‘നമ്മളുമായി കണക്ട് ചെയ്യുന്ന ഘടകങ്ങളില്ലാതെ മറ്റൊരു രാജ്യത്തെ കഥ യഥാതഥമായി എഴുതുന്നതിൽ കാര്യമില്ല’

മലയാള നിരൂപണശാഖയിലും സാഹിത്യചരിത്ര രചനാ മേഖലയിലും തികച്ചും വ്യത്യസ്തനാണ് ഡോ. പി.കെ. രാജശേഖരൻ. അദ്ദേഹവുമായി എഴുത്ത്, മാധ്യമപ്രവർത്തനം, സാഹിത്യ ചരിത്രം, വിമർശനരംഗം, സമകാലിക എഴുത്ത് തുടങ്ങിയ വിവിധ വിഷയങ്ങളിൽ നടത്തിയ സംഭാഷണത്തിന്‍റെ അവസാന ഭാഗം. ലിറ്റിൽ മാഗസിനുകളും ആധുനികതയും തമ്മിലുള്ള ബന്ധം പഠനവിധേയമാക്കിയ ‘പക്ഷിക്കൂട്ടങ്ങളിൽ’ ഭാഷാസങ്കേതങ്ങൾക്കൊപ്പം ബിബ്ലിയോഗ്രഫിക് കോഡുകളെയും പരിഗണിച്ചുകൊണ്ടുള്ള പുതിയൊരു വിശകലന രീതി അവതരിപ്പിച്ചിരുന്നല്ലോ. അതൊന്ന് വിശദീകരിക്കാമോ? മലയാളത്തിലെ ആധുനികതാ പ്രസ്ഥാനത്തിന്‍റെ വികാസത്തിൽ ലിറ്റിൽ മാഗസിനുകൾ വഹിച്ച പങ്ക് വളരെ വലുതാണ്. ചെറിയ കാലം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മലയാള നിരൂപണശാഖയിലും സാഹിത്യചരിത്ര രചനാ മേഖലയിലും തികച്ചും വ്യത്യസ്തനാണ് ഡോ. പി.കെ. രാജശേഖരൻ. അദ്ദേഹവുമായി എഴുത്ത്, മാധ്യമപ്രവർത്തനം, സാഹിത്യ ചരിത്രം, വിമർശനരംഗം, സമകാലിക എഴുത്ത് തുടങ്ങിയ വിവിധ വിഷയങ്ങളിൽ നടത്തിയ സംഭാഷണത്തിന്‍റെ അവസാന ഭാഗം.
ലിറ്റിൽ മാഗസിനുകളും ആധുനികതയും തമ്മിലുള്ള ബന്ധം പഠനവിധേയമാക്കിയ ‘പക്ഷിക്കൂട്ടങ്ങളിൽ’ ഭാഷാസങ്കേതങ്ങൾക്കൊപ്പം ബിബ്ലിയോഗ്രഫിക് കോഡുകളെയും പരിഗണിച്ചുകൊണ്ടുള്ള പുതിയൊരു വിശകലന രീതി അവതരിപ്പിച്ചിരുന്നല്ലോ. അതൊന്ന് വിശദീകരിക്കാമോ?
മലയാളത്തിലെ ആധുനികതാ പ്രസ്ഥാനത്തിന്‍റെ വികാസത്തിൽ ലിറ്റിൽ മാഗസിനുകൾ വഹിച്ച പങ്ക് വളരെ വലുതാണ്. ചെറിയ കാലം മാത്രം പ്രസിദ്ധീകരിക്കുകയും വളരെ കുറച്ച് കോപ്പികൾ മാത്രം അച്ചടിക്കുകയുംചെയ്ത ആ അവാങ്ഗാർഡ് പ്രസിദ്ധീകരണങ്ങൾ വലിയ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കി. പുതിയൊരു സാഹിത്യാന്തരീക്ഷവും കലാസങ്കൽപവും അവ കൊണ്ടുവന്നു. പുതിയൊരു മാസിക പ്രസിദ്ധീകരണ രീതിയും സൃഷ്ടിച്ചു. പക്ഷേ, സാഹിത്യ ചരിത്രങ്ങളും ആധുനികതാ പഠനങ്ങളും നിരൂപണങ്ങളും പത്രപ്രവർത്തന ചരിത്രവും അവയെപ്പറ്റി നിശ്ശബ്ദമാണ്. മലയാളത്തിലെ ആധുനികതയുടെ പുനർവായന എന്നനിലയിൽ കൂടിയാണ് ‘പക്ഷിക്കൂട്ടങ്ങൾ’ എഴുതിയത്.
മലയാളത്തിൽ പുതുതായി വന്ന ചില നോവലുകൾ മറ്റു രാജ്യങ്ങളിലെ കഥകൾ, കേരളവുമായോ ഇന്ത്യയുമായോ ബന്ധമില്ലാത്ത പശ്ചാത്തലങ്ങളും കഥാപാത്രങ്ങളും സംഭവങ്ങളുമുള്ള കഥകളാണ് പറയുന്നത് എന്നൊരു വിമർശനം താങ്കൾ അടുത്തിടെ ഉന്നയിച്ചിരുന്നു. അത്തരം രചനകൾകൊണ്ട് മലയാള സാഹിത്യത്തിന് എന്താണ് ഗുണം എന്നായിരുന്നു ചോദ്യം. അതേത്തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ താങ്കൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടായി. പക്ഷേ, അതിനോടൊന്നും പ്രതികരിച്ചുകണ്ടില്ല?
കേട്ടതൊന്ന്, മനസ്സിലാക്കുന്നത് മറ്റൊന്ന്, പറയുന്നത് മറ്റൊന്ന് എന്ന നിലയിൽ കാര്യങ്ങൾ പോകുമ്പോൾ പ്രതികരിക്കുന്നതിൽ എനിക്ക് താൽപര്യമില്ല. സുഹൈബ് പറഞ്ഞ പരാമർശത്തെ പറ്റിയുള്ള കാര്യമറിയാത്ത ആട്ടം കാണൽ ഫേസ്ബുക്കിലായിരുന്നു, ഈ വർഷം ഫെബ്രുവരിയിൽ. ആ പരാമർശത്തിന്‍റെ പശ്ചാത്തലം പറയാം. എന്‍റെ ‘അന്ധനായ ദൈവ’ത്തിന്‍റെ രജതജൂബിലി പതിപ്പ് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു. ആ സാഹചര്യത്തിൽ കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഒരു ചർച്ച നടന്നു. സംസ്കൃത യൂനിവേഴ്സിറ്റിയിലെ അസോ. പ്രഫസറും എഴുത്തുകാരനുമായ ഡോ. എം.സി. അബ്ദുൽ നാസറും ഞാനും തമ്മിലുള്ള സംഭാഷണമായിരുന്നു പരിപാടി. 1999ലാണ് അന്ധനായ ദൈവം പ്രസിദ്ധീകരിച്ചത്. അതുകഴിഞ്ഞുള്ള കാൽനൂറ്റാണ്ടിനിടയിൽ മലയാള നോവലിൽ വന്ന മാറ്റങ്ങളെപ്പറ്റി അബ്ദുൽ നാസർ ചോദിച്ചു. ആ മാറ്റം ഞാൻ വിശദീകരിക്കുകയുംചെയ്തു.
കൂട്ടത്തിൽ ഈയിടെയായി പ്രത്യക്ഷപ്പെട്ട പുതിയൊരു രീതിയെപ്പറ്റിയും പറഞ്ഞു. മറ്റൊരു രാജ്യത്തെ കഥ, അവിടത്തെ പശ്ചാത്തലത്തിൽ, അവിടത്തുകാരായ കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഇവിടെയിരുന്ന് മലയാളത്തിൽ എഴുതുന്ന സമ്പ്രദായത്തെപ്പറ്റിയാണ് പറഞ്ഞത്. ബെൽജിയത്തിലെ ആളുകളെ കഥാപാത്രങ്ങളാക്കി അവിടം പശ്ചാത്തലമാക്കി ഒരു നോവൽ ഞാൻ എഴുതുന്നതിൽ അർഥമുണ്ടോ എന്നായിരുന്നു എന്‍റെ ചോദ്യം. വിവരങ്ങൾ ശേഖരിച്ച് നമ്മളുമായി ഒരു ബന്ധവുമില്ലാത്ത ഒരു നോവൽ മലയാളത്തിൽ എഴുതുന്നതിന്റെ അർഥശൂന്യതയാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. നാം ഇവിടെയിരുന്നത് മലയാളത്തിൽ ‘ഒലിവർ ട്വിസ്റ്റോ’ ‘ഏകാന്തതയുടെ നൂറുവർഷങ്ങളോ’ എഴുതിയിട്ട് കാര്യമെന്താണ്. മലയാളിയുമായോ അല്ലെങ്കിൽ ഇന്ത്യക്കാരുമായോ കണക്ട് ചെയ്യുന്ന ഘടകങ്ങളൊന്നുമില്ലാതെ മറ്റൊരു രാജ്യത്തെ കഥ യഥാതഥമായി എഴുതുന്നതിൽ കാര്യമില്ല. കേരളത്തിനും ഇന്ത്യക്കും പുറത്തുമുള്ള ജീവിതം മുമ്പും മലയാള നോവലിൽ വിഷയമായിട്ടുണ്ട്. എസ്.കെ. പൊറ്റെക്കാട്ടിന്‍റെ ‘മൂടുപടം’, ആനന്ദിന്‍റെ നോവലുകൾ, പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘മരുന്ന്’, ഒ.വി. വിജയന്‍റെ ‘ഗുരുസാഗരം’, ‘പ്രവാചകന്‍റെ വഴി’, ബെന്യാമിന്‍റെ ‘ആടുജീവിതം’ എന്നിവയെല്ലാം ഉദാഹരണം.
ഇവയെല്ലാം നമ്മളോട് ബന്ധപ്പെട്ട കൃതികളാണ്. ഞാൻ ചൂണ്ടിക്കാണിച്ച തരം കൃതികൾ പക്ഷേ, ഇങ്ങനെയല്ല. ഏതെങ്കിലും കൃതികളുടെയോ എഴുത്തുകാരുടെയോ പേരുകൾ ആ സംഭാഷണത്തിൽ പറഞ്ഞിരുന്നില്ല. അർഥശൂന്യമായ, അല്ലെങ്കിൽ വ്യാപാരലക്ഷ്യമോ പ്രശസ്തിമോഹമോ മുൻനിർത്തിയുണ്ടാകുന്ന ഒരു രചനാപ്രവണതയാണ് ചൂണ്ടിക്കാട്ടിയത്. ശരാശരി നിലവാരത്തിലോ അതിന് താഴെയോ നിൽക്കുന്ന മലയാളത്തിലെ ഏതെങ്കിലും നോവലിസ്റ്റിനെയോ രചനയെയോ കുറിച്ച് പറയാനുള്ള ഇടവുമായിരുന്നില്ല സാഹിത്യാസ്വാദകർ നിറഞ്ഞിരുന്ന കെ.എൽ.എഫിലെ ആ ഗൗരവമുള്ള വേദി. അത്തരക്കാരെപ്പറ്റി ചർച്ചചെയ്യൽ നിരൂപകനെന്ന നിലയിൽ എന്‍റെ വഴിയുമല്ല. ഡോ. അബ്ദുൽ നാസറുമായുള്ള സംഭാഷണത്തിന്‍റെ വിഡിയോ യൂട്യൂബിൽ വന്നതോടെയാണ് ഫേസ്ബുക്കിൽ കുറച്ചുപേരുടെ ബഹളം തുടങ്ങിയത്.
താങ്കൾ ഫേസ്ബുക്കിൽ ഇല്ലെന്നറിയാം. എങ്കിലും ചോദിക്കാതിരിക്കാൻ വയ്യ. അൽപകാലത്തേത് മാത്രമായിരുന്നുവെങ്കിലും അത് സാഹിത്യസംവാദത്തിനപ്പുറം വ്യക്തിപരമായ ആക്രമണമായത് അറിഞ്ഞിരുന്നില്ലേ?
ഞാൻ ഫേസ്ബുക്ക് ഉപയോഗിക്കുന്നയാളല്ല. അതിന്‍റെ വിരോധിയുമല്ല. ആ നവമാധ്യമം തുറന്നിടുന്ന വിനിമയ സാധ്യതകളെപ്പറ്റി അറിയുകയുംചെയ്യും. അത് ഉപയോഗിക്കാനുള്ള സമയത്തിന്‍റെ ധനസ്ഥിതി എനിക്കില്ലെന്ന് കരുതിക്കോളൂ. കെ.എൽ.എഫിൽ ഞാൻ പറഞ്ഞത് തന്നെ ഉദ്ദേശിച്ചാണെന്ന് വിശ്വസിച്ചാവണം ഒരാൾ ആ വിഡിയോയിൽനിന്ന് ഒരുഭാഗം ഇളക്കിയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അതിന് ചുവട്ടിൽ ഒരു ചങ്ങാതി സംഘം വന്ന് അപ്പറഞ്ഞതു മാത്രം മുൻനിർത്തി രണ്ടും മൂന്നും വരിയിൽ സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഇയാളാരാ, മുമ്പെങ്ങും കേട്ടിട്ടില്ലല്ലോ, അസൂയയാണ് അങ്ങനെയങ്ങനെ.
അഭിപ്രായമായി നടിച്ച അവഹേളനങ്ങൾ. ഒരുതരം ക്രോണിയിസം. അതിനെയാണ് താങ്കൾ ആക്രമണം എന്ന് സൂചിപ്പിച്ചതെന്നാണ് ഞാൻ കരുതുന്നത്. യഥാർഥത്തിൽ സത്യാഭാസങ്ങളും അഭിപ്രായാഭാസങ്ങളുമായിരുന്നു അവ. ആഭാസം എന്ന വാക്കിന് തോന്നിക്കൽ, തോന്നലുണ്ടാക്കൽ എന്നൊക്കെയാണ് അർഥമെന്നുകൂടി ഓർക്കണം. വിരോധാഭാസം എന്ന് പറയുമ്പോലെ. വിരോധാഭാസത്തിൽ വിരോധമില്ല; വിരോധമുണ്ടെന്ന തോന്നലുണ്ടാക്കൽ മാത്രമാണ് വിരോധാഭാസം. അതു മനസ്സിലാക്കാതെയാണ് പലരും വൈരുധ്യമുള്ളതിനെയെല്ലാം വിരോധാഭാസം എന്ന് പറയുന്നത്. മേൽപറഞ്ഞ ഫേസ്ബുക്ക് ലഹളയിൽ സത്യാഭാസവും അഭിപ്രായാഭാസവുമാണ് ഉണ്ടായിരുന്നതെന്ന് പറഞ്ഞത് അതുകൊണ്ടാണ്. ഞാൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. പക്ഷേ, ആ ചർച്ചകൾ മുന്നോട്ടുപോയതായി കണ്ടില്ല. ചോര തന്നെ കൗതുകം എന്ന മട്ടിലാണല്ലോ മലയാളത്തിലെ പല സോഷ്യൽ മീഡിയ സംവാദങ്ങളുടെ വരവും പോക്കും.
ഇത്തരം ആക്രമണങ്ങൾകൊണ്ടൊന്നും സാഹിത്യനിരൂപണവും അപഗ്രഥനവുമൊന്നും നിലച്ചുപോകില്ല. ഇതിനുള്ള മറുപടി കുട്ടികൃഷ്ണ മാരാര് പണ്ടേ പറഞ്ഞിട്ടുണ്ട്. അതിങ്ങനെയാണ്: ‘‘കഷ്ടമേ കഷ്ടം! ഈ വക ഭീഷണികൾ കൊണ്ടെന്നല്ല, തീയിലിട്ട് ചുടൽ കൊണ്ടോ കൊത്തിനുറുക്കിക്കൊല കൊണ്ടോപോലും ഈ ലോകത്തിന്‍റെ സത്യാന്വേഷണവാഞ്ഛ സ്തംഭിക്കപ്പെട്ടിട്ടില്ലെന്ന സഹസ്രദൃഷ്ടാന്തമായ പരമാർഥം എന്നാണാവോ ഇവരൊക്കെ മനസ്സിലാക്കാൻ തുടങ്ങുക.’’ ആരാണീ കുട്ടികൃഷ്ണ മാരാർ, മുമ്പ് കേട്ടിട്ടില്ലല്ലോ എന്നാരെങ്കിലും ചോദിച്ചാൽ എനിക്കൊന്നും പറയാനില്ല.

ഇ. സന്തോഷ് കുമാർ, രാധിക സി. നായർ, രാഹുൽ രാധാകൃഷ്ണൻ എന്നിവർക്കൊപ്പം പി.കെ. രാജശേഖരൻ
അതൊക്കെ ക്ഷണികമായിരുന്നെങ്കിലും പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണ്?
യുക്തിപരമായ ഒരു പ്രതിവാദത്തോട്, അല്ലെങ്കിൽ പൊളീമിക്കിനോടല്ലേ പ്രതികരിക്കാനാവൂ. യുക്തിപരമായ ആക്രമണോത്സുകതയാണ് പ്രതിവാദങ്ങളുടെ സ്വഭാവം. ഇവിടെ അതൊന്നുമുണ്ടായിരുന്നില്ല. ബൈബിളിലെ മത്തായിയുടെ സുവിശേഷം ഏഴാമധ്യായം ആറാം വാക്യത്തിൽ യേശു പറഞ്ഞതായി പറയുന്നത് ഞാൻ എന്‍റെ പ്രമാണവാക്യമായി സ്വീകരിച്ചു. വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുത്. നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞ് നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം. സോഷ്യൽ മീഡിയ ക്രോണികളോട് പൊരുതാനും പവിഴങ്ങൾ ചൊരിയാനും ഞാനില്ല.
വിദേശ രാജ്യങ്ങൾ പശ്ചാത്തലമാക്കി നോവൽ എഴുതാൻ പാടില്ല, വിദേശികളെ കഥാപാത്രങ്ങളാക്കിക്കൂടാ എന്ന് ഞാൻ പറഞ്ഞെന്നാണ് ചിലർ മനസ്സിലാക്കിയത്. വിദേശീയർ എഴുതുന്ന കൃതികൾ വായിക്കരുതെന്ന് ഞാൻ പറഞ്ഞെന്നും ചിലർ മനസ്സിലാക്കി. അപ്പോൾ ടോൾസ്റ്റോയിയെ വായിക്കണ്ടേ എന്നൊക്കെയായി ചോദ്യങ്ങൾ. ഇതൊന്നുമല്ല പറഞ്ഞതെന്നും പറഞ്ഞതിൽ കാര്യമുണ്ടെന്നും വ്യക്തമാക്കിയ നോവലിസ്റ്റുകൾ ഉണ്ടായിരുന്നു. മനോജ് കൂറൂർ, ഫ്രാൻസിസ് നൊറോണ, ശ്രീകണ്ഠൻ കരിക്കകം തുടങ്ങിയവർ.
പരിഗണന അർഹിക്കാത്തതിനോട് പ്രതികരിക്കാതിരിക്കുന്നതിന്‍റെയും ഭാവനാശൂന്യമായ നിലവാരം കുറഞ്ഞ കൃതികളെ വിമർശിക്കുന്നതിന്‍റെയും കാരണംകൂടി പറയാം. തല്ലിപ്പൊളി ആഖ്യായികകൾ, റൊമാൻസുകൾ വായിച്ച് വട്ടായിപ്പോയ ഒരാളാണ് സെർവാന്തസിന്‍റെ കഥാപാത്രമായ ഡോൺ ക്വിക്സോട്ട്. അങ്ങനെ വഴിതെറ്റി ഭ്രാന്തുപിടിച്ചലഞ്ഞ് ഒടുവിൽ തിരിച്ചെത്തിയ ഡോൺ ക്വിക്സോട്ട് മരണക്കിടക്കയിൽ വെച്ച് പറഞ്ഞു: ‘‘എന്‍റെ ഗുണദോഷ വിവേചന ശക്തി പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. നിന്ദ്യമായ വീരകഥാപുസ്തകങ്ങളുടെ ഭയങ്കരവും അനുസ്യൂതവുമായ വായന ഏൽപിച്ച അജ്ഞതയുടെ ഇരുണ്ട നിഴലുകളിൽനിന്ന് അത് സ്വതന്ത്രവും സ്വച്ഛവുമായിരിക്കുന്നു. അവയിലെ അസംബന്ധങ്ങളും വഞ്ചനകളും ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. ഈ തിരിച്ചറിവുണ്ടായത് വളരെ വൈകിയാണല്ലോ എന്നതും ആത്മാവിൽ പ്രകാശം ചൊരിയാൻ കഴിയുന്ന മറ്റു പുസ്തകങ്ങൾ വായിച്ച് പ്രായശ്ചിത്തം ചെയ്യാൻ സമയമില്ലല്ലോ എന്നതുമാണ് എന്‍റെ ഏക ദുഃഖം.’’ ആത്മാവിൽ പ്രകാശം ചൊരിയുന്ന പുസ്തകങ്ങളുടെ വായനയും ഗുണദോഷ വിചാരവുമാണ് എന്‍റെ ജോലി.
ബാലചന്ദ്രൻ ചുള്ളിക്കാടിനെ അവസാനത്തെ മഹാകവിയെന്ന് താങ്കൾ വിശേഷിപ്പിച്ചതും വിവാദമുണ്ടാക്കിയിരുന്നല്ലോ?
ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ ‘പ്രതിനായകൻ’ എന്ന കവിതാസമാഹാരത്തിന്‍റെ അവതാരികയിലാണ് അങ്ങനെ എഴുതിയത്. ഉത്തരവാദിത്തത്തോടെ തന്നെയാണ് പറഞ്ഞത്. അങ്ങനെ പറയാനുള്ള കാരണവും വിശദമാക്കിയിരുന്നു. അത് വേണ്ടവിധം വായിക്കാതെയോ മനസ്സിലാക്കാതെയോ ആകണം കുറേപ്പേർ എതിർത്തത്. പറഞ്ഞത്, ‘‘മലയാള കവിതയുടെ ചരിത്രത്തിലെ ഒരു നെടുമ്പാതയുടെ ഇങ്ങേയറ്റത്തെ ബാലചന്ദ്രന്‍റെ കവിത അടയാളപ്പെടുത്തുന്നു. ഇതിഹാസാഭിലാഷം ഉള്ളിലടക്കി ലോകാനുഭവത്തിന്‍റെ സമഗ്രതയത്രയും എഴുതിയ കാവ്യചരിത്ര പാരമ്പര്യത്തിന്‍റെ ഒടുവിൽ നിൽക്കുന്നതുകൊണ്ട് ബാലചന്ദ്രനെ മഹാകവികളുടെ വംശത്തിലെ അവസാനത്തെ കവി എന്നു വിളിക്കാം’’ എന്നാണ്. ആധുനികതയുടെ ഭാഗമായി നിൽക്കുമ്പോഴും പാരമ്പര്യവുമായി സവിശേഷമായ ബന്ധം പുലർത്തുകയും അതിനെ പുനർരൂപവത്കരിക്കുകയും കാവ്യഭാഷയിൽ പുനർഭാവനം ചെയ്യുകയുംചെയ്യുന്ന ആ കവിതയുടെ സ്വഭാവം വിശദീകരിക്കുകയാണ് ചെയ്തത്.
ആ കാവ്യാഭിലാഷത്തിന്‍റെ വിച്ഛേദമാണ് ഉത്തരാധുനിക കവിതയിൽ കാണാൻ കഴിയുക. അതുകൊണ്ടുകൂടിയാണ് ബാലചന്ദ്രനിൽ മഹാകവി വംശം അവസാനിക്കുന്നുവെന്ന് പറഞ്ഞത്. ‘‘കവിതയുടെ വസന്തർത്തു അവസാനിച്ചു കഴിഞ്ഞെന്നോ ഇനി ഭൂമി പാഴായും ശൂന്യമായും ഇരിക്കുമെന്നോ പുറന്തോട് പൊട്ടിച്ച് കവികൾ പുറത്തുവരില്ലെന്നോ ഉള്ള അതിപ്രസ്താവമല്ല ഇത്’’ എന്നും അതിനോട് ചേർത്തുതന്നെ എഴുതിയിരുന്നു. വിവാദത്തിന് പുറപ്പെട്ടവർ അതു വായിച്ചിട്ടുണ്ടാവില്ല എന്ന് കരുതണം.
താങ്കൾ മതിപ്പോടെ സൂചിപ്പിച്ച ‘ഫ്രാൻസിസ് ഇട്ടിക്കോര’യുടെ രചനാശൈലിയോട് ചിലർ ആദ്യകാലത്ത് ചില സന്ദേഹങ്ങൾ ഉയർത്തിയിരുന്നല്ലോ. വായനയുടെ പരിമിതികൊണ്ടാണോ അത്?
ഇട്ടിക്കോരയിലൂടെ രാമകൃഷ്ണൻ അവതരിപ്പിച്ച രീതി തുടക്കത്തിൽ വേണ്ടവിധം വായനക്കാർക്ക് മനസ്സിലായില്ല. വിവരങ്ങളുടെ ധാരാളിത്തം കണ്ട് വിക്കിപീഡിയയാണെന്ന് പലരും ആക്ഷേപിച്ചു. വിക്കിപീഡിയക്ക് മുമ്പും വിജ്ഞാനകോശങ്ങൾ ഇവിടെ ഉണ്ടല്ലോ. വിവരങ്ങളുടെ ആർജനത്തെ അങ്ങനെ പരിഹസിക്കേണ്ടതില്ല. വായനയിലുള്ള നമ്മുടെ പരിചയക്കുറവുകൊണ്ടാണ് പലരും ഇത്തരം അഭിപ്രായങ്ങൾ പറയുന്നത്. കോൺസ്പിറസി തിയറിയെ ബുദ്ധിപരമായി ഒരു കലാതന്ത്രമായി അവതരിപ്പിക്കുകയായിരുന്നു രാമകൃഷ്ണൻ. സത്യമാണെന്ന് എല്ലാവരും വിശ്വസിക്കുന്ന ഒന്നാണ് ഈ ഗൂഢാലോചന സിദ്ധാന്തം. എന്തിന് പിന്നിലും അനാവൃതമാകാത്ത മറ്റൊരു രഹസ്യമുണ്ടെന്ന ചിന്ത. നാം കാണുന്ന ഈ ബാഹ്യലോകത്തിന്‍റെ ഉള്ളിൽ ഏതോ രഹസ്യസംഘങ്ങളുണ്ട്, ഇതിനെയെല്ലാം നിയന്ത്രിക്കുന്ന ഇരുണ്ടശക്തികളുണ്ടെന്ന് അങ്ങനെ വിശ്വസിച്ചുപോരുന്നു. ഈ ഗൂഢാലോചന സിദ്ധാന്തത്തെയാണ് രാമകൃഷ്ണൻ ഉപയോഗിച്ചത്.
മറ്റൊന്ന്, പാരനോയിയ. അതൊരു മാനസിക വൈകല്യമാണ്. വിച്ഛിന്ന മനോനില. എല്ലാത്തിനെയും സംശയിക്കുക. ആ മാനസികാവസ്ഥയെയും രാമകൃഷ്ണൻ കലാതന്ത്രമാക്കി മാറ്റി. നമ്മൾ ഇതുവരെ വായിച്ചുവന്ന ഫിക്ഷനിലെല്ലാം വിശ്വസിക്കുന്ന കാര്യങ്ങളേ എഴുതപ്പെട്ടിട്ടുള്ളൂ. ചരിത്രപരമായി വസ്തുതയായിരിക്കണമെന്നായിരുന്നു നിയമം. രാമകൃഷ്ണൻ പക്ഷേ, ഒരു വ്യാജ ചരിത്രം സൃഷ്ടിച്ച് സത്യമാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കുകയാണ്. ഗൂഢാലോചന സിദ്ധാന്തത്തെയും പാരനോയിയയെും കൂട്ടുപിടിച്ചാണ് രാമകൃഷ്ണൻ അത് നിർവഹിച്ചത്. ആ ശൈലിയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇട്ടിക്കോര. കുറേ പേർ നോവൽ ഇറങ്ങിയ സമയത്ത് തന്നെ ഇക്കാര്യം മനസ്സിലാക്കാതെ ആക്ഷേപവുമായി രംഗത്തുവന്നു. അങ്ങനെ ചില റിവ്യൂകളൊക്കെ ഞാനും കണ്ടിരുന്നു. ഈ ലോകത്ത് കിട്ടുന്ന വിവരങ്ങളൊക്കെ വിക്കിപീഡിയയിൽനിന്നാണോ? നമ്മൾ പഠിച്ച പാഠപുസ്തകങ്ങളിലും വിജ്ഞാനകോശങ്ങളിലും വിവരങ്ങളില്ലേ. നിഘണ്ടുവിൽനിന്ന് എടുക്കാനാവാത്ത ഏതു വാക്കാണ് നിങ്ങളുടെ പക്കലുള്ളത്. അതുകൊണ്ട് മലയാളത്തിൽ എഴുതുന്നതെല്ലാം ശബ്ദതാരാവലിയുടെ കോപ്പിയടിയാണെന്ന് പറയാനാകുമോ?

ആദ്യ വിലാസിനി അവാർഡ് എം.ടിയിൽനിന്ന് ഏറ്റുവാങ്ങുന്നു. പ്രതിഭാ റോയി സമീപം
ഏതുതരം കൃതികളാണ് യഥാർഥത്തിൽ ഒരു നിരൂപകനെ വെല്ലുവിളിക്കുന്നത്?
എല്ലാ കൃതികളും നിരൂപകനെ വെല്ലുവിളിക്കുന്നതാണ്. ഒരാൾ നിരൂപകൻ ആകുന്നത് തന്നെ അയാളെ വെല്ലുവിളിക്കുന്ന കൃതികൾ ഉള്ളതുകൊണ്ടാണ്. അങ്ങനെ എന്നെ വെല്ലുവിളിച്ച കൃതികളെ കുറിച്ചാണ് ഞാൻ എഴുതിയത് മുഴുവനും. ഒരു വിദേശ എഴുത്തുകാരനെ കുറിച്ചും ഞാൻ പുസ്തകം എഴുതിയിട്ടില്ല; ദസ്തയേവ്സ്കിയെ കുറിച്ചല്ലാതെ. ദസ്തയേവ്സ്കി എന്നെ സംബന്ധിച്ചിടത്തോളം മലയാളിയാണ്. അദ്ദേഹം എന്നെ അനുദിനം വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. ഒരു അധ്യായം തന്നെ ഒരു നോവൽ പോലെയായി തീരുന്ന പ്രതിഭാസം നിങ്ങൾക്ക് ദസ്തയേവ്സ്കിയിൽ കാണാം. ‘ദി ഗ്രാന്‍ഡ് ഇൻക്വിസിറ്റർ’ തന്നെ ഉദാഹരണം. മലയാളത്തിൽ എന്നെ വെല്ലുവിളിക്കുന്ന കൃതികളിലൊന്ന് ‘നളചരിതം ആട്ടക്കഥ’യാണ്. അതിനെ കുറിച്ച് എഴുതാനിരിക്കുകയാണ്. യഥാർഥത്തിൽ സാഹിത്യനിരൂപകർ വെല്ലുവിളികളുടെ ഉൽപന്നങ്ങൾകൂടിയാണ്. വായനക്കാർക്കുകൂടി വേണ്ടിയാണ് അവർ ആ വെല്ലുവിളി ഏറ്റെടുക്കുന്നത്. മാരാരുടെ ‘ഭാരതപര്യടനം’ തന്നെയാണ് അതിന് വലിയൊരു ഉദാഹരണം. വലിയ അനുഭവങ്ങൾ ഉള്ളവരുടെ തലമുറ അവസാനിച്ചുവെന്നും ഇനിവരുന്നവർക്ക് അതുകൊണ്ട് തന്നെ കനപ്പെട്ട രചനകളൊന്നും നടത്താനാകില്ലെന്നും കരുതപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. പക്ഷേ, വലിയ പ്ലോട്ടുകളിൽ ഗഹനമായ രചനകൾ പിന്നെയും വന്നുകൊണ്ടിരിക്കുകയാണ്.
ഓരോ കാലത്തെ ജനതക്കും അതതിന്‍റെ അനുഭവങ്ങളാണ് ഉള്ളത്. ആ അനുഭവങ്ങളെ ഭാവനാത്മകമായി പുനർനിർമിക്കുന്നതാണ് സാഹിത്യം. തീവ്രമായ അനുഭവം ഉണ്ടെങ്കിലേ സാഹിത്യം എഴുതാൻ കഴിയുള്ളൂ എന്ന നിലയിലാണ് യുദ്ധവും കെടുതികളും അനുഭവിച്ചവർക്കേ അതിന് സാധിക്കുള്ളൂ എന്ന ചിന്ത വരുന്നത്. അത്തരം തീവ്രാനുഭവങ്ങളില്ലാത്തവർക്കും സാഹിത്യം എഴുതാം. സാഹിത്യം എന്നത് വാസ്തവമല്ല; ഭാവനയുടെ സൃഷ്ടിയാണ്. അത് ഭാഷയിൽ നടക്കുന്ന പുനർനിർമാണമാണ്. ഓരോ കാലത്തെയും തലമുറകൾ അവരവരുടെ രീതിയിൽ അതു തുടർന്നുകൊണ്ടേയിരിക്കും. മനുഷ്യൻ അവസാനിക്കുമ്പോഴേ അനുഭവങ്ങളും ഇല്ലാതാകൂ. അതിന്‍റെ നിദർശനങ്ങളാണ് നമ്മുടെ നോവലും ചെറുകഥയുമൊക്കെ. എന്തെല്ലാം വ്യത്യസ്തങ്ങളായ രചനകളാണ് വരുന്നത്. പഴയതിനേക്കാൾ മെച്ചപ്പെട്ടതും മോശമായതും സംഭവിക്കുന്നുണ്ട്. നമ്മുടെ മികച്ച നോവലുകൾ സംഭവിച്ച കാലത്തും നിലവാരം കുറഞ്ഞ കൃതികൾ ഉണ്ടായിരുന്നു.
ഒ.വി. വിജയനെപ്പോലെ തന്നെ താങ്കൾ സൂക്ഷ്മമായി പരിശോധിച്ചിട്ടുള്ളതാണ് ആനന്ദിന്‍റെ രചനകളും. പ്രത്യക്ഷത്തിൽതന്നെ വ്യത്യസ്തമാണ് ആനന്ദിന്‍റെ രചനകൾ. നനവു കുറഞ്ഞ, ദുർഗ്രാഹ്യമെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന ഭാഷയും പ്രതിപാദ്യശൈലിയും, വേറൊരു തരം ദാർശനികതയും. എങ്ങനെയാണ് ആനന്ദിന്‍റെ രചനകളെ താങ്കൾ സമീപിക്കുന്നത്?
മലയാളത്തിലെ ആധുനികതയെ നമ്മളെപ്പോഴും ഏകീകൃതമായ ഒരു പ്രസ്ഥാനമായാണ് അടയാളപ്പെടുത്താറുള്ളത്. യഥാർഥത്തിൽ അങ്ങനെയല്ല. തീർത്തും വ്യത്യസ്തമാണ് ആധുനികതയുടെ സാഹിത്യം. ആ വ്യത്യസ്തതയുടെ പ്രതീകങ്ങളാണ് ഈ രണ്ടു എഴുത്തുകാരും. രണ്ടു രീതിയിലാണ് അവർ എഴുതുന്നത്. കുറച്ചുകൂടി കോസ്മോപോളിറ്റൻ എന്ന് പറയാവുന്ന ശൈലിയാണ് ആനന്ദിന്‍റേത്. എന്നാലോ, നമ്മുടെ അനുഭവ സീമകളൊന്നും അതിൽ നഷ്ടപ്പെടുന്നുമില്ല. കാരണം അദ്ദേഹം നമ്മുടെ നാടിനെ കുറിച്ചാണ് എഴുതുന്നത്. കൂടുതൽ തത്ത്വചിന്താപരമാണ്. ആഴത്തിൽ പൊളിറ്റിക്കലാണ്. ആദ്യരചനകൾ മുതൽ പരിവർത്തനപ്പെട്ടുവരുന്നതാണ് ആനന്ദിന്‍റെ രചനാരീതി. ചരിത്രം, തത്ത്വചിന്ത, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ പരോക്ഷമായല്ല, പ്രത്യക്ഷമായി തന്നെ പ്രതിപാദിക്കുകയാണ് അദ്ദേഹം. അതിനെ പരമ്പരാഗതമായ കഥനശൈലിയിൽ വ്യത്യസ്തമായി അവതരിപ്പിക്കുകയുംചെയ്യുന്നു.
നോവലിന്‍റെ രൂപത്തെ പുതുക്കിപ്പണിഞ്ഞ എഴുത്തുകാരനാണ് ആനന്ദ്. ചിലപ്പോൾ അദ്ദേഹത്തിന്‍റെ രചനകൾക്ക് ഉപന്യാസത്തിന്‍റെ രൂപമുണ്ടാകാം. നോവൽ കഥാത്മകമായിതന്നെ എഴുതണമെന്ന് നിയമമില്ലല്ലോ. ഒരുതരം നിർവചനവും സാധ്യമല്ലാത്ത സാഹിത്യജനുസ്സാണ് നോവൽ. മലയാളത്തിൽ ഏറ്റവും ധീരമായ നോവൽ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള എഴുത്തുകാരൻ ആനന്ദാണ്. പരമ്പരാഗതമായ കഥപറച്ചിൽ ശൈലിയെ പരിപൂർണമായി തിരസ്കരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയൊരു കഥ ആനന്ദിന്‍റെ എല്ലാ കൃതികളിലും കണ്ടെത്തുകയെന്നത് എളുപ്പമല്ല. ‘അപഹരിക്കപ്പെട്ട ദൈവങ്ങൾ’, ‘മരുഭൂമികൾ ഉണ്ടാകുന്നത്’ പോലുള്ള കൃതികളിൽ കഥ കാണാൻ കഴിഞ്ഞേക്കും. അതിലൊക്കെ വളരെ െക്രാണോളജിക്കലായി നീങ്ങുന്ന ഒരു കഥാംശം ഉണ്ട്. എന്നാൽ സ്ഥലം, കാലം എന്നിവയെയെല്ലാം തകർത്തുകൊണ്ട് നീങ്ങുന്ന ആഖ്യാനശൈലിയാണ് ‘ഗോവർധന്‍റെ യാത്രകൾ’ കൊണ്ടുവന്നത്. മലയാള നോവലിലെ ഉത്തരാധുനികം എന്നുപറയുന്ന പരിവർത്തനങ്ങളെല്ലാം തുടങ്ങുന്നത് ’95ൽ ഇറങ്ങിയ ഈ ഒരൊറ്റ നോവലിൽനിന്നാണ്. അങ്ങനെയാണ് ഞാൻ ആനന്ദിനെ കാണുന്നത്. നമ്മുടെ ഭാഷയിൽ ഏറ്റവും വലിയ പരീക്ഷണങ്ങൾ നടത്തിയ നോവലിസ്റ്റാണ് അദ്ദേഹം.
‘ഖസാക്കിന്‍റെ ഇതിഹാസ’ത്തിനു ശേഷം ആ ഭാഷയിലെങ്കിലും വിജയന് അനുകരണങ്ങളുണ്ടായി. പത്ര ഫീച്ചറുകളിൽ വരെ ആ ഭാഷ സ്വാധീനമുണ്ടാക്കിയതായി പറയപ്പെടുന്നു. പക്ഷേ, ആനന്ദിന്‍റെ ശൈലിയും ഭാഷയും അനുകരണത്തിന് വഴങ്ങാത്തതാണോ?
അനുകരിക്കണമെന്നുള്ളവർക്ക് എന്തിനെയും അനുകരിക്കാം. പക്ഷേ, അത് പൊള്ളയായ പകർത്തലോ കേവലാർഥത്തിലുള്ള പാരഡിയോ ആയിരിക്കും. സാഹിത്യത്തിൽ ഗൗരവതരമായ പാരഡിയുണ്ട്. മിശ്ര രചനയുണ്ട്. ആധാരം എഴുത്തിന്‍റെ ഭാഷ ഉപയോഗിച്ച് വേണമെങ്കിൽ ഒരു നോവൽ എഴുതാം. പ്രത്യേക കാലമോ ചരിത്രഘട്ടമോ ഒക്കെ കാണിക്കാൻ അങ്ങനെ ചെയ്യാൻ കഴിയും. സേതുവിന്‍റെ ‘വിളയാട്ടം’ എന്നൊരു നോവലുണ്ട്. ഡിറ്റക്ടിവ് നോവലാണത്. അതേസമയം, പരമ്പരാഗത അർഥത്തിലുള്ള ഡിറ്റക്ടിവ് ഫിക്ഷനല്ല. മലയാളത്തിലെ ഡിറ്റക്ടിവ് നോവലുകളുടെ ശൈലിയെയും ഭാഷയെയും അതേപടി പാരഡി ചെയ്യുകയാണ് അതിൽ സേതു. പക്ഷേ, കുറ്റകൃത്യം തെളിയിക്കുന്ന ഡിറ്റക്ടിവ് അല്ല അതിലുള്ളത്. പരാജിതനാണ്. മെറ്റഫിക്ഷനൽ ഡിറ്റക്ടിവ് സ്റ്റോറി എന്നു പറയും അതിനെ. ലിറ്റററി പാരഡിയുടെ മനോഹരമായ ഒരു മാതൃകയാണത്. ഒരാളുടെ ശൈലിയെ ബോധപൂർവം അനുകരിച്ച് എഴുതുന്ന മറ്റൊരു ശൈലിയുമുണ്ട്. പക്ഷേ, സ്വാധീനം എന്നത് വേറെയാണ്. യഥാർഥത്തിൽ ആനന്ദിനാൽ സ്വാധീനിക്കപ്പെട്ട ധാരാളം എഴുത്തുകാരുണ്ട്. അതൊന്നും മോശം കാര്യവുമല്ല. സ്വാധീനത എന്നത് ഒരു സാംസ്കാരിക പ്രക്രിയകൂടിയാണ്. അതിനെ അനുകരണം എന്ന് പറയേണ്ടതില്ല.
പത്രപ്രവർത്തനത്തിൽനിന്ന് വന്നയാളാണ് ജി.ആർ. ഇന്ദുഗോപൻ. ഫിക്ഷൻ സ്വഭാവമുള്ള ഫീച്ചറുകൾ എഴുതിയിരുന്നയാളുമാണ്. പക്ഷേ, അദ്ദേഹം വേഗത്തിൽ തന്നെ നമ്മുടെ മുഖ്യധാര സാഹിത്യത്തിലെ വലിയ താരങ്ങളിലൊന്നായി മാറി. പത്രപ്രവർത്തനത്തിന്‍റെ ഭൂതകാലം ഉള്ളതിനാൽ തന്നെയാകാം അദ്ദേഹത്തിന്‍റെ നോവലുകൾ വലുപ്പം കൂടിയ ഫീച്ചറുകളാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. സമകാലിക മലയാള സാഹിത്യത്തിൽ ഇന്ദുഗോപൻ രചനകളെ താങ്കൾ എവിടെയാണ് സ്ഥാപിക്കുക?
ഇന്ദുഗോപൻ ജനപ്രിയ രചനാരീതിക്ക് വലിയൊരു എക്സ്റ്റൻഷൻ കൊടുത്ത സമകാലിക എഴുത്തുകാരിലൊരാളാണ്. ഇന്ദുഗോപൻ ഉപയോഗിക്കുന്ന പ്രമേയങ്ങളധികവും ജനപ്രിയ സാഹിത്യം ഉപയോഗിച്ചതാണ്. എന്നാൽ, പരമ്പരാഗത ജനപ്രിയ സാഹിത്യത്തിന്‍റെ രീതിയിലല്ല ഇന്ദുഗോപൻ അത് സൃഷ്ടിക്കുന്നത്. ഇന്ദുഗോപൻ ജേണലിസ്റ്റ് ആയിരുന്നു, അയാൾ ഫീച്ചർ എഴുതിയിരുന്നു എന്നതൊക്കെ അയാളുടെ തൊഴിൽപരമായ കാര്യം. അതിന് സാഹിത്യവുമായി ബന്ധമില്ല. മാർകേസും ഇതൊക്കെ ചെയ്തിട്ടുണ്ട്. ഇന്ദുഗോപന്റേത് അയാൾ കൊണ്ടുവന്ന ശൈലിയാണ്. ഏറ്റവും സാധാരണമായ ജീവിതത്തിന് പിന്നിലുള്ള തീവ്രമായ അനുഭവങ്ങളാണ് ഇന്ദുഗോപൻ എഴുതുന്നത്. പൊതുവെ ഇതൊക്കെ പത്രവാർത്തകളിൽ മാത്രമേ വരാറുള്ളൂ. പത്രവാർത്തകളിൽ വരുന്ന ഇത്തരം ട്രൂക്രൈമിന്‍റെ ഭാവനാത്മകമായ പുനരാവിഷ്കാരമാണത്. വാർത്തകളുടെ ചെറിയ സ്പേസിനുള്ളിൽ ഒടുങ്ങിപ്പോകുന്ന മനുഷ്യാനുഭവത്തിന്‍റെ തീവ്രമായ അവസ്ഥകളിൽനിന്ന് മറ്റൊരു തരം സാഹിത്യരൂപം സൃഷ്ടിച്ചെടുക്കുകയാണ് ഇന്ദുഗോപൻ. നമ്മുടെ പരമ്പരാഗത ക്രൈം സ്റ്റോറികൾ സംഭവിക്കുന്നതോ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടവയോ ആയിരുന്നില്ല. ഇതാണ് ഇന്ദുഗോപന്‍റെ ജനപ്രിയതക്ക് ആധാരം. ക്രൈം നോവൽ എഴുതുന്നവർക്കൊന്നും ഈ സ്വീകാര്യത ലഭിക്കുന്നില്ല.
എഴുത്തുകാരനെ അയാളുടെ പൂർണ സ്വാതന്ത്ര്യത്തിൽ എഴുതുന്നതിൽനിന്ന് തടയുന്നതാണ് ഇന്നത്തെ സാമൂഹിക അന്തരീക്ഷം എന്ന് ഒരു നിരൂപകൻ എന്ന നിലയിൽ അഭിപ്രായമുണ്ടോ? എസ്. ഹരീഷിനുണ്ടായ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ എഴുതുമ്പോൾ സ്വയം നിയന്ത്രിക്കണമെന്ന് എഴുത്തുകാരൻ ഭയപ്പെടുന്ന കാലമാണോ?
ആപത്തുണ്ടാകാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും ഹരീഷിനെ സംബന്ധിച്ചിടത്തോളം ആ സംഭവം നന്നായതായാണ് എന്‍റെ വിലയിരുത്തൽ. ‘മീശ’യെക്കാൾ നല്ല നോവലുകളാണ് പിന്നീട് വന്നത്. ആഗസ്റ്റ് 17 കൗണ്ടർ ഫാക്ച്വൽ ഫിക്ഷൻ എന്ന രചനാശൈലിയുടെ മാതൃകയാണ്. അതും പലർക്കും മനസ്സിലായില്ല. ചരിത്രത്തെ വളച്ചൊടിച്ചുവെന്നൊക്കെ പറഞ്ഞുകളഞ്ഞു. ബുക് റിവ്യൂ ചെയ്യുന്നവർ ഉണ്ടാക്കുന്ന കുഴപ്പമാണിത്. ഇത്തരം പരീക്ഷണങ്ങൾ ഇംഗ്ലീഷിലും മറ്റു വിദേശഭാഷകളിലും ഉണ്ടായിട്ടുണ്ട്. അതവിടെ നിൽക്കട്ടെ. എഴുത്തുകാർ മാത്രമല്ല, സത്യം പറയുന്നത് തന്നെ ആപത്കരമായ ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഒരാൾ പറയുന്നത് എത്ര ധാർമികവും സത്യസന്ധവുമായാലും മറുവിഭാഗത്തിന് അത് അസത്യമോ തങ്ങൾക്കെതിരായ ആക്രമണമോ ആയി തോന്നാം. സത്യം എന്ന് പറഞ്ഞാൽ, ‘ഇതാരുടെ സത്യം?’ എന്നായിരിക്കും മറുചോദ്യം. അത്തരം യുദ്ധങ്ങളാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്.
ഇത് ആശയപരമായിട്ടുള്ളത്. മറിച്ച് ഭൗതികമായ രാഷ്ട്രീയ പ്രശ്നങ്ങളും എഴുത്തുകാരൻ നേരിടുന്നുണ്ട്. കേരളത്തിൽ അതൊന്നും ഭൗതികമായ ആക്രമണമായി മാറിയിട്ടില്ല. അൽപംകൂടി ജനാധിപത്യ സ്വഭാവം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നതുകൊണ്ടാണത്. ഇന്ത്യയിൽ പൊതുവെയും അങ്ങനെ തന്നെയാണ്. അനുസ്യൂതമായ ജനാധിപത്യത്തിന്‍റെ ചരിത്രം ഉള്ളതുകൊണ്ടാണ് അങ്ങനെ തുടരുന്നത്. എന്നാലും വാൻഡലുകളും ഹൂളിഗാൻമാരും മതാന്ധൻമാരുമൊക്കെ വർധിച്ചുവരികയാണ്. ഒരു മതത്തിൽ മാത്രമായി അന്ധൻമാർ വർധിക്കാറില്ല. എല്ലാ മതങ്ങളിലും ഒരുമിച്ചാണ് വർധിക്കുക. പക്ഷേ, നമ്മുടെ നാട്ടിലെ ഇത്തരം സംവാദങ്ങളിൽ പുരോഗമനവാദം ഉന്നയിക്കുന്ന ബുദ്ധിജീവി വിഭാഗം പറയുന്നത് ഈ സ്വഭാവം ഒരു മതത്തിനേ ഉള്ളൂവെന്നാണ്. എല്ലാ മതത്തിനും ഉള്ള പ്രശ്നം അവർ പറയാറില്ല. ആ അർഥത്തിൽ എഴുത്തുകാർ എല്ലായിടത്തും അരക്ഷിതരാണ്. അതുകൊണ്ട് ഭയപ്പെടേണ്ടിവരും. എങ്കിലും അക്കാരണങ്ങൾകൊണ്ട് ഇന്ത്യയിലെയും കേരളത്തിലെയും എഴുത്തുകാർ നിശ്ശബ്ദരായിട്ടില്ല.

എം.ജി.എസ്. നാരായണൻ, കൽപറ്റ നാരായണൻ എന്നിവർക്കൊപ്പം
അടുത്തിടെ പെരുമാൾ മുരുകനുമായി സംസാരിക്കുമ്പോൾ പത്തു വർഷം മുമ്പ് അദ്ദേഹത്തിനു നേരിടേണ്ടിവന്ന പ്രതിസന്ധിക്കുശേഷം എഴുത്തിന് എന്തു മാറ്റമാണ് വന്നതെന്ന് ചോദിച്ചിരുന്നു. എഴുതുമ്പോൾ ഉള്ളിെലാരു എഡിറ്റർ ഇപ്പോഴുണ്ടെന്നും ആ കരുതലോടെയാണ് എഴുതുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. സമാനമായ പ്രശ്നം തന്നെയാണല്ലോ ഇവിടെ ഹരീഷും നേരിട്ടത്?
പെരുമാൾ മുരുകനും എസ്. ഹരീഷും നേരിട്ടത് രണ്ടു രീതിയിലുള്ള ആക്രമണമാണ്. പൊതുവായി രണ്ടിലും സാഹിത്യവിരോധം ഉണ്ടായിരുന്നു. ഹരീഷിന്‍റെ നോവൽ ‘മീശ’ക്കൊപ്പം അത് ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും പുസ്തകമായി പ്രസിദ്ധീകരിച്ച ഡി.സി ബുക്സിനും നേരെ ആക്രമണമുണ്ടായി. ചില വ്യക്തികളിലും പ്രത്യേക കൃതികളിലും മാത്രം ഒതുങ്ങിനിന്നു കാണേണ്ട കാര്യമല്ല സാഹിത്യവിരോധം. പണ്ടേയുള്ള പ്രതിഭാസമാണത്. അധികാരം, സദാചാരം, സത്യം, സമൂഹം എന്നിവയുടെ പേരിൽ പല കാലങ്ങളിലായി സാഹിത്യം പലതരം ആക്രമണങ്ങൾക്കും വിദ്വേഷങ്ങൾക്കും ഇരയായിട്ടുണ്ട്.
സദാചാര വിചാരണയാണ് പെരുമാൾ മുരുകനും എസ്. ഹരീഷും നേരിട്ടത്. ഹിന്ദുത്വ തീവ്രവാദമായിരുന്നല്ലോ അതിന് പിന്നിൽ. സമാനമായി മറ്റു തീവ്രവാദങ്ങളും കാലാകാലങ്ങളായി സാഹിത്യവിദ്വേഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദവും ക്രിസ്ത്യൻ തീവ്രവാദവും കമ്യൂണിസ്റ്റ് തീവ്രവാദവും ലിബറൽ കാപിറ്റലിസ്റ്റ് തീവ്രവാദവുമെല്ലാം പുസ്തക വിദ്വേഷവും കലാസാഹിത്യ വിരോധവും പലതരം അക്രമാസക്തികളും പ്രകടിപ്പിച്ചിട്ടുണ്ട്. മൗലികവാദ സ്വഭാവമുള്ള പ്രത്യയശാസ്ത്രങ്ങളുടെ സ്വഭാവമാണത്. ഏതെങ്കിലുമൊരു വിഭാഗത്തിന് മാത്രം കുത്തകപ്പാട്ടമുള്ളതല്ല ഈ വിദ്വേഷവും അക്രമവും. സദാചാരത്തിന്‍റെയും അധികാരത്തിന്‍റെയും പേരിലല്ലാതെ തന്നെ സ്വതന്ത്രാഭിപ്രായങ്ങളോട് അക്രമാസക്തി കാണിക്കുന്നവരുമുണ്ടല്ലോ.
മലയാളത്തിൽ പുതിയൊരു തലമുറ എഴുത്തുകാരുടെ ശ്രദ്ധേയമായ കടന്നുവരവിനെ കുറിച്ച് താങ്കൾ സൂചിപ്പിച്ചു. ഇവരുടെ രചനകളിൽ കാലത്തെ അതിജീവിക്കുമെന്ന സൂചന നൽകുന്നവയുണ്ടോ?
കാലത്തെ അതിജീവിക്കൽ എന്നത് ഒരുതരത്തിൽ സങ്കൽപം മാത്രമാണ്. വിശാലമായൊരു സംവർഗമല്ലേ കാലം. ഒരെഴുത്തുകാരന്റെ മരണശേഷം നൂറുവർഷമൊക്കെ കഴിഞ്ഞശേഷമേ അങ്ങനെ പറയാനാകൂ. അതിനുശേഷവും അദ്ദേഹം വായിക്കപ്പെടുന്നുവെങ്കിൽ കാലാതിവർത്തിയെന്ന് ആലങ്കാരികമായി പറയാം. തുഞ്ചത്തെഴുത്തച്ഛനെയും കുഞ്ചൻ നമ്പ്യാരെയുമൊക്കെ അങ്ങനെ പറയാം. പല നൂറ്റാണ്ടുകളായി അവരെ വായിക്കുന്നു.
പത്രപ്രവർത്തനം ഉപേക്ഷിച്ച് മുഴുവൻസമയ എഴുത്തിലേക്ക് കടന്നയാളാണ് താങ്കൾ. എന്താണ് അതിന്‍റെ അനുഭവം?
പത്രപ്രവർത്തനത്തെയും സാഹിത്യ നിരൂപണത്തെയും പരസ്പരം തൊടുകയോ കലരുകയോ സ്വാധീനിക്കുകയോ ചെയ്യാതെ രണ്ടായിത്തന്നെയാണ് കൊണ്ടുപോന്നിരുന്നത്. അത് ഉപേക്ഷിച്ചപ്പോൾ തൊഴിൽപരമായ ഉത്തരവാദിത്തങ്ങളും ബാധ്യതകളും ഒഴിഞ്ഞതിനാൽ കൂടുതൽ സമയം കിട്ടി. കൂടുതൽ അധ്വാനവും ഗവേഷണവും ആവശ്യമുള്ള ചില വലിയ രചനകൾക്കുവേണ്ടിയാണ് ആ തീരുമാനമെടുത്തത്. എന്‍റെ സമയം ഞാൻ തീരുമാനിക്കുന്നതായി മാറി എന്നതാണ് അതിൽനിന്ന് കിട്ടിയ വലിയ പ്രയോജനം. എല്ലാ ആഴ്ചയും ആനുകാലികങ്ങളിൽ സാഹിത്യലേഖനങ്ങൾ എഴുതുന്ന രീതി ഒരിക്കലും ഞാൻ സ്വീകരിച്ചിട്ടില്ല. ഇപ്പോഴും അങ്ങനെയില്ല.
‘‘അറിയാത്ത മഹാമൂഢൻ തെറിവാക്കു പറയുമ്പോൾ എറിഞ്ഞുകാലൊടിക്കുമെന്ന് അറിഞ്ഞുകൊൾവിനേവരും’’ എന്ന കുഞ്ചൻ നമ്പ്യാരുടെ വരികളായിരുന്നു കാൽനൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച ‘അന്ധനായ ദൈവ’ത്തിലെ എപ്പിഗ്രാഫ്. താങ്കളെ വളരെക്കാലമായി ശ്രദ്ധിക്കുന്ന ഒരാളെന്ന നിലയിൽ അന്നത്തെ ആ നിശിതത്വത്തിൽനിന്ന് എഴുത്തിൽ ഈയിടെയായി കുറച്ച് മയപ്പെട്ടെന്ന് അനുഭവപ്പെടുന്നത് എനിക്കു മാത്രമായിരിക്കുമോ?
‘‘കുറഞ്ഞോരു വിശേഷത്തെയറിഞ്ഞോരു ജനം കുറ്റം പറഞ്ഞാൽ അതുകൊണ്ട് തരിമ്പും സങ്കടമില്ല’’ എന്ന വരിയും അതിന് തൊട്ടുമുകളിൽ ഉണ്ടായിരുന്നു. മയപ്പെട്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. തെറിവാക്ക് പറയുന്ന മഹാമൂഢരോട് അതുതന്നെയാണ് നിലപാട്. കാലൊടിക്കൽ കുഞ്ചൻ നമ്പ്യാരുടെ ആലങ്കാരിക പ്രയോഗം മാത്രമാണെന്ന് കൂടി ഓർക്കാതിരിക്കരുത്. എഴുത്തിന്‍റെ രീതി മാറിയിരിക്കാം. അത് മയപ്പെടലല്ല, നിരന്തരം തുടർന്നുകൊണ്ടിരിക്കുന്ന പരുവപ്പെടലാണ്. അങ്ങനെ പരുവപ്പെട്ടുകൊണ്ടിരിക്കുന്നതാണ് എഴുത്തുകാർ ജീവിച്ചുകൊണ്ടിരിക്കുന്നതിന്‍റെ ലക്ഷണം. ചിന്തയിലും പഠനത്തിലും ബോധ്യങ്ങളിലും വലിയ മാറ്റങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ഭാഷാരീതിയിലും വിശകലന രീതിയിലും ആ മാറ്റങ്ങൾ വന്നിട്ടുമുണ്ട്. 30 വർഷം മുമ്പ് ‘പിതൃഘടികാരം’ എഴുതിയ ഭാഷയിലും സൗന്ദര്യസങ്കൽപത്തിലുമല്ല ഇപ്പോൾ ഞാൻ എഴുതുന്നത്. അതുകൊണ്ടാവാം അന്നത്തെ നിശിതത്വം കുറഞ്ഞുപോയെന്ന് തോന്നുന്നത്.
ചില വിഷയങ്ങളിൽ മുമ്പു പുലർത്തിയിരുന്ന രണോത്സുകത്വം അല്ലെങ്കിൽ ആക്രമണോത്സുകത്വം ഇപ്പോൾ പ്രകടിപ്പിക്കുന്നില്ല എന്നു പറയാനുമാവില്ല. ‘മാധ്യമം’ ദിനപത്രത്തിൽ ‘പ്രതിഭാഷണം’ എന്നൊരു പംക്തി ഞാൻ എഴുതുന്നുണ്ട്. കേരളത്തിലെ സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന കാപട്യങ്ങളോടുള്ള വിമർശനാത്മക നിലപാടുകളാണ് അതിലെഴുതുന്നത്. കാപട്യങ്ങളും നാട്യങ്ങളും കാണുമ്പോൾ എന്‍റെ ചോര തിളയ്ക്കുന്നുവെന്നും പറയാതിരിക്കാൻ വയ്യ എന്നുമൊക്കെ തോന്നിപ്പോകുമല്ലോ.
അത്തരം കാപട്യങ്ങളും നാട്യങ്ങളും തിരിച്ചറിയുന്ന വിവേകികൾക്കെല്ലാം അത് എഴുതാനുള്ള അവസരവും സാധ്യതയും കിട്ടണമെന്നില്ല. വിവേകികളുടെയും ചരിത്രബോധമുള്ളവരുടെയും പ്രാതിനിധ്യം സ്വയം ഏറ്റെടുക്കുന്ന ഒരു പംക്തികാരന് അതിന് കഴിയും. ‘പ്രതിഭാഷണ’ത്തിൽ ഞാൻ, കെ.പി. അപ്പന്‍റെ പ്രയോഗം കടമെടുത്ത് പറഞ്ഞാൽ, വിവേകികളായ വായനക്കാരുടെ അഭിപ്രായങ്ങളും നിലപാടുകളും കൂടിയാണ് എഴുതുന്നത്. ജനപ്രീതിയും പ്രശസ്തിയും പുരസ്കാര ലബ്ധിയുമൊക്കെ നേടി ശ്രദ്ധയിലേക്കുയരുന്ന കൃതികളെ പറ്റി ഉടനടി അഭിപ്രായം പറയുകയോ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ട ഉത്തരവാദിത്തം സാഹിത്യനിരൂപകർക്ക് ഉണ്ടെന്ന് തോന്നുന്നില്ല. സാഹിത്യമൂല്യമില്ലാത്തതും ഭാവുകത്വത്തിൽ വ്യതിയാനങ്ങളൊന്നും സൃഷ്ടിക്കാത്തതുമായ അത്തരം കൃതികളെ വിമർശനവിധേയമാക്കാൻ പുറപ്പെടുക എന്‍റെ രീതിയല്ല. അവയെ അവയുടെ വഴിക്കുവിട്ട് ആത്മാവിൽ പ്രകാശം ചൊരിയുന്ന പുസ്തകങ്ങളിലേക്ക് നീങ്ങാനാണ് നിരൂപക വിവേകം എന്നെ പ്രേരിപ്പിക്കുന്നത്.
പ്രായംകൊണ്ടുണ്ടാകുന്ന ഒരു മാറ്റം കൂടിയാണോ ഇത്?
പ്രായം കൂടിവരുന്നതിനാൽ ഞാനൊരു മിതവാദിയോ ഉപദേശങ്ങൾ നൽകുന്ന ജ്ഞാനവൃദ്ധനോ ആയി സാഹിത്യവിചാരത്തിന്‍റെ തീക്ഷ്ണത കുറച്ചുവെന്നാണ് ഈ ചോദ്യംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ എന്‍റെ ഉത്തരം അല്ല എന്നാണ്. പ്രായം കാലമാണല്ലോ. പ്രായം കൂടുന്തോറും കാലം തരുന്ന വിവേകവും കൂടും. പ്രായവും കാലവും ചേർന്ന് കുറെക്കൂടി വ്യക്തത തരുന്നുവെന്നാണ് എന്‍റെ അനുഭവം. ഉത്തരവാദിത്തബോധം വർധിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ നിലപാടുകളെ പുനഃപരിശോധിക്കാൻ നിർബന്ധിക്കുകയും അവയെ നിരന്തരം മാറ്റിമറിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് കാലം. കാലോജഗദ്ഭക്ഷക എന്ന്, ലോകത്തെ ഭക്ഷിക്കുന്നതാണ് കാലമെന്ന് ശങ്കരാചാര്യർ പറഞ്ഞിട്ടുണ്ട്. ഡിവോറിങ് ടൈം, സർവഭക്ഷകനായ കാലം എന്ന് 18ാം സോണറ്റിൽ ഷേക്സ്പിയറും പറയുന്നു. സർവവും ഭക്ഷിച്ചുകൊണ്ട് ഇല്ലാതാക്കുകയല്ല, അതിനെ ഊർജമാക്കി പരിവർത്തിപ്പിക്കുകയാണ് കാലം ചെയ്യുന്നത്.
പ്രായത്തിലൂടെ അനുഭവത്തിൽ വരുന്ന കാലം നമ്മൾ ആർജിച്ചുവന്ന അറിവുകളെയും സങ്കൽപങ്ങളെയും ബോധ്യങ്ങളെയുംകൂടി ഭക്ഷിക്കുകയും അവയെ പുതിയ കാഴ്ചപ്പാടുകൾക്കുള്ള ഊർജമാക്കി മാറ്റുകയും ചെയ്യുന്നുവെന്നാണ് എന്‍റെ അനുഭവം. അത് നമ്മുടെ പരിഗണനകളും സമീപനരീതികളും മാറ്റുന്നു. മലയാള നോവലിന്‍റെ ചരിത്രത്തിലാണ് ഞാനിപ്പോൾ വർക്ക് ചെയ്യുന്നത്. കാലം തന്ന വിവേകത്തിന്‍റെയും പുതിയ അറിവുകളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിൽ മലയാള നോവലിന്‍റെ ഒരു ചരിത്രമെഴുതൽ. പരമ്പരാഗത രീതിയിലുള്ള ഒരു സാഹിത്യചരിത്രമല്ല അത്. ചരിത്രപരമായ വിവേകത്തിന്‍റെ അടിസ്ഥാനത്തിൽ നമ്മുടെ നോവലിന്‍റെ ചരിത്രം എഴുതുകയും പുനർവായനക്ക് വിധേയമാക്കുകയും ചെയ്യണമെന്ന ബോധ്യമുണ്ടാക്കിത്തന്നത് പ്രായവും കാലവുമാണ്. മലയാളത്തിൽ ഇപ്പോഴും കൊള്ളാവുന്ന ഒരു മലയാള നോവൽ ചരിത്രമോ നോവൽ എന്ന സാഹിത്യരൂപത്തിന്‍റെ സ്വഭാവത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പുസ്തകമോ ഇല്ലെന്നതാണ് വാസ്തവം.

സുകുമാർ അഴീക്കോടിനൊപ്പം ഒരു വേദിയിൽ, തകഴിക്കൊപ്പം, എം. രാജീവ്കുമാർ, അയ്യപ്പപ്പണിക്കർ, അക്ബർ കക്കട്ടിൽ, സതീഷ്ബാബു പയ്യന്നൂർ എന്നിവർക്കൊപ്പം
വ്യക്തിപരമായ ഒരു കാര്യം ചോദിക്കുന്നത് അനൗചിത്യമായി കരുതില്ലല്ലോ. താങ്കളുടെ ഭാര്യ ഡോ. രാധിക സി. നായരും എഴുത്തുകാരിയും വിവർത്തകയുമാണ്. ’90കളുടെ തുടക്കത്തിൽ ഉത്തരാധുനികതയെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിവെച്ച ഗവേഷണ വിദ്യാർഥി സംഘത്തിലും അവർ ഒപ്പമുണ്ടായിരുന്നു. കുടുംബജീവിതത്തെപ്പറ്റി പറയാമോ?
എഴുത്തിലും ചിന്തയിലും സ്വതന്ത്രരും ജീവിതത്തിൽ പരസ്പരാശ്രിതരുമായി കഴിഞ്ഞുപോകുന്നവരാണ് ഞങ്ങൾ. കുടുംബം എന്നെ സംബന്ധിച്ച് ഒരു മൂല്യവ്യവസ്ഥയും ജീവിതശക്തിയുമാണ്. അപകടകരമാണെന്ന് പൊതുവെ സങ്കൽപിക്കപ്പെടുന്ന ജീവിത തീരുമാനങ്ങൾ എടുക്കുന്നതിൽ എനിക്ക് ഏറ്റവും വലിയ പിന്തുണ നൽകിയിട്ടുള്ളതും അപ്രിയസത്യങ്ങൾ വിളിച്ചുപറയുന്ന ദുശ്ശീലമുള്ള എന്നെ സഹിച്ചും തുണച്ചും പോരുന്നതും അവരാണ്. ’80കളുടെ അവസാനം വിവാഹിതരായ ശേഷമാണ് യു.ജി.സി ഫെലോഷിപ് നേടി ഞങ്ങൾ ഗവേഷണ വിദ്യാർഥികളായത്. മലയാളത്തിലെ ആദ്യകാല സ്ത്രീ നോവലിസ്റ്റുകളിൽ ഒരാളുടെ പൗത്രിയായ രാധിക, ഉത്തരാധുനിക സാഹിത്യ സിദ്ധാന്തങ്ങളെ കുറിച്ചുള്ള മലയാളത്തിലെ ആദ്യ പുസ്തകങ്ങളിലൊന്ന് എഴുതിയ ആളാണ്.
ഗവേഷണത്തിനൊപ്പം ലത്തീനും പ്രാചീന ഗ്രീക്കുമൊക്കെ പഠിക്കുകയും സമാന്തരമായി ബാലസാഹിത്യ കൃതികൾ എഴുതുകയും ചെയ്തിരുന്ന രാധിക പിന്നീട് വിവർത്തനത്തിലേക്ക് തിരിഞ്ഞു. ഉംബർതോ എക്കോയുടെ ‘നെയിം ഓഫ് ദ റോസും’ ഹാരി പോട്ടറും ഉൾപ്പെടെ ഒട്ടേറെ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്ററാണ്. ഞങ്ങൾക്ക് രണ്ടു പെൺമക്കൾ. രണ്ടുപേരും വിവാഹിതർ. മൂത്ത മകൾ തേജസ്വിനി ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് മാധ്യമപഠനം കഴിഞ്ഞ് കോഴിക്കോട് ആകാശവാണിയിൽ ജോലി ചെയ്യുന്നു. ഭർത്താവ് മൃദുൽ ജേക്കബ്. രണ്ടാമത്തെ മകൾ ജാഹ്നവി സോഷ്യോളജിയിൽ പിഎച്ച്.ഡി ഗവേഷകയാണ്. ഭർത്താവ് നിതിൻ ശ്യാം.
മുഴുവൻസമയം സാഹിത്യപ്രവർത്തനത്തിലാണല്ലോ ഇപ്പോൾ. ജീവിതവും ദിനചര്യയും എങ്ങനെയാണ്?
പത്രപ്രവർത്തനകാലത്ത് ഞാനൊരു നാടോടിയായിരുന്നു. നൊമാഡ്. പല പട്ടണങ്ങളിൽ ജോലിയും വാസവും. തിരുവനന്തപുരം തൊട്ട് ഡൽഹി വരെ. ഇപ്പോൾ സ്ഥിരവാസിയാണ്. സെഡന്‍ററി. ഇരിപ്പാണ് കൂടുതൽ. പക്ഷേ, നിഷ്ക്രിയമല്ല. പത്രപ്രവർത്തനകാലത്ത് പുലർകാലം കണ്ടിട്ടില്ല. പാതിരാത്രിയും കഴിഞ്ഞ് വീട്ടിലെത്തി അസമയത്ത് ഉറങ്ങി സൂര്യനുദിച്ചശേഷം ഉണരുന്നതായിരുന്നു പതിവ്. ഇപ്പോൾ ഒഴിവാക്കാനാവാത്ത കാര്യങ്ങൾക്കുമാത്രം പുറത്തിറങ്ങുന്നു. അതിരാവിലെയാണ് കുറച്ചുകാലമായി എന്‍റെ ദിവസങ്ങൾ തുടങ്ങുന്നത്. വെളിച്ചം വരുന്നതുവരെ വായിക്കുന്നു. പിന്നെ നിത്യജീവിതപ്പതിവുകൾ.
നടപ്പ്, പത്രം, ഫോൺ, നാട്ടുവിശേഷം, മുറ്റമടിക്കൽ, ചെടി നനയ്ക്കൽ, അടുക്കള സഹായം, അലക്കുസഹായം. അങ്ങനെയൊരു മലയാളി ജീവിതം. മക്കൾ വിവാഹിതരായി സ്വതന്ത്രരാകുകയും ഭാര്യ ജോലിക്ക് പോവുകയും ചെയ്യുന്നതുകൊണ്ട് അവധി ദിവസങ്ങളിലൊഴികെ ഈ വീട്ടിൽ ഏകാന്തത കുടിവെച്ച് പാർക്കുകയാണ്. ഒറ്റസന്താനമായി ജനിച്ച് വളർന്ന എന്നെ ഏകാന്തത മടുപ്പിക്കുകയല്ല രസിപ്പിക്കുന്നു. പുസ്തകങ്ങളിലെ ഒരാൾക്കൂട്ടമത്രയും എന്നോടൊപ്പമുണ്ട്. പത്തുമണിയോടെ തുടങ്ങുന്ന എഴുത്തും വായനയും രണ്ടുമണി വരെ തുടരും. ഇപ്പോഴും കൈപ്പടയിൽ എഴുതുകയാണ്. കമ്പ്യൂട്ടറിൽ ടൈപ് ചെയ്യുകയല്ല. കൈയക്ഷരവും മഷികളും പേനകളും എഴുത്തും വെട്ടും തിരുത്തുമെല്ലാം എന്നെ ആനന്ദിപ്പിച്ചുകൊണ്ടിരിക്കുന്നു. രണ്ടുമണിക്ക് ശേഷം ഏറ്റവും വലിയ ജീവിതാനന്ദങ്ങളിലൊന്നായ ഉച്ചയുറക്കം. വൈകുന്നേരങ്ങൾ കുടുംബത്തിനുള്ളതാണ്. രാത്രി എട്ടുമണിക്ക് ശേഷം പുസ്തകങ്ങളിലേക്ക് മടങ്ങും. മുഷിയുമ്പോൾ യൂട്യൂബിൽ പഴയകാല ക്രിക്കറ്റ് മത്സരങ്ങൾ കണ്ട് കൗമാരകാല ഹീറോകളെ വീണ്ടെടുത്ത് ചെറുപ്പക്കാരനായി മാറും. അത്യപൂർവമായി പ്രേംനസീറിലേക്കും മടങ്ങിപ്പോകും. ഉറങ്ങാൻ കിടക്കുമ്പോൾ ക്രൈം നോവലുകൾ വായിക്കും.
-ക്രൈം നോവലിനെപ്പറ്റി താങ്കൾ ഗൗരവമായി എഴുതിയിട്ടുണ്ട്. ‘ഇരുൾസന്ദർശനങ്ങൾ’ എന്ന പുസ്തകവുമുണ്ട്. എന്താണ് കുറ്റാന്വേഷണ കഥയോട് ഇത്ര പ്രിയം?
‘ഇരുൾ സന്ദർശനങ്ങളു’ടെ ആമുഖത്തിലെഴുതിയ ആദ്യവരി തന്നെ ആവർത്തിക്കാം. അന്വേഷണത്തിന്‍റെ സങ്കീർണതയും സന്ദിഗ്ധതയും ഉദ്വേഗവും അനുഭവിക്കുന്നവർക്ക് കുറ്റാന്വേഷണ കഥ ഒരൽപം ആശ്വാസം വാഗ്ദാനംചെയ്യുന്നുവെന്നാണ് എന്‍റെ അനുഭവം. എന്തുകൊണ്ട്, എങ്ങനെ എന്നൊക്കെ ആരായുന്നവർക്ക് കിട്ടുന്ന ഈ ആശ്വാസത്തെ കുറ്റാന്വേഷണ കഥയുടെ അതിഭൗതിക സാന്ത്വനം എന്നാണ് ഉംബർതോ എക്കോ വിളിച്ചത്. സാഹിത്യ നിരൂപകനായ എക്കോയുടെ പ്രസിദ്ധങ്ങളായ നോവലുകൾ കുറ്റാന്വേഷണ കഥാ മാതൃകയിലുള്ളതുമാണ്.
വിനോദിപ്പിക്കുകയും അതേസമയം അതിഭൗതിക സാന്ത്വനം തരുകയും ഗവേഷണത്തെ ഉദ്ദീപിപ്പിക്കുകയും അഭേദ്യമായ കൂടുതൽ നിഗൂഢതകളെ ചോദ്യംചെയ്യാനുള്ള ഒരു മാതൃക നൽകുകയും അങ്ങനെ പണ്ഡിതരുടെ ദൗത്യത്തിന് വിലയേറിയ സഹായമായിത്തീരുകയും ചെയ്യുന്ന വായനാനുഭവമാണതെന്ന് എക്കോ പറഞ്ഞിട്ടുണ്ട്. സാഹിത്യ നിരൂപകർ പൊതുവെ കുറ്റാന്വേഷണ കഥകളുടെ ഇഷ്ടക്കാരാണ്. മലയാളത്തിൽ എം.പി. പോളും സുകുമാർ അഴീക്കോടും ഉദാഹരണം. ഫ്രഞ്ച് എഴുത്തുകാരൻ മൊറീസ് മറീൽബ്ലോങ് എഴുതിയ അർസേൻ ല്യുപാങ് കഥകൾ 1930ൽ എം.പി. പോൾ മലയാളത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഷെർലക് ഹോംസ് കൃതികൾ സമ്പൂർണമായി ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ മുൻകുറിപ്പെഴുതിയത് അഴീക്കോടും പിൻകുറിപ്പെഴുതിയത് ഞാനുമായിരുന്നു. നിരൂപകരായ ജൂലിയ ക്രിസ്റ്റേവയും ഫ്രാങ്ക് ലെൻട്രിച്ചിയയും ക്രൈം നോവലുകൾ എഴുതിയിട്ടുണ്ട്. സെസിൽ ഡേ ലൂയിസാണ് നിക്കൊളാസ് ബ്ലേക്ക് എന്ന പേരിൽ കുറ്റാന്വേഷണ കൃതികൾ എഴുതിയത്. ഇപ്പോൾ ജീവിച്ചിരിക്കുന്ന ഐറിഷ് നോവലിസ്റ്റ് ജോൺ ബാൻവിൽ ക്രൈം നോവലുകൾ എഴുതുന്നത് ബെഞ്ചമിൻ ബ്ലാക് എന്ന പേരിലാണ്. സത്യജിത് റായിയുടെ ഫെലുദാ കഥകൾ അറിയാമല്ലോ. ബോർഹസും ഗ്രയേം ഗ്രീനുമെല്ലാം ഈ മേഖലയിൽ കൈവെച്ചിട്ടുണ്ട്. ഉയർന്ന നിലവാരമുള്ളതും പരീക്ഷണാത്മകവുമായ കുറ്റാന്വേഷണ നോവലുകളാണ് രാത്രി വായനക്കായി ഞാൻ തിരഞ്ഞെടുക്കുന്നത്. അവ എന്‍റെ ആലോചനകളെയും വിശകലന സ്വഭാവത്തെയും ഉദ്ദീപിപ്പിക്കുന്ന കേവലാനന്ദങ്ങളാണ്.

