Begin typing your search above and press return to search.

അരോചക വാക്യങ്ങളും ദ്വയാർഥ പ്രയോഗങ്ങളുമല്ല തമാശ

അരോചക വാക്യങ്ങളും ദ്വയാർഥ പ്രയോഗങ്ങളുമല്ല തമാശ
cancel

കോമഡി സിനിമകളെ കോമാളിപ്പടങ്ങൾ എന്ന് വിളിക്കുന്നവരോട്, കോമഡിയുടെ സൃഷ്ടിപ്പ് അത്ര എളുപ്പമുള്ളതല്ലെന്നും എന്നാൽ, പരിധിവിട്ട് ചെയ്യുന്ന അഭിനയപ്രകടനങ്ങളെ നിയന്ത്രിക്കണമെന്നും പറയുകയാണ് സംവിധായകനും നടനുമായ ജോണി ആന്‍റണി. സിനിമയും ജീവിതവും സംഘടന വിഷയങ്ങളുമെല്ലാം അദ്ദേഹം ‘മാധ്യമം’ ലേഖകനുമായി പങ്കുവെക്കുന്നു. സംഭാഷണം കഴിഞ്ഞ ലക്കം തുടർച്ച. കോമഡിയാണ് താങ്കളുടെ പ്രധാന മേഖല? കൗമാരകാലത്ത് ചാപ്ലിൻ സിനിമകൾ സ്വാധീനം ചെലുത്തിയിട്ടുണ്ടോ? അടൂർ ഭാസി സിനിമകളും? സിനിമയിലേക്ക് കോമഡി മനപ്പൂർവം കൊണ്ടുവരാനായി ചാപ്ലിൻ സിനിമകൾ കാണുകയോ അതിൽനിന്ന് എന്തെങ്കിലും കടമെടുക്കുകയോ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
കോമഡി സിനിമകളെ കോമാളിപ്പടങ്ങൾ എന്ന് വിളിക്കുന്നവരോട്, കോമഡിയുടെ സൃഷ്ടിപ്പ് അത്ര എളുപ്പമുള്ളതല്ലെന്നും എന്നാൽ, പരിധിവിട്ട് ചെയ്യുന്ന അഭിനയപ്രകടനങ്ങളെ നിയന്ത്രിക്കണമെന്നും പറയുകയാണ് സംവിധായകനും നടനുമായ ജോണി ആന്‍റണി. സിനിമയും ജീവിതവും സംഘടന വിഷയങ്ങളുമെല്ലാം അദ്ദേഹം ‘മാധ്യമം’ ലേഖകനുമായി പങ്കുവെക്കുന്നു. സംഭാഷണം കഴിഞ്ഞ ലക്കം തുടർച്ച.

കോമഡിയാണ് താങ്കളുടെ പ്രധാന മേഖല? കൗമാരകാലത്ത് ചാപ്ലിൻ സിനിമകൾ സ്വാധീനം ചെലുത്തിയിട്ടുണ്ടോ? അടൂർ ഭാസി സിനിമകളും?

സിനിമയിലേക്ക് കോമഡി മനപ്പൂർവം കൊണ്ടുവരാനായി ചാപ്ലിൻ സിനിമകൾ കാണുകയോ അതിൽനിന്ന് എന്തെങ്കിലും കടമെടുക്കുകയോ ചെയ്തിട്ടില്ല. കുട്ടിക്കാലത്തും കൗമാര സമയത്തും കണ്ട സിനിമകളിൽനിന്നും മനുഷ്യരിൽനിന്നുമാണ് പിൽക്കാലത്ത് തമാശ നിറഞ്ഞതോ ചിരിപ്പിക്കുകയോ ആനന്ദിപ്പിക്കുകയോ ചെയ്യുന്ന സിനിമകൾ ചെയ്യാൻ പ്രേരണയായിട്ടുള്ളത്. എൺപതുകളിലും തൊണ്ണൂറുകളിലും തുടർന്ന് വന്നിട്ടുള്ള സിനിമകളിലെയും തമാശകളെ തന്നെയാണ് എന്നിലെ കൊമേഡിയനെ ഉണർത്തിയിട്ടുള്ളത്. കൂടാതെ ആദ്യകാല കോമഡി നടൻമാരുടെ മാനറിസങ്ങളും ഭാഷാശൈലിയും പ്രചോദനമായിട്ടുണ്ട്. അടൂർ ഭാസി, ബഹദൂർ, എസ്.പി. പിള്ള മുതൽ ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, ഇന്നസെന്‍റ്, മുകേഷ്, ജഗദീഷ്, ദിലീപ് തുടങ്ങിയവരുടെ സിനിമകളെല്ലാം കണ്ടാസ്വദിച്ച് ചിരിച്ചവയാണ്. എന്നാൽ, ചാപ്ലിൻ സിനിമകളെ കാണാതിരിക്കുകയോ ക്ലാസിക് കോമഡി ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്തിട്ടില്ല.

അരോചക തമാശകളും ദ്വയാർഥ പ്രയോഗങ്ങളും സിനിമകളിലും ചാനൽ കോമഡികളിലും ധാരാളമായി കാണുന്നുണ്ട്. അവയിൽനിന്ന് മാറിനിൽക്കാനോ, അത്തരം പ്രയോഗങ്ങളെ പ്രതിരോധിക്കാനോ ശ്രമം നടത്തിയിട്ടുണ്ടോ?

കഴിവതും ദ്വയാർഥ പ്രയോഗങ്ങൾ സിനിമയിൽനിന്ന് ഒഴിവാക്കണമെന്നാണ് എന്‍റെ അഭിപ്രായം. കുടുംബവുമായി ഒരു സിനിമ കാണുമ്പോൾ അതിൽ വളിച്ചതോ മോശപ്പെട്ടതോ ആയ പ്രയോഗങ്ങൾ കാണേണ്ടിയും കേൾക്കേണ്ടിയും വരുമ്പോൾ നമ്മളിലുണ്ടാകുന്ന മനഃപ്രയാസത്തെ കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കാവുന്നതേയുള്ളൂ. അത്തരം കാട്ടിക്കൂട്ടലുകൾ കാണുന്ന നമ്മുടെ കുട്ടികൾ ഒന്നും മനസ്സിലാകാതെ ചിന്തിക്കുന്നുണ്ടാകും, ഇവരൊക്കെ എന്തിനാ ഇങ്ങനെ ചിരിക്കുന്നതെന്ന്. അവരുടെ ആ സംശയം തീർക്കാൻ രക്ഷിതാക്കൾക്കുപോലും സാധിക്കാതെ വരികയും തമാശയുടെ രൂപം ഇതാണെന്ന് കുട്ടികൾ മനസ്സിരുത്തി ചിന്തിക്കുകയും ചെയ്യും. അത്തരം വളിപ്പ് തമാശകളും സംസാരങ്ങളും ആ സിനിമയിൽനിന്ന് പ്രേക്ഷകനെ അകറ്റിനിർത്താനേ ഇടവരുത്തൂ. അവിടെ തമാശ സാധ്യമാകണമെന്നില്ല. അവയെ ഒഴിവാക്കുക തന്നെയാണ് സിനിമക്കും ചാനൽ ഷോകൾക്കും എന്നും നല്ലത്.

പുതിയ കാലത്ത് സോഷ്യൽ മീഡിയ റീലുകളാണ് സിനിമ തമാശകളുടെ കണ്ടന്‍റായി വരുന്നതെന്ന് പറയുന്നുണ്ട്. ആ പ്രവണത നല്ലതാണോ. അതൊരു അടവും എളുപ്പ മാർഗവുമല്ലേ?

റീൽസിലായാലും സിനിമയിലായാലും സോഷ്യൽ മീഡിയയിലായാലും ഒരു പരിധിവരെ സത്യൻ അന്തിക്കാട്, പ്രിയദർശൻ, ശ്രീനിവാസൻ, സിദ്ദീഖ് ലാൽ, റാഫി മെക്കാർട്ടിൻ, അശോകൻ-താഹ തുടങ്ങിയവരെല്ലാം ഉണ്ടാക്കിവെച്ചതല്ലാതെ അതിനപ്പുറത്തേക്കുള്ള ഒരു തമാശയും കാര്യമായി ഉണ്ടായിവന്നിട്ടില്ല. അവർ ഉണ്ടാക്കിയതിനു മുകളിൽ നിൽക്കുന്ന ഒരു കോമഡി സിനിമയും ഇന്നുണ്ടായിവരുന്നുമില്ല. ഒരിക്കൽ സിദ്ദീഖ് സാറുമായി സംസാരിക്കവെ –നമുക്ക് ചിരിക്കാൻ തോന്നുന്നില്ലെങ്കിലും തിയറ്ററിൽ ആളുകൾ ചിരിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത്, ‘‘ജോണീ, നമ്മളെല്ലാം കണ്ടുകഴിഞ്ഞു. നമ്മളെല്ലാം രുചിച്ചും കഴിഞ്ഞു. നമ്മൾ കഴിച്ചതിന്‍റെ അൽപംപോലും ഇതിൽ വരുന്നില്ല. അതുകൊണ്ടാണ് നമുക്ക് ഇതു കാണുമ്പോൾ ചിരി വരാത്തത്. അത് നമ്മുടെ പ്രശ്നമാണ്, പ്രേക്ഷകന്‍റേതല്ല’’ എന്നാണ്. ദൈനംദിന ജീവിതത്തിൽ പണ്ടുള്ളവർക്ക് പറയാൻ ഇഷ്ടക്കണക്കിന് തമാശകളുണ്ടായിരുന്നു. ഇന്ന് പഴയത് ആവർത്തിച്ച് ചിരിക്കുന്നതല്ലാതെ പുതുതമാശകൾ വരുന്നത് നന്നേ കുറവാണ്.

ദിവസവും ഒരു സിനിമ കാണുന്ന പതിവ് ഇപ്പോഴുമുണ്ടോ?

സിനിമ കാണുന്നത് പണ്ടത്തെ പോലെ ഇന്നും ഇഷ്ടമായതുകൊണ്ടുതന്നെ ആ പതിവിന് മാറ്റമൊന്നും വന്നിട്ടില്ല. കോമഡി മാത്രമല്ല, എല്ലാ വിഭാഗം സിനിമകളും കാണുന്നതിൽ ഉൾപ്പെടും. ഫീൽഗുഡ്, ഫാമിലി സിനിമകൾ കാണാനാണ് ഏറെ താൽപര്യം. കുടുംബ കഥകൾ ഇഷ്ടമാണ്. അതുകൊ ണ്ട് അത്തരം സിനിമകൾ കാണാൻ ഏറെ ആഗ്രഹിക്കും. തമിഴിൽ അടുത്തിടെ ഇറങ്ങിയ ‘ടൂറിസ്റ്റ് ഫാമിലി’ ഏറെ ഇഷ്ടം തോന്നിയ സിനിമയാണ്.

‘സൈക്കിൾ’, ‘മാസ്റ്റേഴ്സ്’ എന്നിവ വ്യത്യസ്തരീതിയിൽ ചെയ്തതാണല്ലോ?

സിനിമ എങ്ങനെ രൂപപ്പെടുമെന്ന് മുൻകൂട്ടി പറയാനാവില്ല. ‘മാസ്റ്റേഴ്സും’ ‘സൈക്കിളും’ കാലം തെറ്റിവന്ന സിനിമകളാണ്. മുമ്പ് മലയാളത്തിലെ അറിയപ്പെടുന്നൊരു തിരക്കഥാകൃത്ത് പറഞ്ഞതാണ്, മലയാളത്തിലെ ആദ്യത്തെ ന്യൂ​െജനറേഷൻ സിനിമ ‘സൈക്കിളാ’ണെന്ന്. ഒരുപക്ഷേ, അതിന്‍റെ സംവിധായകൻ തമാശപ്പടങ്ങൾ ചെയ്ത ആളായതുകൊണ്ടാവും അതിനെ ന്യൂജെനറേഷനെന്ന് വിലയിരുത്താതിരുന്നത്. അതിനുശേഷമാണ് ന്യൂജെൻ എന്ന വിശേഷണമുള്ള സിനിമകളെല്ലാംതന്നെ ഇറങ്ങിയത്. ‘സൈക്കിളി’ന്‍റെയും ‘മാസ്റ്റേഴ്സി’ന്‍റെയും സംവിധായകൻ ജോണി ആന്‍റണി അല്ലായിരുന്നെങ്കിൽ അതിനെ ന്യൂ​െജനെന്ന് വാഴ്ത്തപ്പെട്ടേനെ. തമാശപ്പടത്തിന്‍റെ സംവിധായകൻ എന്ന ലേബൽ വീണതുകൊണ്ടുതന്നെ എന്നെപ്പോലെയുള്ളവരെ അംഗീകരിക്കാൻ ഭയങ്കര പാടാണ്.

മമ്മൂട്ടിക്കൊപ്പം ജോണി ആന്‍റണി

 

അടുത്തിടെ ജഗതി ശ്രീകുമാറിന്‍റെ അഭിനയത്തിലെ ഓവർ ആക്ടിങ്ങിനെ കുറിച്ച് സംവിധായകൻ ലാലിന്‍റെ പരാമർശമുണ്ടായിരുന്നു. സംവിധാനസമയത്ത് അത്തരം പ്രകടനങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ?

ഷോട്ടുകൾക്ക് ഇടക്കുള്ള ചെറുരംഗങ്ങളിൽ എക്സ്ട്രാ ആക്ടിങ് ചെയ്യുന്നുണ്ടെങ്കിൽ ജഗതി ചേട്ടനത് പറയും. ഷോട്ട് തീരാൻ പോകുന്ന സമയത്താണെങ്കിൽ പുള്ളി കട്ട് ചെയ്യല്ലേ, ഒരു കാര്യംകൂടിയുണ്ട് എന്ന് പറയും. അത് കേൾക്കുമ്പോ നമുക്ക് മനസ്സിലാകും എന്തോ ഒരു സംഭവം പുള്ളി കാണിക്കാൻ പോകുന്നുണ്ടെന്ന്. ആ ചെറുരംഗം പുള്ളി നേരത്തേതന്നെ അഭിനയിച്ച് കാണിക്കാത്തതെന്താണെന്ന് ചോദിച്ചാൽ പുള്ളിക്ക് ഓഡിയൻസ് റെസ്പോൺസ് അറിയണം. തമാശ ഫലിക്കുമെന്ന് തോന്നിയാൽ വേറെയൊന്നും നോക്കില്ല. പുള്ളി അഭിനയിച്ച് തകർക്കും. ജഗതിച്ചേട്ടനെ നല്ല പരിചയമുള്ളതുകൊണ്ടും അസാമാന്യ പ്രതിഭയായതുകൊണ്ടുമെല്ലാം നമുക്ക് ആദ്യമേ ബോധ്യമുണ്ടാകും എന്തോ എക്സ്ട്രാ ഇടാൻ പോകുന്നുണ്ടെന്ന്. സിനിമയിൽ എക്കാലത്തും ഹാസ്യം കൈകാര്യംചെയ്തിരുന്നയാൾ എന്നനിലയിൽ അദ്ദേഹത്തെ പോലൊരാൾ എടുക്കുന്ന എക്സ്ട്രാ മാനറിസങ്ങളെ എന്നും പ്രേക്ഷകർ സ്വീകരിച്ചിട്ടേ ഉള്ളൂ. അദ്ദേഹത്തിന് അതിനുള്ള ലൈസൻസും പ്രേക്ഷകർ നൽകിയിട്ടുണ്ട്.

സംവിധായകൻ ലാലേട്ടൻ പറഞ്ഞതിനെ അത്ര വിവാദമാക്കേണ്ട കാര്യമില്ല എന്നാണ് പറയാനുള്ളത്. ജഗതിച്ചേട്ടന് മികച്ച കഥാപാത്രങ്ങളെ നൽകിയ സംവിധായകരിൽ ഒരാളാണ് അദ്ദേഹം. ‘കാബൂളിവാല’യിലെ കടലാസ് എന്ന കഥാപാത്രം കാണിക്കുന്ന ഓരോ മാനറിസവും പ്രേക്ഷകനെ ചിരിപ്പിക്കുകയും ഈറനണിയിപ്പിക്കുകയുംചെയ്തതാണ്. ജഗതിച്ചേട്ടൻ പൂർണ ആരോഗ്യവാനായിരുന്നെങ്കിൽ അദ്ദേഹം ഈ വിവാദ പരാമർശങ്ങൾ ഒരുപക്ഷേ ചിരിച്ചു തള്ളിയേനെ. ഇനി എന്‍റെ സിനിമയിലാണെങ്കിൽപോലും നല്ലതാണെങ്കിൽ അതിനെ നല്ലതായി തന്നെ സ്വീകരിക്കും. മോശമാണെങ്കിൽ നൈസായിട്ട് അഭിനേതാവിനെ വിഷമിപ്പിക്കാതെ തന്നെ പറയും. നമുക്കിത് വേണ്ടാ, ഈ സിനിമക്ക് ഈ പ്രകടനം യോജിച്ചതല്ല എന്നും.

പ്രതിഭകൾകൊണ്ടും തമാശ രംഗങ്ങൾകൊണ്ടും സമ്പന്നമാണല്ലോ ‘സി.ഐ.ഡി മൂസ’. ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ, സലിം കുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, പറവൂർ ഭരതൻ, ക്യാപ്റ്റൻ രാജു, ഇന്ദ്രൻസ് ഇവരെല്ലാംതന്നെ തമാശ ഫലിപ്പിക്കാൻ മിടുക്കുള്ളവരാണ്. അതിനാൽ തന്നെ ഇവരെ കൈകാര്യംചെയ്യലും പണിയുള്ളതാണ്. എല്ലാവരും സ്വന്തം മാനറിസങ്ങൾ എക്സ്ട്രാ ചേർത്തുകഴിഞ്ഞാൽ പിന്നെ ഷൂട്ടിങ് ദിനങ്ങളുടെ എണ്ണം കൂടും. ആ സന്ദർഭത്തിൽ സംവിധായകൻ രംഗത്തിറങ്ങേണ്ടി വരും. ഓരോരുത്തരെ വേർതിരിച്ച് അവരവരുടെ പ്രകടനങ്ങളിൽനിന്ന് നല്ലത് സ്വീകരിച്ച് തമാശയുടെ രസം ചോരാതെ സിനിമയിൽ ഉൾക്കൊള്ളിക്കണം. ഇന്നത് വേണം, ഇന്നത് വേണ്ട എന്ന് സംവിധായകൻ സ്വീകരിച്ച് ഉറപ്പിക്കേണ്ടിവരും.

 

‘വരനെ ആവശ്യമുണ്ട്’ സിനിമയിൽ ദുർഖർ സൽമാനൊപ്പം ജോണി ആന്‍റണി

വ്യക്തിജീവിതത്തിൽ അത്ര തമാശക്കാരനല്ലല്ലോ?

ജീവിതത്തിലെപ്പോഴും തമാശ ഉൾക്കൊള്ളിച്ച് കൊണ്ടുപോകാനാകില്ല. തമാശ ചെയ്യുന്നയാളും എല്ലാ വിചാര വികാരങ്ങളുമുള്ള മനുഷ്യൻകൂടിയാണ്. ചിരി പോലെതന്നെ മറ്റു ചിന്തകളും അയാളുടെ ഉള്ളിലുണ്ടാകും. എന്നെ സംബന്ധിച്ച് ഇമോഷൻസ് ആണ് ജീവിതത്തെ മുന്നോട്ടുനയിക്കുന്നത്. വിഷമങ്ങൾ, ബുദ്ധിമുട്ടുകൾ, സങ്കടങ്ങൾ, അവ നമ്മുടേത് മാത്രമായി കൊള്ളണമെന്നില്ല. സഹോദരങ്ങളുടേതോ ബന്ധുക്കളുടേതോ സുഹൃത്തുക്കളുടേതോ ഒക്കെയാകാം. അവരുടെ സങ്കടങ്ങളും നമ്മെ ബാധിക്കുന്നതാണല്ലോ. എല്ലാ പ്രശ്നങ്ങളെയും നമുക്ക് പരിഹരിച്ചു നൽകാനാവില്ല. ലോകത്ത് നമുക്ക് പരിഹരിക്കാൻ സാധിക്കാത്ത എത്രമാത്രം വിഷയങ്ങളുണ്ട്. എന്നാൽ, അവക്ക് നല്ലൊരു പരിഹാരം വേണമല്ലോ എന്ന ചിന്ത നമ്മെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഘടകമാണ്. അങ്ങനെ നോക്കുമ്പോൾ എനിക്ക് എല്ലാ സമയത്തും തമാശക്കാരനായിരിക്കാൻ സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. സീരിയസ് ആകേണ്ടിടത്ത് അങ്ങനെതന്നെയാണ് പെരുമാറിയിട്ടുള്ളത്.

പണ്ട് ചെ​െന്നെയിൽ അസി. ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് സഹോദരീ ഭർത്താവ് ശ്വാസകോശത്തിന് അസുഖം ബാധിച്ച് സീരിയസായി ആശുപത്രിയിലായി എന്ന വിവരമെത്തുന്നത്. അങ്ങനെ പെട്ടെന്ന് നാട്ടിലേക്ക് പോരാനുള്ള ശ്രമം നടത്തി. സംവിധായകൻ ലാൽ ജോസ് അന്ന് അസോസിയേറ്റ് ആയി അവിടെയുണ്ടായിരുന്നു. വിവരമറിഞ്ഞ് പുള്ളിയും എന്‍റെ കൂടെ നാട്ടിലേക്ക് വരാമെന്ന് പറഞ്ഞു. ഞാൻ വേണ്ടെന്ന് പറഞ്ഞു. എനിക്കറിയാമായിരുന്നു, അളിയൻ ഒരുപക്ഷേ മരിച്ചു പോയിട്ടുണ്ടായിരിക്കുമെന്ന്. പക്ഷേ, നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ശരിക്കും ഞെട്ടിച്ച ആ വിവരം ഞാനറിഞ്ഞത്. അളിയനല്ല അപ്പനാണ് അപകടത്തിൽപെട്ട് മരിച്ചതെന്ന്. വീട്ടിലേക്ക് വരുന്ന വഴിക്കാണ് ആ ദുഃഖ വാർത്ത എന്നെ തേടിയെത്തിയത്. നാട്ടിലെത്തി സംസ്കാര ചടങ്ങുകളെല്ലാം തീർന്ന് കഴിഞ്ഞപ്പോൾ വല്ലാത്ത ശൂന്യതയായിരുന്നു. അപ്പനെ കുറിച്ച് കുറേ ഓർത്തു. നല്ലൊരു ജീവിതം അപ്പനുണ്ടായിരുന്നോ, അതിനുവേണ്ടി എനിക്കെന്തെങ്കിലും ചെയ്യാനായോ എന്നെല്ലാം മനസ്സ് സ്വയം ചോ ദിച്ചുകൊണ്ടിരുന്നു. ജീവിതത്തിൽ സംഭവിച്ച വല്ലാത്ത നാടകീയത കൂടിയായിരുന്നു ആ സംഭവം. പിന്നീടുള്ള ദിവസങ്ങളിൽ മനസ്സും ശരീരവും മരംപോലെ മരവിച്ച കണക്കായിരുന്നു. പതിയെ ആ വിഷമത്തെയും ഞാൻ മറികടന്നു. വിഷമങ്ങൾ വരുന്നതല്ല, അതിനെ അതിജീവിച്ച് മുന്നേറുന്നതിലല്ലേ വിജയമുള്ളത്.

 

ഗൗരവ സ്വഭാവമുള്ള സിനിമകൾ ചെയ്യണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

എനിക്ക് കുറച്ച് നല്ല സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അതിൽ സംതൃപ്തനുമാണ്. ‘വരനെ ആവശ്യമുണ്ട്’, ‘ഡ്രാമ’, ‘ജോ ആൻഡ് ജോ’, ‘പാൽത്തൂ ജാൻവർ’, ‘ഹൃദയം’, ‘ഹോം’, ‘അനുരാഗം’, ‘സബാഷ് ചന്ദ്രബോസ്’, ‘യുനൈറ്റഡ് കിങ്ഡം ഓഫ് കേരള’ (യു.കെ.ഒ.കെ) അങ്ങനെ കുറേ പടങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിച്ചു. ഏകദേശം 200ന് മുകളിൽ സിനിമകളിൽ ഇതുവരെ ഞാനഭിനയിച്ചുതീർത്തു. സംവിധാനംചെയ്ത സിനിമകളേക്കാൾ കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായിതന്നെ കാണുന്നു. അഭിനയത്തിൽ മികച്ച ബ്രേക്ക് തന്ന സംവിധായകനാണ് രഞ്ജിത്തേട്ടൻ. ലാലേട്ടനെ പ്രധാന കഥാപാത്രമായി അദ്ദേഹം സംവിധാനംചെയ്ത ‘ഡ്രാമ’ എന്ന സിനിമയിൽ മികച്ച വേഷമാണ് എനിക്കായി മാറ്റിവെച്ചത്. കൂടാതെ സംവിധായകൻ സുഗീതിന്‍റെ ‘ശിക്കാരി ശംഭു’വിലെ കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടിത്തന്നതാണ്.

അഭിനയരംഗത്തേക്ക് വന്ന ശേഷമാണ് പലർക്കും ‘സി.ഐ.ഡി മൂസ’യുടെ സംവിധായകൻ ഞാനാണെന്ന് തന്നെ മനസ്സിലായത്. അഭിനേതാവിന് ലഭിക്കുന്ന സ്വീകാര്യത സംവിധായകന് പലപ്പോഴും ലഭിക്കാത്തതിന്‍റെ കൂടി ഉദാഹരണമായി ഇതിനെ കാണുന്നു. സംവിധാന ജോലിയേക്കാൾ എളുപ്പമാണ് അഭിനയമെന്ന് പറയാമെങ്കിലും രണ്ടിനും അതിന്‍റേതായ പ്രയാസമുണ്ട്. അതോടൊപ്പംതന്നെ രണ്ടും ഒരുമിച്ച് കൊണ്ടുപോകൽ പ്രായോഗികമായി ബുദ്ധിമുട്ടേറിയതുമാണ്.

ഇ​േപ്പാൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന മിക്ക സിനിമകളുടെയും അണിയറയിലുള്ളത് ‘സി.ഐ.ഡി മൂസ’ ഫാൻസായ പിള്ളേരാണ്. അഞ്ചോ പത്തോ വയസ്സിൽ ‘സി.ഐ.ഡി മൂസ’ കണ്ടവൻമാരാണ് അവരുടെ ഇരുപത്തഞ്ചോ, മുപ്പത്തഞ്ചോ വയസ്സിൽ എന്നെ വെച്ച് സിനിമ പിടിക്കുന്നത്. ‘സി.ഐ.ഡി മൂസ’യുടെ സംവിധായകൻ എന്ന നിലയിൽ അവർ ആ സ്നേഹവും വാത്സല്യവുമെക്കെ എപ്പോഴും എന്നോട് കാണിക്കാറുണ്ട്. ഞങ്ങളെ കുടുകുടാ ചിരിപ്പിച്ച ആളാണെന്ന ബഹുമാനവും അവർക്കുണ്ട്. സീനിയോറിറ്റി കൊണ്ടോ വേറിട്ട ജീവിത കാഴ്ചപ്പാട് ഉള്ളതുകൊണ്ടോ ഒരിക്കലും അവരോട് ചേർന്നുനിൽക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടായിട്ടില്ല. കിട്ടിയ വേഷങ്ങളെ മികച്ചതാക്കാൻ തന്നെയാണ് ശ്രമിക്കുന്നത്.

പുതുമുഖ സംവിധായകർക്കൊപ്പമാണ് ഞാൻ കൂടുതലും അഭിനയിച്ചിട്ടുള്ളത്. എല്ലാവരും ഒന്നിനൊന്ന് കേമൻമാരുമാണ്. അടുത്തകാലത്ത് മുതിർന്ന സംവിധായകരിൽപെട്ട കമൽ സാറിന്‍റെ സിനിമയിൽ അഭിനയിക്കാൻ അവസരമുണ്ടായി. അദ്ദേഹത്തെ പോലുള്ള ലെജൻഡുകളുടെ സിനിമയിൽ അഭിനയിക്കണമെന്നത് ജീവിതത്തിലെ വലിയൊരു ആഗ്രഹംകൂടിയായിരുന്നു. അതുപോലെ മനസ്സിലുള്ള വലിയ മോഹങ്ങളിൽപെട്ടതാണ് ഹരിഹരൻ സാർ, സത്യൻ അന്തിക്കാട് സാർ, ജോഷി സാർ, സിബി മലയിൽ സാർ എന്നിവരുടെ സിനിമയിൽ അഭിനയിക്കണമെന്നത്. എനിക്കുറപ്പുണ്ട്, അധികം വൈകാതെതന്നെ അവരുടെ സിനിമകളിലും നല്ലൊരു വേഷം എന്നെത്തേടി വരുമെന്ന്.

 

 മോഹൻലാലിനൊപ്പം ജോണി ആന്‍റണി

സിനിമയല്ലാതെ മറ്റൊരു ജീവിതത്തെ കുറിച്ച് എപ്പോഴെങ്കിലും ചിന്തയിൽ വന്നിട്ടുണ്ടോ?

മനുഷ്യൻ എല്ലാക്കാലത്തും എപ്പോഴും കംഫർട്ട് സോണിൽ ആകണമെന്നില്ലല്ലോ. ഒരുദിവസം നല്ലതാണെങ്കിൽ പിറ്റേദിവസം മോശപ്പെട്ടതോ ബുദ്ധിമുട്ടേറിയതോ ആയിരിക്കും. ചില ദിവസം വിചാരിക്കാത്ത സ്ഥലത്തായിരിക്കും നമ്മൾ എത്തിപ്പെട്ടിട്ടുണ്ടാവുക. ഇതിങ്ങനെ മാറിമറിഞ്ഞുകൊണ്ടിരിക്കും. എന്നാൽ, നിൽക്കുന്നത് സിനിമയിലാണല്ലോ, അഭിനയിച്ചുകൊണ്ടിരിക്കുന്നതും സിനിമയിലാണല്ലോ എന്നതും നാളെയും നമുക്ക് സിനിമയുണ്ടല്ലോ എന്ന ചിന്തയുമാണ് എന്നെ സന്തോഷിപ്പിച്ച് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. പിന്നെ, എല്ലാവരും എല്ലാം തികഞ്ഞവരാകണമെന്നില്ല. എവിടെയായിരുന്നാലും നമുക്കൊപ്പമുള്ളവരോട് ഇഷ്ടവും കൂറും പുലർത്തി അവരുടെ ഒരാളായി മുന്നോട്ടുപോകുക, അവരോടൊപ്പം നിൽക്കുക എന്നുള്ളതിലാണ് കാര്യമുള്ളത്. നല്ല പെരുമാറ്റവും സ്വഭാവവും സിനിമ മേഖലയിൽ അത്യാവശ്യമാണ്. എന്നാലേ നല്ല അവസരങ്ങൾക്കും സാധ്യതയുള്ളൂ.

നല്ല സിനിമകൾ ചെയ്യണമെന്ന ആഗ്രഹത്തിന് പുറത്താണ് പണ്ട് ചെ​െന്നെയിലേക്ക് വണ്ടി കയറിയത്. അന്ന് ആഗ്രഹിച്ചതിനും അപ്പുറത്തുള്ളത് ഇന്ന് നേടാനായോ എന്ന് ചോദിച്ചാൽ, നല്ലൊരു ജീവിതം സാധ്യമാക്കാനായി എന്നതും സൗഹൃദങ്ങളും മികച്ച സഹപ്രവർത്തകരുമായുള്ള ആത്മബന്ധവും ഉണ്ടാക്കിയെടുക്കാനായി എന്നതും എടുത്തുപറയേണ്ടതാണ്.

‘അമ്മ’ സംഘടനയിലേക്ക് വരാം. എന്താണ് ‘അമ്മ’യിൽ സംഭവിക്കുന്നത്. ആരാണ് പ്രശ്നങ്ങളെ ഊതിവീർപ്പിക്കുന്നത്?

ആകപ്പാടെ 506 അംഗങ്ങളുള്ളൊരു സംഘടനയാണ് അമ്മ കൂട്ടായ്മ. അതിലുള്ള ആളുകൾക്ക് പെൻഷനും മരുന്നും സഹായവുമെല്ലാം സംഘടന ഭാരവാഹികൾ അറിഞ്ഞു നൽകുന്നുണ്ട്. ലോകത്ത് ആദ്യമായിട്ടായിരിക്കും ഇത്രയും ചെറിയ അംഗങ്ങളുള്ള ഒരു സംഘടനയെ കുറിച്ച് ലോകർ മുഴുവൻ ഇങ്ങനെ സാകൂതം നിരീക്ഷിച്ച് ഇഴകീറി പരിശോധിച്ച് പ്രശ്നവത്കരിക്കുന്നത്. സ്വന്തം വിഷയങ്ങളെ മാറ്റിവെച്ച് ആളുകൾ എന്തിനാണ് ഇതിന് ഇത്ര പ്രാധാന്യം നൽകുന്നതെന്ന് മനസ്സിലാകുന്നില്ല. ഒരു വ്യക്തിക്ക് അയാളുടേതായ സ്വകാര്യതയുള്ളതുപോലെ ഓരോ സംഘടനക്കും അതിന്‍റേതായ സ്വകാര്യതയുണ്ട്. അമ്മ ഒരു മത, രാഷ്ട്രീയ, സാമുദായിക സംഘടനയല്ല. മലയാള സിനിമ അഭിനേതാക്കൾക്കിടയിൽ ഒരു സൊസൈറ്റി പോലെ പ്രവർത്തിക്കുന്ന കൂട്ടാ‍യ്മയാണത്.

മരിച്ച വീട്ടിൽ ചെന്ന് പോരുന്നതിനിടയിലും ചിലർ ചോദിക്കും. ‘അമ്മ’യിൽ മൊത്തം പ്രശ്നങ്ങളാല്ലേ... അവർക്ക് അവരുടെ വീട്ടിലെ പ്രശ്നങ്ങളെക്കാൾ പ്രാധാന്യം ‘അമ്മ’യിലെ വിഷയങ്ങളാണ്. താരങ്ങളായതുകൊണ്ടാണ് ഈ പ്രശ്നങ്ങളെല്ലാം എന്നാണ് ഇതിന് കാരണമായി ഞാൻ കണ്ടെത്തുന്നത്. മാത്രമല്ല നടൻമാരെല്ലാം കള്ളക്കടത്ത് നടത്തി ജീവിക്കുന്നവരാണ്, പണമുള്ളതുകൊണ്ട് അഹങ്കാരികളാണ് എന്നിങ്ങനെയുള്ള സമൂഹത്തിന്‍റെ തെറ്റായ ചിന്തയും പ്രശ്നങ്ങളെ ഊതിവീർപ്പിക്കുന്നു.

ആർക്കാണ് മമ്മൂട്ടിയും മോഹൻലാലും ആകാൻ ആഗ്രഹമില്ലാത്തത്. സ്വന്തമായി സാധിച്ചില്ലെങ്കിലും മക്കളെയെങ്കിലും അങ്ങനെയായി കാണണമെന്ന ചിന്ത മിക്കവരുടെയും മനസ്സിൽ ഒരുതവണയെങ്കിലും ഒളിമിന്നി പോയതാകും. നടനോ നടിയോ ആയി വെറും ഇരുപത്തഞ്ചോ അമ്പതോ പേർ മാത്രമേ വലിയൊരു പ്രശസ്തി നേടി ഇവിടെ ജീവിക്കുന്നുള്ളൂ. ബാക്കിയെല്ലാവരും കടുത്ത പരീക്ഷണത്തിലാണ്. എങ്ങനെയെങ്കിലും കരപറ്റാനുള്ള പെടാപ്പാടിലാണവർ. നടനായി പേരെടുത്താലോ അയാൾക്ക് പിന്നെ ബസിൽ കയറി പോകാൻ സാധിക്കാത്ത സാഹചര്യവും. ഇതിനോട് ചേർത്തു വായിക്കേണ്ട മറ്റൊരു സംഗതി കൂടിയുണ്ട്. ഒന്നോ, രണ്ടോ സിനിമയിൽ മുഖം കാണിച്ചു കഴിഞ്ഞാൽ പിന്നെ ചിലർ കരുതും അവർ വലിയ നടനോ നടിയോ ഒക്കെ ആയി മാറിയിട്ടുണ്ടെന്ന്. പിന്നീട് അതിനായുള്ള കോപ്രായങ്ങളാകും അവർ ചെയ്യുന്നുണ്ടാവുക.

 

ജോണി ആന്‍റണി കുടുംബത്തിനൊപ്പം

സംഘടനയിൽ നിൽക്കുന്നവർക്കും ഉത്തരവാദിത്തബോധം വേണ്ടതല്ലേ?

മടിയിൽ കനമു​െണ്ടങ്കിലല്ലേ ഭയപ്പെടേണ്ടതുള്ളൂ. കലാകാരനെ സംബന്ധിച്ച് അവന്‍റെ വ്യക്തിജീവിതത്തിനും വേണം വിശുദ്ധി. പ്രകോപനങ്ങളും പ്രലോഭനങ്ങളും ഉണ്ടാകാം. പ്രശ്നങ്ങളിൽ ചെന്നു പെട്ടാൽ പിന്നെ ഊരിപ്പോരാൻ അത്ര പെട്ടെന്ന് സാധിച്ചെന്നുവരില്ല. വാക്കും പ്രവൃത്തിയും സൂക്ഷിച്ചുവേണം. സംഘടനയിൽ നിൽക്കുന്നവർ ചിന്തിക്കേണ്ട സുപ്രധാനമായ ചില കാര്യങ്ങളുണ്ട്. അവരത് വ്യക്തമായി മനസ്സിലാക്കുകയും വേണം. ഈ സംഘടനക്ക് ഒരു നിയമാവലിയുണ്ട്. സെറ്റപ്പുണ്ട്. അത് തെറ്റിക്കാൻ പാടില്ല. അച്ചടക്കത്തോടെയായിരിക്കണം പ്രവർത്തിക്കേണ്ടത്. ആര് ആരോട് സംസാരിക്കണമെന്ന് സംഘടന തീരുമാനിച്ചിട്ടുണ്ടാകും. അവരു മാത്രമേ സംസാരിക്കാൻ പാടുള്ളൂ. അല്ലാതെ സംഘടന ഒന്ന് പറയുകയും വേറൊരാൾ വേറൊന്ന് വിളിച്ച് പറയുകയും ചെയ്താൽ അത് അംഗീകരിക്കാനാവില്ല. മര്യാദബോധത്തിന് ചേർന്നതുമല്ല. എന്നാൽ, ചില മുതിർന്ന നടൻമാരിൽനിന്ന് ഇത്തരത്തിൽ വേണ്ടാത്ത പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. ഒന്നുകിൽ സംഘടനയിൽ ചേരാതിരിക്കുക. ചേർന്നാൽ പിന്നെ സംഘടന അച്ചടക്കം പാലിച്ച് നിൽക്കാൻ ശ്രമിക്കുക. ഇതാണ് പൊതുവിൽ വേണ്ടത്. ഇത്തരത്തിലുള്ള ബോധവും ബോധ്യവും ചിലർക്ക് ഇല്ലാത്തതുകൊണ്ടാണ് ‘അമ്മ’യിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ ഇടയാകുന്നത്.

മലയാളത്തിന് പുറമെ തമിഴിൽനിന്നും അഭിനയിക്കാൻ അവസരം വരുന്നുണ്ടല്ലോ?

തമിഴ് സിനിമയിൽനിന്ന് നിരവധി ഓഫറുകൾ വരുന്നുണ്ട്. കഴിഞ്ഞ രണ്ടു മൂന്ന് വർഷത്തിനിടെ നാലഞ്ച് സിനിമകളിൽ അഭിനയിക്കാൻ അവസരം വന്നു. എന്നാൽ, ഡേറ്റ് പ്രശ്നം കാരണം നടന്നില്ല. പിന്നീട് അവരുടെ ഡേറ്റിനനുസരിച്ച് അങ്ങോട്ട് ചെല്ലാൻ കഴിയാത്ത അവസ്ഥയും വന്നു. എന്നാൽ, ഉടൻതന്നെ ഒരു തമിഴ് പടത്തിൽ അഭിനയിക്കാനിടയുണ്ട്. സംവിധായകൻ ശശികുമാർ എന്നെ അങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട്. ആ പ്രോജക്ട് ഈ വർഷമല്ലെങ്കിൽ അടുത്ത വർഷം ആദ്യത്തോടെയെങ്കിലും യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.

‘ഡ്രാമ’ സിനിമയിൽ ജോണി ആന്‍റണി, കനിഹ, ശ്യാമപ്രസാദ്, ദിലീഷ് പോത്തൻ

 

ഒരുപാട് പ്രഗല്ഭരുമായി ഒന്നിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ച താങ്കൾക്ക് അവരെക്കുറിച്ചും പറയാനുണ്ടാവില്ലേ?

ഒരു സിനിമ നന്നാകുന്നത് അതിന്‍റെ സംവിധായകന്‍റെ മാത്രം മിടുക്കിനാൽ മാത്രമല്ല. കാമറക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച പലരുടെയും കഠിനാധ്വാനവും വിയർപ്പും ആ ചിത്രത്തിന്‍റെ നല്ല ഭാവിക്ക് മുതൽക്കൂട്ടായി നിൽക്കുന്ന ഘടകങ്ങളാണ്. ജീവിതത്തിൽ എന്നും ഞാനോർക്കുന്ന വ്യക്തികളിലൊരാളാണ് എന്‍റെ ആഗ്രഹം മനസ്സിലാക്കി എന്നെ സിനിമയിലെത്തിച്ച ജോക്കുട്ടൻ. അതുപോലെ ആദ്യമായി ചെ​െന്നെയിലെത്തിയപ്പോൾ സിനിമയിൽ അവസരം തന്ന കെ.ജി. രാജശേഖരൻ സാർ തുടർന്ന് കൂടുതൽ സിനിമകളിൽ ജോലിചെയ്യാൻ അവസരമൊരുക്കി തന്ന സംവിധായകൻ തുളസീദാസ് സാർ, ഞാൻ ഏറ്റവും കൂടുതൽ സിനിമകൾ അസിസ്റ്റ് ചെയ്യുകയും അസോസിയേറ്റ് ആയി പ്രവർത്തിക്കുകയും ചെയ്ത സിനിമകളിൽ എനിക്കൊപ്പമുണ്ടാവുകയും പിന്നീട് സ്വതന്ത്ര സംവിധായകനായി സിനിമകൾ ചെയ്തപ്പോൾ ആദ്യരണ്ട് ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിക്കുകയും ചെയ്ത സാലു ജോർജ് എന്ന സാലുവേട്ടൻ, അടുത്തിടെ അന്തരിച്ച സംവിധായകൻ നിസാർക്ക, കൂടാതെ സംവിധായകൻ ജോസ് തോമസ്, എന്‍റെ ആദ്യ സിനിമയിൽ നായകനും ജീവിതത്തിൽ എക്കാലവും നല്ലൊരു സുഹൃത്തും വഴികാട്ടിയുമായി ചേർന്നുനിന്ന നടൻ ദിലീപ്, നിർമാതാവ് അനൂപ്, മറ്റ് സംവിധായകർ എന്നിവരോടെല്ലാം എനിക്ക് വാക്കുകൾക്കപ്പുറത്തുള്ള കടപ്പാടും സ്നേഹവുമുണ്ട്.

(അവസാനിച്ചു)

News Summary - interview with Johny antony