മൈൽസ് റ്റു ഗോ

വെട്രിമാരൻ
ഇരുൾ പടർന്ന കാട്ടിലൂടെ ഇനിയും ഒരുപാട് മൈൽ സഞ്ചരിക്കാനുണ്ട്. ‘മൈൽസ് ടു ഗോ’...
‘‘ജീവിതത്തിൽ ഒരു ഘട്ടത്തിലും നീ മറക്കാൻ പാടില്ലാത്ത മന്ത്രമാണിത്. നിനക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. റോബർട്ട് േഫ്രാസ്റ്റിന്റെ വാക്കുകൾ. ഇത് ഒരാളെ പ്രചോദിപ്പിക്കും, ആശ്വസിപ്പിക്കും, ആത്മവിശ്വാസം നൽകും. ഉയരത്തെ നീ പെട്ടെന്ന് തൊടരുത്. ഒരു പക്ഷേ ഉയരം കീഴടക്കി എന്നൊരു ചിന്ത കടന്നുകൂടിയാൽ അതിനുശേഷം നിന്റെ വളർച്ച മുരടിച്ചുപോകും.’’ ബാലുമഹേന്ദ്ര സാർ ഒരിക്കൽ എന്നോട് പറഞ്ഞതാണ് ഈ വാക്കുകൾ. ഇത് സത്യമാണെന്ന് എനിക്കും തോന്നിയതാണ്. കാരണം ഉയരത്തിൽ എത്തിയാൽ എല്ലാ വശങ്ങളും ചരിവാണ്, താഴ്ചയാണ്. അതുകൊണ്ട് എന്നോടുതന്നെ എപ്പോഴും പറയുന്ന മന്ത്രമാണ് ‘മൈൽസ് ടു ഗോ’.
ചെന്നൈയിലെ സൈതാപേട്ടൈക്ക് സമീപം ‘പേരുൺപേട്ടൈ’ എന്ന സ്ഥലത്തുള്ള കൊച്ചുവീട്ടിൽനിന്ന് സ്കൂളിൽ പോയി വന്നപ്പോഴും ഞാൻ വെട്രിമാരൻ തന്നെയായിരുന്നു. വെനീസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽനിന്ന് ‘വിസാരണൈ’ എന്ന ചിത്രത്തിന് അവാർഡ് ലഭിച്ചപ്പോഴും ഞാൻ അതേ വെട്രിമാരൻ തന്നെയാണ്. പേരുൺപേട്ടൈക്കും, വെനീസ് ഫെസ്റ്റിവലിനും ഇടയിൽ കടന്നുപോയ മൈലുകളാണ് ഇതുവരെയുള്ള എന്റെ ജീവിതം. കൺമുന്നിൽ ഇപ്പോഴും തെളിഞ്ഞുനിൽക്കുന്നത് ഏറെ ഇഷ്ടത്തോടെ ചെയ്തുവെച്ച ‘വിസാരണൈ’ എന്ന സിനിമയാണ്. വളരെ ആകസ്മികമായി സംഭവിച്ചതാണ് ആ സിനിമയുടെ തുടക്കം. ഒരിക്കൽ നടൻ ധനുഷിനോട് ഞാൻ ചോദിച്ചു. ‘‘തിയറ്ററിൽ മൂന്നു ദിവസം മാത്രം കളിക്കാൻ പറ്റിയ ഒരു സബ്ജക്ട് ഉണ്ട്. നിർമിക്കാൻ താൽപര്യമുണ്ടോ’’ എന്ന്.
‘‘ലോകത്തിൽ ഒരു സംവിധായകനും ഇങ്ങനെ ചോദിച്ചിട്ടുണ്ടാവില്ല’’, എന്റെ ഈ ചോദ്യത്തിന് ചിരിച്ചുകൊണ്ട് ധനുഷ് മറുപടി നൽകിയത് അങ്ങനെയാണ്. എന്നോടുള്ള വിശ്വാസം കാരണം കഥപോലും കേൾക്കാതെ അവിടെെവച്ചുതന്നെ, നമുക്ക് തുടങ്ങാമെന്ന് ധനുഷ് എനിക്ക് വാക്കും തന്നു.
‘വിസാരണൈ’ എന്ന ചിത്രത്തോട് എനിക്ക് അത്രത്തോളം വിശ്വാസം തോന്നാൻ കാരണം ചന്ദ്രകുമാറാണ്. അദ്ദേഹം രചിച്ച ‘ലോക്കപ്പ്’ എന്ന നോവലിനെ ആസ്പദമാക്കി എടുത്ത ചിത്രമാണ് ‘വിസാരണൈ’. ഗുരുനാഥൻ ബാലുമഹേന്ദ്ര സാറിനൊപ്പം അസിസ്റ്റായി പ്രവർത്തിച്ച, ‘ജ്ഞാനസംബന്ധൻ’ എന്ന വിളിപ്പേരുള്ള തങ്കവേലനാണ് ഈ നോവൽ ചലച്ചിത്രമാക്കിയാൽ നന്നാവുമെന്നു പറഞ്ഞ് ആദ്യം എന്റെ കൈയിൽ തന്നത്. നിങ്ങളുടെ നോവൽ ഞാൻ സിനിമയാക്കാൻ പോവുകയാണ് എന്നുപറഞ്ഞപ്പോൾ ഞങ്ങൾ മൂന്നുപേരും ആ മുറിയിലിരുന്ന് പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു. ആ കരച്ചിൽ പുറത്ത് കേൾക്കില്ലല്ലോ?.
‘നാളെ ഈ ലോകം മുഴുവൻ ആ കരച്ചിൽ കേൾക്കും സുഹൃത്തേ’ എന്ന് നോവലിസ്റ്റ് ചന്ദ്രകുമാർ പറഞ്ഞ വേദനജനകമായ ആ വാക്കുകളാണ് ഈ സിനിമക്ക് ആധാരം. ‘വിസാരണൈ’ എന്ന സിനിമ വിദേശ ചലച്ചിത്ര മേളകൾക്കായി എടുക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. അതുകൊണ്ടാണ് ഞാൻ ധനുഷിനോട് നേരത്തേ അങ്ങനെ ചോദിച്ചത്. ചലച്ചിത്രമേളകൾ കലയേയും കഴിവിനേയും പുറത്തറിയിക്കാനുള്ള പ്ലാറ്റ്ഫോം എന്നതിനപ്പുറം സമാന്തര സിനിമക്ക് പ്രത്യേക വിപണി കണ്ടെത്താനുള്ള ഒരിടവും കൂടിയാണ്. അതിന്റെ കച്ചവട സാധ്യതയും മനസ്സിലാക്കിയാണ് ‘വിസാരണൈ’യെ ചലച്ചിത്രമേളക്ക് കൊണ്ടുപോകാമെന്ന് തീരുമാനിച്ചത്. ആ തീരുമാനമെടുക്കുമ്പോൾ മനസ്സിൽ ആദ്യം പൊന്തിവന്നത് കാൻ ഫിലിം ഫെസ്റ്റിവൽ ആണ്. ചലച്ചിത്രകാരന്മാർക്ക് പൊതുവെ അഹങ്കാരമുണ്ട് എന്ന് പറയുന്നതുപോലെതന്നെ കോടമ്പാക്കത്തെ മിക്ക ചലച്ചിത്രകാരന്മാർക്കും ഒരു ഗർവ് ഉണ്ട്.
കവലയിലെ ചായക്കടയിൽ കടം പറഞ്ഞ് ചായ വാങ്ങി രണ്ടാക്കി കുടിച്ച് അലഞ്ഞുതിരിഞ്ഞ് നടന്നാൽപോലും ‘ഞങ്ങളൊക്കെ ആരാ?’ എന്നൊരു ഗമ അവരുടെ ഉള്ളിലുണ്ടാകും. എന്നാൽ, കാനിലെ തെരുവിലൂടെ പത്തുദിവസം നടന്നാൽ മതി, മനസ്സിൽ കൊണ്ടുനടന്ന ഏത് ഗർവും താനേ തകർന്ന് തരിപ്പണമാകും. സിനിമ എന്ന കടലിലെ ഒരു തുള്ളി വെള്ളമായിരിക്കാൻ നമുക്ക് യോഗ്യതയുണ്ടോ? എന്നൊരു ചിന്തയും, പക്വതയും നമുക്കുള്ളിൽ തോന്നിത്തുടങ്ങും. അത്തരമൊരു നഗരവും ഉത്സവവുമാണ് കാൻ ഫിലിം ഫെസ്റ്റിവൽ. സിനിമക്കുവേണ്ടി തമിഴൻ എന്തുവേണമെങ്കിലും ചെയ്യും എന്ന് പറയാറുണ്ട്. പക്ഷേ, ആ നഗരത്തിലെ ജനങ്ങൾക്കുമുന്നിൽ നമ്മൾ ഒന്നുമല്ല.
രാവിലെ ഒമ്പതിനാണ് സിനിമ ആരംഭിക്കുന്നത്. ഞങ്ങളുടെ പടം കളിക്കുന്ന ആ തിയറ്ററിലിരുന്ന് 1500 പേർക്കുവരെ സിനിമ കാണാം. രാവിലെ 7.30ഓടെ ഞാനവിടേക്ക് ചെന്നു. അപ്പോൾ ചെറിയ ചാറ്റൽമഴയുണ്ടായിരുന്നു. എനിക്കുമുമ്പേ അവിടെ 2000 പേർ കുടയുമായി നിൽക്കുന്നുണ്ടായിരുന്നു. കൂട്ടത്തിൽ കോളജ് വിദ്യാർഥികളുമുണ്ടായിരുന്നു. അവരുടെ കൈയിൽ പ്ലക്കാർഡുകളുമുണ്ട്. അതിലെ വാചകങ്ങൾ ഇപ്രകാരമായിരുന്നു, ‘പുറത്ത് നല്ല തണുപ്പുണ്ട്, ഒരു ടിക്കറ്റ് ഉണ്ടെങ്കിൽ നിങ്ങളോടൊപ്പം വന്ന് സിനിമ കാണാമായിരുന്നു’. എക്സ്ട്രാ ടിക്കറ്റ് ചോദിക്കുന്നതിൽപോലും അവരുടെ കലാപരമായ സമീപനം ഏറെ കൗതുകകരമായി തോന്നി. അവിടം എവിടെ തിരിഞ്ഞുനോക്കിയാലും ഒന്നുമാത്രമാണ് കാണുക. അത് സിനിമ മാത്രമാണ്.
അംബരചുംബിയായ ഒരു ഹോട്ടൽ. പേര് ‘ഹിൽഡൻ’ എന്നാണെന്ന് തോന്നുന്നു. അതിന്റെ ഇടനാഴിയിൽ ഇരുന്നും ഭക്ഷണം കഴിക്കാം. അവിടെ കസേരയിൽ ഇരിക്കുന്ന നടിയുടെ പ്രതിമ കണ്ടു. അന്വേഷിച്ചപ്പോൾ അവർ കാൻ ചലച്ചിത്രമേളക്ക് വന്നപ്പോൾ അവസാനമായി ഇരുന്ന് ഭക്ഷണം കഴിച്ച സ്ഥലമാണേത്ര അത്. അത്തരത്തിൽ സിനിമയെയും സിനിമക്കാരെയും കൊണ്ടാടുന്ന ഒരിടമാണ് കാൻ ഫിലിം ഫെസ്റ്റിവൽ. മാത്രമല്ല, സിനിമയിൽ ഞാനും ഒരംഗമാണ് എന്ന് അഭിമാനം തോന്നിപ്പിച്ച ഇടം. കാനിൽ ഒരിക്കൽ എന്റെ സിനിമയുമായി പോകണം എന്ന ചിന്തയായിരുന്നു അപ്പോൾ മനസ്സുനിറയെ ഉണ്ടായിരുന്നത്. കാനിലേക്ക് ഏത് പതിപ്പ് (Version) അയക്കാം, അതെങ്ങനെ എഡിറ്റ് ചെയ്യാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എഡിറ്റർ കിഷോറിന്റെ ഓഫിസിലിരുന്ന് ഞങ്ങൾ ചർച്ചചെയ്തു. ആ സമയത്താണ് കിഷോർ പെട്ടെന്ന് തലകറങ്ങിവീണത്. ഉടനെ ഞങ്ങൾ അദ്ദേഹത്തെ കാറിൽ കയറ്റി ആശുപത്രിയിലേക്ക് കുതിച്ചു. ആ സമയത്തും അദ്ദേഹത്തിന്റെ ശ്വാസവും ചിന്തയുമെല്ലാം ‘വിസാരണൈ’ എന്ന സിനിമയെക്കുറിച്ച് മാത്രമായിരുന്നു.
ബാലുമഹേന്ദ്രക്കൊപ്പം വെട്രിമാരൻ
ഒരാഴ്ചത്തെ പോരാട്ടത്തിനുശേഷം ഡോക്ടർമാർ വിധിയെഴുതി, അദ്ദേഹം ഇനി തിരിച്ചുവരില്ല എന്ന്. ആ ദുഃഖം ഞങ്ങൾക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഏറെനാൾ വേണ്ടിവന്നു ഞങ്ങൾക്ക് ആ ദുഃഖത്തിൽനിന്ന് വിടുതൽ നേടാൻ. അപ്പോഴേക്കും കാൻ ചലച്ചിത്രമേളയും സമാപിച്ചിരുന്നു. ഞങ്ങൾ നേരത്തേ ചെയ്തുവെച്ച സിനിമയെടുത്ത് സംവിധായകൻ അനുരാഗ് കശ്യപിന് അയച്ചുകൊടുത്തു. അദ്ദേഹം സിനിമ കണ്ടു. പിന്നീട് അദ്ദേഹം പറഞ്ഞ വാക്യങ്ങൾ ഞങ്ങളുടെ സിനിമക്ക് ലഭിച്ച മികച്ചൊരു അംഗീകാരം കൂടിയാണ്. ‘‘ഇന്ത്യൻ സിനിമക്ക് ഒരു പുതിയ ദൃശ്യഭാഷ ഉടലെടുത്തിരിക്കുന്നു എന്നത് ഈ ചലച്ചിത്രം വ്യക്തമാക്കിത്തരുന്നുണ്ട്’ എന്നാണ് കശ്യപ് ‘വിസാരണൈ’യെക്കുറിച്ച് വിവരിച്ചത്. അദ്ദേഹമാണ് വെനീസ് ചലച്ചിത്രമേളയിലേക്ക് ‘വിസാരണൈ’ സിനിമയുടെ ഡി.വി.ഡി അയച്ചുകൊടുക്കാൻ ഞങ്ങളോട് പറഞ്ഞത്. അങ്ങനെ വെനീസിൽ നേരിട്ട് ഡി.വി.ഡി കൊടുക്കാനായി ഞാൻ അവിടേക്ക് യാത്രതിരിച്ചു.
അന്വേഷണത്തിൽ, വെനീസ് മേളയിൽ സിനിമ തിരഞ്ഞെടുക്കുന്ന പരിശോധകൻ ഒറ്റക്കിരുന്ന് സിനിമ കാണുന്ന സ്വഭാവക്കാരനാണെന്ന് അറിയാൻ കഴിഞ്ഞു. അവിടെയെത്തി സിനിമയുടെ ഡി.വി.ഡി സമർപ്പിച്ചു. എന്നിട്ട് ഞാൻ പുറത്ത് കാത്തിരുന്നു. ഏറെ ആത്മാർഥമായി പഠിച്ച് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കൊച്ചുബാലന്റെ മാനസികാവസ്ഥയായിരുന്നു എനിക്കപ്പോൾ. വിവാഹം കഴിക്കാൻ പെണ്ണിനെ പോയി കണ്ടശേഷം മറുപടി ചോദിക്കുമ്പോൾ നാട്ടിൽ ചെന്നിട്ട് കത്തയക്കാം എന്നു പറയില്ലേ, അതുപോലെ എന്റെ സിനിമ കണ്ടിട്ട് ‘മെയിൽ അയക്കാം’ എന്നുമാത്രം പറഞ്ഞ് ആ പരിശോധകൻ ഒന്നുംമിണ്ടാതെ ഇറങ്ങിപ്പോയി. ഞാനാകെ പകച്ചുനിന്നു. ഇതുവരെ ചെയ്ത എല്ലാ ശ്രമങ്ങളും പാഴായിപ്പോയോ, ഈ വിയർത്തതിനൊന്നും ഒരു വിലയുമില്ലേ... മനസ്സ് നൊമ്പരപ്പെട്ടു.
അപ്പോഴും ഫോണിൽ വിളികൽ ധാരാളമായി വരുന്നുണ്ട്. ചെന്നൈയിലെ സുഹൃത്തുക്കളും സിനിമയിലെ അണിയറ പ്രവർത്തകരും എന്റെ അതേ ആകാംക്ഷയിലും പ്രാർഥനയിലുമാണ്. അവർ നിരന്തരമായി ചോദിച്ചു ‘‘എന്തായി, എന്തായി, വല്ല പ്രതീക്ഷയും’’...
ഞാൻ അവരെ സന്തോഷിപ്പിച്ചില്ല. അമിത പ്രതീക്ഷ നൽകി പിന്നീട് ദുഃഖത്തിലേക്ക് അവരെ തള്ളിവിടേണ്ടതില്ലെന്ന് കരുതി ഞാൻ പറഞ്ഞു. ‘വലിയ പ്രതീക്ഷയൊന്നുമില്ല. നമുക്ക് അടുത്ത പണിനോക്കാം’. വെനീസിൽ എന്റെ സിനിമ പ്രദർശിപ്പിക്കുമോ, അതോ നിരാശനായി മടങ്ങേണ്ടിവരുമോ എന്ന ചിന്തക്കപ്പുറം എന്റെ പരീക്ഷയുടെ ഫലം ലഭിച്ചു. സ്കൂളുകളിൽ നോട്ടീസ് ബോർഡിൽ ഒട്ടിച്ച് വിദ്യാർഥികളെ അറിയിക്കുന്നതുപോലെ ഒന്നുമല്ലായിരുന്നു ആ ഫലം അറിയിപ്പ്. അടുത്ത ദിവസം അനുരാഗ് കശ്യപിന്റെ സുഹൃത്തും നിർമാതാവുമായ കുനിത് മോങ്കാവിനോട് സംസാരിച്ചപ്പോഴാണ് പരിശോധന ഫലം എനിക്ക് ലഭിച്ചത്. ചിത്രത്തിന് അൽപം ദൈർഘ്യം കൂടിപ്പോയി എന്നാണ് കശ്യപിനോട് പരിശോധകൻ പറഞ്ഞത്. മനസ്സിൽ ചെറിയ പ്രതീക്ഷവന്നു ആ സമയം. പിന്നെയൊന്നും കാത്തുനിന്നില്ല. ഉടൻ, ഞാൻ ജോലി തുടങ്ങി. 140 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തെ 95 മിനിറ്റാക്കി ചുരുക്കി. ഒട്ടേറെ നല്ല അഭിനയ നിമിഷങ്ങളുണ്ടെങ്കിലും നിഷ്കരുണം വെട്ടിയൊതുക്കി 95 മിനിറ്റിലേക്ക് രൂപാന്തരപ്പെടുത്തി വീണ്ടും പരിശോധനക്ക് അയച്ചു കൊടുത്തു.
ഇത്തവണ മറുപടി പെട്ടെന്നു വന്നു. അതും പ്രതീക്ഷയുള്ള മറുപടി. മനസ്സ് സന്തോഷിച്ചു. പരിശോധകനും സഹായികളും ഒരുമിച്ചിരുന്നാണ് സിനിമ കണ്ടത്. അവർ പറഞ്ഞു, ‘‘സിനിമ കൊള്ളാം, നന്നായിട്ട് ചെയ്തിട്ടുണ്ട്.’’ അപ്പോഴും സിനിമ വെനീസിൽ പ്രദർശിപ്പിക്കുമോ എന്ന സന്തോഷ സന്ദേശം അവർ അറിയിച്ചിരുന്നില്ല. വീണ്ടും ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം സിനിമ പരിശോധിച്ച പുള്ളി എന്നെ ഫോണിൽ വിളിച്ചു. എന്നിട്ട് പറഞ്ഞു. ‘‘നിങ്ങളുടേത് നല്ല സിനിമയാണ്. പക്ഷേ ആദ്യത്തെ പട്ടികയിൽ ഈ ചിത്രത്തിന്റെ പേരില്ല. നോക്കിയിട്ട് പിന്നീട് പറയാം’’ എന്ന്. മനസ്സ് നിരാശയിലും ചെറുസന്തോഷത്തിലും ആറാടി. ഒന്ന് എല്ലാവർക്കും സിനിമ ഇഷ്ടമായിട്ടുണ്ട് എന്നത് സന്തോഷം തന്നതാണെങ്കിലും ഇതുവരെ എത്തിയിട്ടും പ്രദർശന അവസരമില്ലാതെ പോകുന്നതിലെ നിരാശ. മനസ്സ് ആകെ വിഭ്രാന്തപ്പെട്ടു.
‘വിസാരണൈ’ എന്ന ചിത്രം എടുത്തതിന്റെ ഉദ്ദേശ്യം തന്നെ നഷ്ടപ്പെടുമോ എന്ന മനസ്സിന്റെ പരിഭ്രാന്തി ഞാൻ കശ്യപിനു മുന്നിൽ വിവരിച്ചു. അദ്ദേഹം വിഷമിക്കേണ്ട, നിങ്ങളുടെ ചിത്രം തീർച്ചയായും പ്രദർശന പട്ടികയിൽ വരും എന്നുപറഞ്ഞ് എന്നെ സമാധാനപ്പെടുത്തി. ദിവസങ്ങൾ കടന്നുപോയി. ഞാൻ വെനീസിലെത്തിയിട്ട് കുറച്ച് നാളുകളെങ്കിലും ആയിട്ടുണ്ടാകും. സിനിമയെ മാറ്റിവെച്ച് അവിടെത്തന്നെ കഴിയവെ ഒരു ദിവസം ഡിന്നർ കഴിക്കാനായി ഞാൻ പുറത്തുപോയി. ആ ദിവസം ജീവിതത്തിലെ എക്കാലവും ഓർമിക്കാനുള്ള ഒന്നായിമാറുമെന്നത് ചിന്തിച്ചിരുന്നില്ല. ഭക്ഷണം കഴിക്കവെ ഫോണിലേക്ക് ഒരു സന്ദേശം വന്നു. അതിങ്ങനെയായിരുന്നു. ‘വിസാരണൈ’ വെനീസ് ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മനസ്സ് ആഹ്ലാദംകൊണ്ട് തുള്ളിക്കളിച്ചു. വെനീസ് ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ തമിഴ് സിനിമ ഇതാണെന്ന വിവരം ഞാൻ ഭാര്യയോട് സന്തോഷത്തോടെ പങ്കുവെച്ചു.
വെനീസിലേക്ക് പോകുന്ന സമയത്ത് ‘ലോക്കപ്പ്’ നോവലിന്റെ രചയിതാവ് ചന്ദ്രകുമാറിനെയും കൂടെ കൂട്ടി. അദ്ദേഹമുള്ളത് എന്തുകൊണ്ടും അനുഗ്രഹമാണ്. വെനീസിൽ സിനിമ പ്രദർശിപ്പിച്ചു. എന്റെ ചിത്രം കണ്ട സംവിധായകൻ എ.എൽ. വിജയ് ചെന്നൈയിൽ എത്തിയശേഷം പ്രസ് മീറ്റ് സംഘടിപ്പിച്ചു. എന്നിട്ട് ‘വിസാരണൈ’ സിനിമ തനിക്കുള്ളിൽ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് വാചാലനായി. ചിത്രം സംവിധായകൻ മണിരത്നത്തിന് സ്ക്രീൻ ചെയ്തത് കാണിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അദ്ദേഹത്തോട് എന്റെ സിനിമയെക്കുറിച്ച് സംസാരിച്ചു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത്, കമേഴ്സ്യൽ ചിത്രമാണെങ്കിൽ ഞാൻ പെട്ടെന്ന് കാണും. ആർട്ട് സിനിമകൾ പൊതുവേ വളരെ മന്ദഗതിയിലായിരിക്കും. അതുകൊണ്ട് ഞാനൊന്ന് ആലോചിച്ചതിനുശേഷമേ കാണൂ എന്നാണ്. പിന്നീട് സിനിമ കണ്ടശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ മനസ്സിനെ സന്തോഷിപ്പിക്കുന്നതായിരുന്നു. ആർട്ട് സിനിമയുടെ എല്ലാ കുറവുകളും നികത്തി പൂർണമായൊരു സിനിമയായിട്ടാണ് തനിക്ക് ഈ ചിത്രത്തെ കുറിച്ച് തോന്നിയതെന്നാണ് മണിരത്നം പങ്കുവെച്ചത്. പിന്നീട്, രജനീകാന്തും സിനിമ കണ്ടു. ശേഷം എന്നെ കണ്ട് കെട്ടിപ്പിടിച്ചിട്ട് അദ്ദേഹം പറഞ്ഞത് ഇതാണ്, ‘‘വെട്രീ, ഞാൻ നിങ്ങൾക്ക് എന്താണ് ചെയ്യേണ്ടത് പറയൂ, അത്രക്ക് മനോഹരമായിട്ടുണ്ട് ഈ സിനിമ’’.
‘വിസാരണൈ’ -രംഗങ്ങൾ
‘വിസാരണൈ’ ഇറങ്ങിയതിനുശേഷം മാധ്യമങ്ങൾ അഭിനന്ദനം അറിയിക്കുന്നതിനുമുമ്പേ സിനിമയെ വിമർശനാത്മകമായി അഭിപ്രായങ്ങൾ വരണമെന്ന് ഞാനാഗ്രഹിച്ചു. അത്തരം വിമർശനങ്ങൾ നല്ലതാകുമെന്ന് എനിക്ക് തോന്നി. ഒരുപക്ഷേ, മാധ്യമപ്രവർത്തകർക്ക് സിനിമ ഇഷ്ടപ്പെടാതെ പോയാൽ ആകെ കുഴപ്പമാകും എന്നതുകൊണ്ട് ധൈര്യപൂർവം പ്രസ് മീറ്റ് നടത്തി. അവരും സിനിമ കണ്ട് നല്ലതെന്ന് പറഞ്ഞു.
‘വിസാരണൈ’ ചിത്രത്തിന് പ്രേക്ഷകർ നൽകിയ അംഗീകാരം തീർത്തും അപ്രതീക്ഷിതവും അത്ഭുതാവഹവുമായിരുന്നു. സിനിമയുടെ ആദ്യരംഗം തൊട്ട് തിയറ്ററിൽ കൈയടികൾ കിട്ടിക്കൊണ്ടേയിരുന്നു. ഇന്ത്യയിൽ കലാപരമായ ഉയർന്ന അഭിരുചിയുള്ളവർ തമിഴ് ആരാധകരാണെന്നാണ് ഞാൻ കരുതുന്നത്.
സിനിമയിൽ ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നാണ് സ്വയം വിശ്വസിക്കുന്നത്. ഇവിടേക്ക് എത്തിപ്പെട്ട ദൂരവും ഏറെ പ്രയാസമുള്ളതായിരുന്നു. എന്റെ സിനിമകൾക്ക് ലഭിക്കുന്ന അഭിനന്ദനം കാണുമ്പോഴും എന്റെ സിനിമാ ജീവിതത്തെ പുകഴ്ത്തുമ്പോളും മനസ്സിൽ മായാതെ നിൽക്കുന്ന സങ്കടം എന്റെ ഗുരുനാഥനെ കുറിച്ചുള്ളതാണ്. എനിക്ക് ലഭിക്കുന്ന നേട്ടങ്ങൾ കാണാൻ അദ്ദേഹമില്ലല്ലോ എന്ന സന്ദേഹം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട്.
ഞാൻ എങ്ങനെ ഇവിടെയെത്തി എന്ന് ഓർക്കുമ്പോൾ തന്നെ ആ ദിവസം എനിക്കു മുന്നിൽ തെളിഞ്ഞുവരുന്നുണ്ട്. 1997 ഡിസംബർ 26, സാലിഗ്രാമം സ്റ്റേറ്റ് കോളനി, മൂന്നാമത്തെ സ്ട്രീറ്റിലെ ഒന്നാംനില വീട്. കാലിൽ വലിയ ബൂട്ട്സ് ധരിച്ച് ഇൻസേർട്ട് ചെയ്ത്, ചുരുണ്ട മുടി സ്റ്റെലായി ചീകിയൊതുക്കി ലയോള കോളജ് വിദ്യാർഥി എന്ന അഭിമാനത്തോടും, ധാരാളം സിനിമകൾ കണ്ടതുകൊണ്ട് സിനിമയെക്കുറിച്ച് എനിക്കെല്ലാമറിയാം എന്ന മനോഭാവത്താലും ബാലു മഹേന്ദ്രസാറിന്റെ ഓഫിസിൽ ചെന്ന് ‘എക്സ്ക്യൂസ്മി’ എന്ന് ഞാനുറക്കെ വിളിച്ചു. സ്വസ്ഥമായി എന്തോ വായിച്ചുകൊണ്ടിരുന്ന അദ്ദേഹം തലയുയർത്തി, നിനക്ക് എന്താ വേണ്ടത് എന്ന മട്ടിൽ എന്നെ രൂക്ഷമായൊന്ന് നോക്കി.
‘‘Hallo Mr. Balu Mahendra, my name is Vetrimaran. Father Rajanayagam asked to meet you’’ എന്ന് ഇംഗ്ലീഷിൽ സ്വയം പരിചയപ്പെടുത്തി. ഇതു കേട്ടപാടെ അദ്ദേഹം എന്നോട് പുറത്തുപോകാൻ പറഞ്ഞു. അടുത്തദിവസം വാ, കാണാം നോക്കാം എന്നുപറഞ്ഞ് എന്നെ തിരിച്ചയച്ചു. അന്ന് എന്നെ വിരട്ടിയോടിച്ച അദ്ദേഹമാണ് പിന്നീട് എന്റെ അഹങ്കാരത്തെ ഇല്ലാതാക്കി, സിനിമയുടെ ബാലപാഠങ്ങൾ പഠിപ്പിച്ച് നല്ലൊരു സിനിമാക്കാരനാക്കിമാറ്റിയ ഗുരുനാഥനായി മാറിയത്. ഇങ്ങനെയൊരു ഗുരുസ്ഥാനീയനായി അദ്ദേഹം എനിക്കൊപ്പം ചേരുമെന്ന് ആ ദിവസം ഞാനൊരിക്കൽ പോലും ചിന്തിച്ചിരുന്നില്ല.
അധ്യായം 2
ഞാൻ ബാലു മഹേന്ദ്ര സാറിനൊപ്പം അസി. ഡയറക്ടറായി ചേരാൻ പ്രത്യേക കാരണമുണ്ടായിരുന്നു. അദ്ദേഹം ലയോള കോളജിൽ സിനിമയെക്കുറിച്ച് രണ്ടുവർഷത്തിലൊരിക്കൽ ശിൽപശാല നടത്തും. അദ്ദേഹം ഏത് ശിൽപശാലയിൽ പങ്കെടുത്താലും ഒരു കഥ പറഞ്ഞായിരിക്കും സംസാരത്തിന് തുടക്കമിടുക. ആ കഥ എല്ലാവർക്കും സുപരിചിതമായ അമ്മൂമ്മ വടചുട്ട കഥ എന്ന കഥയായിരിക്കും. ഒരു ഗ്രാമത്തിൽ ഒരു അമ്മൂമ്മയുണ്ടായിരുന്നു എന്നു പറയുമ്പോൾ ആ കഥ കേൾക്കുന്ന കുട്ടി ‘ഉം’ എന്നു പറയും. അപ്പോൾ ആ വരി കുട്ടിക്ക് കൃത്യമായി മനസ്സിലായി എന്നതാണ് അതിന്റെ ലക്ഷണം.
അതായത്, സാഹിത്യത്തിലും, കഥപറച്ചിലിലും വായനക്കാരൻ സഹസ്രഷ്ടാവാണ്. കാരണം, ‘ഒരു ഗ്രാമത്തിൽ അമ്മൂമ്മ വട ചുട്ടുകൊണ്ടിരുന്നു എന്നൊരു കഥ കേൾക്കുന്ന കുട്ടി അമ്മൂമ്മയേയും തന്റെ ഗ്രാമത്തേയും Fill in the Blanks പോലെ അവിടെ പൂരിപ്പിച്ചുകൊള്ളും. അങ്ങനെ വായിച്ചെടുക്കുന്നവൻ സ്വയമായി ചില കാര്യങ്ങൾ സൃഷ്ടിച്ചെടുക്കുന്നു. എന്നാൽ, സിനിമ എന്ന മാധ്യമത്തിൽ അതിന് അനുവാദമില്ല. ‘ഒരു ഗ്രാമത്തിൽ ഒരു അമ്മൂമ്മ’ എന്ന് കഥ തുടങ്ങി എന്നിരിക്കട്ടെ, ആ സ്ഥലം എവിടെയാണ് അത് ഗ്രാമമാണോ, നഗരമാണോ? ഗ്രാമമെന്നാൽ അത് തീരദേശഗ്രാമമാണോ, താഴ്വരയാണോ, സമതലമാണോ? വടചുട്ട മുത്തശ്ശിക്ക് എത്ര വയസ്സായി? മുത്തശ്ശി ജീവനോടെ ഇരിപ്പുണ്ടോ ഇല്ലയോ? ആ അമ്മൂമ്മ പണക്കാരിയാണോ അതോ പാവപ്പെട്ടവളാണോ? ഇത്തരത്തിലുള്ള ചില കാര്യങ്ങൾ കൂടി സംവിധായകൻ ആദ്യം തീരുമാനിക്കേണ്ടിവരും. ഇങ്ങനെ സാഹിത്യത്തിനും സിനിമക്കും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിക്കൊണ്ടായിരിക്കും അമ്മൂമ്മ വട ചുട്ട കഥ ആരംഭിക്കുക.
ആ ശിൽപശാല വളരെ രസകരമായിരിക്കും. ഞാൻ അതുകണ്ടാണ്, സിനിമ പഠിക്കണമെങ്കിൽ ഇദ്ദേഹത്തിന് കീഴിൽനിന്നാവണമെന്ന് തീരുമാനിച്ചത്. അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ ഓഫിസ് അന്വേഷിച്ച് പോയി.തമിഴ് സാഹിത്യം നന്നായി അറിയാവുന്ന ഒരാളെ ആവശ്യമുണ്ടെന്ന് കോളജിലെ ഫാദറായ രാജനായകത്തിനോട് ബാലുമഹേന്ദ്ര സാർ പറഞ്ഞിരുന്നു. ആ ഒരു വിശ്വാസത്തിലാണ് ഞാനദ്ദേഹത്തിന്റെ മുന്നിൽ ചെന്നുനിന്നത്. അദ്ദേഹം പുറത്തുപോകാൻ പറഞ്ഞു. എന്നോട് പുറത്തേക്കുപോകാൻ പറഞ്ഞതിന്റെ പിറ്റേ ദിവസം ഞാൻ വീണ്ടും ആ വീട്ടിലെത്തി. അദ്ദേഹത്തെക്കണ്ട് ‘‘ഞാൻ ലയോള കോളജ് വിദ്യാർഥിയാണ്, ഫാ. രാജനായകം സാറാണ് എന്നെ ഇവിടേക്ക് പറഞ്ഞുവിട്ടത്. ഞാൻ നിങ്ങളുടെ ശിൽപശാലയിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താങ്കളുടെ അസിസ്റ്റന്റായി ചേരാൻ ആഗ്രഹിച്ച് വന്നതാണ്’’ എന്നെല്ലാം വളരെ വിനീതനായി പറഞ്ഞു.
എന്നെ ദീർഘമായി നോക്കിയശേഷം ‘‘ഫാദർ പറഞ്ഞുവിട്ടതാണോ’’ എന്നു ചോദിച്ചു?
‘‘അതേ സാർ,‘തമിഴ് അറിയാവുന്ന ഒരാളെ വേണമെന്ന് താങ്കൾ അദ്ദേഹത്തോട് പറഞ്ഞിരുന്നില്ലേ?’’
‘‘തമിഴ് സാഹിത്യം അറിയാവുന്ന ഒരാളെ വേണമെന്നാണല്ലോ ഞാൻ പറഞ്ഞിരുന്നത്.’’
അതുകേട്ടതും ഞാനാകെ പകച്ചുപോയി. കാരണം ഞാൻ തമിഴ് എം.എ ഇംഗ്ലീഷ് സാഹിത്യം പഠിച്ച വിദ്യാർഥിയാണ്. തമിഴിൽ ജയകാന്തൻ, ബാലകുമാരൻ ഇവരൊഴികെ മറ്റൊരാളുടെ കൃതിയും ഞാൻ വായിച്ചിട്ടില്ല. ആ കാലത്ത് പ്രണയലേഖനങ്ങൾപോലും ഇംഗ്ലീഷിലായിരുന്നു. അദ്ദേഹം ഒന്നാലോചിച്ചശേഷം ശരി, ഇംഗ്ലീഷിൽ നിനക്കിഷ്ടപ്പെട്ട പുസ്തകങ്ങളുടെ പേര ്പറയാനായി പറഞ്ഞു.
‘To Kill a Mockingbird’, ‘Roots’, One Flew Over the Cuckoo's Nest’ ഈ മൂന്ന് പുസ്തകങ്ങളുടെ പേര് പറഞ്ഞപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ഒരു ഭാവമാറ്റവും കണ്ടില്ല. നിന്നുകൊണ്ടിരുന്ന എന്നോട് ഇരിക്കാൻ പറഞ്ഞു.
‘പുസ്തക വായനകൊണ്ട് ഒരാൾക്ക് എന്താണ് നേട്ടം’ എന്ന് ചിലർ ചോദിക്കാറുണ്ട്. എന്നെ സംബന്ധിച്ച് അതിനുള്ള മറുപടി ‘ബാലുമഹേന്ദ്ര’ എന്നൊരു വലിയ കലാകാരന്റെ മുന്നിൽ ഇരിക്കാനുള്ള ഇരിപ്പിടം നേടിത്തന്നു എന്നതായിരുന്നു. സന്തോഷത്തോടെ ഞാൻ അദ്ദേഹത്തിനുമുന്നിൽ ഇരുന്നു. ഹോളിവുഡിലെ ഹിറ്റ് സിനിമകൾ മുതൽ അദ്ദേഹം സംവിധാനം ചെയ്ത ‘അഴിയാത്ത കോലങ്ങൾ’ വരെ എനിക്കിഷ്ടപ്പെട്ട എല്ലാ സിനിമകളെക്കുറിച്ചും ഞാൻ ഓരോന്നായി പറഞ്ഞു. ഞാൻ പറഞ്ഞ പുസ്തകങ്ങളും സിനിമയും അദ്ദേഹത്തിനും ഏറെ ഇഷ്ടപ്പെട്ടവയായിരുന്നെന്ന് പിൽക്കാലത്ത് എനിക്ക് അറിയാൻ കഴിഞ്ഞു. അതുകൊണ്ടാണോ എന്തോ അന്ന് ആ പയ്യന് സിനിമയിൽ നല്ലൊരു അഭിരുചിയുണ്ടെന്നുതോന്നി എന്നെ സ്വീകരിച്ചത്. ഓഫിസ്, സംവിധാന സഹായികൾ എന്ന വളരെ ചെറിയ ലോകമാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ട് അദ്ദേഹത്തെപ്പോലൊരാൾ തന്റെ ലോകത്തേക്ക് പുതിയൊരാളെ പ്രവേശിപ്പിക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല.
‘എനിക്ക് ഈ ലോകത്തേക്കുറിച്ച് കാര്യമായി ഒന്നുമറിയില്ല. നിങ്ങളാണ് എനിക്ക് പറഞ്ഞുതരേണ്ടത്’ അദ്ദേഹം ഇടക്കിടെ പറയുന്ന വാക്കുകളാണിവ.
തമിഴ് സാഹിത്യം അറിയാവുന്ന ഒരാളെയാണ് എനിക്ക് വേണ്ടതെന്ന കർശന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നപ്പോൾ ‘വായിക്കാം സാർ’ എന്നു ഞാനദ്ദേഹത്തോട് പറഞ്ഞു. ദി ജാനകിരാമൻ, കൽകി, നാ. പാർഥസാരഥി, അശോക് മിത്രൻ, പ്രപഞ്ചൻ തുടങ്ങി നീണ്ട ഒരു പട്ടിക നൽകി ഇവരുടെ പുസ്തകങ്ങളെല്ലാം എടുത്തുവായിക്കാൻ എന്നോട് പറഞ്ഞു. ഞങ്ങളുടെ സംവാദം ഒരു മണിക്കൂറിൽ കൂടുതൽ നീണ്ടു.
അദ്ദേഹത്തോട് യാത്ര പറഞ്ഞ് മടങ്ങാനൊരുങ്ങുമ്പോൾ, ‘ഒരാഴ്ച കഴിഞ്ഞ് ഫോൺ ചെയ്തിട്ട് വാ’ എന്നുമാത്രം മറുപടി പറഞ്ഞു.
ഞാൻ അന്നുതന്നെ കോളജ് ലൈബ്രറിയിൽ ചെന്ന് അമ്മാവന്താൾ, ഇരുവർ, മരപ്പശു തുടങ്ങിയ നോവലുകൾ എടുത്തുകൊണ്ടുവന്ന് മാരത്തൺ വായന തുടങ്ങി. ആ സമയത്ത് അച്ഛൻ സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. വെറ്ററിനറി സയന്റിസ്റ്റായ അച്ഛന് സിനിമ കാണുന്ന ശീലമേ ഉണ്ടായിരുന്നില്ല. പഠിക്കാൻ ഞാൻ മിടുക്കനല്ല എന്ന കാര്യത്തിൽ അദ്ദേഹത്തിന് എപ്പോഴും വിഷമമുണ്ടായിരുന്നു. ആൺകുട്ടി സിനിമ കാണാൻ പോകുന്നു എന്നുപറഞ്ഞാൽ അച്ഛനമ്മമാർ പരിഭവപ്പെടുന്ന കാലമായിരുന്നു അന്ന്.
‘ഞാൻ സിനിമയിൽ ചേരാൻ പോകുന്നു’ എന്ന് അച്ഛനോട് പറഞ്ഞപ്പോൾ അദ്ദേഹം ഒന്നാലോചിച്ച് ‘ആരുടെ കൂടെയാണ് ജോലി ചെയ്യാൻ പോകുന്നത്’ എന്നാണ് ചോദിച്ചത്. അച്ഛന് ബാലുമഹേന്ദ്ര സാറിനെ കുറിച്ചൊന്നും അറിവില്ലായിരുന്നു. ബാലുമഹേന്ദ്ര എന്ന് പറഞ്ഞപ്പോൾ ‘ആരാണ് അവൻ’ എന്നാണ് എന്നോട് തിരിച്ചുചോദിച്ചത്. തക്കസമയത്ത് മക്കളെ സഹായിക്കാനായി അമ്മമാർ ഓടിവരില്ലേ, അതുപോലെ എന്റെ അമ്മ അവിടേക്കുവന്ന് ‘മൂൻറാം പിറൈ’ എന്ന സിനിമ സംവിധാനം ചെയ്ത ആളാണെന്ന് പറഞ്ഞു. ആ സിനിമ അച്ഛന് ഇഷ്ടമായിരുന്നു. അമ്മയുടെ മറുപടി കേട്ടപ്പോൾ അച്ഛൻ പറഞ്ഞു, ‘ഓ അവനോ, അവൻ നല്ല സംവിധായകനാണ്. ഉം ശരി. എന്നാ പൊയ്ക്കോ.’’ തുടർന്ന് അച്ഛൻ പറഞ്ഞ വാക്കുകൾ മനസ്സിൽ കല്ലുകൊണ്ട് കൊത്തിവെച്ചതുപോലെ മായാതെ കിടപ്പുണ്ട്.
‘‘മോനേ.., സിനിമ ഒരു സയൻസാണ്. അതിനെ ശാസ്ത്രീയമായി സമീപിക്കണം. അക്കാദമിയിൽ ചെന്ന് സിനിമയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ ശ്രമിക്കണം. ആദ്യം നീ ആ സാേങ്കതിക വിദ്യ പഠിക്കുന്ന കോളജിൽ ചേരാനാണ് ശ്രമിക്കേണ്ടത്.’’
അദ്ദേഹം പറഞ്ഞത് ശരിയാണെന്നു തന്നെയാണ് എനിക്കും തോന്നിയത്. പിന്നീട് ഇക്കാര്യം സുഹൃത്ത് ശക്തിയോട് പറഞ്ഞപ്പോൾ ‘‘ശരി. ആദ്യം ഞാനൊന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചെന്ന് ചേർന്നുനോക്കട്ടെ, എന്നിട്ട് അവിടത്തെ കാര്യങ്ങളെല്ലാം നോക്കി നിന്നോടുപറയാം, എന്നിട്ട് നീ വന്ന് ചേർന്നാൽ മതി’’ എന്ന് പറഞ്ഞു.
സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ എനിക്ക് ശക്തിയെ അറിയാം. അങ്ങനെ അപേക്ഷ വാങ്ങാനായി ഞാനും അവനും കൂടി അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വണ്ടി കയറി. നേരത്തേ ഞങ്ങളുടെ ഷോട്ട് ഫിലിം കണ്ട് അഭിനന്ദിച്ച മദൻ ഗ്രബിയേൽ സാർ അന്ന് അഡയാറിലുണ്ടായിരുന്നു. വന്നതിന്റെ ഉദ്ദേശ്യം മനസ്സിലാക്കി അദ്ദേഹം ഞങ്ങളോട് കാര്യങ്ങൾ വിശദമായി ചോദിച്ചു.
‘‘നിന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതി എങ്ങനെയുണ്ട്.’’
‘‘ഒരുവിധം കുഴപ്പമില്ല സാർ.’’
‘‘നിന്റെ വരുമാനത്തെ ആശ്രയിച്ച് അവർക്ക് കഴിയണ്ടല്ലോ, ഒരു അഞ്ചാറുവർഷം അവർ നിന്നെ തീറ്റിപ്പോറ്റുമല്ലോ?’’
‘‘പോറ്റും സാർ.’’
എല്ലാത്തിനും ഞാൻ പോസിറ്റിവായി മറുപടി നൽകി. എന്നാൽ, അദ്ദേഹത്തിന്റെ ചോദ്യം ഞങ്ങളെ ഭയപ്പെടുത്തി. അവസാനം അദ്ദേഹംതന്നെ ചോദ്യത്തിനുള്ള വിശദീകരണവും നൽകി.
‘‘മൂന്ന് വർഷമാണ് ഇവിടത്തെ കോഴ്സിന്റെ ദൈർഘ്യം. പിന്നീട് കുറച്ചുകാലം ഏതെങ്കിലും സംവിധായകന്റെ അസിസ്റ്റന്റായി ജോലി ചെയ്യണം. അതുവരെ വീട്ടുകാർ നിനക്ക് സപ്പോർട്ടായി കൂടെയുണ്ടാകണം. അങ്ങനെ ഇല്ലെങ്കിൽ പിന്നെ നിങ്ങൾക്ക് ആലോചിച്ച് ഉചിതമായത് തീരുമാനിക്കാം.’’
ഇതുകേട്ട് അവിടെ നിന്ന് മാറിനിന്ന് ഞങ്ങൾ ആലോചനയിലാണ്ടു. തുടർന്ന് ശക്തി പറഞ്ഞു,
‘‘എടാ മച്ചു... ഇവിടെ മൂന്നുവർഷം പഠിച്ചാലും വീണ്ടും ഒരു ഡയറക്ടറുടെ അടുത്തുചെന്ന് ജോലി ചെയ്യണം. പകരം ഇപ്പോൾ തന്നെ ഏതെങ്കിലും സംവിധായകന്റെ കൂടെനിന്ന് സിനിമ പഠിക്കുന്നതല്ലേ ബുദ്ധി.’’ എനിക്കും അത് ശരിയായി തോന്നി. ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ ബാലുമഹേന്ദ്ര സാറിനെ വിളിച്ചു. ‘‘സാർ ഞാൻ വെട്രിയാണ് സാർ.’’
‘‘വെട്രിയോ... ഏത് വെട്രി?’’ അദ്ദേഹം യാതൊരു മുൻപരിചയവുമില്ലാതെ എന്നോട് മറുപടി പറഞ്ഞു.
ഞാനാകെ പകച്ചുപോയി.
‘‘ഫാദർ രാജനായകം പറഞ്ഞുവിട്ട് താങ്കളെ കഴിഞ്ഞയാഴ്ച കാണാൻ വന്നില്ലേ...?’’ എന്നു ഞാൻ ഓർമപ്പെടുത്തിയപ്പോൾ
‘‘ഓ ആ പയ്യനാണോ; ശരി നാളെ വാ’’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
പിറ്റേന്ന് കാലത്തുതന്നെ ഞാനോടി അദ്ദേഹത്തിനരികിലെത്തി. നല്ലൊരു പണി തന്നെ എനിക്ക് അദ്ദേഹം ഒരുക്കിവെച്ചിരുന്നു.അതുവരെ ഞാൻ വായിച്ച ഓരോ നോവലിന്റെയും കഥകൾ അദ്ദേഹം ഇടവിട്ട് ചോദിച്ചുകൊണ്ടിരുന്നു. ശേഷം ‘കഥാസാരം എഴുതാനറിയുമോ’ എന്നും ചോദിച്ചു. സാഹിത്യം പഠിക്കുന്ന വിദ്യാർഥികളുടെ പ്രധാന ജോലിതന്നെ അതാണെന്ന് മനസ്സിൽ മന്ത്രിച്ചുകൊണ്ട് ഞാൻ അതെയെന്ന് തലയാട്ടി. തുടർന്ന് പട്ടുകോട്ടൈ പ്രഭാകരൻ രചിച്ചൊരു ചെറുകഥ സമാഹാരം തന്നിട്ട് അതിലെ ‘പാതുകാപ്പ്’ എന്ന കഥക്ക് കഥാസാരം എഴുതിത്തരാനായി പറഞ്ഞു.
അരമണിക്കൂറിനുള്ളിൽ തന്നെ ഒരുപുറം ഞാൻ അദ്ദേഹത്തിന് എഴുതിക്കാണിച്ചു. അത് വാങ്ങിനോക്കുക പോലും ചെയ്യാതെ തന്റെ ഇരിപ്പിടത്തിനു പിറകിലിട്ട 686 പേജുള്ള ‘മോഹമുൾ’ എന്ന നോവലെടുത്ത് എന്റെ കൈയിൽ വെച്ചുതന്നിട്ട് പറഞ്ഞു. ‘‘ഇതിലെ കഥാസാരം എഴുതി വെള്ളിയാഴ്ച ഫോൺ ചെയ്തിട്ട് വാ നോക്കട്ടെ’’ എന്നുപറഞ്ഞു. ഞാൻ വീട്ടിലെത്തി, രണ്ടു ദിവസം കൊണ്ട് 686 പേജ് വായിച്ചുതീർത്തപ്പോഴേക്കും എന്റെ കണ്ണ് ശരിക്കും തള്ളിപ്പോയ അവസ്ഥയിലായിരുന്നു. ഒടുവിൽ വായിച്ചു തീർത്ത് നോവലിലെ ഓരോ അധ്യായത്തിനും പ്രത്യേകം പ്രത്യേകം കഥാസാരം എഴുതിയുണ്ടാക്കിവെച്ചു. മനസ്സിൽ കണക്കുകൂട്ടി, ഇത്തവണ എന്തായാലും അസിസ്റ്റന്റായി അദ്ദേഹം കൂടെ ചേർക്കും. അങ്ങനെ ആ വിശ്വാസത്തിനുപുറത്ത് വീണ്ടും അദ്ദേഹത്തിനെ കാണാൻ ഓടിച്ചെന്നു.
ഇടതുകൈയിൽ കഥാസാരം എഴുതിയ പേപ്പറും വലതു കൈകൊണ്ട് നോവലും വാങ്ങിച്ച് അവ തന്റെ ഇരിപ്പിടത്തിന്റെ പിറകിൽ ഇട്ടശേഷം അടുത്ത പുസ്തകം എടുത്ത് എന്റെ കൈയിൽ തന്നു. അദ്ദേഹത്തിന്റെ ഇരിപ്പിടത്തിന് പിറകിൽ കൂട്ടിയിട്ട കഥാസാരം എഴുതിയ പേപ്പറുകൾ ഒരുകൂമ്പാരം പോലെ കുന്നുകൂടി ക്കിടക്കുന്നത് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അതോടെ മനസ്സിലായി ഇവിടെ അസി. ഡയറക്ടർ ജോലിതേടി വരുന്നവർക്കുള്ള പരീക്ഷയാണ് ഇതെന്നും അങ്ങനെ വന്നവരുടേതാണ് ആ കടലാസു തുണ്ടുകളെന്നും.
ബാലുമഹേന്ദ്ര സാറിനൊപ്പം അന്നവിടെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ് ചെയ്തുകൊടുക്കുന്ന ഒരാളെ കണ്ടു. അദ്ദേഹമായിരിക്കും സാറിന്റെ മുഖ്യസഹായി എന്നെനിക്ക് തോന്നി. അയാൾ വെളിയിലേക്ക് വരുന്നതും കാത്ത് ഞാനവിടെതന്നെ നിന്നു. അദ്ദേഹം പുറത്തേക്കു വന്നതും ചായ കുടിക്കാനായി ഞാനും കൂടെ ചെന്നു. അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ഞാൻ മുത്തുകുമാർ. സ്വദേശം കാഞ്ചീപുരം. അദ്ദേഹമാണ് പിന്നീട് പ്രശസ്ത ഗാനരചയിതാവായി മാറിയ നാ. മുത്തുകുമാർ.
കഥ വായിച്ച് കഥാസാരം എഴുതുന്ന പരീക്ഷ തുടർന്നുകൊണ്ടേയിരുന്നു. ആഴ്ചയിൽ ഒരു ദിവസം ചെല്ലും ഒരു പുസ്തകം തരും കഥാസാരം എഴുതി കൊണ്ടുകൊടുക്കും. ഇങ്ങനെ രണ്ടുമാസം കടന്നുപോയി. ഒരു ദിവസം രാവിലെ 11 മണിക്ക് ഞാൻ അദ്ദേഹത്തിന് ഫോൺ ചെയ്ത് ‘ഗുഡ് മോണിങ് സാർ’ എന്നു പറഞ്ഞു. എന്നാൽ എന്റെ ആ സംസാരത്തിനുശേഷം ജീവിതത്തിലേക്ക് പുതിയൊരു വെളിച്ചം വീശുകയാണെന്ന് ശരിക്കും ബോധ്യപ്പെട്ടു. ഫോണിലൂടെ അദ്ദേഹം പറഞ്ഞു. ‘‘എന്താ 11 മണിക്ക് ഒരു ഗുഡ്മോർണിങ്, ദിവസവും ഫോൺ ചെയ്ത് ചോദിച്ചിട്ടേ ഓഫിസിൽ വരൂ എന്നു നിർബന്ധമുണ്ടോ? ഒമ്പത് മണിയായാൽ ഓഫിസിൽ വരണമെന്ന് അറിയില്ലേ അങ്ങനെയൊരു സെൻസ് വേണ്ടേ?’’
അത് കേട്ടപ്പോഴാണ് എനിക്ക് അക്കാര്യം വ്യക്തമായത്. ഞാൻ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി നേരത്തേതന്നെ ചേർക്കപ്പെട്ടിരിക്കുന്നു എന്ന്.
അധ്യായം 3
മൂന്നു മാസക്കാലം കോളജും ബാലുമഹേന്ദ്രയുടെ ഓഫിസുമായി അങ്ങനെ ജീവിതം തുടർന്നുപോയി. സാറിന്റെ സഹായിയായി ജോലിക്ക് ചേർന്നപ്പോൾ അതെന്റെ ദൈനംദിന ജിവിതത്തെതന്നെ മാറ്റിമറിച്ചു. എന്റെ പ്രാധാന്യങ്ങളെല്ലാം മാറി. അദ്ദേഹം എന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാം, ഉടനെ അവിടേക്ക് ചെല്ലണം എന്നായി. അടുത്ത ദിവസം കോളജിലേക്ക് ചെല്ലുന്നതുപോലും നിശ്ചയമില്ലാത്ത ഒരു കാലമായിരുന്നു.
‘‘എടാ മച്ചൂ നാളെ ക്ലാസിലേക്ക് വരുന്നുണ്ടോ’’ എന്ന് എെന്റ കൂട്ടുകാർ ചോദിച്ചാൽ ‘‘സാർ എന്നോട് ഫോൺ ചെയ്യാനായി പറഞ്ഞിട്ടുണ്ട്. അദ്ദേഹം വിളിച്ചാൽ അങ്ങോട്ട് പോകും. അല്ലെങ്കിൽ കോളജിലേക്ക് വരും’’ ഇങ്ങനെയായിരുന്നു അവർക്ക് ഞാൻ കൊടുത്തിരുന്ന മറുപടി. ബി.എക്ക് പഠിക്കുമ്പോൾതന്നെ എന്റെ സിനിമാ മോഹത്തെക്കുറിച്ച് അധ്യാപകർക്ക് നല്ലപോലെ അറിയാമായിരുന്നു. എം.എ എൻട്രൻസ് പരീക്ഷയിൽ എനിക്ക് നല്ല മാർക്കുണ്ടായിരുന്നു. എന്നിട്ടുപോലും എെന്റ വകുപ്പ് മേധാവി വി. മാത്യു സാർ അഡ്മിഷൻ സമയത്ത് എന്നോട് ചോദിച്ചതാണ്, ‘നീ എന്തിനാ എം.എ പഠിക്കുന്നത്’ എന്ന്. ഞാൻ അൽപം പരിഭ്രമത്തോടെ മറുപടിയായി ചോദിച്ചു, ‘എന്താ സാർ ഞാൻ പഠിക്കാൻ വരാൻ പാടില്ലേ?’ എന്ന്.
അപ്പോൾ അദ്ദേഹം പറഞ്ഞു, ‘‘അത് മറ്റൊന്നും കൊണ്ടല്ല, നിനക്ക് സിനിമയിൽ താൽപര്യം ഉള്ളതുകൊണ്ട് നീ സിനിമയിൽ ചെന്നുചേരും. പിന്നെ നിനക്കെന്തിനാണ് സാഹിത്യം.’’
‘സാർ അങ്ങനെ പറയരുത്. എനിക്ക് സിനിമയും സാഹിത്യവും രണ്ട് പാളങ്ങൾ പോലെയാണ്. ആ രണ്ട് പാളങ്ങൾ ഇല്ലെങ്കിൽ െട്രയിൻ പോകില്ല’ എന്ന് ഞാൻ വളരെ സീരിയസ് ആയി സാറിനോട് പറഞ്ഞു.
‘നീ കാരണം സാഹിത്യത്തിൽ താൽപര്യമുള്ള മറ്റൊരു വിദ്യാർഥിക്ക് സീറ്റ് ലഭിക്കാതെ പോവുകയാണ്. അവന് അഡ്മിഷൻ കിട്ടിയാൽ അവനെങ്കിലും മര്യാദക്ക് പഠിച്ച് നല്ല നിലയിലെത്തും’ എന്നു പറഞ്ഞ് ഒട്ടും താൽപര്യമില്ലാതെയാണ് അദ്ദേഹം എന്റെ അഡ്മിഷൻ ഷീറ്റിൽ ഒപ്പിട്ടത്. കോളജിൽ എത്ര അധ്യാപകരുണ്ടെങ്കിലും നമ്മുടെ മനസ്സിന് ഇഷ്ടമുള്ള ചിലരുണ്ടാകും. അത്തരത്തിൽ കോളജ് പഠനകാലത്ത് എന്നെ പഠിപ്പിച്ച അധ്യാപകനായിരുന്നു പ്രഫ. ജോസഫ് ചന്ദ്ര. വളരെ ഊർജസ്വലതയുള്ള ക്ലാസുകളായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം എപ്പോഴും പറയും. ‘‘നീ എന്തായാലും ഡിഗ്രി പൂർത്തിയാക്കണം, അല്ലാതെ പോകരുത്.’’
എം.എക്ക് സീറ്റ് കിട്ടിയപ്പോൾ എന്നെ വിളിച്ച് സംസാരിച്ചു. അദ്ദേഹത്തിനറിയാം ഞാൻ എന്തായാലും സിനിമയിലേക്ക് പോകുമെന്ന്. അദ്ദേഹം പ്രതീക്ഷിച്ചതുപോലെതന്നെ മൂന്നാമത്തെ സെമസ്റ്റർ സമയത്ത് ജോസഫ് ചന്ദ്ര സാറിന്റെ കൂടെ കോളജിലേക്കും ബാലുമഹേന്ദ്ര സാറിന്റെ ഓഫിസിലേക്കും പോയിവന്നുകൊണ്ടിരുന്നു. എനിക്കപ്പോൾ രജനി ഹേമ എന്നൊരു പെൺസുഹൃത്ത് ഉണ്ടായിരുന്നു. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അവളുടെ കൈനറ്റിക് ഹോണ്ട എടുത്താണ് ഞാൻ ബാലുമഹേന്ദ്ര സാറിെന്റ ഓഫിസിലേക്ക് പോയിരുന്നത്. ഞാൻ അവിടെനിന്ന് മടങ്ങുന്നതുവരെ അവൾ ക്ലാസുകഴിഞ്ഞ് എന്നെയും കാത്തിരിക്കും. അതിനുശേഷം അവളെ ഹോസ്റ്റലിൽ കൊണ്ടാക്കും.
ക്രമേണ അവളോടൊപ്പം ചെലവഴിക്കുന്ന സമയവും കോളജിലെ ഹാജർ നിലയും കുറഞ്ഞു. പിഴയടച്ച് പരീക്ഷകൾ എഴുതേണ്ട അവസ്ഥയുമുണ്ടായി. പക്ഷേ, ആ വർഷം അതിനും വഴിയില്ലാതായി. അവസാനം ഇനി സിനിമയാണോ ലക്ഷ്യം അതോ എം.എ ആണോ വേണ്ടത് എന്ന് തീരുമാനമെടുക്കേണ്ട സാഹചര്യമായി. ഒരു നിമിഷംപോലും ചിന്തിക്കുകയോ, ആശങ്കപ്പെടുകയോ ചെയ്തില്ല. എെന്റ ലക്ഷ്യം സിനിമയാണ്. അതും ബാലുമഹേന്ദ്ര സാറിന്റെ കൂടെ. എന്നതിൽ ഞാൻ ഉറച്ചുനിന്നു. അതോടെ എം.എ പഠനം ഉപേക്ഷിച്ചു. പിന്നീട് ദിവസവും ബാലുമഹേന്ദ്ര സാറിന്റെ ഓഫിസിലേക്ക് പോയിത്തുടങ്ങി. അവിടെവെച്ച് ഞാൻ നാ. മുത്തുകുമാറുമായി നല്ല അടുപ്പത്തിലുമായി.
ഒരു ഹാളും രണ്ടുമുറിയും ഒരു അടുക്കളയും ചേർന്നതാണ് ബാലുമഹേന്ദ്ര സാറിന്റെ ഓഫിസ്. ഒരുമുറി നിറയെ പഴയ വസ്ത്രങ്ങളും, ഷൂട്ടിങ്ങിനുവേണ്ട ചില സാധനസാമഗ്രികളും കൊണ്ട് കുന്നുകൂടിക്കിടക്കുകയായിരുന്നു. മറ്റൊരു മുറിയാണ് സാറിന്റേത്. അതിന്റെ മുക്കാൽ ഭാഗവും പുസ്തകങ്ങൾകൊണ്ട് നിറഞ്ഞിരുന്നു. ആ മുറിയിൽ എ.സി ഉള്ളതുകൊണ്ട് അതിനകത്ത് നല്ല തണുപ്പായിരിക്കും. മുറിയുടെ ഒരു ഭാഗത്ത് അദ്ദേഹത്തിന് ഇരിക്കാനായി മാത്രം ചെറിയ സ്ഥലമുണ്ട്. ആ മുറിക്കുള്ളിൽ പ്രവേശിക്കുക എന്നത് അദ്ദേഹത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നതിന് തുല്യമാണ്. ഞങ്ങൾ ഹാളിൽ കാത്തിരിക്കും. ആരെങ്കിലും സീനിയർ അസിസ്റ്റന്റ് വന്നാൽ അവരെ മാത്രം ആ മുറിക്കകത്ത് വിളിച്ചുകൊണ്ടുപോയി ചർച്ച നടത്തും. ഞങ്ങൾ നിരാശയോടെ ആ മുറിയുടെ വാതിൽക്കൽ നോക്കിയിരിക്കും. ആ വീടാണ് അദ്ദേഹമെങ്കിൽ ആ മുറിയാണ് അദ്ദേഹത്തിന്റെ ഹൃദയം.
അദ്ദേഹത്തിന്റെ മുറിക്കകത്ത് പ്രവേശിക്കുക എന്നത് എത്രമാത്രം പ്രയാസമാണോ അതുപോലെതന്നെയാണ് അദ്ദേഹത്തെ തൊപ്പിയില്ലാതെ കാണാനാകുന്നതും. തന്റെ തൊപ്പിയുടെ കാര്യത്തിൽ അത്രക്ക് ശ്രദ്ധാലുവായിരുന്നു. മാത്രമല്ല അത് കണ്ണുമറയത്തക്കവിധം പ്രത്യേക രീതിയിലാണ് ധരിക്കാറുള്ളത്. ഒരു ദിവസം നടന്നുപോകവെ മരക്കൊമ്പിന്റെ ചില്ല അദ്ദേഹത്തിന്റെ നെറ്റിയിൽ തട്ടി കാലിടറി വീണു. സാധാരണ നമ്മൾ വീണാൽ മുറിവുപറ്റാതെ രക്ഷപ്പെടാൻ കൈകൾ തറയിൽ ഊന്നും. പക്ഷേ, അദ്ദേഹം തന്റെ തൊപ്പി താഴെ വീഴാതിരിക്കാനായി ആദ്യം പിടിച്ചത് തൊപ്പിയിലായിരുന്നു. തൊപ്പി എന്നത് അദ്ദേഹത്തിന്റെ ശരീരത്തിലെ ഒരു ഭാഗംപോലെയാണ്. അങ്ങനെ ബാലുമഹേന്ദ്ര സാറിനൊടൊപ്പം ദിനങ്ങൾ കഴിച്ചുകൂട്ടിക്കൊണ്ടിരുന്നു. സ്നേഹവും ആശങ്കയും ആശ്ചര്യവും നിറഞ്ഞതായിരുന്നു ഓരോ ദിനങ്ങളും. ചില സന്ദർഭങ്ങളിൽ അദ്ദേഹം വല്ലതും പറയുമോ എന്ന ഭയത്തിൽ കുഴങ്ങിനിൽക്കും.
രാവിലെ ‘ഗുഡ്മോർണിങ്’ എന്നുപറഞ്ഞ് വൈകീട്ട് ‘താങ്ക്സ് സാർ’ എന്നു പറഞ്ഞ് വീട്ടിലേക്ക് പോകുന്നതുവരെ, വെള്ളത്തിൽ മുങ്ങിയ പന്തുപോലെ വിമ്മിട്ടത്തിലായിരിക്കും അവസ്ഥ. ചിലപ്പോഴൊക്കെ ഒരു കാര്യവുമില്ലാതെ ഞങ്ങൾക്ക് ചീത്തകേൾക്കേണ്ടി വരും.
‘നീെയന്താ ഇങ്ങനെ ചുമ്മാ ഇരിക്കുന്നത്?’ എന്നു ചോദിക്കും. എഴുന്നേറ്റ് നിന്നാൽ ‘നീ എന്തിനാ ഇങ്ങനെ നിൽക്കുന്നത്? ഇരിക്ക്’ എന്നു പറയും. ഇരുന്നാലോ ‘എന്തിനാടാ ഇങ്ങനെ കൈയും കെട്ടി ഇരിക്കുന്നത്? ഞാൻ നിന്നെ എന്തുചെയ്തു? എന്നു ചോദിക്കും. എന്തെങ്കിലും ചെന്ന് എടുത്താലോ ‘നീ എന്തിനാ അത് എടുക്കുന്നത്’ എന്ന് പെട്ടെന്ന് ശബ്ദം ഉയർത്തി പറയും. ചിലപ്പോൾ ‘വെട്രീ, ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവുന്നില്ലേ’ എന്ന് മടുപ്പോടെ ചോദിക്കും. എട്ടുവർഷം നിറവുകളും കുറവുകളും സ്വീകരിച്ച് അദ്ദേഹത്തോടൊപ്പം ഞാൻ കഴിച്ചുകൂട്ടി. അദ്ദേഹത്തിന്റെ ലോകം വളരെ ചെറുതാണ്. അദ്ദേഹം ഞങ്ങളോട് ഇടക്കിടെ പറയാറുള്ള ഒരു കാര്യം ‘‘ഞാൻ, എന്റെ വീട്, എന്റെ അസിസ്റ്റന്റ്സ്, അടുത്തുള്ള നാലു തെരുവ് ഇവ മാത്രമാണ് എന്റെ ജീവിതം.’’ എന്നതാണ്.
അത് സത്യവും ആയിരുന്നു. കാരണം അസി. ഡയറക്ടർമാരായിരുന്നു അദ്ദേഹത്തിനെല്ലാം. ഒരു ദിവസം അദ്ദേഹത്തിന്റെ മുറിയുടെ വാതിലിലേക്ക് നിരാശയോടെ നോക്കിനിന്ന ഞങ്ങളെ അദ്ദേഹം അകത്തേക്ക് വിളിച്ചു. ആ നിമിഷം അവിസ്മരണീയമായ മുഹൂർത്തമായിരുന്നു. അപ്പോൾ ഓഫിസിലുണ്ടായിരുന്നത് ഞാനും മുത്തുകുമാറും മാത്രമായിരുന്നു. ‘‘വരൂ... നമുക്ക് റൂമിനകത്തുചെന്ന് സംസാരിക്കാം’’ എന്നു പറഞ്ഞ് ഞങ്ങളിരുവരെയും അകത്തേക്ക് വിളിച്ചു. ഞങ്ങൾക്കത് വിശ്വസിക്കാനായില്ല. സ്നേഹത്തോടെയുള്ള അദ്ദേഹത്തിന്റെ ആ ക്ഷണം ഞങ്ങൾക്കുലഭിച്ച അടുത്ത ഘട്ട പ്രമോഷനാണെന്നു കരുതി. മാത്രമല്ല ആ ക്ഷണം, നിങ്ങളെന്റെ അസി. ഡയറക്ടർമാരാണ് എന്ന് അംഗീകരിച്ചതിന്റെ അടയാളമായിട്ട് കൂടിയാണ് ഞങ്ങൾ കണ്ടത്.
ഞങ്ങൾ അന്ന് ആദ്യമായി ബാലുമഹേന്ദ്ര സാറിന്റെ മുറിക്കകത്ത് കയറി. വെള്ളിത്തിരയിൽ അതുല്യ സൃഷ്ടികൾ നൽകിയ ബാലുമഹേന്ദ്ര എന്ന കലാകാരനെക്കുറിച്ചും, അദ്ദേഹം എടുക്കാൻ പോകുന്ന പുതിയ സിനിമയെക്കുറിച്ചും അറിയാനുള്ള ആവേശത്തിലായിരുന്നു ഞങ്ങൾ. അങ്ങനെ ഏറെ ആശ്ചര്യത്തോടെയും പ്രതീക്ഷയോടെയും മുറിക്കകത്ത് കയറിച്ചെന്ന ഞങ്ങളോട് അദ്ദേഹം പുതിയ പ്രോജക്ടുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വിശദീകരിച്ചു.
‘‘രണ്ട് പ്രോജക്ടുകളുണ്ട്. ഒന്ന് ടെലവിഷനുവേണ്ടി. ‘അഴിയാത്തകോലങ്ങൾ’ എന്ന സിനിമയെ വിപുലീകരിച്ചുകൊണ്ട് വേറൊന്ന്. അതല്ലെങ്കിൽ ഒരു െട്രയിൻ സബ്ജക്ടുമുണ്ട്. അത് ചെയ്താലോ എന്നാണ് ആലോചിക്കുന്നത്.’’ അദ്ദേഹം തുടർന്നു ‘‘ആദ്യം നിങ്ങൾ ‘അഴിയാത്ത കോലങ്ങൾ’ എന്ന സിനിമക്ക് എക്സ്റ്റൻഷൻ ചെയ്യാൻ പറ്റിയ വല്ല ഐഡിയയുണ്ടെങ്കിൽ പറയൂ.’’ അതായിരുന്നു അസി. ഡയറക്ടറായി ചേർന്നശേഷം എനിക്ക് ലഭിച്ച ആദ്യത്തെ അസൈൻമെന്റ്.
മൊഴിമാറ്റം/സംയോജനം: ദിനേഷ് കന്നിമാരി
--------------
ഫേബിയൻ ബുക്സ് അടുത്ത് പ്രസിദ്ധീകരിക്കുന്ന, വെട്രിമാരന്റെ ആത്മകഥ ‘മൈൽസ് ടു ഗോ’യിൽ നിന്നുള്ളതാണ് ഇൗ ഭാഗങ്ങൾ