കഥ തന്നെ വിഷയം

അന്തിമമായി സിനിമയുടെ കഥാകൃത്ത് ആരാണ്? കഥാകാരൻ? തിരക്കഥാകാരൻ? അതോ എഡിറ്ററെയും സംവിധായകനെയും കൂടി ഇതിൽ ഉൾപ്പെടുത്തുമോ? കഥാകൃത്തും തിരക്കഥാകൃത്തുമായ ലേഖകൻ സിനിമയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു.ഫ്രാൻസിസ് ഫോർഡ് കൊപ്പോള ‘അപ്പോകലിപ്സ് നൗ’ എന്ന സിനിമ ഷൂട്ട് ചെയ്തുകഴിഞ്ഞപ്പോൾ 12,50,000 അടിയുണ്ടായിരുന്നു. അതു കൂട്ടിെവച്ചാൽ 230 മണിക്കൂർ നീളമുള്ള സിനിമ ഉണ്ടാകുമെന്നർഥം. തിയറ്ററിൽ റിലീസ് ചെയ്യുമ്പോൾ ആ സിനിമ വെറും രണ്ടു മണിക്കൂറും 25...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അന്തിമമായി സിനിമയുടെ കഥാകൃത്ത് ആരാണ്? കഥാകാരൻ? തിരക്കഥാകാരൻ? അതോ എഡിറ്ററെയും സംവിധായകനെയും കൂടി ഇതിൽ ഉൾപ്പെടുത്തുമോ? കഥാകൃത്തും തിരക്കഥാകൃത്തുമായ ലേഖകൻ സിനിമയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു.
ഫ്രാൻസിസ് ഫോർഡ് കൊപ്പോള ‘അപ്പോകലിപ്സ് നൗ’ എന്ന സിനിമ ഷൂട്ട് ചെയ്തുകഴിഞ്ഞപ്പോൾ 12,50,000 അടിയുണ്ടായിരുന്നു. അതു കൂട്ടിെവച്ചാൽ 230 മണിക്കൂർ നീളമുള്ള സിനിമ ഉണ്ടാകുമെന്നർഥം. തിയറ്ററിൽ റിലീസ് ചെയ്യുമ്പോൾ ആ സിനിമ വെറും രണ്ടു മണിക്കൂറും 25 മിനിറ്റും മാത്രമാണുണ്ടായിരുന്നത്. ഓരോ മിനിറ്റിലും നമ്മൾ കാണാത്ത 95 മിനിറ്റുകൾകൂടി സംവിധായകൻ ഷൂട്ട് ചെയ്തിരുന്നു. പക്ഷേ, എഡിറ്റർ വാൾട്ടർ മർച്ച് അതു മുറിച്ചുനീക്കിയിട്ടാണ് സിനിമ പൂർത്തിയാക്കിയത്. ഈ ജോലി തീർക്കാൻ അദ്ദേഹം ഒരു വർഷമെടുത്തു.
ഇവിടെ ഞാൻ ചോദിക്കുന്ന ചോദ്യം ഇതാണ്. അന്തിമമായി സിനിമയുടെ കഥാകൃത്ത് ആരാണ്? കഥാകാരൻ? തിരക്കഥാകാരൻ? അതോ എഡിറ്ററെയും സംവിധായകനെയുംകൂടി ഇതിൽ ഉൾപ്പെടുത്തുമോ? ആദ്യകാല സിനിമകൾ സിംഗിൾ ഷോട്ടുകളായിരുന്നുവെന്ന് നമുക്കറിയാം. ദൈർഘ്യമേറിയ ഒരു ഷോട്ട് മാത്രം, സ്റ്റേജ് നാടകംപോലെയുള്ള ഒരനുഭവം. എഡിസന്റെ സഹായിയായ എഡ്വിൻ പോട്ടർ അദ്ദേഹത്തെ തിരുത്തി. സിംഗിൾ ഷോട്ടുകളെ മുറിച്ചാൽ കഥക്ക് കൂടുതൽ പിരിമുറുക്കം കിട്ടുമെന്ന് പോട്ടർ കണ്ടെത്തി. 1903ലെ ‘ഗ്രേറ്റ് ട്രെയിൻ റോബറി’യുണ്ടാകുന്നത് അങ്ങനെയാണ്. രണ്ട് ഷോട്ടുകളെ ഇന്റർകട്ട് ചെയ്യുമ്പോൾ കഥക്ക് വൈകാരിക തീവ്രതയുണ്ടാകുന്നു. ‘2000 എഡി എ സ്പേസ് ഒഡീസി’ എന്ന സിനിമയിൽ കുരങ്ങുകൾ എല്ലുകൾ എറിയുന്നതിൽനിന്ന് ബഹിരാകാശ വാഹനത്തിലേക്കുള്ള കട്ട് കാലത്തെ നിശ്ചലമാക്കാനും വേഗത കൂട്ടാനും സാധിച്ചു. 1915 ൽ ‘ബെർത്ത് ഓഫ് എ നേഷൻ’ എന്ന സിനിമയിലൂടെ ഗ്രിഫിത്ത് എഡിറ്റിങ് വളരെ മുന്നോട്ടു കൊണ്ടുപോയി. അവിടന്നിങ്ങോട്ട് സിനിമയിൽ എഡിറ്ററുടെ പങ്ക് വലുതായിരുന്നു. സിനിമയുടെ കഥ സൃഷ്ടിക്കുന്ന ഇന്നത്തെ ഒരു സിനിമ എഴുത്തുകാരൻ എഡിറ്റിങ്ങിനെ കുറിച്ച് മാത്രമല്ല എ.ഐ തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെ കുറിച്ചുകൂടി അറിഞ്ഞിരിക്കേണ്ടതായി വരുന്നു.
സിനിമയുടെ കഥ എന്നത് ഒരു സാഹിത്യകാരൻ സ്വാതന്ത്ര്യത്തോടെ കടലാസിൽ എഴുതുന്ന കഥയോ നോവലോ അല്ല. എഴുതുന്നയാൾക്ക് അത്രക്ക് സ്വാതന്ത്ര്യമില്ലാത്ത ഒരു ജോലിയാണതെന്ന് വ്യക്തമാണ്. തുടക്കത്തിൽ സംവിധായകനു വേണ്ടത് കഥാകാരനും തിരക്കഥാകാരനും ചേർന്ന് രചിക്കുകയാണ് ചെയ്യുന്നത്. അടുത്ത ഘട്ടത്തിൽ സംവിധായകൻ ഷൂട്ട് ചെയ്തവയിൽനിന്നു വേണ്ടതെന്താണെന്നു തിരിച്ചറിഞ്ഞ് എഡിറ്റർ പിന്നെയും മാറ്റങ്ങൾ വരുത്തുന്നു. എഴുത്തുകാരന്റെ സർഗാത്മകത തിരക്കഥയിലോ സിനിമയിലോ വരാറുണ്ടോ? സംവിധായകരായ അന്റോണിയോയോണിക്കും താർകോവ്സ്കിക്കും തിരക്കഥയെഴുതിയ എഴുത്തുകാരൻ ടോണിനോ ഗുവേരയുടെ ഒരാശയം (1 +1 = 1) റെഡ് ഡെസർട്ടിലും നൊസ്റ്റാൾജിയയിലും കാണപ്പെട്ടപ്പോൾ ചിലർ അതേക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു.
എല്ലാ സംവിധായകർക്കും ഞാനെന്റെ ചില കവിതകൾ കൊടുത്തു എന്നാണദ്ദേഹം പറഞ്ഞത്. തിരക്കഥാകാരനെ ഒരു ഓതർ ആയി ആരും തന്നെ കണക്കാക്കുന്നില്ല എന്നതാണ് ഇതിനു കാരണം. ഫ്രഞ്ച് നവതരംഗ കാലത്തും അതിലെ പ്രമുഖനായ ഗൊദാർദ് തിരക്കഥയെ തള്ളിപ്പറഞ്ഞതുകൊണ്ടുംകൂടിയാണ് ഇത് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ, ഗൊദാർദ് തിരക്കഥാകാരനെ ഇൻവിസിബിൾ ഗോസ്റ്റ് എന്നാണ് വിശേഷിപ്പിച്ചത്. സിനിമ നിർമിച്ചു കഴിയുന്നതോടുകൂടി ഇല്ലാതായി പോകുന്ന ഒരു കവിതയാണ് തിരക്കഥ. എന്നിട്ടും പ്രതിഭാശാലികളായ എഴുത്തുകാർ തിരക്കഥ എഴുതാനായി മുന്നോട്ടുവന്നു. ബുനുവേലിനൊപ്പം എഴുതിയ ക്ലോഡ് കരിയർ, മാർഗരീത ഡ്യൂറാസ്, ടോണിനോ ഗുവേര, ഹരോൾഡ് പിന്റർ, പീറ്റർ ഹാൻഡ്കെ തുടങ്ങിയവർ ഉദാഹരണം.

റോബർട്ട് മക്കി,ഗൊദാർദ്
അപ്പോൾ സുപ്രധാനമായ ഒരു ചോദ്യം ചോദിക്കാം. എന്താണ് കഥ? കാണികൾക്ക് ഒരു പ്രത്യേക രൂപത്തിലുള്ള വൈകാരികവും ബൗദ്ധികവുമായ ജ്ഞാനം പകരുന്ന വിനിമയമാണ് കഥ. ഒരു നല്ല കഥയിൽ പലപ്പോഴും വൈകാരിക മുഹൂർത്തങ്ങൾ ഉണ്ടായേക്കും. ആ കഥ കേൾക്കുന്ന ഒരാൾ അതിലേക്ക് പ്രവേശിക്കുകയും ആ കഥയിൽ അകപ്പെടുകയും ചെയ്തു എന്നും വരും. എന്നാൽ, ചില സിനിമക്കാർ പറയുന്നതുപോലെ ജീവിതത്തിൽനിന്നുള്ള രക്ഷപ്പെടൽ അല്ല. യാഥാർഥ്യത്തെ തേടുന്ന ഒരു വാഹനമോ ഒരു ഉപകരണമോ ആണ് കഥ. മനുഷ്യർക്ക് ജീവിതത്തിന്റെ കുറെ കൂടി മെച്ചപ്പെട്ട സാധ്യതകൾ കാണിച്ചുതരാൻ ചിലപ്പോൾ കഥക്ക് കഴിയുന്നു. താർകോവ്സ്കി ബേല താർ തുടങ്ങിയ സംവിധായകരെ സംബന്ധിച്ചിടത്തോളം തികച്ചും സർഗാത്മകമായ ഒരാവിഷ്കാരമാണ് സിനിമ.
Auteur ഏതാണ്ട് ഓതറിനെ പോലെ തന്റെ മാധ്യമത്തിൽ മുഴുവനായും നിയന്ത്രണം ആഗ്രഹിക്കും. ഓറ്റ്യൂർ എന്ന ആശയംതന്നെ വരുന്നത് ഫ്രഞ്ച് ചലച്ചിത്ര ചിന്തകരിൽനിന്നാണ്. മിക്കവാറും അവർതന്നെ അതിന്റെ കഥയും തിരക്കഥയും രചിക്കുകയാണ് പതിവ്. നമ്മളിവിടെ കുറച്ചുകൂടി മുഖ്യധാരയിലേക്ക് വരുന്ന സിനിമകളെക്കുറിച്ചാണ് പറയുന്നത്. അതിൽ പ്രേക്ഷകരെക്കൂടി കണക്കിലെടുത്തുകൊണ്ട് പറയാവുന്ന വികാരഭരിതമായ ഒരു കഥ സിനിമാറ്റിക്കായി പറയുവാനാണ് ശ്രമിക്കുക. കഥകളെക്കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം ഓർക്കുന്നത് പുരാണങ്ങളും ഐതിഹ്യങ്ങളും മറ്റുമാണ്. ഇത് ഒരാളെഴുതിയതല്ല. അനേകം കാലങ്ങളിലൂടെ അനേകം പേർ എഴുതുകയും കൂട്ടിച്ചേർക്കുകയും ചെയ്തതിനാലാണ് ‘മഹാഭാരതം’ പോലെയുള്ള ഇതിഹാസങ്ങളുണ്ടായത്. ധാരാളം കഥകളെ ചേർക്കാൻ സാധിക്കുന്നവിധമാണ് അതിന്റെ ഘടന എന്നു ചുരുക്കം. എന്നാൽ, ഒരു ചലച്ചിത്രത്തിന് പറഞ്ഞുതീർക്കാൻ സമയപരിധിയുണ്ട്. നൂറു വർഷത്തെ കഥയാണെങ്കിലും രണ്ടോ മൂന്നോ മണിക്കൂറാണ് നമ്മുടെ കൈവശമുള്ളത്. അതിന്റെ ഘടന ഈ സമയപരിധിക്കുള്ളിൽ നിൽക്കുന്ന കഥയുടേതായിരിക്കും. അല്ലെങ്കിൽ അതു പ്രവർത്തിക്കുകയില്ല (ഏഴും ഒമ്പതും മണിക്കൂർ ദൈർഘ്യമുള്ള സിനിമകൾ നിലവിലുണ്ട് എന്ന കാര്യം മറക്കുന്നില്ല).
ജീവിതത്തിലെ മനുഷ്യർ സിനിമയിലേതുപോലെയുള്ള ഡയലോഗ് പറയാറില്ല. ജീവിതത്തിലെയും കഥയിലെയും ഡ്രാമയുടെ നിയമാവലികൾ വ്യത്യസ്തമാണ്. അതുപോലെ തന്നെ ജീവിതത്തിലുള്ള മനുഷ്യരെപോലെ ഫിക്ഷനിലെ മനുഷ്യരും പെരുമാറണമെന്നു നമുക്കു വാശിപിടിക്കാനുമാകില്ല. കാരണം, ജീവിതത്തിന് കൃത്യമായ ഘടനയില്ല. ‘മഹാഭാരത’ത്തിന്റെ തുടക്കത്തിലെ ഭാഗം വളരെ സംഭവബഹുലമാണ്. പിൽക്കാലത്ത് കൂട്ടിച്ചേർക്കപ്പെട്ടത് എന്നു വിശ്വസിക്കപ്പെടുന്ന നളദമയന്തി കഥയിലെ വിവരണങ്ങൾ ഏറെ സുന്ദരവുമാണ്. സംഭവത്തേക്കാളുപരി വിവരണകലക്കാണ് ആ ഭാഗങ്ങളിൽ പ്രാധാന്യം കൈവന്നിരിക്കുന്നത് എന്നു ചുരുക്കം. പ്രമേയത്തിനു പകരം രൂപം. ഇതാണ് സത്യത്തിൽ ചലച്ചിത്രത്തിനുള്ള വിഷയത്തിലും വേണ്ടതെന്നു ഞാൻ വിശ്വസിക്കുന്നു. വെറും പ്ലോട്ടുകളാൽ നിർമിക്കപ്പെട്ട സിനിമയും ദൃശ്യങ്ങളുടെ ശക്തിയാൽ രൂപപ്പെടുന്ന സിനിമയുമുണ്ട്. നല്ല സിനിമ ആവശ്യപ്പെടുന്നത് തീർച്ചയായും ദൃശ്യത്തിനു പ്രാധാന്യമുള്ള സിനിമതന്നെയാണ്. എന്താണ് പ്ലോട്ട്. ഒന്നിന് പിന്നാലെ അതിന്റെ തുടർച്ചയായി ബന്ധപ്പെട്ട് കടന്നുവരുന്ന സംഭവങ്ങളുടെ മുന്നോട്ടുപോക്കാണ് പ്ലോട്ട്.

ഫ്രാൻസിസ് ഫോർഡ്,വാൾട്ടർ മർച്ച്,ടോണിനോ ഗുവേര
എന്നാൽ പ്ലോട്ടല്ല സിനിമയുടെ രൂപം നിർണയിക്കുന്നത്, ഇമേജുകളും ശബ്ദവുമാണ്. തിരക്കഥ എഴുതാൻ തുടങ്ങുമ്പോൾതന്നെ എഴുത്തുകാരൻ അതിന്റെ രൂപത്തേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുന്നു. എന്നാൽ, ഒരു നോവൽ എഴുത്തുകാരൻ അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. ഞാനിപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ അന്ത്യം അല്ലെങ്കിൽ അടുത്ത അധ്യായം എന്തായിരിക്കും എന്നു ചോദിച്ചാൽ എനിക്കറിയില്ല എന്നേ പറയാനാകൂ. ഒരു കഥക്ക് ആദിയും മധ്യവും അന്ത്യവും ഉണ്ടാവും. പക്ഷേ അതിന്റെ ക്രമം ചിലപ്പോൾ മാറിമറിഞ്ഞു എന്നും വരാം. ടാറന്റീനോയുടെ പൾപ് ഫിക്ഷൻ അതിന് ഒരു ഉദാഹരണമാണ്. അപ്പോൾ എന്താണ് സിനിമയിലെ കഥ? കീസ്ലോവ്സ്കി ഒരിക്കൽ പറഞ്ഞു, ഫിലിം സ്കൂളാണ് ലോകത്തെ നോക്കി കാണേണ്ടത് എങ്ങനെയെന്ന് തന്നെ പഠിപ്പിച്ചതെന്ന്. ജീവിതത്തിൽ മനുഷ്യർ സംസാരിക്കുകയും സന്തോഷിക്കുകയും വിഷമിക്കുകയും കഷ്ടപ്പെടുകയും മോഷ്ടിക്കുകയും കൊല്ലുകയുമൊക്കെ ചെയ്യുന്നുണ്ടെന്നു മാത്രമല്ല ഇവയെല്ലാം കാമറയിൽ പകർത്തുന്നുമുണ്ട്. ഇങ്ങനെ പകർത്തപ്പെട്ട ചിത്രങ്ങളിലൂടെ ഒരു കഥ പറയാനുമാകും.

1974ൽ അദ്ദേഹം പറഞ്ഞു, എന്നേക്കാളും ബൗദ്ധികത ജീവിതത്തിനുണ്ട്. ഞാൻ നിർമിക്കുന്നതിനേക്കാൾ രസകരമായ നിമിഷങ്ങൾ ജീവിതം സൃഷ്ടിക്കുന്നുണ്ട് എന്ന്. ഇതു രണ്ടും കൂട്ടിവായിക്കുന്ന ഒരാൾക്ക് ചലച്ചിത്രത്തിലെ കഥയെക്കുറിച്ച് ഒരു ധാരണ കിട്ടും. എന്നുെവച്ചാൽ ജീവിതത്തിൽനിന്ന് ഏറെ അകലെയുള്ള ഒരു പ്രപഞ്ചത്തിലേക്കുള്ള യാത്രയല്ല കഥയെന്ന്. യാഥാർഥ്യത്തെ കൃത്യമായും ആഴത്തിലും അനുഭവിച്ചറിയുവാനുള്ള ഒരു ഉപാധിയാണത്. കഥ, തിരക്കഥാ രചനയെക്കുറിച്ച് ധാരാളം കുക്ക് ബുക്കുകൾ ഇപ്പോൾ ലഭ്യമാണ്. പക്ഷേ അതെല്ലാം മറ്റുള്ളവരുടെ റെസിപ്പികളാണ്. അത് നമുക്കു സ്വീകാര്യമാണോ എന്നതാണ് പ്രധാനം. കഥയെഴുതുന്നതു സംബന്ധിച്ച് ധാരാളം ഉപദേശങ്ങളും നിയമാവലികളും ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. അതിനെയൊക്കെ മറികടന്ന് നമ്മുടെ ഉള്ളിലെ പ്രതിഭയെ പുറത്തെടുക്കുകയാണ് ഒരു നല്ല എഴുത്തുകാരൻ ചെയ്യേണ്ടത്. പരിചയസമ്പന്നരല്ലാത്ത എഴുത്തുകാർ നിയമാവലികൾ അനുസരിച്ച് എഴുതാൻ ശ്രമിക്കും.
അക്കാദമിക്കല്ലാത്ത വിപ്ലവകാരികളായ എഴുത്തുകാർ അവയെ പാടെ തള്ളിക്കളഞ്ഞുകൊണ്ട് എഴുതും. പാകതയുള്ളവർ ഫോമിനെ, രൂപത്തെ, കീഴടക്കുമെന്ന് തിരക്കഥാ ഗുരുവായ റോബർട്ട് മക്കി (Robert Mckee) പറഞ്ഞു. കല എന്നു പറയുന്നത് ഫോം ആണ്, കണ്ടന്റ് അല്ല. കഥ ജീവിതം പകർത്തിെവക്കലല്ലെന്നും ജീവിതത്തിന്റെ മെറ്റഫറാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഒരു കഥ പറയുമ്പോൾ കഥാപാത്രത്തിന്റെ അനേകായിരം മണിക്കൂറുകൾ നീണ്ട ജീവിതത്തിൽനിന്ന് നാം തിരഞ്ഞെടുക്കുന്നത് ചില നിമിഷങ്ങൾ മാത്രമാണ്. ആ നിമിഷങ്ങൾ മതി സിനിമയുടെ കഥക്ക്. പക്ഷേ ആ നിമിഷങ്ങൾ ആ കഥാപാത്രത്തേക്കുറിച്ച് മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്തും. സിനിമയിൽ പറയുന്നത് ആ കഥാപാത്രത്തിന്റെ വാസ്തവ കഥയാകണമെന്നുമില്ല. എഴുതുന്നയാളുടെ ദർശനവും കാഴ്ചപ്പാടുമൊക്കെ അതിൽ കടന്നുവരും. അതുകൊണ്ടുതന്നെ എഴുത്തുകാരന്റെ കഥയാണത്. ഭാരതീയ ചിന്തകളിൽ പറയുന്നതുപോലെ സ്വയം കണ്ടെത്തലും കൂടിയാണാ കർമം. തൊട്ടു മുന്നിൽ കടന്നുപോയ ഒന്നിനേപ്പോലെ ഒന്നുകൂടി ഉണ്ടാക്കുന്നതിനെ സൃഷ്ടി എന്നു പറയാനാകില്ല. കണ്ടു ശീലിച്ച പലതും ചേർത്ത് പുതിയതായി ഒന്നുണ്ടാക്കിയാൽ പ്ലാസ്റ്റിക് പോലെ കൃത്രിമമായിരിക്കും.
അതിനു ജീവനുണ്ടാകില്ല. റെസിപ്പിയനുസരിച്ച് കഥയുണ്ടാക്കുന്നവർ ചെയ്യുന്നത് ശവത്തിൽ പണിയെടുക്കുന്ന മോർട്ടീഷ്യന്റെ ജോലിയാണ്. ഫിക്ഷനെഴുതുന്നവർ നൈസർഗികമായ ഭാവനയുടെ അസാധ്യതകളിലേക്കു പോകണം. അതുകൊണ്ടാണ് ടാക്സി ഡ്രൈവർ എഴുതിയ പോൾ ഷ്റേഡർ പറഞ്ഞത്: എഴുത്തുകാരൻ മറ്റ് സിനിമകളും പുസ്തകങ്ങളും കണ്ടല്ല പഠിക്കേണ്ടത് അവനവനിലേക്ക് നോക്കിയാണ് എന്ന്. കൽക്കത്ത നഗരത്തിൽ ആധുനികമായ മട്ടിൽ ജീവിച്ചിരുന്ന സത്യജിത് റായി ആദ്യസിനിമയായ ‘പഥേർ പാഞ്ചാലി’യുണ്ടാക്കാൻ പഴയ കാലത്തുള്ള കുഗ്രാമത്തിലേക്കു പോകുകയാണുണ്ടായത്. അതിനുവേണ്ടി വിഭൂതിഭൂഷൻ ബന്ദോപാധ്യായയുടെ നോവൽ ഉപയോഗിച്ചപ്പോൾ അദ്ദേഹത്തിനു തീരെ പരിചയമില്ലാത്ത ആ ജീവിതകഥ രൂപപ്പെട്ടുവന്നു.
ആ ഗ്രാമവും നമ്മൾ കാണുന്ന മനുഷ്യരും സത്യജിത് റായി സൃഷ്ടിച്ചതാണ്. ഗ്രാമത്തിൽ വീഴുന്ന ഇളവെയിൽ, പൂച്ചക്കുഞ്ഞുങ്ങൾ, പട്ടി, വെള്ളത്തിലാശാൻ, കാശപ്പുല്ല് എന്നിവയടങ്ങിയ ഒരു പുതിയ പ്രപഞ്ചം അദ്ദേഹം സൃഷ്ടിച്ചു. പുതിയ ഒരു പ്രപഞ്ചാനുഭവം തേടിയാണ് കാണികൾ തിയറ്ററിലേക്കു വരുന്നത്. ജീവിതത്തിൽനിന്നു രക്ഷപ്പെടാനല്ല, ജീവിതത്തെ വീണ്ടും കണ്ടെത്താൻ. എഴുത്തുകാരനായ സത്യജിത് റായി തനിക്കുവേണ്ട കാര്യങ്ങൾ തിരഞ്ഞെടുത്ത് അത് തന്റെ കഥയാക്കി മാറ്റുകയാണ് ചെയ്യുന്നത്. അപുവിന്റെ കുടുംബം ദുർഗയുടെ മരണശേഷം ആ വീടു വിട്ടുപോകുന്ന രംഗമുണ്ട് സിനിമയിൽ. അവസാന രംഗത്തിൽ അവരുടെ യാത്രക്കു ശേഷം കാടും പടലും കേറിയ ആ വീട്ടിലേക്ക് ഒരു പാമ്പ് ഇഴഞ്ഞുകേറുന്നത് സിനിമയിലുണ്ട്. അത് റായിയുടെ സൃഷ്ടിയാണ്. മനുഷ്യൻ പ്രകൃതിയിൽനിന്നു വെട്ടിപ്പിടിച്ച ഇടങ്ങൾ പ്രകൃതി തിരിച്ചുപിടിക്കുമെന്ന വലിയ ജീവിതപാഠം. നല്ല സിനിമകളുടെ കഥ പറഞ്ഞുതീർന്നാലും അവസാനിക്കുന്നില്ല. അതു നമ്മുടെ മനസ്സിലൂടെ വളർന്നുകൊണ്ടേയിരിക്കുന്നു. സൂത്രവാക്യങ്ങളെയും കുക്ക് ബുക്കുകളെയും മാത്രം ആശ്രയിക്കുന്ന ഒരാൾക്ക് ഇത്തരം ഒന്ന് നിർമിക്കാനാകില്ല. അതിന് ദർശനവും ഉൾക്കാഴ്ചയും ആവശ്യമാണ്.
എന്തിനാണ് മനുഷ്യർക്കിത്രമാത്രം കഥ വേണ്ടിവരുന്നത്. ജീവിതം പൊതുവെ അമൂർത്തമാണ്. നമുക്കതിനെ പുറമെനിന്നു കാണാനാകുന്നില്ല. അതിനു കൃത്യമായ ഒരു രൂപമില്ലാത്തതു തന്നെയാണ് കാരണം. അതിനാൽ നമുക്കു ചില പാറ്റേണുകൾ ഉണ്ടെങ്കിൽ സൗകര്യപ്രദമായിരിക്കും. Fiction gives Life its meaning. 2300 വർഷം മുമ്പേ അരിസ്റ്റോട്ടിൽ പറഞ്ഞു, കഥപറച്ചിൽ മോശമായാൽ സമൂഹം ജീർണിക്കാൻ തുടങ്ങുമെന്ന്. സത്യസന്ധവും ശക്തവുമായ കഥാകഥനമില്ലെങ്കിൽ സംസ്കാരം തന്നെ പരിണമിക്കുകയില്ല.