Begin typing your search above and press return to search.

കിഷോർ ഹൃദയംകൊണ്ട് പാടി, പാട്ട് ചരിത്രമായി

കിഷോർ   ഹൃദയംകൊണ്ട് പാടി,   പാട്ട് ചരിത്രമായി
cancel

‘‘അര നൂറ്റാണ്ടായി ‘മേരേ നൈന’ കേട്ടുതുടങ്ങിയിട്ട് എന്നോർക്കുമ്പോൾ അത്ഭുതം. ആദ്യ കേൾവിയുടെ അതേ അനുഭൂതി പകർന്ന് ഇന്നും ഒപ്പമുണ്ട് ആ ഗാനം. ഹൃദയ വികാരങ്ങൾക്ക് ഒരിക്കലും പ്രായമാകുന്നില്ലല്ലോ.’’ –പാട്ടിന്റെ ചരിത്രകാരൻകൂടിയായ മുതിർന്ന മാധ്യമപ്രവർത്തകൻ എഴുതുന്നു. കണ്ണീർമഴക്കുപോലും ശമിപ്പിക്കാൻ കഴിയാത്ത പ്രണയദാഹവുമായി കാറിന്റെ പിൻസീറ്റിൽ ചാരിക്കിടന്ന് വിഷാദമധുരമായി പാടുന്നു പി.ബി. ശ്രീനിവാസ്; സ്വന്തം പാട്ടല്ല, കിഷോർ കുമാറിന്റെ പാട്ട്: ‘‘മേരേ നൈന സാവൻ ഭാദോം ഫിർ ഭീ മേരാ മൻ പ്യാസാ...’’ നിരാശാ കാമുകരുടെ ഹൃദയഗീതം. ആനന്ദ് ബക്ഷിയുടെ കാവ്യഭംഗിയുള്ള വരികൾ. രാഹുൽ ദേവ് ബർമന്റെ സംഗീതം. ചെന്നൈ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
‘‘അര നൂറ്റാണ്ടായി ‘മേരേ നൈന’ കേട്ടുതുടങ്ങിയിട്ട് എന്നോർക്കുമ്പോൾ അത്ഭുതം. ആദ്യ കേൾവിയുടെ അതേ അനുഭൂതി പകർന്ന് ഇന്നും ഒപ്പമുണ്ട് ആ ഗാനം. ഹൃദയ വികാരങ്ങൾക്ക് ഒരിക്കലും പ്രായമാകുന്നില്ലല്ലോ.’’ –പാട്ടിന്റെ ചരിത്രകാരൻകൂടിയായ മുതിർന്ന മാധ്യമപ്രവർത്തകൻ എഴുതുന്നു.

കണ്ണീർമഴക്കുപോലും ശമിപ്പിക്കാൻ കഴിയാത്ത പ്രണയദാഹവുമായി കാറിന്റെ പിൻസീറ്റിൽ ചാരിക്കിടന്ന് വിഷാദമധുരമായി പാടുന്നു പി.ബി. ശ്രീനിവാസ്; സ്വന്തം പാട്ടല്ല, കിഷോർ കുമാറിന്റെ പാട്ട്: ‘‘മേരേ നൈന സാവൻ ഭാദോം ഫിർ ഭീ മേരാ മൻ പ്യാസാ...’’ നിരാശാ കാമുകരുടെ ഹൃദയഗീതം. ആനന്ദ് ബക്ഷിയുടെ കാവ്യഭംഗിയുള്ള വരികൾ. രാഹുൽ ദേവ് ബർമന്റെ സംഗീതം. ചെന്നൈ നഗരവീഥികളിലൂടെ തെന്നിന്ത്യൻ സിനിമയിലെ കാതൽനാദങ്ങളായ പി.ബി.എസിനും ജയചന്ദ്രനുമൊപ്പമുള്ള കാർയാത്രയിൽനിന്ന് ഇന്നും ഓർമകളെ വന്നു തലോടുന്ന സ്നേഹനിമിഷം. മുപ്പതു വർഷം കഴിഞ്ഞെങ്കിലെന്ത്? എല്ലാം ഇന്നലെ നടന്നപോലെ.

മുഹമ്മദ് റഫിയുടെ ആരാധകനാണ് ജയചന്ദ്രൻ; പി.ബി. ശ്രീനിവാസ് തലത്ത് മഹ്‌മൂദിന്റെയും. സ്വാഭാവികമായും റഫിയുടെയും തലത്തിന്റെയും ഗാനോത്സവമാണ് കാറിൽ. ഇടക്കെപ്പോഴോ ശിവരഞ്ജനി രാഗത്തിന്റെ സൗന്ദര്യം ഒപ്പിയെടുത്ത റഫിയുടെ ‘‘ബഹാരോം ഫൂൽ ബർസാവോ’’ ജയേട്ടൻ മൂളിയപ്പോൾ അതാ വരുന്നു മറുപടിയെന്നോണം പി.ബി.എസിന്റെ ആർദ്രമായ ശബ്ദത്തിൽ കിഷോറിന്റെ ശിവരഞ്ജനി.

‘‘ഏ ദിൽ ദീവാനേ, ഖേൽ ഹേ ക്യാ ജാനേ

ദർദ് ഭരാ യേ, ഗീത് കഹാം സേ

ഇൻ ഹോട്ടോ പേ ആയേ

ദൂർ കഹി ലേ ജായേ

ഭൂൽ ഗയാ ക്യാ, ഭൂൽ കേ ഭീ ഹേ

മുജ്‌കോ യാദ് സരാ സാ

ഫിർ ഭീ മേരാ മൻ പ്യാസാ...’’

എങ്ങുനിന്നാവണം ഈ വിഷാദഗാനം എന്റെ ചുണ്ടിൽ ഒഴുകിയെത്തിയത്? അറിയില്ല. എന്തായാലും അതെന്നെ ദൂരെയെങ്ങോട്ടോ കൈപിടിച്ച് കൊണ്ടുപോകുന്നു. എല്ലാം വിസ്മൃതിയിലൊടുങ്ങിയാലും മറക്കാനാവാത്ത ചിലതുണ്ടല്ലോ -അർഥവും വിശദീകരിച്ചു തന്നു ബഹുഭാഷാ പണ്ഡിതനായ പി.ബി.എസ്.

ശക്തി സാമന്ത സംവിധാനം ചെയ്ത ‘മെഹ്ബൂബ’യിലെ (1976) ഇതേ ഗാനം ലതാ മങ്കേഷ്കറും പാടിയിട്ടുണ്ടെങ്കിലും കിഷോറിന്റെ ആലാപനത്തോടാണ് തനിക്ക് പൊടി സ്നേഹം കൂടുതലെന്ന് പി.ബി.എസ് പറഞ്ഞതോർക്കുന്നു. ‘‘ലതാജിയുടെ പാട്ട് മോശമായതുകൊണ്ടല്ല. കൂടുതൽ സാങ്കേതിക തികവാർന്നത് അതാണ്. പക്ഷേ, എന്തോ കിഷോറിന്റെ ആലാപനത്തോടാണ് പണ്ടേ എനിക്ക് ചായ്‌വ്. പലപ്പോഴും തോന്നിയിട്ടുണ്ട്, ലതാജി ബുദ്ധികൊണ്ടും കിഷോർ ഹൃദയംകൊണ്ടുമാണ് ആ പാട്ട് പാടിയതെന്ന്...’’ ജയചന്ദ്രനുമില്ല മറിച്ചൊരു അഭിപ്രായം.

 

ജീവിതം എന്ന ഗുരു

ഹൃദയംകൊണ്ട് പാടുക. എന്തൊരു മനോഹരമായ നിരീക്ഷണം. പിന്നീടെപ്പോഴും ആ ഗാനം കേൾക്കുമ്പോൾ പി.ബി.എസിന്റെ വാക്കുകളാണ് ഓർമ വരുക. പലവിധത്തിലും പാടാം പാട്ടുകൾ. ചുണ്ടുകൊണ്ട്, തൊണ്ടകൊണ്ട്, മസ്തിഷ്‌കംകൊണ്ട്, ഇതൊന്നുമല്ലാതെ ഹൃദയംകൊണ്ടും. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചയാളല്ല കിഷോർ. കേൾവി ജ്ഞാനമാണ് തന്റെ ഏറ്റവും വലിയ കൈമുതൽ എന്ന് പറയാറുണ്ടായിരുന്നു അദ്ദേഹം.

ജീവിതമാണ് ഏറ്റവും വലിയ ഗുരുനാഥൻ എന്നും. അദൃശ്യനായ ആ ഗുരുവിനെ മനസ്സിൽ ധ്യാനിച്ചാവണം ബക്ഷിയുടെ വരികളിലൂടെ കിഷോർ ഒഴുകിയത്. വിഷാദസാന്ദ്രമായ ഒരു കാമുക മനസ്സ് മുഴുവനുണ്ട് കിഷോറിന്റെ ആലാപനത്തിൽ. കവിയുടെ ഭാഷയിൽ, ആശയും നിരാശയും ഒളിച്ചുകളിക്കുന്ന മനസ്സ്. വിടചൊല്ലി വർഷങ്ങളായെങ്കിലും ആകാശത്തു തെളിയുന്ന മിന്നൽക്കൊടിയിൽപോലും കാമുകിയെ കാണുന്നു ആ കാമുകൻ.

‘‘ബർസോം ബീത്ത് ഗയേ, ഹംകോ മിലേ ബിച്ഡേ

ബിജൂരി ബൻകർ, ഗഗൻ പേ ചംകെ

ബീത്തേ സമയ് കി രേഖാ, മേനേ തുംകോ ദേഖാ

മൻ സംഗ് ആംഖ് മിചൗലി ഖേലേ

ആശാ ഔർ നിരാശ, ഫിർ ഭീ മേരാ മൻ പ്യാസാ...’’

ഗാനത്തിന്റെ പിറവിക്ക് പിന്നിലെ കഥ പല അഭിമുഖങ്ങളിലും ആർ.ഡി. ബർമൻതന്നെ വിവരിച്ചു കേട്ടിട്ടുണ്ട്. പാട്ടിന്റെ ഈണം ചിട്ടപ്പെടുത്തിയശേഷം ആർ.ഡി ആദ്യം സമീപിച്ചത് പ്രിയ സുഹൃത്ത് കൂടിയായ കിഷോറിനെ. ശിവരഞ്ജനി രാഗത്തിലാണ് പാട്ട് എന്ന് കേൾക്കേണ്ട താമസം കിഷോർ ജാമ്യമെടുത്തു: ‘‘ഏത് രഞ്ജനിയായാലും എനിക്ക് ഒരുപോലെ. രാഗങ്ങളെ കുറിച്ചൊന്നും ജ്ഞാനമില്ല. പാട്ട് പറഞ്ഞുതന്നാൽ നന്നായി പാടാൻ ശ്രമിക്കാം.’’

ലതാ മങ്കേഷ്കറും അതേ ഗാനം പാടുന്നുണ്ടെന്നറിഞ്ഞപ്പോൾ ഒരു നിർദേശം മുന്നോട്ടുവെച്ചു, കിഷോർ: ‘‘എങ്കിൽപ്പിന്നെ ലതാജി ആദ്യം പാടട്ടെ. അത് കേട്ട് എന്റേതായ ശൈലിയിൽ ഞാൻ പാടിക്കൊള്ളാം. രാഗമൊക്കെ നിങ്ങൾ നിശ്ചയിച്ചാൽ മതി.’’ ആർ.ഡിക്ക് സന്തോഷം. മനോധർമ പ്രകടനത്തിലുള്ള കിഷോറിന്റെ പ്രാഗല്ഭ്യം പഞ്ചംദായെപ്പോലെ തിരിച്ചറിഞ്ഞവർ അധികമുണ്ടാവില്ലല്ലോ. മാത്രമല്ല, റെക്കോഡിങ് സ്റ്റുഡിയോയിൽ കിഷോറിന് പരമാവധി സ്വാതന്ത്ര്യം അനുവദിക്കുന്ന ആളാണ് ആർ ഡി.

ലതാജിയുടെ ശബ്ദത്തിൽ ആദ്യം റെക്കോഡ് ചെയ്യപ്പെട്ട പാട്ട് ഒരാഴ്ചയോളം കേട്ട് ഹൃദിസ്ഥമാക്കിയ ശേഷമാണ് കിഷോർ സ്റ്റുഡിയോയിലെത്തിയതെന്ന് ആർ.ഡി മൈക്കിന് മുന്നിൽ ചെന്നുനിന്ന് പാട്ട് ‘സ്വന്തമാക്കി’ മാറ്റുന്ന കിഷോറിനെയാണ് പിന്നെ കണ്ടത്. ലതാജിയുടെ ആലാപനം അനുകരിച്ചില്ല കിഷോർ. പകരം പാട്ടിന് സ്വന്തമായ ഒരു ഭാഷ്യം ചമച്ചു. ആ ഭാഷ്യം കാലത്തിനപ്പുറത്തേക്ക് വളരുകയും ചെയ്തു. കിഷോറിന്റെ പാട്ടിലെ നേർത്ത വിഷാദഭാവത്തോട് അൽപം സ്നേഹക്കൂടുതലുണ്ടെങ്കിലും ചിത്രീകരണത്തിൽ ലതാജിയുടെ വേർഷനാണ് മുന്നിലെന്ന് തോന്നും ചിലപ്പോൾ. മൈസൂർ കൊട്ടാരത്തിന്റെ പ്രൗഢി മുഴുവൻ ഒപ്പിയെടുത്ത അലോക് ദാസ് ഗുപ്തയുടെ കാമറക്ക് നന്ദി.

 

ആർ.ഡി. ബർമനും കിഷോർ കുമാറും

ശിവരഞ്ജനിയുടെ സ്പർശം

കൗതുകം തോന്നാം. ഏതാണ്ടിതേ തുടക്കമുള്ള മറ്റൊരു ഗാനം ഇതേ രാഗത്തിൽ മുമ്പ് പിറന്നുവീണിട്ടുണ്ട് ഹിന്ദിയിൽ. ‘‘മോരേ നൈനാ സാവൻ ഭാദോം...’’ 1964ൽ പുറത്തിറങ്ങിയ ‘വിദ്യാപതി’ എന്ന ചിത്രത്തിനുവേണ്ടി വി. ബൽസാരയുടെ ഈണത്തിൽ അത് പാടിയതും ലത മങ്കേഷ്‌കർ തന്നെ. പ്രിയപ്പെട്ട സ്വന്തം ഗാനങ്ങളിൽ ഒന്നായി പലപ്പോഴും ലതാജി എടുത്തുപറഞ്ഞിട്ടുണ്ട് ‘വിദ്യാപതി’യിലെ ഗാനം. നിർഭാഗ്യവശാൽ ആ ഗാനം പ്രതീക്ഷിച്ച ശ്രദ്ധ നേടിയില്ല. ഹിറ്റായത് ‘മെഹ്ബൂബ’യിലെ പാട്ടാണ്.

ശിവരഞ്ജനി രാഗഛായയുമായി പിറന്ന വേറെയും ജനപ്രിയ ഹിന്ദി ചലച്ചിത്ര ഗാനങ്ങളുണ്ട് : ‘‘ആവാസ് ദേഖേ ഹമേ തും ബുലാവോ’’ (പ്രൊഫസർ -ശങ്കർ ജയ്കിഷൻ), ‘‘കഹി ദീപ് ജലേ കഹി ദിൽ’’ (ബീസ് സാൽ ബാദ് -ഹേമന്ദ് കുമാർ), ‘‘ഓ സാഥിരേ’’ (മുഖദ്ദർ കാ സിക്കന്ദർ -കല്യാൺജി ആനന്ദ്ജി), ‘‘ദിൽ കേ ജരോകോം മേ’’ (ബ്രഹ്മചാരി -ശങ്കർ ജയ്കിഷൻ), ‘‘ജാനേ കഹാം ഗയേ വോ ദിൻ’’ (മേരാ നാം ജോക്കർ -ശങ്കർ ജയ്കിഷൻ), ‘‘തേരെ മേരെ ബീച്ച് മേ’’ (ഏക് ദുജേ കേലിയേ -ലക്ഷ്മികാന്ത് പ്യാരേലാൽ). മലയാളത്തിലാണെങ്കിൽ ‘‘കണ്ണു തുറക്കാത്ത ദൈവങ്ങളേ’’ (അഗ്നിപുത്രി -ബാബുരാജ്), ‘‘കിനാവിന്റെ കുഴിമാടത്തിൽ’’ (ഡോക്ടർ -ദേവരാജൻ), ‘‘കാറ്ററിയില്ല കടലറിയില്ല’’ (ജയിൽ -ദേവരാജൻ), ‘‘ആകാശദീപമേ’’ (ചിത്രമേള -ദേവരാജൻ), ‘‘ഏഴു സ്വരങ്ങളും’’ (ചിരിയോ ചിരി -രവീന്ദ്രൻ), ‘‘അനുവദിക്കൂ ദേവീ’’ (തീർഥയാത്ര -എ.ടി. ഉമ്മർ) തുടങ്ങി എണ്ണമറ്റ പാട്ടുകൾ. തമിഴിലെ ഏറ്റവും പ്രശസ്തമായ ശിവരഞ്ജനി ഗാനങ്ങളിലൊന്നിന് ശബ്ദം പകർന്നത് ജയചന്ദ്രനാണ്: ‘വൈദേഹി കാത്തിരുന്താൾ’ എന്ന ചിത്രത്തിലെ ‘‘കാത്തിരുന്ത് കാത്തിരുന്ത് കാലങ്കൾ പോണതടി...’’

അര നൂറ്റാണ്ടായി ‘‘മേരേ നൈന’’ കേട്ടുതുടങ്ങിയിട്ട് എന്നോർക്കുമ്പോൾ അത്ഭുതം. ആദ്യ കേൾവിയുടെ അതേ അനുഭൂതി പകർന്ന് ഇന്നും ഒപ്പമുണ്ട് ആ ഗാനം. ഹൃദയവികാരങ്ങൾക്ക് ഒരിക്കലും പ്രായമാകുന്നില്ലല്ലോ.

News Summary - Kishore Kumar Sings Heartbreak In Shivaranjani Raag