‘അത് തിരുത്തി മുന്നോട്ടു പോകാൻ ഇനിയും സമയമുണ്ട് ’

സി.പി.എമ്മിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനുമായി നടത്തിയ ദീർഘസംഭാഷണത്തിന്റെ മൂന്നാം ഭാഗം. ആദ്യഭാഗം ‘കാൽചുവട്ടിെല ചുവന്ന മണ്ണ്’ എന്ന തലക്കെട്ടിൽ ‘മാധ്യമം വാർഷികപ്പതിപ്പ് 2025’ൽ പ്രസിദ്ധീകരിച്ചിരുന്നു. തന്റെ രാഷ്ട്രീയ ചരിത്രവഴികളെപ്പറ്റി തുറന്നുപറയുന്ന ജി. സുധാകരൻ തന്റെ ഇപ്പോഴത്തെ നിലപാടുകളും ചിന്തകളും മറച്ചുവെക്കുന്നില്ല. പാർട്ടി അമ്പേ പരാജയപ്പെട്ട പശ്ചിമ ബംഗാളിൽ കണ്ട പല ലക്ഷണങ്ങളും ഇപ്പോൾ കേരളത്തിലെ സി.പി.എമ്മിലും കണ്ടുവരുന്നു. അദാനിയെ വേദിയിലിരുത്തി തങ്ങളുടെ പങ്കാളിയാണ് എന്ന് ഒരു കമ്യൂണിസ്റ്റ് മന്ത്രി പറഞ്ഞില്ലേ?അതൊക്കെ പറയുന്ന വ്യക്തികളുടെ അറിവു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
സി.പി.എമ്മിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനുമായി നടത്തിയ ദീർഘസംഭാഷണത്തിന്റെ മൂന്നാം ഭാഗം. ആദ്യഭാഗം ‘കാൽചുവട്ടിെല ചുവന്ന മണ്ണ്’ എന്ന തലക്കെട്ടിൽ ‘മാധ്യമം വാർഷികപ്പതിപ്പ് 2025’ൽ പ്രസിദ്ധീകരിച്ചിരുന്നു. തന്റെ രാഷ്ട്രീയ ചരിത്രവഴികളെപ്പറ്റി തുറന്നുപറയുന്ന ജി. സുധാകരൻ തന്റെ ഇപ്പോഴത്തെ നിലപാടുകളും ചിന്തകളും മറച്ചുവെക്കുന്നില്ല.
പാർട്ടി അമ്പേ പരാജയപ്പെട്ട പശ്ചിമ ബംഗാളിൽ കണ്ട പല ലക്ഷണങ്ങളും ഇപ്പോൾ കേരളത്തിലെ സി.പി.എമ്മിലും കണ്ടുവരുന്നു. അദാനിയെ വേദിയിലിരുത്തി തങ്ങളുടെ പങ്കാളിയാണ് എന്ന് ഒരു കമ്യൂണിസ്റ്റ് മന്ത്രി പറഞ്ഞില്ലേ?
അതൊക്കെ പറയുന്ന വ്യക്തികളുടെ അറിവു കുറവാണ്, പ്രത്യയശാസ്ത്രബോധമില്ലായ്മയാണ്.
അപ്പോൾ ഇതൊന്നും ഇല്ലാത്ത ആളുകളാണോ മുകളിൽ വരുന്നത്?
അതേ, കുറച്ചുപേർ വന്നിട്ടുണ്ട്. അതുകൊണ്ട് എല്ലാവരും അങ്ങനെയാണെന്ന് പറയാൻ പറ്റില്ല. ബംഗാളിലെ സ്ഥിതി ഇതൊന്നുമല്ലായിരുന്നു. താഴെയും മീതെയുമായി ഒരു ബന്ധവുമില്ലാതായി. ഇവിടത്തെ ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിമാരൊന്നും അങ്ങനെയല്ല. നാട്ടിൽ ജനങ്ങളുമായി ബന്ധമുള്ളവർ ഉള്ളതുകൊണ്ടാണ് പാർട്ടി കേരളത്തിൽ നിലനിൽക്കുന്നത്. ബംഗാളിൽ അതൊക്കെ അറ്റുപോയ ദുരന്തമാണ് സംഭവിച്ചത്.
പാർട്ടിപ്പണി എന്ന ഉദ്യോഗം...
പാർട്ടി അധികാരത്തിൽ വരുന്നതോടെ, ആ അധികാരം സ്ഥിരപ്പെടുന്നതോടെ എല്ലാ പാർട്ടിക്കാരും വിവിധതരം ഉദ്യോഗങ്ങളിൽ കയറും. എന്നാൽ, ഈ പാർട്ടി ഉദ്യോഗക്കാർക്കപ്പുറം പൊതുജനങ്ങൾ പാർട്ടിയിൽ കുറഞ്ഞുവരുന്നു എന്നതല്ലേ അനുഭവം?
അത്തരമൊരു ട്രെൻഡ് മുമ്പില്ലാത്തതാണ് എന്നത് ശരി. അത് തിരുത്തി മുന്നോട്ടുപോകാൻ ഇനിയും സമയമുണ്ട്. ഇത്തരം കുഴപ്പങ്ങളൊന്നുമില്ലാത്ത ജില്ലയായിരുന്ന ആലപ്പുഴയുടെ കാര്യമെടുക്കാം. അവിടെ അടിസ്ഥാന വർഗത്തിൽനിന്നൊക്കെ ഉയർന്നുവന്ന ആളുകളുണ്ട്. അതിലൊരാൾ ഏരിയ സെക്രട്ടറിയാകുന്നതോടെ അലവൻസുള്ള പാർട്ടി ഉദ്യോഗസ്ഥനായി മാറുന്നു. പിന്നീട് ജില്ലാ സമിതി അംഗം എന്ന നിലക്ക് മറ്റൊരു അലവൻസായി പതിനായിരം രൂപയോളം കിട്ടും. വിശേഷ ദിവസങ്ങളിൽ ബോണസും മറ്റുമായി കാശ് വേറെയും. കൺസ്യൂമർഫെഡ് പോലുള്ള സ്ഥാപനങ്ങളിൽ ഡയറക്ടർ ബോർഡ് അംഗമാകുമ്പോൾ അതിന്‍റെ ആനുകൂല്യങ്ങൾ കൂടിയാകും. ഭാര്യക്ക് കുടുംബശ്രീയുടെ ബ്ലോക്ക് ചെയർപേഴ്സൻ സ്ഥാനം കിട്ടിയാൽ പതിനായിരം രൂപ അങ്ങനെയും വരും. മകന് കോഓപറേറ്റിവ് സൊസൈറ്റിയിൽ ജോലി. സകല പേർക്കും വരുമാനം. ഇങ്ങനെ പാർട്ടിയിൽ മുമ്പു നടക്കുന്ന കാര്യമാണോ?
മണ്ഡലത്തിൽ രണ്ടായിരത്തോളം പാർട്ടി മെംബർമാരുള്ളതിൽ തൊണ്ണൂറു ശതമാനത്തിനും വരുമാനമില്ലാതെ നടക്കുമ്പോഴാണ് ഇത്തരത്തിൽ ചിലർ സ്ഥാനമാനങ്ങൾ ഒപ്പിച്ചെടുക്കുന്നത്. പാർട്ടിക്ക് വലിയ സംഭാവനകളൊന്നും ഇവരാരും നൽകുന്നില്ല. ഇവരൊക്കെ വല്ലതും പറഞ്ഞാൽ ജനം അംഗീകരിക്കില്ല. കാരണം, അവരൊക്കെ സ്വന്തം കാര്യം സാധിച്ചെടുത്തവരായാണ് ജനം കാണുന്നത്. കൺമുന്നിലുള്ള ഉദാഹരണം പറഞ്ഞെന്നേയുള്ളൂ. ആലപ്പുഴയിൽ ഇങ്ങനെയാണെങ്കിൽ മറ്റു ജില്ലകളിൽ എങ്ങനെയായിരിക്കും? അപ്പോൾ പിന്നെ വോട്ടു കുറയില്ലേ? വലിയൊരു വിഭാഗത്തിന്‍റെ വോട്ട് പാർട്ടിക്കു വീഴാതെ പോകുന്നു എന്നു നേരത്തേ പറഞ്ഞില്ലേ, അതൊക്കെ ഇതിന്റെ ഫലമായിട്ടാണ്. ഇതുപോലെ നൂറ് ഉദാഹരണങ്ങൾ. ഇതൊക്കെ ശ്രദ്ധിക്കണമെന്നും ഇതൊന്നും പാടില്ല എന്നുമാണ് പാർട്ടി രേഖ. പാർട്ടി നിരാകരിച്ച കാര്യങ്ങളാണീ ചെയ്യുന്നതൊക്കെ. പാർട്ടി രേഖ പ്രകാരമാണ് ഇതൊന്നും പാടില്ല എന്നു ഞാൻ പറയുന്നത്.
പാർട്ടി രേഖയെ നിരാകരിച്ച് ഞങ്ങൾ പാർട്ടിക്കാരാണ് എന്നു പറഞ്ഞു നടക്കുന്നവരെ ജനങ്ങളും നിരാകരിക്കും. പക്ഷേ, ബംഗാളിൽ സ്ഥിതി അതായിരുന്നില്ല. അവിടെ പെട്ടെന്നാണ് കാര്യങ്ങൾ കൈവിട്ടുപോയത്. നാനൂറിനടുത്ത് എം.എൽ.എമാരുണ്ടായിരുന്ന നിയമസഭയിൽ ഒരു സീറ്റുപോലും കിട്ടാതെ പോയി. ഒരു സീറ്റുപോലും കിട്ടിയില്ല എന്നു പറഞ്ഞാൽ അത്ര നിസ്സാരമാണോ? അങ്ങനെയൊരു അവസ്ഥ കേരളത്തിലില്ല. അവിടെ മറ്റെന്തൊക്കെയോ സംഭവിച്ചു. കമ്യൂണിസ്റ്റുകാർ ചെയ്യാൻ പാടില്ലാത്തത് എന്തൊക്കെയോ അവർ അവിടെ ചെയ്തു. കേരളത്തിലുള്ള നമുക്കൊന്നും ഒരു പിടിപാടുമില്ല, അവർ എന്താണ് അവിടെ കാട്ടിക്കൂട്ടിയത് എന്ന്. എഴുപതുകളിൽ അവിടെ ചെല്ലുമ്പോൾ ഹീറോയിക് ആയ അവരുടെ നിലപാടുകളോടുള്ള ആദരവായിരുന്നു മനസ്സു നിറയെ. ആ അനുഭവം വ്യത്യാസപ്പെട്ടു. അതുപോലെ ത്രിപുര. അറുപതു സീറ്റുകളിൽ അമ്പത്തെട്ടും ഇടതുപക്ഷമായിരുന്നു. ഒരു ആർ.എസ്.പിയും ഒരു സി.പി.ഐയും കഴിച്ചാൽ അമ്പത്താറ് സീറ്റിൽ സി.പി.എം ആണ്. അധികാരം പോയി. എന്നാൽ ഇപ്പോഴും അവിടെ പതിനാറ് സീറ്റുണ്ട്. ബംഗാളിൽ ഒന്നുമില്ലാത്തപ്പോഴാണിത്. പാവപ്പെട്ട ആദിവാസി, ഗോത്രജനത പാർട്ടിക്കു വോട്ടു ചെയ്യും.
അവിടെ നൃപൻ ചക്രവർത്തിയും മണിക് സർക്കാറുമൊക്കെ ഉണ്ടാക്കിയെടുത്ത ഒരു ഇമേജ് ഉണ്ട്?
പക്ഷേ, മണിക് സർക്കാറിന്‍റെ കാലത്താണ് അവിടെ അധികാരം നഷ്ടപ്പെട്ടത്. അദ്ദേഹം കാരണമാണ് പോയത്. ഞാൻ ഇവിടെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ അദ്ദേഹം അവിടെ സെക്രട്ടറിയാണ്. പിന്നീട് സംസ്ഥാന സെക്രട്ടറിയായി, പോളിറ്റ് ബ്യൂറോ അംഗമായി. തുടർന്ന് മുഖ്യമന്ത്രിയായി. പക്ഷേ, പാർട്ടിയെ സംസ്ഥാനത്ത് പിടിച്ചുനിർത്താനായില്ല. അഴിമതിയാരോപണമൊന്നും അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ടിട്ടില്ല. അവിടെ ത്യാഗിയായൊരു നേതാവായിരുന്നു നൃപൻ ചക്രവർത്തി. ബർമൻ എന്ന മറ്റൊരു നേതാവുണ്ടായിരുന്നു. ഗോത്രവർഗക്കാർക്കിടയിൽ വലിയ സ്വാധീനമായിരുന്നു. അദ്ദേഹത്തെ മുഖ്യമന്ത്രിയൊന്നുമാക്കിയില്ല. ആദിവാസികൾക്കിടയിൽ ബർമനും മൊത്തം ജനങ്ങൾക്കിടയിൽ നൃപൻ ചക്രവർത്തിയും. ഇതിഹാസങ്ങൾ പാർട്ടിയെ നയിച്ചിരുന്ന കാലത്തെ ജനപിന്തുണ പിന്നീട് ആർജിക്കാൻ കഴിയാത്തത് ആ ഇതിഹാസങ്ങളുടെ ചെറുപതിപ്പുകൾ പിന്നീട് ഉണ്ടാവാത്തതു കൊണ്ടല്ലേ? വി.എസ് പോയ വഴിയെ പോകാനാളുണ്ടെങ്കിൽ നല്ല നേതാക്കൾ ഇനിയുമുണ്ടാകും. പ്രസ്ഥാനത്തിന് ഭാവിയുണ്ടാകും.
ആ വഴിയിൽ മർദനമുണ്ട്, വെടിവെപ്പുണ്ട്, ത്യാഗമുണ്ട്. അതിന് ധൈര്യം വേണം, കഷ്ടപ്പെടണം. അപ്പോൾ ലിബറലൈസേഷന്‍റെ ഗുണങ്ങളൊന്നും അനുഭവിക്കാൻ പറ്റില്ല. എത്ര ഉന്നതമായ സ്ഥാനത്തെത്തിയിട്ടും വി.എസ് അദ്ദേഹത്തിന്‍റെ വെളുത്ത ഉടുപ്പ് മാറ്റിയോ? ഇപ്പോൾ കളർഫുൾ ഉടുപ്പൊക്കെയിട്ട് ടി.വിയിൽ നേതാക്കന്മാരെയും മന്ത്രിമാരെയും കണ്ടിട്ടില്ലേ? ചുകപ്പ്, പച്ച, മഞ്ഞ... വെളുപ്പ് കാണാനുണ്ടോ? രാഷ്ട്രീയക്കാരന്‍റെ യൂനിഫോം വെള്ളയാണ്. വി.എസും പിണറായിയും നായനാരുമൊക്കെ എന്നും വെള്ളയായിരുന്നില്ലേ?
തത്ത്വങ്ങൾ വിട്ട് ലിബറലൈസേഷനു പിറകെ പാർട്ടി വിദ്യാഭ്യാസത്തിനുള്ള സംവിധാനവും പരിപാടിയുമൊന്നും നിലവിലില്ലേ?
എല്ലാമുണ്ട്, ഒന്നിനും ഒരു കുറവുമില്ല. ലിബറലൈസേഷൻ സംസ്കാരം കയറിപ്പിടിച്ചു കഴിഞ്ഞാൽ പിന്നെ അതിനു പിറകെ തന്നെ പോകും. അതെങ്ങനെ നേടിയെടുക്കാം എന്നതായിരിക്കും ചിന്ത. ന്യായമായ തരത്തിൽ തൊഴിലെടുത്ത് ആദായമുണ്ടാക്കി ജീവിതസൗകര്യമൊരുക്കുന്നതിൽ തെറ്റില്ല. അത്യാവശ്യം ഭൂസ്വത്തുള്ളവൻ അത് കളയണമെെന്നാന്നും ആരും പറയുന്നില്ല. എന്നാൽ, ഒന്നുമില്ലാതെ വന്ന് രാഷ്ട്രീയത്തിൽനിന്നു വലിയ സൗകര്യമൊക്കെയുണ്ടാക്കുക, മക്കളെയൊക്കെ വിദേശത്തടക്കം വലിയ ഇംഗ്ലീഷ് സ്ഥാപനങ്ങളിൽ വിട്ട് പഠിപ്പിക്കുക, വലിയ വാഹനങ്ങളിൽ സഞ്ചരിക്കുക, അതെന്തു പരിപാടിയാണ്? ഒരു മീഡിയം റേഞ്ച് ഓഫ് ലൈഫേ പാർട്ടി അംഗീകരിക്കുന്നുള്ളൂ. അത്ര വലിയ ആഡംബരജീവിതം വകവെച്ചുകൊടുക്കുന്നില്ല. അത് ഓരോരുത്തരും സ്വയം ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതുമാണ്. അതേക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ടിരിക്കണം. അപ്പോഴേ പൊതുബോധമുണ്ടാകൂ; പാർട്ടി ശക്തിപ്പെടുകയുള്ളൂ. പാർട്ടി അംഗീകരിച്ച കാര്യം ചിലർ നടപ്പിലാക്കാതെ വരുമ്പോൾ പേരു പറയാതെ തന്നെ പാർട്ടി രീതിക്ക് എതിരാണ് ഇത്തരം കാര്യങ്ങൾ എന്നു പറഞ്ഞാൽ അതിനോടാണ് എതിർപ്പ്. അങ്ങനെ പറയാൻ പാടില്ല.

വി.എസ്. അച്യുതാനന്ദൻ,പി. കൃഷ്ണപിള്ള
തത്ത്വം പറയുന്നതിന് പാർട്ടി എതിരാണെന്നോ?
തത്ത്വം പറയുന്നതിനോടാണ് എതിര്. തത്ത്വം ലംഘിക്കുന്നത് പാർട്ടിക്ക് അനുകൂലം. അങ്ങനെയൊരു ചിന്താഗതി വന്നുചേർന്നിരിക്കുന്നു. ഞാൻ അത് നേരിട്ടുകൊണ്ടിരിക്കുകയാണ്. എനിക്ക് കാര്യങ്ങളറിയുന്നതുകൊണ്ട് പറയാതിരിക്കാൻ പറ്റുമോ? അറിയാത്തവനാണെങ്കിൽ താഴ്ന്നുകൊടുക്കും. ഇതൊക്കെ പാർട്ടിയിലെ പുതിയ പ്രതിഭാസങ്ങളാണ്. ഗോവിന്ദൻ മാഷിന് ഇതൊക്കെ നേരിടേണ്ട സ്ഥിതിയാണ്. അദ്ദേഹം കുറച്ചു കാര്യങ്ങൾ മനസ്സിലാക്കിയ സഖാവാണ്. ഇതൊക്കെ തിരുത്താനുള്ള സംവിധാനം പാർട്ടിക്ക് അകത്തുണ്ട്.
പതിറ്റാണ്ട് ആറും കടന്ന പാർട്ടി ജീവിതം
കേരളത്തിന് ഏറെ കഷ്ടപ്പാടുകളും പ്രയാസങ്ങളും നിറഞ്ഞ വറുതിക്കാലമായിരുന്നു അറുപതുകൾ എന്നു പറയാം. കാർഷിക സംസ്ഥാനമായി എണ്ണപ്പെടുന്ന കേരളത്തിൽ ആലപ്പുഴ, പ്രത്യേകിച്ച് കുട്ടനാട് കൃഷിയിൽ കരുത്തോടെ നിൽക്കുന്നുണ്ട് അന്നും. അവിടെ തന്നെയാണ് കർഷകരുടെയും തൊഴിലാളികളുടെയും പ്രസ്ഥാനമായ കമ്യൂണിസ്റ്റ് പാർട്ടി പടർന്നു പന്തലിക്കുന്നത്. ആ ഭൂതകാലത്തെ സഖാവ് എങ്ങനെയാണ് ഓർത്തെടുക്കുന്നത്?
ഞാൻ അറുപത്തിരണ്ടു വർഷത്തെ പാർട്ടിജീവിതം പൂർത്തിയാക്കിക്കഴിഞ്ഞു. പ്രത്യയശാസ്ത്രപരവും മറ്റുമായ കാരണങ്ങളാൽ പാർട്ടി രണ്ടായിത്തീരുന്നതിനു തൊട്ടുമുമ്പുള്ള വർഷമാണ് എന്‍റെ പാർട്ടിപ്രവർത്തനം ആരംഭിക്കുന്നത്. അന്നു ഞാൻ എസ്.എസ്.എൽ.സിക്കു പഠിക്കുകയാണ്. ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്തുള്ള പഞ്ചായത്തായ വള്ളികുന്നത്താണ് സ്കൂൾ. തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ, തോപ്പിൽ കൃഷ്ണപിള്ള, കെ.പി.എ.സി സുലോചന, പുതുശ്ശേരി രാമചന്ദ്രൻ എന്നിവരുടെയൊക്കെ നാടാണ് അത്. ഉപന്യാസമെഴുത്ത്, പ്രസംഗം എന്നിവയൊക്കെ കുറച്ചുണ്ട്. പ്രസ്ഥാനത്തിന്‍റെ സാഹിത്യങ്ങൾ വരുന്നതൊക്കെ വായിക്കുന്ന ശീലമുണ്ട്. ആ പ്രദേശത്തുള്ള സഖാക്കളും അവിടത്തെ എയ്ഡഡ് സ്കൂളിലെ അധ്യാപകരായിരുന്ന ഒന്നാന്തരം പ്രഭാഷകനായിരുന്ന കറ്റാനം ഗോപി സാർ, ഭാസ്കരൻ പിള്ള സാർ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളുമായൊക്കെ ബന്ധമുണ്ട്. അവരുടെയൊക്കെ പ്രേരണയിൽ ഭരണഘടന ചട്ടപ്രകാരം പതിനെട്ടു വയസ്സു വേണമെന്നിരിക്കെ തന്നെ എസ്.എസ്.എൽ.സിക്കു പഠിക്കുമ്പോൾ ഞാൻ പാർട്ടിയിൽ അംഗത്വമെടുത്തു, 1960ൽ. അടുത്ത വർഷം പാർട്ടി രണ്ടായി. സി.പി.എമ്മിലേക്കാണ് സഖാക്കൾ എന്നെ കൂട്ടിയത്. പ്രത്യയശാസ്ത്രപരമായി വലിയ ബോധമുള്ള കാലമൊന്നുമല്ലല്ലോ അത്. എന്നാൽ ആ കാലത്തു തന്നെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിരുന്നു.
താമരക്കുളം പഞ്ചായത്തിൽ ഞാൻ താമസിക്കുന്നതിനടുത്ത് ഒരു കൈരളി വായനശാലയുണ്ടായിരുന്നു. എൽ.പി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന അച്ഛന്‍റെ സഹോദരനായിരുന്നു വായനശാലയുടെ പ്രസിഡന്‍റ്. അദ്ദേഹം എന്നെ കൈരളി വായനശാലയിൽ കൊണ്ടുപോകും. അവിടെനിന്നാണ് മാനിഫെസ്റ്റോയുടെ മലയാള പരിഭാഷ കാണുന്നതും എടുത്തുവായിക്കുന്നതും. കാവ്യാത്മകമായിരുന്നു അതിന്‍റെ ഭാഷ. ചെറിെയാരു ഗ്രന്ഥമാണെങ്കിലും ലോകത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ആശയങ്ങളും ആഹ്വാനങ്ങളുമാണതിൽ കണ്ടത്. ഒരു കവിത പോലെ മനോഹരമായ അതിന്‍റെ ഭാഷയാണ് എന്നെ ആകർഷിച്ചത്.

പുന്നപ്ര രക്തസാക്ഷി മണ്ഡപം
കോളജും എസ്.എഫ്.ഐ കാലവും
സ്കൂൾ വിട്ടശേഷം പന്തളം കോളജിൽ പോയി നാലു വർഷം പഠിച്ചു. അന്ന് പന്തളം കോളജിൽ വിദ്യാർഥി പ്രസ്ഥാനങ്ങളോ സംഘടനാ രാഷ്ട്രീയമോ ഇല്ല. നെഹ്റു ഹൗസ്, ഗാന്ധി ഹൗസ്, ടാഗോർ ഹൗസ്, നേതാജി ഹൗസ് എന്നിങ്ങനെ മൊത്തം വിദ്യാർഥികളെ നാലു ഗ്രൂപ്പുകളിലായി തിരിക്കും. ഞാൻ നെഹ്റു ഹൗസിന്‍റെ ചെയർമാനായിരുന്നു. മൂവായിരം വിദ്യാർഥികളുള്ള കോളജായിരുന്നു. അപ്പോൾ ഓരോ ഗ്രൂപ്പിലും 750 വിദ്യാർഥികൾ വീതമുണ്ടാകും. ബി.എക്ക് സെക്കൻഡ് ലാംഗ്വേജ് മലയാളം എടുത്ത ഞാൻ മലയാളം അസോസിയേഷന്റെ സെക്രട്ടറിയുമായിരുന്നു. ഇംഗ്ലീഷ് ഐച്ഛിക വിഷയമായിരുന്നതിനാൽ ഇംഗ്ലീഷ് അസോസിയേഷന്‍റെയും സെക്രട്ടറിയായി.
യൂനിയൻ ഉദ്ഘാടനത്തിനായി ജി. ശങ്കരക്കുറുപ്പിനെ ആലുവയിലുള്ള അദ്ദേഹത്തിന്‍റെ വീട്ടിൽ പോയി കാറിൽ വിളിച്ചു കൊണ്ടുവന്നതും കോട്ടയത്തെത്തിയപ്പോൾ അദ്ദേഹം പതിവായി കയറുന്ന കോഫി ഹൗസിൽ കയറി കാപ്പി കുടിച്ചതുമൊക്കെ ഇന്നും അഭിമാനത്തോടെ ഓർമയിൽ സൂക്ഷിക്കുന്ന കാമ്പസ് സ്മൃതികളാണ്. വിദ്യാർഥി രാഷ്ട്രീയമില്ലെങ്കിലും വിദ്യാർഥികൾക്കിടയിലെ മറ്റു പൊതുസംഘടന പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലുമെല്ലാം സജീവമായി പങ്കെടുത്തിരുന്നു. എന്‍റെ പ്രദേശത്തെ ബ്രാഞ്ചിലായിരുന്നു പാർട്ടി പ്രവർത്തനം. എസ്.എഫ്.ഐയിലല്ല സി.പി.എം അംഗമായിട്ടായിരുന്നു പ്രവർത്തനം. വള്ളികുന്നം ഹൈസ്കൂളിൽ പ്രസംഗിക്കാനും പ്രവർത്തിക്കാനുമുള്ള മിടുക്ക് കണ്ട് എനിക്ക് നേരിട്ട് പാർട്ടി അംഗത്വം ലഭിച്ചതായിരുന്നല്ലോ.
കാമ്പസ് രാഷ്ട്രീയമില്ലാത്ത സാഹചര്യത്തിൽ അന്ന് എസ്.എഫ്.ഐയുടെ പ്രധാന പ്രവർത്തനങ്ങൾ എന്തായിരുന്നു?
വിദ്യാർഥികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം തന്നെ പ്രധാന പരിപാടി. സ്കൂൾ തുറക്കുമ്പോൾ പാഠപുസ്തകങ്ങളുടെ കുറവ്, പഠനസൗകര്യങ്ങളിലെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങളുന്നയിച്ച് അവകാശപത്രിക വെച്ച് ശക്തമായ പ്രക്ഷോഭം നടത്തും. ബിരുദപഠനം കഴിഞ്ഞ് പിന്നെ പി.ജിക്ക് ഇംഗ്ലീഷ് എടുത്തു പഠിക്കാനായി കൊല്ലത്തുപോയി. അവിടത്തെ അധ്യാപകരുടെ പേരു കേട്ടാണ് ഞാൻ പോയത്. ഷേക്സ്പിയർ വേലായുധൻ നായർ എന്ന അധ്യാപകന് ഷേക്സ്പിയറുടെ മുഴുവൻ നാടകങ്ങളും കാണാപാഠമാണ്. ‘ഒഥല്ലോ’ ഒക്കെ പഠിപ്പിക്കുമ്പോൾ ടെക്സ്റ്റ് ബുക്ക് ഒന്നും അദ്ദേഹത്തിന് കൈയിൽ വേണ്ട. ക്ലാസിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഘനഗംഭീരമായ ഇംഗ്ലീഷ് ഭാഷയിൽ വള്ളിപുള്ളി വിടാതെ പാഠഭാഗങ്ങൾ അഭിനയിച്ചു തീർക്കുന്നതായിരുന്നു രീതി.
ലിംഗ്വിസ്റ്റിക്സിൽ വിദഗ്ധനായ വാസുദേവകിയൻ, മലയാളം വകുപ്പിലാണ് കെ.പി. അപ്പൻ ഉണ്ടായിരുന്നത്. പിന്നെ ചന്ദ്രശേഖരൻ സാറ്, കോഴിക്കോടും കേരളയിലുമൊക്കെ പ്രോവൈസ് ചാൻസലർമാരായ ഡോ. ബലരാമൻ, ഡോ. രാജഗോപാൽ, ആസൂത്രണ ബോർഡിൽ അംഗമായിരുന്ന മാത്യു കുര്യൻ തുടങ്ങി പ്രശസ്തരായ അധ്യാപകരാണ് അന്നുണ്ടായിരുന്നത്. പ്രിൻസിപ്പൽ ഡോ. ശ്രീനിവാസനും അറിയപ്പെടുന്ന അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു. ആർ. ശങ്കറാണ് മാനേജർ. അന്ന് കേരളത്തിൽ ഏറ്റവും അറിയപ്പെടുന്ന കോളജുകളിലൊന്നാണ് എസ്.എൻ കോളജ്. അവിടെ ചേർന്നപ്പോൾ എന്‍റെ അംഗത്വം കൊല്ലത്തേക്ക് മാറി. അതോടെ കാമ്പസിൽ കെ.എസ്.എഫിന്‍റെ പ്രവർത്തകനായി. കൊല്ലം ജില്ലയിൽ പ്രസിഡന്‍റും സെക്രട്ടറിയുമായി. അങ്ങനെയിരിക്കെയാണ് 1970ൽ എസ്.എഫ്.ഐ രൂപവത്കരിക്കുന്നത്. അഖിലേന്ത്യ വൈസ് പ്രസിഡന്‍റ്, സംസ്ഥാനത്ത് വിവിധ കാലയളവുകളിൽ പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങളൊക്കെ വഹിച്ചു. 1975ൽ എം.എ. ബേബിയെ പ്രസിഡന്‍റ് പദം ഏൽപിച്ചു ഞാൻ ആലപ്പുഴയിലേക്കു പോന്നു. അന്നു മുതൽ ആലപ്പുഴയാണ് കർമമണ്ഡലം.
പാടത്തുനിന്ന് പള്ളിക്കൂടത്തിലേക്ക്
ഞങ്ങളുടെ നാട്ടിൽ കർഷകരും കർഷകത്തൊഴിലാളികളും മാത്രമാണുണ്ടായിരുന്നത്. വലിയ കർഷകരായ ജന്മിമാരൊന്നും താമരക്കുളത്ത് എന്‍റെ വാർഡിലുണ്ടായിരുന്നില്ല. പഞ്ചായത്തിൽ മൂന്നോ നാലോ ജന്മിമാരുണ്ടായിരുന്നു. വയലിൽ കൃഷിപ്പണിയിൽ കുട്ടികളായ ഞങ്ങളും സജീവമായുണ്ടാകും. രാവിലെ തന്നെ വയലിൽ പണിക്കിറങ്ങി അധ്വാനിച്ച ശേഷമാണ് ഒമ്പതരയോടെ സ്കൂളിലേക്ക് പോകുന്നത്. എട്ടു-പത്തു വയസ്സു മുതലേ ഞങ്ങൾ കുട്ടികൾ ഇതെല്ലാം ചെയ്യുമായിരുന്നു. കർഷകത്തൊഴിലാളികളിൽ മഹാഭൂരിപക്ഷവും പിന്നാക്ക സമുദായത്തിൽപെട്ടവരാണ് -പട്ടികജാതി/ പട്ടികവർഗക്കാർ. നായർ കുടുംബങ്ങളിൽനിന്നു തുച്ഛം പേരേ കൃഷിത്തൊഴിൽ ചെയ്യാൻ പോയിരുന്നുള്ളൂ. പലരും പുരയിടം കിളക്കാനും കൂലിപ്പണിക്കുമൊക്കെ പോകും. മറ്റുള്ളവരുടെ വയലുകളിൽ തൊഴിൽ ചെയ്തത് മുഖ്യമായും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ തന്നെ.
ചെറുപ്പം തൊട്ടേ അധ്വാനിച്ചു ജീവിച്ചുപോന്നവരാണ് ഞങ്ങൾ. അധ്വാനിക്കുന്നവരോട് ഒരു മതിപ്പും ബഹുമാനവും നേരത്തേയുള്ളതാണ്. അതിൽ ജാതി, മതഭേദമൊന്നും തോന്നിയിട്ടില്ല. കൊല്ലത്തിന്‍റെ അതിരിലായതുകൊണ്ട് അവിടെ കശുവണ്ടി കൃഷിയും മൂവായിരത്തോളം തൊഴിലാളികളുള്ള ഒരു കശുവണ്ടി ഫാക്ടറിയുമുണ്ടായിരുന്നു. അന്ന് ‘ജനയുഗം’ പത്രമാണ് തെക്കൻ കേരളത്തിൽ. ‘ദേശാഭിമാനി’ കോഴിക്കോട് മാത്രമേയുള്ളൂ. ‘ജനയുഗം’ കൈയിൽ പിടിച്ചു വായിച്ചുകൊണ്ടാണ് സ്ത്രീ തൊഴിലാളികൾ ഫാക്ടറിയിലേക്ക് പോയിരുന്നത്. ‘സഖാവ്’ എന്നു വിളിപ്പേരുള്ള ചുവന്ന ബ്ലൗസ് ധരിക്കുന്ന ഒരു വനിതയുണ്ടായിരുന്നു. എന്‍റെ അടുത്തുവന്ന് രാഷ്ട്രീയമൊക്കെ പറയും.
സ്ത്രീകൾക്ക് അത്രയും രാഷ്ട്രീയപ്രബുദ്ധത അന്നുണ്ടായിരുന്നു?
തീർച്ചയായും. ഇന്നത്തേക്കാൾ വളരെ കൂടുതലായിരുന്നു. അവർ കാണുന്നവരെ പിടിച്ചുനിർത്തി രാഷ്ട്രീയം പറയും. ആ ഭാഗത്ത് മൊത്തം കമ്യൂണിസ്റ്റുകാരായിരുന്നു. കമ്യൂണിസ്റ്റുകാരില്ലാത്ത വീട് നന്നേ കുറവാണ്. സ്വന്തമായി പുരയിടവും കൃഷിയുമൊക്കെയുള്ള നായർ കുടുംബത്തിലും പിന്നെ ക്രിസ്ത്യൻ കുടുംബങ്ങളിലുമായിരുന്നു കോൺഗ്രസുകാർ ഉണ്ടായിരുന്നത്. ഈ രണ്ടു പാർട്ടികളേ അന്നുണ്ടായിരുന്നുള്ളൂ.

മണിക് സർക്കാർ, നൃപൻ ചക്രവർത്തി
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ബീജാവാപം ആലപ്പുഴയിൽ എങ്ങനെയായിരുന്നു?
പി. കൃഷ്ണപിള്ളയാണ് ആലപ്പുഴയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അസ്തിവാരമിടുന്നത്. പിണറായി സമ്മേളനത്തിൽ വെച്ച് 1939ൽ കേരളത്തിലെ പാർട്ടി സ്ഥാപിച്ചതും അദ്ദേഹമാണല്ലോ. പി. കൃഷ്ണപിള്ള ഓണാട്ടുകരയിൽ വന്നിരുന്നു. അമ്പലപ്പുഴയിൽ കോമളപുരം ഭാഗെത്താക്കെ സജീവമായുണ്ടായിരുന്നു. കഞ്ഞിക്കുഴിയിലായിരുന്നല്ലോ അദ്ദേഹത്തിന്‍റെ ഒളിവുജീവിതം. ആലപ്പുഴ ക്യാമ്പ് ചെയ്ത് പുന്നപ്ര വയലാറിന് കളമൊരുക്കിയത് അദ്ദേഹമാണ്. വി.എസിനെ കൊണ്ടുവന്നതും കൃഷ്ണപിള്ളയാണ്. പൂഞ്ഞാറിലേക്ക് അദ്ദേഹത്തെ പ്രവർത്തനത്തിന് അയച്ചു. അവിടെനിന്നാണ് വി.എസ് അറസ്റ്റിലാകുന്നതും പീഡനമേൽക്കുന്നതും. തെങ്ങിന്‍റെയും കവുങ്ങിന്‍റെയും തടിയിൽനിന്നാണ് വാരിക്കുന്തമുണ്ടാക്കുന്നത്. അത് നിർമിക്കുക, ആളുകൾക്ക് എത്തിച്ചുകൊടുക്കുക തുടങ്ങിയ ജോലികളൊക്കെ ഏറ്റെടുത്തു നടത്തിയിരുന്നത് വി.എസ് ആയിരുന്നു.
സർ സി.പിയുടെ പട്ടാളമിറങ്ങി നരനായാട്ട് തുടങ്ങിയപ്പോൾ അവരെ നേരിടാനായിരുന്നു വാരിക്കുന്തം. കമിഴ്ന്നു കിടന്നു നീന്തിച്ചെന്ന് വാരിക്കുന്തവുമായി തോക്കേന്തിയ പട്ടാളത്തെയും പൊലീസിനെയുമൊക്കെ കുത്തിവീഴ്ത്തുകയായിരുന്നു. ഒരു എസ്.ഐയും നിരവധി പൊലീസുകാരും മരിച്ചു. നിരവധി സഖാക്കളെ വെടിവെച്ചു കൊന്നു. പുന്നപ്രയിൽ ഫൈറ്റ് ആയിരുന്നു. തോക്കും വാരിക്കുന്തവുമായുള്ള ഏറ്റുമുട്ടൽ. വയലാറിൽ നടന്നത് ഏകപക്ഷീയമായ വെടിവെപ്പാണ്. ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് അവിടെയാണ്. കൂട്ടക്കുരുതിയായിരുന്നു അത്. മറിച്ചൊന്നും ചെയ്യാനാവാത്ത തൊഴിലാളികളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു. വയലാറിൽ ചെല്ലുന്ന പാർട്ടി പ്രവർത്തകർക്ക് ഇന്നും വൈകാരികതയുണരുന്നത് ആ നിഷ്ഠുരവൃത്തി കൂടി മനസ്സിൽ തെളിയുമ്പോഴാണ്.