Begin typing your search above and press return to search.

നമ്മുടെ നാട്ടിൽ ബുക്ക് എഡിറ്റർമാർ ഇല്ല ​മറ്റൊരു പ്രസാധന സംസ്​കാരം വരണം

നമ്മുടെ നാട്ടിൽ ബുക്ക് എഡിറ്റർമാർ ഇല്ല  ​മറ്റൊരു പ്രസാധന   സംസ്​കാരം വരണം
cancel

മലയാള നിരൂപ​ണശാഖയിലും സാഹിത്യ ചരിത്രരചനാ മേഖലയിലും തികച്ചും വ്യത്യസ്​തനാണ്​ ഡോ. പി.കെ. രാജശേഖരൻ. അദ്ദേഹവുമായി എഴുത്ത്​, മാധ്യമപ്രവർത്തനം, സാഹിത്യ ചരിത്രം, വിമർശനരംഗം, സമകാലിക എഴുത്ത്​ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നടത്തിയ സംഭാഷണത്തി​ന്റെ രണ്ടാം ഭാഗം. ഫിക്ഷൻ, പ്രത്യേകിച്ച്​ നോവലുകൾ ധാരാളമായി ഇന്ന്​ വരുന്നുണ്ട്​. പുതിയ ഒരുപാടു പേർ നോവൽരംഗത്തേക്ക്​ എത്തുന്നു. അവക്കൊക്കെ പ്രസാധനാലയങ്ങളും മറ്റും നൽകുന്ന ശ്രദ്ധേയങ്ങളായ അവാർഡുകളും ഇപ്പോഴുണ്ട്​. പക്ഷേ, ഇവയിൽ പലതിനും കൃത്യമായ നിരൂപണം ഉണ്ടാകുന്നില്ല. ഈ കുത്തൊഴുക്കിൽ വായനക്കാരൻ പകച്ചുനിൽക്കുകയല്ലേ. നിരൂപകർ ഒഴിഞ്ഞുനിൽക്കുകയാണോ?ഒരു വർഷം ഇറങ്ങുന്ന...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
മലയാള നിരൂപ​ണശാഖയിലും സാഹിത്യ ചരിത്രരചനാ മേഖലയിലും തികച്ചും വ്യത്യസ്​തനാണ്​ ഡോ. പി.കെ. രാജശേഖരൻ. അദ്ദേഹവുമായി എഴുത്ത്​, മാധ്യമപ്രവർത്തനം, സാഹിത്യ ചരിത്രം, വിമർശനരംഗം, സമകാലിക എഴുത്ത്​ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നടത്തിയ സംഭാഷണത്തി​ന്റെ രണ്ടാം ഭാഗം.

ഫിക്ഷൻ, പ്രത്യേകിച്ച്​ നോവലുകൾ ധാരാളമായി ഇന്ന്​ വരുന്നുണ്ട്​. പുതിയ ഒരുപാടു പേർ നോവൽരംഗത്തേക്ക്​ എത്തുന്നു. അവക്കൊക്കെ പ്രസാധനാലയങ്ങളും മറ്റും നൽകുന്ന ശ്രദ്ധേയങ്ങളായ അവാർഡുകളും ഇപ്പോഴുണ്ട്​. പക്ഷേ, ഇവയിൽ പലതിനും കൃത്യമായ നിരൂപണം ഉണ്ടാകുന്നില്ല. ഈ കുത്തൊഴുക്കിൽ വായനക്കാരൻ പകച്ചുനിൽക്കുകയല്ലേ. നിരൂപകർ ഒഴിഞ്ഞുനിൽക്കുകയാണോ?

ഒരു വർഷം ഇറങ്ങുന്ന മുഴുവൻ നോവലും ഒരാൾക്ക്​ വായിച്ചുതീർക്കുക സാധ്യമല്ല. ഒരുപാട്​ വരുമ്പോൾ നല്ലതും ചീത്തയും തിരിച്ചറിയുക ബുദ്ധിമുട്ട്​ തന്നെയാണ്​. ഇതിനിടയിൽ പ്രധാനപ്പെട്ട പല കൃതികളും നമ്മൾ കാണാതെ പോകുകയും ചെയ്യും. ഞാനാകട്ടെ കൂടുതലായി നോവൽ വായിക്കുന്ന ആളാണ്​. പക്ഷേ, എത്രയെണ്ണം ഒരു​ വർഷം വായിക്കാനാകും. മലയാളം മാത്രം വായിച്ചാൽ മതിയോ. ഇംഗ്ലീഷിൽ വിവർത്തനം വഴി വരുന്ന നല്ല നോവലുകളും വായിക്കണ​മല്ലോ. സൂക്ഷ്മമായ ​തിരഞ്ഞെടുപ്പിലൂടെ മാത്രമേ വായിക്കാൻ കഴിയൂ.

പ്രസാധനത്തിലും ശ്രദ്ധ വേണ്ടേ. വലിയ ബ്രാൻഡുകൾ ഉള്ള പ്രസാധകർ നല്ലതും മോശവുമെല്ലാം ഒരേ ഇംപ്രിന്‍റിൽ തന്നെ പുറത്തിറക്കുന്നു എന്നതാണ്​ നമ്മുടെ നാട്ടിലെ പ്രധാന പ്രശ്​നം. ഒ.വി. വിജയന്‍റെയും ആനന്ദിന്‍റെയും സുഭാഷിന്‍റെയും മീരയുടെയും പുസ്തകങ്ങൾ അച്ചടിക്കുന്ന അതേ ഇംപ്രിന്‍റിൽ തന്നെയാണ്​ നിലവാരമില്ലാത്ത രചനകളും ഇറക്കുന്നത്​. ആ ഇംപ്രിന്‍റിനെ വിശ്വസിച്ചാണ്​ ആളുകൾ പല പുസ്തകങ്ങളും വാങ്ങുന്നത്​. ഇംഗ്ലീഷിൽ നമുക്ക്​ ഇംപ്രിന്‍റ്​ കണ്ടാൽ മനസ്സിലാകും, ലിറ്ററി ഫിക്ഷൻ ഏതാണ്​ പൾപ്​ ഫിക്ഷൻ ഏതാണെന്ന്​. പെൻഗ്വിൻ റാൻഡം ഹൗസ്​ ആണ്​ ഇംഗ്ലീഷിലെ ലോകത്തിലെ ഏറ്റവും വലിയ പ്രസാധകർ. അവർക്ക്​ നൂറുകണക്കിന്​ സബ്​സിഡിയറികളുണ്ട്​. പൾപ്​ കണ്ടാൽതന്നെ നമുക്ക്​ മനസ്സിലാകും. അതിന്‍റെ പ്രിന്‍റിങ്ങും കവറുമൊക്കെ വേറെ രീതിയിലാണ്​.

മലയാളത്തിലും ഈ രീതി വരണം. ഒരു കൃതി പ്രസിദ്ധീകരിക്കാനെടുക്കുമ്പോൾ എഡിറ്റർമാർ കൃത്യമായി വേർതിരിക്കണം. നമ്മുടെ നാട്ടിൽ ബുക്​ എഡിറ്റർമാർ ഇല്ല എന്നതും പ്രശ്നമാണ്​. മലയാളത്തിൽ ഒരു എഴുത്തുകാരന്‍റെ രചന എഡിറ്റ്​ ചെയ്യാനാകില്ല എന്നത്​ വേറെ വിഷയം. വലിയ എഴുത്തുകാരൊന്നും എഡിറ്റിങ്ങിന്​ വഴങ്ങില്ല. ഇ​തേ ആൾക്കാർതന്നെ ഇംഗ്ലീഷിലേക്ക്​ വിവർത്തനത്തിന്​ പോകുമ്പോൾ ആകെ മാറും. തിരുത്തിയെഴുതാനും അധ്യായം മാറ്റാനുമൊക്കെ അവർ പറയുന്നത്​ ബഹുമാനപൂർവം അനുസരിക്കും. ലോകത്തെല്ലായിടത്തും എഴുത്തുകാർ എഡിറ്റർമാർക്ക്​ നന്ദി പറയാറുണ്ട്​. രചന നല്ലനിലയിൽ പുറത്തുവരാൻ അവരുടെ സംഭാവന അത്രയും ഉള്ളതുകൊണ്ടാണ്​. ഇവിടെ അതൊന്നും നടക്കാറില്ല. യഥാർഥത്തിൽ നമ്മുടെ പുസ്തകസംസ്കാരത്തിൽ പബ്ലിഷിങ്​ സംസ്​കാരമാണ്​ വികസിച്ചുവരേണ്ടത്​. മറ്റൊരുതരം പബ്ലിഷിങ്​ സംസ്കാരം ഇവിടെ ഉണ്ടാകേണ്ടതുണ്ട്​. വിൽപനയെ മാനദണ്ഡമാക്കി നമുക്ക്​ ഒന്നും തീരുമാനിക്കാൻ കഴിയില്ല. കൂടുതൽ വിറ്റ രചന നല്ലതാക​ണമെന്ന്​ ഒരു നിർബന്ധവുമില്ലല്ലോ. കൂടുതൽ വിറ്റതുകൊണ്ട്​ മോശമാകണമെന്നുമില്ല. സാഹിത്യമൂല്യം എന്നാൽ വേറൊന്നാണ്​.

ഓരോ കാലത്ത്​ പുറത്തുവരുന്ന കൃതികളെ അക്കാലത്ത്​ നിലവിലുള്ള സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന നിരൂപകൻ പിൽക്കാല വായനകളോട്​ എന്താണ്​ ചെയ്യുന്നത്​?

നിരൂപണ വായനകൾക്കുള്ള ചട്ടക്കൂടുകളാണ്​ സാഹിത്യ സിദ്ധാന്തങ്ങൾ. കാലാനുസൃതമായി സിദ്ധാന്തങ്ങളും മാറും. പാശ്ചാത്യ ലോകത്തിപ്പോൾ പോസ്റ്റ്​ തിയറി കാലമാണ്​. ഓരോ കാലത്തും വായന വ്യത്യസ്തമാണ്​. കാലം മാറുന്നതിന്​ അനുസരിച്ച്​ വായനയിലും മാറ്റം വരും. തലമുറകൾ മാറുന്നതിന്​ അനുസരിച്ച്​ പുതിയ വായനകൾ ഉണ്ടായല്ലേ പറ്റൂ. സാഹിത്യത്തോടുള്ള സമീപന രീതിതന്നെ മാറുന്നു. പഴയ ലിംഗസങ്കൽപമല്ല ഇന്നുള്ളത്. പണ്ട്​ നിലവാരം എന്നു കരുതിയിരുന്ന പലതും വിവേചനമായിരുന്നുവെന്ന് ഇന്ന്​ തിരിച്ചറിയുന്നില്ലേ. അതാണ്​ കാലാനുസൃത വിവേകം.​ ഇതിന്​ അനുസരിച്ച്​ സാഹിത്യകൃതികളേയും മാറ്റി വായിക്കേണ്ടി വരും. അത്​ സംഭവിക്കുമ്പോൾ മുൻകാലത്ത്​ വിസ്മൃതിയിലായിരുന്ന പല കൃതികളും തിരിച്ചുവന്നെന്നും വരാം. ഏറെ ആഘോഷിക്കപ്പെട്ട രചനകൾ മങ്ങിപ്പോകുകയും ചെയ്യും.

അത്തരത്തിൽ വീണ്ടും വായിച്ച്​ വ്യാഖ്യാനിച്ച്​ തിരിച്ചെടുക്കേണ്ടത്​ അനിവാര്യമായ കൃതികൾ മലയാളത്തിലുണ്ടോ?

ഒരു ഉദാഹരണം പറയാം. മലയാളത്തിലെ ആദ്യത്തെ അപസർപ്പക നോവൽ 1902ൽ അപ്പൻ തമ്പുരാൻ അദ്ദേഹം തന്നെ നടത്തിയിരുന്ന ‘രസികരഞ്ജിനി’ എന്ന മാസികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ‘ഭാസ്കര മേനോൻ’ ആണ്​. ‘ഒരു ദുർമരണം’ എന്ന പേരിലാണ്​ അത്​ മാസികയിൽ അച്ചടിച്ചിരുന്നത്​. മലയാളത്തിൽ ആദ്യമായാണ്​ ഒരു നോവൽ സീരിയലൈസ്​​ ചെയ്യപ്പെടുന്നത്​. നോവൽ സീരിയലൈസ്​ ചെയ്യുക എന്ന ആശയത്തോടെയൊന്നുമല്ല തുടങ്ങിയത്​. പിന്നീട്​ 1909ൽ പുസ്തകമായി. പുസ്തകത്തിന്​ എ.ആർ. രാജരാജ വർമയാണ്​ അവതാരിക എഴുതിയത്​. അതിനെ മലയാളത്തിലെ ആദ്യ അപസർപ്പക നോവൽ എന്ന്​ സാഹിത്യചരിത്രത്തിൽ പറയുന്നു. മുണ്ടശ്ശേരിയും എം.പി. പോളുമൊക്കെ എഴുതിയിട്ടുമുണ്ട്​.

അവരൊക്കെ ഈ നോവലിനെ കുറഞ്ഞതരം സാഹിത്യം എന്ന മട്ടിലാണ്​ കണ്ടത്​. അപ്പൻ തമ്പുരാൻ വലിയ പ്രതിഭാശാലി ആയതിനാൽ അദ്ദേഹത്തെ പിണക്കേണ്ട എന്നുകരുതി പ്രശംസ ചൊരിഞ്ഞു എന്നുമാത്രം. പിന്നീട്​ ഈ പുസ്തകം വിറ്റിരുന്നത്​ മലയാളത്തിലെ ആദ്യ അപസർപ്പക നോവൽ എന്ന കൗതുകത്തിൽ മാത്രമാണ്​. പക്ഷേ, യഥാർഥത്തിൽ അങ്ങനെയല്ല ‘ഭാസ്കരമേനോ’നെ വായിക്കേണ്ടത്​. 19ാം നൂറ്റാണ്ടിലെ ​കൊളോണിയൽ നിയമനിർമാണം, കേരളത്തിലെ സാമൂഹിക ജീവിതത്തിൽ അതുണ്ടാക്കിയ സംഘർഷങ്ങൾ, മരുമക്കത്തായത്തിന്‍റെ പ്രശ്നങ്ങൾ, കേരളാധുനികത്വം എന്നിവയുടെ വെളിച്ചത്തിൽ ആഴത്തിൽ പഠിക്കേണ്ട, പുനർവായിക്കേണ്ട പുസ്തകമാണത്​. ഞാൻ അതിനൊരു ശ്രമം നടത്തിയിരുന്നു. ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ ഇതുസംബന്ധിച്ച്​ ‘ആധുനികത്വത്തിന്‍റെ വിഷപ്പരൽ’ എന്ന ലേഖനം എഴുതി. അങ്ങനെ പല പുസ്തകങ്ങളുമുണ്ട്​. നിരന്തരം പുനർവായിക്കപ്പെടുന്ന ഒരു രചനയാണ് ‘ഇന്ദുലേഖ’​. പലതരം വായനകൾക്ക്​ സാധ്യത തുറക്കുന്നത്​ നല്ല നോവലിന്‍റെ ലക്ഷണമാണ്​.

 

തലസ്ഥാനത്തെ പ്രശസ്തമായ കലാലയങ്ങളിലാണ്​ താങ്കൾ പഠിച്ചത്​. അന്നത്തെ പഠനവും ആദ്യകാല വായനയും എങ്ങനെയായിരുന്നു?

തിരുവനന്തപുരം നഗരത്തിന്​ തൊട്ടുതന്നെയുള്ള മലയിൻകീഴിലാണ്​ ഞാൻ ജനിച്ചുവളർന്നത്​. ഏക സന്താനമായിരുന്നു. വീട്ടിൽ വായനയുടെ അന്തരീക്ഷം ഉണ്ടായിരുന്നു. മാതാപിതാക്കൾ നന്നായി വായിക്കും. പുസ്തകം വായിക്കുന്നത്​ ജീവിതത്തിലെ പ്രധാനപ്പെട്ട സംഗതിയാണെന്ന്​ ചിന്തിച്ച വീട്ടിലാണ്​ ഞാൻ വളർന്നത്​. എന്‍റെ കുലത്തൊഴിൽ ​വൈദ്യമാണ്​. അച്ഛനും അദ്ദേഹത്തിന്‍റെ അച്ഛനും അതിനും പിന്നിലേക്ക്​ പോയാൽ അമ്മാവൻമാരും വൈദ്യൻമാരായിരുന്നു. വടകരയിലെ സിദ്ധാശ്രമത്തിന്‍റെ സ്ഥാപകനായ സ്വാമി ശിവാനന്ദ പരമഹംസന്‍റെ ശിഷ്യനായിരുന്നു എന്‍റെ അച്ഛൻ പുരുഷോത്തമൻ നായർ. മതവും ജാതിയും ഹൈന്ദവാചാരാനുഷ്ഠാനങ്ങളുമില്ലാത്തതും തികഞ്ഞ ഭൗതികാടിത്തറയുള്ളതുമായ ഒരു ആധ്യാത്മിക മാർഗമായിരുന്നു ശിവാനന്ദ പരമഹംസന്‍റേത്. തർക്കശാസ്ത്രവും സാംഖ്യവുമൊക്കെ പഠിച്ച്​ അലഞ്ഞുതിരിഞ്ഞ ശേഷമാണ്​ അച്ഛൻ കുടുംബജീവിതത്തിലേക്ക്​ വന്നത്​. കുട്ടിക്കാലത്ത്​ എന്നെ വൈദ്യം പഠിപ്പിക്കാൻ അച്ഛൻ ശ്രമിച്ചിരുന്നു. അമരകോശം കാണാപ്പാഠം പഠിക്കലായിരുന്നു അക്കാലത്തെ ഒരു ശിക്ഷ. അതു പിന്നീട്​ ഗുണപ്പെട്ടു. വാക്കിന്​ മുട്ടില്ലാതായി. ദൈവവിശ്വാസത്തിന്റെയോ അമ്പലത്തിൽ പോക്കിന്‍റെയോ വഴിയൊന്നും വീട്ടിലുണ്ടായിരുന്നില്ല.

ഇപ്പോൾ നൂറുവർഷം പിന്നിട്ട മലയിൻകീഴ്​ ശ്രീകൃഷ്ണ വിലാസം ഗ്രന്ഥശാലയിൽനിന്നാണ്​ വായന തുടങ്ങുന്നത്​. ഇപ്പോഴും ഞാനവിടെ പോകാറുണ്ട്​. ഓർമകളിലെ നല്ല വായന ’70കളുടെ മധ്യം മുതലാണ്​. ആധുനിക സാഹിത്യം അന്നേ വായിച്ചിരുന്നു. പ്രത്യേകിച്ച്​ ഒരു താൽപര്യമേഖലയിൽ ഒതുങ്ങിയതായിരുന്നില്ല വായന. വിവിധ വിഷയങ്ങളിൽ താൽപര്യമുള്ളതിനാൽ പലതരം അഗ്രങ്ങളുള്ള വായനയായിരുന്നു. സാഹിത്യം വായിക്കുന്ന അതേ താൽപര്യത്തോടെ ശാസ്ത്രവും രാഷ്ട്രീയവും ചരിത്രവും ഒക്കെ വായിക്കും. കോളജ്​ ജീവിതത്തിലേക്ക്​ എത്തിയപ്പോഴേക്കും മുഴുവൻ സമയ വായനജീവിയായി മാറിക്കഴിഞ്ഞിരുന്നു. പുസ്തകവായനയും ക്രിക്കറ്റ്​ കളിയുമല്ലാതെ മറ്റൊരു താൽപര്യവും ഇക്കാലത്ത്​ ഉണ്ടായിരുന്നില്ല എന്നുവേണം പറയാൻ. ക്രിക്കറ്റിന്​ ഇന്നത്തെപ്പോലെ പ്രചാരമുള്ള കാലമായിരുന്നില്ല, എൺപതുകളുടെ തുടക്കം വരെ.

ആറാം ക്ലാസിൽ എത്തിയപ്പോഴേക്കും ഗൗരവമായി പത്രം വായിച്ചു തുടങ്ങിയിരുന്നു. അച്ഛന്‍റെ പരിശീലനമായിരുന്നു അത്​. ഒറ്റയായി വളർന്നത്​ വായനക്ക്​ വലിയൊരു അനുകൂല ഘടകമായി. ശാരീരികമായി അത്ര കരുത്തനുമല്ല. ഞാൻ മറിഞ്ഞുവീണുപോകുമോ എന്നായിരുന്നു അച്ഛന്‍റെ പേടി. ​സൈക്കിൾ ഓടിക്കാൻപോലും അനുവദിച്ചിരുന്നില്ല. ഒടുവിൽ ​ബിരുദത്തിന്​ പഠിക്കുമ്പോഴാണ്​ സൈക്കിൾ പഠിച്ചത്​.

പ്രീഡിഗ്രി പഠനം തിരുവനന്തപുരത്തെ ഗവ. ആർട്​സ്​ കോളജിലായിരുന്നു. കവി അൻവർ അലിയായിരുന്നു സഹപാഠി. പിന്നീട്​ യൂനിവേഴ്​സിറ്റി കോളജിൽ ബി.എക്കും എം.എക്കും ഞങ്ങൾ ഒരേ ക്ലാസിൽതന്നെ പഠിച്ചു. ദൂരദർശൻ ഡയറക്ടറായിരുന്ന ബൈജു ചന്ദ്രൻ, സി.പി.എം നേതാവും മുൻ എം.പിയുമായ എ. സമ്പത്ത്, ചലച്ചിത്ര സംവിധായകൻ ടി.കെ. രാജീവ്​ കുമാർ, പ്രശസ്ത വൈൽഡ്​ ലൈഫ്​ ഫോട്ടോഗ്രാഫർ ബാലൻ മാധവൻ എന്നിവരൊക്കെ ആർട്​സ്​ കോളജിൽ എന്‍റെ സീനിയർമാരായിരുന്നു. ഇപ്പോഴത്തെ പി.എസ്​.സി ചെയർമാനും തിരുവനന്തപുരം എൻജിനീയറിങ്​ കോളജിലെ മുൻ ഇലക്​ട്രോണിക്​സ്​ പ്രഫസറുമായ എം.ആർ. ബൈജുവാണ്​ മറ്റൊരാൾ. പന്മന രാമചന്ദ്രൻ നായരായിരുന്നു ആർട്​സ്​ കോളജിലെ മലയാളം പ്രഫസർ. മറ്റൊരധ്യാപകൻ അലിയാർ. രണ്ടു പേർക്കും പ്രിയപ്പെട്ട ശിഷ്യനായിരുന്നു ഞാൻ.

യൂനിവേഴ്​സിറ്റി കോളജിലെ പഠനകാലത്തും പന്മന സാറായിരുന്നു പ്രഫസർ. ഞാൻ പലതരം തലവേദനകൾ ഉണ്ടാക്കിയിരുന്നെങ്കിലും പിൽക്കാലത്ത്​ അദ്ദേഹം എ.ആർ. രാജരാജവർമയെ കുറിച്ച്​ എഴുതിയ ‘നവയുഗശിൽപി’ എന്ന ഒന്നാംകിട പുസ്തകത്തിന്​ അവതാരികയെഴുതാൻ അവസരം നൽകി എന്നെ ശിഷ്യവാത്സല്യംകൊണ്ട്​ അനുഗ്രഹിച്ചിട്ടുണ്ട്​. വ്യാകരണപഠനം നൽകുന്ന ശക്തിബോധ്യപ്പെടുത്തിത്തരികയും ഉണ്ണായി വാര്യരുടെ ‘നളചരിതം ആട്ടക്കഥ’യുടെ കാണാപ്പുറങ്ങൾ കാണിച്ചുതന്ന്​ മലയാളത്തിലെ ആ മഹാരചനയിലേക്ക്​ എന്നേക്കുമായിത്തന്നെയെന്നുപറയാം, എന്നെ ആഴ്ത്തിക്കളയുകയും ചെയ്ത പരമ്പരാഗതാർഥത്തിലുള്ള ‘ഗുരു’വായിരുന്നു അദ്ദേഹം.

1983ലാണ്​ ഞാൻ യൂനിവേഴ്​സിറ്റി കോളജിൽ എത്തുന്നത്​. നടൻമാരായ അലൻസിയർ, എ.എസ്.​ ജോബി, കഥാകൃത്ത്​ വി. വിനയകുമാർ, നാടകകൃത്തും സിനിമ-സീരിയൽ സംവിധായകനുമായ എസ്​. ജനാർദനൻ, മരിച്ചുപോയ തിരക്കഥാകൃത്ത്​ ജി.എ. ലാൽ, ലോകപ്രസിദ്ധ ഉഭയജീവി ശാസ്ത്രജ്ഞനായ സത്യഭാമദാസ്​ ബിജു എന്ന എസ്​.ഡി. ബിജു, ഇപ്പോഴത്തെ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ, അനിലിന്‍റെ ഭാര്യയും മുൻ എം.എൽ.എയുമായ ആർ. ലതാദേവി, പത്രപ്രവർത്തകയും മന്ത്രി വി. ശിവൻകുട്ടിയുടെ ഭാര്യയുമായ ആർ. പാർവതീദേവി, കവി എസ്​. ജോസഫ്​, ഡൽഹിയിലെ ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസർ എസ്​. ശിവകുമാർ, ബ്രിട്ടനിലെ എസെക്​സ്​ യൂനിവേഴ്​സിറ്റിയിലെ ഇക്കണോമിക്സ്​ പ്രഫസർ ടി.ജി. അരുൺ (തങ്കം അരുൺ), ‘ഇന്ത്യാ ടുഡേ’യിൽ കാർട്ടൂണിസ്റ്റായ ആർ. പ്രസാദ്, ‘ഹിന്ദു’വിലും പിന്നീട്​ യു.എൻ.ഡി.പിയിലും പ്രവർത്തിച്ചിരുന്ന ജി. പ്രമോദ്​കുമാർ, ചിത്രകാരൻ കെ. ലാൽകുമാർ, പി.വി. അശോകൻ, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരായ എ. അൽത്താഫ്​, എം.എസ്​. ഷർമദ്​ തുടങ്ങിയവരൊക്കെയായിരുന്നു സഹപാഠികൾ.

മറക്കാനാവാത്ത എത്രയോ അധ്യാപകരുണ്ടായിരുന്നു. മലയാളത്തിൽ പന്മനക്ക്​ പുറമെ, ഡി. വിനയചന്ദ്രൻ, വി.പി. ശിവകുമാർ, നടുവട്ടം ഗോപാലകൃഷ്ണൻ, ഇംഗ്ലീഷിൽ ആർ. നരേന്ദ്രപ്രസാദ്​, വിഷ്ണുനാരായണൻ നമ്പൂതിരി... കോളജിന്‍റെ മതിലിനപ്പുറത്ത്​ കേരള യൂനിവേഴ്​സിറ്റിയുടെ ഇംഗ്ലീഷ്​ വകുപ്പിൽ അയ്യപ്പപ്പണിക്കരും വി. രാജകൃഷ്ണനും ഒട്ടുമകലെയല്ലാതെയുള്ള വിമൻസ്​ കോളജിൽ ഒ.എൻ.വി കുറുപ്പ്​. അതൊരു നല്ല കാലമായിരുന്നു. വേഡ്​സ്​വർത്തിന്‍റെ എല്ലാവരും ഉദ്ധരിക്കാറുള്ള വരിയില്ലേ, ‘‘Bliss it was in that dawn to be alive, But to be young was very heaven.’’ അന്നു ജീവിച്ചിരിക്കൽ പരമാനന്ദമായിരുന്നു, ചെറുപ്പമായിരിക്കലാകട്ടെ തനി സ്വർഗവും.

 

വായനയും സാഹിത്യ താൽപര്യവും വികസിച്ചത്​ എങ്ങനെയായിരുന്നു?

1980ൽ ആർട്​സ്​ കോളജിൽ എത്തിയപ്പോഴാണ്​ വലിയൊരു ലൈബ്രറി ആദ്യമായി കണ്ടത്​. യൂനിവേഴ്​സിറ്റി കോളജിലെത്തിയപ്പോൾ ലൈബ്രറികളുടെ ഒരു കടൽതന്നെ. കോളജിലെ ലൈബ്രറികൾ, യൂനിവേഴ്​സിറ്റി ലൈബ്രറി, ബ്രിട്ടീഷ്​ ലൈബ്രറി, ഇന്ന്​ സ്​റ്റേറ്റ്​ സെൻട്രൽ ലൈബ്രറി എന്ന്​ പേരുമാറിയ തിരുവനന്തപുരം പബ്ലിക്​ ലൈബ്രറി അങ്ങനെ പലത്​. മറക്കാനാകാത്ത രണ്ടു ലൈബ്രറികൾ കൂടിയുണ്ട്​; എ.കെ.ജി സെന്‍റർ ലൈബ്രറിയും സോവിയറ്റ്​ കൾചറൽ സെന്‍ററിലെ ലൈബ്രറിയും. ഗോപിനാഥ്​ മാവുങ്കൽ എന്നൊരു കണ്ണൂർക്കാരനായിരുന്നു എ.കെ.ജി സെന്‍ററിലെ ലൈബ്രേറിയൻ. പ്രീഡിഗ്രി കാലത്ത്​ തന്നെ സോവിയറ്റ്​ കൾചറൽ സെന്റർ ലൈബ്രറിയി​ൽ മെംബർഷിപ് എടുത്തിരുന്നു. പിന്നീട്​ സോവിയറ്റ്​ യൂനിയൻ ഇല്ലാതായതോടെ ലൈബ്രറിയും സാംസ്കാരിക കേന്ദ്രവും അടച്ചുപൂട്ടി.

പുസ്തകങ്ങൾ ചാല കമ്പോളത്തിലെ ആക്രിക്കച്ചവടക്കാർക്ക്​ തൂക്കിവിറ്റു. പിൽക്കാലത്ത്​ ബ്രിട്ടീഷ്​ കൗൺസിൽ ലൈബ്രറിയും പൂട്ടിയെങ്കിലും വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബി ഇടപെട്ട്​ അവിടത്തെ പുസ്തകങ്ങൾ പബ്ലിക്​ ലൈബ്രറിയിലേക്ക്​ മാറ്റി. ബ്രിട്ടീഷ്​ ലൈബ്രറിയിൽ ലൈബ്രേറിയനായിരുന്ന ടി.കെ. സുബ്രഹ്മണിയെയും കടപ്പാടോടെ ഓർക്കുന്നു. പിന്നീട്​ പിഎച്ച്​.ഡി ഗവേഷണത്തിന്​ കാര്യവട്ടത്ത്​ എത്തിയപ്പോൾ അവിടത്തെ മലയാള വിഭാഗം ലൈബ്രറി ഒരു പൂക്കാലംതന്നെ തന്നു. പബ്ലിക്​ ലൈബ്രറിയിലും യൂനിവേഴ്​സിറ്റി ലൈബ്രറിയിലും ഇപ്പോഴും എന്‍റെ സഞ്ചാരങ്ങൾ തുടരുന്നു. കേരള യൂനിവേഴ്​സിറ്റി ലൈബ്രറി എമിനെന്‍റ്​ സ്​കോളർ മെംബർഷിപ് എ​ന്നൊരു പുതിയ അംഗത്വംതന്നെ സൃഷ്ടിച്ച്​ എന്നെ ആദ്യത്തെ അംഗമായി തെര​ഞ്ഞെടുക്കുകയുംചെയ്തിട്ടുണ്ട്​. ഓർത്തുനോക്കിയാൽ, ലൈബ്രറികളിലും പുസ്തകങ്ങളിലുമുള്ള അലച്ചിൽ മാത്രമാണെന്ന്​ തോന്നുന്നു എന്‍റെ ജീവിതം.

വായനയിൽ പിന്നീട്​ കാര്യമായ മാറ്റം വന്നത്​ ഗവേഷണ ജീവിതത്തിലായിരുന്നു. യു.ജി.സി ഫെ​ലോഷിപ്പോടെയു​ള്ള പഠനത്തിൽ ഏതാണ്ട്​ മുഴുവൻ സമയം വായന തന്നെയായിരുന്നു. നോവലിലെ തത്ത്വചിന്താപരമായ ദർശനമായിരുന്നു ഗവേഷണ വിഷയം. സി.ആർ. പ്രസാദ്, ആസാദ്​, ഷാജി ജേക്കബ്​, രാധിക സി. നായർ എന്നിവരായിരുന്നു സഹ ഗവേഷകർ. സാഹിത്യനിരൂപകൻ എന്ന നിലയിൽ സാഹിത്യ സിദ്ധാന്തങ്ങളും നിരൂപണവുമാണ്​​ അക്കാലത്തും പിന്നീടും പ്രധാന വായന. മികച്ച ഫിക്ഷൻ, ഇംഗ്ലീഷിൽ വിവർത്തനം വരുന്ന ശ്രദ്ധേയ നോവലുകൾ, പ്രത്യേകിച്ച്​ പരീക്ഷണ രചനകൾ, നോവൽ പഠനം എന്നിവയൊക്കെ അതിന്‍റെ അനുബന്ധങ്ങളാണ്​.

ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ റാങ്ക്​ നേടി വിജയിച്ച, മറ്റ്​ ഉന്നത യോഗ്യതകളുള്ള, ശ്രദ്ധേയങ്ങളായ സാഹിത്യ ഇടപെടലുകൾ തുടക്കക്കാലത്തേ നടത്തിയ, വളരെ ചെറുപ്പത്തിലേ സാഹിത്യ അക്കാദമിയുടേത്​ ഉൾപ്പെടെ അവാർഡുകളും ലഭിച്ച ആളാണ് താങ്കൾ​. സ്വാഭാവികമായും ഒരു അക്കാദമിക്​ ആകേണ്ടതായിരുന്നല്ലോ. എങ്ങനെയാണ്​ മാധ്യമപ്രവർത്തനത്തിലേക്ക്​ വന്നത്​?

യോഗ്യതക്ക്​ അനുസരിച്ചുള്ള ജോലി കിട്ടുക ഇന്നത്തെപ്പോലെ അന്നും വലിയ ബുദ്ധിമുട്ടായിരുന്നു. കൈക്കൂലിയും സ്വാധീനവും അഴിമതിയും കൂടാതെ കേരളത്തിൽ കോളജ്​ അധ്യാപകനാകാൻ കഴിയില്ല. സമുദായങ്ങളുടെയോ അല്ലാത്തതോ ആയ മാനേജ്​മെന്‍റുകളുടെ നിയന്ത്രണത്തിലുള്ള കോളജുകളിൽ എങ്ങനെയാണ്​ നിയമനം നടക്കുന്നതെന്ന്​ അറിയാമല്ലോ. എല്ലാവരും അംഗീകരിച്ചതും പക്ഷേ, അറിഞ്ഞതായി നടിക്കാത്തതുമായ ഒരു വ്യവസ്ഥയാണത്​. പല കോളജുകളിലും ഇന്‍റർവ്യൂവിന്​ പോയിട്ടുണ്ട്​. എല്ലായിടത്തും പണം തന്നെയാണല്ലോ പരിഗണന. ജോലി തരില്ല എന്നു നേരിട്ട്​ തന്നെ പറഞ്ഞ സ്ഥാപനങ്ങളുമുണ്ട്​.

സർവകലാശാല നിയമനങ്ങളിലാകട്ടെ ശിപാർശയാണ്​ മാനദണ്ഡം. അപേക്ഷിക്കുന്ന എല്ലാവരും യോഗ്യതയുള്ളവർ തന്നെയാണ്​. ​എന്‍റെ യോഗ്യതയിൽ അവർക്കും എനിക്കും സംശയവുമില്ല. കൂടുതൽ യോഗ്യതയാണല്ലോ പിന്നീട്​ തെളിയിക്കേണ്ടത്​. ഇവിടെ അധിക യോഗ്യത എന്നത്​ ശിപാർശയാണ്​. പ്രധാനമായും രാഷ്ട്രീയ സ്വാധീനത. കൈക്കൂലി കൊടുത്തും ശിപാർശ വഴിയും ജോലി വാങ്ങുക എന്നത്​ എന്‍റെ ധാർമികാദർശങ്ങൾക്ക്​ യോജിക്കില്ല. ഞാൻ പ്രത്യേകമൊരു രാഷ്ട്രീയ പാർട്ടിയുടെ ആദർശം പിന്തുടരുന്ന ആളല്ല. മതപരമായ ബാധ്യതകളും ഇല്ല. ഞാൻ ജനിച്ച സമുദായത്തിന്‍റെ പേരിലുള്ള സംഘടനയുമായും ബന്ധമില്ല. ജീവിതത്തിൽ ആകെ അംഗമായിരുന്നത്​ പത്രപ്രവർത്തകരുടെ തൊഴിലാളി സംഘടനയായ കെ.യു.ഡബ്ല്യു.ജെയിൽ മാത്രമാണ്​.

പിന്നെ അവസരമുള്ളത്​ പി.എസ്​.സി വഴിയുള്ള നിയമനത്തിൽ മാത്രമാണ്​. അധ്യാപക നിയമനത്തിന്​ നിരോധനമുള്ള കാലമായിരുന്നു അത്​. എം.എ കഴിഞ്ഞ്​ ഒന്നര പതിറ്റാണ്ടിനു ശേഷമാണ്​ ഞാനൊരു പി.എസ്​.സി പരീക്ഷ എഴുതുന്നതുതന്നെ. ചെറുപ്പത്തിലേയുള്ള ആദർശസ്വപ്നമായിരുന്നു പത്രപ്രവർത്തനം. യോഗ്യതയും കഴിവും മാത്രമാണല്ലോ പത്രസ്ഥാപനങ്ങൾ പരിഗണിക്കുക. അങ്ങനെയാണ്​ മാതൃഭൂമിയിൽ ചേരുന്നത്​. സന്തോഷത്തോടെയാണ്​ ആ ജോലി ചെയ്തിരുന്നത്​. മൂന്നു പതിറ്റാണ്ട്​ തികയാറായപ്പോൾ ഞാൻ സ്വയം അത്​ ഉപേക്ഷിച്ചു.

 

അക്കാദമിക്​ ആയില്ലെങ്കിലും സർവകലാശാലകളിലെയും കോളജുകളിലെയും വിദ്യാർഥികൾ പഠിക്കുന്ന ‘പാശ്ചാത്യ സാഹിത്യ സിദ്ധാന്തം’ എന്ന പാഠപുസ്തകം എഴുതിയത്​ താങ്കളാണല്ലോ?

കാലിക്കറ്റ്​ യൂനിവേഴ്​സിറ്റി മലയാള സാഹിത്യ വിദ്യാർഥികൾക്ക്​ വേണ്ടി പ്രസിദ്ധീകരിച്ച പാഠപുസ്തകമാണത്​. ബി.എ മലയാളം സിലബസ്​ അനുസരിച്ച്​ എഴുതാൻ യൂനിവേഴ്​സിറ്റി ബോർഡ്​ ഓഫ്​ സ്റ്റഡീസ്​ ആവശ്യപ്പെട്ടതുകൊണ്ടാണ്​ ​അതെഴുതിയത്​. അവിടത്തെ മാത്രമല്ല, മറ്റു സർവകലാശാലകളിലെയും കോളജുകളിലെയും വിദ്യാർഥികളും അധ്യാപകരും ആ പുസ്​തകം ഉപയോഗിക്കുന്നതിൽ എനിക്ക്​ സന്തോഷമുണ്ട്​. സാധാരണ നിലയിൽ സർവകലാശാലകൾ ഇത്തരം പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കാറില്ല. മറ്റു പ്രസാധകരുടെ പുസ്തകങ്ങളും ലേഖനങ്ങളും ആധാരമാക്കി പഠിക്കലും പഠിപ്പിക്കലുമാണ്​ രീതി. പക്ഷേ, സാ​ങ്കേതികത്വവും സങ്കീർണതയുമുള്ള സാഹിത്യ സിദ്ധാന്തങ്ങളെപ്പറ്റി മലയാളത്തിൽ ഉണ്ടായ പല പുസ്തകങ്ങളും ആശയക്കുഴപ്പം സൃഷ്​ടിക്കുന്നതും ദുർഗ്രഹവുമാണ്. അവ്യക്തതയും തെറ്റായ വ്യാഖ്യാനവും അതിവ്യാഖ്യാനവുമൊക്കെ കാണുകയുംചെയ്യും. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട്​ പരിഹരിക്കാനാണ്​ കാലിക്കറ്റ്​ സർവകലാശാല അത്തരമൊരു പുസ്​തകം എഴുതാൻ ആവശ്യപ്പെട്ടത്​.

മുഴുവൻ സമയ മാധ്യമപ്രവർത്തകനായത്​ സമാന്തരമായി തുടർന്ന സാഹിത്യനിരൂപക കരിയറിനെ എങ്ങനെയാണ്​ സ്വാധീനിച്ചത്​?

പത്രപ്രവർത്തനത്തെയും സാഹിത്യ നിരൂപണ ജീവിതത്തെയും രണ്ടായാണ്​ ഞാൻ നിലനിർത്തിയത്​. ഗവേഷണം പൂർത്തീകരിക്കുന്നതിന്​ തൊട്ടുമുമ്പാണ്​ ‘മാതൃഭൂമി’യിൽ പ്രവേശിക്കുന്നത്​. തീസിസ്​ പൂർത്തിയാക്കാൻ മാതൃഭൂമി എനിക്ക്​ രണ്ടു മാസത്തെ ലീവ്​ അനുവദിച്ചിരുന്നു. പിന്നീട്​ മാധ്യമപ്രവർത്തകൻ എന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കവെ തന്നെ ഞാൻ സാഹിത്യപ്രവർത്തനം തുടരുകയും പുസ്തകങ്ങളും അക്കാദമിക്​ പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. എല്ലാ പ്രധാന വാരികകളിലും ലേഖനങ്ങൾ എഴുതുമായിരുന്നു. മിക്ക പ്രധാന പുസ്തകങ്ങളും മാതൃഭൂമിയിൽ ഉള്ളപ്പോഴാണ്​ രചിച്ചത്​. അതിലൊന്നും എന്‍റെ പത്രപ്രവർത്തകൻ എന്ന ഐഡന്‍റിറ്റിയേ ഇല്ല. അതേസമയം, തന്നെ മാധ്യമപ്രവർത്തകൻ എന്ന നിലയിലുള്ള എഴുത്തും തുടർന്നു. പത്രപ്രവർത്തനത്തിന്‍റെ ഭാഷയോ സങ്കൽപങ്ങളോ സാഹിത്യത്തിൽ കലരാതെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരേസമയം ഇരട്ട നാവിൽ സംസാരിക്കുകയായിരുന്നു അക്കാലങ്ങളിൽ.

’1994ലാണ്​ താങ്കളെ വായനക്കാർ ശ്രദ്ധിക്കാൻ ഇടയാക്കിയ ഒ.വി. വിജയന്‍റെ നോവലുകളെ കുറിച്ചുള്ള ‘പിതൃഘടികാരം’ എന്ന പുസ്തകം വരുന്നത്​. അത്​ താങ്കളു​ടെ പിഎച്ച്​.ഡി തീസിസ്​ ആണെന്ന്​ പലരും കരുതുന്നുണ്ട്​.

അങ്ങനെയല്ല. നോവലിന്‍റെ തത്ത്വചിന്തയെയും നോവലിസ്റ്റുകളുടെ ദർശനത്തെയും കുറിച്ചായിരുന്നു എന്‍റെ ​ഗവേഷണം. സി.വി. രാമൻപിള്ള, ബഷീർ, ഒ.വി. വിജയൻ എന്നിവരെ കേന്ദ്രീകരിച്ച്. ഡോ. ജോർജ്​ ഓണക്കൂറായിരുന്നു ഗൈഡ്​. പിഎച്ച്​.ഡി തീസിസിലെ ഒരധ്യായം മാത്രമായിരുന്നു ഒ.വി. വിജയൻ. അതും ഗവേഷണ വിഷയത്തിന്​ അനുരൂപമായ ഘടകങ്ങളെക്കുറിച്ചുള്ള പഠനം. ‘പിതൃഘടികാരം’ ഒ.വി. വിജയന്‍റെ നോവലുകളെ കുറിച്ചുള്ള പഠനമാണ്​. ഗവേഷണത്തിന്‍റെ ചിട്ടവട്ടങ്ങളോ ആചാരമര്യാദകളോ അതിലില്ല. എന്നാൽ, രീതിശാസ്ത്രപരമായ അച്ചടക്കമുണ്ട്​. എന്‍റെ തീസിസ്​ പ്രസിദ്ധീകരിച്ചിട്ടുമില്ല.

കുറേ ലേഖനങ്ങൾ പലയിടത്ത്​ എഴുതി, അത്​ പിന്നീട്​ പുസ്തകമാക്കുന്ന രീതി എനിക്കില്ല. പുസ്തകമായി തന്നെയാണ്​ എഴുതുക​. കൃത്യമായ പദ്ധതിയും രൂപരേഖയും തയാറാക്കിയശേഷമാണ്​ എഴുത്ത്​ തുടങ്ങുക. ഒരു പുസ്തകം രചിക്കുന്നതിന്​ മുമ്പ്​ അതിന്‍റെ ഗവേഷണത്തിനായി ധാരാളം സമയവും അധ്വാനവും വേണ്ടിവരും. പിതൃഘടികാരം എഴുതുമ്പോൾ എന്നെ അധികംപേർക്ക്​ അറിയില്ല. കുറച്ചു ലേഖനങ്ങൾ എഴുതിയിട്ടുണ്ടെന്ന്​ മാത്രം. കഥയും അതിന്​ മുമ്പ്​ എഴുതിയിട്ടുണ്ട്​. കേരള സർവകലാശാല യുവജനോത്സവങ്ങളിൽ അഞ്ചുതവണ കഥക്ക്​ സമ്മാനവും കിട്ടിയിരുന്നു. ഗവേഷണം തുടങ്ങിയതോടെയാണ്​ ഫിക്ഷനിൽനിന്ന്​ അകന്നത്​. ഒരു നോവലിസ്റ്റിനെ സമഗ്രമായി പഠിക്കുന്ന പുസ്തകങ്ങൾ മലയാളത്തിൽ കുറവാണ്​. പി.കെ. ബാലകൃഷ്ണന്‍റെ ‘ഒ. ചന്തുമേനോൻ: ഒരു പഠനം’, എൻ. കൃഷ്ണപിള്ളയുടെ ‘പ്രതിപാത്രം ഭാഷണഭേദം’ പോലെ അപൂർവം ചില പുസ്തകങ്ങൾ മാത്രം. അത്തരം രചനകൾപോലും പഴയ നോവലിസ്റ്റുകളെ കുറിച്ചാണ്​. ആധുനിക നോവലിസ്റ്റുകളെ അങ്ങനെയാരും സമഗ്രതയിൽ അതുവരെ പഠിച്ചിട്ടുണ്ടായിരുന്നില്ല. ചന്തുമേനോൻ മുതൽ തുടങ്ങുന്ന നമ്മുടെ പാരമ്പര്യത്തിലെ പ്രമുഖരായ നാലോ അ​ഞ്ചോ എഴുത്തുകാരിലൊരാൾ ഒ.വി. വിജയനാണ്​. അദ്ദേഹത്തെ കുറിച്ച്​ സമഗ്രമായൊരു പുസ്തകം എഴുതാനാണ്​ തീരുമാനിച്ചത്​. ഈ പുസ്തകം ആരെങ്കിലും പ്രസിദ്ധീകരിക്കുമോ എന്ന്​ സംശയമുണ്ടായിരുന്നു.

എന്തായാലും പുസ്​തകം ഡി.സി ബുക്സിന്​ അയച്ചുകൊടുത്തു. ഡി.സി ബുക്സിന്‍റെ 20ാം വർഷമായിരുന്നു അത്​. 20ാം വാർഷികാഘോഷത്തിന്​ അവർ 20 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നു. അതിലൊന്നായാണ്​ ‘പിതൃഘടികാരം’ പ്രസിദ്ധീകരിക്കുന്നത്​. എം.ടി, ടി. പത്മനാഭൻ, മലയാറ്റൂർ തുടങ്ങിയ 19 ​പ്രശസ്തരുടെ പുസ്തകങ്ങൾക്കൊപ്പം എന്‍റേതും. പുസ്തകം നന്നായി ശ്രദ്ധിക്കപ്പെടുകയും എട്ടുമാസംകൊണ്ട്​ ആദ്യ എഡിഷൻ വിറ്റുപോകുകയുംചെയ്തു. കെ.പി. അപ്പനെയും ആഷാമേനോനെയും നരേന്ദ്രപ്രസാദിനെയുംപോലുള്ള പ്രമുഖർ നല്ല അഭിപ്രായം രേഖപ്പെടുത്തി. ‘നല്ല നിരീക്ഷണങ്ങളിൽ ജീവിക്കുന്ന പുസ്തകം’ എന്നെഴുതിയ ഒരു കത്തയച്ച്​ കെ.പി. അപ്പൻ എന്നെ ഞെട്ടിച്ചുകളഞ്ഞു. അന്നുവരെ അദ്ദേഹത്തെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. പിന്നീടാണ്​ അദ്ദേഹവുമായി അടുക്കാനുള്ള ഭാഗ്യമുണ്ടായത്​. അന്ത്യകാലത്ത്​ രോഗബാധയുടെ തീവ്രതയിൽ കഴിയുമ്പോൾ ഒരുദിവസം അപ്പൻ സാർ എന്നെ വിളിച്ച്​ ഒരു കാര്യം ആവശ്യപ്പെട്ടത്​ ഓർമയുണ്ട്. വി. രാജകൃഷ്ണനെ കൂട്ടിക്കൊണ്ട്​ വീട്ടിലേക്ക്​ വരാനാണ്​ അദ്ദേഹം പറഞ്ഞത്​.

മലയാളത്തിലെ ആധുനികതാ സാഹിത്യം വ്യാപകമായി എതിർക്കപ്പെട്ട കാലത്ത്​ അതിനെ സൈദ്ധാന്തികമായി സാധൂകരിച്ച്​ വലിയ പേശീബലം നൽകിയ അപ്പനൊപ്പം നിന്ന നിരൂപകനായിരുന്നല്ലോ രാജകൃഷ്ണൻ. ഞങ്ങൾ അ​പ്പന്‍റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം ചികിത്സക്കുവേണ്ടി മ​റ്റൊരിടത്തേക്ക്​ താമസം മാറ്റിയതിനാൽ കാണാൻ കഴിഞ്ഞില്ല. ആ സമയത്തൊരിക്കൽ എന്‍റെ വീട്ടിൽ അതിഥിയായി വന്നു താമസിച്ച്​ വി.സി. ശ്രീജൻ അപ്പൻ സാറിനെ കാണാൻ പോകണമെന്ന്​ പറഞ്ഞ​പ്പോഴും സംഭവിച്ചത്​ ആ ദൗർഭാഗ്യമാണ്​. ശ്രീജനും ഞാനും കൂടി അപ്പൻ സാറിന്‍റെ കൊല്ലത്തെ വീട്ടിലെത്തിയെങ്കിലും വീടിന്​ മുന്നിലെ ചെറിയ ഇടറോഡ്​ പുതുക്കിപ്പണിയു​മ്പോഴുള്ള പൊടിശല്യത്തിൽനിന്ന്​ രക്ഷപ്പെടാനായി അദ്ദേഹം ദൂരേക്ക്​ താമസം മാറ്റിയിരുന്നു. ‘കെ.പി. അപ്പൻ: രണ്ടു സന്ദർശനങ്ങൾ’ എന്ന പേരിൽ പിന്നീട്​ ഞാനൊരു ലേഖനമെഴുതിയിട്ടുണ്ട്​, സമകാലിക മലയാളം വാരികയിൽ. അടുത്തകാലത്ത്​ കെ.പി. അപ്പന്‍റെ സമ്പൂർണ കൃതികൾ എഡിറ്റ്​ ചെയ്ത്​, അവതാരികയെഴുതി പ്രസിദ്ധീകരിക്കാനുള്ള അവസരവും എനിക്ക്​ ലഭിച്ചു. ഡി.സി ബുക്സാണ്​ മൂന്നു വാല്യങ്ങളായി അത്​ പ്രസിദ്ധീകരിച്ചത്​.

ആധുനികതാ നിരൂപണ രീതിയിൽനിന്ന്​ വ്യത്യസ്തമായ വിജയൻ വായനയായ ‘പിതൃഘടികാര’ത്തെ ശ്രദ്ധാപൂർവം പരിഗണിച്ച മറ്റൊരു ആധുനിക നിരൂപകനായ ആഷാമേനോനെയും ആദരപൂർവം ഓർക്കുന്നു. അവർ തന്ന പരോക്ഷമായ അംഗീകാരമോ പിന്തുണയോ എനിക്ക്​ നൽകിയ ധാർമികശക്തി ചെറുതായിരുന്നില്ല. അവർ അതറിഞ്ഞിരുന്നുവെന്നും ഞാൻ വിചാരിക്കുന്നില്ല. ‘പിതൃഘടികാര’ത്തിന്​ ’97ലെ സാഹിത്യ അക്കാദമി അവാർഡ്​ ലഭിച്ചത്​ ഉത്തരവാദിത്ത ബോധം വർധിപ്പിച്ചു.

 

പിന്നെയും ആറുകൊല്ലം കഴിഞ്ഞാണ്​ താങ്കളുടെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിലൊന്നായ ‘അന്ധനായ ദൈവം’ പ്രസിദ്ധീകരിച്ചത്​. അതുവരെയുള്ള നോവൽ നിരൂപണത്തിൽനിന്നുള്ള വഴിമാറലായിരുന്നുവല്ലോ ആ പുസ്തകം. അക്കാദമിക്​ പഠന രംഗത്ത്​ പ്രധാനപ്പെട്ട സ്ഥാനമുള്ള കൃതിയുമാണത്​. നോവലിലെ സ്ഥലത്തെ കുറിച്ചുള്ള ആദ്യത്തെ പഠനംപോലും അതിലാണ്​ താങ്കൾ അവതരിപ്പിച്ചത്​. എന്തായിരുന്നു ‘അന്ധനായ ദൈവ’ത്തിലേക്കുള്ള വഴി?

നോവൽ എന്ന ജനുസ്സിനെയാണ്​ ഞാൻ പഠനവിധേയമാക്കുന്നത്​. ഒരു നൂറു വർഷത്തെ നോവലിനെ മുൻനിർത്തി മലയാള നോവലിൽ കടന്നുവരുന്ന ചില സവിശേഷ പ്രമേയങ്ങളും ആഖ്യാനഭേദങ്ങളും പഠിക്കാനാണ്​ ‘അന്ധനായ ദൈവത്തിൽ’ ശ്രമിച്ചത്. അധികാരം, സ്ഥലം, കാലം തുടങ്ങിയവ. 1889 തൊട്ട്​ ആ പുസ്തകം പുറത്തുവന്ന 1999 വരെയുള്ള മലയാള നോവലിലെ ഏറ്റവും പ്രധാനപ്പെട്ട നോവലിസ്റ്റുകളിലൂടെയും കൃതികളിലൂടെയും സമഗ്രമായി കടന്നുപോകാനായിരുന്നു ശ്രമം.

പല അവസരങ്ങളിലായി എഴുതിയ പ്രബന്ധങ്ങളുടെ സമാഹാരമല്ല, അധികാരവും നോവലും തമ്മിലുള്ള ബന്ധം മുൻനിർത്തിയുള്ള ഒരു പഠനപദ്ധതിയുടെ രേഖയാണത്​. എല്ലാം നിയന്ത്രിച്ചുകൊണ്ട്​ എല്ലാത്തിനും വിധാതാവായി നിൽക്കുന്ന ഒരു ഉപരിശക്തിക്കെതിരായ എതിർപ്പും ചെറുപ്പും തുടക്കം മുതലുള്ള മലയാള നോവലുകളിലെല്ലാം കാണാം. അന്ധനായൊരു ദൈവത്തെപ്പോലെ മേൽക്കോയ്മയുടെ രൂപങ്ങൾ ഭിന്നതരത്തിൽ അവയിൽ ആവിഷ്കരിക്കപ്പെടുന്നു. പിതൃമേധാവിത്വം, കരുണയില്ലാത്ത വിധി, രാജനീതി, ജന്മിത്തം, ഭരണകൂടം, മതം, ഭൂരിപക്ഷം തുടങ്ങിയ ഭിന്നരൂപങ്ങളിൽ പ്രത്യക്ഷ​പ്പെടുന്ന മേൽക്കോയ്മകൾക്കെതിരെ നോവലിലെ ആഖ്യാനസ്വരങ്ങൾ കലഹിക്കുന്നു. ഭരണകൂടത്തിനെതിരെയുള്ള സമരമായും വ്യവസ്​ഥാപിത കുടുംബവ്യവസ്ഥയോടുള്ള എതിർപ്പായും സാമ്പ്രദായിക സദാചാരത്തിന്‍റെ ലംഘനമായും അധികാരത്തോടുള്ള പ്രതിരോധം നോവലുകളിൽ കടന്നുവരുന്നു എന്നാണ്​ അന്ന്​ ഞാൻ എഴുതിയത്​.

നോവൽ വായന നിരൂപകനെന്ന നിലയിൽ എനിക്ക്​ ഗൗര​വമേറിയ ഒരു ചിന്താപ്രവർത്തനവും ആസ്വാദനപ്രക്രിയയുമാണ്. നോവലിനെപ്പറ്റിയുള്ള എഴുത്ത്​ സൈദ്ധാന്തികവും ജ്ഞാനപരവുമായ അടിസ്ഥാനങ്ങളിലുള്ള അപഗ്രഥന വൃത്തിയും. ആനന്ദത്തിനുവേണ്ടി മാത്രം നോവൽ വായിക്കുന്നയാളല്ല നിരൂപകൻ. നോവലിസ്റ്റുകൾ, അല്ലെങ്കിൽ നോവൽ എന്ന പേരിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതുകൊണ്ട്​ നോവലിസ്റ്റുകളാണെന്ന്​ വിചാരിക്കുന്നവർ എഴുതിയതിനെ അപ്പടി സമ്മതിച്ചു വായിക്കുന്ന നിഷ്കളങ്ക വായനക്കാരൻ അ​ല്ലെങ്കിൽ ആരാധകനുമല്ല നിരൂപകൻ. നിഷ്​ക്രിയ ഉപഭോക്താവല്ല, സക്രിയനായ സഹ-സ്രഷ്ടാവാണ്​ നോവൽ നിരൂപകൻ.

മറ്റു സാഹിത്യരൂപങ്ങളിലും അങ്ങനെ തന്നെ. നോവലിനെ ഒരുതരം ചോദ്യം ചെയ്യലിന്​ വിധേയമാക്കു​ന്നതാണ്​ നിരൂപണത്തിന്‍റെ രീതി. സാഹിത്യത്തെയും നോവലിനെയും ആഖ്യാനത്തേയുമൊക്കെപ്പറ്റി നമ്മുടെ സംസ്കാരത്തിൽ മേൽക്കൈ നേടി നിൽക്കുന്ന സാമാന്യബോധത്തെയും സാമാന്യയുക്തിയെയും ചോദ്യംചെയ്യലിന്​ വിധേയമാക്കാൻ വായനക്കാരനെ നിരൂപകൻ പ്രേരിപ്പിക്കുന്നു. കൃതിയുടെ മേന്മകൾക്കൊപ്പം വൈരുധ്യങ്ങളും ഇടർച്ചകളും പ്രത്യയശാസ്ത്രവും മാത്രമല്ല, പൊരുത്തക്കേടുകളും കാലപ്രമാദങ്ങളും ഭാഷാപരമായ അന്വയദോഷങ്ങളും ക്രമഭംഗങ്ങളുമെല്ലാം നിരൂപണം ചില​പ്പോൾ പുറത്തുകൊണ്ടുവരും. സാഹിത്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമുള്ള കൃതികൾ എഴുതിയ നോവലിസ്റ്റുകളൊന്നും അതിനോട്​ കലഹിച്ചിട്ടില്ല.

തങ്ങൾ എഴുതിയത്​ മഹത്തായ കൃതികളാണെന്ന്​ ധരിച്ചുവശായിപ്പോയ ചില മോശപ്പെട്ട എഴുത്തുകാർ നിരൂപണത്തോടും നിരൂപകരോടും വഴക്കിട്ടുവെന്ന്​ വരാം. അതൊക്കെ പണ്ടുമുണ്ട്, ഇപ്പോഴുമുണ്ട്​. ഇപ്പോഴാണെങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ പുലഭ്യം പറയാനുള്ള അവസരവുമുണ്ട്​. അതേ നിലവാരത്തിലുള്ള അജ്ഞതയാൽ അനുഗ്രഹിക്കപ്പെട്ട ചങ്ങാതിമാർ ഒപ്പം ചേരുകയും ചെയ്യും. പണ്ട്​ കുഞ്ചൻ നമ്പ്യാർ പറഞ്ഞതുപോലെ ‘അതുകൊണ്ടരിശം തീരാഞ്ഞ്​’ കടിക്കുകയും കുരയ്ക്കുകയും ചെയ്യുന്ന അത്തരക്കാരോട്​ സംവാദത്തിലേർപ്പെടുക നിരൂപകന്‍റെ ജോലിയല്ല.

 

‘അന്ധനായ ​ദൈവം’ പ്രസിദ്ധീകരിക്കപ്പെട്ട ശേഷം കാൽനൂറ്റാണ്ട്​ കടന്നുപോയിരിക്കുന്നു. പുതിയ ഒരുപാട്​ പ്രവണതകൾ കടന്നുവന്നിരിക്കുന്നു. അന്ന്​ അന്യമായിരുന്ന പല ജീവിതമണ്ഡലങ്ങളിലും ഇടങ്ങളിലും നിന്നുള്ളവർ ഇന്ന്​ ​നോവലിന്‍റെ രംഗത്തുണ്ട്​. ഈ കാൽനൂറ്റാണ്ടുകാലത്തെ എങ്ങനെ കാണുന്നു?

21ാം നൂറ്റാണ്ടിലെ മലയാള നോവലിനെ കുറിച്ച്​ ഞാൻ കുറേയധികം എഴുതിയിട്ടുണ്ട്​. അവയിൽ ചിലത്​ 2006ൽ പ്രസിദ്ധീകരിച്ച ‘ഏകാന്ത നഗരങ്ങൾ’ എന്ന പുസ്തകത്തിലുണ്ട്​. ‘അന്ധനായ ദൈവ’ത്തിന്‍റെ തുടർച്ചയെന്നോ രണ്ടാം ഭാഗമെന്നോ പറയാവുന്ന ഒരു പുസ്തകം ഉടൻ വരുന്നുമുണ്ട്​. മലയാള നോവലിൽ വലിയ മാറ്റങ്ങൾ ഉണ്ടായ കാലമാണ്​ ഇക്കഴിഞ്ഞ 25 വർഷം. നോവൽ വായനയിലും വിൽപനയിലും ഉപഭോഗത്തിലും ഒട്ടേറെ മാറ്റങ്ങൾ വന്നു. എഴുത്തിൽ ഒട്ടേറെ പരീക്ഷണങ്ങൾ ഉണ്ടായി. നോവലിനെ ഒരു രൂപമെന്ന നിലയിലും ആവിഷ്കാര രീതിയെന്ന നിലയിലും മാത്രമല്ല, ഒരു വ്യാപാര വസ്​തു എന്ന നിലയിലും കാണേണ്ട അവസ്ഥയാണ്​ ഇ​പ്പോഴുള്ളത്​. ഇ-ബുക്കിന്‍റെ വരവും ഇന്‍റർനെറ്റ്​ വഴിയുള്ള മാർക്കറ്റിങ്ങും സ്വതന്ത്ര പ്രസാധനത്തിന്‍റെ വളർച്ചയുംകൂടി അതിന്‍റെ ഭാഗമായി പരിഗണിക്കേണ്ടതുണ്ട്​. ഇതിനിടയിലാണ്​ ലിറ്റററി ഫിക്ഷന്‍റെ നില. പുതിയ കമ്പോളതന്ത്രങ്ങളും സമൂഹമാധ്യമങ്ങളിലെ പുകക്കണ്ണാടികളും (പുകഴ്​ത്തൽ കണ്ണാടികൾ എന്നും പറയാം) വലുതാക്കി കാണിക്കുന്ന അധോമുഖ വാമനരുടെ എണ്ണവും കൂടിയിരിക്കുന്നു. എന്നാൽ അതല്ലാത്ത കുറച്ചുപേരുണ്ട്​. അവരിലൂടെയാണ്​ 21ാം നൂറ്റാണ്ടിലെ മലയാള നോവലിൽ വളർച്ചയും മാറ്റവും ഉണ്ടായത്​.

ആ മാറ്റവും വളർച്ചയും കുറച്ചുകൂടി വിശദീകരിച്ചുകൂടെ?

ആധുനികതയുടെയും അതിന്‍റെ നിഴലിൽ വളർന്നവരുടെയും എഴുത്തിൽനിന്ന്​ വ്യത്യസ്തരായ ഏതാനും നോവലിസ്റ്റുകളിലും അവരുടെ ചില നോവലുകളിലുമാണ്​ പുതിയൊരു ഭാവുകത്വവും മാറ്റവും വളർച്ചയും കാണാവുന്നത്​. സ്വയം നവീകരിച്ച ആനന്ദ്​, എം. മുകുന്ദൻ, എൻ.എസ്.​ മാധവൻ തുടങ്ങിയ ആധുനികരെ മാറ്റിനിർത്തിയാണ്​ ഇതുപറയുന്നത്​. 21ാം നൂറ്റാണ്ടിലെ നോവലിൽ സാറാ ജോസഫ്​, സുഭാഷ്​ ചന്ദ്രൻ, ഇ. സന്തോഷ് കുമാർ, ടി.ഡി. രാമകൃഷ്ണൻ, കെ.ആർ. മീര, ബെന്യാമിൻ, മനോജ്​ കൂറൂർ, വി.ജെ. ജയിംസ്​, എസ്​. ഹരീഷ്​ എന്നിവരെയാണ്​ പ്രധാന നോവലിസ്റ്റുകളായി ഞാൻ കാണുന്നത്. പ്രതീക്ഷയുണർത്തുന്ന മറ്റു ചിലരുമുണ്ട്. ഒരു പേർ പട്ടിക അവതരിപ്പിക്കേണ്ട അവസരമല്ല​ല്ലോ ഇത്​.

വ്യക്തികളല്ല, കൃതികളാണ്​ എന്‍റെ പരിശോധനയിലുള്ളത്​. സമകാലിക നോവലിൽ വന്നിട്ടുള്ള മാറ്റങ്ങളെയും അല്ലെങ്കിൽ ഒരു സമകാലിക സ്ഥാപനമെന്ന നിലയിൽ നോവൽ പ്രതിഫലിപ്പിക്കുന്ന ലോകത്തെയും യാഥാർഥ്യത്തിന്‍റെ സ്വഭാവത്തെയും കുറിച്ചും ആഖ്യാനത്തിലുണ്ടായ പരിവർത്തനങ്ങളെപ്പറ്റിയുമാണ്​ എന്‍റെ അന്വേഷണം. ആ കൃതികളുടെ മൂല്യത്തെയും അവ കൊണ്ടുവന്ന ഭാവുകത്വ വ്യതിയാനത്തെയും പരിശോധിക്കാനും വിശദീകരിക്കാനും വിമർശിക്കാനും ചിലപ്പോൾ സിദ്ധാന്തവത്​കരിക്കാനും നിരൂപകനെന്ന നിലയിൽ ശ്രമിക്കുന്നു. സാഹിത്യത്തെയും നോവലിനെയും കുറിച്ചുള്ള ചരിത്രവിവേകത്തിന്‍റെയും ആശയങ്ങളിൽ വന്നു​കൊണ്ടിരിക്കുന്ന പരിവർത്തനത്തെ കുറിച്ചുള്ള തീവ്രബോധത്തിന്‍റെയും അടിസ്ഥാനത്തിലാണ്​ ഞാൻ ചിന്തിക്കുന്നതും എഴുതുന്നതും.

നമ്മുടെ നോവലിൽ 21ാം നൂറ്റാണ്ടിൽ വന്നിട്ടുള്ള ചില മാറ്റങ്ങളെപ്പറ്റി പറയാം. നമ്മുടെ യാഥാർഥ്യത്തിന്‍റെ സ്വഭാവത്തെപ്പറ്റിയുള്ള പുതിയൊരു അന്വേഷണവും ആവിഷ്കാരവും ചില നോവലുകളിൽ കാണാം. ‘സമകാലിക യഥാർഥ’ത്തെ തേടൽ എന്നും പറയാം. പഴയ യാഥാർഥ്യത്തിൽനിന്ന്​ ഭിന്നമായ ഈ ശ്രദ്ധ ഒരുതരം നവ യാഥാതഥ്യം അല്ലെങ്കിൽ യാഥാതഥ്യത്തിന്‍റെ പുതുരൂപങ്ങൾ നോവലിൽ സൃഷ്ടിച്ചിട്ടുണ്ട്​. സുഭാഷ്​ ചന്ദ്രൻ, ഇ. സന്തോഷ് കുമാർ, കെ.ആർ. മീര, എസ്​. ഹരീഷ്​ എന്നിവരിൽ അതു കാണാം. യഥാർഥത്തിലേക്കുള്ള മടക്കം എന്ന്​ ഞാനതിനെ വിളിക്കും. ചരിത്രവുമായുള്ള പുതിയതരം ഇടപെടലാണ്​ മറ്റൊരു സവിശേഷത. ചരിത്രത്തെ നാം മനസ്സിലാക്കിയിരിക്കുന്ന രീതിയെ രൂപാന്തരണ വിധേയമാക്കാൻ നോവലിസ്റ്റുകൾ ശ്രമിക്കുന്നു.

 

പഴയതരം ചരിത്ര നോവലുകളല്ല അവ. ടി.ഡി. രാമകൃഷ്ണന്‍റെ ‘ഫ്രാൻസിസ്​ ഇട്ടിക്കോര’, ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’, സുഭാഷ്​ ചന്ദ്രന്‍റെ ‘മനുഷ്യന്​ ഒരു ആമുഖം’, എസ്​. ഹരീഷിന്‍റെ ‘ഓഗസ്റ്റ്​ 17’, ബെന്യാമിന്‍റെ ‘മഞ്ഞവെയിൽ മരണങ്ങൾ’, വി. ഷിനിലാലിന്‍റെ ‘ഇരു’ തുടങ്ങിയവയിൽ ഇതു കാണാം. കവിതയിൽനിന്ന്​ നോവലിലേക്ക്​ വഴിമാറിയ മനോജ്​ കൂറൂരിന്‍റെ ‘നിലം പൂത്തുമലർന്ന നാൾ’, ‘മുറിനാവ്​’ എന്നിവ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ ചരിത്രത്തെ പുനഃസൃഷ്ടിക്കുന്നു. ഭൂതകാല ചരിത്രത്തെ നാം ആർജിച്ചതിന്‍റെ ആഖ്യാനക സ്വഭാവം വെളി​പ്പെടുത്തുകയോ ചോദ്യംചെയ്യുകയോ അല്ലെങ്കിൽ ഭൂതകാലത്തെ പുനർഭാവനം ചെയ്യുകയോ ആണ്​ ഈ നോവലുകൾ. ഫിക്ഷനൽ ഹിസ്റ്ററിയാണ്​ അവയിലുള്ളത്​. പൊതു ചരിത്ര വ്യവഹാരത്തിൽ രേഖപ്പെടുത്തപ്പെടാതെ പോയ നിശ്ശബ്​ദ ചരിത്രങ്ങളെ ഭാവനാത്മകമായി നോവൽ വീണ്ടെടുക്കുന്നു. ‘ഓഗസ്റ്റ്​ 17’ൽ കൗണ്ടർ ഫാക്​ച്വൽ അല്ലെങ്കിൽ പ്രതിചരിത്രം എന്നുപറയാവുന്ന ആഖ്യാന പരീക്ഷണമാണ്​ എസ്​. ഹരീഷ്​ നടത്തിയത്​. സി.വി. രാമൻപിള്ള സൃഷ്ടിച്ച ചരിത്ര നോവലിന്‍റെ മാതൃകയിൽനിന്ന്​ പുറത്തുവന്ന രചനകളാണിവയെല്ലാം.

ജനപ്രിയ സാഹിത്യത്തിന്‍റെ, വിശേഷിച്ചും കുറ്റാന്വേഷണ നോവലിന്‍റെ ആഖ്യാനരീതി ഒരു കഥനതന്ത്രമെന്ന നിലയിൽ ലിറ്റററി ഫിക്ഷൻ സ്വീകരിക്കുന്നതാണ്​ മറ്റൊരു പുതുമ. കെ.ആർ. മീരയുടെ ‘ഘാതകനി’ലും ടി.ഡി. രാമകൃഷ്ണന്‍റെ ‘ഫ്രാൻസിസ്​ ഇട്ടിക്കോര’യിലും ‘പച്ച മഞ്ഞ ചുവപ്പി’ലും അത്​ പരീക്ഷിച്ചിട്ടുണ്ട്​. പ്രമേയം, ഇതിവൃത്തം, ആഖ്യാനം, കഥാപാത്ര സൃഷ്ടി തുടങ്ങിയ ഘടകങ്ങളിൽ മാറ്റമുണ്ടാക്കി എന്നതുകൊണ്ട്​ മാത്രമല്ല, ആ നോവൽ രചനാപ്രക്രിയകളിലൂടെ കലാവിഷ്കാരങ്ങൾ എന്നനിലയിൽ വിജയിക്കുകയും ചെയ്തതുകൊണ്ടാണ്​ മേൽപറഞ്ഞ ചില കൃതികൾ പേരെടുത്ത്​ പറഞ്ഞത്​. നോവലിന്‍റെ ചുറ്റുവട്ടങ്ങൾ മാറാൻ തുടങ്ങിയിരിക്കുന്നു. എഴുത്തുകാരികളുടെ എണ്ണവും കൂടി. ഇതുവരെ പ്രതിനിധാനം ചെയ്യപ്പെടാതിരുന്ന പ്രദേശങ്ങൾ, അവിടങ്ങളിലെ തനതായ സാംസ്കാരിക സവിശേഷതകൾ, തദ്ദേശീയ ചരിത്രം, മിത്തുകൾ തുടങ്ങിയവ പുതിയ നോവലുകളിൽ കടന്നുവന്നിരിക്കുന്നു.

ആർ. രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ തന്നെ നോക്കൂ. ആദ്യകാല ഇന്ത്യൻ ആഖ്യായികാരൂപങ്ങളിലൊന്നായ, അല്ലെങ്കിൽ നോവൽപൂർവ രൂപങ്ങളിൽ ഒന്നായ ‘ഫൂൽമോണി എന്നും കോരുണ എന്നും പേരായ രണ്ടു സ്​ത്രീകളുടെ കഥ’ എന്ന പേരിൽ 1858 ൽ തന്നെ മലയാളത്തിൽ വിവർത്തനം പ്രസിദ്ധീകരിച്ച ബ്രിട്ടീഷ്​ മിഷനറി ലക്ഷ്യമുള്ള കൃതിയുടെ ഒരു പാരഡിയുണ്ട്​ ആ നോവലിന്‍റെ തലക്കെട്ടിൽ. പലതരം തദ്ദേശീയതകൾ, ലിംഗഭേദങ്ങൾ, സമുദായ ജീവിതങ്ങൾ എന്നിവയെല്ലാം പുതിയ നോവൽ തീവ്രമായി അന്വേഷിക്കാൻ ശ്രമിക്കുന്നുണ്ട്​. എന്നുവെച്ച്​ അവയെല്ലാം കലാപരമായി വിജയിച്ചുവെന്ന്​ ഞാൻ കരുതുന്നില്ല.

പ്രത്യേക ചരിത്രഘട്ടങ്ങൾ, രാഷ്ട്രീയസംഭവങ്ങൾ, ലോകഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ നമുക്ക്​ നേർബന്ധമില്ലാത്ത ജനവിഭാഗങ്ങളുടെ ചരിത്രം തുടങ്ങിയവയെ ആസ്പദമാക്കിയോ പ്രത്യക്ഷമായിത്തന്നെ പശ്ചാത്തലമാക്കിയോ ഉള്ള കുറേ നോവലുകളും കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ ഉണ്ടായിട്ടുണ്ട്​. പശവെച്ചൊട്ടിച്ച വാക്കുകളിൽ നീട്ടിപ്പറഞ്ഞ്​ എഴുതിയുണ്ടാക്കിയ അവ വിൽപനവിജയവും സോഷ്യൽ മീഡിയ പ്രശംസയും പുരസ്കാരങ്ങളുമൊക്കെ നേടിയിട്ടുണ്ടാവും. തങ്ങൾ എഴുതിയത്​ നോവലാണെന്ന്​ അവയുടെ നിർമാതാക്കൾ ആത്മാർഥമായി വിശ്വസിക്കുന്നുമുണ്ടാവാം. കലാശൂന്യവും നോവലീകരണ പ്രക്രിയക്ക്​ വിധേയമാകാത്തതുമായ അത്തരം കൃതികൾ മേൽപറഞ്ഞ ഭാവുകത്വ മാറ്റത്തിന്‍റെ ഭാഗമല്ല.

(തുടരും)

News Summary - Dr. P.K. Rajasekharan interview