''പാട്ടുകൾക്ക് ചില നിലവാരത്തകർച്ചയുണ്ട്. അത് മ്യൂസിക് ഡയറക്ടറുടെ കുറ്റമല്ല'' -സുജാത സംസാരിക്കുന്നു
നാലര പതിറ്റാണ്ടിലേറെയായി മലയാള, തമിഴ് ഗാനരംഗത്ത് സജീവമായ ഗായിക സുജാതക്ക് 60 വയസ്സ് തികയുന്നു. നിരവധി പ്രിയഗാനങ്ങൾ സമ്മാനിച്ച സുജാത പാട്ടിനെക്കുറിച്ചും ജീവിതവഴികളെക്കുറിച്ചും സംസാരിക്കുന്നു.

യേശുദാസും ജയചന്ദ്രനും പോലെ, ജാനകിയും സുശീലയും പോലെ, ചിത്രയും സുജാതയും നമ്മുടെ ഗാനദ്വയങ്ങളാകുന്നു. ഇത്തരം ഗാനദ്വയങ്ങൾ എപ്പോഴും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. രണ്ടുപേരിലുമുണ്ടാകും സാമ്യവും വൈരുധ്യവും. രണ്ടുപേർക്കും ഉണ്ടാകും വേറിട്ട വ്യക്തിത്വം. ഒരാൾക്ക് ഗാനങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെങ്കിലും ആസ്വാദനത്തിലോ അംഗീകാരത്തിലോ രണ്ടുപേർക്കും വലിയ വ്യത്യാസമുണ്ടാകില്ല.
ഒരു മുൻനിരഗായകനെയോ ഗായികയെയോേപ്പാലെതന്നെ രണ്ടാം ഗായകനോ ഗായികയോ രൂപപ്പെടുന്നതിന് കാലത്തിെൻറ അനിവാര്യതയുണ്ട്. പ്രതിഭ തെളിയിക്കേണ്ട ഒരുപാട് ഘട്ടങ്ങൾ, വെല്ലുവിളികൾ, നിരാശയുടെ, സമരത്തിെൻറ, വാശിയോടെയുള്ള മുന്നേറ്റങ്ങളുടെ, തന്ത്രങ്ങൾ മെനയേണ്ടതിെൻറ, തന്നെത്തന്നെ രൂപപ്പെടുത്തേണ്ടതിെൻറ ഒരുപാട് ഘട്ടങ്ങൾ.
രണ്ടാം നിരക്കാർക്ക് അവഗണനയുടെ ഒരു ചെറുകാലം ഉണ്ടാകും. അവിടെനിന്ന് അതിശക്തമായ ഒരു രണ്ടാം വരവ്. അതിൽപിന്നെ അവരെ പിന്തിരിപ്പിക്കാനോ അവഗണിക്കാനോ ആർക്കും കഴിയില്ല. അങ്ങനെയാണ് ചരിത്രം. അവരുടെ പ്രതിഭയെ നിരസിക്കാൻ ഒരിക്കലും ഇൻഡസ്ട്രിക്കാകില്ല. മുൻനിര ഗായകരെേപ്പാലെ അവർക്കും അതിശക്തമായ ഒരു ആരാധകവൃന്ദമുണ്ടാകും. അെല്ലങ്കിൽ പൊതു ആരാധകരുണ്ടാകും. അവരാണ് ഇവരുടെ ഇൻഡസ്ട്രിയിലെ റേറ്റിങ് നിശ്ചയിക്കുന്നത്.
ഇങ്ങനെയൊരു ചരിത്ര പശ്ചാത്തലത്തിലാണ് മലയാളത്തിെൻറ പ്രിയ ഗായികയായ സുജാതയെയും വിലയിരുേത്തണ്ടത്. അവരുടെ സംഗീതജീവിതം ഇത്തരം ഘട്ടങ്ങളിലൂടെയാണ് കടന്നുവന്ന് പ്രോജ്വലിച്ചതെന്ന് കാണാം. സുജാത മലയാളത്തിെൻറ പ്രിയ ഗായികയാണോ, അതോ തമിഴിെൻറയാണോ എന്ന സംശയവും അസ്ഥാനത്തല്ല. ഒരുപേക്ഷ മലയാളത്തെക്കാൾ അവർക്ക് തമിഴിൽ ആരാധകർ കൂടുതൽ കണ്ടേക്കാം. അതിൽ ആരാധകരെ കുറ്റം പറയാൻ കഴിയില്ല. കാരണം എല്ലാം നിയന്ത്രിക്കുന്നത് ഗാനമേഖലയിലെ ചില കച്ചവട താൽപര്യങ്ങളാണ്.
പ്രബലമായ, സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും സുജാതക്ക് ഒാർമയാകും മുേമ്പ അച്ഛനെ നഷ്ടപ്പെട്ടു. 28ാം വയസ്സിൽ വിധവയാകേണ്ടി വന്ന അമ്മയുടെ നിശ്ചയദാർഢ്യത്തിെൻറയും പരിലാളനയുടെയും തണലിലാണ് കുട്ടിയായ സുജാതയുടെ ജീവിതവും സംഗീതവും രൂപപ്പെടുന്നത്. സംഗീതം പാരമ്പര്യമായി ഉണ്ടായിരുന്നെങ്കിലും ഗാനലോകത്തേക്കുള്ള പ്രവേശനം കുട്ടിക്കാലത്തേ പ്രകടിപ്പിച്ച പ്രതിഭയുടെയും പിന്നെ ഭാഗ്യത്തിെൻറയും ആനുകൂല്യത്തിലായിരുന്നു. നന്നേ ചെറു പ്രായത്തിൽതന്നെ ഗാനഗന്ധർവെൻറ കൈപിടിച്ച് വേദികളിൽ പ്രവേശിക്കാനും ആയിരക്കണക്കിന് ആരാധകരെ വിസ്മയിപ്പിക്കാനും ലഭിച്ച അവസരങ്ങളാണ് ഇൗ ഗായികയെ രൂപപ്പെടുത്തിയത്.
കുട്ടിയായിരിക്കെ കലാഭവനിൽ അംഗമായിരുന്നു. ഒരു മൽസരവേദിയിൽ പാടാനെത്തിയ ആറാം ക്ലാസുകാരിക്ക് അവിടെ മെംബറായതിനാൽ മൽസരിക്കാനാവില്ലെന്ന വിലക്ക് വന്നു; അതും യേശുദാസിെൻറ മുന്നിൽ പാടാനുള്ള അവസരം. ഇത്തരം നിയമാവലികളെക്കുറിച്ചറിയാത്ത കുഞ്ഞു മനസ്സിന് അത് വലിയ വേദനയും വേദിയിലെ കണ്ണീരുമായി. എന്നാൽ താമസിയാതെ ആ കണ്ണീരിന് ഗാനാർച്ചനയുടെ പൂക്കളുതിർക്കാൻ അധികകാലം വേണ്ടിവന്നില്ല. അതൊരു വലിയ വഴിത്തിരിവായി ഒരു ഗായികയുടെ ഭാഗേധയം നിശ്ചയിച്ചു.
അന്നത്തെ പൊട്ടിക്കരച്ചിൽ എല്ലാവരിലും അലിവുണ്ടാക്കി; പ്രത്യേകിച്ചും കലാഭവനിലെ സുജുവിെൻറ ഗുരുക്കന്മാരും യേശുദാസിെൻറ പ്രിയെപ്പട്ടവരുമായിരുന്ന എമിൽ എന്ന ഗിത്താറിസ്റ്റിനും റക്സ് എന്ന വയലിനിസ്റ്റിനും. താമസിയാതെ ഒരിക്കൽ യേശുദാസ് ഫ്ലൈറ്റ് മിസ്സായി എറണാകുളത്തേക്ക് തിരിച്ചു വന്ന അവസരത്തിൽ എമിൽ ദാസേട്ടനെ സുജാതയുടെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന് പാട്ടു കേൾപ്പിച്ചു. ചെറു പ്രായത്തിൽ കുട്ടിയുടെ പ്രതിഭ തിരിച്ചറിഞ്ഞാണ് യേശുദാസ് ആ കൊച്ചുഗായികയെ കൈപിടിച്ച് വേദികളിൽനിന്ന് വേദികളിലേക്കാനയിച്ച് ഗാനാസ്വാദകരുടെ മനസ്സിലേെക്കത്തിച്ചത്. അവിടെ തുടങ്ങുന്നു സുജാത എന്ന ഗായികയുടെ രൂപെപ്പടലിെൻറ ചരിത്രം.
പുകഴ്ത്തുന്നതിൽ പിശുക്കനായ, സ്വഭാവത്തിൽ വളരെ നിഷ്ഠകളുള്ള, ദാസേട്ടനെന്ന മഹാഗായകെൻറ തണലിൽ വാൽസല്യമേറ്റു വളർന്ന കൊച്ചുഗായികയുടെ രൂപപ്പെടലിൽ യേശുദാസ് എന്ന സാന്നിധ്യവും ഒപ്പം സൃഷ്ടിച്ചെടുത്ത ആരാധകവൃന്ദവും സുജാതക്ക് കൂട്ടായി. ഇളയരാജയെ പരിചയപ്പെടുത്തിക്കൊടുത്തു എന്നതൊഴിച്ചാൽ പാട്ടുകളുടെ കാര്യത്തിൽ സുജാതക്ക്് അങ്ങനെ ദാസേട്ടെൻറ സഹായം നേരിട്ടുണ്ടായില്ല. പന്ത്രണ്ടാം വയസ്സിൽ ആദ്യ ഗാനം പാടാൻ കഴിഞ്ഞു. എങ്കിലും പിന്നീടധികം പാട്ടുകളുടെ നിരയിലേക്ക് വന്നില്ല. അർജുനൻമാഷിെൻറ സംഗീതത്തിലായിരുന്നു ആദ്യ ഗാനം പാടിയത്.
എൺപതുകളിൽ ചിത്ര മുൻനിര ഗായികയായി വരുേമ്പാൾ പലപ്പോഴും ഡ്യൂയറ്റ് പാടാനുള്ള ഗായിക മാത്രമായി മിക്ക സംഗീതസംവിധായകർക്കും സുജാത. അത് ഗായികക്ക് വലിയ നേട്ടങ്ങളുണ്ടാക്കില്ലെന്ന് അവർക്ക് അറിയുകയും ചെയ്യുമായിരുന്നു. എന്നാൽ അതായിരുന്നു മലയാളത്തിൽ ഇൗ ഗായികയുെട നിയോഗം.
എസ്. ജാനകിയുടെ പ്രതാപകാലത്തായിരുന്നു ഇത്. ജാനകിയുടെ പിറകേ കൗമാരകാലത്ത് കടന്നുവന്ന ചിത്ര വളരെവേഗം ശ്രദ്ധേയയായി. മലയാളത്തിലും തമിഴിലും അടുത്തടുത്ത് ദേശീയ അവാർഡ് നേടി ചിത്ര അനിഷേധ്യ സാന്നിധ്യമായതോടെ പെൺശബ്ദത്തിലെ സ്വതന്ത്രഗാനങ്ങളൊക്കെ ജാനകിയെയോ ചിത്രയെയോ തേടിപ്പോയി. സുജാത അടക്കമുള്ള മറ്റ് ഗായകർക്ക് ലഭിക്കുന്നത് യുഗ്മഗാനങ്ങൾ മാത്രം.
അക്കാലത്ത് മലയാളത്തിൽ നിരവധി യുഗ്മഗാനങ്ങൾ പാടുകയും ചെയ്തു. ജോൺസൺ മാഷ്, ശ്യാം, എസ്.പി. വെങ്കിടേഷ്, ഒൗേസപ്പച്ചൻ തുടങ്ങിയ മിക്ക സംഗീതസംവിധായകരുടെയും പാട്ടുകൾ. സ്വതന്ത്ര ഗാനങ്ങളില്ലെങ്കിലും തെൻറ സ്വതഃസിദ്ധമായ ശൈലികൊണ്ട് സുജാത വേറിട്ട സാന്നിധ്യമായി. ഇളയരാജയുടെ അധികം പാട്ടുകൾ പാടാൻ കഴിഞ്ഞില്ല. എന്നാൽ റഹ്മാനുമായുള്ള കൂട്ടുകെട്ട് സംഗീതജീവിതത്തിൽ അവിസ്മരണീയമായ മാറ്റമുണ്ടാക്കി.
വിവാഹം കഴിഞ്ഞ് മകൾ ജനിച്ച് പ്രാപ്തിയാകുന്നതുവരെ പാട്ടിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നു. ഏതാണ്ട് പൂർണമായും അകന്നുനിന്ന അവസ്ഥ. ഇക്കാലയളവിൽ പലരും ചിന്തിച്ചു, എവിടെപ്പോയി സുജാത എന്ന ഗായിക എന്ന്. പ്രിയദർശനുണ്ടായ ഇതേ ചിന്തയാണ് സുജാതക്ക് ഒരു രണ്ടാം വരവിന് വഴിയൊരുക്കിയത്. തിരക്കുള്ള ഗായികയാവാൻ സുജാതക്ക് അധികകാലം വേണ്ടിവന്നില്ല. റഹ്മാെൻറ ധാരാളം ജിംഗിളുകൾ പാടി റോജയിലൂടെ തമിഴിലേക്കുള്ള തിരിച്ചുവരവും പിന്നീടുള്ള കുതിച്ചുകയറ്റവും ചരിത്രമാണ്. ഏതാനും സെക്കൻഡുകൾ നീളുന്ന പരസ്യഗാനങ്ങളുടെ ടെക്നിക്കൽ ക്വാളിറ്റിയുള്ള ഹൃദയഹാരിയായ ഇൗണം തേനൂറും ശബ്ദത്തിലും ആലാപനശൈലിയിലൂടെയും സുജാത വ്യത്യസ്തമാക്കി. എന്നാൽ പുറംലോകം തിരിച്ചറിയാതിരുന്ന ഇൗ ശൈലി റഹ്മാെൻറ സിനിമാഗാനങ്ങളിലൂടെ പുറത്തുവന്നപ്പോൾ ആരാധകവൃന്ദത്തിനും തെന്നിന്ത്യൻ സംഗീതലോകത്തിനും രണ്ടു കൈയും നീട്ടി സ്വീകരിക്കാതിരിക്കാനായില്ല. റഹ്മാൻ മാത്രമല്ല, തമിഴിലും തെലുങ്കിലും മലയാളത്തിലും നിറഞ്ഞു നിന്ന മുൻനിര സംഗീതസംവിധായകർക്കൊക്കെ പ്രിയപ്പെട്ട ഗായികയായി സുജാത.
ഇക്കാലയളവിലുണ്ടായ ശൈലീമാറ്റം അതിെൻറ പൂർണാർഥത്തിൽ ഉൾക്കൊള്ളാനും അതേ നിലവാരത്തിൽ പാട്ടുകളിലൂടെ പുറത്തെത്തിക്കാനും ഇൗ ഗായികക്കായി. ഇതേ കാലയളവിൽതന്നെയാണ് മലയാളത്തിലും നിരവധി ജനപ്രിയ ഗാനങ്ങൾ പാടാൻ കഴിഞ്ഞത്. അതിൽ പലതും ഇന്നത്തെ തലമുറക്കും പ്രിയപ്പെട്ടവ തന്നെയായിരുന്നു.
ഒരു ഘട്ടത്തിൽ ദേശീയ അവാർഡിന് ചിത്രയുടെയും സുജാതയുടെയും പാട്ടുകൾ മൽസരിക്കുകയും സാേങ്കതികമായി മാത്രം അവാർഡ് നഷ്ടപ്പെടുകയും ചെയ്ത ഘട്ടം വരെയുണ്ടായി. എന്നാൽ മലയാളവും തമിഴകവും അവർക്ക് മൂന്നു തവണ വീതം സംസ്ഥാന അവാർഡുകൾ നൽകി ആദരിക്കുകയും ചെയ്തു.
പുതിയ തലമുറക്കും പ്രിയപ്പെട്ട സുജാത സോഷ്യൽ മീഡിയയിലും വളരെ ആക്ടിവ് ആണ്. പാട്ടുകൾക്കൊപ്പം അനുകമ്പയാർന്ന േപാസ്റ്റുകൾക്കും ഇടം നൽകുന്നു; മറ്റുള്ളവരെ പ്രമോട്ട് ചെയ്യുന്നതിനും. തെൻറ സംഗീതത്തെപ്പറ്റി സംസാരിക്കുകയാണ് ഇൗ സംഭാഷണത്തിൽ സുജാത.
ലോക്ഡൗൺ കാലം എല്ലാ കലാപ്രവർത്തകരെ സംബന്ധിച്ചും വലിയ പ്രതിസന്ധികളുടെ കാലമായിരുന്നല്ലോ. അത് ഏതാണ്ട് രണ്ടു വർഷേത്താടടുക്കുന്നു. ഒരു ഗായിക എന്ന നിലയിൽ എങ്ങനെയാണ് ഇൗ കാലം?
അഞ്ചാറു മാസത്തോളം എല്ലാവരെയുംപോലെ ലോക്ഡൗണിൽപെട്ട് വെറുെത ഇരുന്നു. ലോകമാകെ ഭീതിവിതച്ച ഒരു കാലമായിരുന്നല്ലോ അത്. എന്നാൽ ശ്വേതയുടെ കുട്ടിയെ പരിപാലിക്കാനൊക്കെ ധാരാളം സമയം കിട്ടി. വേലക്കാരികൾക്ക് വരാൻ കഴിയാത്തതുകൊണ്ട് വീട്ടിലെ കാര്യങ്ങൾ നോക്കണമായിരുന്നു. അങ്ങനെയങ്ങനെ പോയി. പിന്നെ പതിയെ പാട്ടുകൾ വന്നുതുടങ്ങി. എന്നാൽ പോയി പാടാനോ വീട്ടിലിരുന്ന് പാടി അയക്കാനോ കഴിയാത്ത അവസ്ഥ. അങ്ങനെ വീട്ടിലൊരു സ്റ്റുഡിയോ എന്ന ചിന്തയിലേക്ക് വന്നു. പലരും വീട്ടിലിരുന്നു തന്നെ പാടിയ പാട്ടുകൾ സോഷ്യൽ മീഡിയവഴി പുറത്തിറങ്ങി. അങ്ങനെ നമ്മുടെ ഗാനലോകം പതിയെ ഉണർന്നു. പാട്ടുകൾ വന്നപ്പോൾ വീട്ടിലിരുന്നുതന്നെ റെക്കോഡിങ് ചെയ്യാൻ തുടങ്ങി. വീട്ടിൽ അങ്ങനെ ഒരു ചെറിയ സ്റ്റുഡിയോ സെറ്റ് ചെയ്തു. റെേക്കാഡിങ് പഠിച്ചു. അതും പുതുമയുള്ള ഒരനുഭവമായി. സിനിമാ ഗാനങ്ങളൊന്നും ഇപ്പോൾ അങ്ങനെ ചെയ്യുന്നില്ലല്ലോ. കൂടുതലും ഭക്തി ഗാനങ്ങളായിരുന്നു. പത്തു പന്ത്രണ്ടു പാട്ടുകൾ അങ്ങനെ വീട്ടിലിരുന്നു തന്നെ പാടി. പുറത്തെ ശബ്ദത്തിെൻറ പ്രശ്നമുള്ളതിനാൽ രാത്രിയിലാക്കി റെക്കോഡിങ്. റഹ്മാെൻറ സമയമായി ഇപ്പോൾ എനിക്കും!
കുട്ടിയായിരിക്കെ പാടിയ ആദ്യകാല ഗാനങ്ങൾക്കുശേഷം എൺപതുകളിൽ ധാരാളം യുഗ്മഗാനങ്ങളായിരുന്നല്ലോ പാടിയിരുന്നത്. അതിൽ ജോൺസൺ മാഷിെൻറയും ഒൗസേപ്പച്ചെൻറയും എസ്.പി. വെങ്കിടേഷിെൻറയുമൊക്കെ ഗാനങ്ങളുണ്ടായിരുന്നു. എന്നാൽ സോളോ ഗാനങ്ങളുണ്ടായിരുന്നില്ല. ഇതു ഗായിക എന്ന നിലയിൽ ബാധിച്ചിരുന്നില്ലേ?
അക്കാലത്ത് ഞാൻ അധികമൊന്നും പാടിയില്ല. ഇടക്കൊക്കെ ചെെന്നെയിൽ വരുേമ്പാൾ ചിലതൊക്കെ പാടി എന്നതൊഴിച്ചാൽ അങ്ങനെ അധികം പാടിയിരുന്നില്ല. അക്കാലത്തൊക്കെ ഗാനമേളകളായിരുന്നു കൂടുതൽ. ദാസേട്ടെനാപ്പം ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി ധാരാളം ഗാനമേളകൾ. അത്തരത്തിലുള്ള ഗാനമേളകൾ എനിക്ക് ധാരാളം ഗുണം ചെയ്തു. ആരാധകരുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും വിവിധ തരത്തിലുള്ള പാട്ടുകൾ പാടാനുമുള്ള അവസരങ്ങൾ.
ലെജൻററിയായിട്ടുള്ള ഗായികമാരുടെ പാട്ടുകൾ ഗാനമേളവേദികളിൽ പാടുന്നത് ആലാപനത്തെ പല തരത്തിലും സ്വാധീനിക്കും. അത് ആലാപന ശൈലിയിൽ മാറ്റം വരുത്തുകയും ചെയ്യും. എന്നാൽ പാട്ടാണ് എെൻറ വഴി എന്നൊന്നും അന്ന് ചിന്തിച്ചിട്ടില്ല. ചില സംഗീത സംവിധായകരോ മേറ്റാ പ്രത്യേക താൽപര്യത്തിൽ വിളിച്ച് ചില പാട്ടുകൾ തരികയായിരുന്നു അന്നൊെക്ക. '89ൽ 'ചിത്രം' സിനിമ ഇറങ്ങിയ ശേഷമാണ് റെഗുലറായി പാട്ടുകൾ പാടാൻ തുടങ്ങിയത്. ഒരുതരത്തിൽ പറഞ്ഞാൽ ഗായികയായി ഞാനെന്നെ അംഗീകരിക്കുന്നത് അന്നു മുതലാണ്.
ദാസേട്ടെൻറ 'പെറ്റായി' ഗാനമേളകളിൽ നിറഞ്ഞുനിന്നതോടെയാണ് മലയാളികൾ ബേബി സുജാതയെ ഏറ്റെടുത്തത്. ഗായിക എന്ന നിലയിലുള്ള രൂപപ്പെടലിൽ ഇൗ അനുഭവ സമ്പത്ത് എത്രത്തോളം പ്രയോജനപ്പെട്ടു?
ദാസേട്ടൻ സ്ഥിരമായി പ്രോഗ്രാമിന് കൊണ്ടുപോയിരുന്നു എന്നതുതന്നെ വലിയ അംഗീകാരമായിരുന്നു. അന്നൊക്കെ ഗാനമേള കേൾക്കാൻ വരുന്നവർ നല്ല പാട്ടുകൾ കേൾക്കാൻ വരുന്നവരായിരുന്നു. ഇന്നത്തെപ്പോലെ അടിച്ചുപൊളിക്കാൻ വരുന്നവരായിരുന്നില്ല. നല്ല പാട്ടുകൾ ഇരുന്ന് കേൾക്കാൻ വേണ്ടി വരുന്നവരായിരുന്നു. അവർക്ക് പാട്ടുകെളക്കുറിച്ച് നല്ല ധാരണയും ഉണ്ടായിരുന്നു. മലയാളികളുള്ള വേദികളിൽ നമ്മൾ വളരെ സൂക്ഷിച്ചുവേണം പാടാൻ. പാട്ട് ഇരുന്ന് കേട്ട് അതിന് ഉചിതമായ പ്രതികരണം അവർ തരും. അന്ന് സോഷ്യൽ മീഡിയ ഒന്നും ഇല്ലാതിരുന്നത് ഭാഗ്യം എന്നുവേണമെങ്കിൽ പറയാം.
റെക്സേട്ടനെപ്പോലുള്ളവർ ഇപ്പോഴും പറയും സുജു കുട്ടിക്കാലത്ത് എന്തു നന്നായി പാടിയിരുന്നു എന്നൊക്കെ. അെന്നാരു സ്റ്റഫ് ഉണ്ടായിരുന്നു എന്ന്് അങ്ങനെയാണ് തിരിച്ചറിയുന്നത്. പിന്നെ ദാസേട്ടനല്ലേ കൂടെ പാടുന്നത്. അദ്ദേഹത്തിനൊപ്പം ഉയരണമെങ്കിൽ കുറച്ചെങ്കിലും എത്തണ്ടേ. അദ്ദേഹം എന്നെ മോൾഡ് ചെയ്യുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. പ്രശംസ വളരെ കുറച്ച് തരുന്ന ആളുമാണ് അേദ്ദഹം. എെൻറ ടീനേജ് പ്രായത്തിൽ സ്റ്റേജിൽ ഒരച്ഛെൻറ സ്ഥാനത്തു നിന്ന് അദ്ദേഹം നിർദേശങ്ങൾ നൽകുമായിരുന്നു. ശരിക്കും '89 കഴിഞ്ഞാണ് എെൻറ അടിച്ചുപൊളിയൊക്കെ പുറത്തെടുക്കാൻ കഴിഞ്ഞതുതന്നെ.
എൺപതുകളിൽ യേശുദാസ്, എം.ജി. ശ്രീകുമാർ, വേണുഗോപാൽ തുടങ്ങിയ ഗായകർക്കൊപ്പം ധാരാളം ഡ്യൂയറ്റ്സ് പാടിയിരുന്നു. സോേളാ ഗാനങ്ങൾ ലഭിക്കാതിരുന്നതിന് എന്തെങ്കിലും കാരണം ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ടോ?
സോളോ ഗാനങ്ങൾ കിട്ടിയിരുന്നില്ല എന്നുതന്നെ പറയാം. എന്നാൽ അതിെൻറ കാരണം എന്താണെന്ന് എനിക്കറിയില്ല. അതിന് സംഗീതസംവിധായകരാരും മനഃപൂർവം അങ്ങനെ ചെയ്തു എന്ന് ഞാൻ പറയില്ല. സംഗീതസംവിധായകർ ഒരു പാട്ട് ചെയ്യുേമ്പാൾ അവരുടെ മനസ്സിൽ ഒരു ഗായിക ഉണ്ടാകും. അവരുടെ ഗാനം രൂപപ്പെടുത്തി എടുക്കുന്നതും ആ ഗായികയുടെ കഴിവും ശബ്ദരീതികളും ഒക്കെ മനസ്സിൽ കരുതിയായിരിക്കും. അതാർക്കും ചോദ്യംചെയ്യാനാവില്ല. അത് ഇൻഡസ്ട്രിയുടെ പൊതു സ്വഭാവമാണ്. അന്ന് ചിത്ര നിറഞ്ഞുനിൽക്കുന്ന കാലമാണ്. എന്നെ അവഗണിച്ചു എന്നൊക്കെയുള്ള പല്ലവികളിൽ ഞാൻ വിശ്വസിക്കുന്നില്ല. അതേസമയം നല്ല പാട്ടുകൾ പാടാമായിരുന്നു. അതൊരു സമയം. സമയവും ഭാഗ്യവും ഇക്കാര്യത്തിൽ വലിയ ഘടകമാണ്. എനിക്ക് നല്ല സമയം വന്നപ്പോൾ നല്ല പാട്ടുകൾ കിട്ടുകയും അത് വലിയ ഹിറ്റുകളാകുകയും ചെയ്തു എന്നതാണ് ചരിത്രം.
മകളുടെ ജനനത്തിനുശേഷമായിരുന്നു പിന്നെയൊരു തിരിച്ചുവരവ് നടത്തിയത്, അല്ലേ?
പ്രിയദർശനാണ് എനിക്ക് വലിയ ബ്രേക്ക് സമ്മാനിക്കുന്നത്. ബേബി സുജാതയായി നിറഞ്ഞുനിന്ന ഞാൻ എൺപതുകളുടെ തുടക്കത്തിൽ ഇങ്ങനെ വിട്ടുനിൽക്കുന്നതിൽ വിഷമം തോന്നിയാണ് 'കടത്തനാടൻ അമ്പാടി'യിൽ എനിക്ക് പ്രിയൻ പാട്ട് തന്നത്. രാഘവൻ മാഷായിരുന്നു സംഗീതസംവിധായകൻ. അന്ന് സ്റ്റുഡിയോയിൽ ഞാൻ വിറച്ചതുപോലെ ജീവിതത്തിൽ ഒരിക്കലും വിറച്ചിട്ടില്ല. അതിനുശേഷമാണ് കണ്ണൂർ രാജൻ മാഷിെൻറ 'ചിത്രം' വരുന്നത്. 'കടത്തനാടൻ അമ്പാടി'യെക്കാൾ മുേമ്പ 'ചിത്ര'മാണ് റിലീസാകുന്നത്. അതുകൊണ്ടുതന്നെ 'ചിത്ര'മാണ് വലിയ ബ്രേക്ക് തന്നത് എന്നു പറയാം. 'ചിത്രം', 'ആര്യൻ', 'വന്ദനം', 'മുത്തശ്ശിക്കഥ' തുടങ്ങി മിക്ക പ്രിയൻ സിനിമകളിലും പാട്ടുകളുണ്ടായിരുന്നു.
പ്രിയൻ എന്നെ സ്വന്തം സഹോദരിയെേപ്പാലെയാണ് കണ്ടത്. എന്നാൽ എന്തെങ്കിലും പരിഗണനെവച്ചായിരുന്നില്ല, ഞാൻ നന്നായി പാടുന്നു അതാണ് മാനദണ്ഡമെന്നാണ് പ്രിയൻ പറഞ്ഞിരുന്നത്. കഴിവുള്ളവർ വീട്ടിലിരിക്കാൻ പാടില്ല എന്ന് പ്രിയൻ പറയുമായിരുന്നു. 'ചിത്ര'ത്തിലെ പാട്ടുകൾ റെക്കോഡ് ചെയ്യുന്ന കാലത്താണ് ഇൻഡസ്ട്രിയിൽ പലരും ഇങ്ങനെയൊരു ഗായികയെപ്പറ്റി രണ്ടാമത് ഒാർക്കുന്നതെന്ന് തോന്നുന്നു. ഇപ്പോഴും പാടുന്നു എന്ന് പലരും തിരിച്ചറിഞ്ഞു. അത് കരിയറിലെ എടുത്തുപറയാവുന്ന ഒരു രണ്ടാം ഇന്നിങ്സാണ്. തുടർന്നും കൂടുതലും ഡ്യുയറ്റ്സ് ആയിരുന്നു കിട്ടിയിരുന്നത്. ജോൺസേട്ടെൻറയും ഒൗസേേപ്പട്ടെൻറയുമൊക്കെ പാട്ടുകൾ.
റഹ്മാെൻറ വരവോടെ തൊണ്ണൂറുകളിൽ പാട്ടിൽ കാതലായ ചില മാറ്റങ്ങൾ വന്നു. ഇക്കാലത്ത് ആലാപനശൈലിയിൽ കാര്യമായ മാറ്റം വരുത്തിയിരുന്നോ..?
ശരിക്കും റഹ്മാെൻറ കൂടെ പാട്ടുകൾ ചെയ്തു തുടങ്ങിയപ്പോഴാണ് ഗായിക എന്ന നിലയിൽ എനിക്ക് കൂടുതലായി സംഭാവനകൾ ചെയ്യാൻ കഴിഞ്ഞത്. അതിന് മുമ്പത്തെ രീതി സംഗീത സംവിധായകർ പറയുന്നത് അതുപോലെ പാടുക എന്നതായിരുന്നു. എന്നാൽ റഹ്മാൻ ഇൗ രീതിയിൽ കാതലായ മാറ്റം കൊണ്ടുവന്നു. ഗായകർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകിയിട്ട് അവരിൽനിന്ന് അവരുടെ ബെസ്റ്റ് പുറത്തുകൊണ്ടുവരിക എന്ന രീതി. അത് തികച്ചും വ്യത്യസ്തമായിരുന്നു. പാടുേമ്പാൾ, മറ്റെന്തെങ്കിലുംകൂടി ട്രൈ ചെയ്യൂ എന്ന് റഹ്മാൻ പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ നമ്മുടെ സംഭാവനക്കുള്ള സാധ്യത കൂടുന്നു. നമുക്ക് ആലാപനത്തിലൂടെ സംഗീത സംവിധായകനൊപ്പംതന്നെ പാട്ടിന് സംഭാവന നൽകാൻ കഴിയുന്നു. യഥാർഥത്തിൽ ഹസ്കി ആയ ശൈലി നേരേത്ത ജാനകിയമ്മ ഉപേയാഗിച്ചിരുന്നു. അത് കുറച്ചുകൂടി വ്യക്തമായി പിന്നീടുള്ള കാലം ഉപയോഗിക്കുകയായിരുന്നു.
നമ്മുടെ ഉള്ളിൽതന്നെ നമ്മളറിയാത്ത ഒരു പാട്ടുകാരി ഉെണ്ടന്നും അത് പരീക്ഷിക്കാൻ കഴിയുമെന്നും നമ്മൾ തിരിച്ചറിയുന്നത് അപ്പോഴാണ്. എപ്പോഴും റഹ്മാൻ ഇങ്ങനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. അതു തന്നെയാണ് പിന്നീടു വന്ന മറ്റുപലരും പിന്തുടർന്നതും. ഗായിക എന്ന നിലയിൽ നമുക്കുണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ ആലാപനത്തെ രൂപപ്പെടുത്തേണ്ടിയിരുന്നു. അത് നിലനിൽപിെൻറ ഭാഗംകൂടിയാണ്. എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ...
ശരിക്കും അത്തരത്തിൽ പാട്ടിെൻറ സംസ്കാരത്തിൽതന്നെയുള്ള െപാളിച്ചെഴുത്തായിരുന്നു ഇൗ റഹ്മാൻ രീതി. പഴയകാലത്തിൽ നിന്ന് ആ കാലത്തേക്ക് പ്രവേശിച്ചപ്പോൾ എന്തുേതാന്നി..?
ശരിക്കും എെൻറ രണ്ടാം പാട്ടുകാലം ആ കാലഘട്ടത്തിലാണ് ആരംഭിക്കുന്നത്. അതുെകാണ്ടുതെന്ന അതൊരു പുതിയ കാര്യമായി തോന്നിയില്ല. യഥാർഥത്തിൽ ആലാപനത്തിെൻറ ബേസിക്സ് മാറുന്നില്ല. ചെറിയ ഒരു ശൈലീമാറ്റമാണ് സംഭവിക്കുന്നത്. ഞാൻ സുശീലാമ്മയുടെ ഒരു വലിയ ആരാധികയാണ്. ആ ഗാനശൈലി എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഒപ്പം അക്കാലത്തെ എല്ലാ പ്രമുഖ ഗായികമാരുടെ ആലാപന ശൈലിയും. പ്രത്യേകിച്ചും ആശാ ഭോസ്ലെയുടെ ശൈലി. എനിക്ക് ഇവരുടെയൊക്കെ ഗാനങ്ങൾ ധാരാളമായി ഗാനേമളകളിൽ പാടേണ്ടി വന്നത് വലിയ അനുഭവസമ്പത്തായിരുന്നു. വൈവിധ്യമാർന്ന ഗാനങ്ങൾ പാടാൻ കഴിഞ്ഞത് പ്രൊഫഷനൽ ആലാപനത്തിൽ വലിയ ഗുണം ചെയ്തു. ആ പാട്ടുസംസ്കാരം ഉൾെക്കാണ്ടതിനാൽ ഇപ്പോൾ ജഡ്ജായി പോയിരിക്കുേമ്പാൾ പാട്ടിെൻറ ചെറിയ പോയൻറുകൾ പോലും പറഞ്ഞുകൊടുക്കാൻ കഴിയുന്നു.
ഇക്കാലത്ത് തമിഴിലും മലയാളത്തിലും പല പുതിയ ഗായികമാരും എത്തിയിരുന്നു. ആധുനിക ടെക്നോളജിയോട് ചേർന്നുനിൽക്കാനുള്ള ടെക്നിക് എന്തായിരുന്നു ആലാപനത്തിൽ വരുത്തിയത്?
എെൻറ പ്ലസ് പോയൻറ്സ് എനിക്ക് തോന്നുന്നത് എക്സ്പ്രഷൻ കൂടുതലായി നൽകാൻ ശ്രമിക്കുന്നു എന്നതാണ്. എനിക്ക് കുറെ നെഗറ്റീവ് പോയൻറുകളുണ്ട്. അത് പ്രകടിപ്പിക്കാതെ പ്ലസ് പോയൻറ്സ് കാണിക്കുക എന്നതാണ് പ്രൊഫഷനൽ രീതി. അത് മ്യൂസിക് ഡയറക്ടേഴ്സ് മനസ്സിലാക്കി അത്തരത്തിലുള്ള പാട്ടുകൾ തരുകയും െചയ്തു. അതായിരുന്നു ഒരു ഭാഗ്യം.
ആലാപനത്തിലെ റോൾ മോഡൽ ആരായിരുന്നു; ഏറ്റവും സ്വാധീനിച്ചിട്ടുള്ള ഗായികയും?
എെൻറ ശബ്ദത്തിന് ഏറ്റവും േയാജിക്കുന്ന പാട്ടുകൾ എനിക്ക് പാടാൻ ഏറ്റവും ഇഷ്ടം ആശാ ഭോസ്ലെയുടെ പാട്ടുകളാണ്. സ്റ്റേജിൽ പാടുേമ്പാൾ ഏറ്റവും കൂടുതൽ ആളുകൾക്ക് ഇഷ്ടപ്പെടുന്നത് അവരുടെ ഗാനങ്ങളായിരുന്നു. എന്നാൽ ഞാൻ മനസ്സിലാരാധിക്കുന്നതും ഏറ്റവും ഇഷ്ടമുള്ളതുമായ ഗായിക സുശീലാമ്മയാണ്. ലോകത്തിലേറ്റവും ഇഷ്ടമുള്ള ശബ്ദം സുശീലാമ്മയുടേതാണ്. അവരുടെ ഭ്രാന്തമായ ഒരാരാധികകൂടിയാണ് ഞാൻ. എന്നാൽ ജാനകിയമ്മയുടെ ടെക്നിക്സ് അറിയാതെ വന്നിട്ടുണ്ട്. ധാരാളം പാട്ടുകൾ കേൾക്കുകയും പാടുകയും ചെയ്തതിലൂടെ വന്നതാണ് ആ സ്വാധീനം. അതുപോലെ എല്ലാ സീനിയർ ഗായികമാരുടെയും ആലാപന ശൈലി നമ്മളിലുണ്ടാകും. എൽ.ആർ. ഇൗശ്വരിയെപ്പോെലയുള്ള വലിയ ഗായികമാരുണ്ട്. എെന്താരു റേഞ്ചുള്ള ഗായികയാണവർ. എന്നാൽ മലയാളത്തിൽ അവരുടെ കഴിവ് കാര്യമായി ഉപേയാഗിച്ചിട്ടില്ല എന്നതാണ് സത്യം. ആശാജിയുടെ എനർജി വലിയ സ്വാധീനംതന്നെയാണ്.
ധാരാളം സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടല്ലോ. അവരുടെ സ്വാധീനം എങ്ങനെയായിരുന്നു?
ഒൗേസേപ്പട്ടൻ എെന്ന ഒരുപാട് ഹെൽപ് ചെയ്തിട്ടുണ്ട്. ജോൺസേട്ടൻ വളരെ സീരിയസ് സ്വഭാവമായിരുന്നു. പാടിത്തരുന്നത് അതുപോലെ പാടുക എന്നതായിരുന്നു അദ്ദേഹത്തിെൻറ രീതി. എന്നാൽ ഒൗസേേപ്പട്ടൻ പല സ്റ്റൈലുകളും പരീക്ഷിക്കുകയും അതനുസരിച്ച് പറഞ്ഞുതരുകയും ചെയ്യും. കൂടെ നിന്ന് ഇങ്ങനെ പാടണം എന്നൊക്കെ അദ്ദേഹം പറഞ്ഞുതരുമായിരുന്നു. ചെറിയ സംഗതികളൊക്കെ വയലിനിൽ വായിച്ച് പാടിക്കുമായിരുന്നു. പിന്നെ വിദ്യാസാഗർ. എനിക്ക് ഏറ്റവും നല്ല പാട്ടുകൾ തന്നത് വിദ്യാസാഗറാണ്. എെൻറ മാനസഗുരുവായിത്തന്നെ അദ്ദേഹത്തെ കാണുന്നു. മലയാളത്തിൽ എന്നെ എസ്റ്റാബ്ലിഷ് ചെയ്തുതന്നയാളാണ് വിദ്യാജി. കൂടാതെ എല്ലാ ഭാഷയിലും എനിക്ക് ഏറ്റവും കൂടുതൽ പാട്ടുകൾ തന്നിട്ടുള്ളതും വിദ്യാജിയാണ്.
നമ്മളെ വേദനിപ്പിക്കാതെ ശാസിക്കുന്ന ഗുരുനാഥനെപ്പോലെയാണ്. അദ്ദേഹത്തിെൻറ ഒരു ചിരിയുണ്ട്. അതു കള്ളച്ചിരിയാണ്. നമ്മൾ വിചാരിക്കും നന്നായി പാടിയതുകൊണ്ടാണെന്ന്. എന്നാൽ ആ ചിരിയുടെ അർഥം വീണ്ടും പാടണം എന്നാണ്. നമ്മളിലുള്ള ബെസ്റ്റ് കൊണ്ടുവരാൻ അേദ്ദഹത്തിനറിയാം. ബേണി ഇഗ്നേഷ്യസിെൻറ പാട്ടുകൾ അധികമൊന്നും പാടിയിട്ടില്ലെങ്കിലും ചില ഒാണപ്പാട്ടുകൾ പാടിയത് ഇന്നും നല്ല ഒാർമയായി നിൽക്കുന്നു. അദ്ദേഹം ൈഹപിച്ച് പാടുന്നതിെൻറ ഒരു ടെക്നിക്കൊക്കെ എനിക്ക് പറഞ്ഞുതന്നിരുന്നു. ഇത്തരത്തിൽ പല ടെക്നിക്കൽ ക്വാളിറ്റിയുള്ള ധാരാളം പേരുടെകൂടെ ജോലി ചെയ്തിട്ടുണ്ട്. എല്ലാവരും ഒരു അനുഭവപാഠമാണ്.
2000ത്തിനുശേഷം ധാരാളം പുതുതലമുറക്കാർ രംഗത്തുവന്നു. എന്നാൽ അവർ ചില പുതിയതരം പാട്ടുകളുമായാണ് വന്നത്. അവരുടെ പാട്ടുകളും അതേ സാംസ്കാരികവ്യതിയാനത്തോടെ പാടാൻ സുജാതക്ക് കഴിയുന്നു?
പിന്നീടു വന്ന ഒരുനിര സംഗീതസംവിധായകരിൽ എം. ജയചന്ദ്രൻ ഞാൻ വളരെ ഇഷ്ടപ്പെടുന്നയാളാണ്. അദ്ദേഹത്തിെൻറ നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്. എന്നെക്കാൾ വളരെ ജൂനിയറാണ്. അദ്ദേഹം നല്ല ഗായകൻകൂടിയാണ്. അതുെകാണ്ടുതന്നെ പാട്ടുകൾ കൃത്യമായി പാടിത്തരും. അൽഫോൺസിെൻറ നല്ല ഗാനങ്ങൾ പാടിയിട്ടുണ്ട്. ദീപക്ദേവ്, ബിജിബാൽ, രാഹുൽരാജ് തുടങ്ങിയ പുതിയ പലരുടെയും പാട്ടുകൾ പാടിയിട്ടുണ്ട്.
ഒരു വലിയ വിഭാഗം ആളുകൾ ഇപ്പോൾ ആധുനിക സിനിമാഗാനങ്ങളിൽനിന്ന് അകലുന്നതായി തോന്നുന്നു. പെണ്ടാക്കെ കുടുംബം ഒന്നായിട്ടായിരുന്നു പുതിയ പാട്ടുകൾ ആസ്വദിച്ചിരുന്നത്. ഇന്ന് പാട്ടുകൾ വന്നുപോകുന്നതല്ലാതെ മൊത്തത്തിലുള്ള സ്വീകാര്യത കിട്ടുന്നില്ല. ഇൗ പുതുകാലം ഒരു വലിയ കോംപറ്റീഷെൻറ കാലവുംകൂടിയാണോ?
കോംപറ്റീഷൻ ആയി എനിക്ക് തോന്നുന്നില്ല. ഏറ്റവും നല്ല സമയമായിട്ടാണ് എനിക്ക് തോന്നുന്നത്. എന്നാൽ പാട്ടുകൾക്ക് ചില നിലവാരത്തകർച്ചയുണ്ട്. അതിന് ഞാൻ ഒരു മ്യൂസിക് ഡയറക്ടറെയും കുറ്റം പറയില്ല. കാരണം അവർക്ക് എപ്പോഴും നല്ല പാട്ടുകൾ ചെയ്യാനാണ് താൽപര്യം. സംഗീതസംവിധായകർ നിസ്സഹായരാണ്. സിനിമയുടെ സിറ്റുവേഷനുവേണ്ടി സംവിധായകരുടെ താൽപര്യത്തിനു വഴങ്ങുകയാണവർ. സിനിമയുടെ കഥ ഡെവലപ് ചെയ്യുന്നതാണ് പല പാട്ടുകളിലും. പേക്ഷ ചില സിനിമയുടെ സിറ്റുവേഷനിൽ നിർമാതാക്കൾ ഇത്തരത്തിലുള്ള പാട്ടുകൾ വേണമെന്ന് നിർബന്ധിച്ചിട്ടാണ് ഒരേ ഫോർമാറ്റിലുള്ള പാട്ടുകൾ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. നല്ല പാട്ടുകൾ അവരിൽനിന്ന് ഉൽപാദിപ്പിച്ചെടുക്കാൻ നല്ല സംവിധായകരും നിർമാതാക്കളും ഉണ്ടെങ്കിൽ തീർച്ചയായും നല്ല ഗാനങ്ങളുണ്ടാകും. അങ്ങനെ ഉണ്ടാകുന്നുമുണ്ട്. ഉദാഹരണമായി അടുത്തകാലത്തിറങ്ങിയ 'അമ്പിളി'യിലെ പാട്ടുകൾ.
ഇന്ന് ഒരുപാട് നല്ല ഗായകർ വരുന്നുണ്ട്. അവർക്കൊക്കെ നല്ല പാട്ടുകൾ കിട്ടുന്നില്ലേല്ലാ എന്ന സങ്കടമാണെനിക്ക്. നല്ല പാട്ട് കിട്ടിയാലല്ലേ കുട്ടികൾക്ക് അവരുടെ ടാലൻറ് കാണിക്കാൻ കഴിയൂ. പക്ഷേ, അവർക്ക് അവരുടെ കഴിവുകൾ തെളിയിക്കാനുള്ള നല്ല അവസരമാണ് ഇപ്പോഴത്തെ യൂട്യൂബും ഫേസ്ബുക്കും മറ്റും. സ്വന്തമായി ഒരു പാട്ട് പാടി മ്യൂസിക് ഡയറക്ടർമാർക്ക് അയച്ചുകൊടുക്കാനൊക്കെ എെന്തളുപ്പമാണ്. അതുകൊണ്ട് പുതിയ കുട്ടികൾ ഇത്തരം സാധ്യതകൾ കൂടുതലായി ഉപയോഗിക്കുകയാണ് വേണ്ടതെന്നാണ് എനിക്ക് പറയാനുള്ളത്. കവേഴ്സ് വഴി പഴയ പാട്ടുകൾ വീണ്ടും പാടുന്നതിലല്ല, പുതിയ പാട്ടുകൾ പാടുകയാണ് അഭികാമ്യം. അതിനേ യഥാർഥ അംഗീകാരമുണ്ടാകൂ എന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ കവേഴ്സ് വഴിയും ഒരു കഴിവു കാണിക്കാം.
പാട്ടിലൂടെ കഥ വികസിക്കുന്ന സമ്പ്രദായം തുടങ്ങിവെച്ചത് ഭരതനും പത്മരാജനുെമാക്കെയായിരുന്നല്ലോ, അവരുടെ സിനിമയിലെ ഗാനങ്ങളെല്ലാം ഇന്നും ലൈവായി നിൽക്കുന്നവയാണ്...
അതാണ് ഞാൻ പറഞ്ഞത് സംവിധായകരുടെ സംഗീതബോധമാണത്. ഭരതേട്ടനും പത്മരാജനും കമൽസാറും മറ്റും സംഗീതസംവിധായകരോട് ഏതെങ്കിലും റഫറൻസ് കൊടുത്തിട്ടായിരുന്നില്ല പ്രവർത്തിച്ചിരുന്നത്. അവർ നല്ല മെലഡിയുള്ള പാട്ടുകൾ കണ്ടെത്തിയെടുക്കുകയായിരുന്നു. അതൊക്കെ നല്ലതുപോലെ ചിത്രീകരിക്കുകയും ചെയ്തു. ''വരമഞ്ഞളാടിയ'' എന്ന ഗാനം തന്നെ വെറും ഒരു കവിതയായി ട്യൂൺ ചെയ്താൽ മതിയായിരുന്നു. അല്ലെങ്കിൽ അടിപൊളിയായി ചെയ്യാമായിരുന്നു. എന്നാൽ അതിെൻറ സംവിധായകൻ വിദ്യാജിയിൽനിന്ന് അത്ര മനോഹരമായ ഒരു ട്യൂൺ സൃഷ്ടിച്ചെടുത്തതുകൊണ്ടും അത് മനോഹരമായി ചിത്രീകരിച്ചതുംകൊണ്ടാണ് ഇന്നും പ്രിയപ്പെട്ട ഗാനമായി അത് തുടരുന്നത്.
പഴയകാല ക്ലാസിക്കൽ ഗാനങ്ങളുടെ കവർ േവർഷൻ യഥാർഥത്തിൽ ഗാനങ്ങളെ വളർത്തുകയാണോ, തളർത്തുകയാണോ?
ചിലതൊക്കെ വളരെ നന്നാകുന്നു. ചിലതുകേട്ടാൽ തല്ലുകൊടുക്കാൻ തോന്നുന്നവയുമുണ്ട്. ഞാൻ മിക്കതും കേൾക്കാറുണ്ട്. പഴയ പാട്ടുകളെ നിലനിർത്താൻ ഇത് ഉപകരിക്കുന്നു എന്നാണ് തോന്നുന്നത്.
ശരത്തിെൻറ പാട്ടുകൾ പാടിയിട്ടുണ്ടല്ലോ...
ശരത്തിെൻറ പാട്ടുകൾ പാടാൻ ചിത്രതന്നെ വേണം. ശരത്തിെൻറ കുറച്ച് സിംപിളായ പാട്ടുകൾ ഞാൻ പാടിയിട്ടുണ്ട്; ''എെൻറ സിന്ധൂരരേഖയിലെങ്ങോ'', ''താളമയഞ്ഞു'', ''വാലിൻമേൽപൂവും'', പിന്നെ തേച്ചാളി വർഗീസ് ചേകവരിലെ അങ്ങനെ പലതും. എന്നാൽ ശരിക്കും ശരത്തിെൻറ പാട്ടുകൾ പാടാൻ ചിത്രതന്നെ വേണം. വളരെയധികം സംഗതികളുള്ള പാട്ടുകളാണ്. എനിക്ക് സഹോദരനെപ്പോലെ സ്നേഹമാണ് ശരത്തിനോട്.
തെലുങ്കിൽ ധാരാളം പാട്ടുകൾ പാടിയിട്ടുണ്ടല്ലോ?
അതെ. അടുത്തകാലത്ത് ഗായകരുടെ സംഘടനയായ 'ഇസ്ര' ഒരു കണക്കുവേണമെന്ന് പറഞ്ഞപ്പോഴാണ് ഞാൻ തെലുങ്ക് പാട്ടുകളുടെ ലിസ്റ്റ് എടുത്ത് നോക്കിയത്. എത്രയധികം പാട്ടുകളാണ് പാടിയിട്ടുള്ളത്. അതിൽ എത്ര ഹിറ്റ് ഗാനങ്ങളുണ്ട്. പക്ഷേ, അതിെൻറ ഇംപാക്ട് ഒന്നും അന്ന് നോക്കിയിട്ടില്ല. സ്റ്റുഡിയോയിൽ പാടിയശേഷം അതേപ്പറ്റി ചിന്തിക്കുന്നില്ല. അവിടെ േപ്രാഗ്രാമുകൾക്കും അങ്ങനെ പോകാഞ്ഞതുെകാണ്ടാണ് അതൊക്കെ അറിയാതെ പോയത്. മകൾ വളർന്നശേഷം അങ്ങനെ ദൂരെയുള്ള പ്രോഗ്രാമുകൾ ഒഴിവാക്കുമായിരുന്നു. ഞാൻ വീടുമായി വളരെ അറ്റാച്ച്്ഡ് ആണ്. അതുകൊണ്ടങ്ങനെ ൈദവം സഹായിച്ച് ജീവിതം നന്നായി പോകുന്നു.
തെലുങ്കിൽ അങ്ങനെ ഇൻറർവ്യൂകളും വന്നിട്ടില്ല. ഞാൻ തെലുങ്ക് പഠിക്കാനൊട്ട് മുതിർന്നിട്ടുമില്ല. ഹിന്ദിയിൽ വളെര കുറച്ചേ പാടിയിട്ടുള്ളൂ. എല്ലാം ഇവിടെത്തന്നെ റെക്കോഡ് ചെയ്തവയാണ്. മുംബൈയിൽ പോയി പാടിയത് പ്രിയെൻറ സിനിമയിലെ ''റഫ്താ റഫ്താ...'' എന്ന പാട്ടാണ്, അത് ഹിറ്റായിരുന്നു.