മലയാളത്തിന്റെ സൂപ്പർ വുമൺ

ഡൊമിനിക് അരുൺ എഴുതി സംവിധാനംചെയ്ത, ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ എന്ന സിനിമ കാണുന്നു. ഇൗ സിനിമയിലെ സൂപ്പർ വുമണും പ്രകടനങ്ങളും എന്തുതരം ചിന്തകളാണ് ഉണർത്തുന്നത്?Myth is neither a lie nor a confession: it is an inflexion.”-Roland Barthesഡൊമിനിക് അരുൺ എഴുതി സംവിധാനംചെയ്ത, കല്യാണി പ്രിയദർശനും നസ് ലെനും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ എന്ന സൂപ്പർ ഹീറോ ഫാന്റസി ആക്ഷൻ സിനിമയിലെ നായികയായ ചന്ദ്ര ബംഗളൂരു നഗരത്തിൽ വെച്ച് അവൾ കണ്ടുമുട്ടുന്ന സണ്ണി എന്ന വായ്നോക്കിയായ യുവാവിനോട് പറയുന്ന...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഡൊമിനിക് അരുൺ എഴുതി സംവിധാനംചെയ്ത, ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ എന്ന സിനിമ കാണുന്നു. ഇൗ സിനിമയിലെ സൂപ്പർ വുമണും പ്രകടനങ്ങളും എന്തുതരം ചിന്തകളാണ് ഉണർത്തുന്നത്?
Myth is neither a lie nor a confession: it is an inflexion.”-Roland Barthes
ഡൊമിനിക് അരുൺ എഴുതി സംവിധാനംചെയ്ത, കല്യാണി പ്രിയദർശനും നസ് ലെനും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ എന്ന സൂപ്പർ ഹീറോ ഫാന്റസി ആക്ഷൻ സിനിമയിലെ നായികയായ ചന്ദ്ര ബംഗളൂരു നഗരത്തിൽ വെച്ച് അവൾ കണ്ടുമുട്ടുന്ന സണ്ണി എന്ന വായ്നോക്കിയായ യുവാവിനോട് പറയുന്ന ഒരു വാചകമുണ്ട്: ‘‘നമ്മളീ മിത്തും ഐതിഹ്യവും എന്നൊക്കെ വിചാരിക്കുന്ന കാര്യങ്ങളൊക്കെ ശരിക്കും ഉള്ളതാന്നറിയോ?’’ ചന്ദ്ര യഥാർഥത്തിലൊരു സൂപ്പർ വുമൺ ആണെന്ന സത്യം അറിഞ്ഞ അന്ധാളിപ്പിലാണ് സണ്ണി. ആ അന്ധാളിപ്പ് മലയാള സിനിമക്കും, എന്തിനേറെ ഇന്ത്യൻ സിനിമക്കും തന്നെ ഓണസമ്മാനമായി നൽകിയിരിക്കുകയാണ് ഡൊമിനിക് അരുണും പ്രൊഡ്യൂസറായ ദുൽഖർ സൽമാനും. ഇനിയുള്ള വിവരണങ്ങളിൽ സ്പോയിലർ കടന്നുവരുന്നുണ്ട്. അതുകൊണ്ട് സിനിമ കണ്ടാസ്വദിച്ചു കഴിഞ്ഞവർ മാത്രം തുടർന്ന് വായിക്കുക.
മിത്തുകളെ കുറിച്ച് റൊളാന്റ് ബാർത് ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്. അത് ദൈവങ്ങളെയോ പുരാണങ്ങളെയോ കുറിച്ചുള്ള ഭാവനകളല്ല. വാഗർഥത്തിനുമപ്പുറം പ്രത്യയശാസ്ത്രപരമായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ആശയവിനിമയ വ്യവസ്ഥയാണ് മിത്ത്. അത് നുണയോ കുറ്റസമ്മതമോ അല്ല. സ്വാഭാവികമായ ഒരു സംഭവംപോലെയാണ് മിത്തിലൂടെ പ്രത്യയശാസ്ത്രം അവതരിപ്പിക്കപ്പെടുന്നത്.
പുതിയ ഒന്നിനെ മിത്ത് സൃഷ്ടിക്കുന്നില്ല. പഴയതിനെ ചികഞ്ഞെടുത്ത് അതിനൊരു പ്രത്യയശാസ്ത്രപരമായ പുതു ടോൺ കൊടുക്കുകയും അതുവഴി പൊതുബോധത്തിലേക്ക് സന്നിവേശിപ്പിക്കുകയുമാണ് മിത്തിലൂടെ സാധിക്കുന്നത്. അത്തരത്തിൽ, കേരളീയമായ സാംസ്കാരിക പരിസരത്ത് പ്രചാരത്തിലുള്ള മിത്തുകളുടെ പ്രത്യയശാസ്ത്രപരമായ അപനിർമാണവും പോപുലർ കൾചറിലൂടെയുള്ള അതിന്റെ പോസ്റ്റ് മോഡേൺ അവതരണവും പൊതുബോധ നിർമിതിയും ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ സാധ്യമാക്കുന്നുണ്ട്. പുതിയ തലമുറ അത് ഏറ്റെടുത്ത് കഴിഞ്ഞു എന്നത് ആ പരിശ്രമം വിജയം കണ്ടു എന്നതിന്റെ സൂചനയാണ്.
മലയാളത്തിന്റെ സൂപ്പർ ഹീറോ ഫാന്റസി സിനിമാറ്റിക് യൂനിവേഴ്സ്
സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി പ്രേക്ഷകരുമായുള്ള നേരിട്ടുള്ള സംഭാഷണത്തിനിടയിൽ ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായി നായികാ നായകന്മാരായ കല്യാണി പ്രിയദർശനും നസ് ലെനും തിരക്കഥാരചനയിൽ പങ്കാളിയായ ശാന്തി ബാലചന്ദ്രനും അവരുടെ ഇഷ്ടപ്പെട്ട സൂപ്പർ ഹീറോകളെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഡിസി സീരീസ് കോമിക്കുകളെയും മാർവൽ സിനിമാറ്റിക് യൂനിവേഴ്സിനെയുംപറ്റി കല്യാണി വാചാലയാവുന്നുണ്ട്. അമർചിത്രകഥകളിലൂടെയും കോമിക്കുകളിലൂടെയും ഫാന്റസി ലോകത്തുനിന്നും വളർന്ന് മാർവൽ, ഡീസി സിനിമാറ്റിക് യൂനിവേഴ്സുകളിലൂടെ പരിചിതമായ പോപുലർ കൾചറിനൊരു മലയാള ഭാഷ്യമുണ്ടാവുമ്പോൾ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യവും അവരുടെ വാക്കുകളിൽ പ്രകടമാണ്.
ബേസിൽ ജോസഫ് സംവിധാനംചെയ്ത ‘മിന്നൽ മുരളി’യിലൂടെ മുമ്പേ തന്നെ ഒരു സൂപ്പർ ഹീറോ മലയാളത്തിൽ അവതരിച്ചുകഴിഞ്ഞിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘മലൈക്കോട്ടൈ വാലിബൻ’ മലയാളത്തിലൊരു സിനിമാറ്റിക് ഫാന്റസി യൂനിവേഴ്സ് വിഭാവനംചെയ്തുകൊണ്ടിറങ്ങിയ സിനിമയാണ്. ‘വാലിബൻ 2’ ഇപ്പോഴും ഒരു സാധ്യതയായി തുടരുന്നു. എന്നാൽ, കല്യാണി പ്രിയദർശനെ സൂപ്പർ വുമൺ നായികയാക്കി ഇറങ്ങിയ ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ മലയാളത്തിലൊരു സൂപ്പർ ഹീറോ ഫാന്റസി സിനിമാറ്റിക് യൂനിവേഴ്സിനെ പ്രേക്ഷകർക്ക് സ്വീകാര്യമാക്കുകയും അതുവഴി, മലയാളം സിനിമയിൽ ഈ ഴോനറിനെ വിജയകരമായി അവതരിപ്പിക്കുകയുംചെയ്തിരിക്കുന്നു. കല്യാണി എന്ന ലേഡി സൂപ്പർസ്റ്റാറിനെ ഇന്ത്യൻ സിനിമക്ക് സമ്മാനിക്കുക എന്നൊരു ദൗത്യംകൂടി ഈ സിനിമയിലൂടെ സാധ്യമായിരിക്കുന്നു എന്നതും ആഹ്ലാദിപ്പിക്കുന്നതാണ്.
നായികാപ്രാധാന്യമുള്ള സിനിമകൾക്ക് പ്രൊഡ്യൂസർമാരെ കിട്ടില്ലെന്നും ബോക്സോഫിസിൽ വിജയിക്കില്ലെന്നുമൊക്കെയുള്ള അബദ്ധധാരണകളെ തിരുത്തിക്കുറിക്കുക കൂടിയാണ് ‘ലോക’ ആ അർഥത്തിൽ മലയാള സിനിമാവ്യവസായത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രമുഹൂർത്തംകൂടിയാണ്. പുതിയ ജനപ്രിയ ഴോനറുകളെ കണ്ടെത്തുകയും അവ നിർമിച്ച് വിജയിപ്പിക്കുകയുംചെയ്യുക എന്നത് സിനിമയുടെ വളർച്ചക്ക് ആവശ്യമാണ്. ഇതുവരെ ഹോളിവുഡിൽ മാത്രം കണ്ടു പരിചയിച്ച ഈ ഴോനർ മലയാളത്തിലൂടെ ഇന്ത്യൻ സിനിമയിൽ സംഭവിക്കുന്നു എന്നതും മധുരതരമാണ്. വരാനിരിക്കുന്ന ചാപ്റ്ററുകളിലൂടെ ‘ലോക’യുടെ സിനിമാറ്റിക് യൂനിവേഴ്സ് പ്രേക്ഷകർക്ക് മുന്നിലേക്ക് തുറന്നു വരുന്നതോടുകൂടി സൂപ്പർ ഹീറോ ഫാന്റസി യൂനിവേഴ്സിലേക്കുള്ള മലയാള സിനിമയുടെ കുതിപ്പും പൂർണമാവും.

ഡൊമിനിക് അരുൺ,ശാന്തി ബാലചന്ദ്രൻ
വാംപയർ ആയ സൂപ്പർ വുമൺ: ചന്ദ്ര/ നീലി
സ്ടീമിങ് പ്ലാറ്റ്ഫോമായ മുബി (Mubi) സ്ത്രീകളായ വാംപയറുകളെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്:
Hell hath no fury like a woman with a thirst for blood. Dangerous, alluring, and above all insatiable, the female vampire is emancipated from societal constraints. Shrugging off the billowy nightgowns from scary tales of yore, she is not a prey waiting to be conquered; she is the predator. Her crimson lips might whisper honeyed words, but her fangs are ready for the kill. When twilight falls, she is out for the hunt, burning with the fires of untamed sexuality. Her uninhibited liberation also poses a threat to the patriarchal status quo: in one swift move, she can reduce men to a pitiful trail of victims. As the female vampire moves from the horror genre to the realms of comedy or science fiction, she bites back, leaving her mark as one of the most ferocious archetypes in cinema. Listen to them, the goddesses of the night. What music they make!
ചന്ദ്ര ഒരു വാംപയറാണ്. വാംപയറാണ് എന്നുതന്നെ പറയണം. അത്രക്കും യൂനിവേഴ്സലാണ് അവൾ. സ്ത്രീലമ്പടന്മാരായ സവർണ ആണുങ്ങളുടെ രക്തം കുടിച്ചു മദിച്ചു നടന്ന് അവസാനം കടമറ്റത്ത് കത്തനാരാൽ തളക്കപ്പെട്ട രാത്രിഞ്ചരയായ വെറുമൊരു യക്ഷിയല്ല അവൾ. മറിച്ച്, ഐതിഹ്യമാലയുടെ ഭാവനാലോകത്തെ തടവിൽനിന്നും മോചിപ്പിക്കപ്പെട്ട് യൂനിവേഴ്സലായി ഉയിർകൊള്ളുന്ന വാംപയറാണ് ചന്ദ്ര. നീലിയുടെ കഥ അവൾ തന്റെ കുട്ടിക്കാലത്ത് സംഭവിച്ച അവതാര കഥയായി സണ്ണിക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. “കള്ളിയങ്കാട്ട് നീലിയോ?” എന്ന് ഭയപ്പാടോടെ സണ്ണി ചോദിക്കുമ്പോൾ ഒരു പുഞ്ചിരി മാത്രമാണ് അവളുടെ മറുപടി.
ചന്ദ്ര പറയുന്ന നീലിയുടെ കഥ നിങ്ങൾക്ക് ഒരു ഐതിഹ്യമാലയിലും തിരഞ്ഞാൽ കിട്ടുകയില്ല. കാരണം, അത് നാം കേട്ടും വായിച്ചും മലയാള സിനിമയിലൂടെ തന്നെ കണ്ടും പരിചയിച്ചിട്ടുള്ള കള്ളിയങ്കാട്ട് നീലിയുടെ കഥയല്ല. മറിച്ച്, അത് ജാതി അധികാരത്തോടുള്ള സാമുദായികമായ ചെറുത്തുനിൽപിന്റെ ഒരു പുതിയ കഥയാണ്. ചാത്തന്മാരിലൂടെയും ഒടിയന്മാരിലൂടെയും വാമൊഴി ചരിത്രമായി ജനമനസ്സിൽ കുടികൊള്ളുന്ന കഥകളിൽനിന്നും പ്രചോദനമുൾക്കൊണ്ട് നിർമിക്കപ്പെട്ട ഒരു പുതിയ പോപുലർ കൾചർ മിത്ത്.
എല്ലാ ഐതിഹ്യങ്ങളിലും സത്യം കുടികൊള്ളുന്നു എന്ന വാചകം സിനിമയുടെ തുടക്കത്തിൽതന്നെ എഴുതിക്കാണിക്കുന്നുണ്ട്. ചരിത്രപുസ്തകത്താളുകൾക്ക് പുറത്തായി വാമൊഴി പാരമ്പര്യത്തിലൂടെ ആ സത്യം മാടനും മറുതയും ചാത്തനും ഒടിയനും തെയ്യവുമൊക്കെയായി കീഴാള അനുഷ്ഠാന കലകളിലൂടെയും, മിത്തുകളും ഐതിഹ്യവുമൊക്കെയായി ഇന്നും ജീവിക്കുന്നു. പോപുലർ കൾചറിലൂടെ ഉയിർകൊണ്ട ഈ പുതിയ മിത്തും ദീർഘകാലം ജനമനസ്സുകളിൽ തങ്ങിനിൽക്കുക തന്നെ ചെയ്യും.
ഗ്രാമീണമായ കെട്ടുകഥകളെ അപനിർമിച്ചാണ് ചന്ദ്രയെ ‘ലോക’യുടെ എഴുത്തുകാർ തിരക്കഥയിലൂടെ വീണ്ടെടുക്കുന്നത്. ഇരുണ്ട കുഗ്രാമങ്ങളിൽനിന്നും അവളെ മോചിപ്പിച്ച്, ബംഗളൂരു പോലൊരു മെട്രോ നഗരപശ്ചാത്തലത്തിലെ കാലത്തിലും ഇടത്തിലും രൂപംകൊള്ളുന്ന പോപുലർ കൾചറിന്റെ പോസ്റ്റ് മോഡേൺ ഭൂമികയിൽ സൂപ്പർ വുമൺ വാംപയറായി അവർ ചന്ദ്രയെ അവതരിപ്പിക്കുന്നു. ഈയൊരു അവതരണമാണ് ചന്ദ്രക്ക് യൂനിവേഴ്സലായ അപ്പീൽ നൽകുന്നത്.
നൈറ്റ് ഷിഫ്റ്റിൽ ജോലിചെയ്യുന്ന ചന്ദ്ര രക്തരക്ഷസ്സുകളെപ്പോലെ ഭദ്രകാളീയാമത്തിൽ പുറത്തിറങ്ങി നടക്കുവാൻ ഇഷ്ടപ്പെടുന്നവളാണ്. രാത്രി പന്ത്രണ്ടരക്കു ശേഷമുള്ള ഈ സമയത്താണല്ലോ മെട്രോ നഗരങ്ങളിലെ നൈറ്റ് ലൈഫ് സജീവമാകുന്നതും. അതുകൊണ്ടുതന്നെ രാത്രിജീവിതം ഇഷ്ടപ്പെടുന്ന പുതുതലമുറ യുവതീയുവാക്കൾക്ക് എളുപ്പത്തിൽ ചന്ദ്രയെ മനസ്സിലാവും.
സ്വാതന്ത്ര്യദാഹിയായ ചന്ദ്രയുടെ ജീവിത ഫിലോസഫിക്ക് നേർവിപരീതമാണ് നാച്ചിയപ്പ എന്ന പൊലീസുകാരനായ വില്ലൻ കഥാപാത്രത്തിന്റേത്. സ്ത്രീകളെന്തിനാ രാത്രി പുറത്തിറങ്ങുന്നത് എന്ന് ചോദിക്കുന്ന ഈ വില്ലൻ നമുക്കിടയിലും ചിലപ്പോൾ നമ്മുടെയുള്ളിലുമൊക്കെ ജീവിക്കുന്ന നമുക്ക് പരിചിതമായ കഥാപാത്രമാണ്.
ഈ ലോകത്ത് ആകപ്പാടെ രണ്ടുതരം സ്ത്രീകൾ മാത്രമേയുള്ളൂ എന്നാണ് നാച്ചിയപ്പ കരുതുന്നത്: ഒന്ന്, തന്റെ അമ്മയെപ്പോലുള്ളവർ. മറ്റൊന്ന്, അഴിഞ്ഞാടി നടക്കുന്ന മൂധേവികൾ. മെട്രോ നഗരത്തിലെ നൈറ്റ് ലൈഫ് ആസ്വദിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന സ്ത്രീകളെല്ലാം അയാൾക്ക് പിഴച്ചവളുമാരാണ്. സ്വന്തം മേലുദ്യോഗസ്ഥ സ്ത്രീയായതുകൊണ്ടു മാത്രം സല്യൂട്ട് ചെയ്യാൻ മടിക്കുന്ന അയാൾ ജീവിതത്തിൽ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത ശുദ്ധ സസ്യഭുക്കുമാണ്. പക്ഷേ, ചന്ദ്രയുടെ സൂപ്പർ വുമൺ പവറിനു മുന്നിൽ അയാളുടെ ആണത്തഹുങ്കിനും ശക്തിക്കും പിടിച്ചുനിൽക്കാനാവുന്നില്ല.
എല്ലാവരിൽനിന്നും അകന്നുമാറി ഒഴിഞ്ഞൊരിടത്ത് ജീവിക്കുകയായിരുന്നു ചന്ദ്ര. വാംപയറായ അവൾക്ക് കുടിക്കാനുള്ള രക്തം അവളുടെ യൂനിവേഴ്സിൽനിന്നും എന്നും എത്തിച്ചുകൊടുക്കുന്നുമുണ്ട്. എന്നാൽ, പൂർവകഥയിലെ നീലിയെപ്പോലെ ചന്ദ്രക്കും അനീതിക്കെതിരെ പോരാടേണ്ടിവരുന്നു. നാച്ചിയപ്പ അടക്കമുള്ള പൊലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും അവയവ മാഫിയയെ അവൾ ഒറ്റക്ക് എതിരിടുന്നു.
ചോദിക്കാനും പറയാനും ആരുമില്ലാത്തവർക്ക് വേണ്ടി ശബ്ദിക്കാനായി പോരാടാനിറങ്ങുന്ന അവൾക്കെതിരെ ഭരണകൂടം തന്നെ തിരിയുകയാണ്. എന്നാൽ, ‘ലോക’യുടെ യൂനിവേഴ്സും സണ്ണിയും കൂട്ടുകാരും അവൾക്കൊപ്പം നിലയുറപ്പിക്കുന്നു. ഹോളിവുഡിനെ പോലും അതിശയിപ്പിക്കുന്ന, ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾക്കാണ് പിന്നീട് പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത്. സൂപ്പർ വുമണായി ആക്ഷൻ രംഗങ്ങളിൽ മികച്ച പ്രകടനമാണ് കല്യാണി കാഴ്ചവെക്കുന്നത്. മലയാള സിനിമയുടെ സാമ്പത്തികമായ പരിമിതികൾക്കുള്ളിൽനിന്നും ‘ലോക’ സാധിച്ചെടുക്കുന്ന ഈ ദൃശ്യവിരുന്ന് അഭിനന്ദനാർഹമാണ്.
അയൽക്കാരനും വായ്നോക്കിയുമായ സണ്ണിയുമായുള്ള ചന്ദ്രയുടെ സൗഹൃദം ഇതൾവിരിയുന്നത് നർമം കലർത്തിയാണ് കാണിച്ചിട്ടുള്ളത്. നായക കേന്ദ്രീകൃതമായ സിനിമകളിൽ കണ്ടുപരിചിതമായ ആണത്തം പ്രകടിപ്പിക്കുന്ന നായകന്മാരിൽനിന്നും വ്യത്യസ്തമായി ചന്ദ്രയുടെ സൂപ്പർ വുമൺ അവതാരത്തിനു മുന്നിൽ അന്ധാളിച്ചു നിൽക്കുന്ന നായകനെയാണ് ‘ലോക’യിൽ കാണാൻ സാധിക്കുക. സ്വതഃസിദ്ധമായ ക്യൂട്ട്നസ്സോടും നിഷ്കളങ്കതയോടുംകൂടി ആ വേഷം നസ് ലെൻ മനോഹരമാക്കിയിരിക്കുന്നു.
ഏരിയൻ ലൂയി സെസ് സംവിധാനംചെയ്ത ‘Humanist Vampire Seeking Consenting Suicidal Person’ എന്ന ഫ്രഞ്ച് കോമഡി ഹൊറർ ഡ്രാമയിലെ നായികയായ സാഷ എന്ന വാംപയറും യാദൃച്ഛികമായി അവൾ കണ്ടുമുട്ടുന്ന പോൾ എന്ന യുവാവും തമ്മിലുള്ള അസാധാരണമായ സൗഹൃദത്തിന് ‘ലോക’യിലെ ചന്ദ്രയും സണ്ണിയുമായുള്ള കൂട്ടുകെട്ടുമായി സാമ്യമുണ്ട്. ചന്ദ്രയെപ്പോലെ ബ്ലഡ് ബാഗിൽ സൂക്ഷിച്ച ചോര കുടിച്ചാണ് സാഷയും ജീവിക്കുന്നത്.
ചന്ദ്രയുടെ ജീവൻ രക്ഷിക്കാനായി സ്വന്തം ജീവൻപോലും പണയംവെക്കാൻ മടിക്കാത്ത സണ്ണിയെപ്പോലെ, സാഷയെ ഒരു അസ്സൽ വാംപയറായി മാറ്റിത്തീർത്ത് വാംപയർ ലോകത്ത് സ്വീകാര്യയായിത്തീർക്കുന്നതിനു സ്വന്തം ജീവൻ ത്യജിക്കുവാൻപോലും ആത്മഹത്യാ ചിന്തകളുമായി നടക്കുന്ന പോൾ സന്നദ്ധനാണ്. ‘ലോക’യിലെ നർമം നിറഞ്ഞ മുഹൂർത്തങ്ങൾ കണ്ടപ്പോൾ ഈ സിനിമയെ പറ്റി പരാമർശിച്ചുവെന്നേയുള്ളൂ. സാഷയും ചന്ദ്രയെപ്പോലെ സൂപ്പർ വുമൺ ശക്തിയുള്ള ഒരു വാംപയറാണ് എന്നതുമാത്രമാണ് സാമ്യം.

റൊളാന്റ് ബാർത്,ആൽഫ്രഡ് ഹിച്ച്കോക്ക്
‘‘കിളിയേ കിളിയേ’’ ഗാനം
ആൽഫ്രഡ് ഹിച്ച്കോക്കാണ് കിളികളുടെ സൈക്കോ അനലിറ്റിക്കലായ സിനിമാറ്റിക് സാധ്യതകളെ തന്റെ സിനിമകളിലൂടെ മനോഹരമായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ‘ദ ബേഡ്സ്’ (1963), ‘സൈക്കോ’ (1960) എന്നീ സിനിമകൾ ഉദാഹരണം. സൈക്കോയിലാണെങ്കിൽ കിളി (Bird) സീമിയോട്ടിക്കും സൈക്കോ അനലിറ്റിക്കുമായ മാനങ്ങൾ സിനിമക്ക് നൽകുന്നു. ഇതിനു സമാനമാണ് ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ സിനിമയിൽ നായകനായ സണ്ണി (നസ് ലെൻ) താമസിക്കുന്ന ഫ്ലാറ്റിലെ ഹൗസ് പാർട്ടിയിൽ പങ്കെടുക്കുവാനായി വെളുത്ത വസ്ത്രം ധരിച്ച് ചന്ദ്രമുഖിയായി ചന്ദ്ര (കല്യാണി പ്രിയദർശൻ) വരുമ്പോൾ പശ്ചാത്തലത്തിൽ കേൾക്കുന്ന ‘‘കിളിയേ കിളിയേ’’ എന്ന ഗാനത്തിന്റെ അവതരണം. ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും പൂർണിമ ജയറാമും രോഹിണിയും അഭിനയിച്ച ‘ആ രാത്രി’ (1983) എന്ന സിനിമയിൽനിന്നുള്ള അനശ്വര ഗാനമാണ് ഇത്.
പല നാടുകൾ താണ്ടി കൂടും തേടിയെത്തിയ വെറുമൊരു സുന്ദരിക്കിളി മാത്രമല്ല ചന്ദ്ര. അതിനുമൊക്കെ അപ്പുറത്താണ് ഒരു സൂപ്പർ വുമൺ വാംപയറായ അവൾക്ക് ‘ലോക’യുടെ സിനിമാറ്റിക് യൂനിവേഴ്സിലുള്ള സ്ഥാനം. ചന്ദ്രയെ ‘ലോക:’യുടെ സൂപ്പർ ഹീറോ യൂനിവേഴ്സുമായി സൈക്കോ അനലിറ്റിക്കലായി ബന്ധിപ്പിക്കുക എന്ന ദൗത്യമാണ് സിനിമയുടെ ആഖ്യാന ഘടനക്കുള്ളിൽ ഈ ഗാനത്തെ ഉൾപ്പെടുത്തുക വഴി സാധ്യമാകുന്നത്. അത് അറിഞ്ഞോ അറിയാതെയോ സംഭവിച്ചതായിരിക്കാമെങ്കിലും അത്തരമൊരു വായനക്ക് അത് വഴിയൊരുക്കുന്നുണ്ട്.
എന്നാൽ, സണ്ണിയെയും കൂട്ടുകാരെയും സംബന്ധിച്ചിടത്തോളം അവരുടെ ഫ്ലാറ്റിലേക്ക് വരുന്ന ‘ചിക്ക്’ ആണ് ചന്ദ്ര. അവളുടെ സൗന്ദര്യം കണ്ട് വായ പൊളിച്ചുള്ള അവരുടെ നിൽപ് കണ്ടാലറിയാം അവരുടെ മനസ്സിലിരിപ്പ്. പ്രണയത്തിൽ കുരുക്കാനുള്ള കിളിയാണ് അവർക്ക് അവൾ. വാംപയറായ ചന്ദ്ര ഉഗ്രതേജസ്സോടെ തിളങ്ങി വിലസുന്ന സമയമാണ് പാതിരാത്രി. വവ്വാലുകളുമായുള്ള വാംപയറുകളുടെ ബന്ധം യൂനിവേഴ്സലായ ഒരു രഹസ്യമാണ്. ഡ്രാക്കുള മുതൽ ചന്ദ്ര വരെ എത്തിനിൽക്കുന്നു ആ ബന്ധത്തിന്റെ മിത്തിക്കലായ ചരിത്രം. മിത്തിക്കലായ ആ വാംപയർ ബന്ധത്തെ ‘‘കിളിയേ കിളിയേ’’ എന്ന ഗാനത്തിലൂടെ സിനിമ അടയാളപ്പെടുത്തുന്നു.
മറ്റൊന്ന്, സണ്ണി ക്ഷണിച്ചതിനു ശേഷം മാത്രമാണ് ചന്ദ്ര അയാളും കൂട്ടുകാരും താമസിക്കുന്ന ഫ്ലാറ്റിലേക്ക് കയറിവരുന്നത്. സിനിമാറ്റിക്കായ പോപുലർ കൾചറിൽ യൂനിവേഴ്സലായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു വാംപയർ പെരുമാറ്റരീതിയാണിതേത്ര. മാസ്കുലിൻ/ഫെമിനിൻ എന്ന ദ്വന്ദ്വത്തെ അതിജീവിക്കുന്ന, ഒരേസമയം രണ്ട് ഊർജരൂപങ്ങളെയും ഉൾക്കൊള്ളുന്ന ഉഗ്രരൂപികളാണ് യക്ഷി എന്നതുപോലെ വാംപയറും. പോപുലർ കൾചറിൽ രണ്ടിനും സ്വതന്ത്രമായ അസ്തിത്വമുണ്ട്. ഒന്ന്, പ്രാദേശികമെങ്കിൽ, മറ്റേത്, യൂനിവേഴ്സലായി, പരസ്പരം സംവദിക്കുവാനുള്ള സാധ്യതകളോടെ സാഹിത്യ, സിനിമാ ലോകങ്ങളിൽ നിലകൊള്ളുന്നു.
അതുതന്നെയാണ് വാംപയറായുള്ള ചന്ദ്ര എന്ന കഥാപാത്രസൃഷ്ടിയുടെ യൂനിവേഴ്സലായ സാധ്യതയും. ഒരു സൂപ്പർ ഹീറോ ഫാന്റസി സിനിമാറ്റിക് യൂനിവേഴ്സിലൂടെ പുതിയ തലമുറയിലേക്ക് അത് എളുപ്പത്തിൽ എത്തിക്കുവാനുമാകും. കഥാപരിസരം കേരളത്തിനു പുറത്തുള്ള ഒരു മെട്രോ നഗരത്തിൽ ഉറപ്പിക്കുന്ന മാർക്കറ്റിങ് തന്ത്രത്തിനുമപ്പുറത്ത് ഒരു പാൻ ഇന്ത്യൻ സിനിമ എന്ന നിലയിലുള്ള ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’യുടെ വിജയത്തിനുള്ള കാരണവും ഈയൊരു ഫാന്റസി യൂനിവേഴ്സിന്റെ യൂനിവേഴ്സലായ പോപുലർ കൾചർ നിർമിതിയാണ്.