Begin typing your search above and press return to search.

വാഗ്​ധീരത

വാഗ്​ധീരത
cancel

മലയാള നിരൂപ​ണശാഖയിലും സാഹിത്യചരിത്ര രചനാ മേഖലയിലും തികച്ചും വ്യത്യസ്​തനാണ്​ ഡോ. പി.കെ. രാജശേഖരൻ. കഠിനാധ്വാനവും പാണ്ഡിത്യവും ആവശ്യപ്പെടുന്ന പ്രവർത്തനങ്ങളിലൂടെ പകരംവെക്കാനാകാത്ത സംഭാവനകളാണ്​ മലയാളത്തിന്​ പി.കെ. രാജശേഖരന്‍റേതായുള്ളത്. അദ്ദേഹവുമായി എഴുത്ത്​, മാധ്യമപ്രവർത്തനം, സാഹിത്യ ചരിത്രം, വിമർശനരംഗം, സമകാലിക എഴുത്ത്​ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നടത്തിയ സംഭാഷണമാണിത്​. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിക്കുശേഷമുള്ള മലയാള സാഹിത്യത്തെയും കലാസാംസ്കാരിക മണ്ഡലത്തെയും മാത്രമല്ല സാമൂഹിക-രാഷ്ട്രീയ വ്യവഹാരങ്ങളെയും നിർണായകമായി സ്വാധീനിച്ച ആധുനികതയുടെ കൊടിപ്പടം താഴ്ന്നുതുടങ്ങിയ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
മലയാള നിരൂപ​ണശാഖയിലും സാഹിത്യചരിത്ര രചനാ മേഖലയിലും തികച്ചും വ്യത്യസ്​തനാണ്​ ഡോ. പി.കെ. രാജശേഖരൻ. കഠിനാധ്വാനവും പാണ്ഡിത്യവും ആവശ്യപ്പെടുന്ന പ്രവർത്തനങ്ങളിലൂടെ പകരംവെക്കാനാകാത്ത സംഭാവനകളാണ്​ മലയാളത്തിന്​ പി.കെ. രാജശേഖരന്‍റേതായുള്ളത്. അദ്ദേഹവുമായി എഴുത്ത്​, മാധ്യമപ്രവർത്തനം, സാഹിത്യ ചരിത്രം, വിമർശനരംഗം, സമകാലിക എഴുത്ത്​ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നടത്തിയ സംഭാഷണമാണിത്​.

ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിക്കുശേഷമുള്ള മലയാള സാഹിത്യത്തെയും കലാസാംസ്കാരിക മണ്ഡലത്തെയും മാത്രമല്ല സാമൂഹിക-രാഷ്ട്രീയ വ്യവഹാരങ്ങളെയും നിർണായകമായി സ്വാധീനിച്ച ആധുനികതയുടെ കൊടിപ്പടം താഴ്ന്നുതുടങ്ങിയ 1990കളുടെ തുടക്കത്തിലാണ്​ ഉത്തരാധുനികത അതിന്‍റെ വരവറിയിച്ചത്. പുതിയ സിദ്ധാന്തങ്ങളും മൂല്യഭാവനകളും ഭാഷാസങ്കൽപവും സാമൂഹിക രാഷ്ട്രീയ ചിന്തകളും ഉത്തരാധുനികത മു​ന്നോട്ടുവെച്ചു. സാഹിത്യ നിരൂപണത്തിലായിരുന്നു അതിന്‍റെ തുടക്കം. പുതിയ ഭാവുകത്വം രൂപപ്പെടുകയാണെന്ന്​ വെളിപ്പെടുത്തുന്ന രചനകളുമായി ഉത്തരാധുനികതയുടെ തീക്കാറ്റ്​ ആഞ്ഞുവീശി. സാഹിത്യത്തിൽനിന്ന്​ സാമാന്യ വ്യവഹാരങ്ങളിലും സാമൂഹിക, രാഷ്​ട്രീയ ചിന്തകളിലും മാധ്യമാവിഷ്കരണങ്ങളിലുമെല്ലാം ആ സംജ്ഞ കടന്നുവന്നു. ഇപ്പോഴും അത്​ തുടർന്നുപോരുകയും ചെയ്യുന്നു. അതുവരെ പ്രബലമായിരുന്ന ചിന്താപദ്ധതികളെയും വായനരീതികളെയും അപ്രസക്തമാക്കുന്ന വിധത്തിലുള്ള ആശയങ്ങളുമായി ഉത്തരാധുനിക പ്രസ്ഥാനത്തിന്‍റെ അണിയത്തും അമരത്തും നിലയുറപ്പിച്ചവരിൽ പ്രധാനിയായ സാഹിത്യ നിരൂപകനാണ്​ പി.കെ. രാജശേഖരൻ.

ഒന്നിനും വഴങ്ങിക്കൊടുക്കാത്ത വാഗ്​ധീരത പി.കെ. രാജശേഖരനെ വേർതിരിച്ചുനിർത്തുന്നു; എഴു​ത്തിലും പ്രഭാഷണത്തിലും ചിന്തയിലും. കക്ഷി-രാഷ്ട്രീയ താൽപര്യങ്ങൾക്കും സംഘടനകൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും ജനപ്രിയാഭിരുചികൾക്കും വഴങ്ങാൻ വിസമ്മതിച്ചുകൊണ്ട്​ സാഹിത്യമൂല്യത്തെ ഉയർത്തിപ്പിടിക്കുന്ന നിരൂപണ രീതിയാണത്​. അഗാധമായ ചരിത്രബോധത്തിന്‍റെയും സൗന്ദര്യമൂല്യ സങ്കൽപത്തിന്‍റെയും പാണ്ഡിത്യത്തിന്‍റെയും അടിസ്ഥാനത്തിലുള്ള അപഗ്രഥന സൂക്ഷ്മതയാണ്​ അതിന്‍റെ സവിശേഷത. സാഹിത്യകൃതിയെ അതിന്‍റെ ചരിത്ര സന്ദർഭവുമായി ബന്ധിപ്പിച്ചും അതിനുപുറത്തുള്ള ജ്​ഞാന പദ്ധതികളുടെ വെളിച്ചത്തിൽ വിശകലനം ചെയ്തുകൊണ്ടുമുള്ള ആ സാഹിത്യവിചാര പദ്ധതിയിൽ നിരൂപണം സാംസ്കാരിക സൂക്ഷ്മതകളുടെയും ആഖ്യാന സൂക്ഷ്മതകളുടെയും വ്യാഖ്യാനവും വിലയിരുത്തലുമായി മാറുന്നു. ഒരു സാഹിത്യ രൂപത്തെയോ കൃതിയെയോ അതിന്‍റെ സാകല്യത്തിലാണ്​ രാജശേഖരൻ പരിശോധിക്കുന്നത്​.

സ്ഥൂലത്തിൽനിന്ന്​ സൂക്ഷ്മത്തിലേക്കും തിരിച്ചും നീങ്ങി സാകല്യാനുഭവം വിലയിരുത്തി കൃതിയിലെ അദൃശ്യപാഠങ്ങൾ വായനക്കാർക്ക്​ വെളിപ്പെടുത്തിക്കൊടുക്കുന്ന വിശ്ലേഷണ സ്വഭാവമുള്ള പഠനസമ്പ്രദായം അവതരിപ്പിച്ചതും പുതിയ ചിന്തയുടെ ചട്ടക്കൂട്​ നൽകിയതുമാണ്​ ആധുനികാനന്തര നിരൂപണത്തിന്​ അദ്ദേഹം നൽകിയ സംഭാവന. പാരമ്പര്യത്തിന്‍റെയും ആധുനികതയുടെയും പുനർവായനകളും പുതുഭാവുകത്വത്തിന്‍റെ വ്യാഖ്യാനവും നവീനാശയങ്ങളുടെ ആവിഷ്കാരവും ഉൾപ്പെടുന്നതാണ്​ രാജശേഖരന്‍റെ നിരൂപണ കൃതികൾ. ‘പിതൃഘടികാരം: ഒ.വി. വിജയന്‍റെ കലയും ദർശനവും’ (1994), ‘അന്ധനായ ദൈവം: മലയാള നോവലിന്‍റെ നൂറുവർഷങ്ങൾ’ (1999), ‘ഏകാന്ത നഗരങ്ങൾ: ഉത്തരാധുനിക മലയാള സാഹിത്യത്തിന്‍റെ സൗന്ദര്യശാസ്ത്രം’ (2006), ‘ആത്മാവിന്‍റെ പാവകളിക്കാർ: കവിതയിലെ അന്വേഷണ പരിശോധനകൾ’ (2022), ‘കഥാന്തരങ്ങൾ: മലയാള ചെറുകഥയുടെ ആഖ്യാന ഭൂപടം’ (2023), ലോക സാഹിത്യത്തെ കുറിച്ചുള്ള ‘വാക്കിന്‍റെ മൂന്നാംകര’ (2008), ‘വിശ്വസാഹിത്യ ദർശനങ്ങൾ’ (2018), ‘ദസ്തയേവ്​സ്​കി: ഭൂതാവിഷ്ടന്‍റെ ഛായാപടം’ (2022) തുടങ്ങിയവയാണ്​ അതിൽ മുഖ്യം.

ആധുനിക നിരൂപണത്തിനുശേഷം മലയാളത്തിലെ നോവൽ പഠനത്തിൽ പുതിയൊരു ദിശാവ്യതിയാനം സൃഷ്ടിച്ചത്​ പി.കെ. രാജശേഖരന്‍റെ നിരൂപണമാണ്. മലയാള നോവലിന്‍റെ വികാസപരിണാമങ്ങൾ, ഭാവുകത്വ വ്യതിയാനങ്ങൾ, സവിശേഷ പ്രമേയങ്ങൾ, ആഖ്യാന വി​ശേഷങ്ങൾ തുടങ്ങിയവ പുതിയ ചിന്തയുടെ വെളിച്ചത്തിൽ അപഗ്രഥിക്കുകയും പരിമിതികൾക്കൊപ്പം വിജയങ്ങളും രേഖപ്പെടുത്തുകയും ഒരുപരിധി വരെ ആഘോഷിക്കുകയും ചെയ്യുന്ന ചരിത്രപരമായ പഠനരീതിയാണത്. നോവലിസ്റ്റിന്‍റെ ജീവിതം, സാമൂഹിക പശ്ചാത്തലം, ദാർശനികത, ജീവിത ദർശനം തുടങ്ങിയവയിൽ ഊന്നിനിന്നിരുന്ന പരമ്പരാഗത നിരൂപണത്തിന്‍റെ രീതികൾ തച്ചുടച്ച്​ നോവൽ പഠനത്തിൽ വലിയ മാറ്റം കൊണ്ടുവന്ന രചനയാണ്​ രാജശേഖരന്‍റെ ‘അന്ധനായ ദൈവം’. 25 വർഷത്തിനുശേഷവും മലയാള നോവൽ നിരൂപണത്തിലെ നാഴികക്കല്ലുകളിലൊന്നായി അത്​ തുടരുന്നു. പൊതുവായനയിലും അക്കാദമിക പഠന-ഗവേഷണ രംഗങ്ങളിലും അതിന്‍റെ സ്വാധീനത നിലനിൽക്കുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തിൽ ഗവേഷണ വിദ്യാർഥിയായിരുന്ന കാലത്ത്​ ഉത്തരാധുനികതയെ കുറിച്ചുള്ള ആദ്യപുസ്തകങ്ങളിലൊന്നായ ‘നോവൽ: ബോധവും പ്രതിബോധവും’ എന്ന ലേഖന സമാഹാരം എഡിറ്റ്​ (ഡോ. ആസാദിനൊപ്പം) ചെയ്തു പ്രസിദ്ധീകരിച്ചുകൊണ്ട്​ നിരൂപണജീവിതം തുടങ്ങിയ രാജശേഖരനെ ആദ്യമായി വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്​ 1993ൽ ഒ.വി. വിജയന്‍റെ നോവൽ ‘പ്രവാചകന്‍റെ വഴി’ കലാകൗമുദി വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരണം തുടങ്ങിയപ്പോൾ അതിനെഴുതിയ ആമുഖ ലേഖനമാണ്​. വിജയന്‍റെ എഴുത്തിനെയും ദർശനത്തെയും ആധുനികതാനിരൂപണത്തിൽനിന്ന്​ ഭിന്നമായ പുതിയൊരു കാഴ്ചപ്പാടിൽ അവതരിപ്പിച്ച ‘വിജയന്‍റെ സാരസ്വത രഹസ്യങ്ങൾ’ എന്ന ആ ലേഖനത്തിന്​ പിന്നാലെ തൊട്ടടുത്ത വർഷം പിതൃഘടികാരം എന്ന ആദ്യ പുസ്തകം പുറത്തുവന്നു.

ഒ.വി. വിജയന്‍റെ ‘ഖസാക്കിന്‍റെ ഇതിഹാസം’ ഉൾപ്പെടെയുള്ള നോവലുകളുടെ സമഗ്ര നിരൂപണമായ ​ആ പുനർവായനയിൽ വിജയന്‍റെ രചനാലോകം മറ്റൊരു വെളിച്ചത്തിൽ തിളങ്ങി. മൂന്നു പതിറ്റാണ്ട്​ മുമ്പ്​ രാജശേഖരൻ എഴുതിയ ‘മലയാള​ നോവലിന്‍റെ ചരിത്രത്തെ ഖസാക്കിന്​ മുമ്പും പിമ്പുമെന്ന്​ വേർതിരിക്കാം’ എന്ന പ്രസ്താവന പിന്നീട്​ പലതവണ ആവർത്തിക്കപ്പെട്ടു. ആധുനികാനന്തര തലമുറയിലെ നിരൂപകനാണെങ്കിലും പഴയ തലമുറയിലെ പ്രധാനപ്പെട്ട എഴുത്തുകാരായ ഒ.എൻ.വി, സുഗതകുമാരി, ഒ.വി. വിജയൻ, സേതു, ദേശമംഗലം രാമകൃഷ്ണൻ, എസ്​.വി. വേണുഗോപൻ നായർ, എൻ.എസ്​. മാധവൻ, ബാലചന്ദ്രൻ ചുള്ളിക്കാട്​ തുടങ്ങിയവർക്ക്​ രാജശേഖരൻ എഴുതിയ അവതാരികകൾ സ്വാധീനത സൃഷ്ടിച്ച പുനർവായനകളായിരുന്നു.

ബഹുമുഖത്വമെന്നോ വിജ്ഞാനന്തരത്വമെന്നോ വിശേഷിപ്പിക്കാവുന്ന ഒരുവശം കൂടിയുണ്ട്​ പി.കെ. രാജശേഖരന്‍റെ രചനാജീവിതത്തിന്​. സാഹിത്യവും സംസ്കാര ചരിത്രവും പാണ്ഡിത്യവും ഒത്തുചേരുന്ന പുതിയൊരു സാഹിത്യ-സംസ്കാര പഠനരീതിയുടെ സൈദ്ധാന്തിക രചനകളുടെ ലോകം. ‘ബുക്സ്റ്റാൾജിയ: ഒരു പുസ്തക വായനക്കാരന്‍റെ ഗൃഹാതുരത്വങ്ങൾ’ (2015), ‘മലയാളിയുടെ മാധ്യമജീവിതം’ (2019), ‘സിനിമാ സന്ദർഭങ്ങൾ: സിനിമാശാലയും കേരളീയ പൊതുമണ്ഡലവും’ (2019), ‘പക്ഷിക്കൂട്ടങ്ങൾ: ലിറ്റിൽ മാഗസിനും മലയാളത്തിലെ ആധുനികതയും’ (2021) എന്നീ കൃതികൾ അതിന്‍റെ മാതൃകകളാണ്​. സാഹിത്യത്തിന്‍റെ ഭാഷാസ്വരൂപം, സൗന്ദര്യാവിഷ്കാരം, ആഖ്യാനരീതി, വായനക്കാർക്കുണ്ടാകുന്ന അനുഭൂതി തുടങ്ങിയ ആത്മീയാനുഭവങ്ങൾക്കൊപ്പം എഴുത്ത്​, അച്ചടി, പുസ്തകം എന്നീ നിലകളിൽ സാഹിത്യത്തിനുള്ള ഭൗതികത്വത്തെ കൂടി കണക്കിലെടുക്കുന്ന അപഗ്രഥനരീതിയാണ്​ രാജശേഖരന്‍റേത്​. ആത്മാവിനൊപ്പം ശരീരത്തിനും ഭാവത്തിനൊപ്പം രൂപത്തിനും തുല്യപ്രാധാന്യം നൽകുന്ന ചരിത്രപരമായ സമീപനം. ഭാഷാസ​ങ്കേതങ്ങൾ, ഗ്രന്ഥസ​​ങ്കേതങ്ങൾ എന്നീ സംജ്ഞകൾ നൽകിക്കൊണ്ട്​ സാഹിത്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭൗതികാടിത്തറയെ വിശദീകരിക്കുന്ന സവിശേഷമായൊരു പഠനസമ്പ്രദായം ‘ബുക്സ്​റ്റാൾജിയ’യിൽ കാണാൻ കഴിയും. ‘ഒരു പുസ്തക വായനക്കാരന്‍റെ ഗൃഹാതുരത്വം’ എന്ന ഒഴുക്കൻ മട്ടിലുള്ള സബ്​ടൈറ്റിലുള്ള ബുക്സ്റ്റാൾജിയ പുതിയൊരുതരം പുസ്തകചരിത്ര രചനാരീതി മലയാളത്തിൽ അവതരിപ്പിച്ചു.

പുസ്തകങ്ങളായി ആരും പരിഗണിക്കാത്ത പുസ്തകങ്ങളുടെ കഥ പറയുന്ന ബുക്സ്​റ്റാൾജിയ യഥാർഥത്തിൽ മലയാളത്തിലെ അച്ചടിച്ച പുസ്​തകത്തിന്‍റെയും അതിനുവേണ്ടിയുള്ള പ്രയത്നത്തിൽ പലതരം ത്യാഗങ്ങൾ അനുഭവിച്ചെങ്കിലും ഒരിടത്തും രേഖപ്പെടാതെ പോയവരുമായ എഴുത്തുകാർ, പ്രസാധകർ, അച്ചുനിർമാതാക്കൾ, അച്ചടിത്തൊഴിലാളികൾ തുടങ്ങിയവരുടെയും അതിസാധാരണക്കാരായ വായനക്കാരുടെയും ചരിത്രമാണ്. ‘‘മലയാള പുസ്തകത്തിന്‍റെ അനുഭവ ചരിത്രം എന്ന അസാധാരണ പദവിയിലേക്ക്​ ഈ പുസ്തകം കടന്നുനിൽക്കുന്നു; ഒരു വായനക്കാരന്‍റെ അനുഭവ ലോകങ്ങളും ആ മേഖലയെ കുറിച്ചുള്ള അടിസ്ഥാനപരമായ വസ്തുതകളും ഇത്രമേൽ സൗന്ദര്യാത്മകമായി കൂട്ടിയിണക്കപ്പെട്ട മറ്റൊരു രചന മലയാളത്തിലില്ല’’ എന്നാണ്​ മറ്റൊരു സമകാലിക നിരൂപകനായ സുനിൽ പി. ഇളയിടം ബുക്സ്റ്റാൾജിയയെ പറ്റി അഭിപ്രായപ്പെട്ടത്​.

പിൽക്കാലത്തുണ്ടായ പ്രസിദ്ധീകരണങ്ങളിൽ പലതരം ഒഴിവാക്കലുകൾക്കും ഭാഷാപരമായ വികലീകരണങ്ങൾക്കും വിധേയമായ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ‘ഇന്ദുലേഖ’യുടെ യഥാർഥ രൂപം കണ്ടെടുത്ത്​ പിഴതിരുത്തി ആധികാരികപ്പതിപ്പായി പുനഃപ്രസിദ്ധീകരിച്ചത്​ പി.കെ. രാജശേഖരന്‍റെ പ്രധാന സംഭാവനകളിലൊന്നാണ്​. മലയാള നോവലിന്‍റെ ചരിത്രത്തെയാകെ തിരുത്തുന്ന സംഭവമായിരുന്നു ഇന്ദുലേഖ ക്രിട്ടിക്കൽ എഡിഷന്‍റെ പ്രസിദ്ധീകരണം. ആധുനിക മലയാള സാഹിത്യത്തിന്‍റെ പരിവർത്തനത്തിൽ മാധ്യമരൂപാന്തരണം നിർവഹിച്ച പങ്കിനെ കുറിച്ച്​ പി.കെ. രാജശേഖരനോളം ആഴത്തിൽ പഠിക്കുകയും സൈദ്ധാന്തിക രൂപവത്​കരണങ്ങൾ നടത്തുകയുംചെയ്ത മറ്റൊരു ചിന്തകനുമില്ല. ലിറ്റിൽ മാഗസിനുകളും മലയാളത്തിലെ ആധുനികതാ സാഹിത്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ‘പക്ഷിക്കൂട്ടങ്ങൾ’ എന്ന പുസ്തകത്തിൽ അതു വായിക്കാൻ കഴിയും.

ഇതിനൊക്കെ പുറമെയാണ്​ എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലത്തിന്‍റെ പുനഃപ്രസിദ്ധീകരണം, ഒ.വി. വിജയന്‍റെ മുഴുവൻ രചനകളും കണ്ടെടുത്ത്​ പ്രസിദ്ധീകരിക്കാൻ നടത്തുന്ന ശ്രമങ്ങൾ, കെ.പി. അപ്പന്‍റെ സമ്പൂർണ കൃതികളുടെ എഡിറ്റിങ്​ തുടങ്ങിയ അദ്ദേഹം തുടർന്നുകൊണ്ടിരിക്കുന്ന കഠിനാധ്വാനവും പാണ്ഡിത്യവും ആവശ്യപ്പെടുന്ന പ്രവർത്തനങ്ങൾ. പകരംവെക്കാനാകാത്ത സംഭാവനകളാണ്​ മലയാളത്തിന്​ പി.കെ. രാജശേഖരന്‍റേതായുള്ളത്​. അദ്ദേഹവുമായുള്ള ദീർഘ സംഭാഷണമാണിത്​. വിവാദങ്ങളിൽനിന്നും സാമൂഹിക മാധ്യമ പ്രത്യക്ഷത്തിൽനിന്നും കക്ഷിരാഷ്ട്രീയ തർക്കവേദികളിൽനിന്നും പൊതുവേ ഒഴിഞ്ഞുനിൽക്കുന്ന രാജശേഖരൻ സാഹിത്യം, നിരൂപണം, വ്യക്തിജീവിതം, വായന തുടങ്ങിവയെപ്പറ്റി തുറന്നു സംസാരിക്കുകയാണിവിടെ.

വിവിധങ്ങളായ സാഹിത്യരൂപങ്ങൾക്കിടയിൽ നിരൂപണത്തിന്‍റെയും നിരൂപകന്‍റെയും സ്ഥാനമെന്താണ്​?

കർക്കശമായി നിർവചിച്ചാൽ സാഹിത്യത്തിന്‍റെ വ്യാഖ്യാനവും വിശകലനവും പഠനവുമാണ്​ സാഹിത്യനിരൂപണം. ആ ജനുസ്സിന്‍റെ പൊതുസ്വഭാവമാണത്. എന്നാൽ, കേവലമായ ഭാഷ്യമെഴുത്തല്ല നിരൂപണം. സാമാന്യയുക്തിയുടെ അടിസ്ഥാനത്തിൽ ഒരു കൃതിയുടെ ഗുണമേന്മയും മതിപ്പുവിലയും പറയുന്ന ‘അപ്രൈസറു’മല്ല നിരൂപകൻ.

 

പി.കെ. രാജശേഖരന്‍റെ കൃതികൾ

ഒരു സാഹിത്യകൃതിയെ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും വിലയിരു​ത്താനും ശ്രമിക്കുന്ന വായന സമ്പ്രദായമാണ്​​ നിരൂപണം എന്ന്​ വിശാലാർഥത്തിൽ പറയാം. ജാഗ്രത നിറഞ്ഞ വിശകലനാത്മകമായ വായന. സാഹിത്യനിരൂപണത്തിലും ആവിഷ്കാര തന്ത്രങ്ങളിലും ആഖ്യാനത്തിന്‍റെ ഭാഷയിലുമെല്ലാം അത്​ സവിശേഷമായ ശ്രദ്ധ ചെലുത്തുന്നു. കൃതികളുടെ ജനുസ്സ്​, ആഖ്യാനഘടന, വ്യാകരണം, ടോൺ, വാക്യഘടന തുടങ്ങിയ രൂപപരമായ കാര്യങ്ങളെല്ലാം നിരൂപണം വിശകലനംചെയ്യുന്നു. വ്യാഖ്യാനിക്കുകയും വിലയിരുത്തുകയുംചെയ്യുന്നു. സാമാന്യേന ഒരു വായനക്കാരന്‍റെ വായനയിൽ അയാൾ വ്യാഖ്യാനമോ വിലയിരുത്തലോ നടത്തുന്നില്ല. അയാൾ ആസ്വദിക്കുകയാണ്​. നിരൂപകനാകട്ടെ ആസ്വാദനം എന്ന പ്രക്രിയക്കൊപ്പം വ്യാഖ്യാനവും വിലയിരുത്തലും നിർവഹിക്കുന്നു. ആ വിലയിരുത്തലിന്​ പലതരം സ​മ്പ്രദായങ്ങളും രീതിശാസ്ത്രങ്ങളുമുണ്ട്​. അതിന്​ അനുസരിച്ചാണ്​ വായന​.

ഒരു കൃതിക്കോ സാഹിത്യത്തിനു തന്നെയോ അപ്പുറത്തുള്ള വിശാലമായ സാംസ്കാരിക പ്രയോഗങ്ങളെയും സംസ്കാരത്തിന്‍റെ മൂല്യങ്ങളെയും നിരൂപണം പരിഗണിക്കുന്നു. ഒരുതരത്തിൽ ഭാവനാശേഷിയുടെയും പാണ്ഡിത്യത്തിന്‍റെയും സാഹിത്യശാഖയാണത്​. പാഠവ്യാഖ്യാനവും ചരിത്രഗവേഷണവും സൈദ്ധാന്തിക പ്രതലഫലനവും അവിടെയുണ്ട്​; അതോടൊപ്പം പ്രതികരണവും മാധ്യമീകരണവുമടങ്ങുന്ന ഒരു മനുഷ്യപ്രയോഗവുമാണത്. സൗന്ദര്യബോധം, പാണ്ഡിത്യം, ഭാവന, അച്ചടക്കം, ധർമനിഷ്​ഠ എന്നിവയെല്ലാം നിരൂപകനാവശ്യമാണ്​.

ഒരു സാഹിത്യകൃതി പ്രദാനംചെയ്യുന്ന സ്രോതസ്സുകളിലൂടെയുള്ള ധ്യാനമോ അതിന്‍റെ മാധ്യമീകരണമോ ആണ്​ നിരൂപണം. അതിന്​ പല രൂപങ്ങളുണ്ട്. വ്യാഖ്യാനപരമായ സ്വാതന്ത്ര്യത്തിൽനിന്നാണ്​ നിരൂപണം ഉണ്ടാകുന്നതെന്നും പറയാം. ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഗ്രന്ഥകർത്താവിന്‍റെ സർഗാത്മക പ്രവർത്തനത്തിന്‍റെ ഉൽപന്നമായ സൗന്ദര്യവസ്തുവായ കൃതിയാണ്​ നിരൂപണത്തിന്‍റെ ലക്ഷ്യവസ്തു. അപഗ്രഥനത്തിലൂടെ കൃതി ഉൽ​പാദിപ്പിക്കപ്പെട്ട പ്രക്രിയയിലേക്ക്​ കൂടി നിരൂപണം പ്രവേശിക്കുന്നു. അങ്ങനെ അതിന്‍റെ അർഥവിശേഷങ്ങളോടൊപ്പം ആന്തരികമായ പരിമിതികളും ഇടർച്ചകളും വൈരുധ്യങ്ങളുംകൂടി നിരൂപണം പുറത്തുകൊണ്ടുവരും. കൃതിയുടെ നിർമാണ പ്രക്രിയയിലേക്കുള്ള പുനഃപ്രവേശനത്തിലൂടെ നിരൂപകൻ അതിനെ ​പുനഃസൃഷ്ടിക്കുകയാണ്​ ചെയ്യുന്നത്​. അതിലൂടെയാണ്​ നിരൂപണം അല്ലെങ്കിൽ നിരൂപകൻ സർഗാത്മകമായ സ്വാതന്ത്ര്യം അനുഭവിക്കുന്നത്​.

വായനക്കാർ കൃതിയിലൂടെ കടന്നുപോവുകയും അത്​ ആസ്വദിക്കുകയും ചെയ്യുന്നു. ചിലപ്പോൾ കഥാപാത്രങ്ങളുമായും സന്ദർഭങ്ങളുമായും സാത്മീകരിച്ച്​ വൈകാരികാനുഭൂതികൾപോലും നേടുന്നു. സാഹിത്യനിരൂപണത്തിൽ വായന വ്യത്യസ്തമാണ്​. നിരൂപകൻ കൃതിയുടെ ആഖ്യാനരീതിയും പദ-വാക്യ ഘടനയും പൂർവ കൃതികളുമായുള്ള ബന്ധവും സ്വാധീനതയും വൈരുധ്യങ്ങളും അർഥവിപര്യയങ്ങളും വിപരീതത്വങ്ങളുമെല്ലാം പരിശോധിക്കുന്നു.

സാഹിത്യ നിരൂപണം വായിക്കുന്നവരുടെ എണ്ണം ചെറുതായിരിക്കുമെങ്കിലും അതു സൃഷ്ടിക്കുന്ന ഫലം വളരെ വലുതാണ്​. അതതു കാലങ്ങളിലെ സൈദ്ധാന്തിക സങ്കൽപങ്ങളുടെ വെളിച്ചത്തിൽ സാഹിത്യനിരൂപണം രൂപപ്പെടുത്തിയിട്ടുള്ള വിലയിരുത്തലിന്‍റെയും വ്യാഖ്യാനത്തിന്‍റെയും ചട്ടക്കൂടിലാണ്​ നാളിതുവരെയും നാം സാഹിത്യത്തെപ്പറ്റി ചിന്തിച്ചുപോന്നിട്ടുള്ളത്​. മറ്റൊരുതരത്തിൽ പറഞ്ഞാൽ, സാഹിത്യ കൃതികളുടെ പ്രസക്തിയും മൂല്യവും പരിശോധിച്ച്​ അവയെ സംസ്കാരത്തിന്‍റെ ചരിത്രത്തിൽ സ്ഥാനപ്പെടുത്തുകയാണ്​ നിരൂപണം ചെയ്യുന്ന ധർമം. അങ്ങനെയാണ്​ നാം ചില കൃതികളെ വിശിഷ്ട രചനകളായി അംഗീകരിച്ചുപോരുന്നതും പാഠ്യപദ്ധതികളുടെ ഭാഗമാക്കിയിട്ടുള്ളതും വീണ്ടും വീണ്ടും വായിച്ചും വ്യാഖ്യാനിച്ചും വിമർശിച്ചും സംസ്കാരത്തിന്‍റെ പൊതുസ്വത്തുക്കളാക്കി മാറ്റിയിട്ടുള്ളതും. അതുകൊണ്ടാണ്​ ശ്വാസോച്ഛ്വാസംപോലെ അനിവാര്യമാണ്​ നിരൂപണമെന്ന്​ പണ്ട്​ ടി.എസ്​. എലിയറ്റ്​ പറഞ്ഞത്​. എഴുതി അച്ചടിച്ച്​ പുസ്തകരൂപത്തിൽ മുന്നിൽ വരുന്നവക്കെല്ലാം നാം മൂല്യം കൽപിക്കാതിരിക്കുന്നതിന്​ പിന്നിലുമുണ്ട്​ നിരൂപണത്തിന്‍റെ ജാഗ്രതയും സാംസ്കാരിക സ്വാധീനതയും.

 

ഡോ. പി.കെ. രാജശേഖരൻ,പി.കെ. രാജശേഖരന്‍റെ അച്ഛൻ എ. പുരുഷോത്തമൻ നായരും അമ്മ ടി. കമലമ്മയും

ഒരു രചന എങ്ങനെ ആസ്വദിക്കണമെന്ന്​ വായനക്കാരനെ പഠിപ്പിക്കുന്ന വഴികാട്ടിയാണോ, അതോ എങ്ങനെ എഴുതണമെന്ന് എഴുത്തുകാരനെ ബോധിപ്പിക്കുന്ന മൂല്യപരിശോധകനാണോ നിരൂപകൻ?

എങ്ങനെ വായിക്കണമെന്നും എഴുതണമെന്നും പഠിപ്പിക്കുന്ന അല്ലെങ്കിൽ ശഠിക്കുന്ന ഒരാളല്ല നിരൂപകൻ. എന്നാൽ, ആസ്വാദനത്തിന്‍റെ വഴികൾ അയാൾ വെളിപ്പെടുത്തുന്നു; മൂല്യപരിശോധന നടത്തുകയും ചെയ്യുന്നു. എഴുത്തുകാരുടെയും വായനക്കാരുടെയും സ്വാതന്ത്ര്യത്തിൽ നിരൂപകൻ ഇടപെടുന്നില്ല. സാഹിത്യം എന്നതുകൊണ്ട്​ കൃത്യമായും ഉദ്ദേശിക്കുന്നതെന്ത്​? എന്താണ്​ ഒരു രചനയെ അല്ലെങ്കിൽ സാഹിത്യത്തെ അതാക്കുന്നതും അല്ലാതാക്കുന്നതും? ഒരു കൃതിയുടെ മൂല്യം നിർണയിക്കാനാവുമോ? അങ്ങനെ കഴിയുമെങ്കിൽ അതു നിർവഹിക്കുന്നതെങ്ങനെ? കഴിയുന്നില്ലെങ്കിൽ എന്തുകൊണ്ട്​? ഒരു കൃതി അതു നിർമിക്കപ്പെട്ട ചരിത്രസന്ദർഭത്തെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു? അവയുടെ സാമൂഹികവും രാഷ്ട്രീയവുമായ വ്യാപനങ്ങൾ എന്തൊക്കെയാണ്? കൃതിയു​ടെ ആഖ്യാനരീതിയും ഭാഷാഘടനയും അർഥനിർമാണത്തിൽ വഹിക്കുന്ന പങ്ക്​ എന്താണ്​? പ്രത്യക്ഷത്തിനപ്പുറം പരോക്ഷങ്ങളായ എന്തൊക്കെ അർഥങ്ങളാണ്​ ഒരു കൃതി നൽകുന്നത്? ഗ്രന്ഥകർത്താവിന്‍റെ പ്രത്യക്ഷമായ ഉദ്ദിഷ്ടങ്ങൾക്കപ്പുറമുള്ളതോ വിപരീതമോ ആയ അർഥങ്ങൾ അത്​ സൃഷ്ടിക്കുന്നുണ്ടോ? തുടങ്ങിയ അനേകം ചോദ്യങ്ങൾ സാഹിത്യനിരൂപണം ഉയർത്തുന്നു.

കൃതിയിലെ സവിശേഷമായ, പരോക്ഷമായ, ഗുപ്തമായ അർഥങ്ങളും ധ്വനികളും അനുഭൂതികളും വിശകലനംചെയ്ത്​ പുതിയ പാഠങ്ങളും പാരായണ സാധ്യതകളും സൃഷ്ടിക്കുകയും കൃതിയെ ചരിത്രവത്​കരിക്കുകയും തുറന്നുകാട്ടുകയും ചെയ്തുകൊണ്ട്​ മൂല്യവിചാരം നടത്തുന്നു. സാഹിത്യ കൃതികൾ അവയുടെ സൗന്ദര്യ-ശാസ്ത്ര-സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പ്രസ്താവങ്ങളുടെ അടിസ്ഥാനത്തിൽ അർഥമാക്കുന്നതെന്ത്​ എന്ന്​ മനസ്സിലാക്കാനും വിശദീകരിക്കാനും നിരൂപണം ശ്രമിക്കുന്നു. ഗ്രന്ഥകർത്താവ്​ ഉദ്ദേശിച്ച അർഥങ്ങൾ മാത്രമല്ല വ്യത്യസ്തമായ സംസ്കാരങ്ങളും പ്രത്യയശാസ്ത്രങ്ങളും അർഥസൃഷ്ടിക്ക്​ വഴിയൊരുക്കുന്നതിനെ പറ്റിയും യുക്തിപരമായി മനസ്സിലാക്കാൻ നിരൂപണം സഹായിക്കുന്നു.

നിങ്ങൾ ഈ കൃതി ഇങ്ങനെ വായിക്കണമെന്ന്​ നിരൂപകന്​ മാത്രമല്ല, മറ്റൊരാൾക്കും വായനക്കാരോട്​ പറയാനാകില്ല. വായനക്കാർക്ക്​ ഏതു രീതിയിലും വായിക്കാം. പക്ഷേ, നിങ്ങൾ വായിച്ചതല്ലാത്ത രീതിയിലും വായിക്കാം എന്ന്​ പറയാം. നിരൂപകൻ വായിച്ച രീതി കണ്ട്​ വ്യത്യസ്തമായ വായനക്ക്​ പ്രേരണയും ഉണ്ടാകാം. കുട്ടികൃഷ്ണ മാരാർ ‘ഉണ്ണുനീലി സന്ദേശം’ വായിച്ചത്​ നോക്കുക. 15ാം നൂറ്റാണ്ടിലുണ്ടായ മണിപ്രവാള കാവ്യമാണ്​ ‘ഉണ്ണുനീലി സന്ദേശം’. അന്നത്തെ ദേവദാസി സമ്പ്രദായവും ഗണികകളും ഉപരിവർഗത്തിന്‍റെ ലൈംഗിക അരാജകത്വവും കുത്തഴിഞ്ഞ സാമൂഹിക അന്തരീക്ഷവുമൊക്കെയാണ്​ അതിൽ വിഷയം.

അതേസമയം കാവ്യഭാഷാ പരിണാമവുമായും മധ്യകാല സാമൂഹിക ചരിത്രവുമായും ബന്ധപ്പെട്ട പ്രാധാന്യമുള്ള കാവ്യവുമാണ്​. മാരാർ​ പക്ഷേ, അതിലെ ചരിത്ര, സാമൂഹിക ഘടക​ങ്ങളെല്ലാം ഒഴിവാക്കി ‘മുണ്ടക്കൽ സന്ദേശം ഒരു മുഴുത്ത ചി​രി’ ആണെന്ന്​ പ്രഖ്യാപിച്ചു. അത്​ ‘ഉണ്ണുനീലി സന്ദേശ’ത്തെ കുറിച്ചുള്ള വായനകളെ വല്ലാതെ സ്വാധീനിച്ചു. ഇതിനെ ഒരു ശൃംഗാര കൃതിയായി മാത്രം കണ്ടാൽ മതിയെന്ന സന്ദേശമായിരുന്നു അത്​. പിന്നീട്​ വന്ന അക്കാദമിക പഠനങ്ങളിലെല്ലാം ‘ഉണ്ണുനീലി സന്ദേശം’ ആ നിലയിൽ കൈകാര്യം ചെയ്യപ്പെട്ടു. പക്ഷേ, ഇന്ന്​ അങ്ങനെയല്ലാതെ പഠിക്കാൻ കഴിയും. 15ാം നൂറ്റാണ്ടിലെ കേരളത്തിന്‍റെ സാമൂഹിക ഘടനയും എന്തിന്​ ഭൂമി പ്രകൃതിയെ വരെ വിശകലന വിധേയമാക്കാം. അന്നത്തെ കമ്പോളങ്ങൾ, ഉൽ​പാദന വ്യവസ്ഥ, ഭക്ഷണരീതി എന്നിവയൊക്കെ അവതരിപ്പിക്കുന്ന ചരിത്രരേഖയെന്ന നിലയിൽ അത്തരം അംശങ്ങളെ കൂടി പുറത്തുകൊണ്ടുവരാൻ കഴിയും. നിരൂപകൻ നിർവഹിക്കുന്നത്​ ബുക്​ റിവ്യൂ അല്ല. ​​ഇന്ന്​ പലർക്കും ആ വ്യത്യാസം അറിയില്ലെന്ന്​ തോന്നുന്നു.

 

വി. വിനയകുമാർ, പി.കെ. രാജശേഖരൻ, അൻവർ അലി, കെ.എസ്. ​ശ്രീനാഥ് തുടങ്ങിയവർ ഒരു വിവാഹവേദിയിൽ ^80കളിലെ ചിത്രം

നിരൂപണം ബുക്​ റിവ്യൂവിൽനിന്ന്​ വ്യത്യസ്തമാകുന്നത്​ എങ്ങനെയാണ്​?

സാഹിത്യത്തിന്‍റെ പഠനവും വിലയിരുത്തലും വ്യാഖ്യാനവുമാണ്​ നിരൂപണം എന്നു പറയാം. അതിന്​ ഉപയോഗിക്കുന്ന വ്യത്യസ്തമായ ആ​ശയ ചട്ടക്കൂടുകളാണ്​ സാഹിത്യ സിദ്ധാന്തങ്ങൾ. ബുക്​ റിവ്യൂവിന്​ തുല്യമായി മലയാളത്തിൽ ഉപയോഗിക്കുന്ന പുസ്തക നിരൂപണം എന്ന സംജ്ഞയിൽ ‘നിരൂപണം’ ഉണ്ടെങ്കിലും അത്​ മുമ്പ്​ പറഞ്ഞ അർഥത്തിലല്ല. ബുക്​ റിവ്യൂ എപ്പോഴും കാലികമായിരിക്കും. പുസ്തകം പ്രസിദ്ധീകരിക്കുന്ന കാലത്തുള്ളത്​. പുസ്തകത്തെ പരിചയപ്പെടുത്തുക, ഉള്ളടക്കം വിവരിക്കുക, ഗു​ണദോഷങ്ങൾ പറയുക, വായനക്കാർക്ക്​ ശിപാർശ നൽകുക തുടങ്ങിയവയാണ്​ അതിന്‍റെ രീതി. ഗാഢമായ വിശകലനം അവിടെയില്ല. വ്യക്തിപരമായ അഭിരുചി റിവ്യൂവിൽ കാണാം.

30 വർഷത്തിലേറെയായി താങ്കൾ നിരൂപണ മേഖലയിലുണ്ട്. ഈയൊരു കാലത്തെ എങ്ങനെയാണ്​ വിലയിരുത്തുന്നത്​. നിരൂപണം തളരുകയാണോ?

വളർച്ച, തളർച്ച എന്ന പ്രയോഗംതന്നെ നിരൂപണത്തിന്‍റെ സ്വഭാവത്തെ കുറിച്ചുള്ള ധാരണപിശകിൽനിന്ന്​ വരുന്നതാണ്​. നേരത്തേ പറഞ്ഞതു​പോലെ, ഒരു ഇടനിലക്കാരനായി നിന്ന്​ നല്ല കൃതികളെ വായനക്കാരന്​ ചൂണ്ടിക്കാണിച്ചുകൊടുക്കുന്ന ഉത്തമനായ ഗുരുനാഥനാണ്​ നിരൂപകൻ എന്നതാണ്​ പഴയ സങ്കൽപം. ആധുനികതക്ക്​ മുമ്പുള്ള പരമ്പരാഗത ക്ലാസിക്കൽ നിരൂപണരീതിയായിരുന്നു അത്​. പഴയ ഭാരതീയ സൗന്ദര്യശാസ്ത്ര തത്ത്വങ്ങൾ, രസം, ധ്വനി എന്നിവയൊക്കെ ഉപയോഗിച്ചുള്ള ഗുണദോഷ വിചിന്തനം നടത്തുന്ന പ്രക്രിയയാണ്​ മലയാളത്തിലും ഉണ്ടായിരുന്നത്​. പിന്നീട്​ പാശ്ചാത്യ സിദ്ധാന്തങ്ങൾ ഉപയോഗിച്ചായി.

ഇന്ന്​ പക്ഷേ, അങ്ങനെയല്ല. ലോക​മെങ്ങും നിരൂപണ സമ്പ്രദായം മാറി. അതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയ മാറ്റവുമല്ല. കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി ഇത്​ പ്രകടമാണ്​. ഒരു കൃതിയെ വെച്ച്​ കൃതി അല്ലെങ്കിൽ ഗ്രന്ഥകാരൻ എന്ന സങ്കൽപത്തെതന്നെ ചോദ്യംചെയ്യുക, കൃതിയുടെ മറ്റു പല അംശങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയവയൊക്കെയാണ്​ അതിൽ സംഭവിക്കുന്നത്​. പഴയ സമ്പ്രദായത്തിന്‍റെ ഓർമയിൽ നിരൂപണം വായിക്കുന്നവർക്ക്​ ‘കൃതി നല്ലതാണോ അല്ലയോ’ എന്ന്​ നിരൂപകൻ പറഞ്ഞില്ലല്ലോ എന്ന്​ തോന്നുക സ്വാഭാവികം. അതുകൊണ്ട്​ നിരൂപണം മോശമായി, തളർന്നുപോയി എന്നും കരുതും. ഇനി സുഹൈബിനോട്​ ഒരു ചോദ്യം. നിരൂപണം തളർന്നുപോയി എന്ന ആക്ഷേപം വരാൻ കാരണമെന്താണ്​?

അത്​ നിർവഹിക്കുന്നവരുടെ എണ്ണം ചുരുങ്ങുകയല്ലേ?

എന്നെങ്കിലും സാഹിത്യ നിരൂപണത്തിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നോ? മലയാളത്തിലെ നിരൂപകരുടെ എണ്ണം എടുത്താൽ എല്ലാംകൂടി നൂറുപേരെ കിട്ടാൻ എളുപ്പമല്ല​. നിരൂപകരുടെ എണ്ണം എന്നും കുറവായിരുന്നു. നമ്മൾ ഇക്കാര്യം മറന്നുപോകുകയാണ്​. നോവലിസ്റ്റുകളും കവികളും ഉള്ള അത്രയും നിരൂപകർ ഒരു ഭാഷയിലും ഉണ്ടാവാൻ ഇടയില്ല. ഉണ്ടായിരുന്നത്​ ലേഖകരാണ്, ഉപന്യാസകാരൻമാരും സാഹിത്യാസ്വാദകരുമാണ്​. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സാഹിത്യത്തെ കുറിച്ച്​ അഭിപ്രായം പറയുന്ന ധാരാളം ആളുകളുണ്ട്​. ഒട്ടേറെ പേർ, അധ്യാപകർ അക്കാദമിക പ്രബന്ധങ്ങൾ എഴുതുന്നു. അതൊന്നും നിരൂപണം അല്ല. സാഹിത്യനിരൂപണം എഴുതുന്നവരും വായിക്കുന്നവരും എന്നും കുറവായിരുന്നെങ്കിലും നമ്മുടെ സാഹിത്യത്തിന്‍റെ വായനയെയും സ്ഥാനപ്രതിഷ്ഠയെയും നിർണയിക്കുന്നതിൽ അതിന്​ വലിയ സ്ഥാനമുണ്ട്​.

മുൻ കാലങ്ങളിൽ സാഹിത്യ മാഗസിനുകളുടെ എണ്ണം കൂടുതലായിരുന്നു. അച്ചടി മാധ്യമങ്ങൾ മുന്നിട്ടുനിന്നിരുന്ന കാലവുമായിരുന്നു അത്​. ഇന്ന്​ അച്ചടി ഇതര മാധ്യമങ്ങളുടെ പെരുപ്പമാണ്​. അച്ചടി മാഗസിനുകളുടെയും പത്രങ്ങളുടെയും പ്രചാരം കുറഞ്ഞു. അതിന്​ അനുസരിച്ച്​ സാഹിത്യ​ മാഗസിനുകളുടെ രംഗവും ക്ഷീണിച്ചു. ഈ മാഗസിനുകളിൽ സാഹിത്യനിരൂപണത്തിന്‍റെ സ്ഥാനവും കുറഞ്ഞു. ബുക്​ റിവ്യൂ തന്നെയും ഇല്ലാതായി. പക്ഷേ, അച്ചടിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണപ്പെരുപ്പം ഒരുവശത്തുണ്ട്​. പ്രസാധകരുടെ എണ്ണവും കൂടിയിരിക്കുന്നു. അത്​ മാഗസിൻ എഡിറ്റർക്ക്​ മേൽ കനത്ത സമ്മർദം സൃഷ്​ടിക്കുകയാണ്​. ആയിരക്കണക്കിന്​ പുസ്തകങ്ങൾ ഇറങ്ങുമ്പോൾ ഒരാഴ്ച എത്ര പുസ്തകങ്ങളെ പരിചയപ്പെടുത്താൻ കഴിയും.

ഇപ്പോൾ പുസ്തകത്തിന്‍റെ ചിത്രവും കണ്ടന്‍റ് എന്താണെന്ന നാലുവരി വിവരവും വെച്ച് ചെറുതായി നൽകുന്നു. അതേ ഇന്ന് സാധ്യമാകൂ. അതുകൊണ്ട് മാധ്യമങ്ങളുടെ പരിമിതികൂടി നാം കാണണം. സ​ങ്കേതജടിലവും വിനിമയശൂന്യവുമായ ഒരുതരം മരപ്പൊടി മലയാളത്തിലെഴുതിയ അക്കാദമിക്​ പ്രബന്ധങ്ങൾ സാഹിത്യനിരൂപണമായി നടിച്ച്​ പ്രചാരം നേടിയത്​ സാഹിത്യനിരൂപണത്തിൽനിന്ന്​ വായനക്കാരെ അകറ്റിയിട്ടുണ്ടെന്ന കാര്യം സമ്മതിക്കാതിരിക്കാൻ വയ്യ. ഉത്തരാധുനിക സാഹിത്യ സിദ്ധാന്തത്തെ മുൻനിർത്തിയും അനുകരിച്ചുമുണ്ടായ രചനകളിലാണ്​ വിമർശനാത്മകമായ സാംസ്​കാരിക സ്വാംശീകരണവും ചോദ്യംചെയ്യലുമില്ലാതെ പാശ്ചാത്യ സൈദ്ധാന്തികരുടെ രചനാശൈലി തന്നെ അനുകരിച്ചുകൊണ്ടുള്ള ആ അക്കാദമിക്​ നിരൂപണ രീതി പ്രചാരം നേടിയത്​. ഇംഗ്ലീഷ്​ സാഹിത്യ നിരൂപണത്തിലും അതുണ്ടായിട്ടുണ്ട്​. പ്രശസ്തനായ പഴയ ബ്രിട്ടീഷ്​ നിരൂപകൻ ഫ്രാങ്ക്​ കെർമോഡ്​ അവിടെയും പ്രചാരം നേടിയ അത്തരം പ്രബന്ധരചനാരീതിയെ ‘ദാസ്യം നിറഞ്ഞ മിമിക്രിയായിത്തുടങ്ങി ഒട്ടും വൈകാതെ അനുകരണമായി മാറിയ രോഗാവസ്ഥ’യെന്നും ‘വികലഗദ്യ’മെന്നും വിശേഷിപ്പിച്ചിട്ടുണ്ട്​.

 

പി.കെ. രാജശേഖരൻ -പഴയ ചിത്രം

നിശിതമായ ഭാഷയിലുള്ള നിരൂപണങ്ങളെ പുതിയകാല പത്രാധിപൻമാർ പ്രോത്സാഹിപ്പിക്കാതിരിക്കുന്നത് നിരൂപകർക്ക് തടസ്സമാണെന്ന് കരുതുന്നുണ്ടോ? ആരെയും പിണക്കേണ്ട എന്നൊരു ലൈനിലാണോ പത്രാധിപൻമാർ?

നിരൂപണത്തിന്‍റെ സമകാലികാവസ്ഥയിൽ ഇക്കാര്യം എന്തെങ്കിലും പങ്കുവഹിക്കുന്നുണ്ടോ എന്ന് പറയാനാകില്ല. പക്ഷേ, ഇത്തരം സമ്മർദങ്ങൾ എല്ലാ കാലവും ഉണ്ടായിരുന്നു. ഇപ്പോൾ അവ കൂടിവരുന്ന കാലമാണ്. സെന്‍സിറ്റിവ് ആണ് സമൂഹം. പഴയ സമൂഹം കുറെക്കൂടി സെക്കുലർ ആയിരുന്നു. നമ്മുടെ സമൂഹത്തിൽനിന്ന് സെക്കുലറിസത്തിന്‍റെ മൂല്യങ്ങൾ അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിശക്തമായ മതങ്ങൾ, സമ്മർദ ഗ്രൂപ്പുകൾ, സമുദായ സംഘങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ. എല്ലാവരും സർവാധിപത്യപരമായി ഇടപെടുന്നു. തങ്ങളുടെ വിശ്വാസങ്ങളെ ചോദ്യംചെയ്യുന്ന സെക്കുലർ അന്തരീക്ഷത്തെ അവർ ഭയക്കുന്നു. നമുക്ക് ഒന്നിനെയും ചോദ്യംചെയ്യാനാകാത്ത അവസ്ഥ സമൂഹത്തിൽ അങ്ങനെ മൊത്തത്തിൽ വന്നതാണ്. നമ്മുടെ രാഷ്ട്രീയത്തിലാണ് അത് ആദ്യം സംഭവിച്ചത്. അതിന്‍റെ പ്രതിഫലനമാണ് മാസികകളെയും പത്രങ്ങളെയുമൊക്കെ ബാധിച്ചത്. കോവിഡ്​ 19 രോഗബാധയും അച്ചടിമാധ്യമങ്ങളെ ബാധിച്ചു.

നിങ്ങൾക്ക് ഇഷ്ടമല്ലാത്ത വാർത്ത പ്രസിദ്ധീകരിച്ച പത്രങ്ങളെയും മാഗസിനുകളെയും ബഹിഷ്കരിക്കാനും കത്തിക്കാനും ആഹ്വാനംചെയ്യുന്നത്​ ഇപ്പോൾ പതിവാണ്​. ഈ അസഹിഷ്ണുത കാരണം ജനാധിപത്യ മര്യാദകളാണ് നഷ്ടമാകുന്നത്. ജനാധിപത്യത്തിന്‍റെ ഒഴിവാക്കാനാകാത്ത ഘടകങ്ങളാണ് വിമർശനവും സഹിഷ്ണുതയും. അതിനെയാണ് ബഹുസ്വരത എന്ന് പറയുന്നത്. അവിടെ എല്ലാ സ്വരത്തിനും പ്രാധാന്യമുണ്ട്. അതാണ് നമുക്കിപ്പോൾ ഇല്ലാതാകുന്നത്. ഒരു കൃതിയെ കുറിച്ച് അക്കാദമിക്കലായ വിമർശനം ഉന്നയിച്ചാൽ ഉന്നയിക്കുന്നയാളെ സമൂഹ മാധ്യമങ്ങൾ വഴി അപമാനിക്കും. പറഞ്ഞതിനെ കുറിച്ചല്ല ചർച്ച. എതിരെ പറയാൻ പാടില്ല എന്നാണ് ന്യായം. ഈ രീതിയിൽ മത, സാമുദായിക, രാഷ്ട്രീയ സമ്മർദങ്ങൾക്ക് പത്രാധിപൻമാർ വിധേയരാകുന്നത് സ്വാഭാവികം. അല്ലാതെ വ്യക്തിപരമായ സമ്മർദങ്ങളല്ല.

നിരൂപകൻ എന്ന നിലയിൽ താങ്കൾ എഴുതിത്തുടങ്ങിയ കാലവും ഇന്നും തമ്മിൽ എന്താണ്​ പ്രധാന വ്യത്യാസം?

നിരൂപണത്തിന്‍റെയും നിരൂപകരുടെയും സ്ഥാനം, സ്വീകാര്യത, സ്വാധീനത എന്നിവയെ പറ്റിയല്ലേ ഉദ്ദേശിക്കുന്നത്​. അതെ. നിരൂപകരുടെ സ്ഥാനത്തിനും സ്വാധീനതക്കും ധർമത്തിനുമെല്ലാം അന്നും ഇന്നും തമ്മിലുള്ള വ്യത്യാസ​മെന്ത്​ എന്നാണുദ്ദേശിച്ചത്​. വാരികകളും മാസികകളും സാഹിത്യനിരൂപണത്തിന്​ വലിയ പ്രാധാന്യം നൽകിയതായിരുന്നു പഴയ കാലം. ഓണപ്പതിപ്പുകളിലുൾപ്പെടെ നിരൂപകരുടെ ലേഖനങ്ങൾ ആദ്യസ്ഥാനങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന കാലം. സുകുമാർ അഴിക്കോടും എം.എൻ. വിജയനും പൊതുജനാഭിപ്രായ രൂപവത്​കരണ ശക്തിയുള്ള പബ്ലിക്​ ഇന്‍റലക്​ച്വലുകളായിരുന്നു. എം.കെ. സാനു തെരഞ്ഞെടുപ്പിൽ മത്സരിച്ച്​ എം.എൽ.എയായി. മറുവശത്ത്​ ആധുനിക നിരൂപകർ. വായനയിലും സാഹിത്യ മൂല്യസങ്കൽപങ്ങളിലും അവർക്കെല്ലാം പലതരത്തിലുള്ള സ്വാധീനതകൾ ചെലുത്താൻ കഴിഞ്ഞിരുന്നു. വലിയ സാഹിത്യ പത്രാധിപൻമാരുമുണ്ടായിരുന്നു. എസ്. ജയച​ന്ദ്രൻ നായരും ​കെ.സി. നാരായണനും രണ്ടുദാഹരണങ്ങൾ. ലിറ്റിൽ മാഗസിനുകളിലെ നിരൂപണങ്ങളും ചെറുപ്പക്കാരുടെ സാഹിത്യാവബോധത്തെ സ്വാധീനിച്ചു. ഈ അന്തരീക്ഷത്തിലാണ്​ എന്‍റെ തുടക്കം. ഇന്നും പത്രാധിപൻമാർ സാഹിത്യനിരൂപണത്തിന്​ പ്രാധാന്യം നൽകുന്നുണ്ട്​. പഴയതിൽനിന്ന്​ നിരൂപണത്തിന്‍റെ രീതിശാസ്​ത്രങ്ങളും ധർമവും മാറിയിട്ടുണ്ട്​. സ്ഥൂലത്തിൽനിന്ന്​ സൂക്ഷ്​മത്തിലേക്കുള്ള മാറ്റമാണ്​ ആധുനികതക്കു ശേഷം നിരൂപണത്തിലുണ്ടായത്​.

 

കെ.പി. അപ്പനുൾപ്പെടെയുള്ള ആധുനിക നിരൂപകർ സജീവമായിരുന്ന കാലത്താണല്ലോ താങ്കളുടെ തുടക്കം. അതിനൊപ്പം എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലവും രംഗത്തുണ്ടായിരുന്നു. എന്തായിരുന്നു താങ്കളുടെ മാതൃക. പിൽക്കാലത്ത്​ അപ്പന്‍റെ സമ്പൂർണ കൃതികളും കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലവും എഡിറ്റ്​ ചെയ്തതും താങ്കളാണല്ലോ?

ആധുനികതാ നിരൂപണം അതിന്‍റെ അസ്തമയ സന്ധിയിലെത്തിയ സമയത്താണ്​ 1990കളുടെ തുടക്കത്തിൽ ഞാൻ എഴുതിത്തുടങ്ങിയത്​. നിലവിലുള്ളതിൽനിന്ന്​ വ്യത്യസ്തമായി എഴുതാനായിരുന്നു നിഷ്ഠയും ശ്രമവും. എൺപതുകളിലെ വിദ്യാർഥി ജീവിതകാലത്ത്​ പാഠപുസ്തകങ്ങൾപോലെ വായിച്ചുപഠിച്ച ആധുനികതാ നിരൂപകരുടെയും മുൻതലമുറയിലെ നിരൂപകരുടെയും കാഴ്ചപ്പാടുകളുടെ സ്വാധീനത തീർച്ചയായും എഴുത്തിന്‍റെ തുടക്കത്തിൽ എന്നിലുണ്ടായിരുന്നു. കെ.പി. അപ്പൻ മാത്രമല്ല, നരേന്ദ്രപ്രസാദ്​, വി. രാജകൃഷ്ണൻ, ആഷാ മേനോൻ, അയ്യപ്പപ്പണിക്കർ, സച്ചിദാനന്ദൻ, ബി. രാജീവൻ എന്നിവരുടെയെല്ലാം രചനകൾ ചേർന്നതാണ്​ ആധുനികതാ നിരൂപണം. ഓരോരുത്തരുടെയും സമീപന രീതികളും കാഴ്ചപ്പാടുകളും വ്യത്യസ്തവുമായിരുന്നു. നരേന്ദ്രപ്രസാദ്​ യൂനിവേഴ്​സിറ്റി കോളജിൽ എന്‍റെ ഇംഗ്ലീഷ്​ അധ്യാപകനായിരുന്നു. എന്നെ വാത്സല്യത്തോടെ കൂടെ കൊണ്ടുനടക്കുകയും സ്വാധീനിക്കുകയും വായനയെ വഴിതിരിച്ചുവിടുകയുംചെയ്ത പ്രസാദ്​ സാറിന്‍റെ ഏതാണ്ടൊരു ‘ഗുളികച്ചെപ്പേന്തിയ ശിഷ്യൻ’ ആയിരുന്നു ഞാൻ.

പ്രാചീനമായ ഭാരതീയ സൗന്ദര്യ ശാസ്​ത്ര തത്ത്വങ്ങൾ ഉപയോഗിച്ച്​ സാഹിത്യവിശകലനം നടത്തിയ പഴയ പണ്ഡിത നിരൂപകരോടും നിരൂപണത്തെ വിദ്യാർഥികൾക്ക്​ വേണ്ടിയുള്ള ക്ലാസ്​ നോട്ടിന്‍റെ നിലയിലേക്ക്​ താഴ്ത്തി കൃതികളുടെ പരാവർത്തനവും പദാർഥ വ്യാഖ്യാനവുമാക്കി മാറ്റിയ അക്കാലത്തെ അക്കാദമിക പണ്ഡിതന്മാരോടുമുള്ള കലഹം ആധുനികതാ നിരൂപകരിലുണ്ടായിരുന്നു. ആ ശൈലിയെ ബോധപൂർവം അട്ടിമറിക്കുന്ന പുതിയൊരു ശൈലിയിലാണ്​ അവർ എഴുതിയത്​. അതിന്‍റെ പേരിൽ സാഹിത്യ പഠനത്തിലും നിരൂപണത്തിലും എഴുത്തിലും പാലിക്കേണ്ട ചില സാമാന്യ മര്യാദകൾപോലും അവർ ലംഘിച്ചു. ഉദ്ധരണികളുടെയും ആശയങ്ങളുടെയും കൃത്യമായ റഫറൻസ്​ നൽകുന്നതും ഉപാദാനങ്ങൾ വെളിപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ. അപഗ്രഥനത്തെ വ്യക്തിപരമായ അനുഭൂതിയുടെ ആവിഷ്കാരമാക്കി മാറ്റുന്ന ഒരുതരം ഇംപ്രഷനിസം. പരമ്പരാഗത ശൈലികളുടെ ജഡതയെ ലംഘിക്കാൻ നടത്തിയ ആ ബോധപൂർവമായ ശ്രമം പക്ഷേ, നിരൂപണത്തിന്‍റെ സൈദ്ധാന്തികവും ശാസ്ത്രീയവുമായ വിശകലന സ്വഭാവത്തെ തുരങ്കംവെക്കുന്നതായിരുന്നു. ആ രീതിയോടുള്ള വിയോജിപ്പ്​ പിന്നീട്​ ശക്തമായിത്തീർന്നത്​ പുതിയൊരു വഴിയിലേക്ക്​ നീങ്ങാൻ എനിക്ക്​ പ്രേരണയായി മാറിയെന്ന്​ ഇന്നറിയാം.

അക്കാലത്തെ എന്‍റെ വായനയിൽ ശക്തമായ മറ്റൊരു സാന്നിധ്യമായിരുന്നു എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലം. എൺപതുകളിൽ ആധുനികതയുടെ ആരാധകരായിരുന്ന എന്‍റെ വിദ്യാർഥി തലമുറയിലെ മിക്കവർക്കും അദ്ദേഹത്തെ ഇഷ്ടമല്ലായിരുന്നു; മുതിർന്ന​വരോടുള്ള കലഹം, അല്ലെങ്കിൽ പിതൃധ്വംസന വാസന നവയുവാക്കൾക്ക്​ സഹജമാണല്ലോ. ഞാൻ വാരഫലത്തിന്‍റെ വായനക്കാരനായിരുന്നു. സാഹിത്യത്തിന്‍റെ അറിഞ്ഞുകൂടായിരുന്ന ലോകങ്ങളിലേക്കാണ്​ സാഹിത്യ വാരഫലം എന്നെ കൊണ്ടുപോയത്​. പാഠപുസ്തകം പോലെയാണ്​ ഞാൻ അതു വായിച്ചിരുന്നത്. സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ ‘മലയാള നാടി’ൽനിന്നുതന്നെ വാരഫലം വായിച്ചു തുടങ്ങിയിരുന്നു. കൃഷ്ണൻ നായർ സാറിനെയും സാഹിത്യ വാരഫലത്തെയും കുറിച്ച്​ കുറച്ചുകൂടി പറയാനുണ്ട്. അത്​ പിന്നെയാകാം. താങ്കളുടെ ചോദ്യത്തിൽ ഊന്നിനിന്നു പറഞ്ഞാൽ, ആ രണ്ടു രീതികളുടെയും, അല്ലെങ്കിൽ പാരമ്പര്യത്തിന്‍റെയും ആധുനികതയുടെയും സാഹിത്യ വിശകലന രീതികളിൽനിന്ന്​ മാറിച്ചിന്തിക്കുകയും എഴുതുകയും വേണമെന്ന തീവ്രബോധ്യത്തിലാണ്​ ഞാൻ എന്‍റെ വഴി തിരഞ്ഞെടുത്തത്​.

 

എൻ.എസ്​. മാധവൻ തിരുവനന്തപുരത്ത്​ പി.കെ. രാജശേഖര​ന്റെ വീട്ടിൽ വന്നപ്പോൾ. സമീപം ഭാര്യ രാധിക സി. നായർ 

എം. കൃഷ്ണൻ നായരിലേക്കും അടുത്തകാലത്ത്​ താങ്കൾ എഡിറ്റ്​ ചെയ്തു പ്രസിദ്ധീകരിച്ച സാഹിത്യ വാരഫലത്തിന്‍റെ സമ്പൂർണ സമാഹാരത്തിലേക്കും പിന്നീടു വരാം. താങ്കളിപ്പോൾ പറഞ്ഞത്​ ആധുനികാനന്തരമായ നിരൂപണരീതി രൂപപ്പെടുത്തിയതിനെപ്പറ്റിയാണല്ലോ. കൃത്യമായി പറഞ്ഞാൽ താങ്കളുടെ നേതൃത്വത്തിലാണ്​ 1990കളുടെ തുടക്കത്തിൽ കേരള സർവകലാശാലയിലെ ഏതാനും ഗവേഷണ വിദ്യാർഥികൾ ചേർന്ന്​ ആധുനികാനന്തരമായ സാഹിത്യ ചിന്തകളുടെ അടിസ്ഥാനത്തിലുള്ള ഒരു നോവൽ നിരൂപണ ഗ്രന്ഥം പ്രസിദ്ധീകരിച്ചുകൊണ്ട്​ മലയാളത്തിൽ ഉത്തരാധുനികതയെപ്പറ്റിയു​ള്ള ചർച്ചക്ക്​ തുടക്കം കുറിച്ചത്​. ഡോ. ആസാദ് ഉൾപ്പെടെ ഉള്ളവരുണ്ടായിരുന്ന ആ കൂട്ടായ്മയുടെ തുടക്കവും പുസ്തക പ്രസിദ്ധീകരണവും അതിന്‍റെ തുടർച്ചകളും എങ്ങനെയായിരുന്നു?

കഴിഞ്ഞ ചോദ്യത്തിനുള്ള മറുപടിയിൽ പറഞ്ഞ സാഹിത്യ അന്തരീക്ഷമാണ്​ മലയാളത്തിലെ ഉത്തരാധുനിക ചർച്ചകൾ തുടങ്ങിവെക്കുന്നതിലേക്ക്​ നയിച്ചത്​. എൺപതുകളുടെ അവസാന വർഷങ്ങളായിരുന്നു അത്. ഘടനാവാദം, ഉത്തര ഘടനാ വാദം തുടങ്ങിയ ചിന്താപദ്ധതികളിലെ ആശയങ്ങളെപ്പറ്റി എൺപതുകൾ മധ്യത്തിൽതന്നെ അയ്യപ്പപ്പണിക്കർ, ബി. രാജീവൻ, സച്ചിദാനന്ദൻ, വി.സി. ശ്രീജൻ തുടങ്ങിയവർ സംസാരിച്ചിരുന്നു. ആധുനികതാവാദത്തിനപ്പുറമുള്ള ആശയങ്ങളെയും സൈദ്ധാന്തികരെയും പരിചയപ്പെടുത്തുകയായിരുന്നു അവർ. എൺപതുകളുടെ ആദ്യ പകുതിയിൽ ഒരു ക്ലാസിലോ സംഭാഷണത്തിനിടയിലോ റൊളാങ്​ ബാർത്തിന്‍റെ സിദ്ധാന്തങ്ങളെപ്പറ്റി പറഞ്ഞ നരേന്ദ്ര​പ്രസാദ്​ ഭർതൃഹരിയുടെ പുനർജന്മമാണ്​ ബാർത്തെന്ന്​ തമാശ പറഞ്ഞതും ഓർമയുണ്ട്​. ഘടനാവാദാനന്തര, ആധുനികതാനന്തര സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ മലയാള സാഹിത്യത്തെ വായിക്കാനും വ്യാഖ്യാനിക്കാനുമുള്ള ഒരു പുതിയ വിമർശന രീതി രൂപപ്പെടുത്താനായിരുന്നു ഞങ്ങളുടെ ശ്രമം.

എൺപതുകളവസാനമാണ്​ കേരള സർവകലാശാലയുടെ കാര്യവട്ടത്തുള്ള കാമ്പസിൽ ഞാനും ആസാദും ഗവേഷണ വിദ്യാർഥികളായി എത്തിയത്. ​ഫ്രൈഡേ ഫൈവ്​ എന്ന പേരിൽ ഒരു ​ഗവേഷക കൂട്ടായ്​മ ഞങ്ങൾ രൂപപ്പെടുത്തി. പുതിയ ആശയങ്ങളുടെയും സാഹിത്യസിദ്ധാന്തങ്ങളുടെയും ചർച്ചയും പഠനവുമായിരുന്നു ലക്ഷ്യം. അഞ്ചു പേരേ ആ സംഘത്തിലുണ്ടായിരുന്നുള്ളൂ. ആസാദിനും എനിക്കും പുറമെ സി.ആർ. പ്രസാദ്​, ഷാജി ജേക്കബ്​, രാധിക സി. നായർ, വി.ഒ. റോണി എന്നിവരായിരുന്നു മറ്റുള്ളവർ. റോണി പെട്ടന്ന് മരിച്ചുപോയി. കാമ്പസിനടുത്ത്​ ആസാദും ഷാജിയും താമസിച്ചിരുന്ന വാടകവീടുകളിൽ വെള്ളിയാഴ്​ച ദിവസം ഒരുമിച്ചുകൂടി ചർച്ചചെയ്യലായിരുന്നു പതിവ്​. അതിനുപുറമെ, ലഘുലേഖകൾ ​പ്രസിദ്ധീകരിക്കുക, കാമ്പസ്​ ജീവിതവുമായി ബന്ധപ്പെട്ട ചില അക്കാദമിക്​ ​പ്രശ്നങ്ങളിൽ ഇടപെടുക തുടങ്ങിയ പ്രവർത്തനങ്ങളും ഫ്രൈഡേ ഫൈവ്​ ചെയ്തിരുന്നു.

ഇ.എം.എസിന്‍റെ ഒരു പ്രഭാഷണംപോലും ഞങ്ങൾ സംഘടിപ്പിച്ചു. ’90കളുടെ തുടക്കത്തിൽ ഉത്തരാധുനികമായ ആശയങ്ങളുടെയും ഭാഷാശാസ്ത്ര സങ്കൽപങ്ങളുടെയും അടിസ്ഥാനത്തിൽ മലയാള നോവലുകളെ വായിക്കുന്ന ഒരു സമാഹാരം ഞങ്ങൾ പ്രസിദ്ധീകരിച്ചു. ‘നോവൽ: ബോധവും പ്രതിബോധവും’. ആസാദും ഞാനുമായിരുന്നു എഡിറ്റർമാർ. ഡി.സി ബുക്സായിരുന്നു പ്രസാധകർ. ഡി.സി കിഴക്കേമുറിയുടെ ക്രാന്തദർശിത്വംകൊണ്ടാണ്​ അതു സംഭവിച്ചത്​. പുസ്തകപ്രസാധനരംഗം വളരെ കർക്കശമായിരുന്ന കാലമായിരുന്നു അത്​. അപ്രശസ്തരായ ഒരു സംഘം വിദ്യാർഥികൾ അപരിചിതമായ ആശയങ്ങൾ അവതരിപ്പിച്ച് എഴുതിയ നിരൂപണ ലേഖനങ്ങളുടെ സമാഹാരം ഡി.സി ബുക്​സിനെപ്പോലുള്ള ഒരു പ്രസാധന സ്ഥാപനം പ്രസിദ്ധീകരിച്ചത്​ ഒരത്ഭുതമായിരുന്നു. ഭാവിയിൽ വികസിക്കാനിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ഡി.സി കിഴക്കേമുറിക്കുണ്ടായിരുന്ന കഴിവുകൊണ്ടാണ്​ ആ പുസ്തകം പുറത്തുവന്നത്​.

(തുടരും)

News Summary - Dr. P.K. Rajasekharan interview