‘പിറവി’ മുന്നോട്ടുെവച്ച രാഷ്ട്രീയവും ന്യൂനോക്തികളും

അടിയന്തരാവസ്ഥയിലെ രാജൻ സംഭവം പ്രമേയമാക്കിയ ‘പിറവി’ എന്ന സിനിമ വീണ്ടും കാണുകയാണ് ചലച്ചിത്രപ്രവർത്തകനും നിരൂപകനുമായ ലേഖകൻ. സിനിമ പ്രതിലോമ രാഷ്ട്രീയത്തിന്റെ ഇതിഹാസമായിരുന്നോ? അല്ലെങ്കിൽ അടിയന്തരാവസ്ഥയുടെ ന്യൂനോക്തീകരണമായി ആ സിനിമയെ കാണാനാകുമോ? ‘‘ഒരു ഫോട്ടോയിൽ അവസാനിക്കാനാണ് ഇന്ന് എല്ലാം നിലനിൽക്കുന്നത്’’ സൂസൻ സൊണ്ടാഗ്2025 എന്ന വർഷം ഇന്ത്യയിൽ അടയാളപ്പെടുത്തേണ്ടത് അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം എന്ന നിലയിലാണ്. ജനാധിപത്യ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അടിയന്തരാവസ്ഥയിലെ രാജൻ സംഭവം പ്രമേയമാക്കിയ ‘പിറവി’ എന്ന സിനിമ വീണ്ടും കാണുകയാണ് ചലച്ചിത്രപ്രവർത്തകനും നിരൂപകനുമായ ലേഖകൻ. സിനിമ പ്രതിലോമ രാഷ്ട്രീയത്തിന്റെ ഇതിഹാസമായിരുന്നോ? അല്ലെങ്കിൽ അടിയന്തരാവസ്ഥയുടെ ന്യൂനോക്തീകരണമായി ആ സിനിമയെ കാണാനാകുമോ?
‘‘ഒരു ഫോട്ടോയിൽ അവസാനിക്കാനാണ് ഇന്ന് എല്ലാം നിലനിൽക്കുന്നത്’’ സൂസൻ സൊണ്ടാഗ്
2025 എന്ന വർഷം ഇന്ത്യയിൽ അടയാളപ്പെടുത്തേണ്ടത് അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം എന്ന നിലയിലാണ്. ജനാധിപത്യ ധ്വംസനം, സ്വാതന്ത്ര്യ ഹനനം, പത്ര സ്വാതന്ത്ര്യത്തിന് വിലക്ക്, പൊലീസ് മർദനം, മനുഷ്യാവകാശ വിരുദ്ധത, കസ്റ്റഡി മരണങ്ങൾ എന്നിവകൊണ്ട് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കറുത്ത ഏടായി അടിയന്തരാവസ്ഥ ഇന്നും ഓർമിപ്പിക്കപ്പെടുകയാണ്. രണ്ടാം ലോകയുദ്ധം, നാസി ഭീകരത, അതിർത്തി പ്രശ്നങ്ങൾ, പലായനങ്ങൾ, പട്ടാള സ്വേച്ഛാധിപത്യം, ഫാഷിസം തുടങ്ങിയവ നിരവധി ലോക സിനിമകൾക്ക് വിഷയമായിട്ടുണ്ട്. എന്നാൽ, ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരം, ഇന്ത്യ-പാകിസ്താൻ വിഭജനം എന്നിവ പ്രമേയമാക്കിക്കൊണ്ട് ഇന്ത്യയിൽ ഉണ്ടായിട്ടുള്ള സിനിമകളുടെ കണക്കെടുത്താൽ ഇന്ത്യൻ സിനിമാ സംവിധായകരുടെ ചരിത്രബോധവും രാഷ്ട്രീയ പരിമിതികളും ബോധ്യപ്പെടും. അടിയന്തരാവസ്ഥ പ്രമേയമായുണ്ടായ സിനിമകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
ഈയൊരു പശ്ചാത്തലത്തിലാണ് 1989ൽ പുറത്തിറങ്ങിയ ‘പിറവി’ (സംവിധാനം: ഷാജി എൻ. കരുൺ) എന്ന സിനിമ ആലോചനാ വിധേയമാകുന്നത്. വിക്കിപീഡിയ പറയുന്നത് പ്രകാരം, 1976ൽ പൊലീസ് കസ്റ്റഡി മരണം ഏറ്റുവാങ്ങിയ രാജൻ എന്ന കോഴിക്കോട് റീജനൽ എൻജിനീയറിങ് വിദ്യാർഥിയുടെ അച്ഛനായ പ്രഫസർ ഈച്ചരവാരിയരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ഈച്ചരവാരിയരുടെ ‘ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ’ വായിച്ച ഏതൊരാൾക്കും അതങ്ങനെയല്ല ആവിഷ്കരിക്കപ്പെട്ടത് എന്ന് ബോധ്യമാവും. നിർമാണ കാലഘട്ടത്തിൽ സിനിമയുടെ അടിസ്ഥാനം രാജൻ സംഭവമാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ, നിർമാണാനന്തരം ഇത് രാജൻ സംഭവമല്ലെന്നും ലോകത്ത് എവിടെയും മകനെ കാത്തിരിക്കുന്ന ഒരച്ഛന്റെ ദുഃഖമാണ് താൻ ആവിഷ്കരിച്ചതെന്നും സംവിധായകൻ തിരുത്തിപ്പറയാൻ വൃഥാ ശ്രമിച്ചിട്ടുണ്ട്. മകനെ നഷ്ടപ്പെട്ട അച്ഛൻ എന്ന് പറയുമ്പോൾതന്നെ അച്ഛൻ അനുഭവിച്ച സാമൂഹിക സംഘർഷങ്ങളും മകനെ അന്വേഷിച്ച് അദ്ദേഹം നടന്നുതീർത്ത വഴികളും അദൃശ്യപ്പെടുത്തുന്നുണ്ട് ‘പിറവി’. ആ അർഥത്തിൽ രാഷ്ട്രീയ ശരികേടുകളുടെ സർവ വിജ്ഞാന കോശമാകുന്നുണ്ട് ഈ സിനിമ.
ഫാഷിസത്തെ പ്രകൃതിയിലെയും ജീവിതത്തിലെയും സൗന്ദര്യ ബിംബങ്ങൾകൊണ്ട് നിർവീര്യമാക്കിയാൽ സംഭവിക്കുന്ന അപകടത്തെ കുറിച്ച് സൂസൻ സൊണ്ടാഗ് തന്റെ ‘ഫാസിനേറ്റിങ് ഫാഷിസം’ എന്ന പ്രബന്ധത്തിൽ പറയുന്നുണ്ട്. അതിക്രൂരമായ രാഷ്ട്രീയ യാഥാർഥ്യത്തെ സൗന്ദര്യമെന്ന മാരീച വേഷമണിയിക്കുകയാണ് ‘പിറവി’ ചെയ്യുന്നത്. അത് ടൈറ്റിൽ കാർഡ് മുതൽ പ്രത്യക്ഷമാകുന്നു. തിരയടിക്കുന്ന കടൽ, മേഘാവൃതമായ ആകാശം, ചക്രവാളം, നിരന്നുപറക്കുന്ന കാക്കകൾ, കടപ്പുറത്ത് സർറിയൽ ദൃശ്യംപോലൊരു വീട്, കാറ്റിൽ ആടിയുലയുന്ന വൃക്ഷത്തലപ്പുകൾ, ഓളങ്ങൾ തിരതല്ലുന്ന പുഴ, മഴ, തോട്, പുല്ലുകൾ, പുൽത്തിട്ടകൾ, കടവ്, കടത്ത്, കടത്തുകാരൻ എന്നിങ്ങനെ കേരളത്തിൽ ദൃശ്യമാവുന്ന കാൽപനിക ധ്വനിയുള്ള സമകാലികവും പ്രാചീനവുമായ എല്ലാ ബിംബങ്ങളും ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നു. സൂസൻ സൊണ്ടാഗ് ‘ഓൺ ഫോട്ടോഗ്രഫി’യിൽ പറയുന്നു. ‘‘യാഥാർഥ്യത്തിന്റെ തടവിലകപ്പെടാൻ ഒരാൾക്ക് കഴിയില്ല.
ബിംബങ്ങളെ ഒരാൾക്ക് സ്വാംശീകരിക്കാൻ കഴിയും. വർത്തമാനകാലത്തെ ഒരാൾക്ക് സ്വാംശീകരിക്കാൻ എളുപ്പമല്ല, എന്നാൽ ഭൂതകാലത്തിന് കഴിയും.’’ ‘പിറവി’യിൽ സമകാലിക യാഥാർഥ്യത്തെക്കാൾ പഴമയും ഭൂതകാല ബിംബങ്ങളുമാണ് കൂടുതലായി ചിത്രീകരിക്കപ്പെടുന്നത്. രഘു (രാജൻ) എന്ന കാണാതാകുന്ന എൻജിനീയറിങ് വിദ്യാർഥിയുടെ ജീവിതവും, കോളജിലെ പ്രവർത്തനങ്ങളും ആ കാലവും സിനിമയിൽ അദൃശ്യമാണ്. ബാല്യകാലത്ത് ഓപ്പോളുമായി കളിക്കുന്നതും, വികൃതി കാണിക്കുന്നതും ഓപ്പോളേക്കാൾ വിഷു കൈനീട്ടം കുറവ് ലഭിക്കുമ്പോൾ വഴക്ക് കൂടുന്നതും എല്ലാം അമിതമായ പ്രാധാന്യത്തോടെ ഗൃഹാതുര സ്മരണയായി സിനിമയിൽ നിറയുന്നു.
ഈച്ചരവാര്യരുടെ ഓർമക്കുറിപ്പുകളിലും കൂട്ടുകാരുടെ സാക്ഷ്യം പറച്ചിലിലും രാജൻ പാടിയ പാട്ടുകളെ കുറിച്ചും അയാളിലെ കലാകാരനെക്കുറിച്ചും ധാരാളം വിവരങ്ങളുണ്ട്. എന്നാൽ, സിനിമയിൽ അവ സ്പർശിക്കുന്നതേയില്ല. ആകെ ഓർമിക്കപ്പെടുന്ന ഒരു സന്ദർഭം രഘുവിന്റെ ഓപ്പോളായ മാലതി കോളജ് ഹോസ്റ്റലിൽ പോയി അന്വേഷിക്കുമ്പോൾ രഘു അറസ്റ്റ് ചെയ്യപ്പെടാനുണ്ടായ കാരണമാണ്. കോളജ് വാർഷികാഘോഷത്തിലെ വേദിയിൽ ഒരു മന്ത്രിയെ കളിയാക്കി പാടിയതിനാണ് രഘുവിനെ പൊലീസ് പിടിച്ചുകൊണ്ടുപോയത്. എന്നാൽ, ഹോസ്റ്റൽ മുറിയിൽ െവച്ച് രഘുവിന് പൊലീസ് കസ്റ്റഡിയിൽ സംഭവിച്ചത് എന്തായിരിക്കാമെന്ന് ഒരു കൂട്ടുകാരൻ പറയുന്നത് സിനിമയുടെ ശബ്ദസാങ്കേതികതകൊണ്ട് കാഴ്ചക്കാർക്ക് കേൾക്കാതാക്കുന്നു. യാഥാർഥ്യത്തെ മറച്ചുപിടിക്കുക വഴി ചരിത്രസംഭവത്തെ വ്യക്തികളുടെ വൈകാരികത മാത്രമായി ചുരുക്കുകയാണ് ‘പിറവി’.

പിറവി’ സിനിമയിൽനിന്ന്
സിനിമയുടെ മറ്റൊരു പ്രതിലോമപരത ദൃശ്യങ്ങളിലും ശബ്ദപഥത്തിലുമുള്ള ഹൈന്ദവതയുടെ കടന്നുകയറ്റമാണ്. ചാക്യാരുടെ നാട്ടിൽ അമ്പലവാസികൾ മാത്രമേയുള്ളൂവെന്നു തോന്നുന്ന രീതിയിലാണ് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്. ടൈറ്റിലിന്റെ പശ്ചാത്തലം തംബുരുവും ഇടയ്ക്കയുമാണ്. കലാകാരനും ഇടതുപക്ഷ രാഷ്ട്രീയക്കാരനുമായ രാജൻ എന്ന രഘുവിന്റെ ഹോസ്റ്റൽ മുറി തുറന്ന് മാലതി കയറുമ്പോൾ തംബുരു ശബ്ദിക്കുവാൻ തുടങ്ങുന്നു. പാട്ടെഴുതുകയും പാടുകയും നാടകം അഭിനയിക്കുകയും ചെയ്യുന്ന വിപ്ലവബോധമുള്ള വിദ്യാർഥിയായിരുന്നു രാജൻ എന്നോർക്കണം. വാസ്തുവിദ്യയും പുതിയ എൻജിനീയറിങ് ടെക്നോളജിയും സമന്വയിപ്പിക്കാൻ ശ്രമിക്കുന്ന രഘു മാലതിയോട് അതേക്കുറിച്ച് പറയുന്നതിന്റെ തീർപ്പ് പഴമകൾ തന്നെയാണ് ശരി എന്നതാണ്. രാഘവച്ചാക്യാർ എന്ന രഘുവിന്റെ അച്ഛന്റെ മൂലകഥാപാത്രമായ ഈച്ചരവാര്യർ മാർക്സിസ്റ്റ് പാർട്ടിക്കാരൻ ആയിരുന്നു. എന്നാൽ, ചാക്യാർ അതീവ ഭക്തനും എവിടെയെങ്കിലും തൊഴുതുനിൽക്കാൻ അവസരമുണ്ടോയെന്നു കാത്തുനിൽക്കുന്ന ആളുമാണ്.
ബസിൽ, ബസ് സ്റ്റോപ്പിൽ എല്ലാം നിലവിളക്കിന്റെ തീനാളമോ ഒരു മണിനാദമോ കേട്ടാൽ എണീറ്റു തൊഴുതു നിൽക്കുകയായി എന്നുള്ളതാണ് വൈരുധ്യം. തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രിയെ കാണാൻ പോകുമ്പോൾ ചാക്യാർ താമസിക്കുന്ന ഹോട്ടലിന്റെ പേരുപോലും ‘ശ്രദ്ധാപൂർവ’മാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ‘അനന്തശയനം’. കോട്ടക്കകത്താണ് ആ ലോഡ്ജ്. തിരുവനന്തപുരത്ത് പോയപ്പോൾ ഈച്ചരവാര്യർ താമസിച്ചത് തമ്പാനൂരുള്ള സർക്കാർ വക സി.പി സത്രത്തിലാണ് എന്ന് ‘ഒരച്ഛന്റെ ഓർമക്കുറിപ്പി’ൽ വ്യക്തമാണ്. ഹോട്ടലിലെ റൂം ബോയ് ആയി പണിയെടുക്കുന്ന ആൾ ഹോട്ടലുടമയായ സ്വാമിക്ക് ഇപ്പോൾ ഈ കെട്ടിടവും അത് നിൽക്കുന്ന സ്ഥലവും മാത്രമേ ബാക്കിയുള്ളൂവെന്നും ബാക്കിയെല്ലാം സർക്കാർ കൊണ്ടുപോയി എന്നും സങ്കടപ്പെടുന്നുണ്ട്. പഴയ ജന്മിത്തവും ഫ്യൂഡൽ അധികാരങ്ങളും നഷ്ടപ്പെട്ടതിന്റെ നിരാശ ആ വാക്കുകളിൽ ഘനീഭവിച്ചു നിൽക്കുന്നുണ്ട്. കേരളം പതിറ്റാണ്ടുകളായി ആർജിച്ചതും, കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ നടപ്പാക്കിയതുമായ ഭൂപരിഷ്കരണ പദ്ധതികളെപ്പോലും പരിഹസിക്കാൻ സിനിമ ശ്രദ്ധിക്കുന്നുണ്ട്. സിനിമയുടെ അവസാനം മാനസിക വിഭ്രാന്തിയിലേക്ക് പതിക്കുന്ന ചാക്യാർ ശംഭോ മഹാദേവ, പാർവതി എന്നുരുവിടുന്നു.
സിനിമയുടെ പ്രകടമായ കമ്യൂണിസ്റ്റ് വിരുദ്ധതയാണ് പരമപ്രധാനം. സിനിമയിലെ ആദ്യത്തെ പ്രകൃതിവർണനക്കുശേഷം പ്രത്യക്ഷപ്പെടുന്ന ലൈബ്രേറിയനായ മാരാർ ബുക്ക്ഷെൽഫിൽനിന്ന് ഒരു പുസ്തകം എടുത്ത് തിരിച്ചും മറിച്ചും നോക്കുന്നുണ്ട്. അക്കാലത്തു കുറഞ്ഞത് 500ലധികം പുസ്തകങ്ങൾ എങ്കിലും ഉണ്ടാകാൻ സാധ്യതയുള്ള ലൈബ്രറിയിൽനിന്ന് അയാൾ എടുത്തു നോക്കുന്ന പുസ്തകം ‘വിചാരധാര’ ആണെന്നതാണ് കൗതുകകരം. മഴയുടെ വരവറിയിച്ചുള്ള കാറ്റുകൊണ്ട് ജനാലകൾ കൊട്ടിയടക്കപ്പെടുന്നത് കാരണം മാരാർ ലൈബ്രറി പൂട്ടിപ്പോകുമ്പോൾ ലൈബ്രറിക്ക് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ പുറം ചുവരിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നമായ അരിവാൾ ചുറ്റികയും ആ പാർട്ടിക്ക് വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള ചുവരെഴുത്തും കാണാം.
പുറത്ത് കമ്യൂണിസ്റ്റ്, അകത്ത് വിചാരധാര എന്നത് സംവിധായകന്റെ ആത്മപ്രകാശനം തന്നെയാകാം. സിനിമയിലെ ഏറ്റവും നിർണായകമായ രാഷ്ട്രീയ കാപട്യം, ചാക്യാർ ആഭ്യന്തര മന്ത്രിയെ കാണാനും, നിവേദനം നൽകാനുമായി മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പോകുന്നതാണ്. വസതിയിലെ സ്വീകരണ മുറിയിൽ തൂങ്ങുന്ന സർക്കാർ കലണ്ടർ 1988ലേതാണ്. ഇത് സിനിമയുടെയും സംവിധായകന്റെയും രാഷ്ട്രീയത്തെ വ്യക്തമാക്കുന്നുണ്ട്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായ ഇടതുപക്ഷ മന്ത്രിസഭയാണ് 1988ൽ കേരളം ഭരിക്കുന്നത്. രാജൻ സംഭവം നടന്നത് 1976ലും അടിയന്തരാവസ്ഥ നിലനിന്നത് 1975 മുതൽ 1977 വരെയുമാണ്. സിനിമ ചിത്രീകരിച്ച വർഷമാണ് 1988. ഒരു അഭിമുഖത്തിൽ സംവിധായകൻ ഇതിനെ ന്യായീകരിക്കുന്നത് ഇങ്ങനെയാണ്. ഇത് രാജൻ സംഭവം അല്ല, കസ്റ്റഡി മരണമാണ്.
സിനിമ ഷൂട്ട് ചെയ്ത ആഗസ്റ്റ് 8 എന്ന അന്നത്തെ കലണ്ടർ ആണ് താൻ കാണിച്ചത് എന്നാണ്. അച്ഛൻ കഥാപാത്രമായ ചാക്യാർ, ഈച്ചരവാര്യരുടെ അതേ ശ്രേണിയിലുള്ള അമ്പലവാസി, രാജൻ എന്ന പേരിനോട് സാമ്യമുള്ള രഘു എന്നിവയിലൊക്കെ കടുത്ത നിഷ്കർഷ പുലർത്തിയ സംവിധായകൻ 1976 എന്ന വർഷത്തെ 1988 ആക്കുന്നു എന്നത് യാദൃച്ഛികമോ നിഷ്കളങ്കമോ ആണ് എന്ന് വിചാരിക്കാനാവില്ല. സിനിമയിലെ ഓരോ ഇമേജിന്റെയും അർഥവും പ്രാധാന്യവും അറിയാത്ത ആളല്ല ‘പിറവി’യുടെ സംവിധായകൻ. അതുകൊണ്ടാണ് ’88ലെ കലണ്ടറിനെ പറ്റി അദ്ദേഹം ഇങ്ങനെയൊരു ആഖ്യാനം നെയ്യുന്നത്. അതേ ഇന്റർവ്യൂവിൽ സിനിമയെ കുറിച്ച് ഹൈന്ദവത എന്നൊരു ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന് സംവിധായകൻ പറഞ്ഞത് സിനിമയിൽ കാണിക്കുന്ന കിണ്ടിയുടെ ഷേപ്പിനെയാണ് ഉദ്ദേശിക്കുന്നതെന്നും അത് ഒരു സിംബോളിക് റെപ്രസന്റേഷൻ ആണെന്നുമാണ്. എന്നാൽ, യഥാർഥ ചരിത്രത്തിൽനിന്ന് സിനിമക്കു വേണ്ട ചില വസ്തുതകൾ സ്വീകരിച്ചിട്ടുമുണ്ട്. പത്രത്തിൽ രാജന്റെ തിരോധാനവുമായി ബന്ധപ്പെട്ട വാർത്ത ചാക്യാരും മാലതിയും വായിക്കുന്നുണ്ട്. ഈച്ചരവാരിയർ ‘മാതൃഭൂമി’ എഡിറ്റർ കെ.പി. കേശവമേനോനെ ചെന്ന് കണ്ടതനുസരിച്ച് ‘മാതൃഭൂമി’ ഇതേക്കുറിച്ച് ഒരു എഡിറ്റോറിയൽ എഴുതിയിരുന്നു.

ഷാജി എൻ. കരുൺ, ഈച്ചരവാരിയർ
ഈച്ചരവാരിയർ കെ. കരുണാകരനെ മാത്രമല്ല കണ്ടത്. മുഖ്യമന്ത്രി ആയ സി. അച്യുതമേനോനെ ഒന്നിലധികം പ്രാവശ്യം ഒറ്റക്കും കൂട്ടായും കണ്ടിട്ടുണ്ട്. അച്യുതമേനോനെ ഒളിവിൽ കഴിയാൻ വാരിയരുടെ കുടുംബം സഹായിച്ചിട്ടുണ്ട്. എന്നിട്ടും രാജന്റെ തിരോധാനത്തെ കുറിച്ച് ചോദിച്ചപ്പോൾ കരുണാകരനോട് താൻ ചോദിക്കില്ല, അയാൾ നുണ മാത്രമേ പറയൂ എന്ന് പറയുകയും മറ്റൊരിക്കൽ വാരിയരെ ആക്ഷേപിക്കുകയുംചെയ്തു. അന്ന് മുഖ്യമന്ത്രി ഒരു റബർ സ്റ്റാമ്പ് ആയിരുന്നു, കരുണാകരൻ ആയിരുന്നു കേരളം ഭരിച്ചത്. ഇവയെല്ലാം വെളുപ്പിച്ചെടുക്കാൻ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചവർ നന്നായി പരിശ്രമിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് പുറമെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവർക്കെല്ലാം വാരിയർ നിവേദനം നൽകിയിട്ടുണ്ട്. ഡൽഹിയിലേക്കയച്ച നിവേദനത്തിന്റെ കോപ്പികൾ കേരളത്തിൽനിന്നുള്ള എല്ലാ എം.പിമാർക്കും അയച്ചിരുന്നു. നിവേദനങ്ങൾക്ക് മറുപടി നൽകിയവർ മാർക്സിസ്റ്റ് പാർട്ടിക്കാരായ എ.കെ.ജി, വിശ്വനാഥ മേനോൻ, പാട്യം രാജൻ എന്നിവർ മാത്രമാണെന്ന് ഈച്ചരവാരിയർ എഴുതിയിട്ടുണ്ട്. രാജ്യസഭയിൽ വിശ്വനാഥ മേനോൻ നേരിട്ടും ലോക്സഭയിൽ ബംഗാളിൽനിന്നുള്ള സമർ മുഖർജി വഴിയും പ്രശ്നം ഉന്നയിച്ചിട്ടുണ്ട്. ഇങ്ങനെ ഉള്ള ഒരു പാർട്ടിയെ ഇരുട്ടത്ത് നിർത്താനാണ് 1988ലെ കലണ്ടർ സംവിധായകൻ ചുവരിൽ തൂക്കിയത്.
എത്ര ഭൗതികമായ പ്രമേയത്തെയും ആത്മീയമാക്കാൻ സംവിധായകൻ കാണിക്കുന്ന കൗശലം ‘പിറവി’യിൽ മാത്രം ഒതുങ്ങുന്നതല്ല. ‘പിറവി’ എന്ന ടൈറ്റിൽ തന്നെ എടുക്കുക. കേരള സംസ്ഥാനത്തെ മാത്രമല്ല, ഇന്ത്യയെ ആകെ ഞെട്ടിച്ച രാജന്റെ കൊലപാതകം നടന്ന അടിയന്തരാവസ്ഥ ഒരു പുതിയ കാലത്തിന്റെ പിറവിയാണെന്ന രാഷ്ട്രീയ വായന ഇതിൽ ഒളിഞ്ഞുകിടപ്പുണ്ട്. എന്നാൽ, സിനിമയുടെ അവസാന ഭാഗത്ത് ഉണ്ണി പിറന്ന് സ്നേഹിച്ചു മതിയായില്ല എന്ന ചാക്യാരുടെ വിലാപത്തിൽനിന്നാണ് ടൈറ്റിൽ എന്ന ധ്വനി ഉണ്ട്. പിറവിയാണ് പ്രശ്നം, മരണമല്ല എന്ന ആഖ്യാനം രോഹിത് വെമുലയുടെ ആത്മഹത്യാകുറിപ്പിനെ ഓർമിപ്പിക്കുന്നു.
മലയാളമെന്ന ജൈവിക ഭാഷയെക്കാൾ മൃതഭാഷയായ സംസ്കൃതത്തോടാണ് സിനിമയുടെ ഒബ്സെഷൻ. അതുകൊണ്ടാണ് സിനിമയുടെ ആമുഖമായി ഉപനിഷത് ഉദ്ധരിക്കുന്നത്. രഘുവിന്റെ തിരോധാനം കൊലപാതകം ആണെങ്കിലും അതിനെ മതാത്മകമാക്കി ചരിത്ര നിരപേക്ഷമാണ് എന്ന് സ്ഥാപിക്കാൻ ടൈറ്റിലിന് അകമ്പടിയായി വരുന്ന കൗഷിതകി ഉപനിഷത്തിലേതെന്ന് പറയുന്ന അച്ഛനും മകനും തമ്മിൽ നടക്കുന്ന സംഭാഷണത്തെ ഉപയോഗിക്കുന്നു. മരണത്തോട് അടുത്തു നിൽക്കുന്ന അച്ഛൻ മകനുമായി നടത്തുന്ന ഒരു സംഭാഷണമാണിത്. ‘പിറവി’ എന്ന സിനിമയുടെ പ്രശ്നം മകന്റെ മരണമാണ്. നിഷ്കളങ്കനായ കാഴ്ചക്കാരനെ ആശയക്കുഴപ്പത്തിലാക്കുക എന്നുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യം.

രാജൻ
യാത്ര, കാത്തിരിപ്പ് തുടങ്ങിയ രൂപകങ്ങളെ സംവിധായകൻ പകരംവെച്ച് രക്ഷിച്ചെടുക്കുന്നത് കേരളജനത ഒരുകാലത്ത് അനുഭവിച്ച സമാനതകളില്ലാത്ത ക്രൂരപീഡനങ്ങളെയാണ് എന്നതിൽപരം വഞ്ചന എന്താണുള്ളത്! സാധാരണ കച്ചവട സിനിമകളിലെ അത്യുക്തിക്ക് പകരം ‘പിറവി’യിൽ ന്യൂനോക്തികളുടെ ഘോഷയാത്രയാണ്. ബിംബങ്ങൾ, രൂപകങ്ങൾ എന്നിവയും കുറവല്ല. സിനിമയുടെ ആരംഭത്തിൽ ലൈബ്രറിയിൽ ഒരു കറുത്ത പൂച്ച മരയഴികളുള്ള ജനലിനുള്ളിലേക്ക് കയറുകയും അതിനുള്ളിൽനിന്ന് പുറത്തേക്ക് നോക്കുകയും ചെയ്യുന്നു. കാണാതായ രഘു അപകടത്തടവറയിലേക്ക് സ്വയം നടന്നുകയറിയതാണ് എന്നത് ഒരുദാഹരണം. മന്ത്രിയെ കളിയാക്കിപ്പാടിയും നക്സൽ പ്രസ്ഥാനത്തിന്റെ അനുഭാവിയായും അടിയന്തരാവസ്ഥക്കാലത്ത് രാജൻ പൊലീസിനാൽ പിടിക്കപ്പെട്ടതിന് ന്യായീകരണം ചമയ്ക്കുകയാവാം ഉദ്ദേശ്യം.
കടവിലെ ബസ് സ്റ്റോപ്പിലുള്ള മരത്തടിമേലുള്ള കാത്തിരിപ്പ് എന്ന രൂപകത്തിന്റെ നിരർഥകതയും കാപട്യവും വെളിപ്പെടുന്നത് ഈച്ചരവാരിയർ മകനെ കാത്തിരുന്നു ജീവിതം പാഴാക്കിയിട്ടില്ല എന്നറിയുമ്പോഴാണ്. 1976 മാർച്ച് 1ന് രാവിലെയാണ്, ഫാറൂഖ് കോളജിൽനിന്ന് ബി സോൺ ആർട്സ് ഫെസ്റ്റിവൽ കഴിഞ്ഞ് ആർ.ഇ.സിയുടെ മുറ്റത്ത് കോളജ് ബസിറങ്ങിയ രാജനെ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോകുന്നത്. മീഞ്ചന്ത ആർട്സ് കോളജിൽ പ്രഫസറായ ഈച്ചരവാരിയർ കോളജിൽ വന്ന ഫോൺകാൾ പ്രകാരം വിവരം അറിഞ്ഞ ഉടനെതന്നെ ആർ.ഇ.സിയിൽ പോവുകയും പൊലീസ് സ്റ്റേഷനിൽനിന്ന് ലഭിച്ച വിവരപ്രകാരം ആരും കടന്നുചെല്ലാൻ ഭയപ്പെടുന്ന കക്കയം ക്യാമ്പിലേക്കു പോവുകയുംചെയ്തു. ഈ അന്വേഷണം ദിവസങ്ങളോളം തുടർന്നു. മകൻ വരാനായി അച്ഛൻ ആഗ്രഹിക്കുമെന്നത് വാസ്തവമാണ്. എന്നാൽ, വാരിയർ കയറിയിറങ്ങാത്ത പൊലീസ് സ്റ്റേഷനുകളോ കോടതികളോ ഇല്ല. രഘൂ, രഘൂ... മോനേ എന്ന് കരഞ്ഞുവിളിച്ചു അനന്തമായി കാത്തിരുന്ന അച്ഛനല്ല പ്രഫ. ഈച്ചരവാരിയർ.
ആഭ്യന്തര മന്ത്രി, ഐ.ജിയോട് പോയി അന്വേഷിക്കൂ എന്ന് പറഞ്ഞ് കത്ത് കൊടുത്തുവിടുന്നതിന്റെ തുടർച്ചയായി ചാക്യാർ ഐ.ജി ഓഫിസിൽ പോകുന്നുണ്ട്. ഐ.ജിയെ കണ്ട് ഗോവണിപ്പടികൾ ഇറങ്ങിവരുമ്പോൾ പടിയിറങ്ങുകയും കയറുകയും ചെയ്യുന്ന പൊലീസുകാരെ കാണിക്കുന്നുണ്ട്. അതിക്രൂര മർദനമുറകളിൽ വിദഗ്ധരായ പുലിക്കോടൻ നാരായണൻ, ജയറാം പടിക്കൽ, ലക്ഷ്മണ, മധുസൂദനൻ, മുരളികൃഷ്ണ ദാസ് തുടങ്ങിയ കൊടും ക്രിമിനലുകളായ പൊലീസുകാർ യഥാർഥ ചരിത്രത്തിൽ ഉള്ളപ്പോഴാണ് കോമാളികളുടെ ചലനങ്ങളോടെ ഈ പൊലീസുകാർ ചിത്രീകരിക്കപ്പെടുന്നത്.

സങ്കൽപിക്കാനാവാത്ത വിധം കൊടും പീഡനങ്ങൾ അനുഭവിച്ച് മനോധൈര്യംകൊണ്ടുമാത്രം മരണത്തെ അതിജീവിച്ചവരും രാജനെ ഉരുട്ടിക്കൊന്നതിന്റെ ദൃക്സാക്ഷികളും കേരളത്തിൽ ഇന്നും ജീവിക്കുന്നുണ്ട്. എല്ലാ സിനിമയും ഒരു രാഷ്ട്രീയ സംവാദമാണ് എന്ന് പറഞ്ഞിട്ടുള്ള ഗ്രീക്-ഫ്രഞ്ച് ചലച്ചിത്രകാരനായ കോസ്റ്റ ഗാവ്റസിന്റെ ‘മിസ്സിങ്’ എന്ന സിനിമ ഈ സന്ദർഭത്തിൽ ഓർക്കുന്നത് പ്രസക്തമാണ്. ചിലിയിൽ അലൻഡേക്കെതിരെ നടന്ന പട്ടാള അട്ടിമറിയുടെ പശ്ചാത്തലത്തിൽ കാണാതായ തന്റെ മകനെ തേടി അവിടേക്ക് യാത്ര പുറപ്പെടുന്ന ഒരച്ഛന്റെ അനുഭവങ്ങളാണ് ഈ സിനിമയുടെ പ്രതിപാദ്യം. സിനിമ തുടങ്ങുമ്പോൾ ഇത് ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ചില പേരുകൾ മാത്രം മാറ്റിയിട്ടുണ്ടെന്നും സ്ക്രീനിൽ തെളിയുന്നു. ഇതൊരു രാഷ്ട്രീയ സത്യസന്ധതയുടെ ഭാഗമാണെങ്കിൽ ‘പിറവി’ ഒരു രാഷ്ട്രീയ കാപട്യമായതുകൊണ്ട് അങ്ങനെ ഒരു ടൈറ്റിൽ സിനിമയിൽ ഇല്ല. ‘മിസ്സിങ്ങി’ലെ അച്ഛൻ അയാളുടെ യാത്രക്കിടയിൽ കാണുന്ന കാഴ്ചകൾ ഓരോന്നും സാമ്രാജ്യത്വ വ്യവസ്ഥയുടെ സമഗ്രമായ വിമർശനമാവുകയാണ്. വ്യക്തിതലത്തിൽനിന്ന് ഫാഷിസത്തിന്റെ വസ്തുനിഷ്ഠ വിശകലനത്തിലേക്കാണ് ‘മിസ്സിങ്’ കൺതുറക്കുന്നത്.
സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ശവങ്ങൾ തലങ്ങും വിലങ്ങും കിടക്കുന്ന ഒരു നിലത്തിനരികിലൂടെ അച്ഛൻ നടന്നുനീങ്ങുന്ന ഒരു ഷോട്ടുണ്ട് ഈ ചിത്രത്തിൽ. ഈ ദൃശ്യത്തിന്റെ കരുത്ത് വെറും മാധ്യമഭംഗിയായി പരിമിതപ്പെടുകയല്ല ചെയ്യുന്നത്, മറ്റൊരു ദൃശ്യവുമായുള്ള വൈരുധ്യത്തിലൂടെ, കൊലപാതക പരമ്പരകൾ നടത്തുന്ന സൈനിക ഭരണത്തിന്റെ രാഷ്ട്രീയ വിമർശനമായി പരിണമിക്കുകയാണ്. വ്യക്തിയിൽനിന്ന് സമൂഹത്തിലേക്ക് മാറുന്ന ബോധത്തിന്റെ ആവിഷ്കാരമാണ് അത്. ‘പിറവി’യിൽ ആകട്ടെ അമ്മക്ക് കുഴമ്പും അയൽവാസിക്ക് മരുന്നും വാങ്ങി വരാമെന്ന് ഏറ്റുപോയ മകനെ കാത്തിരിക്കുന്ന അച്ഛനെയാണ് കാഴ്ചക്കാർ കാണുന്നത്. ‘മിസ്സിങ്’, ‘പിറവി’ എന്നീ ചലച്ചിത്രങ്ങളുടെ പരിചരണം താരതമ്യം നടത്തുകയല്ല. രാഷ്ട്രീയത്തെ സൗന്ദര്യവത്കരിക്കുന്ന ജനപ്രിയ/ ഫാഷിസ്റ്റ് രീതിയും (ലെനി റീഫെൻസ്റ്റാളിന്റെ നാസി പ്രചാരണ ഡോക്യുമെന്ററികൾ ഉദാഹരണം) സൗന്ദര്യത്തെ രാഷ്ട്രീയവത്കരിക്കുന്ന മാർക്സിസ്റ്റ്/ ജനകീയ രീതിയുമാണ് (ഉദാഹരണം ‘അമ്മ അറിയാൻ’) ഇവിടെ എതിർചേരികളിൽ നിലയുറപ്പിക്കുന്നത്.

കോസ്റ്റ ഗാവ്റസ്
സൂസൻ സൊണ്ടാഗിന്റെ ലേഖനത്തിൽ, ഒരു അഭിമുഖത്തെ ഉദ്ധരിക്കുന്നുണ്ട്. യാഥാർഥ്യം ദുർബലമാണെന്നും ശക്തിയും സൗന്ദര്യവുമുള്ള യാഥാർഥ്യത്തെയാണ് താൻ പുനഃസൃഷ്ടിക്കുന്നതെന്നും റീഫെൻസ്റ്റാൾ പറയുന്നുണ്ട്. ചരിത്രത്തെ ലളിതവത്കരിക്കുന്നതിലൂടെ കല ഫാഷിസ്റ്റ് അനുകൂലമാവുന്ന ദൗത്യമാണ് ‘പിറവി’ ഏറ്റെടുക്കുന്നത്. കച്ചവട സിനിമാക്കാർ ചെയ്യുന്ന സാത്വിക നായകനുമായുള്ള താദാത്മ്യവത്കരണമാണ് മറ്റൊരു രീതിയിൽ ‘പിറവി’യിലും സംഭവിക്കുന്നത്. അടിയന്തരാവസ്ഥയിലെ ക്രൂര യാഥാർഥ്യങ്ങളും കൊലപാതകത്തോളമെത്തിയ പൊലീസിന്റെ കൊടും പീഡനവുംകൊണ്ട് കാഴ്ചക്കാരനെ അന്യവത്കരിക്കാൻ അവസരം നൽകാതെ മകനെ കാത്തിരിക്കുന്ന അച്ഛനുമായി താദാത്മ്യപ്പെടാൻ കാണിയെ പാകപ്പെടുത്തുന്നതിലൂടെ കലയുടെ രാഷ്ട്രീയ ധർമം ഇവിടെ പൂർണമായും നിരാകരിക്കപ്പെടുന്നു.
സിനിമയുടെ അന്ത്യത്തിൽ തോണി ഇറങ്ങി ഹതാശനായി നടന്നുവരുന്ന ചാക്യാരെ താങ്ങിപ്പിടിച്ചു വരുന്ന കടത്തുകാരനുണ്ട്. ചാക്യാർ വീഴുന്നു, തളരുന്നു. മകൻ രഘുവാണ് തന്നെ താങ്ങിപ്പിടിക്കുന്നതെന്ന മതിഭ്രമത്തിലേക്കു ചാക്യാർ പതിക്കുന്നു. മഴയുടെ തീവ്രത കൂടുന്നു, കനക്കുന്നു. ആദ്യം മുതൽ അവസാനം വരെ രാഷ്ട്രീയ യാഥാർഥ്യത്തെ കാൽപനിക ബിംബങ്ങൾകൊണ്ട് മറയ്ക്കാനുള്ള, മറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കടൽ, പുഴ, കുന്നുകൾ, തോട്, പാടം, റെയിൽവേ ട്രാക്ക് എല്ലാം ഒത്തുചേർന്ന കേരളത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശം ഏതാണെന്ന ചോദ്യവും ‘പിറവി’ അവശേഷിപ്പിക്കുന്നുണ്ട്.
========================
അടിക്കുറിപ്പ്:
രഘു കുളത്തിൽ മുങ്ങിമരിച്ചതോ ലോറിക്കടിയിൽപെട്ട് മരിച്ചതോ ആണെങ്കിൽ ഇത് ഒരു മികച്ച സിനിമയാണ്. കാമറ, കാസ്റ്റിങ് എന്നിവ പുരസ്കാരത്തിന് അർഹവുമാണ്.
റഫറൻസ്:
Fascinating Facism
on Photography
-സൂസൻ സൊണ്ടാഗ്
ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ -പ്രൊഫ. ടി.വി. ഈച്ചരവാരിയർ
ചോദ്യങ്ങൾ, ഇടപെടലുകൾ: എ. സോമന്റെ രചനകൾ -എ. സോമൻ
1975 അടിയന്തരാവസ്ഥയുടെ പാഠപുസ്തകം -ഷാനവാസ് എം. എ
ട്രൂ കോപ്പിയിലെ പി. രമാദേവിയുമായുള്ള മനില സി. മോഹന്റെ അഭിമുഖം
അടിയന്തരാവസ്ഥ: കിരാതവാഴ്ചയുടെ 21 മാസങ്ങൾ -സെബാസ്റ്റ്യൻ ജോസഫ്

