Begin typing your search above and press return to search.

ദൃശ്യചാരുത നിറഞ്ഞ ‘തനിയാവർത്തനം’

ദൃശ്യചാരുത നിറഞ്ഞ ‘തനിയാവർത്തനം’
cancel

കാഴ്ചയുടെ അഭ്രപാളിയിൽ വ്യത്യസ്ത ആഖ്യാനം തീർക്കാൻ സാധിച്ച കാമറാമാനാണ് സാലു ജോർജ്. ‘തനിയാവർത്തന’വും ‘പാദമുദ്ര’യും ‘മാന്ത്രികക്കുതിര’യും ‘മുദ്ര’യും ‘ചമ്പക്കുളം തച്ചനു’മെല്ലാം കാമറക്കണ്ണിലൂടെ അദ്ദേഹം മലയാള സിനിമക്ക് നൽകിയത് എന്നും ഓർത്തുവെക്കാവുന്ന അടയാളങ്ങളാണ്. സാലു ജോർജുമായി നടത്തിയ സംഭാഷണത്തി​ന്റെ കഴിഞ്ഞ ലക്കം തുടർച്ച. സൂപ്പർസ്റ്റാർ രവീന്ദ്രൻ‘ജലരേഖ’ക്ക് ശേഷം ബഷീർ പാലക്കാട് നിർമിച്ച് മോഹൻരൂപ് സംവിധാനംചെയ്ത ‘നുള്ളി നോവിക്കാതെ’ ആണ് സ്വതന്ത്ര കാമറാമാനായ ശേഷമുള്ള എന്‍റെ രണ്ടാമത്തെ ചിത്രം. 1985ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ബാലൻ കെ. നായർ, മാധുരി, സബിത ആനന്ദ്, ശിവജി എന്നിവരായിരുന്നു...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
കാഴ്ചയുടെ അഭ്രപാളിയിൽ വ്യത്യസ്ത ആഖ്യാനം തീർക്കാൻ സാധിച്ച കാമറാമാനാണ് സാലു ജോർജ്. ‘തനിയാവർത്തന’വും ‘പാദമുദ്ര’യും ‘മാന്ത്രികക്കുതിര’യും ‘മുദ്ര’യും ‘ചമ്പക്കുളം തച്ചനു’മെല്ലാം കാമറക്കണ്ണിലൂടെ അദ്ദേഹം മലയാള സിനിമക്ക് നൽകിയത് എന്നും ഓർത്തുവെക്കാവുന്ന അടയാളങ്ങളാണ്. സാലു ജോർജുമായി നടത്തിയ സംഭാഷണത്തി​ന്റെ കഴിഞ്ഞ ലക്കം തുടർച്ച.

സൂപ്പർസ്റ്റാർ രവീന്ദ്രൻ

‘ജലരേഖ’ക്ക് ശേഷം ബഷീർ പാലക്കാട് നിർമിച്ച് മോഹൻരൂപ് സംവിധാനംചെയ്ത ‘നുള്ളി നോവിക്കാതെ’ ആണ് സ്വതന്ത്ര കാമറാമാനായ ശേഷമുള്ള എന്‍റെ രണ്ടാമത്തെ ചിത്രം. 1985ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ബാലൻ കെ. നായർ, മാധുരി, സബിത ആനന്ദ്, ശിവജി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. പൂവച്ചൽ ഖാദറും വടക്കുംതറ രാമചന്ദ്രനും എഴുതിയ ഗാനങ്ങൾക്ക് രാജമണി സംഗീതം നൽകി. യേശുദാസായിരുന്നു ആലാപനം.

നേരത്തേ മോഹൻരൂപും സുധിയും സംവിധാനംചെയ്തൊരു സിനിമക്ക് വിപിൻദാസ് സാറായിരുന്നു കാമറ ചലിപ്പിച്ചത്. ‘കൊമ്പ്’ എന്നായിരുന്നു ചിത്രത്തിന് ആദ്യം ഇട്ടിരുന്ന പേരെങ്കിലും പിന്നീടത് മാറ്റി ‘വേട്ട’ എന്നാക്കി. കുറച്ച് സ്ലോ ഫേസിലാണ് സിനിമയുടെ ആഖ്യാനം നിശ്ചയിച്ചിരുന്നത്. ‘ഓർവോ’ ഫിലിമാണ് അതിനായി ഉപയോഗിച്ചത്. അതിനാൽ ലൈറ്റിങ് ക്രമീകരിക്കാൻ ഏറെ കഷ്ടപ്പെടേണ്ടി വന്നു.

അന്ന് ചിത്രീകരണത്തിനിടെ ഒരു സംഭവമുണ്ടായി. ഷൂട്ടിങ് ആരംഭിച്ച ദിവസംതന്നെ വിപിൻ ദാസ് സാറ് കുറച്ച് ഫിൽട്ടേഴ്സ് വേണമെന്ന് പ്രൊഡക്ഷൻ ടീമിനോട് ആവശ്യപ്പെട്ടു. എന്നാൽ, അത്രക്ക് സാമ്പത്തികം ചെലവാക്കാനില്ല എന്നു പറഞ്ഞ് സാറുമായി സംവിധായകനടക്കമുള്ളവർ ഒടക്കി. രണ്ടു ദിവസം കഴിഞ്ഞപ്പൊ സാറു പറഞ്ഞു, ‘‘ഇവരുടെ കൂടെ ഇനി ജോലി ചെയ്യാൻ എനിക്ക് വയ്യ. ബാക്കി നീ വേണേങ്കി ചെയ്തോ’’, എന്ന്. അങ്ങനെ ഞാനാണ് ആ ചിത്രം പൂർത്തിയാക്കിയത്. മമ്മൂട്ടി, മോഹൻലാൽ, അടൂർ ഭാസി, ശ്രീനിവാസൻ, ബാലൻ കെ. നായർ, ടി.ജി. രവി, രവീന്ദ്രൻ എന്നിവരായിരുന്നു അഭിനേതാക്കൾ.

മമ്മൂട്ടിയും മോഹൻലാലും വരവറിയിക്കുന്ന സമയമായിരുന്നു അന്ന്. സിനിമയിൽ തലമുറമാറ്റം സംഭവിച്ചുകൊണ്ടിരുന്ന കാലം. വിതരണത്തിന് ആളെ കിട്ടാതെ സോമനും സുകുമാരനും സിനിമകൾ കുറഞ്ഞ സമയം. ‘വേട്ട’യിൽ രതീഷ് എന്ന കഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചപ്പോൾ ബാലൻ എന്ന കഥാപാത്രത്തിന് മോഹൻലാലും വേഷമിട്ടു. അന്ന് മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ പ്രതിഫലം വാങ്ങി കത്തിനിന്ന നടനാണ് രവീന്ദ്രൻ (ഡിസ്കോ). തമിഴിലും മലയാളത്തിലും രവീന്ദ്രൻ ഒരുപോലെ തിളങ്ങി. അന്ന് രവീന്ദ്രന് വേണ്ടി ഷൂട്ടിങ് സെറ്റിൽ ഞങ്ങൾ കാത്തിരുന്നു. ‘‘തമിഴിൽനിന്ന് രവീന്ദ്രൻ വരുന്നേ’’ എന്നൊക്കെ പറഞ്ഞ് ഏറെ ആവേശത്തിലായിരുന്നു സെറ്റ് ഒന്നാകെ. എനിക്ക് നേരത്തേതന്നെ രവീന്ദ്രനെ അറിയാം. അഡയാറിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. പുള്ളി ആക്ടിങ് വിഭാഗത്തിലായിരുന്നു പഠിച്ചത്. ചില ക്ലാസുകളൊക്കെ എല്ലാവർക്കും ഒരുമിച്ചുണ്ടായിരുന്നതിനാൽതന്നെ കോഴ്സിന് ചേർന്നവരുമായി നല്ല പരിചയമുണ്ടായിരുന്നു. രവീന്ദ്രനുമായുള്ള ആ നല്ല അടുപ്പം ഈ ചിത്രം ഷൂട്ട് ചെയ്യവെ എനിക്ക് ഉപകാരമായി.

1986ൽ പുറത്തിറങ്ങിയ ‘അമ്പാടി തന്നിലൊരുണ്ണി’യാണ് എന്‍റെ മൂന്നാമത്തെ ചിത്രം. സി.എസ്. എബ്രഹാം നിർമിച്ച ഈ ചിത്രം ആലപ്പുഴ രംഗനാഥാണ് സംവിധാനംചെയ്തത്. ജഗതി ശ്രീകുമാർ, ആനന്ദ്, വിനയൻ, സി.എസ്. എബ്രഹാം എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. 1972ൽ പുറത്തിറങ്ങിയ ‘ചെമ്പരത്തി’ എന്ന സിനിമയിൽ പി. മാധുരി പാടിയ ‘അമ്പാടിതന്നിലൊരുണ്ണി’ എന്ന ഗാനത്തിന്‍റെ പേരെടുത്താണ് ഈ സിനിമക്ക് പേരിട്ടത്. സ്വതന്ത്ര കാമറാമാനായി രണ്ട് മൂന്നെണ്ണം ചെയ്തതോടെ തുടർന്നങ്ങോട്ട് സിനിമകൾ ചെയ്യാനെനിക്ക് ആത്മവിശ്വാസമേറി.

 

നരിച്ചീറുകൾക്കൊപ്പം 16 കെട്ടിന്‍റെ ഇരുണ്ട മുറിയിൽ

കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട പാതയിൽ കോട്ടയത്തിന് 40 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ചെറുഗ്രാമം, അതാണ് പിണ്ണാക്കനാട്. എന്‍റെ ജന്മദേശം. കാളകെട്ടി, മൈലാടി, ചേറ്റുതോട്, മാളികശേരി, വാരിയാനിക്കാട്, ചെമ്മലമറ്റം എന്നിവ സമീപ ഗ്രാമങ്ങളാണ്. ഇതിൽ കാളകെട്ടിയാണ് ഞങ്ങളുടെ പോസ്റ്റ് ഓഫിസ്. ഈരാറ്റുപേട്ടയിൽനിന്ന് എട്ടു കിലോമീറ്റർ താണ്ടിയാൽ പിണ്ണാക്കനാടെത്താം. അന്ന് അവിടെതന്നെ ടെലഫോൺ എക്സ്ചേഞ്ചുമുണ്ട്. എമർജൻസി ആയി ആരെങ്കിലും കിട്ടണമെങ്കിൽ അന്ന് ‘ലൈറ്റ്നിങ്’ കോളാണ് വിളിച്ചിരുന്നത്. സാധാരണ ട്രങ്ക് കോളിനേക്കാൾ നാലഞ്ച് ഇരട്ടി തുക ഇതിന് വരും.അങ്ങനെ, ഒരിക്കൽ സംവിധായകൻ സിബി മലയിൽ എറണാകുളത്തുനിന്ന് ലൈറ്റ്നിങ് കോൾ വിളിച്ചു. എറണാകുളം വുഡ് ലാൻഡ്സിലേക്ക് എന്നോട് ഉടനെ വരാൻ പറഞ്ഞു. സിബിയെ എനിക്ക് നേരത്തേ തന്നെ പരിചയമുണ്ട്. സിനിമയിലെ അടുപ്പത്തിനപ്പുറം കുടുംബപരമായുള്ള ബന്ധവുമുണ്ട്.

ഏറെ വൈകാതെ തന്നെ ഞാൻ കൊച്ചിക്ക് പുറപ്പെട്ടു. അന്ന് സിബിയുടെ ‘മുത്താരംകുന്ന് പി.ഒ’ അടക്കമുള്ള സിനിമകൾക്കും പ്രിയദർശന്‍റെ സിനിമകൾക്കും കാമറ ചെയ്തിരുന്നത് എസ്. കുമാറായിരുന്നു. ഞങ്ങൾ തമ്മിൽ നല്ല പരിചയമുണ്ടായിരുന്നു. ഒരേ മേഖലയിൽനിന്നുള്ളവർ ആയതുകൊണ്ട് തന്നെ ചില സിനിമകളിൽ ഞങ്ങൾ സഹകരിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. പിന്നീട് എനിക്ക് മനസ്സിലായി സിബി ചെയ്യാൻ പോകുന്ന പുതിയ സിനിമയായ ‘തനിയാവർത്തന’ത്തിലേക്ക് കാമറ ചെയ്യാൻ എന്നെ നിർദേശിച്ചത് കുമാറാണെന്ന്.

അങ്ങനെ ഞാൻ വുഡ് ലാൻഡ്സ് ഹോട്ടലിലെത്തി, റിസപ്ഷനിൽ കാര്യം പറഞ്ഞപ്പോൾ മുകൾനിലയിലെ റൂം നമ്പർ പറഞ്ഞ് അവിടേക്ക് ചെല്ലാൻ പറഞ്ഞു. റൂമിലെത്തി വാതിൽ തുറന്ന പ്പോൾ, താടി വളർത്തിയ ഒരാൾ കട്ടിലിൽ ഇരിക്കുന്നു. എന്തോ ആലോചിച്ച് അയാൾ കടലാസിൽ കുത്തിക്കുറിക്കുന്നുണ്ട്. എന്നെ കണ്ടപാടെ ‘‘സാലു ജോർജല്ലേ, സിബി പറഞ്ഞിരുന്നു വരുമെന്ന്’’ എന്ന് പറഞ്ഞു. എന്നിട്ട് മുന്നിലെ കസേരയിലിരിക്കാൻ എന്നോട് പറഞ്ഞു. ‘‘പേര് ലോഹിതദാസ്, ഈ സിനിമക്കുവേണ്ടി തിരക്കഥയെഴുതുന്നത് ഞാനാണ്’’ എന്ന് പറഞ്ഞു. ‘‘എഴുത്തിന് ബുദ്ധിമുട്ടാകുമോ, ഞാൻ പോകണോ’’ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ‘‘അയ്യോ... വേണ്ട...അവിടെയിരിക്കൂ’’ എന്ന് അദ്ദേഹം മറുപടിയിട്ടു.കസേരയിൽ ഇരുന്ന എന്നോട്, അടുപ്പക്കാരോടൊക്കെ സംസാരിക്കുന്നതു പോലെ മൃദുവായി പറഞ്ഞു. ‘‘ഞാനൊരു സീൻ എഴുതിവെച്ചിട്ടുണ്ട്. കേൾക്കാമോ?’’

‘‘അതിനെന്താ കേൾക്കാലോ’’ എന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ലോഹിതദാസ് ‘തനിയാവർത്തന’ത്തിലെ ഒരു സീൻ എന്നോട് വിവരിച്ചു. മമ്മൂട്ടി സ്കൂൾ പിള്ളേരോട് പട്ടത്തിന്‍റെ കഥ പറഞ്ഞുകൊടുക്കുന്ന സീനായിരുന്നു അത്. ചടുലവും ഭാഷാസ്ഫുടതയിലും അദ്ദേഹം വിവരിച്ച സീൻ കേട്ടതും ഞാനാകെ തരിച്ചുപോയി. എന്‍റെ കണ്ണുകൾ നിറഞ്ഞു. അത്ര ഡീറ്റെയിൽഡായി ഒരാളും അതുവരെ എന്നോട് സീൻ വിവരിച്ചിട്ടില്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സിബി റൂമിലേക്ക് വന്നു. എന്നെ കണ്ട് ഷേക്ക്ഹാൻഡ് തന്നിട്ട് ചോദിച്ചു. ‘‘വല്ലതും കേട്ടോ... എങ്ങനെയുണ്ട് സ്ക്രിപ്റ്റ്.’’

സിബി മലയിൽ,  ലോഹിതദാസ്                                      

ഇങ്ങനെയൊരു സ്ക്രിപ്റ്റ് വായന ഇതുവരെയുള്ള എന്‍റെ സിനിമാജീവിതത്തിൽ സംഭവിച്ചിട്ടില്ലെന്ന് ഞാൻ സിബിയോട് പറഞ്ഞു. അന്ന് ‘തനിയാവർത്തന’ത്തിന്‍റെ വൺലൈൻ സ്റ്റോറി മാത്രമാണ് എന്നോട് പറഞ്ഞത്. പിന്നീട് ഡീറ്റെയിൽഡായി പറഞ്ഞ് കേൾപ്പിച്ചപ്പൊ എനിക്ക് മനസ്സിലായി ഈ സിനിമ എന്നെക്കൊണ്ട് കൂട്ടിയാകൂടില്ലാന്ന്, എന്നാൽ, സബ്ജക്ട് കേട്ടപ്പോൾ ഇട്ടേച്ച് പോകാനും മനസ്സുവന്നില്ല. വരുന്നത് വരട്ടെ എന്ന് വിചാരിച്ച് സിനിമ ചെയ്യാൻതന്നെ ഞാൻ ഒരുക്കം കൂട്ടി. മണ്ണാർക്കാട്ടുള്ള ഒരു തറവാട്ട് വീട്ടിലായിരുന്നു ‘തനിയാവർത്തന’ത്തിന്‍റെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത്. അതിനുമുമ്പ് തൃപ്പൂണിത്തുറയിലെ ചില ലൊക്കേഷനുകൾ നോക്കിയെങ്കിലും കഥക്ക് പറ്റിയതല്ലാത്തതുകൊണ്ട് ഉപേക്ഷിക്കുകയായിരുന്നു. മണ്ണാർക്കാട്ടെ വീട് കൊള്ളാമെന്ന് കേട്ടപ്പോൾ വേറെ ഇടങ്ങളൊന്നും പരതാതെ ഞങ്ങൾ അങ്ങോട്ട് പുറപ്പെട്ടു.

മണ്ണാർക്കാട്ടെ അന്നത്തെ ആ വീട്ടിൽ അമ്മയും രണ്ട് പെൺമക്കളുമായിരുന്നു താമസക്കാർ. കേറിച്ചെന്നപാടെ ആ അമ്മ പറഞ്ഞു, ‘‘കുട്ടികളുടെ അച്ഛനിവിടെയില്ല, പുറത്ത് പോയി, കാര്യങ്ങളൊക്കെ അദ്ദേഹത്തോട് പറഞ്ഞാ മതി.’’ ഇത് കേട്ടതോടെ വേറെയൊന്നും പറയാതെ അവിടന്നിറങ്ങി ഞങ്ങൾ അയാളെ തേടി നടന്നു. അകാലത്തിൽ മരണപ്പെട്ട മലയാളത്തിന്‍റെ പ്രിയനടി മോനിഷയുടെ അമ്മവീടായിരുന്നു അത്. മോനിഷയുടെ അമ്മാവനാണ് ഉണ്ണി എന്ന ഉണ്ണിയേട്ടൻ. അദ്ദേഹത്തെ കാണാനാണ് ആ വീട്ടിലെത്തിയ ഞങ്ങളോട് അയാളുടെ ഭാര്യ അന്ന് പറഞ്ഞത്. ഒടുവിൽ, ഉണ്ണിയേട്ടനെ തേടിപ്പിടിച്ച് കണ്ടെത്തി വീട്ടിൽ സിനിമ ഷൂട്ട് ചെയ്യാൻ സമ്മതം വാങ്ങി. അധികം വൈകാതെ തന്നെ ഞങ്ങളാ വീട്ടിൽ ‘തനിയാവർത്തന’ത്തിന്‍റെ ചിത്രീകരണം ആരംഭിക്കുകയുംചെയ്തു.

പത്ത്-നാൽപത് മുറികളുള്ള 16 കെട്ടിൽ ഒരു വലിയ വീട്. ലോഹിതദാസ് തിരക്കഥയിൽ എന്ത് എഴുതിവെച്ചോ അതുപോലെ തന്നെയുണ്ട് ആ വീട് നിറയെ. പല മുറികളും താമസക്കാർ ഉപയോഗിക്കാറേ ഇല്ലായിരുന്നു. മുറി തുറന്നാൽ നിറയെ എലികളും നരിച്ചീറുകളും പാറിവരും. ശരിക്കും ഭീതിപ്പെടുത്തുന്ന വല്ലാത്തൊരു വീട്. ചില മുറികളിൽ സർപ്പങ്ങൾവരെ താമസമാക്കിയിട്ടുണ്ട്. നാലു മുറികളെ അവർ ഉപയോഗിച്ചിരുന്നുള്ളൂ. ബാക്കിയൊക്കെ ഒഴിഞ്ഞ് കിടപ്പായിരുന്നു. ഉണ്ണിയേട്ടന്‍ പറഞ്ഞതനുസരിച്ച് ഷൂട്ടിങ് സംഘത്തിനുള്ള ഭക്ഷണമൊരുക്കാനുള്ള മെസ്സ് ഒരുക്കിയത് ഈ വീട്ടിലെതന്നെ ഒഴിഞ്ഞ മുറിക്കകത്തായിരുന്നു. മെസ്സുകാർക്കും അത് സൗകര്യമായി. ഭക്ഷണം വിളമ്പിക്കൊടുക്കാനും പാചകത്തിനുമൊക്കെ നല്ല സൗകര്യവുമായി. എന്നാൽ, ഏതു നിമിഷവും സംഭവിക്കാവുന്നൊരു അപകട സൂചനയും അവിടെ ഒളിച്ചിരിപ്പുണ്ടായിരുന്നു.

ഷൂട്ടിങ് ആരംഭിച്ച് അധികദിവസം ആകും മുമ്പേ ഒരുദിവസം മെസ്സുകാരും അസിസ്റ്റന്‍റുമാരുമെല്ലാം വന്ന് ഞങ്ങളോട് പറഞ്ഞു, ‘‘സാർ ഇതിനകത്ത് പാമ്പുകളുണ്ട്, ജോലിചെയ്യാൻ പേടിയാണ്. സൂക്ഷിക്കണം’’ എന്ന്. ഷൂട്ടിങ് കാണാൻ ഉണ്ണിയേട്ടനും ഉണ്ടാകാറുണ്ട്. പാമ്പിന്‍റെ വിഷയം പറഞ്ഞപ്പോൾ പുള്ളി ഇടപെട്ടു. ‘‘എന്താ പ്രശ്നം, എന്തിനാ ബഹളം’’ എന്ന് പറഞ്ഞ് അദ്ദേഹം വന്ന് കാര്യം തിരക്കി. പാമ്പുണ്ട് എന്നു പറഞ്ഞ അടുക്കളഭാഗത്തേക്ക് ഒട്ടും ഭയപ്പാടില്ലാതെ പുള്ളി നടന്നുചെന്നു. ഇത് കണ്ട് എനിക്കും സിബിക്കും ആശ്ചര്യം തോന്നി. പുള്ളി എന്താണിനി കാണിക്കാൻ പോകുന്നതെന്നറിയാനുള്ളൊരു ആകാംക്ഷ. പിന്നെ പാമ്പിനെയും ഒന്ന് കാണാലോ... ഞങ്ങളും അവിടേക്ക് ചെന്നു. ഷൂട്ടിങ് തിരക്കിനിടയിൽ അടുക്കള ഭാഗത്തേക്കൊന്നും പോകാൻ സമയം കിട്ടാറില്ലായിരുന്നു. ചെന്നപ്പൊ മനസ്സിലായി അടുക്കളയെല്ലാം അവർ നല്ലപോലെ സെറ്റപ്പ് ചെയ്ത് വെച്ചിട്ടുണ്ടെന്ന്. നല്ല വൃത്തിയും അടുക്കും ചിട്ടയുമുണ്ട്. അടുക്കളയുടെ ഒരു മൂലയിൽ ഞങ്ങൾ പാമ്പിനെ കണ്ടു.

ഉണ്ണിയേട്ടൻ രംഗത്തേക്ക് വന്ന് ‘‘എടാ ഗോപാലകൃഷ്ണാ, നീയാണോ ഇത്, ഇവരെയൊന്നും ഉപദ്രവിക്കരുത് കെട്ടോ, മര്യാദക്കൊക്കെ കഴിഞ്ഞോണം.’’ എന്ന് പാമ്പിനെ നേരെ നോക്കി ഉച്ചത്തിൽ പറഞ്ഞു. ഉണ്ണിയേട്ടന്‍റെ ആജ്ഞ കേട്ടതും പാമ്പ് തലതാഴ്ത്തി അടുക്കള വിട്ട് പുറത്തേക്ക് പോയി. പിന്നെ മെസ്സുകാരോട് പറഞ്ഞു. ‘‘ഇനി ഇവറ്റകൾ നിങ്ങളെ ഒന്നും ചെയ്യാൻ വരില്ല ട്ടോ, ഇടക്ക് വല്ല പാലോ പഴമോ എന്തെങ്കിലും തിന്നാംകൊടുത്താ മതി.’’ ഇതെല്ലാം കണ്ടും കേട്ടും നിന്ന ഞങ്ങൾക്ക് സത്യത്തിൽ വല്ലാത്തൊരു അമ്പരപ്പായി. പിന്നീട് ഷൂട്ടിങ്ങിനിടെ ഒരു ശല്യവും ആ സർപ്പങ്ങളെ കൊണ്ടുണ്ടായിട്ടില്ല. സംഭവമെന്തെന്നാൽ, ആ വീട്ടിനകത്ത് വരാറുള്ള സർപ്പങ്ങൾക്കൊക്കെ ഉണ്ണിയേട്ടൻ ഓരോ പേരിട്ടിട്ട് വെച്ചിട്ടുണ്ട്. അവരെ നീട്ടിവിളിച്ചാൽ അത് വരും. ഉപദ്രവമൊന്നുമില്ല. പാലോ പഴമോ എന്തെങ്കിലും കൊടുത്താൽ അത് കഴിച്ചുപോകും.

‘തനിയാവർത്തന’ത്തിൽ ബാബു നമ്പൂതിരി വീടിന്‍റെ ഒഴിഞ്ഞ കോണിൽ കിടന്ന് തന്‍റെ കാലിലെ ചങ്ങലകളെ വലിച്ചുപൊട്ടിക്കാൻ ശ്രമിക്കുന്ന സീനുണ്ട്. അതാണ് ഞാൻ ആദ്യമായി എടുത്ത സീനെന്നാണ് ഓർമ. റൂമിനകത്ത് ലൈറ്റുപയോഗിക്കാതെ വെളിയിൽനിന്ന് വരുന്ന വെളിച്ചത്തെ ഉപയോഗപ്പെടുത്തിയായിരുന്നു ചിത്രീകരണം. അതിനാൽ ഫ്യൂജി ഫിലിമാണ് കാമറയിൽ ഉപയോഗിച്ചത്. ഈ ഫിലിമിന് ചെറിയൊരു കുഴപ്പമുണ്ട്. നമ്മൾ വിചാരിക്കുന്ന ലെവലിലേക്ക് ഇതുവെച്ച് ഷൂട്ട് ചെയ്യാൻ കഴിയില്ല. ഈയൊരു പ്രതിസന്ധി എന്നെ വല്ലാതെയങ്ങ് ഉലച്ചു.

അന്ന് മദ്രാസിൽ സിനിമയിൽ കളറിങ് ചീഫായി പ്രവർത്തിച്ചിരുന്ന എന്‍റെയൊരു സുഹൃത്ത് -പേര് നമശിവായം- ഉണ്ട്, അദ്ദേഹത്തെ ഫോണിൽ വിളിച്ച് എന്‍റെ കൺഫ്യൂഷനെ കുറിച്ച് പറഞ്ഞു. ‘‘ഭയങ്കര ലൈറ്റിങ് കോൺട്രാസ്റ്റിങ്ങുണ്ട്, അകത്ത് ഫില്ലിങ് ലൈറ്റ് വളരെ കുറവാണ്, എന്തുചെയ്യും, പണി കിട്ടോ’’ എന്ന് ഞാൻ പുള്ളിയോട് ചോദിച്ചു.

‘‘നീ ധൈര്യപൂർവം ചെയ്തോ ബാക്കി ഞാൻ നോക്കിക്കോളാം’’ എന്ന് അദ്ദേഹം മറുപടി പറഞ്ഞതോടെ, എനിക്ക് ആവേശമായി. അങ്ങനെ ഷൂട്ടിങ് ചടുലമായി പുരോഗമിച്ചു.

അന്നാ വീട്ടിലെ മുറികളിൽ എന്താണോ കണ്ടത്, അതെല്ലാം അതുപോലെ തന്നെ സിനിമക്ക് വേണ്ടി റീക്രിയേറ്റ് ചെയ്യുകയായിരുന്നു. ഡിജിറ്റൽ കാമറയും അഡ്വാൻസ്ഡ് ടെക്നോളജിയും എ.ഐയുമൊക്കെയുള്ള ഇന്നാണ് ആ സിനിമ എടുക്കുന്നതെങ്കിൽ, കാഴ്ചഭംഗി ഇത്രത്തോളം റിയലിസ്റ്റിക് ആക്കാൻ ഒരുപക്ഷേ, സാധിച്ചെന്ന് വരില്ല. ടെക്നോളജികൾ പുരോഗമിക്കുന്നത് നല്ലതുതന്നെ, എന്നാൽ, അതിന്‍റെ അതിപ്രസരണംകൊണ്ട് പലപ്പോഴും പല സിനിമകളുടെയും വിഷ്വലുകൾ വിരൂപമായി പോയതായി തോന്നിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ കുറഞ്ഞ ദിവസത്തിനുള്ളിൽനിന്നാണ് അന്ന് ‘തനിയാവർത്തനം’ ഞങ്ങൾ ഷൂട്ട് ചെയ്തത്. രാവും പകലുമായുള്ള ഷൂട്ടിങ് നല്ല പാടായിരുന്നു. കഷ്ടപ്പാടുകൾ ഏറെയായിരുന്നെങ്കിലും കഥയുടെ മൊത്തത്തിലുള്ള ആമ്പിയൻസ് കാമറയിലൂടെ കൊണ്ടുവരാൻ എനിക്ക് സാധിച്ചു. അതിന് സംവിധായകനും തിരക്കഥാകൃത്തും ഏറെ സഹായിച്ചിട്ടുമുണ്ട്.

‘തനിയാവർത്തന’ത്തിൽ മമ്മൂട്ടി

ഈ സിനിമക്ക് പതിനാലോ പതിനേഴോ ദിവസമാണ് മമ്മൂട്ടിയുടെ ഡേറ്റുണ്ടായിരുന്നത്. ഫാസിലിന്‍റെ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ എന്ന സിനിമക്ക് ഡേറ്റ് കൊടുത്തിരുന്നതിനാൽതന്നെ അദ്ദേഹത്തിന് ദിവസം ചുരുക്കേണ്ടി വരികയായിരുന്നു. ‘തനിയാവർത്തന’ത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുമ്പോ ൾ പലർക്കും ആ സബ്ജക്ടിന്‍റെ ആഴം അത്രക്ക് ബോധ്യപ്പെട്ടിരുന്നില്ല. പിന്നീട് ലോഹിയുടെ കഥപറച്ചിലും ഷൂട്ടിങ് സ്റ്റൈലുമൊക്കെ കണ്ടപ്പോഴാണ് കാര്യമായി എന്തോ ഇതിലുണ്ട് എന്ന് എനിക്കുൾ​െപ്പടെ ബോധ്യമായത്.

സിനിമയിൽ മമ്മൂട്ടി തന്‍റെ പിന്നാലെ പാഞ്ഞുവരുന്ന തെയ്യത്തെ സ്വപ്നം കണ്ട് പേടിച്ചോടുന്നൊരു സീനുണ്ട്. ട്രോളിയിട്ട് ഷൂട്ട് ചെയ്യാൻ സാധിക്കാത്തതിനാൽ ആ രംഗം ഏറെ പണിപ്പെട്ടാണ് ഞങ്ങളന്ന് ചിത്രീകരിച്ചത്. കാമറ ഒരു ബെഡ് ഷീറ്റിലാക്കി മമ്മൂട്ടിയോട് ഓടാൻ പറഞ്ഞ് അതും വലിച്ച് ഞങ്ങൾ മുന്നിൽ ഓടുകയായിരുന്നു. ബാക്ഗ്രൗണ്ടിൽ വെളിച്ചവും പുകയും നിറച്ചതോടെ അതൊരു വല്ലാത്ത സീനായി മാറി. പുകയിലൂടെയുള്ള മമ്മൂട്ടിയുടെ ഓട്ടവും ഇരുട്ടിന്‍റെ ഭീകരതയും നൃത്തം ചെയ്ത് പാഞ്ഞുവരുന്ന തെയ്യത്തിന്‍റെ രൂപവുമെല്ലാം ചേർന്നപ്പോൾ സിനിമയിലെ ഏറ്റവും നല്ല രംഗങ്ങളിലൊന്നായി അത് മാറി. തിയറ്ററിൽ ആളുകൾ ആർപ്പുവിളിച്ച് പേടിച്ച് നിലവിളിച്ച രംഗം കൂടിയായിരുന്നു അത്.

കൂടാതെ തന്നിലേക്ക് പകർന്നിടാൻ പോകുന്ന ഭ്രാന്തിന്‍റെ ചങ്ങലക്കണ്ണികളെ ബാലൻ മാഷ് (മമ്മൂട്ടി) വലിച്ച് പൊട്ടിച്ച് താഴേയിടാൻ ശ്രമിക്കുന്നൊരു സീനുണ്ട്. അത് കണ്ട് എത്രയോ പേർ അന്ന് തിയറ്ററുകളിൽ പേടിച്ചുവിറച്ച് നിലവിളിച്ചതായി പിന്നീട് കേട്ടിട്ടുണ്ട്. ഈ സിനിമ കണ്ടുതീർത്ത പലരും വല്ലാത്തൊരു അവസ്ഥയിലായി പോയെന്നും ആരൊക്കെയോ തങ്ങളെ പിന്തുടർന്ന് ഭീതിപ്പെടുത്താൻ ശ്രമിക്കുകയാണെന്നുമൊക്കെയുള്ള അനുഭവങ്ങൾ ഞങ്ങളോട് പങ്കുവെച്ചിരുന്നു. ഭയം, ഭ്രാന്ത്, ഇരുട്ട് എന്നിവയിലൂടെയുള്ള ഏകാന്ത സഞ്ചാരമായിരുന്നു ശരിക്കും ഈ സിനിമ.

തിരക്കഥയും സംവിധാനവുംപോലെ തന്നെ മമ്മൂട്ടി എന്ന നടന്‍റെ അഭിനയ പാടവവും ചിത്രത്തെ ശ്രദ്ധേയമാക്കി. മമ്മൂട്ടിയുടെ അഭിനയ പ്രകടനം കണ്ട് കരഞ്ഞ് ഷോട്ട് കട്ട് ചെയ്ത് പിന്നീട് എടുക്കേണ്ട സാഹചര്യം വരെ എനിക്ക് അന്നുണ്ടായി. സംവിധായകന് അഭിനയം കാണാനുള്ള മോണിറ്റർ സംവിധാനമൊന്നുമില്ലാതിരുന്ന അക്കാലത്ത് ആർട്ടിസ്റ്റുകളുടെ അഭിനയം കാമറക്കണ്ണിലൂടെ ആദ്യമായി കാണുന്നത് സിനിമാറ്റോഗ്രാഫറായിരുന്നു. എഡിറ്റിങ് ടേബിളിന് മുന്നിലിരിക്കുമ്പോൾ മാത്രമാണ് സംവിധായകനെ സംബന്ധിച്ച് ഷൂട്ട് ചെയ്തുവെച്ചത് കൊള്ളാവുന്നതാണോ, അല്ലാത്തതാണോ എന്നത് അറിയാനാവുക. ചെയ്തുവെച്ചത് അത്രമേൽ മഹത്തരമായിരിക്കുമെന്ന ഉറപ്പുകൂടി അന്ന് ഈ സിനിമ ചെയ്യു​േമ്പാൾ എനിക്കുണ്ടായിരുന്നെങ്കിലും വിഷ്വൽ ക്വാളിറ്റിയെ സംബന്ധിച്ച് ചെറിയ സന്ദേഹമുണ്ടായിരുന്നു.

1987ൽ പുറത്തിറങ്ങിയ ‘തനിയാവർത്തനം’ ഇന്നും പ്രേക്ഷകർ ആവർത്തിച്ച് കാണുന്നതിൽ അതിന്‍റെ ക്ലൈമാക്സ് രംഗത്തിനും വലിയ പങ്കുണ്ട്. തന്‍റെ മകനെ നാടും വീടും കുടുംബക്കാരും ഒന്നാകെ ഭ്രാന്തനെന്ന് മുദ്രചാർത്തി കളിയാക്കുന്നത് കാണാനാകാതെ ബാലൻ മാഷിന്‍റെ അമ്മ ചോറിൽ വിഷം കലർത്തി നൽകുമ്പോൾ തിയറ്ററിൽ സിനിമ കണ്ടിരുന്നവരുടെ ഉള്ള് നൊമ്പരം പേറി ഇടർച്ചയിലായിരുന്നു. ക്ലൈമാക്സുകൊണ്ട് ഞെട്ടിച്ച സിനിമകളിൽ ‘തനിയാവർത്തനം’ മലയാളത്തിൽ ഏറ്റവും ആദ്യമാണെന്നാണ് എന്‍റെ വിലയിരുത്തൽ.

ഇമോഷനൽ രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ എന്‍റെ മനസ്സിലും ചെറുതല്ലാത്തൊരു പിടച്ചിലുണ്ടാകാറുണ്ട്. കണ്ണ് നിറഞ്ഞ് ഒന്നും കാണാതെ വന്ന സന്ദർഭങ്ങൾ വരെ ഉണ്ടായി. പിന്നീട് അവ റീ ഷൂട്ട് ചെയ്യാറായിരുന്നു പതിവ്.കാമറാമാൻ എന്ന നിലയിൽ എനിക്ക് വലിയ നേട്ടമുണ്ടാക്കിയ സിനിമകൂടിയായിരുന്നു ‘തനിയാവർത്തനം’. അവാർഡുകൾക്കപ്പുറം എന്‍റെ പേര് ജനശ്രദ്ധയിൽ വരാനും നല്ല സിനിമകൾ വരാനും അത് ഹേതുവായി. ആദ്യ സിനിമക്ക് തന്നെ ലോഹിതദാസിന് മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡും തിലകന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡും ഫിലോമിനക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരവും ഈ ചിത്രത്തിലൂടെ ലഭിച്ചു. കരിയർ ബെസ്റ്റ് ഫിലിം എന്ന നിലയിൽ ഞാനും എക്കാലവും ഓർമിക്കാനിഷ്ടപ്പെടുന്ന സിനിമയാണ് ‘തനിയാവർത്തനം’.

‘പാദമുദ്ര’യിൽ മോഹൻലാൽ

 

പാദമുദ്ര: ആർ. സുകുമാരന്‍റെ വ്യത്യസ്ത പ്രമേയം

മോഹൻലാലിന്‍റെ അഭിനയ ചരിത്രത്തിൽ എന്നും എടുത്തുപറയുന്ന ചിത്രങ്ങളിലൊന്നാണ് 1988ൽ പുറത്തിറങ്ങിയ ‘പാദമുദ്ര’. ഈ സിനിമ സംവിധാനം ചെയ്യുമ്പോൾ ആർ. സുകുമാരൻ എന്ന പുതുമുഖ തിരക്കഥാകൃത്ത്-സംവിധായകന് സിനിമ എന്ന മാധ്യമവുമായി ഒരു മുൻപരിചയവും ഉണ്ടായിരുന്നില്ല. സ്ത്രീലമ്പടനായ, അശ്ലീലം കുത്തിനിറച്ച് കവച്ചുവെച്ച് നടക്കുന്ന മാതു പണ്ടാരത്തെയാണോ അല്ലെങ്കിൽ കുട്ടിക്കാലം മുതൽ തന്റേതല്ലാത്ത കാരണത്താൽ നാട്ടുകാരുടെ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന, മാനസികനില തെറ്റിയ സോപ്പ് കുട്ടപ്പനെയാണോ മോഹൻലാൽ കൂടുതൽ മികവോടെ അഭിനയിച്ച് ഫലിപ്പിച്ചതെന്ന് ചോദിച്ചാൽ ഉത്തരം പറയുക പ്രയാസമാകും. അത്രക്ക് മികച്ച രീതിയിലാണ് മോഹൻലാൽ ആ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. ‘തനിയാവർത്തനം’ കഴിഞ്ഞ് എനിക്ക് ലഭിച്ച അടുത്ത സിനിമകൂടിയായിരുന്നു ഈ ചിത്രം.

സംവിധായകൻ എന്നതിനപ്പുറം നല്ലൊരു ആർട്ടിസ്റ്റ് കൂടിയായിരുന്നു ആർ. സുകുമാരൻ. സിനിമ ആരംഭിക്കുന്നതിനു മുമ്പ് എന്നോട് പറഞ്ഞു. ‘‘സാലൂ... യൂഷ്വൽ മെത്തേഡിലുള്ള ഷോട്ട് ഡിവിഷനൊന്നും വേണ്ട. നമുക്കാദ്യം ലൊക്കേഷനിൽ ഒന്നുപോകാം...’’ അങ്ങനെ ഞങ്ങൾ പാലക്കാട് ജില്ലയിലെ ചിതലിയിലെത്തി. ചിതലിയിലും കല്ലേക്കാട്ടുമായിരുന്നു ഷൂട്ടിങ് നിശ്ചയിച്ചത്.

 

പഴയൊരു സിനിമയുടെ ചിത്രീകരണത്തിനിടെ സാലു ജോർജും സംഘവും

അവിടെച്ചെന്ന് ഓരോ ഷോട്ടും എങ്ങനെ എടുക്കണം എന്ന കാര്യങ്ങൾ തീരുമാനിച്ചു. ശേഷം പുള്ളി ഓരോ ഷോട്ടും വരക്കാൻ തുടങ്ങി. ഇത് എനിക്ക് ഏറെ ഉപകാരമായി. കാരണം, കൺഫ്യൂഷനില്ലാതെ സിനിമ പിടിക്കാം. അങ്ങനെ 30-35 ദിവസം അവിടെ താമസിച്ച് ഷോട്ടുകൾ വരച്ചുതീർത്ത് ഞങ്ങൾ ചിത്രീകരണം ആരംഭിക്കാനൊരുങ്ങി. സിനിമയിൽ പാറകൾക്ക് ഏറെ പ്രധാന്യമുണ്ടായിരുന്നു. മോഹൻലാലിന്‍റെ പല ഷോട്ടുകളും പാറകൾക്ക് മുകളിൽനിന്നുള്ളതായിരുന്നു. ഞങ്ങൾക്കൊരു അബദ്ധം പറ്റിയതെന്താണെന്നാൽ, 30 ദിവസമൊക്കെ കഴിഞ്ഞ് ഷൂട്ടിങ്ങിന് എത്തിയപ്പോഴേക്കും പല പാറകളും പൊട്ടിപ്പോയിരുന്നു. സുകുമാരൻ സാർ തിരക്കഥയിൽ വരച്ചുവെച്ച പല പാറകളും അവിടെ കാണാനുണ്ടായിരുന്നില്ല. എങ്കിലും ഉള്ള പാറക്കൂട്ടങ്ങൾ ഉപയോഗിച്ച് ഏറെ രസകരമായിതന്നെ സിനിമ ചിത്രീകരിച്ചു. സജഷൻ ഷോട്ടുകൾ സാറിന് ഇഷ്ടമല്ലായിരുന്നു. ‘പാദമുദ്ര’ ശ്രദ്ധിച്ചാൽ അറിയാം അതിലുള്ളത് കൂടുതൽ ക്ലോസപ്പും മിഡ് ഷോട്ടുമാണ്. ലൈറ്റിങ്ങിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. രാത്രികളെ കാണിക്കുന്ന സീനുകളിൽ പിറകിൽനിന്ന് ബ്ലൂ ലൈറ്റ് കൊടുത്തുള്ള പരീക്ഷണവും ഇതിൽ നടത്തി.

കോമഡി സിനിമകളിൽനിന്ന് മാറി മോഹൻലാലിന് ലഭിച്ചൊരു പരീക്ഷണചിത്രംകൂടിയായിരുന്നു ‘പാദമുദ്ര’. 1988 ലെ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് ലാലിന് ലഭിച്ചു. കൂടാതെ, നിരൂപക പ്രശംസയും വാണിജ്യവിജയം നേടാനും ‘പാദമുദ്ര’ക്ക് സാധിച്ചു. ഒരു ഇംഗ്ലീഷ് സിനിമ കാണുന്നപോലെ, എന്നൊക്കെ സിനിമ കണ്ടവർ ചിത്രത്തെ വിലയിരുത്തി. എന്നെ സംബന്ധിച്ച് സിനിമാറ്റോഗ്രഫിയിൽ പുതിയൊരു പരീക്ഷ പാസായതിന്‍റെ നിർവൃതിയായിരുന്നു മനസ്സിൽ. എന്നാൽ, പിന്നീടെന്‍റെ ജീവിതത്തിൽ നടന്നത് മറ്റുപല സംഭവങ്ങളായിരുന്നു. ആവർത്തനമല്ലാത്ത വേറെന്തൊക്കെയോ ചിലത്.

(തുടരും)

News Summary - Salu George is a cameraman who has been able to create a different narrative