റോന്ത് ചുറ്റുന്ന കാമറയുടെ താളുകളിൽ തെളിയാത്തത്

ഷാഹി കബീറിന്റെ ‘റോന്ത് ’ സിനിമയും അതിലെ പൊലീസ് അവസ്ഥാ ചിത്രീകരണങ്ങളെക്കുറിച്ചും ഒരു വിമർശനം. ആഴ്ചപ്പതിപ്പിൽ (ലക്കം 1427) പ്രസിദ്ധീകരിച്ച ‘പരുക്കൻ പൊലീസിന്റെ ആർദ്രഭാവങ്ങൾ’ എന്ന ‘കാഴ്ച’യോടുള്ള വിമർശനംകൂടിയാണ് ഇൗ ലേഖനം. ഭരണനിർവഹണ സംവിധാനത്തിന്റെ സുഗമ ചലനത്തിന് സാഹചര്യമൊരുക്കുന്ന ഭരണകൂട സ്ഥാപനമാണ് പൊലീസ്. സർക്കാർ എന്നു വിളിക്കുന്ന ഭരണകൂട സംവിധാനത്തിലെ അധികാരം കൈയാളുന്നവരും സ്ഥാനാരോഹണത്തിന് അവരെ പ്രാപ്തരാക്കുകയും...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഷാഹി കബീറിന്റെ ‘റോന്ത് ’ സിനിമയും അതിലെ പൊലീസ് അവസ്ഥാ ചിത്രീകരണങ്ങളെക്കുറിച്ചും ഒരു വിമർശനം. ആഴ്ചപ്പതിപ്പിൽ (ലക്കം 1427) പ്രസിദ്ധീകരിച്ച ‘പരുക്കൻ പൊലീസിന്റെ ആർദ്രഭാവങ്ങൾ’ എന്ന ‘കാഴ്ച’യോടുള്ള വിമർശനംകൂടിയാണ് ഇൗ ലേഖനം.
ഭരണനിർവഹണ സംവിധാനത്തിന്റെ സുഗമ ചലനത്തിന് സാഹചര്യമൊരുക്കുന്ന ഭരണകൂട സ്ഥാപനമാണ് പൊലീസ്. സർക്കാർ എന്നു വിളിക്കുന്ന ഭരണകൂട സംവിധാനത്തിലെ അധികാരം കൈയാളുന്നവരും സ്ഥാനാരോഹണത്തിന് അവരെ പ്രാപ്തരാക്കുകയും അനുകൂല സാഹചര്യങ്ങൾ ഒരുക്കുകയുംചെയ്യുന്ന വൻകിട കച്ചവടക്കാരുടെയും ഭൂപ്രഭുക്കളുടെയും തുടങ്ങി അധികാരത്തിന്റെ വിവിധ ചെങ്കോലുകൾ കൈവശംെവച്ചിരിക്കുന്ന പ്രമുഖരുടെ നിശ്ശബ്ദ സേവകനായ കാവൽനായാണ് പ്രത്യക്ഷത്തിലും പരോക്ഷമായും പൊലീസ്. തന്റെ കഴുത്തിൽനിന്നും യജമാനന്റെ കൈ വരെ നീളുന്ന ചങ്ങലയിൽ ബന്ധിതനായി കിടന്നുകൊണ്ട് ആ മൃഗം ഏതൊരാളെയും സംശയത്തോടെയും അക്രമാസക്തമായും മാത്രം നോക്കാൻ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നു. ഏതു നിമിഷവും അതിന്റെ പല്ലുകൾ ആക്രമണത്തിന് മുതിരുമെന്ന ഭീതി ജനിപ്പിക്കുന്ന കുര കാതിനും ബോധത്തിനും ചുറ്റി, ചൂഴ്ന്നുനിൽക്കുന്നു എന്നതാണ് പൊലീസ് എന്ന ജനസേവനത്തിനായി നിർമിക്കപ്പെട്ട സംവിധാനത്തിന്റെ നിലനിൽപ്പിന് ആധാരമാകുന്നത്.
ജനാധിപത്യ ഭരണക്രമത്തിലെ പൊലീസിനെ കുറിച്ചുള്ള പ്രതിച്ഛായ നിർമാണത്തിൽ പ്രധാന പങ്കുവഹിക്കുകയും എന്നാൽ വളരെ തമാശയായി തീരുകയും ചെയ്യുന്ന ഒരു പ്രയോഗമാണ് ജനമൈത്രി പൊലീസ് എന്നത്. ജനവും പൊലീസും തമ്മിൽ മൈത്രിയോടെ പുലരണം എന്നത് കേവലം സങ്കൽപം മാത്രമാണ്; അഥവാ പൊലീസിനും ജനത്തിനും ഇടയിലുള്ള മൈത്രിയുടെ അഭാവം രാഷ്ട്രീയ സമൂഹത്തിൽ എത്രമാത്രം പ്രതിലോമകരമായി പ്രവർത്തിക്കുന്നു എന്ന ഭരണകൂടത്തിന്റെ തിരിച്ചറിവാണ് ജനമൈത്രി പൊലീസ് എന്ന കാൽപനിക പദം നിർമിക്കുന്നതിന് പിന്നിലുള്ളത്. പൗരൻ എന്ന നിലയിലുള്ള അവകാശവും അന്തസ്സും തിരിച്ചെടുക്കുന്ന ഒരു ഭരണകൂട സ്ഥാപനം ദാക്ഷിണ്യലേശമെന്യേ ഉൽപാദിപ്പിക്കുന്ന ജനകീയ അസ്വസ്ഥതയുടെ വിള്ളലുകളെ ആശയപരമായ ഉള്ളടക്കങ്ങൾകൊണ്ട് ഒരിക്കലും ഒത്തുപോകാത്ത വാക്കുകൾ ചേർത്ത് ഓട്ടയടക്കാനുള്ള ശ്രമമാണ് ജനം + മൈത്രി + പൊലീസ് എന്നു പിരിച്ചെഴുതി ജനമൈത്രി പൊലീസ് എന്ന് വായിക്കുന്ന പദസംഘാതത്തിൽ ഉള്ളത്.
പൊലീസിനു മാനുഷികമുഖം നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായി അതിനെ സമൂഹത്തിലെ ഓരോ വ്യക്തിയോടും അടുത്തിടപഴകുന്ന കുടുംബാംഗമെന്ന നിലയിലേക്ക് മാറ്റിസ്ഥാപിക്കാൻ ബോധപൂർവമായ ശ്രമം ഭരണകൂടം പുലർത്തിപ്പോരുന്നുണ്ട്. റോഡ് മുറിച്ചുകടക്കാൻ ബദ്ധപ്പെടുന്ന കുട്ടികളെ കരുതലോടെയും അതീവ ശ്രദ്ധയോടെയും മറുകരയിൽ എത്തിക്കുന്ന ‘പൊലീസ് മാമന്റെ’ നിർമിതി അത്തരത്തിലൊന്നാണ്. പൊലീസ് മാമനും കാക്കിക്കുള്ളിലെ കലാകാരനും ക്രിഞ്ച് കഥാപാത്രങ്ങളാണ്. വാസ്തവത്തിൽ പൊലീസിന്, മാമൻ/അച്ഛൻ/സഹോദരൻ എന്നിങ്ങനെ സ്നേഹനിധിയായ കുടുംബാംഗത്തെപ്പോലെ ജനത്തോടു പെരുമാറാൻ കഴിയില്ല. ഭരണകൂടത്തിന്റെ മർദക ഏജൻസി എന്നനിലയിൽ ഭയം നിലനിർത്താനുള്ള സൈന്യമായി തുടരുക എന്നത് മാത്രമാണ് അതിന്റെ പ്രാഥമികമായ ഉത്തരവാദിത്തം. എന്നാൽ, പിതൃമേധാവിത്വമൂല്യം മേൽക്കൈ നേടിയിരിക്കുന്ന സമൂഹത്തിൽ കൊല്ലിനും കൊലക്കും അധികാരമുള്ള തറവാട്ടു കാരണവരായി വേഷം കെട്ടിയാടാൻ മറ്റു തടസ്സങ്ങളില്ല. നീതി നടപ്പാക്കാനുള്ള കുറുക്കുവഴിയായി ഇന്ത്യൻ പൊലീസ് അക്രമത്തെ സമൂഹത്തിലെ താഴേക്കിടയിൽ ഉള്ളവർക്കുമേൽ പ്രയോഗിക്കുന്നു. ദരിദ്രർക്കുമേൽ ഉണങ്ങാത്ത മുറിവുകൾ ഏൽപിക്കുന്നു.
ദരിദ്രർ പൊലീസിന് എളുപ്പത്തിൽ പിടിക്കാവുന്ന ഇരകളാണ്. പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം, ദരിദ്രർക്ക് ഏൽക്കുന്ന പീഡനമോ മരണമോ ഒരു ഫലവും ഉണ്ടാക്കുന്നില്ല. പ്രതിഷേധങ്ങളൊന്നുമില്ലെങ്കിൽ പൊലീസ് കസ്റ്റഡിയിലെ ക്രൂരമർദനങ്ങൾ-മരണങ്ങൾ രേഖപ്പെടുത്താറില്ല; പലപ്പോഴും സ്വാഭാവിക മരണമാണെന്നുപറഞ്ഞ് മറച്ചുവെക്കാൻ ശ്രമിക്കാറുമുണ്ട്. സമൂഹത്തിലെ ജാതിശ്രേണിയിലും സാമ്പത്തികനിലയിലും കീഴ്നിലയിൽ കഴിയുന്ന മനുഷ്യർ പൊലീസ് സ്റ്റേഷനുകളിൽ അന്തസ്സുള്ള പൗരന്മാരായല്ല പരിഗണിക്കപ്പെടുന്നത്; സേവനങ്ങൾ നേടുന്നതിന് അയോഗ്യരാണവർ. ഈ ഒരു അവസ്ഥയെ സ്നേഹപൂർണമായ ഇടപെടലിലൂടെ മയപ്പെടുത്തുന്ന പ്രചാരണതന്ത്രമാണ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ കാണപ്പെടുന്ന കേരള പൊലീസിന്റെ പേജ്.
അമുൽ, മിൽമ എന്നീ ബ്രാൻഡുകൾ തങ്ങളുടെ പാലുൽപന്നങ്ങൾ മാർക്കറ്റ് ചെയ്യുന്നതിന് നിലവിൽ വൈറലായ പല കണ്ടന്റുകളും അതിവിദഗ്ധമായി കാർട്ടൂണുകളായോ ട്രോളുകളായോ റീൽസായോ ഉപയോഗിച്ചു കാണാറുണ്ട്. സിനിമ, നാടകം, കൗതുകകരമായ വാർത്തകൾ, പാട്ട് ഒക്കെ അതിന്റെ ജനപ്രിയതയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടേക്കാം. അമുൽ അതിൽ മുന്നിട്ടുനിൽക്കുന്ന ബ്രാൻഡാണ്. കേരള പൊലീസും തങ്ങളുടെ പേജിലൂടെ സാധാരണ ജനങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള മാധ്യമമായി മേൽപറഞ്ഞ ബ്രാൻഡുകൾ ഉപയോഗിക്കുന്ന പരസ്യതന്ത്രങ്ങൾ പരക്കെ അനുകരിച്ചു വരുന്നതായി കാണാം. വെണ്ണപോലെ അലിയുന്ന പൊലീസ് എന്ന ആശയം ജനങ്ങളുടെ മനസ്സിലേക്ക് വേരുറയ്ക്കുന്നില്ലെന്ന് മാത്രമല്ല; വാഹന പരിശോധനയിൽ അകപ്പെട്ടുപോയവർ തങ്ങൾക്കെതിരെ വരുന്ന അപരിചിതർക്ക് മുന്നറിയിപ്പ് കൊടുത്തു രക്ഷപ്പെടുത്താനുള്ള അലിവ് പ്രകടിപ്പിക്കുന്നതായി കാണാം. പൊലീസിനോട് ജനങ്ങൾക്ക് ഒരുതരത്തിലുള്ള മൈത്രിയും തോന്നുന്നില്ലെന്നും പൊലീസിന്റെ താൽപര്യങ്ങൾക്കും പദ്ധതിക്കും വിരുദ്ധമായി ജനങ്ങൾ ഒന്നടങ്കം പ്രവർത്തിക്കുന്നു എന്നതിനും ഉദാഹരണമാണത്.
ബ്രിട്ടീഷ് ഭരണകാലം മുതൽതന്നെ ഇന്ത്യൻ പൊലീസ് സേന പീഡനത്തെ ക്രമസമാധാന പാലനത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചിരുന്നു. 1861ലെ പൊലീസ് ആക്ടിൽ വ്യവസ്ഥവെക്കുന്ന കൊളോണിയൽ പൊലീസ് ഘടനയാണ് ഇന്ത്യക്ക് പാരമ്പര്യമായി ലഭിച്ചത്. അക്രമത്തിലൂടെയും പ്രജകളെ കീഴ്പ്പെടുത്തുന്നതിലൂടെയും ക്രമസമാധാനം നിലനിർത്താൻ ആ നിയമം പൊലീസിനോട് നിർദേശിക്കുന്നു. കൊളോണിയൽ ഭരണകൂടം നടപ്പാക്കിയ ബ്രിട്ടീഷ് രാജ് അടിമരാജ്യത്തിലെ ജനങ്ങളോട് നടത്തിയ അധികാരത്തിന്മേലുള്ള അവകാശവാദമായിരുന്നു അത്. സ്വാതന്ത്ര്യാനന്തരവും ഇത് തുടർന്നുപോരുന്നതിൽ ഇന്ത്യൻ ഭരണാധികാരികൾ അപാകം കണ്ടില്ല. ഇത് ജാതിയുടെയും വർഗത്തിന്റെയും സാമൂഹിക ശ്രേണികൾ നിലനിർത്തുന്നു. സമ്പൂർണ ജനാധിപത്യ രാജ്യത്ത് ജനാധിപത്യ പൊലീസ് ഉണ്ടാവണം എന്ന് ആവശ്യപ്പെടുന്നതിൽ ആശയപരമായ ഏങ്കോണിപ്പുകൾ ഉണ്ട്. കാരണം, പൊലീസ് ഒരു ജനാധിപത്യവിരുദ്ധമായ ഘടനാ സമ്പ്രദായമാണ്. മുകളിൽനിന്നും താഴേക്ക് പുറപ്പെടുന്ന ആജ്ഞകൾ അനുസരിക്കുക മാത്രമേ നിലവിൽ അവിടെ ചെയ്യാനുള്ളൂ.
ഉത്തരാധുനിക കാലത്തിലെ സൈബർ ഇന്ത്യയിൽ പാൻ ഇന്ത്യൻ സിനിമ എന്ന ആശയം പ്രബലമാകുന്നതിനും മുമ്പ് അതതു ഭാഷകളുടെ അതിർത്തിക്കുള്ളിൽ പൊലീസ് കഥകളും പൊലീസ് കഥാപാത്രങ്ങളും ബോധ്യങ്ങളെ ഭരിക്കുന്ന പൊലീസ് യൂനിവേഴ്സ് യാഥാർഥ്യമായിരുന്നു. ക്ലൈമാക്സിൽ ഓടിയെത്തുന്ന പൊലീസ് വേഷങ്ങൾ മുതൽ നീതിനിർവഹണത്തിന് അതിമാനുഷനാകുന്ന സൂപ്പർഹീറോ പൊലീസുദ്യോഗസ്ഥൻ വരെ തിരശ്ശീലകളിൽ നിറഞ്ഞാടി. ഇന്ത്യൻ പ്രാദേശിക ഭാഷകളിലെ പ്രധാന സൂപ്പർതാരങ്ങൾ അവരുടെ അഭിനയജീവിതത്തിൽ ഏറ്റെടുത്ത അത്തരം റോളുകൾ കരിയറിനെ കൂടുതൽ ഉയരത്തിൽ എത്തിക്കുകയും തങ്ങളുടെ കമ്പോളം ഉറപ്പിക്കുകയും പൊലീസ് സംവിധാനത്തോടുള്ള ജനങ്ങളുടെ ഭയവും ആരാധനയും അളവില്ലാത്തവിധം വിപുലമാക്കുകയുംചെയ്തു. സൂപ്പർസ്റ്റാർ രജനികാന്തിന്റെ അടുത്തിടെ ഇറങ്ങിയ ‘അണ്ണാത്തെ’ എന്ന ചിത്രം ഒഴികെ ‘ ദർബാർ’, ‘ജയിലർ’, ‘വേട്ടയാൻ’ എന്നീ ചിത്രങ്ങൾ എൻകൗണ്ടർ സ്പെഷലിസ്റ്റിന്റെ നാടിനെ വെടിപ്പാക്കുന്ന വീരകഥകളാണ് പറയുന്നത്. ബ്യൂറോക്രസിയോടുള്ള വിധേയത്വവും ആരാധനയും അരക്കിട്ടുറപ്പിക്കുന്ന അതിവിപ്ലവകാരികളായ കലക്ടർ, എസ്.പി തുടങ്ങിയ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ എത്തുന്ന ചലച്ചിത്രങ്ങൾ മലയാളത്തിലും നിർമിക്കപ്പെട്ടിട്ടുണ്ട്.
ദേശീയബോധവും രാജ്യസ്നേഹവും തീവ്രമായ അളവിൽ ജനമനസ്സുകളിലേക്ക് എത്തിക്കുന്നതിൽ പട്ടാള, സ്പോർട്സ് സിനിമകൾക്ക് എന്നപോലെ പൊലീസ് സ്റ്റോറികൾക്കും ഗണ്യമായ പങ്കുണ്ട്. ’90കളുടെ തുടക്കത്തിൽ റിലീസായ ‘ഇൻസ്പെക്ടർ ബൽറാം’ എന്ന മലയാള സിനിമയിൽ സ്തുത്യർഹമായ കൃത്യനിർവഹണം നടത്തി രാജ്യത്തെ രക്ഷിക്കാൻ എൻകൗണ്ടർ മാർഗമാക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ കാണാം. നിർഭാഗ്യവശാൽ നമ്മുടെ വെള്ളിത്തിരയിലെ പട്ടാള സ്പോർട്സ് പൊലീസ് സിനിമകളിൽ പ്രധാന ശത്രുവായി/എതിരാളിയായി/കുറ്റവാളിയായി നിർണയിച്ചു വകവരുത്തുന്നത് ദലിത്-ആദിവാസി മതന്യൂനപക്ഷങ്ങളെയാണ്. ഇന്ത്യൻ ദേശീയബോധത്തിന്റെ, രാജ്യസ്നേഹത്തിന്റെ തിരശ്ശീലയിലെ ഭാഷ്യങ്ങൾ എതിർക്കുന്നത് പാകിസ്താനെ ആണെങ്കിൽ, അത് സൂക്ഷ്മമായി മുസ്ലിം വൈരത്തിലേക്ക് പ്രേക്ഷകമനസ്സിനെ എത്തിക്കാൻ അധികം കഷ്ടപ്പെടേണ്ടതായി വരുന്നില്ല. നിഴലിലേക്ക് നിറയൊഴിക്കാൻ ഓരോ കാണികളെയും സജ്ജരാക്കുകയാണ് നമ്മുടെ ദേശഭക്തി, പൊലീസ്, കായിക സിനിമകൾ.

‘റോന്ത്’ സിനിമയിൽ ദിലീഷ് പോത്തനും റോഷൻ മാത്യുവും
മുഖ്യധാരയുടെ വെള്ളിത്തിരയിൽ നമ്മൾ കണ്ടുവന്നിട്ടുള്ള സൂപ്പർ ഹീറോ അല്ലെങ്കിൽ അഴിമതിക്കാരനായ പൊലീസുകാരൻ എന്ന സ്റ്റീരിയോ ടൈപ്പിൽനിന്നും പൊലീസ് സേനയിലെ നിസ്സഹായനായ/ സമ്മർദത്തിൽ അകപ്പെടുന്ന/ വ്യവസ്ഥയുടെ ഇരയായ മനുഷ്യൻ എന്ന വിശദാംശങ്ങളോടെയുള്ള ആഖ്യാനത്തിലേക്ക് യഥാതഥ ചിത്രീകരണത്തിന്റെ കാലത്ത് സിനിമ മാറിയിട്ടുണ്ട്. സൂപ്പർതാരങ്ങളുടെ ദൈവിക പരിവേഷമുള്ള രക്ഷകരായ പൊലീസ് കഥാപാത്രങ്ങൾ എന്നതുപോലെ ഇത്തരത്തിലുള്ള കഥാപാത്രങ്ങളും ഭരണകൂടത്തിന്റെ മർദനോപകരണമായ പൊലീസിനോടുള്ള വീരാരാധനയും വിധേയത്വവും സഹാനുഭൂതിയും പുലർത്താൻ തക്കവണ്ണം, പ്രേക്ഷകചേതനയെ സ്വാധീനിച്ചു.
ഷാഹി കബീറിന്റെ പുതിയ സിനിമ ‘റോന്ത്’ കണ്ടുകൊണ്ട് മാധ്യമം ആഴ്ചപ്പതിപ്പിൽ ബൈജു കോട്ടയിൽ ‘പരുക്കൻ പൊലീസിന്റെ ആർദ്രഭാവങ്ങൾ’ (ലക്കം 1427) എന്ന തലക്കെട്ടിനു കീഴിൽ സിനിമാക്കാഴ്ചയുടെ വിചാരങ്ങൾ പങ്കിടുന്നുണ്ട്. സിനിമയുടെ ശീർഷകം സൂചിപ്പിക്കുംപോലെ നൈറ്റ് പട്രോളിങ്ങിൽ പങ്കെടുക്കുന്ന രണ്ടു പൊലീസുകാരുടെ സംഭവബഹുലമായ രാത്രികാല ജീവിതമാണ് സിനിമയുടെ കഥാതന്തു.
സിനിമയിലൂടെ പൊതുസമൂഹത്തോട് സംവിധായകന് പറയാനുള്ള ആശയം എന്താണോ അത് കൃത്യമായി ചലച്ചിത്രപാഠത്തിൽനിന്ന് വായിച്ചെടുക്കുകയും തെളിവുറ്റതും മികവുറ്റതുമായ ഭാഷയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു ബൈജു കോട്ടയിൽ. അദ്ദേഹം എഴുതുന്നു; ‘‘പൊലീസുകാർക്കിടയിൽ ഏറ്റവും മുഷിഞ്ഞ പണിയാണ് നൈറ്റ് പട്രോളിങ്. ഹൈവേകളിലും നഗരപ്രാന്തങ്ങളിലും ഗ്രാമപ്രദേശങ്ങളിലെ ഒഴിഞ്ഞ മൂലകളിലും ഒളിച്ചും പാത്തും കുറ്റകൃത്യങ്ങൾ നടത്തുന്നവരെ കൈയോടെ പൊക്കാൻ പറ്റുന്ന ഒരു അവസരമാണിത്. എന്നാൽ, അസാധാരണ സംഭവങ്ങളുടെ പിറകെ പായലും ഉറക്കമൊഴിച്ചുള്ള ജോലിയും പൊലീസുകാരെ സമ്മർദത്തിലാക്കുന്നുണ്ട്. കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കാനിടയുള്ള രാത്രികാലങ്ങളിലെ റോന്തുപണിയുടെ ആകസ്മിതകളും പ്രതിസന്ധികളും എന്തൊക്കെയാണെന്നാണ് ഷാഹി കബീറിന്റെ പുതിയ സിനിമയായ ‘റോന്ത്’ അന്വേഷിക്കുന്നത്.” തുടർന്ന് അദ്ദേഹം ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സമാകുന്ന അന്തരീക്ഷത്തിൽ ജോലിചെയ്യുന്ന പൊലീസിന്റെ യാതനകളും ദുരവസ്ഥകളും എടുത്ത് എഴുതുന്നുണ്ട്.
പൊലീസ് ജോലിയിൽ തുടക്കക്കാരനായ ദിൻനാഥിന്റെ (റോഷൻ മാത്യു) ആവേശക്കുതിപ്പിൽ ഉറച്ച സംശുദ്ധിയും ഗ്രേഡ് എസ്.ഐ യോഹന്നാന്റെ (ദിലീഷ് പോത്തൻ) പ്രവൃത്തിപരിചയം മൂലമുള്ള പക്വതയും അവർ കേവലം രണ്ട് വ്യക്തികളായ പൊലീസുകാർ മാത്രമല്ല രണ്ടു നിലപാടുകൾ ആണെന്ന് സംവിധായകൻ പ്രഖ്യാപിക്കുന്നതായി നിരീക്ഷിക്കുന്നു. പ്രാഥമികവും ലളിതവും ആത്യന്തികവുമായി ഷാഹി കബീർ ഈ സിനിമ എഴുതിയിരിക്കുന്നത് പൊലീസ് പക്ഷത്ത് നിന്നുകൊണ്ടാണ്. പൊലീസ് സേനയിലെ പച്ചമനുഷ്യരെ അടയാളപ്പെടുത്തുക എന്നതാണ് സിനിമയുടെ ലക്ഷ്യം. പൊലീസിന്റെ പണി ആവേശം കാട്ടൽ അല്ലെന്നും, പല സന്ദർഭങ്ങളിലും പ്രായോഗിക പരിജ്ഞാനത്തിൽ കുറഞ്ഞതൊന്നുമല്ല പൊലീസിങ് എന്നും പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ സംവിധായകനു കഴിയുന്നുണ്ട്. എന്താണ് ‘നല്ല പൊലീസിങ്?’ അതിന്റെ പാഠങ്ങൾ? എന്ന് പ്രേക്ഷകരെ മനസ്സിലാക്കി കൊടുക്കുന്നുണ്ട് ചലച്ചിത്രകാരൻ.
പൊലീസ് പണി എന്ന തൊഴിൽ അന്തരീക്ഷത്തെ അടുത്തറിയാത്തവർക്കായി ആ അന്തരീക്ഷം വ്യക്തമായി കാണിച്ചുകൊടുക്കുന്നതിനോടൊപ്പം പൊലീസ് തൊഴിലാളികളുടെ വ്യക്തിജീവിതത്തിലെ പ്രതിസന്ധികൾ, സങ്കടങ്ങൾ, ആശയക്കുഴപ്പങ്ങൾ, ജോലിഭാരം, സമ്മർദം, അവർ അഭിമുഖീകരിക്കുന്ന പലതരം മനുഷ്യരുടെ ശോച്യമായ ജീവിതസന്ദർഭങ്ങൾ എന്നിങ്ങനെ കെട്ടുറപ്പുള്ള വൈകാരിക രംഗങ്ങളാൽ അതിശക്തമായ തിരക്കഥയുടെ പിൻബലമുണ്ട് ‘റോന്ത്’ എന്ന സിനിമക്ക്. ഈ സിനിമ പൊലീസ് സേനയിലെ നിഷ്കളങ്കരായ രണ്ടു മനുഷ്യരുടെ വൈകാരിക പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി അവർ ജോലിസമയത്തും തൊഴിലിടങ്ങളിലും കണ്ടുമുട്ടുന്ന മനുഷ്യരുടെ പ്രശ്നങ്ങളുമായി തങ്ങളുടെ ജീവിതത്തെ താദാത്മ്യപ്പെടുത്തിയും വിയോജിച്ചും വിച്ഛേദിച്ചും മാനുഷികമായ പരിമിതികളും പിഴവുകളും ഏതു പൊലീസുകാരനും സംഭവിക്കും എന്നുമൊക്കെ ലളിതവത്കരിച്ചുകൊണ്ട് പൊലീസ് ചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ള എല്ലാ ഭീകരതകളെയും ഒളിപ്പിച്ചുവെക്കുന്നുണ്ട്. അഥവാ ബൈജു കോട്ടയിൽ സിനിമയെ നിരീക്ഷിക്കുമ്പോലെ തിയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകർ ഒന്നടങ്കം മാനുഷികമായ പരിമിതികളുടെ പരിഗണനയിൽ പൊലീസ് സേനയുടെ മനോവീര്യത്തെ തൊട്ടു കളിക്കരുതെന്ന് ‘റോന്ത്’ ഉദ്ദേശിക്കുന്നുണ്ട്.
സന്ധ്യമയങ്ങും മുതൽ പുലർച്ചെ വരെയുള്ള സമയത്ത് സ്റ്റേഷൻ പരിധിയിലൂടെ നിരീക്ഷണലക്ഷ്യത്തോടെ ചുറ്റിക്കറങ്ങുന്ന ‘കിറുക്കൻ ഗാഡി’യാണ് സിനിമയുടെ പ്രധാന ഇടം. ഈ പൊലീസ് ജീപ്പ് ചെന്നെത്തുന്ന സ്ഥലങ്ങളും സാഹചര്യങ്ങളും വണ്ടിക്കുള്ളിലെ പൊലീസുദ്യോഗസ്ഥരായ രണ്ടു മനുഷ്യർ പങ്കിടുന്ന തൊഴിൽപരവും വൈകാരികവുമായ കൊടുക്കൽ വാങ്ങലുകളിലൂടെയാണ് സിനിമ വികസിക്കുന്നത്.
ഇവിടെ നൈറ്റ് പട്രോളിങ്ങിൽ പൊലീസുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, മൂന്നരക്കോടി ജനങ്ങളെ നിയന്ത്രിക്കാൻ അരലക്ഷത്തിൽ താഴെ സേനാംഗങ്ങൾ മാത്രമുള്ളപ്പോൾ പൗരന്മാരെ ഭയപ്പെടുത്തി ലോ ആൻഡ് ഓർഡർ നിലനിർത്താൻ അവരുടെ അവകാശങ്ങൾക്കും സന്തോഷങ്ങൾക്കും മേലെ സ്വേച്ഛയാൽ അല്ലാതെ ഇടിച്ചുകയറേണ്ടി വരുന്ന ആത്മനിന്ദ, സ്ത്രീകളോടും കുട്ടികളോടും ഉള്ള കനിവ്/ അലിവ്, സഹപ്രവർത്തകന്റെ ദുഃഖവും കഷ്ടപ്പാടും സ്വന്തം എന്നുതന്നെ കരുതി അതിനോടു സഹാനുഭൂതിയോടെയുള്ള പ്രതികരണം, സർക്കാർ വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ‘നിയമവിരുദ്ധമായ ചെറിയ തെറ്റുകൾ’ ചെയ്തവരിൽനിന്ന് കൈക്കൂലി എന്ന മട്ടിൽ ഈടാക്കേണ്ടിവരുന്ന പണത്തെ ഓർത്തുള്ള നാണക്കേട്, അക്രമാസക്തനായ മനോരോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് ജീവൻ പണയംവെച്ചുള്ള ശ്രമങ്ങൾ എന്നിങ്ങനെ ഏതൊരു പ്രേക്ഷകനെയും നാളിതുവരെ ഉണ്ടായിട്ടുള്ള എല്ലാ പൊലീസ് അതിക്രമങ്ങളെയും മറന്നു കാക്കി ധരിച്ച വ്യക്തിയെ ‘പൊലീസ് മാമൻ’ എന്ന് സംബോധന ചെയ്യാൻ പ്രാപ്തനാക്കും. ഒരുകാലത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ നേതാവും പോരാളിയുമായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ, പരിക്കേറ്റ് പൊലീസ് ബന്തവസ്സിൽ ആശുപത്രിയിൽ കഴിയുമ്പോൾ പാലിൽ മുക്കിയ റൊട്ടി കൊടുത്തും ടോയ്ലറ്റിൽ പോകാൻ സഹായിച്ചു തന്നെ പരിചരിച്ച പൊലീസുകാരുടെ സ്നേഹത്തിൽ വശംവദനാവുകയും തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ നടന്ന, വിചാരകാലത്തെ വിചാരണ ബോധത്തോടെ ഓർത്തെടുക്കുകയും ചെയ്യുന്നുണ്ട് (വെള്ളത്തൂവൽ സ്റ്റീഫന്റെ ആത്മകഥ, ഡി.സി ബുക്സ്). പൊലീസ് എന്നാൽ പരുക്കൻ ഭാവം മാത്രം പുലർത്തുന്ന അക്രമകാരി അല്ലെന്നും ആ ഹൃദയം വെണ്ണപോലെ അലിയുന്നതാണെന്നുമുള്ള പ്രതിച്ഛായ നിർമിതിക്ക് ഇവ സഹായകമാകുന്നുണ്ട്.
വെള്ളത്തൂവൽ സ്റ്റീഫൻ അടക്കമുള്ള നക്സലൈറ്റ് രാഷ്ട്രീയ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ എന്ന മർദകസ്ഥാപനത്തെ ആക്രമിക്കുന്നത് അത് അടിസ്ഥാന ജനത്തെ, ചൂഷകരുടെ ഗുണ്ടാപ്പണി ഏറ്റെടുത്ത് ദ്രോഹിക്കുന്ന ഏജൻസിയായതിനാലാണ്. പൊലീസ് എന്നത് ഒരു മനുഷ്യനല്ല; എന്നാലത് ആണത്ത വെറിയുള്ള മർദകസ്ഥാപനമായ വരേണ്യപുരുഷനാണ്. അതിൽ ഏതെങ്കിലും ഒരു വ്യക്തി മനുഷ്യനെപ്പോലെ പെരുമാറുന്നു എന്നതുകൊണ്ട് പൊലീസിന്റെ പ്രവൃത്തിദോഷം ഇല്ലാതാകുന്നില്ല. മാനസാന്തരപ്പെട്ട വെള്ളത്തൂവൽ സ്റ്റീഫന് ഇക്കാര്യം അറിയാൻ പാടില്ലാത്തതല്ല.
പൊലീസിലെ ചുരുക്കം ചില നല്ല കുട്ടികളെ പർവതീകരിച്ചുകൊണ്ട് പൊലീസ് എന്ന ഇൻസ്റ്റിറ്റ്യൂഷന്റെ കൊള്ളരുതായ്മകളെ പുണ്യാഹം തളിച്ച് പാപമുക്തമാക്കുന്ന കഥകൾ കെട്ടിച്ചമക്കുമ്പോഴും, മലയാള ഭാഷയിൽ പൊലീസിങ്ങിനെ അതിരൂക്ഷമായി വിമർശിച്ച എക്കാലത്തെയും മികച്ച രണ്ടു കഥകൾ എഴുതിയത് വൈക്കം മുഹമ്മദ് ബഷീറാണ്. ‘ടൈഗർ’, ‘പൊലീസുകാരന്റെ മകൻ’ എന്നിവയാണ് ആ കഥകൾ. രാഷ്ട്രീയ തടവുകാരനായി വിവിധ ജയിലുകളിൽ കഴിയുമ്പോൾ അദ്ദേഹം നേരിട്ട പൊലീസ് അനുഭവങ്ങളോടുള്ള പ്രതികരണങ്ങളാണവ. സ്വതന്ത്ര ഇന്ത്യക്ക് മുമ്പുള്ള തടവ് അനുഭവത്തിനു ശേഷം വർഷങ്ങൾ മുന്നോട്ടുപോയിട്ടും അതേ സാഹചര്യം ഇന്നും മാറ്റത്തിനു ശ്രമിക്കാതെ നിലനിൽക്കുന്നുണ്ട്. ‘‘കുറ്റമില്ലാത്തിടത്ത് കുറ്റം ഉണ്ടാക്കുക, സത്യം അസത്യമാക്കുക, മാനമുള്ളവരെ അപമാനിക്കുക...’’ ഇതിനുള്ള കിങ്കരന്മാരാണ് പൊലീസുകാർ എന്ന് ബഷീർ രൂക്ഷമായി പറയുന്നു.
‘റോന്തി’ൽ ഷാഹി കബീർ പൊലീസ് പക്ഷത്തുനിന്നുള്ള അവതരണത്തിനാണ് മുതിരുന്നതെന്ന് കണ്ടുകഴിഞ്ഞു. കേവല മനുഷ്യർക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും വെല്ലുവിളികളും ക്ലേശങ്ങളും പരാജയങ്ങളും സ്വാഭാവികമായും പൊലീസിനെയും തീണ്ടുന്നു, താഴേക്കിടയിലുള്ള പൊലീസുകാർ പലപ്പോഴും ആ സിസ്റ്റത്തിനുള്ളിൽതന്നെ ഇരകളാക്കപ്പെടുന്നു എന്നുമൊക്കെ പറഞ്ഞുറപ്പിക്കാൻ ഉചിതമായ സന്ദർഭങ്ങളും രംഗങ്ങളും തിരക്കഥയിൽ മികവോടെ ഉൾചേർക്കുകയും എല്ലാ വിശദാംശങ്ങളോടെയും ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. അത് പൊലീസുകാർ ഇടപെടുന്ന വിവിധ മനുഷ്യരുടെ വൈകാരികതയും പൊലീസ് ഉദ്യോഗസ്ഥരുടെ വൈകാരികതയും തമ്മിൽ ചേരുന്നതായി അവതരിപ്പിച്ചുകൊണ്ടാണ് സാധ്യമാക്കുന്നത്. അതായത് രംഗങ്ങളുടെ വിശ്വാസ്യതയും വൈകാരിക തീവ്രതയും എങ്ങനെയാണ് പ്രേക്ഷകരിൽ ആഞ്ഞുപതിക്കുക എന്ന് തിരക്കഥാകൃത്തും സംവിധായകനുമായ വ്യക്തിക്ക് കൃത്യമായ ധാരണയുണ്ട്.
ഇവിടെയാണ് ‘റോന്ത് ‘ എന്ന ചിത്രം കേരളീയ സാംസ്കാരിക-രാഷ്ട്രീയ സാഹചര്യത്തിൽ അപകടകരമായ ചിന്തയും സന്ദേശവും പ്രക്ഷേപണംചെയ്യുന്നു എന്ന് വിചാരിക്കേണ്ടിവരുന്നത്. രാഷ്ട്രീയ ശരിതേടലുകളുടെ വിശാലമായ പശ്ചാത്തലത്തിൽനിന്നുകൊണ്ട് പുരോഗമന ആശയങ്ങൾ പറയുന്ന, ഗംഭീരമായ വാണിജ്യവിജയങ്ങൾ നേടിയ പുതുതലമുറ സിനിമകളിലും ദലിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും അരാഷ്ട്രീയതയും ചരിത്രത്തെ വക്രീകരിക്കുന്നതും പുതുമയല്ല. ഒരു ദലിത് കുടുംബത്തിന്റെ മൂന്നു തലമുറകൾ സഞ്ചരിക്കുന്ന കേരളീയ കമ്യൂണിസ്റ്റ് അനുഭവത്തിന്റെ കഥ പറയുന്ന, ദലിത് വിമോചനം കേരളത്തിലെ മുഖ്യധാര ഇടതുപക്ഷത്തിന് മാത്രം അവകാശപ്പെട്ടതാണെന്നു പറയുന്ന, എസ്. സനോജിന്റെ പ്രൊപഗണ്ട സിനിമയായ ‘അരിക്’ ഒരു ദലിത് പെൺകുട്ടി മജിസ്ട്രേറ്റ് ആകുന്നതും കോടതിവളപ്പിൽ അവരുടെ അമ്മ ഒരു ശൂദ്രന്റെ മുഖത്തടിക്കുന്നതും അവതരിപ്പിച്ചാണ് അവസാനിക്കുന്നത്. സവർണ സാമ്പത്തിക സംവരണം നടപ്പാക്കുക വഴി സ്റ്റേറ്റിന്റെ വിഭവങ്ങളിലുള്ള വിതരണം അത്രമേൽ അനീതി നിറഞ്ഞ ഒന്നാക്കിത്തീർത്ത ഒരു പാർട്ടിയുടെ പ്രചാരണത്തിന്റെ കണ്ടന്റ് ആയി ഉപയോഗിക്കുന്ന ‘അരിക്’ എന്ന സിനിമ മേൽപറഞ്ഞതിന് ഉദാഹരണമാണ്.
‘റോന്തി’ൽ രാത്രികാല പട്രോളിങ്ങിന്റെ മടുപ്പിക്കുന്ന സഞ്ചാരത്തിന്റെയും കാത്തിരിപ്പിന്റെയും ഇടയിൽ പൊലീസുകാരന്റെ ഫോണിലേക്ക് ഒരു വാർത്ത വരുന്ന സീനുണ്ട്. കേന്ദ്രസർക്കാർ നടപ്പാക്കാൻ പോകുന്ന പൗരത്വ ബില്ലിനെതിരെയുള്ള സമരത്തെ സംബന്ധിക്കുന്നതാണത്. മതാടിസ്ഥാനത്തിൽ നടപ്പാക്കപ്പെടുന്ന പൗരത്വബിൽ ദേശീയ ജനതയുടെ സാംസ്കാരികവും ഭാഷാപരവുമായ സ്വത്വത്തിന് വിരുദ്ധമാണ് എന്ന കാതലായ വിഷയത്തിൽനിന്നകന്ന് സമരത്തെ നേരിടാൻ നിയോഗിക്കപ്പെടുമ്പോൾ തനിക്ക് അനുവദിക്കപ്പെട്ട ലീവും കുടുംബാംഗങ്ങളുമായി പങ്കിടുന്ന സ്വകാര്യ നിമിഷങ്ങളും നഷ്ടപ്പെടും എന്ന വേവലാതിയാണ് ‘റോന്തി’ലെ പൊലീസുകാരനിൽ. സ്വതവെ ആർ.എസ്.എസ് വത്കരിക്കപ്പെട്ടു എന്ന് ആരോപിക്കപ്പെടുന്ന സേനയിലേക്ക് അറിയാതെ ‘നിഷ്കളങ്കമായി’ കടന്നുവരുന്ന ഇസ്ലാം വിരുദ്ധതയാണിത്.
ഷാഹി കബീർ മുമ്പ് ഒരുക്കിയ, നിരവധി പുരസ്കാരങ്ങൾക്ക് അർഹമായ ‘ഇലവീഴാപൂഞ്ചിറ’ എന്ന സിനിമ സൂക്ഷ്മാർഥത്തിൽ കേരള പൊലീസിന്റെ സദാചാര പൊലീസിങ്ങിനെ ശരിവെക്കുകയും അത് പൊതുജനാഭിപ്രായമാക്കി തീർക്കുകയും ചെയ്യുന്ന ചലച്ചിത്ര ശ്രമമാണ്. ദാമ്പത്യത്തിൽ വിശ്വസ്തത പുലർത്താത്ത ഭാര്യയുടെ മൃതദേഹഭാഗങ്ങളും ഭ്രൂണവും, അവൾക്കൊപ്പം തന്നെ വഞ്ചിച്ച സഹപ്രവർത്തകന് ഭക്ഷണമാക്കി വിളമ്പി കൊടുക്കുകയും അയാളെ ഇടിമിന്നലേറ്റ് മരിക്കാൻ പാകത്തിന് ചതിയിൽ കുരുക്കി കൊലപ്പെടുത്തുകയും ചെയ്ത മധുവിനെ (സൗബിൻ സാഹിർ) ഭാര്യയുടെ വഞ്ചന എന്ന സമാനാനുഭവം നേരിട്ട ഉന്നതോദ്യോഗസ്ഥൻ കുറ്റമുക്തനാക്കുകയും, ദാമ്പത്യത്തിലെ വഞ്ചനക്ക് മരണമാണ് വിധിയെന്ന പൊലീസ് ഭാഷ്യവുമാണീ സിനിമ. ഇലവീഴാപ്പൂഞ്ചിറയുടെ ഐതിഹ്യം പാണ്ഡവരുടെ വനവാസവുമായി ബന്ധപ്പെട്ടതാണ്. ഇതിന് പല ഐതിഹ്യങ്ങളുണ്ട്. പാണ്ഡവർ വനവാസക്കാലത്ത് ഈ പ്രദേശം സന്ദർശിച്ചെന്നും ദ്രൗപദി ഇവിടെ കുളിച്ചിരുന്നെന്നും പറയപ്പെടുന്നു. അവരുടെ നഗ്നദൃശ്യം മറ്റാരും കാണാതെ മറയ്ക്കാൻ ഇന്ദ്രൻ കുന്നുകളാൽ ചുറ്റുമതിൽ തീർത്തെന്നും അതിനാലാണ് ഈ പ്രദേശം ഇലകൾ വീഴാത്ത ഇടമായി മാറിയതെന്നുമാണ് ഒരു കഥ. ഇത്തരമൊരു ഐതിഹ്യത്തിന്റെ പുതുകാല ചലച്ചിത്ര പുനർനിർമിതി പൊലീസ് കഥയുടെ പശ്ചാത്തലത്തിലേക്ക് തുന്നിച്ചേർക്കുമ്പോൾ സിനിമയിലെ സ്ത്രീവിരുദ്ധത മറനീക്കി പുറത്തുവരുന്നു.

‘റോന്ത് ’എന്ന സിനിമയെക്കുറിച്ച് ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ലേഖനം
നവകാല മലയാള സിനിമയിൽ ദലിത് പ്രാതിനിധ്യങ്ങൾക്ക് ധാരാളം സ്ക്രീൻ സ്പേസ് കിട്ടുന്നുണ്ട് എന്ന അവകാശവാദം ഉണ്ട്. കാമറക്കണ്ണിലൂടെയുള്ള സവർണ നോട്ടത്തിന്റെ സിനിമാറ്റിക് ദൃശ്യപ്പെടുത്തലുകളാണ് അവ എന്നതാണ് സത്യം. അതുകൊണ്ടുതന്നെ തിരശ്ശീലയിൽ പ്രേക്ഷകർ കാണുന്ന ജീവിതം തെറ്റായ ദലിത് ലോകത്തിന്റെ പുകപ്പടമാണ്. ‘റോന്തി’ലെ ഇരകളാക്കപ്പെട്ട, എല്ലാത്തരം പ്രതിസന്ധികളിലൂടെയും പോരാടി കടന്നുവരുന്ന പച്ചമനുഷ്യരായ രണ്ടു പൊലീസുകാരുടെ ജീവിതം കൂടുതൽ ദുസ്സഹമാണെന്നും രക്ഷപ്പെടാൻ ആവാത്ത ഒരു കുരുക്കിലേക്ക് അകപ്പെടുത്തപ്പെട്ടെന്നും വിശ്വാസയോഗ്യമായി പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ ചലച്ചിത്രകാരൻ സമീപഭൂതകാലത്തിൽ കേരളത്തിൽ സംഭവിച്ച ഒരു ചരിത്രസന്ദർഭത്തെ തുന്നിച്ചേർക്കുന്നുണ്ട്. 2018 മേയിൽ സംഭവിച്ച കെവിൻ പി. ജോസഫ് എന്ന യുവാവിന്റെ ദുരഭിമാന കൊലപാതകമാണത്. സവർണ ക്രിസ്ത്യാനി പെൺകുട്ടിയെ പ്രണയിച്ചതിന് ദലിത് വിഭാഗത്തിൽനിന്നുള്ള പരിവർത്തന ക്രിസ്ത്യാനിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പുഴയിൽ ഉപേക്ഷിച്ച സംഭവം.
കെവിനെ ഒന്നും ചെയ്തിട്ടിെല്ലന്നും പെൺകുട്ടി എവിടെ എന്നറിയാൻ യുവാവിനെ ചോദ്യംചെയ്തു വിട്ടയച്ചപ്പോൾ അയാൾ പുഴയിൽ ചാടി മരിച്ചതാെണന്നും പെൺകുട്ടിയുടെ ബന്ധുക്കളായ പ്രതികൾ മൊഴി നൽകി. കെവിൻ പി. ജോസഫിനെ കാണാതായതിനുശേഷം തട്ടിക്കൊണ്ടു പോയതായ പരാതി പരിഗണിക്കാതെ പൊലീസ് കെവിന്റെ കുടുംബത്തെ അവഗണിക്കുകയും കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമം നടത്തുകയുംചെയ്തു. അതിന്റെ ഭാഗമായി പ്രതികളോട് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടി. രണ്ടു പൊലീസുകാർ വകുപ്പുതല നടപടികൾ നേരിട്ടു പിരിച്ചുവിടൽ അടക്കമുള്ള ശിക്ഷ നടപ്പാക്കുകയുംചെയ്തു. ഹൈകോടതി ആദ്യമായി വിധി പറഞ്ഞ ജാതി ദുരഭിമാന കൊലപാതകം ആയിരുന്നു ഇത്. 2018ൽ പത്തു പ്രതികളും കുറ്റക്കാരാണെന്ന് അർഥശങ്കക്കിടയില്ലാത്തവിധം തെളിയിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയുംചെയ്തു. ഈ സംഭവത്തോട് സമീപഛായ തോന്നുന്ന രംഗങ്ങൾ ‘റോന്ത്’ എന്ന സിനിമയിലുണ്ട്. എന്നാൽ, ദുരഭിമാനക്കൊലയിൽ ഏർപ്പെട്ട പ്രതികൾ പൊലീസിന് നൽകിയ മൊഴിയെയാണ് ഷാഹി കബീർ തിരക്കഥയിൽ തെല്ലും മാറ്റം വരുത്താതെ ഉപയോഗിച്ചിരിക്കുന്നത്.
വീട്ടിലെ പെൺകുട്ടിയെ നഷ്ടപ്പെട്ട അവസ്ഥയിൽ, അവളെ രക്ഷിച്ചെടുക്കാൻ ആങ്ങളമാർ കാണിക്കുന്ന അമിതാവേശം കാമുകനായി തെറ്റിദ്ധരിക്കപ്പെട്ട ദലിത് യുവാവിനെ ഭേദ്യംചെയ്യുന്നതിലെത്തുന്നു. അയാൾ നിരപരാധിയാണെന്ന് തിരിച്ചറിയുമ്പോൾ പശ്ചാത്താപത്തോടെ വിട്ടയക്കുന്നു. ദലിത് യുവാവ് ഇറങ്ങി ഓടി പുഴയിൽ വീണ് മരിക്കുന്നു. പെൺകുട്ടിയുടെ നിഷ്കളങ്കരായ വീട്ടുകാരെയും ദലിത് യുവാക്കളെയും ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിച്ചു വിട്ടയക്കാൻ മാനുഷികമായി ഇടപെട്ട പൊലീസുകാർ ഇരയാക്കപ്പെടുകയുംചെയ്തു എന്നാണ് സിനിമ പറയുന്നത്. പൊതുസമൂഹം ചർച്ചചെയ്ത ജാതി കൊലപാതകം നടന്നു എന്ന് ഹൈകോടതി കണ്ടെത്തിയ ഒരു കേസിനെ ഇത്രമാത്രം അലംഭാവത്തോടെ, പൊലീസിന്റെ ദുരിതങ്ങൾ ചിത്രീകരിക്കുന്ന ഒരു സിനിമയിലേക്ക് ഉപയോഗിക്കുമ്പോൾ കേരളസമൂഹത്തിന്റെ ഏതു തട്ടിലെ ജനങ്ങളുടെ അഭിപ്രായ രൂപവത്കരണത്തിനാണ് ചലച്ചിത്രകാരൻ ലക്ഷ്യമിടുന്നത്! അരികുവത്കൃത സമൂഹം കൂടുതൽ അവകാശബോധത്തോടെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുമ്പോൾ ഒരു ജാതി കൊലപാതകത്തെ ഇത്രമേൽ ലളിതവത്കരിക്കുന്നത് എന്തുതരം അപകടമാണ് തുടർന്ന് സൃഷ്ടിക്കുക എന്ന് പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കേണ്ടതില്ലല്ലോ.