ആദിച്ചനല്ലൂരും ശിവകലയും; രണ്ടു മനുഷ്യരുടെ കഥ

ആദിച്ചനല്ലൂരും ശിവകലയും ലോക പുരാവസ്തു ഭൂപടത്തിലേക്ക് നടന്നുകയറുമ്പോൾ അതിന് കടപ്പെട്ടിരിക്കുന്ന രണ്ടു സാധാരണക്കാരുണ്ട്. ഈ രണ്ട് സ്ഥലത്തിന്‍റെയും പ്രാധാന്യം ലോകത്തെ അറിയിക്കാൻ സർക്കാർ വകുപ്പുകളിലും കോടതികളിലും വർഷങ്ങളോളം കയറിയിറങ്ങിയവർ. എഴുത്തുകാരനും പ്രാദേശിക ചരിത്രകാരനുമായ മുതലൻ കുറിച്ചി കാമരാസിന്‍റെയും സ്കൂൾ അധ്യാപകനായ എ. മാണിക്കത്തിന്‍റെയും നിതാന്ത പരിശ്രമങ്ങളില്ലായിരുന്നുവെങ്കിൽ ഇന്നത്തെ മഹത്തായ കണ്ടെത്തലുകളിലേക്ക് ഉടനെയൊന്നും എത്താൻ കഴിയില്ലായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ആർക്കിയോളജി സൈറ്റുകളിലൊന്നായ ആദിച്ചനല്ലൂരിനെ എന്നും വാർത്തകളിൽ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ആദിച്ചനല്ലൂരും ശിവകലയും ലോക പുരാവസ്തു ഭൂപടത്തിലേക്ക് നടന്നുകയറുമ്പോൾ അതിന് കടപ്പെട്ടിരിക്കുന്ന രണ്ടു സാധാരണക്കാരുണ്ട്. ഈ രണ്ട് സ്ഥലത്തിന്‍റെയും പ്രാധാന്യം ലോകത്തെ അറിയിക്കാൻ സർക്കാർ വകുപ്പുകളിലും കോടതികളിലും വർഷങ്ങളോളം കയറിയിറങ്ങിയവർ. എഴുത്തുകാരനും പ്രാദേശിക ചരിത്രകാരനുമായ മുതലൻ കുറിച്ചി കാമരാസിന്‍റെയും സ്കൂൾ അധ്യാപകനായ എ. മാണിക്കത്തിന്‍റെയും നിതാന്ത പരിശ്രമങ്ങളില്ലായിരുന്നുവെങ്കിൽ ഇന്നത്തെ മഹത്തായ കണ്ടെത്തലുകളിലേക്ക് ഉടനെയൊന്നും എത്താൻ കഴിയില്ലായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ആർക്കിയോളജി സൈറ്റുകളിലൊന്നായ ആദിച്ചനല്ലൂരിനെ എന്നും വാർത്തകളിൽ നിലനിർത്തിയതും ഉദ്ഖനനം കഴിഞ്ഞ് റിപ്പോർട്ട് പുറത്തുവിടാതെ പിടിച്ചുവെച്ച ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കെതിരെ (എ.എസ്.ഐ) കോടതിയിൽ പോയതും കാമരാസാണ്.
ഹാരപ്പയിലെ കണ്ടെത്തലുകൾക്കും അരനൂറ്റാണ്ടുമുമ്പ് 1876ലാണ് ആദ്യമായി ആദിച്ചനല്ലൂരിൽ പുരാവസ്തു ഖനനം നടക്കുന്നത്. ജർമൻ എത്നോളജിസ്റ്റായ ഡോ. ആന്ദ്രെസ് ഫെഡർ ജാഗറിന്‍റെ നേതൃത്വത്തിലായിരുന്നു ഖനനം. മൺകുടങ്ങൾ, മനുഷ്യാസ്ഥികൾ എന്നിവക്ക് പുറമെ, കഠാരകൾ, ചെറുവാളുകൾ, മഴു തുടങ്ങിയ ലോഹവസ്തുക്കളും അന്ന് കിട്ടിയതായാണ് നിഗമനം. പക്ഷേ, അവയെല്ലാം ഡോ. ജാഗർ ജർമനിയിലേക്ക് കൊണ്ടുപോയി. ബെർലിനിലെ എത്നോളജിക്കൽ മ്യൂസിയത്തിലാണ് അവയിൽ പലതും ഇപ്പോഴുള്ളത്. കാൽനൂറ്റാണ്ടിനുശേഷം 1899-1905 കാലത്തായിരുന്നു അടുത്ത ഗവേഷണം. ബ്രിട്ടീഷ് ഇന്ത്യയിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സതേൺ സർക്കിൾ സൂപ്രണ്ടായിരുന്ന അലക്സാണ്ടർ റിയയുടെ നേതൃത്വത്തിലായിരുന്നു അത്. ഡോ. ജാഗറിന് ലഭിച്ചതിന് സമാനമായ വസ്തുക്കൾ റിയക്കും ലഭിച്ചു. അവയെല്ലാം കൃത്യമായി കാറ്റലോഗ് ചെയ്ത് രേഖപ്പെടുത്തിയ റിയ ‘Catalog of the Prehistoric Antiquities from Adichanallur and Perumbair’ എന്നൊരു പുസ്തകവും തയാറാക്കി. നിരവധി വെങ്കല, സ്വർണ, ഇരുമ്പ് വസ്തുക്കളും കിട്ടിയതായി റിയ പുസ്തകത്തിൽ വ്യക്തമാക്കി. ഇതിൽ നല്ലൊരുഭാഗവും ഇപ്പോൾ ഇന്ത്യയിൽ ഇല്ല. ഇന്ത്യയിൽ ഇന്നുള്ള പ്രധാനപ്പെട്ട ഒട്ടുമിക്ക പുരാവസ്തു ഖനന കേന്ദ്രങ്ങളും ഈ കാലത്തിനു ശേഷം കണ്ടെത്തിയതോ ഖനനം ചെയ്തതോ ആണ്. എ.എസ്.ഐയുടെ ശ്രദ്ധ ഉത്തര, പശ്ചിമ ഇന്ത്യയിലേക്ക് നീങ്ങിയതോടെ ആദിച്ചനല്ലൂർ വിസ്മൃതമായി. ഏതാണ്ട് ഒരു നൂറ്റാണ്ടാണ് അങ്ങനെ കടന്നുപോയത്. സിന്ധുനദീതട സംസ്കാരവും അനുബന്ധ പ്രദേശങ്ങളുമെല്ലാം അതിനിടെ കണ്ടെത്തിയിരുന്നു.
2000ന്‍റെ തുടക്കത്തിലാണ് എ.എസ്.ഐ പിന്നീട് ഇവിടെ ഉദ്ഖനനം തുടങ്ങുന്നത്. ചില വർഷങ്ങളിൽ തമിഴ്നാട് സംസ്ഥാന ആർക്കിയോളജി വകുപ്പും സ്വന്തം നിലക്ക് ഖനനം നടത്തി. 2004-05ൽ എ.എസ്.ഐ ഖനനം അവസാനിപ്പിച്ചുവെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ ഗവേഷണ റിപ്പോർട്ട് പുറത്തുവിടാൻ തയാറായില്ല. ഈ സമയത്താണ് തിരുനെൽവേലിക്ക് സമീപത്തെ മുതലൻ കുറിച്ചി സ്വദേശിയായ കാമരാസിന്‍റെ രംഗപ്രവേശം. പ്രാദേശിക ചരിത്രകാരനായ കാമരാസിന്‍റെ വികാരമായിരുന്നു ആദിച്ചനല്ലൂർ. തൂത്തുക്കുടിയെ കുറിച്ചും അവിടത്തെ ചരിത്ര പൗരാണിക മേഖലകളെ കുറിച്ചും നിരവധി പുസ്തകങ്ങൾ രചിച്ച അദ്ദേഹം തന്‍റെ ജീവിതവ്രതമായി ആദിച്ചനല്ലൂരിന്‍റെ സംരക്ഷണം ഏറ്റെടുത്ത ആളാണ്.
ആദിച്ചനല്ലൂർ ആർക്കിയോളജി സൈറ്റ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഓഫിസുകളെയും കോടതികളെയുമൊക്കെ അദ്ദേഹം സമീപിച്ചു. 1914ൽ അലക്സാണ്ടർ റിയയുടെ റിപ്പോർട്ടിൽതന്നെ പ്രദേശത്തെ മണൽഖനനം ആദിച്ചനല്ലൂരിനെ അപകടത്തിലാക്കുമെന്ന് സൂചിപ്പിച്ചിരുന്നതാണ്. തലമുറകൾക്ക് ശേഷവും ആ അവസ്ഥക്ക് മാറ്റമുണ്ടായിരുന്നില്ല. ഈ വിഷയങ്ങളൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു കാമരാസുവിന്റെ ഇടപെടലുകൾ.
2004ൽ അവസാനിച്ച എ.എസ്.ഐ ഗവേഷണത്തിന്‍റെ ഫലം പ്രതീക്ഷിച്ച് ഇരുന്ന് മടുത്ത കാമരാസു ഒടുവിൽ ആ വിഷയവുമായി കോടതിയിലെത്തി. റിപ്പോർട്ട് പുറത്തുവിടണമെന്നും ആദിച്ചനല്ലൂരിൽ സൈറ്റ് മ്യൂസിയം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിൽ 2017ൽ അദ്ദേഹം പൊതുതാൽപര്യ ഹരജി നൽകി. വിഷയം ഗൗരവത്തിലെടുത്ത കോടതി എ.എസ്.ഐക്ക് നോട്ടീസയച്ചു. കോടതിയിൽ മാസങ്ങളോളം സ്വന്തം സമയവും പണവും ചെലവഴിച്ച് കാമരാസു പോരാടി.
ഒടുവിൽ കാമരാസുവിന്‍റെ ഹരജിയിലെ ആവശ്യങ്ങൾ കോടതി അംഗീകരിച്ചു. അപ്പോഴേക്കും 2021ലെ തെരഞ്ഞെടുപ്പിന്‍റെ കോലാഹലങ്ങൾ തമിഴ്നാട്ടിൽ തുടങ്ങിയിരുന്നു. തമിഴ് ദേശീയതയും വലിയ ചർച്ചാവിഷയമാകുമെന്ന് ഉറപ്പാകുന്ന ഘട്ടത്തിൽ 2020 അവസാനം എ.എസ്.ഐ റിപ്പോർട്ട് പുറത്തുവിട്ടു. അതിന് തൊട്ടുമുമ്പ് സൈറ്റിന്‍റെ ഇരുഭാഗങ്ങളും പൂർണമായും വേലി കെട്ടിയടക്കാനും തീരുമാനം വന്നു. ഇപ്പോൾ നല്ല ഉറപ്പുള്ള ലോഹവേലിയുടെ സംരക്ഷണത്തിലാണ് ആദിച്ചനല്ലൂർ. അതിനിടെ, എ.എസ്.ഐക്ക് വേണ്ടി സൈറ്റിൽ പണിയെടുത്തുകൊണ്ടിരുന്ന ജെ.സി.ബി തട്ടി വലിയതോതിൽ പുരാവസ്തുക്കൾക്ക് നാശനഷ്ടം സംഭവിച്ചു.
75 മീറ്റർ നീളത്തിലുള്ള പ്രദേശത്തെ വസ്തുവകകൾ പൊട്ടിപ്പോയി. അതിപുരാതനമായ 10 മൺപാനകൾ തകർന്നു. ആദിച്ചനല്ലൂരിന്‍റെ അതിമഹത്തായ ചരിത്രത്തിലെ ദുരന്തദിനമായിരുന്നു അത്. കാമരാസുവിന്‍റെ പോരാട്ടങ്ങൾക്ക് ഫലമേകിക്കൊണ്ട് അധികം വൈകാതെ സൈറ്റ് മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 2023 ആഗസ്റ്റ് അഞ്ചിന് സ്ഥലം എം.പി കനിമൊഴിയുടെ സാന്നിധ്യത്തിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ സൈറ്റ് മ്യൂസിയം നാടിന് സമർപ്പിച്ചു. ഇടതുവശത്തെ സൈറ്റിലാണ് ഇപ്പോൾ സൈറ്റ് മ്യൂസിയമുള്ളത്. വലതുവശത്ത് പൊരുനൈ നദിക്കരയിലെ മനോഹരമായ പ്രദേശത്തും ഒരു സൈറ്റ് മ്യൂസിയം വേണമെന്നാണ് കാമരാസുവിന്‍റെ ആവശ്യം. ഒപ്പം ആദിച്ചനല്ലൂരിൽനിന്ന് ബെർലിനിലേക്ക് കൊണ്ടുപോകപ്പെട്ട പുരാവസ്തുക്കൾ തിരികെ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
എ. മാണിക്കം
ശ്രീവൈകുണ്ഠം കെ.ജി.എസ് ഹയർസെക്കൻഡറി സ്കൂളിലെ ചരിത്രാധ്യാപകനാണ് ശിവകല സ്വദേശിയായ എ. മാണിക്കം. ചരിത്രത്തിൽ ഗവേഷണം നടത്തുന്ന അദ്ദേഹം തന്‍റെ വിദ്യാർഥികളെ സ്ഥിരമായി ഫീൽഡ് വിസിറ്റിന് കൊണ്ടുപോകുമായിരുന്നു. ആദിച്ചനല്ലൂരിലും പരിസരത്തുമുള്ള പൗരാണിക ഭൂമിയിലാണ് സ്ഥിരം സന്ദർശനം. എവിടെ നടന്നാലും ചരിത്രത്തിന്‍റെ തെളിവുകൾ കിട്ടുന്ന സ്ഥലം.
2013ൽ ഇത്തരമൊരു സന്ദർശനത്തിനിടെയാണ് ഒരു വിദ്യാർഥിയുടെ ചോദ്യമുണ്ടാകുന്നത്. ‘‘ഇതെല്ലാം പുതൈപ്പിടങ്ങളാണല്ലോ (ശ്മശാനം). വാഴ്വിടങ്ങൾ (വാസമേഖല) എവിടെയായിരുന്നിരിക്കണം.’’ മാണിക്കത്തെ കുലുക്കിയുണർത്തിയ ചോദ്യമായിരുന്നു അത്. താൻ കളിച്ചുവളർന്ന ശിവകലയിലും മറ്റും പണ്ടു കണ്ട കാഴ്ചകൾ മാണിക്കത്തിൽ തികട്ടിവന്നു. അവിടെയും ഇതേ പോലെ ഓരോ മഴക്കാലത്തിനും ശേഷം ഭൂമിക്കടിയിൽനിന്ന് പുരാവസ്തുക്കൾ ധാരാളമായി കിട്ടുമായിരുന്നു. ശിവകലയിൽ സ്വന്തം നിലക്ക് ഖനനം നടത്താൻതന്നെ മാണിക്കം തീരുമാനിച്ചു.
സ്കൂളിലെ ചരിത്രപഠന പ്രവർത്തനത്തിന്‍റെ ഭാഗമായി നടത്തിയ അത്തരം ഖനനങ്ങളിൽനിന്ന് നൂറുകണക്കിന് പുരാവസ്തുക്കൾ കണ്ടെത്തി. അതുമായി പല ശ്രേണിയിലുള്ള ഉദ്യോഗസ്ഥരെ കാണാൻ മാണിക്കം പോയി. ശിവകലയിൽ ഔദ്യോഗികമായി ഉദ്ഖനനം നടത്തണമെന്നായിരുന്നു ആവശ്യം. മറുപടി നിരാശജനകമായിരുന്നു. വർഷങ്ങളോളം വിവിധ ഓഫിസുകൾ കയറി. ഒടുവിൽ അതുവരെ കിട്ടിയ വസ്തുക്കൾ സ്വരുക്കൂട്ടി സ്വന്തം സ്കൂളിൽ ഒരു മ്യൂസിയം തുടങ്ങി. മ്യൂസിയം അനുദിനം വളർന്നുകൊണ്ടിരുന്നു.
ശിവകല ആർക്കിയോളജിക്കൽ പ്രൊട്ടക്ഷൻ ഫോറം എന്നൊരു കൂട്ടായ്മയും രൂപവത്കരിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് ശിവകലയുടെ പ്രാധാന്യം രേഖപ്പെടുത്തി നിരന്തരം നിവേദനങ്ങൾ അയച്ചു. എല്ലാ അപേക്ഷകളും ബധിര കർണങ്ങളിലാണ് പതിച്ചത്. 2018ൽ മാണിക്കത്തിന്‍റെ പ്രവർത്തനങ്ങൾക്ക് നേരിയ തോതിൽ മാധ്യമശ്രദ്ധ കിട്ടിത്തുടങ്ങി. പക്ഷേ, ഔദ്യോഗിക രംഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടാകാതിരുന്നത് മാണിക്കത്തെ നിരാശപ്പെടുത്തി. ആദിച്ചനല്ലൂർ കേസുമായി മുതലൻ കുറിച്ചി കാമരാസു ഹൈകോടതിയിൽ നിൽക്കുന്ന കാലമായിരുന്നു അത്. ഇരുവരും ചേർന്ന് കാമരാസുവിന്‍റെ ആദിച്ചനല്ലൂർ ഹരജിയിൽ ശിവകലയിലും ഖനനം വേണമെന്ന ആവശ്യംകൂടി ഉൾപ്പെടുത്തി.
അതിനിടെ, അധ്യാപകനായ മാണിക്കത്തെ ജില്ലതല ടെക്സ്റ്റ് ബുക്ക് കറക്ഷൻ കമ്മിറ്റിയിൽ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ചു. ടി. ഉദയചന്ദ്രൻ ഐ.എ.എസായിരുന്നു അന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി. ചരിത്രത്തിലും പൗരാണികതയിലും വലിയ താൽപര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഇതറിയാവുന്ന മാണിക്കം ഉദയചന്ദ്രന്‍റെ നമ്പർ സംഘടിപ്പിച്ച് ശിവകലയുടെ വിശദാംശങ്ങൾ അദ്ദേഹത്തിന് വാട്സ്ആപ്പിൽ അയച്ചുകൊടുത്തു. തൊട്ടടുത്ത ദിവസം ഉദയചന്ദ്രൻ മാണിക്കത്തെ വിളിച്ചു. കൂടുതൽ വിശദാംശങ്ങൾ തേടിയ അദ്ദേഹം പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ ശിവകല സന്ദർശിക്കാൻ അയക്കാമെന്ന് വാഗ്ദാനംചെയ്തു. ദിവസങ്ങൾക്കുള്ളിൽ സംഘം ശിവകലയിലെത്തി, പ്രാഥമിക സർവേ നടത്തി.
ആശാവഹമായിരുന്നു സർവേ ഫലം. അതോടെ സംസ്ഥാന ആർക്കിയോളജി വകുപ്പ് ശിവകല ഉദ്ഖനനം ഏറ്റെടുക്കാൻ തീരുമാനിച്ചു. ഹൈകോടതിയിൽ മാണിക്കം നൽകിയ ഹരജിയുടെ വാദത്തിനിടെ, 2019 ഫെബ്രുവരിയിൽ ശിവകല ഉദ്ഖനനത്തിനായി തുക നീക്കിവെച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. 31 ലക്ഷമാണ് ആദ്യഘട്ടമായി അനുവദിച്ചത്. 2019 മുതൽ 2022 വരെ മൂന്നു ഘട്ടമായാണ് ഖനന, ഗവേഷണങ്ങൾ നടന്നത്. അതിൽനിന്നുള്ള കണ്ടെത്തലുകളാണ് ഇരുമ്പുയുഗം സംബന്ധിച്ച ചരിത്രപ്രസിദ്ധമായ പ്രഖ്യാപനത്തിലേക്ക് നയിച്ചത്.
2023ലും 2024ലും ഖനനം നടന്നില്ല. അടുത്ത ഘട്ടം ഖനനത്തിനു മുമ്പ് ശിവകലയിൽ ഒരു സൈറ്റ് മ്യൂസിയം സ്ഥാപിക്കണമെന്നാണ് മാണിക്കത്തിന്‍റെ ആവശ്യം. ശിവകലയിലെ പല പ്രദേശങ്ങളിലായി ഏതാണ്ട് 2000 ഏക്കർ സ്ഥലം ഇപ്പോൾ സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഇത്രയും വലിയ ഒരു പ്രദേശം ഇന്ത്യയിൽ ഒരിടത്തും പുരാവസ്തു പഠനത്തിനായി വേറെയില്ല. അതിനാൽ ഇവിടം കേന്ദ്രീകരിച്ച് ഒരു അന്താരാഷ്ട്ര ആർക്കിയോളജി സർവകലാശാല സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇരുമ്പുയുഗ ചരിത്രത്തെ മാറ്റിമറിച്ച ഇടമെന്ന നിലയിൽ അത്തരമൊരു സർവകലാശാല വരാൻ ഏറ്റവും അനുയോജ്യമായ ഇടം ഇതുതന്നെയെന്ന് അഭിമാനത്തോടെ മാണിക്കം പറയുന്നു.
യുഗഗണന
ചരിത്രാതീത കാലത്തെ പൊതുവെ മൂന്നു യുഗങ്ങളായാണ് വേർതിരിച്ചിട്ടുള്ളത്. ആയുധമായും ഉപകരണമായും പ്രാചീന മനുഷ്യൻ ഉപയോഗിക്കാൻ തുടങ്ങിയ വസ്തുക്കളുടെ അടിസ്ഥാനത്തിലാണിത്. ഡാനിഷ് പുരാവസ്തു ശാസ്ത്രജ്ഞൻ ക്രിസ്റ്റ്യൻ തോംസൺ ആണ് ഈ യുഗവ്യവസ്ഥയുടെ ഉപജ്ഞാതാവ്. ഇതുപ്രകാരം പ്രധാനമായും മൂന്നു യുഗങ്ങൾ: ശിലായുഗം (Stone Age), വെങ്കല യുഗം (Bronze Age), ഇരുമ്പുയുഗം (Iron Age). വെങ്കല, ഇരുമ്പുയുഗങ്ങൾ സംയോജിതമായി ലോഹയുഗം എന്നും വിശേഷിപ്പിക്കപ്പെടുന്നു.
ശിലായുഗം: ഏതാണ്ട് 3.4 ദശലക്ഷം വർഷങ്ങൾ നീണ്ടുനിന്ന ശിലായുഗം ബി.സി 4000നും ബി.സി 2000നും ഇടയിൽ അവസാനിച്ചു. ലോഹം ഉപയോഗിക്കാൻ തുടങ്ങിയതോടെ ശിലായുഗം മറഞ്ഞതായാണ് കണക്കാക്കുന്നത്.
മാനവ ചരിത്രത്തിന്‍റെ 99.3 ശതമാനം കാലവും ശിലായുഗമായിരുന്നു.
വെങ്കലയുഗം: ബി.സി 3300-ബി.സി 1200. സിറ്റി സ്റ്റേറ്റുകളുടെ ആവിർഭാവം ഈ കാലത്താണ്.
ഇരുമ്പുയുഗം: ബി.സി 1200-ബി.സി 550 (തമിഴ്നാടിന്റെ പ്രഖ്യാപനത്തിനു മുമ്പ്). വലിയ ഗോത്രങ്ങൾ, രാജ്യങ്ങൾ, സാമ്രാജ്യങ്ങൾ എന്നിവയുടെ ഉദയകാലം.
പരിശോധനകൾ എന്തെല്ലാം, എവിടെ?
1. ബീർബൽ സഹാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസ്, ലഖ്നോ
2. ഫിസിക്കൽ റിസർച് ലബോറട്ടറി, അഹ്മദാബാദ്
3. ബീറ്റാ അനലിറ്റിക് ലാബ്, ഫ്ലോറിഡ, യു.എസ്.എ
Optically Stimulated Luminescence (OSL) അനാലിസിസിനാണ് സാമ്പിളുകൾ ഇന്ത്യയിലെ രണ്ടു ലാബുകളിലേക്ക് അയച്ചത്. റേഡിയോ മെട്രിക് അനാലിസിസാണ് യു.എസ് ലാബിൽ ചെയ്തത്. മൂന്നിടത്തുനിന്നും ലഭിച്ചത് സമാന ഫലം.
തമിഴ്നാട് ആർക്കിയോളജി വകുപ്പിന് ഇരുമ്പ് ലഭിച്ച ഇടങ്ങൾ
1. ശിവകല (തൂത്തുക്കുടി): ഇവിടത്തെ വളപ്പാലൻപിള്ളൈ-തിരട് എന്ന വാഴ്വിടത്തിൽ (habitation mound) നിന്ന് ലഭിച്ച അസ്ഥി കലശത്തിനുള്ളിലെ കരി (charcoal) സാമ്പിൾ, ഒപ്പമുണ്ടായിരുന്ന ലോഹം എന്നിവയുടെ പരിശോധനയാണ് ബി.സി 3345ലേക്ക് ഇരുമ്പുയുഗത്തെ ആനയിച്ചുകൊണ്ടുപോയത്.
2. ആദിച്ചനല്ലൂർ (തിരുനെൽവേലി): ശ്മശാന ഭൂമിയിൽ (burial mound) നിന്ന് കിട്ടിയ ഇരുമ്പ് ആയുധങ്ങളും ഉപകരണങ്ങളും. പഴക്കം ബി.സി 2517-2513.
3. മയിലാടുംപാറൈ (കൃഷ്ണഗിരി): ഇരുമ്പ് വസ്തുക്കൾ. പഴക്കം ബി.സി 2172.
4. മങ്കാട് (സേലം): ഇരുമ്പ് വാൾ: പഴക്കം ബി.സി 1263.
5. കിൽനമൻഡി (തിരുവണ്ണാമലൈ): ഇരുമ്പ് വസ്തുക്കൾ. പഴക്കം ബി.സി 1769-1615.