Begin typing your search above and press return to search.

നികോബാർ ദ്വീപുകൾ വിൽക്കുന്നതിനു മുമ്പ്​

നികോബാർ ദ്വീപുകൾ വിൽക്കുന്നതിനു മുമ്പ്​
cancel

മൂന്നു പതിറ്റാണ്ടായി അന്തമാൻ-നികോബാർ ദ്വീപസമൂഹങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും മൂന്ന് പുസ്തകങ്ങൾ രചിക്കുകയും ചെയ്​തയാളാണ് ഗവേഷകനും എഴുത്തുകാരനുമായ പങ്കജ് സേഖ്സറിയാ. ജൈവവൈവിധ്യവും പരിസ്ഥിതി പ്രാധാന്യവും ആദിമ സമൂഹങ്ങളുടെ സാന്നിധ്യവുമുള്ള നികോബാർ ദ്വീപുകൾ കേന്ദ്ര സർക്കാർ ‘വിൽക്കാൻ’ ​െവച്ചിരിക്കുകയാണ്​. എന്തുകൊണ്ട്​ കേന്ദ്രനീക്കം എതിർക്കപ്പെടണമെന്ന്​ വിശദമാക്കുകയാണ്​ അദ്ദേഹം മാധ്യമപ്രവർത്തകനായ കെ.എ. ഷാജിയുമായി നടത്തുന്ന സംഭാഷണത്തിൽ. ഇന്ത്യയിൽ മാത്രമല്ല ലോകത്തെല്ലായിടത്തും വികസനവും ക്ഷേമവും ഏതാണ്ട് മൊത്തത്തിൽതന്നെ പണവും അധികാരവും ഉള്ളവരെ മാത്രം ഉൾക്കൊള്ളുന്ന...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
മൂന്നു പതിറ്റാണ്ടായി അന്തമാൻ-നികോബാർ ദ്വീപസമൂഹങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും മൂന്ന് പുസ്തകങ്ങൾ രചിക്കുകയും ചെയ്​തയാളാണ് ഗവേഷകനും എഴുത്തുകാരനുമായ പങ്കജ് സേഖ്സറിയാ. ജൈവവൈവിധ്യവും പരിസ്ഥിതി പ്രാധാന്യവും ആദിമ സമൂഹങ്ങളുടെ സാന്നിധ്യവുമുള്ള നികോബാർ ദ്വീപുകൾ കേന്ദ്ര സർക്കാർ ‘വിൽക്കാൻ’ ​െവച്ചിരിക്കുകയാണ്​. എന്തുകൊണ്ട്​ കേന്ദ്രനീക്കം എതിർക്കപ്പെടണമെന്ന്​ വിശദമാക്കുകയാണ്​ അദ്ദേഹം മാധ്യമപ്രവർത്തകനായ കെ.എ. ഷാജിയുമായി നടത്തുന്ന സംഭാഷണത്തിൽ.

ഇന്ത്യയിൽ മാത്രമല്ല ലോകത്തെല്ലായിടത്തും വികസനവും ക്ഷേമവും ഏതാണ്ട് മൊത്തത്തിൽതന്നെ പണവും അധികാരവും ഉള്ളവരെ മാത്രം ഉൾക്കൊള്ളുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. അവരുടെ ലാഭത്തിനും നേട്ടങ്ങൾക്കും വിനോദത്തിനുംവേണ്ടി ദുർബലരും പിന്നാക്കക്കാരുമായ ജനതതി മാറിക്കൊടുക്കുക എന്നതാണ് എന്നും എവിടെയും ഭരണാധികാരികൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതും.

നദീതീരങ്ങളും കടലോരങ്ങളും കൃഷിഭൂമികളും കുന്നുകളും വനങ്ങളുമെല്ലാം കൈയടക്കാനും അവയിലെ വിഭവങ്ങൾ ഖനനം നടത്തിയോ അല്ലാതെയോ ചോർത്തിക്കൊണ്ട് പോകാനും വികസന മാഫിയകൾ എന്നും ശ്രമിക്കുന്നുണ്ട്. പണമുണ്ടാക്കാൻ ഉള്ള ആർത്തികളിൽ വിഭവങ്ങളുടെ ചൂഷണംപോലെ തന്നെ പ്രധാനമാണ് പരിസ്ഥിതിയെയും പരമ്പരാഗത ജനസമൂഹങ്ങളുടെ സുസ്ഥിതിയെയും അപകടത്തിലാക്കിക്കൊണ്ടുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾ ഉണ്ടാക്കുന്ന വെല്ലുവിളികളും. എങ്ങനെയും ലാഭം ഉണ്ടാക്കുക എന്ന വ്യഗ്രതയിൽ സാധാരണ മനുഷ്യരുടെ ഏതാണ്ടെല്ലാ അവകാശങ്ങൾക്കുമേലും അവർ കൈവെക്കുന്നു. പാവങ്ങളെ ബലമായി പുറംതള്ളുന്ന അവർ ഒഴിപ്പിച്ചെടുത്ത ഭൂമികളിൽ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുകയും അവയിൽ ധനികർക്കായി വലിയ രമ്യഹർമ്യങ്ങളും റിസോർട്ടുകളും ഫ്ലാറ്റുകളും എൻക്ലേവുകളും നിർമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആ പ്രക്രിയയിലെ ഏറ്റവും വലിയ തടസ്സം തദ്ദേശീയരായ ജനങ്ങളാണ്. അവരെ ഒഴിപ്പിച്ചെടുത്ത് അധികാരവും പണവും പ്രതാപവും ഉള്ളവർക്ക് കണ്ണെത്താത്തിടത്ത് കൊണ്ടുപോയി കുടുസ്സു വീടുകളിലും പുതുതായി സൃഷ്ടിക്കുന്ന ഖലികളിലും തള്ളുക എന്നതും മാറിയ വികസന സങ്കൽപത്തിന്റെ ഭാഗമാണ്.

ഗസ്സയിലെ ജനങ്ങളെ ഒഴിപ്പിച്ച് അവിടം മനോഹരമായ ഒരു കടലോര സുഖവാസ കേന്ദ്രമാക്കി മാറ്റിത്തീർക്കുമെന്ന ഡോണൾഡ് ട്രംപിന്റെ വിവാദ പ്രസ്താവനയുടെ നിരവധിയായ സമാനതകൾ ഇന്ത്യയിൽ നിരവധിയാണ്. ഈ ഒരു സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തിൽ വേണം ബംഗാൾ ഉൾക്കടലിലെ ഗ്രേറ്റ് നികോബാർ ദ്വീപസമൂഹങ്ങൾ നേരിടുന്ന വെല്ലുവിളിയെ കാണേണ്ടത്. സമാനതകൾ ഇല്ലാത്ത ജൈവവൈവിധ്യവും പരിസ്ഥിതി പ്രാധാന്യവും ആദിമ സമൂഹങ്ങളുടെ സാന്നിധ്യവും ഉള്ള ആ ദ്വീപുകൾ കേന്ദ്രസർക്കാർ വിൽക്കാൻ വെച്ചിരിക്കുകയാണ്. അവിടത്തെ മരങ്ങൾ മുറിച്ചുമാറ്റിയും അപൂർവ ജന്തു-സസ്യജാലങ്ങളെ തകർത്തും ആദിവാസി സമൂഹത്തെ ഒന്നടങ്കം പുറംതള്ളിയും അവിടെ വലിയൊരു മക്കാവുവും സിംഗപ്പൂരും ജന്മമെടുക്കുകയാണ്.

സുസ്ഥിര വികസനം സംബന്ധിച്ച എല്ലാ സങ്കൽപങ്ങളും ഇവിടെ കാറ്റിൽ പറത്തപ്പെടുന്നു. അതിനിർണായകമായ ദ്വീപുകളുടെ സുരക്ഷപോലും പരിഗണനാ വിഷയമായിപോലും വരാതെ പോകുന്നു. ചരിത്രത്തിന്റെ ആരംഭകാലത്തെന്നോ രൂപപ്പെട്ട മരങ്ങളും ജൈവവൈവിധ്യവുമാണ് ഇന്ന് വിനോദത്തിനും വികസനത്തിനുമായി വെട്ടിമാറ്റപ്പെടുന്നത്. കുടിയിറക്കപ്പെടുന്ന അടിമ നിവാസികളുടെ കാര്യവും അങ്ങനെതന്നെ. എത്ര കാലങ്ങളായി അവരവിടെ ഉണ്ടെന്ന് ആരും തിട്ടപ്പെടുത്തിയിട്ടില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത് പ്രകാരം 81,000 കോടി രൂപയുടെ ‘വികസന’ പദ്ധതികളാണ് ഗ്രേറ്റ് നികോബാറിൽ വരാൻ പോകുന്നത്. അതും അന്തമാൻ-നികോബാർ ദ്വീപസമൂഹത്തിൽ മനുഷ്യർ ജീവിക്കുന്ന പോർട്ട് ബ്ലയർ അടക്കമുള്ള പ്രദേശങ്ങളിൽ ആരോഗ്യരക്ഷ, കുടിവെള്ളം, മാലിന്യ നിക്ഷേപം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റപ്പെടാതെ കിടക്കുമ്പോൾ.

ഗ്രേറ്റ് നികോബാർ മാത്രമല്ല എക്കാലത്തും പൊതുസമൂഹത്താൽ അവഗണിക്കപ്പെട്ടു കിടക്കുന്ന അന്തമാൻ-നികോബാർ ദ്വീപസമൂഹങ്ങളെ സംബന്ധിച്ച് മൊത്തത്തിൽ തന്നെ ഏറ്റവും ആധികാരികമായി പറയാൻ കഴിയുന്ന ആളാണ് ഗവേഷകനും എഴുത്തുകാരനുമായ പങ്കജ് സേഖ്സറിയാ.

പുണെ ആസ്ഥാനമായുള്ള കൽപവൃക്ഷ് എന്ന ഗവേഷണ പഠന കൂട്ടായ്മയുടെ ഭാഗമായ അദ്ദേഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അന്തമാൻ-നികോബാർ ദ്വീപസമൂഹങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും മൂന്ന് പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണ ഗതിയിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ദ്വീപുകളിൽപോലും തുടർച്ചയായി സന്ദർശിച്ചും തദ്ദേശീയ സമൂഹത്തോട് ആഴത്തിൽ ഇടപെട്ടും അദ്ദേഹം കുറെ കാലങ്ങളായി ആ ജനതയുടെ പ്രശ്നങ്ങൾ ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രകാരനും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അദ്ദേഹം മുംബൈ ഐ.ഐ.ടി അധ്യാപകനും രാജ്യത്ത് പാരിസ്ഥിതിക വിഷയങ്ങളിൽ ഏറ്റവും ആധികാരികമായ ശബ്ദങ്ങളിൽ ഒന്നുമാണ്. ഗ്രേറ്റ് നികോബാർ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അദ്ദേഹം സംസാരിക്കുന്നു.

ഗ്രേറ്റ് നികോബാർ ഐലൻഡ്സ് മെഗാ ഇൻഫ്രസ്ട്രക്ചർ പ്രോജക്ട് തുടങ്ങുന്നതിനുള്ള പാരിസ്ഥിതികവും വനഭൂമി കൈകാര്യംചെയ്യലും സംബന്ധിച്ചുള്ള അനുമതി അന്തമാൻ-നികോബാർ ഐലൻഡ്‌സ് ഇന്റ​േഗ്രറ്റഡ് ഡെവലപ്പ്മെന്റ് കോർപറേഷൻ നേടിയെടുത്തിട്ട് ഇപ്പോൾ രണ്ട് വർഷങ്ങളായി. ഒപ്പംതന്നെ അത് സംബന്ധിച്ച വിവാദങ്ങൾക്കും. അനുമതി നൽകലിന് അപ്പുറം എന്തെങ്കിലും ഈ കാലയളവിൽ നടന്നിട്ടുണ്ടോ?

പദ്ധതിക്ക് പൂർണമായ അനുമതി വാങ്ങിയെടുക്കുന്നതിന് ആവശ്യമായ തരത്തിൽ ചില പാരിസ്ഥിതിക നടപടികൾ എടുക്കുന്നതിനായി ഒരുപാട് യോഗങ്ങൾ സമീപ നാളുകളിൽ നടന്നിട്ടുണ്ട്. അവയുടെ മിനിറ്റ്സും ഇപ്പോൾ ലഭ്യമാണ്. ആദിവാസികളെ മാറ്റിപ്പാർപ്പിക്കാനും നശിക്കുന്ന വനഭൂമിക്ക് പകരം വേണ്ടത് ​െവച്ചുപിടിപ്പിക്കാനും മറ്റുതരത്തിലുള്ള പ്രത്യാഘാതങ്ങൾ നേരിടുന്നതിനും 9162.22 കോടി രൂപ വകയിരുത്താൻ പ്ലാൻ ഉള്ളതായി മിനിറ്റ്സുകളിൽ കാണുന്നു. മുപ്പത് വർഷങ്ങൾകൊണ്ട് ചെലവിടേണ്ട തുകയാണിത്. അതിൽ 25 ശതമാനമായ 2220 കോടി ഉപയോഗപ്പെടുത്തുന്നത് പദ്ധതി കാരണം തകർച്ച നേരിടുന്ന സസ്യജാലങ്ങളെയും ചെടികളെയും പ്ലാന്റുകളെയും മറ്റിടങ്ങളിൽ നട്ടുപിടിപ്പിച്ചു സംരക്ഷിക്കാനാണ്. രാജ്യത്തെ പ്രധാന വനഗവേഷണ കേന്ദ്രങ്ങൾ നിർദേശിക്കുന്ന പട്ടികയും രീതിയുംവെച്ചായിരിക്കും ബദൽ വനവത്കരണം.

ഒരു കാരണവശാലും ഇങ്ങനെയൊരു വിനോദ-അടിസ്ഥാന സൗകര്യ പദ്ധതിക്ക് ജൈവവൈവിധ്യത്തെയും വനങ്ങളെയും വിട്ടുകൊടുക്കാൻ പച്ചക്കൊടി കാണിച്ച ഗവേഷണ സ്ഥാപനങ്ങൾക്കാണ് ഈ വലിയ തുക നൽകുന്നത് എന്നതും പകരം വനം ഉണ്ടാക്കൽ ചുമതല അവർക്കാണെന്നതും വലിയൊരു വിരോധാഭാസമാണ്. എത്രമാത്രം ആത്മാർഥത അവർക്ക് ഉണ്ടാകുമെന്ന് ഊഹിക്കാനാകും. പദ്ധതി പ്രധാനമായും നടപ്പാക്കുന്ന ഗലാത്തിയ ദ്വീപിന്റെ സമാനതകളില്ലാത്ത ജൈവവൈവിധ്യത്തെ ഇവർ എങ്ങനെ പറിച്ചുനടും എന്നതും എവിടേക്ക് പറിച്ചു നടും എന്നതും ചിന്തനീയമാണ്. വലിയ വെല്ലുവിളികളാണവ. നാളിതുവരെ എവിടേക്കും മാറ്റിപ്പാർപ്പിക്കപ്പെട്ടിട്ടില്ലാത്ത അടിമസമൂഹത്തെ ഇവർ എന്തുചെയ്യാൻ പോകുന്നു എന്നതിലും വ്യക്തതയില്ല.

എന്താണ് ഗ്രേറ്റ് നികോബാർ നേരിടുന്ന പ്രധാന പ്രശ്നം? രാജ്യാന്തര നിലവാരമുള്ള ഒരു ടൂറിസ്റ്റ് നഗര സംവിധാനം എന്നത് അങ്ങനെയങ്ങു എതിർക്കേണ്ടതാണോ?

നാളിതുവരെ പുറംലോകത്തിന്റെ ഒരു ഇടപെടലുമില്ലാതിരുന്ന കുറെ ജൈവവൈവിധ്യ മേഖലകളും അവയിലെ ആദിമ നിവാസികളും ആർത്തിപൂണ്ട വികസനത്തിന്റെ ഇരകളായി മാറിക്കൊണ്ടിരിക്കുകയാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരും ക്യാമ്പ്ബെൽ ബേയിലേക്കും പദ്ധതി നടപ്പാക്കുന്ന സമീപ പ്രദേശങ്ങളിലേക്കും ഒഴുകിക്കൊണ്ടിരിക്കുന്നു. മുമ്പ് ഏക്കറിന് നാലുലക്ഷം രൂപ ഉണ്ടായിരുന്ന ഭൂമി ഇപ്പോൾ 40 ലക്ഷത്തിനുപോലും കിട്ടില്ലെന്ന നിലയിലേക്ക് റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളും വർധിച്ചിരിക്കുന്നു. ട്രാൻഷിപ്മെന്റ് ടെർമിനലും ടൗൺഷിപ്പും നിർമിക്കുന്നതിനുള്ള പദ്ധതികൾ രണ്ട് കമ്പനികൾ തുടങ്ങിക്കഴിഞ്ഞു.

റവന്യൂ ഭൂമികളിൽ അതിർത്തി കല്ലുകൾ പാവുക, നിർമാണ പ്രവർത്തനങ്ങളുടെ ആവശ്യത്തിലേക്കായി മണ്ണ് പരിശോധിക്കുക എന്നിവയും നടന്നുവരുന്നുണ്ട്. റിയൽ എസ്റ്റേറ്റിനും ഉത്തരവാദിത്ത രഹിത ടൂറിസത്തിനും അപ്പുറം ഈ പദ്ധതി രാജ്യത്തിന് ഒന്നും നേടിത്തരുന്നില്ല. ചരിത്രത്തിന്റെ ആരംഭം മുതലേയുള്ള മരങ്ങളും സസ്യജാലങ്ങളും മുറിച്ചുമാറ്റുമ്പോൾ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കും. പദ്ധതി പൂർണമായാൽ വരാൻ പോകുന്ന സന്ദർശകരെ താങ്ങാൻപോലുമുള്ള ആരോഗ്യം ഇവിടത്തെ ദ്വീപുകൾക്കില്ല എന്നത് പല പഠന റിപ്പോർട്ടുകളും തെളിയിക്കുന്നതാണ്. ഒരു വലിയ വിഡ്ഡിത്തമാണ് ഈ പദ്ധതി. ആദിവാസികളെ ഇത് വംശഹത്യ ചെയ്യുന്നു. വനവും ചതുപ്പ് നിലങ്ങളും ഉൾക്കടലുകളും കുന്നുകളും എല്ലാം സംരക്ഷിക്കപ്പെടേണ്ടതാണ്. അവയൊന്നും കച്ചവടക്കാർക്ക് വിറ്റുതുലക്കാൻ ഉള്ളതല്ല. തദ്ദേശീയ ജനസമൂഹത്തെ കുടിയൊഴിപ്പിക്കുന്ന വികസനം എന്തുതരം വികസനമാണ്?

 

എന്തുകൊണ്ട് ഗ്രേറ്റ് നികോബാർ പദ്ധതി എതിർക്കപ്പെടണം? എന്തെല്ലാമാണ് അതിലുൾക്കൊള്ളുന്ന വലിയ പിഴവുകൾ?

ഈ പദ്ധതിയോടുള്ള എതിർപ്പിന് സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ കാരണങ്ങളുണ്ട്. ആദിമ ജനസമൂഹത്തെ സ്വന്തം മണ്ണിൽനിന്ന് കുടിയിറക്കുക മാത്രമല്ല അവരെ തുടച്ചുനീക്കുക പോലുമായിരിക്കും ഈ പദ്ധതികൊണ്ടുള്ള ഫലം. ഇതുകൊണ്ടുള്ള സാമ്പത്തിക വളർച്ചയുടെ കണക്കുകൾ ഊതി പെരുപ്പിച്ചവയാണ്. തൽപരകക്ഷികൾ നടത്തുന്ന പ്രചാരവേലകൾക്ക് അപ്പുറം വിശ്വാസ്യതയുള്ള പഠനങ്ങൾ നടക്കുന്നില്ല. പാരിസ്ഥിതികമായി ഇത് സമാനതകൾ ഇല്ലാത്ത ഒരു ദുരന്തമാണ്. അന്തമാൻ-നികോബാർ ദ്വീപസമൂഹങ്ങളെ മൊത്തത്തിൽതന്നെ ഇത് നശിപ്പിക്കും. വിഭവങ്ങളെ കൊള്ളയടിക്കുന്ന ചുരുങ്ങിയ കാലത്തേക്ക് മാത്രം നിലനിൽപുള്ള ഒരു അശാസ്ത്രീയ പദ്ധതിയാണിത്. റിയൽ എസ്റ്റേറ്റ് മാഫിയകളും ദല്ലാൾമാരും കോൺട്രാക്ടർമാരും അഴിമതിക്കാരും എല്ലാമാണ് നേട്ടങ്ങൾ കൊയ്യാൻ പോകുന്നത്.

നിത്യഹരിത വനങ്ങൾക്കുള്ളിലെ ഒരു ജൈവ​ൈവവിധ്യ മേഖലയാണ് ഗ്രേറ്റ് നികോബാർ. അവിടത്തെ ജൈവവൈവിധ്യം നാളിതുവരെയായി പൂർണമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പലതും അങ്ങേയറ്റം അപൂർവമാണ്. വംശനാശം നേരിടുന്ന അപൂർവങ്ങളായ ജീവിവർഗങ്ങൾപോലും ഇവിടെയുണ്ട്. ഭൂമികുലുക്കത്തിന് ഒരുപാട് സാധ്യതകളുള്ള ഒരു മേഖലയാണിത്. ഏതാണ്ട് എല്ലാ ആഴ്ചകളിലും ഇവിടെ ഭൂചലനം അനുഭവപ്പെടുന്നുണ്ട്. അതീവ ഭൂകമ്പസാധ്യതകൾ ഇവിടെയുണ്ട്. 2004ലെ സൂനാമിയുടെ പ്രഭവകേന്ദ്രമായിരുന്ന സുമാത്ര തീരം ഗ്രേറ്റ് നികോബാറിൽനിന്നും നൂറ് നോട്ടിക്കൽ മൈലുകൾ മാത്രം അകലെയാണ്. ആദിവാസികളെ കൂടാതെ പല കാലങ്ങളിലായി രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നും വന്ന് അധ്വാനിച്ചു ജീവിക്കുന്ന കുറെ മനുഷ്യർകൂടിയിവിടെയുണ്ട്. ആ പാവങ്ങളും പുറത്താക്കൽ ഭീഷണി നേരിടുകയാണ്.

സൂനാമിയിൽനിന്നുപോലും നമ്മൾ ഒന്നും പഠിച്ചില്ല. സൂനാമി വല്ലാതെ തകർത്ത ഒരു ഭൂവിഭാഗമാണ് അന്തമാൻ-നികോബാർ ദ്വീപസമൂഹങ്ങൾ. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള ഇന്ദിര പോയന്റിൽ ഒരു ലൈറ്റ് ഹൗസ് ഉണ്ട്. സൂനാമി വരെ അത് കടലിൽനിന്നും ഏറെ അകലെ കരയിലായിരുന്നു. ഇപ്പോൾ അതിനു ചുറ്റും കടലാണ്. പതിനഞ്ച് അടിയോളം ക്രമേണ താഴ്ന്നുകൊണ്ടിരിക്കുന്ന ഒരു തീരത്താണ് ഈ പദ്ധതിയുടെ ഭാഗമായ തുറമുഖം പണിയുന്നത്. ഒരു മന്ത്രി പാർലമെന്റിൽ പറഞ്ഞത് ഒരു ദശലക്ഷം വന്മരങ്ങൾ മുറിച്ചുമാറ്റുമെന്നാണ്. ഇതെല്ലം പ്രശ്നങ്ങളാണ്.

എന്തുകൊണ്ടാണ് സർക്കാറിന്റെ നീക്കങ്ങളിലെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടുന്നത്?

അന്തമാൻ-നികോബാർ ദ്വീപസമൂഹങ്ങളുടെ ആസ്ഥാനമായ പോർട്ട് ബ്ലയറിനെ ശ്രീവിജയപുരം എന്ന് പുനർനാമകരണം ചെയ്തതായി അമിത് ഷാ പ്രഖ്യാപിക്കുന്നത് കുറച്ചു മുമ്പാണ്. കോളനിവാഴ്ചയുടെ പ്രതീകങ്ങളിൽനിന്നും രാജ്യത്തെ മോചിപ്പിക്കുന്നതിന്റെ ഭാഗമാണ് അതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, ആ പേരുമാറ്റം ഇവിടെയുള്ള ജനങ്ങളിൽ വലിയ സന്തോഷമൊന്നും ഉണ്ടാക്കിയില്ല. പോർട്ട് ബ്ലയർ എന്ന പേര് ടൂറിസത്തിലും കാലങ്ങളായി ഉറച്ചു പോയതാണ്. ഈ ദ്വീപസമൂഹങ്ങളുടെ ചരിത്രം പോർട്ട് ബ്ലയറിനും എത്രയോ മുമ്പേ തുടങ്ങുന്നതാണ്. കേന്ദ്രത്തിനും രാജ്യത്തെ ഇതര ഭാഗങ്ങൾക്കും ഈ ദ്വീപസമൂഹങ്ങൾ കേവലം ദൂരെയുള്ള ഒരു ടൂറിസം കേന്ദ്രം മാത്രമാണ്.

സാഹചര്യം ഒത്തുവന്നപ്പോൾ അതിനെ സാമ്പത്തികമായും വാണിജ്യപരമായും അവർ ചൂഷണംചെയ്യാൻ ആരംഭിച്ചിരിക്കുന്നു. നിലവിൽ പറയുന്ന ഗ്രേറ്റ് നികോബാർ പദ്ധതിയിൽ ഒരു തുറമുഖം നിർമിക്കാനുണ്ട്. ഒരു വിമാനത്താവളവും ഒരു വൈദുതി ഉൽപാദന കേന്ദ്രവുംകൂടി ടൗൺഷിപ്പിനൊപ്പം അവർ ലക്ഷ്യമിടുന്നു. പദ്ധതി വന്നാൽ ഈ ദ്വീപസമൂഹത്തിലെ ജനസംഖ്യ നിലവിലെ എണ്ണായിരത്തിൽനിന്നും മൂന്നര ലക്ഷമായി ഉയരും. ഇത്രയധികം മനുഷ്യരെ ഈ ദ്വീപുകൾക്ക് താങ്ങാനാകുമോ എന്നതിൽ സ്വതന്ത്ര സ്വഭാവമുള്ള പഠനങ്ങൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്. നികോബാറികളും ഷോംപെൻ വിഭാഗക്കാരുമായ ആദിവാസികളെ ഈ പദ്ധതി തുടച്ചു നീക്കുകതന്നെ ചെയ്യും.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യമേ ഉയരുന്ന പ്രശ്നം ഒരു വിവേചനവും ഇല്ലാതെ വനങ്ങളെ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ്. 160 ചതുരശ്ര കിലോമീറ്ററിൽ ലക്ഷ്യമിടുന്ന പദ്ധതിക്കായി 130 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയിൽ നിബിഡവനങ്ങൾ മുറിച്ചുമാറ്റേണ്ടതുണ്ട്. എത്ര മരങ്ങൾ മുറിക്കണം എന്നതിൽപോലും ബന്ധപ്പെട്ട വിവിധ ഏജൻസികൾ വ്യത്യസ്ത കണക്കുകളാണ് പറയുന്നത്. ഏറ്റവും ഒടുവിൽ കേൾക്കുന്നത് 8.65 ലക്ഷം വലിയ മരങ്ങൾ മുറിക്കുമെന്നാണ്.

ഫർണിച്ചറാക്കാൻ പറ്റാത്ത മരങ്ങൾ വരാൻ പോകുന്ന വൈദ്യുതി നിർമാണ പ്ലാന്റിൽ ഇന്ധനമാക്കാമെന്നു പോലും പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നുണ്ട്. എത്രമാത്രം അപലപനീയമാണിത്. വിറകുപയോഗിക്കുന്ന വൈദ്യുതി പദ്ധതി എന്നത് എത്രമാത്രം വിനാശകരമാണ്. ഇവിടത്തെ ആദിവാസികൾ പരമ്പരാഗതമായി വനത്തിൽ ജീവിക്കുന്നവരാണ്. അവരുടെ ആവാസവ്യവസ്ഥയാണിത്. നിരവധിയായ കോറൽ റീഫുകളെ നശിപ്പിച്ചുകൊണ്ടാണ് തുറമുഖവും അതിലെ ട്രാൻഷിപ്മെന്റ് ടെർമിനലും വരാൻ പോകുന്നത്.

 

പങ്കജ്​ സേഖ്​സറിയായും കെ.എ. ഷാജിയും സംഭാഷണത്തിനിടെ

നാളിതുവരെ മദ്യം, പാൽ, പെട്രോളിയം എന്നിവയുടെ വിപണനത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന ആനിഡ്‌കോ എന്ന കമ്പനി ആദ്യമായാണ് ഇത്ര വലിയ ഒരു അടിസ്ഥാന സൗകര്യ വികസന പദ്ധതിക്കായി രംഗത്തുവരുന്നത്. അതും ഭൂമിയിലെ ഏറ്റവും ദുഷ്കരമായ ഭൂവിഭാഗത്തിൽ. മരങ്ങൾ മുറിക്കാനും അവ കത്തിച്ച് വൈദ്യുതി ഉണ്ടാക്കാനും താൽപര്യം കാണിക്കുന്നവരിൽ കൊങ്കൺ റെയിൽവേ കോർപറേഷൻപോലുമുണ്ട്.

ആദിവാസികൾക്കായുള്ള വനാവകാശ നിയമവും ജൈവവൈവിധ്യ സംരക്ഷണ നിയമങ്ങളും ഇവിടെ ഒരുപോലെ ചവിട്ടി മെതിക്കപ്പെടുന്നു. ആയിരത്തി തൊള്ളായിരത്തി ബ്രിട്ടീഷുകാർ തുടങ്ങി​െവച്ചതാണ് അന്തമാൻ-നികോബാർ ദ്വീപസമൂഹങ്ങളിലെ മരംമുറി. എന്നാൽ അത് നികോബാറിനെ കാര്യമായി ബാധിച്ചില്ല. അന്തമാനിൽ നടന്ന മരംമുറി അവിടത്തെ പ്രകൃതിയെയും അതിജീവനത്തെയും ബാധിച്ചപ്പോഴാണ് വർഷങ്ങൾക്ക് മുമ്പ് അത് നിർത്തിച്ചത്. ഇപ്പോൾ അന്ന് ഒഴിവാക്കപ്പെട്ട പ്രദേശങ്ങളാണ് ഭീഷണി നേരിടുന്നത്.

 

ബദൽ വനങ്ങൾ ഉണ്ടാക്കുമെന്ന് പറയുന്നതിലുമുണ്ട് അശാസ്ത്രീയതയും വിവരക്കേടും. 130 ചതുരശ്ര കിലോമീറ്ററിൽ ഗ്രേറ്റ് നികോബാറിൽ മരങ്ങൾ മുറിക്കുന്നതിന് പകരം ഹരിയാനയിലും മധ്യപ്രദേശിലുമായി 260 ചതുരശ്ര കിലോമീറ്ററിൽ വനമുണ്ടാക്കും എന്നാണ് പറയുന്നത്. ഹരിയാനയിലെ ആരവല്ലിയിലെ സംരക്ഷിത മേഖലയിൽ അടുത്ത നാളുകളിലായി 243.5 ചതുരശ്ര കിലോമീറ്ററുകൾ അതിനായി നീക്കിവെക്കാൻ അടുത്ത സർക്കാർ തയാറാവുകയും ചെയ്തു. എന്നാൽ, അതിനൊപ്പം ഹരിയാന സർക്കാറെടുത്ത തീരുമാനം നിർദിഷ്ട സ്ഥലത്തുനിന്നും വലിയ അളവിൽ പാറകൾ പൊട്ടിക്കാൻ ഒരു സ്വകാര്യ കമ്പനിക്ക് അനുമതി നൽകുക എന്നതുകൂടി ആയിരുന്നു.

ഗ്രേറ്റ് നികോബാറിൽ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ചുള്ള ആശങ്ക ഉയരുമ്പോൾ മുമ്പ് സുപ്രീംകോടതി നിയോഗിച്ച ശേഖർ സിങ് കമീഷൻ പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുമെന്നാണ് സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ, ആ കമീഷൻ ഒരുതരത്തിലുള്ള മരംമുറിക്കലും നാഷനൽ പാർക്കുകളിലോ സാങ്ച്വറികളിലോ ആദിവാസി മേഖലകളിലോ പാടില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. ബദൽ മരങ്ങൾ നട്ടാലും പദ്ധതിയുടെ വളർച്ചക്കൊപ്പം വനവത്കരണവും ലക്ഷ്യം കാണണമെന്നും കമീഷൻ പറയുന്നുണ്ട്.

പദ്ധതിയുടെ ഈ പ്രയോക്താക്കൾ ഇപ്പോൾ പറയുന്നത് ഒരു ക്രൂസ് ടെർമിനലും കപ്പൽ നിർമാണ കേന്ദ്രവും കപ്പൽ റിപ്പയർ സംവിധാനവും കയറ്റിറക്ക് തുറമുഖവുംകൂടി മൊത്തത്തിൽ വികസനത്തിന്റെ ഭാഗമായി ഉണ്ടാകണം എന്നാണ്. നിർമാണ വസ്തുക്കൾ എത്തിക്കാനുള്ള ഒരു അടിയന്തര വിമാനത്താവളവും ഉടൻ ഉണ്ടാകേണ്ടതുണ്ട്. എന്നാൽ, ഇവക്കെല്ലാമുള്ള അനുവാദങ്ങൾ നിലവിലുള്ള നിയമങ്ങൾക്ക് കീഴിൽ ലഭിക്കുക പ്രയാസമാണ്.

ഒപ്പംതന്നെ പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവിലും വലിയ ഉയർച്ച ഉണ്ടാകാൻ സാധ്യതയുണ്ട്. ഏതാണ്ട് 43,796 കോടി രൂപയുടെ അധികബാധ്യതകൾ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ലൊക്കേഷൻ ആയതിനാൽ സുരക്ഷാ പ്രശ്നങ്ങൾ വലിയതോതിലാണെന്നു പ്രതിരോധ വകുപ്പും പറയുന്നുണ്ട്. ലാഭം മാത്രം ലക്ഷ്യം​െവച്ചുള്ള അങ്ങേയറ്റത്തെ ചൂഷണമാണ് ഗ്രേറ്റ് നികോബാർ പദ്ധതി. ധനികർക്ക് ഒരു വിനോദകേന്ദ്രം എന്നല്ലാതെ മറ്റൊന്നും അത് മുന്നോട്ടുവെക്കുന്നില്ല. ഭൂമിശാസ്ത്രപരമായി പോലും ആ പദ്ധതി ഗുണകരമല്ല. സാമ്പത്തിക വളർച്ച അവകാശപ്പെടുംപോലെ ഉണ്ടാവുകയുമില്ല. ഭൂമിയിലെ ഏറ്റവും മൂല്യമുള്ളതും സമാനതകളില്ലാത്തതുമായ പ്രകൃതിവിഭവങ്ങളാണ് കൊള്ളയടിക്കപ്പെടാൻ പോകുന്നത്. അതും എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്. ചെറുത്തുനിൽപാണ് അസാധ്യം. കൂട്ടായ മുന്നേറ്റങ്ങൾക്ക് മാറ്റങ്ങൾ ഉണ്ടാക്കാനാകും.

News Summary - interview with Pankaj Sekhsaria