Begin typing your search above and press return to search.

പ്രകാശംകൊണ്ട് ചിത്രം രചിച്ച രവിവർമ

പ്രകാശംകൊണ്ട് ചിത്രം രചിച്ച   രവിവർമ
cancel

ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച ഛായാഗ്രാഹകന്മാരിൽ ഒരാളായിരുന്ന മങ്കട രവിവർമയുടെ നൂറാം ജന്മവാർഷികമാണ് ഈ വർഷം. അദ്ദേഹത്തിന്റെ ഓർമദിനമാണ് നവംബർ 22. കാമറകൊണ്ട് കാവ്യചിത്രങ്ങൾ രചിച്ച മങ്കട രവിവർമയെ ഓർക്കുന്നു. ‘‘സിനിമയെക്കുറിച്ചുള്ള എന്റെ ധാരണകളിലും സംസ്കാരത്തിലും വളരെയധികം സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിയാണ് മങ്കട രവിവർമ. ഞാൻ അദ്ദേഹത്തെ ‘രവിയേട്ടൻ’ എന്നുവിളിച്ചു.’’ –അടൂർ ഗോപാലകൃഷ്ണൻ അത് ഇന്ത്യൻ സിനിമയിലെതന്നെ അപൂർവമായ ഒരു കൂട്ടുകെട്ടായിരുന്നു; അടൂർ ഗോപാലകൃഷ്ണൻ എന്ന അദ്വിതീയ ചലച്ചിത്രകാരനും മങ്കട രവിവർമയെന്ന അതുല്യ ഛായാഗ്രാഹകനും തമ്മിൽ ദൃഢബന്ധമായിരുന്നു. ഒമ്പതു...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച ഛായാഗ്രാഹകന്മാരിൽ ഒരാളായിരുന്ന മങ്കട രവിവർമയുടെ നൂറാം ജന്മവാർഷികമാണ് ഈ വർഷം. അദ്ദേഹത്തിന്റെ ഓർമദിനമാണ് നവംബർ 22. കാമറകൊണ്ട് കാവ്യചിത്രങ്ങൾ രചിച്ച മങ്കട രവിവർമയെ ഓർക്കുന്നു.

‘‘സിനിമയെക്കുറിച്ചുള്ള എന്റെ ധാരണകളിലും സംസ്കാരത്തിലും വളരെയധികം സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിയാണ് മങ്കട രവിവർമ. ഞാൻ അദ്ദേഹത്തെ ‘രവിയേട്ടൻ’ എന്നുവിളിച്ചു.’’

–അടൂർ ഗോപാലകൃഷ്ണൻ

അത് ഇന്ത്യൻ സിനിമയിലെതന്നെ അപൂർവമായ ഒരു കൂട്ടുകെട്ടായിരുന്നു; അടൂർ ഗോപാലകൃഷ്ണൻ എന്ന അദ്വിതീയ ചലച്ചിത്രകാരനും മങ്കട രവിവർമയെന്ന അതുല്യ ഛായാഗ്രാഹകനും തമ്മിൽ ദൃഢബന്ധമായിരുന്നു. ഒമ്പതു കഥാചിത്രങ്ങളും അത്രയും തന്നെ ഡോക്യുമെന്‍ററികളും; കാഴ്ചയും മനസ്സും തമ്മിലുള്ള ഉൾക്കാഴ്ചയുടെ പരസ്​പരബന്ധമായിരുന്നു അത്. ചിത്രീകരണത്തിനു മുമ്പ് അടൂരിന്റെ തിരക്കഥ വായിക്കാനുള്ള അവകാശം രവിവർമക്കുണ്ടായിരുന്നു. രോഗബാധിതനായി കിടന്ന ‘രവിയേട്ടനെ’ സന്ദർശിച്ച് ചെന്നൈയിലെ വീട്ടിൽനിന്നിറങ്ങുമ്പോൾ, അടൂർ വിഷാദവാനായിരുന്നു.

അതൊരു ചരിത്രം സൃഷ്​ടിച്ച, അസാധാരണ പ്രതിഭാസമന്വയത്തിന്റെ പരിസമാപ്തി കൂടിയായിരുന്നു. ‘‘പക്ഷേ, ഞങ്ങൾ മങ്കടയുടെ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ ദുഃഖം തളംകെട്ടിനിൽക്കുന്നത് ഞാൻ കണ്ടു. ആ ദുഃഖം ഗോപാലകൃഷ്ണന്റെ കണ്ണുകളിലും കണ്ടു.’’ (ഗൗതമൻ ഭാസ്​കരൻ, പത്രപ്രവർത്തകൻ, ജീവചരിത്രകാരൻ) ‘രവിയേട്ടൻ’ എന്നെന്നേക്കുമായി വേർപിരിഞ്ഞ വേളയിൽ അടൂർ പറഞ്ഞു, ‘‘എന്താണ് ഞങ്ങളുടെ ഈ ദീർഘ സൗഹൃദത്തിന് കാരണമെന്ന് പലരും കൗതുകപൂർവം ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഞാൻ പറയും, ഞങ്ങൾ ഏതാണ്ട് ഒരുപോലെ ചിന്തിക്കുന്നതുകൊണ്ടായിരിക്കും... ടൗൺ ബസിൽ മാത്രം സഞ്ചരിച്ചും സസ്യാഹാരം കഴിച്ചും ലളിതജീവിതം നയിച്ച ഋഷിതുല്യനായിരുന്നു രവിയേട്ടൻ.’’

പെരിന്തൽമണ്ണയിലെ മങ്കട കോവിലകത്തു ജനിച്ചു വളർന്ന്, ഇന്ത്യൻ സിനിമയിലെ മാത്രമല്ല ലോകസിനിമയിലെ തന്നെ പ്രധാനപ്പെട്ട ഛായാഗ്രാഹകരുടെ നിരയിലെത്തിച്ചേർന്ന മങ്കട രവിവർമ നമ്മോടു യാത്രപറഞ്ഞിട്ട് 16 വർഷം കഴിഞ്ഞു. ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് നൂറുവയസ്സു തികഞ്ഞേനെ. ഇന്ത്യൻ സിനിമയിലെ ഒട്ടേറെ അവിസ്​മരണീയമായ മായാത്ത ദൃശ്യബിംബങ്ങൾ സൃഷ്​ടിച്ച രവിവർമയെ നാം വിസ്​മരിച്ചുവോ, കാലത്തിൽ മായാത്ത ചലച്ചിത്ര ദൃശ്യങ്ങളുടെ ചിത്രകാരൻ ഓർമയിൽ മാഞ്ഞുപോവുകയാണോ? ഏകാന്തപഥികനായിരുന്ന, സഹജാവബോധമുള്ള ഈ ഛായാഗ്രഹണ കലാകാരൻ സൃഷ്​ടിച്ച ദൃശ്യാനുഭവങ്ങൾ പക്ഷേ, പുതിയ അർഥതലങ്ങളും ദാർശനിക വ്യാഖ്യാനങ്ങളും മനഃശാസ്​ത്രമാനങ്ങളും വിശകലനങ്ങളും സൃഷ്​ടിച്ച് കാലത്തിലൂടെ സർഗാത്മക സഞ്ചാരം തുടരുന്നു.

അദ്ദേഹം കാമറ ചലിപ്പിച്ച ചിത്രങ്ങൾ ചലച്ചിത്രമേളകളിലും ഫിലിം സൊസൈറ്റി പ്രദർശനങ്ങളിലും ഇന്നും നൂതനവും വ്യത്യസ്​തവും, പരിണാമകവുമായഅന്തർദർശനങ്ങൾ സൃഷ്​ടിച്ചുകൊണ്ട് കാലത്തിലൂടെ മുന്നേറുന്നു. ‘ഓളവും തീരവും’, ‘ഉത്തരായണം’, ‘സ്വയംവരം’ എന്നീ മൂന്നു ചിത്രങ്ങൾ മതിയാകും മങ്കട രവിവർമയെന്ന കാമറാമാന്റെ കാവ്യാത്മക പ്രതിഭയെ കാലത്തിൽ അടയാളപ്പെടുത്താൻ, ‘ദിക്കറ്റപാർവതി’, ‘കൊടിയേറ്റം’, ‘എലിപ്പത്തായം’, ‘അനന്തരം’, ‘മുഖാമുഖം’, ‘മതിലുകൾ’, ‘വിധേയൻ’, ‘കഥാപുരുഷൻ’, ‘നിഴൽക്കുത്ത്’ എല്ലാം ഇന്നും ഇന്ത്യൻ സിനിമയിൽ അപഗ്രഥനങ്ങൾക്കും, ചർച്ചകൾക്കും, പുനർവിചാരങ്ങൾക്കും വിധേയരായിക്കൊണ്ടിരിക്കുന്ന കാലാതീതമായ കലാസൃഷ്​ടികളാണ്.

മറ്റു പല കാമറാമാൻമാർക്കും ഇല്ലാത്ത അപൂർവമായ അന്തർദർശനമായിരുന്ന മങ്കടയുടെ സവിശേഷത. പ്രതിഭാശാലിയായ സംവിധായകന്റെ മനസ്സറിഞ്ഞ് കാമറ ചലിപ്പിക്കാനും അദ്ദേഹത്തിന്റെ ഉദ്ദേശ്യത്തിന്റെ വ്യാപ്തിയും മാനങ്ങളും മൗലികതയും ഉൾക്കൊള്ളാനും രവിവർമക്ക് മറ്റാരേക്കാളും കഴിയുമായിരുന്നു. നിയതനിയമങ്ങളെയും മാമൂൽ സങ്കൽപങ്ങളെയും കാറ്റിൽപറത്തുന്ന, കാമറയുടെ സർഗാത്മകമായ, മൗലികശക്തിയുള്ള ചലനങ്ങളിലൂടെ, പ്രകാശവിന്യാസങ്ങളുടെ വ്യതിയാനങ്ങളിലൂടെ, പ്രകൃതിയോടൊപ്പം, മനുഷ്യനോടൊപ്പം ചേർന്ന് പോകുന്ന കാവ്യകലയായിരുന്നു മങ്കടയുടെ ഛായാഗ്രഹണകല.

സിനിമ ചിത്രീകരണത്തിനിടെ മങ്കട രവിവർമ

 ‘ചെമ്മീനു’ശേഷം മലയാള സിനിമ പ്രകൃതിയോടു സംവദിക്കുന്ന, പ്രകൃതിയെ പ്രധാന കഥാപാത്രമാക്കിയ ഛായാഗ്രഹണകലയുടെ അപൂർവ ലാവണ്യം അനുഭവിച്ചത് ആവർത്തിച്ചു കണ്ടാലും മതിയാകാത്ത അനുഭൂതിസാന്ദ്രമായ ‘ഓളവും തീരവും’ എന്ന പി.എൻ. മേനോൻ ചിത്രത്തിലൂടെയാണ്. ‘ചെമ്മീനി’ൽ കടലിന്റെ കാൽപനിക സൗന്ദര്യവും കടലിന്റെ മക്കളുടെ ആത്മവേദനകളും, പ്രണയവും വിരഹവും ദുരന്തവും മാർക്കസ്​ ബാർട്​ലിയുടെ കാമറ വിദഗ്ധവും മനോഹരവുമായി പകർത്തിയെങ്കിൽ ‘ഓളവും തീര’ത്തിൽ പുഴയുടെ ഓളവും കാവ്യാത്മ ലാവണ്യവും തീരത്തു ജീവിക്കുന്ന മനുഷ്യാത്മാക്കളുടെ കരളും കണ്ണീരും മങ്കട രവിവർമ ഇരുളും വെളിച്ചവും ഇടകലർത്തി നമ്മിലേക്ക് പകർന്നു.

ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്ര കവിതപോലെ വിസ്​മയിപ്പിച്ച, വേദനിപ്പിച്ച ‘ഓളവും തീര’വുമാണ് മലയാളസിനിമയെ സ്റ്റുഡിയോക്ക് പുറത്തേക്ക്, പ്രകൃതിയോടടുപ്പിച്ച ആദ്യത്തെ ചലച്ചിത്ര സൃഷ്​ടി. തിരക്കഥ രചനയെ സർഗസൃഷ്​ടിയാക്കിയ എം.ടിയുടെ രചനക്ക് മങ്കട രവിവർമയുടെ കാമറയിലൂടെ പി.എൻ. മേനോൻ തനതും മൗലികവുമായ ദൃശ്യഭാഷ രചിക്കുകയായിരുന്നു. രവിവർമയുടെ ഛായാഗ്രഹണ വൈദഗ്ധ്യത്തെക്കുറിച്ചും അർപ്പണ മനോഭാവത്തെക്കുറിച്ചും അങ്ങേയറ്റത്തെ ആദരവോടെയാണ് പി.എൻ. മേനോൻ പറഞ്ഞിട്ടുള്ളത്. ‘ഓളവും തീര’ത്തിനു വേണ്ടി അധ്വാനിച്ചെടുത്ത നിരവധി ഷോട്ടുകൾ ഉപയോഗിക്കാതെ പാഴായിപ്പോയ ദുഃഖത്തിലായിരുന്നു മങ്കട രവിവർമ. വിലപ്പെട്ട വരികൾ സ്വീകരിക്കപ്പെടാതെ, നഷ്​ടപ്പെട്ടു പോയ ഒരു കവിയുടെ വേദനയോടെയാണ് മങ്കട അതൊക്കെ സ്​മരിക്കുന്നത്. മങ്കട രവിവർമയും പി.എൻ. മേനോനും തമ്മിൽ പിന്നീട് ഒരുമിച്ചിട്ടില്ല. പരസ്​പരം ആദരവോടെ അവർ വിട്ടുനിന്നു.

‘‘ ‘സ്വയംവര’ത്തിന്റെ തിരക്കഥ തയാറാക്കി ബൈൻഡ് ചെയ്ത് മദിരാശിയിലുള്ള മങ്കട രവിവർമ എന്ന പ്രതിഭക്ക് രജിസ്റ്റർചെയ്ത് അയച്ച് മറുപടിക്കായി കാത്തിരുന്നു. അധികം വൈകാതെ മറുപടി വന്നു. മലയാളത്തിൽ നല്ലൊരു സിനിമ ഉണ്ടാകാൻ പോകുന്നു. ഇതിൽ പങ്കാളിയാകാൻ കഴിയുന്നതിൽ സന്തോഷം. അങ്ങനെ നിഴലുപോലെ ഒരുമിച്ചവരാണ് ഞങ്ങൾ’’ -അടൂർ ഗോപാലകൃഷ്ണൻ ഓർക്കുന്നു. അങ്ങനെ രവിവർമയും അടൂരും തമ്മിലുള്ള ഗാഢബന്ധം ‘സ്വയംവര’ത്തിൽ തുടങ്ങുന്നു.

‘സ്വയംവരം’ ഒരു കൂട്ടായ്മയുടെ വിജയമാണെന്നാണ് മങ്കട പറയുന്നത്. പ്രതിഭകളുടെ ആ ടീമിന് അടൂർ ഗോപാലകൃഷ്ണൻ നേതൃത്വം നൽകി. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് ഈ ചിത്രത്തിലൂടെ രവിവർമക്കു ലഭിച്ചു. മലയാളിയായ ഛായാഗ്രാഹകനു കിട്ടിയ ആദ്യ ദേശീയ അവാർഡ്! പക്ഷേ, മങ്കടയുടെ പ്രിയപ്പെട്ട അടൂർചിത്രം ‘മുഖാമുഖം’ ആണ്. ക്രാഫ്റ്റിന്റെ അപൂർവ സൗന്ദര്യമാണത്. ദൃശ്യപരമായ താളാത്മകതയുടെ അസാധാരണ മികവ് ഇതിനെ വ്യത്യസ്​തമാക്കുന്നു. ഭാവിതലമുറ കണ്ടു പഠിക്കേണ്ട കലാസൃഷ്​ടിയാണിത്.

 

‘കൊടിയേറ്റത്തി’ലെ മങ്കട രവിവർമയുടെ കാമറ വർക്കിനെ വിസ്​മയത്തോടെയും ആദരവോടെയുമാണ് പ്രഗല്ഭ കാമറാമാനും മങ്കടയെ ഗുരുസ്​ഥാനീയനായി കാണുന്ന പ്രതിഭയുമായ സണ്ണി ജോസഫ് നിരീക്ഷിക്കുന്നത്. കാമറയുടെ സാന്നിധ്യം ഒരിക്കലും ഇതിൽ അനുഭവപ്പെടുന്നില്ല. പച്ചയായ ഗ്രാമീണ ജീവിതം അടുത്തു നോക്കിക്കാണുന്ന പ്രതീതിയുണർത്തുന്ന ഉദാത്തമായ ഛായാഗ്രഹണ കലയാണിത്. ‘നിഴൽക്കുത്തി’ൽ മങ്കടയുടെ ദൗത്യം പൂർത്തീകരിക്കുന്നതിൽ സണ്ണി ജോസഫും ചേർന്ന് പ്രവർത്തിച്ചിരിക്കുന്നു. ‘‘അദ്ദേഹം രോഗബാധിതനായിരുന്നു. ഹൃദയശുദ്ധിയുള്ള, സാത്വികനും, ആദർശനിഷ്ഠനുമായ ലളിതജീവിതം നയിച്ച, പണത്തിനു ഒട്ടും പ്രാധാന്യം കൊടുക്കാത്ത, നല്ല സിനിമക്കുവേണ്ടി സ്വയം സമർപ്പിച്ച’’ ഗുരുതുല്യനായ മങ്കടയെ ഏറെ ബഹുമാനത്തോടെ, അഗാധ സ്​നേഹത്തോടെ പിൻമുറക്കാരനായ സണ്ണി ജോസഫ് ഓർക്കുന്നു. ‘‘ഇങ്ങനെയൊരാൾ, സിനിമയിൽ അപൂർവ വ്യക്തിത്വമാണ്.’’

അരവിന്ദന്റെ ‘ഉത്തരായണ’മുയർത്തിയ രാഷ്ട്രീയവും ചരിത്രപരവും ദാർശനികവുമായ പരിേപ്രക്ഷ്യങ്ങളെ നവ്യവും സർഗാത്മകവും ധ്യാനാത്മകവുമായ കാമറാ ചലനങ്ങളിലൂടെ ഛായാഭേദങ്ങളിലൂടെ ആവിഷ്കരിക്കുന്നതിൽ മങ്കടയുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു. അരവിന്ദന്റെ മൗനവും മങ്കടയുടെ മൗനവും പരസ്​പരം സംവദിച്ചു. നായകനും അന്തർമുഖനും അസ്​തിത്വ ദുഃഖമനുഭവിക്കുന്നവനുമായ രവിയുടെ ആന്തരിക വ്യഥകളിലൂടെ കാമറ നിശ്ശബ്ദമായി സഞ്ചരിക്കുന്നു. ദാർശനികസ്​പർശമുള്ള അസ്​തിത്വവ്യഥയുടെ ആഴമുള്ള ഷോട്ടുകൾ ഇതിലുണ്ട്. രവിയുടെ വനാന്തരയാത്രയുടെ അവസാന രംഗത്തെ (മുഖം മൂടി കരിക്കുന്ന ദൃശ്യം) വൃദ്ധയുടെ നിഷ്കളങ്കമായ ചിരി രവിയുടെ ചിരിയുമായി ലയിച്ചുചേരുന്ന രംഗത്തിന്റെ ഛായാഗ്രഹണത്തിലെ നിഴലും വെളിച്ചവും ചേർന്നുള്ള ദൃശ്യം, ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പെയിന്‍റിങ് പോലെ ക്ലാസിക് സൗന്ദര്യമുള്ളതാണ്. അരവിന്ദനോടൊപ്പം, പിന്നീട് രവിവർമ പ്രവർത്തിച്ചിട്ടില്ല.

‘‘തങ്ങൾക്കിടയിൽ ദൃശ്യഘടനയെക്കുറിച്ചുള്ള ചർച്ചകൾ അപൂർവമായേ ഉണ്ടാകാറുള്ളൂ’’ അടൂർ ഓർക്കുന്നു. ‘രവിയേട്ടന്റെ അപൂർവമായ അഭിപ്രായ നിർദേശങ്ങൾക്ക് താൻ അങ്ങേയറ്റം വിലകൽപിക്കുന്നു, ‘എലിപ്പത്തായ’ത്തിലെ രോഗബാധിതയായ രാജമ്മയെ കൈക്കട്ടിലിൽ കിടത്തി ചുമന്നുകൊണ്ടുള്ള അവസാനരംഗം ചിത്രീകരിച്ചത് രവിവർമയുടെ നിർദേശം അനുസരിച്ചാണ്. ‘‘കട്ടിൽ ചുമക്കുന്ന വൃദ്ധരുടെ കൈകളും കെട്ടിനുള്ളിൽനിന്നു പുറത്തേക്കുള്ള നീക്കത്തിൽ മാറുന്ന ഇരുളും വെളിച്ചവും എല്ലാം ഉൾക്കൊള്ളുന്ന ഒരു നീണ്ട സമീപദൃശ്യത്തിലേക്ക് മാറി.’’ അത്യന്തം മൗലികമായ ഒരു പൊടിക്കൈയിലൂടെയാണ് മങ്കട ഇതു സാക്ഷാത്കരിക്കാൻ സഹായിച്ചതെന്ന് ആദരവോടെ അടൂർ പറയുന്നു. സിനിമയെന്ന കലയെക്കുറിച്ചും മാതൃഭാഷയെക്കുറിച്ചും കൃത്യവും സ്​ഫുടവും ശക്തവുമായ അവബോധവും കാഴ്ചപ്പാടുമുള്ള ഛായാഗ്രാഹകനായിരുന്നു മങ്കട.’’

‘‘പ്രത്യക്ഷ ലോകത്തിലെ സ്​ഥലം ഒരു എത്തും പിടിയുമില്ലാത്ത വിധം സങ്കീർണമാണ്. മനുഷ്യന്റെ പരിേപ്രക്ഷ്യം അതിന് െഫ്രയിമിട്ട് പരിമിതിപ്പെടുത്തിക്കൊണ്ടാണ് ‘കാണുക’ എന്ന ക്രിയ നടക്കുന്നത്. സിനിമ അതു കുറെക്കൂടി വ്യക്തമായി ചെയ്യുന്നു. സിനിമയുടെ സ്രഷ്​ടാവ് അതിന് അർഥവും സൗന്ദര്യവും നൽകുന്നു’’ 1986ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്​ഥാന അവാർഡ് നേടിയ ‘ചിത്രം ചലച്ചിത്രം’ എന്ന തന്റെ ഗ്രന്ഥത്തിൽ മങ്കട രവിവർമ കുറിച്ചു. ഛായാഗ്രഹണ കലയെക്കുറിച്ചും ഉത്തമ സിനിമയെക്കുറിച്ചും നിരവധി പുതിയ അറിവുകൾ നൽകുന്ന ഉത്തമ ഗ്രന്ഥമാണിത്. മങ്കട രവിവർമയുടെ ചലച്ചിത്ര ജീവിതത്തിലെ മറ്റൊരു പ്രധാന സംഭവമായിരുന്നു അദ്ദേഹം സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച ‘നോക്കുകുത്തി’.

ഇന്ത്യയിൽ ആദ്യമായി ഒരു കവിതക്ക് ചലച്ചിത്ര രൂപം നൽകിയത് രവി വർമയാണ്. എം. ഗോവിന്ദന്റെ കാവ്യമായ ‘നോക്കുകുത്തി’ക്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ചു. ‘നോക്കുകുത്തി’ക്ക് മികച്ച സംവിധായകനുള്ള സ്​പെഷൽ ജൂറി അവാർഡു ലഭിച്ചു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘കലാമണ്ഡലം ഗോപി’യുടെ ഛായാഗ്രഹണത്തിന് ഏറ്റവും മികച്ച ഡോക്യുമെന്ററി ഛായാഗ്രഹകനുള്ള ദേശീയ അവാർഡും ലഭിച്ചു. ‘‘ഒരുപക്ഷേ ഛായാഗ്രാഹകനെന്ന നിലയിൽ രവിയേട്ടൻ ചെയ്ത ഏറ്റവും മികച്ച ചിത്രം ‘നിഴൽക്കുത്ത്’ ആണെന്നു വേണം കരുതാൻ,’’ അടൂർ എഴുതി. ‘എലിപ്പത്തായ’ത്തിനും ‘നോക്കുകുത്തി’ക്കും ‘മുഖാമുഖ’ത്തിനും മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്​ഥാന അവാർഡുകൾ ലഭിച്ചു. 2006ൽ മലയാള സിനിമക്കുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ച് ജെ.സി. ഡാനിയൽ പുരസ്​കാരം ലഭിച്ചു. ‘‘മലയാള സിനിമയുടെ ദൃശ്യഭാഷയെ വിശ്വസിനിമയുമായി ഇണക്കിച്ചേർക്കുന്നതിൽ മങ്കട രവിവർമ വഹിച്ച വലിയ പങ്കിനെ’’ പുരസ്​കാര നിർണയ സമിതി പ്രശംസിച്ചു.

പുതിയ തലമുറക്കു മാതൃകയായ, അനുകരണീയമായ വ്യക്തിത്വമായിരുന്നു മങ്കട രവിവർമ. എളിമയുടെ, ലാളിത്യത്തിന്റെ, മാനവികതയുടെ പ്രതീകമായ ഏകാന്തപഥികനും അവിവാഹിതനുമായിരുന്ന നിസ്സംഗനായ കർമയോഗിയായിരുന്നു അദ്ദേഹം. നല്ല സിനിമ ലക്ഷ്യമാക്കിയുള്ള ജീവിത പ്രയാണത്തിൽ, നല്ല സിനിമ ജീവിതമാക്കിയ അടൂർ ഗോപാലകൃഷ്ണനോടൊപ്പം ‘സ്വയംവരം’ മുതൽ ‘നിഴൽക്കുത്ത്’ (2002) വരെ 30 വർഷം പ്രവർത്തിച്ചു. ഒടുവിൽ, രോഗബാധിതനായിരുന്ന, ക്ഷീണിതനായിരുന്ന, ഗുരുതുല്യനായ മങ്കടയെ സഹായിക്കാൻ സണ്ണി ജോസഫും കൂടെ ചേർന്നു.

‘രാജാ രവിവർമ’ ചിത്രം രചിക്കാൻ ചായക്കൂട്ടുകൾ ഉപയോഗിച്ചപ്പോൾ മങ്കട രവിവർമ ദൃശ്യം രചിക്കാൻ പ്രകാശത്തെയാണ് ഉപയോഗിച്ചത്’’ പ്രശസ്ത കാമറാമാനായ രാമചന്ദ്രബാബുവിന്റെ ഈ വാക്കുകൾ അദ്ദേഹത്തിന് സമർപ്പിക്കപ്പെട്ട ഏറ്റവും ഉചിതമായ മനോഹരമായ അന്ത്യപ്രണാമമായിരുന്നു. ‘‘വെളിച്ചം പോയി കഴിഞ്ഞു. പക്ഷേ അദ്ദേഹം സ്വർഗത്തുനിന്ന് ഞങ്ങളെ വെളിച്ചമായി നയിക്കും’’ -രാമചന്ദ്രബാബു പറഞ്ഞു.

News Summary - Mankada Ravivarma Painting With Light