സ്റ്റിൽ ഫ്രെഷ്

മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ‘ചെമ്മീനി’ന് 60 വയസ്സ്. സിനിമ ഇന്നും ഫ്രഷായിതന്നെ കാണികൾക്ക് അനുഭവപ്പെടുന്നു. ആ സിനിമയുടെ ചരിത്രവും വർത്തമാനവും എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ ലേഖകൻ. കാലക്രമത്തിലുള്ള മലയാള സിനിമയുടെ പട്ടികയിൽ 180ാമത്തെ ചിത്രമായി 1966ൽ തിയറ്ററിലെത്തിയതാണ് രാമു കാര്യാട്ടിന്റെ ‘ചെമ്മീൻ’. റിലീസ് ചെയ്യുന്ന സിനിമയുടെ വിവരങ്ങൾ കുറിച്ചുവെക്കുന്ന വിനോദം അന്നെനിക്കുണ്ടായിരുന്നു. 400ൽ എത്തിയപ്പോൾ അതവസാനിച്ചു. ഒരു വർഷം നേരത്തേ റിലീസ് ചെയ്യാമായിരുന്ന ചിത്രം അവാർഡിനുവേണ്ടി കാത്തുവെച്ചതുകൊണ്ടാണ് ‘ചെമ്മീൻ’ 1966ൽ റിലീസ് ചെയ്യാനിടയായത്. റിലീസായപ്പോൾ അതൊരു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ‘ചെമ്മീനി’ന് 60 വയസ്സ്. സിനിമ ഇന്നും ഫ്രഷായിതന്നെ കാണികൾക്ക് അനുഭവപ്പെടുന്നു. ആ സിനിമയുടെ ചരിത്രവും വർത്തമാനവും എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ ലേഖകൻ.
കാലക്രമത്തിലുള്ള മലയാള സിനിമയുടെ പട്ടികയിൽ 180ാമത്തെ ചിത്രമായി 1966ൽ തിയറ്ററിലെത്തിയതാണ് രാമു കാര്യാട്ടിന്റെ ‘ചെമ്മീൻ’. റിലീസ് ചെയ്യുന്ന സിനിമയുടെ വിവരങ്ങൾ കുറിച്ചുവെക്കുന്ന വിനോദം അന്നെനിക്കുണ്ടായിരുന്നു. 400ൽ എത്തിയപ്പോൾ അതവസാനിച്ചു. ഒരു വർഷം നേരത്തേ റിലീസ് ചെയ്യാമായിരുന്ന ചിത്രം അവാർഡിനുവേണ്ടി കാത്തുവെച്ചതുകൊണ്ടാണ് ‘ചെമ്മീൻ’ 1966ൽ റിലീസ് ചെയ്യാനിടയായത്. റിലീസായപ്പോൾ അതൊരു ഒെന്നാന്നര റിലീസായിരുന്നു. പുറക്കാട് കടപ്പുറത്തുനിന്ന് സൂനാമിത്തിരകൾ ആഞ്ഞലച്ചെത്തിയതുപോലെ കേരളം ആസ്വാദനത്തിന്റെയും അഭിമാനത്തിന്റെയും നിർവൃതിയിൽ കുതിർന്നു.
ഇന്ത്യയിലെ ഏറ്റവും നല്ല ചിത്രത്തിന് നൽകുന്ന രാഷ്ട്രപതിയുടെ സ്വർണമെഡൽ തെന്നിന്ത്യൻ സിനിമയുടെ മാറിൽ നടാടെ ചാർത്തിയ അസുലഭ നിമിഷമായിരുന്നു അത്. മലയാളികളെ മദ്രാസികളെന്നും സിനിമയെ ഹിന്ദി സിനിമയെന്നും മാത്രം അറിയാവുന്ന ഉത്തരേന്ത്യക്കാരെ അമ്പരപ്പിച്ച ചലച്ചിത്ര വിസ്മയമായിരുന്നു അന്നുവരെ തകഴിയുടെ പേരിലറിയപ്പെട്ടിരുന്നതും അപ്പോൾ രാമു കാര്യാട്ടിന്റെ പേരിലേക്ക് മാറ്റപ്പെട്ടതുമായ ‘ചെമ്മീൻ’. പക്ഷേ, ഞങ്ങൾക്കത് ബാബുവിന്റെ ‘ചെമ്മീൻ’ ആയിരുന്നു. തിരയിലും പോസ്റ്ററിലും പരസ്യത്തിലും നിർമാതാവിന്റെ പേരായി ബാബു എന്നു മാത്രമാണുണ്ടായിരുന്നത്.
സേട്ട് എന്ന വിശേഷണം പിൽക്കാലത്താണ് അദ്ദേഹത്തിന് ചാർത്തിക്കിട്ടിയത്. നിർമാണക്കമ്പനിയുടെ പേര് കൺമണി എന്നായിരുന്നതിനാൽ കൺമണി ബാബു എന്നും സിനിമയുടെ പേര് ചെമ്മീൻ എന്നായിരുന്നതിനാൽ ചെമ്മീൻ ബാബു എന്നും അദ്ദേഹം അറിയപ്പെട്ടു. കൊച്ചി ചെമ്മീൻ കയറ്റുമതിയുടെ കേന്ദ്രമായിരുന്നതിനാൽ ചെമ്മീൻ ചെറിയാൻ ഉൾപ്പെടെ ചെമ്മീനിന്റെ പേരിൽ അറിയപ്പെട്ടിരുന്നവർ പലരുണ്ടായിരുന്നു. മഹാരാജാസ് കോളജിൽ എന്റെ സഹപാഠിയായിരുന്ന ഇഖ്ബാലിന്റെ ജ്യേഷ്ഠസഹോദരനായിരുന്നു ബാബു. ആ നിലയിൽ ബാബുവിനെ അടുത്തറിയുന്നതിനുള്ള അവസരം എനിക്കുണ്ടായി. അക്കാലത്ത് ഞാനൊരു ചലച്ചിത്ര പത്രപ്രവർത്തകൻകൂടിയായിരുന്നു.
അളവറ്റ പിതൃസ്വത്ത് പ്രായപൂർത്തിയായതോടെ സ്വന്തം ഇഷ്ടപ്രകാരം കൈകാര്യം ചെയ്യാൻ നിയമാനുസൃതം അനുവാദം കിട്ടിയ ധനികയുവാക്കളായിരുന്നു ബാബുവും ഇഖ്ബാലും. എസ്.ആർ.വി സ്കൂളിൽ പഠിക്കുമ്പോഴേ കലയോടുള്ള ആഭിമുഖ്യം ബാബു കാണിച്ചുതുടങ്ങിയിരുന്നു. നല്ല സമരിയാക്കാരന്റെ കഥ അക്കാലത്ത് ജനപ്രിയമായിരുന്ന നിഴൽനാടകമാക്കി അവതരിപ്പിച്ച് ബാബു സമ്മാനം വാങ്ങിയിട്ടുണ്ട്. അയ്യായിരം രൂപ വില വരുന്ന കർട്ടൻ മുംബൈയിൽനിന്നു വരുത്തി സ്കൂളിനു സംഭാവന ചെയ്ത് ശ്രദ്ധ നേടിയ വിദ്യാർഥിയായിരുന്നു ബാബു. അങ്ങനെയുള്ള ബാബുവിനെ സ്വാഭാവികമായി നോട്ടമിടാനും അനായാസം വീഴ്ത്താനും രാമു കാര്യാട്ടിനു കഴിഞ്ഞു. അതിനു 10 വർഷം മുമ്പാണ് ടി.കെ. പരീക്കുട്ടിയെ നിർമാതാവാക്കി ‘നീലക്കുയിൽ’ എന്ന അവാർഡ് ചിത്രം രാമു കാര്യാട്ടും പി. ഭാസ്കരനും ചേർന്ന് നിർമിച്ചത്.
സംസ്ഥാനതലത്തിലും ദേശീയതലത്തിലും ‘നീലക്കുയിൽ’ പ്രസ്താവ്യമായ അംഗീകാരം നേടി നിൽക്കുമ്പോഴാണ് മലയാള സിനിമയുടെ രജതജൂബിലി ആഘോഷം കൊച്ചിയിൽ നടന്നത്. പണമുണ്ടെങ്കിൽ സത്യജിത് റായിയുടെ തന്തപ്പടം പിടിക്കാമെന്ന് സത്യനും സത്യജിത് റായിയുടെ ചെരിപ്പിന്റെ വാറഴിക്കാൻ യോഗ്യതയുള്ളവരായി ആരുണ്ടിവിടെ എന്ന് കെ. ബാലകൃഷ്ണനും വേദിയിൽ പരസ്പരം വെല്ലുവിളിച്ചു. മലയാള സിനിമയെ സദുദ്ദേശ്യത്തോടെ നിശിതമായി വിമർശിച്ചിരുന്ന സിനിക് ജൂബിലി പ്രമാണിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തിൽ മലയാള സിനിമയുടെ പോരായ്മകൾ എണ്ണിപ്പറഞ്ഞു. ഇവ പരിഹരിച്ചാൽ സുവർണ ജൂബിലി ആകുമ്പോഴേക്ക് സ്വർണമെഡൽ തന്നെ കേരളത്തിലെത്തുമെന്ന പ്രത്യാശയും സിനിക് പ്രകടിപ്പിച്ചു. സുവർണ ജൂബിലിവരെ കാക്കാതെ രജതജൂബിലിയുടെ പന്തൽ അഴിക്കുമ്പോഴേക്ക് സ്വർണത്തിനുവേണ്ടിയുള്ള പണി ബാബുവും രാമുവും ചേർന്ന് തുടങ്ങിക്കഴിഞ്ഞിരുന്നു.
ഇടക്ക് മുടങ്ങില്ലെന്നുറപ്പുള്ള പണത്തിന്റെ പിൻബലമായപ്പോൾ സ്വർണത്തിളക്കമുള്ള പ്രതിഭകളെത്തന്നെ രാമു കാര്യാട്ട് തേടിപ്പിടിച്ചു. കഥ തകഴിയുടെ ‘ചെമ്മീൻ’ എന്ന് ആദ്യമേ തീരുമാനമായിരുന്നു. കുട്ടനാട്ടിൽനിന്ന് വേറിട്ട പശ്ചാത്തലത്തിൽ കടലിനെയും മുക്കുവരെയും കഥാപാത്രങ്ങളാക്കി 1956ൽ എട്ടുദിവസംകൊണ്ട് എഴുതിത്തീർത്തുവെന്ന് പറയപ്പെടുന്ന നോവലാണ് ‘ചെമ്മീൻ’. നോവലിന്റെ എഴുപതാം വർഷമാണ് 2026. പ്രസാധകനായ ഡി.സി കിഴക്കെമുറിയുടെ സ്നേഹപൂർവമുള്ള ബന്ധനത്തിൽനിന്ന് മോചിതനാകുന്നതിനുവേണ്ടിയായിരുന്നു സാഹിത്യപ്രവർത്തക സഹകരണസംഘത്തിനുവേണ്ടിയുള്ള ആ ദ്രുതരചന.
വിൽപനയിലും പരിഭാഷയിലും റെേക്കാഡിട്ടപ്പോഴും തന്റെ പ്രശസ്തകൃതിയെ പൈങ്കിളി സാഹിത്യമായാണ് തകഴി കണ്ടത്. ഷേക്സ്പിയറുടെ നാടകങ്ങൾ വില്യം ഷേക്സ്പിയർതന്നെ എഴുതിയതാണോ എന്ന ഗുരുതരമായ ചർച്ച സാഹിത്യലോകത്തുള്ളതുപോലെ ‘ചെമ്മീൻ’ തകഴി എഴുതിയതല്ല എന്നു സംശയിക്കുന്നവരുണ്ട്. അജ്ഞാതനായ ഒരു ചെറുപ്പക്കാരൻ വായിച്ചുനോക്കാനായി ഏൽപിച്ച കൈയെഴുത്തുപ്രതി പകർത്തിക്കൊടുത്ത് ഡിസിയുടെ തടവിൽനിന്ന് തകഴി വിടുതൽ പ്രാപിക്കുകയായിരുന്നു എന്നാണ് കഥ.
തകഴിയിൽനിന്ന് പ്രതീക്ഷിക്കാത്തത് കിട്ടുമ്പോഴുള്ള പ്രതികരണമായി അതിനെ കണ്ടാൽ മതി. ഇറ്റലിയിൽ പോയിട്ടില്ലാത്ത ഷേക്സ്പിയർ എങ്ങനെ റോമിന്റെയും വെനീസിന്റെയും പശ്ചാത്തലത്തിൽ നാടകമെഴുതി എന്ന ചോദ്യംപോലെ പ്രസക്തവും എന്നാൽ, അർഥശൂന്യവുമാണ് കടലും തുറയും അറിയാത്ത തകഴി എങ്ങനെ കടലിന്റെ പശ്ചാത്തലത്തിൽ കടപ്പുറത്തിന്റെ കഥ പറഞ്ഞുവെന്നത്. ‘ഏണിപ്പടികൾ’ അപവാദമായെടുത്താൽ തകഴിയുടെ കഥാപരിസരം പൂർണമായും കുട്ടനാടാണ്. സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കുകയും 30 ഭാഷകളിൽ പരിഭാഷപ്പെടുത്തി പേരും പണവും നേടിക്കൊടുത്തിട്ടും ‘ചെമ്മീനി’നോട് മാനസികമായ അകൽച്ച തകഴിക്കുണ്ടായിരുന്നു. ഒരു പക്ഷേ തന്റെ തട്ടകം കുട്ടനാടാണെന്ന തിരിച്ചറിവിൽനിന്നുണ്ടായ അകൽച്ചയായിരിക്കാം അത്.

ചേറ്റുവക്കാരനായ രാമു കാര്യാട്ടിന് കടൽ അപരിചിതമായിരുന്നില്ല. ഹെമിങ് വേയുടെ ‘ദ ഓൾഡ് മാൻ ആൻഡ് ദ സീ’ 1958ൽ സിനിമയായിക്കഴിഞ്ഞിരുന്നു. സാന്തിയാഗോ എന്ന വൃദ്ധമുക്കുവനായി സ്പെൻസർ ട്രേസി തിളക്കമാർന്ന അഭിനയം കാഴ്ചെവച്ച സിനിമ കാര്യാട്ട് കണ്ടിരിക്കാനിടയുണ്ട്. കണ്ടിട്ടുണ്ടെന്നുതന്നെ സന്ദേഹമില്ലാതെ കരുതാം. അതുകൊണ്ടായിരിക്കാം കടലിനെ കഥാപാത്രമാക്കി സിനിമയെടുക്കാൻ അദ്ദേഹം തൽപരനായത്. അതുകൊണ്ടാണ് സിനിമയോട് വിമുഖത കാണിച്ച തകഴിയെ പ്രേരിപ്പിച്ചും പ്രലോഭിപ്പിച്ചും അദ്ദേഹം ‘ചെമ്മീനി’ന്റെ ചലച്ചിത്രാവകാശം സ്വന്തമാക്കിയത്. പിന്നെ നിർമാതാവിനെ തേടുന്ന അന്വേഷണമായി. ആ അന്വേഷണത്തിലാണ് ബാബു എന്ന സഹൃദയനായ യുവാവ് കാര്യാട്ടിന്റെ വലയിൽ വീണത്. അത് മലയാള സിനിമക്ക് ചാകരയായി.
കഥാകൃത്ത് കണ്ട കടപ്പുറത്തുതന്നെ ചിത്രീകരണം നടത്തണമെന്നായിരുന്നു കാര്യാട്ടിന്റെ താൽപര്യം. പക്ഷേ, പുറക്കാട് ചിത്രീകരണം അസാധ്യമാകുംവിധം പ്രാദേശികമായ പ്രശ്നങ്ങളുണ്ടായി. അങ്ങനെ ലൊക്കേഷൻ നാട്ടികയിലേക്ക് മാറി. കാര്യാട്ടിന്റെ തട്ടകമായിരുന്നു നാട്ടിക. അലസിപ്പോയ 1965ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി നാട്ടികയിൽ മത്സരിച്ചു ജയിച്ചയാളാണ് രാമു കാര്യാട്ട്. സ്വാധീനമുള്ള സംഘാടകനായിരുന്നിട്ടും കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് സാമ്പത്തിക പിന്തുണ നേടിയെടുക്കുന്നതിൽ കാര്യാട്ട് വിജയിച്ചില്ല. സത്യജിത് റായിയുടെ പ്രസിദ്ധമായിത്തീർന്ന ആദ്യ ചലച്ചിത്രസംരംഭത്തിന് പണം അനുവദിച്ചത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബി.സി. റോയ് ആയിരുന്നു. അതോർത്തുകൊണ്ടാവാം പണമുണ്ടെങ്കിൽ സത്യജിത് റായിയുടെ തന്തപ്പടം പിടിക്കാമെന്ന് ജൂബിലി ആഘോഷവേദിയിൽ സത്യൻ പറഞ്ഞത്. പണവുമായി ബാബു വന്നു. മലയാളത്തിന് എക്കാലത്തേക്കുമുള്ള അഭിമാനമായി ഒരു സിനിമയുണ്ടായി.
എട്ട് ലക്ഷം രൂപ മുടക്കി 40 ലക്ഷം രൂപ ശേഖരിച്ച സിനിമയായിരുന്നു ചെമ്മീൻ. അങ്ങനെയൊരു വിസ്മയം മലയാളത്തിൽ അതിനുമുമ്പ് ഉണ്ടായിട്ടില്ല. വിജയത്തിന്റെ ഓർമക്ക് ബാബു നിർമിച്ചതാണ് എറണാകുളത്തെ കവിത തിയറ്റർ. കവിതയിലെ ഉദ്ഘാടനചിത്രമായിരുന്നു ബാബുതന്നെ നിർമിച്ച ‘ഏഴു രാത്രികൾ’. കവിതയിൽ സിനിമ കാണുന്നതും സന്തോഷകരമായ അനുഭവമായിരുന്നു. കത്തിക്കയറിയതിനുശേഷം കാണെക്കാണെ പൊലിഞ്ഞുപോയ ജീവിതമായിരുന്നു ബാബുവിന്റേത്.
അനന്യമായ പൂർണതക്കു വേണ്ടിയുള്ള അവിരാമമായ പരിശ്രമമാണ് ബാബുവിന്റെ പ്രത്യേകത. അങ്ങനെയൊരാൾ കടലോളം വലുപ്പത്തിൽ ഭാവനയെ വിസ്തൃതമാക്കുന്ന സംവിധായകനുമായി ഒത്തുചേരുമ്പോൾ മഹാത്ഭുതങ്ങൾ സംഭവിക്കാം. അങ്ങനെയൊരു അത്ഭുതമാണ് ‘ചെമ്മീൻ’ എന്ന പേരിൽ നാമിപ്പോഴും ഓർമിക്കുന്നത്. മികച്ച സംഘാടകനായിരിക്കുകയെന്നത് മികച്ച സംവിധായകനാകുന്നതിന്റെ ആദ്യത്തെ പടിയാണ്. സംവിധായകനേക്കാൾ സംഘാടകനായിരുന്നു രാമു കാര്യാട്ട്. ഭരണഘടനാ നിർമാണസഭയിൽ പ്രതിഭയുടെ തിളക്കമുള്ള താരാപഥത്തിന്റെ അഭൂതപൂർവവും ആവർത്തനസാധ്യതയില്ലാത്തതുമായ സംഗമമാണുണ്ടായത്.
അതിനു സമാനമായ ഒത്തുചേരലാണ് കൺമണിയുടെ ബാനറിൽ നടന്നത്. അതിനുമുമ്പോ അതിനു ശേഷമോ അങ്ങനെയൊന്ന് മലയാളത്തിൽ ഉണ്ടായിട്ടില്ല. സ്വത്ത് മാത്രമല്ല ഉദാരതയും ബാബുവിന് പിതാവിൽനിന്ന് ലഭിച്ചിരുന്നു. പണിയെടുത്തവർക്കെല്ലാം പണം കിട്ടി. ഭോജനശാലയിൽ സത്യൻ മുതൽ ലൈറ്റ്ബോയ് വരെ ഒരുമിച്ചിരുന്ന് ഒരേ ആഹാരം കഴിച്ചു. അതങ്ങനെയായത് ബാബു അങ്ങനെയായിരുന്നതുകൊണ്ടാണ്. സ്കൂളിൽ നിഴൽനാടകത്തിന് നല്ല സമരിയാക്കാരന്റെ കഥ പ്രമേയമായി തെരഞ്ഞെടുത്തത് സമ്പന്ന ബാലന് മറ്റു കഥകൾ അറിയാത്തതുകൊണ്ടായിരുന്നില്ല.
വള്ളവും വലയും സ്വന്തമാക്കാൻ മോഹിക്കുന്ന ചെമ്പൻ കുഞ്ഞായി കൊട്ടാരക്കര ശ്രീധരൻ നായരും അതിനു പണം നൽകുന്ന കച്ചവടക്കാരൻ പരീക്കുട്ടിയായി മധുവും പരീക്കുട്ടിയുടെ കാമുകി കറുത്തമ്മയായി ഷീലയും കറുത്തമ്മയുടെ ഭർത്താവ് പളനിയായി സത്യനും വേഷമിടുന്ന അതിസങ്കീർണതയില്ലാത്ത പ്രണയകഥയാണ് ‘ചെമ്മീൻ’. പ്രധാന കഥാപാത്രങ്ങളുടെ മരണത്തിലും കേന്ദ്ര കഥാപാത്രത്തിന്റെ ദുരന്തത്തിലുമാണ് കഥ അവസാനിക്കുന്നത്. പ്രധാന കഥാപാത്രമായി ഞാൻ കാണുന്നത് ചെമ്പൻ കുഞ്ഞിനെയാണ്.
ആന്റണി ക്വിന്നിനെ അനുസ്മരിപ്പിക്കുന്ന ഓസ്കർ നിലവാരത്തിലുള്ള പ്രകടനമാണ് ചെമ്പൻ കുഞ്ഞിനെ അവതരിപ്പിച്ചുകൊണ്ട് കൊട്ടാരക്കര ശ്രീധരൻ നായർ കാഴ്ചെവച്ചത്. കച്ചവടത്തിനെത്തിയ പരീക്കുട്ടി എന്ന മുസ്ലിം യുവാവുമായി പ്രണയത്തിലായ കറുത്തമ്മയെ ഉപയോഗപ്പെടുത്തി വള്ളവും വലയും വാങ്ങാനുള്ള പണം വായ്പ വാങ്ങിയ ചെമ്പൻകുഞ്ഞ് കൈനിറയെ പണം വന്നപ്പോൾ പരീക്കുട്ടിക്ക് കൊടുക്കാനുള്ളത് കൊടുക്കാൻ മടിച്ചു. പരീക്കുട്ടിക്ക് പണം മാത്രമല്ല കറുത്തമ്മയെയും നഷ്ടമായി. കഥാഗതിയുടെ തുടർച്ചയിൽ എല്ലാ കഥാപാത്രങ്ങളും ദുരന്തകഥാപാത്രങ്ങളായി മാറുന്നു.

‘ചെമ്മീൻ’ ചിത്രത്തിനുള്ള സ്വർണ മെഡൽ ഇന്ദിര ഗാന്ധിയിൽനിന്ന് കൺമണി ബാബു ഏറ്റുവാങ്ങുന്നു
ആദ്യചിത്രം നിർമാണം പൂർത്തിയാക്കാതെ മുടങ്ങിയെങ്കിലും തന്റെ പ്രതിഫലം 10,000 രൂപയാണെന്നു പ്രഖ്യാപിച്ച സത്യന് ആദ്യമായി ആ തുക നൽകിയത് ബാബുവായിരുന്നു. പളനിയെ കടൽ കൊണ്ടുപോകുന്ന പ്രധാനപ്പെട്ട ദൃശ്യം കടലിൽ ചിത്രീകരിക്കാൻ കഴിയാതെ പോയത് കരയിലാണ് ചിത്രീകരിച്ചത്. സത്യന്റെ അഭിനയമികവിൽ കര കടലായി മാറുന്ന മഹാത്ഭുതം സംഭവിച്ചു. ദേശീയ അവാർഡ് നിർണയിച്ച ജൂറി സത്യനെ യഥാർഥത്തിലുള്ള മുക്കുവനായാണ് കണ്ടത്. അക്കാരണത്താലാണ് മികച്ച നടനുള്ള അവാർഡിന് അവർ സത്യനെ പരിഗണിക്കാതിരുന്നത്. റിക്ഷക്കാരനായി അഭിനയിച്ച എം.ജി.ആർ ജീവിതത്തിൽ ആരാണെന്നുള്ള അറിവിന്റെ അടിസ്ഥാനത്തിൽ മികച്ച നടനുള്ള അവാർഡിന് അർഹനായി.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്റെ ചിത്രം അവിസ്മരണീയമായി നിൽക്കണമെന്ന താൽപര്യം മാത്രമാണ് ബാബുവിനുണ്ടായിരുന്നത്. അതുൾക്കൊണ്ട് രാമു കാര്യാട്ട് ആരെയെല്ലാമാണ് അണിനിരത്തിയതെന്നു നോക്കുക. ഏറ്റവും വലിയ പൂരത്തിൽപോലും തലയെടുപ്പിന്റെ ഇമ്മാതിരി ധാരാളിത്തം കാണാൻ കഴിയില്ല. സ്ക്രീൻപ്ലേ എസ്.എൽ പുരം സദാനന്ദൻ, മാർകസ് ബാർട്ട്ലിയും യു. രാജഗോപാലും ഛായാഗ്രാഹകർ. ചിത്രസംയോജനം ഋഷികേശ് മുഖർജി, സംഗീതം സലിൽ ചൗധരി, മന്നാ ഡേയും യേശുദാസും ഗായകർ, ഗാനരചന വയലാർ. എസ്.എ നായർ ഡിസൈൻ ചെയ്ത പോസ്റ്ററിൽ വിസ്മയത്തോടെ ഈ പേരുകൾ നോക്കിനിന്നത് ഓർക്കുന്നു.
ദിനപത്രത്തിന്റെ വലുപ്പത്തിലുള്ള ‘സ്ക്രീൻ’ അന്ന് എക്സ്പ്രസ് ഗ്രൂപ്പിന്റെ ഇംഗ്ലീഷിലുള്ള സിനിമാപ്രസിദ്ധീകരണമായിരുന്നു. മലയാളികളായ എസ്.എസ്. പിള്ളയും ശങ്കരൻ നായരും എഡിറ്റർമാരായിരുന്നിട്ടും ‘സ്ക്രീനി’ൽ മലയാളം സിനിമ പരാമർശിക്കപ്പെട്ടിരുന്നില്ല. അങ്ങനെയിരിക്കെയാണ് ‘സ്ക്രീനി’ൽ ‘ചെമ്മീനി’ന്റെ മുഴുപേജ് വർണപരസ്യം പ്രത്യക്ഷപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയുടെ ‘ഇലസ്ട്രേറ്റഡ് വീക് ലി ഓഫ് ഇന്ത്യ’യിലും ‘ചെമ്മീനി’നെക്കുറിച്ച് കളർ ചിത്രങ്ങൾ സഹിതം ലേഖനം വന്നു. ആകപ്പാടെ കേരളം വളരുന്നു എന്ന ഫീലിങ്ങാണ് ഞങ്ങൾക്കുണ്ടായത്. പാട്ട് കേൾക്കുന്നതിന് ആകാശവാണിയും ഉച്ചഭാഷിണിയും മാത്രമുള്ള കാലത്ത് ‘ചെമ്മീനി’ലെ പാട്ട് കേൾക്കുന്നതിന് ജനം സായാഹ്നങ്ങളിൽ തിയറ്ററുകളുടെ മുന്നിൽ കൂട്ടം കൂടി.

മന്നാ ഡേയും ലത മങ്കേഷ്കറുമായിരുന്നു ‘ചെമ്മീനി’നുവേണ്ടി രാമു കാര്യാട്ട് നിശ്ചയിച്ച ഗായകർ. ഇരുവർക്കും മലയാളം ഉച്ചാരണം പ്രശ്നമായി. മന്നാ ഡേയുടെ മലയാളിയായ ഭാര്യ സുലോചന മന്നാ ഡേയുടെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കി. തന്നെ പാടിപ്പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ട യേശുദാസിന് ആ പാട്ട് വിട്ടുകൊടുത്തുകൊണ്ട് ലത മങ്കേഷ്കർ മലയാളത്തിന്റെ ബുദ്ധിമുട്ടിൽനിന്ന് പിൻവാങ്ങി.
ആവിഷ്കാരത്തിലെ ഔചിത്യം ‘ചെമ്മീനി’നെ ആകർഷകമാക്കിയ ഘടകമാണ്. എച്ചിൽ ഇലകളുടെ ഒറ്റ ഷോട്ടിൽ കല്യാണസദ്യ മൊത്തത്തിൽ പരിമിതപ്പെടുത്തിയ എഡിറ്റിങ്ങിലെ ഔചിത്യമാണ് ശ്രീധറിൽ പ്രിവ്യൂ കണ്ടിറങ്ങിയ എസ്.ആർ. ശക്തിധരനെ ആകർഷിച്ചത്. കടപ്പുറത്തെ എച്ചിലിലകളിലേക്ക് പറന്നിറങ്ങുന്ന കാക്കകളെ കണ്ടപ്പോൾ മാർക്കസ് ബാർട്ട്ലി കൗതുകത്തിനെടുത്ത ഒരു ദൃശ്യം ഋഷികേശ് മുഖർജി ഔചിത്യത്തോടെ ചിത്രത്തിൽ സന്നിവേശിപ്പിക്കുകയായിരുന്നു.
നോവൽപോലെതന്നെ ചിത്രവും കടൽ കടന്ന് പ്രസിദ്ധമായി. ഇംഗ്ലീഷ് സബ് ടൈറ്റിൽ സഹിതം കേരളത്തിനു പുറത്ത് പ്രദർശിപ്പിച്ച ആദ്യ മലയാളചിത്രമാണ് ‘ചെമ്മീൻ’. കാനിലും ഷികാഗോയിലും ചിത്രമേളകളിൽ ‘ചെമ്മീൻ’ പ്രദർശിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തു. സംഗീതമാണോ കാമറയാണോ അതോ മറ്റെന്തെങ്കിലുമാണോ ‘ചെമ്മീനി’നെ അടങ്ങാത്ത വികാരമാക്കിയതെന്ന് പറയാനാവില്ല.


