പുതഞ്ഞു പോയവരുടെ രേഖാചിത്രം

ജോഫിൻ ടി. ചാക്കോ സംവിധാനംചെയ്ത ‘രേഖാചിത്രം’ എന്ന സിനിമ കാണുന്നു. സീറ്റിന്‍റെ തുഞ്ചത്തിരുന്ന് ഏറെ ജിജ്ഞാസയോടെ മാത്രം കണ്ട് തീര്‍ക്കുന്ന ഒരു സിനിമയല്ല ‘രേഖാചിത്ര’മെന്ന് സംവിധായകനും അഭിനേതാവും കഥാകൃത്തുമായ ലേഖകൻ എഴുതുന്നു.
മരണം ഒരു ഉറപ്പാണ്. എന്നാല്‍ അതറിയാതെയുള്ള കാത്തിരിപ്പ്, അതുണ്ടാക്കുന്ന വേദന, അതറിയണമെങ്കില്‍ അങ്ങനെയൊന്ന് ജീവിതത്തില്‍ സംഭവിക്കണം. സ്വന്തം കുടുംബത്തിലെയോ അല്ലെങ്കില്‍ ഏറെ പരിചിതമായതോ ആയ ഒരാള്‍ കാണാതെയാവുന്നത്, ആ ആള്‍ മരിച്ചോ, ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ കടന്നുപോകുന്ന ഒരന്തരീക്ഷം. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആ ശൂന്യത ഒരു നോവായി അനുഭവിക്കുന്നവര്‍ എത്രപേരുണ്ടാവും. പുറപ്പെട്ടുപോയ ആള്‍ ദൂരെയെവിടെയോ സ്വസ്ഥമായി ജീവിച്ചിരിപ്പുണ്ടാവുമെന്നാണ് കാണാതായവരുടെ കുടുംബവും പരിചിതരും വെറുതെയെങ്കിലും സമാധാനിക്കുക.
എന്നാല്‍, കാലമെത്ര കഴിഞ്ഞാലും ആള്‍ക്കൂട്ടം അവരുടെ മറവിയുടെ ആഴങ്ങളിലേക്ക് ഒളിപ്പിച്ചാലും അത് നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പുകയില്ല. ഏതെല്ലാമോ ഒറ്റപ്പെട്ട നിമിഷങ്ങളില്‍ അത് ഒരു നീറ്റലായി കാണാതെയായവരുടെ ഉറ്റവര്‍ക്ക് അനുഭവപ്പെടും. മരിച്ചു എന്നറിഞ്ഞാല്‍ ചിലപ്പോള്‍ ഒരു ചടങ്ങുകൊണ്ടെങ്കിലും അതിനൊരറുതി വരുത്താം. അതിനായുള്ള കാത്തിരിപ്പ് എന്നാണ് തീരുക എന്നാലോചിച്ച് വേവലാതിപ്പെടുന്നവര്‍, കാലം അവരെ ഒറ്റപ്പെടുത്തുകയാണ്. ആ കാലത്തിനൊരു ആദരാഞ്ജലിയുമായി ഒരു മലയാള ചിത്രം സംഭവിച്ചിരിക്കുന്നു.
അതൊരു വെറും കാഴ്ചയല്ല.എന്നോ സംഭവിച്ചത് അല്ല. ഒരാള്‍ വ്യക്തമായി പറയുന്നു, ഞാനിരിക്കുന്ന ഈ മണ്ണിനടിയില്‍ ഒരാളുടെ മൃതദേഹം ഞങ്ങള്‍ കുഴിച്ചുമൂടിയിരിക്കുന്നു. അതാരാണെന്നോ എവിടെയുള്ളതാണെന്നോ ഞങ്ങള്‍ക്കറിയില്ല. നാൽപത് വര്‍ഷത്തിനു മുന്നെ ഒരു കൊലപാതകം സംഭവിച്ചിരിക്കുന്നു. അത് കുഴിതോണ്ടി പുതച്ചതിവിടെയാണ് എന്നു പറഞ്ഞ് അയാള്‍ തലയില്‍ വെടിയുതിര്‍ത്ത് സ്വയം മരിച്ചു.
ചലച്ചിത്രങ്ങള്‍ക്കിടയില്‍ പലതരത്തിലുള്ള ചിത്രങ്ങളുണ്ട്. ചരിത്രത്തിന്‍റെ അടരുകളില്‍നിന്നും ഉയിര്‍കൊണ്ടത്, സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിലെ അവസ്ഥകൾ ചിത്രീകരിക്കുന്നത്, മനുഷ്യജീവിതത്തില്‍ സംഭവിക്കാവുന്ന ഭയപ്പെടുത്തുന്നതും സംഘര്‍ഷഭരിതവുമായ അവസ്ഥകൾ ആവിഷ്കരിച്ചത്, ഫവിനോദത്തിനുവേണ്ടിയുമുള്ള നിമിഷങ്ങൾ നിറഞ്ഞത്, അത്ഭുതപ്പെടുത്തുന്ന വിസ്മയക്കാഴ്ചകളുള്ളത്, പ്രണയഭരിതമായ ജീവിതവും സംഗീതം വഴിഞ്ഞൊഴുകുന്നത്, നിഗൂഢവും രഹസ്യഭാവന നിറഞ്ഞതും അത്യന്തം സ്തോഭജനകവുമായത്, സഞ്ചാരവും കായികാഭ്യാസത്തിന്‍റെ വിശാലമായ മേച്ചിൽപുറങ്ങളു ഉള്ളത്, ശാസ്ത്രവിജ്ഞാനത്തിന്‍റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍നിന്ന് പ്രചോദിപ്പിക്കുന്ന പ്രമേയങ്ങളുള്ളത് എന്നിങ്ങനെ നിരവധി വിഷയങ്ങളിലൂടെ ചലച്ചിത്രം സംഭവിക്കുകയാണ്.
ഒാരോ കഥാവിഭാഗവും പ്രേക്ഷകമനസ്സില്‍ നിലനിൽക്കണമെന്ന ആഗ്രഹത്തോടെ നിർമിക്കുന്നതും എന്നാല്‍, ഇവക്കിടയില്‍ ചിലപ്പോള്‍ ചരിത്രത്തിന്‍റെ പിന്‍ബലത്തോടെ നടന്നതോ നടന്നുവെന്ന് പ്രേക്ഷകനെ ഞെട്ടിപ്പിക്കുന്നതോ, അത്രമേല്‍ വിശ്വസിപ്പിക്കുന്നതോ ആയ കഥകള്‍ ഉണ്ടാവാറുണ്ട്.
ലോക ചലച്ചിത്രമേഖലയിലും ഇന്ത്യന്‍ സിനിമയിലും ‘ഹേ റാം’, ‘ദ ലെജൻഡ് ഓഫ് ഭഗത് സിങ്’, ‘മുഗള്‍- എ- അസം’, ‘ജോദ അക്ബര്‍’, ‘മദ്രാസ് പട്ടണം’, ‘പുതിയമുഖം’, ‘ഇൻഗ്ലോറിയസ് ബാസ്റ്റാര്‍ഡ്സ്’, ‘വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’, ‘വാച്മെന്‍’, ‘ഡിസ്ട്രിക്ട് 19’, ‘ടൈം ആഫ്റ്റര്‍ ടൈം’, ‘ടൈം മെഷീന്‍’, ‘വൂ ഫ്രയിംഡ് റോജര്‍ റാബിറ്റ്’, ‘ഒരു വടക്കന്‍ വീരഗാഥ’, ‘കാലാപാനി’, ‘കേരളവര്‍മ പഴശ്ശിരാജ’, ‘പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ’, ‘ഞാന്‍’, ‘പെരുന്തച്ചന്‍’, ‘തലപ്പാവ്’ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഒരു കാലത്തിന്‍റെ സഞ്ചരിക്കുന്ന ചിത്രങ്ങളായി ചരിത്രത്തെ മാറ്റിയെഴുതുന്ന, എന്നാല്‍, അത് നടന്ന കാലത്തെ ഉപലബ്ധിച്ച് പുതിയ സമീപനമെന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുമുണ്ട്.
സിനിമ വെറുമൊരു വിനോദോപാധി മാത്രമല്ല പലപ്പോഴും ഇത്തരം സിനിമകളുടെ പ്രദര്‍ശനത്തില്‍. അത് കണ്ടുകഴിഞ്ഞതിനു ശേഷവും ആ സിനിമയെക്കുറിച്ച് സംസാരിച്ചുപോകണമെന്ന ഒരു ചിന്ത പ്രേക്ഷകനുണ്ടാവുന്നുവെങ്കില്‍ അത് കാലത്തെ അടയാളപ്പെടുത്തുവാനുള്ളതുതന്നെയാണ്. ആധുനിക ലോകത്തെപ്പോഴും പഴമയെ അവതരിപ്പിക്കുന്നതില്‍ സർവ മാധ്യമങ്ങളും അകമഴിഞ്ഞ് ചലച്ചിത്രത്തെ കൂട്ടുപിടിക്കാറുണ്ട്. സാഹിത്യത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പ്രചാരവും സിനിമയെന്ന മീഡിയത്തിനു കിട്ടാറുമുണ്ട്.
ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നൊസ്റ്റാള്‍ജിയ വെറുതെ കച്ചവടത്തിനായുള്ള ഒരു പ്രൊഡക്ട് മാത്രമല്ല. വളര്‍ന്ന തലമുറയും വളരുന്ന തലമുറയും അതിന്‍റെ അരികുപറ്റിത്തന്നെയാണ് കൃത്യമായി സഞ്ചരിക്കുന്നത്. വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും ചിലപ്പോഴൊക്കെ ഭാഷയുടെ കാര്യത്തില്‍പോലും പഴയത് ആവര്‍ത്തിക്കാറുണ്ട്. ഭൂതകാലം കൃത്യമായി അറിയാനുള്ള ഒരു താൽപര്യം പുതിയ ജനറേഷനിലുണ്ട് എന്നത് അവരുടെ ക്രിയാത്മകമായ പ്രവൃത്തികളില്‍ കാണാനും കഴിയുന്നുണ്ട്.
ആധുനിക കാലത്തിന്‍റെ കൈയൊപ്പ് പതിഞ്ഞ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ അതിനുതകുന്ന ദൃശ്യങ്ങളും കാണാന്‍ കഴിയുന്നുണ്ട്. യഥാര്‍ഥ ചരിത്രവും സിനിമകള്‍ക്കായി ആലോചിക്കുന്ന ചരിത്രനിർമിതിയും പുതിയ തലമുറ അത്യന്താധുനിക നിർമിതബുദ്ധിയുടെ സഹായത്തോടെ ആവര്‍ത്തിക്കുന്ന അത്ഭുതങ്ങളും ചലച്ചിത്രമേഖല അനുഭവിപ്പിക്കുന്നുണ്ട്.
സീറ്റിന്‍റെ തുഞ്ചത്തിരുന്ന് ഏറെ ജിജ്ഞാസയോടെ മാത്രം കണ്ട് തീര്‍ക്കുന്ന ഒരു സിനിമയല്ല ‘രേഖാചിത്രം’. വ്യക്തവും കൃത്യവുമായ ഒരു കഥാതന്തു ഈ ചിത്രത്തെ തികച്ചും സാധാരണമായി തന്നെയാണ് നയിക്കുന്നത്. വലിയ തോതിലുള്ള ഒരേച്ചുകെട്ടലും ഈ സിനിമയക്കായി ഇതിന്‍റെ തിരക്കഥാകൃത്തുക്കളായ ജോണ്‍ മന്ത്രിക്കലും രാമു സുനിലും ഉപയോഗിച്ചിട്ടില്ല. എന്നാല്‍, അതിനായി അവര്‍ അതിസൂക്ഷ്മമായി കാലത്തെ കൂട്ടുപിടിച്ചിട്ടുണ്ട്.
അത് എഴുത്തിന്‍റെ മിടുക്ക് കൂടിയാണ്. ജോഫിന്‍ ടി. ചാക്കോ എന്ന സംവിധായകന്‍റെ ചലച്ചിത്രപരിചയം തികച്ചും ക്രമരഹിതമായ ഒരു കഥാതന്തുവിനെ സാധാരണക്കാരന്‍റെ കാഴ്ചയുടെ പരിധിയില്‍ നിര്‍ത്തുവാന്‍ കഴിയുന്ന ഒരു ദൃശ്യചിത്രം വരക്കുന്നുണ്ട്. സാഹിത്യത്തില്‍ പൊതുവെ ഇത്തരം പുനരെഴുത്തുകള്‍ ഉണ്ടാവാറുണ്ടെങ്കിലും അത് ദൃശ്യത്തിലേക്ക് പരാവര്‍ത്തനംചെയ്യുമ്പോള്‍ ചിലപ്പൊഴൊക്കെ തെറ്റിപ്പോയതിന് ഉദാഹരണവും ഉണ്ട്.
‘രേഖാചിത്രം’ അതിസങ്കീര്‍ണമായ ഒരു സഞ്ചാരം നടത്തുന്നുണ്ട്. ചെന്നെത്തുന്ന ഇടങ്ങളില്‍നിന്നും നിരാശനായി ഇറങ്ങിവരുമ്പോള്‍ പുതിയ വഴി അവര്‍ക്കായി തുറന്നുകിട്ടും. ഓരോ മരണവും അതെങ്ങനെ സംഭവിച്ചുവെന്ന് ആ മൃതശരീരംതന്നെ കാണിച്ചുതരുന്ന ദൈവലിഖിതമെന്ന് ഫോറന്‍സിക് സര്‍ജന്മാര്‍ പറയാറുണ്ട്. മരിച്ച മനുഷ്യന്‍ ഇത്രയും കാലം ഇവിടെ, ഈ ഭൂമിയില്‍ ജീവിച്ചുവെന്നത് സത്യമെങ്കില്‍ അതില്ലാതെയായതിനും ഒരു കാരണമുണ്ടാകും. നമ്മള്‍ പറയാറുള്ളത് ഓരോ മരണത്തിനും ഒരു കാരണം ചിലപ്പോള്‍ രോഗമാകാം അല്ലെങ്കില്‍ അപകടമാവാം അതുമല്ലെങ്കില്‍ സ്വയം ജീവനവസാനിപ്പിച്ചതാവാം.
ഏറ്റവുമൊടുവില്‍ മാത്രമാണ് കൊലപാതകത്തിന്‍റെ സാധ്യതകള്‍. നാൽപതു വര്‍ഷം മുമ്പ് ആരാലുമറിയാതെ ഒരു മരണം നടന്നുവെന്നും അത് കുഴിച്ചിട്ടയിടത്തുനിന്നും ഒരസ്ഥിപഞ്ജരം ലഭിച്ചപ്പോഴും മരണമെന്നത് മാത്രം യാഥാര്‍ഥ്യം. അതിനു പിറകെയാണ് വിവേക് ഗോപിനാഥ് എന്ന പൊലീസ് ഓഫിസര്‍. അറിയാവുന്നത് ഒന്നുമാത്രം. അതൊരു പെണ്‍കുട്ടിയാണ്. കൊലുസണിഞ്ഞ ഒരു പെണ്‍കുട്ടി. ആദ്യം ആ കൊലുസായിരുന്നു വഴികാട്ടി. പതുക്കെ അതൊരു സിനിമയുടെ സെറ്റിലേക്കുള്ള സഞ്ചാരമാവുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് സഫാരി ചാനലില്‍ ആദരണീയനായ ചലച്ചിത്രകാരന്‍ യശഃശരീരനായ ജോണ്‍ പോള്‍ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയില്‍ പറഞ്ഞുപോയ ഒരു കഥയുണ്ട്. ‘കാതോട് കാതോരം’ എന്ന സിനിമയുടെ സെറ്റില്‍ കൊലുസണിഞ്ഞ ഒരു കന്യാസ്ത്രീ അദ്ദേഹത്തെ കാണാന്‍ വന്നതും അവള്‍ അദ്ദേഹത്തോട് തട്ടിക്കയറിയതും. ഒരു ഫാന്‍ ഗേള്‍ ആയ പെണ്‍കുട്ടിയുടെ കൗതുകം അദ്ദേഹം കണ്ടറിഞ്ഞുപോകുന്നതും.
ഇത് എന്നാല്‍ യാഥാർഥ്യമല്ല എന്നതാണ് സത്യം. ജോഫിനും സംഘവും ഒരു കഥ രൂപപ്പെടുത്തുന്നതില്‍ കണ്ടെത്തിയ പുതിയ വഴിയാണത്. അങ്ങനെയൊന്നു സംഭവിച്ചിട്ടുണ്ടാവുമോ അല്ലെങ്കില്‍ അത് നടന്നിരിക്കാം എന്നൊരു ചിന്ത. അത് ഒരു പുതിയ സിനിമയുടെ കഥയായി പരിണമിക്കാം. ജോണ്‍പോള്‍ എന്ന തിരക്കഥാകൃത്ത് അദ്ദേഹം പറഞ്ഞ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടി സംഭവിച്ചിട്ടില്ലാത്ത ഒന്നിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ പ്രേക്ഷകനെ അതാണ് യഥാർഥ ചരിത്രം എന്നുറപ്പിക്കുന്നു.
നാൽപതു വര്‍ഷം മുമ്പ് മലക്കപ്പാറയില്‍ ചിത്രീകരിച്ച ഭരതന്‍ സംവിധാനംചെയ്ത ‘കാതോട് കാതോരം’ എന്ന ചലച്ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റ് ‘രേഖാചിത്രം’ എന്ന സിനിമയുടെ കഥയായി മാറുന്ന ഒരു വഴിയിലേക്ക് ചലച്ചിത്രം വളരുന്നു. മുമ്പ് എപ്പോഴോ സംഭവിച്ച ഒന്ന് അതിന്‍റെ സത്യം കണ്ടെത്താന്‍ മറ്റൊന്നിനെ ആശ്രയിച്ചുകൊണ്ടുള്ള സഞ്ചാരമാണിത്.
ഒരു പെണ്‍കുട്ടിയുടെ അസ്ഥിപഞ്ജരം ലഭിച്ചപ്പോള്‍ അത് ആരെന്നും എങ്ങനെയത് സംഭവിച്ചുവെന്നും ആരൊക്കെയാണിതിനുത്തരവാദി എന്നും അന്വേഷിച്ചു കണ്ടെത്താനുള്ള വെറുമൊരു പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ മാത്രമല്ലാതെ ഒരു ചലച്ചിത്രം അതിന്‍റെ സ്വാഭാവികമായ, ഒപ്പം വിശ്വസനീയമായ ഒരു വഴിയിലൂടെ യാത്ര തുടരുകയാണ്.
പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ ലഭിച്ച ഒരു പൊലീസ് ഓഫിസര്‍ ആയ വിവേക് ഗോപിനാഥ് മലക്കപ്പാറയിലേക്ക് ചാര്‍ജ് എടുക്കാന്‍ പോകുന്ന അതേ നിമിഷത്തില്‍തന്നെ ഒരു സത്യം വിളിച്ചുപറയാന്‍ ഒരു കുറ്റവാളിയും അതേയിടത്തിലേക്ക് സഞ്ചരിക്കുന്നു. സത്യം വിളിച്ചുപറഞ്ഞ മനുഷ്യന്‍ ആത്മഹത്യചെയ്ത് അരങ്ങൊഴിഞ്ഞു. എന്നാല്‍ സത്യത്തിനു പിന്നാലേയുള്ള നീക്കം ഒട്ടും സുഖകരമായിരുന്നില്ലെന്നും എന്നാല്‍ വിടാതെ അതിനൊപ്പം വിവേക് ഗോപിനാഥിനു പോയേ കഴിയൂ എന്നതുമാണ് കാഴ്ചക്കാരന്‍റെ ചങ്കിടിപ്പ് കൂട്ടുന്നത്.
വിവേകിന് ഡിപ്പാർട്മെന്‍റിലും സമൂഹത്തിലുമുണ്ടായ മോശം പേരില്‍നിന്നുമുള്ള രക്ഷപ്പെടലുമായാണ് ഈ കേസിനെ അയാള്‍ കാണുന്നത്. അസ്ഥികൂടം അതിന്‍റെ രഹസ്യം വെളിപ്പെടുത്താന്‍ തുടങ്ങിയതും അന്വേഷകനു മുന്നില്‍ തടസ്സങ്ങള്‍ ഒന്നൊന്നായി വന്നുപെട്ടു. മരണങ്ങള്‍കൊണ്ടാണ് ആ വഴികളെല്ലാം അടക്കപ്പെട്ടത്. ഒരു മരണം ഒളിപ്പിക്കുവാന്‍ പിന്നെയും അനേകം മരണങ്ങള്‍. ദുരൂഹതകള്‍ വളര്‍ത്തിക്കൊണ്ട് ഒരു കഥ പറയുന്നു. ഒപ്പം ‘കാതോട് കാതോരം’ എന്ന ചലച്ചിത്രത്തിന്‍റെ ഷൂട്ടിങ് അനുഭവങ്ങളും.
പൊതുവെ കൊലപാതക കഥകള്‍ ത്രില്ലര്‍ മൂഡിലാണ് ചലച്ചിത്രമാക്കപ്പെടാറുള്ളത്. എന്നാല്‍, ഇതൊരു ത്രില്ലര്‍ ചിത്രമല്ല. പക്ഷേ പ്രേക്ഷകന്‍റെ ജിജ്ഞാസ വർധിപ്പിക്കുവാന്‍ പാകത്തില്‍ ഈ ചിത്രത്തിന്‍റെ അന്വേഷണവഴി കാരണമാകുന്നുണ്ട്. അതുതന്നെയാണ് ഈ ചിത്രത്തിന്‍റെ പുതുമയും.
എല്ലാ ഭാഷകളിലും സിനിമക്കുള്ളില്‍ മറ്റൊരു സിനിമയുടെ കഥ പറഞ്ഞിട്ടുണ്ട്. പക്ഷേ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ചലച്ചിത്രത്തില്‍ ഒറ്റദിവസം വെറുമൊരു പാട്ടുസീനില്‍ പ്രധാന നായകന്‍റെയരികില്‍ പാട്ടുപാടുന്ന ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാത്രം വന്നുപോകുന്ന ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ ജീവിതകഥ ഒരു പുതിയ സിനിമയായി സംഭവിക്കുന്നത് ‘രേഖാചിത്രം’ എന്ന ചലച്ചിത്രമൊരുക്കിയവരുടെ വെല്ലുവിളി തന്നെയായിരുന്നു.
ഒരു കൊലപാതകത്തിന്‍റെ അന്വേഷണ കഥയായി മാത്രം ചുരുങ്ങുന്ന ഒന്നിനെ ഇങ്ങനെയൊക്കെ സംഭവിച്ചേക്കും എന്നുറപ്പായി പറയുന്നത് തന്നെയാണ് ഈ സിനിമയെ വേറിട്ട് നിര്‍ത്തുന്നതും. ഒരുപാട് അത്ഭുതങ്ങള്‍ ഈ സിനിമയുടെ കഥപറച്ചിലില്‍ കൊരുക്കുന്നുണ്ട്. ‘കാതോട് കാതോരം’ എന്ന ചലച്ചിത്രം നിർമിച്ച കാലവും അത് സംവിധാനംചെയ്ത യശഃശരീരനായ മലയാളത്തിന്‍റെ സംവിധായകന്‍ ഭരതനും അതിന്‍റെ ഛായാഗ്രാഹകന്‍ സരോജ് പാഡിയും തിരക്കഥാകൃത്ത് ജോണ്‍ പോളും അന്നത്തെ മമ്മൂട്ടിയും ഈ സിനിമയിലെ അത്ഭുതംതന്നെയാണ്.
ഭരതനെ അത്രമേല്‍ ആവാഹിച്ച എഴുത്തുകാരന്‍ കെ.ബി. വേണുവും അന്ന് അസോ. ഡയറക്ടര്‍ ആയ ഇന്നത്തെ സംവിധായകന്‍ കമലിന്‍റെ, ചെറുപ്പം ചെയ്ത കമലിന്‍റെ മകനും സംവിധായകനുമായ ജാനൂസും കാലത്തെ തോൽപിക്കാന്‍ പാകത്തില്‍ കഥാപാത്രങ്ങള്‍ക്കനുയോജ്യരായവരെ ഒരുക്കി. മൂന്നുപേരുടെയും ചെറുപ്പവും വലുപ്പവും കൃത്യമായി യോജിപ്പിക്കുന്നതിലും ഒരത്ഭുതമുണ്ട്.
ഒാരോ ഘട്ടത്തിലും കഥ വഴിമുട്ടുമ്പോള്‍ മരിച്ച പെണ്‍കുട്ടി തന്നെ സത്യത്തിന്‍റെ വെളിച്ചവുമായി വരുന്നതുപോലെയാണ് ഈ കഥാപാത്രങ്ങളൊക്കെ തന്നെ വരുന്നതും, തിരക്കഥയുടെ സ്വാഭാവികമായ വളര്‍ച്ച അനുഭവിപ്പിക്കുന്നതും സമയത്തിന്‍റെ സഞ്ചാരം തന്നെയാണ്. പൊതുവെ ഫ്ലാഷ് ബാക്ക് സാങ്കേതികവിദ്യ ഒരു ചലച്ചിത്രത്തിന്‍റെ കഥ പറയാന്‍ ഉപയോഗിക്കുമ്പോള്‍ കഥപറച്ചിലായി തോന്നിപ്പിക്കാറുണ്ട്.
വിൻസെന്‍റിന്‍റെ അമ്മായി ആയി അഭിനയിച്ച പൗളി വില്‍സണ്‍ വിൻസെന്‍റിന്‍റെ ജീവിതം പറഞ്ഞുപോകുന്നത് ഒരിക്കലും ആ കാലം കാണിച്ചുകൊണ്ടല്ല, എന്നാല്‍ അവര്‍ അത് പറയുമ്പോള്‍ പ്രേക്ഷകനു കൃത്യമായി അത് കാണാന്‍ കഴിയുന്നുണ്ട്. സിനിമ കാണുമ്പോള്‍തന്നെ പ്രേക്ഷകന്‍റെ മനസ്സിലും സമാന്തരമായി ഒരു ചലച്ചിത്രം അനുഭവിപ്പിക്കുന്ന മാന്ത്രികതയും ഈ ചിത്രം പകരുന്നുണ്ട്. അക്ഷരത്തിന്‍റെ ശക്തി ദൃശ്യത്തിനൊപ്പം എന്ന അത്ഭുതം.
ചരിത്രത്തിന്‍റെ ആഖ്യായികകള്‍ പലപ്പോഴും ഉപയോഗിച്ച് സിനിമയൊരുക്കുമ്പോള്‍ പലപ്പോഴും പൗരാണിക കാലത്തിലേക്ക് സഞ്ചരിക്കാറുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പോ അതുമല്ലെങ്കില്‍ സ്വതന്ത്രമായതിനു തൊട്ടടുത്തോ ഉള്ള കഥകളാണ് ചലച്ചിത്രങ്ങള്‍ക്ക് ചരിത്ര പിന്തുണയേകാറുള്ളത്. പരമാവധി എഴുപതുകള്‍വരെ ആ രീതിയില്‍ സിനിമ ആയിട്ടുമുണ്ട്. എന്നാല്‍, കാലം അതിനുശേഷവും സഞ്ചരിക്കുന്നുണ്ട് എന്ന ബോധത്തോടെയാണ് പുതിയ തലമുറ സിനിമയെയും അവര്‍ കണ്ട കാലത്തെയും സമീപിച്ചിട്ടുള്ളത്.
പുതിയ കാലത്തിന്‍റെ അഭിനയസംസ്കാരത്തിലേക്ക് ചെയ്തുവരുന്ന ഓരോ കഥാപാത്രവും പ്രേക്ഷകനു മുന്നില്‍ അവന്‍റെയുള്ളില്‍ പറയാന്‍ പാകത്തില്‍ നിലനിൽക്കണമെന്ന് വാശിപിടിക്കുന്ന ഒരു നടന്‍തന്നെയാണ് ആസിഫ് അലി എന്ന ചെറുപ്പക്കാരന്‍. ‘ഋതു’ മുതല്‍ ‘ഹണീ ബി’ വരെയുള്ള ഒരു കാലവും ‘ഉയരെ’ മുതല്‍ ‘രേഖാചിത്രം’ വരെയുള്ള കാലവും രണ്ടും വ്യത്യസ്തമാണ്. അഭിനയത്തില്‍ ഉത്തരവാദിത്തത്തിന്‍റെ സത്യമറിഞ്ഞ് ഏറ്റവും സൂക്ഷ്മായി ഒരു പരകായപ്രവേശം നടത്തുന്ന ഒരാളായി ആസിഫ് മാറിയിരിക്കുന്നു.
ചെയ്ത പൊലീസ് വേഷങ്ങള്‍ ഒന്നുപോലെയാകാതെ നിലനിൽക്കണമെന്ന് അയാള്‍ ഉറപ്പിക്കുന്നുണ്ട്. കഥാപാത്രത്തിന്‍റെ മനസ്സറിഞ്ഞ കരുതല്‍ അയാള്‍ പ്രകടിപ്പിക്കുന്നുണ്ട്. ‘വൈറസ്’, ‘ഉയരെ’, ‘കക്ഷി അമ്മിണിപ്പിള്ള’, ‘കുറ്റവും ശിക്ഷയും’, ‘തലവന്‍’, ‘കൂമന്‍’, ‘കിഷ്കിന്ധാകാണ്ഡം’, ‘ലെവല്‍ക്രോസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ അത് വെളിപ്പെടുത്തുന്നുമുണ്ട്. കൺവെന്‍ഷനലായ ഒരു കഥാപാത്ര നിര്‍മിതിയല്ലാതെ ഏറ്റവും സാധാരണമട്ടിലും ഒപ്പം, തന്മയത്വവുമുള്ള ഒരഭിനയവഴി അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.
സംവിധായകൻ ജോഫിൻ ടി. ചാക്കോ
തൊട്ടുമുന്നില്‍ നടക്കുന്നതുപോലെ അത് യാഥാർഥ്യമാക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ‘രേഖാചിത്രം’ കാണുമ്പോൾ അവര്‍ തിരശ്ശീലയില്‍ വേഷപ്പകര്‍ച്ച നടത്തുകയല്ല എന്നും പ്രേക്ഷകന്‍ കണ്ടുകൊണ്ടിരിക്കുന്നത് നിജം എന്നും പറയാതെ പറയുന്നു. ആസിഫിനൊപ്പം അനശ്വര രാജന്‍ എന്ന അഭിനേത്രിയും രേഖാ പൗലോസ് എന്ന യാഥാർഥ്യത്തെ സത്യമാക്കുന്നു.
മരണമൊഴി പറഞ്ഞ് ഈ കഥയെ വിഷമവൃത്തത്തിലകപ്പെടുത്തിയ സിദ്ദീഖിന്‍റെ കഥാപാത്രവും അയാള്‍ കൂടെക്കൂട്ടിയ മനോജ് കെ. ജയനും സായ്കുമാറും അതിനൊപ്പം നിൽക്കുന്ന സെറിന്‍ ഷിഹാബും ഈ ചിത്രത്തെ ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്സ് മാന്‍റെ കറതീര്‍ന്ന ഒരു ശിൽപത്തിനുതകുന്ന മെറ്റീരിയലായി മാറുന്നതും അത്ഭുതം.
വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടി ചെയ്തുപോയ ‘കാതോട് കാതോരം’ എന്ന സിനിമയും അതിന്‍റെ കാലം പുനരാവിഷ്കരിക്കാന്‍ ൽകിയ കരുത്തും മലയാള ചലച്ചിത്രമേഖലയില്‍ കടന്നുവരുന്ന പുതിയ പ്രവര്‍ത്തകര്‍ക്ക് ജീവനേകും എന്നതുതന്നെയാണ് ഈ ചിത്രത്തിന്‍റെ വിജയം.
ചില കഥകള്‍ അങ്ങനെയാണ്. ഇന്നുകൊണ്ട് അത് അവസാനിക്കുകയില്ല. നാളെയും ഇനി വരാനിരിക്കുന്ന കാലത്തും ആ കഥ വെറുമൊരു വാമൊഴിയല്ലാതെ കാഴ്ചയായി മാറും. പുതഞ്ഞുപോയ സത്യങ്ങള്‍ മണ്മറ നീക്കി നീതിയുടെ മുന്നില്‍ വെളിപ്പെടും. ചരിത്രമെന്നും സത്യത്തിന്‍റെ വെളിപ്പെടലാവും. ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് പറഞ്ഞുകൊണ്ട് ഒരു കഥയെഴുതുമ്പോള്‍ അത് വെറും ഭാവന മാത്രമല്ലെന്ന തോന്നലാണ് അതിന്‍റെ നിലനിൽപിനാധാരം.