ഹിറ്റ്ലർ പോലും തെരഞ്ഞെടുപ്പുകളിൽ നിന്നാണ് ആരംഭിച്ചത്

രാജ്യത്ത് ഹിന്ദുത്വ അനുദിനം അക്രമാസക്തമായി ശക്തിയാർജിക്കുന്ന പശ്ചാത്തലത്തിൽ രാജ്യാന്തര പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും സാമൂഹിക പ്രവർത്തകനുമായ ആനന്ദ് പട്വർധൻ സംസാരിക്കുന്നു -എംപുരാനും കുനാൽ കമ്ര വിഷയവും ഇൗ സംഭാഷണത്തിൽ കടന്നുവരുന്നു. ഫാഷിസത്തിനെതിരെ, മത വർഗീയതക്കെതിരെ കാമറകൊണ്ട് പ്രതിരോധം തീർക്കുന്ന സിനിമ പ്രവർത്തകനാണ് ആനന്ദ് പട് വർധൻ. ബാബരി മസ്ജിദ് തകർക്കാൻവേണ്ടി എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര നടത്തിയപ്പോൾ രാജ്യത്തെമ്പാടുമുണ്ടായ വർഗീയ കലാപങ്ങളെ അടയാളപ്പെടുത്തി അദ്ദേഹം നിർമിച്ച ‘രാം കെ നാം’ ഇന്നും ഹിന്ദുത്വവാദികളെ അസ്വസ്ഥപ്പെടുത്തുന്നു. വികസന...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
രാജ്യത്ത് ഹിന്ദുത്വ അനുദിനം അക്രമാസക്തമായി ശക്തിയാർജിക്കുന്ന പശ്ചാത്തലത്തിൽ രാജ്യാന്തര പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും സാമൂഹിക പ്രവർത്തകനുമായ ആനന്ദ് പട്വർധൻ സംസാരിക്കുന്നു -എംപുരാനും കുനാൽ കമ്ര വിഷയവും ഇൗ സംഭാഷണത്തിൽ കടന്നുവരുന്നു.
ഫാഷിസത്തിനെതിരെ, മത വർഗീയതക്കെതിരെ കാമറകൊണ്ട് പ്രതിരോധം തീർക്കുന്ന സിനിമ പ്രവർത്തകനാണ് ആനന്ദ് പട് വർധൻ. ബാബരി മസ്ജിദ് തകർക്കാൻവേണ്ടി എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര നടത്തിയപ്പോൾ രാജ്യത്തെമ്പാടുമുണ്ടായ വർഗീയ കലാപങ്ങളെ അടയാളപ്പെടുത്തി അദ്ദേഹം നിർമിച്ച ‘രാം കെ നാം’ ഇന്നും ഹിന്ദുത്വവാദികളെ അസ്വസ്ഥപ്പെടുത്തുന്നു.
വികസന മൗലികവാദത്തെയും അതുമൂലം അരികുവത്കരിക്കപ്പെടുന്നവരെയും കുറിച്ച് അദ്ദേഹം ചലച്ചിത്ര രചനകൾ നടത്തി. A Narmada Diary, War and Peace, Jai Bhim Comrade, Reason, എന്നിവ ആ ഗണത്തിൽപെടുന്നു. ‘ഫാദർ, സൺ ആൻഡ് ഹോളി ഫാദർ’ ലോകത്തെ ഏറ്റവും മികച്ച 50 ഡോക്യുമെന്ററികളിൽ ഒന്നായി ജർമനിയിലെ ഡോക്‌സ് മാഗസിൻ തെരഞ്ഞെടുത്തിരുന്നു. ഹിന്ദുത്വവാദവും സ്ത്രീകൾക്കെതിരായ ആക്രമണവും പ്രതിപാദിക്കുന്നതാണ് ഈ ചിത്രം.
നാല് പതിറ്റാണ്ടിന്റെ കലാജീവിതം ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയത്തിന് നേരെ തിരിച്ചുപിടിച്ചിരിക്കുന്ന കണ്ണാടികൂടിയാണ്. ഒരുകാലത്തും ഒരു ഭരണകൂടത്തോടും അമിതാവേശം പട് വർധനുണ്ടായിരുന്നില്ല. മുഖ്യധാരയുടെ സൗന്ദര്യബോധമായിരുന്നില്ല പട് വർധന്. അരികുവത്കരിക്കപ്പെട്ട, മുഖ്യധാര മോശമെന്നും വികൃതമെന്നും കൽപിച്ച് തള്ളിക്കളഞ്ഞ ജീവിതങ്ങളെയായിരുന്നു പട് വർധന്റെ കാമറ ഒപ്പിയെടുത്തത്.
1974ൽ പുറത്തിറങ്ങിയ ‘വേവ്‌സ് ഓഫ് റെവലൂഷനി’ൽ തുടങ്ങിയ ആനന്ദിന്റെ യാത്ര, 2023ൽ റിലീസ് ചെയ്ത ‘വസുധൈവ കുടുംബകം’ വരെ എത്തിനിൽക്കുന്നു. ‘വേവ്‌സ് ഓഫ് റെവലൂഷൻ’ സംസാരിച്ചത് അക്കാലത്ത് ബിഹാറിൽ ഉയർന്നുവന്ന ജനകീയ മുന്നേറ്റങ്ങളെ കുറിച്ചായിരുന്നുവെങ്കിൽ ‘വസുധൈവ കുടുംബകം’ ഇറങ്ങിച്ചെന്നത് ചരിത്രത്തിലേക്കും തന്റെ കുടുംബവേരുകളിലേക്കുമായിരുന്നു.
നരേന്ദ്ര ധാഭോൽകറിന്റെയും ഗോവിന്ദ് പൻസാരെയുടെയും അടക്കം തീവ്ര വലതുപക്ഷ സംഘടനകൾ പ്രതികളായ ക്രൂര കൊലപാതകങ്ങൾ പ്രമേയമാക്കി 2018ൽ പുറത്തിറങ്ങിയ ‘വിവേക്’ (REASON) ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഗോരക്ഷയുടെ പേരുപറഞ്ഞ് ദലിത്, മുസ്‍ലിം ചെറുപ്പക്കാരെ ഹിന്ദുത്വ സംഘടനകൾ കൊന്നുതള്ളിയതടക്കം, ഭരണകൂടത്തിന്റെ മൗനസമ്മതത്തോടെ നടന്നിരുന്ന വ്യവസ്ഥാപിത അതിക്രമങ്ങളെയും എട്ട് അധ്യായങ്ങളുള്ള ‘വിവേക്’ വരച്ചുകാട്ടിയിരുന്നു. പ്രമേയങ്ങൾ ഭരണകൂടങ്ങൾക്ക് എതിരായിരുന്നു എന്നതുകൊണ്ടുതന്നെ ആനന്ദിന്റെ മിക്കവാറും എല്ലാ ഡോക്യുമെന്ററികളും ഭരണകൂടത്തിന്റെ സെൻസർഷിപ്പിന് വിധേയമായിട്ടുണ്ട്. പിന്നീട് കോടതിവിധികളുടെ പിന്തുണയോടെയായിരുന്നു മിക്കതും പ്രദർശിപ്പിക്കപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ ‘ബോംബെ അവർ സിറ്റി’ എന്ന രചന നാല് വർഷത്തെ നിയമ പോരാട്ടത്തിനു ശേഷമാണ് ‘ദൂരദർശനി’ൽ 2006ൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞത്.
മുഖ്യധാരയുടെ സൗന്ദര്യബോധമായിരുന്നില്ല പട്വർധന്. അരികുവത്കരിക്കപ്പെട്ട, മുഖ്യധാര മോശമെന്നും വികൃതമെന്നും കൽപിച്ച് തള്ളിക്കളഞ്ഞ ജീവിതങ്ങളെയായിരുന്നു പട്വർധന്റെ കാമറ ഒപ്പിയെടുത്തത്. അദ്ദേഹവുമായി നടത്തിയ ഇ-മെയിൽ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ:
രാജ്യത്ത് ഹിന്ദുത്വത്തിന്റെ വളർച്ച തടയാനുള്ള ശ്രമം എഴുത്തുകാരും രാഷ്ട്രീയ പാർട്ടികളുമൊക്കെ നടത്തുന്നുണ്ട്. പക്ഷേ, ഹിന്ദുത്വം ഒരുതരം അജയ്യത കൈവരിച്ചുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഈ ഒരു സാമൂഹികാവസ്ഥയിൽ താങ്കൾക്ക് എത്രത്തോളം പ്രതീക്ഷയുണ്ട്?
പ്രതീക്ഷയില്ലാതായാൽ നമുക്ക് ആത്മഹത്യ മാത്രമേ മുന്നിലുണ്ടാകൂ. അതിനാൽ, ഈ ഇരുണ്ട ആർ.എസ്.എസ്-മോദി-അദാനി യുഗം എത്രയും വേഗം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുകയല്ലാതെ മറ്റ് മാർഗമില്ല.
ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാകാം മൂന്ന് പതിറ്റാണ്ട് മുമ്പ് താങ്കൾ ‘റാം കി നാം’ നിർമിച്ചത്. അതിനുശേഷം കാര്യങ്ങൾ എങ്ങനെയാണ് മാറിമറിഞ്ഞത്? ഇന്നുപോലും ആ ചിത്രം പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നതിനെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഒരു ഗവേഷക വിദ്യാർഥിയെ അക്കാര്യം ചൂണ്ടിക്കാട്ടി ‘ടിസ്സി‘ൽനിന്ന് സസ്പെൻഡ് ചെയ്തത് ഉദാഹരണം..?
‘യു’ സെൻസർ സർട്ടിഫിക്കറ്റും ദേശീയ അവാർഡും ലഭിച്ചതും കോടതി ഉത്തരവിനെ തുടർന്ന് ‘ദൂരദർശനി’ൽ പ്രദർശിപ്പിച്ചതുമായ ഞങ്ങളുടെ 33 വർഷം പഴക്കമുള്ള ചിത്രമാണ് ‘റാം കെ നാം’. അതിനു നേരെയുള്ള എല്ലാ ആക്രമണങ്ങളും നിയമവിരുദ്ധമാണ്. ആരെങ്കിലും ഈ ചിത്രം പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഭരണഘടനയുടെ പൂർണ പിന്തുണയോടെ അവർക്കത് ചെയ്യാൻ കഴിയും. വാസ്തവത്തിൽ അത്തരമൊരു സ്ക്രീനിങ്ങിൽ ഇടപെടാൻ ശ്രമിക്കുന്ന ഏതൊരാളും നിയമം ലംഘിക്കുകയാണ്. എന്നാൽ, ഭരണകൂടവും അതിന്റെ പ്രത്യയശാസ്ത്ര കൂട്ടാളികളും നിയമങ്ങൾ ലംഘിക്കുകയും ശിക്ഷകളിൽനിന്ന് രക്ഷപ്പെടുകയുംചെയ്യുന്നുണ്ട്. അത് മറ്റൊരു വിഷയംതന്നെയാണ്.
ഭരണഘടനാ അവകാശമാണെന്ന് പറഞ്ഞല്ലോ. പക്ഷേ, ‘ടിസ്സി’നെതിരെ കോടതിയെ സമീപിച്ച ഗവേഷക വിദ്യാർഥി രാമദാസ് ശിവദാസന്റെ ഹരജി ബോംബെ ഹൈകോടതി തള്ളുകയായിരുന്നു?
അതു വളരെ വിചിത്രമായ തീരുമാനമാണ്. എനിക്കുറപ്പാണ് സുപ്രീംകോടതി ആ വിധിയെ തള്ളിക്കളയും.

മോഹൻലാൽ നായകനും നടൻ പൃഥ്വിരാജ് സംവിധായകനുമായ ‘എംപുരാൻ’ എന്ന മലയാള ചിത്രം ഗുജറാത്ത് കൂട്ടക്കൊല ചിത്രീകരിച്ചതിന്റെ പേരിൽ സംഘ്പരിവാർ ആക്രമണം നേരിട്ടിരുന്നു. ഓൺലൈൻ വിദ്വേഷ പ്രചാരണത്തിനൊടുവിൽ അവർ റീ എഡിറ്റിങ്ങിന് വഴങ്ങുകയായിരുന്നു. ഒരു കലാകാരൻ എന്ന നിലയിലും ചലച്ചിത്ര നിർമാതാവ് എന്ന നിലയിലും ആലോചിക്കുമ്പോൾ ഈ സമ്മർദങ്ങളെ മറികടക്കാൻ എന്താണൊരു വഴി?
മോദി മുഖ്യമന്ത്രിയായിരിക്കവേ നടന്ന 2002ലെ ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ച് ഒരു സിനിമ നിർമിക്കാൻ ധൈര്യപ്പെട്ട എംപുരാന്റെ നിർമാതാക്കളെ ഞാൻ അഭിവാദ്യംചെയ്യുകയാണ്. രാകേഷ് ശർമയുടെ ഡോക്യുമെന്ററി ‘ഫൈനൽ സൊലൂഷൻ’, ബി.ബി.സി ഡോക്യുമെന്ററി എന്നിവയൊക്കെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പുറത്തുവന്നതാണ്. ഇരുവരും കടുത്ത ഭരണകൂട സമ്മർദങ്ങൾക്ക് വിധേയരായെങ്കിലും കീഴടങ്ങാൻ തയാറായിരുന്നില്ല. സ്റ്റാൻഡ് അപ് കോമഡിയുടെ പേരിൽ ക്ഷമാപണം നടത്താൻ കുനാൽ കമ്രയും വിസമ്മതിച്ചിരുന്നു.
ഒരു ഘട്ടത്തിൽപോലും സമ്മർദത്തിന് വഴങ്ങി സ്വയം സെൻസർ ചെയ്യാൻ വിസമ്മതിച്ച ഇവരൊക്കെ അപ്രഖ്യാപിത ഹിന്ദുത്വ അടിയന്തരാവസ്ഥ അവസാനിക്കുമ്പോൾ ആഘോഷിക്കപ്പെടും. കുനാൽ കമ്ര, രവീഷ് കുമാർ, ധ്രുവ് റാഠി തുടങ്ങിയവർ മുന്നോട്ടുെവച്ച കാഴ്ചപ്പാടുകൾ പരിശോധിച്ചാൽ, ഫാഷിസത്തിന്റെ വളർച്ചക്കെതിരായ വിരക്തിയുടെ തരംഗം സാവധാനത്തിൽ വളരുന്നത് നിങ്ങൾക്ക് തീർച്ചയായും കാണാൻ സാധിക്കും.
‘എംപുരാനെ’ ഭരണകൂടം നേരിട്ടത് നിർമാതാവിന്റെ അടുത്തേക്ക് ഇ.ഡിയെ അയച്ചും സംവിധായകന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയുമാണ്...?
കുനാൽ കമ്രയുടെ ആക്ഷേപഹാസ്യത്തോടുള്ള ഭരണകൂടത്തിന്റെ പ്രതികരണം നോക്കൂ. എത്രമാത്രം അതിരുകടന്നതായിരുന്നു അത്. കുനാൽ പറയുന്നതെല്ലാം സത്യമായതുകൊണ്ടാണ് അവർക്ക് ചെറിയ വിമർശനംപോലും സഹിക്കാനാകാത്തത്. അതു കാണുന്ന ആളുകൾക്കും അതിലെ വാസ്തവം മനസ്സിലാകും. ആത്യന്തികമായി, ഇത്തരം അമിത പ്രതികരണങ്ങൾ തീർച്ചയായും ഭരണകൂടത്തിന് തന്നെ തിരിച്ചടിയാകുമെന്നാണ് ഞാൻ കരുതുന്നത്.
കുനാലിന്റെ ‘കുറ്റകരമെന്ന്’ പറയപ്പെടുന്ന വിഡിയോ 12 ദിവസംകൊണ്ട് നേടിയത് 1.2 കോടി കാഴ്ചക്കാരെയാണ്. ‘എംപുരാനും’ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. തീർച്ചയായും അതെല്ലാം മറ്റു പലരെയും ഭയപ്പെടുത്തും. അതുകൊണ്ടാണ് ശിവസേന (ഷിൻഡെ) വിഭാഗം ബുക്ക് മൈ ഷോക്ക് മുന്നറിയിപ്പ് നൽകുന്നതും കുനാലിന്റെ ഉള്ളടക്കങ്ങളെല്ലാം ബുക്ക് മൈ ഷോ നീക്കം ചെയ്യേണ്ടിവന്നതും. ദുർബലമായ കണ്ണികൾ തകർന്നേക്കാം, പക്ഷേ അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും തകർക്കപ്പെടില്ല. അത് പൊതുജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള വഴികൾ കണ്ടെത്തുകതന്നെ ചെയ്യും.

മുൻകാലങ്ങളിലും േപ്രാപഗണ്ട സിനിമകൾ നിർമിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്റർനെറ്റിന്റെ വരവോടെ പ്രചാരണങ്ങൾ എന്നത്തേക്കാളും ഇപ്പോൾ ഫലപ്രദമായി തീർന്നിരിക്കുകയാണ്. ഈ ആക്രമണങ്ങളിൽനിന്ന് ജനാധിപത്യപരവും ഭരണഘടനാപരവുമായ മൂല്യങ്ങളെ എങ്ങനെയാണ് സംരക്ഷിക്കുക?
ബോളിവുഡിലും മറ്റു ചെറിയ സിനിമ ഇൻഡസ്ട്രികളിലും ഇറങ്ങുന്ന ഹിന്ദുത്വ പ്രചാരണ സിനിമകളെ മുൻപന്തിയിലെത്തിക്കാൻ പണിയെടുക്കുന്നത് ഭരണകൂടവും വലിയ വ്യവസായങ്ങളുമാണ്. ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിൽ, അവ ഫോൺ സ്ക്രീനുകളിലൂടെയും ഇന്റർനെറ്റിലൂടെയും പ്രചാരണം നടത്തുകയാണ്. അതേസമയം, േപ്രാപഗണ്ട സിനിമകൾക്കെതിരെ സിനിമകൾ നിർമിക്കുന്നവർ നേരിടുന്നത് വിതരണ വിലക്കാണ്. ഇന്റർനെറ്റിൽ മാത്രമായി അവ ഒതുങ്ങുന്നു. ഹിന്ദുത്വ ഭരണകൂടത്തിന് ഇഷ്ടമല്ലാത്തവയാണെങ്കിൽ അവ ഇന്റർനെറ്റ് സ്‌പേസിലും നിരീക്ഷിക്കപ്പെടുകയും അൽഗോരിതത്താൽ (algorithm) നിയന്ത്രിക്കപ്പെടുകയുമാണ്.
നിലവിലെ ഭരണത്തെ ചില ഇടതു പാർട്ടികൾ ‘ഫാഷിസ്റ്റ്’ എന്ന് വിശേഷിപ്പിക്കുമ്പോൾ, ഈ ഭരണകൂടങ്ങൾ നവ ഫാഷിസ്റ്റ് പ്രവണതകളുടെ അടയാളങ്ങളാണ് കാണിക്കുന്നത് എന്നാണ് സി.പി.എം പറയുന്നത്. ഒരിക്കൽ താങ്കളും ഇതിനെ ഫാഷിസ്റ്റ് രാഷ്ട്രം എന്ന് വിളിക്കാൻ കഴിയില്ലെന്നും സൂചനകൾ മാത്രമാണുള്ളതെന്നും അഭിപ്രായപ്പെട്ടിരുന്നു. ആ അഭിപ്രായത്തിൽ മാറ്റം വന്നിട്ടുണ്ടോ?
നമ്മൾ തീർച്ചയായും ഇപ്പോൾ ഒരു ഫാഷിസ്റ്റ് പാതയിലാണ്. ഇതിനകം തന്നെ ഫാഷിസ്റ്റാണോ അതോ വഴിയിലാണോ എന്നത് ഒരു അക്കാദമിക് ചർച്ചയാണ്. ഹിറ്റ്ലർ പോലും തെരഞ്ഞെടുപ്പുകളിൽനിന്നാണ് ആരംഭിച്ചത്. പിന്നീടാണ് ആളുകളെ വിശ്വാസത്തിലെടുക്കാനുള്ള അത്തരം പ്രകടനങ്ങൾ ഹിറ്റ്ലർ ഒഴിവാക്കിയത്. ഇന്ത്യയിലെ ഇന്നത്തെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമാണോ എന്നതാണ് യഥാർഥ ചോദ്യം. ഞാൻ അല്ല എന്നാണ് കരുതുന്നത്. ഫലം മുൻകൂട്ടി തീരുമാനിച്ചിരിക്കുന്നുവെന്ന് കരുതാൻ പലവിധ കാരണങ്ങളുണ്ട്. ഒരു ഭാഗത്ത് മാത്രം ധനം കേന്ദ്രീകരിക്കുന്നു എന്നതാണ് ഏറ്റവും വ്യക്തമായ സൂചന.
അങ്ങനെയൊരു തോന്നൽ ഉണ്ടാവാനുള്ള മറ്റു കാരണങ്ങൾ?
തെരഞ്ഞെടുപ്പ് കമീഷൻ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇ.വി.എം എന്നിങ്ങനെ നിരവധി കാരണങ്ങളുണ്ട്. പക്ഷേ, അങ്ങനെ തോന്നാനുള്ള പ്രധാന കാരണം, പി.എം കെയർ ഫണ്ട് പോലെയുള്ള അതാര്യമായ മാർഗങ്ങളിലൂടെ പണം മുഴുവൻ ഒരു പാർട്ടിയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ്.
അയോധ്യ മുതൽ കശ്മീർ വിധി വരെ പരിശോധിക്കുമ്പോൾ രാജ്യത്തെ നീതിന്യായ സംവിധാനം ഭരണകക്ഷിയുടെ ഭൂരിപക്ഷാധിപത്യ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് വഴങ്ങുന്നതായി തോന്നും. ജുഡീഷ്യറി എല്ലായ്പോഴും ജനങ്ങളുടെ അവസാന ആശ്രയമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും നൂറുകണക്കിന് രാഷ്ട്രീയ തടവുകാർ വിചാരണ കൂടാതെ ജയിലിൽ കഴിയുകയാണ്. അവരിൽ ഒരാളാണ് ഉമർ ഖാലിദ്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികളും പൗരസമൂഹവും എന്തുചെയ്യണമെന്നാണ് കരുതുന്നത്?
നാലര വർഷമായി തുടരുന്ന ഉമർ ഖാലിദിന്റെ വിചാരണയില്ലാത്ത തടവ് രാജ്യത്തിന് കളങ്കമാണ്. അതുപോലെ തന്നെയാണ് രാഷ്ട്രീയ എതിരാളികളായ നൂറുകണക്കിന് പേരുടെ അറസ്റ്റും. അവരിൽ അധികവും ന്യൂനപക്ഷങ്ങളിൽനിന്നുള്ളവരും ദലിതരുമാണ്.
അടിയന്തരാവസ്ഥ കാലത്തേക്കാൾ ഭീതിദമല്ലേ നിലവിലെ അവസ്ഥ. പ്രതിരോധിക്കേണ്ട സിവിൽ സമൂഹം എവിടെയാണ് അപ്രത്യക്ഷമായത്?
ഒരു കാലത്തും സിവിൽ സമൂഹങ്ങൾ അത്ര കരുത്തരായിരുന്നില്ല. പക്ഷേ, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ അവസ്ഥ മറിച്ചായിരുന്നു. അവർ മുമ്പ് ശക്തരായിരുന്നു. ഇവിടെ മുഖ്യധാരാ മാധ്യമങ്ങളും കുറ്റക്കാരാണ്. അവർ ഏതാണ്ട് പൂർണമായും കീഴടങ്ങിക്കഴിഞ്ഞു.

അധികാരത്തിനെതിരായ വിയോജിപ്പ് പ്രകടിപ്പിക്കാൻ താങ്കൾ ഡോക്യുമെന്ററികൾ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, അതിനും മൂലധനം ആവശ്യമാണ്. രാഷ്ട്രീയ വിയോജിപ്പ് രേഖപ്പെടുത്തുന്നവർക്കൊപ്പം നിൽക്കുന്നവർക്കെതിരെ അന്വേഷണ ഏജൻസികളെ ഭരണകൂടം ഉപയോഗിക്കുകയാണ്. അപ്പോൾ താങ്കളെപ്പോലുള്ള ചലച്ചിത്ര പ്രവർത്തകർക്ക് നിർമാതാക്കളുടെ പിന്തുണ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലേ?
എനിക്ക് ഒരിക്കലും നിർമാതാക്കളെ ലഭിക്കുകയോ അവരെ അന്വേഷിക്കാൻ ഞാൻ തയാറാവുകയോ ചെയ്തിട്ടില്ല. എന്റെ സിനിമകൾ വളരെ കുറഞ്ഞ ബജറ്റുള്ളതും, സ്വയം ധനം കണ്ടെത്തി നിർമിച്ചവയുമായിരുന്നു. സ്വതന്ത്രമായി നിൽക്കാൻ ഞാൻ സ്വീകരിച്ച മാർഗമാണത്.