു. പിന്നെ വലത്തോട്ട് തിരിയണം. വീണ്ടും നടന്നു, പിന്നെ വഴി തിരിഞ്ഞത് ഇടത്തോട്ടാണ്. ലെങ്തി ഷോട്ടെടുക്കുമ്പോൾ ഈ വളവുതിരിവുകൾ പണിയാകുമെന്ന് ഉറപ്പായി. ഞങ്ങൾ തിരികെ വഴിയുടെ പുറത്തെത്തി, തുടർന്ന് എങ്ങനെ ഷോട്ടെടുക്കും എന്ന ആലോചനയിലാണ്ടു.
ഒടുവിൽ, പ്രതിസന്ധി പരിഹരിക്കാൻ ഞങ്ങൾക്കൊരു മാർഗം കിട്ടി, അധികം റിസ്കില്ലാത്തതും യുക്തിപരവുമായ പരിഹാര മാർഗം. അരിപ്പൊടി പോലുള്ള പൊടി, സിനിമയിൽ പ്രേക്ഷകർക്ക് കാണാത്തവിധം ആ വഴിയിലാകെ വിതറി. എന്നിട്ട്, സ്റ്റെബിലൈസിങ് സിസ്റ്റം കൈകാര്യംചെയ്യുന്ന വ്യക്തിയും ഞങ്ങളും കാമറയും പിടിച്ച് തള്ളിത്തള്ളി അതിലൂടെ ഓടി. വഴി തിരിയേണ്ട സ്ഥലങ്ങളിലെത്തുമ്പോൾ പൊടി കണ്ട് അങ്ങോട്ട് തിരിയും, പിന്നെയും മുന്നോട്ടു പായും എന്നിട്ട് വലത്തോട്ടുള്ള ദിശ കാണുമ്പോൾ അങ്ങോട്ടും. അങ്ങനെ അര കിലോമീറ്ററോളം ദൂരത്തിൽ ആ ദുർഘട പാതയിലൂടെ ഓടിയാണ് ആ നീളൻരംഗം ഞങ്ങൾ കാമറക്കുള്ളിലാക്കിയത്. ഭീതിപ്പെടുത്തുന്നതും മനുഷ്യമനസ്സിന്റെ സങ്കീർണതകളിലേക്കും അബോധ മനസ്സിലൂടെ വരുന്ന ഭ്രാന്തൻ ചിന്തകളെയും ഒരേ കാഴ്ചയിലൂടെ പ്രേക്ഷകരിലേക്ക് പകരാൻ ഈ രംഗത്തിലൂടെ ഞങ്ങൾക്ക് സാധിച്ചു.
രാത്രി ദുഃസ്വപ്നം കണ്ട് ഞെട്ടിയുണരുകയും കെട്ടുപിണഞ്ഞ മനസ്സിന്റെ കിതപ്പടക്കാൻ ശ്രമിച്ച്, കിടപ്പറയിൽ തൂക്കിയിട്ട സ്വിച്ചമർത്തി ലൈറ്റിടുകയും പിന്നീട് മേശക്കരികിലേക്ക് നടന്ന് കണ്ണട ധരിച്ച് കൂജയിൽ അവശേഷിച്ച തുള്ളിയും കുടിച്ച് ശാന്തനാകാൻ നോക്കുന്ന മോഹൻലാലിനെയാണ് സിനിമയിലെ തുടർന്നുള്ള രംഗങ്ങളിൽ കാണിക്കുന്നത്. ഡോ. സണ്ണി എന്ന മനോരോഗ ചികിത്സകന്റെ അപ്പോഴത്തെ മനോനില എന്താണെന്നും അയാൾ അനുഭവിക്കുന്ന വിഭ്രാന്തി എന്താണെന്നും ഈ സീനുകളിലൂടെ പ്രേക്ഷകന് വ്യക്തതയോടെ ബോധ്യമായി. സിനിമ ഇറങ്ങിയപ്പോൾ എനിക്ക് നിറകൈയടി കിട്ടിയ രംഗംകൂടിയായിരുന്നു അത്.
‘ഏഴരപ്പൊന്നാന’ സിനിമയുടെ ചിത്രീകരണത്തിനിടെ നടി കനക, നടൻ ജയറാം, സംവിധായകൻ തുളസീദാസ്, സാലു ജോർജ്,എം.ഡി. സുകുമാരൻ എന്നിവർ
കോമഡിയും സസ്പെൻസും ത്രില്ലറുമായി നിറഞ്ഞുനിന്ന നീണ്ടകാലം
സിബിക്കും കമലിനും പുറമെ സീനിയർ സംവിധായകരിൽ ഞാൻ ഏറെ സിനിമകൾ ചെയ്ത വ്യക്തികളാണ് കെ. മധുവും തുളസീദാസും തമ്പി കണ്ണന്താനവും. കുറ്റാന്വേഷണ സിനിമകളിൽ മലയാളത്തിൽ എന്നും മികച്ചുനിൽക്കുന്ന സംവിധായകനാണ് കെ. മധു. അദ്ദേഹത്തിന്റെ ഏഴ് സിനിമകൾക്ക് വേണ്ടി കാമറ ചലിപ്പിക്കാൻ ഭാഗ്യമുണ്ടായി. ‘തലമുറ’, ‘ജനാധിപത്യം’, ‘ഗോഡ്മാൻ’, ‘സേതുരാമയ്യർ സി.ബി.ഐ’, ‘നേരറിയാൻ സി.ബി.ഐ’, ‘ക്രൈം ഫയൽ’, ‘ബാങ്കിങ് ഹവേഴ്സ് 10-4’ എന്നിവ കെ. മധുവിനൊപ്പം ചെയ്ത സിനിമകളാണ്. സി.ബി.ഐ സീരീസിലെ രണ്ട് സിനിമകൾക്ക് കാമറ ചെയ്യാൻ എനിക്ക് അവസരമുണ്ടായതിനൊപ്പം തന്നെ അതിനു മുമ്പത്തെ സീരീസുകളായ ‘ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്’, ‘ജാഗ്രത’ എന്നീ സിനിമകൾക്ക് കാമറ കൈകാര്യം ചെയ്തത് എന്റെ ഗുരുനാഥൻ വിപിൻ ദാസ് സാറാണ് എന്ന യാദൃച്ഛികതയുമുണ്ട്. നല്ല അച്ചടക്കമുള്ള സെറ്റായിരിക്കും കെ. മധുവിന്റേത്. ഷോട്ട് വിവരിക്കുമ്പോൾതന്നെ കാമറാമാന് മനസ്സിലാകും കാമറ മൂവ്മെന്റ്സ് എങ്ങനെ വേണമെന്ന്. ബാക് ഗ്രൗണ്ട് മൂവ്മെന്റ്സിന് നല്ല ശ്രദ്ധ കൊടുത്ത് അഭിനയിപ്പിച്ചെടുക്കാൻ പുള്ളിക്ക് അസാമാന്യ പാടവമാണ്.
തുളസീദാസ് സംവിധാനംചെയ്ത ‘മിമിക്സ് പരേഡ്’, ‘കാസർകോട് കാദർഭായ്’, ‘ഏഴരപ്പൊന്നാന’, ‘പൂച്ചക്കാര് മണികെട്ടും’, ‘ആയിരം നാവുള്ള അനന്തൻ’, ‘ദോസ്ത്’ എന്നീ ആറു സിനിമകൾക്ക് കാമറ ചെയ്യാൻ എനിക്ക് അവസരം തന്നു. കാമറയുടെ അനക്കങ്ങളെ സൂക്ഷ്മമായി സിനിമയിൽ ഉപയോഗിക്കുന്ന സംവിധായകൻ എന്ന നിലയിൽ തുളസീദാസ് ശ്രദ്ധേയനാണ്. തിരക്കഥ നന്നായി പഠിച്ച് മനസ്സിലാക്കി മാത്രമേ അദ്ദേഹം സിനിമയെടുക്കൂ. കൂടാതെ, ആർട്ടിസ്റ്റുകളെക്കൊണ്ട് നല്ലപോലെ അഭിനയിപ്പിക്കും. ഷോട്ട് എടുക്കുമ്പോൾതന്നെ എഡിറ്റിങ് എങ്ങനെ വേണമെന്ന് പുള്ളി മനസ്സിലാക്കിവെക്കും. അതുകൊണ്ട് ചുമ്മാ എടുത്ത് ഒഴിവാക്കി കളയുന്ന രംഗങ്ങൾ കുറവായിരിക്കും.
‘രാജാവിന്റെ മകൻ’ എന്ന ഒരൊറ്റ സിനിമകൊണ്ട് മലയാളക്കരയാകെ കോളിളക്കമുണ്ടാക്കിയ സംവിധായകൻ തമ്പി കണ്ണന്താനത്തിന്റെ ചില സിനിമകൾക്കും ഞാൻ കാമറ ചെയ്തു. മോഹൻലാൽ നായകനായ ‘മാന്ത്രികം’, സുരേഷ്ഗോപി നായകനായ ‘മാസ്മരം’, മോഹൻലാലിനൊപ്പം ‘ഒന്നാമൻ’ എന്നീ ചിത്രങ്ങളിലാണ് ഞാനും തമ്പി കണ്ണന്താനവും ഒരുമിച്ച് പ്രവർത്തിച്ചത്. ഇതിൽ ‘ഒന്നാമൻ’ എന്ന സിനിമയുടെ മുഴുവൻ കാമറ ജോലിയും പൂർത്തിയാക്കാൻ എനിക്കന്ന് സാധിച്ചില്ല. ഷൂട്ടിങ് നീണ്ടുപോയതുകൊണ്ടും വേറൊരു പടം കമ്മിറ്റ് ചെയ്തതുകൊണ്ടും ‘ഒന്നാമന്റെ’ പകുതി ജോലികൾ പൂർത്തിയാക്കാനേ സാധിച്ചുള്ളൂ. ബാക്കി ജോലികൾ അവർ കാമറാമാൻ അനിൽ വെഞ്ഞാറംമൂടിനെ കൊണ്ടാണ് തീർത്തത്. ടൈറ്റിലിൽപോലും എന്റെ പേരുണ്ടായിരുന്നില്ല. 1983ൽ കോശി നൈനാനും ഫിലിപ് മേരിവില്ലയും ചേർന്ന് നിർമിച്ച് എം.ജി. സോമൻ, മോഹൻലാൽ, ജയഭാരതി, ശുഭ, മേനക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘താവളം’ എന്ന ചിത്രത്തിലൂടെയാണ് തമ്പി കണ്ണന്താനം സംവിധാന രംഗത്തേക്ക് വരുന്നത്.
അദ്ദേഹം ഡയറക്ടർ കം പ്രൊഡ്യൂസറായിരുന്നു. അതുകൊണ്ടുതന്നെ ചെലവു ചുരുക്കി സൂക്ഷ്മതയോടെയാണ് സിനിമയെടുത്തിരുന്നത്. സെറ്റിലെ ഭക്ഷണം, കോസ്റ്റ്യൂംസ്, ഗാനചിത്രീകരണം തുടങ്ങിയ മിക്ക കാര്യങ്ങളും ആർഭാടങ്ങളില്ലാതെയാണ് കൈകാര്യംചെയ്തിരുന്നത്. തിരക്കഥയെ കാര്യമായി നോക്കാതെ സ്വന്തം കാഴ്ചയിലൂടെയുള്ള ഷോട്ടുകളാണ് അദ്ദേഹം എന്നോട് എടുക്കാൻ പറഞ്ഞിരുന്നത്. എഴുതിവെച്ച സംഭാഷണങ്ങൾ മാറ്റി പുതിയത് ചേർത്ത് ഫലിപ്പിക്കുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. കരൾരോഗത്തെത്തുടർന്ന് ചികിത്സയിലായിരിക്കെ 2018 ഒക്ടോബർ രണ്ടിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം മരിച്ചത്. നിർമാതാവ് കം സംവിധായകൻ എന്ന നിലകളിൽ എനിക്കേറെ ബഹുമാനം തോന്നിയിട്ടുള്ള വ്യക്തികൂടിയാണ് തമ്പി കണ്ണന്താനം.
ഈ സംവിധായകരുടെയൊപ്പം പ്രവർത്തിച്ച് കഴിവു നേടിയ ജൂനിേയഴ്സിന്റെ കൂടെയാണ് പിന്നീടെനിക്ക് കാമറചെയ്യാൻ അവസരമുണ്ടായത്. സംവിധായകരായ താഹ, ജോണി ആന്റണി എന്നിവർ ഇക്കൂട്ടത്തിൽ ഏറെ മിടുക്കരായ ചിലരാണ്. ഇതോടൊപ്പം അഞ്ച് തലമുറ സംവിധായകർക്കൊപ്പം പ്രവർത്തിച്ച ഛായാഗ്രാഹകൻ എന്ന ഖ്യാതി നേടാനായതോടൊപ്പം പുതുകാല അനുഭവങ്ങളും എന്നിലേക്ക് പടർന്നെത്തി. ജീവിതം പുതിയ മേച്ചിൽപുറങ്ങളിലേക്ക് ചേക്കേറുകയായിരുന്നു അന്ന്.