നാണം മറയ്ക്കാനുള്ള ഉപാധി മാത്രമല്ല വസ്ത്രം

മലയാളി ആദിമകാലം മുതലേതന്നെ വസ്ത്രം ധരിച്ചിരുന്നോ? എന്നുമുതലാണ് അവർ മുണ്ടും ഷർട്ടും സാരിയും ബ്ലൗസുമെല്ലാം ധരിച്ചു തുടങ്ങിയത്? ശരിയായ കേരളീയ വേഷം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ അവയേതാണ്? –കഴിഞ്ഞ ലക്കം തുടർച്ച. മറ്റു മതവിഭാഗങ്ങളിൽപെട്ടവരുടെ വേഷഭൂഷാദികൾ ചിലത് ഹിന്ദു വേഷങ്ങളുമായി സമാനമായതായും എന്നാൽ മറ്റു ചിലവ വ്യത്യാസം പുലർത്തുന്നതായും കാണാൻ സാധിക്കും. ഉദാഹരണത്തിന്, സിറിയൻ ക്രിസ്ത്യാനികളിലെ ആണുങ്ങൾ നായന്മാരെപ്പോലെയാണ് വസ്ത്രം ധരിച്ചത്. എന്നാൽ, അവർ കുടുമ വെക്കാതെ തലമുണ്ഡനം ചെയ്യുകയായിരുന്നു പതിവ്. അവർ കാത് കുത്തുകയോ കടുക്കനിടുകയോ ചെയ്തിരുന്നില്ല. അവർ ചരടിൽ കോർത്ത ഒരു ചെറിയ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മലയാളി ആദിമകാലം മുതലേതന്നെ വസ്ത്രം ധരിച്ചിരുന്നോ? എന്നുമുതലാണ് അവർ മുണ്ടും ഷർട്ടും സാരിയും ബ്ലൗസുമെല്ലാം ധരിച്ചു തുടങ്ങിയത്? ശരിയായ കേരളീയ വേഷം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ അവയേതാണ്? –കഴിഞ്ഞ ലക്കം തുടർച്ച.
മറ്റു മതവിഭാഗങ്ങളിൽപെട്ടവരുടെ വേഷഭൂഷാദികൾ ചിലത് ഹിന്ദു വേഷങ്ങളുമായി സമാനമായതായും എന്നാൽ മറ്റു ചിലവ വ്യത്യാസം പുലർത്തുന്നതായും കാണാൻ സാധിക്കും. ഉദാഹരണത്തിന്, സിറിയൻ ക്രിസ്ത്യാനികളിലെ ആണുങ്ങൾ നായന്മാരെപ്പോലെയാണ് വസ്ത്രം ധരിച്ചത്. എന്നാൽ, അവർ കുടുമ വെക്കാതെ തലമുണ്ഡനം ചെയ്യുകയായിരുന്നു പതിവ്. അവർ കാത് കുത്തുകയോ കടുക്കനിടുകയോ ചെയ്തിരുന്നില്ല. അവർ ചരടിൽ കോർത്ത ഒരു ചെറിയ കുരിശുരൂപം കഴുത്തിലണിഞ്ഞിരുന്നു. അരയോളം നീളം വരുന്ന ഒരു ജാക്കറ്റും ഞൊറിയിട്ടുടുക്കുന്ന വെള്ളമുണ്ടുമായിരുന്നു അവരുടെ സ്ത്രീകളുടെ വേഷം. ചട്ടയും മുണ്ടും എന്നാണ് ഇതറിയപ്പെടുന്നത്. അവരുടെ കാതുകുത്തുകയും കനമുള്ള ആഭരണങ്ങൾ ധരിക്കുകയും ചെയ്തിരുന്നു. കൂടാതെ, കഴുത്തിൽ നെക്ലസും 21 മുത്തുകളാൽ കുരിശിന്റെ ആകൃതിയിൽ തീർത്ത താലിയും ധരിച്ചിരുന്നു.26
വർണക്കരയുള്ള വെളുത്ത മുണ്ടായിരുന്നു മുസ്ലിം പുരുഷന്മാരുടെ സാധാരണ വേഷം. മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി അവർ ഇടത്തോട്ടാണ് മുണ്ടുടുത്തത്. പുരുഷന്മാർക്ക് കണങ്കാലിനു താഴെ വസ്ത്രം പാടില്ല. അവർ ഒരു ചട്ടിത്തൊപ്പിയും ധരിച്ചിരുന്നു. പൊതുവെ കടുംനീല അല്ലെങ്കിൽ കടുംപച്ച നിറത്തിലുള്ള മുണ്ടും (മലബാറിൽ ഇത് കാച്ചിത്തുണി എന്നറിയപ്പെട്ടു) അലങ്കാരത്തുന്നലുകളോടെയുള്ള വെളുത്ത ഒരു ജാക്കറ്റും തലയിൽ തട്ടവുമായിരുന്നു സ്ത്രീകളുടെ സാധാരണവേഷം. കാതിലും കഴുത്തിലും നിറയെ ആഭരണങ്ങൾ ധരിച്ചിരുന്നു. പുരുഷന്മാർ പൊതുവെ ആഭരണങ്ങൾ ധരിച്ചിരുന്നില്ല. ചിലർ ദുർഭൂതങ്ങളെ അകറ്റുന്നതിനായി അരയിൽ ഏലസുകൾ കെട്ടി. അവർ താടി വളർത്തുകയും തല മുണ്ഡനം ചെയ്യുകയും പതിവായിരുന്നു.
കേരളത്തിലേക്കെത്തിയ മറ്റൊരു പ്രബലവിഭാഗമായിരുന്നു ജൂതന്മാർ. വെളുത്ത ജൂതന്മാർ (White Jews) എന്നറിയപ്പെട്ട ശുദ്ധ ജൂതന്മാരും കറുത്ത ജൂതന്മാർ (Black Jews) എന്നറിയപ്പെട്ട തദ്ദേശീയ ജൂതന്മാരും സാംസ്കാരിക വൈവിധ്യം പങ്കുവെച്ചവരായിരുന്നു. നീളമുള്ള അയഞ്ഞ ഒരു മേൽക്കുപ്പായവും പൊതുവിൽ വെള്ളനിറത്തിലുള്ളവ, അതിന്മേലെ കഴുത്തോളം കുടുക്കിടുന്ന കൈയില്ലാക്കുപ്പായവും കുഞ്ഞു തൊപ്പിയുമായിരുന്നു വെള്ള ജൂതന്റെ സാധാരണ വേഷം. എന്നാൽ, കറുത്ത ജൂതന്മാർ ഏതാണ്ട് മുസ്ലിംകളുടെ വേഷത്തിന് സമാനമായ വേഷമാണ് പിന്തുടർന്നത്. പക്ഷേ, പുറത്തുപോകുമ്പോൾ അവർ കുപ്പായം ധരിച്ചു. രണ്ടു കൂട്ടരും മരത്തിന്റെ മെതിയടി ധരിക്കുകയും ചെവിയുടെ പുറത്തേക്ക് മുടി നീട്ടിവളർത്തുകയും ചെയ്തിരുന്നു. അത് മറ്റുള്ളവരിൽനിന്നും അവരെ തിരിച്ചറിയാൻ സഹായിച്ചു. നിറമുള്ള മുണ്ടും അയഞ്ഞ വർണ ജാക്കറ്റുകളും മരത്തിന്റെ മെതിയടികളുമാണ് ജൂതസ്ത്രീകൾ ധരിച്ചിരുന്നത്. പുറത്തുപോകുന്ന വേളകളിൽ അവർ സ്കാർഫുകൊണ്ട് തലമറച്ചു.27
ആധുനികവസ്ത്രങ്ങൾ പ്രചാരത്തിലായ ശേഷം മലയാളിസമൂഹം മുൻകാലങ്ങളിൽ പൊതുവിൽ പ്രായത്തിനനുസരിച്ചു മാത്രമായിരുന്നു ഓരോ വസ്ത്രവും ധരിച്ചിരുന്നത്. ഉദാഹരണത്തിന് കോണകത്തിൽനിന്ന് തോർത്തിലേക്കോ മുണ്ടിലേക്കോ മാറണമെങ്കിൽ നിശ്ചിത പ്രായമെത്തേണ്ടിയിരുന്നു. അക്കാലത്ത് പെൺകുട്ടികൾക്ക് അഞ്ചു വയസ്സുവരെ പട്ടുകോണകവും (ചുവപ്പ്) അഞ്ചു വയസ്സിനുശേഷം വെള്ളക്കോണകവുമായിരുന്നു. അതുകഴിഞ്ഞ് മുണ്ടും ബ്ലൗസും ആയിരിക്കും വേഷം. കാലം കഴിഞ്ഞപ്പോൾ അത് വീണ്ടും കുറെക്കൂടി വ്യക്തമായിത്തീർന്നു. ആൺകുട്ടികൾ കുഞ്ഞുടുപ്പ് ധരിക്കുന്നത് ചോറൂണ് വരെയായിരുന്നു. പിന്നീട് നിക്കറും ഷർട്ടും. പതിനേഴു വയസ്സുകഴിഞ്ഞാൽ മുണ്ടും ഷർട്ടുമാണ് വേഷം. പെൺകുട്ടികൾക്കാണെങ്കിൽ കുഞ്ഞുടുപ്പു പ്രായം കഴിഞ്ഞാൽ ചോറൂണ് കഴിയുന്ന സമയത്ത് പെറ്റിക്കോട്ട്, പിന്നെ അരപ്പാവാടയും അതിനുശേഷം കൗമാരമാവുമ്പോൾ പാവാടയും ബ്ലൗസും ധരിക്കാൻ തുടങ്ങും. ഋതുമതിയാവുന്നതോടെ പാവാടയും ദാവണിയുമായിരിക്കും. കല്യാണം കഴിഞ്ഞാൽ സാരിയും വാർധക്യമെത്തിയാൽ മുണ്ടും നേര്യതും. ഇവയെല്ലാം അന്നു കൃത്യമായി പാലിച്ചിരുന്നു. ഇവിടെ വ്യക്തിയുടെ ഇച്ഛകൾക്കല്ല സ്ഥാനം. സമൂഹമാണ് നമ്മുടെ വസ്ത്രം നിശ്ചയിക്കുന്നത്. കേരളത്തിൽ കുഞ്ഞുടുപ്പുകൾക്കായി കടകളൊന്നുമുണ്ടായിരുന്നില്ല. മുതിർന്നവരുടെ അതേ രീതിയിലുള്ള വസ്ത്രങ്ങൾ തയ്പിക്കുകയായിരുന്നു പതിവ്.
മുൻകാലങ്ങളിൽ ചാലിയർ, ചെട്ടി, ഈഴവർ, ചാന്നാർ തുടങ്ങിയ ജാതിക്കാരാണ് കൈകൊണ്ട് തുണി നെയ്തത്. ഇത്തരം നെയ്ത്ത് ആദായകരമായിരുന്നില്ല.28 ഒരു കാരണം നെയ്ത്തിന്റെ അസംസ്കൃതവസ്തുവായ പരുത്തിയുടെ അഭാവമായിരുന്നു. കേരളത്തിലെ മണ്ണ് പരുത്തികൃഷിക്ക് പറ്റിയതല്ല എന്നതാണ് കാരണം. തിരുവിതാംകൂറിൽ പരുത്തി കൃഷി ചെയ്തിരുന്നില്ല എന്നാണ് സാമുവൽ മെറ്റീർ എഴുതിയിരിക്കുന്നത്. ബ്രിട്ടീഷുകാർ പെറുവിയൻ, പേർഷ്യൻ, ബോർബോൺ തുടങ്ങിയ മെച്ചപ്പെട്ടയിനം വിത്തുകൾ വിതരണം ചെയ്ത് പരുത്തികൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല.
മലബാറിൽ ബ്രിട്ടീഷുകാരുടെ മേൽക്കൈയിൽ ഒട്ടേറെ നെയ്ത്തുശാലകൾ സ്ഥാപിക്കപ്പെട്ടതായി ബുക്കാനൻ രേഖപ്പെടുത്തുന്നു. ബാസൽ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച തുണിമില്ലുകൾ ഈ രംഗത്ത് വൻ വിപ്ലവത്തിനുതന്നെ തുടക്കം കുറിച്ചു. തുണിയുടെ ഉപയോഗം ജനകീയമാക്കുന്നതിൽ അത് വലിയ പങ്കുവഹിച്ചു. മൊറീഷ്യസിലെയും നാങ്കിങ്ങിലെയും പരുത്തിത്തരങ്ങൾ ഉത്തര മലബാറിലെ ഉയർന്ന സ്ഥലങ്ങളിൽ കൃഷി ചെയ്തിരുന്നു. പരുത്തി മതിയായ തോതിലല്ല ഇവിടെ ഉൽപാദിപ്പിച്ചിരുന്നതെന്ന് മെറ്റീർ പറയുന്നു.29 മധ്യകാലഘട്ടം മുതൽതന്നെ കോഴിക്കോടുനിന്നും ഉൽപാദിപ്പിക്കപ്പെട്ട പരുക്കൻ തുണിയായ കാലിക്കോക്ക് യൂറോപ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ വൻ ഡിമാന്റാണുണ്ടായത്.
എന്നാൽ, വ്യവസായ വിപ്ലവത്തിനുശേഷം മാഞ്ചസ്റ്റർ, ലങ്കാഷയർ തുണിത്തരങ്ങൾ നമ്മുടേതുൾപ്പെടെ ലോകമാർക്കറ്റിൽ കുത്തക സ്ഥാപിച്ചു. കാലിക്കോ ബ്രിട്ടണിലേക്ക് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു. അതേസമയം, അവർക്കുവേണ്ട അസംസ്കൃതവസ്തുവായ പരുത്തി ലഭ്യമാക്കാൻ മലബാറിലെങ്ങും പരുത്തികൃഷി ആരംഭിക്കുകയുണ്ടായി. എന്നാൽ, കാലാവസ്ഥ കാരണം (പ്രധാനമായും അമിത മഴ) ബ്രിട്ടീഷുകാർ ഈ പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്.30 അതുപോലെ, തുണിയിൽ മുക്കാനുള്ള ചായവും കസവുനൂലുകളും പുറത്തുനിന്ന് വരുത്തിയതാവണം.

മാറു മറയ്ക്കാനുള്ള പോരാട്ടങ്ങളും മേൽശീല കലാപവും
ധാർമികമൂല്യങ്ങളെക്കുറിച്ചും സദാചാരബോധത്തെക്കുറിച്ചും അടിക്കടി ആണയിടുന്ന ഇന്നത്തെ മലയാളി അറിയാത്ത ഒരു ചരിത്ര യാഥാർഥ്യമുണ്ട്. സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന അവർണജനത തങ്ങളുടെ മാറുമറയ്ക്കാനുള്ള അവകാശം സവർണരിൽനിന്നും പോരാട്ടത്തിലൂടെ നേടിയെടുത്തതായിരുന്നു എന്നതാണ് ആ യാഥാർഥ്യം. ഈഴവനും ചാന്നാനും പുലയനും പറയനുമെല്ലാം വസ്ത്രധാരണത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചൊരു രീതിയുമുള്ളവരായിരുന്നില്ല. അൽപവസ്ത്രധാരികളായിരുന്നു എന്നു പൊതുവെ പറയാം. അരയിലുള്ള ചരടിൽ ഗുഹ്യം മാത്രം മറയ്ക്കാൻ ഒരു കഷണം തുണിയോ അല്ലെങ്കിൽ മരവുരിയോ ഏതാനും ഇലകളോ അല്ലാതെ മറ്റൊന്നും അവർ ധരിച്ചിരുന്നില്ല. സ്ത്രീകൾ മുട്ടോളമെത്തുന്ന വസ്ത്രം അരയിൽ ധരിക്കുന്നു. അവർ മുടി നീട്ടിവളർത്തുന്നു. അതേസമയം പുരുഷൻമാർ തലമുടി പറ്റെ മുറിച്ച് ഉച്ചിയിൽ മാത്രം കുറേ മുടി കെട്ടിവെക്കുന്നു. പതിനേഴാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച ഡച്ച് സഞ്ചാരിയായ ന്യൂ ഹോഫ് രേഖപ്പെടുത്തി വെച്ച നേർക്കാഴ്ചകളാണിത്.31 അടിമകളായി ജീവിതം നയിച്ച അവരെ സംബന്ധിച്ചിടത്തോളം നാണവും മാനവുമൊന്നും പ്രധാനമായിരുന്നില്ല.
എന്നാൽ കൊളോണിയൽ ആധുനികതയും മിഷനറി പ്രവർത്തനങ്ങളും സമൂഹത്തിൽ നേരിട്ടും അല്ലാതെയുമുള്ള ഇടപെടലുകൾ നടത്തുകയും സാമൂഹികപരിവർത്തനത്തിനുള്ള സാധ്യതകൾ തുറക്കപ്പെടുകയും ചെയ്തു. 1840കളിൽ മിഷനറിമാരുടെ നേതൃത്വത്തിൽ ആധുനിക-പൂർവ മൂല്യങ്ങളെക്കുറിച്ചുള്ള ജാതി (അവർണ) ശരീരത്തെ സ്വതന്ത്രരാക്കുന്നതിലേക്കാണ് അവർ പ്രവർത്തിച്ചുതുടങ്ങിയത്. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ചാന്നാർ സ്ത്രീകൾ മാറു മറയ്ക്കാതിരിക്കുന്നത് സദാചാരപരമായി മാത്രം വിലക്കാവതായിരുന്നില്ല. കാരണം, നേരത്തേ സൂചിപ്പിച്ച പ്രകാരം അവർണശരീരം അരയ്ക്കു മുകളിലായി മറയ്ക്കുക സാധ്യമായിരുന്നില്ല.
അങ്ങനെയാണ് തുടർച്ചയായ സമ്മർദ ഫലമായി ക്രിസ്തുമതം സ്വീകരിച്ച ചാന്നാർ സ്ത്രീകൾക്ക് റൗക്ക/ മേൽക്കുപ്പായം ധരിക്കാമെന്ന് 1814ൽ തന്നെ കേണൽ ജോൺ മൺറോ സർക്കുലർ ഇറക്കുന്നത്. ഇതുകൂടാതെ 1815ൽ ഊഴിയം വേല അവസാനിപ്പിക്കാൻ നടപടികളെടുക്കുന്നതും മൺറോയുടെ കാലത്താണ്. പിന്നീട് ചാൾസ് മീഡ് എന്ന മിഷനറി 1821ൽ ചാന്നാർ ക്രിസ്ത്യാനികൾ ഞായറാഴ്ച ഊഴിയം വേലക്ക് പോകേണ്ടതില്ല എന്ന ഉത്തരവ് സമ്പാദിച്ചു. പക്ഷേ, ഈ കൽപനകളൊന്നും കാര്യമായി മാനിക്കപ്പെട്ടിരുന്നില്ല. 1851ൽ മിഷനറിയായിരുന്ന പീറ്റ് പഴയ വിളംബരങ്ങൾ പുതുക്കി പ്രസിദ്ധീകരിക്കുന്നതിൽ വിജയിക്കുകയും 1854ൽ ഊഴിയം വേല പൂർണമായി നിർത്തലാക്കുകയും ചെയ്തു.32
പ്രസ്തുത സാമൂഹിക പരിസരത്തിനകത്താണ് കേരളചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ച സാമൂഹികവിപ്ലവം തിരുവിതാംകൂറിൽ സാധ്യമാകുന്നത്. മേൽശീല കലാപം, മേൽമുണ്ട് വഴക്ക്, മുല മാറാപ്പ് വഴക്ക് എന്നിങ്ങനെ അറിയപ്പെടുന്ന ചാന്നാർ ലഹള അധമശരീരങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയായിരുന്നു. ക്രിസ്തീയ ധാർമികതയുടെയും വിക്ടോറിയൻ സദാചാര മൂല്യങ്ങളുടെയും വെളിച്ചത്തിലാണ് തദ്ദേശീയ മലയാളി ശരീരം നിർമിക്കപ്പെട്ടത് എന്നത് പ്രധാനമാണ്. ഒരു സ്ത്രീ പ്രത്യക്ഷത്തിൽ താഴ്ന്നജാതിക്കാരിയാണെന്ന് തോന്നിക്കുന്ന വേഷവിധാനത്തിലെ അശാസ്ത്രീയത ക്രിസ്ത്യൻ മിഷനറിമാരെ പ്രകോപിതരാക്കി. നായന്മാരിൽ താഴെയുള്ള സ്ത്രീകൾ മാറിടം മറയ്ക്കുന്നുവെന്ന കാരണത്താൽ സർക്കാർ അവരെ ശിക്ഷിച്ചിരുന്നു. ഇത് കലാപങ്ങൾക്ക് വഴിവെച്ചിരുന്നു. ചില കലാപങ്ങൾക്കുശേഷം 1829ൽ ചാന്നാർ സ്ത്രീകൾക്ക് കുപ്പായം ധരിക്കുന്നത് അനുവദിച്ചുകൊണ്ടുള്ള ഒരു ആദ്യകാല (1814ലെ) വിളംബരത്തിന്റെ സ്ഥിരീകരണം ചാൾസ് മീഡ് നേടുകയുണ്ടായി. 1829ൽ അവർണർ ചേല ധരിക്കുന്നതിനെതിരെ താഴ്ന്ന ജാതിക്കാർ തങ്ങളുടെ വേഷം ഉപയോഗിക്കുന്നതിൽ പ്രതിഷേധിച്ച് ശൂദ്രർ (നായന്മാർ) കലാപമുണ്ടാക്കി.
പള്ളികളും പള്ളിക്കൂടങ്ങളുമൊക്കെ തീവെച്ചു നശിപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥരും പൊലീസുകാരും സ്വാഭാവികമായും ശൂദ്രരുടെ പക്ഷത്തായിരുന്നു. മധ്യതിരുവിതാംകൂറിലും നായർ സ്ത്രീകളെപ്പോലെ വേഷം ധരിച്ചുവന്ന ഈഴവ സ്ത്രീകളെ അപമാനിച്ച ധാരാളം സംഭവങ്ങളുണ്ടായി. കായംകുളത്ത് അച്ചിപ്പുടവ നീട്ടിയുടുത്ത ഈഴവസ്ത്രീയെ സവർണർ അധിക്ഷേപിച്ചു. ഇതിനെതിരെ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ഈഴവ നേതാവിന്റെ നേതൃത്വത്തിൽ തിരിച്ചടികൾ നടന്നു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയ ചാന്നാർമാർക്കാണ് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം അൽപമെങ്കിലും ലഭിച്ചത്. മതപരിവർത്തനം ചെയ്ത പൂതത്താൻകുടി ചാന്നാനും എശക്കിച്ചാന്നാട്ടിയും പുതിയ വേഷമിട്ടതു തൊട്ടാണ് ചാന്നാർ ലഹള തുടങ്ങിയത്. 1859ൽ മാറു മറയ്ക്കാനുള്ള ഉത്തരവു വന്നിട്ടും സവർണരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും താഴ്ന്ന വിഭാഗക്കാരെ അതിനനുവദിച്ചില്ല. ഇതു നിമിത്തം കൊച്ചിയിലും തിരുവിതാംകൂറിലും അനേകം വർഗീയ ലഹളകളുണ്ടായി. മാറ് മറച്ചു നടന്ന അധഃകൃത സ്ത്രീകളെ സവർണർ ആക്രമിച്ചു. മുട്ടിനു കീഴെ നിൽക്കുന്ന മുണ്ടുടുത്തുവന്ന ഒരു ഈഴവസ്ത്രീയുടെ മുണ്ട് നായന്മാർ അഴിപ്പിച്ച സംഭവം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.33
എന്നാൽ, അപ്പോഴും നായർസ്ത്രീകൾ ധരിക്കുന്ന തരം മേൽമുണ്ടോ തമിഴ് ബ്രാഹ്മണസ്ത്രീകളുടേതിന് സമാനമായ ബ്ലൗസോ ധരിക്കുന്നതിൽനിന്നും അവരെ വിലക്കിയിരുന്നു. ഹിന്ദു ചാന്നാർസ്ത്രീകൾ അപ്പോഴും പഴയപടി മാറു മറയ്ക്കാതെ തുടർന്നു. ചാന്നാന്മാർ ആവശ്യപ്പെട്ടത് സഭ്യതയല്ല; പദവിയായിരുന്നു. 1850കളിൽ ചാന്നാർമാരുടെ സാമ്പത്തികസ്ഥിതി മെച്ചമാകുന്നതുവരെ കുപ്പായമിടൽ സർവസാധാരണമായിരുന്നില്ല. അപ്പോഴും അത് സാർവത്രികമായി പ്രചരിപ്പിക്കുന്നതിന് മിഷനറിമാർ സഹായധനം നൽകിയിരുന്നു. 1859 ജൂലൈ 26ന് ചാന്നാർ സ്ത്രീകൾക്ക് മാറു മറയ്ക്കുന്നതിനുള്ള അവകാശം നൽകിക്കൊണ്ടുള്ള രാജകീയ വിളംബരം പുറപ്പെടുവിക്കപ്പെട്ടു; ഉന്നതജാതിക്കാരുടെ വസ്ത്രധാരണരീതി അനുകരിക്കരുതെന്ന വ്യവസ്ഥയിൽ.
ചാന്നാർ കലാപത്തിലൂടെ അവർണശരീരം തന്നെ ചെറുത്തുനിൽപു ശബ്ദം പുറപ്പെടുവിച്ചു തുടങ്ങുന്നതാണ് നാം കാണുന്നത്. അധീശ പ്രത്യയശാസ്ത്രങ്ങളെ എതിരിടാനുള്ള ശരീരത്തിന്റെ രാഷ്ട്രീയമാണ് പ്രയോഗത്തിലൂടെ ഉയർന്നുവന്നത്. ചരിത്രരചനാമണ്ഡലത്തിലെ വ്യാവഹാരിക പ്രതിനിധാനങ്ങളിൽ കേവലമൊരു പ്രദർശനവസ്തു മാത്രമായി ഇനി തുടരുക സാധ്യമല്ലെന്ന് പ്രഖ്യാപിക്കപ്പെട്ടു. കേരളീയ സമൂഹത്തിൽ, മിഷേൽ ഫുക്കോ നിരീക്ഷിച്ചതുപോലെ, ശരീരം വ്യാവഹാരിക കൈയേറ്റത്തിനുള്ള ഇടമായിരുന്നല്ലോ (Body as a site for discursive appropriation). ജാതി നിഷ്കർഷതകളിൽനിന്ന് ശരീരം തീർത്തും കുതറിമാറുന്ന കാഴ്ചയാണ് നാം കാണുന്നത്.
തീർച്ചയായും 1822ലെ ശരീരമായിരുന്നില്ല 1859ലേത്; അത് പാടേ മാറിക്കഴിഞ്ഞിരുന്നു. സാമ്പത്തികവും രാഷ്ട്രീയവും ഭരണപരവുമായ പരിവർത്തനങ്ങൾ ശരീരത്തെയും ഉടച്ചുവാർത്തു. അങ്ങനെ ശാരീരികമായ സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളുമെല്ലാം കൊളോണിയൽ ആധുനികത രൂപപ്പെടുത്തിയ രാഷ്ട്രീയശരീരത്തിൽ ആലേഖനം ചെയ്യപ്പെട്ടു. ആധുനിക-പൂർവ മര്യാദകൾക്കു പകരം വിമോചനപരതയാൽ നയിക്കപ്പെട്ട ആധുനികതയുമായി സമരസപ്പെട്ടു നിൽക്കാനാണ് ചാന്നാർസ്ത്രീകളുടെ ഉടലുകൾ ആഗ്രഹിച്ചത്. അങ്ങനെ ചാന്നാർമാരുടെ ശരീരം മറയ്ക്കപ്പെടാനുള്ള അവരുടെ ആവശ്യം അംഗീകരിക്കപ്പെടുകയും അവ നിലവിലുള്ള നിയമവ്യവസ്ഥക്കകത്ത് ഇടം നേടുകയും ചെയ്തു.

നവോത്ഥാനവും മലയാളിയുടെ ആധുനിക വേഷവിധാനങ്ങളും
മഹാത്മാ അയ്യൻകാളിയുടെ നേതൃത്വത്തിലാണ് ആദ്യമായി പൊതു ഇടങ്ങളിലെ ‘അവലക്ഷണ’മായ കീഴാള ശരീരത്തെ കരുത്തിന്റെയും പ്രതിരോധത്തിന്റെയും സൂചകമാക്കി ഉയർത്തിക്കാട്ടിയത്. കളരി ആശാന്മാരെ വെളിയിൽനിന്നു വരുത്തി അടി, തട, ഗുസ്തി മുറ, മർമവിദ്യ എന്നിവ പഠിക്കുക മാത്രമല്ല, അവ തന്റെ ജനതയെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. കീഴാള ശരീരത്തെ സ്വാഭിമാനത്തോടെ പുനഃസൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു വില്ലുവണ്ടിസമരം (1893). തനിക്കും തന്റെ ജനതക്കും വിലക്കപ്പെട്ട തലപ്പാവു ധരിച്ചതും സവർണർ ആവശ്യപ്പെട്ടപ്പോൾ ധിക്കാരത്തോടെ അത് അഴിക്കാതെ തുടർന്നതും പ്രസ്തുത സ്വാഭിമാനബോധത്താലാണ്.
പൊതു ഇടങ്ങളായ കച്ചേരികളിലും റോഡുകളിലും പുലയരുടെയും മറ്റ് അവർണരുടെയും പ്രവേശനം വിലക്കപ്പെട്ടിരുന്ന ഒരു സാഹചര്യത്തിലാണ് സവർണർപോലും ധരിച്ചിട്ടില്ലാത്ത നീളൻ കോട്ടും ധരിച്ചുകൊണ്ട് അയ്യൻകാളി ദിവാനെ കാണാൻ വില്ലുവണ്ടിയിൽ യാത്രയാവുന്നത്. കൊല്ലത്തെ പുലയസമുദായ പരിഷ്കർത്താവായിരുന്ന ഗോപാല ദാസിന്റെ ശ്രമഫലമായി കല്ലുമാല ഉപേക്ഷിക്കാൻ നടത്തിയ കല്ലുമാല സമരവും അടിമശരീരങ്ങളുടെ കരുത്തുകാട്ടിയ പോരാട്ടമായിരുന്നു. ഇതിനെതിരേ നായർപ്രമാണികൾ പ്രക്ഷോഭം നടത്തി. ഒരു പുലയ മഹായോഗത്തിൽ കടന്നുചെന്ന് അവരുടെ നേതാവിനെ പ്രഹരിച്ചതുമായി ബന്ധപ്പെട്ട് 1905ൽ നായർ-പുലയ ലഹള നടക്കുകയുമുണ്ടായി. അതേ തുടർന്ന് നായന്മാർ പുലയരുടെ വീടുകൾ തിരഞ്ഞുപിടിച്ച് അവരെ മർദിക്കുകയും വീടുകൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. തുടർന്ന് അയ്യൻകാളിയുടെ ഉത്സാഹത്തിൽ ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ അധ്യക്ഷതയിൽ നായർ-പുലയ സംയുക്ത സമ്മേളനം കൊല്ലം മൈതാനത്ത് കൂടുകയും പുലയ സ്ത്രീകൾ കല്ലുമാല ഉപേക്ഷിക്കുന്നതായ പ്രഖ്യാപനം ഉണ്ടാവുകയും ചെയ്തു.34
കല്ലുമാല സമരമാണ് പിന്നീട് പെരിനാട്ട് കലാപത്തിന് (1915) കാരണമായത്. കല്ലുമാല സമരത്തിലൂടെ കീഴാള സ്ത്രീകൾ തങ്ങളുടെ അടിമ/ജാതി ചിഹ്നങ്ങളായ കല്ലുകൊണ്ടുള്ള മാലകൾ വലിച്ചെറിയുകയായിരുന്നു. ഇവിടെ പെൺശരീരങ്ങൾ സ്വതന്ത്ര ശരീരങ്ങളാവുകയും അടിമത്തത്തിന്റെ മുദ്രകളായ കല്ലുമാലകളിൽനിന്ന് മോചിതരാവുകയും ചെയ്തു. ഇതേത്തുടർന്ന് നടന്ന പുലയസ്ത്രീകളുടെ യോഗത്തിൽ അവർ വൃത്തിയായി വസ്ത്രധാരണം ചെയ്തിരുന്നുവെന്ന് ചെന്താരശ്ശേരി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത യോഗത്തിൽ ഈശ്വര വിശ്വാസം, പരിഷ്കൃതരീതിയിലുള്ള ദേഹാച്ഛാദനം എന്നീ ഗുണങ്ങളുള്ളവരായിരിക്കണമെന്ന് അയ്യൻകാളി സ്വസമുദായാംഗങ്ങളോട് ഉപദേശിക്കുന്നുണ്ട്. ആചാര നടപടികളിലും വേഷവിധാനങ്ങളിലും മാറ്റങ്ങൾ കാണുമ്പോൾ നായന്മാർക്ക് ചിലപ്പോൾ രസിച്ചെന്ന് വരില്ലെന്നും എന്നാൽ, തങ്ങൾ ക്ഷമയോടെ ഇരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പൊതുവഴികളിലും അങ്ങാടികളിലും മാറു മറച്ചുകൊണ്ട് പ്രവേശിച്ച പല അവർണ സ്ത്രീകളെയും സവർണർ ആക്രമിച്ചിരുന്നു.
സമാനമായ രീതിയിൽ ശ്രീനാരായണ പ്രസ്ഥാനവും അവർണരുടെ വേഷവിധാനങ്ങളെ സ്വാധീനിച്ചിരുന്നു എന്ന് നമുക്ക് കാണാനാകും. പാരമ്പര്യത്തിൽനിന്നെടുത്ത പല ധാരകളെയും പുതിയ രീതിയിലുപയോഗിച്ചുകൊണ്ട് ജാതിയോടും പ്രവൃത്തികളോടുമുള്ള ശരീരത്തിന്റെ ബന്ധങ്ങളെ ശ്രീനാരായണഗുരു പുനർവിന്യസിച്ചു എന്ന ഉദയകുമാറിന്റെ നിരീക്ഷണം പ്രസക്തമാണ്. അദ്വൈതവേദാന്തിയായ ഗുരുവിൽ ശൈവസിദ്ധാന്തത്തിന്റെയും തമിഴ് സിദ്ധ പാരമ്പര്യത്തിന്റെയും സ്വാധീനം പ്രകടമായിരുന്നു. വ്യക്തികൾ സ്വന്തം ശരീരത്തിൽനിന്ന് ജാതിമുദ്രകൾ എടുത്തുകളയണമെന്നായിരുന്നു ഗുരുവിന്റെ പ്രധാന ആവശ്യം.

മറക്കുട
നമ്പൂതിരിമാർക്കിടയിൽ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യോഗക്ഷേമ സഭയും നമ്പൂതിരിയുടെ ശരീരത്തെയും വേഷങ്ങളെയും ആധുനികതയുടെ ചട്ടക്കൂടിലേക്ക് പരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. നമ്പൂതിരിയുടെ ശരീരവും വേഷങ്ങളും മാന്യതയുടെയും ബഹുമാനത്തിന്റെയും സ്രോതസ്സായിരുന്നുവെങ്കിലും പരിഷ്കാരത്തിന്റെ ഒരടയാളവും പേറുന്നതായിരുന്നില്ല. ‘‘നമ്പൂതിരിയെ മനുഷ്യനാക്കുക’’ എന്ന യജ്ഞത്തിൽ യോഗക്ഷേമസഭ ലക്ഷ്യമിട്ട ഒരു കാര്യം ശരീരത്തിലെ ജാതിചിഹ്നങ്ങൾ വെടിയുന്നതിലാണ്. നാടോടുമ്പോൾ നടുവേ ഓടാനായി കുടുമ, പൂണൂൽ, ഘോഷ, മറക്കുട എന്നിവ അതോടെ ബഹിഷ്കരിക്കപ്പെടുന്നു. അന്തർജനങ്ങളുടെ വേഷപരിഷ്കാരത്തെക്കുറിച്ച് ചില സ്ത്രീകൾ ‘യോഗക്ഷേമം’ മാസികയിൽ എഴുതിത്തുടങ്ങുന്നുമുണ്ട്.35 നമ്പൂതിരിയുടെ ജാതിചിഹ്നങ്ങളും മുദ്രകളും ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് രണ്ടാം ഘട്ടത്തിൽ നടക്കുന്നത്. പാർവതി നെന്മിനിമംഗലത്തിന്റെ നേതൃത്വത്തിൽ അന്തർജന സമാജ രൂപവത്കരണം നടക്കുന്നത് വലിയ മാറ്റത്തിന് കാരണമായി. വി.ടിയുടെ ‘അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്’ നാടകം അവതരിപ്പിച്ചതോടെയാണ് ഇത്തരമൊരു ത്വരിതഗതിയിലുള്ള ഉണർവ് സാധ്യമായത് എന്നു കാണാം.
പ്രേംജി എഴുതിയതുപോലെ, നാടകം കണ്ടതോടെ അന്തർജനങ്ങളുടെ ഇടയിൽ വെളിച്ചം വീശാൻ തുടങ്ങി. പല ഇല്ലങ്ങളിലും ചെറുപ്പക്കാരികൾ വേഷപരിഷ്കരണം നടത്തി. കാതുമുറിച്ചു കമ്മലിടുക, ഓട്ടുവളയും പിച്ചളവളയും കളഞ്ഞ് സ്വർണവളയിട്ടുക, ഒക്കുവെച്ചുടുക്കുന്നതിനു പകരം മുണ്ടു ചുറ്റുക, ബ്ലൗസിടുക അങ്ങനെ പലതും.” പുതപ്പും കൊടയുമെടുക്കുക എന്നറിയപ്പെട്ട ഘോഷ ബഹിഷ്കരിച്ചത് നമ്പൂതിരിസ്ത്രീകൾക്കിടയിലുണ്ടായ ഉണർവിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. അന്തർജന സമാജത്തിന്റെ 1929ലെ എടക്കുനി വാർഷികത്തിലാണ് മിസിസ് മനഴി ആദ്യമായി ഘോഷ ബഹിഷ്കരിക്കുന്നത്. പാർവതി നെന്മിനിമംഗലം, ആര്യ പള്ളം തുടങ്ങിയവരും പിന്നീട് ഘോഷ ബഹിഷ്കരിച്ചു.
കൊച്ചി നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട നമ്പൂതിരി ബിൽ മഹാരാജാവ് അനുമതി കൊടുക്കാതെ തള്ളിയതിൽ പ്രതിഷേധിച്ച് യോഗക്ഷേമസഭയുടെ യുവജനസംഘം നടത്തിയ സമരമുറ നമ്പൂതിരി പുരുഷശരീരത്തിന്റെ പുനർവിന്യാസത്തിന് വഴിമരുന്നിട്ടു. പൂണൂൽ പൊട്ടിക്കലും കുടുമ മാറ്റി മുടികെട്ടലുമാണ് ആദ്യം അവർ ചെയ്തത്. പിന്നീട് ചെറുപ്പക്കാർ ക്രോപ്പുകാരാവുന്നു. ഇതേസമയം അന്തർജനങ്ങൾ മുണ്ടും സാരിയും സ്വർണവളകളും ധരിക്കാൻ തുടങ്ങുന്നു. ‘ഞാൻ നമ്പൂതിരിയല്ല, കേരളീയനാണ്’ എന്ന് പ്രഖ്യാപിക്കുന്നിടത്തോളം കാര്യങ്ങൾ പുരോഗമിക്കുന്നു. ഇതോടെ പുതുലോകത്തിലേക്ക് പാകമായ യുവശരീരങ്ങൾ സ്വയമേവ രൂപപ്പെടുന്നു.
ജാതിചിഹ്നങ്ങൾ വിളിച്ചോതുന്ന ആധുനിക-പൂർവ ശരീരങ്ങൾ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും ഓഫിസുകളിലേക്കും ഫാക്ടറികളിലേക്കും തീവണ്ടിയിലേക്കുമെല്ലാം സ്തംഭിച്ചുനിന്നവയായിരുന്നെങ്കിൽ ഇവിടങ്ങളിലേക്കെല്ലാം യോജിക്കുന്ന ഒരു പുതുശരീരമായിരുന്നു അത്. തുടർന്ന് വ്യാപകമായ വിദ്യാഭ്യാസം, ദേശീയപ്രസ്ഥാനം എന്നിവ ആധുനികമായ വേഷവിധാനങ്ങൾ സ്വീകരിക്കുന്നതിന് കാരണമായി. പാശ്ചാത്യമായ പാന്റ്സ് (കാൽസറായി), കോട്ട്, ഷർട്ട്, തൊപ്പി, സോക്സ്, ഫ്രോക്ക് എന്നിവ പരിചയപ്പെടുന്നത് ആധുനിക വിദ്യാഭ്യാസം നേടിയ മധ്യവർഗമാണ്. ദേശീയപ്രസ്ഥാനത്തിന്റെ കാലത്തോടുകൂടിയാണ് ഖദർ ജൂബ, മുണ്ട്, ഷർട്ട്, ഗാന്ധിത്തൊപ്പി, ഷെർവാണി, സാരി എന്നിവ പ്രബലമാവുന്നത്.
സ്ത്രീകൾ റവുക്കയിടുന്നത് പരമ്പരാഗത സമൂഹം ആദ്യഘട്ടത്തിൽ വെറുപ്പോടെയായിരുന്നു കണ്ടത്. പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താൻ അവതരിപ്പിച്ച പരിഷ്കാരങ്ങളിലൊന്ന് സ്ത്രീകൾ മാറുമറയ്ക്കുക എന്നതായിരുന്നു. എന്നാൽ, ഈ നടപടിയെ തങ്ങളുടെ മതവിശ്വാസത്തിനു നേരേയുള്ള കടന്നുകയറ്റമായാണ് സവർണവിഭാഗം ചിത്രീകരിച്ചത്. ‘കുപ്പായമിടീക്കുക’ എന്ന പ്രയോഗംതന്നെ മതം മാറ്റത്തിനെ സൂചിപ്പിക്കുന്ന ഒന്നായി മാറുകയുണ്ടായി. അതുകൊണ്ടുതന്നെ കുപ്പായമിടുന്ന സവർണ ഹിന്ദുക്കളെ യാഥാസ്ഥിതികർ ഉമ്മച്ചികൾ എന്ന് വിളിച്ചാക്ഷേപിച്ചിരുന്നു. ഈ പരിഷ്കാരത്തിനെതിരെ കടുത്ത പ്രതിരോധമാണ് രൂപംകൊണ്ടത്. “റവുക്ക കേരളീയമല്ല. വെളിക്കുനിന്നു വന്നതാണ്. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് കുപ്പായമിടാൻ വിസമ്മതിച്ചതിന് നിരവധി നായർ സ്ത്രീകളുടെ മുല അരിഞ്ഞതായി കഥയുണ്ട്. മുല പോയാലും കുപ്പായം പാടില്ലെന്ന ശാഠ്യക്കാരായിരുന്നു പണ്ടത്തെ സ്ത്രീകൾ” എന്നാണ് സി. കേശവൻ എഴുതുന്നത്.36 കെ.പി. കേശവമേനോൻ ഇത് ശരിവെക്കുന്നുണ്ട്: പുരുഷന്മാർ കുപ്പായമിടുന്നതും സ്ത്രീകൾ ബ്ലൗസും ജാക്കറ്റും ധരിക്കുന്നതും അത്ര സാധാരണമായിരുന്നില്ലെന്നു മാത്രമല്ല, അങ്ങനെ ചെയ്യുന്നത് ധിക്കാരമാണെന്നുകൂടി ചിലർ കരുതിയിരുന്നു.37
റവുക്കയെ പരമ്പരാഗത സമൂഹം എങ്ങനെയായിരുന്നു നോക്കിക്കണ്ടത് എന്ന് സി. കേശവൻ തന്റെ ആത്മകഥയായ ‘ജീവിതസമരത്തിൽ’ സൂചിപ്പിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കേശവന്റെ അമ്മാവിയമ്മക്ക് (സി.വി. കുഞ്ഞുരാമന്റെ ഭാര്യ) അവരുടെ ഭർതൃമാതാവിൽനിന്ന് നേരിട്ടുണ്ടായ അനുഭവത്തിന്റെ നേർസാക്ഷ്യമാണിത്: “തിരുവനന്തപുരത്ത് താമസമായിരുന്ന നാത്തൂൻ നാട്ടിൽ വന്നപ്പോൾ എന്റെ കഷ്ടകാലത്തിന് രണ്ടു റവുക്ക എനിക്കും കൊണ്ടുത്തന്നു. രണ്ട് സൂര്യപട റവുക്ക. എനിക്ക് വളരെ ബോധിച്ചു. അപ്പോൾതന്നെ ഇട്ടുനോക്കി. കൊള്ളാം നന്നായിരിക്കുന്നു. എങ്കിലും ഇക്കിളാകുന്നു. ഞാൻ അതു ഊരി ഭദ്രമായി മടക്കിക്കൊണ്ട് ചെന്ന് അമ്മയെ കാണിച്ചു. വലിയ ഉത്സാഹത്തിൽ അമ്മ ഒന്ന് നോക്കിയിരുത്തി.
എവിടെയാടീ നീ ആടാൻ പോകുന്നത്? മടക്കിക്കൊണ്ട് പെട്ടിയിൽ വെച്ചേരെ എന്നു പറഞ്ഞു. അമ്മയുടെ മുഖത്ത് ഒരു തെളിച്ചവും കണ്ടില്ല. അമ്മയെ എനിക്ക് വലിയ പേടിയാണ്. കൊന്നുകളയും. രാത്രി വാസന്തിയുടെ അച്ഛനെ ഞാൻ റവുക്കയിട്ടു കാട്ടി. കൊള്ളാം ഇട്ടോളൂ എന്ന് സമ്മതിച്ചു. വാധ്യാര് സമ്മതിച്ചല്ലോ ഇനി സാരമില്ല എന്ന് ഞാനും കരുതി. അമ്മക്ക് വാധ്യാരെ നല്ല കാര്യമാണ്. രാവിലെ വാധ്യാരെണീറ്റു പോയി. എന്റെ ശുദ്ധഗതിക്ക് ഞാൻ റവുക്കയിട്ട് വെളിയിൽ ഇറങ്ങിവന്നു. തിരിഞ്ഞും പിരിഞ്ഞും നോക്കി. എന്തു നന്നായിരിക്കുന്നു. വിശേഷിച്ചൊന്നുമുണ്ടായിട്ടില്ലാത്തപോലെ ഞാൻ ഓരോ ജോലികൾക്കു പോയി. ഞാൻ പല്ലുതേച്ച് നിൽക്കുകയാണ്. അമ്മ രാവിലെ പുരയിടമൊക്കെ ഒന്ന് ചുറ്റിയടിച്ചു വരും. ദൂരെനിന്ന് വരുന്നതു കണ്ടു. എന്തോ മനോരാജ്യത്തിൽ ഞാൻ നിൽക്കുകയാണ്. അമ്മ വരുന്നത് ഞാൻ ശ്രദ്ധിച്ചില്ല.
ഒരു മടൽ ചവിട്ടി ഒടിക്കുന്നതു കേട്ടു. പെട്ടെന്ന് ഞാൻ തിരിഞ്ഞു നോക്കി. അമ്മ സംഹാരരുദ്രയെപ്പോലെ നിൽക്കുന്നു. ‘ഊരെടി അത്. ആട്ടക്കാരി ഉമ്മാച്ചികളെപ്പോലെ കുപ്പായമീട്ട് നടയെടി നീയും’ എന്ന് പറഞ്ഞ് ഭഗവാനേ കുറേ തല്ല് ആ മടലുകൊണ്ട്. വാധ്യാരു സമ്മതിച്ചിട്ടാണ് ഇട്ടതെന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചോടീ? നിന്റെ അപ്പൻ സമ്മതിച്ചോടീ? എന്നായി അമ്മ. അങ്ങതിലവളൊക്കെയിടും; ആരുടെയും ചൊല്ലില്ല, വരുതിയില്ല. നിന്റെ വാധ്യാർ അതിനൊക്കെ കണ്ണു ചായിച്ചു കൊടുക്കും. (അങ്ങതിലെ അവളൊക്കെ എന്നു പറയുന്നത് സി.വിയുടെ സഹോദരിമാരെപ്പറ്റിയാണ്). അമ്മയുടെ അടി പേടിച്ച് അന്നു ഞാൻ റവുക്ക ഊരിവെച്ചു. പക്ഷേ, എനിക്കുമുണ്ടായിരുന്നു ഒരു നിർബന്ധം കുഞ്ഞേ! അമ്മക്ക് വേണ്ടെങ്കിൽ വാധ്യാർക്ക് വേണം. പകലൊന്നും ഞാൻ റവുക്കയിടുകയില്ല. രാത്രി എനിക്കുള്ളതാണ്. അമ്മ ഉറങ്ങിയെന്നു കാണുമ്പോൾ ഞാൻ എന്റെ റവുക്ക എടുക്കും, ഇടും, അമ്മയെ കബളിപ്പിച്ച്. വാധ്യാർ ഗന്ധർവനെപ്പോലെ വളരെയിരുട്ടിയേ വരവുള്ളൂ.”38 പ്രസ്തുത സംഭവവിവരണം ഒരു കഥപോലെ നമുക്കാസ്വദിക്കാമെങ്കിലും കേരളസംസ്കാരത്തെ സംബന്ധിച്ചിടത്തോളം ഒരു പരിവർത്തന ദശയെ കുറിക്കുന്ന ആഖ്യാന ശകലംകൂടിയാണ്. വേഷത്തിന്റെ കാര്യത്തിൽ ആധുനികതയും പാരമ്പര്യവും തമ്മിലുള്ള സംഘർഷങ്ങളുടെയും പിന്നീട് ആധുനികതയുടെ വിജയവുമാണിവിടെ ദൃശ്യമാവുന്നത്.
സാരി മലയാളികൾക്കിടയിൽ ഏകദേശം 1930കളോടുകൂടി മാത്രം പ്രചാരത്തിലായ ഒരു വസ്ത്രമാണ്. ആദ്യം എതിർക്കപ്പെട്ട സാരിയും ബ്ലൗസും പിന്നീട് മലയാളിയുടെ ‘ദേശീയവസ്ത്ര’മാവുന്നിടത്തോളം കാര്യങ്ങളെത്തി. ചേല എന്ന നിലയിൽ സാരി ഒരു പൊതുവസ്ത്രമായി നേരത്തേതന്നെ ഇന്ത്യയിൽ പ്രചാരത്തിലിരുന്ന ഒരു വസ്ത്രമായിരുന്നു. എന്നാൽ ആധുനിക സാരിയുടെയും ബ്ലൗസിന്റെയും ഉത്ഭവം ബംഗാളിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. (സാരി സിന്ധുനദീതട സംസ്കാര കാലത്തുതന്നെ നിലവിലുണ്ടായിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്). വിക്ടോറിയൻ കാലഘട്ടത്തിൽ സത്യേന്ദ്രനാഥ ടാഗോറിന്റെ ഭാര്യയായ ജ്ഞാനദനന്ദിനി ദേബി ടാഗോറാണത്രെ ആധുനിക രീതിയിലുള്ള സാരിയും ബ്ലൗസും രൂപകൽപന ചെയ്തത്.
പരമ്പരാഗത രീതിയിൽ സാരിയുടുത്ത വനിതകൾ (ബംഗാളിലെ ഭദ്രമഹിളകൾ) അടിയിൽ ബ്ലൗസ് ധരിച്ചിരുന്നില്ലത്രെ! അത്തരം യുവതികൾക്ക് ബ്രിട്ടീഷ് ക്ലബുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ വേഷം (സാരിയും ബ്ലൗസും) ജ്ഞാനദനന്ദിനി വികസിപ്പിച്ചെടുത്തത്. ഇത് പിന്നീട് ഒരു പാൻ ഇന്ത്യൻ വസ്ത്രമായി മാറുകയായിരുന്നു. ബ്രിട്ടനിൽനിന്നുള്ള ബ്ലൗസുകൾ ഇന്ത്യൻ വിപണിയെ ദീർഘകാലം പിടിച്ചടക്കിയിരുന്നു എന്നു പറയുമ്പോൾ സാരിയുടെയും ബ്ലൗസിന്റെയും സ്വീകാര്യത മനസ്സിലാക്കാം. ദേശീയപ്രസ്ഥാനകാലത്ത് സാരി സ്ത്രീയുടെ ദേശീയവസ്ത്രമായി ആഘോഷിക്കപ്പെടുകയും ചെയ്തു. ദേശീയതയും കോൺഗ്രസുമെല്ലാം ചേർന്ന് നിർമിച്ച പുതിയ വ്യക്തി/പൗരബോധങ്ങളുടെ പിന്തുണ സാരിക്ക് സ്വീകാര്യത നൽകിയിരുന്നു. രാഷ്ട്രനിർമാണത്തിൽ പങ്കുചേരുക, കുടുംബം പരിപാലിക്കുക, ചാരിത്ര്യം കാത്തുസംരക്ഷിക്കുക തുടങ്ങിയ മൂല്യങ്ങൾ ആധുനിക വിദ്യാഭ്യാസം നേടിയ സ്ത്രീകൾ ആന്തരീകരിച്ചു തുടങ്ങിയ കാലമാണിത്. ആധുനീകരിക്കപ്പെട്ട, എന്നാൽ രാഷ്ട്രത്തിന്റെയോ കുടുംബത്തിന്റെയോ കീഴിൽ മെരുങ്ങിയ, ഒതുങ്ങിയ സ്ത്രീത്വത്തിന്റെ പ്രതീകമായി സാരി വർഗ-ജാതി-മതഭേദമന്യേ അവരോധിക്കപ്പെട്ടു.39
സ്ത്രീകളുടെ പുതിയ വസ്ത്രമായ ചുരിദാർ/സൽവാർ കമ്മീസ് കേരളത്തിൽ അവതരിക്കപ്പെട്ട 1980കളോടെയാണ് സാരിയെ സംബന്ധിക്കുന്ന മഹത്ത്വവത്കരണങ്ങളും കുലീനതാവാദവും പ്രത്യക്ഷപ്പെട്ടത്. (1965ഓടെയാണ് ബോളിവുഡ് സിനിമാരംഗത്ത് ചുരിദാർ ഒരു ഫാഷൻ തരംഗമായി പടർന്നത്. ‘വക്ത്’ എന്ന ചിത്രത്തിലെ നായികാനടിമാരായിരുന്ന സാധന, ഷർമിള ടാഗോർ എന്നിവർ ചുരിദാറണിഞ്ഞ് പ്രത്യക്ഷപ്പെട്ടു. അതോടെ അതൊരു തരംഗമായി). ചുരിദാർ തദ്ദേശീയമല്ല, വിദേശീയവസ്ത്രമാണെന്നും മുസ്ലിം വസ്ത്രമാണെന്നുമൊക്കെയുള്ള ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു. സാരിയുടെ അപരമായി ചിത്രീകരിക്കപ്പെട്ട ചുരിദാർ അശ്ലീലമാണെന്നുപോലും വ്യവഹരിക്കപ്പെട്ടു. 1980കളിലിറങ്ങിയ മലയാള സിനിമയിൽ ചുരിദാർ ഒരു വൃത്തികെട്ട വേഷമാണെന്ന് ഒരു കഥാപാത്രം പറയുന്നുണ്ട്. ധരിക്കാനുള്ള എളുപ്പം, യാത്ര ചെയ്യാനുള്ള സൗകര്യം, എൺപതുകൾ തൊട്ടു ചുരിദാറണിഞ്ഞ നായികാനടിമാരിലൂടെ സൃഷ്ടിക്കപ്പെട്ട ആഗ്രഹചിന്തകൾ തുന്നുന്ന വസ്ത്രങ്ങളിലുള്ള പുതുമ, തുന്നലിന്റെ അനന്ത സാധ്യതകളിലുള്ള ഭ്രമം എന്നിവ ചുരിദാറിനെ ജനകീയമാക്കിയ ഘടകങ്ങളാവാം.40 ശരീരത്തിന്റെ ലിംഗപരമായ വിധേയാവസ്ഥകളിൽനിന്ന് സ്വയം നിർണയത്തിന്റെ പാതയിലേക്ക് മലയാളി സ്ത്രീകൾ സ്വയം ആവിഷ്കരിച്ചു തുടങ്ങിയിരിക്കുന്നു എന്നത് പ്രധാനമാണ്.
ഉപസംഹാരം
വസ്ത്രം ഇന്ന് നാണം മറയ്ക്കാനുള്ള ഒരു ഉപാധി മാത്രമല്ല. ഫാഷന്റെയും പദവിയുടെയും കമ്പോളത്തിന്റെയുമെല്ലാം വലിയ ലോകത്തിന്റെ ഭാഗമായ ഒരു ചരക്കുകൂടിയാണത്. എല്ലാം മറയ്ക്കാൻ കഴിയുന്നപോലെ തന്നെ എല്ലാം വെളിപ്പെടുത്താനും അപാരമായ സാധ്യത വസ്ത്രത്തിനുണ്ട്. ദേശവും മതവും ലിംഗവുമെല്ലാം വേഷത്തിൽനിന്ന് വായിച്ചെടുക്കാം. മുണ്ടുടുപ്പ്, മുൻ കുടുമ, മരുമക്കത്തായം എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് മലയാളിയെ തമിഴനിൽനിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് ‘കേരളപാണിനീയ’ത്തിന്റെ പീഠികയിൽ എ.ആർ. രാജരാജവർമ പ്രസ്താവിക്കുന്നുണ്ട്. ഇവയിൽ മുൻകുടുമ എന്നോ അപ്രത്യക്ഷമായി. മരുമക്കത്തായവും ഇല്ലാതായി. മുണ്ടുടുപ്പും ഏറക്കുറെ പുതുതലമുറ കൈവിട്ട മട്ടാണ്. ഓണത്തിനോ വിശേഷങ്ങൾക്കോ ഉടുത്തെങ്കിലായി. അങ്ങനെ വരുമ്പോൾ മലയാളി അനുദിനം മാറിക്കൊണ്ടിരിക്കുകയാണെന്ന് പറയേണ്ടിവരും. മലയാളത്തനിമ ഏതായാലും വസ്ത്രത്തിന്റെ കാര്യത്തിൽ അവകാശപ്പെടാൻ കഴിയുന്ന ഒന്നല്ല. നാമിന്ന് മലയാളിയുടെ സ്വന്തം വേഷം എന്നു കരുതുന്ന മുണ്ടും ഷർട്ടും, സാരിയും ബ്ലൗസും സർവജനങ്ങളുടെയും വസ്ത്രമായിരുന്നില്ല. അത് ഉപരി ജാതിയിലും ഉപരിവർഗത്തിലും പെടുന്നവരുടെ വസ്ത്രമായിരുന്നു. അത് ഉപരിവർഗക്കാരുടേതെന്ന കാരണത്താൽ സംസ്ഥാന രൂപവത്കരണത്തോടെ നാം അനുകരിക്കുകയായിരുന്നു എന്നു വാദിക്കുന്നവരുണ്ട്.
ആൺ-പെൺ എന്ന നിലയിൽ ലിംഗപരമായി വസ്ത്രത്തെ നെടുകെ പിളർത്തുന്ന ഒരു രീതിയാണ് മലയാളികൾ പിന്തുടർന്നുപോന്നത്. ജാതിപരമായ വിവേചനങ്ങളും വർഗപരമായ സവിശേഷതകളും മലയാളിയുടെ വേഷവിധാനങ്ങളെ നിർണയിച്ചിരുന്നു. ഉൽപാദന ഉപകരണങ്ങൾക്കു മേലുള്ള അവകാശം ഒരു കൂട്ടർ നേടിയെടുക്കുന്നതിനെ തുടർന്നുണ്ടാകുന്ന വർഗസമൂഹം അധികാരം സ്ഥാപിക്കുമ്പോൾ വസ്ത്രധാരണത്തിനുമേലുള്ള അധികാരം സ്ഥാപിക്കൽകൂടിയായി മാറുന്നു. പണി ചെയ്യാനുള്ള ഉപകരണങ്ങളായി ചില വിഭാഗങ്ങളെ കണ്ടപ്പോൾ അവർക്ക് വസ്ത്രധാരണത്തിലും വിലക്കുകൾ ഉണ്ടായി.

കേരളത്തിലെ ജാതിസമൂഹങ്ങളിൽ താഴ്ന്നവർക്ക് വസ്ത്രധാരണത്തിൽ വിലക്കുകൾ ഉണ്ടായിരുന്നു. സ്ത്രീകൾക്ക് മാറു മറയ്ക്കാനുള്ള അവകാശം ഇല്ലാതിരുന്നത് ഇങ്ങനെ സംഭവിച്ചതാണ്. എന്നാൽ അധ്വാനത്തിൽനിന്നും അകറ്റിനിർത്തി വസ്തുവത്കരിച്ച ഉപരിവർഗസ്ത്രീകൾക്ക് വസ്ത്രധാരാളിത്തം നൽകിയാണ് സ്വാതന്ത്ര്യം നിഹനിച്ചത്. അതായത് ശരീരം മൂടിപ്പുതഞ്ഞുവെക്കുക/ മാറുമറയ്ക്കാൻ അവകാശം ഇല്ലാതിരിക്കുക. ഇവ രണ്ടും സ്ത്രീയുടെ വസ്തുവത്കരണവും അടിമവത്കരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.41 മലയാളിയുടെ വേഷത്തിന് ജാതിപരവും ലിംഗപരവും വർഗപരവുമായ മാനങ്ങളുണ്ട് എന്ന് സാരം. വിദേശവസ്ത്രങ്ങൾ കത്തിക്കുകയും ഖദർ/ഖാദി വസ്ത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യാൻ ഗാന്ധിജി ആവശ്യപ്പെട്ടതോടെ വസ്ത്രവും ചർക്കയും ദേശീയപ്രസ്ഥാനത്തിൽ സ്വാതന്ത്ര്യത്തിന്റെയും സ്വദേശിയുടെയും സൂചകങ്ങളായി രാഷ്ട്രീയമായ അർഥങ്ങളും പങ്കുവെച്ചു.
നേരത്തേ സൂചിപ്പിച്ചതുപോലെ, ഓരോ ജാതി-മത വിഭാഗങ്ങളും താന്താങ്ങളുടെ വസ്ത്രധാരണ ചട്ടക്കൂടുകളെ പൊട്ടിച്ചെറിയാൻ ആധുനികത നിർബന്ധിതമാക്കി. പുതുതായി രൂപംകൊണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽശാലകളും ഏകീകൃത വസ്ത്രമാതൃകകൾ നിർബന്ധമാക്കി. ഇതിലൂടെ ജാതി-മത ചിഹ്നങ്ങളെ ഏറക്കുറെ അപ്രത്യക്ഷമാക്കി. ആധുനികതയുടെ മാനവികതയും മതേതര ആശയങ്ങളും പുതിയ ഒരു മനുഷ്യന്റെ പിറവിയെ അടയാളപ്പെടുത്തി. സിനിമയിലും സാഹിത്യത്തിലും മാനവികമൂല്യങ്ങൾ ആഘോഷിക്കപ്പെട്ടു. പുതിയ മനുഷ്യൻ മതത്തിന്റെയും ജാതിയുടെയും കെട്ടുപാടുകളിൽനിന്നും കുതറിത്തെറിക്കാൻ ശ്രമിച്ചു. എന്നാൽ, 1970കളോടെ ആരംഭിച്ച ഗൾഫ് കുടിയേറ്റം വസ്ത്രധാരണത്തിലും ഒട്ടേറെ മാറ്റങ്ങൾക്ക് വഴിമരുന്നിട്ടു. മുസ്ലിം സ്ത്രീകൾ പർദയിലേക്ക് ചുരുക്കപ്പെട്ടതാണ് ഒരു മാറ്റം. ചെറിയ കുട്ടികൾപോലും കണ്ണൊഴികെ മറ്റെല്ലാ ശരീരഭാഗങ്ങളും മറയ്ക്കുന്നതിലേക്കെത്തി. ’80കളിൽ ഉത്തരേന്ത്യയിലും പാകിസ്താനിലും മറ്റും പരിചിതമായിരുന്ന സൽവാർ കമീസ് പാവാടയും ബ്ലൗസും ധരിച്ചിരുന്ന കേരളത്തിലെ പെൺകുട്ടികളുടെ മാത്രം –ഇപ്പോൾ മുതിർന്നവരുടെ മാത്രവും വസ്ത്രമായി. നൈറ്റി എന്നറിയപ്പെട്ട നിശാവസ്ത്രം എല്ലാ സ്ത്രീകളുടെയും സാധാരണ വീട്ടുവസ്ത്രമായി.
ആഗോളവത്കരണം മലയാളിയുടെ വസ്ത്രധാരണത്തെ അടിമുടി മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. രണ്ടാം സഹസ്രാബ്ദത്തോടെ വലിയ മാറ്റങ്ങളാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്. വസ്ത്രം ഏകലിംഗാത്മകമാകുന്നു (Unisex) എന്നതാണ് പ്രധാനപ്പെട്ട ഒരു മാറ്റം. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പാന്റ്സ്/ ജീൻസിലേക്ക് മാറുന്നു. കൂടുതൽ സ്ത്രീകൾ വിദ്യാഭ്യാസത്തിനും ജോലിക്കുമായി യാത്ര ചെയ്തുതുടങ്ങിയതിന്റെ ഭാഗമായാണിത്. വസ്ത്രത്തിലെ ജെൻഡർ ന്യൂട്രാലിറ്റിയായിരുന്നു കേരളത്തിലെ സമീപകാലത്തെ ചർച്ചാവിഷയം. പാശ്ചാത്യരാജ്യങ്ങളിലേതുപോലെ കുഞ്ഞു ഫ്രോക്കുകളും ബർമുഡയും/നിക്കറുകളും വ്യാപകമാവുന്നു. താടിയും മുടിയും പുരുഷന്മാർ പ്രത്യേകരീതിയിൽ നീട്ടിവളർത്തുമ്പോൾ സ്ത്രീകൾ പൊതുവിൽ മുടി വെട്ടിയൊതുക്കുന്ന പ്രവണത കൂടിവരികയാണ്. ഈ പഠനം, നേരത്തേ സൂചിപ്പിച്ചതുപോലെ, ഈ വിഷയത്തിലേക്കുള്ള ഒരു പ്രവേശിക മാത്രമാണ്.
(അവസാനിച്ചു)
കുറിപ്പ്
26. C. Achyuta Menon, pp. 290-91.
27. C. Achyuta Menon, pp. 290-98.
28. സാമുവൽ മെറ്റീർ, ഞാൻ കണ്ട കേരളം, തിരുവനന്തപുരം, 2022 (2010), പു. 309.
29. ഡോ. ഫ്രാൻസിസ് ബുക്കാനൻ, ഫ്രാൻസിസ് ബുക്കാനന്റെ കേരളം, തിരുവനന്തപുരം, 1996, പു. 210-11.
30. ടി.ബി. സെലുരാജ്, ഇന്നലെകളിലെ കോഴിക്കോട്, കോഴിക്കോട്, 2015, പു. 274-75.
31. കെ. ശിവശങ്കരൻ നായർ, ന്യൂ ഹോഫ് കണ്ട കേരളം, തിരുവനന്തപുരം, 1996, പു 51.
32. റോബിൻ ജെഫ്രി, നായർ മേധാവിത്വത്തിന്റെ പതനം, കോട്ടയം, 2003, പു. 82.
33. ഡോ. ബി. ബാലചന്ദ്രൻ, കേരളീയ വസ്ത്രപാരമ്പര്യം, തിരുവനന്തപുരം, 2013, പു. 56-57.
34. ബി. ബാലചന്ദ്രൻ, പു. 57
35. I.V. Babu, The Social, ‘‘Political and Cultural Results of Namboodiri Renaissance’’, Ph.D. dissertation, Dept. of Malayalam, Govt. Brennen College, Thalasseri, 1996.
36. സി. കേശവൻ, പു. 72.
37. കെ.പി. കേശവമേനോൻ, ‘അരനൂറ്റാണ്ടിനു മുമ്പ്’, മാതൃഭൂമി, 1960 ഡിസം. 8; കാണിപ്പയ്യൂർ, എന്റെ സ്മരണകളിൽ ഉദ്ധരിച്ചത്, ഭാഗം 3, പു. 290.
38. സി. കേശവൻ, ജീവിതസമരം, പു. 72-73.
39. ജി. ഉഷാകുമാരി, ശരീരത്തിന്റെ സാമൂഹികഭാവനകൾ, കോട്ടയം, 2022, പു. 17.
40. ചുരിദാറിനെക്കുറിച്ചുള്ള വിശദപഠനങ്ങൾക്കായി കാണുക, ‘ചുരിദാർ: ഫാഷന്റെ ചിഹ്നരാഷ്ട്രീയവും ലിംഗപദവിയും’ ജി. ഉഷാകുമാരി, ശരീരത്തിന്റെ സാമൂഹിക ഭാവനകൾ, കോട്ടയം, 2022, പു. 13-26
41. ഡോ. മിനി എസ്, ഭക്ഷണം വസ്ത്രം ആചാരം, കോഴിക്കോട്, 2023, പു. 593.


