Begin typing your search above and press return to search.

അബ്ദുറഹിമാന്റെ 60 പ്രഹേളികാവർഷങ്ങൾ

അബ്ദുറഹിമാന്റെ   60 പ്രഹേളികാവർഷങ്ങൾ
cancel

കോഴിക്കോടി​ന്റെയും കേരളത്തിന്റെയും സാംസ്​കാരിക ചരിത്രത്തിൽ പ്രധാനപ്പെട്ട പേരാണ്​ മുഹമ്മദ്​ അബ്​ദുറഹിമാൻ. വൈക്കം മുഹമ്മദ് ബഷീറിനെ കോഴിക്കോട്ടെത്തിച്ച വ്യക്തി. നിരവധി സാംസ്​കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും അഭ്യുദയകാംക്ഷി. ആറു പതിറ്റാണ്ടു മുമ്പ്​ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ മരണത്തിന്​ മുമ്പും പിമ്പുമുള്ള ജീവിതം എഴുതുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ. കോട്ടയം തലയോലപ്പറമ്പിൽനിന്നും കോഴിക്കോട്ട് ബേപ്പൂരിലേക്കുള്ള സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിന്റെ പറിച്ചുനടലിന് പിറകിൽ ഒരു പ്രേരകശക്തിയുണ്ട് –മുഹമ്മദ് അബ്ദുറഹിമാൻ. സ്വച്ഛന്ദം പറന്നുനടന്ന ഒരു മലയെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
കോഴിക്കോടി​ന്റെയും കേരളത്തിന്റെയും സാംസ്​കാരിക ചരിത്രത്തിൽ പ്രധാനപ്പെട്ട പേരാണ്​ മുഹമ്മദ്​ അബ്​ദുറഹിമാൻ. വൈക്കം മുഹമ്മദ് ബഷീറിനെ കോഴിക്കോട്ടെത്തിച്ച വ്യക്തി. നിരവധി സാംസ്​കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും അഭ്യുദയകാംക്ഷി. ആറു പതിറ്റാണ്ടു മുമ്പ്​ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ മരണത്തിന്​ മുമ്പും പിമ്പുമുള്ള ജീവിതം എഴുതുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ.

കോട്ടയം തലയോലപ്പറമ്പിൽനിന്നും കോഴിക്കോട്ട് ബേപ്പൂരിലേക്കുള്ള സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിന്റെ പറിച്ചുനടലിന് പിറകിൽ ഒരു പ്രേരകശക്തിയുണ്ട് –മുഹമ്മദ് അബ്ദുറഹിമാൻ. സ്വച്ഛന്ദം പറന്നുനടന്ന ഒരു മലയെ ഒരഴിമുഖത്ത് പിടിച്ചുകെട്ടിയ അത്ഭുതമായിരുന്നു അത്. അകാലത്തിൽ പൊലിഞ്ഞ സാഹിബിന്റെ വേർപാടിന് 2025 ഒക്ടോബർ 6ന് ആറു പതിറ്റാണ്ട് തികയുന്നു. 60 പ്രഹേളികാവർഷങ്ങൾ എന്നുതന്നെ പറയാം.

അതൊരു ഇരട്ടക്കൊലപാതകമായിരുന്നു: 1965 ഒക്ടോബർ 6ന് രാത്രി അബ്ദുറഹിമാൻ സാഹിബിനെയും കൂട്ടുകാരൻ ബപ്പൻ കോയയെയും അവരുടെതന്നെ മറ്റൊരു കൂട്ടുകാരൻ മുഹമ്മദ് സ്രാങ്ക് കഠാരകൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സ്രാങ്കിനെ രണ്ടു വർഷത്തെ കോടതി നടപടികൾക്കുശേഷം 1967 ആഗസ്റ്റ് 14ന് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിക്കൊന്നു. വിടപറഞ്ഞിട്ട് ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും കോഴിക്കോടിന്റെ മായാത്ത ഗതകാലസ്മരണകളിൽ സാഹിബ് ഇന്നും ജീവിക്കുന്നു. എതിരാളികൾക്കുപോലും സ്വീകാര്യനായ അതുപോലൊരു പ്രതിഭാസം മലബാറിന്റെ പിൽക്കാല കലാചരിത്രത്തിൽ കാണാൻ പ്രയാസമാണ്.

കൊല നടന്ന കോഴിക്കോട് മിഠായിത്തെരുവിൽ ‘വീറ്റ്ഹൗസ്’ ഇന്നില്ല. അതിന്റെ ഓർമപോലും മായ്ച്ചു തൽസ്ഥാനത്ത് പുതിയ കെട്ടിടമാണിപ്പോൾ. മിഠായിത്തെരുവും മാറി. എഴുപതുകളുടെ അന്ത്യത്തിൽ ‘വീറ്റ്ഹൗസി’ൽ എത്തിയപ്പോഴാണ് അബ്ദുറഹിമാൻ സാഹിബിന്റെ കൊലപാതക കഥ ആദ്യമായി കേൾക്കുന്നത്. പഞ്ചാബികൾ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന, നഗരത്തിൽ പഞ്ചാബി ഭക്ഷണം കിട്ടുന്ന ഏക സ്ഥലമായിരുന്നു അത്. പഴയ ഹിന്ദി പാട്ടുകൾ എപ്പോഴും അന്തരീക്ഷത്തിലുണ്ടാകും. പതിറ്റാണ്ടുകൾക്കു മുമ്പ് അവിടെ നടന്ന ഒരറുകൊലയുടെ ദീനരോദനങ്ങൾ അവിടത്തെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത് കേൾക്കാം. ഉത്തരം കിട്ടാത്ത നിലവിളികൾ ഒരിക്കലും അടങ്ങില്ല. ഓർമകളിൽ അത് പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും.

തൊണ്ണൂറുകളുടെ തുടക്കത്തിൽ പഴയ കോഴിക്കോടിന്റെ ഓർമച്ചരിതങ്ങൾ ടി. ദാമോദരൻ തുറന്നുവെച്ചപ്പോഴാണ് സാഹിബ് ഒരു ഓർമയിലേക്ക് തിരിച്ചുവരുന്നത്. അമ്പതുകളുടെ രണ്ടാം പാതിയിൽ വീറ്റ്ഹൗസിലെ അബ്ദുറഹിമാൻ സാഹിബ് ‘ഗ്യാങ്ങി’ലാണ് പിൽക്കാലത്ത് നാടകത്തിലും സിനിമയിലും കോഴിക്കോട്ടങ്ങാടിയുടെ ശബ്ദമായിരുന്ന ടി. ദാമോദരൻ പിച്ചവെക്കുന്നത്. 1956ൽ ഫാറൂഖ് കോളജിലെ പഠനകാലത്ത് സീനിയർ വിദ്യാർഥികളുമായുള്ള ഒരു അടിപിടിയെ തുടർന്ന് കോളജിലേക്ക് കയറാൻപോലും പറ്റാതെ പൊലീസിനും ഗുണ്ടകൾക്കും പിടികൊടുക്കാതെ ഒളിച്ചുകഴിയുന്ന സമയത്ത് രക്ഷകനായി വന്ന്, കൂടെക്കൂട്ടി കരകയറ്റിയ ഗുരുതുല്യനായിരുന്നു മാസ്റ്റർക്ക് സാഹിബ്. ചെറുവണ്ണൂരിലെ അബ്ദുറഹിമാൻ സാഹിബിന്റെ തറവാട് വീടിനടുത്തു തന്നെയായിരുന്നു ടി. ദാമോദരൻ കുട്ടിക്കാലത്ത് പഠിച്ചു വളർന്ന, ചേച്ചിയുടെ ഭർത്താവ് അപ്പുക്കുട്ടേട്ടന്റെയും തറവാട്. രണ്ടു വീടുകൾ തമ്മിലും അടുത്ത ബന്ധമുണ്ടായിരുന്നു. ഓർമകളുടെ ബാറ്റൺ കൈമാറിക്കൊണ്ടുള്ള ടി. ദാമോദരൻ മാസ്റ്റർക്കൊപ്പമുള്ള യാത്രകളുടെ റൂട്ട്മാപ്പ് തുടങ്ങുന്നത് അപ്പുക്കുട്ടേട്ടന്റെ ആ തറവാട്ട് വീട്ടിൽനിന്നാണ്. അവിടത്തെ ഒരു ചില്ലലമാരയിൽ അന്നത്തെ കോഴിക്കോട്ടെ ഏറ്റവും മികച്ച ദീർഘദൂര ഓട്ടക്കാരൻ വാങ്ങിക്കൂട്ടിയ മെഡലുകളൊക്കെ അപ്പോഴും കാത്തുസൂക്ഷിക്കപ്പെട്ടിരുന്നു.

തൊട്ടടുത്തുള്ള അബ്ദുറഹിമാൻ സാഹിബിന്റെ നാല് നിലകളുള്ള കൂറ്റൻ തറവാടുവീട് വഴി ഒളവണ്ണയിൽ ‘മുറപ്പെണ്ണ്’ ഷൂട്ട് ചെയ്ത മാമിയിൽ തറവാട്, ബേപ്പൂരിലെ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്, നടുവട്ടത്ത് തസറ വാസുദേവേട്ടന്റെ വീട്, മാത്തോട്ടത്തെ മാമുക്കോയയുടെ വീട്, മെഡിക്കൽ കോളജിൽ പുനലൂർ രാജേട്ടന്റെ ക്വാർട്ടേഴ്സ്, ചാലപ്പുറത്ത് മുല്ലശ്ശേരി രാജു ഏട്ടന്റെ വീട്, പുതിയറ പീതാംബർ സ്റ്റുഡിയോ പീതാംബരേട്ടന്റെ വീട്, ക്രിസ്ത്യൻ കോളജിനടുത്ത് ബാലൻ കെ. നായരുടെ വീട്, കുതിരവട്ടത്ത് പപ്പുവിന്റെ വീട്, മിഠായിത്തെരുവിൽ വീറ്റ്ഹൗസ്, കിഡ്സൺസ്, കോമളവിലാസം ഹോട്ടൽ, കല്ലായി റോഡിൽ ഇംപീരിയൽ ഹോട്ടൽ, കടപ്പുറത്ത് ബീച്ച് ഹോട്ടൽ, പാളയത്ത് അളകാപുരി, ഒന്നാം ഗെയിറ്റിനും രണ്ടാം ഗെയിറ്റിനുമിടയിൽ പാരഗൺ ഹോട്ടൽ, ജയിൽ റോഡിൽ മഹാറാണി... അങ്ങനെ പോകുന്നു മാസ്റ്ററുടെ ഓർമയാത്രകൾ. ഇതിൽ ഏറ്റവും ദുരൂഹത നിറഞ്ഞ അധ്യായമായി തോന്നിയത് അബ്ദുറഹിമാൻ സാഹിബിന്റെ ജീവിതവും മരണവുമായിരുന്നു. അറുപത് വർഷം പിന്നിട്ടിട്ടും ആ ദുരൂഹതയുടെ ചുരുളഴിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.

* * *

1920 ഏപ്രിൽ 4നാണ് കോഴിക്കോട് ചെറുവണ്ണൂരിലെ മരവ്യാപാരിയായ മുല്ലവീട്ടിൽ മൊയ്തീൻ ഹാജിയുടെയും മയ്യഴിയിലെ കുഞ്ഞാമിന ബീവിയുടെയും മകനായി അബ്ദുറഹിമാൻ പിറക്കുന്നത്. പൊതുജീവിതം എന്നത് നാൽപതുകളുടെ തുടക്കം മുതൽ അറുപതുകളുടെ മധ്യം വരെയുള്ള 22 വർഷക്കാലമാണ് (1943-1965). ബ്രിട്ടീഷ് ഭരണത്തിൽനിന്നും രാജ്യം സ്വാതന്ത്ര്യത്തിലേക്ക് കുതിച്ച അവസാന കാലഘട്ടം മുതൽ കമ്യൂണിസ്റ്റ് പാർട്ടി സി.പി.എമ്മും സി.പി.ഐയുമായി പിളർന്നതുവരെയുള്ള കാലഘട്ടമാണത്. അദ്ദേഹത്തെക്കുറിച്ചുള്ള എല്ലാവരുടെയും ഓർമകളിൽ ഒരു കാർ ചരിത്രത്തിലൂടെ ഓടിക്കയറുന്നുണ്ട്. കെ.എൽ.ഡി 888 ലാൻഡ് മാസ്റ്റർ കാറിൽ ഒരു കാലഘട്ടത്തെ തന്നെ സാഹിബ് ഏറ്റിയോടിച്ചു. അതിൽ കയറിയിറങ്ങാത്തവരായി അക്കാലത്തിന്റെ ചരിത്രനിർമിതിയുടെ ഭാഗഭാക്കായ ആരാണുള്ളത് എന്നു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്: വൈക്കം മുഹമ്മദ് ബഷീർ, എൻ.വി. കൃഷ്ണവാരിയർ, എസ്.കെ. പൊ​െറ്റക്കാട്ട്, പി. ഭാസ്കരൻ, കോഴിക്കോട് അബ്ദുൽ ഖാദർ, ബാബുരാജ്, കെ. രാഘവൻ മാസ്റ്റർ, ഉറൂബ്, വി. അബ്ദുള്ള, കൗമുദി ബാലകൃഷ്ണൻ, തിക്കോടിയൻ, പട്ടത്തുവിള, കെ.എ. കൊടുങ്ങല്ലൂർ, എം.വി. ദേവൻ, തെരുവത്ത് രാമൻ, വി.ടി. ഇന്ദുചൂഡൻ, കെ.പി. ഉമ്മർ, പവനൻ, എം.ടി. വാസുദേവൻ നായർ, അടൂർ ഭാസി, മിസ് കുമാരി, ടി. ദാമോദരൻ...

മലബാറിന്റെ അക്കാലത്തെ സാംസ്കാരിക-രാഷ്ട്രീയ ചരിത്രത്തെ ഒപ്പം കൊണ്ടുനടന്ന കാറാണത്. 1957ൽ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള കോഴിക്കോടൻ സന്ദർശനത്തിൽ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ കൊണ്ടുനടന്നത് സാഹിബിന്റെ കാറായിരുന്നു. 1959ൽ സർക്കാറിനെ പിരിച്ചുവിട്ടപ്പോൾ ഇ.എം.എസ് മലബാർ പര്യടനത്തിലും അതേ കാറുമായി സാഹിബ് കൂടെയുണ്ടായിരുന്നു. അതിന്റെ ഒരൊറ്റ ഛായാപടം ബാവുക്ക എന്നു വിളിക്കുന്ന ചെറുവണ്ണൂരിലെ ഉറച്ച കമ്യൂണിസ്റ്റ് നേതാവ് മുല്ലവീട്ടിൽ മൊയ്തീന്റെ കസ്റ്റഡിയിൽ ഇപ്പോഴുമുണ്ട്. ഇല്ലെങ്കിൽ അതും ഒരു കെട്ടുകഥയായി തോന്നിയേനെ. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ഈ ആത്മബന്ധം, തിരിഞ്ഞുനോക്കുമ്പോൾ അത്ര നിസ്സാരമായ ഒന്നല്ല, ചരിത്രപരമാണ്.

 

ഇ.എം.എസ്​ കോഴിക്കോട്​ മേയർ ടി.പി. ദാസന്​ അയച്ച കത്ത്​,അബ്​ദുറഹിമാൻ സ്​മരണികക്ക് ആശംസ അർപ്പിച്ച്​  മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ അയച്ച കത്ത്​

കോഴിക്കോട്ടെ കൊളത്തറ, ചെറുവണ്ണൂർ, ബേപ്പൂർ ബെൽറ്റാണ് സാഹിബിന്റെ തുടക്കം. 1943 കാലഘട്ടത്തിൽ ചെറുവണ്ണൂർ-ബേപ്പൂർ പ്രദേശത്തെ കോളറ ബാധ ഉലച്ചപ്പോൾ കോളറ നിവാരണ കമ്മിറ്റി അംഗമായാണ് അബ്ദുറഹിമാൻ പൊതുരംഗത്തെത്തുന്നത്. 1946ൽ ചെറുവണ്ണൂർ, നല്ലളം, ബേപ്പൂർ മേഖലാ മുസ്‍ലിം ലീഗ് യുവജനവിഭാഗം പ്രസിഡന്റായി. ഉറച്ച ലീഗുകാരനായി രാഷ്ട്രീയത്തിലെത്തിയ അബ്ദുറഹിമാൻ അധികം വൈകാതെ തന്നെ ഉറച്ച കമ്യൂണിസ്റ്റുകാരനായി. ആ പരിണാമം ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. 1946ലെ ചെറുവണ്ണൂർ ഓട്ടുകമ്പനി തൊഴിലാളി സമരമാണ് ലീഗിൽനിന്നും കമ്യൂണിസ്റ്റ് പാർട്ടിയിലേക്കുള്ള ചുവടുമാറ്റത്തിന്റെ തുടക്കം. അന്നത്തെ ഓട്ടുകമ്പനി തൊഴിലാളികളുടെ കൂലി പത്തു മണിക്കൂർ ജോലിസമയത്ത് പതിനൊന്നേ മുക്കാൽ അണയാണ്. ഇതിനെതിരെ നടന്ന സമരം ഒത്തു തീർപ്പാക്കാൻ തൊഴിലാളി യൂനിയൻ പ്രതിനിധിയായി അബ്ദുറഹിമാനും ഉണ്ടായിരുന്നു. ഓട് നിർമാണരംഗത്തെ മുതലാളിമാരുടെ സംഘടനയെ പ്രതിനിധാനംചെയ്ത് കോമൺവെൽത്ത് മാനേജർ പറളി സായ്‌വ് ആയിരുന്നു ചർച്ചക്ക് എത്തിയത്. ചർച്ച പരാജയപ്പെട്ടാൽ സാഹിബിനെ അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടായിരുന്നു. എന്നാൽ, നാൽപത് ശതമാനം കൂലി വർധനയും ബോണസും മുസ്‍ലിം തൊഴിലാളികൾക്ക് പള്ളിയിൽ പോകാൻ രണ്ടു മണിക്കൂർ ഒഴിവും വാങ്ങിയെടുത്താണ് സാഹിബ് സമരം ഒത്തുതീർപ്പായത്. എതിരാളികളെ കീഴ്പ്പെടുന്ന ആ നയതന്ത്രജ്ഞതയാണ് സാഹിബിനെ ഒരു ‘ഹീറോ’ ആക്കി മാറ്റിയത്.

1947ൽ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും കമ്യൂണിസ്റ്റ് പാർട്ടി ആദ്യഘട്ടത്തിൽ അതംഗീകരിക്കാൻ വിസമ്മതിച്ചിരുന്നു. 1946 മുതൽ തെലങ്കാനയിൽ പാർട്ടിയുടെ നേതൃത്വത്തിൽ സായുധ പോരാട്ടവും തുടങ്ങിയിരുന്നു. എ.ഐ.ടി.യു.സി പ്രസിഡന്റ് ആയിരുന്ന മഞ്ചുനാഥറാവു അറസ്റ്റിലായപ്പോൾ അബ്ദുറഹിമാൻ ആ ചുമതല ഏറ്റെടുത്തു. 1948 മുതൽ 1951 വരെ കമ്യൂണിസ്റ്റ് പാർട്ടിക്ക് മേൽ നിരോധനം വന്നു. അക്കാലത്ത് പാർട്ടി പ്രവർത്തകനായ തന്റെയൊരു സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ചതിന്റെ പേരിൽ 1949ൽ അബ്ദുറഹിമാൻ അറസ്റ്റ് വരിച്ചു. അതൊരു വഴിത്തിരിവായിരുന്നു. ചെങ്കൊടിയേന്തിയ സാഹിബിനെയാണ് പിന്നീട് കോഴിക്കോട് കണ്ടത്.

1950ലാണ് ആകാശവാണി കോഴിക്കോട് നിലയം വരുന്നത്. നഗരത്തിന്റെ സാംസ്കാരിക ജീവിതത്തിന്റെ നാൾവഴിയിൽ ഒരു നാഴികക്കല്ലായിരുന്നു അത്. കലാ സാംസ്കാരിക പ്രവർത്തകർക്ക് പുതിയൊരു പൊതു ഇടം തുറന്നുകിട്ടുകയായിരുന്നു അതുവഴി. പി. ഭാസ്കരൻ മാസ്റ്റർ ആകാശവാണി ഉദ്യോഗസ്ഥനായി എത്തി. കോഴിക്കോട്ട് വണ്ടി ഇറങ്ങിയ ഭാസ്കരൻ മാസ്റ്ററെ ആദ്യ ദിവസംതന്നെ റെയിൽവേ സ്റ്റേഷനിൽനിന്നും തന്റെ കാറുമായി പെട്ടിസഹിതം വീട്ടിലേക്ക് പിടിച്ചു കൊണ്ടുപോവുകയാണ് അഡ്വ. വി.എ. സെയ്ദ് മുഹമ്മദ്. പിന്നീട് കോഴിക്കോട്ടുനിന്നും പോകുന്നതുവരെ വേറെ താമസസ്ഥലം അദ്ദേഹത്തിനു വേണ്ടിവന്നില്ല. സെയ്ദിന്റെ ആത്മ സുഹൃത്തായിരുന്ന മുല്ലവീട്ടിൽ അബ്ദുറഹിമാൻ വളരെ പെട്ടെന്ന് ഭാസ്കരൻ മാസ്റ്ററുടെയും ആത്മമിത്രമായി മാറി.

‘‘ആത്മസുഹൃത്തുക്കൾ എന്നു വിളിക്കാവുന്ന അഞ്ചോ ആറോ കൂട്ടുകാരേ എനിക്കുള്ളൂ. അവരുടെ കൂട്ടത്തിൽ ഒന്നാം നിരയിൽ തന്നെ അന്തരിച്ച എന്റെ ചങ്ങാതി മുല്ലവീട്ടിൽ അബ്ദുറഹിമാൻ എന്നും ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ഠിക്കാൻ ഇതുവരെ എനിക്ക് സാധിച്ചിട്ടില്ല. ഇനി സാധിക്കുമെന്നും തോന്നുന്നില്ല.’’ –പി. ഭാസ്കരൻ, (മരണമില്ലാത്ത സുഹൃത്ത്)

അബ്ദുറഹിമാൻ ആരായിരുന്നു എന്ന് പി. ഭാസ്കരൻ മാസ്റ്ററുടെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. അഡ്വ. വി.എ. സെയ്ദ് മുഹമ്മദിന്റെ വീട്ടിലെ അക്കാലത്തെ രാത്രികൾ ഭാസ്കരൻ മാസ്റ്റർ ആ ലേഖനത്തിൽ ഓർക്കുന്നുണ്ട്: ‘‘കോഴിക്കോട് അബ്ദുൽ ഖാദർ, പി.പി. ഹംസ, കെ. രാഘവൻ മാസ്റ്റർ തുടങ്ങിയവരുടെ പാട്ടുകൾ കേട്ട് രസിക്കുക ഞങ്ങളുടെ പതിവ് പരിപാടികളിലൊന്നായിരുന്നു. പി.സി. കുട്ടികൃഷ്ണൻ (ഉറൂബ്), തിക്കോടിയൻ തുടങ്ങിയവരും അവിടെ പതിവു സന്ദർശകരായിരുന്നു. അപ്പോൾ ചർച്ചാവിഷയം സാഹിത്യമായിരിക്കും.’’ അമ്പതുകളുടെ തുടക്കത്തിൽ ഒരുവശത്ത് കമ്യൂണിസ്റ്റ് പാർട്ടിയും മറുവശത്ത് മലബാർ കേന്ദ്ര കലാസമിതിയുമായാണ് അബ്ദുറഹിമാൻ സാഹിബ് തന്റെ തട്ടകം കോഴിക്കോട് മിഠായിത്തെരുവിലേക്ക് മാറ്റിയത്. വളരെപ്പെട്ടെന്നുതന്നെ അത് കോഴിക്കോട്ടെ കലാ സാംസ്കാരിക കൂട്ടായ്മകളുടെ കേന്ദ്രമായി മാറി. മലബാർ കേന്ദ്ര കലാസമിതിയുടെ പിറവി അവിടെ ​െവച്ചാണുണ്ടായത്. ആ പിറവി അതിന്റെ ജീവനാഡിയായിരുന്ന സ്വാതന്ത്ര്യസമര സേനാനിയും ബഷീർ, എസ്.കെ. പൊ​െറ്റക്കാട്ട്, എം.ടി, മലയാറ്റൂർ തുടങ്ങിയവരുടെ കൃതികൾ ഇംഗ്ലീഷിലെത്തിച്ച പ്രമുഖ പരിഭാഷകനും ചെന്നൈ ഓറിയന്റ് ലോങ്മാൻ ഡിവിഷനൽ ഡയറക്ടറും ചലച്ചിത്ര നിർമാതാവുമായ വി. അബ്ദുള്ളയുടെ ഓർമയിലുണ്ട്:

‘‘1953ൽ കോഴിക്കോട് കലാസമിതി, നാടകോത്സവം സംസ്ഥാനാടിസ്ഥാനത്തിൽ കൊണ്ടാടാൻ തീരുമാനിച്ചു. അതിനുവേണ്ടി ഒരു കമ്മിറ്റി വിളിച്ചുകൂട്ടി. അന്ന് കുറ്റിച്ചിറയിൽ ‘എം.എസ്.എ’ എന്ന പേരിൽ നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന ഒരു അമച്വർ നാടക സമിതിയുടെ പ്രസിഡന്റായിരുന്നു ഞാൻ. സംസ്ഥാന കമ്മിറ്റിയിൽ എന്നെയും അംഗമാക്കി. വിപുലമായി നാടകോത്സവം നടത്താൻ കമ്മിറ്റിയിൽ തീരുമാനമായി. സംഘാടക സമിതി ചെയർമാൻ ഞാൻ. കാര്യദർശി കെ.പി. രാമൻ നായർ. ധനകാര്യ കമ്മിറ്റി ചെയർമാൻ മാർസ് (M. Abdu Rahiman Sahib എന്ന പേരിലെ ആദ്യക്ഷരങ്ങൾ കൂട്ടിച്ചേർത്ത് അബ്ദുറഹിമാനെ അടുത്തവർ മാർസ് എന്നും സായ്വ് എന്നുമാണ് വിളിച്ചിരുന്നത്). പ്രസ്തുത കമ്മിറ്റിയെ നിയന്ത്രിക്കുന്നതിനായി സാംസ്കാരിക രംഗത്തെ പ്രഗല്ഭന്മാരടങ്ങുന്ന മറ്റൊരു കമ്മിറ്റി രൂപംകൊണ്ടു. എസ്.കെ. പൊ​െറ്റക്കാട്ട്, എൻ.വി. കൃഷ്ണവാരിയർ, ഉറൂബ്, തിക്കോടിയൻ, കെ.ടി. മുഹമ്മദ്, എം.വി. ദേവൻ മുതലായവരായിരുന്നു കമ്മിറ്റി അംഗങ്ങൾ (എം.ടി. വാസുദേവൻ നായർ അക്കാലത്ത് കോഴിക്കോട്ട് അറിയപ്പെട്ടു തുടങ്ങിയിരുന്നതേയുള്ളൂ. പിന്നീട് നടന്ന നാടകോത്സവങ്ങളിൽ എം.ടിയും സജീവമായ പങ്കുവഹിച്ചിരുന്നു)... 1954ൽ ആദ്യ നാടകോത്സവം കോഴിക്കോട്ട് ഗംഭീരമായി അരങ്ങേറി...

വർഷംതോറും നാടകോത്സവങ്ങൾ മുടക്കംവരാതെ നടത്തി. ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിൽതന്നെ. ആദ്യത്തെ ടീം തന്നെയായിരുന്നു അമരത്ത്. മാർസും രാമൻ നായരും പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകങ്ങളായി മാറി. ആയിരത്തി തൊള്ളായിരത്തി അറുപതായതോടെ പ്രസ്ഥാനം ക്ഷയിച്ചുതുടങ്ങി.’’

അബ്ദുറഹിമാൻ സാഹിബിന്റെ ആത്മമിത്രമായിരുന്നു മുസ്‍ലിം ലീഗിന്റെ സമുന്നത നേതാവും ഇന്ത്യൻ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി അംഗവുമായിരുന്ന ബി. പോക്കർ സാഹിബിന്റെ മകൻ വി. അബ്ദുള്ള. കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടിവ് അംഗവും ജെ.ഡി.ടി. ഇസ്‍ലാമിന്റെ അധ്യക്ഷനുമൊക്കെയായിരുന്നു അദ്ദേഹം. ആ സൗഹൃദം വി. അബ്ദുള്ളയുടെ വാക്കുകളിൽ വായിക്കാം:

‘‘മാർസ് എന്ന് ഞാൻ വിളിക്കുന്ന ആൾ പടച്ചവന്റെ അത്ഭുത സൃഷ്ടി തന്നെയായിരുന്നു എന്നു പറയാതെ നിവൃത്തിയില്ല. ഹ്യൂമനിസ്റ്റ് എന്ന ഇംഗ്ലീഷ് പദം അദ്ദേഹത്തിന് നന്നായി ചേരും. വിട്ടുവീഴ്ചയില്ലാത്ത ആദർശവാദി, കറകളഞ്ഞ മനുഷ്യസ്നേഹി... ഇവയെല്ലാം ആ ചെറിയ ഒരളുക്കിൽ പടച്ചവൻ എങ്ങനെ ഒതുക്കി എന്ന് ഞാൻ പലപ്പോഴും വിസ്മയിച്ചിട്ടുണ്ട്. ഒട്ടും ചീത്തത്തമില്ലാത്ത ആൾ എന്നല്ല പറയുന്നത്. അത് ധാരാളമായി ഉണ്ടായിരുന്നു. അതേക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ വശ്യമായ ആ പുഞ്ചിരി തൂകി തോളിൽ കൈയിട്ടുകൊണ്ട് പറയും ‘അതെല്ലാം പോട്ടെ ഇക്കാ.’ നിഷ്‍കളങ്കമായ ഈ ചിരിയിലും മാധുര്യത്തിലും ഞാൻ മറ്റൊല്ലാം മറന്നു പോകും.

മാർസിന്റെ ദാരുണമായ അന്ത്യം! ഒരു മനുഷ്യപ്പിശാചിന്റെ ദുർവാശിയാൽ കത്തികൊണ്ടുള്ള കുത്തേറ്റു കൊല്ലപ്പെട്ടു എന്ന വാർത്ത അർധരാത്രി ഫോൺ വഴി മദിരാശിയിൽ കിട്ടിയപ്പോൾ ഞാൻ മരവിച്ചുപോയി. പിറ്റേ ദിവസം വൈകുന്നേരമേ കിടന്ന കിടപ്പിൽനിന്ന് എഴുന്നേൽക്കാൻ എനിക്ക് സാധിച്ചുള്ളൂ.

വർഷങ്ങൾക്ക് ശേഷം എം.ടി. വാസുദേവൻ നായർ ‘ശത്രു’ എന്നൊരു കഥയെഴുതി. ആ കൊലയാളിയുടെ അവസാന നാളുകൾ... ഒരു മരണം മറ്റൊരു മരണത്തെ കാൻസൽ ചെയ്യുമോ? മറുപടിയില്ലാത്ത ഒരു ചോദ്യമാണത്... പിന്നീട് ഞാൻ ആ കഥ ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത് ഒരു പ്രശസ്ത വാരികയിൽ പ്രസിദ്ധപ്പെടുത്തി... ഒരു ഉത്തമ സുഹൃത്തിനോടുള്ള കടം വീട്ടിയത് പോലെ.

തുളുമ്പി നിൽക്കുന്ന ചൈതന്യവും കവിഞ്ഞൊഴുകുന്ന ആവേശവും എപ്പോഴും തിളച്ചുമറിഞ്ഞിരുന്ന മാർസ് എന്ന മനുഷ്യനോട് ഇക്കാലം വരെ എന്റെ മനസ്സ് ഗുഡ്ബൈ പറഞ്ഞിട്ടില്ല.’’

(ഒരിക്കലും വിടപറയാത്ത ഓർമകൾ, വി. അബ്ദുള്ള)

ഒരുകാലത്ത് കോഴിക്കോടൻ സായാഹ്ന വായനയുടെ മുഖമായിരുന്ന ‘പ്രദീപം’ പത്രാധിപർ തെരുവത്ത് രാമൻ ആ കാലത്തിന്റെ ഓർമകൾ കുറച്ചുകൂടി വിശാലമാക്കുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീറിനെ കോഴിക്കോട്ടെത്തിച്ച അപൂർവ അധ്യായം കൂടിയാണത്.

‘‘നാടകമെന്ന കലാരൂപത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് തികഞ്ഞ അവബോധമുണ്ടായിരുന്ന വി. അബ്ദുള്ള, കെ.പി. രാമൻ നായർ, അബ്ദുറഹിമാൻ തുടങ്ങിയവരാണ് സംഘടനയുടെ ചുക്കാൻ പിടിച്ചിരുന്നത്. എസ്.കെ. പൊറ്റെക്കാട്ട്, കെ.ടി. മുഹമ്മദ്, തിക്കോടിയൻ, പ്രഫ. എ.പി.പി. നമ്പൂതിരി, എൻ.വി. കൃഷ്ണവാരിയർ, എം. കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരൻ, കുത്താവ, പ്രിയദത്ത, സി.പി. രാഘവൻ, കെ.ആർ. ബാലകൃഷ്ണൻ, വാസുദേവൻ നായർ (സിനിക്ക്), ഹാജി അബ്ദുറഹിമാൻ, ഭാസ്കരൻ നായർ, വി.ടി. ഇന്ദുചൂഡൻ തുടങ്ങിയവരും കൂട്ടത്തിൽ ഞാനും സമിതിയുടെ പ്രവർത്തകരിൽ ഉൾപ്പെടുന്നു. ഒരു ടേമിൽ ഞാൻ സമിതിയുടെ സെക്രട്ടറിയുമായിരുന്നു. അക്കാലത്ത് ആകാശവാണിയിൽ പ്രവർത്തിച്ചിരുന്ന കവിയും പിന്നീട് സിനിമാ ഡയറക്ടറുമായ പി. ഭാസ്കരൻ, ലക്ഷ്മീദേവി, കെ. ബാലകൃഷ്ണ മേനോൻ, കെ.എ. കൊടുങ്ങല്ലൂർ, പത്മനാഭൻ നായർ തുടങ്ങിയവരും സമിതിയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുവഹിച്ചിട്ടുണ്ട്. അബ്ദുറഹിമാനും വി. അബ്ദുള്ളയും കെ.പി. രാമൻ നായരുമാണ് സമിതിയുടെ ആത്മാവെന്നു പറയാം.

‘‘സാഹിത്യ രചനയുടെയും ദേശാടനത്തിന്റെയും തിരക്കിൽ വിവാഹം കഴിക്കാൻ മറന്നുപോയ വൈക്കം മുഹമ്മദ് ബഷീറിനെ പെണ്ണുകെട്ടിച്ചതും ബേപ്പൂർ സുൽത്താനായി ‘അരിയിട്ട്’ വാഴിച്ചതും അബ്ദുറഹിമാനാണ്.

കേന്ദ്ര കലാസമിതിയുടെ നാടകോത്സവങ്ങൾ അരങ്ങ് തകർക്കുന്ന കാലം. നാടക കലയുടെ അനന്തസാധ്യതകളെ കുറിച്ചുള്ള അന്വേഷണങ്ങളും പരീക്ഷണങ്ങളും ഒട്ടേറെ പുതിയ നാടകങ്ങൾക്ക് രൂപവും ഭാവവും നൽകി. മലയാള നാടകങ്ങളുടെ വസന്തനാളുകളായിരുന്നു അത്. അരങ്ങിൽ ഒട്ടേറെ നക്ഷത്രങ്ങൾ ഉദിച്ചു. പുതിയ വാഗ്ദാനങ്ങളുടെ സൗരഭ്യം പരന്നു. നാടകവേദികളിൽ പൊട്ടിപ്പടർന്ന മുഹൂർത്തങ്ങൾ മനസ്സിനെ കോരിത്തരിപ്പിച്ചു.

 

1959ൽ മുഖ്യമന്ത്രിസ്​ഥാനം രാജി​െവച്ച്​ കോഴിക്കോട്ടെത്തിയ ഇ.എം.എസിനെ മുഹമ്മദ്​ അബ്​ദുറഹിമാൻ ത​ന്റെ കാറിൽ സ്വീകരിച്ചാനയിക്കുന്നു

ഒരിക്കൽ കേന്ദ്ര കലാസമിതിക്ക് ഒരു മോഹം. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പുപ്പാക്കൊരാ​േനണ്ടാർന്ന്’ എന്ന നോവൽ ഒരു നാടകമാക്കി രംഗത്ത് അവതരിപ്പിക്കണം. ഈ മോഹത്തിന് തിരികൊളുത്തിയത് അബ്ദുറഹിമാനായിരുന്നു. നോവലിന്റെ ആത്മാവ് ചോർന്നുപോകാതിരിക്കാൻ ബഷീറിനെക്കൊണ്ടുതന്നെ അതിന്റെ നാടകരൂപവും എഴുതിക്കണം. അതിന് അദ്ദേഹത്തെ കോഴിക്കോട്ട് കൊണ്ടുവന്നു താമസിപ്പിക്കണം. എന്നാലേ എഴുതിക്കിട്ടൂ. അക്കാര്യം അബ്ദുറഹിമാൻ ഏറ്റു. തന്റെ ബഹുമുഖമായ തിരക്കിനിടയിൽ ഒരുദിവസം പിടിച്ച പിടിയാലേ ബഷീറിനെ കൂട്ടിക്കൊണ്ടുവന്നു.’’

ബഷീറിനെ നാടകമെഴുതിക്കാൻ കോഴിക്കോട്ടേക്ക് കൊണ്ടു വരാൻ തലയോലപ്പറമ്പിലേക്ക് പോയ യാത്രയിൽ തിക്കോടിയനും വി. അബ്ദുള്ളയും സാഹിബിന് ഒപ്പമുണ്ടായിരുന്നു. ‘‘അന്ന് തലയോലപ്പറമ്പിലേക്കുള്ള ആ യാത്ര, ഒരു നവവരനെ തേടിയുള്ളതായിരുന്നെന്ന് മി. അബ്ദുള്ളയോ അബ്ദുറഹിമാനോ ഓർത്തിരുന്നോ? ഈ സംഭവത്തെ വിധിയെന്നു വിളിക്കാമോ? എന്തോ അറിഞ്ഞുകൂടാ. നാമിങ്ങറിയുന്നതൽപം, എല്ലാമോമനേ ദേവസങ്കൽപം എന്നു പറയാമോ? അതും അറിഞ്ഞു കൂടാ...’’ (‘ബഷീർ കോഴിക്കോട്ടുകാരനാവുന്നു’, ‘അരങ്ങു കാണാത്ത നടൻ’ -തിക്കോടിയൻ)

അന്ന് എല്ലാ സാംസ്കാരിക കലാ പ്രവർത്തനങ്ങളുടെയും കേന്ദ്രമായിരുന്നു വീറ്റ് ഹൗസ്. ഇസ്കസ് (ഇന്തോ-സോവിയറ്റ് സൗഹൃദം) യോഗങ്ങൾ, പ്രസ് കോൺഫറൻസുകൾ, യാത്രയയപ്പുകൾ, സാഹിത്യകാരന്മാരുടെ ഒത്തുചേരൽ, സ്വീകരണങ്ങൾ, പുസ്തക പ്രകാശനച്ചടങ്ങുകൾ തുടങ്ങിയവയുടെയെല്ലാം വേദി വീറ്റ്ഹൗസായിരുന്നു. വീറ്റ്ഹൗസിലെ ഒരു മുറിയിലാണ് ബഷീറിനെ താമസിപ്പിച്ചത്. അബ്ദുറഹിമാന്റെയും വി. അബ്ദുള്ളയുടെയും മറ്റും നിരന്തരമായ നിർബന്ധത്തിന്റെ ഫലമായി നാടകം പൂർത്തിയായി. ബഷീറിൽനിന്നു അബ്ദുറഹിമാൻ നാടകം എഴുതിച്ചുവാങ്ങി എന്നു പറയുന്നതാകും ശരി.

ഏതായാലും ബഷീറിന്റെ ജീവിതത്തിൽ അതൊരു വഴിത്തിരിവായി. ഒറ്റയാനായി നടന്നിരുന്ന അദ്ദേഹത്തെ ചെറുവണ്ണൂരിൽനിന്ന് പെണ്ണു കെട്ടിച്ചു. ബേപ്പൂരിൽ സ്ഥലം വാങ്ങി വീടുവെച്ചു. അവിടെ സ്ഥിര താമസമാക്കി. ഇതിനെല്ലാം മുൻകൈയെടുത്തത് അബ്ദുറഹിമാനും സുഹൃത്തുക്കളുമായിരുന്നു.’’

(തെരുവത്ത് രാമൻ, ഓർമയിലെ മയിൽപ്പീലികൾ)

അബ്ദുറഹിമാനെ ആദ്യം കണ്ട ഓർമ ഫാബി ബഷീർ പങ്കു​വെക്കുന്നുണ്ട്. രാഷ്ട്രീയ പ്രസംഗങ്ങൾ ഒരു ആവേശമായി മാറിയ കാലത്ത്, ഒരു പന്ത്രണ്ട് വയസ്സുകാരി കണ്ട രാഷ്ട്രീയ നേതാവിന്റെ ചിത്രമാണത്:

‘‘അങ്ങനെ കഴിയുന്ന സമയത്താണ് ഒരു ചെറുപ്പക്കാരന്റെ പ്രകടനം ദൃഷ്ടിയിൽപെട്ടത്. അതും തുറന്ന കാറിൽ! ഓരോ മുക്കു-മൂലയിലും ജനങ്ങൾ കൂടുന്നു. കാറു നിർത്തി ആ യുവാവ് അന്നത്തെ ഗവർമ്മേണ്ടിനെ ഇഷ്ടംപോലെ ചീത്ത വിളിച്ച് പ്രസംഗിക്കുന്നു. അത് കഴിഞ്ഞ് നീട്ടിപ്പിടിച്ച ഒരു ഗാനവും...

‘അരി തരാത്ത, തുണി തരാത്ത പണി തരാത്ത ഭരണമേ തകരൂ ! തകരൂ! തകരൂ! നിന്റെ കൊടിമരങ്ങൾ തകരണം.’ ഈ ഗാനം ഞങ്ങൾ ഏറ്റുപാടി കൊണ്ടായിരുന്നു യോഗം പിരിച്ചുവിടുക. വെളുത്ത് മെലിഞ്ഞ് പാട്ടുപാടിയും പ്രസംഗിച്ചും നടക്കുന്ന മനുഷ്യനെ നന്നേ പിടിച്ചു. ആരാണ് ഇദ്ദേഹമെന്നറിയാൻ ഞങ്ങൾക്കും തിടുക്കം. വീട്ടിൽ ചെന്ന് സംശയനിവാരണത്തിനായി മുതിർന്നവരോട് ചോദിച്ചപ്പോഴാണ് അറിയുന്നത്. ‘മയ്യഴിയിലെ ഷേക്കിന്റെ മകൾ കുഞ്ഞാമിന ഹജ്ജുമ്മയുടെ രണ്ടാമത്തെ മകൻ മുല്ലവീട്ടിൽ അബ്ദുറഹിമാൻ സാഹിബാണ്’ ഈ പ്രഗല്ഭനെന്ന്...

‘‘ഞാൻ പുതിയങ്ങാടി ട്രെയിനിങ് സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പാസായി ടൈപ്പ്റൈറ്റിങ് പഠിച്ചതിന് ശേഷം ക്വയർ ട്രെയിനിങ്ങിന് പോകുന്ന കാലം. രണ്ട് സ്നേഹിതകളുടെ കൂടെ ഇരിക്കുന്ന എന്റെ ഫോട്ടോ കണ്ടപ്പോൾ ഈ മുസ്‍ലിം പെൺകുട്ടി ആരാണെന്ന് അദ്ദേഹം തിരക്കി. അങ്ങിനെയാണ് ഒരു ദിവസം റ്റാറ്റായുടെ (വൈക്കം മുഹമ്മദ് ബഷീറിന്റെ) ഫോട്ടോയുമായി (1958 നവംബറിൽ) ഞങ്ങളുടെ വീട്ടിൽ കല്യാണാലോചനയുമായി വന്നത്. വിവാഹത്തിന് ശേഷം എസ്.കെ. പൊ​െറ്റക്കാട്ടിന്റെ വസതിയായ ചന്ദ്രകാന്തത്തിൽനിന്ന് തലയോലപ്പറമ്പിലേക്ക് തീവണ്ടിയിൽ കയറുമ്പോൾ രണ്ട് ഒന്നാം ക്ലാസ് ടിക്കറ്റ് ഞങ്ങളുടെ കയ്യിൽ വച്ച് തന്നു. എന്നെ അടുത്തേക്ക് വിളിച്ച് അദ്ദേഹം പറഞ്ഞു. ‘വൈക്കത്തൊക്കെ പോയി സുഖമായി ജീവിക്കൂ. ബഷീർ ഒരു സ്നേഹമുള്ള മനുഷ്യനാണ്. അദ്ദേഹം നിന്നെ നന്നായി സംരക്ഷിക്കും. ഒന്നുകൊണ്ടും വിഷമിക്കരുത്.’ എന്റെ കയ്യിൽ ഒരു കേക്കിന്റെ പൊതിയും തന്നു.

ഞങ്ങൾ വൈക്കത്ത് സ്ഥിരതാമസമാക്കി. ഇടയ്ക്കിടയ്ക്ക് അദ്ദേഹം ഞങ്ങളുടെ അതിഥിയായി അവിടെ വരാറുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് മടങ്ങും. അദ്ദേഹത്തിന് റ്റാറ്റായോട് ഒരു ജ്യേഷ്ഠ സഹോദരനോടുള്ള സ്നേഹമായിരുന്നു. എന്നോട് ഒരു ജ്യേഷ്ഠത്തിയമ്മയുടേതുപോലെയായിരുന്നു അദ്ദേഹം പെരുമാറിയത്.

1964ൽ ഞങ്ങൾ വൈക്കത്തുനിന്ന് ബേപ്പൂരിലേക്ക് തിരിച്ചുപോന്നു. വൈലാലിൽ എന്ന ഈ വീടും പറമ്പും അദ്ദേഹമാണ് തിരഞ്ഞെടുത്തത്.’’

മരിച്ച ദിവസത്തിന്റെ പ്രത്യേകതയും വേദനയും ഫാബി ഓർക്കുന്നുണ്ട്. വൈലാലിൽ വീടിന്റെ പടിവാതിൽ ഇല്ലികൊണ്ടുള്ളതായിരുന്നു. അത് മാറ്റി നല്ല ഗേറ്റ് വെക്കാൻ അബ്ദുറഹിമാൻ എന്നും പറയുമായിരുന്നു. പുതിയ ഗേറ്റ് ഫിറ്റ് ചെയ്ത് നിർത്തിയപ്പോൾ അത് തുറന്ന് ഉദ്ഘാടനം ചെയ്യാൻ താനെത്തുമെന്നും പത്തിരിയും ഇറച്ചിയും ഉണ്ടാക്കി​വെക്കണമെന്നും പറഞ്ഞ ദിവസം രാവിലെയാണ് സാഹിബിന്റെ മരണ അറിയിപ്പുമായി ആരോ വിളിച്ചുണർത്തുന്നത്.

‘‘ഇതു കേട്ട നിമിഷം റ്റാറ്റാ സ്തംഭിച്ച് കണ്ണുനീരൊഴുക്കി കുറച്ചധികം നേരം അവിടെത്തന്നെ ഇരുന്നു. പിന്നെ വീണ്ടും കിടന്നു. അന്ന് നമ്മുടെ വീട്ടിൽ അന്നാഹാരാദികൾ പാകം ചെയ്യുകയോ കഴിക്കുകയോ ഉണ്ടായിട്ടില്ല.’’

(ഒരു ബാല്യകാല സ്മരണ, ഫാബി ബഷീർ)

അസാധ്യമെന്ന് കരുതുന്നത് സാധ്യമാക്കാനുള്ള അസാധാരണമായ കഴിവുണ്ടായിരുന്നു അബ്ദുറഹിമാന്. മലബാർ കേന്ദ്ര കലാസമിതി നാടകോത്സവങ്ങൾ നടത്തി കടം വന്ന് പ്രതിസന്ധിയിലായപ്പോൾ സിനിമയിൽ പ്രശസ്തരായ നടീനടന്മാരെ ​െവച്ച് നാടകം കളിച്ചുതന്നെ കടം വീട്ടാൻ അബ്ദുറഹിമാൻ മുന്നിട്ടിറങ്ങി. പി. ഭാസ്കരൻ മാസ്റ്ററുടെ ‘നിലക്കുയിലി’ (1954)ലൂടെ മലയാള സിനിമയിലെ വലിയ താരമായ മിസ് കുമാരിയെ കോഴിക്കോട്ട് കൊണ്ടുവന്നു നാടകം കളിപ്പിക്കുക എന്ന ആശയമായിരുന്നു അത്. അതിനുവേണ്ടി മാത്രം ലോഡ്ജിൽ മുറിയെടുത്തു കൊടുത്ത് തിക്കോടിയനെക്കൊണ്ട് പുതിയ നാടകം എഴുതിപ്പിച്ചു –‘കന്യാദാനം’. പി. ഭാസ്കരനും കെ. പത്മനാഭൻ നായരും ചേർന്ന് നാടകം സംവിധാനംചെയ്തു. സിനിമാ നിരൂപകനായ സിനിക് എന്ന എം. വാസുദേവൻ നായർ ആയിരുന്നു നായകൻ. അടൂർ ഭാസി, സി. ലക്ഷ്മീദേവി, ബാലകൃഷ്ണ മേനോൻ, അഡ്വ. കൊച്ചപ്പൻ, പ്രിയദത്ത, കുഞ്ഞാണ്ടി എന്നിവർ അതിൽ വേഷമിട്ടു. നാടകം ഉണ്ടാക്കിയ കടം നാടകംകൊണ്ടു തന്നെ വീട്ടി. ‘നീലക്കുയിലി’ലൂടെ മിസ് കുമാരിക്ക് വെള്ളിത്തിരയിൽ ഒരു വിസ്മയജീവിതം തുറന്നുകൊടുത്ത പി. ഭാസ്കരൻ മാസ്റ്ററുമായുള്ള അഗാധമായ സൗഹൃദം മിസ് കുമാരിയെ കോഴിക്കോട്ടെത്തിച്ചതിൽ അബ്ദുറഹിമാന് കൂട്ടായിട്ടുണ്ടാകും.

കമ്യൂണിസ്റ്റ് പാർട്ടി കമ്മിസാർ

‘കമ്മിസാർ’ എന്നാൽ പഴയ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അധികാരിയാണ്. മന്ത്രിക്കും മുകളിലാണ് പാർട്ടിയിൽ കമ്മിസാർ. റഷ്യൻ വിപ്ലവത്തെ തുടർന്നുള്ള നീണ്ട ആഭ്യന്തരയുദ്ധത്തിന്റെ കഥ പറയുന്ന ഷൊളോക്കോവിന്റെ നോവലുകൾ കമ്മിസാർ എന്നത് എത്ര പ്രധാനപ്പെട്ട അധികാരമാണെന്ന് കാണിച്ചുതന്നിട്ടുണ്ട്. അവരാണ് പാർട്ടിയുടെ അന്തിമവാക്ക്.

മലബാറിന്റെ ചരിത്രത്തിൽ കലക്ക് ഒരു കമ്മിസാറായിരുന്നു - ‘മാർസ്’ എന്നും ‘സായ്വ്’ എന്നും ‘കലാകമ്മിസാർ’ എന്നും അറിയപ്പെട്ട മുല്ലവീട്ടിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്. മലബാറിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ‘കളർഫുൾ’ ആയ ഒരു തനി നാടൻ ഇതിഹാസം.

‘‘സഖാവേ,

കോഴിക്കോട്ടെ പഴയ സഖാവായ മുല്ലവീട്ടിൽ അബ്ദുറഹിമാൻ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക് അമൂല്യമായ സംഭാവനകൾ നൽകിയ ഒരു സഖാവായിരുന്നു. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനുവേണ്ടിയുള്ള നിങ്ങളുടെ സംരംഭങ്ങൾക്ക് എന്റെ ആശംസകൾ.

സ്നേഹപൂർവ്വം

ഇ.എം.എസ്. നമ്പൂതിരിപ്പാട്

 

കോഴിക്കോട്​ ടൗൺഹാളിൽ മുഹമ്മദ്​ അബ്​ദുറഹിമാ​ന്റെ ഛായാചി​ത്രം മേയർ എ.കെ. പ്രേമജം അനാച്ഛാദനംചെയ്യുന്നു

2.5.1997 ’’

ഇ.എം.എസ്, മുല്ലവീട്ടിൽ അബ്ദുറഹിമാൻ സാഹിബ് അനുസ്മരണ കമ്മിറ്റി ചെയർമാൻ ടി.പി. ദാസന് അയച്ച ഈ സന്ദേശം സാഹിബ് ആരായിരുന്നു എന്നതിന്റെ ചരിത്രപരമായ ഒരു സർട്ടിഫിക്കറ്റാണ്.

അന്നത്തെ കേരള മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സന്ദേശം ആ ചരിത്രത്തെ കുറച്ചുകൂടി വിശദമാക്കുന്നുണ്ട്:

‘‘ഒരു കാലഘട്ടത്തിൽ കോഴിക്കോട് ഫറൂഖ് ചെറുവണ്ണൂർ പ്രദേശങ്ങളിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്ന പുരോഗമന വാദിയും ഇടതുപക്ഷ ചിന്താഗതിക്കാരനുമായിരുന്നു മുല്ലവീട്ടിൽ അബ്ദുറഹിമാൻ.

പണിമുടക്കു സമരങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലും ഇടപെട്ട് മധ്യസ്ഥനാവാറുള്ള അബ്ദുറഹിമാൻ തൊഴിലാളി വർഗത്തിന്റെ സഹായിയും ഉറ്റമിത്രവുമായിരുന്നു. ചെറുവണ്ണൂർ-നല്ലളം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. കേരള യൂനിവേഴ്സിറ്റി സെനറ്റ് മെംബറുമായിരുന്നു. എല്ലാവർക്കും സുസമ്മതനായിരുന്ന അബ്ദുറഹിമാൻ 1964ൽ ഒരു ഘാതകന്റെ കുത്തേറ്റാണ് മരിച്ചത്.

സഖാവിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഒരു സ്മരണിക പുറത്തിറക്കുന്നതായി അറിഞ്ഞു. അബ്ദുറഹിമാനെ അടുത്തറിയാവുന്നവരുടെ കനപ്പെട്ട ലേഖനങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും ഈ സ്മരണികയെന്ന് ഞാൻ കരുതുന്നു. എല്ലാ ഭാവുകങ്ങളും.’’

‘‘1954ൽ ഞാൻ ദേശാഭിമാനി സ്റ്റാഫിൽ പ്രവർത്തിക്കുന്ന കാലം എന്റെ വിവാഹം നിശ്ചയിച്ചു. ദേശാഭിമാനിയിൽനിന്നു കിട്ടുന്ന ശമ്പളംകൊണ്ട് കല്യാണച്ചിലവ് കഴിക്കാൻ സാധ്യമാവുകയില്ല. കല്യാണത്തിന് രണ്ടു ദിവസം മുമ്പ് അബ്ദുറഹിമാൻ വീട്ടിൽ കടന്നുവന്നു. കൈയിൽ തൂക്കിപ്പിടിച്ചു നടക്കുന്ന ഒരു പെട്ടി എന്നെ ഏൽപിച്ചു. ആ പെട്ടിയിൽ എനിക്ക് പാകമായ ഷർട്ടും മുണ്ടുമായിരുന്നു.’’ (ഒരു വലിയ മനുഷ്യൻ, പവനൻ)

പാർട്ടിയുടെ സമുന്നത നേതാവും എം.എൽ.എയുമായിരുന്ന സി.പി. ബാലൻ വൈദ്യർ ആ മരണത്തിലേക്ക് ചില സൂചനകൾ തന്റെ അനുസ്മരണക്കുറിപ്പിൽ നൽകുന്നുണ്ട്:

‘‘1964 അവിഭക്ത കമ്യൂണിസ്റ്റ് ഭിന്നിപ്പ് കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടിയായ ഘട്ടത്തിൽ ജില്ലാ സെക്രട്ടറിയായിരുന്ന സഖാവ് ഇ.കെ. നായനാർ ഉൾപ്പെടെ ജില്ലയിൽ നേതൃത്വപരമായ പങ്കുവഹിച്ചിരുന്ന നേതാക്കന്മാരെ മുഴുവൻ സർക്കാർ ജയിലിലടച്ച സന്ദർഭത്തിലാണ് അദ്ദേഹം കൊലചെയ്യപ്പെട്ടത്...

ഏത് തർക്കപ്രശ്നത്തിനും പരിഹാരം കാണാൻ സാധാരണക്കാരും പാവപ്പെട്ടവരും അദ്ദേഹത്തെ സമീപിക്കും. സാധാരണ തൊഴിലാളികളും കർഷക തൊഴിലാളികളും വരെ പ്രശ്നപരിഹാരത്തിന് മുല്ലവീട്ടിൽ കയറിച്ചെല്ലും. അവരെയെല്ലാംതന്നെ പരിഗണിച്ചുകൊണ്ട് കോഴിക്കോട്ടേക്ക് കൊണ്ടുപോവേണ്ടവരാണെങ്കിൽ തന്റെ കാറിൽ കയറ്റി ആപ്പീസിൽ കൊണ്ടുപോയി പ്രശ്നം പരിഹരിച്ചുവിടും. തർക്കപ്രശ്നങ്ങളിൽ അബ്ദുറഹിമാൻ സാഹിബിന്റെ തീരുമാനം അവസാന വാക്കായിരുന്നു. അതിനർഥം അദ്ദേഹം സ്വേച്ഛാധിപത്യപരമായി തീരുമാനമെടുക്കുമെന്നല്ല. പ്രശ്നം പഠിച്ച് ന്യായമായ ഒരു പരിഹാരം കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അസാധാരണമായിരുന്നു. ന്യായമായി അദ്ദേഹമുണ്ടാക്കുന്ന ഒത്തുതീർപ്പ് ലംഘിക്കാൻ വലിയ പ്രമാണിമാർപോലും ഭയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പട്ടണത്തിൽ പ്രമാണിമാരിൽനിന്ന് നീതി കിട്ടേണ്ടവരുടെ അഭയകേന്ദ്രം അബ്ദുറഹിമാൻ സാഹിബായിരുന്നു. നിക്ഷിപ്ത താൽപര്യക്കാരായ പ്രമാണിമാർ അദ്ദേഹത്തെ ഭയപ്പെട്ടു. അതിന്റെ പര്യവസാനമായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകം.’’

(സാധാരണക്കാരുടെ അഭയകേന്ദ്രം, സി.പി. ബാലൻ വൈദ്യർ എം.എൽ.എ)

ബാലൻ വൈദ്യരുടെ അവസാന വരിയിലെ സൂചനകൾ അന്നത്തെ പൊലീസ് അന്വേഷണത്തിന്റെ പരിധിയിൽ വന്നിരുന്നോ എന്നറിയില്ല. സാഹിബിന്റെ സുഹൃത്തും സന്തതസഹചാരിയുമായിരുന്ന മുഹമ്മദ് സ്രാങ്ക് മാത്രമേ ആ ഇരട്ടക്കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ടിരുന്നുള്ളൂ. അദൃശ്യരായ മറ്റേതെങ്കിലും ആസൂത്രകർ ആ കൊലപാതകങ്ങൾക്ക് പിറകിൽ മറഞ്ഞിരിപ്പുണ്ടായിരുന്നോ? അറിയുന്നവർ ഒന്നും പറഞ്ഞിട്ടില്ല.

വി.ടി. ഇന്ദുചൂഡന്റെ സാക്ഷ്യം: ‘‘കെ.ടി. മുഹമ്മദ് ഒരു നാടക രചയിതാവായി അരങ്ങേറിയതും കെ.പി. ഉമ്മർ എന്ന ഇപ്പോഴത്തെ സിനിമാതാരം ഒരു നടനായി അറിയപ്പെട്ടതും ഈ നാടകോത്സവങ്ങളിൽ ​െവച്ചാണ്. ‘ചെറുകാട്’ ഒരു കമ്യൂണിസ്റ്റ് സാഹിത്യകാരനായിരുന്നു. അദ്ദേഹത്തിന്റെ ‘നമ്മളൊന്ന്’ എന്ന നാടകം കമ്യൂണിസ്റ്റ് സദസ്സുകളിൽ മാത്രം ഒതുങ്ങിനിന്നു. ഈ അതിർത്തി കടന്ന് സാഹിത്യലോകത്ത് ചെറുകാട് അറിയപ്പെടാൻ തുടങ്ങിയത്, കോഴിക്കോട് നാടകോത്സവത്തിലെ മത്സരത്തിൽ പ്രവേശിച്ചപ്പോഴായിരുന്നു.

ഇനി ഞാൻ ഒരു രഹസ്യം പറയാം. ഞാൻ 1943 മുതൽ 1946 വരെ ‘ദേശാഭിമാനി’യിൽ ഉപ പത്രാധിപരും 1946 മുതൽ 1964 വരെ ഈ പത്രത്തിന്റെ മുഖ്യ പത്രാധിപരും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മറ്റി മെംബറുമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭാവികളായി കോഴിക്കോട്ട് അങ്ങാടിയിൽ ധാരാളം മുതലാളിമാരും ഉയർന്ന ഇടത്തരക്കാരും ഉണ്ടായിരുന്നു. 1957ൽ ഇ.എം.എസ് മുഖ്യമന്ത്രിയായി മന്ത്രിസഭ അധികാരത്തിൽ വന്നുവല്ലോ. അന്ന് അനുഭാവികളിൽ ധാരാളം പേർ ഗവൺമെന്റിനെക്കൊണ്ട് സാധിച്ചെടുക്കേണ്ടതായ പല കാര്യങ്ങളുംകൊണ്ട് എന്റെ അടുത്തും മറ്റ് പാർട്ടി നേതാക്കൻമാരുടെ അടുത്തും വരാറുണ്ട്. എന്നാൽ, അബ്ദുറഹിമാൻ സാഹിബ് യാതൊരു തരം സർക്കാർ സഹായവും ആവശ്യപ്പെട്ടിട്ടില്ല. ഒരുദിവസം ഞങ്ങൾ രണ്ടുപേരും കൂടി അബ്ദുറഹിമാന്റെ ആപ്പീസിൽ ഇരിക്കുമ്പോൾ ഒരു ‘അനുഭാവി’ സർക്കാർ സഹായം ആവശ്യപ്പെട്ടുകൊണ്ട് വന്നു. സംഭാഷണം കഴിഞ്ഞ് അയാൾ പോയപ്പോൾ ഞാൻ എന്റെ ചങ്ങാതിയോട് ചോദിച്ചു: ‘അബ്ദുറഹിമാനേ, നിനക്ക് സർക്കാറിനെക്കൊണ്ട് ഒന്നും ചെയ്യിക്കാനില്ലേ?’ അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്: ‘സഖാവേ, ഒരു ഉപകാരവും വേണ്ട, ഉപദ്രവിക്കാതിരുന്നാൽ മതി.’ ’’ (കെ.എൽ.ഡി 888, വി.ടി. ഇന്ദുചൂഡൻ).

1964ലാണ് ചെറുവണ്ണൂരും ബേപ്പൂരും കൂട്ടിച്ചേർത്ത് ചെറുവണ്ണൂർ പഞ്ചായത്ത് രൂപവത്കരിക്കുന്നത്. അതിന്റെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹിമാൻ സാഹിബ് ആയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയും മുസ്‍ലിം ലീഗും ഒന്നിച്ചാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് തെരുവത്ത് രാമൻ ഓർക്കുന്നുണ്ട്. 1964ൽ തന്നെയാണ് കമ്യൂണിസ്റ്റ് പാർട്ടി പിളരുന്നത്. അത് സി.പി.എമ്മും സി.പി.ഐയുമായി മാറി. സി.പി.എമ്മിനോടായിരുന്നു അബ്ദുറഹിമാന്റെ ചായ്വ്. 1964 ഏപ്രിൽ 11 നാണ് സി.പി.ഐ നാഷനൽ കൗൺസിലിൽ ഇ.എം.എസും ഇ.കെ. നായനാരും വി.എസുമടക്കം 32 പേർ ഇറങ്ങിപ്പോയി പാർട്ടിയെ പിളർപ്പിലേക്ക് നയിച്ചത്. സി.പി.എമ്മിലേക്ക് ഉള്ള പാത വെട്ടിത്തുറക്കുകയായിരുന്നു അവർ. 1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൽക്കത്തയിൽ ​െവച്ച് സി.പി.എമ്മിന്റെ ഔദ്യോഗിക പാർട്ടി രൂപവത്കരണ കോൺഗ്രസ് നടന്നു. 1964 ൽ ​െസപ്റ്റംബർ 10ന് കേരളത്തിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്ന സമയത്താണ് സാഹിബി​ന്റെ കൊലപാതകം നടക്കുന്നത്.

മരണം നടന്ന ദിവസം എം.ടി ഓർക്കുന്നുണ്ട്: ‘‘അബ്ദുറഹിമാൻ കൊലചെയ്യപ്പെട്ട ദിവസവും ഞാൻ വീറ്റ്ഹൗസിൽ വൈകുന്നേരം എത്തിയിരുന്നു. അബ്ദുറഹിമാന്റെ മുറിക്കു പുറത്തെ ഷെഡിൽ ചീട്ടുകളി പതിവ് പോലെ ഉണ്ടായിരുന്നു. വാശിയുള്ള റമ്മി കളിയാണ്. ചീട്ടുകളിയിൽ അന്നും ഇന്നും എനിക്ക് ആവേശമില്ല. ക്ലബ് നടത്തിയിരുന്ന ഭരതേട്ടനുമായി ഇടയ്ക്ക് നേരമ്പോക്കിന് ഒരു മൂലയിലിരുന്ന് കളിക്കും. ഭരതേട്ടന്റെ നിർബന്ധംകൊണ്ടാണ്. പന്തയത്തുക ഒരുറുപ്പിക! അന്നും കുറച്ചുനേരം കളിച്ചു. പോകാൻ നേരത്ത് കളിയിൽ മുഴുകിയിരിക്കുന്ന അബ്ദുറഹിമാനോട് യാത്ര പറഞ്ഞു.

‘ഇരിയ്ക്കെടോ, ഞാൻ കൊണ്ടുവിടാം.’

‘അല്ല പോട്ടെ.’

രാത്രിയിൽ എന്റെ പാർപ്പിടത്തിൽ ആരോ വന്ന് പറഞ്ഞു. അവിടെ ഒരു കൊലപാതകം നടന്നിരിക്കുന്നു. അബ്ദുറഹിമാനും ബപ്പൻ കോയയും മരിച്ചു. നീണ്ട നടുക്കത്തിന്റെ രാത്രി. കാളരാത്രി. പിറ്റേന്ന് ചെറുവണ്ണൂരിലെ ശവമടക്കത്തിൽ പുരുഷാരത്തിന്റെ കൂടെ ഞാനും നിന്നു. മരവിച്ച മനസ്സിലേക്ക് ദുഃഖത്തിന്റെ വായ്ത്തലകൾ ആഴ്ന്നിറങ്ങാൻ തുടങ്ങിയത് അപ്പോഴാണ്. അടുത്തിടപഴകിയ സുഹൃത്തുക്കളുടെയെല്ലാം മനസ്സുകളിൽ ആ നഷ്ടബോധം വർഷങ്ങൾക്ക് ശേഷവും നിലനിൽക്കുന്നു. ഉണങ്ങാത്ത ഒരു മുറിപ്പാട് പോലെ.’’ (എം.ടി, മായാത്ത ഒരു മുറിപ്പാട്)

1969ലാണ് എം.ടി ‘ശത്രു’ എന്ന കഥ എഴുതുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ട സുഹൃത്തിനെ കാണാൻ സുഹൃത്തുക്കൾക്കൊപ്പം നടത്തുന്ന ഒരു ജയിൽ യാത്രയുടെ ഓർമയാണത്. കണ്ടംഡ് സെല്ലിൽ സുഹൃത്തിനെ ചെന്നു കാണുന്നതിന്റെ നീറുന്ന അനുഭവമാണത്. തന്റെ തന്നെ തൂക്കിക്കൊലയുടെ ദുഃസ്വപ്നാനുഭവമായി കഥാകൃത്തിനെ ഉറക്കത്തിൽനിന്നും ഉണർത്തുന്നിടത്താണ് ആ കഥ അവസാനിക്കുന്നത്. ‘മരിച്ചത് ഞാനാണ്, മരിച്ചത് ഞാനാണ്’ എന്ന കരച്ചിലിലേക്കാണ് ദുഃസ്വപ്നത്തിൽനിന്നുള്ള ആ ഞെട്ടിയുണരൽ.

 

ഒരു കുറ്റബോധവുമില്ലാതെ കൂട്ടക്കൊലപാതകം തന്നെ നടത്തിയ ഒരു കൊലയാളിയുടെ ജീവിതം ആസ്പദമാക്കി എം.ടി 1992ൽ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനംചെയ്ത ‘സദയം’ എന്ന സിനിമയുംചെയ്തിട്ടുണ്ട്. ‘ശത്രു’ എന്ന കഥയുമായി നേരിട്ടതിന് ബന്ധമൊന്നുമില്ലെങ്കിലും രണ്ടിലും വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു കുറ്റവാളിയുടെ ഒരു കുറ്റബോധമില്ലാത്ത മാനസികാവസ്ഥ കൈകാര്യം ചെയ്യുന്നുണ്ട്.

കൊലപാതകം നടന്ന രാത്രിയുടെ ഓർമ ടി. ദാമോദരൻ മാസ്റ്റർ പങ്കുവെക്കുന്നത് ഇങ്ങനെയാണ്: ‘‘അടുത്ത സുഹൃത്തുക്കളിൽ ഒരാൾ വീട്ടിലേക്കോടി വന്നു പറയുന്നു: ‘വീറ്റ്ഹൗസിൽ കത്തിക്കുത്ത്, ആരൊക്കെയോ മരിച്ചിട്ടുണ്ടത്രെ.’ എനിക്ക് വിശ്വസിക്കാനായില്ല. അരമണിക്കൂർ മുമ്പാണ് ഞാൻ ക്ലബിൽനിന്നും തിരിച്ചെത്തിയത്. സാഹിബ് എറണാകുളത്തേക്ക് പോകുന്നതുകൊണ്ട് ബസ്സിലായിരുന്നു എന്റെ മടക്കം. അതിനിടയ്ക്ക് ആർ ആരെയാണ് കൊന്നത്?

ബീച്ചാസ്പത്രിയിലെ മോർച്ചറിയിൽ കുത്തേറ്റ സാഹിബിന്റെയും ബപ്പന്റെയും ജഡങ്ങൾ ഞാൻ കണ്ടു. കുത്തിയ മുഹമ്മദ് സ്രാങ്ക് പൊലീസിന് കീഴടങ്ങിയതായി ഞാനറിഞ്ഞു. എന്തിനാണ് അയാളെ കൊല ചെയ്തത്?

കണ്ണൂർ സെൻട്രൽ ജയിലിൽ കണ്ടംഡ് സെല്ലിൽനിന്നും സ്രാങ്ക് അഴികൾക്ക് പുറത്ത് നിൽക്കുകയായിരുന്ന എം.ടിയെയും എന്നെയും നോക്കി പറഞ്ഞു: ‘നിങ്ങളെപ്പോലെത്തന്നെ സാഹിബിനെ ബഹുമാനിച്ചവനാ ഞാൻ. എന്നെ ഒരുപാട് സഹായിച്ചിട്ടുമുണ്ട്. പക്ഷേ അന്ന് എല്ലാവരും കൂടി മക്കാറാക്കിയപ്പോൾ സഹിച്ചില്ല... പടച്ചോന്റെ വിധി.

മടക്കയാത്രയിൽ കാറിൽ ചിന്താധീനനായിരിക്കുന്ന എം.ടി. അദ്ദേഹത്തിന്റെ മനസ്സിൽ തന്റെ ഉറ്റമിത്രത്തെ കുത്തിക്കൊന്നവനോടുള്ള വൈരാഗ്യവും അടുത്തദിവസം തൂക്കിലേറാൻ പോകുന്ന ആ ‘ശത്രു’വിനോട് തോന്നിയ സഹതാപവും തമ്മിൽ ഇടയുകയാവാം. ഞാൻ സാഹിബിനെക്കുറിച്ച് മാത്രം ഓർത്തു. അലക്കി തേച്ച തൂവെള്ള ഫുൾ സ്ലീവ് ഷർട്ടും മുണ്ടും. വൃത്തിയിൽ കോതിയൊതുക്കിയ മുടി. സ്വർണക്കണ്ണടയും വാച്ചും. പുഞ്ചിരി പൊഴിയുന്ന മുഖം. അദ്ദേഹത്തോടൊപ്പം കഴിഞ്ഞ കാലങ്ങൾ. മങ്ങാത്ത ആ ഓർമ ഇന്നും നിൽക്കുന്നു.’’ (മാർസ് ഓർമകളിലൂടെ, ടി. ദാമോദരൻ)

1984ൽ സാഹിബിന്റെ വേർപാടിന് 19 വർഷം പിന്നിട്ട വേളയിൽ എം.ടി. വാസുദേവൻ നായരുടെ രചനയിൽ ഐ.വി. ശശി സംവിധാനംചെയ്ത ‘അടിയൊഴുക്കുകൾ’ എന്ന സിനിമക്ക് പത്രങ്ങളിൽ വന്ന കാൽ പേജ് പരസ്യം ടി. ദാമോദരൻ മാസ്റ്റർ എഴുതിയ ഒരു ഓർമക്കുറിപ്പായിരുന്നു. അബ്ദുറഹിമാൻ സാഹിബിന്റെ കൊലപാതകത്തെക്കുറിച്ച് അതുവരെ പുറത്തുപറയാത്ത ഒട്ടേറെ കാര്യങ്ങൾ ആ കത്തിലൂടെ മാസ്റ്റർ പുറത്തുപറയുന്നുണ്ട്. വധശിക്ഷക്ക് തൊട്ടു മുമ്പ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും സ്രാങ്ക് മുഹമ്മദ് എം.ടിക്ക് ഒരു കത്തെഴുതിയിരുന്നു. ‘‘സൗകര്യപ്പെടുമെങ്കിൽ ഒന്ന് ദയവായി ഇവിടം വരെ വരിക. യാത്ര ചോദിക്കാനാണ്. എനിക്ക് അങ്ങോട്ട് വരാൻ പറ്റില്ലല്ലോ...’’

എം.ടിയും ദാമോദരൻ മാസ്റ്ററുംകൂടി ഒരു കാറ് വിളിച്ച് സ്രാങ്ക് മുഹമ്മദിനെ കാണാൻ കണ്ണൂർ സെൻട്രൽ ജയിലിൽ പോകുന്നത് ആ കത്തിനെ തുടർന്നാണ്. സ്രാങ്ക് അവർക്ക് പറഞ്ഞുകൊടുത്ത കോഴിക്കോട്ടെ വമ്പന്മാരുടെ കഥകളാണ് ആ യാത്രയിൽ ഓർക്കപ്പെടുന്നത്. സ്വന്തം കഥകളിൽ സ്രാങ്കും ഒരു ‘വമ്പൻ’ കഥാപാത്രമായിരുന്നു.

‘‘ബയനറ്റ് ബ്ലെയിസിൽ പണിത രുദ്രാക്ഷപ്പിടിയുള്ള സ്രാങ്കിന്റെ മടക്കുകത്തി ആരാധനയോടെ വാങ്ങി നോക്കുന്ന എം.ടിയോട് സ്രാങ്ക് പറയുമായിരുന്നു, വമ്പന്മാർ ആത്മരക്ഷക്കേ ആയുധം എടുക്കൂ. ഈ മുറ തെറ്റിച്ചാണ് സ്രാങ്ക് വീറ്റ് ഹൗസിൽ വെച്ച് ആ കത്തി എടുത്തത്. രണ്ടുപേരെ നിഷ്‍കരുണം കുത്തിക്കൊന്ന് അതിന്റെ ശിക്ഷ ഏറ്റുവാങ്ങുമ്പോൾ അയാൾക്ക് ദുഃഖമില്ലായിരുന്നു. ‘എന്റെ കുത്തെങ്ങനെ?’ കൊലക്കയർ കാത്തു കിടക്കുന്ന കുറ്റവാളിയുടെ ചോദ്യം കേട്ട് ഞങ്ങൾ നടുങ്ങി. (‘ശത്രു’വിൽ എം.ടി ഈ കാര്യം വിവരിച്ചിട്ടുണ്ട്.) പിന്നീട് നാട്ടുകാര്യങ്ങൾ പറഞ്ഞയാൾ ചിരിച്ചു. പരസ്പരം സിഗരറ്റ് കൈമാറി വലിച്ചു. യാത്ര പറയുമ്പോൾ സ്രാങ്ക് ഒരു കാര്യം ഓർമപ്പെടുത്തി. നാളെ കഴിഞ്ഞാണ് എന്റെ വിധി നടപ്പാക്കുക. എന്റെ മയ്യിത്ത് കാണാൻ നിങ്ങൾ വരണ്ട. പകരം ഞാൻ പറഞ്ഞ കഥ സാറെഴുതണം. അതു വായിക്കാൻ ഞാനുണ്ടാവില്ല. എന്നാലും... എഴുതില്ലേ?

‘എഴുതാം.’

പതിനാറ് വർഷങ്ങൾക്കുശേഷം എം.ടി വാക്കു പാലിച്ചിരിക്കുന്നു. അതാണ് ‘അടിയൊഴുക്കുകളി’ലെ കരുണന്റെ കഥ. ഉശിരുള്ള ഒരാണിന്റെ കഥ. മനുഷ്യത്വമുള്ള ഒരു മനുഷ്യന്റെ കഥ.’’

1967ൽ ‘വീറ്റ് ഹൗസ്’ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ടി. ദാമോദരൻ മാസ്റ്റർ ദേശപോഷിണിക്ക് വേണ്ടി ‘നിഴൽ’ എന്ന നാടകം എഴുതി അവതരിപ്പിക്കുന്നത്. നടൻ സത്യൻ മാസ്റ്ററായിരുന്നു ആ വർഷത്തെ നാടകോത്സവം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങാതെ നാടകം കാണാനിരുന്ന സത്യൻ തൊട്ടടുത്ത ദിവസം സംഗീത സംവിധായകൻ ബാബുരാജിനെ വിട്ട് ടി. ദാമോദരൻ മാസ്റ്ററെ ‘അളകാപുരി’യിലേക്ക് വിളിച്ചുവരുത്തി. ‘നിഴൽ’ സിനിമയാക്കാൻ കൂടെപ്പോരാൻ സത്യൻ അദ്ദേഹത്തെ മദിരാശിയിലേക്ക് ക്ഷണിച്ചു. അക്കാലത്ത് സഹസംവിധായകനായിരുന്ന ഹരിഹരനെകൊണ്ട് സംവിധാനംചെയ്യിക്കാനായിരുന്നു സത്യന്റെ പരിപാടി. ആ ചർച്ചകൾ നടന്നെങ്കിലും അധികം വൈകാതെ സത്യൻ ബ്ലഡ് കാൻസറിന്റെ ചുഴിയിലകപ്പെട്ടതോടെ പ്രോജക്ട് നിശ്ചലമായി. ‘നിഴലി’ന്റെ കൈയെഴുത്തു പ്രതി കണ്ടെടുക്കാനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല.

സാഹിബ് കുത്തേറ്റ് മരിക്കുന്ന വിവരം അന്ന് കോഴിക്കോട്ട് ഹെഡ് പോസ്റ്റ് ഓഫിസിൽ തപാൽക്കാരനായിരുന്ന കെ.ടി. മുഹമ്മദ് അറിയുന്നത് തപാൽ വിതരണത്തിനിടയിലാണ്. അന്ന് ഹെഡ് പോസ്റ്റ് ഓഫിസ് മിഠായിത്തെരുവിൽനിന്നാരംഭിക്കുന്ന കോർട്ട് റോഡിലാണ്. വീറ്റ് ഹൗസ് സൗഹൃദക്കൂട്ടായ്മയിൽ ഒരിക്കലും ഉണ്ടായിരുന്ന ആളല്ല താനെന്നും അവിടേക്ക് ക്ഷണിക്കപ്പെടുകയോ സ്വയം കയറിച്ചെല്ലുകയോ ചെയ്തിട്ടില്ല എന്നും കെ.ടി ഓർക്കുന്നു. മലബാർ കേന്ദ്ര കലാസമിതി എന്നോർക്കുമ്പോൾ വി. അബ്ദുല്ല സാഹിബ്, അബ്ദുറഹിമാൻ, കെ.പി. രാമൻ നായർ, എസ്.കെ. പൊ​െറ്റക്കാട്ട് എന്നീ പേരുകളാണ് കെ.ടിയുടെ ഓർമയിലേക്ക് വരുന്നത്. ‘ലോക കഥാ മത്സരത്തിലെ ഇന്ത്യൻ സമ്മാനമെന്ന അപകടം പറ്റിയ ആളെന്ന നിലക്ക് ഒരു സംഘബലത്തിനായിട്ടായിരിക്കാം എന്നെയും ഉൾപ്പെടുത്തിയിരുന്നു.’’ (എന്റെ മനസ്സിലെ റഹിമാൻ, കെ.ടി. മുഹമ്മദ്).

പഴയ കോഴിക്കോട് നഗരത്തിന്റെ ഓർമച്ചരിത്രങ്ങളുടെ എഴുത്തുകാരനായ അഡ്വ. ടി.ബി. സെലുരാജ് ആ കൊലപാതകത്തിന്റെ ഔദ്യോഗിക വിവരങ്ങൾ സംക്ഷേപിക്കുന്നുണ്ട്. അബ്ദുറഹിമാൻ, ബപ്പൻ കോയ, അബ്ദുല്ല, ഇമ്പിച്ചമ്മത് പി.കെ, കെ.പി. കോയ, മുഹമ്മദ് സ്രാങ്ക് എന്നീ ആറ് പേർ ചീട്ടുകളിയിൽ ഏർപ്പെട്ടുവെന്നും കളിയിൽ തോറ്റ സ്രാങ്ക് പണം കടം ചോദിച്ചിട്ടും ആരും കൊടുത്തില്ലെന്നും പണമില്ലാത്തവർ കളിക്കേണ്ട എന്ന് അപമാനിച്ചതിന്റെ പ്രതികാരത്തിൽ കളിയവസാനിക്കും വരെ പുറത്ത് കാത്തുനിന്ന സ്രാങ്ക് അബ്ദുറഹിമാനെയും തടയാൻ ശ്രമിച്ച ബപ്പൻ കോയയെയും കത്തികൊണ്ട് കുത്തിക്കൊന്നു എന്നുമായിരുന്നു കേസ്. മറ്റ് മൂന്നു പേർ ഓടിരക്ഷപ്പെടുകയായിരുന്നു. അതിലൊരാൾ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പൊലീസിൽനിന്നും സബ് ഇൻസ്പെക്ടർ രാഘവൻ നായരാണ് സംഭവസ്ഥലത്ത് കുതിച്ചെത്തിയത്. തുടരന്വേഷണത്തിൽ നഗരത്തിലെ തന്നെ എവറസ്റ്റ് ഹോട്ടലിന് മുന്നിൽ ​െവച്ച് മുഹമ്മദ് സ്രാങ്ക് പൊലീസ് പിടിയിലാവുകയുംചെയ്തു.

72/ 1965 നമ്പർ കേസ് ജില്ലാ ജഡ്ജിയായിരുന്ന നാരായണപ്പിള്ളയുടെ മുമ്പാകെയാണ് വന്നത്. കെ.പി. അച്യുതമേനോനായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ. പ്രതിക്ക് വേണ്ടി ടി.വി. സുന്ദരയ്യരും ജൂനിയർമാരായ പി.എം. മുഹമ്മദാലി, കെ.എം. മാത്യു എന്നിവരും ഹാജരായി. പ്രതി മുഹമ്മദ് സ്രാങ്കിനെ 302ാം വകുപ്പ് പ്രകാരം തൂക്കിക്കൊല്ലാൻ വിധിച്ചു. അപ്പീലിൽ ഹൈകോടതി കീഴ് കോടതി വിധി ശരി​െവച്ചു. സുപ്രീംകോടതി അപ്പീൽ സ്വീകരിച്ചില്ല. കേരള ഗവർണർക്ക് മുമ്പാകെയും ഇന്ത്യൻ യൂനിയൻ പ്രസിഡന്റിന് മുമ്പാകെയും സമർപ്പിക്കപ്പെട്ട ദയാഹരജികളും തള്ളിപ്പോയി. 1967 ആഗസ്റ്റ് 14ന് പുലർച്ചെ 5.30ന് കണ്ണൂർ സെൻട്രൽ ജയിലിലെ 9336 കണ്ടംഡ് പ്രിസണർ മുഹമ്മദ് സ്രാങ്കിന്റെ വധശിക്ഷ നടപ്പാക്കി. ആ വിവരം സ്രാങ്കിന്റെ ഭാര്യ സൈനബയെയും കണ്ണൂർ വളപട്ടണത്തെ ജുമാ മസ്ജിദ് അധികൃതരെയും ജയിൽ അധികൃതർ അറിയിച്ചിരുന്നു. സ്വന്തക്കാരും ബന്ധുക്കാരും മൃതദേഹം കൊണ്ടുപോകുന്നില്ലെങ്കിൽ മതാചാരപ്രകാരം സംസ്കരിക്കാനായിരുന്നു അത്. എന്നാൽ, വധശിക്ഷ നടപ്പാക്കിയതിന് ശേഷം മൃതദേഹം സ്നേഹിതരായ എ.കെ. കാദർ ഹാജി, കെ.ഒ. അഹമ്മദ് എന്നിവർക്ക് വിട്ടുനൽകണമെന്ന് സ്രാങ്ക് ജയിലിൽ എഴുതി നൽകിയിരുന്നു. അതനുസരിച്ച് ആ സുഹൃത്തുക്കളാണ് മൃതദേഹം പൊതു ദർശനത്തിന് വെക്കില്ലെന്നും പ്രകടനങ്ങൾക്ക് ഉപയോഗിക്കില്ലെന്നും ഉറപ്പുകൊടുത്ത് ഏറ്റുവാങ്ങി കർമങ്ങൾ ചെയ്തത്.

 

മിഠായിതെരുവു മുതൽ രണ്ടാം ഗേറ്റ്​ വരെയുള്ള റോഡിന്​ മുഹമ്മദ്​ അബ്​ദുറഹിമാ​ന്റെ നാമകരണം മേയർ ടി.പി. ദാസൻ നിർവഹിക്കുന്നു

സ്രാങ്കിന്റെ തൂക്കിക്കൊലക്ക് തൊട്ടുമുമ്പ് പാർലമെന്റ് അംഗവും ജയിൽ ഉപദേശക സമിതി അംഗവുമായിരുന്ന എഴുത്തുകാരൻ എസ്.കെ. പൊ​െറ്റ​ക്കാട്ട് സ്രാങ്കിനെ കണ്ണൂർ സെൻട്രൽ ജയിലിലെ കണ്ടംഡ് സെല്ലിൽ പോയി കാണുന്നുണ്ട്.

‘‘അടുത്ത സെല്ലിന്റെ മുമ്പിലെത്തി അകത്തേക്കൊന്നു നോക്കി... വൈകാരികച്ചുഴിയിൽപ്പെട്ട് ഒന്നും തിരിയാതെ അമ്പരന്നു നിന്നു പോകുന്ന ചില സന്ദർഭങ്ങൾ കടന്നുവരും. ജീവിതത്തിൽ അങ്ങനത്തെ ഒരു ഘട്ടം എനിക്കഭിമുഖീകരിക്കേണ്ടി വന്നു.

ഞങ്ങൾ എന്നും മലയാളമെന്നും മാർസ് എന്നും കല എന്നും മറ്റും കളിപ്പേർ വിളിക്കാറുള്ള ഞങ്ങളുടെ ചിരകാല സുഹൃത്തായ റഹിമാനെ (മുല്ലവീട്ടിൽ അബ്ദുറഹിമാൻ) കുത്തി കൊലപ്പെടുത്തിയ മുഹമ്മദ് സ്രാങ്കാണ് ശാന്തനായി പുഞ്ചിരി തൂകിെക്കാണ്ട് നിൽക്കുന്നത്.’’

എസ്.കെ ആ കൊലപാതക ദൃശ്യം കണ്ടതുപോലെ തന്നെ വിശദമായി ആവർത്തിക്കുന്നുണ്ട്. അബ്ദുറഹിമാനെയും ബപ്പൻ കോയയെയും കൊന്നശേഷം സ്രാങ്കിന്റെ അടുത്ത ലക്ഷ്യം മനസ്സിലാക്കിയ ‘ബി’ എന്ന സഖാവ് ഉടൻ പ്രാണരക്ഷക്കായി അടുത്ത മുറിയിലേക്ക് ഓടി അകത്ത് കടന്ന് വാതിലടച്ച് തഴുതിട്ടു എന്ന് പറയുന്നു. ആരാണ് സഖാവ് ‘ബി’ എന്ന് എസ്.കെ പറയുന്നില്ല. കൂടാതെ അഡ്വ. സെലുരാജിന്റെ ലേഖനത്തിൽനിന്നും തീർത്തും വ്യത്യസ്തമായി, കൊലപാതകങ്ങൾക്ക് ശേഷം സ്രാങ്ക് റോഡിലിറങ്ങി ഒരു ടാക്സി പിടിച്ച് ആറു മൈൽ ദൂരെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ ചെന്ന് രക്തം ചിന്തിയ ഉടുപ്പുകൾ മാറ്റി കുളിച്ച് വസ്ത്രം മാറ്റി അതേ ടാക്സിയിൽ തന്നെ ടൗണിലേക്ക് മടങ്ങി ടൗൺ പൊലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങി എന്നാണ് പറയുന്നത്. ആരുടെ മൊഴിയാണിത് എന്ന് വ്യക്തമല്ല. ജയിലിൽ ​െവച്ച് സ്രാങ്ക് എസ്.കെയോട് പറഞ്ഞ വിവരണമാണോ എന്നതിനും സൂചനയില്ല.

‘‘തന്റെ സ്നേഹിതന്മാരുടെയും ശിഷ്യന്മാരുടെയും മുമ്പിൽ ​െവച്ച് പരിഹസിച്ചു ശകാരിച്ചതിന് പ്രതികാരമായിട്ടു മാത്രമാണോ സ്രാങ്ക് ഈ കടുംകൈ പ്രവർത്തിച്ചത്? അല്ല, മറ്റു വല്ലവരുടെയും ഗൂഢപ്രേരണകൊണ്ടാണോ ഇതു ചെയ്തത്?’’ –സ്വന്തം ചോദ്യങ്ങൾക്ക് എസ്.കെ മറുപടി പറയുന്നില്ല.

‘‘സ്രാങ്കിനെ എനിക്കു കൊല്ലങ്ങൾക്ക് മുമ്പുതന്നെ പരിചയമുണ്ട്. റഹിമാന്റെ ഒരാളെന്ന നിലയിലും വീറ്റ്ഹൗസ് റസ്റ്റാറന്റിലെ ഒരു പതിവുകാരൻ എന്ന നിലയിലും ശീട്ടുകളി ക്ലബ്ബിൽ സ്നേഹിതന്മാരെ അന്വേഷിച്ചു ഞാൻ ചെല്ലുമ്പോഴും സ്രാങ്കിനെ പലപ്പോഴും കണ്ട് സംസാരിച്ചിട്ടുണ്ട്. എന്നെ കാണുമ്പോൾ സ്രാങ്ക് അൽപം ആദരവ് പ്രകടിപ്പിച്ചുകൊണ്ട് നേരിയ പുഞ്ചിരി തൂകും. അതേ ആദരഭാവവും അതേ മന്ദഹാസവുമാണ് കണ്ടം സെല്ലിൽ വെച്ചും ​സ്രാങ്ക് എനിക്ക് കാഴ്ച​വെക്കുന്നത്.

‘‘എന്താ സ്രാങ്കേ? എങ്ങിനെയുണ്ട്?’’ –ഉള്ളിലെ വിചാരവികാരങ്ങൾ ഒതുക്കിക്കൊണ്ട് ഞാൻ അന്വേഷിച്ചു. ഔദ്യോഗികവും വ്യക്തിപരവുമായ കുശലപ്രശ്നം.

മുമ്പത്തെ പുഞ്ചിരി മായാതെ, ചെറിയൊരാംഗ്യത്തോടെ സ്രാങ്ക് ശാന്തനായി മൊഴിഞ്ഞു. ‘ഒന്നും ആവശ്യമില്ല സേർ, ഇവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്. സുഖം തന്നെ.’ ’’

(എന്റെ വഴിയമ്പലങ്ങൾ, എസ്.കെ. പൊ​െറ്റക്കാട്ട്).

 

മുല്ലവീട്ടിൽ മൊയ്​തീൻ,മേലേ വീട്ടിൽ ആയിഷക്കുട്ടി

ജയിലിൽ തന്നെ വന്നു കണ്ട ശിഷ്യന്മാരോട് ‘‘കുത്തെങ്ങിനെ?’’ എന്നു സ്രാങ്ക് ചോദിച്ചിരുന്നു എന്നും എസ്.കെ രേഖപ്പെടുത്തുന്നു. കൂടാതെ സഖാവ് ‘ബി’ രക്ഷപ്പെട്ടു കളഞ്ഞതിൽ നിരാശയുണ്ടായിരുന്നു എന്നും. അബ്ദുറഹിമാൻ സാഹിബിനെ കൊന്നശേഷം ബപ്പൻ കോയയുടെ നെഞ്ചിൽ കുത്തിയപ്പോൾ കഠാരി വാരിയെല്ലുകൾക്കിടയിൽ കുടുങ്ങി വലിച്ചെടുക്കാൻ മിനക്കെടുത്തിയ സമയംകൊണ്ടായിരുന്നുവത്രെ ‘ബി’ ഓടി മുറിയിൽ കയറി വാതിലടച്ച് രക്ഷപ്പെട്ടുകളഞ്ഞത്. ബി യെയും കൊല്ലാൻ സ്രാങ്ക് തീരുമാനിച്ചിരുന്നു എന്ന കൃത്യം സൂചനയാണ് എസ്.കെ നൽകുന്നത്.

കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു അബ്ദുറഹിമാൻ എന്ന് ദേശാഭിമാനി പത്രത്തിൽ മരണശേഷം വന്ന വാർത്തയിൽ പറയുന്നുണ്ട്.

‘‘ആരംഭകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം സ്വീകരിച്ചുകൊണ്ട് കുറച്ചുകാലം പരേതൻ പ്രവർത്തിച്ചിരുന്നു. പിന്നീട് അംഗമല്ലാതായെങ്കിലും പാർട്ടിക്ക് എല്ലാ കാലത്തും പരേതൻ കഴിവുള്ള സഹായം നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കാലങ്ങളിൽ.

പാർട്ടി രണ്ടായി പിളർന്നതിൽ വളരെയേറെ ഖേദം പ്രകടിപ്പിച്ച ഒരാളായിരുന്നു അദ്ദേഹം. പക്ഷേ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി അധ്വാനിച്ചു പ്രവർത്തിച്ച ഒരാളായിരുന്നു അദ്ദേഹം.’’ (1965 ഒക്ടോബർ 7 ദേശാഭിമാനി പത്രം)

‘‘കമ്യൂണിസ്റ്റ് പാർട്ടിയുടെ ‘അണ്ടർ ഗ്രൗണ്ട്’ കാലത്ത് പല കമ്യൂണിസ്റ്റുകാരെയും കണ്ണിലെണ്ണയൊഴിച്ചുകൊണ്ടദ്ദേഹം കാത്തുരക്ഷിച്ചിട്ടുണ്ടെന്ന് എനിക്ക് നേരിട്ടറിയാം’’, പി.ടി. ഭാസ്കരപ്പണിക്കർ എഴുതുന്നുണ്ട്.

വധശിക്ഷക്ക് മുമ്പ് എസ്.കെ. പൊ​െറ്റക്കാട്ടും എം.ടിയും ദാമോദരൻ മാഷുമാണ് സ്രാങ്കിനെ കണ്ണൂർ സെൻട്രൽ ജയിലിലെ കണ്ടംഡ് സെല്ലിൽ പോയി കണ്ടവർ. അബ്ദുറഹിമാൻ സാഹിബിനെ സ്രാങ്ക് എന്തിന് കൊന്നു എന്ന് കൂടുതൽ അറിയുമായിരുന്ന മൂന്നുപേരും അവരുടെ ജീവിതകാലത്ത് ഒരിക്കലും പുറത്തുപറഞ്ഞിട്ടില്ല. ആ രഹസ്യങ്ങൾ അവരോടൊപ്പം ഒടുങ്ങി.

അവസാനം കൊലപാതകത്തിന് സാക്ഷിയായി ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേർ കൂടി ഉണ്ട്. സാഹിബിന്റെ ഉറ്റ കൂട്ടുകാരായ അബ്ദുല്ല, ഇമ്പിച്ചമ്മത് പി.കെ, കെ.പി. കോയ എന്നിവർ. എന്തായിരുന്നു അവരുടെ മൊഴികൾ എന്ന് എവിടെയും രേഖപ്പെടുത്തി കണ്ടിട്ടില്ല.

സാഹിബിന്റെ നാട് അദ്ദേഹത്തെ ഒരിക്കലും മറന്നില്ല. ചെറുവണ്ണൂരിലെ സുഹൃത്തുക്കൾ അവിടെ ഒരു സ്മാരക കേന്ദ്രം, ഗ്രന്ഥശാല, ഒരു പബ്ലിക് പാർക്ക്, ഓപൺ എയർ സ്റ്റേജ് എന്നിവ സ്ഥാപിച്ചു. ചെറുവണ്ണൂർ-കൊളത്തറ റോഡിലെ ‘റഹിമാൻ ബസാർ’ ആ ഓർമ നിലനിർത്തുന്ന അനശ്വര സ്മാരകമായി നിലകൊള്ളുന്നു. സാഹിബ് സ്മരണകൾ ഇന്നും തുടരുന്നു, പല തലമുറകളായി, 60 വർഷം പിന്നിട്ടിട്ടും.

മനുഷ്യജീവിതത്തിന്റെ പ്രഹേളികകൾ കലാസൃഷ്ടികളിൽ കാണുന്നതിനേക്കാൾ എത്രയോ അഗാധമാണ്. അതുകൊണ്ടാണ് ജീവിതം എന്ന മഹാപ്രസ്ഥാനവുമായി മനുഷ്യർ മുന്നോട്ടുപോകുന്നത്. എല്ലാ മറവികൾക്കും അപ്പുറത്താണ് അതിന്റെ വേരുകൾ; മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് എന്ന മരിക്കാത്ത നക്ഷത്രത്തിന്റെയും വേര് അവിടെയാണ്.

==========================

(കടപ്പാട്: അബ്ദുറഹിമാൻ സാഹിബിന്റെ മകൻ മുല്ലവീട്ടിൽ മൊയ്തീൻ, മുല്ലവീട്ടിൽ അബ്ദുറഹിമാൻ സാഹിബ് സ്മരണിക 1997, 2015)

News Summary - Muhammad Abdurrahman Literature