പരുക്കൻ പൊലീസിന്റെ ആർദ്ര ഭാവങ്ങൾ

ഷാഹി കബീർ
ഷാഹി കബീറിന്റെ പുതിയ സിനിമയായ ‘റോന്ത്’ കാണുന്നു. തിരക്കഥയാണ് സിനിമയുടെ ശക്തി എന്നും എഴുതുന്നു.
പൊലീസുകാർക്കിടയിൽ ഏറ്റവും മുഷിഞ്ഞ പണിയാണ് നൈറ്റ് പട്രോളിങ്. ഹൈവേകളിലും നഗരപ്രാന്തങ്ങളിലും ഗ്രാമപ്രദേശങ്ങളിലെ ഒഴിഞ്ഞ മൂലകളിലും ഒളിച്ചും പാത്തും കുറ്റകൃത്യങ്ങൾ നടത്തുന്നവരെ കൈയോടെ പൊക്കാൻ പറ്റുന്ന ഒരു അവസരമാണിത്. എന്നാൽ, അസാധാരണ സംഭവങ്ങളുടെ പിറകെ പായലും ഉറക്കമൊഴിച്ചുള്ള ജോലിയും പൊലീസുകാരെ സമ്മർദത്തിലാക്കുന്നുണ്ട്. കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കാനിടയുള്ള രാത്രികാലങ്ങളിലെ റോന്തുപണിയുടെ ആകസ്മികതകളും പ്രതിസന്ധികളും എന്തൊക്കെയാണെന്നാണ് ഷാഹി കബീറിന്റെ പുതിയ സിനിമയായ ‘റോന്ത്’ അന്വേഷിക്കുന്നത്. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വെച്ചിട്ടുള്ള പട്ടാബുക്കിൽ നൈറ്റ് പട്രോളിങ്ങിന്റെ സന്ദർശന വിവരം പൊലീസ് രേഖപ്പെടുത്തണം. എത്ര പട്ടാബുക്കിൽ ഒപ്പിട്ടിട്ടുണ്ടെന്ന വിവരണം മേലധികാരികൾക്ക് നൽകണം. ഇതിനിടയിലായിരിക്കും ഒരു കൊടും ക്രൂരകൃത്യം നടക്കുക. പൊലീസ് നടപടികളുടെ ഇത്തരം സൂക്ഷ്മമായ വശങ്ങൾ ഒപ്പിയെടുത്തിട്ടാണ് ‘റോന്ത്’ മുന്നേറുന്നത്.
മലയാള സിനിമയിലെ തന്നെ ഏറ്റവും കരുത്തുറ്റ പൊലീസ് വേഷങ്ങളിലൊന്ന് ദിലീഷ് പോത്തൻ അവതരിപ്പിച്ച ഗ്രേഡ് എസ്.ഐ യോഹന്നാൻ എന്ന പൊലീസ് ഉദ്യോഗസ്ഥനിലൂടെ കാണാം. കണ്ടു പരിചയിച്ച പൊലീസുകാരനിൽനിന്ന് ഏറെ വ്യത്യസ്തനാണ് യോഹന്നാൻ. മറ്റു പൊലീസ് സ്റ്റോറികളിൽനിന്ന് ‘റോന്തി’നെ വേറിട്ടതാക്കുന്നത് ഈ ഘടകമാണ്. പൊലീസിങ്ങിനെ സംബന്ധിച്ച് സംവിധായകൻ അരക്കിട്ടുറപ്പിക്കുന്ന ചില നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. നിതാന്ത ജാഗ്രതയുടെയും നിരന്തര അന്വേഷണത്തിന്റെയും തുടർപ്രക്രിയയാണ് പൊലീസിങ് എന്ന കാഴ്ചപ്പാടാണ് സംവിധായകൻ സിനിമയിൽ അവതരിപ്പിക്കുന്നത്. അതിനുവേണ്ടി സൃഷ്ടിച്ച കഥാപാത്രങ്ങളാകട്ടെ ഏറെ കരുത്തുറ്റതും കഥാഘടനയോട് നൂറു ശതമാനം നീതിപുലർത്തുന്നതുമാണ്.
സിനിമയുടെ കഥാഗതി നിർണയിക്കപ്പെടുന്നത് സംഭവബഹുലമായ ചില മുഹൂർത്തങ്ങളിലൂടെയാണ്. ഓരോ പോയന്റിലും നിർത്തി നിർത്തി ചില നിർണായക സന്ദർഭങ്ങൾ സൃഷ്ടിച്ച് അവധാനതയോടുകൂടി പൊലീസ് കഥ പറയുകയാണ് സംവിധായകൻ ഷാഹി കബീർ. തന്റെ ആദ്യ സംവിധാനസംരംഭമായ ‘ഇലവീഴാപൂഞ്ചിറ’യിലും വയർലെസ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ ആത്മസംഘർഷങ്ങളാണ് ഷാഹി കബീർ വരച്ചുകാട്ടിയത്. പൊലീസ് ജോലിയുടെ പരിചയം സംവിധായകനെ ആത്മകഥാംശമുള്ള സിനിമ ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ടാകാം. മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ടി’നും എം. പത്മകുമാറിന്റെ ‘ജോസഫി’നും തിരക്കഥയൊരുക്കിയാണ് ഷാഹി കബീർ ശ്രദ്ധേയനായത്. നേരത്തേ ദിലീഷ് പോത്തൻ സംവിധാനംചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. ഈ വർഷം പുറത്തിറങ്ങിയ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്കും തിരക്കഥ ഒരുക്കിയത് ഷാഹിയായിരുന്നു. ഈ ചിത്രങ്ങൾക്കെല്ലാം പൊതുവായുള്ള സ്വഭാവം ഈ സിനിമയിലും നിലനിൽക്കുന്നു. ഷാഹിയുടെ സ്പർശമുള്ള അഞ്ചു സിനിമകളിലും ഒരേ വിഷയത്തിന്റെ വ്യത്യസ്ത രീതികൾ മാത്രമാണെന്ന പോരായ്മ നിലനിൽക്കുന്നു.
ഒരു പൊലീസുകാരന് വേണ്ട ഏറ്റവും സവിശേഷമായ ഗുണം നിരീക്ഷണ പാടവമാണെന്നാണ് ദിലീഷ് പോത്തൻ അവതരിപ്പിച്ച യോഹന്നാൻ എന്ന പൊലീസുദ്യോഗസ്ഥൻ നൈറ്റ് പട്രോളിങ്ങിനിടെ സഹസഞ്ചാരിയായ ജൂനിയർ പൊലീസ് ഉദ്യോഗസ്ഥൻ ദിൻനാഥി (റോഷൻ മാത്യു)നോട് പറയുന്നത്. ഔദ്യോഗിക പൊലീസ് ജീവിതത്തിൽ പരുക്കനായി കാണപ്പെടുന്ന യോഹന്നാൻ പക്ഷേ, യഥാർഥ ജീവിതത്തിൽ സഹാനുഭൂതിയും കരുണയും പുലർത്തുന്ന ഒരാളാണ്. സഹധർമിണിയോടുള്ള സ്നേഹവാത്സല്യവും അവരെ വിട്ടൊഴിയാതിരിക്കാനുള്ള ചില കാരണങ്ങളുമാണ് യോഹന്നാനെ പൊലീസ് ജോലിയിൽ തുടരാൻ പ്രേരിപ്പിക്കുന്നത്. ഒടുവിൽ അയാൾ ക്രിസ്മസിന് പുൽക്കൂട് ഒരുക്കുന്ന സമയത്ത് സഹപ്രവർത്തകരായ പൊലീസുകാരാൽതന്നെ അറസ്റ്റിലാവുന്നുണ്ട്. കടുത്ത വിഷാദ രോഗിയായ ഭാര്യ സലോമി ചില ഘട്ടങ്ങളിൽ ഭർത്താവിനെ സംശയിക്കുന്ന സ്വഭാവക്കാരിയുമാണ്.
യോഹന്നാൻ നൈറ്റ് പട്രോളിങ് തിരഞ്ഞെടുക്കുന്നതുപോലും സംശയത്തോടെ വീക്ഷിക്കുകയാണ് സലോമി. എന്നാൽ, ക്രിസ്മസിന് കുറച്ചധികം അവധി കിട്ടുമല്ലോ എന്നോർത്താണ് ഓവർ നൈറ്റ് ഡ്യൂട്ടി ചെയ്യുന്നതെന്ന് യോഹന്നാൻ പറയുന്നു. കനത്ത മഴയിൽ രാത്രി ദിൻനാഥിന്റെ കുഞ്ഞിന് പനിയും വിറയലും വന്നപ്പോൾ ഡ്രൈവർ ജോലി സ്വയം ഏറ്റെടുത്ത് കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുന്ന ആർദ്രമായ മനസ്സുള്ള പൊലീസുകാരനായിത്തീരുകയുംകൂടി ചെയ്യുന്നുണ്ട് യോഹന്നാൻ. സ്വകാര്യ ആവശ്യങ്ങൾക്കുവേണ്ടി പൊലീസ് ജീപ്പ് ഉപയോഗിക്കുന്നത് തെറ്റല്ലേ എന്ന ദിൻനാഥിന്റെ ചോദ്യത്തിന് സർക്കാറിന് നമ്മൾ കുറെ ഉണ്ടാക്കിക്കൊടുത്തതല്ലേ അപ്പോൾ നമുക്കും ഉപയോഗിക്കാം ഈ ജീപ്പൊക്കെ എന്നാണ് യോഹന്നാൻ പറയുന്നത്. വ്യക്തവും വടിവൊത്തതുമായ പൊലീസ് ശരീരഭാഷയാണ് ദിൻനാഥ് ഉപയോഗിക്കുന്നതെങ്കിൽ പരുക്കൻ സ്വഭാവമാണ് യോഹന്നാന്റെ പ്രത്യേകത.
പൊലീസിന്റെ പണി ആവേശം കാട്ടലല്ലെന്നും യോഹന്നാൻ പഠിപ്പിക്കുന്നു പല സന്ദർഭങ്ങളിലും. പ്രായോഗിക പരിജ്ഞാനത്തിൽ കുറഞ്ഞതൊന്നുമല്ല പൊലീസിങ്. പെട്ടെന്നൊരു നാൾ എളുപ്പത്തിൽ കയറിവന്ന് തിളങ്ങാവുന്നതുമല്ല അത്. ഈ തിയറി ഇടക്കിടെ യോഹന്നാൻ പറഞ്ഞു പഠിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രവൃത്തിയിലും അത് നിഴലിക്കുന്നത് ഉടനീളം കാണാം. മേൽ ഉദ്യോഗസ്ഥന്റെ പല ചെയ്തികളും ഉൾക്കൊള്ളാനാവാതെ വിഷമിക്കുകയാണ് ദിൻനാഥ്. നഗരത്തിൽ പട്രോളിങ് നടത്തുന്ന ഒരു രാത്രിയിൽ കടമുറിയുടെ ഷട്ടറിനടുത്ത് എന്തോ ഇളക്കം കേട്ട് ദിൻനാഥ് വണ്ടി നിർത്തുന്നു. ‘‘ഞാനില്ല താൻ തന്നെ നോക്ക്’’ എന്ന് പറഞ്ഞ് അങ്ങോട്ട് പറഞ്ഞയക്കുകയാണ് യോഹന്നാൻ ദിൻനാഥിനെ. ഒരു പുതു പൊലീസുകാരന്റെ പരിചയക്കുറവ് കാണികളെ മുഴുവൻ രസിപ്പിക്കുന്നുണ്ട് ഈ മുഹൂർത്തത്തിൽ. ഇത്തരം ശ്രദ്ധേയമായ ചില സീനുകളാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. ‘ആക്ഷൻ ഹീറോ ബിജു’വിലും ‘നായാട്ടി’ലും പൊലീസുകാരുടെ മനഃസംഘർഷങ്ങളും ആകുലതകളുമൊക്കെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു പടി മുന്നിൽ നിൽക്കുന്നതാണ് ‘റോന്തി’ലെ യോഹന്നാനും ദിൻനാഥും.
തിരക്കഥയാണ് ‘റോന്തി’ന്റെ ശക്തി. നല്ല വൃത്തിയായി ഒതുക്കിയെടുത്തതുകൊണ്ട് സിനിമയിലെ എല്ലാ കഥാമുഹൂര്‍ത്തങ്ങള്‍ക്കും പിരിമുറുക്കമുണ്ട്. കൂടുതല്‍ സമയവും രണ്ടു കഥാപാത്രങ്ങളിലൂടെയാണ് രണ്ടു മണിക്കൂര്‍ സിനിമ ഒരുക്കിയെടുത്തിരിക്കുന്നതെങ്കിലും ധാരാളം പേര്‍ വന്നുപോകുന്ന ഫീല്‍ അനുഭവിപ്പിക്കുന്നു. ഒരേ പാറ്റേണിലുള്ള കഥയായതിനാല്‍ വിരസമാകുമായിരുന്ന തിരക്കഥയെ ഇത്രയും ചലനാത്മകമാക്കിയിടത്താണ് ഷാഹി കബീറിന്റെ പ്രതിഭ തെളിയുന്നത്.
ഷാഹിയുടെ ആദ്യത്തെ സംവിധാന സംരംഭമായ ‘ഇലവീഴാപൂഞ്ചിറ’ മലമുകളിലെ ഒറ്റപ്പെട്ട വയർലെസ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ ജോലിസ്ഥലത്ത് അവര്‍ക്ക് ഒരു ദിവസം ലഭിക്കുന്ന സന്ദേശത്തെ തുടര്‍ന്നാണ് വികസിക്കുന്നത്. പ്രതികൂലമായ അന്തരീക്ഷത്തില്‍ ഔദ്യോഗിക കൃത്യം നിർവഹിക്കുന്ന, മൊബൈല്‍ ഫോണ്‍ റേഞ്ച് പോലുമില്ലാത്ത സ്ഥലത്ത് ജോലിചെയ്യുന്ന പൊലീസിന്റെ യാതനകളും ദുരവസ്ഥയുമാണ് ‘ഇലവീഴാപൂഞ്ചിറ’യില്‍ ദൃശ്യവത്കരിച്ചത്. ‘റോന്തി’ലും സമാന മുഹൂര്‍ത്തങ്ങള്‍ കാണാം. എങ്കിലും ആവര്‍ത്തനവിരസത വരാതെ കൈയടക്കത്തോടെയാണ് ‘റോന്ത്’ മുന്നേറുന്നത്.
അഞ്ചു സിനിമകളും ഏതാണ്ട് പൊലീസ് വിഷയങ്ങള്‍തന്നെ കൈകാര്യംചെയ്ത ഷാഹി കബീറിന് ‘റോന്തി’ലെത്തുമ്പോള്‍ ഇത്തരം ക്ലീഷേകളെ അതിജീവിക്കാന്‍ കഴിയുന്നുണ്ട്. ദിലീഷ് പോത്തനെക്കുറിച്ച് അഭിപ്രായപ്പെട്ടതുപോലെ റോഷന്‍ മാത്യുവിന്റെ അഭിനയ മികവിനെയും എടുത്തുകാട്ടേണ്ടതുണ്ട്. നല്ല ബ്രില്യന്റ് സീനുകള്‍ റോഷന്‍ മാത്യുവിന്റെ ദിന്‍നാഥിനായി ഇതില്‍ കരുതിവെച്ചിട്ടുണ്ടായിരുന്നു. മേലുദ്യോഗസ്ഥന്റെ തുടര്‍ച്ചയായ ശകാരങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും അയാള്‍ക്ക് നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാനാവുന്നില്ല. ജോലിയുടെ സംശുദ്ധിയില്‍ വിട്ടുവീഴ്ച പാടില്ല എന്ന നയമാണ് അയാള്‍ക്ക്. ദിന്‍നാഥും യോഹന്നാനും വെറും പൊലീസുകാര്‍ മാത്രമല്ല. രണ്ട് നിലപാടുകളാണെന്നാണ് സംവിധായകന്‍ ഇതുവഴി പ്രഖ്യാപിക്കുന്നത്.
കുന്നിന്‍മുകളിലെ ജീർണിച്ച വയർലെസ് സ്റ്റേഷനാണ് ‘ഇലവിഴാപൂഞ്ചിറ’യില്‍ കഥാപരിസരമെങ്കില്‍ നഗരവഴികളില്‍ പ്രദക്ഷിണം നടത്തുന്ന ഒരു പൊലീസ് ജീപ്പാണ് റോന്തിന്റെ പശ്ചാത്തലം. അടുത്തതെന്തെന്ന ആകാംക്ഷയുണര്‍ത്തുന്ന സീക്വന്‍സുകള്‍, സസ്‌പെന്‍സുകള്‍, കഥാപാത്രങ്ങളുടെ അസാമാന്യമായ ഭാവപ്രകടനങ്ങള്‍, എന്താണ് നല്ല പൊലീസിങ്, അതിന്റെ പാഠങ്ങള്‍... ഇതൊക്കെ സുവ്യക്തമാക്കി പ്രേക്ഷകനു മുന്നില്‍ അവതരിപ്പിക്കുന്ന ഒരു മികച്ച സിനിമതന്നെയാണ് ‘റോന്ത്’ എന്നതില്‍ സംശയമില്ല.