Begin typing your search above and press return to search.

പാർട്ടി മാറിയില്ല, പാർട്ടിക്കാർ മാറി

പാർട്ടി മാറിയില്ല, പാർട്ടിക്കാർ മാറി
cancel

സി.പി.എമ്മി​ന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ​ ജി. സുധാകരനുമായി നടത്തിയ ദീർഘസംഭാഷണത്തി​ന്റെ അവസാന ഭാഗം. ആദ്യഭാഗം ‘കാൽചുവട്ടി​െല ചുവന്ന മണ്ണ്​’ എന്ന തലക്കെട്ടിൽ ‘മാധ്യമം വാർഷികപ്പതിപ്പ്​ 2025’ൽ പ്രസിദ്ധീകരിച്ചിരുന്നു. ത​ന്റെ രാഷ്​ട്രീയ ചരിത്രവഴികളെപ്പറ്റി തുറന്നുപറയുന്ന ജി. സുധാകരൻ ത​ന്റെ ഇപ്പോഴത്തെ നിലപാടുകളും ചിന്തകളും മറച്ചുവെക്കുന്നില്ല. സാധാരണക്കാരായ കർഷകത്തൊഴിലാളികൾക്ക്​ കമ്യൂണിസ്റ്റ്​ ആദർശബോധം പകർന്നുകൊടുത്തത്​ എങ്ങനെയായിരുന്നു? സ്​റ്റഡിക്ലാസ്​ തന്നെ മുഖ്യ പഠനപരിപാടി. അന്ന്​ അംഗത്വനിബന്ധന കുറെയേറെ കർക്കശമായിരുന്നു. പാർട്ടി നിരോധിച്ച കാലമാണല്ലോ. വിപ്ലവത്തിനുവേണ്ടി...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
സി.പി.എമ്മി​ന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ​ ജി. സുധാകരനുമായി നടത്തിയ ദീർഘസംഭാഷണത്തി​ന്റെ അവസാന ഭാഗം. ആദ്യഭാഗം ‘കാൽചുവട്ടി​െല ചുവന്ന മണ്ണ്​’ എന്ന തലക്കെട്ടിൽ ‘മാധ്യമം വാർഷികപ്പതിപ്പ്​ 2025’ൽ പ്രസിദ്ധീകരിച്ചിരുന്നു. ത​ന്റെ രാഷ്​ട്രീയ ചരിത്രവഴികളെപ്പറ്റി തുറന്നുപറയുന്ന ജി. സുധാകരൻ ത​ന്റെ ഇപ്പോഴത്തെ നിലപാടുകളും ചിന്തകളും മറച്ചുവെക്കുന്നില്ല.

സാധാരണക്കാരായ കർഷകത്തൊഴിലാളികൾക്ക്​ കമ്യൂണിസ്റ്റ്​ ആദർശബോധം പകർന്നുകൊടുത്തത്​ എങ്ങനെയായിരുന്നു?

സ്​റ്റഡിക്ലാസ്​ തന്നെ മുഖ്യ പഠനപരിപാടി. അന്ന്​ അംഗത്വനിബന്ധന കുറെയേറെ കർക്കശമായിരുന്നു. പാർട്ടി നിരോധിച്ച കാലമാണല്ലോ. വിപ്ലവത്തിനുവേണ്ടി ആയുധ പ്രയോഗമാവാം എന്ന കൽക്കത്ത തീസിസ്​ ഒക്കെ ആളുകൾക്കിടയിൽ പ്രചരിപ്പിച്ചുവന്ന കാലമാണത്​.

ആലപ്പുഴയിൽ വായനശാലകൾ ധാരാളം പണ്ടുതൊട്ടേ ഉയർന്നുവന്നതും ഈയൊരു രാഷ്ട്രീയാവബോധത്തിന്‍റെ ഫലം തന്നെയാകുമോ?

നൂറു വർഷം പിന്നിട്ട കുറെ ലൈബ്രറികൾ ഉണ്ടിവിടെ. ഇടതുപക്ഷക്കാരും അന്നത്തെ കോൺഗ്രസിലെ വലിയ മതേതരവാദികളായ ആൾക്കാരുമൊക്കെയാണ്​ വായനശാലകൾ പടുത്തുയർത്തിയത്​. 145 വർഷം പഴക്കമുണ്ട്​ ഇവിട​ത്തെ പ്രൈമറി സ്കൂളിന്. വി.എസ്​ ഒക്കെ പഠിച്ചത്​ ഇവിടെയാണ്​. ഹൈസ്കൂളായ ശേഷം എന്‍റെ മകൻ പഠിച്ചതും അവിടെത്ത​ന്നെ. ഇങ്ങനെ ശതാബ്​ദി തികച്ച പല സ്കൂളുകളും ആലപ്പുഴ നഗരത്തിലുണ്ട്​.

വീടിനെക്കുറിച്ച്​?

അച്ഛൻ ഗോപാലക്കുറുപ്പ്​ കൃഷിക്കാരനായിരുന്നു. ദരിദ്ര കർഷകരുടെ വിഭാഗത്തിലായിരുന്നു. പന്ത്രണ്ടു മാസം കൃഷികൊണ്ടു മാത്രം ജീവി​ക്കേണ്ടിവരുന്നവരാണ്​ ദരിദ്ര കൃഷിക്കാർ; അല്ലാതെ ദാരിദ്ര്യം പിടിച്ചവരെന്നല്ല. മക്കൾ ഞങ്ങൾ അഞ്ചുപേരായിരുന്നു. നാലാണും ഒരു പെങ്ങളും. ഞാൻ മക്കളിൽ രണ്ടാമൻ. ഏറ്റവും ഇളയവനായിരുന്ന ജി. ഭുവനേശ്വരൻ പന്തളം കോളജിലെ കാമ്പസ്​ രാഷ്ട്രീയ സംഘട്ടനത്തിൽ രക്തസാക്ഷിയായി. മക്കളെയൊക്കെ ഇത്തരത്തിൽ ഉയർന്നു പഠിപ്പിക്കാൻ അച്ഛന്​ താൽപര്യമായിരുന്നു.

ഞങ്ങൾ എല്ലാവരും നന്നായി പഠിച്ചിരുന്നു. അന്നു പ്രദേശത്ത്​ ഏറ്റവും കൂടുതൽ മാർക്ക്​ നേടുന്നതും ഞങ്ങളായിരുന്നു. അതുകൊണ്ട്​ അച്ഛന്​ ഞങ്ങളെ പഠിപ്പിക്കാതിരിക്കാനാവില്ല. അച്ഛന്‍റെ വീട്ടിൽ അഞ്ചിൽ മൂന്നുപേരും അധ്യാപകരായിരുന്നു. രണ്ടുപേർ പ്രൈമറി സ്കൂൾ ഹെഡ്​മാസ്റ്റർമാരായി. അച്ഛനും ഒരു ജ്യേഷ്ഠനുമാണ്​ കൃഷിയിലേക്ക്​ തിരിഞ്ഞത്​. ഏഴാം ക്ലാസ്​ വരെ പഠിച്ചെങ്കിലും അധ്യാപനവൃത്തിക്കൊന്നും പോയില്ല. വിദ്യാഭ്യാസമുള്ള വീടായിരുന്നു അച്ഛന്‍റേത്​. അമ്മയുടെ വീട്ടിൽ ഏറ്റവും മൂത്തയാൾ പട്ടാളക്കാരനായിരുന്നു. രണ്ടാമതാണ്​ അമ്മ, പങ്കജാക്ഷിയമ്മ. കുഞ്ഞമ്മാവൻ എസ്​.എസ്​.എൽ.സി വരെ പഠിച്ചെങ്കിലും കൃഷിയിലേക്കു തിരിഞ്ഞു.

അനിയ​ന്​ എന്താണ്​ സംഭവിച്ചത്​?

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുക്കാനാണ്​ അവൻ പന്തളം എൻ.എസ്​.എസ് ​കോളജിൽ ചേർന്നത്​. രണ്ടാം വർഷം പഠിക്കുമ്പോൾ അവൻ എസ്​.എഫ്​.ഐയുടെ യൂനിറ്റ്​ സെക്രട്ടറിയായിരുന്നു. ​അവിടെ കുറച്ച്​ അക്രമികളായ ആ പ്രദേശത്തെ കുറച്ച്​ നായർപ്രമാണിമാരുടെ മക്കൾ പഠിച്ചിരുന്നു. അവരെല്ലാം കെ.എസ്​.യുവിലും ആ കാമ്പസിൽ മാത്രം ഉണ്ടായിരുന്ന ഡെമോക്രാറ്റിക്​ സ്റ്റുഡന്‍റ്​സ്​ യൂനിയനിലും (ഡി.എസ്​.യു) ചേർന്ന്​ പ്രവർത്തിക്കുന്നവരായിരുന്നു. കൂടുതലും ഗുണ്ടകളുടെ ഒരു പാർട്ടിയായിരുന്നു രണ്ടാമത്തേത്​. ആയിടക്ക്​ അവിടെ കെ.എസ്​.യു-എസ്​.എഫ്​.ഐ സംഘട്ടനം നടന്നു. ഭുവനേശ്വരൻ അ​പ്പോൾ ക്ലാസിലിരിക്കുകയാണ്​. നമ്മുടെ പ്രവർത്തകരെ കെ.എസ്​.യുക്കാർ തല്ലുന്നു എന്ന്​ കൂട്ടുകാർ വന്നുപറഞ്ഞു. സാർ ക്ലാസിലിരിക്കാൻ പറഞ്ഞെങ്കിലും സഹപ്രവർത്തകർ വന്നു വിളിക്കുമ്പോൾ യൂനിറ്റ്​ സെക്രട്ടറിക്ക്​ അനങ്ങാതിരിക്കാൻ കഴിയില്ലല്ലോ. രണ്ടാം നിലയിലേക്ക്​ അനിയൻ കടന്നുചെല്ലുമ്പോൾ സൈക്കിൾചെയിൻ അടക്കമുള്ള മാരകായുധങ്ങളുമായി ഒരുങ്ങിനിൽക്കുകയാണ്. അവരുടെ മുന്നിൽപെട്ടതും സൈക്കിൾ ചെയിൻകൊണ്ട്​ നെറുകയിൽ അടിച്ചു. മുഖത്തും കണ്ണിലുമാണ്​ അടികൊണ്ടത്. അവൻ കണ്ണുപൊത്തിപ്പിടിച്ച്​ ഓടി ഗണിതശാസ്ത്രവിഭാഗം സ്റ്റാഫ്​ റൂമിൽ ചെന്ന്​ തലയും താഴ്ത്തിയങ്ങനെ ഇരുന്നു.

അപ്പോൾ നേരത്തേ സംഘട്ടനത്തിൽ ഉൾപ്പെട്ട ചില എസ്​.എഫ്.​ഐക്കാർ അങ്ങോട്ട്​ ഓടിവന്നു. അക്രമികൾ പിറകെയും. ഭയന്നോടി വന്ന എസ്​.എഫ്​.ഐക്കാർ അക്രമികൾ പിന്തുടരുന്നതു കണ്ട്​ ജനൽ വഴി ചാടി പു​റത്തേക്ക്​ ഓടി. പിറ​കെ തേടിയെത്തിയവർക്ക് ​കൈയിൽ കിട്ടിയത്​ കണ്ണുപൊത്തി മേശയിൽ തലതാഴ്ത്തിക്കിടക്കുന്ന ഭുവനേശ്വരനെ. അവർ ഇടിച്ചും തൊഴിച്ചും ക്രൂരമായി അവനെ മർദിച്ചു. കാലിൽ പിടിച്ചു തൂക്കി തല നിലത്തുവെച്ചു കുത്തി. ബോധരഹിതനായ അവനെ അവിടെ കളഞ്ഞുപോയി. പുറത്തേക്ക്​ കാര്യമായ മുറിവുണ്ടായിരുന്നില്ല. അതിനാൽ ആർക്കും കാര്യം പിടികിട്ടിയില്ല. തലച്ചോർ കലങ്ങി ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. അതു തിരിച്ചറിയാനായില്ല. വലിയ പരിക്ക്​ പുറത്തേക്കില്ല എന്നു കരുതി അവർ തൊട്ടടുത്ത പ്രാഥമികാരോഗ്യ​ കേന്ദ്രത്തിൽ കൊണ്ടുപോയി. എന്നാൽ, ബോധം തെളിഞ്ഞില്ല. വിവരമറിഞ്ഞ്​ മാവേലിക്കര എം.എൽ.എ എസ്​. ഗോവിന്ദക്കുറുപ്പ്​ അനിയനെ മാവേലിക്കര താലൂക്ക്​ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവർക്കും കാര്യം മനസ്സിലായില്ല. തുടർന്ന്​ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചു. അഞ്ചുദിവസം അങ്ങനെ ബോധരഹിതനായി കിടന്ന ശേഷം അവൻ പോയി. 1977 ഡിസംബർ രണ്ടാം തീയതിയാണ്​ സംഘർഷമുണ്ടാകുന്നത്​.

ഞാനും സുശീല ഗോപാലനും പഠിച്ച എസ്​.എൻ കോളജിലെ യൂനിയൻ വാർഷികത്തിന്​ ഞങ്ങളെ ക്ഷണിച്ചിരുന്നു. പ്രസംഗമെല്ലാം കഴിഞ്ഞ് ഞങ്ങൾ ഫാസ്റ്റ്​ പാസഞ്ചർ ബസിൽ കയറി ആലപ്പുഴ ബസ്​സ്റ്റാൻഡിൽ ഇറങ്ങി. സുശീല​യെ ഒരു കാറിൽ യാത്രയാക്കി ഞാൻ ഓട്ടോ പിടിച്ച്​ വീട്ടിലെത്തി. ക്ഷീണം കാരണം നേരത്തേ കിടന്നുറങ്ങിപ്പോയി. ഒമ്പതര മണിയായപ്പോഴാണ് പന്തളം കോളജിൽ സംഘർഷമുണ്ടായെന്ന് ആരോ വിളിച്ചുപറയുന്നത്. ഞാൻ ഉടനെ വീട്ടിലെത്തി അച്ഛനെയും അമ്മയെയുമൊക്കെ സമാധാനിപ്പിച്ച്​ വേഗം മാവേലിക്കരക്ക്​ തിരിച്ചു, അവിടെനിന്ന്​ ആലപ്പുഴ മെഡിക്കൽ കോളജി​ലേക്കും. അന്നു മുതൽ ഏഴാം തീയതി വരെ ഞാൻ അവന്‍റെ അരികിലിരുന്ന്​ ശുശ്രൂഷിച്ചു. എ.കെ.ജിയും മറ്റു നേതാക്കളും ആശുപത്രിയിലെത്തി ഞങ്ങളെ ആശ്വസിപ്പിച്ചു. ആശുപത്രിയിൽ എത്തിയതിൽ പിന്നെ അവൻ കണ്ണുതുറന്നിട്ടില്ല, സംസാരിച്ചിട്ടില്ല. ഒരു ശ്വാസം മാത്രമാണുണ്ടായിരുന്നത്​. 1977 ഡിസംബർ ഏഴിന്​ പന്ത്രണ്ടു മണിയാകുമ്പോൾ അതും നിലച്ചു. പാർട്ടിക്കാരായ കശുവണ്ടിത്തൊഴിലാളികൾ കാശു പിരിച്ചു വാങ്ങിയ ഒരു സ്​ഥലമുണ്ടായിരുന്നു. ഭൗതികശരീരം അവിടെ അടക്കണമെന്ന്​ അവർ ആവശ്യപ്പെട്ടു. അവിടെ രക്തസാക്ഷി മണ്ഡപമൊക്കെ വെച്ചു. എല്ലാ വർഷവും ഡിസംബറിൽ രക്തസാക്ഷിദിനവും ആചരിച്ചുവരുന്നു. അത്​ അങ്ങ​നെ അവസാനിച്ചു. പഠിപ്പിൽ മിടുക്കനായിരുന്നു അവൻ. നാടകം എഴുതുകയും അഭിനയിക്കുകയുമൊക്കെ ചെയ്യും.

നാടകം ആലപ്പുഴയിൽ ഇത്ര സജീവമായി വരാൻ കാരണമെന്താവാം?

വ്യവസ്ഥിതിക്കെതിരായ ചിന്ത അന്ന്​ കൂടുതലായിരുന്നു. ജന്മിമാർ, കർഷക മുതലാളിമാർ, മത്സ്യമേഖലയിലെ മുതലാളിമാർ തുടങ്ങിയവരുടെ അക്രമവും ഭീഷണിയുമൊക്കെ പതിവായിരുന്നതുകൊണ്ട്​ അതിനെതിരായ ഒരു ചിന്ത കൃത്യമായി പ്രതിഫലിപ്പിക്കാനും ചൂഷണത്തിനെതിരായ വികാരമുണർത്താനും പറ്റിയ ഉപാധിയാണ്​ നാടകം എന്നു കണ്ടു.

ഫാക്ടറി തൊഴിലാളികൾ, കർഷകർ, മത്സ്യ​ത്തൊഴിലാളികൾ... കമ്യൂണിസ്റ്റ്​ വിപ്ലവ ആശയം വേരോടാനുള്ള എല്ലാ വളക്കൂറുമുള്ള മണ്ണായിരുന്നു ആലപ്പുഴയിലേത്​. സഖാവ്​ കൃഷ്ണപിള്ളയായിരുന്നു ഇവിടെ പാർട്ടി കെട്ടിപ്പടുത്തത്​ എന്നു പറഞ്ഞു. അദ്ദേഹം ആലപ്പുഴയിൽ എത്തിപ്പെടുന്നത്​ എങ്ങനെയാണ്​?

കോഴിക്കോടുനിന്ന് ആലപ്പുഴയി​ലേക്കാണ്​ സഖാവ്​ കൃഷ്ണപിള്ള വരുന്നത്​. ഇവിടെ നേരത്തേതന്നെ വിവിധ മേഖലകള​ിലെ തൊഴിലാളികളുടെ സമരവും കലാപവുമൊക്കെ നടന്നുവന്നിരുന്നു. ഉദാഹരണത്തിന്​ ഡേറാ​ സ്മെയിൽ എന്നൊരു കയർ ഫാക്ടറി ഉണ്ടായിരുന്നു ആലപ്പുഴയിൽ, സായിപ്പ്​ നടത്തിയിരുന്നത്​. അവിടെ ഒരു തൊഴിലാളിയെ സായിപ്പ്​ കരണത്തടിച്ചു. അയാൾ ചെരിപ്പൂരി സായിപ്പിനെ തിരിച്ചുതല്ലി. പിന്നീട് അധികാരികളുടെ ചൂഷണനയത്തിനെതിരെ തൊഴിലാളികളുടെ ഒരു പ്രക്ഷോഭ ജാഥ നടന്നു.ഡേറാ സ്​മെയിൽ ഫാക്ടറിക്ക്​ അടുത്തുള്ള ശവക്കോട്ട പാലം കടന്നുവന്ന തൊഴിലാളികളുടെ ഒരു ജാഥക്കു നേ​രെ ദിവാന്‍റെ പൊലീസ്​ വെടിവെച്ചു. രണ്ടു പേർ കൊല്ലപ്പെട്ടു. ഇങ്ങനെ പലതും അക്കാലത്ത്​ നടന്നു.

കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ അടിമകളായിരുന്നു. അവിടെ നാൽപതുകളിൽ കൃഷ്ണപിള്ള സഖാവ്​ പറഞ്ഞതനുസരിച്ച്​ വി.എസ്​ ചെന്ന്​ തൊഴിലാളി യൂനിയൻ ഉണ്ടാക്കി. പൂഞ്ഞാറിലേക്കു വിടുന്നതിനു മുമ്പ്​ അങ്ങോട്ടാണ്​ ആദ്യം പറഞ്ഞയച്ചത്​. ജന്മിമാർക്കുള്ള തമ്പ്രാൻ വിളി അവസാനിപ്പിച്ചു. കൂലിയാൻ എന്ന ശമ്പളരീതി മാറ്റി പതവും തീർപ്പുമാക്കി. ഇത്ര ഇടങ്ങഴി അളക്കുമ്പോൾ ഇത്ര പതം. ആ പതത്തിന്‍റെ ഇത്ര ശതമാനം തീർപ്പ്​. പത്തോ ഇരുപതോ പറ അളന്നിട്ടാലും ഒന്നും കൊടുക്കാതിരുന്ന ഒരു കാലത്ത്​ നാലിലൊന്നു പതവും നാലിലൊന്നു തീർപ്പുമായി തൊഴിലാളികളുടെ വേതനം നിജപ്പെടുത്തി. സ്​ത്രീകളെയും പുരുഷന്മാരെ​യുമൊക്കെ അടിമകളാക്കി ദ്രോഹിക്കുകയായിരുന്നു. രാജഭരണത്തിൻ കീഴിൽ ജന്മിമാർക്ക്​ ആയിരവും രണ്ടായിരവും അതിൽ മീതെയും ഏക്കറുകളായി പതിച്ചു നൽകിയതായിരുന്നു. കീഴ്​ജാതിക്കാരായ തൊഴിലാളികൾക്ക്​ അതൊന്നും കിട്ടിയതേയില്ല. ചിതയൊരുക്കാനോ കുഴിമാടത്തിനോപോലും സ്വന്തം ഒരു പിടി മണ്ണിന് അവകാശമില്ലാത്തവർ. മരിച്ചവരെ പായിൽ കെട്ടി ആറ്റിലെറിയുകയാണ്​ പതിവ്​. എഴുപതുകളിലെ കുടികിടപ്പ്​ അവകാശമാണ്​ അവർക്ക്​ സ്വന്തമായി മണ്ണൊരുക്കി കൊടുത്തത്​. ഇതെല്ലാം അവസാനിപ്പിച്ചത്​ വി.എസിന്‍റെ നേതൃത്വത്തിലുള്ള തൊഴിലാളി യൂനിയനാണ്​. തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂനിയൻ സ്ഥാപിച്ചത്​ വി.എസ്​ ആണ് -എസ്​​.കെ. ദാസ്​ മുതൽപേരുമായി ചേർന്ന്​. അടിക്ക്​ അടിതന്നെയായി പിന്നെ.

അവിടെ നിരണം ബേബി എന്ന ഇലഞ്ഞിക്കൽ ബേബി എന്ന ഒരാളുണ്ടായിരുന്നു. പിന്നീട്​ കുട്ടനാട്ടിൽ എം.എൽ.എയും മന്ത്രിയുമൊക്കെയായി തീർന്നയാൾ. ബേബി തൊഴിലാളികളെ നേരിടാൻ കുറുവടിപ്പടയുണ്ടാക്കി. വി.എസിന്‍റെ നേതൃത്വത്തിൽ കർഷകത്തൊഴിലാളി സൈന്യവുമുണ്ടാക്കി. അടിക്കു തിരിച്ചടിതന്നെയായിരുന്നു. അടികൊള്ളുന്ന പരിപാടി അതോടെ അവസാനിപ്പിച്ചു. അവരുടെ മുദ്രാവാക്യമുണ്ടായിരുന്നു: തമ്പ്രാനെന്നു വിളിപ്പിക്കും/പ​ാളേ കഞ്ഞി കുടിപ്പിക്കും/ എന്താ ഞങ്ങടെ പരിപാടി/ അടിയാ ഞങ്ങ​ടെ പരിപാടി. അന്നൊരിക്കൽ ആലപ്പുഴ ടൗണിൽ ​ഇലഞ്ഞിക്കൽ ബേബി രണ്ടായിരത്തോളം പേർ വരുന്ന കുറുവടിപ്പടയുടെ ശക്തിപ്രകടനം നടത്തി. തിരുവിതാംകൂർ കർഷക​ത്തൊഴിലാളി യൂനിയന്‍റെ നേതൃത്വത്തിൽ ആയിരങ്ങൾ മറുഭാഗത്ത്​ അണിനിരന്നു. ഒടുവിൽ അടിപിടിയായി, സംഘർഷമായി. അതിനിടയിൽ ഇലഞ്ഞിക്കൽ ബേബിയുടെ വലംകൈയായ ക്യാപ്​റ്റ​നെ ആരോ കൊന്നുകളഞ്ഞു. വി.എസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. എന്നാൽ​, തെളിവുകളൊന്നുമില്ലാ​​തെ ആ കേസ്​ അങ്ങനെ കെട്ടടങ്ങി. ഇത്തരത്തിലുള്ള ​ഐതിഹാസിക കർഷക സമരങ്ങളാണ്​ നടന്നത്​.

അതുപോലെ തന്നെ മത്സ്യത്തൊഴിലാളികളെയും ആ മേഖലയിലെ പ്രമാണിമാർ കടുത്ത ചൂഷണത്തിനു വിധേയമാക്കി. കഷ്ടപ്പെട്ടു മീൻ പിടിച്ചു ​കൊണ്ടുവരുന്നവർക്ക്​ പലപ്പോഴും പ്രതിഫലമൊന്നും നൽകിയിരുന്നില്ല. കടപ്പുറത്തെ അവരുടെ സ്വാധീനം അവസാനിപ്പിച്ചു. മീൻപിടിത്തക്കാർക്കും മാന്യമായ വേതനം ഉറപ്പുവരുത്തി. കയർമേഖലയിലെ തൊഴിലാളി സംഘാടനവും അങ്ങനെതന്നെ. പുന്നപ്ര-വയലാർ സമരമൊക്കെ അതിനെ കേന്ദ്രീകരിച്ചായിരുന്നല്ലോ. കയർ ഫാക്ടറികൾ അധികവും ബ്രിട്ടീഷുകാരുടേതോ ഇവി​ടത്തെ വലിയ പ്രമാണിമാരുടേതോ ആയിരുന്നു. ആലപ്പുഴയെ കിഴക്കിന്‍റെ വെനീസ്​ എന്നു വിളിച്ചത്​ സായിപ്പുമാരായിരുന്നു. ഏതാണ്ട്​ അമ്പതിനായിരം കയർതൊഴിലാളികളുണ്ടായിരുന്നു ഇവിടെ ഒരു കാലത്ത്​. വൈകുന്നേരം ഫാക്​ടറി വിട്ടുവരുമ്പോൾ ഒരു ജനസമുദ്രമാണ്​ ആലപ്പുഴ ടൗണിൽ. അങ്ങനെ ഈ കയർഫാക്ടറി തൊഴിലാളികൾക്കിടയിലാണ്​ ട്രേഡ്​ യൂനിയനുകൾ വന്നതും കമ്യൂണിസ്റ്റ്​ പ്രസ്ഥാനം വളരുന്നതും. പിന്നെയത്​ കുട്ടനാടൻ കാർഷികമേഖലയിലേക്കു കൂടി വ്യാപിച്ചു. അതും കഴിഞ്ഞാണ്​ കായംകുളത്തിന്‍റെ കി​ഴക്കൻ ഭാഗത്തെ എന്‍റെ ജന്മസ്ഥലമായ ഓണാട്ടുകരയിൽ അമ്പതുകളിൽ അവിഭക്ത കമ്യൂണിസ്​റ്റ്​ പാർട്ടി സെക്രട്ടറിയായിരുന്ന എം.എൻ. ഗോവിന്ദൻ നായർ പാർട്ടി കെട്ടിപ്പടുത്തത്​.

 

ഗോദാവരി പരുലേക്കർ ഒരു സമരമുഖത്ത്,സി.പി.എം ജന. സെക്രട്ടറി എം.എ. ബേബിയോടൊപ്പം ജി. സുധാകരൻ

വടക്കൻ ജില്ലകളെക്കാൾ കുറെക്കൂടി സംഘടനാ പ്രവർത്തനം കരുത്താർജിച്ചത്​ ആലപ്പുഴ, കൊല്ലം ജില്ലകളിലാണ്​ എന്നു പറയാം?

റെവലൂഷനറിയായ ​ബഹുജനം കൂടുതൽ ​പാർട്ടിയിലേക്കു വന്നത്​ ഇവിടെയാണ്​. ഇത്തരത്തിലുള്ള ബഹുജനസംഘാടനം അവിടെയും കുറച്ചു സ്ഥലങ്ങളിലുണ്ടായി. കയ്യൂർ, കരിവെള്ളൂർ, കോറോം, തില്ലങ്കേരി തുടങ്ങി ആറേഴു സ്​ഥലങ്ങൾ കേന്ദ്രീകരിച്ച്​ കർഷക മുന്നേറ്റം നടന്നു. സംഘർഷം, വെടിവെപ്പ്​ തുടങ്ങി സഖാക്കളെ തൂക്കി​ക്കൊന്ന സംഭവം വരെ അവിടെയുമുണ്ടായി. പക്ഷേ, ആയിരങ്ങൾ കൂട്ടത്തോടെ പാർട്ടിയിൽ അണിനിരക്കുന്ന പ്രവണത ഇവിടെയാണ്​ കണ്ടത്​. ഇന്നും ആ ശക്തി നിലനിർത്തി മുന്നോട്ടുപോകുന്നു.

ഇപ്പോഴും ആലപ്പുഴയിലെ ഏറ്റവും വലിയ പ്രസ്ഥാനം കമ്യൂണിസ്റ്റ്​ മാർക്സിസ്റ്റ്​ പാർട്ടിയാണ്. ആകെ ഒമ്പത്​ എം.എൽ.എമാരിൽ എട്ടുപേരും ഇടതുപക്ഷമല്ലേ? പാർട്ടി വളർന്നുകൊണ്ടേയിരിക്കുകയാണ്​. പാർട്ടിയുടെ നയങ്ങളും പരിപാടികളും ആശയപരമായും രാഷ്ട്രീയമായും സംഘടനാപരമായും നേ​രെ ചൊവ്വേ നോക്കിയാൽ പ്രസ്ഥാനം മുന്നോട്ടുപോകും. ഇല്ലെങ്കിൽ ആളുകൾ നിരാശരാകും. ലീഡർഷിപ്പിന്റെ ക്വാളിറ്റിപോലിരിക്കും.

തുടക്കത്തിലുള്ള പാർട്ടി ചിട്ടയും പ്രത്യയശാസ്ത്ര ബോധവത്​കരണവുമൊക്കെ പിൽക്കാലത്ത്​ കുറഞ്ഞുവന്നോ?

പ്രത്യയശാസ്ത്രബോധം കുറഞ്ഞുവരുന്നു എന്നു പാർട്ടി കോൺഗ്രസ്​, സംസ്ഥാന രേഖകളൊക്കെ പറഞ്ഞതാണ്​. എന്നാൽ ജനപിന്തുണ കുറഞ്ഞിട്ടില്ല. പ്രത്യയശാസ്ത്രബോധം കുറയാൻ കാരണമുണ്ട്​. പാർട്ടി അംഗങ്ങൾ അഞ്ചു ലക്ഷമാണ്​. ഈ ജില്ലയിൽ തന്നെ 45,000 ഉണ്ട്​. എല്ലായിടത്തും പാർട്ടി ക്ലാസ് എത്തണമെങ്കിൽതന്നെ അത്ര സമർഥരായി ക്ലാസെടുക്കുന്ന എത്ര പേരുണ്ടാകും?

 

പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ അഭിവാദ്യമർപ്പിക്കുന്ന ജി. സുധാകരൻ

പാർട്ടി അംഗത്വം ഉദാരമാക്കിയത് എന്നുമുതലാണ്?

അംഗത്വം ഉദാരമാക്കി എന്നൊന്നുമില്ല. ഇതൊരു വിപ്ലവ ബഹുജന പ്രസ്ഥാനമാണ്. ഇ.എം.എസ്​ ​ജനറൽ സെക്രട്ടറിയായിരിക്കെ, പാർട്ടിയുടെ സാൽക്കിയ പ്ലീനത്തിൽ വെച്ച്​ പാർട്ടിയുടെ ബഹുജനാടിത്തറ ദേശീയതലത്തിലും സംസ്ഥാനത്തും വ്യാപിപ്പിക്കാൻ തീരുമാനിച്ചു. അഖിലേന്ത്യാതലത്തിൽ വലിയ വ്യാപനമൊന്നും ഉണ്ടായില്ല. കേരളത്തിൽ കുറെ ​ഗ്രാമങ്ങളിലൊക്കെ പാർട്ടി മുന്നേറ്റം നടത്തി. പാർട്ടിയുടെ പ്രകടനത്തിൽ വരുന്നവരെയും ഒക്കെ അംഗങ്ങളായി ചേർത്തു തുടങ്ങി. പാർട്ടി മെംബർഷിപ്പിൽ കർശനമായ കാഴ്ചപ്പാടായിരുന്നു ആദ്യകാലത്ത്. കാരണം മെംബർമാർ കുറവായിരുന്നു. ഒരു പഞ്ചായത്തിൽ പത്തുപേരു പോലും കാണില്ല. ഇപ്പോൾ ഒരു പഞ്ചായത്തിൽ 300ഉം 400ഉം പേരാണ്. രണ്ട് ലോക്കൽ കമ്മിറ്റി ഉണ്ട്. മൂന്ന് ലോക്കൽ കമ്മിറ്റികളുള്ള പഞ്ചായത്തുകളുണ്ട്​.

അപ്പോൾ ആളുകളെ പാർട്ടി പഠിപ്പിക്കാൻ പഴയ രീതി പ്രാക്ടിക്കലാവില്ല?

പാർട്ടി പഠിപ്പിക്കാനുള്ള ശ്രമമൊക്കെ നടക്കുന്നുണ്ട്. വിളിച്ചു കൂട്ടി ക്ലാസെടുക്കുന്ന പഴയരീതി മാത്രമല്ലല്ലോ. മറ്റു പല വഴികളുമുണ്ട്​. പാർട്ടി പത്രം വഴി പഠിപ്പിക്കാം, രാഷ്ട്രീയ പ്രസംഗങ്ങൾ വഴി പഠിപ്പിക്കാം, ലോക്കൽ കമ്മിറ്റി തലത്തിൽ പാർട്ടി മെംബർമാരുടെ ജനറൽ ബോഡി വിളിച്ച്​ അവർക്കു ക്ലാസ് കൊടുക്കാം. ബ്രാഞ്ച് അടിസ്ഥാനത്തിലുള്ള ക്ലാസുകളാണ്​ എളുപ്പമല്ലാത്തത്. ഒരു വർഷം മൂന്ന് ദിവസത്തെ ക്ലാസിൽ ആറ് വിഷയം പഠിപ്പിക്കും. പഠിപ്പിക്കാൻ അറിയാവുന്നവരുടെ കുറവുണ്ട് എന്നതാണ് പ്രശ്നം. പണ്ടു മെംബർമാർ കുറവായിരിക്കെ, പഠിപ്പിക്കാൻ കഴിവുള്ളവർ ധാരാളമുണ്ടായിരിക്കും.

ലിബറലൈസേഷനും ഗ്ലോബലൈസേഷനുമായി മുതലാളിത്ത സാമ്പത്തിക ക്രമത്തിന്‍റെ ആക്രാന്തങ്ങൾ, മേത്തരം ഭക്ഷണം, വസ്ത്രം, വീട്, വലിയ വാഹനങ്ങൾ, സുഖസൗകര്യങ്ങൾ ഇതൊക്കെ മുതലാളിത്ത ലോകം ഇഷ്ടംപോലെ വാരിവിതറുകയല്ലേ? അപ്പോൾ ഈ പ്രത്യയശാസ്ത്ര വിഷയങ്ങളൊന്നും ആഴത്തിൽ പോകാനുള്ള സമയവുമില്ല. അങ്ങനെ ഒരുപാട് സഖാക്കളുണ്ട്. അവർ കമ്യൂണിസ്റ്റാകും, കോൺഗ്രസും ബി.ജെ.പിയുമൊന്നും ആവില്ല. ഇങ്ങനെ ഒരു സിറ്റുവേഷനുണ്ട്. പക്ഷേ, കമ്യൂണിസം എന്ന ആശയം വളരെ സജീവമായിട്ട് നിലനിൽക്കുന്നുണ്ട്​.

നേരത്തേ പറഞ്ഞപോലെ സാഹചര്യങ്ങൾ വെച്ചുനോക്കുമ്പോൾ ഇന്ത്യയൊട്ടാകെ പാർട്ടി വളരേണ്ടതായിരുന്നു. കേരളത്തിലൊരു സ്പെസിഫിക് ആയ വളർച്ചയുണ്ടായി. പിന്നെ ത്രിപുരപോലെ വടക്കു കിഴക്കുള്ള സംസ്​ഥാനങ്ങളിലാണ്​. ബോംബെയിൽ ഒരുകാലത്ത്​ ആക്ടിവായിരുന്നു പാർട്ടി. കാൺപൂർ, മീററ്റ്​ ഗൂഢാലോചന കേസുകൾ കമ്യൂണിസ്റ്റ്​ ചരിത്രത്തിലെ അറിയപ്പെട്ട ഏടുകൾ കിടക്കുന്നത്​ യു.പിയിലാണ്. അവരാകട്ടെ, കാർഷിക സമൂഹവുമാണ്​. എന്നിട്ടും ആ കാർഷിക സമൂഹത്തിനിടക്ക്, അഗ്രേറിയൻ സൊസൈറ്റിക്കിടക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടം ഇല്ലാതെ പോയതെന്തുകൊണ്ടാണ്​? എസ്​.എഫ്​.ഐ അഖിലേന്ത്യ നേതാവായി കുറെക്കാലം ദേശീയതലത്തിൽ പ്രവർത്തിച്ച അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ അതിനു കാരണം കണ്ടെത്താനാവുന്നുണ്ടോ?

ഇവിടെ ജന്മിത്തത്തിനെതിരായ പോരാട്ടം തുടർച്ചയായി നടക്കുകയും കേരളമാകെ വ്യാപിക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ ബോംബെയിലെ ഏറ്റവും വലിയ പ്രസ്ഥാനത്തിൽ ഒന്നായിരുന്നല്ലോ കമ്യൂണിസ്റ്റ് പാർട്ടി. കമ്യൂണിസ്റ്റ് പാർട്ടി, മുസ്‍ലിം ലീഗ്, കോൺഗ്രസ്- ഇതു മൂന്നുമാണ്​ അന്നുണ്ടായിരുന്ന പാർട്ടികൾ. ഐ.എൻ.എ കലാപം എന്ന് കേട്ടിട്ടില്ലേ? ഇന്ത്യൻ നേവിയുടെ കലാപം. അന്ന് ബ്രിട്ടീഷുകാർക്കെതിരെ ത്രിവർണ പതാക, ചെങ്കൊടി, ലീഗിന്‍റെ പതാക -ഇതു മൂന്നും ഒന്നിച്ചു പിടിച്ചല്ലേ ​തൊഴിലാളികൾ ശക്തമായ മാർച്ച്​ നടത്തിയത്​? ബോംബെയിലെ മില്ലുകളിലെല്ലാം കൂടി ലക്ഷക്കണക്കിന് കമ്യൂണിസ്റ്റ് തൊഴിലാളികളുണ്ടായിരുന്നു. എസ്​.എ. ഡാങ്കെയും മിറാജ്​കറുമൊക്കെയായിരുന്നു നേതാക്കൾ. എല്ലാം പോയി. ഡാങ്കെ തന്നെ പാർട്ടിയിൽനിന്ന് വെളിയിൽ പോയി. പാർട്ടി രണ്ടായി. മഹാരാഷ്ട്രയിൽ ഇപ്പോൾ പാർട്ടിക്ക്​ കാര്യമായൊന്നുമില്ല. പാർലമെന്‍റിൽ പ്രധാന പ്രതിപക്ഷം കമ്യൂണിസ്റ്റ്​ പാർട്ടിയായിരുന്നല്ലോ -1952ലും 57ലും 62ലും. പാർട്ടി സ് പ്ലിറ്റ് ചെയ്തശേഷം 67ൽ രണ്ട് പാർട്ടികളും കൂടെ ചേർന്നാണ്​ പ്രധാന പ്രതിപക്ഷമായത്. 71ലും അതായിരുന്നു കഥ. ബി.ജെ.പിയുടെ അന്നത്തെ രൂപമായ ഭാരതീയ ജനസംഘത്തിന്​ ഒരു സീറ്റൊക്കെയേ ഉണ്ടായിരുന്നുള്ളൂ. ഒരിക്കൽ മൂന്നാളുണ്ടായിരുന്നു. പിന്നീട്​ ഒരു മാറ്റം വന്നു. കോൺഗ്രസ് താഴോട്ട് പോയി. അപ്പോൾ ഗുണമുണ്ടായത്​ ജനസംഘത്തിനും ആർ.എസ്​.എസിനുമാണ്​.

 

ജി. സുധാകരന്‍റെ ഇളയ സഹോദരൻ കൊല്ലപ്പെട്ട ജി. ഭുവനേശ്വരൻ,ജി. സുധാകരനും ഭാര്യ ജൂബിലി നവപ്രഭയും

അപ്പോൾ എന്താണ് കമ്യൂണിസ്റ്റ്​ പാർട്ടിക്ക്​ സംഭവിച്ചത്?

പ്രവർത്തിക്കാൻ ആളു വേണം, അല്ലാതെ പറ്റില്ല. അത് തൊഴിലാളികളുടെയും കൃഷിക്കാരുടെയും ഇടയിൽ പ്രവർത്തിച്ചേ പറ്റൂ.ഇവിടെ, കേരളത്തിൽ തൊഴിലാളികൾക്കിടയിലും കർഷകർക്കിടയിലും നേതാക്കളായി പ്രവർത്തിക്കുന്നത് അവരിൽനിന്നു തന്നെ വളർന്നുവന്ന ആളുകളായിരുന്നു. ഉത്തരേന്ത്യയിൽ പാർട്ടി നേതൃത്വം ഉന്നതവിഭാഗത്തിൽനിന്നുള്ളവരായിരുന്നു​?

ശരിയാണ്​. താഴേക്കിടയിൽനിന്ന്​ അധികമാളുകൾ പാർട്ടിയിലേക്ക്​ വന്നില്ല. അവർക്കിടയിൽ പ്രവർത്തനമില്ലാത്തതു തന്നെ കാരണം. ഉദാഹരണത്തിന്​ ഗോദാവരി പരുലേക്കർ എന്ന ഒരു ​ഉജ്ജ്വല വനിത നേതാവുണ്ടായിരുന്നു, മഹാരാഷ്ട്രയിലെ താ​നെ ജില്ലയിൽ. അവർ പ്രവർത്തിച്ചിരുന്ന ​ഗോത്രവർഗ മേഖലയിൽ ഇപ്പോഴും പാർട്ടിക്ക്​ സ്വാധീനമുണ്ട്​. ഇൻഡ്യ മുന്നണിയുടെ പിന്തുണയോടെയാണെങ്കിലും രാജസ്ഥാനിൽ ഞങ്ങളുടെ ഒരു എം.പി ജയിച്ചു. രണ്ട് എം.എൽ.എമാർ അവിടെയുണ്ട്. കൃഷിക്കാർക്കിടയിൽ എ.കെ.ജിയുടെ കാലം മുതൽ അവർ പ്രവർത്തിച്ചു വരുന്നുണ്ട്. ബിഹാറും അവിഭക്ത പാർട്ടിയുടെ കാലത്ത്​ പഞ്ചാബിലും തമിഴ്നാട്, അന്നത്തെ കർണാടക, ഒഡിഷ മുതൽ ഡൽഹിയിൽ വരെ കമ്യൂണിസ്റ്റ്​ പാർട്ടിക്ക് എം.പിയുള്ള കാലം ഉണ്ടായിരുന്നു.

 

വി.എസിനൊപ്പം ഒരു പൊതുവേദിയിൽ

ഈ പിറകോട്ടുപോക്കിനെക്കുറിച്ച് പാർട്ടി പഠിച്ചത് എന്താണ്? അതിനെപ്പറ്റി ഒരു ചർച്ചയെങ്കിലും നടക്കില്ലേ?

അതിനെപ്പറ്റി തലനാരിഴ കീറിയുള്ള പഠനമോ രേഖയോ ഞാൻ കണ്ടിട്ടില്ല. ആ ഭാഗമൊക്കെ അങ്ങ് വിട്ടുകളയുകയാണ് ചെയ്തത്. യഥാർഥ കാരണമെന്താണെന്ന് പറയുന്നില്ല. ഇന്ത്യയുടെ മൊത്തം കാര്യമിരിക്കട്ടെ, ബംഗാളിൽ ഇങ്ങനെ സംഭവിക്കേണ്ട കാര്യമെന്താ? 35 വർഷം ഭരിച്ചൊരു സംസ്ഥാനം, 42 എം.പിമാരിൽ 35 പേരും ഇടതുപക്ഷം.

ആളുകൾ ഗ്ലോബലൈസേഷന്‍റെ ഇരകളായി മാറിയതാണ്​ പ്രശ്നം. പാർട്ടിക്ക്​ നയവ്യതിയാനം ഒന്നും ഉണ്ടായിട്ടില്ല. പാർട്ടിയുടെ നയം അന്നും ഇന്നും ശരിയാണ്. ഇതിനൊക്കെ എതിരിലുള്ള സന്ധിയില്ലാ സമരമാണ്​. പക്ഷേ, ഗ്ലോബലൈസേഷനെതിരെ ഇന്ത്യയിൽ വല്ലതും നടക്കുന്നു​ണ്ടോ? ഒന്നുമില്ല. കേരളത്തിൽ ലിബറലൈസേഷൻ, പ്രൈവറ്റൈസേഷൻ, ഗ്ലോബലൈസേഷൻ അഥവാ, എൽ.പി.ജി എന്ന് ഞങ്ങൾ പണ്ടു എതിർ പറഞ്ഞു നടന്നിരുന്നതാണ്​. ഇന്ന്​ അതിനെതിരെ എവിടെയെങ്കിലും ഒരു യുവജന നേതാവ് പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ടോ? ഇപ്പോൾ വേഷമാണല്ലോ എല്ലാവർക്കും പഥ്യം. മന്ത്രിമാരുടെ വേഷം നോക്കൂ, കാമറയിൽ പിടിക്കുന്ന നീലനിറം, ചുവപ്പ് നിറം, പലരും പല നിറത്തിലാണ്​ ഓരോ ദിവസവും.

പഴയ കാലത്തെപ്പോലെ ജീവിക്കണമെന്നല്ല. പക്ഷേ, ബൂർഷ്വാ യുവത്വവും കമ്യണിസ്റ്റ് യുവത്വവും തമ്മിൽ പ്രസംഗത്തിൽ മാത്രമല്ല, പ്രവൃത്തിയിലും ജീവിതത്തിലും വേഷവിധാനത്തിലും ഭക്ഷണത്തിലും എല്ലാം വ്യത്യാസം കാണാം. അങ്ങനെയായിരുന്നു ആദ്യകാലത്ത്​. ഇപ്പോൾ വ്യത്യാസമെന്താണെന്ന്​ ആർക്കുമറിയില്ല.

(അവസാനിച്ചു)

News Summary - G Sudhakaran interview