Begin typing your search above and press return to search.

‘അരികി’ൽ എന്ത്​ ?

‘അരികി’ൽ എന്ത്​ ?
cancel

കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പറേ​ഷ​ൻ നി​ർ​മി​ച്ച് വി.​എ​സ്. സ​നോ​ജ് ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘അരിക്’​ എന്ന സിനിമ കാണുകയാണ്​ എഴുത്തുകാരും ചിന്തകരുമായ ലേഖകർ. ‘‘മറ്റൊരു തരത്തിൽ പറഞ്ഞാൽ, നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ദിശയിലേക്കും തിരിഞ്ഞുകൊള്ളൂ. ജാതി നിങ്ങളുടെ പാതയെ കടന്നെത്തുന്ന വഴിയിൽ ഭീമാകാര ജന്തുവായി മുരളുന്നുണ്ട്. ഈ ഭീകര രൂപിയെ കൊല്ലാതെ നിങ്ങൾക്ക് ഒരു രാഷ്ട്രീയ പരിഷ്കരണവും ഒരു സാമ്പത്തിക പരിഷ്കരണവും സാധ്യമാവില്ല.’’ -ഡോ. ബി.ആർ. അംബേദ്കർ(അനിഹിലേഷൻ ഓഫ് കാസ്റ്റ് ) ‘‘ഇല്ല ജാതിയിലൊന്നുണ്ടോ വല്ലതും ഭേദമോർക്കുകിൽ ചൊല്ലേറും വ്യക്തിഭാഗത്തി- ലല്ലോ ഭേദമിരുന്നീടൂ’’ -നാരായണ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പറേ​ഷ​ൻ നി​ർ​മി​ച്ച് വി.​എ​സ്. സ​നോ​ജ് ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘അരിക്’​ എന്ന സിനിമ കാണുകയാണ്​ എഴുത്തുകാരും ചിന്തകരുമായ ലേഖകർ.

‘‘മറ്റൊരു തരത്തിൽ പറഞ്ഞാൽ, നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ദിശയിലേക്കും തിരിഞ്ഞുകൊള്ളൂ. ജാതി നിങ്ങളുടെ പാതയെ കടന്നെത്തുന്ന വഴിയിൽ ഭീമാകാര ജന്തുവായി മുരളുന്നുണ്ട്. ഈ ഭീകര രൂപിയെ കൊല്ലാതെ നിങ്ങൾക്ക് ഒരു രാഷ്ട്രീയ പരിഷ്കരണവും ഒരു സാമ്പത്തിക പരിഷ്കരണവും സാധ്യമാവില്ല.’’ -ഡോ. ബി.ആർ. അംബേദ്കർ

(അനിഹിലേഷൻ ഓഫ് കാസ്റ്റ് )

‘‘ഇല്ല ജാതിയിലൊന്നുണ്ടോ

വല്ലതും ഭേദമോർക്കുകിൽ

ചൊല്ലേറും വ്യക്തിഭാഗത്തി-

ലല്ലോ ഭേദമിരുന്നീടൂ’’

-നാരായണ ഗുരു (ജാതിനിർണയം)

ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന നവ ഫാഷിസത്തിന്‍റെ അടിത്തറ ജാതി ബ്രാഹ്മണ്യമാണ്. രാജ്യത്തു സ്വാതന്ത്ര്യാനന്തരം ഒരു ജനാധിപത്യ മതനിരപേക്ഷ ഭരണഘടന വിഭാവനംചെയ്ത ഡോ. ബി.ആർ. അംബേദ്കര്‍ ജാതിവ്യവസ്ഥ തകരേണ്ടത് ജനാധിപത്യത്തിനും മതനിരപേക്ഷതക്കും അനിവാര്യമാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വേറിട്ട് നില്‍ക്കുന്ന ഒരു സംസ്ഥാനമായി മാറിയ കേരളത്തില്‍ ജാതിയെ സംരക്ഷിച്ചുകൊണ്ടാണ് ആധുനിക വ്യവഹാരങ്ങള്‍ മിക്കവാറും മുന്നേറിയത്. പ്രബലരായ സംവിധായകര്‍ അവരുടെ സര്‍ഗശേഷി പ്രകാശിപ്പിച്ച സിനിമകളില്‍ പലതും സവര്‍ണ ഭൂതകാലത്തെ മഹത്ത്വവത്കരിക്കുകയാണ് ചെയ്തത്. അവരുടെ ഗൃഹാതുരതയില്‍ കീഴ്ത്തട്ട് മനുഷ്യര്‍ ഉണ്ടായിരുന്നില്ല. പിന്നീട് എണ്‍പതുകള്‍ക്ക് ശേഷം കമ്പോളത്തില്‍ വിജയം നേടിയ സിനിമകളില്‍ മിക്കതും സവര്‍ണ തറവാടിത്ത ഘോഷണം തന്നെയായിരുന്നു. നായര്‍ തറവാടുകള്‍ തമ്മിലുള്ള മൂപ്പിളമ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പാരമ്പര്യ വാദങ്ങളുംകൊണ്ട് മുഖരിതമായ അവസ്ഥയാണ് മലയാള സിനിമ, പ്രേക്ഷകര്‍ക്ക് വേണ്ടി തുറന്നുവെച്ചത്.

സിനിമയിലും സമൂഹത്തിലും നാമകരണങ്ങള്‍ ജാതി കേന്ദ്രിതമായി തുടര്‍ന്നു. മിസ്റ്റര്‍ നായര്‍, മിസ്റ്റര്‍ മേനോന്‍ തുടങ്ങിയ പൊലീസുദ്യോഗസ്ഥര്‍, ബ്രാഹ്മണ പൂജാരിമാര്‍, അത്ഭുതങ്ങള്‍, സിദ്ധികള്‍ ഇവയെല്ലാം നിരന്തരം പ്രക്ഷേപിക്കുന്നതിലൂടെ ജാത്യാഭിമാനമെന്ന സവര്‍ണ ബ്രാഹ്മണ്യ മൂല്യവ്യവസ്ഥയുടെ സംസ്ഥാപനം ഉറപ്പിക്കുകയായിരുന്നു. ജാതിവാലുകളില്‍ അഭിരമിക്കുന്ന അവസ്ഥ എങ്ങനെ ഉണ്ടായി എന്ന വിശകലനം സിനിമയിലേക്ക് കൂടി നീളേണ്ടതാണ്. ഇത്തരത്തിൽ സുവര്‍ണ ഭൂതകാല മാഹാത്മ്യങ്ങളില്‍ മുങ്ങി, പ്രച്ഛന്നമായും പ്രകടമായും സവര്‍ണ ബ്രാഹ്മണ്യം നാട്ടില്‍ നിറഞ്ഞാടുമ്പോളാണ് ‘അരിക്’ പോലൊരു സിനിമ കേരളത്തിലെ തിയറ്ററുകളില്‍ എത്തിയത്.

പേരുകള്‍തന്നെ സമരവും പ്രതിരോധവും ആകേണ്ടിവരുന്നത് പേരുകള്‍പോലും ഇകഴ്ത്തലുകള്‍ക്കും മര്‍ദനങ്ങൾക്കും മാനദണ്ഡമായിരുന്ന ഒരു ഭൂതകാലത്തിന്‍റെ തുടര്‍ച്ചയില്‍ നമ്മള്‍ ഇന്നും ജീവിക്കുന്നതിനാലാണ്. ‘സരസ്വതീ വിജയ’ത്തില്‍ കുബേരന്‍ നമ്പൂതിരി അസ്പൃശ്യരായി മുദ്രകുത്തിയ സമുദായത്തിലെ കുട്ടികള്‍ക്ക് പേരിടുന്ന രീതി കാര്യസ്ഥന് വിവരിച്ചുകൊടുക്കുന്നുണ്ട്. അരിക് സിനിമയിലെ കണ്ടന്‍ കോരന്‍റെ മകന്‍ ശങ്കരന്‍ പുരോഗമന കേരളത്തില്‍ ജാതിയോ മതമോ നോക്കാതെ ഒരാളെ പ്രണയിക്കുന്നു. ശങ്കരന്‍റെ ജാതി മനസ്സിലായതോടുകൂടി അവള്‍ കാര്യം തുറന്ന്‍ പറയുന്നു. സംസ്കാരങ്ങള്‍ വിഭിന്നമായ കുടുംബങ്ങള്‍ പരസ്പരം ചേരില്ല എന്നു കേട്ട അതേ കര്‍ണങ്ങള്‍കൊണ്ട് അവളുടെ പുരോഗമന പ്രഭാഷണം കേള്‍ക്കുമ്പോള്‍ ശങ്കരന്‍ ആ സദസ്സില്‍നിന്നും ഇറങ്ങിപ്പോകുന്നു. കേരളത്തില്‍ ഇന്ന് കാണുന്ന ഒരു പ്രവണതയെയാണ് ഇവിടെ കൃത്യമായി അടയാളപ്പെടുത്തുന്നത്. പ്രഭാഷണങ്ങളില്‍ പുരോഗമനവും മനസ്സിലും പ്രയോഗത്തിലും ദലിതര്‍ക്കും കീഴാളര്‍ക്കും അധികാരം കിട്ടിയാല്‍ അവര്‍ ദ്രോഹികളാകുമെന്ന് പറയാനുള്ള തൊലിക്കട്ടിയും പ്രകടിപ്പിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. നീ ‘‘മലയനല്ലേ’’ എന്നു ചോദിച്ച സെക്കുലര്‍ ആയ വ്യക്തിയെയും, നീ “ആശാരിയല്ലെടാ” എന്നു അൽപം മദ്യത്തിന്‍റെ കിക്കിലാണെങ്കിലും ചോദിച്ച തീവ്ര വിപ്ലവകാരിയെയും കേരളത്തില്‍ കാണാന്‍ കഴിയും. തഹസില്‍ദാര്‍ ആയാലും ജഡ്ജി ആയാലും അവരുടെ ജാതീയ പദവിയെക്കുറിച്ച് പരിഹസിക്കാന്‍ കഴിയുന്ന സന്ദര്‍ഭത്തിലേക്കാണ് സിനിമ വളരുന്നത്.

ഐ.പി.എസ് ഒാഫിസറായിട്ടും ദലിതനായതിന്റെ പേരില്‍ തലമുടി ക്രോപ്പ് ചെയ്യാന്‍ പറ്റാത്ത ഗ്രാമത്തെ കുറിച്ച് റാണാ അയൂബിനോടു ഗുജറാത്തിലെ ഒരു ഉന്നത പൊലീസുദ്യോഗസ്ഥന്‍ വിവരിക്കുന്നുണ്ട്. ഇന്ത്യയിലെ ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും സര്‍വകലാശാലകളും മേല്‍ജാതി കോളനികളായും പുരുഷാധികാര കേന്ദ്രങ്ങളായും ഇന്നും നിലനില്‍ക്കുന്നതും രോഹിത് വെമുലമാര്‍ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നതും ഈ സിനിമ നമ്മെ ഓര്‍മിപ്പിക്കുന്നു. ശങ്കരന്‍റെ മകള്‍ ശിഖ ലഖ്നോവില്‍ ഉപരിപഠനത്തിനു ചേര്‍ന്നപ്പോള്‍ ജാതി പ്രകടമായി അവള്‍ക്ക് അനുഭവപ്പെടുന്നു. പീഡിപ്പിക്കപ്പെടുന്നവര്‍ ജാതിയെക്കുറിച്ച് പറയുന്നതിനെ ജാതി ചിന്തയായും മേല്‍ജാതി നെറ്റിയിലൊട്ടിച്ച് നടക്കുന്നതു സെക്കുലറിസമായും അവതരിപ്പിക്കുന്ന നരേറ്റിവുകളെ മറികടക്കാന്‍ ഈ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയും ​േട്രഡ് യൂനിയനുകളും ഉണ്ടാക്കിയ മുന്നേറ്റങ്ങളെ റദ്ദാക്കും വിധത്തിലാണ് ജാതി മേധാവിത്വം ഇന്നും പ്രവര്‍ത്തിക്കുന്നത്. ഒരു വശത്ത് ‘ഇടതുപക്ഷം’ രൂപപ്പെടുത്തിയ കേരളത്തെയും മറുവശത്ത് ആ കേരള നിര്‍മിതിയില്‍ എന്നും വിള്ളല്‍ വീഴ്ത്തിയ ജാതീയ ചിന്തയെയും സര്‍ഗാത്മകമായി ആവിഷ്കരിക്കാന്‍ സനോജിന് കഴിയുന്നുണ്ട്.

സഞ്ചരിക്കുന്ന വഴികളിലെല്ലാം ജാതി ഒരു ഭീകരസ്വത്വമായി ഇന്ത്യൻ അടിത്തട്ട് ജനതയുടെ വിമോചനാത്മകമായ തുറവിക്ക് തടസ്സമായി തുടരുകയാണ്. ‘നവോത്ഥാനം’ ഉഴുതുമറിച്ച കേരളം ജാതിജീവിതത്തിന്റെ സൂക്ഷ്മസംസ്കാരം പുലർത്തുന്നത് പലപ്പോഴും പ്രത്യക്ഷമായല്ല, പരോക്ഷമായ നിഗൂഢ മാർഗങ്ങളിലൂടെയാണ്. പുരോഗമനകാരിയായും അതേസമയം ജാതി മൂല്യങ്ങളുടെ പിന്തുടർച്ചാവകാശിയായും മലയാളിയെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളെ നിശിതമായി വിമർശവിചാരം ചെയ്യുന്ന സിനിമയാണ് വി.എസ്. സനോജ് സംവിധാനം നിർവഹിച്ച ‘അരിക്’. പ്രത്യക്ഷമായി നിലനിൽക്കുന്ന ജാതി അസമത്വ വിവേചനങ്ങളെ തുറന്ന് കാട്ടുന്നതിലും എത്രയോ കഠിനതരമാണ് ബാഹ്യമായി പുരോഗമനപരമായി പെരുമാറുകയും ആന്തരികമായി ജാതി മൂല്യങ്ങൾ സംവഹിക്കുകയും പ്രയോഗവത്കരിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷം. സവിശേഷമായ ഈ പ്രശ്നത്തെ ‘അരിക്’, കണ്ടൻ കോരനും കൊച്ചുമകളായ ശിഖയും തമ്മിലുള്ള സംഭാഷണത്തിലൂടെ കൃത്യമായി അഭിസംബോധന ചെയ്യുന്നു. മലയാളിയും കേരളവും അഭിസംബോധന ചെയ്യേണ്ട അടിയന്തരമായ ഒരു രാഷ്ട്രീയ പ്രമേയത്തെയാണ് അരിക് പ്രശ്നവത്കരിക്കുന്നത്.

അങ്കുൽ പലിവാളിന്റെ പഠനം സൂചിപ്പിക്കുന്നത് ഇന്ത്യൻ സർവകലാശാലകളിലെ 97 ശതമാനം അധ്യാപക തസ്തികകളിലും സവർണരുടെ അമിതാധികാര കുത്തക നിലനിൽക്കുന്നു എന്നാണ്. കേരളത്തിലെ ദേവസ്വം ബോർഡിന് കീഴിലുള്ള സ്കൂളുകളിലും കോളജുകളിലും അധ്യാപക തസ്തികയിൽ ദലിത്-ആദിവാസി വിഭാഗത്തിൽനിന്നുള്ളവരുടെ പ്രാതിനിധ്യം ശൂന്യാൽ ശൂന്യതരമാണ്. ഇവിടെയും 96 ശതമാനം അധ്യാപക തസ്തികകളിലും സവർണാധികാര കുത്തക നിലനിൽക്കുന്നു. എന്തുകൊണ്ടാണ് നവോത്ഥാന കേരളത്തിൽ ഇത്തരമൊരു പുറന്തള്ളൽ ഹിംസ തുടരുന്നത് എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. അതിലേക്കുള്ള ചൂണ്ടുപലകയാണ് കണ്ടൻ കോരന്റെ ശിഖയോടുള്ള തീർത്തും രാഷ്ട്രീയമായ സ്നേഹസംഭാഷണം.

പണ്ടൊക്കെ ജാതിവിവേചനം തിരിച്ചറിയാൻ കഴിയുന്ന വിധം പ്രകടമായിരുന്നു എന്നും ഇന്ന് പ്രത്യക്ഷത്തിൽ കണ്ടെത്താൻ കഴിയാത്ത വിധത്തിലാണ് ജാതിയുടെ പ്രവർത്തനമെന്നും കണ്ടൻ കോരൻ ശിഖയോട് പറയുന്നുണ്ട്. നവോത്ഥാനാനന്തരം മലയാളി എത്തിച്ചേർന്നതും തുടരുന്നതുമായ ജാതിജീവിതത്തിന്റെ സൂക്ഷ്മസ്ഥലികളെയാണ് കോരന്റെ സംഭാഷണം അനാവരണംചെയ്യുന്നത്. ജാതികൾക്കുള്ളിൽ തുടരുന്ന വിവാഹങ്ങൾ ഇതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ്. പുറമേ പുരോഗമനപരമെന്ന് വിവക്ഷിക്കാവുന്ന വിവാഹങ്ങൾ അകമേ ജാതിപാരമ്പര്യങ്ങൾ സംരക്ഷിക്കുന്നവയായി തീർന്നിരിക്കുന്നു. പുരോഗമനകാരികളായി അറിയപ്പെടുന്നവർ തങ്ങളുടെ പേരിനൊപ്പം കൊണ്ടുനടക്കുന്ന ജാതിവാലുകൾ ഇത്തരം വൈരുധ്യങ്ങളെ വെളിവാക്കുന്നുണ്ട്.

കൾച്ചറൽ ഡിഫറൻസ്

ഇന്ത്യയിലെ അപരവത്കരണത്തിന്റെ വേര് കിടക്കുന്നത് ജാതി ബ്രാഹ്മണ്യത്തിന്റെ സാംസ്കാരിക വിവേചനബോധത്തിലാണ്. അപരരായി മനുഷ്യരെ സ്ഥാനപ്പെടുത്തുന്നതിനുള്ള അധികാര സാമൂഹ്യസ്ഥാപനമായി ജാതി പ്രവർത്തിക്കുന്നു, പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അപരവത്കരണത്തിന് നിദാനമായ ജാതിയുടെ വിവേചന ബോധത്തിന്റെ ഗാഢതയെ സ്പർശിക്കുന്നതാണ് സതി വടക്കൂട്ട് എന്ന കഥാപാത്രത്തിന്റെ ശങ്കരനോടുള്ള സംഭാഷണം. ശങ്കരനെ വിവാഹം കഴിക്കുന്നതിനുള്ള തടസ്സമായി സതി അവതരിപ്പിക്കുന്നത് ‘കൾച്ചറൽ ഡിഫറൻസ്’ ആണ്. ശങ്കരൻ എന്ന ‘കീഴാള ശരീരത്തെ’, വിവാഹം കഴിക്കുന്നതിന് സതിയെ തടയുന്നത് സാംസ്കാരിക വേർതിരിവ് എന്ന വിവേചന രൂപമാണ്. തൊട്ടുകൂടായ്മയുടെയും അയിത്തത്തിന്റെയും ബ്രാഹ്മണ്യ രൂപമാണ് കൾചറൽ ഡിഫറൻസ്. മനുഷ്യർക്കിടയിൽ സമത്വവും സാഹോദര്യവും ഇത് തടയുന്നു. ശങ്കരനെ വിവാഹം കഴിക്കുന്നതിന് തടസ്സം കൾചറൽ ഡിഫറൻസാണെന് പറയുന്ന സതി എന്ന കഥാപാത്രം ജാതിയുടെ അധഃകൃതത്വമാണ് ശങ്കരനെ അകറ്റിനിർത്തുന്നതിന് പ്രേരിപ്പിക്കുന്നതെന്ന് തന്നെയാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യയിൽ കൾചറൽ ഡിഫറൻസിന്റെ നിയാമകശക്തി ജാതിയാണെന്ന് സാരം.

പിന്നീട് പുരോഗമനകാരിയായി ജാതിക്കെതിരെ പ്രസംഗിക്കുന്ന സതി വടക്കൂട്ടിനെ അവതരിപ്പിക്കുന്നതിലൂടെ മലയാളിയുടെ പുരോഗമന കാപട്യത്തെയാണ് മറനീക്കി തുറന്നുകാട്ടുന്നത്. വിവാഹം, കുടുംബജീവിതം തുടങ്ങിയ സുപ്രധാന സന്ദർഭങ്ങളിൽ ജാതിമൂല്യങ്ങൾക്കനുസരിച്ച് ജീവിതം നയിക്കുന്നവർ മറ്റൊരു സന്ദർഭത്തിൽ പുരോഗമനകാരിയായി വേദി നിറയുന്നു. ജാതിവാലുകളിൽ അഭിരമിക്കുന്നവർ ജനാധിപത്യവാദികളായി രംഗപ്രവേശം ചെയ്യുന്നത് ദൈനംദിന കേരളീയ കാഴ്ചയാണ്. മലയാളിയുടെ ജാതിജീവിതത്തിന്റെ ദൈനംദിനക്കാഴ്ചയായി സതിയുടെ പരിണാമം മാറിത്തീർന്നിരിക്കുന്നു. പാരമ്പര്യ ജാതിജീവിതം നയിച്ചുകൊണ്ട് പൊതുമണ്ഡലത്തിൽ വിപ്ലവകാരിയായി പ്രത്യക്ഷപ്പെടുന്ന പുരോഗമന മലയാളിയുടെ ഉഭയ ജീവിതത്തിന്റെ പ്രതീകമാണ് സതി വടക്കൂട്ട് എന്ന കഥാപാത്രം.

കൊല്ലപ്പെടുന്ന വാല്മീകി

ചോദ്യം ഉന്നയിച്ചതിന്റെ പേരിൽ മരണം വിധിക്കപ്പെടുന്ന സച്ചിൻ വാല്മീകി എന്ന കഥാപാത്രം ഇന്ത്യൻ സാമൂഹിക ജീവിതത്തിന്റെ നേരടയാളമാണ്. കാലുകളിൽ മനഃപൂർവം ചവിട്ടി ഉപദ്രവിച്ച സവർണ പുരുഷനോട് തന്നോട് സോറി പറയാൻ ആവശ്യപ്പെട്ട സച്ചിൻ വാല്മീകിയെ പിറ്റേദിവസം സൂര്യോദയത്തിന് മുമ്പ് വൃക്ഷത്തിൽ കെട്ടിത്തൂക്കിയാണ് ജാതിബ്രാഹ്മണ്യം പ്രതികാരം ചെയ്തത്. ഒരു ദലിതന് ചോദ്യം ചോദിക്കാനും അന്തസ്സോടെ ജീവിക്കാനും എന്താണധികാരമെന്നാണ് സവർണ പുരുഷാധിപത്യം ചിന്തിക്കുന്നത്. ആ ജാതിചിന്തയുടെ പ്രതികരണമാണ് സച്ചിന്റെ കൊലപാതകം. ഗായത്രി സ്പിവാക്കിനോട് ചോദ്യം ഉന്നയിച്ച അൻശുൽകുമാറിനോട് പ്രതികരിച്ച സ്പിവാക്കിന്റെ രീതികളിലും അറിഞ്ഞോ അറിയാതെയോ സംവഹിക്കപ്പെടുന്നത് ജാതിയുടെ മൂല്യബോധനങ്ങളാണ്. ചില പ്രത്യേക ‘ജോലികൾ’ ചെയ്യാൻ വിധിക്കപ്പെട്ട വാല്മീകി വിഭാഗത്തിൽപെട്ട സച്ചിന്റെ അന്തസ്സോടെയുള്ള ജീവിതം ഭരണഘടനാനന്തര ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സന്ദർഭങ്ങളെ ആഴത്തിൽ പഠിക്കാൻ പ്രേരിപ്പിക്കുന്നതാണ്. യഥാർഥത്തിൽ സച്ചിൻ വാല്മീകിയുടെ ശരീരം ആത്മാഭിമാനമുള്ള തുല്യശരീരമായി പ്രത്യക്ഷപ്പെടുമ്പോൾ ആ ശരീരം അന്തസ്സോടെ ഉയർന്നുനിൽക്കേണ്ടതല്ലെന്നും താഴ്ന്ന് കുനിഞ്ഞ് അടിമയാക്കപ്പെടേണ്ട ആത്മാവില്ലാത്ത ശരീരമാണെന്നുമുള്ള സവർണ പ്രത്യയ ബോധമാണ് സച്ചിനെ നിഷ്കരുണം കൊന്നുകളയാൻ ഇടയാക്കുന്നത്.

ദലിത്‌ സ്ത്രീ മജിസ്ട്രേറ്റാവുമ്പോൾ

പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീ വിജയത്തിൽ മജിസ്ട്രേറ്റാവുന്ന ദലിതനെ ആവിഷ്‍കരിക്കുന്നുണ്ട്. എന്നാൽ ‘അരികി’ൽ മജിസ്ട്രേറ്റായി മാറുന്ന ശിഖ എന്ന ദലിത് സ്ത്രീ ഭരണഘടനാനന്തര സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ ആഴത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. ‘‘മണ്ണാൻ മജിസ്ട്രേറ്റായാൽ’’ എന്ന പഴഞ്ചൊല്ലിലൂടെ ദലിത് അധികാരാരോഹണത്തെ പരിഹസിക്കുന്നവർക്ക് മജിസ്ട്രേറ്റായി മറുപടി നൽകണമെന്ന കോരന്റെ ജനാധിപത്യ നിർദേശം സവർണ ബ്രാഹ്മണ്യ പൊതുബോധത്തിന് നേർക്കുള്ളതാണ്. Educate Agitate Organise എന്ന അംബേദ്കർ ചിന്തയുടെ പ്രതിഫലനം കോരനിലെ കഥാപാത്രത്തിൽ വായിച്ചെടുക്കാം. ദലിതർക്ക് ഉന്നത വിദ്യാഭ്യാസത്തിനും അധികാര പ്രാതിനിധ്യത്തിനും സഹായിച്ചത് ഭരണഘടന മുന്നോട്ടു വെച്ച പ്രാതിനിധ്യ ജനാധിപത്യ രാഷ്ട്രീയവും നിരവധിയായ സമത്വ പോരാട്ടങ്ങളുമാണ്. എന്നാൽ, അധികാര പദവിയിലെത്തുന്ന ദലിതരോടുള്ള ഇന്ത്യൻ ജനതയുടെ സമീപനം തീർത്തും ജനാധിപത്യ വിരുദ്ധമായിരുന്നു. ഒരു ദലിത് രാഷ്ട്രപതിയുടെ ക്ഷേത്രദർശനാനന്തരം ശുദ്ധീകരണ ക്രിയകൾ നടത്തിയ പൗരോഹിത്യ ബ്രാഹ്മണ്യത്തിന്റെ സമീപനം ജാതി മൂല്യങ്ങളാൽ നയിക്കപ്പെട്ടവയായിരുന്നു.

ഭരണഘടനയുടെ ജനാധിപത്യ രാഷ്ട്രീയത്തെ പൗരോഹിത്യ ബ്രാഹ്മണ്യം വിലമതിക്കുന്നില്ലെന്നതിന്റെ ദൃഷ്ടാന്തമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ സംഭവവികാസങ്ങളും തെളിയിക്കുന്നു. നവോത്ഥാനം ഉഴുതുമറിച്ച കേരളത്തിൽ ശബരിമലയിൽ ഒരു അബ്രാഹ്മണന് മേൽശാന്തിയാവുന്നതിന് തടസ്സമായി വർത്തിക്കുന്നത് പൗരോഹിത്യ ബ്രാഹ്മണ്യ ജാതിമൂല്യങ്ങളാണ്. പുരോഗമന മലയാളിയുടെ ഉഭയ ജീവിതത്തിന്റെ മറ്റൊരുദാഹരണമാണിത്. ചിലരെ ‘തിരുമേനി’ എന്ന് അഭിസംബോധന ചെയ്യുന്ന മലയാളി, ഉടലിന്റെ ജാതിജീവിതത്തെ കൈമാറ്റംചെയ്യുന്നവരാണ്. തങ്ങളുടെ ശരീരത്തിൽനിന്നും വ്യത്യസ്തവും ദിവ്യവുമായ ശരീരത്തിന്റെ ഉടമകളാണ് ‘തിരുമേനി’ എന്ന് അഭിസംബോധന ചെയ്യപ്പെടുന്നവർ എന്ന ധാരണ മലയാളി ബോധത്തിൽ പ്രബലമാണ്. ഈ മൂല്യബോധമാണ് ജാതിജീവിതത്തിന്റെ മൂലാധാരം.

സവർണർ ഇരിക്കേണ്ട ജഡ്ജിക്കസേരയിൽ ശിഖ എന്ന ദലിത് സ്ത്രീ ഇരിക്കുമ്പോൾ ഉണ്ടാവുന്ന അസഹിഷ്ണുതയുടെ ആധാരം ശ്രേണീകൃത അസമത്വവും വർണധർമബോധവുമാണ്. വർണധർമ ക്രമമനുസരിച്ച് ഒരു ചണ്ഡാലന് പൊട്ടിയ പാത്രത്തിൽ മാത്രമേ ഭക്ഷണം കൊടുക്കാവൂ, അവരെ ഗ്രാമത്തിൽ പ്രവേശിപ്പിക്കരുത്. ജാതിഹിംസാ വ്യവസ്ഥ പുറന്തള്ളിയ അരിക്ജീവിതങ്ങൾ അധികാര പദവിയിലിരിക്കാൻ യോഗ്യരല്ലെന്ന സനാതന വർണ വ്യവസ്ഥയുടെ മൂല്യബോധമാണ് ശിഖയോടുള്ള ജാതിവെറിയിൽ പ്രകടമാവുന്നത്. ഒരു ദലിത്‌ സ്ത്രീയെ ജഡ്ജിയാക്കിയത് ഭരണഘടനയും സാമൂഹിക നവോത്ഥാന പോരാട്ടങ്ങളുമാണ്. ശിഖയെ ജാതിയുടെ പേരിൽ അപമാനിക്കുന്ന സവർണ പുരുഷൻ ഭരണഘടനയുടെ പ്രാതിനിധ്യ രാഷ്ട്രീയത്തിനെതിരായാണ് യഥാർഥത്തിൽ പ്രവർത്തിക്കുന്നത്. ജാതിഹിംസ മലയാളി പ്രകടിപ്പിക്കുന്നത് ‘പിന്നാമ്പുറ’ സംഭാഷണങ്ങളിലൂടെയാണ്. ജഡ്ജിക്ക് മുമ്പിൽ പുരോഗമനകാരിയായി വേഷം കെട്ടുകയും ചായക്കടയിൽ ദലിത് ജഡ്ജിയെ അപമാനവീകരിച്ച് സംസാരിക്കുകയും ചെയ്യുന്ന കഥാപാത്രം മലയാളിയുടെ ഉഭയജീവിതത്തിന്റെ മറ്റൊരു പ്രതീകമാണ്.

സംവരണവും കോരനും

പ്രാതിനിധ്യ ജനാധിപത്യ രാഷ്ട്രീയത്തിന്റെ അടിസ്ഥാന ഉപാധികളിലൊന്നാണ് സംവരണം. നിരന്തരം സിനിമകളിലൂടെ തന്നെ മേൽക്കൈ സൃഷ്ടിക്കപ്പെട്ട ആഖ്യാനമാവട്ടെ സംവരണ വിരുദ്ധവുമായിരുന്നു. ‘ആര്യൻ’ എന്ന സിനിമ ഇതിനുദാഹരണമാണ്. സംവരണത്തിലൂടെ ദലിത് ബഹുജനങ്ങൾക്ക് ലഭിക്കുന്ന തൊഴിലാണ് ബ്രാഹ്മണ ദാരിദ്ര്യത്തിന്റെ കാരണമായി ‘ആര്യൻ’ അവതരിപ്പിക്കുന്നത്. ശങ്കരന്റെ ബസ് യാത്രക്കിടയിൽ സംഭാഷണത്തിലേർപ്പെടുന്ന ഒരു പുരോഗമനകാരി സംവരണം സൃഷ്ടിക്കുന്ന തൊഴിൽ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നു. സവർണർക്ക് തൊഴിൽ ലഭിക്കാൻ സംവരണം തടസ്സമാണെന്ന ആശയമാണ് പുരോഗമനകാരി പങ്കുവെക്കുന്നത്. ശങ്കരനെയും ഒരു സവർണനായാണ് ആ വേളയിൽ പുരോഗമനകാരി മനസ്സിലാക്കിയത്. എന്നാൽ തന്റെ അച്ഛന്റെ പേര് കോരൻ എന്ന് വെളിപ്പെടുത്തിക്കൊണ്ട് ബസിൽനിന്നിറങ്ങുന്ന ശങ്കരൻ രാഷ്ട്രീയ കേരളത്തിന്റെ സാംസ്കാരിക അടയാളമാണ്. പേര് വെളിപ്പെടുത്തിയതിലൂടെ താൻ സംവരണ വിരുദ്ധമായി സംസാരിച്ചത് മുഴുവൻ ഒരു ദലിതനോടാണെന്നുള്ള ഭാവം പുരോഗമനകാരിയുടെ മുഖത്ത് തെളിയുന്നുണ്ട്. ഇവൻ നമ്മിൽപെട്ടവനല്ല എന്ന അപരവത്കരണം ഇവിടെ മൂർത്തീകരിക്കപ്പെടുന്നു.

ഭൂപരിഷ്കരണത്തിലേക്ക് ഒരു നോട്ടം

ഭൂപരിഷ്കരണസംബന്ധിയായ ചർച്ചയിലേക്ക് ശങ്കരനെ ക്ഷണിക്കുന്ന, ശ്രീഷ്മ ബാലചന്ദ്രൻ അഭിനയിച്ച കഥാപാത്രം കേരളചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും ചില ചോദ്യങ്ങൾ തൊടുത്തുവിടുന്നുണ്ട്. ഭൂപരിഷ്‍കരണം ദലിതർക്ക് ഭൂവധികാരം നൽകിയോ എന്ന ചരിത്രപരമായ ചോദ്യമാണ് ശ്രീഷ്മയുടെ കഥാപാത്രം ഉന്നയിക്കുന്നത്. ദലിതർ കോളനികളിലേക്കും പുറമ്പോക്കുകളിലേക്കും പിന്തള്ളപ്പെട്ടതെങ്ങനെയെന്ന സുപ്രധാനമായ വിമർശനം ശ്രീഷ്മയുടെ കഥാപാത്രം ഉന്നയിക്കുന്നു. ആ ചർച്ചയിൽ സംബന്ധിക്കാൻ താൽപര്യം പ്രകടിപ്പിക്കാതിരിക്കുന്ന ശങ്കരന്റെ ഭാവഹാവാദികളാവട്ടെ പ്രേക്ഷകന് പൂരിപ്പിക്കാവുന്ന നിരവധി ഇടങ്ങൾ സൃഷ്ടിക്കുകയുംചെയ്യുന്നു.

കമ്യൂണിസ്റ്റ് പാർട്ടി വിഭജിക്കപ്പെട്ട 1964 മുതൽ വർത്തമാന കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയജീവിതത്തിലേക്ക് വരെ നീളുന്ന അരിക്, സെന്തിൽ അവിസ്മരണീയമാക്കിയ കോരനിലൂടെ മൂന്ന് തലമുറ ദലിത് ജീവിതത്തെ മുൻനിർത്തി കേരളത്തെയും ഇന്ത്യയെയും അഗാധമായി നോക്കുന്നു. ആ നിലക്ക് ദലിത് ജീവിതത്തെ ചരിത്രത്തിന്റെ കേന്ദ്രത്തിൽ സ്ഥാപിച്ചുകൊണ്ട് രാഷ്ട്രീയത്തെയും സംസ്കാരത്തെയും വിമർശനാത്മകമായി വിലയിരുത്തുന്ന സാമൂഹികനീതിയുടെ പാഠമായി അരിക് മാറിത്തീർന്നിരിക്കുന്നു.

ജാതി അസമത്വവ്യവസ്ഥ സൃഷ്ടിച്ച അരിക് വത്കരണത്തെ നിതാന്ത ജാഗ്രതയോടെ ചൂണ്ടിക്കാട്ടുകയും, ജാതി ഹിംസകൾക്കെതിരായി വിമോചനാത്മകമായ തുറവിക്കായി പ്രയത്നിക്കാൻ അനുഭൂതിപരമായി തന്നെ ആഹ്വാനംചെയ്യുകയും ചെയ്യുന്ന സിനിമയാണ് വി.എസ്. സനോജ് സംവിധാനം നിർവഹിച്ച ‘അരിക്’. ഇർഷാദ് അലിയും സെന്തിലും സിജി പ്രദീപും അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ സിനിമക്ക് ശേഷവും ആത്മ ഭാരമായി രാഷ്ട്രീയ പോരാട്ടങ്ങൾക്ക് പ്രേരിപ്പിക്കും. ദലിത് സ്ത്രീ ജഡ്ജിയാവുമ്പോൾ കടുത്ത ജാതിവെറി പുലർത്തുന്ന സവർണ പുരുഷന്റെ ചെകിടത്ത് സിജിയുടെ കഥാപാത്രം നൽകുന്ന അടി മലയാളിയുടെ സവർണ പൊതുബോധത്തിനും ഇന്ത്യൻ സവർണ കാഴ്ചപ്പാടുകൾക്കും നേർക്കുള്ളതാണ്.

അരിക് കലാപരമായ ഒരു രാഷ്ട്രീയ പ്രസ്താവനയാണ്. ഇന്ത്യൻ ബോധത്തെ ആഴത്തിൽ നിർണയിച്ചുകൊണ്ടിരിക്കുന്ന ജാതി ഹിംസയുടെ വർത്തമാന കാഴ്ചകൾ മലയാളിയുടെ പുരോഗമന മുഖം മൂടികളെകൂടി അഴിച്ചിടുന്നുണ്ട്. ജാതി ഒരു പുരാതന വ്യവസ്ഥയല്ലെന്നും അത് സമകാലിക സാമൂഹിക രാഷ്ട്രീയ സമ്പദ് വ്യവസ്ഥയെ നിശ്ചയിക്കുന്ന അതിനിർണായക ഘടകമാണെന്ന ഡേവിഡ് മൊസെയുടെ നിരീക്ഷണം ഈ സിനിമ കാണുമ്പോൾ കൂടുതൽ പ്രസക്തമാണെന്ന് ബോധ്യപ്പെടും.

 

കഠിനമായ ആത്മഭാരം സിനിമ കഴിയുമ്പോഴും കലാസ്വാദകരെ പിന്തുടരും. വിമോചനത്തിനായി, സമത്വത്തിനായി, ആത്മാഭിമാനത്തിനായുള്ള പോരാട്ടങ്ങൾ അവസാനിച്ചിട്ടില്ല എന്ന് ‘അരിക്’ ഓർമിപ്പിക്കുന്നു. ‘അരിക്’ ആ നിലക്ക് സമത്വപോരാട്ടങ്ങൾക്ക് ഊർജം പകരുന്നു എന്ന് നിസ്സംശയം പറയാം. പുറമേ പുരോഗമനകാരിയായി വേഷം കെട്ടുകയും അകമേ ജാതി മൂല്യങ്ങൾ സംവഹിക്കുകയും ചെയ്യുന്ന മലയാളിയുടെ ഉഭയജീവിതത്തിന്റെ ആന്തരികവിമർശനംകൂടിയായി ‘അരിക്’ മലയാള ചലച്ചിത്ര ചരിത്രത്തിൽ സ്ഥാനപ്പെടും.

2025ലും തുടരുന്ന അരിക് വത്കരണത്തിന്റെ നേരവസ്ഥകൾ തുറന്നുകാട്ടുന്ന ‘അരിക്’ മലയാള ചലച്ചിത്ര ചരിത്രത്തിൽ ഒരു വിച്ഛേദം സൃഷ്ടിച്ചിരിക്കുന്നു. വീട്ടുമുറ്റത്ത് പത്രം പതിക്കുന്ന രംഗം മലയാള സിനിമയിൽ പൊതുവെ ദൈനംദിനത്തിന്റെ ഒരാവിഷ്കാരമായി ചുരുങ്ങുമ്പോൾ, ‘അരികി’ലെ വാർത്തകൾ രാഷ്ട്രീയ ഓർമപ്പെടുത്തലാവുന്നു. ബാബരിയുടെ നേർക്കുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം വാർത്തയായി നിറയുമ്പോൾ രാഷ്ട്രീയ ജാഗ്രതയായി നിറയുന്നു. അരികിന്റെ കാമറാ നോട്ടങ്ങൾ അരിക് വത്കരിക്കപ്പെട്ട ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് ചരിത്രത്തെയും സമകാലിക ലോകത്തെയും കലാപരമായി ദർശിക്കുന്നു. ആ ദർശനത്തിന്റെ രാഷ്ട്രീയ നീതിബോധ്യം ജനാധിപത്യത്തിന്റെ സൂക്ഷ്മസ്ഥലികൾ പ്രയോഗവത്കരിക്കാൻ നമ്മെ നിരന്തരം പ്രേരിപ്പിക്കും.

ഇന്ന് ലോകവ്യാപകമായി പാരമ്പര്യ ചിന്തകൾ ചോദ്യംചെയ്യുന്നതിൽ സ്ത്രീകൾ മുൻപന്തിയിലാണ്. ഈ സിനിമയിലും സ്വന്തം മകളുടെ ജാതി പറഞ്ഞുകൊണ്ട് അവഹേളിച്ച വ്യക്തിയുടെ മുഖത്തു ഒരടി കൊടുക്കാൻ സന്നദ്ധമാകുന്നത് അവളുടെ അമ്മയാണ്. ചരിത്രം തിരുത്തുന്നതിൽ ഇന്ന് പൊതുവെ സ്ത്രീകൾ പ്രകടിപ്പിക്കുന്ന ഔത്സുക്യത്തിന്റെ പാരമ്യമാണ് ഇതിന്റെ അവസാനത്തിൽ മുഖത്ത് ഏൽക്കുന്ന ആ അടി. ചൂടുള്ള കടുപ്പമുള്ള ചായയേക്കാൾ ചൂടും ചൂരും ഇവിടെ പ്രകടമാകുന്നു. ശീലിച്ചത് പാലിക്കുന്ന പുരുഷാധിപത്യ മൂല്യങ്ങൾകൂടിയാണ് ഇവിടെ തകർന്ന് വീഴുന്നത്. സിനിമയിൽ പ്രമേയത്തിന് തികച്ചും അനുയോജ്യമായ സാംസ്‌കാരിക സ്ഥലിയിൽ കാമറ സഞ്ചരിച്ചു എന്നത് ഇതിന്റെ ആവിഷ്കാരത്തെ കല എന്ന നിലയിൽ മികച്ചതാക്കുന്നു. ആർക്കും കണ്ടിരിക്കാനും വിനിമയംചെയ്യാനും സാധിക്കുന്ന അവതരണത്തിലൂടെ കാലം ആവശ്യപ്പെടുന്ന സൗന്ദര്യശാസ്ത്രപരമായ രാഷ്ട്രീയം (political aesthetics) പ്രകാശിപ്പിക്കാൻ ചലച്ചിത്രപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ഇത് പോലൊരു സിനിമ നിർമിക്കാൻ സന്നദ്ധമായ പ്രവർത്തകരും അതിനു പിന്തുണ നൽകിയ കെ.എസ്.എഫ്.ഡി.സിയും അഭിനന്ദനം അർഹിക്കുന്നു.

News Summary - political aesthetics