ആസ് പെക് ട് റേഷ്യോ-3


‘‘തിരക്കഥ മാറ്റിയെഴുതാനായി തിരക്കഥാകൃത്ത് എ.കെ. സാജന് വന്നു. അദ്ദേഹത്തോടൊപ്പം ആലുവ െഗസ്റ്റ് ഹൗസില്‍ പത്തുദിവസത്തോളം താമസിച്ച് തിരക്കഥയെഴുതി. ആദ്യ പകുതി മുഴുവൻ ഹില്ലാരിയസ് ഹ്യൂമര്‍ രംഗങ്ങളാൽ നിറഞ്ഞ പ്രണയത്തിന്റെ ഒഴുക്കും വേഗതയുടെ അത്ഭുതങ്ങളും തിരക്കഥയിൽ ചേർക്കുന്നു’’ -ആത്മകഥയിെല ഒരു അധ്യായമെഴുതുകയാണ് സംവിധായകനും നടനുമായ മധുപാൽ. ഇൗ ഓർമകളിൽ ഭരതനും ഭരത് ഗോപിയും ലോഹിതദാസും ഒക്കെ കടന്നുവരുന്നു. 1992 -ജൂണ്ആകാശവാണിയുടെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘‘തിരക്കഥ മാറ്റിയെഴുതാനായി തിരക്കഥാകൃത്ത് എ.കെ. സാജന് വന്നു. അദ്ദേഹത്തോടൊപ്പം ആലുവ െഗസ്റ്റ് ഹൗസില്‍ പത്തുദിവസത്തോളം താമസിച്ച് തിരക്കഥയെഴുതി. ആദ്യ പകുതി മുഴുവൻ ഹില്ലാരിയസ് ഹ്യൂമര്‍ രംഗങ്ങളാൽ നിറഞ്ഞ പ്രണയത്തിന്റെ ഒഴുക്കും വേഗതയുടെ അത്ഭുതങ്ങളും തിരക്കഥയിൽ ചേർക്കുന്നു’’ -ആത്മകഥയിെല ഒരു അധ്യായമെഴുതുകയാണ് സംവിധായകനും നടനുമായ മധുപാൽ. ഇൗ ഓർമകളിൽ ഭരതനും ഭരത് ഗോപിയും ലോഹിതദാസും ഒക്കെ കടന്നുവരുന്നു.
1992 -ജൂണ്‍
ആകാശവാണിയുടെ മുന്നിലെ വീട്ടില്‍ അച്ഛനും അമ്മയും വന്ന ദിവസം ഗോപിയേട്ടന്റെ ഡ്രൈവര്‍ അപ്പുവണ്ണന് കാറുമായി വന്നു പറഞ്ഞു; സാറു വിളിക്കണ്, വെക്കം ചെല്ലാന്‍ പറഞ്ഞ്... ഞാന്‍ നിക്കണോ... അതോ സാറ് അങ്ങട്ട് വരുവോ...
ഭക്തിവിലാസം ബംഗ്ലാവിനു മുന്നിലെ രേവതിയിലേക്ക് താമസം മാറിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ‘യമനം’ ഷൂട്ട് കഴിഞ്ഞ് അതിന്റെ മുഴുവന്‍ ജോലിയും തീർത്ത് പുരസ്കാരങ്ങൾക്കുള്ള അപേക്ഷ അയച്ച് അതിനുവേണ്ടി പല ഭാഷകളില്‍ ബ്രോഷര്‍ തയാറാക്കി കാത്തിരുന്നൊടുവില്‍, സിനിമക്ക് ദേശീയ അംഗീകാരം കിട്ടിയ വാർത്ത വന്നപ്പോള്‍ ഭരത് ഗോപിയേട്ടന് സ്ഥലത്തില്ലായിരുന്നു. അതുകഴിഞ്ഞ് കരമനയിലെത്തിയ ദിവസം ആളെ വിട്ട് വിളിപ്പിച്ചതായിരുന്നു. സ്വന്തമായി ഒരു ഫോണ്‍ വരുന്നതുവരെ അതായിരുന്നു പതിവ്. വീട്ടിലേക്ക് അച്ഛനെയും അമ്മയേയും കയറ്റിയിരുത്തിയിട്ട് ഞാന്‍ ഗോപിയേട്ടന്റെ ഡ്രൈവർക്കൊപ്പം ഇറങ്ങി.
ഉച്ച കഴിഞ്ഞ ഞായറാഴ്ചയാണ്. റോഡിലേക്കിറങ്ങിനിന്നാലും ഓട്ടോ കിട്ടാന്‍ പാടാണ്. കാറില്‍ കയറിയപ്പോള്‍ ഞാന്‍ ചോദിച്ചു, ‘‘എന്ത് അത്യാവശ്യം... സാറു വല്ലതും പറഞ്ഞോ...’’
ഡ്രൈവര്‍ അപ്പുവണ്ണന് ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും അയാള്‍ അങ്ങനെയാണ്. കാര്‍ ഓടിച്ചുതുടങ്ങിയാല് പിന്നെയൊന്നും മിണ്ടില്ല. പലപ്പോഴും ഗോപിയേട്ടന്റെ കൂടെ ഈ കാറില്‍ കയറിയാല്‍ അയാൾക്ക് കാഴ്ച നേരെ മാത്രമാകും. ഒരുറുമ്പ് ഇഴയുന്ന വേഗമാവും. അൽപമെങ്ങാനും വേഗത കൂടിയാല്‍ ചിലപ്പോള്‍ ഗോപിേയട്ടന് വഴക്ക് പറയും. അതുകൊണ്ടു തന്നെ അയാള്‍ കാറിനകത്തെ സംസാരമൊന്നും തന്നെ കേൾക്കുകയില്ല. ഞാന്‍ പിന്നെ ഒന്നും ചോദിച്ചതുമില്ല.
കരമനയിലെ വീട്ടിലേക്ക് കയറുമ്പോള്‍ വീടിനു പിന്നിലെ കോവിലില്‍നിന്നും, ഉയർന്ന ഒച്ചയില്‍ പാട്ട് കേൾക്കുന്നുണ്ടായിരുന്നു. ഒരൽപനേരം നിന്നപ്പോള്‍ തന്നെ ചെവിതലയടിച്ചുപോയതുപോലെ തോന്നി. അപ്പോള്‍ ഇത് മുഴുവനും രാപ്പകലോളം കേൾക്കുന്ന മനുഷ്യരുടെ അവസ്ഥ എന്താവും എന്ന് കരുതിെക്കാണ്ടാണ് ബെല്ലടിച്ചത്. വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ പാട്ടിന്റെ ഒച്ച അൽപം കുറഞ്ഞിട്ടുണ്ട്. എന്നാലും അതുണ്ടാക്കുന്ന അസ്വസ്ഥതക്ക് കുറവില്ല.
ശാന്തമായ ഒരന്തരീക്ഷത്തില്‍ കൃത്യമായ ശബ്ദത്തില്‍ തെളിമയോടെ പാട്ട് കേൾക്കുകയാണെങ്കില്‍ അത് ആസ്വദിക്കാനാവും. മതിലിനപ്പുറത്തുനിന്നും പാട്ട് ഒരുതരം മുരൾച്ചയോടെ ഒട്ടും വ്യക്തമല്ലാതെ അന്തരീക്ഷം മലിനമാക്കുന്നു.
‘‘ഇതിങ്ങനെ കേട്ടാല്‍ ഇവിടുള്ളോര്‍ക്ക് ഒന്ന് മിണ്ടിപ്പറയാന്‍ പോലും പറ്റില്ലല്ലോ...’’ ഗോപിയേട്ടന് ഒന്ന് മൂളി. ‘‘ഒരു പ്രാവശ്യം കമ്മിറ്റിക്കാരോട് ഒന്ന് വിളിച്ച് പറഞ്ഞതാ... എന്നിട്ടും കേക്കാതായപ്പോ കപ്ലൈെന്റ്വാക്കെ ചെയ്തതാ... അപ്പോ അവര്‍ സ്പീക്കറ് പൊക്കത്തിലാക്കിെവച്ചു.’’
കൈയിലെ കർച്ചീഫുകൊണ്ട് മൂക്കൊന്ന് തുടച്ച് തൊണ്ട മുരണ്ട് ഇടത്തെ കൈയിലേക്ക് മൂക്കുപൊടി തട്ടിയിട്ട് അതെടുത്ത് മൂക്കില്‍ വലിച്ച് മൂക്കൊന്നുകൂടെ കർച്ചീഫുകൊണ്ട് നീട്ടിത്തുടച്ച് മിണ്ടാതെയിരുന്നു. എന്തെങ്കിലും അത്യാവശ്യം പറയാനുണ്ടെങ്കില്‍ ഗോപിയേട്ടന് ഒരു തുടക്കമുണ്ടാവും. പൊടിവലിച്ച് കഴിഞ്ഞ് അൽപനേരം മിണ്ടാതെയിരിക്കും. ഞാന്‍ ഗോപിയേട്ടനെ കാണുകതന്നെയായിരുന്നു.
‘‘മധു ചായകുടിച്ചോ?’’ മറുപടി പറയുന്നതിനുമുന്നേ ജയച്ചേച്ചി ചായ കൊണ്ടുവന്ന് െവച്ചു.
‘‘മമ്മൂട്ടി ഒരു സിനിമ ചെയ്യാമെന്ന് പറഞ്ഞു.’’
അതുകേട്ടതും ഒരുപാട് സന്തോഷത്തോടെ ദൈവമേ വഴി മുഴുവനും വെളിച്ചം നിറഞ്ഞതാവുന്നുവെന്ന് മനസ്സില്‍ പറഞ്ഞു. ‘‘എപ്പഴത്തേക്കാ ഡേറ്റ്..?’’
ഭരതനാ സംവിധാനം. ലോഹിതദാസ് എഴുതുന്നു.
ബാക്കിവിശേഷം എന്ത് എന്നറിയാനായി ഞാന്‍ ഒന്നും മിണ്ടിയില്ല. ഗോപിയേട്ടന് തന്നെ ബാക്കി പറയുന്നത് കേൾക്കാനായി ഞാന്‍ ചായ കുടിച്ചിരുന്നു.
‘‘ആ സിനിമ നിർമിക്കുന്നത് മീനു ഗോപി ആർട്സ് എന്ന ബാനറിലാണ്. ഭാവചിത്രയിലെ ജയകുമാറും കൂടെയുണ്ട്. പെട്ടെന്ന് തന്നെ തുടങ്ങുമെന്നാ തീരുമാനം.’’
‘‘ഞാനെപ്പഴാ വരണ്ടത്...’’
സിനിമയെന്ന മഹാസാഗരത്തിലേക്കെടുത്ത് ചാടിയിട്ട് ഒരു കരയണയുന്നുവെന്ന വിശ്വാസമായിരുന്നു അത്. ഗോപിയേട്ടന് ഷൂട്ടിനു പോകുമ്പോള്‍ കൂടെ പോകുന്നു. എന്തായാലും അത് ഷൂട്ട് തുടങ്ങുന്നതിനുമുമ്പേ തന്നെയാവും. അപ്പോള്‍ അവിടെയെത്തിയാല്‍ ഭരതേട്ടനോട് ചോദിച്ച് കൂടെ നിൽക്കാന് അനുവാദം വാങ്ങാം. ഗോപിയേട്ടന് ഉള്ളതുകൊണ്ട് തീർച്ചയായും അതിനു സാധിക്കും. ഒന്നു കഴിയുമ്പോള്‍ മറ്റൊന്ന് ഉണ്ടാകുന്നുവല്ലോ എന്ന് മനക്കോട്ട പണിയുകയായിരുന്നു. ഒരു തുടർച്ചയുണ്ടാകുമ്പോള്‍ മാത്രമാണ് എന്തെങ്കിലും ചെയ്തുവെന്ന് ആശ്വസിക്കുന്നത്. സമയമാവുമ്പോള്‍ വിളിക്കുമെന്ന ഉറപ്പില്‍ ഞാന്‍ ഗോപിയേട്ടനു മുന്നില്‍നിന്നും എഴുന്നേറ്റു. അപ്പോഴും പുറത്തെ ഭക്തിഗാനത്തിന്റെ ഒച്ച കുറേക്കൂടി ഉയർന്നതായി തോന്നി. പുറത്ത് അപ്പുവണ്ണന് കാര്‍ തിരിച്ചിട്ടിരുന്നു.
രേവതിയില്‍ ഫോണ്‍ വന്നപ്പോള്‍ ആദ്യം വിളിച്ചത് ഗോപിയേട്ടനെ ആയിരുന്നു. ഇനിയുള്ള സമയങ്ങളില്‍ ഗോപിയേട്ടനൊരാവശ്യം വന്നാല്‍ അപ്പു അണ്ണനെ വിട്ട് വിളിപ്പിക്കണ്ട എന്ന് പറഞ്ഞ് ഞാന്‍ വീട്ടിലെ നമ്പര്‍ കൊടുത്തു. ഗോപിയേട്ടന് അതാരോടോ പറഞ്ഞ് എഴുതിക്കുന്നത് ഞാന്‍ കേട്ടു. ജീവിതത്തില്‍ ഇത്രയും അത്യുന്നതത്തില്‍ നിൽക്കുന്ന ഒരാളുമായി ഇത്രയും അടുപ്പമുണ്ടാവുന്നത് അച്ഛന് എന്നെ കാണിച്ച സിനിമകള്‍ തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കുട്ടിക്കാലം മുതല്‍ അച്ഛന് നടത്തിയ സിനിമാകൊട്ടകയിലെ തിരശ്ശീലയില്‍ കണ്ട ചിത്രങ്ങളിൽനിന്നും അത് നിർമിക്കുന്നതിലേക്കുള്ള ഒരു യാത്രയുടെ ആരംഭം. ഓപറേറ്ററുടെ മുറിയിലെ ചുമരിനിപ്പുറത്ത് സ്ലൈഡ് പ്രോജക്ടറിന് മുന്നിലെ ചതുരത്തിനു മുന്നില്‍ ഫ്ലവർ വേസ് വെക്കുന്ന ഉയരമുള്ള സ്റ്റാൻഡിൽ ഇരുന്നു കണ്ട സിനിമകള്‍. കണ്ണിനു മുന്നിലെ ആ ചതുരത്തിലാണിപ്പോഴും എന്റെ സിനിമ. അതൊരു കാഴ്ചയുടെ തുടക്കമായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുന്നു.
എട്ട് മുതല്‍ പത്താം ക്ലാസ് വരെ എല്ലാ ദിവസവും സിനിമയോടുന്നത് കണ്ട് അത് കൂടെയുള്ളവരോട് പറഞ്ഞു. ചിലപ്പോഴൊക്കെ കണ്ട സിനിമയില്‍ നിന്നുള്ള വേറിട്ട കഥകളും കാഴ്ചകളും തന്നെയായിരുന്നു പറഞ്ഞിരുന്നത്. കഥ പറയാനൊരു കാലം, കഥയെഴുതാനൊരു പകർപ്പെഴുത്ത്. സ്കൂൾ കാലം മുതല്‍ മാറിവരുന്ന സിനിമകള്‍ കണ്ട് അതിലെ ഓരോ നിമിഷവും മനസ്സില്‍ ചേർത്തുവെക്കുക തന്നെയായിരുന്നു. പലപ്പോഴും സിനിമകള്‍ ഏതെങ്കിലും നോവലിനെയോ കഥയെയോ ആശ്രയിച്ചിട്ടാണ് നിർമിക്കുന്നതെന്ന് അക്കാലത്തെ സിനിമ മാസികകള്‍ പറഞ്ഞു. നോവലിന്റെ പേരറിയുന്ന നിമിഷം തൊട്ടടുത്തുള്ള ലൈബ്രറിയിലേക്ക് പായും. നോവല്‍ വായിച്ച് കഥയറിഞ്ഞ് സിനിമക്കായി കാത്തുനിൽക്കും. പുസ്തകവായനയും സിനിമകളുമായി ആ കാലം അങ്ങനെ നീണ്ടു. വീട്ടില്‍ തിരിച്ചെത്തിയിട്ട് ആദ്യം ചെയ്തത് ഭരതന്റെ സിനിമയില്‍ ജോലിചെയ്യാന്‍ അവസരം കിട്ടുമെന്ന് പറയുകയായിരുന്നു. തുടക്കം നന്നാവണം എങ്കില്‍ മാത്രമേ കൃത്യമായി ഓടി വിജയിക്കുവാനെത്തൂ എന്നൊരു ഉപദേശമായിരുന്നു അച്ഛന്റേത്.
എത്രയോ ജീവിതവും ലോകവും കണ്ടതാണെന്ന് മനസ്സില്‍ പറഞ്ഞനുഗ്രഹം വാങ്ങിക്കുന്നയാളിന്റെ ഒരു വാക്കും വെറുതെയാവില്ലെന്നറിയാം. പിന്നെയുള്ള ഓരോ ദിവസവും രാവിലെയും വൈകീട്ടും ഗോപിയേട്ടനെ വിളിക്കും. ചില ദിവസങ്ങളില്‍ പോയി കാണും. ആ സമയങ്ങളില്‍ പലപ്പോഴും ഗോപിയേട്ടന് സിനിമയുടെ ആവശ്യവുമായി യാത്രകളിലായിരുന്നു. ഒരുദിവസം വിളിച്ചിട്ട് പറഞ്ഞു ‘‘മധൂ തിരുവനന്തപുരത്ത് തന്നെയുണ്ടോ..?’’
‘‘ഉണ്ട് ഗോപിയേട്ടാ...’’
‘‘ഭാവചിത്ര ജയകുമാര്‍ വിളിക്കും. നമ്മുടെ ഷൂട്ടിനു ഒരു ഹെറിറ്റേജ് കാര്‍ വേണം. അതിന്റെ ഡീറ്റെയ്ൽസ് ജയന് പറയും.’’
രണ്ട് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ജയകുമാറേട്ടന്‍ വിളിച്ചു. ‘‘കാമറാമാന് വേണു ചെയ്ത ‘മിസ് ബെറ്റീസ് ചിൽഡ്രന്‍’ എന്ന സിനിമയില്‍ ഉപയോഗിച്ച ഒരു കാറുണ്ട്. അതാണ് നമുക്ക് വേണ്ടത്. വേണുവിനെ ചെന്നു കണ്ടാല്‍ മതി. അയാളു പറഞ്ഞാല്‍ അതിന്റെ ഉടമസ്ഥന് കാറു തരും. അയാളൊരു ഡോക്ടറാണ്. മധു വേണുവിനെ വിളിക്കണം.’’
‘‘എവിടെയുള്ള കാറാണ്?’’
‘‘അതെനിക്കറിയില്ല. തിരുവനന്തപുരത്ത് തന്നെയാണെന്ന് തോന്നുന്നു. മധു അതൊന്ന് അറേഞ്ച് ചെയ്യൂ.”
രണ്ടാമത്തെ സിനിമയെന്നത് ജീവിതത്തിന്റെ നല്ല തുടക്കത്തിലേക്കായതുകൊണ്ടുതന്നെ സൂചകങ്ങള്‍ മാത്രം മതിയായിരുന്നു. വേണുവേട്ടന് ആണ് ആദ്യസൂചകം. പിന്നെ ഡോക്ടര്‍. അത് കഴിഞ്ഞ് സിനിമ. രണ്ടുദിവസം ഡോക്ടർക്കരികിൽ ചെന്നു നിന്നു. ആവശ്യക്കാരന് നമ്മളായതുകൊണ്ടുതന്നെ ജയകുമാറേട്ടനെ വിളിച്ച് വീണ്ടും പോകുന്ന കാര്യം അറിയിച്ചു. ഒരു കാര്യം ഏറ്റുകഴിഞ്ഞ് അത് ചെയ്തുകഴിഞ്ഞാൽ സ്വയം സമാധാനം എന്നൊരു ചിന്ത അച്ഛന് പഠിപ്പിച്ചതാണ്. ചില കാര്യങ്ങൾക്കായി ശ്രമിച്ചുകൊണ്ടേയിരിക്കുക, ചിലതൊക്കെ നടക്കും, നടക്കാനാവുന്നതുവരെ സഞ്ചരിക്കുക, നടന്നില്ലെങ്കിലും അതിനുവേണ്ടി ശ്രമിച്ചു എന്നു കരുതുമ്പോള്‍ ഒരാശ്വാസമുണ്ടല്ലോ, അത് അടുത്തതിനായുള്ള ഊർജമാകും.

മമ്മൂട്ടിയും ഭരത് ഗോപിയും
വൈകീട്ട് ഡോക്ടറുടെ വീടിനുമുന്നിലെത്തി ബെല്ലടിച്ച് കാത്തുനിന്നു. ജീവിതം ആവർത്തനം തന്നെയാണ്. മുമ്പുണ്ടായിരുന്നതൊക്കെ വീണ്ടും ആ വീട്ടില്‍ ഞാന്‍ കണ്ടു. ഡോക്ടറെ കാത്തിരുന്ന് കാണുന്ന അകത്തുള്ളവര്‍ ഏതുവഴിയിലൂടെയാണ് ആ മുറി വിട്ടുപോകുന്നതെന്നറിയാതെ ഞാന്‍ ഡോക്ടറുടെ മുന്നിലെത്തി. ചോദ്യങ്ങള്‍ എല്ലാം മുമ്പുണ്ടായിരുന്നതുതന്നെ. എല്ലാ കഥയും ആവശ്യങ്ങളും വീണ്ടും പറഞ്ഞു. അദ്ദേഹമെടുത്ത തീരുമാനങ്ങളില്‍ എന്തെങ്കിലും കുറവു വരുത്തുമോയെന്നറിയാനായി ചോദിച്ചുകൊണ്ടേയിരുന്നു.
‘‘സാര്‍ ഇതൊരു സിനിമയാണ്. ഭരത് ഗോപിയേട്ടനും ഭരതേട്ടനും മമ്മൂട്ടിയും ലോഹിതദാസുമൊക്കെയുള്ള ഒരു സിനിമ. അതിലൊരു വീടിനു മുന്നില്‍ ഭംഗിക്കായി കിടക്കാനാണ് ഈ കാര്‍ ചോദിക്കുന്നത്. കൊണ്ടുപോയതുപോലെ തിരിച്ചുകൊണ്ടുവരും. സാറിനു വിശ്വസിക്കാം. ഉറപ്പായും ഒരു ഇഷ്യൂവും ഉണ്ടാവില്ല.’’
‘‘മിസ്റ്റര്‍ മധുപാല്‍, നിങ്ങൾക്ക് നിങ്ങളെ വിശ്വസിക്കാം, പക്ഷേ, ഞാന്‍ കാണുന്ന മനുഷ്യർക്കൊന്നുംതന്നെ സ്വയം വിശ്വസിക്കാനുള്ള കെൽപ്പില്ലാത്തവരാണ്. കൊണ്ടുപോയി തിരിച്ചുകൊണ്ടുവരും എന്നു നിങ്ങള്‍ പറയുന്നു. എന്നാല്‍ കൊണ്ടുപോയതിന് ശേഷം എന്തെങ്കിലും കേടുപറ്റില്ല എന്നതിന് എന്തുറപ്പാണുള്ളത്. അവിടെ കൊണ്ടുപോയാല്‍ അത് നിങ്ങളാണോ ഉപയോഗിക്കുന്നത്. അതവിടെ നിൽക്കുന്ന അത്രയും നേരം നിങ്ങളതിന്റെ കാവൽക്കാരന് ആകുമോ? അങ്ങനെ ആയാലും നിങ്ങള്‍ എങ്ങോട്ടെങ്കിലും ഒന്നു മാറുന്ന സമയത്ത് ആ കാറിനെന്തെങ്കിലും സംഭവിച്ചാലോ..? അപ്പോള്‍ ആരാവും അതിനു സമാധാനം പറയുക? ചെയ്യുന്ന കാര്യത്തിനു ഒരുത്തരവാദിത്വം ഉണ്ടാവേണ്ടതിനാണ് ഞാനൊരു തുക നിങ്ങളോട് പറയുന്നത്. അത് നിങ്ങൾക്ക് സമ്മതമാണോ... എങ്കില്‍ നമുക്ക് സംസാരിക്കാം. ഇല്ലെങ്കില്‍ സന്തോഷത്തോടെ നമുക്ക് പിരിയാം. കണ്ടതിനും സംസാരിച്ചതിനും താങ്ക്സ്. എന്നെങ്കിലും താങ്കള്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ പറയൂ, ഞാന്‍ വന്നു കാണാം. ഓള് ദ ബെസ്റ്റ്.’’
‘‘താങ്ക്സ് സാര്‍, സാറൊന്ന് ജയകുമാറേട്ടനോട് സംസാരിക്കൂ...’’
അവസാനശ്രമം എന്നപോലെ ഞാന്‍ ഡോക്ടറോട് കെഞ്ചി.
‘‘എനിക്ക് പറയാനുള്ളത് മുഴുവനും ഞാന്‍ പറഞ്ഞുകഴിഞ്ഞല്ലോ... ഇനി നിങ്ങളല്ലേ തീരുമാനിക്കേണ്ടത്.’’
ഡോക്ടര്‍ എഴുന്നേറ്റു. ഞാന്‍ വന്ന വഴിയിലൂടെ പുറത്തിറങ്ങി. ജയകുമാറേട്ടനെ വിളിച്ചു.
‘‘കാശില്ലാതെ, അത് പറഞ്ഞതില്‍ ഒരു പൈസ കുറഞ്ഞാല്‍ അയാള്‍ കാറു തരില്ല... ഇനിയെന്താവേണ്ടത്.’’
‘‘മധു വിട്ടോ... നമുക്കത് വേണ്ടാ എന്നുവെക്കാനേ പറ്റൂ... ഭരതേട്ടനോട് പറയാം. നമ്മള് ശ്രമിച്ചു. നടന്നില്ല...’’
‘‘ഭരതേട്ടനത് മനസ്സില്‍ കണ്ടതല്ലേ... അപ്പോ നമ്മളല്ലേ അത് നടത്തിയെടുക്കേണ്ടത്...’’
എന്റെ വേവലാതി ജയകുമാറേട്ടനു മനസ്സിലായി.
‘‘മധു, തുടക്കമല്ലേ... ഇതൊക്കെ സർവസാധാരണം, മഞ്ഞക്കാറല്ലെങ്കില് വേറെയൊരു കാര്‍... അത് നോക്കാം.’’

എ.കെ. സാജന്,രാജീവ് അഞ്ചൽ
മനസ്സില്‍ ഒരു ഫ്രെയിം ഉണ്ടായി. ‘പാഥേയം’ സിനിമയില്‍ നെടുമുടി വേണു ചേട്ടന് ചെയ്യുന്ന കഥാപാത്രത്തിന്റെ വലിയ ബംഗ്ലാവ്. കൊടൈക്കനാലിലെ മഞ്ഞുപെയ്യുന്ന പകല്‍. വിശാലമായ മുറ്റം. അതില്‍ വലിയ പൂന്തോട്ടം. തോട്ടത്തിനരികുപറ്റി ഒരു പാത്ത് വേ. അത് ബംഗ്ലാവിനു മുന്നില്‍ പോർട്ടിക്കോയിലൂടെ ചുറ്റി പുറത്തേക്ക്. അതില്‍ ഞാന്‍ ഡോക്ടറുടെ ഗാരേജില്‍ കണ്ട മഞ്ഞ ബെലെയ്ല ഫിയറ്റ് കാര്‍. ബംഗ്ലാവിന്റെയുള്ളില്നിന്നും വേണു ചേട്ടനും മമ്മൂട്ടി സാറും ഇറങ്ങിവരുന്നു. അവര്‍ ആ കാറില്‍ കയറുന്നു. കാര്‍ ബംഗ്ലാവിനു മുന്നില്‍നിന്നും തോട്ടത്തിനരികിലൂടെ പ്രധാനവീഥിയിലേക്ക് പാഞ്ഞുപോകുന്നതിന്റെ ആകാശദൃശ്യം. ഈ വിഷ്വല്‍ ഭരതേട്ടന് കണ്ടിട്ടുണ്ടാവില്ലേ, ചിലപ്പോള്‍ ഇതിനേക്കാള്‍ മനോഹരമായ ഒരു പെയിന്റിങ് പോലെ അത്ഭുതനിറമുള്ള കാഴ്ച അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിട്ടുണ്ടാവില്ലേ, അതിനായല്ലേ അദ്ദേഹം ആ കാര്‍ ആവശ്യപ്പെട്ടത്. അത് കൊടുക്കാനാവുമ്പോഴല്ലേ ആ സിനിമ അതിന്റെ പൂർണതയിൽ എത്തുന്നത്? ഉള്ളില്‍ നിറയെ ആശങ്കകളായിരുന്നു.
ചെയ്യാനാഗ്രഹിച്ചത് നടക്കാതെ വരുമ്പോള്‍ ഉള്ളു പുകയും. സിനിമ എന്നത് പൂർണമായ ഒരു കൃതിയാവണം എന്നാണ് പഠിച്ചത്. അതിനകത്ത് യാതൊരുവിധ കൃത്രിമവും കാണിക്കാനാവില്ല. കാമറ കള്ളം പറയില്ല എന്നതായിരുന്നു ആദ്യ സത്യം. അതിനുമുന്നില്‍ എല്ലാം തെളിഞ്ഞുകാണും, നിറവും ജീവിതവും. കലാഭവനില്‍ ലെനിന് സാറിനെ കാണാന്‍ പോയ ദിവസം രാജീവേട്ടനെ കണ്ടു. തലശ്ശേരിയിലെ ചിത്രകാരന്മാരുടെ ഒരു സംഘത്തിന്റെ ചിത്രപ്രദർശനം ലെനിന് സാറായിരുന്നു ഉദ്ഘാടനം ചെയ്യുന്നത് എന്നറിഞ്ഞ് അദ്ദേഹത്തോടൊപ്പം ആർട് ഗാലറിയിലേക്ക് നടന്നു. കലാഭവന്‍ തൊട്ടടുത്തായിരുന്നു സൂര്യഗാലറി. ലെനിന് സാറും രാജീവേട്ടനും ഒന്നിച്ചു ജോലിചെയ്തിട്ടുള്ളതുകൊണ്ടുതന്നെ അവര്‍ മാറിനിന്നു സംസാരിച്ചു. ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് പുറത്തേക്കിറങ്ങി മാഗ്നറ്റ് ഹോട്ടലില്‍ ഇരുന്ന് കാപ്പി കുടിക്കുമ്പോഴാണ് രാജീവേട്ടന് ബാലേട്ടന് എഴുതുന്ന തിരക്കഥയെ കുറിച്ച് പറഞ്ഞത്. പങ്കജ് ഹോട്ടലില്‍ അവരെല്ലാം ഉണ്ട്. സുരേഷേട്ടന് നിർമിച്ച് മോഹൻലാൽ അഭിനയിക്കുന്ന സിനിമ തുടങ്ങാന്‍ പോകുന്നു. സൂര്യോദയ ക്രിയേഷൻസിന്റെ ഒമ്പതാമത്തെ ചിത്രമായി ‘ഓസ്ട്രേലിയ’ എന്ന പേരില്‍ മോഹന്‍ലാല്‍, രമ്യകൃഷ്ണന് എന്നിവരഭിനയിക്കുന്ന ചിത്രം. ‘ഉള്ളടക്കം’ എന്ന സിനിമയെഴുതിയ പി. ബാലചന്ദ്രന് തിരക്കഥയൊരുക്കുന്നു. അതൊരു അതിവേഗ കാറോട്ട മത്സരത്തിൽ പങ്കെടുക്കുന്ന ഫോർമുല കാർ റെയ്സിങ് ഡ്രൈവറുടെ കഥയാണ്.
ആസ്ട്രേലിയയിൽ മോട്ടോർ സ്പോർട്സ് ജനപ്രിയ കായിക വിനോദമാണ്. ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ആസ്ട്രേലിയൻ ഡ്രൈവര്‍ ജാക് ബ്രബാമിന്റെ പേരില്‍ സ്വന്തമായി റേസിങ് ഓർഗനൈസേഷൻ സ്ഥാപിക്കുകയും മോട്ടോര്‍ കാര്‍ റേസിങ്ങില്‍ ലോകചരിത്രം എഴുതുകയും ചെയ്തതുകൊണ്ടുതന്നെ ആ രാജ്യത്തെ മത്സരത്തിൽ പങ്കെടുക്കാന്‍ തയാറാകുന്ന ഒരാളുടെ അതിസാഹസികമായ കഥയായിരുന്നു രാജീവ് അഞ്ചല്‍ എഴുതി തയാറാക്കിയിരുന്നത്.

വേഗമായിരുന്നു ആ സിനിമയുടെ കാതല്‍. വേഗതയെ അഗാധമായി സ്നേഹിക്കുന്ന നായകന്, വേഗതയെ ഭയക്കുന്ന നായിക അവരുടെ പ്രണയം. അന്ന് ഇന്ത്യയില്‍ ശ്രീപെരുമ്പത്തൂരില്‍ എം.ആര്.എഫിന്റെ നേതൃത്വത്തില്‍ കാര്‍ റേസ് നടക്കുന്നുണ്ടായിരുന്നു. അവിടെയാണ് സിനിമയുടെ ചിത്രീകരണത്തിനു തുടക്കം കുറിച്ചത്. മോട്ടോര്‍ റേസ് തുടങ്ങുന്നതിനുമുന്നേയുള്ള ദിവസം അവര്‍ റിഹേഴ്സൽ നടത്തുന്നുണ്ടായിരുന്നു. ആ രണ്ട് ദിവസങ്ങള്‍ ഞങ്ങൾക്കായി അനുവദിച്ചുകിട്ടി. ഒപ്പം കാര്‍ റേസ് ഇവന്റ് ഡേയിലും ഷൂട്ട് ചെയ്യാം. ഫോർമുല കാര്‍ ഓടിക്കുന്ന ഡ്രൈവറുടെ വേഷത്തില്‍ ഹെൽമെറ്റും കൈയിൽ പിടിച്ച് നടന്നുവന്ന് കാറിലേക്ക് കയറുന്ന മോഹന്‍ലാലിന്റെ ആദ്യ ഷോട്ട് ശരിക്കുമൊരു അസാധാരണ രംഗം തന്നെയായിരുന്നു.
മോഹന്‍ലാല്‍ ആദ്യമായി ഒരു സ്പോർട്സ് വിഭാഗത്തിലുള്ള കഥാപാത്രമായി മാറുന്ന കാഴ്ച. ആസ്ട്രേലിയക്കു മുമ്പ് പ്രിയദർശൻ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരു ബോക്സറുടെ ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അത് എന്തുകൊണ്ടോ നടക്കാതെ വന്നു. അതുകൊണ്ടുതന്നെ ‘ഓസ്ട്രേലിയ’ എന്ന സ്പോർട്സ് ചിത്രത്തിന് വലിയ ഹൈപ് അതിന്റെ നിർമാണ സമയത്ത് ഉണ്ടായിരുന്നു. രണ്ടുദിവസം കുറച്ച് സീക്വൻസ് മാത്രമേ അവിടെ എടുക്കാനുണ്ടായിരുന്നുള്ളൂ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഛായാഗ്രാഹകന്‍, ഫ്രെയിമിന്റെ മാന്ത്രികതക്കുവേണ്ടി ഏതുതരം സാഹസികതയും കാമറകൊണ്ട് കാണിക്കാന്‍ മെനക്കെടുന്ന അത്ഭുതമനുഷ്യൻ ജെ.ജെ. വില്യംസ് ചേട്ടനായിരുന്നു ‘ഓസ്ട്രേലിയ’യുടെ ശ്രീപെരുമ്പത്തൂരിലെ കാമറാമാൻ. സിനിമയൊരു വിസ്മയ കാഴ്ചയായിരിക്കുമെന്ന ബോധ്യം ഉള്ളതുകൊണ്ടുതന്നെയാണ് രാജീവേട്ടൻ വില്യേട്ടനെ കാമറാമാനാക്കാൻ സന്നദ്ധനായത്. അദ്ദേഹത്തിന്റെ മുഴുവന്‍ സംഘവും മൂപ്പരെപ്പോലെ തന്നെയായിരുന്നു. കാഞ്ചിപുരം ജില്ലയിലെ ശ്രീപെരുമ്പത്തൂര്‍ എന്ന സ്ഥലത്ത് മദ്രാസ് മോട്ടോര്‍ സ്പോർട്സ് ക്ലബ് നടത്തുന്ന കാര്‍ റേസ് ഷൂട്ട് ചെയ്യാനെത്തിയത് ജീവിതത്തില്‍ അത്രമേല്‍ ഗംഭീരമായ കാഴ്ചയുടെ സ്വപ്നതുല്യമായ സമാപനമായിരുന്നു.
1991 മേയ് 21ന് രാജീവ് ഗാന്ധി ബോംബ് ബ്ലാസ്റ്റില്‍ കൊല്ലപ്പെടുമ്പോള്‍ ‘യമന’ത്തിന്റെ ഷൂട്ടിലായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ സ്ഥലത്ത് ‘ഓസ്ട്രേലിയ’യുടെ ഷൂട്ടുമായി എത്തപ്പെട്ടു. കാഴ്ചകളും അതേകുന്ന വിസ്മയങ്ങളും തന്നെയാണ് ജീവിതത്തെ നയിക്കുന്നത്. രാജീവ് ഗാന്ധി മരണപ്പെട്ട് 12 വർഷത്തിനുശേഷം ഇന്ത്യയുടെ എക്കാലത്തെയും മഹാനായ പ്രസിഡന്റ് എ.പി.ജെ. അബ്ദുൽ കലാം ആ സ്ഥലത്ത് രാജീവ് ഗാന്ധി ‘നിനൈവു മൺറം’ ഉദ്ഘാടനംചെയ്തു. ഇന്നും കാഴ്ചയുടെ ലോകം തന്നെയാണ് ശ്രീപെരുമ്പത്തൂര്‍. ക്ഷേത്രങ്ങളുടെ നഗരം. സ്പോർട്സിന്റെ നഗരം. ആദ്യദിവസം മോഹന്‍ലാലും അദ്ദേഹത്തോടൊപ്പം നന്ദു, എന്‍.എല്‍. ബാലകൃഷ്ണന്, മധു ചെങ്ങന്നൂര്‍ പിന്നെ സ്പോർട്സ് കാർ മെക്കാനിക്കുകളായ ചിലരുമൊന്നിച്ച് കാർ ട്രാക്കിലേക്ക് കൊണ്ടുവരുന്നതിന്റെയും അത് ശരിയാക്കുന്നതിന്റെയും സീനുകളായിരുന്നു എടുത്തത്.
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ല്‍ തുടക്കം കുറിച്ച ശങ്കറേട്ടനും അവിടെ ഒരു സീനില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംഘമായിരുന്നു ആ ഇവന്റ് സംഘാടകരായി അഭിനയിച്ചത്. പിന്നെയുള്ള രണ്ട് ദിവസം ഒറിജിനല്‍ കാര്‍ റേസ് മൈതാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാമറ സ്ഥാപിച്ച് കാർ റേസിന്റെ വിവിധ ഘട്ടങ്ങൾ ഷൂട്ട് ചെയ്യുകയായിരുന്നു. ഒരു ഘട്ടത്തില്‍ മോഹന്‍ലാലിനൊപ്പം ഫോർമുല വണ്‍ ഓടിക്കുന്ന യഥാർഥ ഡ്രൈവർക്കൊപ്പവും ജെ. വില്യംസ് കാമറയിൽ അതിവേഗത്തില്‍ കാര്‍ ഓടുന്നത് ചിത്രീകരിച്ചു.

ജെ. വില്യംസ്,സുരേഷ് കുമാർ
കാഴ്ചകള്‍ എത്ര അത്ഭുതം നിറഞ്ഞതെന്ന് ചിത്രം എഡിറ്റ് ചെയ്യാനായി സ്റ്റീന് ബെക്കില് കണ്ടപ്പോള്‍ മനസ്സിലായി. പിന്നീട് കുറച്ച് ദിവസം കഴിഞ്ഞ് ഷൂട്ടിങ് മെറിലാൻഡ് സ്റ്റുഡിയോയിലായിരുന്നു. സത്യത്തില്‍ സീനനുസരിച്ച് ഷൂട്ട് ചെയ്തത് അവിടെയായിരുന്നു. കാര്‍ റേസ് ഷൂട്ട് ചെയ്തപ്പോള്‍ ക്ലാപ് ബോർഡിൽ എടുക്കുന്ന മുഴുവന്‍ കാര്യവും പ്രിന്റ്് ചെയ്യണമെന്ന നിർദേശം കാമറക്കു മുന്നിൽ കാണിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഓരോ ഷോട്ട് എന്ന രീതി ആയിരുന്നില്ല അവിടെ എടുത്തത്. എന്നാല്‍ മെറിലാൻഡ് സ്റ്റുഡിയോയിലെ സെറ്റ്, സീനുകള്‍ ഷൂട്ട് ചെയ്യുന്ന ഇടമായിരുന്നു. കാര്‍ റേസില്‍ അപകടം പറ്റിയ മോഹന്‍ലാലിന്റെ കഥാപാത്രം അതിവേഗതയേറിയ ഒരു ഫോർമുല കാർ നിർമിക്കുന്നതും ആരെയും കാണാതെ, മറ്റുള്ളവർക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാതെ കാര്യങ്ങള്‍ പറയുന്നതും അയാളുടെ കാമുകി കാണാന്‍ വന്നിട്ടുപോലും വരാതെ നിൽക്കുന്നതുമായ സീനുകളായിരുന്നു ചിത്രീകരിച്ചത്. കാര്‍ റേസിലുണ്ടായ അപകടത്തില്‍ അദ്ദേഹത്തിനു മുഖവും ശരീരത്തിന്റെ ചില ഭാഗങ്ങൾക്ക് അതിഭീകരമായ പൊള്ളലേൽക്കുകയും മനുഷ്യർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാനാവാത്ത വിധം വികൃതമാവുകയുംചെയ്തിരുന്നു. ആ രംഗങ്ങളെല്ലാം വ്യത്യസ്ത ലൈറ്റിങ് പാറ്റേണിലാണ് രാജീവേട്ടന് ചിത്രീകരിച്ചത്.
‘യമനം’ ഷൂട്ട് ചെയ്യുമ്പോള്‍ ക്ലാപ് കൊടുത്തിരുന്നത് ഷോട്ട് നമ്പറും ടേക്കുമൊന്നും അനൗൺസ് ചെയ്യാതെയായിരുന്നു. എന്നാല്‍ ‘ഓസ്ട്രേലിയ’ ഷൂട്ട് ചെയ്യുമ്പോള്‍ ക്ലാപ് അനൗൺസ്മെന്റ് ആവശ്യമായിരുന്നു. സൗണ്ട് റെക്കോഡ് ചെയ്യുന്നതുകൊണ്ട് ക്ലാപ്, സൗണ്ടിനു കൂടി ഉള്ളതായിരുന്നു. ആ ലൊക്കേഷനിലാണ് ഞാൻ ആദ്യമായി ക്ലാപ് അനൗൺസ് ചെയ്തത്. അതും മോഹൻലാൽ എന്ന അത്ഭുത പ്രതിഭക്കു മുന്നിൽ. രാജീവേട്ടന്റെ ഡിപ്പാർട്മെന്റിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു ഷാജിയേട്ടൻ. മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ചീഫ് ആയിരുന്നു ആലുവയിലെ ഷാജി എന്ന ഷാജിയേട്ടന്.
കൂടെ കുടമാളൂര്‍ രാജാജിയും നിർമാതാവ് സുരേഷേട്ടന്റെ ബ്രദര്‍ ഇന്‍ ലോയായിരുന്ന ബാലാജിയുമുണ്ടായിരുന്നു. സിനിമയില്‍ അപ്പോള്‍ ചിത്രീകരിക്കുന്ന സീന്‍ നമ്പറും അതിന്റെ ഷോട്ട് നമ്പറും അത് എത്രാമത്തെ പ്രാവശ്യമാണെന്ന ടേക്ക് നമ്പറും അനൗൺസ് ചെയ്ത് കാമറ റണ്‍ ചെയ്യുന്ന സമയത്ത് ക്ലാപ് അടിച്ച് ഫ്രെയിമില്‍ വരാതെ ഒരു ഭാഗത്തേക്ക് ഒഴിഞ്ഞുമാറുന്നതും ഒരർഥത്തില്‍ ഒരു കല തന്നെയായിരുന്നു എന്നു തോന്നാറുണ്ട്. ക്ലാപ് അടിച്ച് ചിലപ്പോള്‍ ഫ്രെയിമില്‍ തന്നെയാകുമ്പോള്‍ വില്യംസിനെപ്പോലുള്ള കാമറാമാൻമാർ ചീത്ത വിളിക്കുകയും ചെയ്യും. അന്ന് ഇന്നത്തെപോലെ മോണിറ്റര്‍ സംവിധാനമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഫ്രെയിമിലാകും എല്ലാവരുടെയും ശ്രദ്ധ. അതത്രമേൽ നീതിപൂർവവുമായിരുന്നു. കാരണം തെറ്റുപറ്റിയാല്‍ പിന്നെ തിരിച്ചറിയുന്നത് എഡിറ്റിങ് ടേബിളില്‍ എത്തുമ്പോള്‍ മാത്രമാണ്.
പിന്നീട് വീണ്ടുമതേ ദൃശ്യം ഷൂട്ട് ചെയ്യാന്‍ വേണ്ടിവരുന്ന ചെലവോർക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കും അസി. ഡയറക്ടർമാർ. ആദ്യമായി ക്ലാപ് അനൗൺസ് ചെയ്ത ദിവസം ഉള്ളിലെ പെടപ്പുകൊണ്ട് നമ്പര്‍ വിളിച്ചുപറയുന്നത് തെറ്റി. അന്നേരം ഷാജിയേട്ടന് ക്ലാപ് വാങ്ങി അനൗൺസ് ചെയ്തു. ഉച്ചവരെ ഞാനത് കണ്ടുപഠിക്കുകയായിരുന്നു. രാജാജി ആയിരുന്നു അതുവരെ ക്ലാപ് അടിച്ചത്. ഉച്ചകഴിഞ്ഞു തുടങ്ങിയപ്പോള്‍ വീണ്ടും മോഹന്‍ലാല്‍ അവിടെ നിർമിച്ച കാറിനരികിൽനിന്ന് ഉച്ചത്തില്‍ ഷൗട്ട് ചെയ്യുന്ന ഒരു ഷോട്ടിനു മുന്നിലായിരുന്നു ഞാന്‍ ക്ലാപ് അനൗൺസ് ചെയ്ത് അടിച്ചുമാറിയത്. അത് കൃത്യമായി ചെയ്തപ്പോള്‍ മനസ്സിന് വല്ലാത്ത സമാധാനമുണ്ടായി. സിനിമയില്‍ ഒരു കാര്യം നല്ലരീതിയിൽ ചെയ്തു എന്ന ഉള്‍ബലവും. ഷാജിയേട്ടനാണ് പറഞ്ഞത് ‘‘ക്ലാപ്പടിക്കുന്നത് അത്രമേല്‍ ഇമ്പോർട്ടന്റാണ്. ഒരു ലോങ് ഷോട്ടില്‍ ആക്ടേഴ്സ് പറയുന്നതും ചുണ്ടനക്കവും നമുക്ക് കാണാന്‍ പറ്റില്ല. അപ്പോള്‍ നമുക്കു വേണ്ടതും നമ്മൾ ആശ്രയിക്കുന്നതും സൗണ്ടിനെയാണ്. ഷോട്ട് എഡിറ്റ് ചെയ്യുമ്പോള്‍ സൗണ്ട് അനുസരിച്ചാണ് നമ്മള് സിങ്ക് ചെയ്യുന്നത്. അതുകൊണ്ട് അത്രമേല്‍ പെർഫെക്ട് ആയിരിക്കണം ക്ലാപ് അടിക്കുന്നത്.’’

‘യമനം’ സിനിമയിലെ രംഗം, ‘യമനം’ ചിത്രീകരണത്തിനിടെ ഭരത് ഗോപി
ഇന്ന് ഇലക്ട്രോണിക് ക്ലാപ്പിന്റെ കാലമാണ്. ഫിലിം മേക്കിങ്ങും അതിന്റെ ടെക്നോളജിയും സ്വഭാവവും അപ്പാടെ മാറിയകാലം. കുറച്ചുകൂടി എളുപ്പവും. എന്നാല്‍ കൂടുതല്‍ ക്രിയേറ്റിവിറ്റി ആവശ്യപ്പെടുന്നതുമായ കാലം. പുതുതലമുറ ശരിക്കും വെല്‍ എക്വിപ്ഡ് ആണ് എന്നുറപ്പായും തോന്നിയിട്ടുണ്ട്, അവരുടെ സിനിമ നിർമാണ രീതി കാണുമ്പോള്‍.
തിരുവനന്തപുരത്ത് ഷൂട്ട് നടക്കുന്നതിനിടയിലെ അവസാനദിവസം നടന്ന ചർച്ചയില്‍ ഒരു പുനർചിന്തയുണ്ടായത് തിരക്കഥ മാറ്റിയെഴുതുന്നതിനെക്കുറിച്ചായിരുന്നു. സിനിമയില്‍ ഇടവേളക്കുശേഷം മോഹന്‍ലാലിന്റെ മുഖം കൃത്യമായും കാണിക്കുന്ന രീതിയായിരുന്നില്ല. വേഗതയെ പ്രണയിക്കുന്ന നായകനും വേഗതയെ ഭയക്കുന്ന നായികയും, അവളുടെ ഭയത്തെ മാറ്റാന്‍ ശ്രമിക്കുമ്പോഴുണ്ടാവുന്ന അപകടവും അതില്‍ നായകനുണ്ടാവുന്ന പൊള്ളലും നായികയുടെ കാഴ്ച നഷ്ടപ്പെടുന്നതുമായ കഥ ഒരു സൂപ്പര്‍ ഹീറോ പരിവേഷമുണ്ടോയെന്ന ചർച്ചയുണ്ടാക്കി. തിരക്കഥ മാറ്റിയെഴുതാനായി തിരക്കഥാകൃത്ത് എ.കെ. സാജന് വന്നു. അദ്ദേഹത്തോടൊപ്പം ആലുവ െഗസ്റ്റ് ഹൗസില്‍ പത്തുദിവസത്തോളം താമസിച്ച് തിരക്കഥയെഴുതി. ആദ്യപകുതി മുഴുവൻ ഹില്ലാരിയസ് ഹ്യൂമര്‍ രംഗങ്ങളാൽ നിറഞ്ഞ പ്രണയത്തിന്റെ ഒഴുക്കും വേഗതയുടെ അത്ഭുതങ്ങളും തിരക്കഥയിൽ ചേർക്കുന്നു.
പണക്കാരനായ നായകനും അയാള്‍ പ്രണയിക്കുന്ന ബംഗളൂരുവിലെ തെരുവിലെ കുഞ്ഞു പൂക്കടയിട്ട സമ്പന്നയല്ലാത്ത നായികയും, അവരുടെ പ്രണയം മൊട്ടിടുന്നതും പുഷ്പിക്കുന്നതും പൂ വിരിയുന്നതും വിസ്മയം നിറഞ്ഞ കാഴ്ചകളിലൂടെയാവുന്നു. അവന് കൊടുങ്കാറ്റുപോലെ ചീറിയടിക്കുന്നവന്, അവള് ആ കാറ്റിനെ ഭയപ്പെടുന്നവള്‍, വിരിഞ്ഞു നിൽക്കുന്ന പൂവിന്റെ ആ ദളങ്ങള്‍ ആ കാറ്റില്‍ പറന്നുപോയാലോ എന്നാകുലപ്പെടുന്നവള്. രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലും കാഴ്ചപ്പാടുകളിലുമുള്ളവരുടെ പ്രണയത്തിന്റെ പ്രപഞ്ചമായിരുന്നു ആ തിരക്കഥ. ഒപ്പം സാഹസികതക്ക് മുന്‍തൂക്കവും ഉണ്ടായിരുന്നു. അത് മദ്രാസില്‍ ബ്രൗണ്‍ സ്റ്റോണ്‍ അപ്പാർട്മെന്റിലെ സുരേഷേട്ടന്റെ ഓഫിസില്‍വെച്ച് മോഹൻലാലിനു മുന്നിൽ വായിച്ചുകൊടുത്തു. ഷൂട്ടിങ് കഴിഞ്ഞു വരുന്ന രാത്രിയില്‍ ആദ്യഭാഗം വായിച്ച് വളരെയധികം ആഹ്ലാദത്തോടെ അടുത്തദിവസം ബാക്കി വായിക്കാമെന്ന് പറഞ്ഞു പിരിയുന്നു. ഇടവേളക്കു ശേഷമുള്ള ഭാഗം വായിച്ചു കഴിഞ്ഞപ്പോള്‍ തിരക്കഥ കേട്ട ഒരാള്‍ ഒരു ചോദ്യം ചോദിച്ചു. രണ്ടാം പകുതിയില്‍ മോഹന്‍ലാലിനെ കാണിക്കാതെ സിനിമ കൊണ്ടുപോയാല്‍ പ്രേക്ഷകന് സിനിമ ഇഷ്ടപ്പെടുമോ? മോഹന്‍ലാലിന്റെ സിനിമയില്‍ ഫുള്‍ മോഹന്‍ലാലിനെ കാണിക്കണ്ടേ..?
ആ രാത്രി ആരും ഉറങ്ങിയില്ല. ഇനിയെന്ത് എന്നൊരു ചിന്തയുണ്ടാവുന്നു. ആദ്യമെഴുതിയ തിരക്കഥയില്‍ സിനിമ കുറേ ഷൂട്ട് ചെയ്തിരിക്കുന്നു. അതിനായി കുറേ പണം ചെലവാക്കിയിട്ടുണ്ട്. ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടയില്‍ വീണ്ടും നഷ്ടമുണ്ടാവുമ്പോള്‍ എന്ത് ചെയ്യുമെന്നൊരു വേവലാതിയുണ്ടാവുന്നു. ആരോടും ഒന്നും മിണ്ടാതെ സാജന് പുറത്തിറങ്ങുന്നു. അയാൾക്ക് നിഴലായി ഞാനും. ബ്രൗണ്‍ സ്റ്റോണ്‍ അപ്പാർട്മെന്റിൽനിന്നിറങ്ങി കോടമ്പാക്കം ഭാഗത്തേക്കു നടന്നു. സിനിമാ നഗരം. എത്രെയത്ര കാഴ്ചകളും ജീവിതവും കോടമ്പാക്കത്തിന്റെ വെളിച്ചത്തില്‍ തെളിഞ്ഞും മറഞ്ഞും പോയിരിക്കുന്നു. വഴികള്‍ ഇരുളടഞ്ഞു കിടക്കുന്നു. ജീവിതം മുങ്ങിത്താഴുമ്പോള്‍ രക്ഷനേടി മുന്നോട്ടുള്ള സഞ്ചാരത്തിനായി കച്ചിത്തുരുമ്പെങ്കിലും കിട്ടിയെങ്കില്‍ എന്നതില്‍നിന്നാണ് സാജന് ഒരു പുനർചിന്തയുണ്ടാവുന്നത്. ആത്മഹത്യ ചെയ്യാനായി ഇറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കല്യാണം കഴിപ്പിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ കഥ, മുന്നില്‍ കാണുന്ന ഏത് പ്രശ്നത്തിലേക്കും മുന്‍ പിന് നോക്കാതെ ചാടിയിറങ്ങുന്ന ഒരു മോഹൻലാല്‍ കഥാപാത്രം. കഥയുടെ ഏകദേശ രൂപം ആ രാത്രി തന്നെ സാജന് രാജീവേട്ടനോടും സുരേഷേട്ടനോടും പറയുന്നു. ഈ കഥ ലാല്‍ സാറിനോട് പറയാന്‍ ഒരു സമയമുണ്ടാക്കണം. അതെപ്പോള്‍..?