ഇങ്ങനെ ഒരു സഖാവും ഇവിടെ ജീവിച്ചിരുന്നു ഹൈസനാര്‍ എന്ന സഖാവ് ശൈഖ് ഹസനാർ

അഖിലേന്ത്യാ തലത്തിൽ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു മലയാളിയായ ശൈഖ് ഹസൈനാർ. ശ്രീകാകുളം സമരത്തിന് നേതൃത്വം കൊടുത്ത അദ്ദേഹം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. വിശാഖ പട്ടണം ജയിൽ ചാടി കേരളത്തിൽ വന്ന അദ്ദേഹത്തെപ്പറ്റി വലിയ അറിവ് മലയാളികൾക്കില്ല. ഹസൈനാരുടെ ജീവിത കഥ പറയുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും ഹസൈനാരുടെ ബന്ധുവുമായ ലേഖകൻ. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രത്തില്‍ ഇടിമുഴക്കം സൃഷ്ടിച്ചു കടന്നുവന്നവരാണ് നക്സലൈറ്റുകള്‍. സി.പി.എം പാര്‍ലമെന്‍ററി ജനാധിപത്യ വ്യവസ്ഥയോട് സമരസപ്പെട്ട് വിപ്ലവപാത കൈയൊഴിഞ്ഞുവെന്ന ആരോപണമുയര്‍ത്തി പുറത്തുവന്ന അവർ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അഖിലേന്ത്യാ തലത്തിൽ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു മലയാളിയായ ശൈഖ് ഹസൈനാർ. ശ്രീകാകുളം സമരത്തിന് നേതൃത്വം കൊടുത്ത അദ്ദേഹം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. വിശാഖ പട്ടണം ജയിൽ ചാടി കേരളത്തിൽ വന്ന അദ്ദേഹത്തെപ്പറ്റി വലിയ അറിവ് മലയാളികൾക്കില്ല. ഹസൈനാരുടെ ജീവിത കഥ പറയുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും ഹസൈനാരുടെ ബന്ധുവുമായ ലേഖകൻ.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രത്തില്‍ ഇടിമുഴക്കം സൃഷ്ടിച്ചു കടന്നുവന്നവരാണ് നക്സലൈറ്റുകള്‍. സി.പി.എം പാര്‍ലമെന്‍ററി ജനാധിപത്യ വ്യവസ്ഥയോട് സമരസപ്പെട്ട് വിപ്ലവപാത കൈയൊഴിഞ്ഞുവെന്ന ആരോപണമുയര്‍ത്തി പുറത്തുവന്ന അവർ പിന്നീട് രാജ്യത്താകെ കുറെയേറെ ഇടപെടലുകൾ നടത്തി. ബംഗാളില്‍ ചാരുമജുംദാറും ആന്ധ്രയില്‍ ടി. നാഗി റെഡ്ഡിയും കനു സന്യാലും ഒഡിഷയില്‍ നാഗ് ഭൂഷണ്‍ പട്നായികും നേതൃപരമായ പങ്കുവഹിച്ച ആ മുന്നേറ്റത്തില്‍ തുടക്കം മുതല്‍ മലയാളി സാന്നിധ്യമുണ്ടായിരുന്നു. കുന്നിക്കല്‍ നാരായണന്‍, കെ.പി. നാരായണന്‍, വര്‍ഗീസ്, മന്ദാകിനി, അജിത തുടങ്ങിയ പേരുകള്‍ ആ കാലം മുതല്‍ കേരളീയര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ സഹ്യനപ്പുറം ദേശങ്ങളില്‍ പൊലീസും ചൂഷകരും വേട്ടയാടിയ, പുറംലോകം അധികമറിയാത്ത മറ്റൊരു മലയാളിയുണ്ട്, ഹസൈനാര്‍ എന്ന ശൈഖ് ഹസനാര്‍.
അജിതയുടെ ആത്മകഥ ‘ഓര്‍മക്കുറിപ്പുകള്‍’ വായിക്കാം: ഞാന്‍ ജാമ്യത്തിലിരുന്ന സന്ദര്‍ഭത്തില്‍ വളരെ രോമാഞ്ചജനകമായ ഒരു അനുഭവം ഞങ്ങള്‍ക്കുണ്ടായി. ആന്ധ്രയിലെ വിശാഖപട്ടണം സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കപ്പെട്ടിരുന്ന 11 സഖാക്കള്‍ ഒരു സുപ്രഭാതത്തില്‍ ജയിലിന്‍റെ നാല് കോട്ടമതിലുകള്‍ ചാടി പുറത്തുവന്നു. ജയില്‍ ചാടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവരില്‍ മൂന്ന് സഖാക്കള്‍ ഞങ്ങളെ കാണാനായി വീട്ടില്‍ വന്നു. സഖാക്കള്‍ ആദി ഭട്ലാ കൈലാസം, നാഗ്ഭൂഷണ്‍ പട്നായിക്, മലയാളിയായ ശൈഖ് ഹസനാര്‍ –ഇവരായിരുന്നു ആ മൂന്ന് സഖാക്കള്‍. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാർട്ടി (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്)യുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായിരുന്നു ആദ്യത്തെ രണ്ടു പേര്‍. സഖാവ് കൈലാസം ശ്രീകാകുളത്തെ ഗിരിജന്‍ (ആദിവാസി) സംഘടനയുടെ ഒരു പ്രമുഖ നേതാവായിരുന്നു. നാഗ്ഭൂഷണ്‍ ഒഡിഷയിലെ ഒരു അഭിഭാഷകനാണ്. ഹസൈനാര്‍ ഒഡിഷയില്‍ തൊഴില്‍ചെയ്തു ജീവിച്ചിരുന്ന ഒരു മലയാളി സഖാവാണ്. 1969ലെ ശ്രീകാകുളം പ്രസ്ഥാനത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ച ആ സഖാവ് ഇന്നും വിശാഖപട്ടണം സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്... പാര്‍ട്ടിയാണ് അവരെ ഇങ്ങോട്ട് പറഞ്ഞയച്ചതെന്നും, സഖാവ് ചാരുമജുംദാര്‍ അടുത്തുതന്നെ കേരളത്തില്‍ ഞങ്ങളെ കാണാനായി കേന്ദ്ര കമ്മിറ്റിയുടെ തീരുമാനപ്രകാരം വരുമെന്നും അവര്‍ ഞങ്ങളെ അറിയിച്ചു (പേജ്: 202, 202).
‘നക്സല്‍ ദിനങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍, കേരളത്തിലെ നക്സലൈറ്റ്, മാവോയിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രം വിശകലനംചെയ്ത ആര്‍.കെ. ബിജുരാജിന്‍റെ കൃതിയില്‍ ‘നേതാക്കള്‍ ഒളിച്ചെത്തുന്നു’ എന്ന ഉപശീര്‍ഷകത്തില്‍ ഒരു ഭാഗം കാണാം: ‘‘1969 ഒക്ടോബറില്‍ കേരളത്തില്‍ ചില അപ്രതീക്ഷിത സന്ദര്‍ശകരെത്തി. ഭരണകൂടം തലയ്ക്ക് വിലയിട്ട, പ്രസ്ഥാനത്തിന്‍റെ അമരക്കാരായിരുന്നു സന്ദര്‍ശകര്‍. പൊലീസ് രാജ്യമൊട്ടുക്കും തങ്ങളെ തേടിപ്പാഞ്ഞ് നടക്കുന്നതിനാല്‍ സന്ദര്‍ശകര്‍ കേരളത്തിലെത്തിയത് തീര്‍ത്തും രഹസ്യവും സാഹസികവുമായാണ്. ആ മാസം ആന്ധ്രയിലെ വിശാഖപട്ടണം സെന്‍ട്രല്‍ ജയിലില്‍നിന്ന് 11 നക്സലൈറ്റുകള്‍ തടവ് ചാടിയിരുന്നു. ഒരു പകല്‍ ജയിലിന്‍റെ കോട്ടമതിലുകള്‍ മറികടന്ന് അവര്‍ പുറത്തുവന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവരില്‍ മൂന്നുപേരാണ് കേരളത്തില്‍ എത്തിയത്. ആദി ഭട്ട്ലാ കൈലാസം, നാഗ്ഭൂഷണ്‍ പട്നായിക്, മലയാളിയായ ശൈഖ് ഹസനാര്‍ എന്നിവരായിരുന്നു സന്ദര്‍ശകര്‍... തിരിച്ചുപോകും മുമ്പ് അവര്‍ രഹസ്യമായി മറ്റൊരു കാര്യംകൂടി അറിയിച്ചു: ‘‘സഖാവ് ചാരു മജുംദാര്‍ അടുത്തുതന്നെ കേരളത്തില്‍ വരും.’’ (പേജ് 115, 116 )
വീണ്ടും: ജയിലില്‍ കഴിയുന്ന അജിത അഖിലേന്ത്യാതലത്തില്‍ തന്നെ ആവേശമായി മാറിക്കഴിഞ്ഞിരുന്നു. ഇത്തരമൊരു ആവേശത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടുംനിന്ന് കത്തുകളും അഭിവാദനക്കുറിപ്പുകളും ജയിലിലേക്കും കോഴിക്കോട്ടേക്കും വന്നുകൊണ്ടിരുന്നു. 1973 മാര്‍ച്ച് ആദ്യം, വധശിക്ഷക്ക് വിധിക്കപ്പെട്ട നാഗ്ഭൂഷണ്‍ പട്നായിക്കിന്‍റെ കത്ത് വന്നു. ‘‘സഖാക്കളായ കനു സന്യാല്‍, സുരേന്‍ ബോസ്, ഡി. ഭൂപന്‍, മോഹന്‍ പട്നായിക്, ചൗധരി തേജേശ്വര റാവു, ഹസൈനാര്‍ എന്നിവരുടെ പേരിലും മറ്റെല്ലാ സഖാക്കളുടെപേരിലും എന്‍റെ വ്യക്തിപരമായ പേരിലും വിപ്ലവാഭിവാദ്യങ്ങള്‍’’ സഖാവ് അജിതക്കും അച്ഛനും നിങ്ങള്‍ക്കും അവിടെയുള്ള മറ്റെല്ലാ സഖാക്കള്‍ക്കും നല്‍കട്ടെ (പേജ് 196).
നാഗ്ഭൂഷണ്‍ പട്നായിക്കിനെയും അദ്ദേഹത്തോടൊപ്പം തോളോടുതോള്‍ പടനയിച്ച ഹസൈനാര്‍ എന്ന മലയാളി സഖാവിനെയും അടുത്തറിയാൻ ചരിത്രത്തിലെ അധികം രേഖപ്പെടുത്താത്ത ചില ഏടുകള്‍ തേടുന്ന ശ്രമമാണിത്.
* * *
ആരായിരുന്നു നാഗ് ഭൂഷണ്‍ പട്നായിക്? ഒഡിഷയില്‍നിന്നുള്ള കമ്യൂണിസ്റ്റ് വിപ്ലവകാരി. 1934 നവംബര്‍ 27ന് ജനനം. സി.പി.ഐ (എം.എല്‍) സ്ഥാപകനായിരുന്ന അദ്ദേഹം ജീവിതാന്ത്യംവരെ എം.എല്‍ ആശയങ്ങളില്‍ ഉറച്ചുനിന്നു. 66ല്‍ വയറിന് ശസ്ത്രക്രിയക്ക് വിധേയനായ പട്നായിക് ശാരീരികമായി ദുര്‍ബലനായിരുന്നുവെങ്കിലും വളരെ ശക്തമായിരുന്നു മനസ്സ്. (63ാം വയസ്സില്‍ 1998 ഒക്ടോബര്‍ 9നായിരുന്നു മരണം.) കര്‍ഷകപ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ പട്നായിക് 66ല്‍ തിഹാര്‍ ജയിലില്‍ അടക്കപ്പെട്ടു. പി. സുന്ദരയ്യ സഹതടവുകാരനായിരുന്നു. ഇരുവരും തടവറയില്‍ വിശദമായി ചര്‍ച്ച നടത്തി. കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും അവകാശങ്ങള്‍ നേടാനായി പട്നായിക് ആവിഷ്കരിച്ച കര്‍മപദ്ധതികള്‍ സുന്ദരയ്യ പിന്തുണച്ചു.
തിഹാര്‍ ജയിലില്‍നിന്നും പുറത്തുവന്ന നാഗ്ഭൂഷണ്‍ പട്നായിക് സി.പി.എം പ്രവര്‍ത്തനരംഗത്ത് സജീവമായി. സി.പി.എമ്മിന്‍റെ ട്രേഡ് യൂനിയന്‍ മേഖലയിലെ നേതാവായ പി. രാമമൂര്‍ത്തി പ്രക്ഷോഭങ്ങളുടെ തീവ്രസ്വഭാവം കുറക്കാനും ജനാധിപത്യ സമരങ്ങളില്‍ സജീവമാകാനും നിര്‍ദേശിച്ചത് പട്നായികിന് രുചിച്ചില്ല. ക്രമേണ സി.പി.എമ്മില്‍നിന്നും വിട്ട അദ്ദേഹം സ്വന്തം പാതയില്‍ സായുധ കര്‍ഷക- തൊഴിലാളി പ്രസ്ഥാനങ്ങള്‍ സംഘടിപ്പിച്ചു. പശ്ചിമ ബംഗാളിലെ നക്സല്‍ബാരിയില്‍ 1967ല്‍ ഇന്ത്യയില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന്‍റെ ആദ്യ സായുധ പ്രക്ഷോഭത്തില്‍ നാഗ്ഭൂഷണ്‍ പട്നായിക് പങ്കാളിയായിരുന്നു. 1969 ഏപ്രില്‍ 22ന് സമാന ചിന്താഗതിക്കാര്‍ക്ക് ഒപ്പം സി.പി.ഐ (മാര്‍ക്സിസ്റ്റ് -ലെനിനിസ്റ്റ്) സംഘടനക്ക് രൂപം നല്‍കി.
1967 ഡിസംബറില്‍ കൊച്ചിയിലെ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം കേരളം വിട്ട ഹസൈനാര്‍ ഒഡിഷയിലായിരുന്നു. ഇതിനിടെ വീക്ഷണങ്ങളിലെ യോജിപ്പ് ഹസൈനാറെ എം.എല്‍ സംഘാടകനായ നാഗ്ഭൂഷണ്‍ പട്നായിക്കുമായി ഉറ്റ സൗഹൃദത്തിലേക്ക് വഴിതെളിച്ചു. ആന്ധ്രയിലെ ശ്രീകാകുളം പാര്‍വതിപുരത്ത് അമ്പും വില്ലുമായെത്തിയ 250 ആദിവാസികള്‍ 1968 നവംബര്‍ 25ന് ഒരു ഭൂപ്രഭുവിന്‍റെ വയല്‍ കൈയേറി വിള കൊയ്തു. വീട് ആക്രമിച്ചു. പൂഴ്ത്തിവെച്ച ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തു പാവങ്ങള്‍ക്ക് വിതരണംചെയ്തു. വി. സത്യനാരായണ, നാഗ്ഭൂഷണ്‍ പട്നായിക്, ഹസൈനാര്‍ എന്നിവരാണ് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് രേഖ. തുടര്‍ന്ന് രണ്ട് വര്‍ഷങ്ങളില്‍ ശ്രീകാകുളം മേഖലയിലെ മറ്റു നിരവധി പ്രദേശങ്ങളിലും ശക്തമായ കര്‍ഷക-ആദിവാസി പ്രക്ഷോഭം അരങ്ങേറി.
1969 ജനുവരിയില്‍ ഒഡിഷയിലെ ഗുണുപൂരില്‍ ഗ്രാമീണ കര്‍ഷകരെ സംഘടിപ്പിച്ച് പട്നായികും ഹസൈനാർ ഉള്‍പ്പെടെ മറ്റ് സഖാക്കളും പ്രക്ഷോഭത്തിന് ഒരുക്കം നടത്തി. വിവരം ലഭിച്ച ഒഡിഷ പൊലീസ് നക്സല്‍ ഒളികേന്ദ്രങ്ങളില്‍ ആക്രമിച്ചു. അവിടെനിന്ന് രക്ഷപ്പെട്ടു ആന്ധ്രയിലേക്ക് കടന്ന പട്നായികും ശൈഖ് ഹസനാരും മറ്റ് ഒമ്പതു പേരും 1969 ജൂലൈ 15ന് അറസ്റ്റിലായി. വിശാഖപട്ടണം ജയിലില്‍ തടവില്‍ കഴിയവെ 11 പേരും 1969 ഒക്ടോബര്‍ എട്ടിന് ജയില്‍ ചാടി. ഏതാനും നാളുകള്‍ക്കുശേഷം വീണ്ടും എല്ലാവരും പിടിയിലായി. മനുഷ്യത്വ രഹിതമായ പീഡനങ്ങള്‍ക്കാണ് പിന്നീട് അവര്‍ വിധേയരായത്. ശക്തമായ അടിച്ചമര്‍ത്തല്‍ നടപടി സ്വീകരിച്ച പൊലീസ് ഏതാണ്ട് മൂന്നൂറോളം പേരെ ‘ഏറ്റുമുട്ടലി’ല്‍ വധിച്ചു.
1970 മധ്യത്തോടെ ശ്രീകാകുളം പ്രസ്ഥാനം ഏതാണ്ട് നിശ്ചലമായി. ശ്രീകാകുളം, പാര്‍വതിപൂരം കേസില്‍ നാഗ്ഭൂഷണ്‍ പട്നായിക് ഒന്നാം പ്രതിയും ശൈഖ് ഹസനാര്‍ രണ്ടാം പ്രതിയുമായിരുന്നു. വിശാഖപട്ടണം സെഷന്‍സ് കോടതി 1970 ഡിസംബറില്‍ പട്നായികിനെ തൂക്കിലേറ്റാനും ശൈഖ് ഹസനാരെ ജീവപര്യന്തം തടവിലിടാനും വിധിച്ചു. മറ്റ് പ്രതികള്‍ക്കും നിരവധി വര്‍ഷങ്ങള്‍ കഠിനതടവ് ആയിരുന്നു ശിക്ഷ. അടുത്ത വര്‍ഷം ആന്ധ്ര ഹൈകോടതി വധശിക്ഷ സ്ഥിരീകരിച്ചു. പല കേന്ദ്രങ്ങളില്‍നിന്നും സമ്മര്‍ദം ഉയര്‍ന്നുവെങ്കിലും ദയാഹരജി നല്‍കാന്‍ പട്നായിക് തയാറായില്ല. മറിച്ച് ജയില്‍ സൂപ്രണ്ടിന് കത്തെഴുതി. തനിക്ക് ലഭിച്ച വധശിക്ഷാ ഉത്തരവ് നടപ്പാക്കാനും തന്‍റെ അവയവങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് നല്‍കാനുമാണ് കത്തില്‍ ആവശ്യപ്പെട്ടത്.
അടിയന്തരാവസ്ഥ കഴിഞ്ഞ് ജനതാ ഭരണകൂടം അധികാരമേറിയപ്പോഴും പട്നായികും ഹസനാരും സഹപ്രവര്‍ത്തകരും തടവറയിലായിരുന്നു. പട്നായ്കിന്‍റെ വധശിക്ഷ ഒഴിവാക്കാനും ജയില്‍ മോചനത്തിനും സോഷ്യലിസ്റ്റ് നേതാക്കളായ ജയപ്രകാശ് നാരായണ്‍, ഡോ. ഹരേകൃഷ്ണ മേഹ്താബ്, സര്‍വോദയ നേതാവ് മാലതി ചൗധുരി തുടങ്ങിയവര്‍ സജീവമായി രംഗത്തിറങ്ങി. എം.പിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും രാഷ്ട്രപതിക്ക് ഒപ്പു സമാഹരിച്ച് ഹരജി നല്‍കി. ആ ഇടപെടലുകള്‍ ഫലം കണ്ടു. പട്നായികിന്‍റെ വധശിക്ഷ ജീവപര്യന്തം തടവായി ഇളവ് ചെയ്തു. ശക്തമായ മുറവിളിക്ക് ഒടുവില്‍ 1981 മധ്യത്തില്‍ നാഗ്ഭൂഷണ്‍ പട്നായികും ഹസനാരും മോചിതരായി ജയില്‍ മോചനത്തിനു ശേഷം ഗുണുപൂര്‍ മേഖലയില്‍ പ്രവര്‍ത്തനം തുടര്‍ന്ന പട്നായിക് സി.പി.ഐ (എം.എല്‍) ലിബറേഷന്‍റെ തുറന്ന മുഖമായി 1982ല്‍ രൂപംകൊണ്ട ഇന്ത്യന്‍ പീപ്ള്‍സ് ഫ്രണ്ടിന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.

ഹസൈനാര്‍ ഉമ്മ പാത്തുമ്മക്കുട്ടി, ആദ്യ ഭാര്യ മൈമൂന, സഹോദരി സൈനബ, സൈനബയുടെ മകന്‍, സഹോദരന്‍ അഹ്മദ് കുട്ടിയുടെ മക്കള്‍ എന്നിവരോടൊപ്പം
* * *
പഴയ പാലക്കാട് ജില്ലയില്‍ വള്ളുവനാട് താലൂക്കിലെ (ഇപ്പോള്‍ മലപ്പുറം ജില്ല, പെരിന്തല്‍മണ്ണ താലൂക്ക്) മങ്കട സ്വദേശിയായിരുന്നു പൂഴിക്കുന്നന്‍ ഹസൈനാര്‍ എന്ന പി. ഹസൈനാര്‍. പൊലീസ് രേഖകളില്‍ ശൈഖ് ഹസനാര്‍. വളരെ കാലം മുമ്പുതന്നെ പുരോഗമന ചിന്തകള്‍ക്ക് വളക്കൂറുള്ള മണ്ണായിരുന്നു മങ്കട. പ്രദേശത്തെ സാമൂഹിക ഉണര്‍വിന് വലിയ പങ്കുവഹിച്ച വ്യക്തികളായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍റെ അനുയായിയും കോണ്‍ഗ്രസ് –ഖിലാഫത്ത് നേതാവും ഇസ്‍ലാഹി (മുസ്‍ലിം നവോത്ഥാന) നേതാവുമായിരുന്ന പരിയന്തടത്തില്‍ ഉണ്ണീന്‍ മൗലവി, മലബാര്‍ ജില്ലാ ബോര്‍ഡംഗം കേരളാംതൊടി കോയ അധികാരി, മതപണ്ഡിതനായിരുന്ന പൂഴിക്കുന്നന്‍ മുഹ്‍യിദ്ദീന്‍ മുസ്‍ലിയാര്‍ തുടങ്ങിയവര്‍. ഉറ്റ സൗഹൃദം പുലര്‍ത്തി, പുരോഗമന ചിന്തകള്‍ പങ്കുവെച്ച അവര്‍ വൈവാഹിക ബന്ധത്തിലൂടെ അടുത്ത ബന്ധുക്കളുമായിരുന്നു. കോയ അധികാരിയുടെ സഹോദരി കേരളാംതൊടി ഇത്തായുമ്മയെയാണ് പൂഴിക്കുന്നന്‍ മൊയ്തീന്‍കുട്ടി മുസ്‍ലിയാര്‍ വിവാഹംചെയ്തത്. ഉണ്ണീന്‍ മൗലവിയുടെ സഹോദരിയായിരുന്നു കോയ അധികാരിയുടെ ഭാര്യ.
മങ്കടയിലും സമീപ പ്രദേശങ്ങളിലും മതാധ്യാപനം നടത്തിയ പൂഴിക്കുന്നന്‍ മുഹ്‍യിദ്ദീന്‍ മുസ്‍ലിയാര്‍ –ഇത്തായുമ്മ ദമ്പതികള്‍ക്ക് നാല് മക്കള്‍ –മുഹമ്മദ്, ഫാത്തിമ, അബ്ദുല്‍ ഖാദര്‍, സൈനബ. ആദ്യ ഭാര്യയുടെ മരണശേഷം കടുങ്ങപുരം സ്വദേശി പാത്തുമ്മക്കുട്ടിയെ വിവാഹം കഴിച്ചു. കോയ അധികാരിയുടെ അടുത്ത ബന്ധുവായിരുന്നു പാത്തുമ്മക്കുട്ടിയും. ആ ദാമ്പത്യത്തില്‍ രണ്ട് മക്കള്‍ –ഹസൈനാര്‍, അഹമ്മദ് കുട്ടി. ദീര്‍ഘകാലം സൗദിയില്‍ പ്രവാസിയായിരുന്ന അഹമ്മദ് കുട്ടി മങ്കടയില്‍ ഇപ്പോഴും സാമൂഹികരംഗത്ത് സജീവമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ ഇ.എം.എസും ഇ.പി. ഗോപാലനും മങ്കട കേന്ദ്രമാക്കിയാണ് ആദ്യകാലത്ത് പ്രവര്‍ത്തിച്ചത്. മങ്കടയില്‍ ഇ.എം.എസിന് ഒളിവില്‍ ആദ്യം താവളമായത് പൂഴിക്കുന്നന്‍ തറവാട്ട് വീടായിരുന്നു. ഇത്തരമൊരു കുടുംബ സാഹചര്യത്തില്‍ വളര്‍ന്ന മുഹ്‍യിദ്ദീൻ മുസ്‍ലിയാരുടെ കുട്ടികള്‍ക്ക് കമ്യൂണിസ്റ്റ് ആശയങ്ങളോട് താല്‍പര്യം ജനിച്ചത് സ്വാഭാവികം. മുസ്‍ലിയാരുടെ മൂത്ത മകന്‍ പൂഴിക്കുന്നന്‍ മുഹമ്മദ് എന്ന സഖാവ് കുഞ്ഞാന്‍ മങ്കടയിലെ ജനപ്രിയനായ ആദ്യകാല കമ്യൂണിസ്റ്റായിരുന്നു. ഔപചാരിക വിദ്യാഭ്യാസം കുറവെങ്കിലും നല്ല വായന.
ബുദ്ധിജീവി. 1948ല്‍ പ്രദേശത്ത് വിപുലമായ കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മേളനം സംഘടിപ്പിച്ചു. മങ്കടയില്‍ പബ്ലിക് ലൈബ്രറി സ്ഥാപിക്കാൻ പണം കണ്ടെത്താനായി കാളപൂട്ട് മത്സരം, കഥാപ്രസംഗം, കഥകളി തുടങ്ങിയവയുടെ സംഘാടകനായി. കര്‍ഷകസംഘത്തില്‍ സജീവമായിരുന്ന സഖാവ് മുഹമ്മദിന്‍റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് 1954ല്‍ മങ്കടയില്‍ വിപുലമായ കര്‍ഷകസംഘം സമ്മേളനം നടത്തിയത്. മെലിഞ്ഞ ദേഹപ്രകൃതമായിരുന്നു മുഹമ്മദിനെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. കടുത്ത ദാരിദ്ര്യത്തിലായിരുന്നു ബാല്യം.
പെട്ടിക്കച്ചവടം നടത്തിയായിരുന്നു ജീവിതം. ദേശാഭിമാനി വായനയിലൂടെയാണ് കമ്യൂണിസ്റ്റുകാരനായത്. പല അസുഖങ്ങളുമുണ്ടായിരുന്നുവെങ്കിലും അതൊന്നും കര്‍മരംഗത്ത് പ്രതിബന്ധമായില്ല. ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി മുഖപത്രം ഇവിടെ വായിക്കാന്‍ കിട്ടുമെന്ന് കടയില്‍ ബോര്‍ഡ് എഴുതിവെച്ചു. കടക്ക് സമീപമുണ്ടായിരുന്ന ബീഡിതിരപ്പു കേന്ദ്രത്തില്‍ നാല് ദിനപത്രങ്ങള്‍ വന്നിരുന്നു. ഒരാള്‍ പത്രം തുടക്കം മുതല്‍ ഒടുക്കം വരെ വായിക്കും, മറ്റുള്ളവര്‍ കേട്ടിരിക്കും. പത്രങ്ങളും പാർട്ടി സാഹിത്യങ്ങളും വായനയും ചര്‍ച്ചകളും സജീവമായി നടന്നു. കുടുംബസ്നേഹിയും ഒപ്പം പരോപകാരിയുമായി ജീവിച്ച മുഹമ്മദ് (കുഞ്ഞാന്‍) അറുപതില്‍ മരിച്ചു. ജ്യേഷ്ഠനെ അപ്പടി പകര്‍ത്തി, ചെറുപ്പം മുതല്‍ മറ്റുള്ളവര്‍ക്കു വേണ്ടിയാണ് ഹസൈനാരും ജീവിച്ചതെന്ന് ബന്ധുവും കൂട്ടുകാരനുമായ പാറക്കടവന്‍ മുഹമ്മദുണ്ണി പറയുന്നു.
ഉറച്ച കമ്യൂണിസ്റ്റായിരുന്നു ഹസൈനാര്‍. ബാല്യം മുതല്‍ ദൈവാസ്തിത്വം ചോദ്യംചെയ്താണ് വളര്‍ന്നത്. അതീവഭക്തനായ ജ്യേഷ്ഠന്‍ അബ്ദുല്‍ ഖാദറിനെ പരിഹസിക്കാന്‍ കുട്ടിക്കാലത്ത് തങ്ങള്‍ക്ക് മിഠായി വാങ്ങിത്തന്നിരുന്നുവെന്ന് സഹോദരി ഫാത്തിമയുടെ മക്കള്‍ ശൈഖ് മുഹമ്മദും റസാഖും ഓര്‍ക്കുന്നു. അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയ ജീവിതമായിരുന്നു ഹസൈനാരുടേത്. ഒന്നും സമ്പാദിക്കാതെ, എവിടെയും ആളാകാന്‍ ശ്രമിക്കാതെ, വിശ്വസിച്ച പ്രത്യയശാസ്ത്രത്തിനുവേണ്ടി സമ്പൂര്‍ണമായി സമര്‍പ്പിതമായ ജീവിതം.
* * *
മങ്കടയില്‍ ചെറിയ പെട്ടിക്കട നടത്തിയ ഹസൈനാര്‍ 1960കളുടെ തുടക്കത്തില്‍തന്നെ ജോലി തേടി ബോംബെയില്‍ എത്തി. റാലീസ് എന്ന കമ്പനിയില്‍ നല്ല ജോലികിട്ടി. പാന്‍റും ഷര്‍ട്ടും ധരിച്ച് നല്ല വൃത്തിയിലും വെടിപ്പിലുമാണ് അവധിക്ക് നാട്ടിലെത്തിയത് എന്ന് സഹോദരന്‍റെ മകന്‍ മുഹമ്മദ് ഷരീഫ്, സഹോദരിയുടെ മകന്‍ അബ്ദുല്‍ റസാഖ് എന്നിവര്‍ ഓര്‍മിക്കുന്നു. 1964ല്‍ നാടുവിട്ട് ബോംബെയിലെത്തിയ റസാഖിനെ അദ്ദേഹം കൂടെ താമസിപ്പിച്ചു. ഏറെ കാലം റസാഖ് അവിടെ അദ്ദേഹത്തോടൊപ്പം താമസിച്ച് ജോലി ചെയ്തു. പിന്നീടാണ് ഹസൈനാര്‍ പട്ടേല്‍ എൻജിനീയറിങ് കമ്പനിയില്‍ ജോലി സ്വീകരിച്ച് ഒഡിഷയിലേക്ക് പോകുന്നതും അവിടെ ടണല്‍ വര്‍ക്കേഴ്സ് യൂനിയനില്‍ അംഗത്വമെടുത്ത് പ്രവര്‍ത്തനം തുടങ്ങിയതും. ഒഡിഷയില്‍ ജോലി ചെയ്യുമ്പോഴാണ് 1967ല്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ റെഡ് വളന്‍റിയറായി കൊച്ചിയില്‍ എത്തിയത്. സി.പി.എമ്മില്‍ സജീവമായിരുന്ന ഹസൈനാര്‍ നക്സലൈറ്റ് പ്രസ്ഥാനവുമായി അടുക്കുന്നത് എങ്ങനെയാണ്? ഒഡിഷയിലെ ബാലിമലയില്‍ കൂടെയുണ്ടായിരുന്ന നാട്ടുകാരന്‍ ആലിക്കത്തൊടി മോഹനനും, ഹസൈനാരുടെ അടുത്ത ബന്ധുകൂടിയായ പാറക്കടവന്‍ അലവി, മുഹമ്മദുണ്ണി എന്നിവര്‍ ആ സംഭവങ്ങള്‍ കൃത്യമായി ഓര്‍ക്കുന്നു.
മങ്കടയില്‍നിന്നും 1965ലാണ് പാറക്കടവന്‍ മുഹമ്മദുണ്ണിയും സഹോദരന്‍ അലവിയും തൊഴില്‍ തേടി കേരളം വിട്ടത്. ആദ്യം പട്ടേല്‍ എൻജിനീയറിങ് കമ്പനിക്ക് കീഴില്‍ ആന്ധ്രയിലെ നര്‍സി പട്ടണത്തിന് അടുത്തായിരുന്നു ജോലി. ചിത്രഗുണ്ട് നദിയില്‍ നരസിപട്ടണം അണക്കെട്ട് നിര്‍മാണ ഘട്ടമായിരുന്നു. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വൈദ്യുതി പവര്‍ഹൗസ് നിര്‍മാണ പ്രവൃത്തി നടക്കുന്നു. തൊഴിലാളികള്‍ ഹസൈനാര്‍ നടത്തിയ ഹോട്ടലിനെയാണ് ഭക്ഷണത്തിന് ആശ്രയിച്ചത്. നല്ല പാല്‍ ലഭിക്കുന്ന നിരവധി എരുമകളും ഹസൈനാര്‍ക്കുണ്ടായിരുന്നു. അവയുടെ പാല്‍ ആയിരുന്നു മുഖ്യ വരുമാനം. ഹോട്ടല്‍ നടത്തിപ്പും കമ്പനി ജോലിയുമായി കഴിയുന്നതിനിടെയാണ് പെട്ടെന്ന് സാഹചര്യം മാറിയത്.
സി.പി.ഐയുടെ തൊഴിലാളി സംഘടന എ.ഐ.ടി.യു.സിയിലാണ് േപ്രാജക്ടിലെ തൊഴിലാളികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ശമ്പളവര്‍ധന ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചതോടെ കമ്പനി അടച്ചിട്ടു. സമരത്തിന് പിന്തുണ വാഗ്ദാനം ചെയ്ത സി.പി.എം ഈ സമയം വാക്കുപാലിച്ചില്ല. തൊഴിലാളികളെ പിന്തുണക്കാന്‍ തൊഴിലാളി സംഘടനാ നേതാക്കളെത്തിയില്ല. സമരനേതൃത്വം പ്രദേശത്തെ തുണിക്കച്ചവടക്കാരനായിരുന്ന സൂര്യനാരായണ ഏറ്റെടുത്തു. സമരസമിതിയുടെ ജോയന്‍റ് സെക്രട്ടറിയായിരുന്നു ഹസൈനാര്‍. സമരം തുടങ്ങിയതോടെ ഹോട്ടലിലെ വരവ് നിലച്ചു. സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഹസൈനാര്‍ സൗജന്യമായി ഭക്ഷണം നല്‍കി. തടവിലായ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം ആലംബവും ആശ്വാസവുമായി. സമരം ആറുമാസത്തോളം നീണ്ടതോടെ ഹോട്ടലിന്‍റെ നടത്തിപ്പ് വളരെ പ്രതിസന്ധിയിലായി.
* * *
മങ്കടയിലെ ആലിക്കത്തൊടി മോഹനേട്ടന് 77 വയസ്സുണ്ട്. അദ്ദേഹത്തിന്‍റെ മനസ്സില്‍ ഹസൈനാരെക്കുറിച്ച ഓര്‍മകള്‍ക്ക് മരണമില്ല. ഹസൈനാരെ മങ്കടയില്‍നിന്ന് തന്നെ അറിയും. കമ്യൂണിസ്റ്റ് പാർട്ടി പ്രവര്‍ത്തകനും പാര്‍ട്ടി പിളര്‍ന്ന ശേഷം സി.പി.എം പ്രവര്‍ത്തകനുമായിരുന്നു. നന്നായി ബീഡി തിരക്കും. തറവാട്ട് വീട്ടുവരാന്തയില്‍ ചെറിയൊരു ഗുംട്ടി കട നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ ബീരാ, കൊയ്ന പ്രദേശങ്ങളില്‍ ലോക്കോ ഓപറേറ്ററായി ജോലി ചെയ്തിരുന്നത് അറിയും. ഒഡിഷയിലെ ബാലിമലയില്‍ താന്‍ എത്തിയ ശേഷം ഹസൈനാര്‍ അവിടെ കമ്പനി േപ്രാജക്ടുകളിലൊന്നും ജോലി ചെയ്തിട്ടില്ല. ഹോട്ടലും ഡയറി ഫാമും നടത്തിപ്പായിരുന്നു. കഷ്ടപ്പെടുന്നവരോട് ആര്‍ദ്രതയുള്ള മനസ്സായിരുന്നു. കൂടെയുള്ളവന്‍ ഭക്ഷണം കഴിക്കാതെ ഹസൈനാര്‍ കഴിക്കില്ല. എന്തും ദാനം ചെയ്യാന്‍ തൽപരന്‍.
ആള്‍ കമ്യൂണിസ്റ്റും നക്സലൈറ്റും ഒക്കെയാണ്, പക്ഷേ ആര്‍ക്ക് എന്ത് സഹായം ചെയ്താലും പകരം ദൈവം തരും എന്നാണ് പറയുക –ഹസൈനാരെ കുറിച്ച് പറയാന്‍ ആലിക്കത്തൊടി മോഹനേട്ടന് നൂറു കാര്യങ്ങളുണ്ട്. 1966ല്‍ മോഹനന്‍ മങ്കട ഹൈസ്കൂളില്‍ പത്താം ക്ലാസിലേക്ക് ജയിച്ചു. നാടുവിട്ടു പോകാം, ജോലി കിട്ടുമെന്ന് സുഹൃത്ത് അബ്ദുറഹ്മാനാണ് പറഞ്ഞത്. മങ്കടയുടെ അയല്‍ പ്രദേശങ്ങളിലെ കുറേ പേര്‍ അതിനകം ബാലിമലയില്‍ ജോലിചെയ്തിരുന്നു. അമ്പത് രൂപയുമായി ബാലിമലയിലേക്ക് പുറപ്പെട്ടു. ഏതാണ്ട് 30 രൂപയാണ് ട്രെയിനില്‍ ടിക്കറ്റിന് വേണ്ടിവന്നത്. ബാലിമലയില്‍ ആദ്യം എത്തിയത് ഹസൈനാരുടെ മുന്നിലാണ്. ഹോട്ടല്‍ നടത്തുന്ന ആളല്ലേ, പരിചയവുമുണ്ട്. പഠിപ്പ് നിര്‍ത്തി എന്തിന് പോന്നു എന്നായിരുന്നു ആദ്യത്തെ ചോദ്യം. കുറേ ദേഷ്യപ്പെട്ടു. തിരിച്ചു പൊയ്ക്കോ എന്നു പറഞ്ഞ് 50 രൂപ എടുത്തുനീട്ടി. പക്ഷേ, ഞാന്‍ ആ കാശ് വാങ്ങിയില്ല. നാട്ടിലേക്ക് മടങ്ങുന്നില്ല, ജോലിക്ക് പോകുകയാണ് എന്ന് നിര്‍ബന്ധം പിടിച്ചു. രണ്ട് ദിവസം അങ്ങനെ കഴിഞ്ഞു.
പട്ടേല്‍ എൻജിനീയറിങ് കമ്പനിക്ക് രണ്ടോ മൂന്നോ സൈറ്റുകളില്‍ പ്രവൃത്തി നടക്കുന്നുണ്ടായിരുന്നു. ഒഡിഷയിലെ ചിത്രഗുണ്ട് അണക്കെട്ടുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവൃത്തികള്‍. മങ്കട, പട്ടിക്കാട് ഭാഗത്തുനിന്നുള്ള കുറേ പേര്‍ അവിടെയുണ്ടായിരുന്നു. ഒരു പ്രോജക്ടില്‍ ഹെൽപറായി ജോലിക്ക് ചേര്‍ന്നു. മങ്കടയില്‍നിന്നുള്ള പാറക്കടവന്‍ മുഹമ്മദുണ്ണി, ജ്യേഷ്ഠന്‍ അലവി, വിളക്കത്തൊടി ഹംസ തുടങ്ങിയവര്‍ നേരത്തേ അവിടെയുണ്ടായിരുന്നു. പാറക്കടവന്‍ കമ്മു, തിരൂര്‍ക്കാട് സ്വദേശി ചാലിയത്ത് ഹസന്‍ എന്നിവര്‍ ഫോര്‍മാന്‍മാരായും ജോലി ചെയ്തിരുന്നു. അന്ന് മുജാഹിദും ജമാഅത്തുമൊന്നുമില്ല. സുന്നി കാലമായിരുന്നു. വ്യാഴാഴ്ച രാത്രികളില്‍ റാതീബ് നടക്കും. അത് കഴിഞ്ഞ് ഭക്ഷണത്തിന് താനും കൂടും. മുഹമ്മദുണ്ണിയായിരുന്നു റൂം മേറ്റ്. തങ്ങളുടെ റൂമിലായിരുന്നു ഭക്ഷണത്തിനുള്ള മാംസം സൂക്ഷിച്ചിരുന്നതെന്ന് മോഹനന്‍ ഓര്‍ത്തു.
കമ്പനിയുടെ നേരിട്ടുള്ള സ്റ്റാഫായ എൻജിനീയര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളവും താമസിക്കാന്‍ ബംഗ്ലാവും യാത്രക്ക് വാഹനവുമുണ്ടായിരുന്നു. എന്നാല്‍ സൈറ്റുകളില്‍ പ്രാദേശികമായി റിക്രൂട്ട് ചെയ്ത തൊഴിലാളികള്‍ക്ക് വളരെ കുറഞ്ഞ ശമ്പളമാണ് കമ്പനി നല്‍കിയിരുന്നത്. ചളിവെള്ളത്തില്‍ പാറ പൊട്ടിക്കുന്ന കഠിന ജോലിയായിരുന്നുവെങ്കിലും ഹെല്‍പര്‍ക്ക് രണ്ട് രൂപയും ഡ്രില്ലിങ് നടത്തുന്നവര്‍ക്ക് മൂന്ന് രൂപയുമായിരുന്നു ശമ്പളം. വെല്‍ഡര്‍മാര്‍ക്ക് 3 മുതല്‍ മൂന്നര വരെ. നല്ല മെക്കാനിക്കുകള്‍ക്ക് ആറ് രൂപ വരെ കിട്ടും. പാടികളിലായിരുന്നു താമസം. ശമ്പളം വളരെ കുറവായതുമൂലം തൊഴിലാളികളില്‍ അസംതൃപ്തി വ്യാപകമായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി സംഘടന എ.ഐ.ടി.യു.സിയില്‍ അംഗങ്ങളായിരുന്നു തൊഴിലാളികള്‍. കമ്പനി വഴങ്ങിയില്ല. സമരം പ്രതീക്ഷിച്ചതിലേറെ നീണ്ടു.
സമ്പന്നരും ഒഡിഷ ഹൈകോടതിയിലെ പേരെടുത്ത അഭിഭാഷകരുമായിരുന്നു നാഗ്ഭൂഷണ്‍ പട്നായിക്, ബിജു പട്നായിക് എന്നിവര്‍. അവര്‍ സജീവമായി സമരത്തില്‍ ഇടപെട്ടു. തുടര്‍ന്നാണ് ഹസൈനാര്‍ സമരവുമായി സജീവ നേതൃത്വത്തില്‍ വരുന്നത്. ഇംഗ്ലീഷ്, തെലുഗു, ഒഡിയ, ഹിന്ദി, ഉർദു, മറാത്തി ഭാഷകള്‍ നന്നായി അറിയുമായിരുന്നു ഹസൈനാര്‍ക്ക്. അറസ്റ്റ് ചെയ്യാനുള്ള ഓര്‍ഡര്‍ വന്നതോടെ മൂന്ന് പേരും മുങ്ങി. അവര്‍ക്ക് കാട്ടിന് നടുവില്‍ ആദിവാസികള്‍ ഏറുമാടം ഉണ്ടാക്കിക്കൊടുത്തു. അതിലായിരുന്നു താമസം. പ്രാഥമികാവശ്യങ്ങള്‍ക്ക് രാത്രി മാത്രം താഴെ ഇറങ്ങും. ഭക്ഷണ സാധനങ്ങള്‍ മിക്ക ദിവസങ്ങളിലും എത്തിച്ചിരുന്നത് മോഹനേട്ടനാണ്. ചില ദിവസങ്ങളില്‍ മുഹമ്മദുണ്ണി ഉള്‍പ്പെടെ മറ്റ് തൊഴിലാളികള്‍ എത്തിക്കും. മരത്തില്‍നിന്നും കയര്‍ താഴേക്ക് ഇടും. അതില്‍ പാട്ടകളില്‍ ആണ് ഭക്ഷണവും വെള്ളവും മുകളിലേക്ക് കൊടുക്കുക. അവര്‍ ഒളിവില്‍ കഴിഞ്ഞ മരത്തിന് ചുവട്ടില്‍ കാവലുണ്ടായിരുന്നു. അവര്‍ക്ക് പ്രത്യേക സിഗ്നല്‍ നല്‍കിയാണ് മരത്തിന് അടുത്തേക്ക് ചെല്ലുക. ഒരു തവണ സിഗ്നല്‍ നല്‍കാന്‍ വിട്ടു. കാവല്‍ നില്‍ക്കുന്നവരില്‍നിന്നും ജീവന്‍ നഷ്ടപ്പെടേണ്ടതായിരുന്നു. മുന്‍പരിചയം ഉണ്ടായതിനാല്‍ രക്ഷപ്പെട്ടു.
കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍ ഒളിവില്‍ കഴിയുന്ന വിവരം പുറത്തറിഞ്ഞു. അതോടെ മൂന്നു പേരും ചിത്രഗുണ്ട നദി നീന്തി മറുകര കടന്നു. നല്ല ഒഴുക്കുള്ള നദി നീന്തി മറുകര എത്തുകയെന്നത് വലിയ സാഹസമായിരുന്നു. പിന്നീട് ഒരു യോഗത്തില്‍ സംസാരിക്കുമ്പോഴാണ് അവരെ പൊലീസ് പിടികൂടിയത്. സമരം അഞ്ചാറ് മാസം നീണ്ടു. വീട്ടിലെ ദാരിദ്ര്യവും പട്ടിണിയും സമരംചെയ്ത തൊഴിലാളികളെ തളര്‍ത്തി. നാട്ടുകാരായ തൊഴിലാളികള്‍ക്ക് ചെറുതായി ശമ്പളം കൂട്ടി കമ്പനി തൊഴിലാളികളെ ഭിന്നിപ്പിച്ചു. ഹസൈനാര്‍ വിട്ടശേഷം മോഹനന്‍ കമ്പനിയില്‍ പിന്നീട് തുടര്‍ന്നില്ല. 1968ല്‍ നാട്ടിലേക്ക് തിരിച്ചെത്തി. അൽപകാലം വയനാട്ടിലും, പിന്നീട് ഹസ്റ എന്ന കമ്പനിക്ക് കീഴില്‍ മംഗലാപുരം, മുംബൈ, ഒഡിഷ, ബംഗാള്‍ എന്നിവിടങ്ങളിലും ജോലിചെയ്തു. കൊൽക്കത്തയില്‍നിന്നാണ് പാസ്പോര്‍ട്ട് എടുത്തത്. 1977ല്‍ കപ്പലില്‍ ദുബൈയിലേക്ക് പോയി. ആറ് വര്‍ഷം ദുബൈയില്‍ ജോലി ചെയ്തു. ഭാര്യ സത്യഭാമയോടൊപ്പം ഇപ്പോള്‍ മങ്കട ചേരിയത്താണ് താമസം.
* * *
തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന് ചില ശ്രമങ്ങള്‍ നടന്നു. ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ പ്രോജക്ട് ചീഫ് എൻജിനീയര്‍ എതിര്‍ത്തു. സമരം പൊളിക്കാന്‍ അദ്ദേഹം ആസൂത്രണം നടത്തി. അതിന്‍റെ ഭാഗമായി നാട്ടുകാരായ തൊഴിലാളികള്‍ക്ക് കമ്പനി വേതനം വര്‍ധിപ്പിച്ചു. ഇതോടെ മറുനാട്ടുകാരായ തൊഴിലാളികളും നാട്ടുകാരും രണ്ട് തട്ടിലായി. ആ റമദാനില്‍ തൊഴിലാളികള്‍ നിരാഹാര സത്യഗ്രഹം നടത്തി.
തൊഴിലാളികളോട് വിട്ടുവീഴ്ച ആവശ്യമില്ലെന്ന് വാദിച്ച ചീഫ് എൻജിനീയര്‍ ഇതിനിടെ കൊല്ലപ്പെട്ടു. അതോടെ പ്രശ്നം രൂക്ഷമായി. സമരംചെയ്യുന്ന തൊഴിലാളികളുടെ ഫോട്ടോകളുണ്ടായിരുന്നു. സ്വാഭാവികമായും ആ പടങ്ങളില്‍ ഉള്‍പ്പെട്ടവരെ കേസില്‍പെടുത്തി പിടികൂടാനായിരുന്നു പൊലീസ് നീക്കം. ഫോട്ടോകളില്‍ ഹസൈനാരും ഉണ്ടായിരുന്നു. ഇതോടെയാണ് കൈയിലുള്ള കാശുമായി ഹസൈനാര്‍ നാടുവിട്ട് കാട് കയറിയതെന്ന് പ്രദേശത്ത് കൂടെ ജോലിചെയ്തിരുന്ന മുഹമ്മദുണ്ണി (മങ്കട) യും അലവിയും പറയുന്നു. കമ്യൂണിസ്റ്റായിരുന്ന ഹസൈനാര്‍ ഇതിനുശേഷമാണ് നക്സല്‍ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നതെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.
ഹസൈനാരുള്‍പ്പെടെ ഒളിവില്‍ പോയവര്‍ ബാലിമലയില്‍ കാട്ടിലായിരുന്നു താമസം. മരത്തിനും മുളകള്‍ക്കും മീതെ തമ്പ് കെട്ടിയായിരുന്നു താമസം. ടോര്‍ച്ച് വെളിച്ചമായിരുന്നു അവിടെ എത്താനുള്ള സിഗ്നല്‍. മങ്കടയിലെ ആലിക്കത്തൊടി മോഹനന്‍ പലതവണ കാട്ടില്‍ ഹസൈനാര്‍ക്ക് ഭക്ഷണമെത്തിച്ചു. ഒരിക്കല്‍ മരത്തിന് താഴെയെത്തുമ്പോള്‍ ടോര്‍ച്ചടിച്ച് സിഗ്നല്‍ നല്‍കാന്‍ വിട്ടുപോയിരുന്നു. കാവല്‍ നിന്നവര്‍ പലഭാഗത്തുനിന്നായി ഓടിയെത്തി. ഭാഗ്യത്തിനാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് സുഹൃത്തുക്കളോട് മോഹനന്‍ അനുഭവം പങ്കുവെച്ചിരുന്നു.
ഹസൈനാര്‍ പിന്നീട് ശ്രീകാകുളം കേസില്‍ പ്രതിയായി. അന്ന് ഹസന്‍ നായരെ പിടിച്ചുവെന്നാണ് പത്രങ്ങളില്‍ വാര്‍ത്ത വന്നത്. ശൈഖ് ഹസനാര്‍ എന്നും പിന്നീട് കേട്ടു. ആന്ധ്ര രാജമന്ത്രി ജയിലില്‍ സ്പെഷല്‍ സെല്ലിലായിരുന്ന ഹസൈനാരെ മുഹമ്മദുണ്ണിയുടെ ഇളയ സഹോദരന്‍ സുബൈര്‍ സന്ദര്‍ശിച്ചിരുന്നു. പേരും പൂര്‍ണ വിലാസവും ഫോണ്‍നമ്പറും നല്‍കി ഏറെ കാത്തിരുന്ന ശേഷമാണ് പ്രവേശന അനുമതി കിട്ടിയതെന്ന് സുബൈര്‍ ഓര്‍ക്കുന്നു. ഹസൈനാര്‍ തടവിലായ വിവരമറിഞ്ഞ് മങ്കട കോവിലകത്തെ ഉണ്ണിത്തമ്പുരാന്‍ അദ്ദേഹത്തിന് വേണ്ടി സര്‍ക്കാറിന് കത്തയച്ചുവെന്ന് പാറക്കടവന്‍ മുഹമ്മദുണ്ണി പറഞ്ഞു.
* * *
ഹസൈനാരുടെ ജ്യേഷ്ഠൻ അബ്ദുല്‍ ഖാദര്‍ ഇന്ത്യന്‍ കരസേനാംഗവും തികഞ്ഞ മതഭക്തനുമായിരുന്നു (അബ്ദുല്‍ ഖാദര്‍ ഈ ലേഖകന്‍റെ പിതാവാണ്). നീണ്ടകാലം സൈനിക സേവനവുമായി ഉത്തരേന്ത്യയിലായിരുന്നു അബ്ദുല്‍ ഖാദര്‍. സൈനിക സേവനം കഴിഞ്ഞ് 69ല്‍ നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്ക് ചേന്ദമംഗലൂര്‍ ഇസ്‍ലാഹിയാ സ്ഥാപനങ്ങളുടെ മാനേജറായി ചുമതലയേറ്റു. ’76 സെപ്റ്റംബറിലായിരുന്നു മരണം. പിന്നീടാണ് പിതൃസ്ഥാനീയനായി ഹസൈനാര്‍ ഞങ്ങളുടെ കൂടെയെത്തുന്നത്. ഒരു താങ്ങായി, തണലായി ആലംബമായി എപ്പോഴും അദ്ദേഹം കൂടെ നിന്നു. കാലം ഏറെ കഴിഞ്ഞു. ജ്യേഷ്ഠന്‍റെ മക്കളായ എനിക്കും സഹോദരങ്ങള്‍ക്കും പിതൃനിര്‍വിശേഷമായ സ്നേഹം വിളമ്പിയ അദ്ദേഹത്തെ ഞങ്ങള്‍ ആപ്പാപ്പയെന്നാണ് വിളിച്ചത്.
ആപ്പാപ്പയെ ആദ്യം കണ്ടതിനെക്കുറിച്ച ചിത്രം മനസ്സില്‍ വ്യക്തമായി ഇപ്പോഴും തെളിഞ്ഞുനില്‍ക്കുന്നു. മങ്കടയിലെ തറവാട്ട് വീട്ടിലെ പൂമുഖത്ത് ചുമന്ന ഷര്‍ട്ടും കാക്കി പാന്‍റും ഇസ്തിരിയിടുന്ന ചിത്രം. എട്ട് വയസ്സുകാരന്‍റെ മനസ്സിനുള്ളില്‍ അന്ന് കയറിക്കൂടി ഇന്നും ഒളിമങ്ങാതെ തുടരുന്ന ചിത്രം. തൊട്ടടുത്ത വീട്ടിലെ കൗമാരം വിടാത്ത കുഞ്ഞിപ്പ (പെരിന്തല്‍മണ്ണയില്‍ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന മുന്‍ ഡി.എം.ഒയും ഇ.എം.എസ് ആശുപത്രി ചെയര്‍മാനുമായ ഡോ. എ. മുഹമ്മദിന്‍റെ ഭാര്യാ സഹോദരന്‍ മുഹമ്മദ് അബ്ദുറഹ്മാന്‍) അന്ന് ഹസൈനാരുടെ കൂടെയുണ്ട്. കൊച്ചിയില്‍ 1968 ഡിസംബര്‍ 23 മുതല്‍ 29 വരെ നടന്ന സി.പി.എം എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ റെഡ് വളന്‍റിയര്‍മാരായിരുന്നു ഇരുവരും. അവരുടെ യാത്രാ ഒരുക്കമായിരുന്നു അത്. അതിനുശേഷം ദീര്‍ഘമായ ഇടവേളയില്‍ ആപ്പാപ്പയുടെ ചിത്രം മനസ്സിലില്ല.
കേരളത്തിന് പുറത്താണ് ആപ്പാപ്പ ജീവിക്കുന്നതെന്ന് മാത്രം അറിയാം. തികഞ്ഞ മതനിഷ്ഠയോടെ ജീവിതം നയിച്ച വാപ്പ ഒരാളോടുപോലും അനുജനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല. എങ്കിലും പലപ്പോഴും ആത്മഗതങ്ങളില്‍ ഹസൈനാരുടെ പ്രവര്‍ത്തനങ്ങളിലും രീതികളിലുമുള്ള വിയോജിപ്പും മനസ്സിലെ നൊമ്പരവും വായിച്ചെടുക്കാമായിരുന്നു.
അതിനിടക്ക് കേട്ടു, അദ്ദേഹം നല്ല പാചകവിദഗ്ധനാണെന്ന്... ആന്ധ്രയിലും മഹാരാഷ്ട്രയിലും ഒഡിഷയിലുമെല്ലാം ഹോട്ടലുകളും മറ്റും നടത്തിയിരുന്നുവെന്ന്. നിരവധി എരുമകളെ വളര്‍ത്തിയ ഡെയറി ഫാം ഒഡിഷയിലെ ബാലിമലയില്‍ ഹസൈനാര്‍ക്ക് ഉണ്ടായിരുന്നുവെന്ന് അവിടെ കൂടെയുണ്ടായിരുന്ന ഓര്‍മകള്‍ അയവിറക്കി പാറക്കടവന്‍ മുഹമ്മദുണ്ണി (മങ്കട) പറയുന്നു. തൊഴിലാളികള്‍ക്ക് നേരിട്ട പീഡനങ്ങളെ എതിര്‍ത്തതിനും അവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചതിനും ഭൂവുടമകളും നാട്ടുപ്രമാണിമാരും ചേര്‍ന്ന് ആ ഡെയറി ഫാമും ഹോട്ടലുകളും തകര്‍ത്തു. പിന്നീട് ഹസൈനാര്‍ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ സജീവമായി രംഗത്തിറങ്ങിയെന്ന് അറിഞ്ഞു.
ഇതിനിടെ 69ല്‍ സംസാരങ്ങളില്‍ മറ്റൊന്ന് കൂടി കേട്ടു. ഫാറൂഖ് കോളജില്‍ പ്രീഡിഗ്രി വിദ്യാർഥിയായിരുന്ന ജ്യേഷ്ഠന്‍ ഷരീഫിന്‍റെയും ബിരുദ വിദ്യാർഥിയായ കസിന്‍ പി. ശൈഖ് മുഹമ്മദിന്‍റെയും അടുത്ത് ഹോസ്റ്റലില്‍ ആപ്പാപ്പ ചെന്നുവത്രെ. കൂടെ നാഗ്ഭൂഷണ്‍ പട്നായികും ഉണ്ടായിരുന്നുവെന്നാണ് കേട്ടത്. നാഗ്ഭൂഷണ്‍ പട്നായിക് എന്ന പേര് അന്ന് മനസ്സില്‍ പതിഞ്ഞതാണ്. മൂന്നുപേരും തൊട്ടടുത്ത ദിവസംതന്നെ കോളജില്‍നിന്നും പോയി. ആ യാത്രയാണ് അജിതയുടെ ഓര്‍മക്കുറിപ്പുകളിലും ബിജുരാജിന്‍റെ ‘നക്സല്‍ ദിനങ്ങളി’ലും രേഖപ്പെടുത്തിയത്.
ഇന്‍ലൻഡിലും കവറിലുമായി ഇടക്കിടെ വാപ്പക്ക് വന്നിരുന്നു ആപ്പാപ്പയുടെ കത്തുകള്‍. ഒട്ടും താല്‍പര്യമില്ലാതെയാണ് അവ വീട്ടില്‍ സ്വീകരിക്കപ്പെട്ടിരുന്നത്. വായിക്കാറില്ല എന്നുപോലും തോന്നിയിട്ടുണ്ട്. രാഷ്ട്രീയ ദര്‍ശനങ്ങളും വിശകലനങ്ങളും സാമൂഹിക ചര്‍ച്ചകളും മറ്റുമായിരുന്നു മിക്കവാറും ദീര്‍ഘമായ കത്തുകളുടെ ഉള്ളടക്കം. സുഖാന്വേഷണങ്ങള്‍ ചില വരികളില്‍ മാത്രം ഒതുങ്ങും. ‘‘വിപ്ലവാഭിവാദ്യങ്ങളോടെ’’ എന്നായിരുന്നു അവയുടെ ഒടുക്കം.
’76 സെപ്റ്റംബറിലായിരുന്നു എന്‍റെ പിതാവ് അബ്ദുല്‍ ഖാദറിന്‍റെ മരണം. ഏതാനും ദിവസം കഴിഞ്ഞ് എനിക്ക് ആപ്പാപ്പയുടെ കത്ത് കിട്ടി. വൈകാരികത ചാലിച്ച ആശ്വാസവചനങ്ങളും സാന്ത്വനങ്ങളുമായിരുന്നില്ല ആ കത്ത്. സമൂഹത്തിന് നന്മചെയ്ത പിതാവിന്‍റെ സ്മരണയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ജീവിതം സമൂഹത്തിന് സമര്‍പ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു കത്തിലെ വരികള്‍. ഊഷ്മളാഭിവാദ്യങ്ങളോടെ... എന്നായിരുന്നു കത്തിലെ അവസാന വരി. ദീര്‍ഘകാലത്തെ മറുനാടന്‍ ജീവിതത്തിന്‍റെ ഫലമായി ശുഷ്കമായ മലയാളത്തില്‍ എന്നാല്‍ ശക്തമായ സന്ദേശവുമായി ഒരു കുറിപ്പ്.
ആപ്പാപ്പയുടെ കത്തുകളില്‍ കുട്ടാ എന്ന് ഓമനത്തത്തോടെ വിളിച്ചുകൊണ്ടായിരുന്നു അഭിസംബോധന. ഞാന്‍ മൂന്ന് മക്കളുടെ പിതാവായതിന് ശേഷവും അത് തന്നെയായിരുന്നു സംബോധന. വാപ്പയുടെ മരണശേഷം എനിക്കും സ്ഥിരമായി കത്തുകള്‍ വന്നു. ആന്ധ്രയിലെ അഡ്വക്കറ്റിന്‍റെ കെയര്‍ ഓഫിലായിരുന്നു കത്തുകള്‍. ഇളയ സഹോദരന്‍ അഹ്മദ് കുട്ടിയുള്‍പ്പെടെ മറ്റ് ബന്ധുക്കള്‍ക്കും ഹസൈനാരുടെ കത്തുകള്‍ കിട്ടി.
* * *
വിശാഖപട്ടണം സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ ജയില്‍ ചാടിയാണ് നാഗ്ഭൂഷണ്‍ പട്നായികും ഹസൈനാരും കോഴിക്കോടും എത്തിയത് എന്ന് പിന്നീട് കാലമേറെ കഴിഞ്ഞപ്പോള്‍ അറിഞ്ഞു. ’69ലെ യാത്രയില്‍ കേരളത്തിലെത്തിയ ഹസൈനാര്‍ കോഴിക്കോട്ട് കുന്നിക്കല്‍ നാരായണന്‍റെ വീട്ടിലും പോയിരുന്നു. അദ്ദേഹം തടവിലായതിനാല്‍ മകള്‍ അജിതയെ കണ്ടു. കേരളത്തില്‍ നക്സലിസത്തിന് വിത്തുപാകിയവരില്‍ സ്വാഭാവികമായും ആവേശം പകര്‍ന്നതായിരുന്നു ഈ സന്ദര്‍ശനം.
ആപ്പാപ്പയുടെ കൂടെ അന്ന് തന്‍റെ അടുത്ത് വന്നത് നാഗ്ഭൂഷണ്‍ പട്നായിക്, നാഗി റെഡ്ഡി എന്നിവരായിരുന്നുവെന്ന് മമ്പാട്, മണ്ണാര്‍ക്കാട് കോളജുകളില്‍ പി.ഇ.ടി പ്രഫസറായി റിട്ടയര്‍ ചെയ്ത ശൈഖ് മുഹമ്മദ് ഓര്‍മിക്കുന്നു. കുന്നിക്കല്‍ നാരായണന്‍റെ വീട്ടില്‍ പോകണമെന്ന് അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചു. പന്നിയങ്കരക്ക് സമീപമാണ് കുന്നിക്കല്‍ കുടുംബസമേതം താമസമെന്നുമാത്രം അറിയാം. പട്നായികും നാഗിറെഡ്ഡിയും റൂമില്‍തന്നെ കഴിഞ്ഞു.
പന്നിയങ്കരയില്‍ ബസിറങ്ങിയ ഹസൈനാര്‍ കുന്നിക്കലിന്‍റെ വീട്ടിലേക്ക് തനിച്ചാണ് പോയത്. കൂടെ വരേണ്ടതില്ലെന്ന് അദ്ദേഹം വിലക്കിയതിനാല്‍ ശൈഖ് അൽപം അകലെ കാത്തുനിന്നു. ഏതാണ്ട് ഒരു മണിക്കൂറിലേറെ കഴിഞ്ഞ് വളരെ ആഹ്ലാദവാനായാണ് ഹസൈനാര്‍ തിരിച്ചുവന്നത്. കുന്നിക്കലിന്‍റെ മകള്‍ അജിതയെ പരിചയപ്പെട്ടുവെന്നും സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞത് ശൈഖ് മുഹമ്മദ് ഓര്‍മിക്കുന്നു. ഉമ്മാക്ക് അസുഖം നേരിടുമ്പോള്‍ നാട്ടിലെ ബന്ധുവീടുകളില്‍ അറിയുന്നതിനുമുമ്പ് പലപ്പോഴും ഹസൈനാരുടെ സഖാക്കളെത്തി സാന്ത്വനം നല്‍കിയ സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. കുന്നിക്കല്‍ നാരായണനും കുടുംബവുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്നുവെന്ന് അറിയാം. ആ ബന്ധം വളരെ ഉറ്റസൗഹൃദമായിരുന്നു.
ഹസൈനാര്‍ തടവില്‍ കഴിയുമ്പോള്‍ മങ്കടയിലെ തറവാട്ട് വീട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ ഉമ്മ (എന്‍റെ വല്യുമ്മ) പാത്തുമ്മക്കുട്ടി. 1969ല്‍ തടവു ചാടി കേരളത്തിലെത്തിയ ഹസൈനാര്‍ മങ്കടയില്‍ എത്തിയിരുന്നു. വിവരം ലഭിച്ച് പിറകെ പൊലീസുമെത്തിയെങ്കിലും ഹസൈനാരെ പിടികൂടാനായില്ല.
പട്നായികും ഹസൈനാരും ആന്ധ്രയിലേക്ക് മടങ്ങിയെന്നും, അവിടെ ഒരു നഗരത്തില്‍നിന്നും തടവ് ചാടിയ ജയിലിലെ വാര്‍ഡന്‍മാര്‍തന്നെ അവരെ പിടികൂടിയെന്നുമാണ് പിന്നീട് അറിഞ്ഞത്. ജോലിയില്‍നിന്നും സസ്പെന്‍ഷനിലായിരുന്ന ജയിലര്‍മാര്‍ക്ക് അതോടെ ജോലിയും തിരിച്ചുകിട്ടി. (ആ ചാട്ടവും തിരിച്ചുകയറലും ഒരു അഡ്ജസ്റ്റ്മെന്‍റായിരുന്നുവോ എന്ന സംശയം അത് കേട്ടനാള്‍ മുതല്‍ എനിക്കുണ്ട്, ഇന്നുമുണ്ട്...) പിന്നീട് വിജയവാഡയിലെ ജയിലില്‍ ഇരുവരെയും പാര്‍പ്പിച്ചത് അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ്. ചുറ്റും വൈദ്യുതി പ്രവഹിക്കുന്ന കമ്പികളിട്ട സെല്ലില്‍ ഏകാന്ത തടവ്. ഇതിനിടെ നാഗിറെഡ്ഡി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു.
മോചിതനായ ശേഷം ഒരിക്കല്‍ ഹസൈനാര്‍ പറഞ്ഞു. മൊത്തം 23 കേസുകളുണ്ടായിരുന്നു. ഒരു തെളിവുമില്ല. 22 കേസുകളും വെറുതെവിട്ടു. ഒരു കേസില്‍ തെളിവില്ലായിരുന്നുവെങ്കിലും ജഡ്ജി ശിക്ഷിച്ചു. തെളിവില്ലാതെയാണ് ശിക്ഷ വിധിച്ചതെന്ന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയ കാര്യം അദ്ദേഹം പറഞ്ഞു.
* * *
ഇതിനിടെ 1982ല്‍ ആന്ധ്രയിലെ വിജയവാഡ വാദിഹുദായില്‍ ജമാഅത്തെ ഇസ്‍ലാമിയുടെ അഖിലേന്ത്യാ സമ്മേളനം നടന്നു. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കേരള പ്രതിനിധി സംഘത്തില്‍ ഞാനും വരാന്‍ ഉദ്ദേശിക്കുന്നുവെന്ന് ആപ്പാപ്പാക്ക് കത്തെഴുതി. വിശാഖപട്ടണം ജയിലില്‍ വരണമെന്നും നേരില്‍ കാണാമെന്നും ആപ്പാപ്പയുടെ മറുപടി കത്ത് കിട്ടി. കേരളത്തില്‍നിന്നും ഹൈദരാബാദിലേക്ക് പ്രത്യേക തീവണ്ടിയിലായിരുന്നു യാത്ര. അകലെ ആയിരുന്നതിനാല്‍ സമ്മേളനം കഴിഞ്ഞ് വിശാഖപട്ടണം ജയിലിലേക്ക് യാത്ര സാധ്യമായില്ല. പ്രതീക്ഷയോടെ കാത്ത് നിന്ന ആപ്പാപ്പയുടെ നിരാശ പ്രകടിപ്പിക്കുന്ന കത്ത് കിട്ടി. ജയിലിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ ഒരു സുഹൃത്തിനെ ചുമതലപ്പെടുത്തിയിരുന്നതായി അദ്ദേഹം കത്തിലെഴുതി. അത് ഒട്ടും പ്രതീക്ഷിച്ചതല്ല. ആ സുഹൃത്ത് സമ്മേളന നഗരിയിലെ കേരള ക്യാമ്പില്‍ വന്ന് എന്നെ തേടിയെങ്കിലും ഒരു വിവരവും ലഭിച്ചില്ലെന്ന പരിഭവവും കത്തിലുണ്ടായിരുന്നു.
അധികം വൈകാതെ ഹസൈനാരുടെ ഉമ്മ അസുഖബാധിതയായി. അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആന്ധ്രയില്‍നിന്നും കേരളത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ ചെന്നാല്‍ കാണാന്‍ കഴിയുമെന്ന് വിവരം കിട്ടി. ഉച്ചക്ക് 12 മണിയോടെ ജയിലിന് മുന്നിലെത്തിയെങ്കിലും മൂന്നു മണിയോടെ മാത്രമാണ് ജയില്‍ കവാടം തുറന്നത്. വലിയ മതില്‍കെട്ടും ഉയര്‍ന്ന ചുമരുകളും നോക്കിനിന്നു. ആദ്യമായാണ് ജയില്‍ വളപ്പിന് അകത്ത് കടക്കുന്നത്.
ഉമ്മയോടൊപ്പം ഞാനും ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും. അകത്ത് കടന്നപ്പോള്‍ ജയിലറുടെ അകമ്പടിയോടെ അടുത്തേക്ക് വന്ന ആപ്പാപ്പയുടെ വിളി. താത്താ... എന്ന വിളി കേട്ടു. ഉമ്മയെ ആയിരുന്നു ആ വിളി. ദീര്‍ഘനാളുകള്‍ക്കു ശേഷം കാണുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുന്നു. ഞങ്ങള്‍ മക്കളുടെ കണ്ണുകളില്‍ ഉരുണ്ടുകൂടിയ അശ്രുബിന്ദുക്കള്‍ കവിളിലൂടെ ഒലിച്ചിറങ്ങി. പരസ്പരം ഒന്നും മിണ്ടാനാവാതെ നിന്നുപോയ വികാരനിര്‍ഭരമായ നിമിഷങ്ങള്‍. വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയാണ്. പണ്ട്, ഒന്നര ദശകം മുമ്പ് ഒരു എട്ടുവയസ്സുകാരന്‍ പയ്യന് ചുമന്ന ഷര്‍ട്ടും കാക്കി പാന്‍റും ഇസ്തിരിയിടുന്ന ആപ്പാപ്പയെ മാത്രമേ ഓര്‍മയുള്ളൂ. ഇതാണ് ആപ്പാപ്പ. ദീര്‍ഘകായന്‍. വാപ്പയുടെ അതേ മുഖഛായ. ആ ആശ്ലേഷത്തില്‍ നിര്‍വൃതി പൂണ്ടുനിന്നു.
ജയിലില്‍ സ്വന്തമായി തയാറാക്കിയ പുസ്തകവും പെട്ടിയും ആപ്പാപ്പ ഞങ്ങള്‍ക്ക് സമ്മാനിച്ചു. തടിച്ച നോട്ടുപുസ്തകം എനിക്കും ചുവപ്പു പെട്ടി പെങ്ങള്‍ക്കും. രണ്ടും ആദ്യം ജയിലര്‍ക്ക് നല്‍കി. അദ്ദേഹം പെട്ടിയുടെ മുക്കുമൂലകളും പുസ്തകത്താളുകളും ഒന്നാകെ പരിശോധിച്ച് തിരിച്ചേൽപിച്ചു (ഇതിലെന്താണിത്ര നോക്കാന്‍... കുഞ്ഞുമനസ്സില്‍ അമര്‍ഷം നിറഞ്ഞിരുന്നു). അടുത്തുവിളിച്ച് ആപ്പാപ്പ പുസ്തകവും പെട്ടിയും സമ്മാനിച്ചു. ആ പുസ്തകത്തില്‍ ഇന്നോളം ഒരു വരിപോലും ഞാന്‍ എഴുതിയില്ല. പെങ്ങളും ആ ചുവന്ന പെട്ടി ദീര്‍ഘകാലം വളരെ പ്രിയങ്കരമായി ഒപ്പം സൂക്ഷിച്ചിരുന്നു. അവളും പറഞ്ഞിട്ടുണ്ട് മക്കളോട്, ആപ്പാപ്പ തന്ന പെട്ടിയാണിത്.
കണ്ണൂര്‍ ജയിലില്‍ ഹസൈനാരെ കാണാന്‍ ഉമ്മാക്ക് അവസരം കിട്ടി. കസിന്‍ ശൈഖ് മുഹമ്മദും ഭാര്യയും കൊച്ചുകുഞ്ഞായ മകന്‍ ഷാനവാസും വിയ്യൂര്‍ ജയിലില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. മണിക്കൂറുകളോളം കാത്തുനിന്ന ശേഷവും സന്ദര്‍ശനത്തിന് അവസരം ലഭിച്ചില്ല. അവസാനം ഒരു ഉദ്യോഗസ്ഥനെ കണ്ടു. കോളജ് പ്രഫസറാണെന്ന് സ്വയം പരിചയപ്പെടുത്തി. അദ്ദേഹം നിര്‍ദേശിച്ച പ്രകാരം ഒരു അപേക്ഷ എഴുതി നല്‍കി. അല്‍പം കഴിഞ്ഞ് തടവുപുള്ളിയായ ആപ്പാപ്പയെ അനുഗമിച്ച് എത്തിയ ആന്ധ്ര പൊലീസില്‍നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ വിളിച്ച് ചോദ്യങ്ങളുമായി നേരിട്ടു. ബന്ധുവാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കാണാന്‍ അവസരം ലഭിച്ചത്.
* * *
തടവില്‍നിന്നും മോചിതനായി വന്നശേഷം ഒരിക്കല്‍ ആപ്പാപ്പ പറഞ്ഞു. ദീര്‍ഘകാലം വിജയവാഡ ജയിലിലായിരുന്നു. അവിടെനിന്നും രജമുന്ദ്രി ജയിലിലേക്കു മാറ്റി. ഉമ്മയുടെ അസുഖം കാരണം കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ അധികൃതര്‍ സ്വീകരിച്ചു. കേരളത്തില്‍ ഏത് ജയിലിലേക്കാണ് മാറ്റേണ്ടത് എന്ന് ജയിലധികൃതര്‍ അന്വേഷിച്ചു. മലപ്പുറം ജില്ലയിലെ മങ്കടക്കാരനായ ആപ്പാപ്പ മറുപടി കൊടുത്തു. ഏറ്റവും അടുത്തും സൗകര്യവും തിരുവനന്തപുരം പൂജപ്പുരയാണ്. തൃശൂര്‍ വിയ്യൂര്‍ ആയാലും കുഴപ്പമില്ല. കണ്ണൂര്‍ ജയില്‍ അകലെയാണ്. അവിടേക്ക് മാറ്റുന്നത് അസൗകര്യമാണ്. അധികൃതരുടെ തീരുമാനം കണ്ണൂര്‍ ജയിലിലേക്ക് മാറ്റാനായിരുന്നു.
വിയ്യൂരാണ് അടുത്ത്, കണ്ണൂര്‍ കുഴപ്പമില്ല എന്ന് സത്യം പറഞ്ഞിരുന്നുവെങ്കില്‍ തന്നെ കൊണ്ടുവരുന്നത് തിരുവനന്തപുരത്തേക്ക് ആകുമായിരുന്നു, അത് എല്ലാവര്‍ക്കും അസൗകര്യമാകുമായിരുന്നു. തടവുപുള്ളിയും കുടുംബങ്ങളും അത്ര സുഖിക്കേണ്ട എന്നുതന്നെ. അത് മുന്‍കൂട്ടി കണ്ടാണ് താന്‍ മറുപടി കൊടുത്തതെന്ന് പൊട്ടിച്ചിരിയോടെ ആപ്പാപ്പയും.
* * *
12 വര്‍ഷം നീണ്ട കാരാഗൃഹവാസം കഴിഞ്ഞ് 1982ല്‍ ജയില്‍മോചിതനായി. അതിനുശേഷം ബാക്കി ജീവിതകാലം ഒട്ടും സ്വാർഥതയില്ലാതെ നാട്ടില്‍ കഴിച്ചുകൂട്ടി.
1967ല്‍ കൊച്ചിയിലെ സി.പി.എം പ്ലീനത്തിന് ഹസൈനാര്‍ക്കൊപ്പം പോയത് കുഞ്ഞിപ്പന് ഓര്‍മയിലുണ്ട്. പാര്‍ട്ടി പുതുതായി രൂപവത്കരിച്ച റെഡ് വളന്‍റിയര്‍മാരുടെ ആദ്യ ഗ്രൂപ്പായിരുന്നു തങ്ങളുടേത്. എന്‍.സി.സി, എ.സി.സി എന്നിവയില്‍ ഹൈസ്കൂള്‍ വരെ പരിശീലനം നേടിയവരെ ഉള്‍പ്പെടുത്തിയാണ് റെഡ് വളന്‍റിയര്‍ ഗ്രൂപ്പ് ഉണ്ടാക്കിയത്. എന്‍.സി.സിയിലെ പരിചയമാണ് കുഞ്ഞിപ്പന് തുണയായത്. പ്രത്യക്ഷത്തില്‍ വന്നില്ലെങ്കിലും ഈ ഗ്രൂപ്പ് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഈ ഗ്രൂപ്പിലെ അംഗങ്ങളെ പിന്നീട് സര്‍ക്കാര്‍ ഹോം ഗാര്‍ഡുകളായി തിരഞ്ഞെടുത്തിരുന്നു.
ആദ്യ കാലത്ത് സി.പി.എമ്മില്‍ സജീവമായിരുന്നു ഹസൈനാര്‍. അന്താപ്പയെന്നാണ് അദ്ദേഹത്തെ തങ്ങള്‍ വിളിച്ചിരുന്നതെന്ന് മണിയറയില്‍ റസാഖ് ഓര്‍ക്കുന്നു. തൊഴിലാളി നേതാവായ ഹസൈനാര്‍ നാട്ടിലെത്തിയപ്പോള്‍ മങ്കടയില്‍ ചെങ്കൊടിയുമായി മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചത് നാട്ടുകാരുടെ സ്മരണയിലുണ്ട്. ജയില്‍മോചിതനായി നാട്ടിലെത്തിയശേഷം പാർട്ടിയുടെ പല നിലപാടുകളിലും വിയോജിപ്പുണ്ടായിരുന്നുവെങ്കിലും സി.പി.എമ്മിനെ ഹസൈനാര്‍ തള്ളിപ്പറഞ്ഞില്ല എന്നാണ് കുഞ്ഞിപ്പന്‍ വിലയിരുത്തുന്നത്.
* * *
ഔപചാരിക വിദ്യാഭ്യാസം ഏറെയില്ലാത്ത ഹസൈനാര്‍ക്ക് തമിഴ്, തെലുഗു, ഹിന്ദി, മറാത്തി ഭാഷകളില്‍ നല്ല പ്രാഗല്ഭ്യമുണ്ടായിരുന്നു. തടവിലായിരുന്നപ്പോള്‍ ഹോമിയോ ചികിത്സയും വിവിധ കൈ തൊഴിലുകളും പഠിച്ചു. ജയില്‍ മോചിതനായി നാട്ടിലെത്തിയ ശേഷം ഹസൈനാര്‍ പ്രായാധിക്യത്തിന്‍റെ അവശതകളുള്ള ഉമ്മയുടെ പരിചരണവുമായി മങ്കടയില്‍ കഴിഞ്ഞു. ജിദ്ദയിലായിരുന്ന ഇളയ സഹോദരന്‍ അഹ്മദ് കുട്ടിയുടെ ഉടമസ്ഥതയില്‍ ഗൂഡല്ലൂരിലും നിലമ്പൂര്‍ അകമ്പാടത്തും ഉണ്ടായിരുന്ന തോട്ടങ്ങളുടെ മേല്‍നോട്ടം വഹിച്ചതും അദ്ദേഹമാണ്. ഗൂഡല്ലൂരില്‍ തോട്ടങ്ങളിലും കമ്പനികളിലും ഫാക്ടറികളിലും സന്ദര്‍ശിച്ച് നല്ല സൗഹൃദങ്ങളുണ്ടാക്കി. നീലഗിരി പൊലീസ് സൂപ്രണ്ടായിരുന്ന മങ്കട കോവിലകത്തെ ഉണ്ണി മേനോന്‍, അനിയന്‍ രാധാകൃഷ്ണ മേനോന്‍ തുടങ്ങിയവര്‍ ഉറ്റ സുഹൃത്തുക്കളായിരുന്നു. ഉണ്ണി മേനോന്‍ പിന്നീട് തമിഴ്നാട്ടില്‍ ഐ.ജിയും പല്ലവന്‍ ട്രാന്‍സ്പോര്‍ട്ട് എം.ഡിയുമായി സേവനമനുഷ്ഠിച്ചു.
ഗൂഡല്ലൂരില്‍നിന്നും റബര്‍, തേയില കൃഷികളുടെ എല്ലാ വശങ്ങളും വിശദമായി പഠിച്ചു. കാര്‍ഷിക രംഗത്ത് സജീവമായി. ആ മേഖല കുത്തകയാക്കിയിരുന്ന പരിചയസമ്പത്തുള്ള ക്രൈസ്തവ സുഹൃത്തുക്കള്‍ തന്‍റെ ആഴമുള്ള അറിവില്‍ അമ്പരന്നുവെന്ന് ഹസൈനാര്‍ നാട്ടിലെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
നാട്ടില്‍ തിരിച്ചെത്തി കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ വിലപ്പെട്ട യൗവനം ചെലവഴിച്ച നാടുകളിലൂടെ ഓര്‍മ പുതുക്കാനായി ഹസൈനാര്‍ വീണ്ടും ഒരു യാത്ര പുറപ്പെട്ടു. ഗൂഡല്ലൂരിലെ ഒരു ക്രൈസ്തവ സുഹൃത്തിനൊപ്പം നടത്തിയ ആ യാത്ര പത്ത് ദിവസത്തോളം നീണ്ടു.
അതിനിടെ അൽപകാലം മങ്കടയില്‍ ഹോമിയോ ചികിത്സയും നടത്തി. ഹസൈനാര്‍ ഹോമിയോ ചികിത്സയെക്കുറിച്ച് പഠിക്കാനും പിന്നീട് പരിശീലിക്കാനും കാരണമായ ഒരു സംഭവമുണ്ട്. തടവില്‍ കഴിയുമ്പോള്‍ കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഹോമിയോ ഡോക്ടറാണ് ചികിത്സ നല്‍കിയത്. പലതവണ മരുന്ന് കഴിച്ചിട്ടും രോഗം ശമിച്ചില്ല. ഒരു നാള്‍ ഹോമിയോ ചികിത്സ സംബന്ധിച്ച തടിച്ച ഗ്രന്ഥം ഹസൈനാര്‍ക്ക് നല്‍കി ഡോക്ടര്‍ പറഞ്ഞു. ഹോമിയോയില്‍ താങ്കളുടെ രോഗത്തിന് മരുന്നുണ്ട്. എനിക്ക് കൃത്യമായി രോഗം നിര്‍ണയിച്ച് മരുന്ന് നല്‍കാന്‍ കഴിയാത്തതാണ് പ്രശ്നം. അതിനാല്‍ ഈ ഗ്രന്ഥം വായിക്കുക, താങ്കളുടെ രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കുക. അതിനുള്ള മരുന്ന് കുറിച്ചുവെക്കുക. അത് കഴിച്ചാല്‍ രോഗം മാറും.
ഡോക്ടറുടെ വാക്കുകള്‍ ഹസൈനാര്‍ അതേപടി സ്വീകരിച്ചു. ഹോമിയോ ചികിത്സാവിധിയുടെ ബൃഹദ് ഗ്രന്ഥം താല്‍പര്യപൂര്‍വം വായിച്ചു, പഠിച്ചു. ഡോക്ടര്‍ പറഞ്ഞത് ശരിയായിരുന്നു. ആ മരുന്നുകളില്‍ രോഗം മാറി. അതിനൊപ്പം ഹോമിയോ ചികിത്സയെക്കുറിച്ച് വ്യക്തമായ ധാരണ അദ്ദേഹത്തിനും കിട്ടി. തുടര്‍ന്നുള്ള കാലത്ത് സഹതടവുകാരുടെ ചികിത്സകനായും ഹസൈനാര്‍ സേവനം നല്‍കി.
ഹസൈനാര്‍ക്ക് ഹോമിയോ ചികിത്സ പണമുണ്ടാക്കാനുള്ള വഴിയായിരുന്നില്ല. രോഗികളില്‍നിന്നും പണമൊന്നും വാങ്ങിയിരുന്നില്ല. ചികിത്സാ മുറിയില്‍ മേശപ്പുറത്ത് ഒരു പെട്ടി വെച്ചിരുന്നു. ചികിത്സ തേടുന്നവര്‍ ഇഷ്ടമുള്ള തുക അതിലിടും. അതും നിര്‍ബന്ധിച്ചിരുന്നില്ല. രോഗം മാറിയ ആഹ്ലാദത്തില്‍ അഞ്ഞൂറ് രൂപ വരെ ആ പെട്ടിയില്‍ ആളുകള്‍ ഇട്ടിരുന്നതായി നിരവധിപേര്‍ സാക്ഷ്യപ്പെടുത്തുന്നു. ആ പണം ഉപയോഗിച്ച് മരുന്നു വാങ്ങി പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുകയായിരുന്നു പതിവ്. ഒരു നാള്‍ ആ കുറ്റിയും കളവ് പോയി. ഹസൈനാര്‍ അതിന് പിന്നാലെ പോയില്ല.
ഹോമിയോ ചികിത്സയുടെ ഈ പാഠമാണ് പിന്നീട് ഹസൈനാരുടെ ഇളയ സഹോദരന്‍ അഹ്മദ് കുട്ടിക്ക് പ്രദേശത്ത് സൗജന്യ ചികിത്സ നല്‍കുന്ന മുക്തി ഹോമിയോ ക്ലിനിക് ശൃംഖലക്ക് തുടക്കമിടാന്‍ പ്രേരകമായത്.
* * *
താന്‍ വിട്ടുപോന്ന അതേ പാതയിലേക്ക് വീണ്ടും മടങ്ങേണ്ടി വരുമോയെന്ന ആശങ്ക ഹസൈനാരില്‍ പിന്നീടും നിലനിന്നിരുന്നു. അതിനാല്‍ പലരും നിര്‍ബന്ധിച്ചുവെങ്കിലും വിവാഹത്തിന് ഒരുങ്ങിയില്ല. നക്സല്‍ പാതയിലേക്ക് തിരിച്ചെത്തണമെന്ന് ചൈനയില്‍നിന്നും കത്ത് വന്നതായി സുഹൃത്തുക്കള്‍ പറയുന്നു. പക്ഷേ നക്സല്‍ പ്രസ്ഥാനത്തില്‍ ആഭ്യന്തര തര്‍ക്കങ്ങളും വിവാദങ്ങളും തുടരുന്നതിനിടെ ഹസൈനാര്‍ താല്‍പര്യം കാണിച്ചില്ല.
80കളുടെ അവസാനത്തില്‍ ഹസൈനാര്‍ വിവാഹിതനായി. നാട്ടുകാരിയായ മൈമൂനയെ ജീവിതസഖിയായി സ്വയം കണ്ടെത്തി. ഒരു കുഞ്ഞു പിറന്നുവെങ്കിലും ആ ദാമ്പത്യം അധികകാലം നീണ്ടുനിന്നില്ല. മകന്‍ അബ്ദുല്‍ ഖാദര്‍ എന്ന അബീഷ് (ജ്യേഷ്ഠനായ എന്‍റെ പിതാവുമായുള്ള മനസ്സിലെ സ്നേഹവായ്പ് വ്യക്തമാക്കുന്നതാണ് ആ പേരിടല്‍ പോലും). ഹസൈനാര്‍ ചെറിയ ഇടവേളക്കുശേഷം വീണ്ടും വിവാഹിതനായി. കൂട്ടില്‍ സ്വദേശിനി ആയിശ. ഇരുവരുടെയും രണ്ടാം ദാമ്പത്യത്തില്‍ രണ്ട് മക്കള്‍ പിറന്നു. അനീഷ്, ആസിഫ്. തന്‍റെ നക്സല്‍ ദിനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഹസൈനാര്‍ ജീവിതപങ്കാളിയുമായി പങ്കുവെച്ചിട്ടില്ല. മറുനാടുകളില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്നതും അത് തകര്‍ന്നതും പറഞ്ഞിട്ടുണ്ട്. ഹോട്ടല്‍ ബിസിനസ് പൊളിഞ്ഞശേഷം ചമ്പല്‍ക്കാടുകളില്‍ കഴിച്ചുകൂട്ടിയ കാലത്തെക്കുറിച്ചും മാത്രം ഇത്തിരി പറഞ്ഞിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലായിരിക്കെ തല ഐസ് കട്ടയില്‍ വെച്ച് പീഡിപ്പിച്ചിരുന്നു. അത് കാരണം ഉണ്ടായ ചുമ ജീവിതകാലമാസകലം ഒപ്പമുണ്ടായിരുന്നുവെന്ന് ഭാര്യ ആയിശ പറയുന്നു.
* * *
വിദ്യാർഥി ജീവിതത്തിലും പിന്നീട് പ്രവാസത്തിലും മാധ്യമ പ്രവര്‍ത്തന രംഗത്തും ജീവിത യാത്രാപഥങ്ങളില്‍ ഞാന്‍ തിരഞ്ഞെടുത്ത പാതകളില്‍ ഊര്‍ജം പകര്‍ന്ന് ആപ്പാപ്പ കൂടെ നിന്നു. ബാബരി മസ്ജിദ് -രാമജന്മഭൂമി പ്രശ്നം സംബന്ധിച്ച് വസ്തുതകള്‍ അവതരിപ്പിച്ച് കേരളത്തിന്‍റെ മുക്കുമൂലകളിലേക്ക് ഓടിയെത്തുമ്പോള്‍ ഓരോ ഘട്ടത്തിലും, ഒരിക്കലും വിശ്വാസിയായി ജീവിച്ചിട്ടില്ലാത്ത ആപ്പാപ്പ സത്യത്തിനും നീതിക്കും ധര്‍മത്തിനും വേണ്ടി കൂടെ നിലകൊണ്ടു. കാണുമ്പോൾ കുടുംബവിശേഷങ്ങൾ കുറവായിരുന്നു. സംഭാഷണങ്ങളില്‍ മുതലാളിത്തം, ഫാഷിസ്റ്റുകളുടെ നീരാളിക്കൈകള്‍, രാഷ്ട്രീയക്കാരുടെ തട്ടിപ്പ് തുടങ്ങിയവ നിറഞ്ഞു. ഗൂഡല്ലൂരും നിലമ്പൂര്‍ അകമ്പാടത്തുമുള്ള തോട്ടങ്ങളിലേക്ക് ജീപ്പില്‍ വരുന്ന ആപ്പാപ്പ എന്‍റെ മക്കള്‍ക്ക് ഭും ഭും ആപ്പാപ്പ ആയിരുന്നു. ജീപ്പിന്‍റെ ശബ്ദം അകലെ നിന്നു തന്നെ അവര്‍ തിരിച്ചറിഞ്ഞു.
പാരലല്‍ കോളജ് അധ്യാപകനായി സാമ്പത്തിക പരാധീനതകളില്‍ ഉഴറുമ്പോള്‍ സാന്ത്വനവുമായി ആപ്പാപ്പ ഓടിയെത്തി. ഗള്‍ഫ് ജോലി ഒരിക്കല്‍പോലും അജണ്ടയില്‍ ഇല്ലാതിരുന്ന എനിക്ക് കടലിനക്കരെ ജോലിക്ക് വഴിയൊരുക്കി. അതിനായി താല്‍പര്യമെടുത്തതും ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട് കാര്യങ്ങള്‍ നീക്കിയതും അദ്ദേഹം തന്നെ. 91 ഒക്ടോബറില്‍ ജോലി തേടി സൗദിയിലേക്ക്. ഒന്നര വര്‍ഷം മുമ്പ് എഴുതിയ വൈദ്യുതി ബോര്‍ഡിന്‍റെ കാഷ്യര്‍ തസ്തികയില്‍ അഡ്വൈസ് മെമ്മോ ലഭിച്ചപ്പോള്‍ അവധിയില്‍ നാട്ടിലെത്തി ചേര്‍ന്നു. കെ.എസ്.ഇ.ബിയില്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ചുവെങ്കിലും അംഗീകാരം ലഭിക്കുന്നതിനുമുമ്പ് ലീവ് അവസാനിച്ചതിനാല്‍ 92 ജനുവരിയില്‍ പെട്ടെന്ന് ജിദ്ദയിലേക്ക് മടങ്ങേണ്ടിവന്നു. തുടര്‍ന്ന് മേലുദ്യോഗസ്ഥരെ കാണാനും സര്‍വിസ് രേഖകള്‍ ശരിപ്പെടുത്താനും ആപ്പാപ്പ തന്നെ കഷ്ടപ്പെട്ട് ഓടിനടന്നു.
93 മാര്‍ച്ചില്‍ സൗദിയില്‍ എനിക്കൊപ്പം ചേരാന്‍ രണ്ട് മക്കളുമൊത്ത് പുറപ്പെട്ട ഭാര്യയെ യാത്രയയക്കാന്‍ ചെന്നൈയിലേക്ക് ആപ്പാപ്പയും അനുഗമിച്ചു. കുടുംബം സൗദിയിലേക്ക് പുറപ്പെടുമ്പോള്‍ വിശദമായ ഒരു കത്തും അദ്ദേഹം കൊടുത്തുവിട്ടിരുന്നു. രണ്ട് മക്കളെയും നന്നായി നോക്കണം. ഇരുവരുടെയും മനോനിലകളും സമീപനങ്ങളും നന്നായി മനസ്സിലാക്കിയ അദ്ദേഹം അവരെ എങ്ങനെ ശ്രദ്ധിക്കണമെന്ന് കൂടി കത്തിലെഴുതി. കുട്ടികളുടെ സ്വഭാവ രീതികള്‍ കണ്ടറിഞ്ഞ് മനഃശാസ്ത്രപരമായ മാര്‍ഗദര്‍ശനമായിരുന്നു ആ കത്തിലെ വരികള്‍. ഒരിക്കല്‍ ജിദ്ദയിലേക്ക് തിരിച്ചു വിമാനം കയറേണ്ട ദിവസം പെട്ടെന്നാണ് നാട്ടില്‍ ബന്ദ് പ്രഖ്യാപിച്ചത്. അന്ന് സഹോദരീ ഭര്‍ത്താവായ വിമുക്ത ഭടന്‍ കാസിമിനൊപ്പം ബന്ദ് അവഗണിച്ചും തന്‍റെ ജീപ്പില്‍ ആപ്പാപ്പ നിലമ്പൂരില്‍ വീട്ടിലെത്തി. എന്നെ കരിപ്പൂരിലെത്തിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. രണ്ടര ദശകം നീണ്ട സൗദി പ്രവാസത്തിനിടെ പിന്നീട് പലതവണ കരിപ്പൂര്‍ വഴി യാത്ര ചെയ്തു.
അപ്പോഴെല്ലാം ആ യാത്ര ഓര്‍മയിലെത്താറുണ്ട്. 1995 ഏപ്രിലില്‍ പ്രസവത്തിനായി മക്കളോടൊപ്പം നാട്ടിലേക്ക് പുറപ്പെട്ട ഭാര്യ റസിയയെ ഞാനും അനുഗമിച്ചിരുന്നു. ഒരു മാസത്തെ അവധി കഴിഞ്ഞ് ഞാന്‍ ആദ്യം സൗദിയിലേക്ക് മടങ്ങി. രണ്ട് മക്കളോടൊപ്പം കൈക്കുഞ്ഞുമായി ആഗസ്റ്റിലാണ് ഭാര്യ ജിദ്ദയില്‍ തിരിച്ചെത്തിയത്. രണ്ടാഴ്ച കഴിഞ്ഞതേയുള്ളൂ, അശനിപാതംപോലെ നാട്ടില്‍നിന്നും ആ വാര്‍ത്തയെത്തി. ആപ്പാപ്പക്ക് വയറിനകത്ത് ചെറിയൊരു പ്രശ്നമുണ്ട്. കാന്‍സറാണെന്ന് സംശയം. തിരുവനന്തപുരം പോകണം. കാന്‍സര്‍ എന്ന് ആപ്പാപ്പക്ക് സ്വയം സംശയം ജനിക്കുകയായിരുന്നു. ചികിത്സ തേടി തിരുവനന്തപുരത്ത് ആർ.സി.സിയിലെത്തി. 20 വര്‍ഷം മുമ്പ് വാപ്പയെ ഞങ്ങളില്‍നിന്നും അടര്‍ത്തി കൊണ്ടുപോയ കുടലിലെ അര്‍ബുദംതന്നെയാണ് ആപ്പാപ്പയെയും തേടിയെത്തിയത്.
ആര്‍.സി.സിയിലെ ചികിത്സാ നാളുകളിലും സ്വന്തം ഉറച്ച നിലപാടുകളിലായിരുന്നു ഹസൈനാര്‍. റേഡിയേഷനും കീമോതെറപ്പിയും വിധിച്ചപ്പോള്‍ ചോദ്യങ്ങള്‍ ഉന്നയിച്ച അദ്ദേഹം അത് വേണ്ടെന്ന് അറുത്തുമുറിച്ച നിലപാടെടുത്തു. ജൂനിയര്‍ ഡോക്ടര്‍മാര്‍ വാഗ്വാദത്തിനെത്തി. അവര്‍ക്ക് വഴങ്ങാതെ വീണ്ടും ചോദ്യങ്ങളുയര്‍ത്തിയ രോഗിയെ കാണാന്‍ അന്നത്തെ ആര്‍.സി.സി ഡയറക്ടര്‍ ഡോ. കൃഷ്ണന്‍ നായര്‍ തന്നെ വന്നു. ആപ്പാപ്പയുടെ ചോദ്യങ്ങളും വാദമുഖങ്ങളും കഴമ്പുള്ളതാണെന്നും ഒരു സാധാരണക്കാരന്‍റെ കേവലം കുതര്‍ക്കമല്ല എന്നും ഡോ. കൃഷ്ണന്‍നായരും മനസ്സിലാക്കി.
മെഡിക്കല്‍ രേഖകളില്‍ അദ്ദേഹം കുറിച്ചു: നിര്‍ദേശിക്കുന്ന മരുന്നുകളെക്കുറിച്ച് ഈ രോഗിയുമായി ചര്‍ച്ചചെയ്യുക. അദ്ദേഹം അംഗീകരിക്കുന്നതും സ്വീകരിക്കുന്നതും മാത്രം നല്‍കിയാല്‍ മതി. ആർ.സി.സിയില്‍ ചികിത്സ അധികം നാളുകള്‍ തുടര്‍ന്നില്ല. ഹസൈനാര്‍ വീണ്ടും നാട്ടിലേക്ക് മടങ്ങി, ഹോമിയോ ചികിത്സ തുടര്‍ന്നു.
* * *
മഞ്ചേരിയില്‍ ദഅ്വാ സംരംഭങ്ങളിലും ഫ്രൈഡേ ക്ലബിലും സജീവമായിരുന്ന സുഹൃത്ത് അഡ്വ. കെ.എം. അഷ്റഫിന്റെ സൗഹൃദവൃത്തത്തില്‍ ഹസൈനാരും ഉണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന് ആപ്പാപ്പയെക്കുറിച്ച് എഴുതി. അദ്ദേഹത്തിന്‍റെ മറുപടി പ്രതീക്ഷ പകരുന്നതായിരുന്നു: ‘‘ഹസൈനാര്‍ സാഹിബിന്‍റെ കണ്ണുകളിലെ തിളക്കം ഞാന്‍ കാണുന്നുണ്ട്. പ്രാർഥിക്കുക, നമുക്കിത് ഏറെ അനുഭവമുള്ളതാണ്.’’ ഞാനും കുടുംബവും മക്കയിലെത്തി. ഹറമില്‍ ഉള്ളുരുകി പ്രാർഥിച്ചു, ആപ്പാപ്പയുടെ രോഗശമനത്തിന്, ഹിദായത്ത് ലഭിക്കുന്നതിന്... സ്നേഹനിധിയായ ഭും ഭും ആപ്പാപ്പക്ക് വെളിച്ചം കിട്ടാനും ആരോഗ്യപൂര്‍ണമായ ദീര്‍ഘായുസ്സിനുമുള്ള പ്രാർഥനകളില്‍ മക്കളും പങ്കാളികളായി. ഏതാനും മാസങ്ങള്‍ കഴിഞ്ഞു. ആപ്പാപ്പയുടെ ആരോഗ്യനില മോശമാകുന്നുവെന്ന വിവരം തുടര്‍ച്ചയായി നാട്ടില്‍നിന്നും കിട്ടിത്തുടങ്ങി.
95 ഡിസംബറില്‍ വീണ്ടും നാട്ടിലേക്ക് പുറപ്പെട്ടു. കരിപ്പൂരില്‍ ഇറങ്ങി നേരെ വീട്ടിലേക്കല്ല, മങ്കടയില്‍ ആപ്പാപ്പയുടെ രോഗക്കിടക്കയിലേക്കാണ് പോയത്. പുതുക്കിപ്പണിത വീട്ടിലെ കൊച്ചുമുറിയില്‍ ജനല്‍ കമ്പികളില്‍ പിടിച്ചു അദ്ദേഹം പറഞ്ഞു. ‘‘ഹേയ് എനിക്കൊന്നൂല്ല. ഒരൊമ്പതുമാസംകൂടി വേണം. ഞാനിവനെ കീഴടക്കും.’’ എന്തൊരു ശുഭപ്രതീക്ഷ. ആ കണ്ണുകളിലെ പ്രതീക്ഷയുടെ നാമ്പുകള്‍ ഇപ്പോഴും മനസ്സില്‍ നിറയുന്നു. ജനല്‍ക്കമ്പികളില്‍ രണ്ട് കൈകളും മുറുക്കി പിടിച്ചപ്പോള്‍ വേദന കടിച്ചമര്‍ത്തുകയാണെന്ന് മനസ്സിലായി. ഭാവഭേദമില്ലാതെ, വേദന പുറത്തറിയിക്കാതെ വീണ്ടും പറഞ്ഞു. ‘‘വന്ന വഴിയല്ലേ, വീട്ടിലേക്ക് പോയി പിന്നെ വാ...’’
എന്‍റെ ആദ്യ വിദേശയാത്രാവേളയില്‍ ആപ്പാപ്പ നല്‍കിയ തുക ജ്യേഷ്ഠന്‍ തിരിച്ചുനല്‍കുമ്പോള്‍ പ്രതികരണം വന്നു. എല്ലാവരും കണക്കുകള്‍ തീര്‍ക്കുകയാണ്, അല്ലേ. അതല്ല, ഇപ്പോള്‍ ചികിത്സക്ക് കാശ് വേണ്ടിവരുമല്ലോ എന്ന് പതിഞ്ഞ സ്വരത്തില്‍ മറുപടി നല്‍കിയപ്പോള്‍ അദ്ദേഹം തലയാട്ടി.
വാര്‍ഷിക അവധിയുടെ നിശ്ചിത ദിവസങ്ങള്‍ കഴിയാറായി. തിരിച്ചുപോരണം. ജിദ്ദയില്‍ ഫ്ലാറ്റിനകത്തെ തടവറയില്‍ മക്കള്‍ അശ്ഫാഖും അര്‍ഷദും ഭാര്യയും നാല് മാസം മാത്രം പ്രായമായ കുഞ്ഞ് അന്‍ഷിദും കാത്തിരിക്കുന്നു. മടക്കയാത്രയുടെ ദിവസം അടുക്കുംതോറും മനസ്സില്‍ വേവലാതി കൂടി.
വിട പറയാതെ വയ്യ. യാത്രയുടെ തലേന്നാള്‍ ജ്യേഷ്ഠ സഹോദരിയോടൊപ്പം മങ്കടയില്‍ തറവാട് വീട്ടിലെത്തി. എങ്ങനെ പിരിയും, എങ്ങനെ യാത്ര ചോദിക്കും? ഞങ്ങള്‍ എത്തുമ്പോള്‍ അസുഖം കൂടുതലായിരുന്നു. കാറു വിളിച്ച് മങ്കട ഗവൺമെന്‍റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ ദീര്‍ഘനേരം കൂടെ നിന്നു. ജ്യേഷ്ഠത്തി പോയി കഞ്ഞി കൊണ്ടുവന്നു. രാത്രി വൈകിയപ്പോള്‍ ഇനി പിരിയാതെ വയ്യ എന്ന് സ്വയം ബോധ്യപ്പെടുത്തി. സാന്ത്വന വാക്കുകളുമായി ആപ്പാപ്പയുടെ അനിയന്‍ അഹ്മദ് കുട്ടി കൂടെ നിന്നു. ആപ്പാപ്പയുടെ കവിളില്‍ ഉമ്മകള്‍ ചാര്‍ത്തി, കൈകളിലും കാലുകളിലും തലോടി വിടപറഞ്ഞു. ഇനി കാണാനാവില്ല എന്ന് മനസ്സിനെ ബോധ്യപ്പെടുത്തി. വീണ്ടും തിരിഞ്ഞുനിന്ന് കണ്ണീരൊപ്പി. മുറിക്ക് പുറത്ത് കടന്ന് തേങ്ങി. കരഞ്ഞു ചുമന്ന കണ്ണുകളുമായി നാട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം കരിപ്പൂരില്‍നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ടു.
യാത്ര പുറപ്പെടുന്നതിന് മുമ്പുതന്നെ വിവരം ലഭിച്ചു. ആപ്പാപ്പ അവശനിലയിലായതിനാല്‍ തൃശൂര്‍ അമലയിലേക്ക് കൊണ്ടുപോയി. അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്ന് വിധിയെഴുതി. തിരിച്ച് പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുവന്ന് ഡോ. ബാലചന്ദ്രന്‍റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസൈനാരെക്കുറിച്ച് നന്നായി അറിയാവുന്ന ആളായിരുന്നു ഡോക്ടര്‍. തന്‍റെ ആശുപത്രിയില്‍ ചികിത്സ നല്‍കിയാല്‍ അതിന് പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്ന ഉറപ്പ് വാങ്ങിയ ശേഷമാണ് അദ്ദേഹം പ്രവേശനം നല്‍കിയത്.
രോഗിയായ ഹസൈനാരെ വീട്ടിലും ആശുപത്രിയിലും നിരവധി തവണ താന്‍ സന്ദര്‍ശിച്ച അനുഭവം ആലിക്കത്തൊടി മോഹനന്‍ പങ്കുവെച്ചു. കാന്‍സര്‍ ബാധിതനാണെങ്കിലും നല്ല ധീരനായിരുന്നു. ഗുരുതരാവസ്ഥയെക്കുറിച്ച് തികഞ്ഞ ബോധവാനായിരുന്നിട്ടും ഒട്ടും മരണഭീതിയില്ലാതെയാണ് ചികിത്സ തുടര്‍ന്നത്. ജീവിതകാലം മുഴുവന്‍ ദൈവനിഷേധിയായിരുന്നുവെങ്കിലും മങ്കടയിലെ മദീന മസ്ജിദ് പുനരുദ്ധാരണത്തിന് ഹസൈനാരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. സ്ഥലം സംബന്ധമായ രേഖകള്‍ ശരിപ്പെടുത്തുന്നതിനും അവിടെ മസ്ജിദ് ഉയരുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങി. മതം ചില വഴികളിലൂടെ ഹസൈനാരിലേക്ക് തിരിച്ചുവന്നു.

ഹസൈനാര്‍ സുഹൃത്തുക്കളോടൊത്ത്
1996 ഫെബ്രുവരി 26. വ്യാഴം. റമദാന്‍ 26ന് ഹസൈനാര്‍ അന്തരിച്ചു. അടുത്ത ദിവസം രാവിലെ മങ്കടയിലെ വീട്ടില്‍ മൃതദേഹം കാണാന്‍ നിരവധിപേര്‍ എത്തി. അവരില്‍ ആര്‍ക്കും പരിചയമില്ലാത്ത കുറേ പേര്‍ ഉണ്ടായിരുന്നു. അടുത്തും അകലെയുമുള്ളവര്‍. അപരിചിതരുടെ സാന്നിധ്യം കണ്ട് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് ഒരു കാര്യം അറിഞ്ഞത്. വര്‍ഷങ്ങളായി റമദാനില്‍ ഹസൈനാരില്‍നിന്നും സാമ്പത്തിക സഹായം ലഭിച്ചുവന്നിരുന്ന ദരിദ്രരില്‍ ദരിദ്രരാണത്. മറ്റാരും അറിയാതെ അദ്ദേഹം നേരിട്ടാണ് അവര്‍ക്ക് സഹായമെത്തിച്ചിരുന്നത്. ആ തവണ കിട്ടാതിരുന്നപ്പോള്‍ അന്വേഷിച്ചുവന്നതായിരുന്നു അവര്‍. ചിലര്‍ മരണവിവരമറിഞ്ഞും എത്തി. ഇടതു കൈ അറിയാതെ വലത് കൈയിലൂടെ സഹായങ്ങള്‍ നല്‍കാനാവുമെന്ന് ഹസൈനാര്‍ അവിടെയും തെളിയിക്കുകയായിരുന്നു.
ഞാന്‍ ജിദ്ദയിലായിരുന്നു. ആപ്പാപ്പ വിട്ടുപോയി എന്ന വിവരം അറിയിച്ച് കസിന്‍ റസാഖിന്‍റെ ഫോണ്‍ വന്നു. മനസ്സ് മൂകമായി കേണു. അപ്രതീക്ഷിതമായിരുന്നില്ല എങ്കിലും ആ വാര്‍ത്ത താങ്ങാനായില്ല. തനിച്ചിരുന്ന് കുറേ കരഞ്ഞു. വൈകാതെ മക്കയില്‍ ഹറമിലേക്ക് പുറപ്പെട്ടു, കഅ്ബയുടെ ചാരത്ത് നിന്നു കേണു, പ്രാർഥിച്ചു.
* * *
തടവ് ചാടിവന്ന ഹസൈനാര്‍ പന്നിയങ്കരയിലെ വീട്ടിലെത്തിയതും സംസാരിച്ചതും ഓര്‍മയുണ്ടെന്ന് ഈ ലേഖനം തയാറാക്കുന്നതിന്‍റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ അജിത സ്ഥിരീകരിച്ചു. ഒരിക്കല്‍ എന്തോ പരിപാടിക്ക് സംഭാവന തേടി മണ്ണാര്‍ക്കാട് തന്‍റെ ഓഫിസിലെത്തിയ മുന്‍ നക്സല്‍ നേതാവ് എം.എന്‍. രാവുണ്ണി (മുണ്ടൂര്‍)യെ പരിചയപ്പെട്ടതും, തന്‍റെ സ്വദേശം മങ്കടയാണ് എന്ന് പറഞ്ഞപ്പോള്‍ അന്ന് രാവുണ്ണി ഹസൈനാരെ കുറിച്ച് അന്വേഷിച്ചതും റിട്ട. തഹസില്‍ദാര്‍ ചെട്ട്യാന്‍തൊടി ഉണ്ണീന്‍ (മങ്കട) ഓര്‍ത്തു. നാട്ടില്‍ ഹസൈനാരെ കണ്ടപ്പോള്‍ ആ വിവരം അറിയിച്ചിരുന്നു.
ഹസൈനാരെക്കുറിച്ച് എന്തെങ്കിലും ഓര്‍മകള്‍ പങ്കുവെക്കാനുണ്ടോ എന്ന അന്വേഷണത്തിന് രാവുണ്ണിയുടെ മറുപടി ഇങ്ങനെ: ‘‘വലുതായൊന്നും ഓര്‍മയില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഏതാനും ദിവസങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. അന്ന് അദ്ദേഹം നാഗ്ഭൂഷണ്‍ പട്നായിക് ഗ്രൂപ്പിലായിരുന്നു. വിപ്ലവം ഒഴിവാക്കി തെരഞ്ഞെടുപ്പിലേക്ക് വ്യതിചലിച്ച വിഭാഗം. ഞങ്ങള്‍ രണ്ടാളും രണ്ട് വാര്‍ഡുകളിലായിരുന്നു. സി.പി ബ്ലോക്കില്‍’’. അത്രമാത്രം.
പടങ്ങള്‍ക്ക് കടപ്പാട്:
1. പൂഴിക്കുന്നന്‍ അബ്ദുല്‍ഖാദര്‍, മങ്കട (മകന്‍)
2. പൂഴിക്കുന്നന്‍ അഹമ്മദ് കുട്ടി, മങ്കട (സഹോദരന്‍)
3. പാറക്കടവന്‍ ശൈഖ് മുഹമ്മദ് (സഹോദരിയുടെ മകന്‍)
4. പറച്ചിക്കോട്ടില്‍ ബഷീര്‍