വഴിയമ്പലം

രംഗം 01(രാത്രി. വാച്ച്മാൻ അടിച്ചുവാരി വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. അരികിൽ വൃദ്ധൻ) വാച്ച്മാൻ: വൃത്തിയും വെടിപ്പും ഇല്ലാത്ത ജാതി, മനുഷ്യനെ കഷ്ടപ്പെടുത്താൻ. വൃദ്ധൻ: (അടിച്ചുകൂട്ടിയ സഞ്ചിയിൽനിന്ന് സിഗരറ്റ് കുറ്റി പെറുക്കി) സിഗരറ്റ് കണ്ടിട്ട് ഇന്നലെ ഇവിടെ വന്നവർ നിലയും വിലയുമുള്ള കൂട്ടരാണെന്നുതോന്നുന്നു. (തീപിടിപ്പിക്കുന്നു) വാച്ച്മാൻ: നിലയും വിലയും, അവനവന്റെ നിലയും വിലയും അവനവന്റെ വീട്ടിൽ വെച്ച് കാണിക്കണം. ഇതുമാതിരി പലരും കയറി ഇറങ്ങുന്ന ഒരു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
രംഗം 01
(രാത്രി. വാച്ച്മാൻ അടിച്ചുവാരി വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. അരികിൽ വൃദ്ധൻ)
വാച്ച്മാൻ: വൃത്തിയും വെടിപ്പും ഇല്ലാത്ത ജാതി, മനുഷ്യനെ കഷ്ടപ്പെടുത്താൻ.
വൃദ്ധൻ: (അടിച്ചുകൂട്ടിയ സഞ്ചിയിൽനിന്ന് സിഗരറ്റ് കുറ്റി പെറുക്കി)
സിഗരറ്റ് കണ്ടിട്ട് ഇന്നലെ ഇവിടെ വന്നവർ നിലയും വിലയുമുള്ള കൂട്ടരാണെന്നുതോന്നുന്നു.
(തീപിടിപ്പിക്കുന്നു)
വാച്ച്മാൻ: നിലയും വിലയും, അവനവന്റെ നിലയും വിലയും അവനവന്റെ വീട്ടിൽ വെച്ച് കാണിക്കണം. ഇതുമാതിരി പലരും കയറി ഇറങ്ങുന്ന ഒരു പൊതുസ്ഥലത്തല്ല കാണിക്കേണ്ടത്. ഇങ്ങോട്ടുവരീൻ (അകത്തേക്ക് ചൂണ്ടിക്കാണിച്ച്) ഇന്നുച്ചക്ക് വെയിലത്ത് രണ്ടുരണ്ടര നാഴിക നടന്നു താഴത്ത് അങ്ങാടീപോയി വാങ്ങിച്ചുകൊണ്ടുവന്നതാണ് ഈ കിടക്കുന്ന ഇറച്ചിയും മീനുമൊക്കെ. നാറീട്ടടുത്തൂടാ.
വൃദ്ധൻ: ചിലരങ്ങിനെയാണ്. കുറച്ചകത്തേക്ക് കഴിച്ചാൽ അതിന്റെ ഇരട്ടി പുറത്തേക്ക് തുപ്പും. എന്നാൽ ഒരു കാര്യമുണ്ട് ഓലെകൊണ്ട് ഉപദ്രവമുണ്ടാകില്ല. പുറത്തേക്കെടുത്താൽ പിന്നൊരുത്തീല് തലചായ്ച്ച് കെടന്നോളും. ഒച്ചിം അനക്കുമില്ലാതെ. ന്നാ വേറെ ചില ജാതിയുണ്ട്, ഒരു മിന്ന് ഇറക്കിയാമതി നോക്കണ്ട പിന്നെ, പാട്ടും കളീം തൊള്ളിം വിളിം.
വാച്ച്മാൻ: പത്തുമുപ്പത്തഞ്ച് കൊല്ലമായില്ലെ ഞാനിതിന്റെകത്ത്. അതിന്റിടക്ക് പല രാജ്യത്തും പോയി പണിയെടുത്ത് പല ജാതി ആളുകളുമായിട്ട് പെരുമാറി മനുഷ്യന്മാരെപ്പറ്റി കൊറച്ചൊക്കെ എനിക്കുമറിയാം. മര്യാദയുള്ളവൻ എന്തുതിന്നാലും എന്തുകുടിച്ചാലും മര്യാദയായിട്ട് തന്നെ പെരുമാറും. കുടിച്ചാൽ വയറ്റിൽ കെടക്കണം.
വൃദ്ധൻ: അത് നിങ്ങൾ പറഞ്ഞത് ശരിയാ. കുടിച്ചാ പള്ളേ കിടക്കണം. എന്റെ ആയുസ്സിനിടയിൽ അങ്ങിനത്തെ ഒരാളെ ഞാൻ കണ്ടിട്ടുള്ളൂ. ഫോറസ്റ്റ് ഓഫിസർ കുഞ്ഞിക്കണ്ണൻ നായർ. ഇവിടെനിന്നാൽ അവിടെ തൊടും. നല്ല വീട്ടിത്തടിപോലത്തെ ശരീരം.
രംഗം 2
ടി.ബിയുടെ വരാന്ത. ശിപായിയും വാച്ച്മാനും മുറിയിൽനിന്ന് വരുന്നു.
വാച്ച്: (ശബ്ദം കുറച്ച്) നിങ്ങളെ ആപ്പീസറ് കുറെ കടുപ്പമാണെന്ന് തോന്നുന്നല്ലോ.
ശിപാ: പുതുതായി മാറ്റം വന്നതാണ്. വെട്ടൊന്നു കണ്ടം രണ്ട് എന്ന മട്ടാ. ഇതിനുമുമ്പ് പല ഇഞ്ചിനീയർമാരെയും കണ്ട പരിചയമുണ്ടാകും വാച്ച്മേന്. അതുപോലെ ഇങ്ങോരുടെ അടുത്ത് പെരുമാറണ്ട.
വാച്ച്: കണ്ടാൽ വലിയ ദൈവവിചാരമൊക്കെയുള്ള ആളാണെന്ന് തോന്നും.
ശിപാ: അതാണ് കുഴപ്പം. അയാൾക്ക് ചിരിക്കാൻപോലും അറിയില്ല. രണ്ടാഴ്ച മുമ്പാണ് നെല്ലിക്കാട്ട് ടി.ബിയിലെ വാച്ച്മേനെ ഡിസ്മിസ് ചെയ്തത്.
വാച്ച്: കാരണം?
ശിപാ: ഇങ്ങേരവിടെ ചെന്നപ്പം അടുത്തമുറിയിൽ വേറെ ആളുകളുണ്ടായിരുന്നു.
വാച്ച്: അതുകൊണ്ടെന്താ?
ശിപാ: ആ മുറിയിൽ ഒരു പെണ്ണുമുണ്ടായിരുന്നു.
വാച്ച്: ങ്ഹാ...
ശിപാ: പെണ്ണുങ്ങളുടെ മണമല്ലെ. ഇങ്ങോരത് മണത്തറിഞ്ഞു. പെൺകുട്ടികളെ ടി.ബിയുടെ ചുറ്റുവട്ടത്ത് അടുപ്പിക്കണ്ട. പോണതുവരെ വേറെയാർക്കും റൂമ് കൊടുക്കയും വേണ്ട.
(മുറിയുടെ അകത്തുനിന്ന് കനത്ത ശബ്ദത്തിൽ വിളി... പ്യൂൺ.)
ശിപാ: സേർ- (വിളികേട്ട് ഓടുന്നു)
(വാച്ച്മാൻ ആ ഒഴിവിൽ വരാന്തയിലിട്ട മേശയും കസാലകളും ചുമലിലെ മുണ്ടെടുത്ത് പൊടിതട്ടുകയാണ്. അപ്പോഴാണ് ചേക്കുട്ടി വിവരമറിയാതെ പ്രവേശിക്കുന്നത്).
ചേക്കുട്ടി: അല്ലാ, ഗൊപ്യെന്ന വല്ലതും ആണോ?
വാച്ച്: മിണ്ടല്ല പഹയാ. (അകത്തേക്ക് ചെന്നു)
ചേക്കു: ആരാ?
വാച്ച്: എക്സിക്യുട്ടീവ് ഇൻജിനീയർ.
ചേക്കു: അതായത് ഇങ്ങളെ രാജാവ്.
വാച്ച്: ചേക്കുട്ടിക്ക. അയാള് പോണത് വരെ നിങ്ങളെ ഇങ്ങോട്ടു കാണരുത്. എന്റെ ചോറ്റില് മണ്ണുവാരി ഇടരുത്.
ചേക്കു: ഇഞ്ചനീയറായാലും മനുഷ്യനല്ലെ അയാള്.
വാച്ച്: മനുഷ്യന്മാരേ ഇഞ്ചനീയർമാരാവൂ. എന്നാൽ ഇയാൾ അതല്ലാന്നാ പറയുന്നത്.
ചേക്കു: അന്ന് വന്ന ആ നേന്ത്രപഴം പോലത്തെ മനുഷ്യനല്ലെ.
വാച്ച്: അല്ലടോ. ഇത് കൈപ്പക്ക പോലത്തെ ഒരു സാധനാ. വർത്തമാനം പറഞ്ഞുനിൽക്കാതെ നീ പോണ് ണ്ടോ ഇവടുന്നു.
ചേക്കു: വന്ന സ്ഥിതിക്ക് ഒന്നു കണ്ടളാന്നു വിചാരിക്കായനി. എല്ലാർക്കും ബേണ്ടപ്പെട്ടൊരാളല്ലെ. ഞമ്മളെകൊണ്ട് കയ്യ്ണ വല്ല സഹായവും...
വാച്ച്: ആർക്ക്?
ചേക്കു: പണ്ടൊക്കെ ഇഞ്ചനീയർമാരെ മൂത്താപ്ലമാരു വന്നാലും ഈ ചേക്കുട്ടികോയനെ ഒയിച്ച്കളയില്ലായ്നി. ഗോപാലമേനോൻ ഇഞ്ചനീയർ വന്നാൽ ആദ്യംചോയിക്ക്യ ഇന്നേണ്. അയാളും പോയി ആ കാലും പോയി.
വാച്ച്: അതുകൊണ്ടുതന്നേണ് പറഞ്ഞത് സ്ഥലം വേഗം ഒഴിവാക്കൂന്ന്.
(ശിപായി വരുന്നു)
ശിപാ: ആരാ സംസാരിക്കുന്നതെന്ന് ചോദിക്കുന്നു.
ചേക്കു: എന്നോേടാ.
ശിപാ: വാച്ച്മാൻ –അങ്ങോർക്കിതൊന്നും ഇഷ്ടമല്ല. കാമൻകൊയറ്റ് എന്നാണ് ആഫീസറും കൂടി പറയാറ്.
ചേക്കു: കമാന്ന് മിണ്ടിപോവരുതെന്ന്.
വാച്ച്: (ചേക്കുട്ടിക്കയെ പിടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നു. തിരിച്ചുവരുന്നു.)
ശിപാ: അപ്പഴേ ഞാനിവിടെ ഉണ്ടാവില്ല. ഇവടുന്ന് രണ്ട് നാഴിക അപ്പുറത്താ എന്റെ അമ്മാവന്റെ വീട്. പതുക്കെ ഒന്നു ചോദിച്ച് നോക്കി.
വാച്ച്: സമ്മതിച്ചിരിക്കും അല്ലെ.
ശിപാ: അങ്ങനെ ഒരബദ്ധം അങ്ങോർക്ക് പറ്റിയിരിക്കുന്നു. അതുകൊണ്ട് വേണ്ടതുപോലെയൊക്കെ ശ്രദ്ധിച്ചോളണം. ഞാൻ പോവുകയാ.
(പോകുന്നു)
(എന്തുചെയ്യണമെന്നറിയാത്ത വിഷമത്തിലാണ് വാച്ച്മാൻ. വാതിൽക്കലേക്ക് നോക്കുന്നു. അൽപം അടുക്കുന്നു. ധൈര്യമില്ലാത്തതുപോലെ തിരിച്ചുവരുന്നു. നിമിഷങ്ങൾക്കുശേഷം ഇഞ്ചനീയർ വാതിൽക്കലിൽ പ്രത്യക്ഷപ്പെടുകയാണ്. വാച്ച്മാൻ ഒരു ഭാഗത്തേക്ക് വണക്കത്തോടെ മാറിനിൽക്കുന്നു. ഇഞ്ചനീയർ വന്നു ചുറ്റുപാടും നോക്കുന്നു. എന്നിട്ടുവന്നു കസാലയിൽ പൊടിയുണ്ടോയെന്ന് കൈകൊണ്ട് തൊട്ടുനോക്കുന്നു.)
വാച്ച്: നല്ലപോലെ തുടച്ചിട്ടുണ്ട്.
എഞ്ചിനീയർ: ങും. (ഇരിക്കുന്നു, മുകളിലേക്ക് നോക്കുന്നു)
എത്ര കൊല്ലമായി?
വാച്ച്: ഇരുപത്.
എഞ്ചി: സമ്പാദിച്ച്വോ?
(വാച്ച്മാന് മനസ്സിലായില്ല)
എന്താ കേട്ടില്ലെ?
വാച്ച്: (വിനയത്തോടെ) മനസ്സിലായില്ല.
എഞ്ചി: മനസ്സിലാവില്ല... ഒരു ടി.ബിയെന്നു പറഞ്ഞാൽ എന്താണന്നറിയാം.
വാച്ച്: അറിയാം.
എഞ്ചി: ഒരു രോഗമാണ്.
വാച്ച്: സാർ മുസാരി ബംഗ്ലാവെന്നു പറഞ്ഞാൽ യാത്രക്കാർക്ക് തങ്ങാൻ...
എഞ്ചി: എന്നെ പഠിപ്പിക്കയാണോ?
വാച്ച്: പൊറുക്കണം സാർ.
എഞ്ചി: അടുത്ത മുറികളിൽ.
വാച്ച്: ഇന്നിവിടെ വേറെയാരുമില്ല.
എഞ്ചി: കൊടുക്കാതിരുന്നതായിരിക്കും.
വാച്ച്: ആരും വന്നില്ല സാർ.
എഞ്ചി: ഈ ടി.ബി വളരെ സൗകര്യമുള്ളതായിരിക്കും.
വാച്ച്: വരുന്നവർക്ക് വേണ്ടതൊക്കെ ചെയ്തുകൊടുക്കുന്നുണ്ട്.
എഞ്ചി: അറിയാം.
വാച്ച്: ഒരു കംപ്ലയിന്റും ഇന്നേവരെ.
എഞ്ചി: നിന്റെ സാമർഥ്യം.
വാച്ച്: സേർ തെറ്റിദ്ധരിക്കരുത്.
എഞ്ചി: ടി.ബി എന്നപേര് പരിശുദ്ധമാണ് അറിയാമോ?
വാച്ച്: അറിയാം.
എഞ്ചി: അറിഞ്ഞാൽ പോര. അതുപോലെ സൂക്ഷിക്കുകയും വേണം. എന്റെ റൂമിൽ പോയി ആ വാഷ്ബെയ്സിന്റെ മൂലക്ക് എന്താണിരിക്കുന്നതെന്ന് നോക്കൂ... ങും... വേഗം....
(വാച്ച്മാൻ പോകുന്നു. ഇഞ്ചനീയർ ഇരുട്ടിലേക്കെന്നോണം സൂക്ഷിച്ചുനോക്കുന്നു. പുറത്തേക്കാണ്. അപ്പോഴേക്കും വാച്ച്മാൻ വരുന്നു.)
എഞ്ചി: ങും എന്താ?
വാച്ച്: ഒരു മുടിപ്പിന്നവിടെ കണ്ടു.
എഞ്ചി: അതെങ്ങനെ അവിടെവന്നു. ഡിസ്മിസ് എന്നുപറഞ്ഞാൽ എന്താണർഥമെന്നറിയാമോ?
വാച്ച്: സേർ. എനിക്കെന്റെ കുടുംബം പുലർത്താൻ ഈ ഒരു ജോലിയേയുള്ളൂ.
എഞ്ചി: ടി.ബി ദുരുപയോഗപ്പെടുത്തുന്ന ജോലിയായിരിക്കും.
വാച്ച്: എന്നെപ്പറ്റി ഇവിടെ ആരോട് ചോദിച്ചാലും അറിയാം.
എഞ്ചി: അതെ. ഇനി ഞാനത് അന്വേഷിക്കണം.
വാച്ച്: സാർ.
എഞ്ചി: ഇവിടെ സിഗററ്റ് കിട്ടുമോ?
വാച്ച്: അത് കിട്ടുമെന്നാ തോന്നുന്നത്.
എഞ്ചി: എന്താ ഒരു തോന്നൽ...
വാച്ച്: കിട്ടും സാർ.
എഞ്ചി: എവിടുന്നാണെടോ നിങ്ങക്കീ പെൺകുട്ടികളെയൊക്കെ കിട്ടുന്നത്.
വാച്ച്: ഈ ടി.ബിയിൽവെച്ച് അങ്ങനെയൊന്നും നടക്കാറില്ല സേർ.
എഞ്ചി: എന്നാലും ഈ ദേശത്ത് അതൊ
െക്ക ഉണ്ടെന്നർഥം.
(എഞ്ചിനീയർ പുറത്തേക്ക് നോക്കി).
എഞ്ചി: ആരാ അവിടെ?
(വാച്ച്മാൻ എഞ്ചിനീയറുടെ പിന്നിൽനിന്നു കൊണ്ടു പൊയ്ക്കോളൂ എന്ന് ആംഗ്യം കാണിക്കുന്നു)
എഞ്ചിനീയർ: ഇങ്ങോട്ടുവരാൻ.
(ചേക്കുട്ടിക്കോയ ഭയഭക്തിയോടെ പ്രവേശിക്കുന്നു)
എന്താ ആ ഇരുട്ടിൽ ഒളിഞ്ഞുനിൽക്കുന്നത്?
വാച്ച്: ഇവിടെ അടുത്തുള്ളതാ.
ചേക്കുട്ടി: ചേക്കുട്ടി കോയാന്നു വിളിക്കും.
എഞ്ചി: എന്തുവേണം?
ചേക്കുട്ടി: ഒന്നും വേണ്ട. എഞ്ചിയരെവിടുന്നാണെന്നു പറഞ്ഞുകേട്ടു.
എഞ്ചി: (വാച്ച്മാനോട്) സിഗരറ്റ് വാങ്ങിച്ച് കൊണ്ടുവരൂ, കാശ് തരാം (അകത്തേക്ക് പോകുന്നു).
വാച്ച്: നിന്നോടെല്ലെ ഞാനിവടുന്നു പോകാൻ പറഞ്ഞത്.
ചേക്കുട്ടി: നിങ്ങള് പറയുംപോലല്ലെ, ഇയാള് ആള് നേല്ലാനാ.
വാച്ച്: പറഞ്ഞത് കേട്ടില്ലെനീ.
ചേക്കുട്ടി: അതുകൊണ്ടുതന്നേണ് പറീണതും.
വാച്ച്: നരിയാണ്.
ചേക്കു: ന്നാലും കടിക്കൂന്ന് തോന്നുന്നില്ല.
വാച്ച്: അബദ്ധമൊന്നും പറഞ്ഞുപോകല്ല.
ചേക്കുട്ടി: വരണ് ണ്ട്, മുണ്ടല്ലീ.
(എഞ്ചിനീയർ വന്ന് സിഗരറ്റിന് കാശ് കൊടുത്തു)
ചേക്കുട്ടി: കുഞ്ഞമ്മദിന്റെ പൂട്യ പൂട്ടിട്ടുണ്ടാവൂല. ഔടെക്കാണും സിഗരറ്റ്.
(വാച്ച്മാൻ പോകുന്നു)
എഞ്ചി: ഈ ടി.ബിയെ പറ്റി എന്താ അഭിപ്രായം?
ചേക്കുട്ടി: നല്ലഭിപ്രായാ. ഒരിക്കെ വന്നുപോയോലൊക്കെ പിന്നിം പിന്നിം വരും. അത്തര നല്ല അഭിപ്രായാ.
എഞ്ചി: നിനക്കെന്ത് ജോലി?
ചേക്കുട്ടി: അങ്ങിന പറയത്തക്ക പണിയൊന്നും ഞമ്മക്കില്ല. ഇവിടെ വര്ണോലെ സേവിച്ച് അങ്ങനെ അങ്ങട്ടുകയ്യലാണ്.
എഞ്ചി: വരുന്നവർക്ക് വേണ്ട സൌകര്യങ്ങൾ ചെയ്തുകൊടുക്കും.
ചേക്കുട്ടി: എല്ലാ മുറീലും കൂടി അഞ്ചട്ട് ആള് വന്നാൽ വാച്ച്മേന്റെ കൂട്ടത്തില് ഒരര വാച്ച്മേനങ്ങട്ടാകും. അവിടുന്ന് മറച്ചൊന്നും വിചാരിക്കരുത്.
എഞ്ചി: സത്യം പറയാറുണ്ടോ?
ചേക്കു: അത്യാവശ്യം.
എഞ്ചി: ഈ വാച്ച്മാൻ ആളൽപം കുഴപ്പമാണ്.
ചേക്കു: അവിടുന്നു അതുമാത്രം പറയരുത്. ഇങ്ങിനത്തെ ഒരു ടി.ബിക്കാരനെ തിരിയിട്ടു നോക്ക്വാ കാണാൻ കിട്ടൂല.
എഞ്ചി: എന്ന് നിങ്ങൾ പറയും.
ചേക്കു: ഔടുന്ന് വിചാരിക്കുംപോലല്ല. ഇബടെ ബരുന്നോരെപ്പറ്റി കടുമണിന്റെ സംശയണ്ടായാ മതി. ഓലിക്ക് പിന്നെ ടി.ബിയില്ല. അത്ര സിസ്റ്റമാ.
അയിനിടക്ക് ചോയിക്കാൻ മറന്നു...
അവിടുന്ന് വല്ലതും കയിച്ചോ?
(എഞ്ചിനീയർ അൽപം ആശയോടെ നോക്കുന്നു). എങ്കിലും ചേക്കുട്ടി ഞാൻ പറഞ്ഞത് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കയാണെന്നു സംശയിക്കുന്നു.
ചേക്കുട്ടി (ഭയത്തിൽ) അല്ല അവിടുന്നു...
എഞ്ചി: എവിടുന്നെടോ...
ചേക്കുട്ടി: വിശപ്പിന്ന് വല്ലതും കഴിച്ചോന്നാ ചോദിച്ചത്...
എഞ്ചി: വന്നിട്ട് കുറച്ച് നേരമായി. ഈ വാച്ച്മാൻ അങ്ങിനെ ഒരു ചോദ്യം എന്നോടു ചോദിച്ചില്ല. വേണ്ടതൊക്കെ കിട്ടുമോ ഇവിടെ.
ചേക്കുട്ടി (സംശയത്തിൽ) വേണ്ടതൊക്കെന്ന് പറഞ്ഞാൽ...
എഞ്ചി: ജീവിക്കുന്ന ഒരു മനുഷ്യന് വേണ്ടതൊക്കെതന്നെ.
ചേക്കുട്ടി: അവിടുന്നിങ്ങ് പറഞ്ഞാ മതി.
നല്ലതു വല്ലതും കിട്ടണമെങ്കിൽ മൂന്നാല് നാഴിക പോകേണ്ടി വരും. എന്നാലും വേണ്ടില്ല. അങ്ങാടിയിലെ നല്ല ഹോട്ടലുണ്ടാവുള്ളൂ.
എഞ്ചി: ഞാൻ ഊൺ കഴിച്ചാണ് വന്നത്.
ചേക്കുട്ടി: എന്നാപിന്നെ നേരം ഇച്ചിരിയായി ഞാൻ പോട്ടെ, പിന്നെ ഇവടന്നു ഞമ്മളെ വാച്ച്മേനെ തെറ്റിദ്ധരിക്കരുത്. അയാളോ അല്ലെങ്കി ഞാൻ തന്നെയായി, ഒരു വേണ്ടാത്തനം നടത്താൻ മൂപ്പരു സമ്മതിക്കൂല. (എഞ്ചിനീയർ നിശ്ശബ്ദനാണ്)
നമ്മള് പോട്ടെ.
എഞ്ചി: ഗെറ്റ് ഔട്ട്.
ചേക്കുട്ടി: അള്ളോ റബ്ബെ.
എഞ്ചി: ഗെറ്റ് ഔട്ട്.
എന്താ കേട്ടില്ലേ?
ചേക്കുട്ടി: കേട്ടു- ഔട്ടായിക്കോളാം.
(എഞ്ചിനീയർ അസ്വസ്ഥതയോടെ നടക്കുന്നു)
എഞ്ചി: (സ്വയം) കൊള്ളാവുന്ന ഒരൊറ്റ മൃഗങ്ങളില്ല.
വാച്ച്: (ഭയത്തോടെ) എന്തായിരുന്നു ആവോ.
എഞ്ചി: എല്ലാവരും ചേർന്ന് ഒരു കൂട്ടുകമ്പനിയാണ്.

വാച്ച്: സാർ അങ്ങ് പറയുന്നതുപോലെ.
എഞ്ചി: എനിക്ക് മനസ്സിലാക്കാൻ കഴിവുണ്ട്. ഇതൊരു ഗവമ്മണ്ട് ഏർപ്പാടാണ്. ഇവിടെ നിങ്ങളുടെ തെമ്മാടിത്തം ശ്രദ്ധിക്കേണ്ടവൻ ഞാനാണ്. എവിടെ സിഗരറ്റ്?
(നീട്ടുന്നു, വാങ്ങുന്നു)
എഞ്ചി: നീ വിചാരിക്കുന്ന ആളല്ലാ ഞാൻ. ഞാനും മനുഷ്യനാണ്.
വാച്ച്: അല്ലെന്ന് പറഞ്ഞ്ല്ല.
എഞ്ചി: അങ്ങിനെ പറഞ്ഞാൽ പോര...
വാച്ച്: പിന്നെന്ത് വേണാവോ?
എഞ്ചി: മനസ്സിലാക്കണം. ഞാൻ നിന്റെ മേലധികാരിയാണ്.
വാച്ച്: അവിടുന്ന് തുറന്നുപറയാഞ്ഞാൽ...
എഞ്ചി: ഞാൻ നിന്റെ മേലധികാരിയാണ്. നിന്നോടെനിക്ക് എല്ലാവരെയുംപോലെ പറയാമോ –ചോദിക്കാമോ. I here to keep my status.
(ഒരു സിഗരറ്റ് കത്തിക്കുന്നു. വാച്ച്മാൻ അന്ധാളിച്ച് നിൽപ്പാണ്).
എഞ്ചി: ഈ വിജനമായ സ്ഥലത്ത് ഒറ്റക്ക് ഞാനിവിടെ കിടക്കണം.
വാച്ച്: ഞാനിവിടെ പുറത്ത് കിടന്നോളാം.
എഞ്ചി: തലയിൽ കളിമണ്ണായിരിക്കും. എടോ താനിവിടെ വരുന്നവർക്ക് ചെയ്തുകൊടുക്കുന്ന സൗകര്യമുണ്ടല്ലോ.
വാച്ച്: ങ്ഹാ സേർ.
എഞ്ചി: അതെനിക്കും വേണം. പണം വേണമെങ്കിൽ വാങ്ങന്നതിന്നു മടിക്കയൊന്നും വേണ്ട.
വാച്ച്: സാർ പറയുന്നത്...
എഞ്ചി: ങാ അതുതന്നെടോ...
ഇത്രയും കൊല്ലങ്ങൾ ഒരു ടി.ബി വാച്ച് മേനായിരുന്നിട്ട് മലയാളം പറഞ്ഞാൽ മനസ്സിലാവില്ല. മേലധികാരികളെ സംതൃപ്തി നിന്നെപോലെയുള്ള കീഴുദ്യോഗസ്ഥന്മാർക്കാവശ്യമാണ്. ങും വേഗം പോയിട്ട് വരൂ. എവിടെ സിഗരറ്റ് കൊണ്ടുവന്നത്... ങാ എന്റെ കൈയിൽ തന്നല്ലെ.
വാച്ച്: സാർ...
എഞ്ചി: ങും...
വാച്ച്: ഞാൻ...
എഞ്ചി: നിനക്കൊക്കെ പേടിക്കാനുള്ളത് ഞാനാണ് –ഞാനാണ് പറയുന്നത്.
വാച്ച്: സാർ, ഇന്നെവരെ ഈ ടി.ബിയുടെ പരിശുദ്ധി ഞാൻ സൂക്ഷിച്ചു സേർ –ഇന്നായിട്ടു, ഇല്ലസാർ, ഇല്ല സാർ –എന്നെ ഡിസ്മിസ് ചെയ്തോളൂ സാർ –എന്നെ ഡിസ്മിസ് ചെയ്തോളൂ സാർ.
രംഗം 3
പ്രഭാതം. നാടകസംഘത്തിലെ മാനേജർ രംഗത്തേക്ക് പ്രവേശിക്കുന്നു. ബുഷ്ഷർട്ടിന്റെ പോക്കറ്റിൽ കടലാസുകൾ നിറച്ച് വീർത്തുനിൽക്കുന്നു. കക്ഷത്ത് പ്ലാസ്റ്റിക് ബേഗ്. രംഗത്ത് കള്ളിമുണ്ടുടുത്ത് ബീഡിയും പുകച്ച് നിൽക്കുന്ന നടനെ ഈർഷത്തോടെ നോക്കി ഒരു കസേരയിലിരിക്കുന്നു. തെല്ലിട നിശ്ശബ്ദം.
നടൻ: എന്തേയ് –വന്നില്ലെ.
മാനേജർ: വന്നാ നിനക്ക് കണ്ടൂടെ. ഞാൻ ട്രൗസറിന്റെ പോക്കറ്റിലിട്ട് നടക്കോ.
നടൻ: ഇനി ഇപ്പം ഏതാ ബസ് വരാൻള്ളത്?
മാനേജർ: ബസ്സിന്റെ കാര്യം ഒന്നും പറയണ്ട. നേരം വെളുത്ത് കോട നീങ്ണേയ്ന്റെ മുമ്പെ ഞാൻ എണീറ്റ് പോയതാ –ഇതുവരെ ബസ്സ് സ്റ്റാന്റില് നിൽക്കായിരുന്നു.
നടൻ: എന്നിട്ട് ബസ്സ് വന്നില്ലെ...
മാനേജർ: ബസ്സ് വന്നതോണ്ട് കാര്യായോ അയാള് വരണ്ടെ...
നടൻ: ഇനി ഇപ്പം എന്താ ചെയ്യ്ണ്?
മാനേജർ: ചെയ്യേണ്ടതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. അങ്ങിനെ ഒരുത്തൻ എന്നെ തോൽപിക്കാൻ കഴിയൂന്ന് വിചാരിക്കേണ്ട.
നടൻ: (സംശയം) മേനോൻ ഇല്ലാതെ.
മാനേജർ: മേനോനെ ഞാൻ ഇല്ല്യാതീക്കിയതല്ലല്ലോ (പോക്കറ്റിൽനിന്ന് ഇൻലന്റ് നീട്ടി) വായിച്ച് നോക്ക്, എന്തു തന്നെയായാലും കാലത്തെ ബസ്സിൽ ഞാൻ അവിടെ എത്തിക്കോളാന്നാ എഴുതിയത്.
നടൻ: വരാന്ന് പറഞ്ഞാൽ വരാതിരിക്ക് ണ ആളല്ല. ഇനി എന്തോ എനിക്കറിയില്ല.
മാനേജർ: എനിക്കറിയാ –ഞാൻ നിങ്ങളെയൊക്കെയെടുത്ത് തലയില് വെച്ച്. ചോദിക്കുമ്പം ചോദിക്കുമ്പം അഞ്ചും പത്തും തന്നു. അതിന്റെ കേടാ. എനിക്കിതൊന്നും ഇല്ലെങ്കിലും ജീവിക്കാൻ കഴിയും. വാസുവിന് മനസ്സിലായോ. ഞാനിത് കൊണ്ടുവാരാന്നാ നിങ്ങളെ വിചാരം. എന്റെ കഷ്ടും ബുദ്ധിമുട്ടും എനിക്കറിയാ.
നടൻ: ഇപ്പം അതൊക്കെ പറയുന്നതെന്തിനാ...
മാനേജർ: നാളത്തേക്ക് നീട്ടിവെക്കാൻ പറ്റാത്തതുകൊണ്ട്.
(ചേക്കുട്ടി പ്രവേശിക്കുന്നു)
ചേക്കുട്ടി: ഇങ്ങളെ കൂട്ടത്തില് വന്നോരാണന്ന് തോന്നുന്നു. ചിലര് താഴോട്ടെറെങ്ങി പോണത് കണ്ട്.
മാനേജർ: താഴോട്ട് ഇറങ്ങി പോവ്വേ? എന്നോട് ചോദിക്കാതെ, അവരോട് പുറത്തുപോകാൻ ആരാ പറഞ്ഞത്...
നടൻ: ഇവിടെ കുളിമുറിലും മറ്റും വെള്ളല്യ –അതന്വേഷിച്ച് പോയതാന്ന് തോന്നുന്നു.
മാനേജർ: വെള്ളല്യെ -ഹേയ് ഇങ്ങള് ഇവടുത്തെ ആളാ.
ചേക്കുട്ടി: ഞാനിവട അടുത്തുള്ളത് തന്ന്യാ എന്തേയ്...
മാനേജർ: രാവിലെ അത്യാവശ്യം നടക്കണ്ടെ, വെള്ളമില്ലാഞ്ഞാലെങ്ങിനെ?
ചേക്കുട്ടി: വെള്ളത്തിന്റെ ആള് ഞാനല്ല. അത് ഇവിടത്തെ വാച്ച് മേനാ.
മാനേജർ: അയാളെവിടെ?
ചേക്കുട്ടി: പൊരെ പോയിട്ടുണ്ടാകും. ഇവിടടുത്താണ് പൊര. (ദൂരെ ചൂണ്ടി) അതാ ആ കാണുന്നതാ -ഇപ്പം വരും.
മാനേജർ: എവിടെ ചെന്നാലും കൊത്തും കൊളത്തും തന്നെ നാശം.
ചേക്കുട്ടി: നിങ്ങള് എവടള്ള കൂട്ടരാണ്.
മാനേജർ: (ഈർഷ കലർന്ന സ്വരം) ഞങ്ങൾ കുറച്ച് വടക്കാ (പുസ്തകം എടുത്ത് എന്തോ കുറിക്കുന്നു)
ചേക്കുട്ടി: ഇവിടെ തോട്ടത്തിലേക്ക് വന്നതാ.
നടൻ: ഞങ്ങൾ നാടകസംഘക്കാരാണ്.
ചേക്കുട്ടി: ഓ- അത് ശരി, ഇന്നലെ രാത്രി കാറില് സ്പീക്കറ് പിടിപ്പിച്ച് വിളിച്ച് പറഞ്ഞ് പോയീനി സായ്പിന്റെ തോട്ടത്തില് നാടകണ്ട്ന്ന്. ഇങ്ങളൊക്കെ കളിക്കാരാണല്ലെ.
മാനേജർ: കർട്ടൻ കെട്ട്ണ ഗോപാലന്ന് ഇയ്യ് ഇന്നലെ എന്താ കൊടുത്തത്. അഞ്ചുറുപ്പികയല്ലെ?
നടൻ: അതെ.
മാനേജർ: പിന്നെ എന്താ വാങ്ങിയത്...
നടൻ: ഗിൽറ്റ് പേപ്പറ് വാങ്ങീട്ട്ണ്ട്.
മാനേജർ: എന്ത് ഗിൽറ്റ്.
നടൻ: ബാബർ സായിപ്പിന്റെ തൊപ്പിക്ക്.
മാനേജർ: അതൊക്കെ ഒട്ടിച്ചോ?
നടൻ: ഇല്ല ഒട്ടിക്ക്യാ.
മാനേജർ: ഒട്ടിക്ക്യാ പറ്റിക്ക്യാന്ന് പറഞ്ഞിരിക്യാണ്. സമയം എത്രയായീന്നറിയോ. 9 കഴിഞ്ഞ്. ഉള്ള പണി അങ്ങ് ചെയ്ത് വെക്കാ –ഗിൽറ്റ് എത്രക്കാ വാങ്ങിയത്...
നടൻ: അൻപതു പൈസാ.
ചേക്കുട്ടി: എന്താ നിങ്ങളെ കളീന്റെ പേര്.
നടൻ: ചരിത്ര നാടകമാണ്. പഴശ്ശിരാജാ അഥവാ കേരള കേസരി.
ചേക്കുട്ടി: ഇവിടെ മുമ്പേ നാടകം നടത്തുന്ന സ്ഥലാ. പത്തുമുപ്പത്തഞ്ചു കൊല്ലം മുമ്പ് ഒരു നാടകക്കാര് വന്ന് കളിച്ച് പോയത് ഇനിക്കോർമ്മയുണ്ട്. പണ്ടാരക്കണ്ടീന്ന് കേട്ടിട്ടുണ്ടോ?
നടൻ: ഇല്ല.
ചേക്കുട്ടി: ഇല്ലെ –ആ പേര് പറഞ്ഞാൽ ആരും അറിയില്ല. ഞമ്മളെ തറവാടാണത്. മുമ്പ് ഈ മലന്റെ മുഴുമൻ ഉടമക്കാര് പണ്ടാരക്കണ്ടിക്കാരായ്നീ. ബീഡി ഉണ്ടോ ഒന്നു തരാൻ.
നടൻ: (ബീഡി നീട്ടി, കോയ വാങ്ങി)
മാനേജർ: വർത്തമാനം പറഞ്ഞിരുന്നാൽ നേരം പോവ്ന്നതറിയൂല. ഉച്ചക്ക് ഒരു റിഹേഴ്സലെങ്കിലും നോക്കണ്ടെ.
നടൻ: അതിന്ന് മേനോൻ വാരാതെങ്ങിന്യാ...
മാനേജർ: മേനോൻ നായരെ കാത്തിരുന്നാ ഇന്ന് രാത്രി നാടകം കളിക്കാൻ കഴിയൂല.
നടൻ: എന്നാ പുറത്തേക്ക് പോയ കൂട്ടരും കൂടി വരട്ടെ എന്നിട്ടു തുടങ്ങാ.
ചേക്കുട്ടി: വാച്ച് മേനതാ വര്ണ്...
(വാച്ച്മാൻ പ്രവേശിക്കുന്നു)
മാനേജർ: നിങ്ങളല്ലെ ഇവടുത്തെ വാച്ച്മാൻ. ഇതുവരെ എവിടെയായിരുന്നു?
വാച്ച്: ഞാനെന്റെ കുടീലോളം ഒന്നുപോയി.
മാനേജർ: നിങ്ങള് വീട്ടിൽ പോയിരുന്നാമതിയോ ഇവിടുത്തെ കാര്യം നോക്കണ്ടെ.
വാച്ച്മാൻ: ഇന്നലെ രാത്രി മുഴുവൻ ഞാനിവിടെത്തന്നെ ഉണ്ടായിരുന്നല്ലോ. വീട്ടില് ഒരു സുഖക്കേട്കാരത്തിയെ ഇട്ട്ട്ടാ ഞാൻ...
മാനേജർ: ആ കാര്യം ഒന്നും എന്നോട് പറയണ്ട ഇവിടെ വെള്ളല്ല്യ.
വാച്ച്: വെള്ളം ഒരു ബക്കറ്റ് നിറച്ചും ഉണ്ടായിരുന്നല്ലോ...
മാനേജർ: പത്തിരുപത്തിനാലാൾക്ക് ഒരു ബക്കറ്റ് വെള്ളമുണ്ടായാ മതിയോ. ഒരാൾക്ക് കുളിക്കാൻ തികയൂലല്ലോ അത്.
വാച്ച്: കുളിക്കാൻ ഇവിടടുത്ത് തന്നെ ചോലയുണ്ട്. ഈ കുന്നിന്റെ ഇറക്കിൽത്തന്നെ നല്ല വെള്ളമാണ്.
മാനേജർ: ചോലെ..?
വാച്ച്മാൻ: അതെ, അവിടുന്നാണ് ഇങ്ങോട്ടു ഞാൻ വെള്ളം കൊണ്ടുവരുന്നത്.
മാനേജർ: നിങ്ങളെവീടുന്ന് കൊണ്ടുവന്നാലും തരക്കേടില്ല. ഞങ്ങളെ കൂട്ടത്തിലുള്ള പെണ്ണുങ്ങള് പുറത്ത് പോയി കുളിച്ച് ശീലള്ളോരല്ല.
വാച്ച്: പെണ്ണുങ്ങക്ക് വിടെ കുളിക്കാൻ സൗകര്യണ്ട്.
മാനേജർ: എന്തു സൗകര്യണ്ടായാലും തരക്കേടില്ല. വെള്ളം നിങ്ങൾക്ക് ഇങ്ങോട്ടും കൊണ്ടോരാൻ കഴിയോ അത് പറീ? ഇല്ലെങ്കിൽ അതിന്റെ വഴി ഞാൻ നോക്കും.
ഇവിടുത്തെ പി.ഡബ്ലിയു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയറിങ് ഓഫീസറുണ്ടല്ലൊ –കല്യാണ സുന്ദരം– അയാളെ എനിക്കറിയാം.
വാച്ച്മാൻ: അതുകൊണ്ടെന്താ കാര്യം. എഞ്ചിനീയറ് വെള്ളം കൊണ്ട് തര്വോ.
മാനേജർ: നിങ്ങള് എന്നോട് ന്യായം പറയുന്നോ –ന്നാൽ ഒന്നു കേട്ടോളു എഞ്ചിനീയറല്ല അയാളുടെ അച്ഛൻ കൊണ്ട് തരും. നിങ്ങളെന്ത് മനസ്സിലാക്കിയെന്നെ. ഞാനാരാെണന്നാ ധരിച്ചത്.
(നടൻ പ്രവേശിക്കുന്നു)
നടൻ: പോട്ടെ വെറുതെ വർത്തമാനം പറയണ്ട.
വാച്ച്: ഞാൻ പറഞ്ഞത് കാര്യാണ്.
പത്തിരുപതാൾക്ക് കുളിക്കാൻ പാകത്തിന് വെള്ളം കൊണ്ടൊരാൻ പറ്റില്ല. ഒരാളെ കൊണ്ടു ഒട്ടും കഴിയില്ല.
മാനേജർ: വേണ്ട -നിങ്ങളീ കസേലേക്കേറി ഇരുന്നോളി. ഇവിടുത്തെ ജോലി ഞങ്ങൾ ചെയ്തോളാം.
വാച്ച്മാൻ: സേർ, ഞാനീ തൊഴില് കൊണ്ട് ജീവിക്ക്ന്നവനാണ്. ഒരു കുടുംബം പുലർത്തുന്നവനാണ്. കസേലയിലിരിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഈ ജോലിചെയ്യുന്നത് മറ്റു മാർഗമില്ലാഞ്ഞിട്ടാ.
മാനേജർ: മറ്റു മാർഗങ്ങൾക്ക് ഇവിടെ സൗകര്യമുണ്ടല്ലോ.
ഇങ്ങക്ക് ചെയ്തു നോക്കിക്കൂടെ. ഞങ്ങളാരും തടസ്ഥം പറയ്ന്നില്ല്യ.
വാച്ച്മാൻ: തടസ്ഥം.

നടൻ: നമ്മള് സംസാരിച്ച് സമയം കളയണ്ട. വാച്ച്മാൻ, ഞങ്ങളെ കൂട്ടത്തിൽ മൂന്നാല് പെണ്ണുങ്ങളുണ്ട്. നിങ്ങളവരെ കാര്യത്തിൽ ഒന്നു ശ്രദ്ധിക്ക്യാ –ബാക്കി നമുക്ക് പിന്നെ പറയാ.
(വാച്ച്മാൻ പോകാൻ ഭാവിക്കുന്നു)
മാനേജർ: എവിടെ ചെന്നാലും ശിപായിക്കാരും കലക്ടർകാരും ആദ്യം കൈമടക്കണം. ഇല്ലങ്കിൽ ഉള്ള അനുഭവമാണിത് കുരച്ച് ചാട്ടം.
വാച്ച്മാൻ: സാറ് അങ്ങിനെ പറയരുത്. എല്ലാവരെയും അങ്ങനെ കണക്കാക്കരുത്. കഴിഞ്ഞ കുറെ കൊല്ലമായി ഞാനീ ബംഗ്ലാവിൽ വാച്ച്മേന്റെ ജോലി നോക്കുന്നു –നിങ്ങള് പറഞ്ഞതോതില് ഈ കാലം വരെ ഒരു കാശ് ആരുടെ അടുത്തുനിന്നും ഞാൻ വാങ്ങിച്ചിട്ടില്ല. വാങ്ങിയിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നു.
നടൻ: പോട്ടെ നിങ്ങള് ഞാൻ പറഞ്ഞ കാര്യം ചെയ്യ്.
(വാച്ച്മാൻ പോകുന്നു)
മാനേജർ: മാധവിയെവിടെ?
നടൻ: അവളിപ്പോൾ വരും.
മാനേജർ: വാസൂ മേനോനെ കാത്തിരുന്നിട്ട് ഇനി കാര്യല്ല്യ. അയാള് വരൂന്ന് തോന്നീല്ല്യ.
നടൻ: അയാളില്ലാതെ എങ്ങിനെയാ നാടകം നടത്താ.
മാനേജർ: എങ്ങിനെയെങ്കിലും നടത്തുകതന്നെ. അല്ലാതെന്തുചെയ്യും. ഇവിടെ വരെ വന്നിട്ട് മടങ്ങി പോവേ –ബുക്ക് ചെയ്ത കൂട്ടരോട് ഞാനെന്ത് സമാധാനം പറയും. അവര് പരസ്യവും ചെയ്തു ടിക്കറ്റ് വിറ്റ് നമ്മളിം കാത്തിരിക്കയല്ലെ.
നടൻ: അെതാക്കെ ശരിയാണ് പക്ഷേ...
മാനേജർ: ഇതിൽ ഒരു പക്ഷേയുമില്ല. വാസു ഞാൻ പറയുന്നത് കേൾക്ക്. മേനോന്റെ റോൾ ഇന്ന് വാസു എടുക്കണം.
നടൻ: ഞാനോ?
മാനേജർ: നിനക്ക് സാധിക്കും. നിനക്ക് മാത്രമേ സാധിക്കൂ.
കാരണം നീയാണീ സ്ക്രിപ്റ്റ് മുഴുവൻ പകർത്തിയെഴുതിയത്. നീ തന്നെയാണ് പ്രോംറ്റ് ചെയ്യുന്നതും.
നടൻ: ഡയലോഗ് അറിയാത്ത ദോഷല്ല. അതുവേണ്ടമാതിരി പറയണ്ടെ.
മാനേജർ: ആടോ –അതൊക്കെ നമ്മക്ക് ശരിയാക്കാം. ഇന്നു വൈകുന്നേരം വരെ സമയില്ലെ.
മാധവി പ്രവേശിക്കുന്നു, (അമിതമായ വേഷവിധാനം, അംഗചലനങ്ങൾ, സംസാരത്തിലും മറ്റും കൃത്രിമത്വം)
മാധവി: എന്നെ വിളിച്ചോ.
മാനേജർ: അതെ, ഒരു റിഹേഴ്സൽ ഇപ്പം നോക്കണം.
മാധവി: ഇപ്പഴോ, എന്താ നിങ്ങള് പറയുന്നത്. ആ വാനിൽ കോഴിക്കൂടുപോലത്തെ –നമ്മള് എങ്ങിനെയാ ഇങ്ങോട്ടുവന്നതെന്ന് നിങ്ങൾക്കറിയാലോ. കമലാക്ഷിം കോമളവല്ലീം ഇന്റെ മടീല്, ഹാർമണിപെട്ടിം തബലീം ഇന്റെ പുറത്തും പിന്നെ റോഡാണങ്കിലും കുണ്ടും കുഴിയും നിറഞ്ഞ് –ശരീരം ആസകലം വേദനിക്കുന്നു.
മാനേജർ: നാടക കമ്പനിയാകുമ്പം അങ്ങനെയൊക്കെ വേണ്ടിവരും. യാത്രചെയ്യാൻ ഓരോരുത്തന്റെ സുഖവും സൗകര്യവും നോക്കി ഓരോ കാറ് വാങ്ങികൊടുക്കാൻ കഴിയോ?
മാധവി: യാത്രന്റെ കാര്യം അങ്ങിനെയിരിക്കട്ടെ. ഞങ്ങൾക്ക് നാല് പെണ്ണുങ്ങക്ക് ഒന്നു കിടന്നുറങ്ങാനെങ്കിലും സൗകര്യം വേണ്ടേ.
മാനേജർ: എനിക്ക് പരാതി കേൾക്കാൻ കഴിയില്ല. ഞാൻ പറയുന്നത് അങ്ങോട്ടുകേട്ടാൽ മതി. ബുെക്കവിടെ.
നടൻ: ബുക്കിവിടെയുണ്ട്.
മാനേജർ: (പാട്ടും ബഹളവും) അവര് വന്ന്ന്ന് തോന്നുന്നു. എവിടെ ചെന്നാലും കൂക്കു വിളിം തന്നെ. ബഹളമുണ്ടാക്കാതെ നിക്കണം. ഇവിടെ റിഹേഴ്സൽ നടക്കണം. വാസനെവിടെ, വാസൻ ഒന്നാം രംഗാണ്, ആ പാട്ടൊന്നു നോക്കണം –വേഗം ആ പുസ്തകം കൊണ്ടാ.
രംഗം 1. ഡയറക്ഷൻ ഒന്നും വായ്ക്ക്ണില്ല. ഒക്കെ അറിയാലോ –വാസു ഇങ്ങോട്ടു മാറിനിക്ക്. മാധവി രംഗത്ത്ണ്ട്.
(വായിക്കുന്നു)
ചിരുത പാളിയും പതുങ്ങിയുംകൊണ്ട് സായിപ്പിന്റെ ബംഗ്ലാവിലുള്ള വഴിയിലൂടെ നീങ്ങുന്നു. ആ, മാധവി ചെയ്യാ.
മാധവി: ഞാനൊറ്റക്ക് എങ്ങിനയാ ചെയ്യണ്.
മാനേജർ: നീ ഒറ്റക്കോ...
മാധവി: ഈ രംഗത്ത് ഞാനും പഴശ്ശിരാജാവും ഇല്ലെ.
മാനേജർ: നീയും പഴശ്ശിരാജാവും കൂടി ചേർന്നാൽ ഒറ്റക്കാണോ?
മാധവി: അല്ല, മേനോൻ.
മാനേജർ: മേനോനില്ല, അയാള് വരൂന്ന് തോന്നീല്ല. വാസുവാണിന്ന് പഴശ്ശിരാജാവായഭിനയിക്കുന്നത്. മനസ്സിലായോ.
(വാസു ഇളിഭ്യനായി നിൽക്കുന്നു)
മാനേജർ: നീ ഞാൻ പറയുന്നതുപോലെ അങ്ങ് ചെയ്താമതി (വായന– ചിരുത പതുങ്ങിയും പാളിയും സായിപ്പിന്റെ ബംഗ്ലാവിലേക്കുള്ള വഴിയിലൂടെ നീങ്ങുന്നു. മാധവി ചെയ്യ് (മാധവി പതുങ്ങിയും പാളിയും ചെയ്യുമ്പോൾ) വയലിനും തബലയും അവരെ സമീപിക്കുന്നു.
(ദേഷ്യത്തിൽ) എന്തണടോ റിഹേഴ്സലെടുക്കുന്നത് കാണുന്നില്ലെ.
നിങ്ങളെ കൊക്കിം കൊളുത്തും ഇങ്ങോട്ടെടുക്കണ്ട. അവിടുന്ന് വായിച്ചാമതി. മാധവി ചെയ്യ്.
(മാധവി പരുങ്ങിനിന്ന് ചെയ്യുന്നു)
മാനേജർ: (വായന- പെട്ടെന്നു പഴശ്ശിരാജാ മുൾപ്പടർപ്പിൽനിന്ന് പുറത്തേക്ക് ചാടുന്നു) വാസു ചെയ്യ്.
നടൻ: അല്ല രാഘവേട്ടാ –എനിക്ക് ഒരു സംശയം.
മാനേജർ: സംശയമൊന്നും ഇപ്പം വേണ്ട. നീ മുൾപ്പടർപ്പുകളിൽനിന്ന് പുറത്തേക്ക് ചാടിയാ മതി.
നടൻ: അതല്ലാ എനിക്ക് താടിവടിക്കാൻ കഴിയൂല. സെഫ്റ്റിക്ക് പോയസ്സനല്ലെ.
മാനേജർ: അങ്ങിനെയാണെങ്കിൽ താടി വടിക്കണ്ട. അങ്ങിനെതന്നെ നിന്നോട്ടെ
നടൻ: പഴശ്ശി... താടീ.
മാനേജർ: താടിയുണ്ടായാലെന്താ പഴശ്ശി പെണ്ണല്ലല്ലോ. താടി വെക്കാം.
നടൻ: ഈ നാടക പ്രകാരം ക്ഷൗരം ചെയ്ത മുഖാ.
മാനേജർ: അതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും കുറേശ്ശ മാറും. പഴശ്ശി മരിച്ചത് ചിലവരെഴുതിയത് വെടികൊണ്ട്ട്ടന്നാ –വേറെ ചിലരുടേത് വൈരം വിഴുങ്ങി മരിച്ചുന്നാ –സത്യത്തിൽ അയാൾ എങ്ങിനെയാ മരിച്ചതെന്ന് ആർക്കറിയാം. അതിലും വലുതല്ല കുറച്ച് താടിവെക്കുന്നത്. നീ മുൾപ്പടർപ്പുകളിൽനിന്നു പുറത്തേക്ക് ചാട്.
വാസൻ എഫക്ട് –(നടൻ കസാല വലിച്ചിട്ട് കസാലയിൽനിന്ന് രംഗത്തേക്ക് ചാടുന്നു)
-On emore വാസൻ ചാടുമ്പോൾ എഫക്ട് കൊടുക്കൂ. തബലന്റെ ധബിന്നു അടിച്ചാൽ മതി.- (ശബ്ദം കേൾക്കുമ്പോൾ ചിരുത ഞെട്ടുന്നു (ഞെട്ടണം. എഫക്ട് കോഡ് ചെയ്യുന്നു.) തിരിഞ്ഞുനോക്കുന്നു. രാജാവിനെ കണ്ട് ബഹുമാനത്തോടെ നിൽക്കുന്നു. പഴശ്ശി കോപത്തിൽ പറയുന്നു. നിൽക്കവിടെ രാജദ്രോഹിയായ കുലടെ...
വാസൂ പറയ്...
വാസു: നിൽക്കവിടെ
മാനേജർ: അപ്പം കയ്യ് വാള്ന്മേലാവണം. ഇതാ ഇങ്ങനെ (കാണിക്കുന്നു) പറയ്.
നടൻ: നിൽക്കവിടെ രാജദ്രോഹിയായ കുലടെ...
മാനേജർ: കുടലോ കുടലല്ലടോ കുലടെ.
നടൻ: കുലടെ.
മാനേജർ: ഇനി പറയ്.
നടൻ: നിൽക്കവിടെ രാജദ്രോഹിയായ കുലടെ.
മാനേജർ: മാതൃഭൂമിയെ ഒറ്റിക്കൊടുത്ത പിശാചേ.
വാസു: മാതൃഭൂമിയെ ഒറ്റിക്കൊടുത്ത പിസാെസ.
മാനേജർ: പിശാസെന്നല്ല. പിശാചെന്നാണ്.
നടൻ: പിശാസെ.
മാനേജർ: സ അല്ലടേ ശാ –പശാന്നുള്ള ശാ. ശാപം, ആശ.
നടൻ: അതിനിക്കി പറയാൻ കയൂല.
മാനേജർ: എന്നാൽ ആ വാക്കെടുത്താള –പിശാചെന്നു പകരം കുലടേന്നാക്കാ. അതുവേണ്ട കുലടേന്ന് പറഞ്ഞുപോയി. പിന്നെ ആ അർഥത്തിൽ.
നടൻ: ന്നാ പിന്നെ എരപ്പേന്നാക്കാ.
മാനേജർ: ഛെ രാജാവല്ലടോ അൽപം അതിന്റെ അന്തസ്സിൽ സംസാരിക്കണ്ടെ –എരപ്പെന്നല്ല ദുേഷ്ഠന്നാക്കി പറയ്.
നടൻ: മാതൃഭൂമിയെ ഒറ്റിക്കൊടുത്ത ദുഷ്ഠേ.
മാനേജർ: നിൽക്കൂ.
നടൻ: നിൽക്കൂ.
മാനേജർ: മാധവി പറയ് ഡയലോഗ് ഓർമയില്ലെ.
മാധവി: പൊന്നുതമ്പുരാൻ അടിയനെ തെറ്റിദ്ധരിച്ചിരിക്കുന്നു. അവിടുത്തെ പടനായകൻ കൈതേരി അമ്പുവിന്റെ ആജ്ഞപ്രകാരം ബാബർസായിപ്പിന്റെ ബംഗ്ലാവിലേക്ക് വേഷം മാറി പോകുന്ന പാണത്തി ചിരുതയാണടിയൻ.
മാനേജർ: മിടുക്കി.
നടൻ: മിടുക്കി അതു നീയാണോ എങ്കിൽ നാം കൂടി കാണട്ടെ നിന്റെ നൃത്തം. നമ്മുടെ ചെവികൂടി കേൾക്കട്ടെ നിന്റെ സംഗീതം.
മാധവി: അടിയൻ കൽപിച്ച് ഈ കാട്ടിൽ വെച്ചേ.
മാനേജർ: കാടാണ് പറയ്.
നടൻ: ചിരുതെ, കാടാണ് നമ്മുടെ കൊട്ടാരം. അപ്പോൾ നൃത്തശാല വെളിയിലാവാൻ നിവൃത്തിയില്ലല്ലോ.
മാധവി: (വണങ്ങി) പൊന്നുതമ്പുരാൻ ജയ്ക്കട്ടെ.
മാനേജർ: (മാധവി പാടുന്നു. അതോടൊത്ത് കുന്നിൻചെരുവിൽ അദൃശ്യരായി കാവൽ നിൽക്കുന്ന കുറിച്ചി പടയാളികൾ സംഘം ചേർന്ന് ഏറ്റുപാടുന്നു...) വാസൻ കോറസ് സ്റ്റാർട്ട്
(കോറസ് സ്റ്റാർട്ട് ചെയ്യുന്നു)
മാനേജർ: നിർത്തൂ ഈ കുലുങ്ങിക്കുലുങ്ങി എന്നു പറയുമ്പോൾ ഒന്നു കുലുങ്ങിക്കൂടെ.
ആളുകള് അഞ്ചും പത്തും കൊടുത്ത് നാടകം കാണാൻ വരുന്നവര് പലരും പലവിധമാണ്. ചിലർക്ക് കഥ നന്നാവണം, ചിലർക്ക് പാട്ട് വേണം, വേറെ ചിലർക്ക് അഭിനയം കാണണം, ഇനി ഒരു കൂട്ടരുണ്ട്, കാണാൻ കൊള്ളാവുന്ന പെൺകുട്ടികളായാ മതിയവർക്ക്. നമുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തണം. മനസ്സിലായോ അപ്പം കുലുക്കി കുലുക്കിയെന്ന് പറയുമ്പം ഒന്ന് മനസ്സിരുത്തി ചെയ്യണം.
(കോറസ് പാടുന്നു. നിർത്തുന്നു)
മാനേജർ: ഭേഷ് നമുക്ക് സന്തോഷമായി.
നടൻ: എനിക്കറിയാം പ്രോംറ്റ് ചെയ്തുതന്നാൽ മതി. ഭേഷ് നമുക്ക് സന്തോഷമായി. നീ ആരെയും വശീകരിക്കാൻ പോന്നവൾ തന്നെ. കൈതേരി അമ്പുവിനെ നാം അഭിനന്ദിക്കുന്നു.
മാനേജർ: (ഇവിടെ മോതിരം ഊരി കൊടുക്കണം) സമ്മാനായ്ട്ട് അതിന് ശേഷം സന്താന നിയന്ത്രണത്തെപ്പറ്റി നാല് ഡയലോഗ് പറയണം. അതെഴുതിയിട്ടില്ല. ഉച്ചക്കുള്ള റിഹേഴ്സലിൽ അത് ചേർക്കാം.
വാസു: സന്താന നിയന്ത്രണോ പഴശ്ശിന്റെ കാലത്തോ
മാനേജർ: കാലം ഒന്നും അങ്ങിനെ നോക്കണ്ട. ഇന്നു ബി.ഡി.ഒ ഉണ്ടാവും കളികാണാൻ. ബ്ലോക്കീല് നാല് കളി കിട്ടണമെങ്കിൽ സന്താനനിയന്ത്രണത്തെപ്പറ്റി രണ്ടു വാചകം ചുരുങ്ങിയത് പറയണം.
വാസു: എന്നാലത് പഴശ്ശിരാജ പറയണ്ട. നമുക്ക് കെട്ടിലമ്മയെ കൊണ്ട് പറയിക്കാം.

സംവിധായകൻ ബേബി,കുഞ്ഞാണ്ടി
മാനേജർ: അതു പറ്റില്ല. കെട്ടിലമ്മയെ കൊണ്ട് നൈനാൻ മൂനിനെക്കുറിച്ച് ഒരു പാട്ടുപാടിക്കുന്നുണ്ട്. വാസൻ പാട്ടു ശരിയായില്ലേ –രണ്ടാം രംഗത്തേക്ക് വേണ്ടതാ.
വാസു: അതു ശരിയാക്കി കളയാം.
മാനേജർ: ബാക്കി എടുക്കാ (ഇവിടെ മാധവി പോകുന്നു പഴശ്ശി ചിന്താമഗ്നനായി ഉലാത്തുന്നു.)
വാസു അത് ചെയ്യ്...
നടൻ: അല്ല ആരാ മേനോനല്ലെ ആ വരണത്.
മാനേജർ: (പുറത്തേക്ക് നോക്കി) അതെ, മേനോൻ തന്നെ... ഞാൻ പറഞ്ഞിട്ടില്ലെ അയാള് വരുന്ന്. വാസു നീ വേഗം ചെല്ല്. കർട്ടൻ കെട്ട്ണ സ്ഥലത്തേക്ക് വേഗം പോ. ഞാൻ ഉച്ചക്ക് വരുമ്പോഴേക്കും ഒക്കെ ശരിയാവണം. മാധവി പൊയ്ക്കോ – വാച്ച്മാൻ.
കർട്ടൻ
രംഗം 4
(ടീബിയുടെ ഫോർട്ടിക്കോ. സമയം സൂചിപ്പിക്കുന്ന ശബ്ദം... രംഗം മധ്യത്തിലുള്ള വാതിൽ തുറന്നുകിടക്കുന്നു. അകത്ത് വാച്ച്മാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാം –ക്ലോക്കിന്റെ ശബ്ദം കേട്ട് വാച്ച്മാൻ ധൃതിയിൽ പുറത്തേക്ക് വരുന്നു. ധൃതിയിൽ നാലുപുറവും നോക്കി പുറത്തേക്ക് വരുന്നു. രംഗത്തിന്റെ അറ്റത്ത് വന്നു ഇരുട്ടിലേക്ക് നോക്കിവിളിക്കുന്നു)
വാച്ച്: ചേക്കുട്ടിക്കാ ചേക്കുട്ടിക്കാ. അപ്പോഴേക്കും പോയി. ഒരു ഉപകാരത്തിനു വിളിച്ചാൽ കാണില്ല. ഇല്ലെങ്കിൽ കോഴി പൊരുന്നി കെടക്കുംപോലെ ഇവിടെ ഇങ്ങനെ കുത്തിരിക്കും. ചേക്കുട്ടിക്കാ ചേക്കുട്ടിക്കാ.
ചേക്കുട്ടി (അകത്തുനിന്ന്) ഓ–
വാച്ച്: ഇങ്ങോട്ട് വാന്ന് (തിരിച്ച് വാതിലിനടുത്തേക്ക് വരുന്നു)
(ചേക്കുട്ടിക്ക പുറത്തുനിന്ന് വരുന്നു)
വാച്ച്: അപ്പഴേക്കും നിങ്ങളെവിടെയാ പോയത്.
ചേക്കുട്ടി: ഞഞ്ഞ ഇബടെതന്നെ ഉണ്ടേയ്നീ –എന്താ മേണ്ട്യത്.
വാച്ച്: നേരം എട്ടുമണി കഴിഞ്ഞു. ആ കൃഷ്ണൻ വൈദ്യരെ പീടിക പൂട്ടാറായി –പൂട്ടുന്നതിലും മുമ്പെ എനിക്കവിടെയെത്തണം.
ചേക്കുട്ടി: ഇങ്ങള് പോയ്ക്കോളീന്ന്.
വാച്ച്: അങ്ങിനെ പറഞ്ഞാൽ മതിയോ അവര് എട്ടരക്ക് വരാന്നാ കമ്പി. ഏഴു മണിക്കും വന്നൂടായ്കയില്ല.
ചേക്കു: വന്നോട്ടേന്ന്...
വാച്ച്: നിങ്ങൾക്കത് എളുപ്പത്തിൽ പറയാൻ കഴിയും അവര് എന്ത് തരക്കാരാണെന്ന് നമുക്ക് പറയാൻ കഴിയില്ല. കടിച്ച് കീറുന്നമാതിരി വല്ല മനുഷ്യരും ആണെന്നുവെച്ചാൽ ഇവിടെ കിടന്ന് ഒച്ചീം വിളീം കൂട്ടും.
ചേക്കുട്ടി: ഒന്നും ബരൂലാന്ന്. ഒക്കെ ഞമ്മളേറ്റ്.
വാച്ച്: കിടക്കവിരി മാറ്റിയിട്ടുണ്ട്. കുടിക്കാൻ വെള്ളം കൊണ്ടുവെച്ചിട്ടുണ്ട്. കുളുമുറിയിലും വെള്ളം നിറച്ചുവെച്ചിട്ടുണ്ട്.
ചേക്കുട്ടി: പിന്നെന്താ മേണ്ട്യത് ഇങ്ങള് പോയ്ക്കോളീൻ.
വാച്ച്: പിന്നെന്തെങ്കിലും വേണമെങ്കിൽ നിങ്ങളത് ചെയ്തുകൊടുക്കണം.
ചേക്കുട്ടി: ഹൊല്ലാ ഞമ്മള് സമ്മയ്ച്ച് –ഇങ്ങള് ബേഗം ചെല്ലീൻ മരുന്നുപീടിക പൂട്ടിപോവും (വാച്ച്മാൻ പോകാൻ തുടങ്ങുന്നു. ചേക്കുട്ടി ശങ്കിച്ച് പിറകെ ചെല്ലുന്നു പതുക്കെ പറയുന്നു)
ചേക്കുട്ടി: അല്ലാ നിങ്ങളൊന്ന് കേട്ടോ?
വാച്ച്: (തിരിഞ്ഞ്) എന്താ..?
ചേക്കുട്ടി: ന്ന്പ്പം ഒരു കോളും കുടുങ്ങീല. പൊരേല് കേറിച്ചെല്ലാൻ പറ്റൂല. നാലണക്ക് കപ്പെങ്കിലും വാങ്ങികൊണ്ടുപോകാഞ്ഞാലെങ്ങിനെയാ.
വാച്ച്: അതിന്ന്.
ചേക്കുട്ടി: അല്ലാ– ഇങ്ങളേല്...
വാച്ച്: ചേക്കുട്ടിക്ക, നിങ്ങള് ഉരല് മദ്ദളത്തിനോട് പറയുംപോലാ പറയുന്നത്. 4 അണ ഉണ്ടെങ്കിൽ ഞാനിപ്പോൾ കൃഷ്ണൻ വൈദ്യരെ പീടികയിൽ പോവില്ല. കുട്ടികളെ അയച്ചിട്ട് മരുന്നു വാങ്ങിക്കും (തിരിഞ്ഞുപോകുന്നു).
(ചേക്കുട്ടിക്ക നിസ്സഹായതയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു –കസാലയിൽ ഇരിക്കുന്നു) പാട്ടുപാടുന്നു. പാട്ടിന്റെ അവസാനം സുരേഷ് പ്രവേശിക്കുന്നു. ചേക്കുട്ടിയുടെ തൊട്ടുപിറകിൽ നിൽക്കുന്നു. ചേക്കുട്ടി അറിയുന്നില്ല)
ചേക്കുട്ടി: (നെടുവീർപ്പ്) ഇക്കണ്ട ദുനിയാവും ഇപ്പേർപ്പെട്ട മനുസ്യരെയും ഇത്തിരിതോന്നെ പൊന്നുംപണം പടച്ച് ആണിനെയും പെണ്ണിനെയും വേർതിരിച്ച്...
സുരേഷ്: സുഖവും ദുഃഖവും പങ്കിട്ട്...
(ഒരു തത്ത്വജ്ഞാനിയുടെ ശബ്ദത്തിലാണ് അത് പറയുന്നത്)
ചേക്കുട്ടി (ഞെട്ടി എഴുന്നേറ്റ് പരിഭ്രമിക്കുന്നു)
സുരേഷ്: ഇരിയ്ക്കു കാരണവരെ ഇരിയ്ക്കൂ.
ചേക്കുട്ടി: ഞമ്മളറിഞ്ഞില്ല. പെരുത്ത് നേരായോ ബന്നിട്ട്.
സുരേഷ്: ആ ഉച്ചയ്ക്ക് വന്നു. ഇരിയ്ക്കൂ.
ചേക്കുട്ടി: ബേണ്ട അപ്പോൾ ഞമ്മക്ക് മനസ്സിലായില്ലാ –എബട്യാ രാജ്യം.
സുരേഷ്: ഇരിയ്ക്കൂ. എന്നിട്ട് ചോദിക്കൂ.
(ചേക്കുട്ടി മടിച്ചുകൊണ്ട് ഇരിക്കുന്നു)
സുരേഷ്: എന്താ ചോദിച്ചത്.
ചേക്കുട്ടി: നാട് എബിടാന്ന്.
സുരേഷ്: എന്റെ നാടോ.
ചേക്കുട്ടി: അതെ.
സുരേഷ്: ഇതെല്ലാം എന്റെ നാടാണ്.

ചേക്കുട്ടി: ഞമ്മളും അങ്ങിനെയൊക്കെതന്നേയ്നി. ഈ കാണുന്ന പ്രദേശം മുഴുവൻ ഞങ്ങളെ ബാപ്പന്റെ ബാപ്പന്റെ കാലത്ത് ഞങ്ങളെ അധീനത്തിലേയ്നി. അന്നൊക്കെ ഇബടെ ആനിം പുലീം കരടീം ഒക്കെള്ള കാടേയ്നി. അതൊക്കെ ഇബടെ പറഞ്ഞിട്ടെന്താ. ന്നാലും ങ്ങക്ക് ജനിച്ച ഒരു നാടുണ്ടാവൂലേ!
സുരേഷ്: (ആലോചനയോടെ) ജനിച്ച നാടോ–ഓ. അതോർമയില്ല. ജനിച്ച നാളത്തെ കാര്യങ്ങളൊക്കെ ആരോർമിക്കുന്നു. എങ്ങനെ ഓർമിക്കും.
ചേക്കുട്ടി: ഞങ്ങളെ കളിയാക്കരുത്.
ഞങ്ങളൊരു മിസ്കീനാണ്. അതൊക്കെ പോട്ടെ എന്താ ഇങ്ങളെ ഉദ്യോഹം.
സുരേഷ്: വലിയ ഉദ്യോഗമാണ്.
ചേക്കുട്ടി: കണ്ടപ്പം ഞമ്മക്കത് തോന്നി. ഞമ്മള് ഇങ്ങളെ മുമ്പിലിരിക്കാൻ മടിച്ചതതാണ്.
സുരേഷ്: വലിയ ഉദ്യോഗമുള്ളവരുടെ മുമ്പിലിരിക്കാൻ പാടില്ലെ.
ചേക്കുട്ടി: പാടില്ല.
സുരേഷ്: എവിടുത്തെ നിയമമാണ്.
ചേക്കുട്ടി: അത് ഞങ്ങളെ നിയമമാണ്. പടച്ചവന്റെ കൃപോണ്ടാണ് ബല്ല്യ ബല്ല്യ ഉദ്യോഗം കിട്ട്ണത്.
സുരേഷ്: അല്ല. സർവീസ് കമീഷന്റെ കൃപകൊണ്ട്.
ചേക്കുട്ടി: തന്നേയ് രിക്കും –ഞമ്മള് തർക്കിക്കാനില്ല. അപ്പളും പറഞ്ഞീല എന്താണ് ഉദ്യോഹം.
സുരേഷ്: വലിയ ഉദ്യോഗമാണെന്ന് പറഞ്ഞില്ലെ.
ചേക്കുട്ടി: പോലീസ് ഇൻസ്പെക്ടറാ.
സുരേഷ്: അല്ല. അതിലും വലുത്.
ചേക്കുട്ടി: റെയ്സ്റ്റാളാ.
സുരേഷ്: അതിലും വലിയത്.
ചേക്കുട്ടി: ഇഞ്ചിനീയറായിരിക്കും.
സുരേഷ്: അല്ല.
ചേക്കുട്ടി: ഓ ബ്ലോക്കാപ്പീസറായിരിക്കും.
സുരേഷ്: ഉം-ഉം.
ചേക്കുട്ടി: മജിസ്ട്രേട്ടാ–
സുരേഷ്: (ആലോചിച്ച്) അതെ മജിസ്ട്രേട്ട്.
ചേക്കുട്ടി: (ചാടിയെഴുന്നേറ്റ്) ഞമ്മളറിയാതെ കുത്തിരുന്ന് പോയതാ.
സുരേഷ്: ഹോട്ടലുകളിൽനിന്ന് ഹോട്ടലുകളിലേക്കും, ടീബികളിൽനിന്ന് ടീബികളിലേക്കും അലഞ്ഞുതിരിഞ്ഞു നടക്കുന്ന മജിസ്ട്രേട്ട്. (ചേക്കുട്ടി വളരെ വിനയത്തോടെ സുരേഷിന്റെ അടുത്തേക്ക് നീങ്ങുന്നു സുരേഷിന്റെ മുഖത്ത് അസഹ്യമായ വെറുപ്പാണ്)
ചേക്കുട്ടി: മുതലാളി പൊരേല് അഞ്ചാറ് പള്ള ബെശന്ന് പൊരിഞ്ഞിരിപ്പാണ്. ഇന്ന് ഒന്നും...
(സുരേഷ് ശ്രദ്ധിക്കുന്നില്ല) (ചേക്കുട്ടി വീണ്ടും)
ചേക്കുട്ടി: ഇബടെ ബന്ന് താമസിക്കുന്ന മുതലാളിമാരുടെ കയ്യോണ്ട് കിട്ടീട്ട് ബേണം നാള് കയ്ക്കാൻ (മറുപടി കാത്ത് നിൽക്കുന്നു)
ജോലി ഒന്നൂല്ല്യ മൊലാളി. ഞമ്മക്കാണെങ്കില് തടിനെ കൊണ്ടു ബയ്യ (സുരേഷിന്റെ ഭാവം മനസ്സിലാക്കാൻ ഒന്നേന്തിവലിഞ്ഞ് നോക്കുന്നു)
ഇപ്പഴും ശ്വാസംമുട്ടലാ. ബല്ലതും ആ കയ്യോണ്ട് കിട്ടീട്ട് വേണം ഇന്നത്തേടം കയ്യാൻ. (മറുപടിക്ക് കാക്കുന്നു) ഉള്ളകാലത്ത് എന്ത് മട്ടില് കഴിഞ്ഞോനാ മൊതലാളി.
(സുരേഷ് വെറുപ്പോടെ നോക്കുന്നു. അവന്റെ പ്രീതി സമ്പാദിക്കാൻ ചേക്കുട്ടി കഴിയുന്നത്ര ദീനതയും പാരവശ്യവും അഭിനയിക്കുന്നു)
(സുരേഷ് പോക്കറ്റിൽ കയ്യിട്ട് എന്തോ വലിച്ചെടുത്ത് നോക്കാതെ ചേക്കുട്ടിക്ക് വെച്ച് നീട്ടുന്നു) അത് നോട്ടാണെന്നു മനസ്സിലായപ്പോൾ ചേക്കുട്ടി ആകെ പരിഭ്രമിക്കുന്നു. അടുത്തു ചെന്ന് തുക മനസ്സിലാക്കിയപ്പോൾ കൂടുതൽ പരിഭ്രമിക്കുന്നു)
ചേക്കുട്ടി: (തൊണ്ടവിറയലോടെ) അത് നോട്ടാണ് മുതലാളി.
(സുരേഷ് നോക്കുന്നില്ല)
അഞ്ചുറുപ്പികയുടെ നോട്ട്
സുരേഷ്: ഉം വാങ്ങിക്കോ.
(ചേക്കുട്ടി നോട്ടു വാങ്ങി മൂർധാവിലും കണ്ണിലും ആദരവോടെ വെച്ച്)
ചേക്കുട്ടി: ഞങ്ങളെന്താ പറയണ്ടത്. ഓ... ന്റെ പടച്ചോനെ ഇങ്ങനത്തെ മനുസരും ഈ ഭൂമിമലയാളത്തിലുണ്ടല്ലോ.
സുരേഷ്: താനും തന്റെ പടച്ചവനും –ഞാൻ കാശ് തന്നില്ലെങ്കിൽ താനി പറഞ്ഞതൊക്കെ പറയുമായിരുന്നോ.
ചേക്കുട്ടി: (മൗനം)
സുരേഷ്: എന്താ മിണ്ടാത്തത്. 5 ക കിട്ടിയപ്പോൾ സ്തുതിക്കാൻ തുടങ്ങിയിരിക്കുന്നു. 10 കയാണെങ്കിൽ താനെന്റെ കാല് നക്കും, കൂടുതലായാൽ എന്നെ തോളിലേറ്റി നടക്കും (അൽപം നടന്നു) പണത്തിന്റെ മുമ്പിൽ ആത്മാർഥതയില്ലാതെ ചിരിക്കുന്ന മൃഗമാണ് മനുഷ്യൻ... മൃഗം (മുറിയിലേക്ക് പോകാൻ ഭാവിക്കുന്നു. ചേക്കുട്ടി നോട്ട് തിരിച്ചും മറിച്ചും നോക്കുന്നത് സുരേഷ് കാണുന്നു. തിരികെ വന്ന് ചേക്കുട്ടിയുടെ കയ്യിൽ കേറി പിടിക്കുന്നു).
സുരേഷ്: എന്താ താൻ നോക്കുന്നത്. കള്ളനോട്ടാണെന്നോ? (നിരാശയോടെ പിടിവിട്ടു) നീയായിട്ട് എന്തിന് മറ്റുള്ളവരെ വിശ്വസിക്കണം. ഇവിടെ ആർക്കെങ്കിലും ആരെയെങ്കിലും വിശ്വാസമുണ്ടോ. അല്ലെങ്കിൽ എങ്ങിനെ വിശ്വസിക്കും –ഊണിലും, ചായയിലും, മരുന്നിലും –എന്തിന് സ്നേഹത്തിൽപോലും മായം ചേർക്കുന്ന മൃഗമല്ലെ മനുഷ്യൻ.
സുരേഷ്: ഈ ലോകംതന്നെ അങ്ങിനെയുള്ളവരുടെ വഴിയമ്പലമാണ്. (പുറത്ത് കാറിന്റെ ഹോൺ കേൾക്കുന്നു) തുടർന്ന് രംഗത്തേക്ക് വെളിച്ചം വന്ന ഭാഗത്തേക്ക് ചേക്കുട്ടി ഓടിപ്പോകുമ്പോൾ)
ചേക്കുട്ടി: ഓലെത്തീന്നാ തോന്നുന്നത്. (സുരേഷ് വെളിച്ചത്തിന്റെ നേർക്ക് നോക്കിനിന്നു. പുറത്ത് കാറിന്റെ ഡോറടയുന്ന ശബ്ദം. തുടർന്ന് ഒരു സ്ത്രീയുടെ പൊട്ടിച്ചിരി. സുരേഷ് ഞെട്ടുന്നു. നോക്കുന്നു. ധൃതിയിൽ തന്റെ മുറിയിലേക്ക് പോകുന്നു. അൽപനിമിഷങ്ങൾക്കകം ബിന്ദുവും രമേഷും പുറകെ ചേക്കുട്ടിയും പ്രവേശിക്കുന്നു)
രമേഷ്: നിങ്ങളാണോ വാച്ച്മാൻ.
ചേക്കുട്ടി: ഞങ്ങളെല്ലെങ്കിലും ഞമ്മളാണ്.
രമേഷ്: ചോദിച്ചതിനുത്തരം പറയൂ.
ചേക്കുട്ടി: മുതലാളിക്കെന്താ വേണ്ടത്.
രമേഷ്: ഒരു റൂം റിസർവ്വ് ചെയ്യാൻ കമ്പി അടിച്ചിരുന്നു.
ചേക്കുട്ടി: ഒക്കെ ശരിപ്പെടുത്തിയിട്ടുണ്ട് മുതലാളി. വാച്ച്മാൻ ഇപ്പം ഞമ്മളെ ഏൽപിച്ചിട്ടങ്ങ് പുറത്ത് കടന്നതേയുള്ളൂ.
രമേഷ്: ഏതാണ് റൂം.
ചേക്കുട്ടി: (മുമ്പിൽ കടന്നോടി അടഞ്ഞുകിടക്കുന്ന റൂം തുറന്നു) ഇതാ മുതലാളി... വിടുത്തെ മുന്ത്യ മുറിയാണ്.
രമേഷ്: (ബിന്ദുവോടൊപ്പം പോർട്ടിക്കോവിൽ കയറുന്നു) ഹാൻഡ്ബാഗ് മേശപ്പുറത്ത് വെക്കുന്നു)
രമേഷ്: കാറിൽ ബഡ്ഡിങ്ങും സൂട്ട്കെയ്സുമൊക്കെയുണ്ട്. പോയെടുത്ത് കൊണ്ടുവരൂ. (ചേക്കുട്ടി പുറത്തേക്ക് പോയപ്പോൾ രമേശ് കസാരയിലിരുന്നു. ബിന്ദും ഉരുമികുഴഞ്ഞുകൊണ്ട് രമേഷിനെ ചേർന്നിരിക്കുന്നു. രമേഷ് ബിന്ദുവെ തമാശയായി പിടിച്ച് നുള്ളി) ഇരിക്കൂ ശ്രീമതി.
ബിന്ദു: (ദുസ്സഹമായ വേദനയുണ്ടെന്ന് ഭാവിച്ച്) ങ്ഹാ വേദനിയ്ക്കുന്നു. ഞാനങ്ങട്ടും നുള്ളും.
രമേഷ്: (ചുറ്റും കണ്ണോടിച്ച്) ഹണിമൂണിനു പറ്റിയ സ്ഥലമാണ്.
ബിന്ദു: എന്തോ?
രമേഷ്: പകലാണെങ്കിൽ നീയിത് പറയില്ല. ഒരു കൊച്ച് കുന്നിന്റെ നെറുകയിലാണീ ടീബി. ഉദയാസ്തമനങ്ങളുടെ ഭംഗി ഇവിടെനിന്ന് കാണണം. സുന്ദരമായ നീലമലനിരകൾ... വിശാലമായ പാടം. പ്രശാന്തമായി ഒഴുകുന്ന നദി. ബിന്ദു ഇതൊരു കൊച്ച് സ്വർഗമാണ്. അങ്ങനെ പറയാൻ വേറെയുമുണ്ട് കാരണം.
(ചേക്കുട്ടി പെട്ടിയും കിടക്കയും ചുമന്നുകൊണ്ടുവരുന്നു)
ബിന്ദു: എന്താണത്?
രമേഷ്: ഒരു മനുഷ്യക്കുഞ്ഞും ഇവിടെ വരില്ല. എപ്പഴും ഏകാന്തതയുടെ സുഖം ഇവിടെ തളംകെട്ടിനിൽക്കും.
ബിന്ദു: ഇവിടെ മുമ്പ് വന്നിട്ടുണ്ടോ?
രമേഷ്: പലതവണ.
ബിന്ദു: എന്തിന്?
രമേഷ്: ഇതെന്ത് ചോദ്യം. ഞാനൊരു ബിസിനസുകാരനാണെന്ന് നിനക്കറിയില്ലെ. ഞാൻ താമസിക്കാത്ത ഹോട്ടലും ടീബിയും ചുരുങ്ങും (ചേക്കുട്ടി തിരിച്ചുവന്നു).
എല്ലാം കൊണ്ടുവന്നോ...
ചേക്കുട്ടി: കൊണ്ടുവന്നു.
രമേഷ്: ഇവിടെ കാർഷെഡില്ലേ.
ചേക്കുട്ടി: ഇതിന്റെ ഇറക്കിലൊരു ജാഗയുണ്ട്. കാറതില് വെക്കാം (രമേഷ് അകത്തേക്ക് കടക്കുന്നു. ബിന്ദുവും. അകത്തുനിന്ന് അവ്യക്തമായ സംസാരവും ചിരിയും. അൽപം കഴിഞ്ഞ് രണ്ടുപേരും പുറത്തു വരുന്നു. കയ്യിൽ ഒരു ഫ്ലാസ്ക്).
രമേഷ്: താനാ വാച്ച്മേനെ ഒന്നു വിളിച്ചുകൊണ്ടുവരൂ. വേഗം വേണം.
(ചേക്കുട്ടി പോകുന്നു. ബിന്ദുവും രമേഷും ഇരിയ്ക്കുന്നു. രമേഷ് ഫ്ലാസ്കിൽനിന്ന് കുറച്ച് കാപ്പി അതിന്റെ മൂടിയിൽതന്നെ ഒഴിച്ച് ബിന്ദുവിന് നീട്ടുന്നു)
ബിന്ദു: കഴിയ്ക്കൂന്ന്.
രമേഷ്: ആദ്യം നീ കഴിക്ക്.
ബിന്ദു: വേണ്ട കഴിച്ചോളൂന്ന്.

ആഹ്വാൻ സെബാസ്റ്റ്യൻ,ബാലൻ കെ. നായർ
രമേഷ് (കാപ്പികുടിക്കുന്നു. മുഴുവൻ കുടിക്കാൻ സമ്മതിക്കാതെ ബിന്ദു തട്ടിപ്പറിച്ചെടുത്ത് കുടിയ്ക്കുവാൻ തുടങ്ങുന്നു. രമേഷ് പിറകെ ഓടുന്നു. പിടികൊടുക്കാതെ ചിരിച്ച് കൊണ്ടോടുമ്പോൾ കാപ്പി മുഴുവനും കുടിച്ച് തീർക്കുന്നു)
ബിന്ദു: ഇപ്പഴോ തോറ്റില്ലെ.
രമേഷ്: (അടുത്തുചെന്ന്) പണ്ടേ തോറ്റിരിക്കുന്നു.
ബിന്ദു: പണ്ടെന്നുവെച്ചാൽ
രമേഷ്: സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത്.
ബിന്ദു: നുണ ശുദ്ധനുണ.
രമേഷ്: അല്ല സത്യം. ബിന്ദുവെ എനിക്കന്നുമുതൽ ഇഷ്ടമായിരുന്നു.
ബിന്ദു: എന്നിട്ടിതുവരെ ഒളിച്ചുവെച്ചോ.
രമേഷ്: ഞാനതിങ്ങനെ വിളിച്ചുപറഞ്ഞ് നടക്കണോ?
ബിന്ദു: എന്നോടെങ്കിലും പറയാമായിരുന്നില്ലെ.
രമേഷ്: നിനക്കെന്നെ ഇഷ്ടമായിരുന്നോ?
ബിന്ദു: ആണെന്ന് തോന്നിയോ.
രമേഷ്: അല്ലെന്ന് തോന്നിയില്ല.
ബിന്ദു: കാരണം...
രമേഷ്: എന്റെ ഉള്ളിൽ നിന്നെന്നോടാരോ പറഞ്ഞു. നിനക്കെന്നെ ഇഷ്ടമാണെന്ന്. എന്നിട്ടും എനിക്ക് പരിഭ്രമമായിരുന്നു.
ബിന്ദു: എന്തിന്.
രമേഷ്: പെൺകുട്ടികളല്ലെ. ഏതുനിമിഷവും മനസ്സ് മാറും.
ബിന്ദു: എനിക്ക് കേൾക്കണ്ട. പുരുഷന്മാരുടെ മനസ്സ് കരിങ്കല്ലും –എന്റെ മനസ്സ് അങ്ങിനെയൊന്നും മാറില്ല.
രമേഷ്: ഇനി അതിനെപ്പറ്റി വാദിക്കേണ്ടല്ലോ. നീ മുഴുവനും എന്റേതായി കഴിഞ്ഞു. എന്റേതുമാത്രം (കുറച്ചുകൂടി അടുത്ത് ചെന്നു) ബിന്ദു സത്യം പറയൂ. നിനക്കെന്നെ ഇഷ്ടമാണോ?
ബിന്ദു: ഇഷ്ടമല്ലെങ്കിൽ ആരെങ്കിലും വിവാഹത്തിന് സമ്മതിക്യോ (ചേക്കുട്ടി തിരിച്ചുവരുന്നു)
രമേഷ്: എവിടെടോ വാച്ച്മാൻ.
ചേക്കുട്ടി: മുതലാളി അയാളെ കുട്ട്യോള് ദീനംപിടിച്ച് കിടപ്പാണ്.
രമേഷ്: അതുകൊണ്ട്...
ചേക്കുട്ടി: വൈദ്യരെ അന്വേഷിച്ച് പോയതാ.
രമേഷ്: ഇത് നല്ല പാടായല്ലോ... എടോ മൂന്നുദിവസം തുടർച്ചയായി ഓടിച്ചിട്ട് എന്റെ കാർ പൊടിയിൽ മൂടിയിരിക്കുന്നു. അതൊന്നു കഴുകിയിട്ട് വേണം രാവിലെ പുറത്തെടുക്കാൻ.
ചേക്കുട്ടി: അതിനെന്താ മുതലാളി ഒക്കെ ഞാൻ ചെയ്തുതരാം. പെറകില് കെണറുണ്ട്.
രമേഷ്: നിനക്ക് കാറ് കഴുകാനറിയുമോ.
ചേക്കുട്ടി: മുതലാളി വന്നു പറഞ്ഞ് തന്നാൽ മതി. ഒക്കെ വേണ്ടപോലെ ചെയ്തുതരാം.
രമേഷ്: ബിന്ദു ഞാനാ കാറൊന്നു കഴുകട്ടെ.
ബിന്ദു: വേഗം വരണേ.
രമേഷ്: നീ അകത്തുകേറി വാതിലടച്ച് ഇരുന്നോളൂ. ഞാൻ ക്ഷണത്തിൽ വരാം. (മുമ്പോട്ട് നടക്കുന്നു. തിരിഞ്ഞുനിന്നു) പേടിയുണ്ടോ?
ബിന്ദു: (ഒപ്പം ചെന്ന് രംഗത്തിന്റെ അറ്റത്ത് നിൽക്കുന്നു. കാർ സ്റ്റാർട്ടാവുന്നു. ബിന്ദു ഫ്ലാസ്കെടുത്ത് മുറിയുടെ വാതിലിനടുത്തെത്തിയേപ്പാൾ സൈഡ് റൂമിന്റെ വാതിലിൽ സുരേഷ് പ്രത്യക്ഷപ്പെടുന്നു) (സുരേഷ് വിളിക്കുന്നു)
സുരേഷ്: ബിന്ദു.
യുവതി (ഞെട്ടുന്നു. തിരിഞ്ഞുനോക്കുന്നു. കയ്യിൽനിന്ന് ഫ്ലാസ്ക് നിലത്ത് വീണ് പൊട്ടുന്നു)
യുവാവ്: (പതുക്കെ മുമ്പോട്ടുചെന്ന് കുനിഞ്ഞ് ഫ്ലാസ്കെടുക്കുന്നു) ആകെ തകർന്നുപോയി ഇല്ലെ?
യുവതി: (സ്വപ്നത്തിലെന്നവണ്ണം തറച്ച് നോക്കിനിൽക്കുകയാണ്. സുരേഷിന്റെ വാക്കിൽ ഞെട്ടി മുഖത്ത് നോക്കാതെ) ആകെ തകർക്കാനല്ലെ വന്നത്.
സുരേഷ്: ആര്, ആരെ?
ബിന്ദു: പിന്നെ എന്നെ തകർക്കാൻ (ശബ്ദം താഴ്ത്തി വേദനയോടെ) ഇത് വേണ്ടീരുന്നില്ല.
സുരേഷ്: അഭിനയം ഒന്നാന്തരമാവുന്നുണ്ട്.
യുവതി: ഒരുകാലത്ത് ആത്മാർഥമായി സ്നേഹിച്ച് പോയതിനുള്ള ശിക്ഷയായിരിക്കും.
സുരേഷ് (വേദനപുരണ്ട ചിരി) ഒ! നിന്റെ ആത്മാർഥത ഇങ്ങിനെയാണോ. ഒരാളെ സ്നേഹിക്കുക, മറ്റൊരാളെ വിവാഹം കഴിക്കുക, കൊള്ളാം. എത്ര എളുപ്പത്തിൽ പറഞ്ഞുതീർത്തു (വേദനയും ഗൗരവവും കലർന്ന സ്വരത്തിൽ) ബിന്ദു നോക്കൂ. ഇതെന്താണെന്ന് നോക്കൂ (ഒരു പൊതികാണിച്ച്) ഇതത്രയും സ്ലീപ്പിങ് പിൽസാണ്. ഉറക്കം വരാത്ത രാത്രികൾ ഹൃദയഞരമ്പുകളെ കൊത്തിവലിക്കുമ്പോൾ ഓരോന്നോരോന്നായി ഞാനിത് വിഴുങ്ങും. എന്നിട്ടും ഉറക്കം എന്നെ അനുഗ്രഹിക്കുന്നില്ല. മനുഷ്യരുടെ ഇടയിൽനിന്ന് ഞാനോടിപോന്നു. ഈ കാട്ടുമൂലയിൽ വിജനതയിൽ എത്തിയാലെങ്കിലും ഒന്നുറങ്ങാൻ കഴിയുമെന്ന് ഞാനാശിച്ചു.
ബിന്ദു: (മുഖത്ത് നോക്കാതെ) ഓ. ഉറങ്ങാൻ പോന്നതാണല്ലെ. അതിന്ന് തെരഞ്ഞെടുത്ത സ്ഥലം കൊള്ളാം. ഇവിടെയും എന്നെ സ്വൈര്യം കെടുത്തണമെന്നുതന്നെ.
സുരേഷ്: ബിന്ദു. നിന്നെ സ്വൈര്യം കെടുത്തുകയോ. നിനക്കെങ്ങിനെയത് പറയാൻ കഴിഞ്ഞു. നിന്റെ ജീവിതത്തിൽനിന്ന് മാത്രമല്ല എന്റെയും ജീവിതത്തിൽനിന്ന് ഞാൻ ഒളിച്ചോടുകയാണ്. എങ്ങോട്ടെന്നറിഞ്ഞുകൂട. എനിക്കിത്തിരി ഉറങ്ങണം. എന്റെ തലച്ചോറിൽ പുലിനഖംകൊണ്ട് മാന്തുകയാണ്. എനിക്കിത് സഹിയ്ക്കാൻ കഴിയുന്നില്ല (തലതാങ്ങി ഒരിടത്ത് ഇരിയ്ക്കുന്നു)
ബിന്ദു: (യുവാവ് കാണാതെ അയാളെ നോക്കുന്നു) ഇതുവരെയുള്ള തന്റേടം മുഴുവൻ പമ്പകടക്കുന്നു. നിന്നേടത്തുനിന്ന് അനങ്ങാതെ വിളിയ്ക്കുന്നു) സുരേഷ്... (സുരേഷ് മിണ്ടുന്നില്ല. തലയുയർത്തുന്നില്ല –കുറച്ചുകൂടി ഉറക്കെ വിളിക്കുന്നു) സുരേഷ്.

(സുരേഷ് തലയുയർത്തി തിരിഞ്ഞുനോക്കുന്നു)
യുവതി: (പഴയപടി യുവാവിനെ നോക്കുന്നില്ല) ഇപ്പോൾ അഭിനയിക്കുന്നത് ആരാണ്.
സുരേഷ്: ഞാനാണ്. ഇതുവരെ അഭിനയിച്ചതും ഞാനായിരുന്നു (എഴുന്നേൽക്കുന്നു. പാന്റിന്റെ പോക്കറ്റിൽനിന്നും പട്ടുറുമാലിൽ കെട്ടിയ ഒരു സാധനം വലിച്ചെടുത്ത് മുമ്പോട്ട് ചെല്ലുന്നു. കെട്ടഴിച്ച് അതിൽ ഭദ്രമായി അടക്കിവെച്ച കടലാസട്ടികൾ പുറത്ത് കാണിച്ച്) എന്റെ അഭിനയത്തിന് എനിക്ക് കിട്ടിയ സർട്ടിഫിക്കറ്റാണത്. നിനക്ക് മനസ്സിലായോ ഇതെന്താണെന്ന്. (യുവതി നോക്കുന്നില്ല) നോക്കൂ. എന്നിട്ട് പറയൂ (യുവതി നോക്കുന്നില്ല) നോക്കൂ എന്നിട്ട് പറയൂ (യുവതി നോക്കുന്നില്ല) നിന്റെ പ്രേമലേഖനങ്ങളിൽ ചിലതാണിത്.
യുവതി (ഞെട്ടുന്നു. തിരിഞ്ഞുനോക്കുന്നു. ആദ്യം കത്തിൽ പിന്നെ യുവാവിന്റെ മുഖത്ത്. കലശലായ പരാജയം പറ്റിയതിന്റെ ലക്ഷണം ആ മുഖത്ത് കാണാനുണ്ട്. അൽപം ദീനതയോടെ വിളിയ്ക്കുന്നു) സുരേഷ്, ദയവുചെയ്ത് എന്നെ ഉപദ്രവിക്കരുത്.
സുരേഷ്: മനസ്സിലായില്ല.
ബിന്ദു: വിവാഹം കഴിഞ്ഞ് മധുവിധു ആഘോഷിക്കാനാണ് ഞങ്ങളീ സ്ഥലം തെരഞ്ഞെടുത്തത്. ഇവിടെ എന്റെ ഈ കത്തുകളുമായി സുരേഷ് കാലേക്കൂട്ടി സ്ഥലംപിടിച്ചത് മനഃപൂർവം ഉപദ്രവിക്കാനല്ലെങ്കിൽ മറ്റെന്തിനാണ്.
സുരേഷ്: പറഞ്ഞുതീർന്നോ.
ബിന്ദു: ഇല്ല. ഒരുകാലത്ത് ഞാൻ നിങ്ങളെ ആത്മാർഥമായി സ്നേഹിച്ചിരുന്നു.
സുരേഷ്: പിന്നെയും ആത്മാർഥത.
ബിന്ദു: പിന്നീട്, പിന്നീടെനിക്ക് മനസ്സിലായി നമ്മുടെ സ്നേഹം ദുർബലമാണെന്ന്. എന്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു.
യുവാവ്: പിന്നെ.
ബിന്ദു: ചെറുപ്പത്തിൽ ആവേശത്തിൽ അങ്ങിനെ പലതും തോന്നും. അതൊക്കെ വിവാഹത്തിൽ ചെന്നെത്തുകയാണെങ്കിൽ ഒരു സ്ത്രീ എത്രവട്ടം വിവാഹം കഴിക്കേണ്ടിവരും. സുരേഷ് കഴിഞ്ഞതൊരു സ്വപ്നമായിരുന്നു.
യുവാവ്: (യാന്ത്രിക മട്ടിൽ) അതെ.
ബിന്ദു: സുഖകരമായൊരു സ്വപ്നം.
സുരേഷ്: സമ്മതിച്ചു.
ബിന്ദു: അതിൽനിന്ന് ഞെട്ടിയുണർന്നപ്പോൾ പിന്നെയും ജീവിതത്തിന്റെ കല്ലുനിറഞ്ഞ നടപ്പാതയിലെത്തി. എല്ലാം മറന്നേക്കാം.
യുവാവ്: മറക്കാം.
ബിന്ദു: (ഉത്സാഹപൂർവം) ബാലചാപല്യങ്ങൾ, അതോർത്താരും വിഷമിക്കാറില്ല. കരയാറില്ല, ജീവിതവുമുപേക്ഷിക്കാറില്ല.
സുരേഷ്: ഇല്ല. ഞാൻ ജീവിതമുപേക്ഷിക്കില്ല. എനിക്കിനിയും ജീവിക്കണം. നീ നിന്റെ ഭർത്താവിനെ ആത്മാർഥമായി സ്നേഹിച്ച് സുഖസന്തോഷങ്ങളോടെ കുടുംബജീവിതം നയിക്കുന്നതെനിക്ക് കാണണം.
ബിന്ദു: ഞാൻ നിങ്ങളോട് തെറ്റ് ചെയ്തിട്ടുണ്ട്. അത് മറന്ന് എനിക്ക് മാപ്പ് തന്നെന്ന് പറയൂ.
യുവാവ്: പറയാം. ഒരു നിബന്ധനയോടെ.
ബിന്ദു: എന്താണത്.
സുരേഷ്: (സ്ലീപ്പിങ് പിൽസ് രണ്ടെണ്ണമെടുത്ത് നീട്ടി) ഇതാ ഈ സ്ലീപ്പിങ് പിൽസ് വാങ്ങൂ.
ബിന്ദു: ഇതെന്തിന്.
സുരേഷ്: ഇന്ന് ഉറങ്ങാൻ പോകുമ്പോൾ ഇത് കാപ്പിയിൽ കലർത്തി നിന്റെ ഭർത്താവിന് കൊടുക്കണം. അയാൾ ഉറങ്ങികഴിഞ്ഞാൽ നീയെന്റെ മുറിയിൽ വരണം.
ബിന്ദു: (അസഹ്യതയോടെ) എന്തിന്.
സുരേഷ്: മധുവിധുവിന്റെ ആദ്യത്തെ രാത്രി നീ എന്റെ ഒരുമിച്ചായിരിക്കണം.
ബിന്ദു: (ഞെട്ടലോടെ) സുരേഷ്.
സുരേഷ്: ഉം. വാങ്ങൂ.
ബിന്ദു: വയ്യ.
സുരേഷ്: വയ്യേ.
ബിന്ദു: ഞാനദ്ദേഹത്തെ വഞ്ചിക്കില്ല.
സുരേഷ്: ഈ ഒരു രാത്രിമാത്രം വഞ്ചിച്ചാൽ മതി.
ബിന്ദു: വയ്യെന്നു പറഞ്ഞില്ലെ.
സുരേഷ്: ഒരായുഷ്കാലത്തെ മുഴുവൻ വഞ്ചനയാണ് നീയെന്നോട് കാണിച്ചത്. അതോർക്കുമ്പോൾ ഇതു നിസ്സാരം (മറുപടിക്ക് തെല്ലിട കാത്തുനിൽക്കുന്നു) വയ്യെന്നു തീരുമാനിച്ചോ!
യുവതി: (ഉറപ്പിച്ച്) തീരുമാനിച്ചു.
സുരേഷ്: എങ്കിൽ എളുപ്പമായി. നിന്റെ ഭർത്താവ് തിരിച്ചുവന്ന ഉടനെ ഈ കത്തെല്ലാം അദ്ദേഹത്തിന്റെ കൈയിൽ കൊടുത്ത് നിന്റെ ആത്മാർഥതയെ തെളിയിച്ച് ഞാനിപ്പോൾ തന്നെ സ്ഥലംവിട്ടോളാം, ശല്യപ്പെടുത്തുന്നില്ല. സുഖമായി മധുവിധു ആഘോഷിച്ചോളൂ.
ബിന്ദു: (പരിപൂർണമായി പരാജയപ്പെടുന്നു. സഹതാപം നേടിയെടുക്കാൻ ശ്രമിച്ച് വേദനയോടെ) സുരേഷ് എന്തിനിങ്ങനെ എന്നെ നശിപ്പിക്കുന്നു. കുറ്റങ്ങൾ മുഴുവൻ ഞാനേറ്റുപറഞ്ഞു. (തേങ്ങി) മാപ്പുചോദിച്ച്.
സുരേഷ്: അഭിനയം വേണ്ട. ഈ രാത്രി നീയെന്റേതാണ്. ഈ രാത്രി മാത്രം. (ഭർത്താവിന്റെ ശബ്ദം അകലത്തുനിന്ന് കേൾക്കുന്നു. അടുത്തടുത്ത് വരുന്നു. യുവതി ആകെ തളരുന്നു) തീരുമാനിച്ചോ ഇനി സമയമില്ല (സ്ലീപ്പിങ് പിൽസ് നീട്ടുന്നു. യുവതി അത് വാങ്ങി അകത്തേക്ക് ഓടിപ്പോയി വാതിലടക്കുന്നു. യുവാവ് സ്വന്തം മുറിയിലേക്ക് പോകുന്നു).
(അൽപം കഴിഞ്ഞ് ഭർത്താവ് വരുന്നു. വാതിലിൽ മുട്ടുന്നു. വാതിൽപടിക്കലുള്ള കാപ്പിയിൽ ചവിട്ടി സൂക്ഷിച്ച് നോക്കുന്നു. യുവാവ് വിട്ടേച്ച് പോയ ഫ്ലാസ്ക് കാണുന്നു. അതെടുത്ത് പരിശോധിക്കുന്നു. പിന്നെയും വാതിലിൽ മുട്ടുന്നു. യുവതി വന്ന് വാതിൽ തുറക്കുന്നു).
(മുഖത്തെ ഭാവഭേദം കണ്ട് ചോദിക്കുന്നു)
ഭർത്താവ്: ഇതെന്താണിത്. നീയാകപ്പാടെ വിളർത്തിട്ടുണ്ടല്ലോ. ഒറ്റക്കിരുന്ന് പേടിച്ചുപോയോ.
ബിന്ദു: എന്തോ എനിക്ക് നല്ല സുഖം തോന്നുന്നില്ല.
ഭർത്താവ്: ഈ ഫ്ലാസ്കെങ്ങിനെ പൊട്ടി. (ഉത്തരമില്ല) പേടിച്ച് വിറച്ച് കയ്യിൽനിന്ന് വീണ് പോയതാവും ഇല്ലേ? ധീരവനിത തന്നെ. (അകത്ത് കടന്ന് വാതിലടക്കുന്നു. അൽപനിമിഷംകൊണ്ട് രംഗത്തെ വെളിച്ചം അസ്തമിക്കുന്നു. പിന്നീട് പതുക്കെ പതുക്കെ മങ്ങിയ ഒരു പ്രകാശംമാത്രം രംഗത്ത് തിരിച്ചുവരുന്നു. അപ്പോൾ സുരേഷ് രംഗത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണുന്നു)
(സ്പോട്ട് കസേരയിൽ ഇരിക്കുന്നു)
(കത്തിൽ ഒരെണ്ണം തുറന്ന് വായിക്കുന്നു. ഇവിടെ യുവതിയുടെ ശബ്ദം അകത്ത് കേൾക്കാം)
ഒരു പ്രേമലേഖനത്തിന്റെ നാലു വരികൾ.
(രണ്ടാമത്തെ കത്തെടുത്ത് നിവർത്തിയപ്പോൾ ഒരു യുഗ്മഗാനം കേൾക്കാൻ തുടങ്ങുന്നു. അതിന്റെ അവസാനത്തിൽ യുവതി സ്വന്തം മുറിയുടെ വാതിൽ തുറന്ന് രംഗത്തേക്ക് വരുന്നു. പാതി വഴിവന്നപ്പോൾ യുവാവിനെ കാണുന്നു. സംശയിച്ച് നിൽക്കുന്നു)
(പതുക്കെ വിളിക്കുന്നു)
(യുവാവ് ഞെട്ടിത്തിരിഞ്ഞ് നോക്കുന്നു. എഴുന്നേറ്റ് പതുക്കെ നടക്കുന്നു. യുവതി അടിമുടി വിറയ്ക്കുന്നു)
സുരേഷ് (കനത്ത ശബ്ദത്തിൽ) നിന്നോട് ഞാനൊരു രാത്രി മുഴുവൻ ആവശ്യപ്പെട്ടു ഇല്ലെ. എനിക്ക് ഒരു നിമിഷം മാത്രം മതി. ഈയൊരു നിമിഷം ഈ നിമിഷത്തിനുവേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. നിനക്കയാളെ സ്നേഹിക്കുവാൻ കഴിയുമോ –ആത്മാർഥമായി സ്നേഹിക്കാൻ കഴിയുമോ.
ഈ ചോദ്യം എന്റെ ഹൃദയത്തിലും തലച്ചോറിലും കൊടുങ്കാറ്റ് സൃഷ്ടിക്കുകയായിരുന്നു. എന്റെ ഉറക്കത്തെ വിരട്ടിയോടിക്കുകയായിരുന്നു. ഞാനതിനുത്തരം കണ്ടുപിടിച്ചു. ഇല്ല നിനക്കാരെയും സ്നേഹിക്കാൻ കഴിയില്ല (കൂടുതൽ അടുത്ത് തോളിൽ കൈവെച്ച്)
ബിന്ദു പോകൂ. പോകൂ. നഷ്ടപ്പെട്ട ഉറക്കം മുഴുവൻ അതാ, തിരമാലകളുതിർത്തുകൊണ്ടുവരുന്നു. എനിക്കുറങ്ങണം. സുഖമായൊന്നുറങ്ങണം (വേച്ച് വേച്ച് മുറിയിലേക്ക് പോകുന്നു. യുവതി സ്തംഭിച്ച് നിൽക്കുന്നു).
കർട്ടൻ
രംഗം 5
(മുസാവരി ബംഗ്ലാവിലെ മുറി. വാച്ച്മാൻ തനിച്ച് രംഗത്ത്. ഒരു റാന്തൽതിരി തുടച്ച് എണ്ണയൊഴിച്ച് ശരിപ്പെടുത്തുന്നു. ചേക്കുട്ടി പ്രവേശിക്കുന്നു)
ചേക്കുട്ടി: ഇങ്ങള് ഇബടെ ഇരിയ്ക്ക്യാ.
വാച്ച്മാൻ: (വൃദ്ധൻ സംസാരിക്കുന്നിടത്തേക്ക് ശ്രദ്ധതിരിച്ച് നോക്കി വിളക്ക് ഒരിടത്തേക്ക് മാറ്റിവെക്കുന്നതിനിടയിൽ) ഇവിടെയല്ലെ എനിക്ക് പണി, അപ്പോൾ ഞാൻ ഇവിടെത്തന്നെയല്ലെ ഇരിക്കേണ്ടത്.
ചേക്കു: ഞാൻ നിങ്ങളെ പെരേന്നാണ് ഇപ്പം ബരുന്നത്.
വാച്ച്മാൻ: ഉം (മൂളുന്നു)
ചേക്കു: നിങ്ങളെന്താ കണ്ടത്. ആ പെണ്ണുങ്ങളെ ഈ കുന്നിൻപുറത്തിട്ട് കൊല്ലാൻ തന്നെ തീരുമാനിച്ചോ.
വാച്ച്മാൻ: കൊല്ലുന്നതും കൊല്ലിക്കുന്നതും ഞമ്മളല്ലല്ലോ –മരണം ഓരോരുത്തരുടെയും യോഗം പോലെ വരും.
ചേക്കു: യോഗം പറഞ്ഞ് നിങ്ങളിബടെയിരുന്നാൽ ആ കുട്ട്യക്ക് തള്ളയുണ്ടാകൂല, ഞാൻ പറഞ്ഞേക്കാം (വാച്ച്മാൻ മിണ്ടുന്നില്ലെന്ന് കണ്ട്) ഞാൻ പറീണത് ഇങ്ങള് കേക്ക്ണ് ണ്ടോ.
വാച്ച്മാൻ: കുറെ ദിവസമായി ആരുപറയുന്നതും ഞാൻ കേൾക്കാറില്ല. കേട്ടിട്ട് കാര്യമില്ല.
ചേക്കു: അങ്ങിനെ പറയരുത്. ഇവിടുത്തെ വൈച്ചമ്മാരെ മരുന്ന് കൊടുത്തു, കൊടുത്തു സൂക്കേട് ഇപ്പം പിടിച്ചാ കിട്ടാത്ത പരുവത്തിലായിരിക്ക്ണ്. ഇനിയും താമസിച്ചാൽ ശരിയാവൂല.
വാച്ച്മാൻ: താമസിക്കുന്നത് ഞാനല്ല. പടച്ചവനല്ലെ.
ചേക്കു: പടച്ചവന്റെ കാര്യം പറയണ്ട. നമ്മളെപോലെ അന്നന്ന് നയ്ച്ച് തിന്നുന്നവന് പടച്ചോനില്ല. അത് സ്വത്തും മുതലും ഉള്ളോന്. ഞാൻ പറയുന്നത് മനുഷ്യന്റെ കാര്യമാണ്. ഓർമയും നിശ്ചയവും ഇല്ലാതെ പിച്ചും പേയും പറഞ്ഞ് പോരെ കിടക്കുന്ന ഒരു പെമ്പറന്നോളെ കാര്യാണ് ഞാൻ പറയ്ണഹ്.
വാച്ച്മാൻ: ആ കാര്യം എനിക്ക് നിങ്ങളെക്കാൾ കൂടുതലായറിയാം. അവളെന്റെ ഭാര്യയാണ്.
ചേക്കു: കളി തമാസ ഒഴിച്ച് ഇങ്ങള് കാര്യം പറീൻ. ഇങ്ങള് ഇംഗ്ലീഷ് വൈദ്യന്മാരെ ആരെങ്കിലും ഒന്ന് വിളിച്ച് കാണിക്ക് –അല്ലെങ്കിൽ ആസ്പത്രിലേക്കെങ്കിലും എടുക്കീൻ.
വാച്ച്മാൻ: ഇംഗ്ലീഷ് വൈദ്യന്മാരെ വിളിച്ചാൽ അവരിങ്ങോട്ട് വെറുതെ പാഞ്ഞുവര്വോ. തടിയിളക്കാൻ പറ്റാതെ അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ കിടക്കുന്ന ഒരാളെ പത്തുമുപ്പത് നാഴികദൂരമുള്ള ആശുപത്രിയിലേക്ക് ഞാൻ എങ്ങിനെ കൊണ്ടുപോകും. അഭിപ്രായം പറയാനും കുറ്റപ്പെടുത്താനും പരിചയക്കാരും നാട്ടുകാരും ഉണ്ടാകും.
ചേക്കു: കുറ്റംപറയല്ല. ഞാൻ കണ്ടകാര്യം പറഞ്ഞതാ.
വാച്ച്മാൻ: കണ്ണുള്ളവന്നു കാണാം. നാവുള്ളവന്ന് പറയുകയും ചെയ്യാം. എന്നാൽ പൈസയുള്ളവന്നെ വല്ലതും ചെയ്യാൻ പറ്റൂ. ഒരാഴ്ചയായി ഈ പ്രദേശത്ത് ഞാനറിയുന്നവന്റെ മുന്നിൽ കൈയും നീട്ടി നടന്നവനാണ് ഒരു പത്തുറുപ്പികക്ക്.
ചേക്കു: എന്നിട്ട്.
വാച്ച്മാൻ: ഓരോരുത്തന്റെയും പണത്തിന്റെ തിടുക്കം കേട്ട് മടങ്ങി.
ചേക്കു: അതിൽ ആരെയും കുറ്റംപറഞ്ഞിട്ട് കാര്യല്യ. ഇത് നിങ്ങൾ നേരത്തെ മനസ്സിലാക്കേണ്ടതായിരുന്നു.
വാച്ച്മാൻ: മനസ്സിലാവാത്ത ദോഷമല്ല. വേറെ വഴിയില്ലാത്തതുകൊണ്ടാണ് പോയി ചോദിച്ചത്. ഒരു തിടുക്കംവരുമ്പോൾ അവനവൻ തന്നേ സഹായത്തിനുണ്ടാവുകയുള്ളൂ.
ചേക്കു: ഉള്ളവഴി നിങ്ങള് തന്നെയല്ലെ അടച്ചത്. നാല് കാശ് ഉണ്ടാക്കേണ്ട സമയത്ത് ഉണ്ടാക്കിബെക്കണം.
വാച്ച്മാൻ: എങ്ങിനെ. പത്തെൺപതുറുപ്പിക മാസത്തിൽ കിട്ടുന്ന ഞാൻ അഞ്ചാറ് കുട്ടികളെയും എന്റെ കെട്ടിയവളുടെയും ചെലവ് കഴിച്ച് കിട്ടുന്നത് തന്നെ എങ്ങിനെയാണെന്ന് നിങ്ങൾക്കറിയില്ല. തിന്നിട്ടും തിന്നാതെയും ദിവസം കഴിക്കുന്നതിനിടയിൽ –എവിടുന്നാ സമ്പാദിക്കാൻ കഴിയാ.
ചേക്കു: അതിന്നാണ് മനുഷ്യന്ന് ബുദ്ധി. ഇവിടെ മുമ്പുണ്ടായിരുന്ന മൂന്നുനാല് വാച്ച്മാൻമാരെ എനിക്കറിയാ. ഓലും ഇങ്ങളെ മാതിരി മാസപ്പടിക്കാരായ് രുന്നല്ലോ? കുട്ട്യളും കുടുംബും എല്ലാം, ഉള്ളോല് തന്നെ –ഓല് ക്ക് സ്വത്തും മുതലും ഒക്കെ ഉണ്ടായതെങ്ങിനെ.
വാച്ച്മാൻ: അങ്ങിനെത്തവരുടെ കാര്യം എന്നോട് പറയരുത്. അങ്ങിനെ നെറികെട്ട് ജീവിക്കാൻ ഞാൻ പഠിച്ചിട്ടില്ല.
ചേക്കു: പഠിക്കണം. ഈ കാലത്ത് ജീവിക്കണമെങ്കിൽ കുറച്ചൊക്കെ അത് പഠിക്കണം. ഇവിടെ നിങ്ങൾ വരുന്നതിന്റെ മുമ്പുണ്ടായിരുന്ന വാച്ച്മാൻ കുമാരന്റെ കാര്യം തന്നെയെടുക്കാം. മൂന്നു കൊല്ലല്ലെ ഈ പണി എടുത്തുള്ളൂ. അതിന്നിടക്ക് ഓനെത്ര സമ്പാദിച്ച്. പൊരയും പറമ്പും വങ്ങി –രണ്ടു പെൺകുട്ടികളെ ഒന്നാന്തരമായി കല്യാണം കഴിപ്പിച്ച്. പത്തും ഇരുപത്തഞ്ചും ഉറുപ്പിക കിട്ടാത്ത ദിവസമില്ലായിരുന്നു ഓനന്ന്. അതാണ് ബുദ്ധി.
വാച്ച്മാൻ: ഞാൻ കേട്ടിട്ടുണ്ട്. പത്തും ഇരുപത്തഞ്ചും അല്ല പത്തും നൂറും കിട്ടിയെന്നുവരും. അങ്ങിനത്തെ പൈസ്സ ഈ കാലംവരെ ഈ കൈകൊണ്ട് തൊട്ടീട്ടില്ല.
ചേക്കു: അങ്ങിനത്തെ പൈസ ഇങ്ങനത്തെ പൈസ എന്നു പറയരുത്. പൈസല്ലാം ഒരു മാതിരിയാണ്.
വാച്ച്മാൻ: ചിലർക്ക്, എനിക്കങ്ങിനെയല്ല.
ചേക്കു: അതാണ് നിങ്ങൾക്ക് പറ്റിയ കേട്. ഞാനും നിങ്ങളും വിചാരിച്ചാൽ ഈ നാട്ടിലെ മനുസന്മാരെ നന്നാക്കാൻ കയ്യൂല. ഇബടുന്ന് കിട്ടാത്തത് ബേറെടുത്ത് ചെന്നാൽ കിട്ടും.
വാച്ച്മാൻ: ചേക്കുട്ടിക്ക... മതി ഇനി നിങ്ങൾ പറയണമെന്നില്ല. എങ്ങിനെയെങ്കിലും ഇതുവരെ കഴിഞ്ഞുകൂടിയില്ലെ. ഇനി വിൽക്കാനും വാങ്ങാനും വിചാരിക്കുന്നില്ല. പട്ടിണി കിടന്നാലും മാനം വിറ്റ് ജീവിക്കാൻ എന്നെ കൊണ്ടാവില്ല.
ചേക്കു: നിങ്ങൾ എങ്ങിനെ ജീവിച്ചാലും എനിക്ക് തരക്കേടില്ല. പനിച്ച് തോടായി; കുടിനീരിറക്കാൻ കഴിയാതെ ഒരു പെണ്ണൊരുത്തി കുടീകെടക്ക്ണ്. അതിന്ന് നാല് കാശിന്റെ മരുന്നുവാങ്ങി കൊടുക്കാൻ കഴിയാത്ത നിങ്ങൾ മാനം നോക്കി കഴിഞ്ഞോളീൻ.
വാച്ച്മാൻ: പറഞ്ഞ് പറഞ്ഞ് നിങ്ങളെന്നെ ഭ്രാന്ത് പിടിപ്പിക്കരുത്. അല്ലെങ്കിൽ തന്നെ ഞാനിവിടെ തീതിന്ന് കഴിയുകയാണ്. അതിന്റിടക്ക് നിങ്ങളുടെ ഉപദേശം എനിക്ക് വേണ്ട.
ചേക്കു: ഞാൻ ഉപദേശിക്കുന്നില്ല. ആ കുട്ട്യളെ കാര്യം ആലോചിക്കുമ്പോൾ തള്ളയില്ലാത്ത ആ പൊടിമക്കൾ എങ്ങിനെ കഴിഞ്ഞുകൂടും.
വാച്ച്മാൻ: നിങ്ങൾ പോകുന്നുണ്ടോ? വലിഞ്ഞുകയറി കുട്ട്യളെ കാര്യംപറയാൻ വന്നിരിക്കുന്നു. എനിക്കിവിടെ സ്വസ്ഥമായി കുറച്ച് നേരം ഇരിക്കണമെന്നുണ്ട്. അതിന്നിടയിൽ ചാകുന്നവർ ചാകട്ടെ –അവരെങ്കിലും ഈ നരകത്തിൽനിന്ന് രക്ഷപ്പെടുമല്ലോ.
(ഇരുട്ട്)

രംഗം 6
കർട്ടനുയരുമ്പോൾ ടീബിയിലെ മുറി ഒഴിഞ്ഞുകിടക്കുന്നു. പുറത്ത് കാറിന്റെ ഡോറടക്കുന്ന ശബ്ദവും. ഷൂസിട്ട കാലുകൾ പതിയുന്ന ശബ്ദവും.
വാതിൽ തുറന്ന് കനമുള്ള പെട്ടിയും ഹോൾഡോളും തൂക്കി, വാച്ച്മാൻ പ്രവേശിക്കുന്നു. പെട്ടി ഒരരുകിലെ മേശപ്പുറത്ത് വെച്ച് കസേര തുടച്ച് വാച്ച്മാൻ നിൽക്കെ,
Executive Bag തൂക്കി ഒരു ചെറുപ്പക്കാരൻ പ്രവേശിക്കുന്നു. പ്രായം 35. ടെർലിൻ ഷർട്ട്, പാൻഡ്, ഷൂ, ടൈ.
ബാഗ് മേശപ്പുറത്ത് വെച്ച് മുറിയൊട്ടാകെ ഒന്നവലോകനം ചെയ്തു. ബാത്ത് റൂമിലേക്കുള്ള വാതിൽ തുറന്നുനോക്കി വീണ്ടും രംഗത്തിന്റെ മധ്യത്തിലേക്ക് തിരിച്ചുവന്നു.
യുവാവ്: കൊള്ളാം. സ്ഥലം തരക്കേടില്ല. മലയോരത്തിൽ ഇത്ര quite ആയ ഒരു ടി.ബിയുണ്ടെന്ന് ഞാനീയിടെയാണറിഞ്ഞത്.
വാച്ച്മാൻ: (വിനയത്തോടെ) വളരെ പഴക്കമുള്ള ടീബിയാണ് സാർ. പണ്ട് സായിപ്പന്മാരുടെ കാലത്തുണ്ടാക്കിയതാണ്. ഷിക്കാറിന് വന്ന് താമസിക്കാൻ.
(ഷൂസഴിച്ച് നീക്കിയിട്ടു. കസാരയിൽ ഇരുന്നു. ടൈ ലൂസാക്കിക്കൊണ്ട്)
യുവാവ്: സായ്പിന്നേ സൗന്ദര്യബോധമുള്ളൂ. വീടുണ്ടാക്കാനും റെസ്റ്റ്ഹൗസ് പണിയാനും ഏറ്റവും സുന്ദരമായ സ്ഥലങ്ങൾ അവർ തെരഞ്ഞെടുക്കുന്നു. ഒന്നുകിൽ മലമുകളിൽ അല്ലെങ്കിൽ പുഴയുടെ കരയിൽ.
(ഒഴിഞ്ഞ മൺകൂജ എത്തിപ്പിടിച്ചു)
യുവാവ്: കുറച്ച് തണുത്ത വെള്ളം കൊണ്ടുവരൂ.
(വാച്ച്മാൻ കൂജയെടുത്ത് പോകാൻ ഭാവിക്കുമ്പോൾ)
യുവാവ്: അടുത്ത മുറിയിലാര്?
വാച്ച്മാൻ: ആരുമില്ല, രാവിലെ പോയി.
യുവാവ്: അതിനപ്പുറത്തോ?
വാച്ച്മാൻ: ഇല്ല സാർ.
യുവാവ്: അപ്പോൾ ഞാൻ മാത്രം.
(In a deep tune)
തനിയെ ഒരു രാത്രികൂടി തനിയെ
(വാതിക്കൽ വിചിത്ര ജീവിയെ കാണുംപോലെ സംശയിച്ച് നിൽക്കുന്നു വാച്ച്മാൻ)
യുവാവ്: കഴിക്കാനെന്തുണ്ട്.
വാച്ച്മാൻ: ഒന്നുമില്ല സാർ.
യുവാവ്: ഒന്നും
വാച്ച്മാൻ: ഇല്ല സാർ.
(രോഷത്തോടെ എഴുന്നേറ്റ് ടൈ കട്ടിലിലേക്ക് എറിഞ്ഞ്)
യുവാവ്: യൂസ് ലെസ്.
വാച്ച്മാൻ: ഇവിടെ കുശിനിയില്ല സാർ, വരുന്നവർ കാറിൽ തിന്നാനുള്ളതൊക്കെ കൊണ്ടുവരും. അല്ലെങ്കിൽ ഡ്രൈവറെ വിട്ട് വരുത്തും.
യുവാവ്: Dammit... ടാക്സിക്കാരനെ വിടുന്നതിനു മുമ്പ് തനിയ്ക്കിത് പറയാമായിരുന്നില്ലെ.
(വാച്ച്മാൻ ഭയന്ന് കൂജയുംകൊണ്ട് പുറത്തേക്ക് പോയപ്പോൾ ജാലകത്തിനു സമീപത്തേക്ക് നടന്നു പുറത്തെ ഇരുണ്ട ശൂന്യതയിലേക്കെന്നോണം നോക്കികൊണ്ട് അയാൾ ആരോടെന്നില്ലാതെ)
യുവാവ്: മനുഷ്യരില്ലാത്ത മലയോരങ്ങൾ, അടുക്കളയും ഭക്ഷണവുമില്ലാത്ത മുസാവരി ബംഗ്ലാവുകൾ, പ്രേതംപോലുള്ള സൂക്ഷിപ്പുകാർ... ങ്ഹും.
(ഷൂ അഴിച്ച്)
തിരികെ വന്ന് ഹോൾഡോറിന്റെ കെട്ടഴിച്ച് നിവർത്തിയിട്ട ഷർട്ടഴിച്ച് പാന്റും ബനിയനുമായി നിൽക്കുന്നു.
BACKGROUND MUSIC OF THE LONELY NIGHT.
(വാച്ച്മാൻ കൂജയിൽ വെള്ളവുമായ് തിരിച്ചുവരുന്നു. മേശപ്പുറത്ത് കൂജ വെച്ച് അയാൾ പുറത്തേക്ക് പോകാൻ ഭാവിക്കുമ്പോൾ)
യുവാവ്: ബസാറിലേക്ക് എത്ര ദൂരമുണ്ട്.
വാച്ച്മാൻ: നാല് മൈൽ കാണും.
യുവാവ്: പോയ് വല്ലതും വാങ്ങിക്ക്. ചിക്കൻ, ബ്രെഡ്, നാല് സോഡ.
വാച്ച്മാൻ: സാർ ഇപ്പോൾ നേരം.
നേരത്തിന് എന്തുപറ്റി. പിന്നെ മനുഷ്യൻ പട്ടിണികെടക്കണോ.
വാച്ച്മാൻ: (പതറിക്കൊണ്ട്) നാലും നാലും എട്ടുനാഴിക മടങ്ങിയെത്തുമ്പോൾ പാതിരയാവും സാർ.
(പശ്ചാത്തലത്തിൽനിന്ന് ഒരു ചെറിയ ആൺകുട്ടിയുടെ വിളി)
‘‘ബാപ്പാ’’
(വാച്ച്മാൻ ഞെട്ടി വാതിൽക്കലേക്ക് നോക്കുന്നു, യുവാവ് നോക്കിനിൽക്കെ വാച്ച്മാൻ വാതിലിനപ്പുറത്തേക്ക് നടന്ന് രംഗവാസികൾ കാണാതെ കൊച്ചുമകനോട് എന്തോ സംസാരിച്ച് വന്നു)
വാച്ച്മാൻ: (പരിഭ്രമത്തോടെ) ഞാൻ ഞാൻ വീട്ടിൽ പോയി വരാം. അടുത്താണ് സാർ (വിഷമിച്ച് ദൈന്യതയോടെ) എന്റെ ഭാര്യക്ക് ദീനമാണ് സാർ.
(വാച്ച്മാൻ പുറത്ത്പോയപ്പോൾ എന്തുചെയ്യണമെന്നറിയാതെ യുവാവ് മുറിയിൽ അലസനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. മടുപ്പ്, വെറുപ്പ് അതാണാ മുഖത്ത്)
SLOW
DELIBERATE
ACTIONS
(അവസാനം ബാഗിൽനിന്ന് തിരഞ്ഞ് മുക്കാൽ ഭാഗം ബാക്കിയുള്ള വിസ്കി കുപ്പി പുറത്തെടുക്കുന്നു. കൂജയുടെ മുകളിൽവെച്ച ഗ്ലാസ് എടുത്ത് അതിൽ വിസ്കിയൊഴിക്കുന്നു. കൂജയിൽനിന്ന് വെള്ളമെടുത്ത് ചേർത്ത് സാവധാനത്തിൽ രണ്ട് കവിൾ കുടിയ്ക്കുന്നു. എന്നിട്ട് അലസമായി സിഗരറ്റിന് തീകൊളുത്തിയപ്പോൾ പുറത്ത് നഗ്നമായ കാലടികളുടെ ശബ്ദം)
യുവാവ്: ആരാണത്?
വാച്ച്മാന്റെ ശബ്ദം: ഞാനാണ് സേർ.
(വാച്ച്മാൻ കടന്നുവരുന്നു. രംഗത്തിന്റെ പിൻവശത്തായി വാതിലിനടുത്ത് ഒരു മൂലയിൽ ഒരു കൈതെറ്റ് പോലെ അയാൾ നിൽക്കുന്നു. കയ്യിൽ രണ്ടുമൂന്ന് ഓറഞ്ചുണ്ട്).
യുവാവ്: എന്താണ്?
(വാച്ച്മാൻ പതുക്കെ അടുത്തുവന്ന് മേശപ്പുറത്ത് അത് വെച്ചു).
വാച്ച്മാൻ: ഓറഞ്ചാണ് സാർ, ഇതേ കിട്ടിയുള്ളൂ.
യുവാവ്: ഇതെവിടുന്ന്?
വാച്ച്മാൻ: എന്റെ വീട്ടിലുണ്ടായിരുന്നതാ.
യുവാവ്: (പഴ്സെടുത്ത്) എന്ത് വില? എന്തുവില ചോദിച്ചാലും കിട്ടുമല്ലോ. ഇതൊരു സൈഡ് ബിസിനസായിരിക്കും.
വാച്ച്മാൻ: വിലക്കല്ല സാർ. എന്റെ ഭാര്യക്ക് കൊടുക്കാൻ കൊണ്ടുവന്നതാണ് സാർ.
(യുവാവ് വാച്ച്മാനെ ഒട്ടാകെ വിലയിരുത്തിക്കൊണ്ട് ഒന്ന് നോക്കി. വീണ്ടും ഗ്ലാസ് നിറക്കുന്നു)
വാച്ച്മാൻ: സാർ-
യുവാവ്: ഉം.
വാച്ച്മാൻ: ടൈഫോയ്ഡ് വന്നാൽ മാറില്ലെ സാർ.
യുവാവ്: (ഗ്ലാസ് മോന്തിക്കൊണ്ട്) ആർക്കാ ടൈഫോയ്ഡ്.
വാച്ച്മാൻ: എന്റെ ഭാര്യക്ക്.
യുവാവ്: ഡോക്ടറോട് ചോദിക്കടോ. അയാളല്ലെ പറയണ്ടത്.
വാച്ച്മാൻ: ഡോക്ടർ നോക്കീട്ടില്ല സാർ.
യുവാവ്: ഉം?
വാച്ച്മാൻ: ഡോക്ടർക്ക് വരാൻ ഇരുപത്തഞ്ചുറുപ്പിക കൊടുക്കണം. കാറിന്നു വേറെ.
(ദൈന്യത്തിന്റെ മൂർത്തിയായി നിൽക്കുന്ന വാച്ച്മാനെ അയാൾ തെല്ല് അസ്വാസ്ഥ്യത്തോടെ നോക്കുന്നു. എന്നിട്ട് വീണ്ടും ശ്രദ്ധ ഗ്ലാസിൽ കേന്ദ്രീകരിക്കുന്നു)
വാച്ച്മാൻ: കഷായം ഗുളികീം കഴിച്ചാൽ മാറില്ലെ സാർ.
(മദ്യത്തിന്റെ ലഹരി കുറേശ്ശെയായി ചെറുപ്പക്കാരന്റെ സിരകളിൽ പടരുകയാണ്. അയാൾ കസേര നീക്കിയിട്ടിരുന്ന് വാച്ച്മാനെ നേരിട്ട്)
യുവാവ്: നിനക്ക് ഭാര്യയെ സ്നേഹമാണോ?
(വാച്ച്മാൻ അർഥം മനസ്സിലാവാതെ അമ്പരന്ന് നിൽക്കുന്നു)
യുവാവ്: അവൾക്കെന്തെങ്കിലും സംഭവിക്കുന്നതിൽ വേദനയുണ്ടോ?
(വെഷമത്തോടെ തെല്ലരിശത്തോടെ)
വാച്ച്മാൻ: ഇരുപത്തിനാല് കൊല്ലം എന്റെ കൂടെ നരകിച്ചവളാണ് സാർ.
യുവാവ്: (പതുക്കെ എഴുന്നേറ്റ്)
ഇരുപത്തിനാല് കൊല്ലം. മൈ ഗോഡ് ഇരുപത്തിനാല് കൊല്ലം. അൻവർ.
വാച്ച്മാൻ: എന്റെ പേർ അതല്ല സാർ.
യുവാവ്: ആ എന്തോ ആവട്ടെ.
(നെറ്റിതടവി)
അൻവറെയാണ് എപ്പഴും ഓർമവരിക. ഞാൻ കണ്ട വാച്ച്മാൻമാരിൽ ബെസ്റ്റ് –അൻവറായിരുന്നു. ഞാൻ വിചാരിച്ചാൽ മതി അവന്ന് മനസ്സിലാവും.
(താൻ) Mood വിട്ടുപോകുന്നുവോ എന്ന് കണ്ട് NORMAL ആവാൻ ശ്രമിച്ച്)
ആ ഞാനെന്താ പറഞ്ഞത് –ഇരുപത്തിനാല് കൊല്ലം ഒരു സ്ത്രീയുടെ കൂടെ. തനിക്ക് പത്മശ്രീയോ പത്മഭൂഷണമോ ഒക്കെ തരണം. അൻവർ! ഉം, പോട്ടെ താനെന്നെ അറിയുമോ?
വാച്ച്മാൻ: കണ്ടിട്ടില്ല സാർ.
യുവാവ്: (കസാര പിടിച്ചുനിന്നു)
ഞാൻ വിവാഹം കഴിച്ച് നോക്കിയതാണ്. ഇരുപത്തിനാല് ദിവസം നിന്നില്ല.
(ആരോടെന്നില്ലാതെ)

The Bitch The Dirty Bitch
(വീണ്ടും വാച്ച്മാനെ ശ്രദ്ധിച്ച്)
വാ –അടുത്ത് വാ
(പാതികുടിച്ച ഗ്ലാസ് നീട്ടി)
ഉം അടി- സ്കോച്ചാണ്.
വാച്ച്മാൻ: (പിൻവാങ്ങി)
വേണ്ടസാർ ഞാനിതൊന്നും തൊടില്ല. പലരും നിർബന്ധിച്ചിട്ടുണ്ട് സാർ.
യുവാവ്: ഫൂൾ... Fool with a capital of 7
സിഗരറ്റ് കമ്പനിക്കാരുടെ പരസ്യം കണ്ടിട്ടുണ്ടോ –നഷ്ടപ്പെടുന്നതെന്താണെന്ന് നീയറിയുന്നില്ല.
(വാച്ച്മാൻ രക്ഷപ്പെടാനുള്ള വെമ്പലോടെ)
വാച്ച്മാൻ: ഞാൻ രാവിലെ വരാം സാർ.
യുവാവ്: നിൽക്ക്.
(വാച്ച്മാൻ നിൽക്കുന്നു)
ഇങ്ങടുത്ത് വാ.
(വാച്ച്മാൻ പതുക്കെ പതുക്കെ രണ്ടു മൂന്നടി അടുത്തേക്ക് വരുന്നു)
(യുവാവ് എങ്ങിനെയാണ് തുടങ്ങേണ്ടതെന്നറിയാതെ ആദ്യം സംശയിച്ച്)
യുവാവ്: ചുറ്റുവട്ടത്തിൽ ധാരാളം വീടുകളുണ്ടോ?
വാച്ച്മാൻ: നാലഞ്ച് വീടുണ്ട്.
യുവാവ്: നല്ല ആളുകളാണോ?
വാച്ച്മാൻ: പാവങ്ങളാണ് സാർ.
യുവാവ്: (സ്വരം താഴ്ത്തി)
പെണ്ണുങ്ങളെങ്ങിനെ?
(വാച്ച്മാന്റെ ഭാവം പകരുന്നു)
(അമർഷം ഒതുക്കിക്കൊണ്ട്)
വാച്ച്മാൻ: മനസ്സിലായി സാർ, പക്ഷേ അതിന്നു വേറെ സ്ഥലം നോക്കണം.
യുവാവ്: വെറുതെ എനിയ്ക്കൊന്നും വേണ്ട.
(വിരൽ ഞൊടിച്ച് പണം കാണിച്ച്)
(ക്രോധമൊതുക്കിക്കൊണ്ട്)
വാച്ച്മാൻ: സാർ, സാധുക്കളാണെങ്കിലും മാനം മര്യാദക്ക് കഴിയുന്നവരാണ്.
(കുറെക്കൂടി അവന്റെ അടുത്ത് ചെന്ന് അവന്റെ മുമ്പിൽ നീണ്ടുനിവർന്ന് നിന്നു)
യുവാവ്: വാങ്ങാൻ കഴിവുള്ളവരുണ്ടെങ്കിൽ വിൽപനക്കല്ലാത്തതൊന്നുമില്ല ലോകത്തിൽ – നീ ലോകം കണ്ടിട്ടില്ല.
വാച്ച്മാൻ: ശരിയായിരിക്കാം സേർ... ഞാൻ ഞാൻ പോട്ടെ... എന്റെ വീട്ടിൽ.
(അവന്റെ ചുമലിൽ കൈവെച്ച് നിർത്തി)
യുവാവ്: പാവം അൻവർ, നീ നല്ലവനാണ് –ആ എനിക്കൊരു സുഖക്കേടുണ്ട്. രാത്രി എന്നെ ഭയപ്പെടുത്തുന്നു. തനിയെ ഒരു രാത്രികൂടി കഴിയ്ക്കാൻ വയ്യ (സ്വരം താഴ്ത്തി) ഒരാളെ കൊണ്ടുവാ.
വാച്ച്മാൻ: (ദയനീയമായി) സാർ,
യുവാവ്: എത്ര പണം വേണമെങ്കിലും കൊടുത്തോ.
വാച്ച്മാൻ: ആരും വരില്ല.
യുവാവ്: വെറുതയല്ല.
(പോക്കറ്റിൽനിന്ന് പേഴ്സെടുത്ത് തുറന്ന് രണ്ട് പത്ത് രൂപാ നോട്ട് നീട്ടി) വെച്ചോ.
വാച്ച്മാൻ: (ദൈന്യതയോടെ)
സാർ...
(യുവാവ് ഒരു നോട്ടുകൂടി എടുത്ത് നീട്ടി)
യുവാവ്: മുപ്പത്.
(വാച്ച്മാൻ അടക്കാനാവാത്ത ഉച്ചത്തിൽ)
സാർ...
(ക്രുദ്ധനായി ഒരുപിടി നോട്ടുകൾ മുന്നിലേക്ക് മുഖത്തിനരുകിലേക്ക് നീട്ടിക്കൊണ്ട്)
യുവാവ്: കൊണ്ടുവരാൻ – ബയ്ച്ചീസ് വേറെ കമോൺ.
LIGHT ADJUSTMENTS
വാച്ച്മാന്റെ മുഖത്ത് വിവിധ വികാരങ്ങൾ. തൊട്ടുപിന്നിൽ നോട്ടുകൾ നീട്ടിപ്പിടിച്ച കൈ. പശ്ചാത്തലത്തിൽ അയാളുടെ ഹൃദയത്തിന്റെ വിക്ഷോഭം. HYPNOTIC കണ്ണുകളോടെ യുവാവ് നോക്കിനിൽക്കെ വാച്ച്മാൻ വിറച്ച് വിറച്ച് ആ നോട്ടുകൾ വാങ്ങുന്നു. എന്നിട്ട് നിഴൽപോലെ പുറത്ത് കടക്കുമ്പോൾ രംഗം ശാന്തം. യുവാവിന്റെ മുഖത്തപ്പോൾ
(പുച്ഛം കലർന്ന ചിരിയാണ്)
(രംഗത്ത് വെളിച്ചം മങ്ങുന്നു. വീണ്ടും ഗ്ലാസ് നിറച്ച് അയാൾ ട്രാൻസിസ്റ്ററിൽ തിരുപിടിയ്ക്കുന്നു. ആദ്യം കിട്ടിയ സ്റ്റേഷനിൽ എന്തോ classical music ആണ്. അത് മാറ്റി മറ്റൊരു സംഗീതം പിടിച്ചെടുക്കുന്നു)
A FAST RYTHMIC MUSIC,
അയാളുടെ ഞരമ്പുകളിൽ ഓടിനടക്കുന്ന അലകൾക്കൊപ്പം.
ഗാനത്തിന്റെ അന്ത്യത്തിൽ ഗ്ലാസുയർത്തി അയാൾ അജ്ഞാത ഗായകനോടെന്നോണം TOAST പറയുന്നു.

Oh Beauty
വീണ്ടും രംഗത്ത് പൂർണമായ നിശ്ശബ്ദത
(അയാൾ അസ്വസ്ഥനായി കാത്തുനിൽക്കെ അകലെനിന്ന് കാലടികൾക്കൊപ്പം കുപ്പിവളകളുടെ കിലുക്കം അടുത്തടുത്തെത്തുന്നു)
(വാതിൽക്കൽ അത് നിൽക്കുന്നു)
(അയാൾ മുഖം തുടച്ച് കണ്ണുകളടച്ച് തുറന്ന് വാതിലിന്നരികിലേക്ക് നീങ്ങുമ്പോൾ വാതിൽ കടന്ന് നിഴൽപാടിൽ അവൾ നിൽക്കുന്നു)
(അയാൾ നിൽക്കുന്നു, നോക്കുന്നു)
(വീണ്ടും അടുത്തേക്ക് നടന്നപ്പോൾ വെളിച്ചത്തിൽ നാം കാണുന്നു)
(തട്ടമിട്ട് ശിരസ്സ് കുനിച്ച് നിൽക്കുന്ന ഇളം പ്രായത്തിലുള്ള പെണ്ണ്)
(അയാളുടെ മുഖത്ത് ഇരയെ കിട്ടിയ ആഹ്ലാദം)
യുവാവ്: വരണം, മണവാട്ടി, വരണം എവിടെ വാച്ച്മാൻ?
(അയാൾ അവൾക്കരികെ നിന്ന് നോക്കുന്നു. എന്നിട്ട് പിറകിൽ അവൾ വന്ന വാതിൽ ഒച്ചയോടെ അടയ്ക്കുന്നു)
യുവാവ്: വാ.
(അയാളുടെ കൈത്തണ്ടയിൽ കിടന്ന് പിടഞ്ഞപ്പോൾ തേങ്ങലിന്റെ ശബ്ദം)
(മണിയറവെളിച്ചത്തിൽ അവളുടെ രണ്ട് ചുമലിലും കൈ വെച്ചപ്പോൾ അവൾ കുതറിമാറാൻ ശ്രമിക്കുന്നു)
(രംഗം പൊടുന്നനെ ഇരുളുന്നു. അയാളുടെ കൈകൾക്കകത്ത് അവൾ കിടന്ന് പിടയുകയാവണം. ഇരുട്ടിൽനിന്ന് അവളുടെ ഒരാർത്തനാദം)
SCREAM
വാതിലിൽ ഉച്ചത്തിലുള്ള മുട്ടലുകൾ അവസാനം പുറത്തുനിന്നുള്ള ചവിട്ടേറ്റ് വാതിൽ പൊടുന്നനെ തുറക്കുന്നു. പുറത്ത് നിന്ന് വെളിച്ചം (വാതിൽക്കൽനിന്ന് രംഗത്തിലേക്ക്) അയാൾ പിടിവിട്ട് ആടിക്കൊണ്ട് ഇര തട്ടിപ്പറിയ്ക്കപ്പെട്ട കാട്ടുമൃഗത്തെ പോലെ നിൽക്കുന്നു.
(മണിയറ വെളിച്ചത്തിൽ)
(യുവാവ്, പെൺകുട്ടി, വാച്ച്മാൻ എന്നിവരെ കാണാം.)
പെൺകുട്ടി തേങ്ങലോടെ, വിറച്ചുകൊണ്ട് നിൽക്കെ, മുമ്പിലെത്തിയത് വാച്ച്മാനാണെന്ന് കാണുന്നു.
ഒരാർത്തനാദം-

ബാപ്പാ...
അവൾ ഒരുനിമിഷംകൊണ്ട് അയാളെ കെട്ടിപ്പിടിച്ച് തേങ്ങിനിൽക്കുന്നു.
രംഗം അൽപം തെളിയുന്നു. വാച്ച്മാന്റെ കൈത്തണ്ടയിൽ കുഴഞ്ഞ് വീണ് നിൽക്കുന്ന പെൺകുട്ടി. അവൾ കശക്കിയിട്ട ഒരു പൂമൊട്ടുപോലെ ചിന്നിച്ചിതറിയിരിക്കുന്നു.
നിശ്ശബ്ദനായി വാച്ച്മാൻ പെൺകുട്ടിയെയും കൊണ്ട് വേച്ച് വേച്ച് വെളിയിൽ കടക്കുമ്പോൾ, രംഗത്തിൽ യുവാവ് തനിയെ അർധബോധാവസ്ഥയിൽ ക്രുദ്ധനായി ആടിയാടി നടന്നു. അയാൾ കസാലയിൽ ചെന്ന് വീണു പിറുപിറുക്കുന്നു...
‘‘ശവങ്ങൾ...’’
കർട്ടൻ
രംഗം 7
രാത്രി.
ഒരുൾനാടൻ ടീബിയിലെ മുറി. വോൾട്ടേജ് കുറഞ്ഞ ഒരു ബൾബിന്റെ പ്രകാശമേയുള്ളൂ. അതുതന്നെ വലത്തുഭാഗത്തിട്ട മേശയുടെ മുകളിലാണ്. മേശക്കു മുമ്പിലായി ഒരു കസാലയുണ്ട്. ഏറെക്കുറെ രംഗത്തിന്റെ മധ്യത്തിലായി ചുമര് പറ്റിയിട്ടാണ് കട്ടിലുള്ളത്. തന്മൂലം മുറിയുടെ ഇടത്തെ മൂല ഇരുട്ടാണ്.
മുറിയുടെ മധ്യത്തിലായി സദസ്സിന്ന് അഭിമുഖമല്ലെങ്കിലും ചരിച്ചിട്ട ഒരു ചാരുകസാലയുണ്ട്. അടുത്തെങ്ങോ നടക്കുന്ന ഒരു വിവാഹാഘോഷത്തിന്റെ ശബ്ദമെന്നോണം ഗ്രാമഫോൺ റിക്കാർഡിന്റെ നേരിയ സംഗീതം മുറിയിലേക്ക് ഇഴഞ്ഞെത്തുന്നു. പ്രേതഗാനമെന്ന് വിളിക്കാവുന്ന വിധത്തിലുള്ളതാണ് ഗാനം. മേശക്ക് മുകളിൽ ഒരു ഹാൻഡ്ബാഗുണ്ട്. ചുമരിൽ ഒരു യുവാവിന്റെ അഴിച്ചിട്ട വസ്ത്രങ്ങൾ തൂങ്ങിക്കിടക്കുന്നു.
യവനിക ഉയരുമ്പോൾ ഒരു യുവാവ് മേശക്കടുത്തുനിന്ന് അതിന്മേലുണ്ടായിരുന്ന സിഗരറ്റ് പേക്കറ്റിൽനിന്ന് ഒരെണ്ണമെടുത്ത് കത്തിക്കയാണ്. മുണ്ടും ബനിയനുമാണ് വേഷം. സിംഗപ്പൂർ കൈലിയെന്നറിയപ്പെടുന്ന വിചിത്രമായ കൈലിയാണ്. അൽപം തടിച്ച ഒരു പുസ്തകവുമായി ടീബി വാച്ച്മാൻ –ഒരു വൃദ്ധനാണ്– പ്രവേശിക്കുന്നു. പുസ്തകം മേശപ്പുറത്ത് നീക്കിവെച്ചിട്ട് മാറിനിൽക്കുന്നു (കൈയിൽ മേശവിരിയുണ്ട്)
വാച്ച്മാൻ: ആ പേരും മേൽവിലാസമൊന്നു...
(കിടക്ക വിരിക്കുന്നു)
(തൂക്കിയിട്ട ഷർട്ടിൽനിന്നും പെന്നെടുത്ത് യുവാവ് എഴുതിതുടങ്ങുന്നു– എഴുതിക്കഴിഞ്ഞ് ബേഗ് തുറന്ന് പേഴ്സെടുത്ത് 25 ക നീട്ടുന്നു. കുമാരൻ നോട്ടുകളിലേക്കും പിന്നെ യുവാവിന്റെ മുഖത്തേക്കും നോക്കുന്നു. അയാൾ അസ്വസ്ഥനാവുന്നു നിയന്ത്രിക്കുന്നു (നോട്ടുകളിലേക്ക് നോക്കാതെ)
വാച്ച്മാൻ: വാടക നാലുറുപ്പികയാണ്.
(പുഞ്ചിരിയോടെ)
അറിയാം...
വാച്ച്മാൻ: നാലുറുപ്പികയാണ് എനിക്ക് വേണ്ടത്.
മുഹമ്മദ്: (നാലുറുപ്പിക വേറെയെടുത്ത് കൊണ്ട്)
നിങ്ങൾ പുതുതായി വന്നതായിരിക്കും.
വാച്ച്മാൻ: അല്ല.
മുഹമ്മദ്: പിന്നെ?
വാച്ച്മാൻ: മുപ്പത് കൊല്ലങ്ങളായി.
മുഹമ്മദ്: എന്നിട്ട് യാതൊരു പരിചയവുമില്ലാത്തതുപോലെ
(നീട്ടിയ നാലുറുപ്പിക വാച്ച്മാൻ വാങ്ങുന്നു)
വാച്ച്: തൊട്ടടുത്തുള്ളതാണ് എന്റെ വീട്, വിളിച്ചാൽ കേൾക്കും.

(മേശമേൽനിന്നും പുസ്തകമെടുത്ത് നോക്കുന്നു)
മുഹമ്മദ്: എന്റെ പേര് മുഹമ്മദ് എന്നാണ്. ഞാനൊരു സാഹിത്യകാരനാണ്. ഈ രാത്രി ഞാൻ ഇവിടെ തങ്ങാൻ വിചാരിക്കുന്നു.
പേരെന്താ നിങ്ങളുടെ?
(കുമാരൻ നോക്കുന്നു)
മുഹമ്മദ്: എന്താ പേര് ചോദിച്ചപ്പോ?
വാച്ച്: വാച്ച്മാൻ. അങ്ങിനെ വിളിച്ചാൽ മതി.
മുഹമ്മദ്: സാധാരണ ടീബികളിലൊക്കെ...
അതുകൊണ്ടു പറഞ്ഞുപോയതാ
കുമാ: നേരം കുറെ വൈകിയിരിക്കുന്നു. കിടന്നോളു സാറെ (മുഹമ്മദ് വാച്ചെടുത്ത് നോക്കി)
മുഹമ്മദ്: പതിനൊന്നേ മുക്കാലായി. (അപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന സംഗീതധാരയെ വെട്ടിമുറിച്ചുകൊണ്ട് ഒരു നായയുടെ ഓരിയിടുന്ന ശബ്ദം വളരെ അടുത്ത് നിന്നെന്നോണം ആ മുറിയെ മുഖരിതമാക്കുന്നു).
മുഹമ്മദ്: (പുഞ്ചിരിയോടെ) ഇവിടെ ശാന്തമായുറങ്ങാൻ വേണ്ടത്ര സൗകര്യമുെണ്ടന്നാണല്ലോ തോന്നുന്നത്.
(ചെന്നു ചാരുകസാരയിലിരിക്കുന്നു. അപ്പോൾ പാട്ടാണ് ശ്രദ്ധയിൽപെടുന്നത്.)
മണി പന്ത്രണ്ടായിട്ടും ഈ പാട്ടൊന്നും നിർത്താനായിട്ടില്ലെന്നു തോന്നുന്നു.
വാച്ച്മാൻ: അവിടെ കല്യാണമാണ്.
മുഹമ്മദ്: ഞാൻ നിങ്ങളെ വന്നുവിളിച്ചപ്പോൾ അവിടെ കണ്ട പെൺകുട്ടികൾ...
(വാച്ച്മാൻ ശക്തിയായി മുഹമ്മദിനെ നോക്കുന്നു.)
വാച്ച്: നിങ്ങൾ അതെന്തിനാണറിയുന്നത്...
മുഹമ്മദ്: വാച്ച്മേന്റെ വല്ലവരുമാണോന്ന്....
വാച്ച്: അതെ എന്റെ മക്കളാ.
മുഹമ്മദ്: ഞാനും വിചാരിച്ചു, ആരൊക്കെയുണ്ട് വീട്ടില്.
വാച്ച്: കഴിഞ്ഞ മുപ്പതു കൊല്ലങ്ങളായി ഇവിടെ വരുന്നവരോടൊക്കെ ഞാനീ ചോദ്യത്തിന് മറുപടി പറയുന്നു.
മുഹമ്മദ്: അതൊരു മര്യാദയാണ്.
വാച്ച്: ആത്മാർഥതയില്ലാത്ത മര്യാദ.
മുഹമ്മദ്: ആരായാലും നമ്മളൊക്കെ മനുഷ്യരല്ലെ.
വാച്ച്: ഒരു സത്രം കാവൽക്കാരൻ മനുഷ്യനല്ല, മനുഷ്യനായിക്കൂടാ.
മുഹമ്മദ്: എനിക്ക് മനസ്സിലാകുന്നില്ല.
വാച്ച്: എന്തിനാണ് സാറീ ടീബിയുടെ വാതിൽക്കൽ വന്നുമുട്ടിയത്?
മുഹമ്മദ്: എനിക്ക് ഒരു റൂമ് വേണം.
വാച്ച്: അതിന്ന് സാറ് വാടക കൊടുക്കാൻ തയ്യാറാണ്. പോകുമ്പോൾ താക്കോൽ തിരിച്ച് തരും. അതോടൊന്നിച്ച് സാറെന്നെ മറക്കുന്നു. ഇവിടെ വന്നു താമസിക്കുന്നവരുടെ മുമ്പിൽ ഞാനെന്ന ഒരു മനുഷ്യനില്ല. ഈ മുറിയുടെ താക്കോല് പോലെ ഞാനും ഒരു നിർജീവ വസ്തുവാണ്.
മുഹമ്മദ്: ഒരു സത്രം കാവൽക്കാരന്റെ മനസ്സ് കാണാൻ അവിടെ ഒന്നുരണ്ടു നാൾ താമസിക്കുന്ന യാത്രക്കാരന് കഴിയില്ല.
വാച്ച്: (സൂക്ഷിച്ച് നോക്കി)
അതെ വാച്ച്മേനെ കാണാൻ വേണ്ടി ആരും ടീബികളിൽ വന്നു താമസിക്കാറില്ല.
മുഹമ്മദ്: അതിന്റെ ആവശ്യവും വരുന്നവർക്കില്ലല്ലോ.
വാച്ച്: ഇല്ല.
മുഹമ്മദ്: കാരണവർ തെറ്റിദ്ധരിക്കരുത്. ഞാൻ കാണിച്ച പണം മതിയാവാഞ്ഞിട്ടാണോ?
വാച്ച്: എന്തിനു സാറെ?
മുഹമ്മദ്: അതൊക്കെ വ്യക്തമാക്കാൻ നാവു തന്നെ ഉപയോഗിക്കണമെന്നുണ്ടോ.
വാച്ച്: (ഒരു നിമിഷം നിശ്ശബ്ദനായി നിന്നു)
ഒരു വാച്ച്മേനെന്ന നിലക്ക് എന്റെ ജോലി ഞാൻ തീർത്തിരിക്കുന്നു. അതേ എനിക്കിവിടെ ചെയ്യാനുള്ളൂ.
(അയാൾ പോകുന്നു. മുഹമ്മദിന്റെ മുഖത്ത് അമർഷമുണ്ട്. എങ്കിലും പ്രകടിപ്പിക്കാൻ കഴിയുന്നില്ല. അതിന്നുള്ള ന്യായമില്ല. ചെന്നു വാതിലടച്ച് തിരിച്ച് വന്നു കിടക്കുകയാണ്. അതോടെ ചില നായ്ക്കളുടെ കുര അവനെ ഞെട്ടിപ്പിക്കുന്നു. എഴുന്നേറ്റിരിക്കുന്നു. അൽപനേരം കല്യാണപ്പുരയുടെ പാട്ടിന്റെ ശബ്ദം മാത്രമാണ്.)
നിമിഷങ്ങൾക്കു ശേഷം ആ ഗാനം അവസാനിച്ചതുപോലെ എല്ലാം നിശ്ശബ്ദം.
ഗോപിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടരുന്നു. എഴുന്നേറ്റ് ചെന്ന് വിളക്കണക്കുന്നു. തിരിച്ചുവന്ന് കിടക്കുന്നു.
അപ്പോൾ ടീബിയുടെ പുറത്തെ വിളക്കുകളിൽനിന്നോണം മുറിയിൽ പ്രകാശം പലയിടത്തുമായി മുറിഞ്ഞുവീണു കിടക്കുന്നു. കല്യാണപ്പുരയിൽ മറ്റൊരു റിക്കാർഡ് വെച്ചിരിക്കുന്നു. ഗോപി തിരിഞ്ഞും മറിഞ്ഞും കിടക്കുവാൻ ശ്രമിക്കുന്നു. ആ പാട്ട് ഉച്ചത്തിൽ ഉച്ചത്തിൽ കേട്ടുതുടങ്ങുന്നുണ്ടോ.
ഗോപി സംശയിക്കയാണ്.
മുറിയുടെ പുറത്ത് കാലടികൾ പതിയുന്ന ശബ്ദം കേൾക്കുന്നുണ്ടോ.
അവൻ തലയുയർത്തി നോക്കുന്നു.
ഉണ്ട്...
പതുക്കെ പതുക്കെ ഒരു ഭയം മനസ്സിനെ സ്വാധീനിച്ച് തുടങ്ങുന്നു. എഴുന്നേറ്റിരിക്കുന്നു. ഇപ്പോൾ ഒന്നും കേൾക്കുന്നില്ല. ആശ്വാസം തോന്നി. എഴുന്നേറ്റ് ചെന്നു മേശമേൽനിന്ന് സിഗററ്റ് എടുത്ത് കത്തിച്ച് കൊള്ളി ഒരു മൂലയിലേക്ക് വലിച്ചെറിയാൻ കയ്യുയർത്തുകയാണ്. പെട്ടെന്നു അപ്രതീക്ഷിതമായി ഒരു പെൺകുട്ടിയുടെ നിലവിളി അവനെയും ആ അന്തരീക്ഷത്തെയും ഞെട്ടിപ്പിക്കുന്നു. അവൻ കണ്ണുകൾ മിഴിച്ചു നിൽക്കുന്നു. കാൽപ്പെരുമാറ്റം കേൾക്കുന്നു. കൈകാലുകൾ തളരുന്നു. എങ്കിലും ഒരുവിധം ചെന്നു വിളക്ക് കത്തിക്കുന്നു. ഭയത്തോടെ ചുറ്റുപാടും നോക്കുന്നു. വീണ്ടും പുറത്ത് ആൾപ്പെരുമാറ്റം.
മുഹമ്മദ്: ആരാണത്?
(മറുപടിയില്ല)
മുഹമ്മദ്: ആരാണെന്നാ ചോദിച്ചത്..?
(ആലോചിക്കുന്നു. ഒന്നുമില്ലെന്നു സ്വയം വിചാരിക്കാൻ ശ്രമിക്കുന്നതുപോലെയാണ്. പുഞ്ചിരിക്കുന്നു.
പെട്ടെന്നു വാതിലിന്മേൽ ഒരു കല്ല് വന്ന് പതിക്കുന്ന ശബ്ദമാണ്–വീണ്ടും അതേ ശബ്ദം.
സ്ത്രീ ശബ്ദം: പോ ഇവിടുന്ന് പോ... ഇവിടെ താമസിക്കരുത്. പോ പോ എന്നെ തൊട്ടുപോകരുത്. എന്നെ പിടിക്കരുത്. വിടാനാണ് പറഞ്ഞത്. വിടാൻ... എന്നെ വിടൂ... എന്നെ വിടൂ.
(രണ്ടിലധികം കാലടികളോടൊപ്പം ആ ശബ്ദവും അകന്നുപോകുന്നു. നിമിഷങ്ങൾക്കു ശേഷം ഗോപിനാഥ് കിതപ്പോടെയാണെങ്കിലും ഉച്ചത്തിൽ വിളിക്കയാണ്)
വാച്ച്മാൻ, വാച്ച്മാൻ...
വാതിൽക്കലേക്ക് തന്നെ നോക്കിനിൽക്കുന്നു. ആലോചിക്കാൻപോലും കഴിയാത്ത മട്ടാണ്. ആലോചിച്ചിട്ടും പിടുത്തംകിട്ടാത്തതു പോലെയാണ്. നായ്ക്കൾ കൂട്ടമായി ഓരിയിടുന്നു. കസാലയിൽ പോയി ശബ്ദമുണ്ടാക്കാതെ ഇരിക്കുന്നു. കല്യാണപ്പുരയിൽനിന്നുള്ള പാട്ടിനു ശബ്ദം കൂടിക്കൂടി വരുന്നതുപോലെ തോന്നുന്നു. മുഹമ്മദ് കഴുത്ത് ഉഴിയുകയാണ്.
മേശക്കടുത്തുള്ള കൂജയും ഗ്ലാസും കണ്ണിൽ പെടുന്നു. പതുക്കെ ശബ്ദമുണ്ടാക്കാതെ വെള്ളമെടുത്ത് കുടിക്കുന്നു. എഴുന്നേറ്റ് വന്നു പതുക്കെ വിളക്കണച്ച് ഒരു നിമിഷം നിൽക്കുന്നുവെങ്കിലും ഉടനെ തന്നെ കത്തിക്കുന്നു. കട്ടലിന്റടുത്തേക്ക് നീങ്ങുന്നു. അപ്പോൾ വീണ്ടും പുറത്ത് കാലടികൾ അടുത്ത് വരുന്ന ശബ്ദമാണ്. ശ്രദ്ധിച്ച് നിൽക്കുന്നു. വാതിലിൽ മുട്ടു കേൾക്കുന്നു.
വാച്ച്: സാറെ വാതിൽ തുറക്കൂ.
മുഹ. ആരാണ്, വാച്ച്മാൻ..?
വാച്ച്: അതെ.
(പതുക്കെ ചെന്ന് വാതിൽ തുറന്നു. മൂപ്പരോടൊന്നിച്ച് പ്രവേശിക്കുന്നു)
മുഹമ്മദ്: ഇതൊക്കെ എന്താണ് ഹേ –ഇവിടെ പ്രേതോപദ്രവമുണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ.
(ചെന്നു ബാഗിൽ വസ്ത്രങ്ങളൊക്കെ എടുത്തുവെക്കാൻ ഭാവിക്കുന്നു)
ആളുകളെ പേടിപ്പിച്ച് കൊല്ലാനാണോ ഭാവം...
വാച്ച്: സാറിനെന്ത് പറ്റി?
മുഹമ്മദ്: ഒന്നും പറ്റിയില്ല. ഈ ടീബി പോലും എനിക്ക് പറ്റിയില്ല. പോരെ, ആരുടേതാണീ പ്രേതം. ആരാണവളെ പിടിച്ചുവലിച്ച് കൊണ്ടുപോയത്.
വാച്ച്: ഇനി അവൾ വരില്ല.
മുഹമ്മദ്: എന്നുപറഞ്ഞാൽ...
വാച്ച്: സാറെന്നോടത് ചോദിക്കരുത്.
മുഹമ്മദ്: നിങ്ങളറിഞ്ഞുകൊണ്ടൊരു നാടകം കളിക്കയാണ്. ഞാനിത് മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യും. നേരു പറയൂ. ആ പെൺകുട്ടി ഏതാണ്?
വാച്ച്: കൊല്ലങ്ങൾക്ക് മുമ്പ് മരിച്ചുപോയ ഒരു പെൺകുട്ടിയുടെ പ്രേതമാണ് സാറെയത്.
മുഹമ്മദ്: അവളെ ആർ പിടിച്ചുവലിച്ച് കൊണ്ടുപോയി.
വാച്ച്: ആ പ്രേതത്തിന്റെ അച്ഛൻ.
മുഹമ്മദ്: നിങ്ങളെന്തുകൊണ്ട് ഇതിനെ പറ്റി എന്നോടു പറഞ്ഞില്ല.
വാച്ച്: ഇന്നവിടെ ആരും വന്നില്ല. നിങ്ങൾ വന്നതുതന്നെ രാത്രിയാണ്. അതുകൊണ്ടെനിക്ക് ഒരു തെറ്റ് പറ്റിപ്പോയി. ക്ഷമിക്കണം സാറെ, അമ്മയില്ലാത്ത നാലഞ്ചു മക്കളെ പോറ്റിവളർത്തുന്നവനാണു ഞാൻ.
എന്റെ ഈ തൊഴില് നഷ്ടപ്പെടുത്തരുത്.
മുഹമ്മദ്: അപ്പോളീ പ്രേതം നിങ്ങളുടെ വകയാണ്. ഇവിടെ വന്നു താമസിക്കുന്നവരെ ഭയപ്പെടുത്തി ഓടിക്കാനും കയ്യിലുള്ളത് തട്ടിയെടുക്കാനും ഉള്ള വേലയാണ്.
വാച്ച് (അൽപം ശക്തിയോടെ) സാറെ.
മുഹമ്മദ്: എന്നോടുകൂടി ഈ പ്രേതത്തിന്റെ കഥ ഞാനവസാനിപ്പിക്കും.
വാച്ച്: (സ്വയം മറന്നപോലെ) സാധ്യമല്ല. നിങ്ങളെ പോലെത്തെ ആളുകളുള്ള്യേടത്തോളം കാലം ഇത്തരം പ്രേതങ്ങളുണ്ടാകും.
(ഗോപി ഞെട്ടി വാച്ച്മാനെ നോക്കുന്നു)
മുഹമ്മദ്: എന്താണ് ഹേ നിങ്ങൾ പറയുന്നത്. ഞാനാരാണെന്നറിയാമോ നിങ്ങൾക്ക്?
വാച്ച്: അറിയാം. നാലുറുപ്പികക്ക് പകരം 25 ക നീട്ടിക്കാണിച്ച ആളാണ്.
മുഹമ്മദ്: അതിലെന്താണ് തെറ്റ്. എന്റെ ആവശ്യത്തിനു ഞാൻ പണം ചിലവാക്കുന്നു.
വാച്ച്: ആ നോട്ടിനിപ്പുറത്ത് ഒരു പെൺകുട്ടിയുടെ ജീവനുണ്ട്.
മുഹമ്മദ്: നിങ്ങൾക്ക് ഭ്രാന്താണോ?
വാച്ച്: ഭ്രാന്താവാതിരിക്കാനാണ് എന്നോടു സംസാരിക്കരുതെന്ന് ഞാൻ പറഞ്ഞത്. എന്റെ മനസ്സ് ഞാൻ കല്ലാക്കി വെച്ചിരിക്കയാണ് സാറെ. അതുടച്ചാൽ ഞാൻ മനുഷ്യനല്ല ഭ്രാന്തനാണാവുക. ആ പ്രേതം ആരാണെന്നു സാറിന് അറിയണോ...
(സൂക്ഷിച്ചു നോക്കി)
അറിയണോ എന്റെ മൂത്ത മകളാണ് സാറെ. എന്റെ രക്തത്തിൽ പിറന്ന എന്റെ മകൾ.
മുഹമ്മദ് ഞെട്ടുന്നു
വാച്ച്: സാറ് ഞെട്ടുന്നോ. എന്റെ ഭാര്യയന്ന് രോഗം മൂർച്ഛിച്ച് മരിക്കാൻ കിടക്കുകയായിരുന്നു. കയ്യിൽ കാശില്ല. മക്കൾ പട്ടിണികിടക്കുന്നു. എന്നാലും ഒരുനേരം മരുന്നുപോലും വാങ്ങിക്കൊടുക്കാൻ സാധിക്കാതെ അവരുടെ അമ്മ... അപ്പഴാണ് നിങ്ങളെപ്പോലെ ഒരു മനുഷ്യൻ ഇവിടെ വരുന്നത്. നിങ്ങൾ നീട്ടിയപോലെ കുറെ അയാളും നീട്ടിക്കാണിച്ചു. ഒരു ദുർബല നിമിഷത്തിൽ ആ നോട്ടു ഞാൻ വാങ്ങി. കളങ്കമെന്തന്നറിയാത്ത എന്റെ മകളെ... ഞാൻ പിടിച്ചുവലിച്ച്...
(അയാൾക്ക് പറയാൻ കഴിയുന്നില്ല)
മുഹമ്മദ്: അവൾ ആത്മഹത്യ ചെയ്തു...
വാച്ച്: അതവളുടെ ഒരുതരത്തിലുള്ള മരണമായിരുന്നു. ടീബിയിൽ വിളക്ക് കത്തിയാൽ അവൾ അസ്വസ്ഥയാവും. അവളുടെ ജീവിതം ഇവിടെവെച്ചാണ് നഷ്ടപ്പെട്ടത്. അവളിന്ന് ഭ്രാന്തിയാണ്. ആ ഭ്രാന്താണ് നിങ്ങൾ കണ്ടത്.
(മുഹമ്മദിന്റെ ശബ്ദം ഉയരുന്നില്ല. പെട്ടെന്നു വാച്ച്മാൻ പൊട്ടിത്തെറിക്കയാണ്)
എന്താണ് സാറെ മിണ്ടാതെ നിൽക്കുന്നത്. ഈ താക്കോലിന്റെ കഥ നിങ്ങൾക്ക് മനസ്സിലായില്ലെന്നുണ്ടോ. അൽപമൊരു ശക്തി ഇൗ നാവിനും കൈക്കുമുണ്ടായിരുന്നെങ്കിൽ എന്റെ നേരെ നീട്ടിയ ആ നോട്ടുകൾ ഞാൻ തട്ടിത്തെറിപ്പിക്കുമായിരുന്നു. നിങ്ങളെപ്പോലുള്ളവർ പാവങ്ങളുടെ ജീവിതം ചവിട്ടിമെതിക്കുന്നു. ഹൃദയമുണ്ട് സാറെ ഞങ്ങൾക്കും. മാനവും അഭിമാനവും പുലർത്തണമെന്നുണ്ട്. ഞങ്ങളുടെ ഗതികേടാണ് നിങ്ങൾ വിലക്ക് വാങ്ങുന്നത്. നോക്കൂ സാറെ ഈ വയസ്സന്റെ മുഖത്തേക്ക്. ഇത് എന്റെ മാത്രം മുഖമല്ല. നിങ്ങളെപ്പോലുള്ളവർ നശിപ്പിച്ച ആയിരമായിരം പെൺകുട്ടികളുടെ അച്ഛന്മാരുടെ മുഖമാണിത്. നിങ്ങളതൊന്നു കാണണം. നോക്കൂ സാറേ മുഖത്ത്. നിങ്ങൾ ചെയ്തുപോന്നിട്ടുള്ള പാവങ്ങളുടെ ഭീകരത ഈ മുഖത്തുണ്ട്.
(ഗോപി നോക്കുന്നില്ല)
ഭയമാകുന്നോ?
(നീങ്ങിച്ചെന്നു മുന്നിൽ നിൽക്കുന്നു)
ഇതാ നോക്കൂ...
(ഗോപി വിഷമിച്ച് വിഷമിച്ച് നോക്കുന്നു. അയാൾ തേങ്ങിത്തേങ്ങി കരയാൻ തുടങ്ങുകയാണ്. നിമിഷങ്ങൾക്കുശേഷം)
വാച്ച്: ക്ഷമിക്കണം സാറെ. വേദനകൊണ്ട് എന്തല്ലാമോ പറഞ്ഞുപോയി. ഇനി അവൾ വരില്ല സാറെ... സാറു കിടന്നോളൂ.
(കണ്ണീർ തുടച്ചുകൊണ്ടയാൾ പതുക്കെ പോകുന്നു. ഗോപി ചിന്തിച്ചുനിൽക്കുന്നു)
വാച്ച്മാന്റെ കഥ മനസ്സിനെ ഉലച്ചമട്ടാണ്. എന്തു ചെയ്യണമെന്നറിയാതെ ഒരു വിഷമം. ബാഗിൽനിന്ന് ഒരു പുസ്തകമെടുത്ത് വായന തുടങ്ങുന്നു. ശ്രദ്ധകിട്ടുന്നില്ല. വീണ്ടും ശ്രമം. കഴിയുന്നില്ല. എഴുന്നേറ്റ് ലൈറ്റിട്ടു ബെഡിൽ വന്നു കിടക്കുന്നു. ഉറങ്ങുന്നതുപോലെയാണ്. ഇപ്പോൾ ആകെ നിശ്ശബ്ദമാണ്.
നിമിഷങ്ങൾ നീങ്ങിയപ്പോൾ ശക്തിയായി കാറ്റടിച്ച് തുടങ്ങുന്നതുപോലെ നേരിയ ശബ്ദമാണ്. ജനൽവിരികൾ കാറ്റിൽ പറക്കുന്നു. കൊതുകുവലയും ആടുന്നുണ്ട്. അപ്പോൾ സാറെ... പതുക്കെ കേട്ടതായി അവന്നു തോന്നി. തലയുയർത്തി നോക്കുന്നു.
വീണ്ടും ആ വിളിയാണ്.

‘വഴിയമ്പലം’ നാടകം ആറു പതിറ്റാണ്ട് നഷ്ടപ്പെടാതെ സൂക്ഷിച്ചുെവച്ച പത്മശങ്കരൻ,ചിത്രീകരണം: നാസർ ബഷീർ
ശബ്ദം: സാറെ ഞാനിതാ ഇവിടെയുണ്ട്.
മുഹമ്മദ് ചാടിയെഴുന്നേറ്റ് മേശയുടെ അടുത്തേക്ക് മാറിനിൽക്കുന്നു. –വാതിൽക്കലേക്ക് നോക്കുന്നു. കട്ടിലിന്റെ ഇരുളടഞ്ഞ മൂലയിൽ ആളനക്കമുണ്ടോ? അവൻ സൂക്ഷിച്ച് നോക്കുന്നു –ആരോ നീങ്ങിവരുന്നു വ്യക്തമായി കാണുന്നില്ല.
മുഹമ്മദ്: നീ... നീ... ഈ മുറിയിൽ.
സ്ത്രീ: അങ്ങെന്നെ മറന്നുവോ?
മുഹമ്മദ്: ഞാൻ... ഞാൻ... ഞാനറിയില്ല.
സ്ത്രീ: കളവ് പറയരുത്.
മുഹമ്മദ്: നീ... നീ.. വാച്ച്മാന്റെ മകളാണോ?
സ്ത്രീ: അതെ.
മുഹമ്മദ്: നിന്നെ ഞാൻ മുമ്പ് കണ്ടിട്ടില്ല.
സ്ത്രീ: ഉണ്ട്. അന്ന് മാലിപ്പുറം ടീബിയിൽ വെച്ച് പാവപ്പെട്ട ഒരു പെൺകുട്ടിയെ അന്നങ്ങ് നശിപ്പിച്ചു.
മുഹമ്മദ്: അത് നിനക്കെങ്ങിനെ അറിയാം?
സ്ത്രീ: അതും ഞാനായിരുന്നു.
സ്ത്രീ: അതിന്നുശേഷം അവളെങ്ങിനെ ജീവിക്കുന്നുവെന്ന് നിങ്ങളന്വേഷിച്ചിട്ടില്ല. ഒരുപക്ഷേ അങ്ങ് തുടങ്ങിവെച്ച ആ വഴിയിലൂടെ അവൾ നശിച്ച്... നശിച്ച് അല്ലങ്കിൽ അങ്ങയെക്കുറിച്ചോർത്ത് നീറിനീറി.
മുഹമ്മദ്: നിനക്കാ കഥയൊക്കെ എങ്ങിനെ അറിയാം?
സ്ത്രീ: അവൾ എന്നിലൂടെ ഇതാ ഇവിടെ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നു. വരൂ അന്നത്തെ ആവേശത്തോടെ എന്നെവന്നു കെട്ടിപ്പിടിക്കൂ... വരൂ.
(ഗോപി നിന്നു വിഷമിക്കയാണ്)
എന്നാൽ ഞാനങ്ങോട്ടുവരാം
(ഒന്നുരണ്ടടി മുന്നോട്ടുവെക്കുന്നു)
മുഹമ്മദ്: നിയെന്റെ അടുത്തേക്ക് വരരുത്.
സ്ത്രീ: അങ്ങാണോ ഇതു പറയുന്നത്. എനിക്കത്ഭുതം തോന്നുന്നു. അന്നങ്ങേന്നോട് തെറ്റു ചെയ്തു. ആ തെറ്റ് ഒരു ശരിയാക്കാൻ അങ്ങക്ക് കഴിയും. അങ്ങക്ക് മാത്രം.
അവൾ വീണ്ടും നടന്ന് അടുക്കുന്നു.
മുഹമ്മദ്: എന്റെടുത്തേക്ക് വരരുത്.
(അവൾ അടുത്തപ്പോ അവൻ കട്ടിലിനടുത്തേക്ക് നീങ്ങുന്നു. ഭയംകൊണ്ടവൻ വിറക്കുന്നു.)
പേടിച്ച് നിലവിളിക്കുന്നു.
വാച്ച്മാൻ... വാച്ച്മാൻ...
രംഗത്ത് മുറിഞ്ഞുവീഴുന്ന വെളിച്ചത്തിന്റെ ശകലങ്ങൾപോലും വിറക്കുന്നു. ഓടിയൊളിക്കുന്നു. സാവധാനം തിരിച്ചുവരുന്നു. അപ്പോൾ ആ സ്ത്രീയെ കാണുന്നില്ല.
കട്ടിലിൽ മുഹമ്മദ് ഉറക്കിലെന്നവണ്ണം കിടന്നുപിടയുകയാണ് –ശബ്ദിക്കാനുള്ള ശ്രമമുണ്ട്. തൊണ്ടയിൽനിന്നു ശബ്ദം പുറത്തുവരുന്നില്ല. മുക്കലും മൂളലുമാണ്. ഭയാനകമായ ഒരു സ്വപ്നം കാണുന്നപോലെയാണ്.
(അപ്പോൾ കാലടികൾ വാതിൽക്കലേക്കടുത്തു വരുന്ന ശബ്ദം. വാതിലിൽ മുട്ടുകേൾക്കുന്നു. വാച്ച്മാന്റെ ശബ്ദം)
വാച്ച്: സാർ, സാർ, വാതിൽ തുറക്കൂ സാർ –ഇതു ഞാനാണ് വാച്ച്മാൻ.
വാതിൽ തുറന്നുകൊടുക്കുന്നു. വാച്ച്മാൻ പ്രവേശിക്കുന്നു. സംശയാത്ഭുതങ്ങളോടെ ഗോപിയെ നോക്കുന്നു.
വാച്ച്: എന്തുപറ്റി സാറെ..?
സാറെന്തിനാ നിലവിളിച്ചത്...
വല്ല സ്വപ്നവും കണ്ടോ...
(ഗോപി മനസ്സിനെ സ്വസ്ഥമാക്കുകയാണ്)
സാറെന്താ ഇങ്ങിനെ നിൽക്കുന്നത്...
ഗോപി: നിങ്ങളുടെ മകൾ.
വാച്ച്: എന്റെ മകൾ.
ഗോപി: അവൾ അവളെപ്പോലെ നശിപ്പിക്കപ്പെട്ട എല്ലാ പെൺകുട്ടികളെയും എന്റെ മുമ്പിലേക്ക് കൂട്ടിക്കൊണ്ടു വന്നു.
വാച്ച്: എന്താണ് സാറ് പറയുന്നത്..?
ഗോപി: മാലിപുരം ടീബിയിൽ വെച്ച് ഞാൻ നിങ്ങളുടെ മകളെ കണ്ടിരുന്നു.
വാച്ച്: ?
ഗോപി: അന്നെനിക്കവളെ മനസ്സിലായില്ല.
വാച്ച്: എന്റെ മോള് ജനിച്ചതും വളർന്നതും ഇവിടെയാണ്. അവളെവിടേയും പോയിട്ടില്ല.
ഗോപി (പുഞ്ചിരി)
വാച്ച്മാൻ: നിങ്ങളുടെ മകളുടെ രോഗം മാനസികമാണ്. അതു മാറ്റാൻ കഴിയും.
വാച്ച്: എന്റെ മോളുടെ രോഗം മാറും (ആശ്വാസം... രോഗം മാറി... അവൾ പണ്ടെത്തെപ്പോലെ ഇല്ല. എനിക്കോ എന്റെ മകൾക്കോ ഈ നാട്ടുകാര് മാപ്പ് തരില്ല. എന്നെയും മകളെയും രക്ഷിക്കാൻ ദൈവത്തിനുപോലും ഇനി കഴിയില്ല.
ഗോപി: അവളെ നശിപ്പിച്ച ആ മനുഷ്യൻ വന്ന് അവളെ സ്വീകരിച്ചാലോ...
വാച്ച്: മനുഷ്യൻ മനുഷ്യനെന്ന് വിളിക്കരുത് സാറെ മൃഗമാണ്... മൃഗം. ആ മൃഗം തിരിച്ചുവരുക.
വാച്ച്: നിങ്ങളെ പോലുള്ളവർ വരുമ്പോൾ ഭ്രാന്തിളകി ഓടാനും പേടിപ്പിക്കാനും പിന്നെ അവൾ വരില്ല. ഈ തന്തയെ വെറുക്കാൻ ഒരു മകളുണ്ടാവില്ല (പെട്ടെന്നു പൊട്ടിത്തെറിക്കുന്നതുപോലെ). എന്നെ പോലെ ഗതികെട്ട അച്ഛന്മാരുടെ ഓർമക്കായി നിങ്ങളെപ്പോലെയുള്ള കാട്ടുമൃഗങ്ങളുടെ മുമ്പിൽ എന്റെ മോള് ഇങ്ങിനെത്തന്നെ ജീവിക്കും. ജീവിക്കണം ജീവിക്കും ജീവിക്കണം.
കർട്ടൻ