Begin typing your search above and press return to search.

കാമറ കാഴ്ചയിലെ ഇന്നലെകൾ

കാമറ കാഴ്ചയിലെ ഇന്നലെകൾ
cancel

കാഴ്ചയുടെ അഭ്രപാളിയിൽ വ്യത്യസ്ത ആഖ്യാനം തീർക്കാൻ സാധിച്ച കാമറാമാനാണ് സാലു ജോർജ്. ‘തനിയാവർത്തന’വും ‘പാദമുദ്ര’യും ‘മാന്ത്രികക്കുതിര’യും ‘മുദ്ര’യും ‘ചമ്പക്കുളം തച്ചനു’മെല്ലാം കാമറക്കണ്ണിലൂടെ അദ്ദേഹം മലയാള സിനിമക്ക് നൽകിയത് എന്നും ഓർത്തുവെക്കാവുന്ന അടയാളങ്ങളാണ്. അഞ്ചു തലമുറ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം സിദ്ധിച്ച സാലു ജോർജുമായി നടത്തിയ സംഭാഷണം. സ്വാതന്ത്ര്യസമരത്തിന്​ വിള പാകിയ തറവാട്രാഷ്ട്രീയക്കാരനാകാൻ എല്ലാ അവസരങ്ങളുമുള്ള കുടുംബത്തിലാണ് എന്‍റെ ജനനം. കേരളത്തിന്‍റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെ ധീര നായികമാരായ അക്കമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നിവരുടെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
കാഴ്ചയുടെ അഭ്രപാളിയിൽ വ്യത്യസ്ത ആഖ്യാനം തീർക്കാൻ സാധിച്ച കാമറാമാനാണ് സാലു ജോർജ്. ‘തനിയാവർത്തന’വും ‘പാദമുദ്ര’യും ‘മാന്ത്രികക്കുതിര’യും ‘മുദ്ര’യും ‘ചമ്പക്കുളം തച്ചനു’മെല്ലാം കാമറക്കണ്ണിലൂടെ അദ്ദേഹം മലയാള സിനിമക്ക് നൽകിയത് എന്നും ഓർത്തുവെക്കാവുന്ന അടയാളങ്ങളാണ്. അഞ്ചു തലമുറ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം സിദ്ധിച്ച സാലു ജോർജുമായി നടത്തിയ സംഭാഷണം.

സ്വാതന്ത്ര്യസമരത്തിന്​ വിള പാകിയ തറവാട്

രാഷ്ട്രീയക്കാരനാകാൻ എല്ലാ അവസരങ്ങളുമുള്ള കുടുംബത്തിലാണ് എന്‍റെ ജനനം. കേരളത്തിന്‍റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെ ധീര നായികമാരായ അക്കമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നിവരുടെ കുടുംബ പാരമ്പര്യ പിന്തുടർച്ചയാണ്​ എ​ന്റേത്​. കോട്ടയം കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കെ.സി. ജോസഫ്-അച്ചാമ്മ ദമ്പതികളുടെ ഇളയ മകനായി 1967ലാണ് എന്‍റെ ജനനം. റബർ പ്ലാന്‍റേഷൻ ഉണ്ടായിരുന്നതിനാൽതന്നെ റബറച്ചായൻമാരെന്നാണ് പൊതുവെ ഞങ്ങളെ വിളിച്ചിരുന്നത്. സാബു ജോസഫ്, സബിത, സയ്യ, സാജു എന്നിവരാണ് സഹോദരങ്ങൾ. ഇളയ മകനായതുകൊണ്ടു തന്നെ രക്ഷിതാക്കളുടെ പ്രിയപ്പെട്ടവനുമായിരുന്നു.

റബറച്ചായന്മാരാണെങ്കിലും കുടുംബത്തിന് രാഷ്ട്രീയത്തോട് ഒരു ചായ്‍വ് അന്നുണ്ടായിരുന്നു. വിശാലമായ മുറ്റവും സൗകര്യവുമൊക്കെയുള്ള വലിയ തറവാടായിരുന്നു ഞങ്ങളുടേത്. അക്കമ്മ ചെറിയാനും റോസമ്മ പുന്നൂസും പിതാവിന്‍റെ മൂത്ത സഹോദരിമാരാണ്. അക്കമ്മ ചെറിയാൻ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പാർട്ടിയിലും റോസമ്മ പുന്നൂസ് കമ്യൂണിസ്റ്റ് പാർട്ടിയിലുമാണ് പ്രവർത്തിച്ചിരുന്നത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ കുടുംബവും പിതാവുമെല്ലാം അവരെ ഏറെ പിന്തുണച്ചിട്ടുണ്ട്.

ബഹളങ്ങൾക്ക് നടുക്കായിരുന്നു കുട്ടിക്കാലം. രണ്ട് രാഷ്ട്രീയ പാർട്ടികളിലായി രണ്ട് പ്രമുഖ വനിതകൾ, അതുകൊണ്ട് തന്നെ മിക്കസമയത്തും വീട് ആളുകളാൽ നിറഞ്ഞിരുന്നു. വീട്ടുമുറ്റത്ത് അഞ്ച് ചാമ്പത്തൈകൾ നിന്നിരുന്ന സ്ഥലമുണ്ടായിരുന്നു. അതിന്‍റെ ചുവട്ടിലാണ് രാഷ്ട്രീയ യോഗങ്ങൾ ചേരുക. കരിപ്പാപറമ്പിൽ തൊമ്മൻ ചെറിയാനാണ് എന്‍റെ അപ്പന്‍റെ അപ്പൻ, വല്യമ്മച്ചി (പിതാവിന്‍റെ മാതാവ്) അന്നമ്മ ചെറിയാൻ. ഓരോ സമയത്തും ഓരോ പാർട്ടിക്കാരുടെ യോഗങ്ങളാകും ഉണ്ടാവുക. രാവിലെ കോൺഗ്രസ് പാർട്ടിയുടെ യോഗമാണെങ്കിൽ ഉച്ചക്കുശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടേതാകും.

വിശ്വാസികളായിരുന്നു കുടുംബം. അതുകൊണ്ട് തന്നെ വല്യമ്മച്ചിക്ക് കുരിശുവര എന്നും നിർബന്ധമാണ്. രണ്ടു മണിക്കൂറൊക്കെ വല്യമ്മച്ചി കുരിശുവരച്ച് പ്രാർഥിക്കും. ഒരിക്കൽ, ഞാനും സഹോ ദരൻ സാജുവും (ഞങ്ങളന്ന് ഒന്നിലോ രണ്ടിലോ ആണ് പഠിക്കുന്നതെന്നാണ് ഓർമ) കുരിശുവരച്ച് പ്രാർഥിക്കുകയായിരുന്നു. ആ സമയം എന്‍റെ അപ്പൻ അവിടേക്ക് വന്ന് ഞങ്ങളെ വിളിച്ച് കൈയിൽ മാലകൾ തന്നിട്ട് പറഞ്ഞു. ‘‘പിള്ളേരെ, അവിടെ പോയി ആ പ്രസംഗിക്കുന്ന ആളുടെ കഴുത്തിൽ ഈ മാലകളൊന്ന് ഇട്ടേച്ച് വാ...’’

അങ്ങനെ ഞാനും ജ്യേഷ്ഠനും അങ്ങോട്ടുചെന്ന് അവർക്ക് മാലയിട്ടു. കുരിശുവരച്ചോണ്ടിരുന്ന ഞങ്ങളെ വിളിച്ചു കൊണ്ടുപോ യത് വല്യമ്മച്ചിക്ക് അത്ര പിടിച്ചില്ല. അക്കാര്യം പറഞ്ഞ് വല്യമ്മച്ചി അപ്പനെ വഴക്ക് പറഞ്ഞിരുന്നു. ഞങ്ങളാണെങ്കിൽ കുരിശുവരയിൽനിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന ചിന്തയിലായിരുന്നു.

അന്നവിടെ കാര്യമായി ഒരാൾ പ്രസംഗിക്കുന്നതായി ഞാൻ ശ്രദ്ധിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും അയാൾ എന്താണ് സംസാരിക്കുന്നതെന്ന് മനസ്സിലായില്ല. അയാൾ വിക്കി വിക്കിയാണ് പ്രസംഗിച്ചിരുന്നത്. കുസൃതി പ്രായത്തിൽ ആ സംസാരം കേട്ട് ഞങ്ങൾ പൊട്ടിച്ചിരിച്ച് അയാളെ കളിയാക്കി. ചിരികേട്ട് അപ്പൻ വിളിച്ച് ‘‘മിണ്ടാതിരിക്കിനെടാ...’’ എന്ന് ഉച്ചത്തിൽ പറയുന്നുണ്ടെങ്കിലും അതൊന്നും ഞങ്ങൾ ഗൗനിച്ചില്ല. നാളുകൾ കഴിഞ്ഞാണ് ഞങ്ങൾക്ക് അക്കാര്യം മനസ്സിലായത്. അന്ന് ഞങ്ങൾ മാലചാർത്തി കൊടുത്തത് കേരളത്തിന്‍റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിനായിരുന്നെന്ന്. അന്നവിടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ യോഗമാണ് നടന്നിരുന്നത്. പി.കെ. വാസുദേവൻ നായർ, എം.എം. ഗോവിന്ദൻ നായർ തുടങ്ങി പ്രമുഖരുടെ പട തന്നെ അവിടെയുണ്ടായിരുന്നു. അപ്പന് അന്ന് കമ്യൂണിസത്തോട് ചെറുതായൊരു ചായ്‍വും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നേതാക്കന്മാരോടൊക്കെ അടുത്തബന്ധമായിരുന്നു.

അക്കമ്മ ചെറിയാന്‍റെ നേതൃത്വത്തിൽ കോൺഗ്രസിന്‍റെ പൊതുയോഗങ്ങളും തറവാട്ട് മുറ്റത്ത് ചേർന്നിരുന്നു. കൊച്ചുങ്ങളായിരുന്ന ഞങ്ങളെ അന്നത്തെ നേതാക്കൾ എടുത്തോണ്ട് നടക്കുകയും ലാളിക്കുകയുമൊക്കെ ചെയ്തിരുന്നു.കേരളത്തിൽ സ്വാതന്ത്ര്യസമര രംഗത്ത് പ്രവർത്തിച്ചിരുന്നവർക്ക് സർക്കാർ താമ്രപത്രം നൽകിയിരുന്ന കാലത്ത് വല്യമ്മച്ചി പത്രങ്ങൾക്ക് അഭിമുഖം നൽകിയിരുന്നു. അതിൽ അവരന്ന് പറഞ്ഞത് എന്‍റെ അമ്മ പിന്നീട് പറഞ്ഞുതന്നത് ഇന്നും ഓർമയുണ്ട്. ‘‘വെറും 17ഉം 18ഉം വയസ്സുള്ള എന്‍റെ രണ്ട് മക്കളേയാണ് ഞാൻ രാഷ്ട്രത്തിന് സമർപ്പിച്ചത്. അതുകൊണ്ട് എനിക്കാണ് താമ്രപത്രം തരേണ്ടിയിരുന്നത്’’ എന്നാണ്.

അക്കമ്മ ചെറിയാൻ,  റോസമ്മ പുന്നൂസ്

 

‘നിർമല’ പിറക്കുന്നു

നല്ല രാഷ്ട്രീയ പശ്ചാത്തലമുള്ള ഞാൻ എങ്ങനെ സിനിമയിലെത്തി എന്ന് പലരും ചോദിക്കാറുണ്ട്. എന്‍റെ അമ്മ അച്ചാമ്മ ജോസഫ് ജനിച്ചു വളർന്നത്​ എറണാകുളം ഞാറയ്ക്കൽ എന്ന സ്ഥലത്താണ്. അമ്മയുടെ അപ്പനാണ് ഷെവലിയർ ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ. അന്ന് പോപ്പിന്‍റെ ഷെവലിയർ പട്ടം ലഭിച്ച അപൂർവം പേരിൽ അദ്ദേഹവുമുണ്ടായിരുന്നു. ചിത്രകലയോട് അപ്പാപ്പന് വലിയ കമ്പമായിരുന്നു. ആ താൽപര്യത്തിൽനിന്നാണ് സിനിമയിലേക്ക് വഴിതുറന്നത്. അമ്മയിൽനിന്നാണ് അപ്പാപ്പനെ കുറിച്ചുള്ള ചരിത്രം ഞാൻ മനസ്സിലാക്കിയത്.

വർഷം 1948, മലയാള സിനിമ അതിന്‍റെ പിറവിക്കുശേഷമുള്ള പുതുപാതയിലേക്ക് പ്രവേശിക്കുന്ന സമയം. അന്ന് അപ്പാപ്പന് തോന്നിയ ചിന്തയിൽനിന്നാണ് ‘നിർമല’ പിറവികൊണ്ടത്. ഒരുപാട് ചരിത്ര നേട്ടങ്ങൾ മലയാള സിനിമക്ക് കൊണ്ടുവരാൻ സാധിച്ച ചിത്രമായി പിൽക്കാലത്ത് ‘നിർമല’ മാറി. മലയാള സിനിമക്ക് മലയാളിയായ ആദ്യ നിർമാതാവിനെ കിട്ടിയത് ഈ ചിത്രത്തിലൂടെയാണ്. ‘നിർമല’ക്ക് മുമ്പ് ജെ.സി. ഡാനി​േയൽ ‘വിഗതകുമാരൻ’ ചെയ്തെങ്കിലും അദ്ദേഹം നാടാർ വിഭാഗക്കാരനായിരുന്നു. അത് മാത്രമല്ല തമിഴ്നാട്ടിൽനിന്ന് വന്നവരായിരുന്നു. പൂർണ മലയാളിയായിരുന്നില്ല.

നിശ്ശബ്ദ ചിത്രങ്ങളായ ‘വിഗതകുമാരൻ’, ‘മാർത്താണ്ഡവർമ’ എന്നിവക്കു ശേഷം ശബ്ദചിത്രമായി വന്ന ‘ബാലന്’ ശേഷം പുറത്തിറങ്ങിയ ശബ്ദചിത്രമായിരുന്നു ‘നിർമല’. മലയാളത്തിൽ ആദ്യമായി പിന്നണിഗാന സംവിധാനമുണ്ടാകുന്നതും ഇതിലൂടെയാണ്. അതുവരെ സ്വന്തമായി പാട്ടുപാടി അഭിനയിക്കുകയായിരുന്നു ചെയ്തിരുന്നത്. ‘നിർമല’യിലാണ് വേറൊരാൾ പാടിയ പാട്ടിന് നായകനും നായികയും ചുണ്ടനക്കി അഭിനയിച്ചു തുടങ്ങിയത്. അപ്പാപ്പൻ പി.ജെ. ചെറിയാന്റെ ഉടമസ്ഥതയിലുള്ള കേരള ടാക്കീസിന്റെ ബാനറിൽ ഒരുക്കിയ ഈ ചിത്രം 1948 ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്.

പി.വി. കൃഷ്ണയ്യരായിരുന്നു സംവിധായകൻ. എം.എസ്. ജേക്കബിന്റെ കഥക്ക് പുത്തേഴത്ത് രാമൻ മേനോൻ തിരക്കഥയും സംഭാഷണവും രചിച്ചു. മുൻകാല മലയാള സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവരിലധികവും കേരളത്തിന് പുറത്തുള്ളവരായിരുന്നു. ‘നിർമല’യിലൂടെയാണ് മലയാളികളായ അണിയറപ്രവർത്തകർ അധികവും സിനിമയിൽ പ്രവേശിച്ചു തുടങ്ങിയത്. സംവിധായകനടക്കം പ്രധാന അണിയറ പ്രവർത്തകരേറെയും മലയാളികളായിരുന്നു. കൂടാതെ, കൊച്ചി രാജകുടുംബത്തിൽനിന്നും പൊതുജനങ്ങളിൽനിന്നും ഈ ചിത്രത്തിന്റെ നിർമാണത്തിനായി സാമ്പത്തിക സഹായവും ലഭിച്ചു.

‘നിർമല’യുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി നായകനേയും നായികയേയും അന്വേഷിച്ച് നടന്നെങ്കിലും സംവിധായകൻ പി.വി. കൃഷ്ണയ്യർക്ക് മനസ്സിനിണങ്ങിയ ആരെയും കിട്ടിയില്ല. ഒടുവിൽ, അപ്പാപ്പന്‍റെ മകൻ ജോസഫ് ചെറിയാനെ നായകനാക്കി സിനിമയുടെ തുടർപ്രവർത്തനം ആരംഭിച്ചു. അന്നത്തെ സിനിമ കാഴ്ചപ്പാടിനനുസരിച്ചുള്ള മുഖസൗന്ദര്യവും ശാരീരിക പ്രകൃതവും അദ്ദേഹത്തിനുണ്ടായിരുന്നത് പ്രയോജനപ്പെട്ടു. നായകനെ കിട്ടിയെങ്കിലും പറ്റിയ നായിക അപ്പോഴും വിദൂരത്തായിരുന്നു. അന്വേഷിച്ചൊടുവിൽ ഒരുദിവസം സംവിധായകൻ അപ്പാപ്പന്‍റെ വീട്ടിലെത്തി. ജോസഫ് ചെറിയാനും അന്ന് വീട്ടിലുണ്ടായിരുന്നു.

സിനിമ ചിത്രീകരണത്തെ കുറിച്ച് സംസാരിക്കവെ ജോസഫ് ചെറിയാന്‍റെ ഭാര്യ ബേബി ചെറിയാൻ ചായയുമായി അവിടേക്കെത്തി. താൻ തേടി നടന്ന നായികയെ മുന്നിൽ കണ്ടതിന്‍റെ സന്തോഷത്തിലായിരുന്നു സംവിധായകൻ പി.വി. കൃഷ്ണയ്യരപ്പോൾ. സിനിമക്ക് പറ്റിയ സൗന്ദര്യവും രൂപവുമെല്ലാം അവർക്കുണ്ടായിരുന്നു. അങ്ങനെ മലയാള സിനിമയിൽ ആദ്യമായി ഭാര്യയും ഭർത്താവും നായികാ നായകന്മാരായി അഭിനയിച്ചു. ഗർഭിണിയായാണ് അന്ന് ബേബി ചെറിയാൻ ‘നിർമല’യിൽ അഭിനയിച്ചത്. ‘നിർമല’ എന്ന ടൈറ്റിൽ റോളിലാണ് അവരതിൽ അഭിനയിച്ചത്. കൂടാതെ എന്‍റെ അമ്മ അച്ചാമ്മ ജോസഫ് അടക്കം കുടുംബത്തിലെ പലരും അതിലഭിനയിച്ചിട്ടുണ്ട്. ചേർത്തല വാസുദേവക്കുറുപ്പ്, എസ്.ജെ. ദേവ്, കുമാരി രാധ, കമലമ്മ, ഗ്രേസി, കുമാരി വിമല ബി. വർമ എന്നിവരാണ് മുഖ്യ അഭിനേതാക്കളെ അവതരിപ്പിച്ചത്. ഇതിൽ വിമല വർമ മാത്രമാണ് ഇന്ന് ജീവിച്ചിരിപ്പുള്ളത്.

 

പി.ജെ. ചെറിയാൻ,‘നിർമല’യിൽ ജോസഫ് ചെറിയാനും ഭാര്യ ബേബിയും

സിനിമയുടെ പരാജയവും കടുത്ത സാമ്പത്തിക നഷ്ടവും

എട്ട് പാട്ടുകളാണ് ‘നിർമല’യിലുണ്ടായിരുന്നത്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ വരികൾക്ക് പി.എസ്. ദിവാകറും ഇ.കെ. വാര്യരുമായിരുന്നു സംഗീതം പകർന്നത്. ടി.കെ. ഗോവിന്ദറാവു, സി. സരോജിനി മേനോൻ, പി. ലീല എന്നിവർ ഗാനങ്ങളാലപിച്ചു. ‘‘പാടുക പൂങ്കുയിലേ കാവു തോറും’’, ‘‘അറബിക്കടലിലെ കൊച്ചുറാണി’’, ‘‘നീരിലെ കുമിളപോലെ’’, ‘‘ഏട്ടൻ വരുന്ന ദിനമേ’’, ‘‘പച്ചരത്ന തളികയിൽ’’ തുടങ്ങിയവ ‘നിർമല’യിലെ ഗാനങ്ങളാണ്.

സിനിമ പുറത്തിറങ്ങിയെങ്കിലും സാമ്പത്തികമായി പരാജയമായിരുന്നു. നിർമാതാവിന് കനത്ത സാമ്പത്തിക ഭാരമാണ് സിനിമ അടിച്ചേൽപിച്ചത്. ചിത്രീകരണം പകുതിയെത്തുന്നതിനു മുമ്പുതന്നെ മോശമായ കാലാവസ്ഥ തിരിച്ചടിയായി. സാങ്കേതിക പ്രശ്നങ്ങളും പിന്നണിഗാനങ്ങളുമായി ബന്ധപ്പെട്ട സങ്കീർണതകളും കൂടുതൽ കാലതാമസം വരുത്തിവെച്ചു. ഗാനങ്ങളുടെ റെക്കോഡിങ് പൂർത്തിയാക്കാൻതന്നെ ആറുമാസങ്ങളെടുത്തു.

അഭിനയത്തിൽ ബേബിയും ജോസഫ് ചെറിയാനും തങ്ങളുടെ റോളുകൾ മികവുറ്റതാക്കി. നാടക പശ്ചാത്തലത്തിൽനിന്നുള്ളവരായതിനാൽ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ചിത്രം നിറഞ്ഞ സദസ്സിൽ ഓടിയെങ്കിലും മുടക്കുമുതൽ തിരിച്ചുപിടിക്കാനായില്ല. നിർമാതാവിന് രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. കുടുംബം പട്ടിണിയിലേക്ക് പോകേണ്ട സാഹചര്യം വരെ അന്ന് അപ്പാപ്പനുണ്ടായി.

കുടുംബത്തിൽനിന്നും നാട്ടുകാരിൽനിന്നും ഏറെ പഴിയും മനോവിഷമവും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. സാമൂഹിക വിഷയം ഇതിവൃത്തമായി ഒരേ ഘടനയിൽ തന്നെ ഈ ചിത്രത്തിലും ആവർത്തിക്കപ്പെട്ടത് ‘നിർമല’ക്ക് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടായി. ഇന്ന് ഈ സിനിമയുടെ പ്രിന്‍റോ കോപ്പിയോ ലഭ്യമല്ല. എങ്ങനെയൊ ക്കെയോ കത്തിപ്പോകുകയായിരുന്നു. അന്ന് തറവാട്ടിലുണ്ടായിരുന്ന കുട്ടികൾ കൗതുകത്തിനുവേണ്ടി ‘നിർമല’യുടെ പ്രിന്‍റുകൾ മാവിൽ തൂക്കി കത്തിക്കുകയായിരുന്നു എന്നാണ് കേട്ടുള്ള ഓർമ. വർഷങ്ങൾക്കിപ്പുറം 2022 നവംബറിൽ എറണാകുളത്ത് വെച്ച് ‘നിർമല’യുടെ 75ാം വാർഷികം വിപുലമായി ആഘോഷിച്ചിരുന്നു. ഞാനതിൽ മുഖ്യാതിഥിയായിരുന്നു. ഫോട്ടോഗ്രഫി മേഖലയുടെ വികാസത്തിനായി ഏറെ പണിയെടുത്തിട്ടുള്ള കക്ഷിയാണ് അപ്പാപ്പന്‍റെ മകനും നിർമലയിലെ നായകനുമായ ജോസഫ് ചെറിയാൻ. ഇന്ന് ആയിരക്കണക്കിന് പ്രവർത്തകരുള്ള ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) രൂപവത്കരിച്ചത് അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്.

‘ജലരേഖ’യുടെ ചിത്രീകരണത്തിനിടെ സംവിധായകൻ കവിയൂർ ശിവപ്രസാദിനൊപ്പം സാലു ജോർജ്

 

അപ്പാപ്പനെ കുരിശിൽ കിടത്തിയ ‘മിശിഹാ ചരിത്രം’

അപ്പാപ്പൻ ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ നാടകങ്ങളിലും വേഷങ്ങൾ ചെയ്തിട്ടുണ്ട്. അതിൽ ‘മിശിഹാ ചരിത്രം’ അദ്ദേഹത്തിന് ഏറെ പേരും പെരുമയും ഉണ്ടാക്കിയ നാടകമാണ്. യേശു ക്രിസ്തുവായാണ് അപ്പാപ്പൻ അതിലഭിനയിച്ചത്. നിറഞ്ഞ വേദികളിലാണ് ഈ നാടകം അന്ന് കേരളക്കരയാകെ ഓടിയത്.

ശരിക്കും യേശുക്രിസ്തുവിനെ പോലെ തോന്നിക്കുന്ന രൂപമായിരുന്നു അപ്പാപ്പന്‍റേത്. അതുകൊണ്ടു തന്നെ അണിയറക്കാർക്ക് ആ വേഷത്തിലേക്ക് വേറെ ആളെ തേടേണ്ടി വന്നില്ല. ഞങ്ങളുടെ നാടായ കാഞ്ഞിരപ്പള്ളിയിൽ വെച്ചും ‘മിശിഹാ ചരിത്രം’ നാടകം അരങ്ങേറി. ക്രിസ്തുവായി അഭിനയിച്ച് കുരിശിൽ കിടക്കുന്ന അപ്പാപ്പനെ കണ്ട് കാണികൾക്ക് അന്ന് സങ്കടവും വേദനയുമൊക്കെ ഉണ്ടായി.

മുന്നിൽ നടക്കുന്നത് നാടകമാണെന്ന ചിന്തക്കപ്പുറത്ത് അദ്ദേഹത്തെ കുരിശിൽ കിടത്തി മരിപ്പിച്ചു എന്നൊക്കെയാണ് പലരും വിചാരിച്ചത്. നാടകം കഴിഞ്ഞ് വേഷം മാറ്റി വെളിയിൽ വരുമ്പോൾ സ്ത്രീകളും കുട്ടികളുമൊക്കെ അപ്പാപ്പനെ വളഞ്ഞ് നിൽക്കാറുണ്ടായിരുന്നു. യേശുക്രിസ്തുവിന്‍റെ രൂപമാണ് അദ്ദേഹത്തിലേക്ക് അവരെ ആകർഷിച്ചത്. അപ്പാപ്പന്‍റെ കാലിൽ വീണ് കരയുകയും അനുഗ്രഹം വാങ്ങുകയുമൊക്കെ ചെയ്തിരുന്നത്രേ.

അഭിനേതാവിന് പുറമെ നല്ലൊരു കലാകാരൻകൂടിയായിരുന്നു അദ്ദേഹം. നാടകങ്ങളുടെ പശ്ചാത്തല ദൃശ്യമൊക്കെ അപ്പാപ്പനാണ് വരച്ചിരുന്നത്. സ്ക്രീനിൽ സിനിമ കാണുന്നതുപോലെ തോന്നിക്കുന്ന വരകൾ നാടകങ്ങൾക്ക് ജനപ്രീതിയുണ്ടാക്കി. കമ്പ്യൂട്ടറൊന്നുമില്ലാത്ത അക്കാലത്ത് അപ്പാപ്പൻ വരച്ച റിയലിസ്റ്റിക് വർക്കുകൾ കണ്ട് വിദേശികളടക്കം അദ്ദേഹത്തെ വരക്കാനായി സമീപിച്ചിരുന്നു. കൊച്ചി നഗരത്തിന്‍റെ ഡിസൈൻ വരച്ചത് അപ്പാപ്പനാണ്. കൊച്ചിയിൽ അന്ന് ‘റോയൽ’ എന്ന പേരിൽ ഒരു സ്റ്റുഡിയോ അപ്പാപ്പൻ ആരംഭിച്ചു. കൂടാതെ മദ്രാസിൽ ചെറിയാൻ ബ്രദേഴ്സ് എന്ന പേരിൽ മറ്റൊരു സ്റ്റുഡിയോയും ഉണ്ടായിരുന്നു. ആറ് മക്കളാണ് അപ്പാപ്പന്. മകനും ‘നിർമല’യിലെ നായകനുമായ ജോസഫ് ചെറിയാൻ കൊച്ചിയിലെ റോയൽ സ്റ്റുഡിയോ കൈകാര്യം ചെയ്തപ്പോൾ, ബാക്കിയുള്ള മക്കൾ മദ്രാസിലെ സ്റ്റുഡിയോ നിയന്ത്രിച്ചു. ഇവ രണ്ടുമായിരിക്കാം ഒരുപക്ഷേ കേരളത്തിലെയും തമിഴ്നാട്ടിലെയും ആദ്യ സ്റ്റുഡിയോകളെന്നാണ് എന്‍റെ യൊരു വിലയിരുത്തൽ.

അപ്പാപ്പന്‍റെ സ്വാധീനം വഴി കാമറക്ക് പിന്നിൽ

പറഞ്ഞുവന്നത് കാമറാമാൻ എന്ന ജോലി തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചത് ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ എന്ന എന്‍റെ അപ്പാപ്പന്‍റെ സ്വാധീനത്താലാണ് എന്നാണ്. ഫോട്ടോഗ്രഫിയിൽ അസാമാന്യ പാടവമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അന്ന് എത്രയോ മഹാൻമാരുടെ തേജസ്സുറ്റ ചിത്രങ്ങൾ കാമറയിലൂടെ പകർത്തിയിട്ടുണ്ട്.

എനിക്ക് ഫോട്ടോഗ്രഫിയിലാണ് കമ്പം എന്ന് തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം അന്നത്തെ അദ്ദേഹത്തിന്‍റെ മുഖഭാവത്തിലൂടെ ഞാൻ മനസ്സിലാക്കിയതാണ്. പ്രീഡിഗ്രി പഠനശേഷം അപ്പാപ്പന്‍റെ സ്വാധീനം വഴി തമിഴ്നാട്ടിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള വാതായനങ്ങൾ എനിക്കു മുന്നിൽ മലർക്കെ തുറന്നു. അന്ന് അഡയാറിലൊരു സീറ്റ് ലഭിക്കണമെങ്കിൽ ഏറെ ശ്രമമായിരുന്നു. അപ്പാപ്പന്‍റെ റെക്കമെന്‍റേഷനിൽ എനിക്കവിടെ സീറ്റ് തരപ്പെടുത്തി കിട്ടി.

നേരത്തെ, കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിലാണ് ഞാൻ അഞ്ച് മുതൽ പത്താം ക്ലാസുവരെ പഠിച്ചത്. അന്ന് അവിടെ ഹെഡ്മാസ്റ്ററായിരുന്ന ഫാ. മഞ്ചിൽ എന്‍റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. പെയിന്‍റിങ്ങിനോടും ഫോട്ടോഗ്രഫിയോടും വലിയ കമ്പമുള്ള ഫാദറിന് അപ്പാപ്പനെ കുറിച്ച് നല്ലപോലെ അറിയാമായിരുന്നു. അന്നത്തെ വിവിധ മോഡലിലുള്ള സ്റ്റിൽ കാമറകൾ ഫാദറിന്‍റെ കൈവശമുണ്ടായിരുന്നു. പഠനത്തിനിടെയുള്ള ഒഴിവു സമയങ്ങളിൽ ഫാദർ ക്ലാസിൽ വരാറുണ്ടായിരുന്നു. അങ്ങനെ വരുമ്പോ ഴൊക്കെ അദ്ദേഹം (എന്‍റെ കുടുംബ പശ്ചാത്തലം അറിയാവുന്നതുകൊണ്ടും) കാമറ തന്ന് എന്നോട് ഫോട്ടോകളെടുക്കാൻ പറയുമായിരുന്നു.

ഒരുദിവസം ഫാദറിന്‍റെ കൈയിലുള്ള ക്ലിക്ക് -ത്രീ കാമറ തന്നിട്ട് പറഞ്ഞു. ‘‘എടാ... എന്‍റെയൊരു ഫോട്ടോ ഒന്നെടുക്ക്.’’ സ്റ്റില്ലെടുത്ത് ഫാദറിനെ കാണിച്ചപ്പോൾ, അദ്ദേഹത്തിന് മനസ്സിലായി ഫോട്ടോഗ്രഫിയിൽ എനിക്ക് പ്രത്യേകമായൊരു ടേസ്റ്റുണ്ടെന്ന്. അങ്ങനെ ഫാദർ എന്‍റെ അച്ഛനെ വിളിച്ച് പറഞ്ഞു, ഇവൻ അമ്മയുടെ സൈഡിലേക്ക് പോകുമെന്ന് തോന്നുന്നു. എടുത്ത ഫോട്ടോകളൊക്കെ ഒന്നാന്തരമായിട്ടുണ്ടെന്ന്... എന്തോ, എനിക്കും അന്ന് ഫോട്ടോഗ്രഫിയോട് പ്രത്യേകം കമ്പമൊക്കെ തോന്നിയിരുന്നു.

സ്കൂൾ പഠനസമയത്ത് കുടുംബം ഒന്നിച്ച് സിനിമക്കൊക്കെ പോകുമായിരുന്നു. അന്ന് കാഞ്ഞിരപ്പള്ളിയിൽ ‘ബേബി’ എന്ന് പേരുള്ള കൊട്ടകയുണ്ടായിരുന്നു. മഞ്ഞിലാസിന്‍റെ സിനിമകൾ മിക്കവാറും അവിടെ റിലീസാകാറുണ്ടായിരുന്നു. സിനിമ കണ്ട് വന്നാൽ പിന്നെ വീട്ടിൽ അതിലെ കാര്യങ്ങളായിരിക്കും സംസാരവിഷയം. അഭിനയം, നടൻ, നടി, ഫൈറ്റ്, മേക്കപ്പ് എന്നിവക്കപ്പുറം അതിലെ കാമറ സൈഡിനെ കുറിച്ചോ, ഗാന ചിത്രീകരണത്തെ കുറിച്ചോ, ഫോട്ടോഗ്രഫിയെ കുറിച്ചോ ഒക്കെയായിരിക്കും ചർച്ച. അഭിനയത്തെക്കുറിച്ച് പറയുമെങ്കിലും മുഖ്യമായി ചർച്ചക്ക് വിഷയമാകാറുള്ളത് കാമറ, ഫോട്ടോഗ്രഫി തുടങ്ങി ടെക്നിക്കൽ കാര്യങ്ങളെ കുറിച്ചായിരിക്കും.

പിന്നീട് പ്രീഡിഗ്രി പഠനം പൂർത്തീകരിച്ചത് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനോസ് കോളജിൽനിന്നാണ്. പഠനം കഴിഞ്ഞപ്പോൾ ഞാൻ അപ്പനോട് പറഞ്ഞു, എനിക്ക് സിനിമ പഠിച്ചാൽ കൊള്ളാമെന്നുണ്ടെന്ന്. വേറെ വിഷയത്തിലേക്കൊന്നും താൽപര്യമുണ്ടായില്ല. അങ്ങനെ സിനിമയാണ് മുന്നോട്ടുള്ള ജീവിതം എന്നുറപ്പിച്ച് സിനിമാറ്റോഗ്രഫി പഠിക്കാൻ തീരുമാനിച്ചു. അമ്മക്കും എന്‍റെ തീരുമാനത്തോട് താൽപര്യമായിരുന്നു. അങ്ങനെ അപ്പാപ്പന്‍റെ റെക്കമെന്‍റേഷനിൽ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനായി ഞാൻ തമിഴ്നാട്ടിലേക്ക് വണ്ടികയറി.

വിപിൻദാസ്: ദൃശ്യകലയും ജീവിതവും പഠിപ്പിച്ച ഗുരു

അഡ‍യാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് റാങ്കോടെയാണ് ഞാൻ സിനിമാറ്റോഗ്രഫി പാസായത്. അഞ്ചു പേരാണ് ടെക്നിക്കൽ പഠനമേഖലയിൽ അന്നവിടെയുണ്ടായിരുന്നത്. അഭിനയം, സംവിധാനം എന്നിവ പഠിക്കാൻ വേറെ കോഴ്സുകളുണ്ടായിരുന്നെങ്കിലും സിനിമാറ്റോഗ്രഫി പഠിക്കാൻ അഞ്ചു പേർക്ക് മാത്രമായിരുന്നു പ്രവേശനം.

ഇന്ത്യയിൽതന്നെ അറിയപ്പെടുന്നതും തമിഴ്നാട് സ്വദേശിയുമായ കാമറാമാൻ പി.സി. ശ്രീറാം അന്ന് സഹപാഠിയായിരുന്നു. കോഴ്സിന് ചേർന്ന ഞങ്ങൾ അഞ്ചുപേരും പാസായി. എനിക്കായിരുന്നു റാങ്ക്. ഇന്നത്തെ കാലത്തെ പോലുള്ള സൗകര്യങ്ങളോ സംവിധാനങ്ങളോ അന്ന് ഞങ്ങൾക്കുണ്ടായിരുന്നില്ല. അധികവും തിയറി ക്ലാസായിരുന്നു. പ്രാക്ടിക്കലായി ചെയ്യാനുണ്ടായിരുന്നത് ഒരു ഷോർട്ട് ഫിലിമോ മറ്റോ മാത്രമായിരുന്നു. ഒരു സിനിമ എങ്ങനെയാണ് ചെയ്യുന്നതെന്നോ, എത്ര സമയത്തിനുള്ളിൽ ഒരു സിനിമ ചെയ്യാൻ സാധിക്കുമെന്നോ ഉള്ള വിവരങ്ങളൊന്നും അന്നത്തെ പഠനത്തിൽനിന്ന് ഞങ്ങൾക്ക് ലഭിച്ചിരുന്നില്ല. ചെറിയൊരു ഡിപ്ലോമ ഫിലിം ചെയ്ത് തീർത്തതുതന്നെ ആറ് ദിവസമെടുത്താണ്.

പഠനം കഴിഞ്ഞപാടെ സിനിമയിൽ പ്രവർത്തിക്കണമെന്ന ലക്ഷ്യത്തോടെ ഞാൻ നടന്നു. ആ അന്വേഷണം ചെന്നവസാനിച്ചത് അന്നത്തെ പ്രമുഖ കാമറാമാൻ വിപിൻദാസിന്‍റെ അടുത്താണ്. കടലാസിൽ എഴുതിവെച്ച കാര്യങ്ങൾ എങ്ങനെയാണ് ദൃശ്യമായി രൂപപ്പെടുന്നതെന്നും, ഒരു ഷോട്ട് എടുക്കാൻ കാമറ എവിടെ, എങ്ങനെ വെക്കണമെന്നും സീൻ നന്നാവാൻ ടെക്നിക്കലായി എ​ന്തൊക്കെ ചെയ്യണമെന്നുമൊക്കെ പറഞ്ഞുതന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്. പ്രത്യേക സ്വഭാവക്കാരനായിരുന്നു അദ്ദേഹം. ചിത്രീകരണത്തിനിടെ സംവിധായകരുമായി അഭിപ്രായവ്യത്യാസം വന്നാൽ പിന്നെ ചെയ്യുന്ന പണി അവിടം ഉപേക്ഷിച്ച് അദ്ദേഹം പോകും. എന്നോട് പറയും, ‘‘ബാക്കി താൻ പോയി എടുത്തോ...’’

എനിക്കപ്പൊ ലോട്ടറി അടിച്ചപോലെയായിരുന്നു. അങ്ങനെ മലയാളത്തിൽ ചില സിനിമകളൊക്കെ എന്‍റെ കൈകളിലൂടെ ദൃശ്യവത്കരിച്ചിട്ടുണ്ട്. എന്നെ ഏൽപിച്ചാൽ അത് ഭംഗിയാക്കി കൊടുക്കുമെന്നൊക്കെ പുള്ളിക്കറിയാം. ആ ധൈര്യത്തിലുംകൂടിയാണ് അന്നാ സാഹസത്തിന് അദ്ദേഹം മുതിർന്നതും.

തമ്പാൻ സംവിധാനംചെയ്ത് 1981ൽ പുറത്തിറങ്ങിയ ‘മനസ്സിന്‍റെ തീർഥയാത്ര’യാണ് ഞാനാദ്യമായി കാമറക്ക് പിന്നിൽ അസോസിയേറ്റായി പ്രവർത്തിച്ച ചിത്രം. എം.ജി. സോമൻ, ശുഭ, സുകുമാരൻ, ജഗതി ശ്രീകുമാർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമക്ക് എം.ബി. ശ്രീനിവാസൻ സംഗീതവും നിർവഹിച്ചു. ഒ.എൻ.വിയാണ് ഗാനങ്ങളെഴുതിയത്. ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അന്നതിൽ ബാലതാരമായി അഭിനയിച്ചിരുന്നു. വിപിൻദാസ് സാറായിരുന്നു സിനിമയുടെ പ്രധാന കാമറാമാൻ. എന്നാൽ, അദ്ദേഹത്തിന് കൺവിൻസാകാത്ത സീനുകൾ എടുക്കേണ്ടി വന്നപ്പോൾ അദ്ദേഹം അത് ചോദ്യംചെയ്തു. ഒടുവിൽ അദ്ദേഹം സെറ്റിൽനിന്ന് ഇറങ്ങി​േപ്പായി. പിന്നീട്, ബാക്കി ചിത്രീകരിക്കേണ്ട ഉത്തരവാദിത്തം എന്‍റെ ചുമലിലായി. ‘മനസ്സിന്‍റെ തീർഥയാത്ര’യുടെ ഒട്ടുമുക്കാൽ ഭാഗവും ഞാൻതന്നെയാണ് ചിത്രീകരിച്ചത്. എന്നാൽ, ടൈറ്റിൽ കാർഡിൽ സാറിന്‍റെ പേരായിരുന്നു, ഞാൻ അസോസിയേറ്റും.

അക്കാലത്ത് സോമനും സുകുമാരനുമായിരുന്നു സൂപ്പർ സ്റ്റാറുകൾ. അതുകൊണ്ടുതന്നെ അവരുടെ കൂടെയുള്ള സിനിമകളായിരുന്നു ഞങ്ങൾക്ക് കൂടുതലും ചെയ്യാനുണ്ടായിരുന്നത്. കാമറക്ക് പിന്നിലെ സകല കാര്യങ്ങളിലും എനിക്ക് എന്നും വഴികാട്ടിയായിരുന്നത് വിപിൻദാസ് സാറായിരുന്നു. സാറ് ഏതൊക്കെ സിനിമ ചെയ്യുന്നുണ്ടോ അതിന്‍റെയൊക്കെ അസോസിയേറ്റായി ഞാനും കൂടെയുണ്ടായിരുന്നു. ലോകത്തുള്ള സകലകാര്യങ്ങളെ കുറിച്ചും കൃത്യമായ വിവരമുണ്ടായിരുന്ന അദ്ദേഹത്തിന് തന്‍റെ ബുദ്ധി എങ്ങനെ ഉപയോഗിക്കണമെന്ന് നന്നായി അറിയാമായിരുന്നു. എന്നാൽ, ഏറെ സങ്കടപ്പെടുത്തിയത് അദ്ദേഹത്തിന്‍റെ മരണസമയത്ത് നടന്ന സംഭവങ്ങളാണ്. അത് വിശദമായി പിന്നീട് പറയാം.

 

കാമറാമാൻ വിപിൻദാസ്

സ്വതന്ത്ര കാമറാമാനാകുന്നു

വിപിൻദാസ് സാറിന്‍റെ അസോസിയേറ്റായിരുന്ന സമയത്ത് അദ്ദേഹം പിന്മാറി പോകുന്ന സിനിമകളുടെ ബാക്കി ചിത്രീകരിക്കാൻ എനിക്ക് പിന്നീടും അവസങ്ങളുണ്ടായി. ഭരതൻ, പത്മരാജൻ, ജി. അരവിന്ദൻ, ഐ.വി. ശശി, പി.എ. ബക്കർ, ലെനിൻ രജേന്ദ്രൻ തുടങ്ങി അന്നത്തെ പ്രമുഖരായ സംവിധായകരുടെ കൂടെയൊക്കെ ഞാൻ പ്രവർത്തിച്ചു. ഭരതന്‍റെ കൂടെ ‘ചാട്ട’, ‘പാർവതി’, ‘പറങ്കിമല’ എന്നീ ചിത്രങ്ങൾക്ക് വിപിൻദാസ് സാറിന്‍റെ കൂടെ അസോസിയേറ്റ് കാമറാമാനായി നിന്നപ്പോൾ പി.എ. ബക്കറിനൊപ്പം ‘ചാപ്പ’യിലും പത്മരാജന്‍റെ കൂടെ ‘കള്ളൻ പവിത്രൻ’, ‘ഒരിടത്തൊരു ഫയൽവാൻ’ എന്നിവക്ക് വേണ്ടിയും കാമറ സഹായിയായി.

ജെറി-മോഹൻ കാമ്പയിൻസിന്‍റെ ബാനറിൽ ജെറിയും മോഹനും നിർമിച്ച് കവിയൂർ ശിവപ്രസാദ് സംവിധാനംചെയ്ത ചിത്രമാണ് ‘ജലരേഖ’. സുകുമാരൻ, വേണു നാഗവള്ളി, ജലജ, സുകുമാരി, ജി.കെ. പിള്ള, ജഗതി ശ്രീകുമാര്‍, ദേവി എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. സ്വതന്ത്ര കാമറാമാനായുള്ള എന്‍റെ ആദ്യ സിനിമയാണ് ‘ജലരേഖ’. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സിനിമാപഠനം പൂർത്തിയാക്കിയ ശേഷമാണ് ശിവപ്രസാദ് സിനിമ സംരംഭവുമായി 1981ൽ മുന്നോട്ടുവന്നത്. അദ്ദേഹത്തിന്‍റെയും ആദ്യ സിനിമയായിരുന്നു ഇത്. ഒരു മിത്തിനെ ചുറ്റിപ്പറ്റിയാണ് സിനിമ ഒരുക്കിയത്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് സിനിമയൊരുക്കിയതെങ്കിലും ചിത്രീകരണം പൂർത്തിയാക്കാൻ സാധിച്ചില്ല. ഒരു പ്രത്യേക ഴോണറിലായിരുന്നു ചിത്രീകരണം. കാരണം, സാധാ സംവിധായകരെ പോലുള്ള സമീപനമായിരുന്നില്ല ശിവപ്രസാദിന് സിനിമയോടുണ്ടായിരുന്നത്. ഏത് ഷോട്ടിനെ കുറിച്ച് ചോദിച്ചാലും കൃത്യമായി അദ്ദേഹം വിവരിച്ചുതരും. അന്ന് ശിവപ്രസാദ് എടുത്തൊരു ഷോട്ട് കണ്ട് നടൻ സോമൻ അന്ധാളിച്ച് നിന്നത് ഇന്നും ഓർമയിലുണ്ട്. ലോക സിനിമകൾ കണ്ട് പഠനം നടത്തുന്നതിൽ അദ്ദേഹം അഗ്രഗണ്യനായിരുന്നു.

എം.ബി. ശ്രീനിവാസനാണ് ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചത്. ലീല കവിയൂർ, ഹരി കുടപ്പനക്കുന്ന് എന്നിവർ വരികൾ ഒരുക്കി. യേശുദാസും എസ്. ജാനകിയുമാണ് ഗാനങ്ങൾ ആലപിച്ചത്. ‘‘നാലുകെട്ടിൻ തിരുമുറ്റത്ത്’’, ‘‘പകല്‍ക്കിളിയുറങ്ങി പനിമതിയുറങ്ങി’’, ‘‘ശിൽപിയെ സ്നേഹിച്ച ശിലയാണു ഞാന്‍’’, ‘‘കുറുകിയും കൊക്കുരുമ്മിയും’’ എന്നിവയാണ് ഇതിലെ ഗാനങ്ങൾ. ഏറെ ആഗ്രഹിച്ച് കുറച്ചധികം കഷ്ടപ്പെട്ട് ചെയ്ത സിനിമയായിട്ടും റിലീസ് ആകാതിരുന്നതിൽ അന്ന് കടുത്ത നിരാശ തോന്നി. എങ്കിലും അടുത്ത അവസരത്തിനായി ഞാൻ അക്ഷമയോടെ കാത്തുനിന്നു. എന്നാൽ, വെല്ലുവിളികളും തൊട്ടു പിറകെ കാത്തിരിക്കുന്നുണ്ടെന്നത് ഞാനറിഞ്ഞില്ല.

(തുടരും)

News Summary - Salu George is a cameraman who has been able to create a different narrative