Begin typing your search above and press return to search.

ലൈവ് ആക്ഷൻ വിഡിയോ ഗെയിം എ.ഐ മേളനങ്ങളുടെ സിനിമ

ലൈവ് ആക്ഷൻ   വിഡിയോ ഗെയിം എ.ഐ   മേളനങ്ങളുടെ സിനിമ
cancel

പുതിയ സാങ്കേതികവിദ്യകളെ സിനിമയുടെ നിലവിലുള്ള ഭാഷക്കുള്ളിൽ ഒതുക്കുന്നതിനു പകരം, അവയിലൂടെ സിനിമയുടെ ഭാഷയെ എങ്ങനെ മാറ്റാൻ കഴിയുമെന്ന് അന്വേഷിക്കുന്ന സംവിധായകനാണ് ചൈനക്കാരനായ ഡോങ് ജി. മലയാളത്തിനടക്കം ബാധകമായ സിനിമാരീതികളാണ് അദ്ദേഹത്തിന്റേത്. ഡോങ് ജിയുടെ സിനിമകളിലൂടെ സഞ്ചരിക്കുകയാണ് ലേഖകൻ.“ഇന്നത്തെ സാഹചര്യത്തിൽ യഥാർഥ ലോകവും വെർച്വൽ ലോകവും പരസ്പരം വിരുദ്ധമായ രണ്ട് ഇടങ്ങളല്ല. അവ ഒന്നിനുള്ളിലേക്ക് മറ്റൊന്ന് കടന്നുചെന്ന് പരസ്പരം ലയിച്ചുകൊണ്ടിരിക്കുന്നു” -ജീ ഡോങ് (Jie Dong), ചൈനീസ് ചലച്ചിത്ര സംവിധായകൻ. ഠഠഠ സിനിമയുടെ ചരിത്രം പരിശോധിച്ചാൽ, സാങ്കേതികവിദ്യയിലെ ഓരോ വലിയ മാറ്റവും സിനിമയുടെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
പുതിയ സാങ്കേതികവിദ്യകളെ സിനിമയുടെ നിലവിലുള്ള ഭാഷക്കുള്ളിൽ ഒതുക്കുന്നതിനു പകരം, അവയിലൂടെ സിനിമയുടെ ഭാഷയെ എങ്ങനെ മാറ്റാൻ കഴിയുമെന്ന് അന്വേഷിക്കുന്ന സംവിധായകനാണ് ചൈനക്കാരനായ ഡോങ് ജി. മലയാളത്തിനടക്കം ബാധകമായ സിനിമാരീതികളാണ് അദ്ദേഹത്തിന്റേത്. ഡോങ് ജിയുടെ സിനിമകളിലൂടെ സഞ്ചരിക്കുകയാണ് ലേഖകൻ.

“ഇന്നത്തെ സാഹചര്യത്തിൽ യഥാർഥ ലോകവും വെർച്വൽ ലോകവും പരസ്പരം വിരുദ്ധമായ രണ്ട് ഇടങ്ങളല്ല. അവ ഒന്നിനുള്ളിലേക്ക് മറ്റൊന്ന് കടന്നുചെന്ന് പരസ്പരം ലയിച്ചുകൊണ്ടിരിക്കുന്നു” -ജീ ഡോങ് (Jie Dong), ചൈനീസ് ചലച്ചിത്ര സംവിധായകൻ.

ഠഠഠ

സിനിമയുടെ ചരിത്രം പരിശോധിച്ചാൽ, സാങ്കേതികവിദ്യയിലെ ഓരോ വലിയ മാറ്റവും സിനിമയുടെ നിർമാണരീതിയെ മാത്രമല്ല, അതിന്റെ ദൃശ്യഭാഷയെയും ആഖ്യാനഘടനയെയും പ്രേക്ഷകരുടെ കാഴ്ചാനുഭവത്തെയും മാറ്റിയിട്ടുണ്ടെന്ന് കാണാം. സിനിമയും പ്രേക്ഷകനും തമ്മിലുള്ള ബന്ധത്തിൽ പുതിയ പരീക്ഷണങ്ങൾ നടക്കുന്ന പ്രധാന മേഖലകൾ ഇന്ററാക്ടിവ് സിനിമ, വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇമേഴ്‌സിവ് സിനിമ, പ്രേക്ഷകരുടെ കൂട്ടായ പങ്കാളിത്തം എന്നിവയാണ്.

2017ൽ ഒരു ഇന്ററാക്ടിവ് മൊബൈൽ ആപ് ആയിട്ടാണ് സ്റ്റീവൻ സോഡർബർഗ് (Steven Soderbergh) മൊസേക് (Mosaic) ആദ്യം അവതരിപ്പിച്ചത്. 2018ൽ HBO ഒരു പരമ്പരയായും സംപ്രേഷണം ചെയ്തു. ഇതിന്റെ ഇന്ററാക്ടിവ് പതിപ്പിൽ പ്രേക്ഷകർക്ക് കഥയിലെ വിവിധ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനും അവരുടെ കാഴ്ചപ്പാടുകളിലൂടെ സംഭവങ്ങളെ മനസ്സിലാക്കാനും അവസരമുണ്ട്. ഡേവിഡ് സ്ലേഡിന്റെ (David Slade) ബ്ലാക് മിറർ: ബാൻഡർസ്നാച്ച് (Black Mirror: Bandersnatch) എന്ന സിനിമ കാണുന്നതിനിടെ ചില നിർണായക സന്ദർഭങ്ങളിൽ പ്രേക്ഷകർക്ക് ഒരു പ്രത്യേക സംഗീതം, ഭക്ഷണം മുതലായവ തിരഞ്ഞെടുക്കുക, കഥാപാത്രത്തിന്റെ നിർദേശം സ്വീകരിക്കുക തുടങ്ങിയ അവസരങ്ങൾ നൽകുന്നു. പ്രേക്ഷകൻ തിരഞ്ഞെടുക്കുന്ന വഴിക്കനുസരിച്ച് കഥ മുന്നോട്ടുപോകുന്നു.

കാമി എന്ന യുവതിയുടെ പ്രണയജീവിതം പ്രമേയമായ സ്റ്റുവർട്ട് മക്‌ഡോണൾഡ് (Stuart McDonald) സംവിധാനം ചെയ്ത ‘ചൂസ് ലവ്’ (Choose Love) എന്ന ഇന്ററാക്ടിവ് സിനിമയിൽ അവൾ ഏത് വ്യക്തിയെ തിരഞ്ഞെടുക്കണം, ജീവിതത്തിൽ ഏതുവഴിയിലൂടെ മുന്നോട്ടുപോകണം തുടങ്ങിയ കാര്യങ്ങൾ പ്രേക്ഷകർക്ക് തീരുമാനിക്കാം. ഓരോ തിരഞ്ഞെടുപ്പും കഥയുടെ വ്യത്യസ്ത വഴികളിലേക്കും അവസാനങ്ങളിലേക്കും നയിക്കുന്നു.

ഇയാൻ ആന്റണി റീഡ് (Ian Anthony Reid) സംവിധാനം ചെയ്ത ‘ദ മൊമെന്റ്’ (The Moment) എന്ന സിനിമയിൽ പ്രേക്ഷകന് കഥയിലെ കേന്ദ്രകഥാപാത്രത്തിന്റെ സ്ഥാനത്തുനിന്ന് തീരുമാനങ്ങൾ എടുക്കാൻ കഴിയും. ഒരു സിനിമയെ ഒരൊറ്റരീതിയിൽ അനുഭവിക്കുന്നതിനു പകരം, പ്രേക്ഷകന്റെ തീരുമാനങ്ങൾക്കനുസരിച്ച് വ്യത്യസ്ത അനുഭവങ്ങളായി മാറ്റുകയാണ് ഈ പരീക്ഷണം. ബെർണി സു (Bernie Su) സംവിധാനം ചെയ്ത വിസ്പേർസ് (Whispers) മറ്റൊരു ശ്രദ്ധേയമായ പരീക്ഷണമാണ്. ഇവിടെ പ്രേക്ഷകൻ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്ന ഡിറ്റക്ടിവിന് ഉപദേശം നൽകുന്ന അദൃശ്യ സഹായികളുടെ സ്ഥാനത്താണ്.

പ്രേക്ഷകൻ നൽകുന്ന നിർദേശങ്ങൾ കഥയിലെ സംഭാഷണങ്ങളെയും ചോദ്യംചെയ്യലുകളെയും അന്വേഷണത്തിന്റെ ഗതിയെയും സ്വാധീനിക്കുന്നു. ഈ സിനിമയുടെ മറ്റൊരു സവിശേഷത പ്രേക്ഷകർക്ക് കൂട്ടായി സിനിമയിൽ ഇടപെടാൻ കഴിയുന്നു എന്നതാണ്. ചേ സൂ-ഇങ് (Chae Soo-eung) സംവിധാനം ചെയ്ത അപ്പാർട്​മെന്റ്: ഇൻ ദി റിയലം ഓഫ് റിപ്ലി (Apartment: In the Realm of Ripley) എന്ന സൃഷ്ടിയിൽ ഒരു ബാലന്റെ ഓർമകളിലൂടെ പുനർനിർമിക്കപ്പെട്ട വെർച്വൽ ലോകത്തിലേക്ക് പ്രേക്ഷകൻ പ്രവേശിക്കുന്നു. അവിടെ നടന്ന സംഭവങ്ങളുടെ പിന്നിലെ സത്യം കണ്ടെത്താനും കുറ്റവാളിയെ തിരിച്ചറിയാനും പ്രേക്ഷകർക്ക് അവസരമുണ്ട്.

എന്നാൽ, പുതിയ ടൂളുകൾ ഉപയോഗിക്കുമ്പോഴും അവയെ പഴയ കലാസങ്കൽപങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ഒതുക്കാനാണ് നാം ശ്രമിക്കുന്നത്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പഴയതുപോലെയുള്ള സിനിമകൾ നിർമിക്കാം; പക്ഷേ, അങ്ങനെ ചെയ്യുമ്പോൾ ആ സാങ്കേതികവിദ്യ തുറന്നുതരുന്ന പുതിയ സാധ്യതകൾ തിരിച്ചറിയപ്പെടാതെ പോകുന്നു. അതായത്, സാങ്കേതികവിദ്യ മാറിയെങ്കിലും അതിനെക്കുറിച്ചുള്ള നമ്മുടെ ചിന്തയും സൗന്ദര്യബോധവും മാറുന്നില്ല.

 

ഡോങ് ജി സിംഗപ്പൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ

ഇവിടെയാണ് ചൈനീസ് ചലച്ചിത്ര സംവിധായകനായ ഡോങ് ജിയുടെ (Dong Jie) പ്രസക്തി. അദ്ദേഹം പുതിയ സാങ്കേതികവിദ്യകളെ സിനിമയുടെ നിലവിലുള്ള ഭാഷക്കുള്ളിൽ ഒതുക്കുന്നതിനു പകരം, അവയിലൂടെ സിനിമയുടെ ഭാഷയെ എങ്ങനെ മാറ്റാൻ കഴിയും എന്ന് അന്വേഷിക്കുന്നു. പുതിയ ടൂളുകൾ സ്വീകരിക്കുന്നതുകൊണ്ടുമാത്രം പുതിയ സിനിമ സൃഷ്ടിക്കപ്പെടുന്നില്ല. ആ ടൂളുകൾ ലോകത്തെ കാണുന്ന രീതിയെയും ദൃശ്യങ്ങളെ ക്രമീകരിക്കുന്ന രീതിയെയും മനുഷ്യാനുഭവത്തെ അവതരിപ്പിക്കുന്ന രീതിയെയും മാറ്റുമ്പോഴാണ് സിനിമക്ക് പുതിയൊരു ഭാഷ കണ്ടെത്താൻ കഴിയുന്നത്.

ഈ അർഥത്തിൽ ഡോങ് ജിയുടെ സിനിമകൾ സമകാലിക സിനിമയുടെ ഭാവിയെക്കുറിച്ചുള്ള ഒരു പ്രധാന ചോദ്യമാണ് ഉയർത്തുന്നത്: സാങ്കേതികവിദ്യ സിനിമക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നതാണോ നിർണായകം? അതോ സാങ്കേതികവിദ്യയുടെ സാന്നിധ്യം സിനിമയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ എങ്ങനെ മാറ്റുന്നു എന്നതാണോ? അദ്ദേഹത്തിന്റെ സിനിമകളുടെ പ്രസക്തി രണ്ടാമത്തെ ചോദ്യത്തിലാണ് കൂടുതൽ തെളിയുന്നത്. സാങ്കേതികവിദ്യയെ അന്ധമായി സ്വീകരിക്കുകയോ അതിനെ ഭയന്ന് നിരാകരിക്കുകയോ ചെയ്യുന്നതിനുപകരം, അതിന്റെ സാധ്യതകളെയും പരിമിതികളെയും കലാപരമായി അന്വേഷിക്കേണ്ടതിന്റെ ആവശ്യകതയാണ് അവ മുന്നോട്ടുവെക്കുന്നത്.

ചൈനയിലെ വൂഹാനിൽ ജനിച്ച ഡോങ് ജി വളർന്നത് ഷാങ്ഹായിയിലാണ്. ചൈനയിലെ പ്രമുഖ ചലച്ചിത്ര വിദ്യാഭ്യാസ സ്ഥാപനമായ ബെയ്ജിങ് ഫിലിം അക്കാദമിയിൽനിന്ന് അദ്ദേഹം സംവിധാനത്തിൽ ബിരുദം നേടി. സിനിമ, സാഹിത്യം, ഡിജിറ്റൽ മാധ്യമങ്ങൾ, വെർച്വൽ ലോകം എന്നിവയുടെ സാധ്യതകൾ പരസ്പരം ബന്ധപ്പെടുത്തി അന്വേഷിക്കുന്നതാണ് അദ്ദേഹത്തിന്റെ കലാപ്രവർത്തനങ്ങളുടെ പ്രധാന സവിശേഷത. അദ്ദേഹം ഒരു ചലച്ചിത്ര സംവിധായകൻ മാത്രമല്ല, തിരക്കഥാകൃത്തും എഡിറ്ററും എഴുത്തുകാരനുംകൂടിയാണ്.

ബെയ്ജിങ് ഫിലിം അക്കാദമിയിലെ പഠനകാലത്ത് ഡോങ് ജി സംവിധാനം ചെയ്ത ‘ബ്രേക്ക്’ (Break) എന്ന ഹ്രസ്വ സിനിമ ഒരു അധ്യാപകൻ, അദ്ദേഹത്തിന്റെ മുൻ വിദ്യാർഥി, കാണാതായ ഒരു സഹപാഠി എന്നിവരെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. ഈ സിനിമയുടെ ശ്രദ്ധേയമായ വശം അതിന്റെ ആഖ്യാനത്തിൽ ഡോക്യുമെന്ററി നിർമാണ പ്രക്രിയ തന്നെ ഉൾച്ചേർക്കുന്നു എന്നതാണ്. ഒരു അധ്യാപകന്റെ ജീവിതം ചിത്രീകരിക്കാൻ പുറപ്പെടുന്ന സംവിധായകൻ ക്രമേണ ആ ജീവിതത്തിലെ സംഭവങ്ങളുടെ ഭാഗമായിത്തീരുന്നു. അങ്ങനെ കാമറക്ക് മുന്നിലുള്ള യാഥാർഥ്യവും കാമറ അതിനെ രേഖപ്പെടുത്തുന്ന രീതിയും തമ്മിലുള്ള അതിർത്തി സിനിമ ചോദ്യംചെയ്യുന്നു. ഡോങ് ജിയുടെ പരീക്ഷണാത്മക ചലച്ചിത്ര സമീപനത്തിന്റെ ആദ്യകാല ഉദാഹരണമായി ഈ സിനിമയെ കാണാം.

‘ബെയ്ജിങ് മഷ്റൂം’ (Beijing Mushroom) എന്ന ഹ്രസ്വസിനിമ വെർച്വൽ മാതൃകകളും ഭൗതിക ഇടങ്ങളും തമ്മിലുള്ള ബന്ധത്തെ അന്വേഷിക്കുന്നു. യഥാർഥ സ്ഥലവും ഡിജിറ്റൽ രൂപകൽപനയും എങ്ങനെ പരസ്പരം ബന്ധപ്പെടുന്നു എന്നതിനെ ദൃശ്യപരമായി പരീക്ഷിക്കുന്ന ഈ സിനിമ, ഡോങ് ജിയുടെ മാധ്യമപരീക്ഷണങ്ങളിലേക്കുള്ള മറ്റൊരു സൂചനയാണ്.

 

ഒരു ഹോട്ടൽ മുറിയിലിരുന്ന് കൂണിന്റെ മാതൃക എഡിറ്റ് ചെയ്യുന്ന ഒരാളുടെ കമ്പ്യൂട്ടർ സ്വയം പ്രവർത്തിക്കാൻ തുടങ്ങുന്നു. ഇതേസമയം, നഗരത്തിൽ കൂണിന്റെ രൂപത്തിലുള്ള ഒരു ഘടന വളർന്നുവരുന്നതും കമ്പ്യൂട്ടറിലെ സംഭവങ്ങളുമായി അതിന് സാമ്യമുള്ളതും അയാളെ ആശയക്കുഴപ്പത്തിലാക്കുന്നു. സ്വപ്നവും യാഥാർഥ്യവും തിരിച്ചറിയാനാകാതെ ഉണരുമ്പോൾ, കമ്പ്യൂട്ടർ സ്വയം ഭക്ഷണം ഓർഡർ ചെയ്തതായും അതിനൊപ്പം ‘വളർച്ച ത്വരിതപ്പെടുത്തുന്ന വളം’ എന്ന നിലയിൽ വിശേഷിപ്പിക്കാവുന്ന ഒരു യു.എസ്.ബി ഉപകരണം ലഭിച്ചതായും അയാൾ മനസ്സിലാക്കുന്നു. അത് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതോടെ സോഫ്റ്റ്‌വെയറിലെ കൂണും നഗരത്തിലെ കൂൺരൂപത്തിലുള്ള ഘടനയും അതിവേഗം വളരുന്നു. വെർച്വൽ ലോകവും ഭൗതിക യാഥാർഥ്യവും തമ്മിലുള്ള അതിർത്തികൾ മായ്ച്ചുകൊണ്ട്, ഈ ജീവരൂപങ്ങളുടെ യഥാർഥ സ്രഷ്ടാവ് ആരാണെന്ന ചോദ്യം സിനിമ ഉയർത്തുന്നു.

‘സമ്മർ ബ്ലർ’ (Summer Blur), ‘ആർ യു ലോൺസം ടുനൈറ്റ്?’ (Are You Lonesome Tonight?) എന്നീ സിനിമകളിൽ അദ്ദേഹം എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ടാമത്തെ സിനിമ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. ‘കില്ലിങ് ടൈം’ (Killing Time) എന്ന സിനിമയിൽ അദ്ദേഹം എഡിറ്റിങ് സൂപ്പർവൈസർ ആയി പ്രവർത്തിച്ചു.

എഡിറ്റിങ്ങിലുള്ള ഈ അനുഭവം ദൃശ്യങ്ങളുടെ ക്രമീകരണം, സമയത്തിന്റെ അനുഭവം, ആഖ്യാനത്തിന്റെ ഘടന, ഓർമ, യാഥാർഥ്യം, പ്രേക്ഷകന്റെ കാഴ്ചപ്പാട് എന്നിവയിലുള്ള അദ്ദേഹത്തിന്റെ താൽപര്യത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു. ഇതിൽ പ്രധാനം, സിനിമയിലെ സമയം ഘടികാരത്തിന്റെ സമയമല്ല; കഥാപാത്രത്തിന്റെ അനുഭവത്തിലൂടെ രൂപപ്പെടുന്ന സമയമാണ്. ആവർത്തിക്കുന്ന ദൃശ്യങ്ങൾ ഉപയോഗിച്ച് സമയത്തിന്റെ ഏകതാനതയും വിച്ഛേദനവും അനുഭവിപ്പിക്കുക, ഒരേ സംഭവത്തിന്റെ ആവർത്തനങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ സൃഷ്ടിച്ച് പ്രേക്ഷകന്റെ സമയബോധത്തെ അസ്വസ്ഥമാക്കുക എന്നതാണ് ‘കില്ലിങ് ടൈം’ എന്ന സിനിമയുടെ പ്രത്യേകത.

ഡോങ് ജിയുടെ ആദ്യ ഫീച്ചർ സിനിമയായ ‘സൂം ഇൻ, സൂം ഔട്ട്’ (Zoom In, Zoom Out, 2026) എഡിറ്റ് ചെയ്തത് അദ്ദേഹമല്ല, ക്വിൻ യാനാൻ (Qin Yanan) ആണ്. എന്നാൽ എഡിറ്റിങ് പ്രക്രിയയിൽ ഡോങ് ജീ സജീവമായി ഇടപെടുകയും അവസാനത്തെ ചില പതിപ്പുകളുടെ എഡിറ്റിങ് സ്വയം പൂർത്തിയാക്കുകയും ചെയ്തതായി അദ്ദേഹം ഒരഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഈ സിനിമയുടെ എഡിറ്റിങ്ങിന്റെ പ്രത്യേകതകൾ ഇപ്രകാരമാണ്: ഒന്ന്, സിനിമയിൽ ഗെയിം ലോകവും യഥാർഥ ലോകവും രണ്ടു സ്വതന്ത്ര ദൃശ്യലോകങ്ങളായി നിലനിൽക്കുന്നില്ല. അവ പരസ്പരം ബന്ധപ്പെടുകയും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കടന്നുപോകുകയും ചെയ്യുന്നു. രണ്ട്, സാധാരണ സിനിമയിൽ യഥാർഥ ലോകവും സാങ്കൽപിക ലോകവും തമ്മിൽ വ്യക്തമായ അതിർത്തിയുണ്ടാകും. എന്നാൽ, ഈ സിനിമയിൽ ഗെയിമിലെ ദൃശ്യങ്ങൾ യഥാർഥ ജീവിതത്തിന്റെ തുടർച്ചയായി അനുഭവപ്പെടുന്നു. എഡിറ്റിങ് ഇവിടെ പ്രേക്ഷകനെ രണ്ടു ലോകങ്ങൾക്കിടയിൽ സഞ്ചരിപ്പിക്കുന്നതോടൊപ്പം, അവ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പുനർചിന്തിക്കാനും പ്രേരിപ്പിക്കുന്നു. മൂന്ന്, ഗെയിം, മനുഷ്യൻ, സ്ക്രീൻ, നഗരം, ഓർമ എന്നിവ തമ്മിലുള്ള ബന്ധങ്ങൾ രൂപപ്പെടുത്തുന്ന ആഖ്യാനോപാധിയായാണ് ഇവിടെ എഡിറ്റിങ് പ്രവർത്തിക്കുന്നത്. അതിനാൽ, ദൃശ്യങ്ങളെ ക്രമീകരിക്കുക എന്നതിലുപരി, യഥാർഥവും വെർച്വലുമായ ലോകങ്ങൾ തമ്മിലുള്ള ഇടപെടലുകളിലൂടെ സിനിമയുടെ ആന്തരികമായ അർഥഘടന രൂപപ്പെടുത്തുന്നതിലും എഡിറ്റിങ് നിർണായക പങ്കുവഹിക്കുന്നു.

ഷി സിയാൻ എന്ന യുവാവാണ് സിനിമയിലെ കേന്ദ്രകഥാപാത്രം. വിഡിയോ ഗെയിമുകൾ രൂപകൽപന ചെയ്യുന്ന ഷിയുടെ കൂടെ താമസിക്കുന്ന ഗാവോയെ കാണാതാകുന്നതോടെയാണ് കഥ മുന്നോട്ടുപോകുന്നത്. ഗാവോയെക്കുറിച്ചുള്ള സൂചനകൾ തേടുന്ന ഷി, ഗാവോ മുമ്പ് കളിച്ചിരുന്ന ഓൺലൈൻ ഗെയിമിലേക്കും ഡിജിറ്റൽ ഇടപെടലുകളിലേക്കും തിരിയുന്നു. ഗാവോയുടെ കാമുകിയായ വൈ വൈയെ പരിചയപ്പെടുന്നതോടെ അന്വേഷണം മറ്റൊരു തലത്തിലേക്ക് കടക്കുന്നു. ഇരുവരും ചേർന്ന് ഗാവോയുടെ ഡിജിറ്റൽ സംഭാഷണങ്ങൾ, ഗെയിമിലെ സാന്നിധ്യം, സന്ദേശങ്ങൾ, ഓർമകൾ തുടങ്ങിയവ പരിശോധിക്കുന്നു. എന്നാൽ ഈ ശകലങ്ങളെല്ലാം ചേർത്തുവെച്ചാൽ ഗാവോ എന്ന വ്യക്തിയെ പൂർണമായി മനസ്സിലാക്കാൻ കഴിയുമോ എന്ന ചോദ്യം അവശേഷിക്കുന്നു.

വെർച്വൽ ലോകവും മനുഷ്യരുടെ യഥാർഥ ജീവിതവും പരസ്പരം ഇടകലരുകയും സ്വാധീനിക്കുകയും ചെയ്യുന്ന സമകാലിക അനുഭവത്തെയാണ് സും ഇൻ, സും ഔട്ട് അന്വേഷിക്കുന്നത്. കാണാതായ തന്റെ സുഹൃത്തിനെക്കുറിച്ച് ലഭ്യമായ വിവരങ്ങളുടെ ശകലങ്ങൾ കൂട്ടിച്ചേർത്ത് അയാളെ കണ്ടെത്താനും മനസ്സിലാക്കാനുമാണ് ഷി ശ്രമിക്കുന്നത്. എന്നാൽ ഈ അന്വേഷണം മറ്റൊരാളുടെ ചിത്രം പുനർനിർമിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; ക്രമേണ അത് സ്വന്തം വ്യക്തിത്വത്തെയും അസ്തിത്വത്തെയും തിരിച്ചറിയാനുള്ള ആത്മാന്വേഷണമായി മാറുന്നു. ഡിജിറ്റൽ മാധ്യമങ്ങൾ മനുഷ്യരുടെ ദൈനംദിന ജീവിതത്തിന്റെയും ചിന്തയുടെയും അവിഭാജ്യഘടകമായി മാറിയ സാഹചര്യത്തിൽ, മറ്റുള്ളവരുമായി അർഥവത്തായ ബന്ധങ്ങൾ സ്ഥാപിക്കാനും യഥാർഥ സാമൂഹിക ജീവിതവുമായി സംവദിക്കാനും മനുഷ്യന് കഴിയുമോ എന്ന ചോദ്യവും സിനിമ ഇതിലൂടെ ഉന്നയിക്കുന്നു.

 

ഇന്നത്തെ മനുഷ്യന്റെ ജീവിതത്തിൽ ഡിജിറ്റൽ മാധ്യമങ്ങൾ വിവരവിനിമയത്തിനുള്ള ഉപാധികൾ മാത്രമല്ല; ലോകത്തെ കാണുന്ന രീതിയെയും മറ്റുള്ളവരെ മനസ്സിലാക്കുന്ന രീതിയെയും സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള ബോധത്തെയും അവ രൂപപ്പെടുത്തുന്നു. അതിനാൽ വെർച്വൽ ലോകത്തെ യഥാർഥ ജീവിതത്തിൽനിന്ന് പൂർണമായി വേർതിരിക്കാനാവില്ല. എന്നാൽ അതേസമയം, ഡിജിറ്റൽ ഇടങ്ങളിൽ ലഭിക്കുന്ന വിവരങ്ങൾക്കും ദൃശ്യങ്ങൾക്കും ബന്ധങ്ങൾക്കും യഥാർഥ ജീവിതത്തിന്റെ സമ്പൂർണമായ പകരക്കാരനാകാനും കഴിയില്ല. ഈ രണ്ടു ലോകങ്ങൾ തമ്മിലുള്ള പരസ്പരാശ്രിതവും സങ്കീർണവുമായ ബന്ധമാണ് സിനിമയുടെ ആഖ്യാനത്തിന്റെ അടിസ്ഥാനം. അതിലൂടെ സൂം ഇൻ, സൂം ഔട്ട് അടിസ്ഥാനപരമായ ഒരു ചോദ്യം മുന്നോട്ടുവെക്കുന്നു: മാധ്യമങ്ങൾ മനുഷ്യന്റെ ജീവിതത്തെയും ചിന്തയെയും നിർണയിക്കുന്ന ഘടകങ്ങളായി മാറുമ്പോൾ, യാഥാർഥ്യം എന്നത് എന്താണ്? അത്തരമൊരു സാഹചര്യത്തിൽ യാഥാർഥ്യത്തെ അന്വേഷിക്കേണ്ടതും ആവശ്യമാണോ?

ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനോ, അതിനെ കൂടുതൽ സൂക്ഷ്മമായി ചോദിക്കുന്നതിനോ, സംവിധായകനായ ഡോങ്ങിനും അദ്ദേഹത്തിന്റെ സംഘത്തിനും ഷി, വൈ വൈ, മറ്റ് കഥാപാത്രങ്ങൾ എന്നിവരെ ചുറ്റിപ്പറ്റി വെർച്വൽ ലോകത്തെയും യഥാർഥ ലോകത്തെയും ബന്ധിപ്പിക്കുന്ന സങ്കീർണമായ ദൃശ്യ-ശബ്ദ ബന്ധങ്ങൾ സൃഷ്ടിക്കേണ്ടിവന്നു. ഇവിടെ ഒരു ലോകത്തിൽനിന്ന് മറ്റൊരു ലോകത്തിലേക്കുള്ള ലളിതമായ യാത്രയല്ല നടക്കുന്നത്. മറിച്ച്, ഈ ലോകങ്ങൾ പരസ്പരം കടന്നുകയറുകയും അവയുടെ അതിരുകൾ അവ്യക്തമാവുകയും ചെയ്യുന്ന അനുഭവമാണ് രൂപപ്പെടുന്നത്. ഛായാഗ്രഹണം, കലാസംവിധാനം, എഡിറ്റിങ്, ശബ്ദരൂപകൽപന, വർണസംവിധാനം, ഗെയിം വികസനം, വിഷ്വൽ ഇഫക്ടുകൾ തുടങ്ങിയ വിവിധ മേഖലകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ ബന്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. അതായത്, ഇവയെല്ലാം ചേർന്നാണ് സിനിമയുടെ സവിശേഷമായ ദൃശ്യ-ശ്രാവ്യ ലോകം നിർമിക്കപ്പെടുന്നത്.

ചൈനീസ് യുവാക്കളുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായി മാറിയ WeChat, Douyin, Meituan, Xianyu തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും എ.ഐ അധിഷ്ഠിത ഉപഭോക്തൃസേവന സംവിധാനങ്ങളും സൂം ഇൻ, സൂം ഔട്ട് എന്ന സിനിമയുടെ ആഖ്യാനലോകത്തിന്റെ ഭാഗമാകുന്നു. ആശയവിനിമയം, വിവരവിനിമയം, ക്രയവിക്രയം, വിവിധ സേവനങ്ങളുടെ ഉപയോഗം തുടങ്ങി ദൈനംദിന ജീവിതത്തിന്റെ ഒട്ടേറെ തലങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ എങ്ങനെ രൂപപ്പെടുന്നു എന്നത് ഈ ഘടകങ്ങളിലൂടെ സിനിമ അടയാളപ്പെടുത്തുന്നു. സാങ്കേതികവിദ്യയെ കേവലം പശ്ചാത്തലമായി ഉപയോഗിക്കുന്നതിനു പകരം, അത് മനുഷ്യരുടെ സാമൂഹിക ഇടപെടലുകളെയും ജീവിതരീതികളെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് അന്വേഷിക്കുന്നതിലൂടെ സിനിമ സമകാലിക ചൈനീസ് യുവജനജീവിതത്തിന്റെ സാങ്കേതികവും സാമൂഹികവുമായ യാഥാർഥ്യങ്ങളെ സൂക്ഷ്മമായി ആവിഷ്കരിക്കുന്നു.

എന്നാൽ, സാങ്കേതിക മികവ് സിനിമയുടെ കേന്ദ്രപ്രമേയത്തെ മറച്ചുകളയാതെ അതിന്റെ ആവിഷ്കാരത്തെ ശക്തിപ്പെടുത്തുന്നു എന്നതാണ് സിനിമയുടെ സവിശേഷത. ഇവിടെ സാങ്കേതികവിദ്യയുടെ പ്രദർശനമല്ല, മറിച്ച് അത് മനുഷ്യജീവിതത്തെയും ബന്ധങ്ങളെയും സ്വത്വബോധത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന അന്വേഷണമാണ് പ്രധാനം.

സിനിമയുടെ കഥാപാത്രങ്ങളെയും ആഖ്യാനത്തെയും അടിസ്ഥാനമാക്കി സംവിധായകൻ നിലവിലുള്ള ഗെയിമുകളിൽനിന്നോ ഇന്റർനെറ്റിൽനിന്നോ ദൃശ്യങ്ങൾ ശേഖരിച്ച് ഉപയോഗിക്കുന്നതിനു പകരം യഥാർഥത്തിൽ കളിക്കാൻ കഴിയുന്ന ഒരു വിഡിയോ ഗെയിം രൂപകൽപന ചെയ്തു. ഇതിലൂടെ ഗെയിം സിനിമയുടെ ദൃശ്യപശ്ചാത്തലം എന്നതിലുപരി, അതിന്റെ ആഖ്യാനത്തിൽ ഗെയിമിന്റെ ദൃശ്യങ്ങൾ വിവിധ വലുപ്പത്തിലുള്ള സ്ക്രീനുകളിൽ പ്രദർശിപ്പിച്ച് കാമറ ഉപയോഗിച്ച് ചിത്രീകരിക്കുകയായിരുന്നു. ഇതിനായി പ്രത്യേക ലെൻസുകളും ഉപയോഗിച്ചു. സ്ക്രീനിന്റെ ഉപരിതലസ്വഭാവം, പ്രകാശത്തിലെ വ്യത്യാസങ്ങൾ, ചെറിയ മങ്ങലുകൾ, ഡിജിറ്റൽ ദൃശ്യങ്ങളുടെ സവിശേഷമായ ഘടന എന്നിവ സിനിമയുടെ ദൃശ്യാനുഭവത്തിന്റെ ഭാഗമാക്കാൻ ഈ സാങ്കേതിക രീതി സഹായിച്ചു. അങ്ങനെ, കമ്പ്യൂട്ടറിൽ സൃഷ്ടിക്കപ്പെട്ട ഒരു വെർച്വൽ ലോകം വീണ്ടും ഭൗതികമായ സ്ക്രീനിലൂടെ കാമറയിൽ പകർത്തപ്പെടുകയും മറ്റൊരു ദൃശ്യരൂപമായി സിനിമയിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

വിഡിയോ ഗെയിമിന്റെ ദൃശ്യങ്ങൾ വലിയ സ്ക്രീനിൽ അവതരിപ്പിക്കുന്നതിലൂടെ വെർച്വൽ ലോകത്തെ പുതിയൊരു കാഴ്ചപ്പാടിലൂടെ നിരീക്ഷിക്കാൻ പ്രേക്ഷകന് കഴിയുന്നു. ഈ സമീപനത്തിൽ സംവിധായകൻ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ശ്രദ്ധയിൽപ്പെടുത്തുന്നത്. ഒന്നാമതായി, വലിയ സ്ക്രീനിൽ ഗെയിം കഥാപാത്രങ്ങളുടെ മുഖഭാവങ്ങളിലെയും ശരീരചലനങ്ങളിലെയും കൃത്രിമത്വവും ദൃശ്യലോകത്തിലെ സാങ്കേതിക പിഴവുകളും (bugs) കൂടുതൽ പ്രകടമാകുന്നു.

യാഥാർഥ്യത്തെ അനുകരിക്കാൻ ശ്രമിക്കുന്ന വെർച്വൽ ലോകത്തിന്റെ പരിമിതികളാണ് ഇവ വെളിപ്പെടുത്തുന്നത്. രണ്ടാമതായി, ഗെയിം ദൃശ്യങ്ങൾ യഥാർഥ മനുഷ്യരെ അവതരിപ്പിക്കുന്ന ലൈവ്-ആക്ഷൻ ദൃശ്യങ്ങളുമായി ഇടകലരുമ്പോൾ, ഡിജിറ്റൽ കഥാപാത്രങ്ങൾക്കു പിന്നിൽ അവയെ നിയന്ത്രിക്കുകയും അവയിലൂടെ അനുഭവങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന മനുഷ്യരുടെ സാന്നിധ്യം പ്രേക്ഷകന് ബോധ്യപ്പെടുന്നു. അങ്ങനെ, വൈകാരികമായ അടുപ്പം ഗെയിം കഥാപാത്രങ്ങളിൽനിന്ന് അവക്കു പിന്നിലുള്ള യഥാർഥ മനുഷ്യരിലേക്കും അവരുടെ അനുഭവങ്ങളിലേക്കും മാറുന്നു.

ഈ രണ്ട് സാധ്യതകളെയും മുൻനിർത്തിയാണ് ഗെയിം ദൃശ്യങ്ങൾ അവയുടെ തനതായ രൂപത്തിൽത്തന്നെ ലൈവ്-ആക്ഷൻ ദൃശ്യങ്ങളുമായി സംയോജിപ്പിക്കാൻ സംവിധായകൻ തീരുമാനിച്ചത്. ഗെയിമിലെ സംഭവങ്ങളെ യഥാർഥ അഭിനേതാക്കളെക്കൊണ്ട് പുനരാവിഷ്കരിക്കുകയോ ദൃശ്യപ്രഭാവങ്ങളിലൂടെ യാഥാർഥ്യമെന്ന പ്രതീതി സൃഷ്ടിക്കുകയോ ചെയ്യുന്നതിനുപകരം, വെർച്വൽ ലോകത്തിന്റെ കൃത്രിമത്വവും സവിശേഷതകളും നിലനിർത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇതിലൂടെ യഥാർഥവും വെർച്വലുമായ ലോകങ്ങൾ തമ്മിലുള്ള വ്യത്യാസം മാത്രമല്ല, അവ പരസ്പരം സ്വാധീനിക്കുകയും മനുഷ്യരുടെ അനുഭവങ്ങളിലും ബന്ധങ്ങളിലും ഇടകലരുകയും ചെയ്യുന്ന രീതിയും സിനിമ അന്വേഷിക്കുന്നു.

താരതമ്യേന പരമ്പരാഗതമായ ലൈവ് ആക്ഷൻ സിനിമയുടെ ആഖ്യാനത്തിനുള്ളിൽ വിഡിയോ ഗെയിമിന്റെ മാധ്യമത്തെയും ‘മഷീനി’മയുടെ രൂപത്തെയും ഉൾച്ചേർക്കുകയാണ് ഈ സിനിമയിൽ സംവിധായകൻ ചെയ്യുന്നത്. (ചൈനയിൽ വിഡിയോ ഗെയിമുകളുടെ ഗ്രാഫിക്സ് എൻജിനുകളും കഥാപാത്രങ്ങളും ചലനങ്ങളും ഉപയോഗിച്ച് സിനിമകൾ സൃഷ്ടിക്കുന്ന രീതിയെയാണ് പൊതുവേ മഷീനിമ (Machinima) എന്നു പറയുന്നത്. ഇത്തരം സിനിമകളിൽ കഥ പൂർണമായും വിഡിയോ ഗെയിമിന്റെ സാങ്കൽപിക ലോകത്തിനുള്ളിൽ വികസിക്കുകയോ ഗെയിമിന്റെ വെർച്വൽ ഇടത്തെ യഥാർഥ ഭൗതിക ഇടത്തിനൊപ്പം അവതരിപ്പിക്കുകയോ ആണ് സാധാരണയായി ചെയ്യുന്നത്). അതായത്, യഥാർഥ അഭിനേതാക്കളും ഭൗതിക ഇടങ്ങളും ഉൾപ്പെടുന്ന സിനിമയുടെ ആഖ്യാനത്തിനൊപ്പം ഗെയിമിന്റെ വെർച്വൽ ലോകവും അതിന്റെ പ്രവർത്തനരീതികളും കടന്നുവരുന്നു.

 

വിഡിയോ ഗെയിമുകളുടെ ദൃശ്യസാധ്യതകളെ ദൃശ്യവിസ്മയങ്ങളായി അവതരിപ്പിക്കുകയോ അവയെ സാമൂഹികമായ തിന്മകളുടെ ഉറവിടമായി ചിത്രീകരിക്കുകയോ ചെയ്യുന്നതിലും അദ്ദേഹത്തിന് താൽപര്യമില്ല. പകരം, സമകാലിക മനുഷ്യജീവിതത്തിൽ നിർണായകമായ സ്ഥാനമുള്ള ഒരു മാധ്യമമായാണ് അദ്ദേഹം വിഡിയോ ഗെയിമുകളെ സമീപിക്കുന്നത്.

ഇവിടെയാണ് ഭൗതിക ഇടത്തിന്റെ വിപുലീകരണം എന്ന ആശയം പ്രസക്തമാകുന്നത്. മനുഷ്യർ ഇന്ന് ജീവിക്കുന്നതും ആശയവിനിമയം നടത്തുന്നതും ബന്ധങ്ങൾ രൂപപ്പെടുത്തുന്നതും അനുഭവങ്ങൾ പങ്കിടുന്നതും ഭൗതിക ലോകത്തിനുള്ളിൽ മാത്രമല്ല. ഡിജിറ്റൽ സാങ്കേതികവിദ്യകളും വിഡിയോ ഗെയിമുകളും മനുഷ്യരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. അതിനാൽ, ഗെയിമിന്റെ വെർച്വൽ ലോകത്തെ യഥാർഥ ലോകത്തിന് എതിരായ ഒന്നായി മാത്രം കാണാനാവില്ല. മറിച്ച്, മനുഷ്യരുടെ സാമൂഹികബന്ധങ്ങളും വ്യക്തിപരമായ അനുഭവങ്ങളും വികസിക്കുന്ന ഇടങ്ങളുടെ വിപുലീകരണമായി അതിനെ മനസ്സിലാക്കാം.

ഈ സിനിമയെ സാങ്കേതികവിദ്യയെയും ഗെയിമുകളെയും കുറിച്ചുള്ള പരീക്ഷണം മാത്രമായി കാണുമ്പോൾ അതിന്റെ വൈകാരികമായ തലം അവഗണിക്കപ്പെടും. ഗാവോയെക്കുറിച്ചുള്ള അന്വേഷണം ഷിയെയും വൈ വൈയെയും ഒരു പൊതുലക്ഷ്യത്തിലേക്ക് കൊണ്ടുവരുന്നു. കാണാതായ വ്യക്തിയെ മനസ്സിലാക്കാനുള്ള ശ്രമത്തിനിടയിൽ അവർ തമ്മിൽ ഒരു ബന്ധവും രൂപപ്പെടുന്നു. മറ്റൊരാളുടെ അഭാവത്തെ നേരിടുമ്പോൾ, ആ വ്യക്തിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുന്നത് പുതിയൊരു മനുഷ്യബന്ധത്തിന് വഴിയൊരുക്കുന്നു.

ഇവിടെ ഡിജിറ്റൽ ലോകത്തിന് ഇരട്ടസ്വഭാവമുണ്ട്. അത് മനുഷ്യരെ യഥാർഥമായ അടുപ്പത്തിൽനിന്ന് അകറ്റാൻ സാധ്യതയുള്ള ഒരു ഇടമാണ്. എന്നാൽ അതേസമയം, വേർപെട്ടുപോയ മനുഷ്യരെ ബന്ധിപ്പിക്കുന്നതിനും ഓർമകളെ പങ്കുവെക്കുന്നതിനും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും അതിന് കഴിയും.

സിനിമ ഈ വൈരുധ്യത്തിന് ലളിതമായൊരു ഉത്തരം നൽകുന്നില്ല. ഡിജിറ്റൽ മാധ്യമങ്ങൾ മനുഷ്യബന്ധങ്ങളെ നശിപ്പിക്കുന്നു എന്നോ അവയെ പൂർണമായി മെച്ചപ്പെടുത്തുന്നു എന്നോ സിനിമ പ്രഖ്യാപിക്കുന്നില്ല. മറിച്ച്, ആ മാധ്യമങ്ങൾ മനുഷ്യരുടെ വികാരങ്ങളെയും ബന്ധങ്ങളെയും എങ്ങനെ മാറ്റുന്നു എന്നതാണ് അന്വേഷിക്കുന്നത്.

ഗാവോയുടെ അഭാവം മറ്റുള്ളവരുടെ ഓർമകളിലൂടെയും ഡിജിറ്റൽ രേഖകളിലൂടെയുമാണ് സിനിമയിൽ വെളിപ്പെടുന്നത്. ഒരാളെ ഓർക്കുന്നത് അയാളുടെ ജീവിതത്തിന്റെ പൂർണരൂപത്തിലൂടെയല്ല, മറിച്ച് ചില സംഭാഷണങ്ങളുടെയും അനുഭവങ്ങളുടെയും സംഭവങ്ങളുടെയും ശകലങ്ങളിലൂടെയാണ്. ഡിജിറ്റൽ മാധ്യമങ്ങൾ ഈ ശകലങ്ങൾ സൂക്ഷിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്നു. എന്നാൽ, അവ ശേഖരിക്കുന്നതുകൊണ്ടുമാത്രം ഒരാളെ പൂർണമായി മനസ്സിലാക്കാനാവില്ല. ഗാവോയെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾക്കിടയിലെ വിടവുകൾ ഓർമകളും അനുമാനങ്ങളും ഉപയോഗിച്ച് നികത്തുമ്പോൾ, ഷിയും വൈ വൈയും പുനർനിർമിക്കുന്നത് യഥാർഥ ഗാവോയെ മാത്രമല്ല, അവരെക്കുറിച്ചുള്ള സ്വന്തം ധാരണകളെക്കൂടിയാണ്. അങ്ങനെ, ഒരാളുടെ സ്വത്വം അയാളുടെ സ്വന്തം അനുഭവങ്ങളിൽ മാത്രം ഒതുങ്ങുന്നതാണോ, അതോ മറ്റുള്ളവരുടെ ഓർമകളും വ്യാഖ്യാനങ്ങളും അതിന്റെ ഭാഗമാണോ എന്ന ചോദ്യം സിനിമ ഉയർത്തുന്നു. ഡിജിറ്റൽ രേഖകൾ ഒരാളെക്കുറിച്ചുള്ള അറിവിലേക്കുള്ള വഴികളാണ്; അയാളുടെ പൂർണസ്വത്വത്തിലേക്കുള്ള വഴികളല്ല.

ഡിജിറ്റൽ മാധ്യമങ്ങൾ മനുഷ്യബന്ധങ്ങളിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളും ഈ സിനിമയിലെ പ്രധാന വിഷയമാണ്. കഥാപാത്രങ്ങൾ തമ്മിലുള്ള ആശയവിനിമയം മൊബൈൽ ഫോണുകളിലൂടെയും ചാറ്റുകളിലൂടെയും ഗെയിം ലോകത്തിലൂടെയുമാണ് പ്രധാനമായും നടക്കുന്നത്. ശ്രദ്ധേയമായ ഒരു രംഗത്തിൽ, രണ്ടു കഥാപാത്രങ്ങൾ ഭൗതികമായി പരസ്പരം അടുത്തിരുന്നിട്ടും നേരിട്ട് സംസാരിക്കുന്നതിനു പകരം WeChat സന്ദേശങ്ങളിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. ശാരീരികമായ അടുപ്പവും ഡിജിറ്റൽ ആശയവിനിമയവും തമ്മിലുള്ള ഈ വൈരുധ്യം സമകാലിക മനുഷ്യബന്ധങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തെ സൂചിപ്പിക്കുന്നു. സാങ്കേതികവിദ്യ മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുമ്പോൾത്തന്നെ അവർക്കിടയിൽ പുതിയ അകലങ്ങളും സൃഷ്ടിക്കുന്നു. എന്നാൽ, ഡിജിറ്റൽ മാധ്യമങ്ങളെ മനുഷ്യരെ ഒറ്റപ്പെടുത്തുന്ന ശക്തിയായി മാത്രം കാണാനല്ല സംവിധായകൻ ശ്രമിക്കുന്നത്. മറിച്ച്, അവ മനുഷ്യബന്ധങ്ങളുടെ സ്വഭാവത്തെ എങ്ങനെ മാറ്റുകയും പുതിയതരത്തിലുള്ള അടുപ്പങ്ങൾക്കും ആശയവിനിമയത്തിനും അനുഭവങ്ങൾക്കും സാധ്യതയൊരുക്കുകയും ചെയ്യുന്നു എന്നതാണ് സിനിമ അന്വേഷിക്കുന്നത്.

സിനിമയുടെ ആദ്യപകുതിയും രണ്ടാം പകുതിയും തമ്മിലുള്ള ദൃശ്യ-ശബ്ദ പരമായ വ്യത്യാസവും ശ്രദ്ധേയമാണ്. ആദ്യപകുതിയിൽ ഗെയിം ലോകത്തിന്റെയും ഡിജിറ്റൽ മാധ്യമങ്ങളുടെയും സ്വാധീനം ശക്തമാണ്. യഥാർഥ ലോകത്തിലെ ദൃശ്യങ്ങളിൽപ്പോലും ഗെയിമിന്റെ ഇന്റർഫേസുകളെ ഓർമിപ്പിക്കുന്ന ശബ്ദങ്ങളും ദൃശ്യപ്രഭാവങ്ങളും കടന്നുവരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഡെലിവറി തൊഴിലാളികളുടെയും നഗരത്തിലെ സാധാരണ മനുഷ്യരുടെയും ജീവിതത്തിലേക്ക് സിനിമ കൂടുതൽ ശ്രദ്ധതിരിക്കുന്നു. ഡിജിറ്റൽ ശബ്ദങ്ങളുടെ സാന്നിധ്യം കുറയുകയും ഭൗതികവും സാമൂഹികവുമായ യാഥാർഥ്യം കൂടുതൽ പ്രാധാന്യം നേടുകയും ചെയ്യുന്നു. ഡിജിറ്റൽ മാധ്യമങ്ങൾ മനുഷ്യനെ ലോകത്തെക്കുറിച്ച് അറിയാൻ സഹായിക്കുന്നുണ്ടെങ്കിലും, ആ അറിവ് നേരിട്ടുള്ള ജീവിതാനുഭവത്തിന് പകരമാകുന്നില്ല. മറ്റൊരാളുടെ ജീവിതത്തെക്കുറിച്ച് ഡിജിറ്റൽ മാധ്യമങ്ങളിലൂടെ അറിയുന്നതും അയാളുടെ ജീവിതാവസ്ഥയെ നേരിട്ട് അനുഭവിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ, സിനിമയുടെ രണ്ടാം പകുതിയിൽ യഥാർഥ മനുഷ്യരുടെയും അവരുടെ സാമൂഹിക സാഹചര്യങ്ങളുടെയും സാന്നിധ്യം കൂടുതൽ ശക്തമാകുന്നത് ശ്രദ്ധേയമാണ്.

 

ഡോങ് ജിയുടെ ‘സൂം ഇൻ സൂം ഒൗട്ട് ’ സിനിമയിൽനിന്നുള്ള രംഗം

സിനിമയുടെ ശീർഷകം അതിന്റെ ദൃശ്യഭാഷയെയും ദാർശനിക സമീപനത്തെയും ഒരുപോലെ സൂചിപ്പിക്കുന്നു. സൂം ഇൻ, സൂം ഔട്ട് എന്നീ കാഴ്ചാ സമീപനങ്ങളിലൂടെ വ്യക്തിയുടെ ആന്തരികലോകത്തെയും ബാഹ്യലോകത്തെയും ഡോങ് ജി അന്വേഷിക്കുന്നു. എന്നാൽ, ഇവ കേവലം കാമറയുടെ സാങ്കേതിക പ്രവർത്തനങ്ങളല്ല; മനുഷ്യരെ മനസ്സിലാക്കാനുള്ള വ്യത്യസ്ത ശ്രമങ്ങളാണ്. ഒരാളിലേക്ക് എത്ര അടുത്തുനിന്ന് നോക്കിയാലും അയാളുടെ ചിന്തകളെയും വികാരങ്ങളെയും പൂർണമായി അറിയാനാവില്ല. അതുപോലെ, വിശാലമായ സാമൂഹിക പശ്ചാത്തലത്തിൽ ഒരാളെ നിരീക്ഷിക്കുന്നതിലൂടെയും അയാളുടെ വ്യക്തിപരമായ അനുഭവങ്ങൾ പൂർണമായി വെളിപ്പെടുന്നില്ല. ഈ അർഥത്തിൽ, മനുഷ്യനെ മനസ്സിലാക്കാനുള്ള ഓരോ കാഴ്ചക്കും അതിന്റേതായ പരിമിതികളുണ്ടെന്ന ദാർശനിക ചിന്തയാണ് സിനിമയുടെ ശീർഷകം മുന്നോട്ടുവെക്കുന്നത്.

വെനീസ് ചലച്ചിത്രമേളയിലെ ക്രിട്ടിക്സ് വിഭാഗത്തിലായിരുന്നു സിനിമയുടെ പ്രഥമ പ്രദർശനം. ജീ ഡോങ്ങിന്റെ പരീക്ഷണാത്മകമായ ചലച്ചിത്രഭാഷക്ക് അന്താരാഷ്ട്രതലത്തിൽ ലഭിച്ച അംഗീകാരമായി ഈ തിരഞ്ഞെടുപ്പിനെ കാണാം. കൂടാതെ, വെനീസ്, സാവോ പോളോ, സിംഗപ്പൂർ, പിങ്‌യാവോ മുതലായ ചലച്ചിത്രമേളകളിലും സിനിമ പ്രദർശിപ്പിക്കുകയുണ്ടായി.

“നമ്മുടെ പ്രതീക്ഷകളെ വെല്ലുവിളിക്കുമ്പോഴാണ് സിനിമ ഏറ്റവും ആവേശകരമായ അനുഭവമായി മാറുന്നത്. അനുഭവങ്ങളെയും വൈരുധ്യങ്ങളെയും എളുപ്പത്തിൽ ഉത്തരങ്ങളിലേക്ക് ചുരുക്കാനാവാത്ത യാഥാർഥ്യങ്ങളെയും ആവിഷ്കരിക്കുന്നതിന് ചലച്ചിത്രകാരന്മാർ പുതിയ വഴികൾ കണ്ടെത്തുമ്പോഴാണ് സിനിമ അതിന്റെ സർഗാത്മകമായ സാധ്യതകൾ ഏറ്റവും മികച്ച രീതിയിൽ പ്രകടിപ്പിക്കുന്നത്. ലോകത്തെ നോക്കിക്കാണുന്നതിന് ഒരേയൊരു രീതിയില്ല. മറ്റുള്ളവർ ലോകത്തെ എങ്ങനെ കാണുന്നു എന്നതിലൂടെ ഇനിയും പലതും കണ്ടെത്താനുണ്ട്” –റോട്ടർഡാം ഫെസ്റ്റിവൽ ഡയറക്ടർ വാൻജ കലുഡ്ജെർചിച്ചിന്റെ ഈ വാക്കുകൾ അർഥവത്താക്കുന്നു ‘സൂം ഇൻ, സൂം ഔട്ട്’ എന്ന സിനിമ.

സാങ്കേതികവിദ്യയെക്കുറിച്ച് മുൻകൂട്ടി അനുകൂലമോ പ്രതികൂലമോ ആയ നിലപാട് സ്വീകരിക്കുന്നതിനുപകരം, അത് മനുഷ്യന്റെ അനുഭവലോകത്തിൽ സൃഷ്ടിക്കുന്ന പുതിയ മാറ്റങ്ങളെ സിനിമയിലൂടെ അന്വേഷിക്കുകയാണ് ജീ ഡോങ് ചെയ്യുന്നത്. അതായത്, സാങ്കേതികവിദ്യയെക്കുറിച്ച് ഒരു തീർപ്പിലെത്തുകയല്ല, മറിച്ച് അത് തുറന്നിടുന്ന പുതിയ അനുഭവ സാധ്യതകളെ ദൃശ്യവത്കരിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

News Summary - Dong Jie and the New Language of Cinema