‘ഒരാളുപോലും ഈ രംഗത്തേക്കു വരാത്തത് നിരാശജനകം’

മലയാള നാടകത്തിലെ എക്കാലത്തെയും മികച്ച രംഗപടങ്ങൾ ഒരുക്കിയ വ്യക്തിയാണ് ആർട്ടിസ്റ്റ് സുജാതൻ. തന്റെ കലയെക്കുറിച്ചും വരയിലെ വഴിയിലെ മുൻഗാമിയായ അച്ഛനെക്കുറിച്ചും നാടകങ്ങളെക്കുറിച്ചും ആർട്ടിസ്റ്റ് സുജാതൻ കഥാകൃത്തുകൂടിയായ വി.എം. വിനോദ് ലാലിനോട് സംസാരിക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച. Artist Sujathan is the person who created the best scenes ever in Malayalam dramaജഗതി എൻ.കെ. ആചാരിയും ജി. ശങ്കരപ്പിള്ളയും കാവാലവും പി.എം. താജും വാസു പ്രദീപുമൊക്കെ വേറിട്ട നാടകപ്രതിഭകളായി വന്നു... എനിക്കു നേരിട്ടറിയാവുന്ന നാടകകൃത്തുക്കളുടെ രചനാരീതി െവച്ചുനോക്കുമ്പോൾ ഒരു വിഭാഗത്തിൽപെടുത്താൻ പറ്റുന്നവരാണ് എസ്.എൽ പുരവും തോപ്പിൽ ഭാസിയും പി.ജെ....
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മലയാള നാടകത്തിലെ എക്കാലത്തെയും മികച്ച രംഗപടങ്ങൾ ഒരുക്കിയ വ്യക്തിയാണ് ആർട്ടിസ്റ്റ് സുജാതൻ. തന്റെ കലയെക്കുറിച്ചും വരയിലെ വഴിയിലെ മുൻഗാമിയായ അച്ഛനെക്കുറിച്ചും നാടകങ്ങളെക്കുറിച്ചും ആർട്ടിസ്റ്റ് സുജാതൻ കഥാകൃത്തുകൂടിയായ വി.എം. വിനോദ് ലാലിനോട് സംസാരിക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച.
Artist Sujathan is the person who created the best scenes ever in Malayalam drama
ജഗതി എൻ.കെ. ആചാരിയും ജി. ശങ്കരപ്പിള്ളയും കാവാലവും പി.എം. താജും വാസു പ്രദീപുമൊക്കെ വേറിട്ട നാടകപ്രതിഭകളായി വന്നു...
എനിക്കു നേരിട്ടറിയാവുന്ന നാടകകൃത്തുക്കളുടെ രചനാരീതി െവച്ചുനോക്കുമ്പോൾ ഒരു വിഭാഗത്തിൽപെടുത്താൻ പറ്റുന്നവരാണ് എസ്.എൽ പുരവും തോപ്പിൽ ഭാസിയും പി.ജെ. ആന്റണിയും. അതേസമയം, കെ.ടി. മുഹമ്മദിന്റെയും എൻ.എൻ. പിള്ളയുടെയുമൊക്കെ കുറച്ചുകൂടി സീരിയസ് രചനകളായിരുന്നു. ഇവരെല്ലാംതന്നെ ഒന്നിനൊന്നു വ്യത്യസ്തരായ സംവിധായകരുമായിരുന്നു. കെ.ടിക്കും എൻ.എൻ. പിള്ള സാറിനും സെറ്റോ സീനറി കർട്ടനോ ഒന്നുമൊരു പ്രശ്നമേയല്ലായിരുന്നു. വെറും ബാക്ക് കർട്ടനിൽ മാത്രം ഗംഭീര നാടകങ്ങൾ ചെയ്ത പ്രതിഭകളാണ്. അത്രക്കും ശക്തമായ രചനകളായിരുന്നതുകൊണ്ട് രംഗപടം അതിനാവശ്യമേയില്ലായിരുന്നു. കെ.ടിയുടെ ‘സൃഷ്ടി’, ‘സ്ഥിതി’, ‘സംഹാരം’ നാടകത്രയത്തിലെ ഒരു നാടകത്തിൽ വർത്തമാനകാലം പറയാൻ പത്രത്താളുകൾപോലെ പ്രിന്റുള്ള ക്ലോത്ത് കൂട്ടിയടിച്ച് കർട്ടനാക്കി. മറ്റൊരു നാടകത്തിൽ ദാരിദ്ര്യത്തെ കാണിക്കാൻ ചാക്ക് കൂട്ടിയടിച്ച് കർട്ടനാക്കി.
കൊല്ലം കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി ‘കടല്‍പ്പാലം’, ‘മുത്തുച്ചിപ്പി’, ‘സ്വന്തം ലേഖകന്‍’ എന്നീ നാടകങ്ങളെഴുതി. ‘സ്വന്തം ലേഖകൻ’ നാടകത്തിന് ബാക് കർട്ടനിൽ മൂന്നു ഡോറുകൾ മാത്രം വരപ്പിച്ച് രംഗത്തൊരു സ്റ്റാൻഡിൽ ടെലിഫോൺ വെച്ചു. സീൻ ഓപണിങ്ങിൽ ഫോൺ റിങ് ചെയ്യും. ഒരു കഥാപാത്രം ഫോണെടുത്തിട്ട് പറയും ‘‘ഹലോ, ഇതു പത്രമോഫീസാണ്.’’ അങ്ങനെ ഓരോ സീനിലും ഓരോ സ്ഥലമാകും വിധത്തിലായിരുന്നു നാടകരചന. രചനയിലും രംഗാവതരണത്തിലും ഏറെ വ്യത്യസ്തനായിരുന്നു കെ.ടി. അദ്ദേഹത്തിന് രംഗപടത്തിനോട് എതിർപ്പോ താൽപര്യക്കുറവോ ഉണ്ടായിട്ടല്ല. ആ നാടകം രംഗപടം ആവശ്യപ്പെടുന്നുണ്ടോ, എങ്കിൽമാത്രം മതിയെന്ന അഭിപ്രായക്കാരനായിരുന്നു കെ.ടി, എൻ.എൻ. പിള്ള സാറും എസ്.എൽ പുരം സാറും അതു തെളിയിച്ചിട്ടുള്ളതാണ്. നാടകം ശക്തമാണോ, നല്ല അഭിനേതാക്കളാണോ കാണികൾക്കീ രംഗപടമൊന്നും ഒരു പ്രശ്നമേയല്ല. ദുർബല രചനയും നല്ല അഭിനേതാക്കളുമില്ലാതെ വരുകയും ചെയ്യുമ്പോഴാണ് ഈ കെട്ടുകാഴ്ചകളൊക്കെ വേണ്ടിവരുന്നത് എന്നാണ് എന്റെ ധാരണ. എന്നാൽ, രംഗപടമുണ്ടെങ്കിൽ നാടകത്തിന്റെ ആസ്വാദനക്ഷമത കൂട്ടാൻ അതുപകരിക്കുകയുംചെയ്യും എന്നുള്ളതിൽ തർക്കമില്ല.എൺപതുകളെന്നൊക്കെ പറയുന്നത് ഉത്സവത്തിനും പെരുന്നാളിനും ക്ലബുകളുടെ വാർഷികങ്ങൾക്കും പിന്നെ ഫൈനാർട്സ് സൊസൈറ്റികളിലുമൊക്കെയായി പ്രഫഷനൽ നാടകങ്ങൾ അരങ്ങുവാണിരുന്ന ഒരു കാലമായിരുന്നില്ലേ?
പ്രഫഷനൽ നാടകത്തിന്റെ ഒരു സുവർണ കാലഘട്ടമെന്നു പറയാവുന്നത് എൺപതു മുതൽ ഏതാണ്ട് തൊണ്ണൂറ്റിയഞ്ച്-തൊണ്ണൂറ്റിയെട്ട് വരെയാണ്. എൺപത്തിമൂന്നിൽ അച്ഛന്റെ വേർപാടിനുശേഷം എനിക്കു നിന്നുതിരിയാൻ പറ്റാത്തത്ര തിരക്കായി. അന്നൊക്കെ വർഷത്തിലേതാണ്ട് നൂറ് നൂറ്റിയിരുപത് നാടകത്തിനു വരെ സെറ്റു വരക്കേണ്ടി വന്നിട്ടുണ്ട്. ഇന്നത്തെപ്പോലെ സിനിമാറ്റിക് സ്റ്റൈലിൽ പത്തിരുപതു കർട്ടനും നാലഞ്ചു സെറ്റുമൊന്നും അന്നുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ അത്രമാത്രം. അന്നുപിന്നെ ഈ മേഖലയിൽ മറ്റൊരാളില്ലാതായിപ്പോയതും തിരക്കിനൊരു പ്രധാന കാരണമായിരുന്നു. പത്തുദിവസത്തെ ഉത്സവമാണെങ്കി പത്തു ദിവസോം നാടകം വെക്കുന്ന കാലമായിരുന്നു അത്. നാടകം തുടങ്ങുന്നതിന് അരമണിക്കൂറിനു മുമ്പുതന്നെ മൈതാനം നിറയെ ആളുണ്ടാകും. നിലത്ത് ചമ്രംപടിഞ്ഞിരുന്നാണ് നാടകം കാണുന്നതെന്നോർക്കണം. ഇപ്പോ പന്തലിട്ട് കസേരയിട്ടിട്ടുപോലും ആളില്ല. കാരണങ്ങൾ പലതുണ്ട്.
അതിലൊന്ന് സ്വന്തം വീട്ടിലെ സ്വീകരണമുറിയിലിരുന്ന് റിമോട്ട് ഞെക്കിയാൽ ടി.വിയിൽ തെളിയുന്ന സീരിയൽ തന്നെ. പിന്നെ ഇന്നത്തെപ്പോലെ പൊളിറ്റിക്കൽ കറക്ട്നസ്സെന്ന പുതുവാക്കിൽ തപ്പിത്തടഞ്ഞ് നിഘണ്ടു നോക്കി നാടകമെഴുതേണ്ട ഗതികേട് അന്നത്തെ എഴുത്തുകാർക്കുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ജാതീം മതോം രാഷ്ട്രീയോം ഒന്നും നോക്കാതെ കൊള്ളേണ്ടിടത്തു കൊള്ളാൻ പാകത്തിലുള്ള സാമൂഹിക രാഷ്ട്രീയ വിമർശനങ്ങളടങ്ങിയ ഉഗ്രൻ നാടകങ്ങളായിരുന്നു അന്നിറങ്ങിയിരുന്നത്. ഇന്നതില്ല എന്ന അർഥത്തിലല്ല ഞാനീ പറയുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പുതുതലമുറയിലെ പ്രതിഭകൾ നല്ല നാടകങ്ങൾ ചെയ്യുന്നുണ്ട്. അതുകൊണ്ട് ഒരു തിരിച്ചുവരവിന്റെ ചെറിയൊരു വെട്ടം കാണുന്നുണ്ടെന്നു പറയാം. പുതിയ തലമുറ വന്നപ്പോഴുണ്ടായ വ്യത്യാസമെന്നതാന്നുവെച്ചാ നാടകം സിനിമാറ്റിക്കായി. സെറ്റിനും ലൈറ്റിനും മ്യൂസിക്കിനുമൊക്കെ അമിത പ്രാധാന്യം വന്നു. ഇപ്പോ സിനിമാ തിരക്കഥ പോലെ പെട്ടെന്നാണ് സീനൊെക്ക മാറുന്നത്. അങ്ങനെ വന്നപ്പഴാണ് ഇരുപത്തഞ്ചു കർട്ടനും മൂന്നാലു സെറ്റുമൊക്കെയായത്.
തിരക്കുമൂലം പല സമിതികളുടെയും ഉദ്ഘാടന ദിവസം വേദിയുടെ പിറകിലിരുന്ന് സെറ്റ് വരച്ചുതീർത്തതായി കേട്ടിട്ടുണ്ട്?
എത്രയോ വർഷം, എത്രയോ തവണ. മിക്ക ട്രൂപ്പുകൾക്കും പിന്നെ അതൊരു ശീലമായെന്നു പറയാം. പറയുന്ന സമയത്തൊന്നും ചെല്ലാൻ പറ്റാത്തത്ര തിരക്കാവുമ്പോ എന്നാ ചെയ്യാൻ പറ്റും. സമിതിക്കാര് മിക്കവരും സഹകരിക്കുന്നവരായതുകൊണ്ടാണ് പരിക്കില്ലാതെ രക്ഷപ്പെട്ടത്. അക്കാലത്ത് മനസ്സിനു വല്ലാത്ത പ്രയാസമുണ്ടാക്കിയ ഒരു സംഭവം മാത്രം പറയാം. കായംകുളം സംസ്കാര എന്ന പേരിൽ കെ.പി.എ.സി സുലോചന ചേച്ചി ഒരു സമിതി തുടങ്ങി. ഓണത്തോടനുബന്ധിച്ചാണ് ഒട്ടുമിക്ക സമിതികളുടെയും നാടകത്തിന്റെ ഉദ്ഘാടനം. ചേച്ചിയുടെ നാടകവും ഓണത്തിനാണെന്നാണ് പറഞ്ഞത്. വരക്കാനുള്ള സമിതികളുടെ ഒരോർഡറുണ്ടാക്കി ഓണത്തിന്റെ ഒന്നൊന്നരയാഴ്ചക്കു മുന്നേതന്നെ ഞാൻ വീട്ടിൽനിന്നിറങ്ങും.
അങ്ങനെ ഒരോണക്കാലത്ത് തിരുവനന്തപുരം ഭാഗത്തേക്ക് സെറ്റ് ചെയ്യാൻ പോയപ്പോൾ സുലോചന ചേച്ചിയുടെ ക്യാമ്പിൽ കയറി നാടകത്തിന്റെ സെറ്റിൽ വെള്ളത്തുണി അടിച്ചുപിടിപ്പിച്ചിട്ട് സീനറി കർട്ടനും കൊടുത്തേച്ച് നാടകത്തിന്റെ തലേന്ന് വരാമെന്നും പറഞ്ഞ് ഞാൻ തിരുവനന്തപുരത്തേക്ക് പോയി. ഉത്രാടത്തിന്റന്ന് ചേച്ചിയുടെ ക്യാമ്പിൽ ചെന്നപ്പോൾ അവിടെ ഒരാളുമില്ല. ഓണത്തിന്റെ അന്നല്ല, ഉത്രാടത്തിന്റന്നായിരുന്നു നാടകം എന്നറിയുന്നത് അപ്പോഴായിരുന്നു. ഞാൻ വല്ലാതെ കണ്ട് വിഷമിച്ചു. ഞാനത്രയേറെ ബഹുമാനിക്കുന്ന സുലോചന ചേച്ചി ഒരു സമിതി ആരംഭിച്ചപ്പോൾ എന്റെ ഭാഗത്തുനിന്നുണ്ടായ ബുദ്ധിമുട്ട് അവർക്കെത്ര വിഷമമുണ്ടാക്കിക്കാണുമെന്നോർത്ത് വല്ലാത്ത പ്രയാസത്തോടെ ഞാൻ വീട്ടിലേക്ക് പോന്നു. പിറ്റേന്ന് ഫോണിലൂടെ സുലോചന ചേച്ചിയുടെ ചീത്തവിളി പ്രതീക്ഷിച്ചു. ഓരോ തവണ ഫോൺ ബെല്ലടിക്കുമ്പോഴും ചേച്ചിയാണെന്നു വിചാരിക്കും.
പിറ്റേദിവസം വിളിച്ചില്ല. അതിനടുത്ത ദിവസം ചേച്ചി വിളിച്ചു. നെഞ്ചിടിപ്പോടെ നിന്ന എന്നോട് വളരെ ശാന്തമായി ഒട്ടും ദേഷ്യമില്ലാതെ പറഞ്ഞു ‘‘മോനേ, ആ സെറ്റൊന്ന് വരച്ചു തരണമല്ലോ. അങ്ങോട്ട് കൊടുത്തു വിടട്ടെ.’’ അതു കേട്ടപാടെ എന്റെയുള്ളൊന്നു തണുത്തു. പിറ്റേന്ന് സെറ്റുമായി വന്നവരോട് കാര്യങ്ങൾ തിരക്കിയപ്പോഴല്ലെ ഞാൻ ഞെട്ടിയത്. വരക്കാത്ത സെറ്റാണെന്ന് ആർക്കും തോന്നിയില്ലെന്ന്. കാരണം, അക്കാലത്ത് പുതിയ കെട്ടിടങ്ങൾക്ക് വൈറ്റ് സിമന്റ് മാത്രം അടിച്ചിടുമായിരുന്നു. ഈ സെറ്റ് അത്തരം ഒരു കെട്ടിടമായിരിക്കുമെന്ന് കാണികൾ വിചാരിച്ചു. സെറ്റിന്റെ ബാക്കിൽ കെട്ടിയിരുന്ന സീനറി കർട്ടൻ എല്ലാം വരച്ചതായിരുന്നതുകൊണ്ട് സെറ്റിന്റെ അപൂർണത ആരും മനസ്സിലാക്കിയില്ല. അങ്ങനെ അബദ്ധങ്ങൾ ചെയ്ത് രക്ഷപ്പെട്ടിട്ടുമുണ്ട്. അങ്ങനെ പലയിടത്തും ഓടിയെത്താൻ പറ്റാതെ വന്ന അവസ്ഥയുണ്ടായപ്പോഴാണ് ഹാളൊരെണ്ണം പണിത് വർക്കെല്ലാം ഇവിടെ തന്നെയാക്കിയത്.
എന്റെ കുട്ടിക്കാലത്ത് അണ്ണന്റെ തറവാട്ടിലെ മുറിയുടെ ഡോർ കർട്ടൻ കൈകൊണ്ട് നീക്കി അകത്തേക്ക് കടക്കാൻ ശ്രമിച്ച് ഞാൻ പരിഹാസ്യനായിട്ടുണ്ട്. അത്രക്കും പെർഫെക്ടായി വരച്ചുെവച്ച ആ കർട്ടനിൽ തൊട്ടു നോക്കുമ്പോഴും അത് ഒറിജിനലല്ല എന്നു വിശ്വസിക്കാൻ ഇത്തിരി സമയമെടുത്തു എന്നതാണ് സത്യം. ഇപ്പോഴത്തെ വീട്ടിലെ സ്വീകരണമുറിയിലെ ഭിത്തിയിൽ വരച്ചുവെച്ചിരിക്കുന്ന ബുക്ക് ഷെൽഫിൽനിന്ന് പലരും ബുക്കെടുക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നതും ഇടക്കിടക്ക് നടക്കാറുള്ള ഒരു സംഭവമാണല്ലോ! ചങ്ങനാശ്ശേരി ഗീഥയുടെ ക്യാമ്പിൽ പണ്ടിങ്ങനെയെന്തോ വരച്ചതിന്റെ പേരിൽ നിർമാതാവും നടനും സംവിധായകനുമായ ചാച്ചപ്പൻ ദേഷ്യപ്പെട്ടിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്?
അത് ചങ്ങനാശ്ശേരി ഗീഥയുടെ ‘നിറങ്ങൾ’ എന്ന നാടകത്തിന് വേണ്ടി സെറ്റ് ചെയ്യുമ്പോഴായിരുന്നു. ആ നാടകത്തിലെ ഒരു കഥാപാത്രത്തിന്റെ വീട്ടുപടിക്കൽ രാഷ്ട്രീയക്കാർ സത്യഗ്രഹമിരിക്കുന്ന ഒരു രംഗമുണ്ട്. നാടകത്തിൽ ഗേറ്റും സത്യഗ്രഹപ്പന്തലുമെല്ലാം വരച്ചുണ്ടാക്കണം. അന്നൊക്കെ സാധാരണയായി സത്യഗ്രഹപ്പന്തൽ നിർമിക്കുന്നത് പഴയ ബോർഡുകൾ തിരിച്ചും മറിച്ചും കുത്തിച്ചാരി വെച്ചുകെട്ടിയാണ്. അതുപോലൊരു സത്യഗ്രഹപ്പന്തൽ ഞാൻ വരച്ചുെവച്ചു. ഞാനാ സെറ്റ് ചെയ്തത് ഗീഥയുടെ ഹാളിന്റെ ഭിത്തിയിൽ ചാരിെവച്ചു. ‘‘ആരാടാ ഈ ബോർഡുകൾ എല്ലാം ഇവിടെ കൊണ്ടുെവച്ചിരിക്കുന്നതെന്ന ചോദ്യം കേട്ട് ഞാൻ തിരിഞ്ഞുനോക്കിയപ്പോ കണ്ടത് ദേഷ്യപ്പെട്ടു നിൽക്കുന്ന സംവിധായകൻ ചാച്ചപ്പൻ സാറിനെയാണ്. വരച്ചുവെച്ച ബോർഡെല്ലാം ഒറിജിനലാണെന്നു കരുതിയ അദ്ദേഹം തന്റെ അബദ്ധം മനസ്സിലാക്കിയ ശേഷം പിന്നെ ചിരിയോടു ചിരിയായിരുന്നു. ഇതൊക്കെ കണ്ട് ചെറുപുഞ്ചിരിയുമായി നിന്ന എന്റടുത്തോട്ടു വന്നേച്ച് തോളത്തുതട്ടി അഭിനന്ദിച്ചു.
കെ.പി.എ.സിയുടെ ‘കൈയും തലയും പുറത്തിടരുത്’ എന്ന നാടകം, ആനിക്കാട് സ്കൂളിൽ ടിക്കറ്റ് പ്രോഗ്രാമായി നടത്തുമ്പോൾ അതിലെ ട്രാൻസ്പോർട്ട് ബസ് ഒറിജിനൽ ബസിന്റെ പകുതി കട്ട് ചെയ്തുകൊണ്ടു സ്റ്റേജിൽ വെച്ചതാണെന്നും പറഞ്ഞ് ഞങ്ങൾ കുട്ടികൾക്കിടയിൽ വലിയ തർക്കംപോലുമുണ്ടായി. ഒറിജിനലിനെ വെല്ലുന്ന ആ സെറ്റിന്റെ നിർമാണമെങ്ങനെയായിരുന്നു?
കെ.പി.എ.സിയുടെ ‘കൈയും തലയും പുറത്തിടരുത്’ എന്ന നാടകത്തിലെ ആ സെറ്റ് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തിയ ഒന്നായിരുന്നു. മലയാള പ്രഫഷനൽ നാടകവേദിയിൽ, ത്രീ ഡൈമൻഷനിൽചെയ്ത ആദ്യത്തെ സെറ്റായിരുന്നു അത് എന്നാണ് എന്റെ വിശ്വാസം. യഥാർഥ ബസിന്റെ ബോഡിപോലെ നീളം കുറച്ച് സ്റ്റേജിന്റെ പരിമിതിക്കുള്ളിൽ ഒതുക്കി ചെയ്യുകയെന്നത് ഏറെ ബുദ്ധിമുട്ടു പിടിച്ച പണിയായിരുന്നു. ഒരു ട്രാൻസ്പോർട്ട് ബസിന്റെ സീറ്റടക്കം ഒരു വശം നേർപകുതിയായി കട്ട്ചെയ്തു വെച്ചപോലെയാണ് ചെയ്തത്. സീറ്റുകളൊക്കെ അങ്ങനെതന്നെ ചെയ്തു. ബസിൽ ഉയർത്തിവെച്ച ഷട്ടറിനുള്ളിലൂടെ മരങ്ങളും കെട്ടിടങ്ങളും മറ്റും ഓടിനീങ്ങുന്നതു കാണണം. അതിനുവേണ്ടി 40 മീറ്റർ നീളത്തിൽ പുറംദൃശ്യങ്ങൾ വരച്ച കർട്ടൻ പിന്നിൽനിന്നും മെല്ലെ വലിച്ചുകൊണ്ടിരുന്നു. ബസിൽ യാത്രചെയ്യുമ്പോൾ പുറംഭാഗം കാണാവുന്ന ഭാഗത്തുകൂടി ബസ് ഓടുന്നതിന്റെ എതിർഭാഗത്തേക്ക് പ്രകൃതിദൃശ്യങ്ങൾ നീങ്ങണം. ഇടക്ക് ബസ് നിർത്തുമ്പോൾ ചില ചെടിത്തലപ്പും ചില്ലകളും തൊട്ടുചേർന്നു നിൽക്കും. കയറിവരുന്ന ഡോറുമില്ല, ഡ്രൈവർ കാബിനുമില്ല.
ബസിന്റെ മധ്യഭാഗം മാത്രം. എന്നാലോ ഒരു ബസിനുള്ളിലെ എല്ലാ ഡീറ്റയിൽസും അതിനകത്ത് കാണിക്കുന്നുമുണ്ട്. അങ്ങനെയൊരു സെറ്റില്ലാതെ ആ നാടകം കളിക്കാനും പറ്റത്തില്ല. അതാണ് നാടകവും രംഗപടവും തമ്മിലുള്ള അഭേദ്യബന്ധം. നാടകം ആവശ്യപ്പെടുന്ന രംഗപശ്ചാത്തലം എന്തുവേണം, അതെങ്ങനെ രൂപപ്പെടുത്തിയെടുക്കണം എന്നൊരു ചിന്ത നമുക്കുണ്ടാകണമെങ്കിൽ ആദ്യം നമ്മൾ നാടകം കേട്ടിരിക്കണം. കാരണം, ഭാസി സാറ് അദ്ദേഹത്തിന്റെ മനസ്സിലുള്ള സെറ്റിന്റെ രൂപം എന്നോടാദ്യം പറഞ്ഞു. പക്ഷേ നാടകം വായിച്ചുകേട്ടപ്പോൾ സാറ് പറഞ്ഞരീതിയിൽ സെറ്റുണ്ടാക്കിയാൽ ബസിനുള്ളിൽ നടക്കുന്നത് കാണികൾക്ക് കാണാനൊക്കില്ല. അങ്ങനെയാണ് ബസിനെ നെടുകെ മുറിച്ച് ഒരു പകുതിയിൽ അഭിനേതാക്കളും എതിർപാതിയിൽ കാണികളിരുന്നു കാണുന്ന രീതിയിൽ ഒരു സ്കെച്ച് കൊടുക്കുന്നത്. അത് സാറിന് വളരെ ഇഷ്ടമായി. പിന്നെ കുറേസമയവും പണവും ചെലവായത് ബസിന്റെ വിൻഡോയിലൂടെ ചലിക്കുന്ന സീനറി ചെയ്യാനാണ്. ഒടുവിൽ അതും ചെയ്തെടുത്തു. എന്റെ ജീവിതത്തിൽ ഏറ്റവും മറക്കാനാവാത്ത ഒരു രംഗപടമാണത്. ഏറെക്കാലത്തിനുശേഷം സെറ്റിനൊരു വ്യത്യസ്തത വരുത്തി ചെയ്ത നാടകവും കെ.പി.എ.സിയുടേതായിരുന്നു.
ആ നാടകമേതായിരുന്നു?
‘ഭീമസേനൻ’. ആറടി റൗണ്ടിലുള്ള പ്ലാറ്റ്ഫോമിൽ അതേ അളവിലുള്ള ചതുര െഫ്രയിമിൽ ഓരോ രംഗത്തിനും വേണ്ട മിനിയേച്ചർ ചെയ്തുവെച്ചു. ഓരോ സീനിലും പ്ലാറ്റ്ഫോം കറക്കാവുന്ന വിധത്തിലായിരുന്നു അതിന്റെ നിർമാണം.

എൻ.എൻ. പിള്ളയിൽനിന്നും അഭിനന്ദനങ്ങളും പ്രശംസയും കിട്ടിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. അതേതു നാടകമായിരുന്നു?
അത് കെ.പി.എ.സിയുടെ ‘മന്വന്തരം’ എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച സമയത്താണ്. പ്രശസ്തമായ അജന്ത-എല്ലോറ ഗുഹകളിൽ ചെന്ന് കണ്ടതിനുശേഷമാണ് പിള്ള സാർ ആ നാടകം രചിക്കുന്നത്. സെറ്റ് ചെയ്യുവാനായി എനിക്ക് കിട്ടിയത് അവിടെനിന്നും സാറു കൊണ്ടുവന്ന ചെറിയൊരു ഫോട്ടോ മാത്രം. എന്തായാലും ആ ഫോട്ടോയും എന്റെ ഭാവനയും ഉപയോഗിച്ച് ഞാൻ സെറ്റ് വരച്ചു. തിരുവനന്തപുരത്ത് ടാഗോർ തിയറ്ററിൽ െവച്ചായിരുന്നു ഉദ്ഘാടനം.
സെറ്റ് മുഴുവൻ കെട്ടിയതിനുശേഷം ലൈറ്റപ്പിൽ ദൂരക്കാഴ്ചക്കെങ്ങനെയുണ്ടെന്നറിയാൻ ഫ്രണ്ടു കർട്ടനുയർത്തി. മുന്നിലെ കസേരയിൽ പിള്ളസാറും പെങ്ങള് ഓമനച്ചേച്ചിയുമിരിപ്പുണ്ട്. ഞാൻ പിറകിലും. സെറ്റ് കണ്ടയുടനെ സാറ് ചേച്ചിയോട് പറഞ്ഞു, ‘‘എടീ ഓമനേ, നമ്മളവിടെ പോയി കണ്ടതുപോലെ തന്നെയുണ്ട് അല്ലേ..?’’ അദ്ദേഹം മനസ്സിൽ വിചാരിച്ചതുപോലെ തന്നെ എനിക്കു വരക്കാൻ സാധിച്ചല്ലോയെന്നോർത്തപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷവും അതിലേറെ അഭിമാനവുമുണ്ടായി. എന്റെ ജീവിതത്തിൽ എനിക്കാത്മവിശ്വാസം തന്നവരിൽ ഒരാളാണ് സാറ്. അങ്ങനെ അഭിനന്ദനങ്ങളും അനുഗ്രഹങ്ങളുമൊക്കെ ഒട്ടുമിക്ക നാടകാചാര്യന്മാരിൽനിന്നെല്ലാം എനിക്ക് ഒരുപാട് കിട്ടിയിട്ടുണ്ട്. അവരുടെയും അച്ഛന്റെയുമെല്ലാം അനുഗ്രഹംകൊണ്ടാണ് ഞാനിന്നും ഈ രംഗത്തു നിൽക്കുന്നത്.
കായംകുളം കെ.പി.എ.സിക്കുവേണ്ടി ഓടിക്കൊണ്ടിരിക്കുന്ന ബസ്, അജന്ത-എല്ലോറ ഗുഹ, കൊല്ലം ട്യൂണയുടെ ‘അബ്കാരി’ നാടകത്തിലെ ചലിക്കുന്ന ലിഫ്റ്റ്, കൊച്ചിൻ സംഗമിത്രയുടെ ‘കന്യാകുമാരി’യിൽ ഒരു കടങ്കഥക്കു വേണ്ടി വിവേകാനന്ദപ്പാറ, ആകാശവാണിഭത്തിലെ സഞ്ചരിക്കുന്ന െട്രയിൻ എന്നിങ്ങനെ ഇത്തിരിയില്ലാത്ത സ്റ്റേജിൽ കാണിച്ച അത്ഭുതങ്ങളുടെ ഒരു നിര തന്നെയുണ്ട് മലയാള പ്രഫഷനൽ നാടകവേദിയുടെ ചരിത്രത്തിൽ. ഇതൊക്കെ കണ്ട് കൈയടിച്ച കേരളത്തിലെ നാടക പ്രേക്ഷകരിൽ നേരത്തേ പറഞ്ഞ ആറു തലമുറയിൽപെട്ടവരെല്ലാം തന്നെ ‘രംഗപടം’ എന്ന് എവിടെ അനൗൺസ് ചെയ്താലും ‘ആർട്ടിസ്റ്റ് സുജാതൻ’ എന്നുച്ചത്തിൽ വിളിച്ച് പൂരിപ്പിക്കുന്നവരാണ്. അത് നാടകവേദിയിൽ ആർക്കും കിട്ടാത്ത ഒരംഗീകാരമല്ലേ?
തീർച്ചയായും. അതിൽ മലയാള നാടകലോകത്തോടും നല്ലവരായ നാടകസ്നേഹികളോടും ഞാനേറെ കടപ്പെട്ടിരിക്കുന്നു എന്നറിയിക്കാൻ ഞാനീ അവസരമുപയോഗിക്കുന്നു. അതോടൊപ്പംതന്നെ അച്ഛനെ സ്മരിക്കുകയുംചെയ്യുന്നു. ഇത്രയും വിശദമായി പറഞ്ഞതുകൊണ്ട് കുറേക്കാലം മുമ്പുണ്ടായ ഒരു സംഭവം പറയാം. ഞാനൊരു സെറ്റിന്റെ വർക്കും കഴിഞ്ഞേച്ച് ബസില് തൂങ്ങിപ്പിടിച്ചുനിന്ന് യാത്രചെയ്യുകയായിരുന്നു. തിരക്കെന്നു പറഞ്ഞാ കോളജു പിള്ളേരെക്കൊണ്ടു ബസ്സുനിറഞ്ഞിരിക്കുവാ. ആ സമയത്ത് എന്റെ പോക്കറ്റിൽ കിടന്ന ഫോണിന്റെ ബെല്ലടിച്ചു. ആദ്യകാലത്തെ ഫോണാണ്. നാടകാരംഭത്തിൽ കൊടുക്കുന്ന ബെല്ലിന്റെ അതേ ശബ്ദം. എനിക്കാണേ ഈ തിരക്കിനിടയിൽ നിന്നുകൊണ്ട് ഫോണെടുക്കാനും പറ്റാത്ത അവസ്ഥ. ആ സമയത്ത് ഈ പിള്ളേരുടെ കൂട്ടത്തിലൊരു വിരുതൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ‘‘അടുത്ത ബെല്ലിന് നാടകം ആരംഭിക്കും.’’' മുന്നിൽ നിന്നിരുന്ന വേറൊരു പയ്യൻ അതിനോടു കൂട്ടിച്ചേർത്തു പറഞ്ഞു, ‘‘രംഗപടം സുജാതൻ.’’ ആളെ അറിയാതെയാണെങ്കിലും പുതിയ തലമുറയിലെ ഈ ചെറിയ കുഞ്ഞുങ്ങളും പേരു കൊണ്ടെന്നെ അറിയുന്നുണ്ടല്ലോ എന്നോർത്തപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു.
വളരെ സുദീർഘമായ ബന്ധമുണ്ടായിരുന്നത് അർജുനൻ മാഷുമായിട്ടായിരുന്നല്ലോ...
കൊല്ലം കാളിദാസ കലാകേന്ദ്രത്തിലെത്തിയ കാലത്ത് തുടങ്ങിയതാണ് അർജുനൻ മാഷും അച്ഛനും തമ്മിലുള്ള ബന്ധം. എനിക്കൊരു പത്തു പതിനൊന്നു വയസ്സുള്ള സമയത്താണ് അർജുനൻ മാഷ് അച്ഛനെ കാണാന്‍ വീട്ടിലെത്തുന്നത്. അങ്ങനെ മാത്രം കണ്ടിരുന്ന അർജുനന്‍ മാഷെ ഞാന്‍ വളരെ അടുത്തറിയുന്നത് അച്ഛനോടൊപ്പം നാടക ക്യാമ്പുകളില്‍ എത്തിയതോടെയാണ്. അച്ഛനു തുല്യമായി ഞാൻ കണ്ടിട്ടുള്ളത് അർജുനന്‍ മാഷിനെയാണ്. മരിക്കുന്നതുവരെ ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഞങ്ങൾക്കിടയിലൊരകലമുണ്ടായിട്ടില്ല. ഞങ്ങളുടെ ബന്ധം അത്രക്കും ദൃഢമായിരുന്നു. വൃത്തിയുടെ കാര്യത്തിൽ മാഷിനെ കഴിഞ്ഞിട്ടേ വേറൊരാളുണ്ടായിരുന്നുള്ളൂ. ഒരിക്കൽ കാളിദാസ കലാകേന്ദ്രത്തിന്റെ ക്യാമ്പിലേക്ക് മാഷ് വന്ന സമയം. റിഹേഴ്സലൊക്കെ ഒരുവിധമാകുമ്പോഴാണ് മ്യൂസിക് ചെയ്യാൻ മാഷ് എത്താറ്. മാഷ് വന്നാലുടൻ ആരോടും ഒന്നും പറയാതെ ഒരു ബക്കറ്റും ചൂലുമായിട്ട് ആ കോമ്പൗണ്ടിന്റെ അറ്റത്തുള്ള ടോയ്ലറ്റ് ക്ലീൻചെയ്യാൻ തുടങ്ങും. ഒരാഴ്ചത്തെ റിഹേഴ്സൽകൊണ്ട് അവിടമാകെ മോശമായിക്കാണുമെന്ന് മാഷിനറിയാം.
എന്നാ അതാരെക്കൊണ്ടെങ്കിലും ചെയ്യിക്കേണ്ട കാര്യമേയുള്ള്. ഒരു പരാതീം പറയാതെ അതെല്ലാം സ്വയമങ്ങു ചെയ്യും. ഇക്കാര്യത്തിനു മാത്രമല്ല കെട്ടോ. തന്നെക്കൊണ്ടു ചെയ്യാൻ പറ്റുന്ന കാര്യമാണോ, അക്കാര്യം പറഞ്ഞ് ഒരാളുടേം പുറകേ നടക്കാതെ തന്നെത്താനങ്ങു ചെയ്യും. അതാണ് അർജുനൻ മാഷ്. 1980ന്റെ അവസാനത്തിലാണെന്നാണ് ഓർമ. അച്ഛന്‍ അസുഖബാധിതനായി കഴിയുന്ന ആ സമയത്ത് നാടകരചയിതാവ് സി.കെ. ശശിക്കൊപ്പം, അർജുനൻ മാഷ് ഒരു സംഘം കലാകാരന്മാരുമായി വീട്ടിലെത്തിയതാണ് എന്റെ മറക്കാനാവാത്ത മറ്റൊരനുഭവം. രാവിലെ ഒരു പത്തു പതിനൊന്നു മണിയായിക്കാണും. അർജുനന്‍ മാഷും സി.കെയും കുമരകം രാജപ്പനും പിന്നെ കോട്ടയത്തെ മറ്റൊരു കലാസ്നേഹിയായ മാത്യു സാര്‍, അദ്ദേഹത്തിന്റെ ഒരു ബന്ധു തോമസ് കൊപ്പഴ.
ഒപ്പം കലാകാരന്മാരുടെ ചെറു സംഘവും. വന്നുകയറി ഇത്തിരിനേരം കഴിഞ്ഞതും ഓര്‍ക്കസ്ട്രയൊക്കെ സെറ്റു ചെയ്ത് അവരങ്ങ് പാട്ടു പാടാൻ തുടങ്ങി. വയ്യാതിരുന്ന അച്ഛൻ അതോടെ ഉഷാറായി. വൈകുന്നേരം വരെ അതു തുടർന്നു എന്നതാണ് രസം. അച്ഛന്‍ നന്നായി ഫ്ലൂട്ട് വായിക്കുമെന്ന് അര്‍ജുനന്‍ മാഷിനറിയാം. മാഷ് പറഞ്ഞയുടനെ അച്ഛൻ തന്റെ ഇഷ്ടഗാനമായ ‘‘കായലിനക്കരെ പോകാനെനിക്കൊരു കളിവള്ളമുണ്ടായിരുന്നു’’ എന്ന പാട്ട് ഫ്ലൂട്ടില്‍ വായിച്ചു. തുടർന്നു പാടിയ പഴയ പാട്ടുകളിൽ കൂടുതലും നാടകഗാനങ്ങളായിരുന്നു. റെക്കോഡ് ചെയ്യപ്പെടാത്തതും ആളുകള്‍ കേട്ടിട്ടില്ലാത്തതുമായ ഗാനങ്ങളും അവിടെ പാടി. അര്‍ജുനന്‍ മാഷ് ചലച്ചിത്രഗാന രംഗത്ത് ശോഭിച്ചുനില്‍ക്കുന്ന സമയത്താണ് അച്ഛനെയിങ്ങനെ സന്തോഷിപ്പിക്കാൻ വീട്ടിലെത്തി ഒരുദിവസം മുഴുവൻ അവിടെ കഴിഞ്ഞതെന്നോർക്കണം. എന്റെയും എന്റെ കുടുംബത്തിലെയും എന്തുകാര്യത്തിനും ഒരച്ഛന്റെ സ്ഥാനത്ത് നിന്നിരുന്ന ഒരാളായിരുന്നു മാഷ്. ജന്മനാ കിട്ടിയ ലളിതജീവിതസ്വഭാവ ഗുണം ജീവിതത്തിലുടനീളം പുലർത്തിയ ഒരു മഹദ് വ്യക്തിയാണ് മാഷ്.
ദേവരാജൻ മാഷോ..?
പേരിലെപ്പോലെ തന്നെ രാജപദവിയുള്ളയാളാണ്. നേരത്തേ പറഞ്ഞപോലുള്ള റിഹേഴ്സൽ ക്യാമ്പിലേക്കു ദേവരാജൻ സാറു വരുന്നെന്നറിഞ്ഞാലുടൻ നടീനടന്മാരെല്ലാവരും പിന്നെ നെട്ടോട്ടമാണ്. ക്യാമ്പിലെ തറയിലാകെ കിടക്കുന്ന കടലാസും കവറും ബീഡിക്കുറ്റീമെല്ലാമെടുത്ത് തുടച്ചു ക്ലീനാക്കി വെക്കും. ദേവരാജൻ സാറ് കാളിദാസ കലാകേന്ദ്രത്തിന്റെ ക്യാമ്പിൽ കാലെടുത്തുവെച്ചാ പോകുന്നതുവരെ അവിടെ ഒരാളുടേം ഒച്ച പൊങ്ങത്തില്ല. എല്ലാവരും പാത്തും പതുങ്ങിയേ നിൽക്കത്തൊള്ള്. സംഗീത സംവിധാനത്തിൽ ദേവരാജൻ സാറും അർജുനൻ മാഷും ഏതാണ്ട് ഒരേ സ്റ്റൈലായിരുന്നെന്ന് പറയാം. അതെന്നാന്നു വെച്ചാ ദേവരാജൻ സാറിന്റെ അസിസ്റ്റന്റായിരുന്നല്ലോ അർജുനൻ മാഷ്. ആ ഒരു സ്വാധീനമുണ്ടാകാതിരിക്കില്ലല്ലോ! നാടകമാവശ്യപ്പെടുന്ന, നാടകത്തിനോടു ലയിച്ചുകിടക്കുന്ന പശ്ചാത്തല സംഗീതമേ കൊടുക്കൂ. തന്റെ പ്രാവീണ്യം കാണിക്കാനൊരുമ്പെടാതെ മിതത്വത്തോടെയേ ചെയ്യൂ. പാട്ടിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അതുകൊണ്ടാണല്ലോ ദേവരാജൻ സാറിന്റെ നാടകഗാനങ്ങൾ ഇപ്പോഴും നമ്മളറിയാതെ മൂളിപ്പോവുന്നത്. ഏറ്റവും കൂടുതൽ നാടകഗാനങ്ങൾ ചെയ്തിരിക്കുന്നതും സാറാണല്ലോ.
കെ.എം. ധർമന്റെ സംവിധാനത്തിൽ അക്കാലത്തെ തിരക്കേറിയ നാടകകൃത്ത് സി.കെ. ശശി എഴുതി കുമരകം രാജപ്പൻ സംഗീത സംവിധാനം നിർവഹിച്ച ‘നല്ലവരുടെ ഗ്രാമം’ എന്ന നാടകത്തിന്റെ റിഹേഴ്സലും തുടർന്നുള്ള നാടകാവതരണവും ഇന്നലെ കണ്ടതുപോലെ ഓർക്കുന്നു. ആ നാടകത്തിലും പിന്നെ ‘ഒരു സംഘം തീർഥാടകർ’ എന്ന നാടകത്തിലും അണ്ണൻ എത്ര അനായാസേനയാണ് വേഷംചെയ്തത്. അക്കാലത്തെക്കുറിച്ചൊന്നു പറയാമോ? കൂടാതെ, നല്ലവരുടെ ഗ്രാമത്തിന്റെ സംവിധായകനായ കെ.എം. ധർമനെക്കുറിച്ചും.
അന്നും ഇന്നും അഭിനയിക്കുക എന്നത് ഇഷ്ടമുള്ള കാര്യമാണ്. പ്രത്യേകിച്ചും ഹാസ്യ കഥാപാത്രങ്ങൾ. അതുകൊണ്ടാണ് സമയം കിട്ടുന്നതിനനുസരിച്ച് ചെറിയ വേഷങ്ങൾ ചെയ്തിരുന്നത്. അക്കാലത്ത് രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഞാൻ വരയ്ക്കുന്ന ഇടത്ത് എല്ലാ സുഹൃത്തുക്കളുംകൂടി വൈകുന്നേരം ചെറിയതോതിലൊരു ഗാനസദിര് നടത്തുമായിരുന്നു. തിരക്കുപിടിച്ച ജോലിക്കിടയിൽ എല്ലാവർക്കും അൽപസമയമൊരാനന്ദത്തിനു വേണ്ടി. അത്രേയുള്ളൂ. സി.കെയും രാജപ്പൻ ചേട്ടനുമൊക്കെയുള്ള ആ കൂട്ടായ്മയിൽ ഉരുത്തിരിഞ്ഞു വന്നതാണ് ഒരു നാടകട്രൂപ്പ് തുടങ്ങുകയെന്നത്. ശശി ഉടൻ തന്നെ ഒരു നാടകമെഴുതി. ആ നാടകമാണ് ‘നല്ലവരുടെ ഗ്രാമം’. ഏറെ തിരക്കുണ്ടായിട്ടും മറുത്തുപറയാൻ പറ്റാത്തൊരാത്മബന്ധംവെച്ച് ധർമൻ ചേട്ടൻ സംവിധാനംചെയ്തു. ഇടക്ക് ഞാനെഴുതിയ ചെറിയ ഒറ്റനാടകങ്ങൾ ഞങ്ങൾ ചെയ്യാറുണ്ടായിരുന്നെങ്കിലും ഒരു മുഴുനീള നാടകം ആദ്യമായിട്ടായിരുന്നു. അച്ഛന്റെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനാനന്തരമാണ് നാടകം അരങ്ങേറിയത്. ആ നാടകത്തിലാണ് സീമാ ജി. നായർ ആദ്യമായി അഭിനയിച്ചത്. പിന്നീട് ‘നല്ലവരുടെ ഗ്രാമം’ കുറച്ചു വേദികളിൽകൂടി അവതരിപ്പിക്കപ്പെട്ടു. സി.കെ എഴുതി കോട്ടയം ഉജ്ജയിനി അവതരിപ്പിച്ച നാടകമായിരുന്നു ‘ഒരു സംഘം തീർഥാടകർ.’ ആ ട്രൂപ്പിലെ ഒരു ആർട്ടിസ്റ്റ് ഒഴികെയുള്ള കഥാപാത്രങ്ങൾ ഞങ്ങളിവിടുള്ളവരാണ് ചെയ്തത്.
അങ്ങനെ എല്ലാ വർഷവും ഓരോ നാടകങ്ങൾ ചെയ്തിരുന്നു. ആദ്യ തലമുറയിൽപെട്ടവർ രചനയും സംവിധാനവും ഒരുമിച്ചു നിർവഹിച്ചിരുന്നതുകൊണ്ട് ഒരു സംവിധായകനെന്ന മേലങ്കി മാത്രമായി അവർക്ക് ചാർത്തി കൊടുത്തിരുന്നില്ല. അടുത്ത തലമുറയിൽ രചനയും സംവിധാനവും ഒരുമിച്ചു ചെയ്ത ആൾ സുന്ദരൻ കല്ലായി ആണ്. അതിൽനിന്നും വിഭിന്നനായി വന്ന് വർഗീസ് പോളിന്റെയും പി.ജെ. ആന്റണിയുടെയുംപോലുള്ളവരുടെ രചനയിൽ സംവിധാനം മാത്രം നിർവഹിച്ചവരിൽ പ്രധാനി ചങ്ങനാശ്ശേരി ഗീഥയുടെ ചാച്ചപ്പൻ ചേട്ടനാണ്. നടനായി വന്ന് പി.ജെ. ആന്റണിച്ചേട്ടന്റെ സംവിധാന സഹായിയായി നിന്ന് പിന്നീട് സംവിധായകനായി മാറിയ ആളാണ് കെ.എം. ധർമൻ. അക്കാലത്ത് ഏറ്റവും കൂടുതൽ നാടകങ്ങൾചെയ്ത് സംവിധാനരംഗത്ത് ഏറെ ശോഭിച്ച ഒരാളാണ് ധർമൻ. ഒരു വർഷം 12 നാടകങ്ങൾ വരെ സംവിധാനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നാണ് ഓർമ. പിന്നെയാണ് ടി.കെ. ജോണും തിലകനും ഇബ്രാഹിം വേങ്ങരയും ശ്രീമൂലനഗരം വിജയനും കഴിമ്പ്രം വിജയനും വിക്രമൻ നായരും സതീഷ് സംഗമിത്രയുമൊക്കെ വന്നത്. ഓർമയിൽ വന്ന കുറച്ചു പേരുകൾ ഓർഡറൊന്നുമില്ലാതെ പെട്ടെന്നങ്ങു പറഞ്ഞതാണു കെട്ടോ.
ഈ അടുത്തകാലത്ത്, എസ്.എൽ പുരത്തിന്റെ ‘കാട്ടുകുതിര’ നാടകം ഒരു മണിക്കൂറിലേക്ക് ചുരുക്കിയെഴുതി ആനക്കാരൻ രാമൻ നായരായി വേഷമിട്ട് സംവിധാനവും നിർവഹിച്ചപ്പോൾ പഴയകാല നാടകങ്ങൾ ഒട്ടേറെയുണ്ടായിട്ടും എസ്.എൽ പുരത്തിന്റെ ‘കാട്ടുകുതിര’തന്നെ തിരഞ്ഞെടുക്കാനുണ്ടായ കാരണം?
ആ നാടകം എന്നിൽ അത്രമേൽ സ്വാധീനംചെലുത്തിയിരുന്നു. തന്നെയുമല്ല, പുതിയ തലമുറയിൽപെട്ടവർക്ക് ആ നാടകം കാണാനൊരവസരവും ആ നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച് വിടപറഞ്ഞു പോയവർക്ക് ഒരു സ്മരണാഞ്ജലിയുമാകുമല്ലോ എന്നു കരുതി. രണ്ടു മണിക്കൂർ നാടകത്തിനുവേണ്ടി മാറ്റിവെക്കാനില്ലാത്തവരെയും കൂടി ഉദ്ദേശിച്ചാണ് സമയമിത്തിരി കുറച്ചത്.

ജയരാജ്, ജോഷി മാത്യു തുടങ്ങിയ സംവിധായകരുടെ ഏതാനും ചില സിനിമകളിൽ വേഷംചെയ്തത് കണ്ടിരുന്നു. അതുപോലെതന്നെ നാടകരചന, സംവിധാനം, അഭിനയം ഈ രംഗത്തെല്ലാം നന്നായി ശോഭിക്കാൻ കഴിയുമായിരുന്നിട്ടും വല്ലപ്പോഴും മാത്രമായതിന്റെ കാരണം?
രചനക്കും സംവിധാനത്തിനുമൊക്കെ നല്ല കഴിവുള്ളവരു വേറെയുള്ളപ്പോ നമ്മളാ വഴിക്കു പോകാതിരിക്കുന്നതല്ലേ നല്ലത്. അതുകൊണ്ട് ഏറെയിഷ്ടമുള്ള അഭിനയം എന്ന ഒരു കാര്യം മാത്രം സമയത്തിനനുസരിച്ച് ചെയ്യുന്നു.
പണവും പ്രശസ്തിയുമൊക്കെ ആയിക്കഴിയുമ്പോൾ മിക്കവരും നാടുവിട്ട് സിറ്റിയിലോ അല്ലെങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ടൊരു സ്ഥലത്തോ വീടെടുത്ത് മാറുകയെന്നതാണ് സാധാരണ കണ്ടുവരാറുള്ളത്?
ഈ നിമിഷംവരെ അങ്ങനൊരു ചിന്തപോലുമെന്റെയുള്ളിലുണ്ടായിട്ടില്ല. ഇനി ഉണ്ടാവാനും പോകുന്നില്ല. കേരളത്തിന്റെ തെക്കു മുതൽ വടക്കുവരെയുള്ള നാടക ക്യാമ്പിലോ വിദേശത്തോ എവിടെപ്പോയാലും അഞ്ചാറു ദിവസം കഴിയുമ്പോ തന്നെ വീട്ടിലോട്ടു പോരാനുള്ള ടെൻഡൻസി വന്നുതുടങ്ങും. ചുരുക്കിപ്പറഞ്ഞാ എത്ര ദിവസം കഴിഞ്ഞാലും തിരിച്ചിവിടെയെത്തിയാലേ മനസ്സിനൊരു തൃപ്തി വരൂ. കാരണം, ഈ നാടും വീടും നാട്ടാരും എനിക്കത്രമേൽ പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ചും ഇവിടം എന്റെ അച്ഛനുറങ്ങുന്ന മണ്ണാണ്. പിന്നെ ചോദ്യത്തിലെ ആദ്യ വാചകത്തിലെ രണ്ടാമത്തതേ കൂടുതലായുള്ളു കെട്ടോ... (ചിരി)
ആദ്യത്തേതു കുറഞ്ഞുപോയതെന്തുകൊണ്ടാണ്?
അതിനും കാരണക്കാരൻ അച്ഛൻതന്നെയാണ്. ഗുരു, വഴികാട്ടി എന്നർഥത്തിൽ അക്ഷരംപ്രതി യോഗ്യനായ ഒരാളായിരുന്നു അച്ഛൻ. സമ്പത്തിനോ സാമ്പത്തികത്തിനോ ഒട്ടും മുൻതൂക്കം കൊടുക്കാത്ത ആളായിരുന്നു. ദൈവികസിദ്ധിയായ കല കണക്കുപറഞ്ഞ് കാശുമേടിക്കാനുള്ളതല്ല എന്നതായിരുന്നു അച്ഛന്റെ പ്രമാണം. ഒരിക്കലും പണത്തിനോടാർത്തി കാണിക്കാത്ത അച്ഛനെ കണ്ടു പഠിച്ച ഞാനിന്നുവരെ ജീവിതത്തിൽ അനുവർത്തിച്ചുപോന്ന ഒരു കാര്യവുമതാണ്. കാശിന്റെ കാര്യം പറഞ്ഞിട്ടിന്നുവരെ ബന്ധങ്ങളൊന്നും മുറിഞ്ഞുപോയിട്ടില്ല. ബാക്കി തരാനുള്ള തുക ചോദിച്ച് ഒരു സമിതിയോടും ഫോൺ ചെയ്തുപോലും ബുദ്ധിമുട്ടിക്കുന്ന സ്വഭാവമെന്നിലുണ്ടായിട്ടില്ല.
വായനക്കാർക്ക് കുടുംബത്തെപ്പറ്റിയറിയാൻ താൽപര്യമുണ്ടാകും.
മനസ്സിനിണങ്ങിയ നല്ലൊരു സഹധർമിണിയെ കിട്ടി. ഐഷ. അങ്ങനെ വലിയ ആഗ്രഹങ്ങളൊന്നുമുള്ളയാളല്ല. വീടും കുടുംബവും നോക്കി ഉള്ളതുകൊണ്ടോണം എന്ന ചിന്താഗതിക്കാരിയാണ്. മക്കളു കുഞ്ഞുങ്ങളായിരുന്ന സമയത്തൊക്കെ ഞാൻ തിരക്കു പിടിച്ച ഓട്ടത്തിലായിരുന്നു. അതുകൊണ്ട് മക്കളെ വളർത്തിയതും പഠിപ്പിച്ചതും വീട്ടുകാര്യങ്ങൾ നോക്കിയിരുന്നതുമെല്ലാം ഐഷയെന്ന പാവം ഭാര്യയാണ്. രണ്ടു മക്കളിൽ മൂത്തയാൾ ഗ്രാഫിക് ഡിസൈനറായ ജിതിൻ ശ്യാം, രണ്ടാമൻ അനിമേഷൻ രംഗത്തു പ്രവർത്തിക്കുന്ന ജിജോ ശ്യാം. കൊച്ചുമക്കൾ മൂന്നുപേരുണ്ട്.
അക്കാദമി ദേശീയതലത്തിൽ നൽകുന്ന പരമോന്നത ബഹുമതിയായ ‘അമ്മന്നൂർ പുരസ്കാരം’ 2023ൽ നൽകി. പക്ഷേ, പത്മശ്രീപോലൊരു പുരസ്കാരത്തിനു പേരു ശിപാർശ ചെയ്യാത്തതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. അതോ ശിപാർശ ചെയ്തിട്ടും തഴയപ്പെടുന്നതാണോ? അവനവൻ ശ്രമിച്ചാൽ മാത്രം കിട്ടുന്ന ഒന്നായി മാറിയോ ഇത്തരം പുരസ്കാരങ്ങളും സ്ഥാനങ്ങളും?
അത്തരം കാര്യങ്ങൾക്കൊന്നും പ്രാധാന്യം കൊടുക്കാത്ത ഒരച്ഛന്റെ മകനായതുകൊണ്ടാവാം. അച്ഛനെ പോലെ കടം പറഞ്ഞവരോട് കയർത്തു സംസാരിക്കാത്ത കാരണത്താൽ മടിയിൽ കനമില്ലാതായിപ്പോയി എന്നതല്ലാതെ മനസ്സമാധാനത്തിനൊരു കുറവുമില്ല. പ്രശസ്തനാകാൻ മനപ്പൂർവമായി ഒന്നും ചെയ്തിട്ടില്ല. അതുപോലെ തന്നെ പുരസ്കാരങ്ങളെല്ലാം തേടിവന്നിട്ടുള്ളതല്ലാതെ അന്വേഷിച്ചു പോയിട്ടില്ല. അച്ഛന്റെ കഴിവുകൾ വെച്ചുനോക്കുമ്പോൾ ഇപ്പോഴും ഞാനെത്രയോ താഴെയാണ് നിൽക്കുന്നതെന്ന് എനിക്കു മാത്രമറിയാവുന്ന ഒരു സത്യമാണ്. കഴിവുകളേറെയുണ്ടായിട്ടും അവാർഡുകളോ പാരിതോഷികങ്ങളോ ഒന്നും വാങ്ങാതെയല്ലേ അച്ഛൻ പോയത്. അതേപോലെ അറിവിലും കഴിവിലും എന്നേക്കാളുയർന്ന എത്രയോ പേർ അർഹരായി നിരനിരയായി നിൽക്കുന്നു. ഒരാളോടും ഒരു പരാതിയും പറയാതെ ചെയ്യാനുള്ളതും ചെയ്ത് സ്ഥലമൊഴിഞ്ഞിരുന്ന അച്ഛനെ പോലെ, തന്റെ നിയോഗംകൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് അത് തന്നാലാകുംവിധം ആത്മാർഥമായി ചെയ്തുതീർത്ത് ആരോടും പരാതിയില്ലാതെ ആരെയും ബുദ്ധിമുട്ടിക്കാതെ അരങ്ങൊഴിയുക എന്നാണ് മനസ്സിലുള്ളത്.
അഞ്ചു പതിറ്റാണ്ടുകളായി ചെയ്തുവരുന്ന പ്രഫഷനൽ നാടകങ്ങളുടെ രംഗശിൽപ നിർമിതിയിൽനിന്നും ITFOK [international theatre festival of kerala] പോലുള്ള അന്തർദേശീയതലത്തിലുള്ള വിദേശ നാടകങ്ങളുടെ വലിയ സെറ്റുകളുടെ പണിപ്പുരയിലേക്കെത്തിനിൽക്കുമ്പോൾ ഉണ്ടായ മാറ്റങ്ങൾ?
ആദ്യത്തെ ITFOK മുതൽ സഹകരിക്കാൻ തുടങ്ങിയെങ്കിലും മൂന്നാമത്തെ കൊല്ലംതൊട്ടാണ് പൂർണമായും സജീവമാകുന്നത്. ശരിക്കും പറഞ്ഞാൽ ഞാനീ ‘ഇറ്റ്ഫോക്കു’മായി ബന്ധപ്പെടാൻ തുടങ്ങിയതിൽ പിന്നെയാണ് നമ്മുടെ നാടകത്തിന്റെ സെറ്റുമായുള്ള വ്യത്യസ്തത മനസ്സിലായത്. ഞാനതു വരെ പെയിന്റും ബ്രഷും കാൻവാസും ഉപയോഗിച്ചു ചെയ്തുകൊണ്ടിരുന്ന വർക്കിന്റെ സ്ഥാനത്ത് ഇതൊന്നുമില്ലാതെ ത്രീഡൈമൻഷൻ പ്രോപ്പർട്ടികൾകൊണ്ടുള്ള സെറ്റ് ഡിസൈൻ എന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവും അനുഭവവുമായിരുന്നു. വിദേശത്തുനിന്നും അവരയച്ചുതരുന്ന ഡ്രോയിങ്ങുകൾ രൂപപ്പെടുത്തി കൊടുക്കുകയെന്നത് എനിക്കു വളരെ കൗതുകമായി തോന്നി. അത് എന്നെ വല്ലാതെയങ്ങ് ആകർഷിക്കുകയും അതിനോടു വല്ലാത്തൊരു താൽപര്യം ജനിക്കുകയുംചെയ്തു. അങ്ങനെ കഴിഞ്ഞ പതിനൊന്നു കൊല്ലമായി ‘ഇറ്റ്ഫോക്കി’ൽ പ്രവർത്തിക്കുന്നു.
‘ഇറ്റ്ഫോക്കി’ലെ നാടകങ്ങൾക്കുവേണ്ടി ചെയ്ത സെറ്റുകളെക്കുറിച്ചുള്ള അനുഭവം...
ഒറ്റവാക്കിൽ പറഞ്ഞാൽ വെല്ലുവിളി നിറഞ്ഞ വർക്കുകളാണ്. എങ്കിലും ഞാനതാസ്വദിച്ചാണ് ചെയ്യാറുള്ളത്. വിദേശ നാടകസംഘങ്ങളുടെ നാടക സങ്കൽപവും നമ്മുടെ നാടക സങ്കൽപവും രണ്ടും രണ്ടാണ്. അവർ അവിടെ അവതരിപ്പിച്ച നാടകങ്ങളുടെ രംഗസാമഗ്രികൾ, രംഗസജ്ജീകരണത്തിനുതകും വിധത്തിൽ അവർക്കു തൃപ്തികരമാംവണ്ണം ഇവിടെ രൂപപ്പെടുത്തി കൊടുക്കുക എന്നത് നല്ല ബുദ്ധിമുട്ടുപിടിച്ച പണിയാണ്.
ഈ മേഖലയിലേക്ക് പുതിയ തലമുറ എത്തിപ്പെടുന്നുണ്ടോ?
നിരവധിയാളുകളുണ്ടെങ്കിലും ഫൈൻ ആർട്സിൽനിന്നും പുറത്തിറങ്ങുന്ന ഒരാളുപോലും ഈ രംഗത്തേക്കു വരുന്നില്ലായെന്നത് നിരാശജനകമാണ്. ഒരുപക്ഷേ പ്രയത്നത്തിനനുസരിച്ചുള്ള പ്രതിഫലം കിട്ടാത്തതിനാലോ അല്ലെങ്കിൽ ഉറക്കം നിൽക്കേണ്ടി വരുന്ന അവസ്ഥയുമൊക്കെയുള്ളതുകൊണ്ടുമാവാം എന്നാണ് ഞാൻ കരുതുന്നത്.
വലിയ തിരക്കിൽനിന്നും മാറിനിൽക്കാനുള്ള തീരുമാനമെടുത്തതിനു പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ?
[ചിരി] ഒരു ദുരുദ്ദേശ്യവുമില്ല. സ്വരം നല്ലപ്പഴേ പാട്ടുനിർത്താമല്ലോന്നു വിചാരിച്ചു. പതിനെട്ടിലെ വെള്ളപ്പൊക്കോം പിന്നെ വന്ന കൊറോണേം നിമിത്തം ജീവിതത്തിലാദ്യമായി കുറേക്കാലം വിശ്രമത്തിലായപ്പോൾ ചിന്തിക്കാൻ ഇഷ്ടംപോലെ സമയം കിട്ടി. അങ്ങനെ ആദ്യമുദിച്ച ചിന്ത രംഗപടത്തിന്റെ നാൾവഴിയെക്കുറിച്ചാണ്. ഒരു ചിത്രകാരൻ ചെയ്യുന്ന ചിത്രങ്ങൾ ദീർഘകാലം നിലനിൽക്കും. എന്നാൽ, പ്രഫഷനൽ നാടകത്തിന്റെ സെറ്റിന് ഏറിയാൽ രണ്ടു വർഷം. അതിൽക്കൂടുതൽ ആയുസ്സില്ല. അടുത്ത തലമുറയെ കാണിക്കാൻ ഒന്നും ഇല്ലാത്ത അവസ്ഥ. അച്ഛന്റെ കൂടെ വർക്കുചെയ്തതോ പഴയകാലത്തെ ഫോട്ടോയോ ഒന്നുമില്ല. അരനൂറ്റാണ്ട് വരച്ചിട്ടും വിശദാംശങ്ങളൊന്നുമില്ലാത്തതിനാൽ അച്ഛന്റെ കാലംതൊട്ട് ഇപ്പോൾ വരെയുള്ള രംഗപടത്തിന്റെ ചരിത്രം പ്രധാനപ്പെട്ട ഏതാനും നാടകങ്ങളുടെ രംഗപടത്തിലൂടെ രേഖപ്പെടുത്താമെന്നു തീരുമാനിച്ചു. ഞാനും അച്ഛനുമായി ചെയ്ത നാടകങ്ങളുൾപ്പെടെ പ്രധാനപ്പെട്ട 50 രംഗപടങ്ങളുടെ ചിത്രം എട്ടടി വീതിയും നാലടി ഉയരവുമുള്ള കാൻവാസിൽ അക്രിലിക്കിൽ വരച്ചുതുടങ്ങി. 50 നാടകങ്ങളുടെ 50 പെയിന്റിങ് താമസിയാതെ തീർക്കാനുള്ള ഒരുക്കത്തിലാണ്.
നടക്കാത്ത ആഗ്രഹങ്ങളെന്തെങ്കിലുമുണ്ടോ?
ആഗ്രഹിക്കാതെ തന്നെ അത്യാവശ്യം ജീവിതസൗകര്യങ്ങളെല്ലാംതന്നെ കിട്ടിയ ഒരാളായിട്ടാണ് ഞാനെന്നെ കാണുന്നത്. എന്നുവെച്ചാ പൂർണനാണെന്ന അർഥത്തിലല്ല. ഒട്ടുമിക്ക മനുഷ്യരുടെയും ഉള്ളിലുള്ള, എന്നാൽ നടക്കാനൊട്ടും സാധ്യതയില്ലാത്തതുമായ ഒരു ആഗ്രഹം പറയാം. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ തമ്മിൽത്തല്ലി മരിക്കാതെ മനുഷ്യർ സ്നേഹത്തോടെ കഴിയുന്ന ഒരു ലോകം.
സ്വപ്നം..?
നാടകപ്രവർത്തകർക്ക് ഒരു കസേര കൊടുത്ത് എവിടെയും അംഗീകരിക്കപ്പെടുന്ന കാലം.

