രംഗപടം

മലയാള നാടകത്തിലെ എക്കാലത്തെയും മികച്ച രംഗപടങ്ങൾ ഒരുക്കിയ വ്യക്തിയാണ് ആർട്ടിസ്റ്റ് സുജാതൻ. തന്റെ കലയെക്കുറിച്ചും വരയിലെ വഴിയിലെ മുൻഗാമിയായ അച്ഛനെക്കുറിച്ചും നാടകങ്ങളെക്കുറിച്ചും ആർട്ടിസ്റ്റ് സുജാതൻ കഥാകൃത്തുകൂടിയായ വി.എം. വിനോദ് ലാലിനോട് സംസാരിക്കുന്നു. കെ.പി.എ.സിയുടെ തുടക്കക്കാലത്ത് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന് രംഗപടമൊരുക്കി പ്രശസ്തനായ’ ആർട്ടിസ്റ്റ് കേശവന്റെ ‘മകനാണ്’ ആർട്ടിസ്റ്റ് സുജാതൻ. പ്രശസ്തിയോ പണമോ ഒട്ടും ഗൗനിക്കാത്തൊരാൾ. മറ്റുള്ളവരെ തന്നാൽക്കഴിയുംവിധം സഹായിക്കാൻ മടിയില്ലാത്ത, അഹങ്കാരമൊട്ടുമില്ലാത്ത എളിമ നിറഞ്ഞ മനസ്സുള്ളൊരാൾ. അച്ഛന്റെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മലയാള നാടകത്തിലെ എക്കാലത്തെയും മികച്ച രംഗപടങ്ങൾ ഒരുക്കിയ വ്യക്തിയാണ് ആർട്ടിസ്റ്റ് സുജാതൻ. തന്റെ കലയെക്കുറിച്ചും വരയിലെ വഴിയിലെ മുൻഗാമിയായ അച്ഛനെക്കുറിച്ചും നാടകങ്ങളെക്കുറിച്ചും ആർട്ടിസ്റ്റ് സുജാതൻ കഥാകൃത്തുകൂടിയായ വി.എം. വിനോദ് ലാലിനോട് സംസാരിക്കുന്നു.
കെ.പി.എ.സിയുടെ തുടക്കക്കാലത്ത് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന് രംഗപടമൊരുക്കി പ്രശസ്തനായ’ ആർട്ടിസ്റ്റ് കേശവന്റെ ‘മകനാണ്’ ആർട്ടിസ്റ്റ് സുജാതൻ. പ്രശസ്തിയോ പണമോ ഒട്ടും ഗൗനിക്കാത്തൊരാൾ. മറ്റുള്ളവരെ തന്നാൽക്കഴിയുംവിധം സഹായിക്കാൻ മടിയില്ലാത്ത, അഹങ്കാരമൊട്ടുമില്ലാത്ത എളിമ നിറഞ്ഞ മനസ്സുള്ളൊരാൾ. അച്ഛന്റെ പാത പിന്തുടർന്ന് കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി നാലായിരത്തിലധികം നാടകങ്ങൾക്കു രംഗപടം ഒരുക്കി ഇപ്പോഴും നാടകകലക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്നു. ‘ശിവരാത്രി’ എന്ന ഒരു ദിവസത്തിൽ കേരളമൊട്ടാകെയുള്ള ഉത്സവവേദികളിൽ ഒരേപോലെ മുഴങ്ങിക്കേൾക്കുന്ന ഒരേയൊരു പേരേയുള്ളൂ. ‘രംഗപടം ആർട്ടിസ്റ്റ് സുജാതൻ’. കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്കേറെ പങ്കുവഹിച്ച കെ.പി.എ.സിയുടെ ആദ്യ നാടകത്തിന്റെ രംഗശിൽപിയായ അച്ഛന്റെ പിന്തുടർച്ചക്കാരനായി ഇന്നും ആ സമിതിയുടെ രംഗശിൽപങ്ങളൊരുക്കുന്ന ആർട്ടിസ്റ്റ് സുജാതൻ, ബന്ധുവും കഥാകൃത്തുമായ വി.എം. വിനോദ് ലാലിനോട് മനസ്സ് തുറക്കുന്നു.
ആദ്യകാല സമിതികളുടെ ഒട്ടുമിക്ക നാടകങ്ങളുടെയും പശ്ചാത്തല കർട്ടനുകളെല്ലാംതന്നെ ഒരുക്കിയിരുന്നത് കോട്ടയം കാരാപ്പുഴ പതിനാറിൽചിറയെന്ന പ്രദേശത്തെ അമ്പലപ്പറമ്പിൽ എന്നു വീട്ടുപേരുള്ള ഒരു ചെറിയ വീട്ടുമുറ്റത്തായിരുന്നു. ആ വീട്ടിലെ കുടുംബനാഥൻ, മുറ്റത്തു വലിച്ചുകെട്ടിയിരിക്കുന്ന കർട്ടനിൽ ചായം മുക്കി വരക്കുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ കുടിലും കൊട്ടാരവും പൂന്തോട്ടവും തെളിഞ്ഞുവരുന്ന അത്ഭുതക്കാഴ്ച കാണാനും സഹായിക്കാനും ആദ്യകാലത്ത് ഭാര്യ ചെല്ലമ്മയും മക്കളുമാണുണ്ടായിരുന്നതെങ്കിൽ പോകപ്പോകെ സന്നിഹിതരായത് മലയാള നാടകരംഗത്തെ ആചാര്യന്മാരായിരുന്നു. അവരുടെയെല്ലാം നാടകങ്ങളുടെ രംഗശിൽപിയായി മാറി, പിന്നീട് നാടകലോകം ‘ആർട്ടിസ്റ്റ് കേശവൻ’ എന്നു വിളിച്ച അച്ഛനെക്കുറിച്ചുതന്നെ പറഞ്ഞു തുടങ്ങുന്നതല്ലേ ഉചിതം?
തീർച്ചയായും. അച്ഛനിൽനിന്നേ എന്നിലേക്കു തുടങ്ങാനാവൂ. ഇന്നു നിങ്ങളീക്കാണുന്ന ആർട്ടിസ്റ്റ് സുജാതനിലേക്കുള്ള വഴിയൊരുക്കിത്തന്ന് എന്നെ ഈ രംഗത്തേക്ക് പ്രാപ്തനാക്കിയ വലിയൊരു കലാകാരനായ മനുഷ്യനായിരുന്നു ആർട്ടിസ്റ്റ് കേശവൻ എന്ന എന്റെയച്ഛൻ. പലതരം കഴിവുകളുള്ള ആളായിരുന്നു. മനോഹരമായി ഓടക്കുഴൽ വായിക്കും. പാട്ടു പാടും. തുന്നൽപ്പണി ചെയ്യും. കരകൗശലവസ്തുക്കളുണ്ടാക്കും. ഗുരുമുഖത്തുനിന്നും അഭ്യസിക്കാതെ ജന്മസിദ്ധികൊണ്ട് മാത്രമാണ് അച്ഛൻ ഇത്തരം കലാപ്രവർത്തനങ്ങൾ ചെയ്തിരുന്നത്.
അപ്പോൾ ഉപജീവനമാർഗമായി സ്വീകരിച്ചിരുന്നത്?
പ്രധാനമായും ബീഡിതെറുപ്പായിരുന്നെങ്കിലും ജീവിതവൃത്തിക്കുവേണ്ടി അറിയാവുന്ന എല്ലാ പണികളും ചെയ്തിരുന്നു.
ആ ജോലികളൊക്കെ വീട്ടിലിരുന്നു തന്നെയാണോ ചെയ്തിരുന്നത്?
അല്ല. അച്ഛനുൾപ്പെടെയുള്ള ബീഡിതെറുപ്പു സംഘത്തിന്റെ ആസ്ഥാനം കോട്ടയം ടൗണിൽതന്നെയായിരുന്നു.
പിന്നെ എപ്പോഴാണ് അച്ഛനീ രംഗപടമേഖലയിലേക്കു തിരിയുന്നത്?
ആ കാലഘട്ടത്തിൽ തമിഴ് നാടകസംഘങ്ങൾ കേരളത്തിലെ എല്ലാ പട്ടണങ്ങളിലും മാസങ്ങളോളം ക്യാമ്പുചെയ്ത് പുണ്യപുരാണ നാടകങ്ങൾ അവതരിപ്പിക്കുമായിരുന്നു. തിരുനക്കര മൈതാനം ഇത്തരം കലാവതരണങ്ങൾക്കുള്ള ഒരു സ്ഥിരം വേദിയായിരുന്നു. ആ സമയം ബീഡിതെറുപ്പ്, തയ്യൽ, ബോർഡെഴുത്ത് തുടങ്ങി കുറെയേറെ കൈത്തൊഴിലുകളുമായി ബന്ധപ്പെട്ട് അച്ഛൻ കോട്ടയം ടൗണിൽതന്നെയുണ്ട്. തിരുനക്കര മൈതാനത്തു വരുന്ന നാടകങ്ങളെല്ലാംതന്നെ നിരവധിതവണ ആവർത്തിച്ചു കാണുന്ന ഒരു സ്വഭാവമുണ്ടായിരുന്നു അച്ഛന്. നാടകം കാണുന്നതിനേക്കാളുപരി നാടകത്തിലെ രംഗപശ്ചാത്തലവും അതിന്റെ സാങ്കേതികാവതരണ വൈദഗ്ധ്യവും സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതായിരുന്നു ആവർത്തനക്കാഴ്ചയുടെ പ്രധാനലക്ഷ്യം. കോട്ടയത്തുനിന്ന് സി.ടി. ജോൺ എന്നൊരു ധനികനായ കലാസ്നേഹിയുണ്ടായിരുന്നു. അദ്ദേഹം കലാകാരനായിരുന്നില്ലെങ്കിലും കലാകാരന്മാരോട് വലിയ സ്നേഹവും ബഹുമാനവുമായിരുന്നു. പിൽക്കാലത്ത് കെ.പി.എ.സിയിലുണ്ടായിരുന്ന ജോൺസൺ, ജോസഫ്, മനോരമയിൽ വരച്ചുകൊണ്ടിരുന്ന പി.കെ. രാജൻ തുടങ്ങി കുറെയധികം കലാകാരന്മാരുടെ ഒരുകൂട്ടം തന്നെയുണ്ടായിരുന്നു കോട്ടയത്ത്.
അവരെയെല്ലാം സംഘടിപ്പിച്ച സി.ടി. ജോൺ അദ്ദേഹത്തിന്റെതന്നെ കെട്ടിടത്തിലെ ഒരു ഹാൾ കേന്ദ്രീകരിച്ച് ‘ആർട്സ് ക്ലബ്’ എന്നൊരു കലാ സംഘടനക്ക് രൂപംകൊടുത്തു. കലാകാരന്മാർക്ക് അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരിടം. അതായിരുന്നു ആർട്സ് ക്ലബ്. വർഷത്തിലൊരിക്കൽ ക്ലബിന്റെ വക ഒരു നാടകം അവതരിപ്പിക്കാനുള്ള തീരുമാനമുണ്ടായപ്പോൾ കർട്ടൻ വരക്കേണ്ട ചുമതല അച്ഛനിലേക്കെത്തി. അങ്ങനെ തിരുനക്കര മൈതാനത്തെ തമിഴ്നാടക കാഴ്ചയിലൂടെ കിട്ടിയ അറിവും മനോബലവുംവെച്ച് മനോരമ പ്രസിൽനിന്നും സൗജന്യമായി ലഭിച്ച പ്രിന്റ്ചെയ്യാത്ത ന്യൂസ് പേപ്പർവേസ്റ്റ് കൂട്ടിയൊട്ടിച്ച് കർട്ടനുണ്ടാക്കി അതിൽ കൈതവേര് ചതച്ചുണ്ടാക്കിയ ബ്രഷുകൊണ്ട് വരച്ചാണ് ഈ രംഗത്തേക്ക് അച്ഛനെത്തുന്നത്. ചുരുക്കിപ്പറഞ്ഞാൽ ‘രംഗപടം ആർട്ടിസ്റ്റ് കേശവൻ’ എന്ന പേരിലേക്കെത്തിച്ചതിന്റെ അടിസ്ഥാന അറിവുകൾ അല്ലെങ്കിൽ പാഠങ്ങൾ തന്നത് ആ തമിഴ് നാടകക്കാഴ്ചകളായിരുന്നു. കേരളത്തിൽ അമച്വർ നാടകങ്ങൾ വ്യാപകമായി അവതരിപ്പിക്കപ്പെട്ടിരുന്ന കാലവുമായിരുന്നു അത്.
ഒറ്റ കളിക്കുവേണ്ടി സി.എൽ. ജോസ്, പറവൂർ ജോർജ്, മരട് രഘുനാഥ്, മുഹമ്മദ് പുഴക്കര തുടങ്ങിയ നാടകകൃത്തുക്കളുടെ പ്രിന്റഡ് നാടകങ്ങളായിരുന്നു കൂടുതലായും അവതരിപ്പിക്കപ്പെട്ടിരുന്നത്. ഈ നാടകങ്ങൾക്ക് വേണ്ടിവരുന്ന പശ്ചാത്തല കർട്ടനുകൾ ഇന്നതൊക്കെയാണെന്നറിയാവുന്ന അച്ഛൻ അതിനനുസരിച്ചുള്ള കർട്ടനുകൾ നേരത്തേതന്നെ വരച്ചു തയാറാക്കും. ക്ലബും വായനശാലയുമൊക്കെയായി അമച്വർ നാടകസംഘങ്ങളേറെയുണ്ടായിരുന്ന ഒരു സ്ഥലമായിരുന്നു കോട്ടയം. നാടകാവതരണത്തിനേറ്റവും ആവശ്യമായ ഫ്രണ്ട് കർട്ടനുൾപ്പെടെ ഈ സംഘങ്ങൾ വാടകക്ക് കൊണ്ടുപോയി തുടങ്ങിയതോടെ അച്ഛനീ രംഗത്തേക്ക് കൂടുതൽ ശ്രദ്ധാലുവായി.
കെ.പി.എ.സിക്ക് വേണ്ടി വരക്കുന്നതിനു മുമ്പേ തന്നെ അച്ഛൻ ഈ മേഖലയിൽ സജീവമായിരുന്നു എന്നു സാരം?
1945 മുതൽ അച്ഛനീ രംഗത്തുണ്ടെങ്കിലും കെ.പി.എ.സിയിലേക്ക് എത്തപ്പെടുന്നത് ’52ലാണ്. കെ.പി.എ.സി ആരംഭിക്കുന്നതിനു വേണ്ടിയുള്ള പുറം ചർച്ചകൾ ആദ്യമായിട്ട് നടന്നത് എറണാകുളത്തും മറ്റുമായിരുന്നെങ്കിലും 1950ൽ തിരുവനന്തപുരത്താണ് ഔദ്യോഗികമായി രൂപംകൊണ്ടത്. പുനലൂർ രാജഗോപാലൻ നായർ, കോട്ടയം ശ്രീനി, ജി. ജനാർദനക്കുറുപ്പ്, കെ.എസ്. രാജാമണി തുടങ്ങിയവരാണ് അതിനു മുൻകൈയെടുത്തത്. കെ.പി.എ.സി ആദ്യകാലത്ത് രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടി സമ്മേളനവേദിയിൽ വിപ്ലവഗാനങ്ങൾ ആലപിക്കുന്നതിനാണ് ശ്രദ്ധ കൊടുത്തത്. അടുത്ത കൊല്ലം മുതൽ കായംകുളം ആസ്ഥാനമായാണ് നാടകം അവതരിപ്പിച്ചു തുടങ്ങുന്നത്. ആദ്യ നാടകം ‘എന്റെ മകനാണു ശരി’. തുടർന്ന്, 1952 ഡിസംബർ 6ന് ചവറ തട്ടാശ്ശേരിയിൽ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അവതരിപ്പിച്ചപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്തത്ര സ്വീകാര്യതയായിരുന്നു ആ നാടകത്തിന് ലഭിച്ചത്. ആദ്യമൊക്കെ താൽക്കാലികമായി പ്രാദേശികതലത്തിൽ സംഘടിപ്പിച്ച കർട്ടനുകളാണ് അവർ ഉപയോഗിച്ചിരുന്നത്. ആ സമയം കെ.പി.എ.സിയുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന കോട്ടയത്തുനിന്നുമുള്ള കലാകാരന്മാർ പറഞ്ഞറിഞ്ഞാണ് അച്ഛനെ വന്നുകണ്ട് കർട്ടൻ വരപ്പിക്കുന്നത്. കർട്ടനുകൾക്ക് നാമമാത്രമായ വാടക നിശ്ചയിച്ച് കൊണ്ടുപോയി കെട്ടിക്കൊടുക്കുക എന്നതായിരുന്നു ആദ്യ രീതി.
അന്നത്തെ ഒരു രസമെന്നതാന്നു വെച്ചാ, നാടകം ബുക്കു ചെയ്യാൻ കെ.പി.എ.സിയിൽ ചെല്ലുമ്പോൾ അവിടന്നു പറയും. ‘‘നാടകത്തിനു വേണ്ട കർട്ടനുകൾ ചെയ്തുതരുന്നത് കോട്ടയത്ത് ആർട്ടിസ്റ്റ് കേശവനാണ്. നിങ്ങൾ അവിടെ ചെന്ന് കർട്ടനുംകൂടി ബുക്കു ചെയ്തേക്കണമെന്ന്.’’ അങ്ങനെ നാടകം കളിക്കുന്ന സ്ഥലത്തേക്ക് ഫ്രണ്ട് കർട്ടനടക്കമുള്ള സാമഗ്രികളുമായി രണ്ടുപേരെ അച്ഛൻ പറഞ്ഞയക്കും. നാടകം കഴിഞ്ഞയുടനെ സമിതി കായംകുളത്തേക്ക് പോകും. കർട്ടൻ സെറ്റൊക്കെ അഴിച്ച് പിറ്റേന്നു കാലത്താണ് പോയവർ തിരിച്ച് കോട്ടയത്തേക്കു വരിക. കമ്യൂണിസ്റ്റ് ആശയങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്നതിലും അങ്ങനെ പാർട്ടിയുടെ വളർച്ചക്ക് മുഖ്യപങ്കുവഹിക്കുകയുംചെയ്ത ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ മലയാള നാടക ചരിത്രത്തിലെ ഒരു വഴിത്തിരിവായപ്പോൾ കെ.പി.എ.സി ജനഹൃദയങ്ങളിൽ കൊത്തിവെച്ച നാലക്ഷരമായും മാറി.
നാടകം ഗംഭീര വിജയമായി നിത്യേനയെന്നോണം ബുക്കിങ് വന്നപ്പോൾ, സമിതിക്കു സ്വന്തമായി കർട്ടൻ വേണമെന്നാവശ്യപ്പെട്ടതനുസരിച്ച് അച്ഛൻ കർട്ടനുകൾ ചെയ്തുകൊടുത്തു. കെ.പി.എ.സിയുടെ ആ നാടകം മുതലാണ് ‘രംഗപടം ആർട്ടിസ്റ്റ് കേശവൻ’ എന്ന പേരിൽ അച്ഛനറിയപ്പെടാൻ തുടങ്ങിയത്. താമസിയാതെ കേരളത്തിലാകെ ഒട്ടേറെ പുതിയ നാടക സമിതികൾ രൂപപ്പെട്ടുവന്നു. ഒ. മാധവന്റെ കാളിദാസ കലാകേന്ദ്രം, എൻ.എൻ. പിള്ളയുടെ വിശ്വ കേരള കലാസമിതി, പൊൻകുന്നം വർക്കിയുടെ കേരളാ തിയറ്റേഴ്സ്, പി.ജെ. ആന്റണിയുടെ പ്രതിഭ തിയറ്റേഴ്സ്, ചാച്ചപ്പന്റെ ഗീഥ, കെ.ടി. മുഹമ്മദിന്റെ സംഗമം തുടങ്ങി നാടകാചാര്യന്മാരുടെ സമിതികൾക്കെല്ലാം രംഗപടമൊരുക്കുന്ന നിലയിലേക്കെത്തി പെട്ടെന്നുതന്നെ അച്ഛൻ ആ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും സമിതികൾക്കും പ്രേക്ഷകർക്കും ഒരേപോലെ സ്വീകാര്യനാവുകയും ചെയ്തു.
ആദ്യകാലത്ത് അച്ഛൻ കർട്ടനുകൾ വരക്കുന്നതും അച്ഛനെക്കാണാൻ വരുന്ന നാടകലോകത്തെ അതികായരെയും കണ്ട ഓർമകളുണ്ടോ ?
1951ലാണ് എന്റെ ജനനം. അന്നത്തെക്കാലത്ത് എല്ലാവരെയുംപോലെ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു വീടായിരുന്നു ഞങ്ങളുടേത്. സ്ഥലപരിമിതികൊണ്ട് മുറ്റത്തെ തെങ്ങിലും കവുങ്ങിലുമൊക്കെ വലിച്ചുകെട്ടിയാണ് അച്ഛൻ കർട്ടനുകൾ വരച്ചിരുന്നത്. ഞാൻ നീന്തിനടക്കുന്ന കാലത്ത് അച്ഛൻ വരക്കുന്ന കർട്ടന്റെ അടിയിലൂടെ ചെന്ന് കളറെടുത്ത് കുത്തിവരക്കുമായിരുന്നുവെന്ന് പിന്നീട് അച്ഛനുമമ്മയുമൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. അഞ്ചു വയസ്സു മുതലുള്ള കാഴ്ചകളൊക്കെ ഓർക്കുന്നുണ്ട്. ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ തൊട്ടുമുന്നിലൊരു തോടും അതിനപ്പുറം വിശാലമായ പാടവുമായിരുന്നു. നോക്കെത്താ ദൂരത്തോളം വെള്ളം നിറഞ്ഞിരിക്കുന്ന ആ പാടത്തേക്കു നോക്കി വരാന്തയിലെ അര ഭിത്തിയിലിരുന്ന് അച്ഛൻ ഓടക്കുഴൽ വായിക്കും. ‘‘കായലിനക്കരെ പോകാനെനിക്കൊരു...’’ എന്ന പാട്ട് ഓടക്കുഴലിൽ വായിക്കുന്ന അച്ഛന്റെ ചിത്രം ഇപ്പോഴുമെന്റെയുള്ളിലിങ്ങനെ തെളിഞ്ഞുനിൽപുണ്ട്. ആ സമയത്താണ് അച്ഛന്റെ കൂടി സംഘാടനത്തിൽ കെ.പി.എ.സിയുടെ ‘മുടിയനായ പുത്രൻ’ നാടകം കോട്ടയത്തു നടത്തുന്നത്.
ഞങ്ങള് കുടുംബ സമേതം പോയി കണ്ട ആ നാടകമാണ് ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്ന ആദ്യത്തെ പ്രഫഷനൽ നാടകം. അന്നെനിക്ക് ആറോ ഏഴോ വയസ്സേ കാണൂ. അച്ഛൻ അതോടൊപ്പം തന്നെ വീടുകളിൽ കല്യാണപ്പന്തൽ ഡെക്കറേഷനും ചെയ്തുപോന്നിരുന്നു. മൂത്ത മൂന്നു സഹോദരിമാരും ഞാനുമൊക്കെ അച്ഛന്റെ ഈ പന്തൽ ഡെക്കറേഷനു വേണ്ട അലങ്കാരപ്പണികളിൽ അന്നൊക്കെ സഹായിക്കുകയും ചെയ്തതുകൊണ്ട് ക്രാഫ്റ്റ് എന്റെയുള്ളിൽ വളരെ ചെറുപ്പത്തിലേ തന്നെ അറിയാതെ വന്നുചേർന്നിരുന്നു എന്നും പറയാം. മഹാപ്രതിഭകളായ ദേവരാജന്‍ മാഷിനെയും അര്‍ജുനന്‍ മാഷിനെയും ആര്‍.കെ. ശേഖറിനെയും കുമരകം രാജപ്പനെയും ഞാന്‍ ആദ്യം കണ്ടത് അവര്‍ പതിനാറില്‍ചിറയിലെ കോട്ടയം ശ്രീനിയുടെ [കെ.പി.എ.സിയുടെ സ്ഥാപകരിൽ ഒരാൾ] ശകുന്തള തീയറ്റേഴ്സിന്റെ നാടക ക്യാമ്പില്‍ വന്നപ്പോഴായിരുന്നു. ആ നാടകത്തിനു വേണ്ട ഗാനങ്ങളൊരുക്കാനെത്തിയ അവർ അച്ഛനൊപ്പം ഞങ്ങളുടെ വീട്ടില്‍നിന്നും നടന്നാണ് ആ ക്യാമ്പിലേക്കു പോയത്. അതൊക്കെ നന്നായി ഓർക്കുന്നുണ്ട്.

അച്ഛനൊപ്പം നാടകരംഗത്തേക്കെത്തുന്നത് എന്നുമുതൽക്കാണ്?
പത്താം ക്ലാസ് കഴിഞ്ഞ് 1967ലാണ് അച്ഛന്റെ സഹായിയായി ഈ ജോലിയിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്നത്. പക്ഷേ, ഞാനതിനു മുമ്പേതന്നെ കർട്ടൻ കെട്ടാനും സെറ്റിങ്സിനുമൊക്കെ ട്രൂപ്പിനൊപ്പം പോയിട്ടുണ്ട്.
അതെപ്പോഴാണ്?
അത് എനിക്കൊരു പന്ത്രണ്ട്-പതിമൂന്നു വയസ്സുള്ള സമയത്താണ്. അച്ഛൻ രംഗപടം ചെയ്ത, കോട്ടയത്തു നിന്നിറങ്ങുന്ന ജോസ് പ്രകാശിന്റെ കേരള ഡ്രമാറ്റിക് ക്ലബ് എന്ന സമിതിയിൽ എന്റെ സഹോദരി മല്ലിക അഭിനയിച്ചിരുന്നു. മണവാളൻ ജോസഫും കോട്ടയം ചെല്ലപ്പനും തുടങ്ങി പ്രഗല്ഭരായ നടീനടന്മാർ അഭിനയിക്കുന്ന ആ ട്രൂപ്പിന്റെ കൂടെ ശനി, ഞായർ അവധി ദിവസങ്ങളിൽ രംഗസജ്ജീകരണത്തിനൊരു സഹായിയായി ഞാനും പോയിരുന്നു. അങ്ങനെ നോക്കിയാൽ എന്റെ പതിമൂന്നാമത്തെ വയസ്സു മുതൽ പ്രഫഷനൽ ട്രൂപ്പിനൊപ്പം ജോലിചെയ്തു തുടങ്ങിയതാണെന്ന് വേണമെങ്കിൽ പറയാം.
സഹോദരി മല്ലികച്ചേച്ചിയെ പറ്റി പറഞ്ഞല്ലോ. പിന്നീട് അഭിനയരംഗത്തുണ്ടായിരുന്നോ..?
ചങ്ങനാശ്ശേരി ഗീഥയിലായിരുന്നു ആദ്യമായി അഭിനയിച്ചു തുടങ്ങിയത്. പിന്നെയാണ് കോട്ടയം ഡ്രമാറ്റിക് ക്ലബിലേക്കു വന്നത്. കുറച്ചുകാലം മാത്രമേ അഭിനയരംഗത്തുണ്ടായിരുന്നുള്ളൂ.
അച്ഛനൊപ്പം സഹായിയായി എത്ര വർഷം നിന്നു?
1967 മുതൽ 73 വരെ.
ആദ്യമായി പോയ സമിതി?
കെ.പി.എ.സിയുടെ ‘കൂട്ടുകുടുംബം’ എന്ന നാടകത്തിന്റെ ക്യാമ്പിലേക്കായിരുന്നു ആദ്യയാത്ര. നാടകാചാര്യന്മാരുമായി അച്ഛൻ അടുത്തിടപഴകുന്നത് കണ്ടു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. അക്കാലത്ത് അവരിൽനിന്നെല്ലാമകന്ന് ഭയത്തോടും ബഹുമാനത്തോടുമായിരുന്നു എന്റെ നിൽപ്. ആദ്യമൊക്കെ അച്ഛന് കളറെടുത്തു കൊടുത്ത് സഹായിക്കുക എന്നതായിരുന്നു ചുമതല. പിന്നീട് അച്ഛൻ വരക്കുന്ന സ്കെച്ചുകൾക്കുള്ളിൽ എന്നെക്കൊണ്ടു കളറുകൾ ഫില്ലു ചെയ്യിക്കാൻ തുടങ്ങി.
ആദ്യകാല അനുഭവങ്ങൾ?
ഇന്നിപ്പോ ഞാൻ ചെയ്യുന്നപോലെ ഇവിടെവെച്ച് സെറ്റു ചെയ്ത് സമിതിക്കു കൊടുത്തു വിടുന്ന രീതി അല്ലായിരുന്നു അന്ന്. നാടകങ്ങളെല്ലാമൊരുക്കുന്നത് അതതു സ്ഥലങ്ങളിലായിരുന്നു. ആദ്യകാലങ്ങളിൽ കെ.പി.എ.സിക്കുപോലും സ്വന്തമായി ആസ്ഥാനമെന്നു പറയാനൊരു കെട്ടിടമില്ലായിരുന്നു. അപ്പോ അവരേതെങ്കിലും പഴയ വീട് വാടകക്കെടുക്കും. എന്നിട്ട് മുറ്റത്ത് വലിയൊരു ഓലഷെഡുണ്ടാക്കും. അതിലായിരിക്കും റിഹേഴ്സലും അണിയറ പ്രവർത്തനങ്ങളും. ആ നാടകവുമായി ബന്ധപ്പെട്ട എല്ലാവരുമവിടെയുണ്ടാകും. ലൈവ് ഓർക്കസ്ട്ര തന്നെ ഏഴു പേരുണ്ടാകും. നടീനടന്മാര് ഏതാണ്ട് പത്തുപതിനഞ്ചു പേരും പിന്നെ മറ്റു ടെക്നീഷ്യന്മാരുമുൾപ്പെടെ ഏതാണ്ട് പത്തുമുപ്പതു പേരടങ്ങുന്ന ക്യാമ്പ് അന്നു നടന്നിരുന്നത് ഒന്നൊന്നര മാസമാണ്. കെ.പി.എ.സിയുടെ ക്യാമ്പെന്നു പറഞ്ഞാൽ ഒരുത്സവംപോലെയാണ്. എല്ലാ ദിവസവും സഖാക്കളുടെ ഒരു സംഘം തന്നെയുണ്ടാവും റിഹേഴ്സൽ കാണാനും എന്തെങ്കിലും സഹായിക്കാനും മറ്റുമായിട്ട്. വരുന്നവർക്കെല്ലാം ഭക്ഷണവുമുണ്ടാവും.
അത്രക്കും ജനകീയമായിരുന്നു അക്കാലം. ഇങ്ങനെയുള്ള ക്യാമ്പുകളിലേക്കാണ് അച്ഛനെന്നെ കൂടെ കൂട്ടിയത്. അവിടെ ചെന്നാലുടൻ നാടകത്തിനുവേണ്ട അസംസ്കൃത സാധനങ്ങളൊക്കെ സംഘടിപ്പിച്ച് കാർപെന്റേഴ്സിനെയൊക്കെ വിളിച്ച് സെറ്റിന്റെ വർക്കു തുടങ്ങും. ആദ്യ സമയങ്ങളിലൊക്കെ ഒട്ടും ആത്മവിശ്വാസമില്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ. കെ.പി.എ.സിയുടെ മുറ്റത്തെ മാവിൻതണലിലിരുന്ന് അച്ഛൻ സെറ്റ് വരക്കുമ്പോൾ ഈ ജന്മത്തിൽ എന്നെക്കൊണ്ടിങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ എന്നു ചിന്തിച്ച് വിഷമിച്ചിട്ടുണ്ട്. കാരണം, അച്ഛനാ സമയത്തുതന്നെ പകരക്കാരനില്ലാത്ത ‘രംഗശിൽപം ആർട്ടിസ്റ്റ് കേശവൻ’ എന്ന ഒറ്റപ്പേരുകാരനായി മലയാള നാടകലോകത്ത് സ്ഥാനമുറപ്പിച്ചിരുന്നു. ആ നിലയിൽ നിൽക്കുന്ന അച്ഛന്റെയടുത്താണ് ഒരു കഴിവുമില്ലാത്ത ഞാൻ ചെന്നുപെട്ടിരിക്കുന്നത്.
എങ്കിലും അച്ഛന്റെ സ്നേഹ നിർബന്ധങ്ങൾക്കു വഴങ്ങി ഈ ക്യാമ്പുകളിലൊക്കെ അണിയറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോയപ്പോൾ ആർട്ടിസ്റ്റുകളും ടെക്നീഷ്യന്മാരുമുൾപ്പെടെ കുറേ ആളുകളുമായി പരിചയപ്പെട്ടു. പിന്നെ, പാട്ടുകളൊക്കെ ക്യാമ്പിലിരുന്ന് എഴുതി ട്യൂൺ ചെയ്യുന്നതും പാട്ടുകാരെ പഠിപ്പിക്കുന്നതും തൊട്ടപ്പുറത്തിരുന്ന് കാണാനും കേൾക്കാനുമുള്ള അവസരങ്ങളൊക്കെയുണ്ടായപ്പോൾ പതുക്കെ പതുക്കെ ചെറുതായി താൽപര്യമൊക്കെ വന്നു തുടങ്ങി. 1968ല്‍ കോട്ടയത്ത് നാഷനല്‍ തിയറ്റേഴ്സിന്റെ ‘രാഗം’ എന്ന നാടകം മുതലാണ് ഞാന്‍ അച്ഛനോടൊപ്പം നാടക ക്യാമ്പുകളില്‍ സജീവമാകുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു നാടകമായിരുന്നു രാഗം. പി.ജെ. ആന്റണി രചനയും സംവിധാനവും നിർവഹിച്ച ആ നാടകത്തിൽ ഒ.എന്‍.വി എഴുതിയ ഏഴു ഗാനങ്ങളുണ്ടായിരുന്നു. സംഗീതം നല്‍കിയത് അര്‍ജുനന്‍ മാഷായിരുന്നു. അക്കാലത്താണ് അർജുനന്‍ മാഷും കുമരകം രാജപ്പനുമായും എനിക്കു നല്ല അടുപ്പമുണ്ടാവുന്നത്.
കോട്ടയം ചെല്ലപ്പന്‍, ഡി. ഫിലിപ്പ്, മണവാളന്‍ ജോസഫ്, കെ.പി.എ.സി സുലോചന, കെ.പി.എ.സി ഖാന്‍ തുടങ്ങി അക്കാലത്തെ മികച്ച അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമായിരുന്നു നാടകത്തിന്റെ വിജയത്തിനു പിന്നിൽ. അന്നൊക്കെ ലൈവ് ഓർക്കസ്ട്രയാണ്. പാട്ടുപാടി അഭിനയിക്കുക എന്നതായിരുന്നു രീതി. അനുഗൃഹീത ശബ്ദത്തിനുടമയായിരുന്നു സുലോചന ചേച്ചി. പാടിയഭിനയിച്ച് നല്ല തഴക്കവും വഴക്കവും വന്നയാളായതുകൊണ്ട് അപാര മൈക്ക് സെൻസായിരുന്നു. നാടകത്തിലെ ഒരു പ്രധാന കഥാപാത്രമായി വേഷമിട്ട്, വേദിയുടെ മധ്യഭാഗത്തായി തൂക്കിയിട്ടിരിക്കുന്ന ഒരു മൈക്കിലൂടെ ലൈവായി പാടിയഭിനയിക്കുകയെന്നത് അത്ര നിസ്സാരപ്പെട്ട കാര്യമല്ല. അതും ആ കഥാപാത്രത്തിനു വേണ്ട അംഗചലനങ്ങളോടെ.
കെ.പി.എ.സിയുടെ ആദ്യകാലത്ത് നാടകത്തിനു മുമ്പ് സുലോചന ചേച്ചിയും കെ.എസ്. ജോർജും അവതരിപ്പിക്കുന്ന വിപ്ലവഗാനമേള കേൾക്കാൻ ഗ്രൗണ്ടു നിറയെ ആളെത്തുമായിരുന്നു. അന്നൊക്കെ തെക്കൻ പ്രദേശത്തേക്കും മലബാറിലോട്ടുമൊക്കെ നാടകം കളിക്കാൻ ചെല്ലുമ്പം ഇന്നത്തെ കാലത്ത് സിനിമാ താരങ്ങൾക്ക് കിട്ടുന്നതുപോലത്തെ സ്വീകരണമായിരുന്നു അവർക്കൊക്കെ കിട്ടിയിരുന്നത്. അതുപോലെതന്നെ നാടകവണ്ടി ചെന്നു നിർത്തിയാലുടൻ ഇവരെയൊക്കെയൊന്നു കാണാനും മിണ്ടാനുമൊക്കെയായിട്ട് ആരാധകരുടെ തിരക്കൊന്നു കാണണം. അതൊക്കെ നേരിൽ കണ്ട ഒരാളെന്ന നിലക്കാ ഞാനിത്ര കൃത്യമായി പറയുന്നത്. അവരുടെയൊക്കെ അഭിനയപ്രകടനത്തിന് നേരിൽ കിട്ടുന്ന അംഗീകാരമായിരുന്നു അത്. സത്യം പറഞ്ഞാൽ അവരൊക്കെ അഭിനയിക്കുകയല്ല, കഥാപാത്രമായി അരങ്ങിലങ്ങ് ജീവിക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ പണ്ടേ അവർ സിനിമാറ്റിക്കായിരുന്നു.

മന്ത്രി കെ.സി. ജോസഫിൽനിന്ന് അവാർഡ് സ്വീകരണം
സ്വതന്ത്രമായി വർക്ക് ചെയ്തു തുടങ്ങിയത് ഏതു നാടകത്തിനാണ്?
’73ൽ കോട്ടയം നാഷനൽ തിയറ്റേഴ്സിനുവേണ്ടി എ.എൻ. ഗണേഷ് രചനയും സംവിധാനവും നിർവഹിച്ച ‘നിശാസന്ധി’ എന്ന നാടകത്തിലാണ് അച്ഛന്റെ ആവശ്യപ്രകാരം സ്വതന്ത്രമായി ഒരു സെറ്റ് ഡിസൈൻ ചെയ്യുന്നത്.
ഒന്നുകൂടി വിശദമാക്കാമോ?
സ്വതന്ത്രമായി ഒരു രംഗപടം ചെയ്തു എന്നവകാശപ്പെടണമെങ്കിൽ ആ നാടകം മുഴുവൻ കേട്ട് കഥക്കനുയോജ്യമായ രീതിയിൽ സെറ്റ് ഡിസൈൻ ചെയ്യണം. എന്നുവെച്ചാൽ സംവിധായകനു തൃപ്തിയാവുന്ന രീതിയിൽ ഒരു ഡ്രോയിങ് ഉണ്ടാക്കി സ്റ്റേജിന്റെ പരിമിതമായ അളവിനുള്ളിലൊതുക്കി ആ സെറ്റു ചെയ്യുക എന്നതാണ് പ്രധാനം.
നാടകം വായിച്ചു കേട്ട് ആദ്യമായി ചെയ്ത സെറ്റെന്തായിരുന്നു? ആ സെറ്റിനെക്കുറിച്ച് സമിതിയുടെയും ജനങ്ങളുടെയും പ്രതികരണം?
രണ്ടു വ്യത്യസ്ത രംഗപശ്ചാത്തലങ്ങളാണ് ‘നിശാസന്ധി’ എന്ന നാടകത്തിനുവേണ്ടി ചെയ്തത്. ഒന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരു വിജനമായ സ്ഥലവും ട്രാക്കിനോട് ചേർന്നുള്ള ആ പ്രദേശത്ത് ഒരു മരവും. ആ മരച്ചോട്ടിലാണ് നാടകം നടക്കുന്നത്. രണ്ടാമത്തേത് ഒരു റെയിൽവേ ക്വാർട്ടേഴ്സും അതിലെ ഒരു മുറിക്കകവും. അന്നത്തെ കാലത്തൊക്കെ സിഗ്നൽ പോസ്റ്റിൽ െവച്ചിരുന്നത് ഒരു കൈ പോലുള്ള ചൂണ്ടുപലകയായിരുന്നു. അതിൽ പച്ച മഞ്ഞ ചുവപ്പ് ലൈറ്റുകൾ. ട്രെയിൻ വരുന്നതിന് മുന്നോടിയായി ചൂണ്ടുപലക നീങ്ങി പച്ച ലൈറ്റ് മാത്രം തെളിയുമ്പോൾ ട്രെയിൻ കടന്നുപോകും. അത് വളരെ ഭംഗിയാംവണ്ണം ചലനാത്മകതയോടെ ചെയ്തപ്പോൾ പ്രേക്ഷകർക്ക് അതൊരു പുതുമയാർന്ന കൗതുകക്കാഴ്ചയായിരുന്നു.
അച്ഛനൊന്നും പറഞ്ഞില്ലേ?
ആ സെറ്റിന്റെ വർക്കിനിടയിൽ കർട്ടൻ വരക്കുമ്പോൾ മാത്രം ചില നിർദേശങ്ങൾ നൽകിയെന്നല്ലാതെ അച്ഛനങ്ങനെ നേരിട്ട് അഭിനന്ദിക്കുന്ന ആളൊന്നുമായിരുന്നില്ല. അച്ഛന്റെ തൃപ്തി ആ മുഖഭാവത്തിലെനിക്കറിയാം. അച്ഛന്റെ കൂടെക്കൂട്ടിയ ആദ്യകാലത്തൊക്കെ ഓരോന്നു ചെയ്യുമ്പോൾ അഭിനന്ദിച്ചിട്ടുമുണ്ട്.
‘നിശാസന്ധി’ നല്ലവണ്ണം കളിച്ച നാടകമല്ലേ?
അതേയതെ. നല്ല നാടകമായിരുന്നു. അതിനേക്കാളുപരി ഒന്നിനൊന്നു മികച്ച നടീനടന്മാർ. അച്ചൻകുഞ്ഞും ഡി. ഫിലിപ്പും അബൂബക്കറുമൊക്കെ ആ നാടകത്തിൽ ജീവിക്കുകയായിരുന്നു എന്നുവേണം പറയാൻ. അബൂബക്കറെ മനസ്സിലായില്ലേ? ഇപ്പോഴത്തെ നടന്മാരായ നിയാസിന്റെയും നവാസിന്റെയുമൊക്കെ ബാപ്പ. ഓ, അറിയാം. ‘വാത്സല്യം’ സിനിമയിലെ അമ്മാമയെന്ന ഒറ്റ വേഷം മതിയല്ലോ അദ്ദേഹത്തെ ഓർക്കാൻ..! അതുപോലെ തന്നെ കോട്ടയം ബോട്ടുജെട്ടിയിലെ ചുമട്ടുതൊഴിലാളിയായ അച്ചൻകുഞ്ഞു ചേട്ടന്റെ അഭിനയപാടവത്തെക്കുറിച്ചും പറഞ്ഞുകേട്ടിട്ടുണ്ട്.
അബൂബക്കറിന്റെ പ്രകടനമെന്നു പറഞ്ഞാ അതിന്റെയൊപ്പമൊരാളുമെത്തുകേലാരുന്നു. അത്രക്കും അപാര നടനായിരുന്നു. സത്യം പറഞ്ഞാ അക്കാലത്ത് ഞാൻ അദ്ദേഹത്തിന്റെ വലിയ ഒരാരാധകനായിരുന്നു. മൺമറഞ്ഞുപോയ ആ കലാകാരനോടുള്ള സ്മരണാഞ്ജലിയായി അദ്ദേഹമഭിനയിച്ച ‘നിശാസന്ധി’ എന്ന നാടകം ഞങ്ങൾ പിന്നീട് ചെയ്തിട്ടുണ്ടെങ്കിലും അതൊന്നുകൂടി അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. പിന്നെ അച്ചൻകുഞ്ഞു ചേട്ടനും അതുല്യനായ നടനായിരുന്നു. ഭരതന്റെ സിനിമകളിലൂടെ അദ്ദേഹത്തിന്റെ ഗംഭീര വേഷമൊക്കെ പിന്നീടുള്ള തലമുറ കണ്ടിട്ടുള്ളതല്ലേ..? ഒരിക്കൽ മാമ്മൻമാപ്പിള ഹാളിൽ നാടകത്തിന് ടിക്കറ്റെടുക്കാൻ ആളുകള് ക്യൂ നിൽക്കുമ്പോ അവരു കാണാൻ നിൽക്കുന്ന നാടകത്തിൽ അഭിനയിക്കുന്ന നടനാണെന്നറിയാതെ അവരുടെ മുന്നിലൂടെ ലോഡു നിറച്ച കൈവണ്ടീം വലിച്ചുകൊണ്ട് അച്ചൻകുഞ്ഞു ചേട്ടൻ പോയിട്ടുണ്ട്. അവരൊക്കെ തകർത്തഭിനയിച്ച ‘നിശാസന്ധി’ എന്ന ആ നാടകത്തിന്റെ വിജയംകൊണ്ട് സെറ്റിന് വലിയ സ്വീകാര്യത ലഭിച്ചപ്പോഴാണ് എനിക്ക് ഈ രംഗത്ത് എന്തെങ്കിലും ചെയ്യാൻ പറ്റുമെന്നൊരു ആത്മവിശ്വാസം ഉണ്ടായത്.

അച്ഛൻ ആർട്ടിസ്റ്റ് കേശവനൊപ്പം സുജാതൻ ആദ്യമായി കെ.പി.എ.സിയിലേക്ക് (ചിത്രകാരന്റെ ഭാവനയിൽ)
അതിനു ശേഷമാണോ പോസ്റ്ററിൽ പേരു വരാൻ തുടങ്ങിയത്?
പിന്നീടങ്ങനെ അച്ഛനൊപ്പം സെറ്റുകൾ ചെയ്ത് തുടങ്ങിയപ്പോൾ അച്ഛന്റെ പേരിനൊപ്പം ‘ആർട്ടിസ്റ്റ് കേശവൻ സുജാതൻ’ എന്ന് എന്റെ പേരുകൂടി ചേർത്തുവെക്കാൻ തുടങ്ങി.
കർട്ടനിൽനിന്നും കട്ടൗട്ടിലേക്കു മാറിയത് എന്നു മുതൽക്കാണെന്നോർക്കുന്നുണ്ടോ?
ആദ്യകാലം തൊട്ടേ കർട്ടനുകളോട് ചേർന്ന് വളരെ ചെറിയ കട്ടൗട്ടുകൾ ചെയ്തുതുടങ്ങിയിരുന്നു. 1968 മുതൽക്കാണ് രംഗശിൽപം എന്ന രീതിയിൽ സെറ്റുകൾക്ക് പ്രാധാന്യം കൊടുത്തു തുടങ്ങിയതെന്നാണ് ഓർമ.
1967 മുതൽ 1979 വരെയുള്ള കാലയളവിലാണല്ലോ അച്ഛനൊരുമിച്ചു സെറ്റുകൾ ചെയ്തത്. അക്കാലത്തെ ഓർമകളിൽ അച്ഛൻ നിറഞ്ഞുനിൽക്കുകയല്ലേ..?
പിന്നേ. എത്രയെത്ര ക്യാമ്പുകൾ. എത്രയെത്ര ഓർമകൾ. പറഞ്ഞാൽ തീരാത്തത്രയുമുണ്ട്. പഴയൊരു സൈക്കിളിൽ അതിന്റെ ഏറ്റവും കുറഞ്ഞ വേഗത്തിൽ ചവിട്ടി നീങ്ങുന്ന അച്ഛന്റെ ഒരു ചിത്രമാണ് ആദ്യം തെളിയുന്നത്. ഏതു ക്യാമ്പിൽ ചെന്നാലും കളറും അനുബന്ധ സാധനങ്ങളുമൊക്കെ പോയി വാങ്ങാൻ വേണ്ടി ഒരു സൈക്കിൾ സംഘടിപ്പിച്ചുവെക്കും. അതച്ഛന്റെയൊരു ശീലമായിരുന്നു. എന്റെ കുട്ടിക്കാലത്ത് പലപ്പോഴും കാരാപ്പുഴ സ്കൂളീന്ന് പഠിത്തോം കഴിഞ്ഞ് നടന്നുവരുന്ന സമയത്ത് ദൂരേ നിന്ന് സൈക്കിളു ചവിട്ടിവരുന്ന അച്ഛനെ കാണും. അടുത്തെത്തുമ്പം ഞാനച്ഛനെ നോക്കി ചിരിക്കും. പക്ഷേ അച്ഛൻ ചിരിക്കാതെ മുന്നോട്ടുപോവുമ്പോൾ ഞാനൊന്നു സംശയിക്കും. അച്ഛനെന്നെ കണ്ടില്ലേ, അതോ കാണാത്ത പോലെ പോകുന്നതാണോ..? പിന്നെപ്പിന്നെയല്ലേ കാര്യം മനസ്സിലായത്. സൈക്കിൾ ചവിട്ടിപ്പോവുമ്പോൾ നേരേയല്ലാതെ ഇടംവലമുള്ള ഒന്നിനെയും അച്ഛൻ ശ്രദ്ധിക്കത്തില്ലെന്ന്.
ആദ്യമായി ‘രംഗപടം സുജാതൻ’ എന്ന പേരിൽ വന്ന നാടകം?
1983ൽ അച്ഛന്റെ മരണശേഷമാണ് സ്വന്തം പേരുമാത്രം വെച്ചു തുടങ്ങിയത്. ഏതു നാടകമാണെന്ന് കൃത്യമായിട്ടോർക്കുന്നില്ല.
ഏതു നാടകത്തിലാണ് അച്ഛൻ അവസാനമായി വരക്കുന്നത്?
കൊച്ചിൻ സംഗമിത്രയുടെ ‘അധ്യായം’ എന്ന നാടകത്തിന്റെ ഒരു കർട്ടനാണ് അച്ഛൻ അവസാനമായി വരച്ചത്. എഴുപത്തിയൊമ്പത് എൺപതൊക്കെയായപ്പോഴേക്കും അച്ഛന്റെ ആരോഗ്യം തീർത്തും മോശമായി. പിന്നെ വരക്കാനൊന്നും പറ്റാത്ത അവസ്ഥയിൽ വീട്ടിലിരിപ്പായപ്പോൾ തുടർന്നുള്ള എല്ലാ വർക്കുകളും ഞാനൊറ്റക്ക് ക്യാമ്പുകളിൽ പോയി ചെയ്യേണ്ടതായി വന്നു. അച്ഛനൊപ്പമുണ്ടായിരുന്ന സമയത്തുതന്നെ നാടകലോകമെന്നെക്കൂടി സ്വീകരിച്ചിരുന്നതുകൊണ്ട് ഒരിടത്തുനിന്നും ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. അതിനുള്ള പ്രധാന കാരണമെന്നതാന്നു ചോദിച്ചാ ആർട്ടിസ്റ്റ് കേശവന്റെ മകനെന്നുള്ള പരിഗണന കൊണ്ടു മാത്രമാണ്.
സംസ്ഥാന സർക്കാർ ആദ്യമായി രംഗപടത്തിന് അവാർഡ് പ്രഖ്യാപിക്കുന്നത് ഏതു നാടകത്തിന്റെ സെറ്റിനായിരുന്നു?
എഴുപത്തിയെട്ടിലാണ് സംസ്ഥാന സർക്കാർ ആദ്യമായി നാടകത്തിന് അവാർഡ് ഏർപ്പെടുത്തുന്നത്. രംഗപടത്തിന് ആദ്യം അവാർഡ് ലഭിച്ചത് ആർട്ടിസ്റ്റ് ത്യാഗരാജനായിരുന്നു. ആലപ്പി തിയറ്റേഴ്സിന്റെ ‘കടലിന്റെ മക്കൾ’ എന്ന നാടകത്തിനായിരുന്നു എന്നാണോർമ. 1979ൽ ബാലൻ അയ്യമ്പിള്ളിയുടെ രചനയിൽ സതീഷ് സംഗമിത്ര സംവിധാനം ചെയ്തഭിനയിച്ച കൊച്ചിൻ സംഗമിത്രയുടെ ‘അധ്യായ’ത്തിന്റെ രംഗപടത്തിനാണ് എനിക്ക് അവാർഡ് ലഭിച്ചത്. പിന്നീട് സംഗമിത്രയുടെ തന്നെ സോമസൗഥം, കന്യാകുമാരിയിൽ ഒരു കടങ്കഥ, ആയിരം സൂര്യഗായത്രികൾ, ആകാശവാണിഭം തുടങ്ങിയ നാടകങ്ങൾക്കും അവാർഡ് ലഭിച്ചിട്ടുണ്ട്.
ഇരുപത്തിയെട്ടു കൊല്ലം പ്രഫഷനൽ നാടകങ്ങളുടെ അണിയറ ശിൽപികളിൽ പ്രധാനിയായി, മലയാള നാടകവേദിയുടെ വളർച്ചക്ക് തന്റേതായ സംഭാവന നൽകി, മനസ്സിൽ പിൻഗാമിയായിട്ടുറപ്പിച്ച തന്റെ മകനെ വളരെ ചെറുപ്പത്തിൽ തന്നെ കൂെടക്കൂട്ടി രംഗപടത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച് മലയാള പ്രഫഷനൽ നാടകവേദിയിൽ ഇന്ന് ‘കലാരത്ന ആർട്ടിസ്റ്റ് സുജാതൻ’ എന്ന പേരിലേക്കെത്താൻ മാർഗദീപം തെളിയിച്ച ആർട്ടിസ്റ്റ് കേശവൻ എന്ന ആ വലിയ കലാകാരന് അക്കാലത്ത് അർഹിച്ച അംഗീകാരങ്ങളെന്തെങ്കിലും കിട്ടിയിരുന്നോ?
1978ൽ നാടകരംഗത്തെ സമഗ്രസംഭാവനയെന്ന പേരിൽ അക്കാദമി നൽകിയ ഒരവാർഡ് അച്ഛനു ലഭിച്ചിട്ടുണ്ട്. 1958ൽ സംഗീതനാടക അക്കാദമി രൂപവത്കൃതമായിട്ടുണ്ടായിരുന്നെങ്കിലും പ്രഫഷനൽ നാടകങ്ങൾക്ക് സർക്കാർ തലത്തിലുള്ള അവാർഡ് കൊടുക്കാൻ വൈകിയത് മനഃപൂർവമാണെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ, രംഗപടത്തിന് അച്ഛനൊരവാർഡ് വാങ്ങാൻ പറ്റാതെ പോകേണ്ടിവന്നതിലുള്ള വിഷമം അന്നുമിന്നും എന്റെയുള്ളിലുണ്ട്. വയ്യാണ്ടിരുന്ന സമയത്താണെങ്കിലും എനിക്കു കിട്ടിയ അവാർഡു കാണാൻ അച്ഛനുണ്ടായല്ലോ എന്നതായിരുന്നു ഏക ആശ്വാസം. ആദ്യത്തെ ആ അവാർഡ് അച്ഛനു കിട്ടിയതായിട്ടാണ് ഞാൻ കരുതുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ അത് അച്ഛനുള്ള എന്റെ ഗുരുദക്ഷിണയുമായി.
നാടകവും സിനിമയും സാഹിത്യവുമായി കോട്ടയം കേന്ദ്രമാക്കി പ്രവർത്തിച്ചവരുടെയും നിലവിൽ ഈ രംഗത്തുള്ളവരുടെയും ചെറിയൊരു ലിസ്റ്റ് നോക്കിയാൽ ഒരു നീണ്ടനിരതന്നെയുണ്ടാകും. അങ്ങനെ നോക്കിയാൽ കോട്ടയം അന്നുമിന്നും കലാ-സാഹിത്യ-സിനിമാ പ്രവർത്തകരുടെ ഒരു പ്രധാനകേന്ദ്രം തന്നെയാണല്ലേ?
ഒട്ടും സംശയിക്കേണ്ട കാര്യമില്ല. കലയെയും കലാപ്രവർത്തകരെയും എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള മണ്ണാണ് കോട്ടയത്തിന്റേത്. അതിലെനിക്കു കിട്ടിയ ഭാഗ്യമെന്നതാന്നു വെച്ചാ അച്ഛനടക്കമുള്ള മേൽപ്പറഞ്ഞ പഴയ തലമുറയിൽ തുടങ്ങി ഇപ്പോഴെത്തിനിൽക്കുന്ന ആറാം തലമുറ വരെയുള്ളവരോടൊപ്പം വർക്കു ചെയ്യാൻ പറ്റി എന്നുള്ളതാണ്. രംഗശിൽപജീവിതത്തിൽ കഴിഞ്ഞ അമ്പത്തിയേഴു കൊല്ലമായി ഞാനീ കോട്ടയം പട്ടണത്തിന്റെ ഓരപ്രദേശത്തുണ്ട്.
ഇക്കാലയളവിൽ സെറ്റിന്റെ രൂപകൽപനക്കു വേണ്ടി നാടകം വായിച്ചു കേട്ടതിൽ ഓർത്തിരിക്കുന്ന ഏതെങ്കിലുമൊരു നാടകവും അതിന്റെ വായനാനുഭവവും ഒന്നു പങ്കുവെക്കാമോ?
വായനാനുഭവത്തെക്കുറിച്ച് ചോദിക്കുമ്പോൾ പെട്ടെന്ന് ഞാനോർത്തു പോകുന്നത് എസ്.എൽ പുരം സാറ് ‘കാട്ടുകുതിര’യുടെ സ്ക്രിപ്റ്റ് വായിച്ചതാണ്. കഥാപാത്രങ്ങളുടെ സ്ലാങ്ങനുസരിച്ച് വികാരവിക്ഷോഭങ്ങളടക്കം മോഡുലേഷനോടെ എത്ര ഭംഗിയാംവണ്ണമാണെന്നോ സാറ് വായിച്ചു ഫലിപ്പിക്കുന്നത്. പിന്നീട് അങ്ങനൊരു വായന വേറൊരാളിൽനിന്നും കേട്ടിട്ടേയില്ല. ആ വായന കേട്ടിരിക്കുന്ന ആർട്ടിസ്റ്റുകൾക്ക് പിന്നെ ഒന്നും ചോദിച്ചറിയേണ്ട കാര്യമുണ്ടാവില്ല. കേട്ടതങ്ങ് ചുമ്മാ പറഞ്ഞാ മാത്രം മതി. അത്രക്കും തെളിമയാർന്ന വായനയായിരുന്നു സാറിന്റേത്. നേരത്തേ പല നാടകങ്ങളിലും പിന്നെ സ്വന്തം ട്രൂപ്പു നടത്തിയിട്ടും ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന രാജൻ പി. ദേവ് എന്ന നടനെ കേരളക്കരയാകെ തിരിച്ചറിഞ്ഞ നാടകം കൂടിയായിരുന്നു ‘കാട്ടുകുതിര’. പക്ഷേ, സിനിമ വന്നപ്പോൾ അദ്ദേഹത്തിന് ആ വേഷം ലഭിച്ചതുമില്ല! സിനിമയിൽ കൊച്ചുവാവയാകാനുള്ള ഭാഗ്യം ലഭിച്ചത് തിലകൻ ചേട്ടനായിരുന്നു. നാടകത്തിലെ കൊച്ചുവാവയാണ് മികച്ചതായി തോന്നിയത്.

സുജാതന്‍റെ അച്ഛൻ ആർട്ടിസ്റ്റ് കേശവൻ,ഭാര്യ ഐഷക്കൊപ്പം സുജാതൻ
നാടകം കണ്ടവർക്കു മാത്രമല്ലേ അത് തിരിച്ചറിയാൻ പറ്റൂ?
അതു ശരിയാണ്. ആ കഥാപാത്രം രാജന്റെ കൈകളിൽ അത്രമേൽ ഭദ്രമായിരുന്നു. സത്യത്തിൽ ഈ കൊച്ചുവാവയുടെ വേഷം നാടകത്തിൽ ചെയ്യേണ്ടിയിരുന്നത് കോട്ടയത്തെ കെ.കെ. ജേക്കബ് എന്ന അതുല്യ നടനായിരുന്നു. ചുരുക്കം ചില പഴയ നാടകക്കാർക്കു മാത്രമറിയാവുന്ന ആ സംഭവം എന്നതാന്നു വെച്ചാ ഞാൻ സൂര്യസോമയിൽ ചെന്ന് ‘കാട്ടുകുതിര’യുടെ സെറ്റിനെക്കുറിച്ചുള്ള ചർച്ചയും കഴിഞ്ഞ് മടങ്ങാൻ നേരത്ത് എസ്.എൽ പുരം സാറ് എന്നോടു പറഞ്ഞു, ‘‘സുജാതാ, താൻ കോട്ടയത്തു ചെന്നാലുടൻ ആ കെ.കെ. ജേക്കബിനെ കണ്ടിട്ട് ഒന്നിങ്ങോട്ടു വരാൻ പറയണം.’’ ഞാൻ ജേക്കബ് ചേട്ടന്റടുത്തു ചെന്ന് ഇക്കാര്യമവതരിപ്പിച്ചു. എല്ലാം കേട്ടേച്ച് പുള്ളി കുറെ നേരം ഒന്നും മിണ്ടാതെയിരുന്നു. കേരളത്തിൽ അറിയപ്പെടുന്ന നടനായിരുന്നിട്ടും സൂര്യസോമേന്നൊരു വിളിക്കു കാത്തുകാത്തിരുന്ന ആളായിരുന്നു ജേക്കബ് ചേട്ടൻ. അൽപനേരം കഴിഞ്ഞേച്ച് അദ്ദേഹം വല്ലാത്ത വിഷമത്തോടെ പറഞ്ഞു, ‘‘എന്റെ മോനേ, കലാശാലേടെ നാടകം അമേരിക്കേലവതരിപ്പിക്കാൻ പാസ്പോർട്ടൊക്കെ കൊടുത്തേച്ചിരിക്കുവാ.
ഇതിപ്പം വല്ലാത്ത ധർമസങ്കടത്തിലായിപ്പോയല്ലൊ!’’ എന്നെക്കൊണ്ട് പറ്റാവുന്ന രീതിയിൽ ആശ്വാസവാക്കുകൾ പറഞ്ഞേച്ച് ഞാനീ കാര്യം സാറിനെ വിളിച്ചുപറഞ്ഞു. അങ്ങനെ ആ നറുക്ക് രാജൻ പി. ദേവിനു വീണുകിട്ടി. നാടകത്തിൽ കെ.കെ. ജേക്കബു ചെയ്യേണ്ടിയിരുന്ന കൊച്ചുവാവ രാജൻ പി. ദേവ് ചെയ്തു. സിനിമയിൽ ആ വേഷം ചെയ്യാൻ കൊതിച്ചിരുന്ന രാജനെ നിരാശനാക്കി തിലകൻ ചേട്ടൻ കൊച്ചുവാവയായി. നിർഭാഗ്യവശാൽ ജേക്കബ് ചേട്ടന് അമേരിക്കേലോട്ട് പോകാനും പറ്റിയില്ല. ‘കാട്ടുകുതിര’ നാടകം കണ്ടപ്പോ ആ വേഷം നഷ്ടപ്പെട്ടതിൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര വിഷമമായിരുന്നു ജേക്കബ് ചേട്ടനുണ്ടായത്. എത്രയൊക്കെ പണിപ്പെട്ടിട്ടും എസ്.എൽ. പുരം സാറിന്റെ മോഡുലേഷൻ പോലെ ഇവർക്കാർക്കും ചെയ്യാൻ പറ്റിയില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. തിലകൻ ചേട്ടനും ഭാസി സാറും കെ.ടിയുമുൾപ്പെടെ എത്രയോ പേർ സ്ക്രിപ്റ്റ് വായിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ, അവരൊന്നും എസ്.എൽ.പുരത്തിന്റെ അത്രത്തോളമെത്തിയിട്ടില്ല.
തിലകൻ ചേട്ടനുമായുള്ള ആത്മബന്ധം?
തിലകൻ ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ഞങ്ങളു തമ്മിൽ വല്ലാത്തൊരു കെമിസ്ട്രിയുണ്ടായിരുന്നു. അദ്ദേഹത്തിന് നാടകം കഴിഞ്ഞേ മറ്റെന്തുമുണ്ടായിരുന്നുള്ളൂ എന്നത് എടുത്തുപറയേണ്ട കാര്യമാണ്. സിനിമയിൽ നല്ല തിരക്കായിരുന്ന സമയത്തുപോലും നാടകം സംവിധാനം ചെയ്യാൻവേണ്ടി രണ്ടു മാസമൊക്കെ മാറ്റിവെക്കും. നമ്മുടെ ലിജോയുടെ അച്ഛനില്ലേ ജോസ് പെല്ലിശ്ശേരി. അദ്ദേഹംകൂടി നിർമാണപങ്കാളിയായ ചാലക്കുടി സാരഥി തിയറ്റേഴ്സിന്റെ എല്ലാ നാടകങ്ങളും സംവിധാനംചെയ്തത് തിലകൻ ചേട്ടനായിരുന്നു. കേരളപുരം കലാം എഴുതിയ ‘ഫസഹ്’, ‘സാരഥ്യം’ തുടങ്ങി ആ കാലത്ത് സാരഥി ചെയ്ത നാടകങ്ങളെല്ലാം ഒന്നിനൊന്നു മികച്ചവയായിരുന്നു. നാടകത്തിന്റെ സ്ക്രിപ്റ്റ് വളരെ നേരത്തേതന്നെ കിട്ടണമെന്ന കർക്കശ സ്വഭാവക്കാരനായിരുന്നു തിലകൻ ചേട്ടൻ. അതുപോലെതന്നെ ആ നാടകത്തിന്റെ അരങ്ങിലും അണിയറയിലും വർക്കു ചെയ്യുന്ന എല്ലാവരും നാടകം വായിച്ചു കേട്ടിരിക്കണമെന്നും പറയും.
ഇന്നത്തെ കാലത്ത് ഇല്ലാത്ത ഒരു കാര്യവുമാണത്. വളരെ ചുരുക്കം ചില ആളുകൾ മാത്രമേ എന്നെ നാടകം വായിച്ചു കേൾപ്പിക്കാറുള്ളൂ. ബാക്കിയുള്ളവർ വന്നിട്ട് ഇങ്ങനെയൊരു വീടിന്റകം, അല്ലെങ്കിൽ പുറം, സീനറിയിൽ ഇന്നതൊക്കെ വേണം, അത്രയേയുള്ളൂ. അതേസമയം നാടകം വായിച്ചുകേൾക്കുമ്പോഴുള്ള വ്യത്യാസമെന്നതാന്നു വെച്ചാ, ഒരു സെറ്റിന്റെ രൂപവും പശ്ചാത്തല കർട്ടനും ആ നാടകത്തിനു കൊടുക്കേണ്ട ഒരു കളറും നമ്മുടെയുള്ളിൽ അറിയാതെ തെളിയുമെന്നുള്ളതാണ്. തിലകൻ ചേട്ടനൊക്കെ എഴുത്തുകാരൻ സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ ക്രിയാത്മകമായ നിർദേശങ്ങളും ആവശ്യമാണെങ്കിൽ ചില മാറ്റവും തിരുത്തലുമൊക്കെ പറയും. അങ്ങനെ നീണ്ട ചർച്ചകൾക്കുശേഷം ഒരു പെർഫെക്ട് സ്ക്രിപ്റ്റ് ആയാലേ റിഹേഴ്സലിന്റെ തീയതിപോലും നിശ്ചയിക്കൂ. ഈ സമയത്താണ് എന്റെ അടുക്കലേക്കു വരുന്നത്. എന്നോട് ക്യാമ്പിലോട്ടു വരാനൊന്നും പറയത്തില്ല. തിരുവനന്തപുരത്തു താമസിക്കുന്ന സമയത്തുപോലും സ്വയം കാറോടിച്ച് കോട്ടയത്തു വന്ന് സ്ക്രിപ്റ്റ് മുഴുവൻ വായിച്ചു കേൾപ്പിക്കും.
അങ്ങനെ ഒരിക്കൽ പുള്ളിക്കൊരു അപകടം പറ്റി യാത്ര ചെയ്യാൻ പറ്റാതിരുന്ന സമയത്ത് സാരഥിയുടെ നാടകത്തിന്റെ സെറ്റിനെക്കുറിച്ച് ഡിസ്കസ് ചെയ്യാൻ തിരുവനന്തപുരത്തോട്ടൊന്നു ചെല്ലാമോന്ന് ചോദിച്ചു. ഞാൻ ചെന്നു. ട്രൂപ്പിന്റെ നിർമാണ കാര്യദർശിയായ സി.പിയുണ്ട് കൂടെ. സ്ക്രിപ്റ്റ് വായിച്ചു കഴിഞ്ഞപ്പോ ഞാൻ ചോദിച്ചു. കഥയുടെ പശ്ചാത്തലം കലാകാരന്മാർ താമസിക്കുന്ന ക്വാർട്ടേഴ്സായതുകൊണ്ട് ലാറിബേക്കർ മാതൃകയിലുള്ള കുറച്ചു വീടുകളാവുന്നതല്ലേ നല്ലതെന്ന്. അതു കേട്ടയുടനെ ചിരിച്ചുകൊണ്ട് തിലകൻ ചേട്ടൻ സി.പിയോടു പറഞ്ഞു, ‘‘എങ്ങനിരിക്കുന്നു? ഇങ്ങനത്തൊരു സെറ്റാണ് ഞാൻ മനസ്സിൽ വിചാരിക്കുന്നതെന്ന് തന്നോടു ഞാൻ നേരത്തേ പറഞ്ഞില്ലേ? ഞാൻ മനസ്സിൽ വിചാരിച്ചതുതന്നെ ഇയാൾ പറഞ്ഞതു കേട്ടോ. അതാണ് ഞങ്ങളു തമ്മിലൊരു കെമിസ്ട്രിയുണ്ടെന്നു ഞാൻ പറയാറ്.’’ തിലകൻ ചേട്ടനെ ഓർക്കുമ്പോൾ എനിക്കു വല്ലാതെ ഫീലുചെയ്‌ത മറ്റൊരു സംഭവമുണ്ട്. സിനിമയിൽനിന്നും അൽപം അകന്നുമാറി നിന്ന സമയത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് അമ്പലപ്പുഴ അക്ഷരജ്വാല എന്നൊരു ട്രൂപ് തുടങ്ങി.
ആരോഗ്യപരമായി വല്ലാത്ത ബുദ്ധിമുട്ടനുഭവിക്കുന്ന കാലം. നടക്കാൻപോലും വയ്യാതിരുന്ന ആ സമയത്ത് വടിയും കുത്തിപ്പിടിച്ചാണ് ക്യാമ്പിലോട്ടു വന്നത്. നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ. ഈ മനുഷ്യനെന്നാത്തിനാ ഇങ്ങനെ ഇത്രയും റിസ്കെടുത്ത് നാടകം വർക്കുചെയ്യുന്നതെന്ന് ആ സമയം ഞാനാലോചിച്ചുപോയി എന്നതാണ് സത്യം. കട്ടിലിൽ ഒരു കുട്ടി കമിഴ്ന്ന് കിടന്ന് തലപൊക്കി നോക്കുംപോലെ കിടന്നു കൊണ്ടാണ് എന്നെ സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ചത്. അത്രക്കും ആത്മാർഥതയായിരുന്നു നാടകത്തിനോട്. അതുപോലെ തന്നെ ഒരു നടനു പ്രധാനമായും വേണ്ട രംഗബോധത്തിന്റെ കാര്യത്തിലും തിലകൻ ചേട്ടനെ വെല്ലാൻ ഒരാളുമുണ്ടായിരുന്നില്ല. ചങ്ങനാശ്ശേരി ഗീഥയുടെ ‘മണ്ണ്’, ‘രശ്മി’ തുടങ്ങിയ നാടകങ്ങളൊക്കെ എടുത്തുപറയേണ്ടവയാണ്. എന്നാൽ, പി.ജെ തിയറ്റേഴ്സിന്റെ ‘തീ’ എന്ന നാടകം കണ്ട മനുഷ്യരാരും തന്നെ അതിലെ കേന്ദ്ര കഥാപാത്രമായ പ്രഫസറെ അവതരിപ്പിച്ച തിലകനെന്ന നടനെ മറക്കത്തില്ല. പി.ജെ. ആന്റണി എഴുതി തിലകൻ ചേട്ടൻ സംവിധാനം ചെയ്തഭിനയിച്ച ‘തീ’ അത്രക്കും ഗംഭീരമായിരുന്നു.
രംഗവേദിയുടെ പരിമിതമായ ചുറ്റളവിൽ താൽക്കാലികമായി കെട്ടിനിർത്തിയിരിക്കുന്ന കട്ടൗട്ടിലെങ്ങാനും രംഗബോധമില്ലാതെ ഒന്നമർത്തി ചാരിയാൽ അതു മറിഞ്ഞു വീഴും. ‘തീ’ നാടകത്തിലെ ഒരു ഗാനരംഗത്തിനിടയിൽ, പശ്ചാത്തലത്തിൽ രണ്ടു സ്ഥലത്തായി സെറ്റു ചെയ്തിരിക്കുന്ന കൈവരിയിൽ തിലകൻ ചേട്ടൻ കാലിൻമേൽ കാൽകയറ്റി ഇരുന്നും ഭിത്തിയിൽ ചാരിയിരുന്നുമൊക്കെ അഭിനയിക്കുന്നതു കാണുമ്പോ നമ്മളത്ഭുതപ്പെട്ടുപോകും. സത്യത്തിൽ ആ സെറ്റിൽ ചെറുതായൊന്നു തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ഒറ്റക്കാലിൽ ബലം കൊടുത്തു ഇരിക്കുന്നതാണെന്ന് തിലകൻ ചേട്ടന് മാത്രമേ അറിയൂ. ഇരിക്കുന്നതായും ഭിത്തിയിൽ ചാരുന്നതായുമൊക്കെ കാണികളെ തോന്നിപ്പിച്ചിട്ടുണ്ടെങ്കിൽ അത് അത്രക്കും അഭിനയസമ്പത്തും രംഗബോധവുമുള്ളതുകൊണ്ടാണ്. എന്റെ നാടകജീവിതത്തിൽ ഞാൻ കണ്ട മികച്ച നടന്മാരിൽ പ്രധാനി തിലകൻ ചേട്ടനാണ്.

‘കാട്ടുകുതിര’ നാടകം വീണ്ടും അവതരിപ്പിച്ചപ്പോൾ ആനക്കാരൻ രാമൻ നായരായി ആർട്ടിസ്റ്റ് സുജാതൻ അരങ്ങത്ത്
പഴയകാല നാടകകൃത്തുക്കളുടെ രചനാരീതി?
പഴയകാല നാടകകൃത്തുക്കൾ എന്നു പറയുമ്പോൾ ഞാൻ ജനിക്കുന്നതിനു മുമ്പുള്ള നാടകകൃത്തുക്കളെപ്പറ്റി പറഞ്ഞു കേട്ടും വായിച്ചുമുള്ള അറിവേയുള്ളെങ്കിലും തുടക്കക്കാരിൽ കുറച്ചു പേരെയെങ്കിലും പറയാതെ പോവുന്നത് ശരിയല്ലല്ലോ! മലയാള പ്രഫഷനല്‍ നാടകവേദിയുടെ തുടക്കം 1903ല്‍ കെ.സി. കേശവപിള്ളയുടെ സംഗീതനാടകം ‘സദാരാമ’യിലൂടെയാണെന്നാണ് ചരിത്രം പറയുന്നത്. 1929ൽ വി.ടി. ഭട്ടതിരിപ്പാട് രചിച്ച ‘അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്’ എന്ന സാമൂഹിക നാടകം ആ സമൂഹത്തിലെ അനാചാരങ്ങളെ തുറന്നുകാട്ടി. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ-സാമൂഹിക നാടകം കെ. ദാമോദരന്റെ ‘പാട്ടബാക്കി’യാണ്. ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’യും സി.ജെ. തോമസിന്റെ പ്രധാന നാടകമായ ‘അവൻ വീണ്ടും വരുന്നു’വും മലയാള നാടകങ്ങൾക്കു ഒരു പുതിയ മാനം നൽകി. 1945ൽ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ വേറിട്ട അവതരണ ശൈലിയുമായി ‘സ്ത്രീ’, ‘മായ’ എന്നീ നാടകങ്ങളുമായി പ്രഫഷനലിസത്തിനൊരു പുതിയ മുഖം നല്‍കി. 1950ൽ രൂപംകൊണ്ട കെ.പി.എ.സി 1952ൽ അവതരിപ്പിച്ച ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം കേരളമാകെ ഇടതുപക്ഷ ആശയങ്ങളുടെ പ്രചാരണത്തിന് പ്രധാന പങ്കുവഹിച്ചു.

