Begin typing your search above and press return to search.

‘വേണ്ടത്​ ഹിന്ദുത്വർക്കെതിരായ വിശാല മതേതര ഐക്യം’

‘വേണ്ടത്​ ഹിന്ദുത്വർക്കെതിരായ   വിശാല മതേതര ഐക്യം’
cancel

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോടും ഹിന്ദുത്വയോടുമുള്ള കടുത്ത എതിർപ്പുമൂലം രാജ്യത്താകെ ശ്രദ്ധാകേന്ദ്രമാണ്​ തമിഴ്​നാടും തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിനും. ബി.ജെ.പിക്കെതിരായ ദക്ഷിണേന്ത്യൻ സംസ്​ഥാനങ്ങളുടെ ​ൈ​കകോർപ്പ്, ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരായ നിലപാട്, സ്വയംഭരണം എന്ന ആവശ്യം, ഗവർണറുമായുള്ള ഏറ്റുമുട്ടൽ, വഖഫ്​ നിയമത്തിലെ എതിർപ്പ്​ എന്നിവയിലൂടെ​െയല്ലാം സ്​റ്റാലി​ന്റെ വാക്കുകൾക്ക്​ വിലയേറുന്നു. ത​ന്റെ നിലപാടുകൾ സുവ്യക്തമാക്കുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകനായ കെ.എ. ഷാജിയുമായുള്ള സംഭാഷണത്തിൽ എം.കെ. സ്​റ്റാലിൻ.കേന്ദ്രം ഭരിക്കുന്ന ബി.​​ജെ.പിയും അതിന്റെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോടും ഹിന്ദുത്വയോടുമുള്ള കടുത്ത എതിർപ്പുമൂലം രാജ്യത്താകെ ശ്രദ്ധാകേന്ദ്രമാണ്​ തമിഴ്​നാടും തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിനും. ബി.ജെ.പിക്കെതിരായ ദക്ഷിണേന്ത്യൻ സംസ്​ഥാനങ്ങളുടെ ​ൈ​കകോർപ്പ്, ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരായ നിലപാട്, സ്വയംഭരണം എന്ന ആവശ്യം, ഗവർണറുമായുള്ള ഏറ്റുമുട്ടൽ, വഖഫ്​ നിയമത്തിലെ എതിർപ്പ്​ എന്നിവയിലൂടെ​െയല്ലാം സ്​റ്റാലി​ന്റെ വാക്കുകൾക്ക്​ വിലയേറുന്നു. ത​ന്റെ നിലപാടുകൾ സുവ്യക്തമാക്കുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകനായ കെ.എ. ഷാജിയുമായുള്ള സംഭാഷണത്തിൽ എം.കെ. സ്​റ്റാലിൻ.

കേന്ദ്രം ഭരിക്കുന്ന ബി.​​ജെ.പിയും അതിന്റെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വവും ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത പ്രതിരോധങ്ങളുടെ പ്രഭവസ്ഥാനമാണ് തമിഴ്നാട്. മണ്ഡല പുനർനിർണയമായാലും ത്രിഭാഷാ പദ്ധതിയായാലും ഫെഡറലിസം നേരിടുന്ന വെല്ലുവിളികളായാലും ഗവർണർ കവർന്നെടുക്കുന്ന അധികാരങ്ങൾ ആയാലും അവയെ നേരിടുന്നതിൽ പ്രത്യയശാസ്ത്രപരമായും നിയമപരമായും ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള മുന്നേറ്റങ്ങളായും താങ്കൾ മുന്നിൽനിന്നുകൊണ്ടുള്ള ഒരു നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്. കേവലമായ അധികാര രാഷ്ട്രീയത്തിനപ്പുറത്ത് എങ്ങനെയാണ് താങ്കൾക്ക് ഇത്തരം വിഷയങ്ങളെ കാണാനാകുന്നത്?

ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഒരു എളിയ പ്രവർത്തകൻ എന്ന നിലയിൽ കാലഘട്ടം എന്നോടാവശ്യപ്പെടുന്ന കടമ നിർവഹിക്കുക എന്നതിനപ്പുറം മറ്റൊന്നും ഞാൻ ചെയ്യുന്നില്ല. ഞാൻ ഭാഗമായിട്ടുള്ള ദ്രാവിഡ മുന്നേറ്റ കഴകം എല്ലാ കാലത്തും എല്ലാത്തരത്തിലുമുള്ള അധിനിവേശങ്ങൾക്കും എതിരായിരുന്നു. ഇപ്പോഴും അങ്ങനെതന്നെയാണ്. സാമൂഹിക നീതിയും മതേതരത്വവും അപകടത്തിലാകുമ്പോൾ അവയെ സംരക്ഷിക്കാൻ ജനങ്ങളെ ഒന്നിപ്പിക്കുക എന്നത് ഞങ്ങളുടെ ചരിത്രപരമായ നിയോഗമാണ്. ആ കടമ ഏറ്റവും ധീരമായും സത്യസന്ധമായും ഞങ്ങൾ നിർവഹിച്ചുകൊണ്ടുതന്നെയിരിക്കും.

ഇപ്പോഴത്തെ സമരത്തിൽ ഞങ്ങൾ ഒറ്റക്കല്ല എന്നതും കണക്കിലെടുക്കണം. ഇന്ത്യയെ ഒരു ബഹുസ്വര, മതേതര, പുരോഗമന ജനാധിപത്യമായി കാണുന്ന മുഴുവൻ മനുഷ്യരും പ്രസ്ഥാനങ്ങളും ഞങ്ങൾക്കൊപ്പമുണ്ട്. ഞങ്ങൾ ഭരണഘടനയിലും നിയമവാഴ്ചയിലും സമാധാനപരമായ സഹവർത്തിത്വത്തിലും വിശ്വസിക്കുന്നു. അവക്കു നേരെ ഉയരുന്ന വെല്ലുവിളികളെ കൂട്ടായ്മയുടെയും സഹവർത്തിത്വത്തിന്റെയും പാതയിൽ പ്രതിരോധിക്കുന്നു.

രണ്ടുതരത്തിലാണ് ഡി.എം.കെ നടത്തുന്ന പ്രതിരോധങ്ങളെ കാണാനാവുക. പ്രാഥമികമായി ഭാഷയിലും സംസ്കാരത്തിലും ദ്രവീഡിയൻ ആശയഗതിയിലും ഉറച്ചുനിന്നുകൊണ്ടുള്ള നേരിട്ടുള്ള പോരാട്ടങ്ങൾ. മറുവശത്ത് കോൺഗ്രസിനും ഇടതുപക്ഷത്തിനും ഇതര മതേതര പ്രസ്ഥാനങ്ങൾക്കും ഉള്ള നേതൃത്വപരമായ പങ്ക് ഇൻഡ്യ മുന്നണിയിൽ അനുവദിച്ചുനൽകിക്കൊണ്ട് അവർക്കൊപ്പം വിശ്വസ്ത പങ്കാളിയായിക്കൊണ്ടുള്ള പോരാട്ടം. ഇവയിലെല്ലാം പൊതുവായി കാണുന്നത് താങ്കളുടെ അസാമാന്യമായ ധീരതയെയാണ്. താങ്കളുടെ ഈ ഊർജം എവിടെനിന്ന് വരുന്നു?

ദ്രാവിഡമൂല്യങ്ങളോടുള്ള അചഞ്ചലമായ കൂറിൽനിന്നാണ് ആ ഊർജം ഉണ്ടാകുന്നത്. ആശയപരമായി ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് ഞങ്ങൾ എന്നും ശക്തരായ പ്രതിയോഗികളാണ്. തമിഴ്നാട്ടിൽ എത്ര ശ്രമിച്ചിട്ടും ബി.​​ജെ.പിക്ക് ഇനിയും സാന്നിധ്യമുറപ്പിക്കാൻ ആകുന്നില്ല എന്ന അവസ്ഥ ഉണ്ടാക്കിയെടുത്തത് ഞങ്ങളുടെ പ്രത്യയശാസ്ത്രമാണ്. ഞങ്ങളുടെ യുദ്ധം ഉത്തരേന്ത്യയോടോ ഏതെങ്കിലും ഭാഷയോടോ മനുഷ്യസമൂഹങ്ങളോടോ അല്ല. അടിച്ചേൽപിക്കലിനും അധിനിവേശത്തിനുമെതിരാണ് ഞങ്ങൾ. സാമൂഹിക നീതി, മതേതരത്വം, സംസ്ഥാനങ്ങളുടെ സ്വയംഭരണം എന്നിവ സംബന്ധിച്ച് ദ്രാവിഡ പ്രസ്ഥാനം തുടക്കം മുതൽ എടുത്ത നിലപാടുകൾ രാജ്യവ്യാപകമായി ജനാധിപത്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

മറ്റു പല പ്രദേശങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ആ നിലപാടുകൾ പോരാടാനും നീതി ഉറപ്പാക്കാനും സഹായകമായിട്ടുണ്ട്. ഞങ്ങളുടെ സ്ഥാപക നേതാക്കൾ ഏറ്റവും അധികം ഉപയോഗിച്ചിട്ടുള്ള ഒരു പ്രയോഗമാണ് സ്വാഭിമാനം. ഞങ്ങളുടെ രാഷ്ട്രീയത്തിന്റെ ആകത്തുകയും അതുതന്നെയാണ്. സ്വാഭിമാനം എവിടെ മുറിവേൽപിക്കപ്പെട്ടാലും ഭാഷയുടെയും പ്രദേശത്തിന്റെയും അതിർത്തികൾ കടന്ന് ഞങ്ങൾ ഐക്യദാർഢ്യവുമായി എത്തും. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. ഒരു ഏകീകൃത സംസ്കാരമോ മതമോ അതിനില്ല. അതുകൊണ്ടുതന്നെ കൂട്ടായ്മയെയും ബഹുസ്വരതയെയും സംരക്ഷിക്കുക എന്നതാണ് ഇന്ത്യയെ സംരക്ഷിക്കൽ എന്ന് ഞങ്ങൾ കരുതുന്നു.

ബി.​​ജെ.പി ഇപ്പോഴും അധികാരത്തിലാണ്. അവരുടെ അജണ്ടകൾ ഓരോന്നായി അവർ കൃത്യമായ ഗൂഢപദ്ധതിയിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ സംയുക്ത പ്രതിപക്ഷത്തിന്റെ പ്രകടനത്തിൽ താങ്കൾ തൃപ്തനാണോ? കുറേ കൂടി മികവ് പുലർത്തണം എന്ന അഭിപ്രായം ഉണ്ടോ?

ഹിന്ദുത്വശക്തികൾക്കെതിരായ വിശാല മതേതര ഐക്യം എന്നത് വിജയകരമായി നടപ്പാക്കപ്പെട്ട ആദ്യ സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്. മറ്റിടങ്ങളിൽ ഞങ്ങൾക്കുള്ള പ്രതീക്ഷയും അതാണ്. ഒന്നിച്ചുനിന്നാൽ സംഘ്പരിവാർ ഉയർത്തുന്ന വെല്ലുവിളികളെ പോരാടി തോൽപിക്കാം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരാജയങ്ങൾ ഉണ്ടാകും. തോൽവികളും തിരിച്ചടികളുമുണ്ടാകാം. കൂടുതൽ ശക്തമായ പ്രതിരോധം ഉയർത്തിക്കൊണ്ട് അതിനെയെല്ലാം അതിജീവിക്കാനാകും. ജനങ്ങളുടെ പോരാട്ടങ്ങൾ വിജയിക്കും. വരും നാളുകളിൽ ഇൻഡ്യ മുന്നണി കുറെക്കൂടി ശക്തമാകും. വിയോജിപ്പുകൾക്ക് അപ്പുറം യോജിപ്പിന്റെ സാധ്യതകൾ വർധിക്കുന്നുണ്ട്. മണ്ഡല പുനർനിർണയ വിഷയത്തിൽ ഇൻഡ്യ മുന്നണിയുടെ പുറത്തുള്ള പലരും ഞങ്ങളോട് സഹകരിക്കുന്നുണ്ട്. മുന്നോട്ടും മുന്നണിയുടെ ശക്തിയും സാധ്യതകളും വർധിപ്പിക്കാൻ ഞങ്ങൾ എല്ലാ ശ്രമവും നടത്തും. നിലവിൽ ഞങ്ങൾക്ക് ഒപ്പം വരാത്തവർക്കും നാളെ വരേണ്ടിവരും.

സ്​റ്റാലിൻ-കുട്ടിക്കാലം,സ്​റ്റാലിൻ ചെന്നൈ മേയറായിരുന്ന കാലത്ത്​

 

അധികം വൈകാതെ തമിഴ്‌നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഭരണവിരുദ്ധ വികാരങ്ങൾ താഴേത്തട്ടിൽ ശക്തമാണെന്ന് ആക്ഷേപമുണ്ട്. അവയെ അതിജീവിക്കുന്നതിന് വേണ്ടിയാണോ ഭാഷാപരവും സാംസ്കാരികവുമായ വികാരങ്ങളെ ആളിക്കത്തിച്ചുകൊണ്ട് കേന്ദ്രത്തിനെതിരെ അതിശക്തമായ നിലപാട് എടുക്കുന്നത്?

ഒരിക്കലുമല്ല. ഞങ്ങളിലുള്ള ജനവിശ്വാസം കുറഞ്ഞു എന്ന മട്ടിലുള്ള ഒരു സൂചനയും ഒരു തെരഞ്ഞെടുപ്പുകളും നൽകിയിട്ടില്ല. പ്രവർത്തിക്കുന്ന ഒരു സർക്കാറാണ് ജനങ്ങൾക്ക് മുന്നിലുള്ളത്. വികസനത്തിന് കേന്ദ്ര അവഗണനയും ഫണ്ട് നിഷേധവും തടസ്സങ്ങളായിട്ടില്ല. മറുവശത്ത് ഞങ്ങൾ ശ്രമിക്കുന്നത് ഡി.എം.കെയുടെ അടിസ്ഥാന രാഷ്ട്രീയമൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് പാർട്ടിയെ, മാറുന്ന കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ പരിശീലിപ്പിക്കുക എന്നതാണ്. ഞങ്ങളുടെ അടിസ്ഥാന മൂല്യങ്ങളും പ്രത്യയശാസ്ത്രവും കാലഹരണപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ ഇതര മേഖലകളിൽ ഉള്ളവരും ഇപ്പോൾ ആ മൂല്യങ്ങളിൽനിന്നും ആവേശം കണ്ടെത്തുന്നു. സ്വാഭിമാനത്തിൽ സ്വയംഭരണമുണ്ട്.

അധിനിവേശത്തിന് എതിരായ ചെറുത്തുനിൽപുണ്ട്. സ്വത്വത്തെ സംരക്ഷിക്കുന്നതിൽ വളരെ പ്രധാനപ്പെട്ടവയാണ് ഭാഷയും സംസ്കാരവും. തമിഴിനെ സംരക്ഷിക്കുക എന്നാൽ സ്വന്തം അസ്തിത്വവും സംസ്കാരവും നിലനിർത്തുക എന്നതാണ്. അല്ലാതെ അത് മറ്റു ഭാഷകൾക്ക് എതിരല്ല. ഞങ്ങൾ ഹിന്ദിയെ അല്ല എതിർക്കുന്നത്. നിരവധിയാളുകൾ സംസാരിക്കുന്ന ഒരു ഭാഷ എന്നനിലയിൽ അതിനോട് ആദരവേയുള്ളൂ. ഒരു സാംസ്‌കാരിക അധിനിവേശത്തിനായുള്ള കുത്സിതനീക്കത്തിലെ ഉപകരണമായി ഹിന്ദി ഉപയോഗപ്പെടുത്തുമ്പോ​ഴാണ് ഞങ്ങൾ എതിർക്കുന്നത്. തമിഴ് പോലെ തന്നെ മലയാളവും കശ്മീരിയും അസമിയും കന്നടയുമെല്ലാം നിലനിൽക്കപ്പെടണം. ഉപഭാഷകളും പ്രാദേശിക സംസാരരീതികളിലെ വ്യത്യസ്തതകൾപോലും സംരക്ഷിക്കപ്പെടണം.

ബി.​​ജെ.പിയുടെ അഭിപ്രായത്തിൽ ഡി.എം.കെ എന്നും ഒരു ഹിന്ദുവിരുദ്ധ പാർട്ടിയാണ്. എന്നാൽ, ശ്രീ മുരുകനെ കുറിച്ചുള്ള ആഗോളസമ്മേളനം താങ്കളുടെ സർക്കാർ പഴനിയിൽ നടത്തി. പാർട്ടിതന്നെ ഈശ്വരനിഷേധം പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണമുണ്ട്. നേതാക്കളിലും അണികളിലും നിരവധി യുക്തിവാദികളുണ്ട്. മതന്യൂനപക്ഷങ്ങളോട് ഉദാരസമീപനവുമാണ്. ഇതിലെല്ലാം വൈരുധ്യങ്ങൾ ഇല്ലേ?

അവർ പറയുന്നതുപോലെ ഞങ്ങൾ ഹിന്ദു വിരുദ്ധരല്ല. എന്റെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഭക്തർക്കുവേണ്ടി നിരവധിയായ സൗകര്യങ്ങളും സേവനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാറിന് മതമില്ല. മതമുണ്ടാകരുത്. വ്യക്തികൾക്ക് വേണമെങ്കിൽ ആകാം. വേണ്ടെങ്കിൽ അതിനും അവസരമുണ്ട്. ഒരു ജനാധിപത്യത്തിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരായിരിക്കണം. അവർക്ക് ഒരുതരത്തിലുള്ള അരക്ഷിതാവസ്ഥയും ഉണ്ടായിക്കൂടാ. ജനങ്ങളെ മതപരമായി ധ്രുവീകരിക്കാനും അങ്ങനെ ശത്രുക്കളാക്കി മാറ്റാനും ഞങ്ങൾ അനുവദിക്കില്ല. ഭരണഘടന അനുവദിക്കുന്ന എല്ലാ അവകാശങ്ങളും എല്ലാ മനുഷ്യർക്കും ലഭിച്ചിരിക്കണം.

ഇന്ത്യ ഒരു മതരാഷ്ട്രമല്ല. ബഹുസ്വരതകളെ അംഗീകരിക്കുന്നതിൽ ഒരു വൈരുധ്യവുമില്ല. ജനങ്ങളുടെ അവകാശങ്ങളും സ്വത്വവും സംരക്ഷിക്കപ്പെടണം. ദേശീയ വിദ്യാഭ്യാസ നയമായാലും പൗരത്വ പ്രശ്നമായാലും നീറ്റ് പരീക്ഷയോട് ബന്ധപ്പെട്ട കാര്യങ്ങളായാലും രാജ്യത്തെ മതേതര ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നിലപാടുകളേ ഞങ്ങളിൽനിന്നും ഉണ്ടായിട്ടുള്ളൂ. സാമൂഹിക നീതിയും ജാതിവിരുദ്ധ പോരാട്ടങ്ങളും ഞങ്ങളുടെ അസ്തിത്വത്തിന്റെ ഭാഗംതന്നെയാണ്.

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ദേശവ്യാപകമായ ശ്രദ്ധ ഉണ്ടാകുന്നത് പ്രതിഷേധങ്ങൾക്ക് താങ്കൾ നേതൃത്വം കൊടുത്തപ്പോഴാണ്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പം പഞ്ചാബു പോലുള്ള ഇതര സംസ്ഥാനങ്ങളും താങ്കൾക്കൊപ്പം നിന്നു. എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ഡി.എം.കെ ഇത്ര ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നത്?

തമിഴ്‌നാട്ടിൽ ജനസംഖ്യ കുറഞ്ഞത് കാലാകാലങ്ങളിലെ കേന്ദ്ര സർക്കാറുകൾ പ്രഖ്യാപിച്ച കുടുംബാസൂത്രണ നയങ്ങൾ ശക്തമായിരുന്നതുകൊണ്ടാണ്. ജനസംഖ്യ പ്രശ്നത്തെ അതിശക്തമായി നേരിട്ട് വിശാലമായ ദേശീയ താൽപര്യത്തിന് ഒപ്പം നിന്ന സംസ്ഥാനങ്ങളെ ശിക്ഷിക്കുക എന്നതാണ് ജനസംഖ്യ മാത്രം അടിസ്ഥാനമാക്കിയ മണ്ഡല പുനർനിർണയംകൊണ്ട് സംഭവിക്കാൻ പോകുന്നത്. ജനസംഖ്യ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുപോയ സംസ്ഥാനങ്ങൾ കൂടുതൽ പാർലമെന്റ് സീറ്റുകൾ നേടുന്നു. അല്ലാത്തവരിൽനിന്നും ഉള്ളതുപോലും എടുത്തുമാറ്റപ്പെടുന്നു. ഈ ഒരവസ്ഥയെയാണ് ഞങ്ങൾ ചോദ്യം ചെയ്യുന്നത്. തുല്യനീതി ഉറപ്പാക്കുന്ന മണ്ഡല പുനർനിർണയം സാധിതമാകണം. പിടിച്ചാകരുത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ കാര്യം ഈ സമരത്തിൽ ഞങ്ങൾ ഒറ്റക്കല്ല എന്നതാണ്.

1960കളിലെ ഹിന്ദി അടിച്ചേൽപിക്കൽ വിരുദ്ധ സമരത്തിൽ ഡി.എം.കെ ഒറ്റക്കായിരുന്നു. ഇപ്പോൾ ഞങ്ങൾക്കൊപ്പം കോൺഗ്രസും ഇടതുപക്ഷവും ആം ആദ്മി പാർട്ടിയും എല്ലാമുണ്ട്. ഇൻഡ്യ മുന്നണിയുടെ പുറത്തുള്ള പാർട്ടികളുമുണ്ട്. തമിഴ്‍നാട്ടിൽ നിങ്ങൾ നോക്കുക. ബി.​​ജെ.പി ഒഴികെയുള്ള മൊത്തം പ്രതിപക്ഷം ആ വിഷയത്തിൽ ഞങ്ങൾക്കൊപ്പമാണ്. രാജ്യത്തിനു വേണ്ടി ഞങ്ങൾ സംസാരിക്കുമ്പോൾ രാജ്യം ഞങ്ങളോടൊപ്പം നിൽക്കുന്നു. പ്രധാനമന്ത്രിയുമായി നേരിട്ട് സംസ്ഥാനത്തെ എം.പിമാരോടൊപ്പം പോയി വിഷയം സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചോദിച്ചിട്ടുണ്ട്. കിട്ടിയിട്ടില്ല. നീതിപൂർവകമായ പുനർനിർണയം സമയമെടുക്കുമെന്നതിനാൽ നിലവിലെ സ്ഥിതി തുടരുകയാണ് വേണ്ടത്. മണ്ഡല പുനർനിർണയത്തിൽ അടുത്ത യോഗം ചേരുന്നത് കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലാണ്. എല്ലാവരും ഒന്നിച്ചാണ്. അല്ലാതെ ഞങ്ങൾക്ക് അപ്രമാദിത്വം ഒന്നുമില്ല.

സ്​റ്റാലിൻ -പഴയ ചിത്രം

 

ഗവർണർ ആർ.എൻ. രവിയുമായുള്ള നിയമ പോരാട്ടത്തിൽ താങ്കൾ സുപ്രീംകോടതിയിൽനിന്ന് നേടിയ അനുകൂല വിധി ബി.​​ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വലിയ ആവേശമായിരിക്കുകയാണ്. അവിടെയും താങ്കൾ മുന്നിൽനിന്ന് മാതൃക സൃഷ്ടിച്ചു.

മുമ്പ് പറഞ്ഞതുപോലെ ഈ സമരങ്ങളിൽ ഒന്നിലും ഞങ്ങൾ ഒറ്റക്കല്ല. ദേശീയതലത്തിലും സംസ്ഥാനത്തും ഇൻഡ്യ മുന്നണി പൂർണമായും ഞങ്ങൾക്കൊപ്പം നിൽക്കുന്നു. മുന്നണിക്ക് പുറത്തുള്ള പലരും പിന്തുണ തരാത്തത് വിഷയത്തോട് യോജിപ്പില്ലാഞ്ഞല്ല. അവർ നേരിടുന്ന മറ്റ് പ്രശ്‍നങ്ങൾ കാരണമാണ്. ഡി.എം.കെയെ സംബന്ധിച്ചിടത്തോളം ഫെഡറലിസം സംരക്ഷിക്കുന്നതിലും ഗവർണർമാർ അമിതാധികാര കേന്ദ്രങ്ങളായി മാറുന്നതിനെതിരായും പോരാടിയതിന്റെ നീണ്ടകാലത്തെ അനുഭവ പരിചയമുണ്ട്. അത് ഞങ്ങൾക്ക് ഒരു മുതൽക്കൂട്ടാണ്. കാലങ്ങളിലൂടെ ആർജിച്ചെടുത്ത അനുഭവപാഠങ്ങളാണ് ഞങ്ങളെ നയിക്കുന്നത്. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ പരമോന്നത കോടതിക്ക് ബോധ്യപ്പെട്ടു എന്നത് വളരെ വലിയ കാര്യമാണ്.

സമീപ നാളുകളിലെ കേന്ദ്രസർക്കാറിനെതിരായ പ്രതിരോധങ്ങൾ ഡി.എം.കെയെ ദേശീയതലത്തിൽ മാത്രമല്ല അന്താരാഷ്ട്ര മാധ്യമങ്ങളുടെപോലും ശ്രദ്ധയിൽ കൊണ്ടുവന്നു കഴിഞ്ഞു. എന്തുകൊണ്ടാണ് ഇത്രയധികം ധീരത?

നേരത്തേ പറഞ്ഞതുപോലെ പാർട്ടിയുടെ അടിസ്ഥാനമൂല്യങ്ങളിൽ എന്നെ ഏറ്റവും ആവേശംകൊള്ളിക്കുന്നത് സ്വാഭിമാനമാണ്. നമ്മുടെ ശബ്ദങ്ങൾ പക്ഷപാതങ്ങൾ ഇല്ലാതെ പാർലമെന്റിനകത്തും പുറത്തും കേൾക്കപ്പെടണം. നമ്മുടെ അവകാശങ്ങൾ നിഷേധിക്കപ്പെടരുത്. ഒരു ജനത എന്ന നിലയിൽ ഒരു അപകർഷതയും നമുക്കുണ്ടാകരുത്. രണ്ടുതരം പൗരന്മാർ പാടില്ല എന്നതുപോലെതന്നെ രണ്ടുതരം സംസ്ഥാനങ്ങളും ഉണ്ടായിക്കൂടാ. ഇന്ത്യ എന്നാൽ കുറെ അഡ്മിനിസ്‌ട്രേറ്റിവ് യൂനിറ്റുകൾ അല്ല. ഇതൊരു ബഹുസ്വര, ബഹുഭാഷാ സമൂഹമാണ്. ഓരോന്നിനും വ്യത്യസ്‍തങ്ങളായ ചരിത്രവും സംസ്കാരവുമുണ്ട്.

സ്വയംഭരണം എന്നതിനെ കടുത്ത പ്രാദേശികവാദമായി കാണുന്നവരുണ്ട്. വിശാല ദേശീയതക്ക് അത് എതിരാണെന്നും വാദങ്ങളുണ്ട്..?

ആ ഒരു സമീപനം ശരിയല്ല. സ്വയംഭരണം തുല്യനീതിയിലും സ്വാഭിമാനത്തിലും അടിസ്ഥാനമിടുന്നതായിരിക്കണം. ആരുടെയെങ്കിലും അവകാശങ്ങൾ തട്ടിയെടുക്കുക എന്നതല്ല ഫെഡറലിസം. വിതരണത്തിലും സമീപനങ്ങളിലും തുല്യതയും നീതിയും ഉറപ്പാക്കുക എന്നതാണ്. സ്വയംഭരണവും ഫെഡറലിസവും സംബന്ധിച്ച് നമ്മൾ ആവശ്യപ്പെടുന്നവ സമകാലികവും പ്രസക്തവും ഭരണഘടനാനുസൃതവും ആണെന്നുറപ്പാക്കാനാണ് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായി ഒരു കമ്മിറ്റിയെ തന്നെ തമിഴ്നാട് സർക്കാർ നിയോഗിച്ചിട്ടുള്ളത്. തമിഴ്‌നാടിന്റെ ആവശ്യങ്ങൾ മാത്രം നേടിയെടുക്കുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം. ഓരോ സംസ്ഥാനത്തിനും പ്രദേശത്തിനും നീതിയുറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

എം.കെ. സ്​റ്റാലിൻ ഭാര്യ ദുർഗ​ക്കും മകൻ ഉദയനിധി സ്​റ്റാലിനുമൊപ്പം

 

ഹിന്ദി ഭാഷയോട് ഡി.എം.കെക്ക് എന്താണിത്ര വിരോധം?

ഭാഷയെന്ന നിലയിൽ ഹിന്ദിയോട് ഒരു വിരുദ്ധതയുമില്ല. ദേശീയ ഭാഷയായും ഔദ്യോഗിക ഭാഷയായും അതിനെ അടിച്ചേൽപിക്കുന്നതിലാണ് പ്രശ്‌നം. അത് അധിനിവേശത്തിന്റെ ആയുധമായി മാറുന്നതാണ് പ്രശ്നം. താരതമ്യേന പുതിയ ഒരു ഭാഷയാണ് ഹിന്ദി. എന്നാലത് ഒരുപാട് ഇന്ത്യൻ ഭാഷകളെ വിഴുങ്ങിക്കഴിഞ്ഞു. ഉത്തരേന്ത്യയിൽ സംഭവിച്ച ഹിന്ദിയുടെ ആ അധിനിവേശത്തിലാണ് ഭോജ്‌ പൂരി, മൈഥിലി, ആവധി, ബ്രജ്, ബുണ്ഡേലി, ഗാർഹ്വാൾ, കുമയോണി, മഗാഹി, മാർവാരി, മാൾവി, ഛത്തിസ്‌ഗർഹി, സാന്താളി, അംഗിക, ഹോ, ഖാരിയ, ഖോർത്ത, കുർമാലി, കുരുക്ക്, മുണ്ടാരി തുടങ്ങിയ ഭാഷകൾ തകർന്നുപോയത്. അവയിൽ പലതും ഇന്ന് ജീവശ്വാസത്തിനുവേണ്ടി കേഴുകയാണ്. ഭാഷാ വൈവിധ്യത്തിന് മീതെ ഏകാത്മക ഹിന്ദി സ്വത്വം അടിച്ചേൽപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഉത്തർപ്രദേശിലും ബിഹാറിലും നിരവധിയായ ഭാഷകൾ കുഴിച്ചുമൂടപ്പെട്ടിട്ടുണ്ട്. അല്ലാതെ അവയൊന്നും ഹിന്ദി ഹൃദയഭൂമികൾ അല്ല. ഹിന്ദി എന്ന മുഖംമൂടിയുടെ പിന്നിൽ സംഘ്പരിവാർ ഒളിച്ചുകടത്താൻ ശ്രമിക്കുന്നത് സംസ്കൃതത്തെയാണ്. അതിലവർക്കുള്ള താൽപര്യം രാഷ്ട്രീയവും മതപരവുമാണ്.

പെരിയാറിന്റെ ചിത്രത്തിന്​ ആദരമർപ്പിക്കുന്ന എം.കെ. സ്​റ്റാലിൻ. സമീപം പിണറായി വിജയൻ

 

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനപ്പുറം മറ്റു പലതും ഡി.എം.കെ പ്രതീക്ഷിക്കുന്നില്ലേ? പ്രത്യേകിച്ചും ബി.​​ജെ.പിക്കും കേന്ദ്ര സർക്കാറിനുമെതിരായ സമരത്തിൽ പ്രതിപക്ഷ നിരയിലെ നേതൃത്വപരമായ പങ്കാളിത്തം?

ഒരു നിയമസഭാ തെരഞ്ഞെടുപ്പു മാത്രം ലക്ഷ്യം​െവച്ചല്ല ഞങ്ങളുടെ പ്രവർത്തനം. കേന്ദ്രത്തിൽ നിർണായക ശക്തിയാകുക എന്നതും മാത്രമല്ല. നമ്മുടെ ഭരണഘടന ലക്ഷ്യംവെക്കുന്ന ഒരു ബഹുസ്വര, മതേതര, പുരോഗമന ജനാധിപത്യ രാഷ്ട്രമാണ് ഞങ്ങളുടെ എന്നത്തെയും പ്രധാന പരിഗണന. സാമൂഹിക നീതിയും സ്വാഭിമാനവും വെല്ലുവിളികൾ നേരിടുമ്പോൾ ഞങ്ങൾ പ്രതിരോധിക്കും. ആ പ്രതിരോധങ്ങളിൽ മുമ്പ് പലപ്പോഴും ഞങ്ങൾ ഒറ്റക്കായിരുന്നു.

എന്നാലിപ്പോൾ ഞങ്ങൾ ഒറ്റക്കല്ല. രാഹുൽ ഗാന്ധിയും കോൺഗ്രസും നയിക്കുന്ന ഇൻഡ്യ മുന്നണിയിലെ ഏറ്റവും വിശ്വസ്തതയുള്ള ഒരു ഘടകകക്ഷിയാണ് ഞങ്ങൾ. കൂട്ടായിത്തന്നെയാണ് ഞങ്ങളുടെ മുന്നേറ്റം. മതേതര ഇന്ത്യയെ തിരികെ നേടാൻ കഴിയുമെന്ന ദൃഢവിശ്വാസം ഞങ്ങൾക്കുണ്ട്. ഇൻഡ്യ മുന്നണിയെ സുശക്തവും കർ​േമാത്സുകവും ആക്കുക എന്നതിനപ്പുറം ഞങ്ങൾക്ക് വേറെ താൽപര്യങ്ങളില്ല. കൂട്ടായ മുന്നേറ്റത്തിൽ മാത്രമാണ് വിശ്വാസം. ദ്രാവിഡ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിന്നുകൊണ്ട് ഞങ്ങൾ വിശാല പൊതു താൽപര്യങ്ങൾക്കുവേണ്ടി യോജിക്കാവുന്ന എല്ലാവരുമായും യോജിച്ചു പ്രവർത്തിക്കും.

News Summary - interview with M.K. Stalin