Begin typing your search above and press return to search.

ആത്മകഥ ഒരു ജന്മത്തിന്റെ ഓർമകൾ

ആത്മകഥ  ഒരു ജന്മത്തിന്റെ   ഓർമകൾ
cancel

മലയാളത്തിലെ മുതിർന്ന കവിയും വിവർത്തകനും എഴുത്തുകാരനുമായ ദേശമംഗലം രാമകൃഷ്ണന്റെ ജീവിതമാണിത്​. കാവ്യത്തി​ന്റെ ചാരുതയിൽ അദ്ദേഹം അനുഭവങ്ങൾ നിരത്തുന്നു. ആത്മകഥയുടെ അവസാന ഭാഗം.ഏഴ് : പുലർന്നുവോകനാലു വന്നൂ, വീട്ടിൻ മുന്നിലെഇടവഴി പാതാളമായ്, ചുരുങ്ങിപ്പോയി വീട്ടുമ്മറം വീട്ടിലേക്കിരച്ചെത്തി പുറംലോകം. പാഞ്ഞെത്തും നീരിനാൽ നനയ്ക്കാം ഇരുപ്പൂവും പുഞ്ചയുമെന്നു മോഹിച്ച രാമരും വേലുപ്പണിക്കരും വരണ്ടുപോയ്. വന്നെങ്കിൽ വന്നൂ വല്ലപ്പൊഴുമൊരു ചാലുവെള്ളം ഇത്തിരിവെള്ളത്തിനെത്രത്തോളം സഞ്ചരിച്ചെത്താനാവും. രാജപാതപോൽ പണ്ടത്തെയിടവഴി കിടന്നതും സ്‌നേഹക്കോലാഹലങ്ങൾ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
മലയാളത്തിലെ മുതിർന്ന കവിയും വിവർത്തകനും എഴുത്തുകാരനുമായ ദേശമംഗലം രാമകൃഷ്ണന്റെ ജീവിതമാണിത്​. കാവ്യത്തി​ന്റെ ചാരുതയിൽ അദ്ദേഹം അനുഭവങ്ങൾ നിരത്തുന്നു. ആത്മകഥയുടെ അവസാന ഭാഗം.

ഏഴ് : പുലർന്നുവോ

കനാലു വന്നൂ, വീട്ടിൻ മുന്നിലെ

ഇടവഴി പാതാളമായ്,

ചുരുങ്ങിപ്പോയി വീട്ടുമ്മറം

വീട്ടിലേക്കിരച്ചെത്തി

പുറംലോകം.

പാഞ്ഞെത്തും നീരിനാൽ നനയ്ക്കാം

ഇരുപ്പൂവും പുഞ്ചയുമെന്നു മോഹിച്ച

രാമരും വേലുപ്പണിക്കരും വരണ്ടുപോയ്.

വന്നെങ്കിൽ വന്നൂ

വല്ലപ്പൊഴുമൊരു ചാലുവെള്ളം

ഇത്തിരിവെള്ളത്തിനെത്രത്തോളം

സഞ്ചരിച്ചെത്താനാവും.

രാജപാതപോൽ

പണ്ടത്തെയിടവഴി കിടന്നതും

സ്‌നേഹക്കോലാഹലങ്ങൾ പൂരങ്ങളീവഴി

രസിച്ചുമറഞ്ഞതും

ഓർക്കുവാൻ ശേഷിപ്പൂ ഞാൻ.

തെക്കേ വളപ്പിൽ കിടന്ന്

അച്ഛനിതു കാണുന്നുവോ

കൈക്കോട്ടെടുക്കാൻ

അവന്റെ കൈ തരിക്കുന്നുവോ.

പൂതലിക്കാത്തൊരോർമകൾ കൊണ്ടേ

മൂന്നുനേരം വിളമ്പിയുണ്ണുന്നു ഞാൻ.

കവിയായ് നീയെന്നു കേട്ടു കോരിത്തരിച്ചു

കനവു കാണുന്നു നീയെന്നറിഞ്ഞ്

ഊറ്റംകൊണ്ടു ഞാൻ.

കോളേജിൽ പഠിപ്പിക്കാൻ പോകയാണെന്നറിഞ്ഞു

മേൽഗതിക്കാരിയായെന്നാശ്വസിച്ചേൻ.

വെറുതെയായില്ലൊന്നും

ഭാഗംവെച്ചു പിരിഞ്ഞാലും

മൂന്നു വീടുകൾ

മൂന്നു രാജ്യങ്ങളതിർത്തികളാകിലും

അതൊക്കെ മറന്നു നാം,

ഒരേ കിണ്ണത്തിൽനിന്നേ

പ്ലാവിലകോട്ടി

കോരിക്കുടിക്കുംപോലൊരാഹ്ലാദം

പുലർന്നുവോ പുലർന്നില്ലേ

-തൻകാര്യക്കാർക്കതാവുമോ.

 

എട്ട് : അനാഥന്റെ മരണം

അറിയാം തങ്കമണിയുടെ

കെട്ടിയോൻ തൂങ്ങിച്ചത്തതും

നിറവയറാണവളെന്നും

ഇരട്ടകളായിരിക്കാമകത്തെന്നും.

പെറ്റുകൂട്ടിയോളാണവൾ,

കുടിച്ചുകൂത്താടിയാലുമവൻ

തല്ലില്ലവളെ കുട്ടികളെ

പൊന്നുപോൽ നോക്കും.

കഠിനാധ്വാനം കൊണ്ടേ,

ഏമാന്റെ കാട്ടിൽ

പാതിരതോറും മോഷ്ടാക്കളെ

ആട്ടിയോടിച്ചുംകൊണ്ടേ

വാറ്റുചാരായത്തിളപ്പിൽ

പുളച്ചുംകൊണ്ടേ

വെളുപ്പിനേ കുളത്തിൽ

തുണിക്കെട്ടുമായ്‌ വന്നു

അലക്കിയലക്കി

ഈർഷ്യ തീർത്തും കൊണ്ടേ

അവനൊടുവിൽ നിശ്ചയിച്ചിരിക്കാം-

താണേ താണു പോകുന്നൊരു ജീവിതം

കരയേറ്റാനാവില്ലെന്നൊരു സങ്കടം

തള്ളിനിൽക്കയാൽ

മരിപ്പിച്ചിതവൻ തന്നെത്തന്നെ,

എന്നേ ഞാൻ നിനയ്ക്കുന്നു.

എങ്കിലും

ചെന്നുനോക്കാൻപോലും

ആരുമില്ലാതെ-

നീ മാത്രമായിരുന്നൊടുവിലാ

അനാഥന്നൊരാശ്രയം.

നീയതിനായ് സഹിച്ചൊരാ ദുരിതങ്ങൾ

ഇത്രനാളും പറയാഞ്ഞതെന്തേ.

മണ്ണറയിൽ ചെന്നുവീണാലും

പെണ്ണിനെ പെറ്റ വയറിൻ

തീക്കാളൽ നിലക്കില്ലുണ്ണീ.

-പറയാമമ്മേ

എല്ലാം കഴിഞ്ഞെത്ര

വർഷങ്ങൾ കടന്നുപോയ്.

നിനക്കും കേൾക്കാനാവുമോ,

നിറയെ ചരലായിരുന്നല്ലോ

നീ കുടിച്ച പഴങ്കഞ്ഞി

അതിൽനിന്നേ മുക്കിക്കുടിച്ചൂ ഞാനും,

അതു പൊന്തിവരുന്നുണ്ടെന്നുള്ളിലും

അറിയപ്പെടുവാനുള്ളതല്ലതൊന്നും.

എങ്കിലുമാ കൊടുംരാത്രിയിൽനിന്നുയരുമെൻ

നെടുവീർപ്പുകൾ നിനക്കു കേൾക്കാനാവുമോ:

ഒറ്റക്കാള വലിക്കുന്ന വണ്ടിയിൽ

അവനെ പായയിൽ ചുരുട്ടിക്കിടത്തി

പിറകേ നടക്കുമ്പോൾ

എന്തൊരു ദുർനിയോഗമിത്-

എന്നോടു ചോദിച്ചു ഞാൻ.

പോസ്റ്റ്‌മോർട്ടത്തിനായ് കൊണ്ടുപോകാൻ

ഇല്ലാരും തുണ

മറ്റൊരു ശവമായ് ഞാൻ പിറകേ നടന്നൂ.

നരിച്ചീറുകൾ പറക്കും പാതയിലൂടെ

നരച്ച ജീവനായ് ഞാൻ നടന്നൂ.

മറുത്തൊന്നും പറയാനാവാതെ

ഉറങ്ങിക്കിടക്കുമവനോടു ഞാൻ

പറയുന്നുണ്ടായിരുന്നു എന്തൊക്കെയോ.

കാളവണ്ടിക്കാരനും പേടിക്കുന്നുണ്ടാവാം

വായിൽ തോന്നിയ തൊളസൂറത്തരങ്ങൾ ചിലച്ചവൻ

കാതങ്ങൾ താണ്ടി.

തൃത്താലക്കടവിലെയാസ്പത്രിവളപ്പിൽ

ചെന്നെത്തിയെങ്ങനെയോ

മോർച്ചറിപ്പടിക്കെട്ടിൽ

അന്ധിച്ചിരുന്നേൻ

ഒറ്റക്കാളവണ്ടിക്കാരനും പോയ്

ഒരു പൊതിച്ചോറു തന്നാ

പോലീസുകാരനും പോയ്.

കൂമന്മാർ കുറുക്കന്മാർ പട്ടികൾ

രാപ്പരുന്തുകൾ

ചുറ്റും കലമ്പുമ്പോൾ

എൻശവത്തിനെ കേറ്റിക്കിടത്തി

വാതിലും പൂട്ടിപ്പോകുവോൻ

ചിരിച്ചുവോ ചിരിച്ചില്ലേ.

അക്കരെ പള്ളിപ്പുറത്തുണ്ടൊരു ചങ്ങാതി

ഇക്കഥയൊന്നുമവനറിഞ്ഞിരിക്കില്ല

പാളം കുലുക്കിപ്പായുന്നൂ ഗുഡ്‌സ്‌വണ്ടികൾ.

എൻ കഥാനായകനൊരിത്തിരി മണ്ണ്

ഇവിടെ കിട്ടാതിരിക്കുമോ

തർപ്പണത്തിനിത്തിരി ജലം

എൻ പുഴ കരുതിയിരിക്കില്ലേ.

ചുട്ടിയഴിച്ചു വികൃതമാം മുഖത്തോടെ

ചൊകചൊകക്കണ്ണുകളോടെ

തൃത്താലത്തേവരേ നിൽക്കുന്നു ഞാൻ

എൻ പെങ്ങളെ വേട്ടവന്റെ ജഡവുമായ്.

അമ്പലപ്പുഴക്കാരനവനെങ്ങനെ

ഏതോ കാലത്തെത്തിയെൻ വീട്ടുതിണ്ണയിൽ,

കിടച്ചൂ പായ, പിന്നെ

കിടക്കക്കല്യാണമായ്.

അറിവീല

അതൊക്കെയുമെന്റെ

ഓർമ നാമ്പിടും മുമ്പേതോ കാലം.

ഒടുവിലുദകക്രിയക്കു

എനിക്കേ നിയോഗം.

രാപ്പകൽ പണിചെയ്യുവോൻ

വാറ്റിക്കുടിക്കുവോൻ

എസ്റ്റേറ്റ് മാനേജർക്കു

പ്രിയങ്കരനാ,ണയാളുടെ

ഐക്യമുന്നണിജാഥയ്ക്കവൻ

കൊമ്പൻമീശയും പിരിച്ച്

മുന്നേ നടക്കുന്നുണ്ടാം,

ട്രാവൻകൂറിൽനിന്നും

കൊച്ചിശ്ശീമയിലെത്തിയോരവൻ

പൊക്കിപ്പിടിച്ചൂ

പട്ടത്തിൻ പാർട്ടിക്കൊടി.10

ഒരു നിമിഷമങ്ങനെ ജ്വലിക്കലേ, പിന്നെ സ്വന്തം

പ്രാണൻ തല്ലിക്കെടുത്തലേ പ്രിയം.

ബോധം കെട്ടുകിടക്കുമിടവഴിക്കുണ്ടിൽനിന്നും

ഷാരത്തെ കിണറിന്റെ

ആൾമറയില്ലാ വക്കത്തുനിന്നുമവനെ

എത്രവട്ടം വാരിയെടുത്തുകൊണ്ടുപോന്നൂ

പിറ്റേന്നു പുലർകാലത്തുണ്ടതിൻ

നന്ദിച്ചിരി.

പഠിക്കാനിരുത്തി

പുളിവാറലുകൊണ്ടു തല്ലും

കരച്ചിൽ സഹിക്കാ,ഞ്ഞപ്പൊഴേ

കൂട്ടിക്കൊണ്ടുപോയ്

വാങ്ങിത്തരും പലഹാരം.

എത്ര നല്ലവൻ - അവനെ

സ്‌നേഹത്താൽ വെറുത്തുപോയ്,

എത്ര കെട്ടവൻ - അവനെ

വെറുപ്പാൽ സ്‌നേഹിച്ചു ഞാൻ.

പോസ്റ്റ്‌മോർട്ടമാണിന്നു രാവിലെ.

കുടിച്ചു പരാപരാ ഉരുവിട്ടു വന്നിട്ടുണ്ടറ്റൻഡർ.

അവനു കുടിക്കാൻ കാശുകൊടുത്താലേ

ശവത്തിൻ തലയോടുകളിളക്കിമാറ്റൂ.

കൊണ്ടുവന്നിട്ടുണ്ട് ചുറ്റിക, ഇരുമ്പിന്റെ പൂളും.

പൂളുവെച്ചു മേടി മേടി

ഓട്ടികൾ പുറത്തിട്ടു.

അവൻ പറയുന്നു: ‘‘കുടിച്ചു ബോധംകെടാതെ

എങ്ങനെ ഞാനിതുചെയ്യും.

ബോധക്കേടുണ്ടാക്കുമെനിക്ക്

ഏതു തലച്ചോറും കണ്ടാൽ.

മേശമേൽ കിടക്കുമിവനോ

എന്നെക്കാൾ മുഴുക്കുടിയൻ

അവന്റെ തലച്ചോറു തിളയ്ക്കുന്നിപ്പൊഴും

എന്തൊരു കടുപ്പപ്പെട്ട നാറ്റം.’’

ഡോക്ടർ വന്നു

ഉപചാരം ചെയ്തു കുത്തിക്കുറിച്ചൂ:

‘‘ആത്മഹത്യതന്നെ

ആരും തലയ്ക്കടിച്ചു കൊന്നതല്ല.

മൂപ്പരോ പിപ്പിരിയൻ

തലച്ചോർ മസാലയിട്ട കോഴിയിറച്ചിപോൽ.’’

പിന്നെപ്പറഞ്ഞു, തലയ്ക്കടിയേറ്റു മരിച്ചു

കെട്ടിത്തൂക്കിയിട്ടതായാലും

ആവില്ലെനിക്കാ പുക്കാറത്തിനൊന്നും

കൊടി കാട്ടാൻ.

പകയുണ്ടാവാം

കുടിയന്മാർക്കു തമ്മിൽ,

കക്കുവാൻ വരുന്നോർക്കും,

ഏമാന്റെ കാടിനു

കാവലാളിവൻ രാത്രികാലങ്ങളിൽ.

 

സംശയിക്കുന്നുണ്ടെങ്കിലും

ആവില്ലെനിക്കാ പുക്കാറത്തിനൊന്നും

കൊടി കാട്ടാൻ

-ഒടുവിൽ തുന്നിക്കെട്ടി

പായയിൽ പൊതിഞ്ഞെടുത്ത്

കടവിലേയ്‌ക്കെത്തിക്കെ,

കാവലിനു വന്നൊരപ്പോലീസുകാരനിന്നലെ

വീട്ടിൽ പോയതാ,ണിതാ തക്കസമയം

മഫ്ടിയിലെത്തിച്ചേർന്നു.

അന്തംവിട്ടയാളും നിന്നൂ -എന്തിത്

പുഴക്കരയിൽ കുഴിവെട്ടാൻ

സമ്മതിക്കുന്നില്ലാരും.

അന്നൊക്കെ പുഴയോരത്ത്

ആറടിമണ്ണിലേതു ജഡവും കുഴിച്ചിടാം.

എങ്കിലും കായ്കറിക്കൃഷിയാണ്

മണൽപ്പുറങ്ങളിൽ,

‘പറ്റില്ലെൻ സ്ഥലത്തിത്’

-നിരന്നൂ തടസ്സക്കാർ.

പൊള്ളും വെയിലത്തു കിടക്കുന്നേട്ടൻ

ചത്താണു കിടപ്പതെങ്കിലും,

എന്നുള്ളം പൊള്ളിപ്പൊട്ടി.

എങ്ങനെയെവിടെ

മറവുചെയ്യേണ്ടൂ ഞാനവനെ

എങ്ങോട്ടു കൊണ്ടുപോകും

ആരേറ്റും ജഡത്തിനെ.

കരപ്രമാണി വന്നു

പോലീസ്‌ മേലാളൻ വന്നു

മധ്യസ്ഥത്തിലൊന്നുമൊതുങ്ങാതിരുന്നപ്പോൾ

ആമീൻ വന്നു

തഹസിൽദാരുടെ കൽപനയുമായി,

കാവലായ് വന്ന

പോലീസ് മിത്രത്തെ വണങ്ങി ഞാൻ.

ഒടുവിൽ

പച്ചോല കെട്ടിവലിക്കുംപോലവനെക്കൊണ്ടുപോയ്

തർക്കമില്ലാത്തിടത്തിൽ കുഴിച്ചിട്ടു

ഇല്ലയാരും കരയുവാൻ

ഇല്ലയാരും കുടമുടച്ചു നീർവീഴ്ത്തുവാൻ.

ഒരു നുള്ളു മണ്ണുവാരിയാ

ജഡത്തിലർപ്പിക്കുമ്പോൾ

ഇങ്ങനെയാരും മരിക്കൊല്ലേയെന്നു

പ്രാർഥിച്ചുപോയ് ഞാൻ.

10. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി), പട്ടം താണുപിള്ള

ഒമ്പത് : ആരുടെ വീട്

തറവാടു പൊളിച്ചെൻ പേരക്കുട്ടൻ

പുതുവീടുവെച്ചെന്നു

മണ്ണറയിൽ കിടന്നറിഞ്ഞേൻ.

എത്ര നെഞ്ചുവേദന തിന്നാണവൻ

പൊക്കിയെടുത്തതാ മോഹത്തിനെ.

അതു നന്നായെങ്കിലും,

മണ്ണേറ്റി മണലേറ്റി

പണിതു വീർപ്പിട്ടൊരെൻ

സ്വപ്നത്തെ പൊളിച്ചപ്പോൾ

കേട്ടിരിക്കാം നീയെൻ തേങ്ങൽ.

ഒരിക്കലുമാർക്കുമൊന്നും സ്ഥിരമായില്ല

എങ്കിലും വെറുതെയോർക്കുന്നു.

അച്ഛന്റെയറ പോയി

മച്ചകം പോയി

ചേട്ടയെ മറികടക്കുവാൻ നീയൊരുക്കിയ

ഏറുമാടവും പോയി.

എത്ര പേറുകൾ എത്ര കരച്ചിലുകൾ

എത്ര കൂടിപ്പിരിയലുകൾ

എത്ര ഓണങ്ങളിലവെച്ചുവിളമ്പിയ

ഇടനാഴിയകായകൾ

-ഓർക്കുന്നു ഞാൻ.

ആരുമില്ലിന്നു

ശങ്കുണ്ണ്യാരുടെ വീടെന്നു പറയുവാൻ

അന്നത്തെ സ്ഥലത്തു നിൽപ്പായ്

വിറങ്ങലിച്ചൊരു കാലം.

തെക്കുണ്ടോ ഷാരം

വടക്കുണ്ടോ മനത്തോപ്പ്

വടക്കുകിഴക്കുണ്ടോ, മന കെട്ടിയ

ശിവഭഗവാന്റെയമ്പലം.

മാരാരുടെ ശുദ്ധികലശക്കൊട്ടലുണ്ടോ

കോരിക്കോരി വിളമ്പിയ നിവേദ്യക്കട്ടയുണ്ടോ

മനയ്ക്കലുണ്ണുവാൻ പോകും ശൗണ്ടികളുണ്ടോ

ഏമ്പക്കം വിട്ടീയിടവഴിയിൽ

കുന്തിച്ചിരിക്കും പാവം നമ്പൂരിമാരുണ്ടോ.

മനയും പൊളിച്ചുകൊണ്ടോടിയ

തമ്പ്രാക്കളിന്നേതേതു നാടുകളിൽ

ആരുടെ ബാധകൾ-

അറിയി,ല്ലതൊരു

പാപനരകം പണിത കാലം.

എങ്കിലും പൊളിക്കരുതായിരുന്നു

അത്രയ്ക്കു വാഴ്ത്തപ്പെട്ടൊരാ

എട്ടുകെട്ടുക,ളെടുപ്പുകൾ-

തടുക്കാൻ നിൻ കൊടിക്കാർക്കുമായില്ലെടോ.

എങ്കിലും പൊളിച്ചുവിൽക്കരുതായിരുന്നാ

പൂമുഖങ്ങളാ പടുകൂറ്റൻ തൂണുകൾ

മാളികകളാനക്കൊട്ടിലുകൾ

നീണ്ടൊരൂട്ടുപുരകൾ,

ഈ ഗ്രാമത്തിൻ വിയർപ്പിൽനിന്നാണ്

കണ്ണീരിൽനിന്നാണ്

ചാട്ടയടിയേറ്റുവീണ

ചോരത്തുള്ളികളിൽനിന്നാണ്

ചിത്രാലങ്കാരമതിലുകളെഴുമാ

ബ്രഹ്മാണ്ഡച്ചന്തങ്ങൾ പിറന്നത്.

മതിലിനു വെളിയിൽ സേവകക്കാരായ്

അടിമകളായിക്കഴിഞ്ഞു നാമെങ്കിലും

അരുതായിരുന്നു, കൺകുളിർക്കെക്കണ്ടൊരാ

സ്വപ്നങ്ങളെ ആക്രിമുതലാളിമാർക്കു വിൽക്കാൻ

അനുവദിക്കരുതായിരുന്നെടോ.

ചരിത്രത്തെ ചെത്തിയെടുത്തു

വിൽപനച്ചരക്കാക്കുമ്പോൾ തടുക്കാൻ

നിൻകൊടിക്കാരും ചെന്നില്ലെടോ.

കെന്തിക്കെന്തിയോർക്കുന്നേൻ

ചിത്രമെഴുത്തുകാരൻ പണ്ടാലയെ:

വെട്ടിക്കൊണ്ടുപോയാക്രിക്കാരൻ

ആ മൗനച്ചിരിക്കാരന്റെ ചിറകുകൾ.

എല്ലാം മായ്ച്ചുകളയും കാലമേ

എന്തിനോർക്കുന്നേൻ

പാപനരകം പണിത സ്വർഗങ്ങളെ.

 

പത്ത് : പൂശാരിവളപ്പും പുലർകാലങ്ങളും

കിടക്കാൻ വൈകിയാലും

എത്ര മണ്ണെണ്ണപ്പുക ജനാലയ്ക്കൽ പടർന്നാലും

എഴുന്നേൽക്കാൻ വൈകലില്ല

അന്ന് അഞ്ചരത്തീവണ്ടി

പാളം കുലുക്കും പുഴയ്ക്കക്കരെ

അപ്പൊഴേ കേൾക്കാം

പറക്കുട്ടിക്കാവിൽനിന്നും വെടിയൊച്ചകൾ

നാഴികകൾ താണ്ടിയെത്തുമത് പുലർച്ചെ.

‘ഭാവയാമി രഘുരാമം...’

ഉയരും ഭാഗവതർമഠങ്ങളിൽ,

ദൂരെദൂരെനിന്നാ

കഥകളിസംഗീതമുയരുന്നുണ്ടാം.

കുന്നത്തു കേറിനിന്നാലക്കളരിയും കാണുന്നുണ്ടേ

അന്നില്ല കൂറ്റൻ കെട്ടിടങ്ങൾ

കാഴ്ചയെ, ഒച്ചയെ, തടയുവാൻ.

ഇന്നോ വെടിയൊച്ചപോലും കേൾക്കില്ല,

എത്ര കേറിവലിഞ്ഞാണിത്തിരി പഴുതുണ്ടാക്കി

നമ്മളെയുറ്റുനോക്കുന്നൂ സൂര്യൻ.

ഒന്നും ഗൗനിക്കാതുറങ്ങിക്കിടന്നാലും

പുലർച്ചയ്ക്കയൽപക്കത്തെ ചെട്ട്യാരുടെ

പപ്പടപ്പീട്ടിന്നിടിത്താളം കേൾക്കാം.

മലർത്തിക്കിടത്തിയേ

നമ്മളെ മറവുചെയ്യൂ,

ചമ്രംപടിയിച്ചിരുത്തി

ഉപ്പിട്ടാണപ്പൂശാരിയെ

ചെട്ടിച്ച്യാരെ, പിന്നെ

കെട്ടിയോരെയെല്ലാം കുഴിച്ചിട്ടു.

മാരിയമ്മയാണവർക്കും

അയൽക്കാരായ നമുക്കും സാക്ഷി.

കോവിലിൽ കൊടിയേറ്റം കാവടിയാട്ടം

പച്ചനൈവേദ്യം പാനകം ചെണ്ടമേളം

എന്തൊരു പുകിലായിരുന്നക്കാലങ്ങൾ

വേലികളില്ലാതങ്ങോട്ടിങ്ങോട്ടോടിത്തിമർത്ത

കലിയന്മാരെ നീയോർക്കുന്നീലേ.

റാക്കും താരവും കുടിച്ചങ്ങനെ

വെളിപാടുകളുരുവിടും കോമരങ്ങൾ

വാൾത്തലപ്പിൽ പണം വാങ്ങി

അനുഗ്രഹിച്ചൊരക്കന്മഷകാലങ്ങൾ

ഓർക്കുന്നു ഞാൻ.

പൂശാരിവളപ്പിലേയ്ക്കു നോക്കാനേ പേടി,

വീർത്ത മണ്ണട്ടികളിൽ

തറച്ചിരിക്കുന്നൂ ത്രിശൂലങ്ങൾ.

കറുത്ത മുത്തുമാരി വസൂരിമാല നട്ടുച്ചയ്ക്കു

ചൊകചൊക നാവും നീട്ടിനിൽപ്പുണ്ടാം,

കാലുകുത്തില്ലവിടെയാരും.

ചേലാച്ചിച്ചെട്ടിച്ച്യാർക്കു

കൈപ്പുണ്യം കൂടു,മവരുടെ

കോഴിയിറച്ചിക്കറിയ്ക്കത്ര സ്വാദുണ്ട്.

കള്ളദൃഷ്ടിക്കാരൻ പൂശാരിക്കു

പേടിയൊരാളെ മാത്രം

അതു നിന്റെയച്ഛൻ.

കക്കല് തൊഴിലാക്കിയോർ

പൂശാരിമക്കൾ

തോട്ടിൻവക്കിൽ പുഴക്കടവിൽ

റെയിൽപാളപ്പൊന്തയിൽ

പതുങ്ങിയിരിപ്പുണ്ടാം.

പൂശാരിമക്കൾക്കില്ല ഇണക്കം

അവരന്യോന്യം വെട്ടും കുത്തും

ചോരയൊലിച്ചുനിൽക്കും

കൂർമ്പൻതൊപ്പിക്കാർ വന്നവരെ

പൊതിച്ചുപന്താടുന്നതും കാണാം.

ആണ്ടറുതിയിലൊരു

മാരിയമ്മക്കൊടിയേറ്റം

കാവടിയാട്ടം പിന്നെ

പിടിച്ചുപറിക്കാലം.

ചെറിയ കുഞ്ഞുണ്ണിച്ചെട്ട്യാർ കുടകിൽപോയി

കട്ടുകൊണ്ടുവന്ന പെണ്ണും

കോഴിക്കൂട്ടവും കാട്ടിക്കാട്ടി,

ആരുടെയോ കഴുത്തറുത്തെടുത്ത

വൈരമാലയും കാട്ടിക്കാട്ടി

ആരുടെയോ വിരൽ ചെത്തിയെടുത്ത

മോതിരം ചൂണ്ടുവിരലിൽ ചാർത്തിക്കാട്ടി

വേലിക്കൽവന്നു വിളിക്കും

പറയും നാമൂസ്സുകൾ:

‘‘അമ്മുണ്യേമേ ശങ്കുണ്യാരേ

ആരോടും പറയല്ലേ

ങ്ങളോടെങ്കിലുമെൻ പരമാർഥം

പറയാതിരുന്നാൽ

മനസ്സിൽ കനമാവും...

ഇനിയിതാ എൻ പെണ്ണുങ്ങൾ

പെൺകുട്ട്യോളും

വെച്ചോട്ടെ തിന്നോട്ടെ രസിച്ചോട്ടെ.’’

-പേടിച്ചു പേടിച്ചതു കേൾക്കുമെങ്കിലും

ചുണ്ടുകളേങ്കോണിപ്പിച്ചാ

മോതിരച്ചാർത്തുകൾ കാട്ടിനിൽക്കും

പരമാർഥ കപടക്കാരനെ നോക്കി

ചിരിക്കും ഞങ്ങൾ.

പൂശാരിവളപ്പിന്റെ കഥയോർക്കുമ്പോൾ

ഇപ്പൊഴും വിറയ്ക്കുന്നുണ്ടെൻ മനം:

അന്നൊരു രാവിലെ വേലിക്കൽ നീട്ടി നിവർത്തി ഒരു ചുകന്ന വീരാളിപ്പട്ട് ഉണക്കാനിട്ടിരുന്നു. നിഴലാട്ടം കണ്ട് പൂശാരി ഞങ്ങളെ വേലിക്കലേയ്ക്ക് വിളിച്ചുവരുത്തി:

‘‘ങ്ങളോടിത് പറഞ്ഞില്ലേല് മനസ്സിനൊരു കനം.

ഇത് ഇന്നലെ പാതിരയ്ക്ക് കിട്ടീതാ. നല്ല വെല കിട്ടും.’’

അപ്പോൾ ഞങ്ങൾ ചോദിച്ചു:

‘‘ഇതെവിടുന്നാ പൂശാര്യേ?’’

-അതു പറയാം. ആരോടും പറയില്ലാന്ന് അറിയണതുകൊണ്ട് മൂത്താരോടും അമ്രാളോടും പറയ്യ്യാ:

‘‘ഇന്നലെ തീവണ്ടിപ്പാളം കടന്ന് പുഴവക്കത്ത് എത്തിയപ്പോഴാണ് പെട്രോമാക്‌സും തപ്പുതാളവുമായി ഒരു കൂട്ടര്, വസൂരി പിടിച്ചു മരിച്ച ഒരുത്തിയെ മറവുചെയ്യാൻ വന്നിരിക്കുണു. മറവുചെയ്യുമ്പോൾ ഇത്തിരി സ്വർണമെന്തെങ്കിലും കൂടിയുണ്ടാവുമെന്ന് ഊഹമുണ്ട്. എട്ടുമുഴമുണ്ടാകും വീരാളിപ്പട്ടിന്. പണക്കാരൻ ചെട്ടിയുടെ പെണ്ണാണ്. മോഹം തീരാത്ത ജന്മമല്ലേ. എന്തിനു പറയണൂ -അവരതിനെ കുഴിച്ചുമൂടുംവരെ ഞാൻ പതുങ്ങിയിരുന്നു, തൊട്ടടുത്തെ പൊന്തയിൽ.

റാക്കു കുടിച്ച് പിപ്പിരിയായി അവരൊക്കെ പിരിഞ്ഞുപോയി. ആ തക്കത്തിൽ ഞാൻ കുഴിമാന്തി ശവം പുറത്തെടുത്തു. സ്വർണവും അഴിച്ചെടുത്തു. ശവം മണ്ണിട്ടുമൂടി. ഛെ, എന്തായിതിലൊരു കുഴപ്പം -ഒരു ശവമായാലും ഉപകാരപ്പെടേണ്ടേ. അതിന്റെയൊരു സുകൃതം.’’

ഇന്നും പൂശാരിവളപ്പുണ്ടായിരിക്കാം-

പൂശാരിയും മക്കളും

ആ മണ്ണുതിന്നല്ലോ

മാരിയമ്മയെപ്പോറ്റി.

പൂശാരി കുത്തിയ കിണർ

എത്ര വേനലിൻ ദാഹം തീർത്തു

പൂശാരി സ്വന്തം നിറുകന്തലയ്ക്കു വെട്ടിയ

വെട്ടിനാലെത്രയോ പേരുടെ

ദാഹം തീർന്നു, പിന്നെ

കുറ്റിയറ്റൊരാ വംശത്തിൻ

വളപ്പിൽ പുളച്ചൂ

കുറ്റാക്കുറ്റിരുട്ടുകളേറെക്കാലം.

പിന്നെയെൻ

മണ്ണറയിൽ കിടന്നു ഞാൻ കേട്ടു:

ആരോ, നിൻ പോരാട്ടച്ചങ്ങാതിമാരോ

വീണ്ടെടുത്തിതാ ചാവുനിലത്തിനെ,

അവിടെക്കെട്ടിപ്പൊക്കിയെന്നോ

പാവങ്ങൾക്കു മാളിക?

ഒരു തുള്ളിച്ചോരയുമവിടെയിനി

വീഴാതിരിക്കുവാൻ

ഒരു പിഞ്ചുകാലുമച്ചതുപ്പിൽ

പൂഴാതിരിക്കുവാൻ

ആരുമന്യോന്യം കുത്തിക്കീറി

തുലയാതിരിക്കുവാൻ

ഒരു ശവക്കച്ചയുമവിടെ

കൊടിയേറാതിരിക്കുവാൻ

ആവട്ടെയാവട്ടെയീ നിയോഗം.

മൂന്നായ്പിരിഞ്ഞു

കുനുട്ടുകുന്നായ്മകൾ പോറ്റുമീ

നമ്മുടെ വളപ്പിലും

കണ്ണായ തട്ടകമാകെയും

രക്തപാപത്തിന്റെ ബാധയൊഴിപ്പിക്കുവാൻ

ആവട്ടെയാവട്ടെയീ നിയോഗം.

എങ്കിലോ

മൂളക്കം നിർത്താമിനി

കഥ തീരുന്നൂ.

നീട്ടിനീട്ടിപ്പോ,യതിൽ

വല്ലതും വന്നുനിറയുംമുമ്പേ നിർത്തുക നല്ലൂ.

മര്യാദ വേണ്ടേ ആത്മകഥനമാകിലും

ആത്മാവിനു മുഷിച്ചിലുണ്ടാക്കൊലാ.

(അവസാനിച്ചു)

News Summary - weekly culture biography