Begin typing your search above and press return to search.

കർണാടക സംഗീതം എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന അവസ്ഥ വരണം

കർണാടക സംഗീതം  എല്ലാവർക്കും ആസ്വദിക്കാൻ   കഴിയുന്ന അവസ്ഥ വരണം
cancel

കർണാടക സംഗീതത്തിൽ വിഖ്യാതയായ നിത്യശ്രീ മഹാദേവനുമായി നടത്തിയ ഹ്രസ്വ സംഭാഷണമാണിത്. സംഗീത വഴികളെക്കുറിച്ച് പറയുന്ന അവർ ചില ഓർമകളും പങ്കുവെക്കുന്നു. കര്‍ണാടക സംഗീതത്തിലെ പാരമ്പര്യങ്ങളെ കണിശതയോടെ രാഗവിസ്താരം നടത്തുകയും സംഗീതജീവിതത്തില്‍ കൊണ്ടുനടക്കുകയും ചെയ്യുന്ന ഗായികയാണ് നിത്യശ്രീ മഹാദേവന്‍. സംഗീതത്തില്‍ പാരമ്പര്യവഴികളിലൂടെ സഞ്ചരിക്കുമ്പോഴും കര്‍ണാടക സംഗീതത്തെ ജനകീയമാക്കാന്‍ ഇവര്‍ നടത്തുന്ന വേറിട്ട പാട്ടുവഴികളുണ്ട്. പ്രശസ്തയായ കര്‍ണാടക സംഗീതജ്ഞ ബി.കെ. പട്ടമ്മാളുടെ പൗത്രികൂടിയാണ് നിത്യശ്രീ. 1987ലെ മദ്രാസ് നഗരത്തില്‍ നടന്ന തന്റെ ആദ്യ കച്ചേരിയില്‍തന്നെ മികച്ച...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
കർണാടക സംഗീതത്തിൽ വിഖ്യാതയായ നിത്യശ്രീ മഹാദേവനുമായി നടത്തിയ ഹ്രസ്വ സംഭാഷണമാണിത്. സംഗീത വഴികളെക്കുറിച്ച് പറയുന്ന അവർ ചില ഓർമകളും പങ്കുവെക്കുന്നു.

കര്‍ണാടക സംഗീതത്തിലെ പാരമ്പര്യങ്ങളെ കണിശതയോടെ രാഗവിസ്താരം നടത്തുകയും സംഗീതജീവിതത്തില്‍ കൊണ്ടുനടക്കുകയും ചെയ്യുന്ന ഗായികയാണ് നിത്യശ്രീ മഹാദേവന്‍. സംഗീതത്തില്‍ പാരമ്പര്യവഴികളിലൂടെ സഞ്ചരിക്കുമ്പോഴും കര്‍ണാടക സംഗീതത്തെ ജനകീയമാക്കാന്‍ ഇവര്‍ നടത്തുന്ന വേറിട്ട പാട്ടുവഴികളുണ്ട്. പ്രശസ്തയായ കര്‍ണാടക സംഗീതജ്ഞ ബി.കെ. പട്ടമ്മാളുടെ പൗത്രികൂടിയാണ് നിത്യശ്രീ. 1987ലെ മദ്രാസ് നഗരത്തില്‍ നടന്ന തന്റെ ആദ്യ കച്ചേരിയില്‍തന്നെ മികച്ച പെര്‍ഫോമര്‍ക്കുള്ള പുരസ്‌കാരം നേടിയ നിത്യശ്രീ മഹാദേവന്‍ പ്രശസ്ത മൃദംഗവിദ്വാന്‍ പാലക്കാട് മണി അയ്യരുടെ അടുത്തബന്ധുവുമാണ്. എ.ആർ. റഹ്മാൻ നിത്യശ്രീയെ സിനിമാലോകത്ത് പരിചയപ്പെടുത്തിയിട്ട് 25 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ചെന്നൈ ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മാർകഴി ഉത്സവങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ തന്റെ പദ്ധതികളെക്കുറിച്ചും സിനിമയിലെ പാട്ടു ജീവിതത്തെക്കുറിച്ചും അൽപനേരം ...

കര്‍ണാടക സംഗീതത്തെ ജനകീയമാക്കാന്‍ താങ്കള്‍ ആസൂത്രണം ചെയ്തു നടത്തുന്ന സംരംഭം ഉണ്ടല്ലോ, അതിനെക്കുറിച്ച്.

അതെ, കര്‍ണാടക സംഗീതം അത് പഠിച്ചവര്‍ക്കുമാത്രമേ ആസ്വദിക്കാന്‍ സാധിക്കൂ എന്ന അഭിപ്രായം പൊതുവില്‍ നമുക്കിടയില്‍ നിലനിൽക്കുന്നുണ്ട്. കൂടാതെ, പ്രായംചെന്നവര്‍ക്കും രാഗങ്ങളെ മനസ്സിലാക്കിയവര്‍ക്കും മാത്രമേ ആസ്വദിക്കാന്‍ കഴിയൂ എന്നതാണ്. ഈ പൊതുധാരണക്കപ്പുറം താൽപര്യമുള്ളവര്‍ക്കെല്ലാം കര്‍ണാടക സംഗീതം ആസ്വദിക്കാന്‍ കഴിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനായി 2024ല്‍ രൂപകൽപന ചെയ്തതാണ് ക്രിയേറ്റ് എ രസിക (car -create a Rasika). വിദ്യാർഥി കാലഘട്ടത്തില്‍തന്നെ കര്‍ണാടക സംഗീതത്തെക്കുറിച്ച് അറിഞ്ഞാല്‍ അത് വലിയ മുതല്‍ക്കൂട്ടാവുമെന്ന് കരുതുന്നയാളാണ് ഞാന്‍. ചെന്നൈയിലാണ് ഈ പദ്ധതിയുടെ തുടക്കം. ഇതി​ന്റെ പ്രവര്‍ത്തനമെന്നത് വിദ്യാലയങ്ങളില്‍ പോയി കര്‍ണാടക സംഗീതത്തെക്കുറിച്ച് വിദ്യാർഥികളുമായി സംവദിക്കുകയെന്നതാണ്.

സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലും ചെന്ന് ഒരു മണിക്കൂര്‍ കര്‍ണാടക സംഗീതത്തെക്കുറിച്ച് ഒരു പ്രഭാഷണ ക്ലാസ് നടത്തും. കൂടാതെ, പവര്‍പോയന്റ് പ്രസന്റേഷനും ഏതെങ്കിലും ഒരു കച്ചേരിയും കേള്‍പ്പിക്കും. തുടര്‍ന്ന്, വിദ്യാർഥികളോട് സംവദിക്കും. അവരെ സംസാരിപ്പിക്കും. അവരുടെ അഭിപ്രായങ്ങള്‍ എല്ലാംതന്നെ കേള്‍ക്കുകയും അതിന് മറുപടി നൽകുകയും ചെയ്യും. താൽപര്യമുള്ള വിദ്യാർഥികളെ പാടിപ്പിക്കും. ചെറിയ വര്‍ക്ക്‌ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിക്കും. അതിനുശേഷം താൽപര്യമുള്ള വിദ്യാർഥികളോട് ഈ പ്രോജക്ടില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറയും. നിലവില്‍ ആയിരത്തോളം വിദ്യാർഥികള്‍ ഇതിന്റെ ഭാഗമാണ്. ചെന്നൈയില്‍ നടക്കുന്ന മാർകഴി സീസണലില്‍ ഓരോ കച്ചേരിക്കും മുപ്പത് വിദ്യാർഥികളെ ഈ പദ്ധതിയുടെ ഭാഗമായി ഞാന്‍ പങ്കെടുപ്പിക്കാറുണ്ട്. കര്‍ണാടക സംഗീതത്തെ പുതിയ തലമുറക്ക് എത്തിക്കാന്‍ ചെന്നൈയില്‍നിന്നും ആരംഭിച്ച ഈ പദ്ധതി ഇനി വിവിധ ഇടങ്ങളിലേക്ക് കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നു.

താങ്കള്‍ ഭാഗവാക്കായി കോവിഡ് കാലത്തില്‍ ആരംഭിച്ച മറ്റൊരു സംരംഭം ഉണ്ടല്ലോ

അത് ഗ്ലോബല്‍ കര്‍ണാടിക് മ്യൂസിഷന്‍ അസോസിയേഷന്‍ ആണ്. ജി.സി.എം.എ എന്ന പദ്ധതി കോവിഡ് കാലത്തില്‍ കര്‍ണാടക സംഗീതജ്ഞരുടെ കൂട്ടായ്മയായി ആരംഭിച്ചതാണ്. അതിന്റെ തമിഴ്‌നാട് സെക്രട്ടറികൂടിയാണ്. കര്‍ണാടക സംഗീതത്തിന്റെ പ്രചാരണത്തോടൊപ്പം സംഗീതജ്ഞരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ കൂട്ടായ്മ ശ്രമിക്കുമെന്നതാണ്. കര്‍ണാടക സംഗീതജ്ഞരുടെ ഒരു പൊതു ഇടമാണിത്.

 

ആദ്യ കച്ചേരിയെക്കുറിച്ചുള്ള ഓർമകള്‍...

1987ല്‍ ആയിരുന്നു. കച്ചേരിക്ക് അനുവാദം ലഭിച്ചത് മുതല്‍ രാവും പകലും പരിശീലനം നടത്തിയിരുന്നു. പ്രൗഢമായ സദസ്സായിരുന്നു. കച്ചേരിയുടെ ആരംഭം മുതല്‍ വല്ലാത്ത ഒരു അവസ്ഥയായിരുന്നു. തുടക്കക്കാര്‍ക്കുണ്ടാവുന്ന എല്ലാ പരിഭ്രമങ്ങളും വേഗതയും എനിക്കും ഉണ്ടായിരുന്നു.

പിന്നീട് ഞാന്‍ ആലോചിച്ചു. ഇത് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട മണിക്കൂറുകളാണ്. ഇപ്പോള്‍ ഇതിനെ മറികടന്നില്ലെങ്കില്‍ തന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം നൽകാന്‍ കഴിയില്ല. അങ്ങനെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന എന്റെ ആദ്യ കച്ചേരി പാടി. പാലക്കാട് കെ.വി. നാരായണ സ്വാമിയായിരുന്നു മുഖ്യാതിഥി. അദ്ദേഹം എന്നെ അനുഗ്രഹിക്കുകയും മികച്ച ഭാവിയുള്ള കുട്ടിയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

ആദ്യ കച്ചേരിയെക്കുറിച്ച് പട്ടമ്മാള്‍ എന്താണ് അഭിപ്രായം പറഞ്ഞത്?

നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചു. എന്നോട് പറഞ്ഞതിനേക്കാള്‍ എന്റെ അച്ഛനോടാണ് അവര്‍ പറഞ്ഞത്. കാരണം, എന്റെ കച്ചേരിയെക്കുറിച്ച് അച്ഛന് വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്റെ ആദ്യ വിമര്‍ശകന്‍ മൃദംഗവിദ്വാന്‍കൂടിയായ അച്ഛന്‍ ശിവകുമാറാണ്. അദ്ദേഹം പാലക്കാട് മണി അയ്യരുടെ ശിഷ്യനും കൂടിയാണ്. വളരെ വേഗത്തിൽ പാടിയെന്നുള്ള അച്ഛന്‍റെ അഭിപ്രായത്തിന് അവള്‍ കുട്ടിയാണെന്നും ഇത്തരത്തിലുള്ള വിവിധ ഘട്ടങ്ങളെല്ലാം കഴിഞ്ഞാണ് എല്ലാവരും സംഗീതത്തിലേക്ക് വരുകയെന്നുമാണ് പട്ടമ്മാളിന്റെ മറുപടി. തുടര്‍ന്ന്, നന്നായി പാടിയെന്നുള്ള പട്ടമ്മാളിന്റെ അഭിപ്രായം വളരെ വലിയ അനുഗ്രഹമായി കരുതുന്നു.

 

എ.ആർ. റഹ്മാൻ,ഔസേപ്പച്ചൻ

പട്ടമ്മാളുടെ പൗത്രി എന്നത് കച്ചേരികളില്‍ ബാധ്യതയാവാറുണ്ടോ?

ആദ്യമെല്ലാം അങ്ങനെയൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഇപ്പോൾ ശീലമായി. അതൊരു സുഖമുള്ള ടെന്‍ഷനായി ഞാന്‍ കാണുന്നു.

പട്ടമ്മാളോടൊപ്പമുള്ള സംഗീത ജീവിതത്തെക്കുറിച്ചുള്ള ഓർമകൾ?

ഓരോ രാഗവും മനസ്സിലാക്കി പറഞ്ഞ് തന്ന് പഠിപ്പിക്കുമായിരുന്നു. പലപ്പോഴും അമ്മയും കൂടെയുണ്ടാവും. എന്റെ കച്ചേരി ജീവിതത്തിന്റെ തുടക്കത്തിൽ പട്ടമ്മാൾ പങ്കെടുക്കുമായിരുന്നു. മുൻനിരയിൽ തന്നെ ഉണ്ടാവും. പ്രായാധിക്യവും ശാരീരിക വിഷമതകളും ഉള്ളപ്പോഴും അവർ പങ്കെടുക്കും. ഞാൻ നിർബന്ധിച്ചും അവരെ കച്ചേരികളിൽ കൊണ്ടുചെല്ലും. ഒരിക്കൽ തിമിര ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു പട്ടമ്മാൾ. ആ സമയത്ത് അവരുടെതന്നെ പ്രസിദ്ധമായ രാഗം താനം പല്ലവി ഞാൻ പഠിച്ചെടുത്ത് കച്ചേരിക്കായി പരിശീലിച്ച് കഴിഞ്ഞിരുന്നു. കണ്ണിൽ വെച്ചുകെട്ടലുമായി കച്ചേരി കേൾക്കാൻ അവർക്ക് വരാൻ സാധിക്കില്ലെന്ന് തീർത്തുപറഞ്ഞു.

നിവൃത്തിയില്ലാതെ അവരില്ലാത്ത സദസ്സിൽ കച്ചേരി അവതരിപ്പിക്കുകയായിരുന്നു. തനിയാവർത്തനം കഴിഞ്ഞ് നിറഞ്ഞ സദസ്സിലെ തിരക്കുകൾക്കിടയിൽ കണ്ണോടിക്കുമ്പോൾ അവർ നിൽക്കുന്നത് കണ്ടു. സത്യത്തിൽ കണ്ണു നിറഞ്ഞു. ജീവിതത്തിൽ മറക്കാൻ കഴിയാത്ത കച്ചേരിയായിരുന്നു അത്. മറ്റൊരു സംഭവം ‘ത്രിവേണി സംഗമം’ എന്ന പേരിൽ ഒരു പരിപാടി ചെയ്തിരുന്നു. എം.എസ്. സുബ്ബലക്ഷ്മി, പട്ടമ്മാൾ, എം.എൽ. വസന്തകുമാരി എന്നിവരുടെ സിനിമാഗാനങ്ങൾ കോർത്തിണക്കി ഓർക്കസ്ട്രയുടെ സഹായത്തോടെ പാടിയിരുന്നു. പരിപാടി നടക്കുമ്പോൾ എം.എസ്. സുബ്ബലക്ഷ്മിയും എം.എൽ. വസന്തകുമാരിയും ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. പട്ടമ്മാൾ മാത്രമാണ് ഉണ്ടായിരുന്നത്. പരിപാടിക്ക് വീൽചെയറിലാണ് പട്ടമ്മാൾ എത്തിയത്. അവരുടെ സാന്നിധ്യവും അനുഗ്രഹവും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു.

താങ്കളുടെ കച്ചേരികളിൽ പലതിലും പ്രശസ്തരായ കർണാടക സംഗീതജ്ഞർ പങ്കെടുത്തതായി കേട്ടിടുണ്ട്. ആ അനുഭവങ്ങൾ?

ഒരിക്കൽ കച്ചേരിക്ക് ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ വന്നിരുന്നു. കച്ചേരി കഴിഞ്ഞശേഷം അദ്ദേഹം പറഞ്ഞത് ഇരുപത്തിനാല് കാരറ്റ് സ്വർണംപോലുള്ള സ്വരമാണ് നിനക്ക്. പർവീണ സുൽത്താനയെപ്പോലെ നീ പാടുന്നുവെന്ന് പറഞ്ഞ് അനുഗ്രഹിച്ചു. കച്ചേരികളുടെ ആരംഭകാലത്ത് എം.എസ്. സുബ്ബലക്ഷ്മിയും വന്നിരുന്നു. ഒരു ഗായികക്കുവേണ്ട സ്വരം എല്ലാം നിന്നിലുണ്ട്. ഇനി ഈ സ്വരം നിലനിർത്താൻ പരിശ്രമിക്കണമെന്ന് പറഞ്ഞ് അനുഗ്രഹിച്ചിരുന്നു. മറക്കാൻ കഴിയാത്ത അനുഗ്രഹങ്ങളും ആശംസങ്ങളുമാണ് ഇതെല്ലാം.

സിനിമയില്‍ പാടിത്തുടങ്ങിയിട്ട് 25 വര്‍ഷം കഴിഞ്ഞിരിക്കുന്നു. സംഗീത കച്ചേരികള്‍ക്കിടയില്‍ സിനിമാസംഗീത ജീവിതത്തെ തിരിഞ്ഞുനോക്കുമ്പോള്‍ എന്ത് തോന്നുന്നു?

ആശ്ചര്യമാണ് തോന്നുന്നത്. വര്‍ഷങ്ങള്‍ പോയതേ അറിഞ്ഞില്ല.

എ.ആര്‍. റഹ്‌മാന്‍ സംഗീത സംവിധാനം നിർവഹിച്ച ‘ജീന്‍സി’ലാണ് ആദ്യമായി പാടുന്നത്. ആ അനുഭവം?

എ.ആര്‍. റഹ്‌മാനോടപ്പമുള്ള ജോലി വിസ്മയിപ്പിക്കുന്നതാണ്. എന്റെ കർണാടിക് ആൽബം കേട്ടിട്ടാണ് അദ്ദേഹം എന്നെ പാടാൻ ക്ഷണിക്കുന്നത്. ഏത് കലാകാരനാണെങ്കിലും ആ കലാകാരന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ റഹ്‌മാന് കഴിയും. മികച്ച സംഗീത സംവിധായകനാണ്. താന്‍ പറഞ്ഞത് മാത്രം പാടിയാല്‍ മതിയെന്ന ശാഠ്യങ്ങളില്ലാത്ത ആളാണ് റഹ്‌മാന്‍. കലാകാരന്റെ ഏറ്റവും മികച്ച പ്രകടനത്തിന് വില കൽപിക്കുന്നയാളാണ്.

ഗായകസംഘത്തോടൊപ്പം നിത്യശ്രീ മഹാദേവൻ

 

മലയാളത്തില്‍ ‘അരികെ’ എന്ന സിനിമയിൽ ഔസേപ്പച്ചനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നതിനെക്കുറിച്ച്?

ഭാഷ കുറച്ച് പ്രശ്‌നമായിരുന്നുവെങ്കിലും നല്ല ഗാനമായിരുന്നു. ഔസേപ്പച്ചനോട് ഒന്നിച്ച് പ്രവർത്തിച്ചത് വലിയ അനുഭവം ആയിരുന്നു.

ഭര്‍ത്താവിന്റെ മരണമുൾപ്പെടെ വിയോഗങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്?

ജീവിതത്തില്‍ സന്തോഷം വരുമ്പോള്‍ നമ്മള്‍ സ്വീകരിക്കുന്നില്ലേ. അതുപോലെ ദുഃഖം ഉണ്ടാവുമ്പോഴും സ്വീകരിക്കാന്‍ നമ്മള്‍ തയാറാകണം. എനിക്ക് എന്തിന് ഇത്രയും കഷ്ടങ്ങള്‍ തന്നു എന്ന് ദൈവത്തോട് ചോദിക്കുന്നതിന് പകരം സങ്കടങ്ങള്‍ വന്ന് തളരുമ്പോള്‍ ഏഴുന്നേല്‍ക്കാന്‍ ദൈവത്തോട് ശക്തി ചോദിക്കുകയെന്നുള്ളതാണ് കാര്യം. സന്തോഷവും സങ്കടവും ഒരുപോലെ സ്വീകരിക്കാന്‍ സാധിച്ചാല്‍ അത് വലിയ കാര്യമാണ്.

സംഗീതമാണ് ഭാവിയെന്ന് നേരത്തേതന്നെ തോന്നിയിരുന്നോ?

തുടക്കത്തിൽ അങ്ങനെയൊന്നും തോന്നിയിട്ടില്ല. എന്റെ രക്ഷിതാക്കൾ എന്നെ ഇത്തരത്തിലാവണമെന്ന് ഒരിക്കലും നിർബന്ധിച്ചിട്ടില്ല. പക്ഷേ, ഒന്നറിയാം എന്റെ ജീവിതത്തിൽനിന്നും സംഗീതത്തെ മാറ്റി നിർത്താൻ സാധിക്കുകയില്ലെന്ന്.

നിത്യശ്രീയുടെ ജീവിതത്തില്‍ സംഗീതത്തിന്റെ പ്രധാന്യത്തെക്കുറിച്ച്?

ജീവിതത്തില്‍ ഉണ്ടാവുന്ന സുഖദുഃഖങ്ങളില്‍ എല്ലാം തുണയായി ആശ്വാസമായി നിൽക്കുന്നത് സംഗീതമാണ്. ഏത് അവസ്ഥയിലും സംഗീതത്തിന് നമ്മളെ ആശ്വസിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. സംഗീതം ഇഷ്ടപ്പെടുന്നവരെല്ലാവരും തന്നെ ദൈവത്തിന്റെ അടുത്തുള്ളവരാണെന്ന് കരുതുന്നു. അങ്ങനെയാകുമ്പോള്‍ ഞാനും ദൈവത്തോട് ചേര്‍ന്നുനിൽക്കുന്നു.

News Summary - Carnatic music should be made accessible to everyone