പി.കെ. റോസിയുടെ ‘പ്രേതസഞ്ചാരങ്ങൾ’

മലയാള സിനിമയിലും സിനിമാപ്രവർത്തകരുടെ സംഘടനയിലും സ്ത്രീശബ്ദങ്ങൾ കൂടുതൽ ഉച്ചത്തിൽ മുഴങ്ങാൻ തുടങ്ങിയിരിക്കുന്നു. സാന്ദ്രാ തോമസിന്റെ പ്രതിഷേധം അതിന്റെ തുറന്നരൂപമാണ്. എന്താണ് മലയാള സിനിമയിലെ സ്ത്രീ അവസ്ഥകളിലെ പുതിയ മാറ്റം?ചലച്ചിത്രപ്രവർത്തക കൂടിയായ ലേഖികയുടെ നിരീക്ഷണങ്ങളും വിശകലനവും.മലയാള സിനിമയുടെ അമ്മ പി.കെ. റോസിയെ, ഒരു ദലിത് സ്ത്രീ ആയതിന്റെ പേരിൽ ആട്ടിയോടിച്ചതാണ് ജാതികേരളം. തിരശ്ശീല കത്തിച്ച്, അവരുടെ ഒരു നിഴൽപോലും അവശേഷിപ്പിക്കാതെ. 1928ൽ. ഇപ്പോൾ ശതാബ്ദി ആഘോഷത്തിനൊരുങ്ങുമ്പോഴും അവരോട് നീതി കാണിക്കാൻ മലയാള സിനിമക്ക് കഴിഞ്ഞിട്ടില്ല. നീതി കിട്ടുംവരെ അവരുടെ പ്രേതസഞ്ചാരങ്ങൾ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മലയാള സിനിമയിലും സിനിമാപ്രവർത്തകരുടെ സംഘടനയിലും സ്ത്രീശബ്ദങ്ങൾ കൂടുതൽ ഉച്ചത്തിൽ മുഴങ്ങാൻ തുടങ്ങിയിരിക്കുന്നു. സാന്ദ്രാ തോമസിന്റെ പ്രതിഷേധം അതിന്റെ തുറന്നരൂപമാണ്. എന്താണ് മലയാള സിനിമയിലെ സ്ത്രീ അവസ്ഥകളിലെ പുതിയ മാറ്റം?ചലച്ചിത്രപ്രവർത്തക കൂടിയായ ലേഖികയുടെ നിരീക്ഷണങ്ങളും വിശകലനവും.
മലയാള സിനിമയുടെ അമ്മ പി.കെ. റോസിയെ, ഒരു ദലിത് സ്ത്രീ ആയതിന്റെ പേരിൽ ആട്ടിയോടിച്ചതാണ് ജാതികേരളം. തിരശ്ശീല കത്തിച്ച്, അവരുടെ ഒരു നിഴൽപോലും അവശേഷിപ്പിക്കാതെ. 1928ൽ. ഇപ്പോൾ ശതാബ്ദി ആഘോഷത്തിനൊരുങ്ങുമ്പോഴും അവരോട് നീതി കാണിക്കാൻ മലയാള സിനിമക്ക് കഴിഞ്ഞിട്ടില്ല. നീതി കിട്ടുംവരെ അവരുടെ പ്രേതസഞ്ചാരങ്ങൾ ചരിത്രത്തിൽ വെളിപ്പെട്ടുകൊണ്ടേയിരിക്കും. മലയാള സിനിമയിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കുന്നവരോട് പറയാനുള്ളതും അതാണ്: അത് പി.കെ. റോസിയുടെ തിരിച്ചുവരവുകളാണ്, വെളിെപ്പടലുകളാണ്.
കാലങ്ങളായി അടക്കിയിരുത്തിയ ഇടത്തുനിന്നും പെണ്ണ് എഴുന്നേറ്റ് നിൽക്കുമ്പോൾ സംഭവിക്കുന്ന ഭയപ്പാടുകളാണത്. മലയാള സിനിമയുടെ സർവനാഡികളിലും പലരൂപത്തിൽ തെളിഞ്ഞുവരുന്നത് ആ പേടിയാണ്. ആണത്തം വലിയൊരു പ്രിവിലേജാണ്, ലോകത്തെ വീതിച്ചെടുത്ത് ഉള്ളംകൈയിൽ െവച്ചിരിക്കാനുള്ള പ്രിവിലേജ്. തീരുമാനമെടുക്കുന്ന എല്ലാ ഇടങ്ങളും അവിടത്തെ കസേരകളും അവരുടേതാണ്. പാർലമെന്റിൽ, നിയമസഭകളിൽ, കോടതികളിൽ, രാഷ്ട്രീയ പാർട്ടികളിൽ, സിനിമയിൽ, തെരുവിൽ, പൂരങ്ങളിൽ തുടങ്ങി എവിടെ നോക്കിയാലും ഈ വിശേഷാധികാരം ഒരു കടുത്ത യാഥാർഥ്യമാണ്. മഹാഭൂരിപക്ഷത്തിന്റെ അനുസരണയോടെയുള്ള നിശ്ശബ്ദതയിലാണ് ഈ വിശേഷാധികാരങ്ങൾ നിലകൊള്ളുന്നത്. അതിൽനിന്നുള്ള നേരിയ പിൻവാങ്ങൽപോലും പ്രതിരോധമാണ്. ഈ പ്രിവിലേജുകൾ തകരാൻ അനുസരണക്കേടോടെയുള്ള എഴുന്നേൽപുകളല്ലാതെ മറ്റൊന്നും വേണ്ടതില്ല എന്ന് ഏറ്റവും നന്നായി അറിയുന്നവർ ആ അധികാരം കൈയാളുന്നവർ തന്നെയാണ്.
പി.കെ. റോസിയെ ആട്ടിയോടിച്ച അതേ അധികാരത്തിന്റെ പിന്തുടർച്ചക്കാരാണ് അവർ. ഗായിക പുഷ്പവതി എഴുന്നേറ്റു നിന്നപ്പോൾ അവർ അസ്വസ്ഥരായത് സ്വാഭാവികം മാത്രം. പെണ്ണെഴുന്നേൽപുകൾ ചരിത്രത്തിൽ എന്നും നിശ്ശബ്ദമാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, 1928 മുതൽ 2017 ഫെബ്രുവരി 16 വരെ ഒമ്പത് പതിറ്റാണ്ട് നീണ്ടു ആ നിശ്ശബ്ദത, 2017 ഫെബ്രുവരി 17ന് ലംഘിക്കപ്പെട്ടു. അന്നാണ് തൊഴിലിടത്തിൽ െവച്ച് ആക്രമിക്കപ്പെട്ട ഒരു ചലച്ചിത്രപ്രവർത്തക എഴുന്നേറ്റുനിന്ന് നമ്മുടെ അധികാര സംവിധാനത്തിന് മുമ്പാകെ ഒരു പരാതി ബോധിപ്പിച്ചത്. അതൊരു ചരിത്രമുഹൂർത്തമായിരുന്നു. സിനിമയിലെ പെണ്ണുങ്ങൾ ‘വിമെൻ ഇൻ സിനിമ കലക്ടിവ്’ ആയി ഒരുമിച്ച് അവൾക്കൊപ്പം നിന്നത് ആ തീച്ചൂടിലാണ്. സിനിമയുടെ സംഘടനാ ചരിത്രം മുമ്പ് കണ്ടിട്ടില്ലാത്ത തരം സ്ത്രീകളുടെ മാത്രം കൈകോർക്കലായിരുന്നു അത്. നയിക്കാൻ വല്യേട്ടന്മാരും പുരുഷ രക്ഷാധികാരികളുമില്ലാത്ത ഒരു കൂട്ടായ്മ. സിനിമയുടെ ഓരോ മണ്ഡലത്തിലും അതിന് ചലനങ്ങളുണ്ടാക്കാനായി. സിനിമയിലെ പ്രബലരുടെ വിളനിലമായ താരസംഘടനയുടെ നേതൃത്വം ഒന്നടങ്കം രാജിെവച്ചൊഴിഞ്ഞുപോയി. അങ്ങനെയൊരു പ്രതിസന്ധി മുമ്പൊരിക്കലുമുണ്ടായിട്ടില്ല.

പി.കെ. റോസി,പുഷ്പവതി
ഇന്ന് ആ സംഘടനയിൽനിന്നും സ്ത്രീശബ്ദങ്ങൾ ലോകം കേട്ടുതുടങ്ങിയിരിക്കുന്നു. പരാതി പ്രവാഹത്തിൽ പിടിച്ചുനിൽക്കാനാവാതെ ആണുങ്ങൾ പിന്മാറുന്ന തെരഞ്ഞെടുപ്പിൽ സ്ത്രീകൾ മത്സരരംഗത്ത് ഉറച്ചുനിൽക്കുന്നു. അവരെ പിന്തിരിപ്പിക്കാനുള്ള എല്ലാ നീചതന്ത്രങ്ങളും അതിജീവിച്ച്... ഇതൊക്കെ മാറ്റങ്ങളാണ്. സിനിമയിലെ പ്രബലരായ സാങ്കേതിക വിദഗ്ധരുടെ സംഘടന സ്ത്രീകൾക്ക് മാത്രമായി ഒരു ഉപവിഭാഗംതന്നെ ഉണ്ടാക്കി. സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് അവരും സംസാരിക്കാൻ തുടങ്ങി.
അവർ പക്ഷേ ആക്രമിക്കപ്പെട്ട സഹപ്രവർത്തകയോടും അവൾക്കൊപ്പം നിന്നവരോടും എന്ത് നിലപാടെടുത്തു എന്ന് ലോകം കണ്ടതാണ്. ഇരകളെയും വേട്ടക്കാരെയും ഒപ്പം നിർത്തി ഭൂതകാലം മായ്ച്ചുകളയാൻ ലക്ഷ്യമിട്ട അവരുടെ പന്തിഭോജനങ്ങൾ മറന്നുപോകാനായിട്ടില്ല. പ്രത്യയശാസ്ത്ര യുദ്ധങ്ങളിൽ അവൾക്കൊപ്പം നിൽക്കുന്നവരെ അടർത്തിമാറ്റാനുള്ള അവരുടെ കുതന്ത്രങ്ങൾ മുന്നിൽ സിനിമ വേണ്ടെന്നുെവച്ചും പ്രതിരോധിച്ച് പിടിച്ചുനിൽക്കാൻ കഴിഞ്ഞു എന്നതാണ് ഡബ്ല്യു.സി.സിയുടെ പോരാട്ട ചരിത്രത്തിലെ ചോര പുരണ്ട അധ്യായം. ഫിലിം പോളിസി കോൺക്ലേവ് വഴി സംസ്ഥാന സർക്കാർ ഈ ഉണർച്ചകൾക്ക് അംഗീകാരം നൽകിയേക്കുമോ എന്ന ഭയപ്പാട് സിനിമയിലെ ആണധികാരങ്ങൾക്ക് ഉണ്ട് എന്ന് അവരുടെ പ്രതികരണങ്ങൾ വിളിച്ചോതുന്നു.
തൊഴിലിടത്തിൽ ഒരു പരാതി പരിഹാര സമിതി വേണം എന്ന നിയമവിധേയ നടപടിക്രമത്തെ ഏറ്റവും കൂടുതൽ പ്രതിരോധിച്ചു നിന്നത് നിർമാതാക്കളുടെ സംഘടനയായിരുന്നു. എന്നാൽ, സിനിമയിലെ ‘മേൽനോട്ട’ അധികാര കേന്ദ്രമായി കാലങ്ങളായി നിലകൊള്ളുന്ന ഫിലിം ചേംബറിനെക്കൊണ്ടും അതൊക്കെ അംഗീകരിപ്പിക്കാൻ 2017-2022 കാലത്തെ ഡബ്ല്യു.സി.സിയുടെ ശ്രമങ്ങൾകൊണ്ട് സാധിച്ചു. അതിന് ഹൈകോടതിയെ സമീപിച്ച ഡബ്ല്യു.സി.സിക്ക് കോടതി ഉത്തരവാണ് നിർണായകമായത്. രാജ്യത്തെ നിയമം നടപ്പാക്കാൻ, അതിന് വിസമ്മതിച്ചു നിൽക്കുന്ന സിനിമാ സംഘടനകളെക്കൊണ്ട് സമ്മതിപ്പിക്കാനും സർക്കാറിനെക്കൊണ്ട് ചുമതല ഏൽപിക്കാനും കോടതിയെ സമീപിക്കേണ്ടി വരുന്ന ഗതികേട് പറഞ്ഞറിയിക്കാനാവാത്തതാണ്.
അതിശക്തമായ പുരുഷാധിപത്യം പിറവിയോടൊപ്പം നിലനിന്നു പോന്ന നിർമാതാക്കളുടെ സംഘടനയിലും ഈ മാറ്റങ്ങൾ ചലനങ്ങളുണ്ടാക്കി. അതാണ് ആ സംഘടനയിൽ നിർമാതാവ് സാന്ദ്ര തോമസ് നടത്തിപ്പോരുന്ന ചെറുത്തുനിൽപ്. ആ സംഘടനയിൽനിന്നും ഇന്ന് ഉയർന്നുകേൾക്കുന്നത് പ്രതിരോധത്തിന്റെ സ്ത്രീശബ്ദമാണ്. തൊഴിലിടത്തിൽ ഒരു പരാതി പരിഹാര സമിതി വേണം എന്ന ആവശ്യത്തെ ഏറ്റവും കൂടുതൽ അവഗണിച്ചത് നിർമാതാക്കളുടെ സംഘടനയാണ്. കോടതി നിർദേശമനുസരിച്ച് വനിതാ കമീഷൻ ഏൽപിച്ച മോണിറ്ററിങ് കമ്മിറ്റി നിർമാതാക്കളുടെ സംഘടനയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. എന്നിട്ടും അവരുടെ തന്നെ സംഘടനയിലെ ഒരു വനിതാ അംഗം ഉയർത്തിയ പരാതി കൈകാര്യംചെയ്യുന്നത് എങ്ങനെ എന്ന് കേരളം മുഴുവനും ഇപ്പോൾ കാണുന്നുണ്ട്.

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ നാമനിർദേശം നൽകാൻ ‘പ്രതിഷേധ പർദ’യണിഞ്ഞ് എത്തിയ സാന്ദ്ര തോമസ്
ജീവിതംതന്നെ സർവകലാശാലകൾ ആയിട്ടുള്ളവരാണ് ഈ ഭൂമിയുടെ അവകാശികളായ ദലിതരും സ്ത്രീകളും ആദിവാസികളുമൊക്കെ. നൂറ്റാണ്ടുകളായി അവർ ചെയ്തുപോന്ന അടിമപ്പണികളുടെ ആനുകൂല്യങ്ങൾ കവർന്നെടുത്താണ് ഇക്കണ്ട സർവകലാശാലകളും അധികാരത്തിന്റെ കോട്ടകൊത്തളങ്ങളും ഒക്കെ ഉണ്ടായത്. ചരിത്രത്തിൽനിന്നും നീണ്ടകാലം പുറത്തിരുത്തിയ അവർക്ക് അവകാശപ്പെട്ട ഒരു ലോകമാണത് എന്ന ബോധ്യം നഷ്ടപ്പെട്ട മേലാളന്മാരാണ് പൊതുമുതലിന്റെ ചൂഷണം തടയാൻ ഇപ്പോൾ പുതിയ ‘പരിശീലന സിദ്ധാന്ത’വുമായി രംഗത്തുവന്നത്. അവകാശങ്ങൾ തട്ടിയകറ്റാനുള്ള ഉപാധിയാണിത്.
കോടാനുകോടികളുടെ അഴിമതികളാലും പങ്കുവെപ്പുകളാലും ഈ നാട് ഉലഞ്ഞപ്പോൾ ഉയരാത്ത ചോദ്യമാണ് ഈ പരിശീലനത്തിന്റെയും നികുതിപ്പണത്തിന്റെ കണക്ക്. അടൂർ ഗോപാലകൃഷ്ണൻ സാറിനെയും ശ്രീകുമാരൻ തമ്പി സാറിനെയുമൊക്കെ അത്തരം അന്യായങ്ങൾക്കെതിരെ നിരന്ന നിരയിൽ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? പാലം പൊളിഞ്ഞു വീണപ്പോഴോ, കാട് വെട്ടി വെടിപ്പാക്കിയപ്പോഴോ റോഡ് കുത്തിയൊഴുകിയപ്പോഴോ നികുതിപ്പണത്തെയോ പൊതു മുതലിനെയോ പറ്റി വേവലാതി ഇല്ലാത്തവരാണ് അവർ. അതവർക്ക് പ്രശ്നമേ അല്ല. പ്രശ്നം സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തി ദലിതർക്കും സ്ത്രീകൾക്കും സിനിമയെടുക്കാൻ ഒന്നരക്കോടി വകയിരുത്തുന്നതിലാണ്. അപ്പോൾ അവർക്ക് പരിശീലനം വേണം, അല്ലെങ്കിൽ അത് അഴിമതിക്ക് വഴിയൊരുക്കലാണ്. പട്ടികജാതി-പട്ടിക വർഗങ്ങൾക്കും സ്ത്രീകൾക്കും ആദിവാസികൾക്കുമൊക്കെ സംവരണം നൽകുന്നതിന് എതിരെ ‘വരേണ്യരിൽ’ നിന്നുയർന്ന വാദമുഖങ്ങളുടെ തുടർച്ചയാണിതെന്ന് സ്പഷ്ടം.
നമ്മുടെ കൊച്ചു കേരളത്തിൽ ഇന്നുവരെ ഉണ്ടായ സിനിമകളിൽ എത്ര ശതമാനം സിനിമകളായിരിക്കും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പരിശീലനം നേടിയവർ ഉണ്ടാക്കിയത്? അത് ഒരു ശതമാനത്തിൽ താഴെയാകും. സിനിമ പിറന്നിട്ട് 97 വർഷവും സ്വാതന്ത്ര്യം കിട്ടിയിട്ട് 78 വർഷവും പിന്നിട്ടിട്ടും എത്ര സ്ത്രീകളും ദലിതരുമുണ്ട് സിനിമയിലെ തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളിൽ? എന്തേ അവർക്ക് അവിടം അപ്രാപ്യമായി? ആയിരക്കണക്കിനാളുകൾ സിനിമകൊണ്ടും ടെലിവിഷൻകൊണ്ടും ജീവിക്കുന്ന നമ്മുടെ നാട്ടിൽ എത്ര സീറ്റുണ്ടാക്കിയിട്ടുണ്ട് സർക്കാർതലത്തിൽ കേരളത്തിലിരുന്ന് സിനിമ പരിശീലിക്കാൻ? ഏറിയാൽ കോട്ടയം കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഏതാനും സീറ്റുകൾ!

ഹേമാ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കുന്നു (ഫയൽ)
ഈ അന്യായം ആരുടെ സൃഷ്ടിയാണ്? അടൂർ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ആയിരുന്നല്ലോ കുറേക്കാലം. ഒരു ഫിലിം പോളിസി ഉണ്ടാക്കാൻ അടൂർ നേതൃത്വം നൽകുന്ന ഒരു സമിതിയെ വർഷങ്ങൾക്കുമുമ്പ് സർക്കാർ ചുമതലപ്പെടുത്തിയിരുന്നല്ലോ? അതെന്തായി എന്ന് എപ്പോഴെങ്കിലും ശ്രീകുമാരൻ തമ്പി ചോദിച്ചു പോയതായി കേട്ടിട്ടുണ്ടോ? അടൂർ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാറിന് മുമ്പാകെ അവതരിപ്പിച്ചു പോയിട്ടുമില്ല. അതുപോലെ പല വിദഗ്ധ സമിതികളും സർക്കാറിന് മുമ്പാകെ പല മെമ്മോറാണ്ടങ്ങൾ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ സിനിമയിലെ ജെൻഡർ എന്ന വിഷയം കൃത്യമായി അഡ്രസ് ചെയ്തത് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രമാണ്. എത്ര വർഷം വൈകിയാലും അതവഗണിക്കാൻ ഒരു സർക്കാറിനും കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് നാലേ മുക്കാൽ വർഷം കോൾഡ് സ്റ്റോറേജിൽ െവച്ചിരുന്നിട്ടുപോലും അത് പുറത്തുവന്നപ്പോൾ അതിന്മേൽ എന്തു നടപടിയുണ്ടായി എന്ന ചോദ്യത്തെ അഭിമുഖീകരിക്കാൻ സർക്കാർ തയാറായത്. അത് വളരെ പോസിറ്റിവ് ആയ നീക്കം തന്നെയായാണ് സിനിമയിലെ സ്ത്രീകളും ഡബ്ല്യു.സി.സിയും കാണുന്നത്.
പെണ്ണെഴുന്നേൽപിനെ കോടതിയും സർക്കാറും കണക്കിലെടുത്തു എന്നാണ് ഫിലിം കോൺക്ലേവിന്റെ അർഥം. ഫിലിം പോളിസി ഒരു ഫെമിനിസ്റ്റ് പെഴ്സ്പെക്ടിവിൽ വേണം എന്നാണ് ഈ വിഷയത്തിൽ ഇടപെട്ട് ഹൈകോടതി നൽകിയ നിർദേശം. നിശ്ശബ്ദത വെടിഞ്ഞ് പെണ്ണുങ്ങൾ എഴുന്നേറ്റ് നിൽക്കുമ്പോൾ അതുണ്ടാക്കുന്ന ചലനങ്ങൾ കോടതികൾക്കും നിയമസഭകൾക്കും കാണാതിരിക്കാനാവില്ല. ഭാവുകത്വം മാറുകയാണ്. പെണ്ണെഴുന്നേൽപ് ഒരു കുറ്റകൃത്യമല്ലാതായി മാറുന്ന കാലം ഒരു പ്രത്യാശയാണ്. അതിന്റെ മുന്നോടികളാണ് ഇപ്പോൾ നീണ്ട നിശ്ശബ്ദത ലംഘിച്ച് സിനിമയിൽ ഉയർന്നു കേൾക്കുന്ന പെൺസ്വരങ്ങളെല്ലാം. അവസാന നിമിഷത്തിൽ ഫിലിം പോളിസി അട്ടിമറിക്കപ്പെടാതിരിക്കട്ടെ എന്നാശിക്കുന്നു, ആഗ്രഹിക്കുന്നു.