ടെയ്ൽസ് ഫ്രം വക്കം, പോളണ്ട് ആൻഡ് ഗൾഫ്

ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരിൽ ശ്രദ്ധേയനാണ് മലയാളിയായ സബിൻ ഇഖ്ബാൽ. രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ അദ്ദേഹം ലിറ്റററി ക്യുറേറ്റർ കൂടിയാണ്. സാഹിത്യ സംരംഭങ്ങളുടെ മുന്നണിയിലുള്ള അദ്ദേഹം തന്റെ പശ്ചാത്തലം, എഴുത്ത്, നിലപാടുകൾ എന്നിവ പങ്കിടുന്നു.സമകാലിക ഇന്ത്യൻ രാഷ്ട്രീയവും സാമൂഹികാവസ്ഥയും പൗരന്റെ സ്വത്വപ്രതിസന്ധിയുമൊക്കെ പ്രമേയമാകുന്ന ധീരമായ പരീക്ഷണങ്ങളാണ് സബിൻ ഇഖ്ബാലിന്റെ നോവലുകൾ. പക്ഷേ, ആ രാഷ്ട്രീയം പ്രഖ്യാപിക്കാൻ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരിൽ ശ്രദ്ധേയനാണ് മലയാളിയായ സബിൻ ഇഖ്ബാൽ. രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ അദ്ദേഹം ലിറ്റററി ക്യുറേറ്റർ കൂടിയാണ്. സാഹിത്യ സംരംഭങ്ങളുടെ മുന്നണിയിലുള്ള അദ്ദേഹം തന്റെ പശ്ചാത്തലം, എഴുത്ത്, നിലപാടുകൾ എന്നിവ പങ്കിടുന്നു.
സമകാലിക ഇന്ത്യൻ രാഷ്ട്രീയവും സാമൂഹികാവസ്ഥയും പൗരന്റെ സ്വത്വപ്രതിസന്ധിയുമൊക്കെ പ്രമേയമാകുന്ന ധീരമായ പരീക്ഷണങ്ങളാണ് സബിൻ ഇഖ്ബാലിന്റെ നോവലുകൾ. പക്ഷേ, ആ രാഷ്ട്രീയം പ്രഖ്യാപിക്കാൻ വേണ്ടിയല്ല നോവലെഴുതുന്നതെന്നും തനിക്ക് ചുറ്റുമുള്ള മനുഷ്യരാണ് പ്രചോദനമെന്നും അവരുടെ കഥകൾ പറയുമ്പോൾ അതിൽ സമകാലി ജീവിതം സ്വാഭാവികമായി ഉൾച്ചേരുന്നതാണെന്നും വിശദീകരിക്കും, സബിൻ. അഞ്ചു വർഷത്തിനുള്ളിൽ പുറത്തുവന്ന ‘ദി ക്ലിഫ്ഹാങ്ങേഴ്സ്’, ‘ഷമാൽ ഡെയ്സ്’, ടെയ്ൽസ് ഫ്രം ഖബറിസ്ഥാൻ’ തുടങ്ങിയ നോവലുകൾ ഇംഗ്ലീഷ് ഇന്ത്യൻ സാഹിത്യത്തിൽ പുതിയൊരു ശബ്ദത്തിന്റെ നാന്ദി കുറിക്കുന്നവയാണ്. സ്വത്വരാഷ്ട്രീയത്തിന്റെ ആശയഗതിയെ ഒരു തീരഗ്രാമത്തിലെ നാലു ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് വിളക്കിച്ചേർത്ത ‘ദി ക്ലിഫ്ഹാങ്ങേഴ്സ്’ ആണ് സബിൻ എന്ന നോവലിസ്റ്റിനെ ആദ്യം ശ്രദ്ധയിലെത്തിക്കുന്നത്. മലയാളം എഴുത്തുകാർ വരച്ച ഗൾഫ് പ്രവാസ ചിത്രത്തിന്റെ എതിർവശത്ത് നിൽക്കുന്നു, ‘ഷമാൽ ഡെയ്സ്’. മലയാളിക്ക് ഏറെ പരിചിതമായ ഗൾഫ് പ്രവാസ സാഹിത്യത്തിന്റെ ശാഖയെ മറ്റൊരു ദിശയിലേക്ക് പടർത്തുകയായിരുന്നു അതിൽ.
അകവും പുറവും മലയാളിക്ക് പരിചിതമായ കായലോരം എന്ന സങ്കൽപദേശത്തിന്റെയും അവിടെയുള്ള മനുഷ്യരുടെയും ജീവിതം പറഞ്ഞ ‘ടെയ്ൽസ് ഫ്രം ഖബറിസ്ഥാൻ’ ഒരുതരത്തിൽ സബിൻ ഇഖ്ബാലിന്റെ ആത്മഭാഷണമാണ്. സ്വന്തം ജീവിതത്തെയും പരിസരത്തെയും കൽപനയുടെ പ്രവിശാലമായ ഭൂമികയിലേക്ക് മാറ്റിനട്ട്, വേരുപിടിപ്പിച്ച് പൊലിപ്പിച്ചെടുത്ത ‘ഖബറിസ്ഥാനി’ൽ മാജിക്കൽ റിയലിസത്തിന്റെ നൂതന പരീക്ഷണങ്ങൾ നിഴലിക്കുന്നു. ഉടൻ പുറത്തുവരാനിരിക്കുന്ന രണ്ടു നോവലുകളും പണിപ്പുരയിലുള്ള അസംഖ്യം രചനകളും സബിന്റെ എഴുത്തിന്റെ വേഗതയുടെയും ആഴത്തിന്റെയും നിദർശനങ്ങളാകുമെന്നതിൽ സംശയമില്ല.
എഴുത്തെന്നാൽ ശ്വാസോച്ഛ്വാസം പോലെയാണെന്ന് സബിൻ പറയുന്നത് വെറുതെയല്ല. എഴുതാൻ വേണ്ടിയാണ് സബിൻ ആദ്യം കവിയായത്, പിന്നെ മാധ്യമപ്രവർത്തകനും. സാഹിത്യസംഘാടനത്തിലേക്ക് തിരിഞ്ഞതും അതിൽ തുടരുമ്പോൾതന്നെ നോവലുകളിലേക്ക് ചുവടുവെച്ചതും മറ്റൊന്നിനുമല്ല. ഏതോ ജന്മാന്തര വാസനപോലെ എഴുത്ത് സബിന്റെ ജീവിതത്തെ പരിവർത്തനപ്പെടുത്തുകയായിരുന്നു. എഴുത്തും വായനയും മാത്രമല്ല അച്ചടിയും പ്രസാധനവും വരെ നിറഞ്ഞുനിന്ന കുടുംബമാണ് സബിന്റേത്. സാക്ഷാൽ വക്കം മൗലവിയുടെ ചെറുമകൻ എന്നത് വെറുമൊരു അലങ്കാരമല്ല സബിന്. മലയാളം പത്രപ്രവർത്തനത്തിന്റെയും അച്ചടിയുടെയും ഉന്നമനത്തിനായി ജീവിതവും സമ്പത്തും ഹോമിച്ച മുത്തശ്ശന്റെ ചെറുമകന് എഴുതാതിരിക്കാനാവുന്നതെങ്ങനെ.
വക്കം അബ്ദുൽ ഖാദർ മൗലവിയുടെ പത്തുമക്കളിൽ ഏഴു പേരും എഴുത്തുകാരായിരുന്നു. ഏറ്റവും ഇളയ മകനും കോളജ് അധ്യാപകനുമായിരുന്ന മുഹമ്മദ് ഇഖ്ബാലിന്റെ മകനാണ് സബിൻ. വക്കം മൗലവിയുടെ ഭാര്യാ സഹോദരനും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഉറ്റ സുഹൃത്തും ‘അൽ അമീൻ’ പത്രാധിപ സമിതി അംഗവും എഴുത്തുകാരനുമൊക്കെ ആയിരുന്ന കായൽപ്പുറം സ്വദേശി മുഹമ്മദ് കണ്ണ് സാഹിബിന്റെ മകൾ സുഹൈലയാണ് മാതാവ്.
1905ൽ വക്കം മൗലവി തിരുവനന്തപുരത്ത് സ്വദേശാഭിമാനിക്കുവേണ്ടി പ്രസ് സ്ഥാപിക്കുമ്പോഴോ അഞ്ചുവർഷത്തിനുശേഷം രാജഭരണകൂടം അത് കണ്ടുകെട്ടുമ്പോഴോ സബിന്റെ പിതാവ് ഇഖ്ബാൽ ജനിച്ചിട്ടില്ല. മാധ്യമ സംരംഭങ്ങളും സാമുദായ, സാമൂഹികോന്നമന ഉദ്യമങ്ങളും കാരണം സാമ്പത്തികമായും ശാരീരികമായും പരിക്ഷീണനായ വക്കം മൗലവി 1932ൽ മരിക്കുമ്പോൾ രണ്ടുവയസ്സുമാത്രമായിരുന്നു ഇഖ്ബാലിന്.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിഷ്കരുണം ഉപയോഗിക്കപ്പെട്ട് തളർന്ന പ്രസിനെ പിന്നീട് സ്വാതന്ത്ര്യത്തിനുശേഷം 1957ൽ ഇ.എം.എസ് സർക്കാർ, കുടുംബത്തിന് കൈമാറുമ്പോൾ അതിന് സാക്ഷിയായിരുന്നു ഇഖ്ബാൽ. പിന്നെയും ഒന്നര പതിറ്റാണ്ടു കഴിഞ്ഞാണ് സബിന്റെ ജനനം. അതിഗംഭീരമായ രചനാജീവിതം നയിച്ചിരുന്ന പിതൃസഹോദരന്മാരെ കണ്ടും കേട്ടുമാണ് സബിൻ വളരുന്നത്. സമകാലിക ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിൽ കരുത്തുറ്റ സാന്നിധ്യവും ഉറ്റ ബന്ധുവുമായ അനീസ് സലീമാണ് സബിന്റെ പ്രചോദകരിൽ പ്രധാനി. പക്ഷേ, ആധുനിക തിരുവിതാംകൂറിന്റെ ചരിത്രത്തിൽ സാമൂഹികമായും രചനാപരമായും വലിയ സംഭാവനകൾ അർപ്പിച്ച കുടുംബത്തിന്റെ പുതിയ കാലത്തെ പ്രതിനിധി എന്ന ഈ മേൽവിലാസമല്ല സബിനെ പ്രസക്തനാക്കുന്നത്. സബിൻ നടന്ന വഴികളാണ്. ആ വഴികൾക്ക് ശാഖകളും ഉപശാഖകളും ധാരാളമുണ്ട്.
മാധ്യമപ്രവർത്തനത്തിലാണ് തുടക്കം. പിന്നെ ഗൾഫിലേക്ക്. അവിടെയും ക്രമേണ മാധ്യമപ്രവർത്തനത്തിലെത്തി. ഗൾഫ് മേഖലയിലെ പ്രഥമ സമ്പൂർണ കായിക മാഗസിൻ ആരംഭിച്ചതും ഇക്കാലത്താണ്. നിരന്തരമായ യാത്രകൾ, സ്പോർട്സ് റിപ്പോർട്ടിങ്, അതിനൊപ്പം തുടർന്ന ഫിക്ഷൻ രചന. ’99ൽ തീവ്രവാദികൾ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചി കാണ്ഡഹാറിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് ദുബൈയിൽ ഇറക്കിയപ്പോൾ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിച്ചതാണ് മാധ്യമപ്രവർത്തനത്തിലെ മറക്കാനാകാത്ത അനുഭവങ്ങളിലൊന്നെന്ന് സബിൻ പറയുന്നു. ദുബൈയിൽ മാധ്യമപ്രവർത്തകനായിരിക്കുമ്പോഴാണ് ജീവിതപങ്കാളി മറിയം മാത്യുവിനെയും കണ്ടെത്തുന്നത്. 2005ൽ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് അഞ്ചാംദിനം മറിയത്തിന് അതിമാരകമായ പക്ഷാഘാതം സംഭവിച്ചു. രണ്ടു ശിശുക്കളുമായി ജീവിതത്തിനുമുന്നിൽ നിസ്സഹായനായി നിന്ന ദിവസങ്ങൾക്കുശേഷം സബിൻ പിന്നെയും എഴുത്തിന്റെ രംഗത്തേക്ക് തിരിച്ചെത്തി. പരസഹായത്തോടെയാണ് കഴിഞ്ഞ 20 വർഷമായി മറിയം ജീവിക്കുന്നത്. ഈ സംഭവത്തെ ജീവിതത്തിലെ ഒരു ദുരന്തമായല്ല, വെല്ലുവിളിയായാണ് സബിൻ കാണുന്നത്. മറ്റുള്ളവരുടെ ജീവിതത്തെ കൂടുതൽ അനുതാപപൂർവം പരിഗണിക്കാൻ പ്രേരിപ്പിക്കുന്ന അനുഭവമായും.
ലിറ്റററി ക്യുറേഷൻ എന്ന സാഹിത്യ സംഘാടനമാണ് സബിന്റെ പ്രധാന മേഖല. ‘മാതൃഭൂമി’യുടെ ലിറ്ററേച്ചർ ഫെസ്റ്റ് ഉൾപ്പെടെ സാഹിത്യമേളകളുടെ ക്യൂറേറ്ററായിരുന്നു ദീർഘകാലം. നൊബേൽ ജേതാവ് അബ്ദുറസാഖ് ഗുർനയെ തിരുവനന്തപുരത്ത് കൊണ്ടുവന്നതാണ് തന്റെ ലിറ്റററി ക്യുറേറ്റർ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമെന്ന് സബിൻ പറയും. സമകാലിക സാഹിത്യത്തെക്കുറിച്ചുള്ള അനുഭവജ്ഞാനത്തിനൊപ്പം ലോകത്തെ എണ്ണം പറഞ്ഞ എഴുത്തുകാരുമായുള്ള അടുത്ത സൗഹൃദത്തിനും ഈ മേഖലയിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. രണ്ടു നൊബേൽ ജേതാക്കളുടെ വീടുകളിൽ താമസിക്കാനുള്ള അത്യപൂർവ അവസരം കരഗതമായതും അങ്ങനെതന്നെ. അടുത്തിടെയാണ് ഏഷ്യൻ ഗ്രൂപ് ഓഫ് ലിറ്ററേച്ചറും യു.എ.ഇയിലെ ട്രോഗോൺ ഗ്ലോബലും അവരുടെ ഏഷ്യൻ ലിറ്റററി ഫെസ്റ്റിവൽസ് ആൻഡ് പ്രൈസസിന്റെ ഗ്ലോബൽ ഡയറക്ടറായി സബിനെ നിയമിച്ചത്. ഏഷ്യ എന്ന ഭൂഭാഗത്തെ മാത്രമല്ല ഏഷ്യ എന്ന സങ്കൽപത്തെത്തന്നെ ആകമാനം പ്രതിനിധാനം ചെയ്യുന്നതാണ് ഏഷ്യൻ ഗ്രൂപ് ഓഫ് ലിറ്ററേച്ചർ. ഇതുവരെ എഴുതിയ മൂന്നുനോവലുകളുടെയും തമിഴ്, സിംഹള പരിഭാഷകൾ ഉടൻതന്നെ പുറത്തിറങ്ങും. ‘ക്ലിഫ്ഹാങ്ങേഴ്സി’ന്റെ പോളിഷ് പരിഭാഷ നേരത്തേ വന്നിരുന്നു. പോളണ്ടിലെ സാഹിത്യലോകവുമായി അടുത്തബന്ധം പുലർത്തുന്ന സബിൻ അവിടെ വിവിധ സർവകലാശാലകളിൽ ക്ലാസുകളും നയിക്കുന്നു. സബിൻ സംസാരിക്കുന്നു:
‘‘Another one goes to hell’’ എന്ന ഒരുതരം ശാപ പ്രസ്താവനയുമായാണ് താങ്കളുടെ പുതിയ നോവലായ ‘ടെയ്ൽസ് ഫ്രം ഖബറിസ്ഥാൻ’ ആരംഭിക്കുന്നത്. അതിലെ പ്രധാന കഥാപാത്രത്തിനും പശ്ചാത്തലത്തിനും താങ്കളുടെ ജീവിതവുമായി വല്ലാത്ത സാമ്യവുമുണ്ട്. യഥാർഥത്തിൽ എത്രമാത്രം ആത്മകഥാപരമാണ് ഈ നോവൽ?
‘ടെയ്ൽസ് ഫ്രം ഖബറിസ്ഥാനി’ൽ ആത്മകഥാംശം ഉണ്ടെന്നത് വസ്തുതയാണ്. ഉമ്മയുടെ കുടുംബവും അവരുടെ നാടും അവിടെയുള്ള ആൾക്കാരുമൊക്കെ അതിൽ വരുന്നുണ്ട്. ആ ചട്ടക്കൂടിനെ ഉപയോഗിച്ച് വലിയ തോതിൽ ഫിക്ഷനലൈസ് ചെയ്യുകയായിരുന്നു. എല്ലാം വസ്തുതാപരമായി ശരിയല്ല. സർഗാത്മകതയുടെ സാധ്യതകൾ ഉപയോഗിച്ച് പലതും വികസിപ്പിച്ചിട്ടുണ്ട്. പിതാവിന്റെ മരണംപോലുള്ള ഘടകങ്ങൾ സ്വയം കടന്നുപോയ, അനുഭവിച്ച കാര്യങ്ങൾതന്നെയാണ്. അദ്ദേഹം മരണം കാത്തുകിടക്കുന്ന നാലുദിവസങ്ങൾ ജീവിതത്തിലുണ്ടായതാണ്.
പിന്നെ, മാർകേസ് ആണ് എന്റെ പ്രചോദനം. അദ്ദേഹത്തിന്റെ മാജിക്കൽ റിയലിസമാണ് എന്റെ സ്വപ്നം. ആ വാക്കിന്റെ ഒരു പ്രശ്നമായി തോന്നിയിട്ടുള്ളത്, നമ്മൾ മാജിക് മാത്രമേ കേൾക്കാറുള്ളൂ. റിയലിസം കേൾക്കാറില്ല. ശരിക്കും പറഞ്ഞാൽ റിയാലിറ്റിയിൽ നിന്നുകൊണ്ടാണ് മാജിക്കിന്റെ അനുപാതം സൃഷ്ടിക്കുന്നത്. ഇതിനാണ് ഞാനും ശ്രമിക്കുന്നത്. എന്റെ ചുറ്റിലുമുള്ള സമൂഹം, നാട്, ആളുകൾ എന്ന റിയാലിറ്റിയെ ഒന്ന് വികസിപ്പിക്കാനും ഉച്ചത്തിലാക്കാനുമുള്ള ശ്രമം. ഭാവനയുടെ എത്ര ആടയാഭരണങ്ങൾ അണിയിച്ചാലും അത് നിലകൊള്ളുന്നത് യാഥാർഥ്യത്തിന്റെ അടിത്തറയിലാണ്.
ഏതുരീതിയിൽ നോക്കിയാലും മാർകേസിന്റെ ഭൂമികപോലെ തന്നെയാണ് കേരളവും. എത്രത്തോളം നമുക്ക് എഴുതിപ്പിടിപ്പിക്കാൻ കഴിയും എന്നതുമാത്രമാണ് വെല്ലുവിളി. അതിനുള്ള എന്റെ പരിശ്രമങ്ങളാണ് എന്റെ എഴുത്തിൽ കാണുന്നത്. അതുപറയുന്നതിൽ എനിക്കൊരു കുറച്ചിലുമില്ല. എല്ലാദിവസവും മാർകേസിനെ വായിക്കാറുണ്ട്. ഇതുവരെ എഴുതിയ നോവലുകളിലെല്ലാം അതിന്റെ അനുരണനങ്ങൾ ഉണ്ടെന്ന് തന്നെയാണ് വിശ്വാസം.

നൂറുവർഷത്തിലേറെ നീണ്ട ഭാഷയുടെയും അച്ചടിയുടെയും സമൃദ്ധമായ പാരമ്പര്യത്തിന്റെ ഭാരമാണ് താങ്കളുടെ ചുമലുകളിലുള്ളത്. എഴുത്ത് തുടങ്ങുമ്പോൾ അതൊരു അനുഗ്രഹമായിരുന്നോ അതോ, വെല്ലുവിളിയോ?
വക്കം മൗലവിയുടെ ചരിത്രവും പാരമ്പര്യവും എന്റെ എഴുത്തിനെ സ്വാധീനിച്ചുവെന്ന് പറയാനാകില്ല. പക്ഷേ, ആ കുടുംബത്തിന്റെ പശ്ചാത്തലം ഗുണം ചെയ്തിട്ടുണ്ട്. പുസ്തകങ്ങളും സാഹിത്യവും അതിനെ കുറിച്ചുള്ള ചർച്ചകളും നിറഞ്ഞുനിന്ന വീടായിരുന്നു ഞങ്ങളുടേത്. ഭക്ഷണം കഴിക്കാൻ ഒന്നിച്ചിരുന്നാൽപോലും വാപ്പായും അങ്കിൾമാരുമൊക്കെ സംസാരിക്കുന്നത് ഇതൊക്കെതന്നെയാണ്. അത് കണ്ടും കേട്ടുമാണ് വളർന്നത്. സ്കൂളിൽ
പഠിക്കുമ്പോഴും വക്കം മൗലവിയുടെ ചെറുമകൻ എന്നനിലയിൽ അധ്യാപകരും മറ്റും പരിചയപ്പെടുത്തുമായിരുന്നു. അതൊക്കെ ചെറുപ്പത്തിലേ മനസ്സിലുണ്ടായിരുന്നു. ആ പാരമ്പര്യം ഒരു ഭാരമായി തോന്നിയിട്ടില്ല. എങ്കിലും അന്നേ ഒരു കാര്യം എനിക്ക് വ്യക്തമായിരുന്നു; എഴുത്താണ് വഴി. ജേണലിസം അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള എഴുത്ത് തന്നെയാണ് വഴങ്ങുക എന്ന് മനസ്സിലാക്കിയിരുന്നു.
വായിക്കാനും എഴുതാനുമുള്ള പ്രേരണ വീട്ടിൽതന്നെ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിച്ചു. പക്ഷേ, എഴുത്ത് മാധ്യമം ഇംഗ്ലീഷ് ആകുന്നത് എങ്ങനെയാണ്?
വീട്ടിൽ നിറയെ പുസ്തകങ്ങളാണ്. വാപ്പ നന്നായി വായിക്കുകയും എഴുതുകയും ചെയ്തിരുന്നു. ഉമ്മ ബി.എ ഇംഗ്ലീഷ് ബിരുദധാരിയും. വായിക്കാൻ അവരൊന്നും നിർബന്ധിച്ചിരുന്നില്ലെങ്കിലും ആ അന്തരീക്ഷത്തിൽ നമ്മൾ സ്വാഭാവികമായും വായിച്ചുപോകും. വാപ്പയുടെ കുടുംബത്തിൽ ഏതാണ്ട് എല്ലാവരും എഴുതുന്നവരാണ്. ഞങ്ങൾക്കിപ്പോൾ വക്കത്ത് വക്കം മൗലവി റിസർച് സെന്റർ ഉണ്ട്. അതിന്റെ ഭാഗമായി ആർക്കൈവ്സ് പരിശോധിക്കുമ്പോൾ വാപ്പയുടെ സഹോദരങ്ങൾ മിക്കവരും നന്നായി എഴുതിയിരുന്നവരാണെന്ന് മനസ്സിലാക്കാനായി.
ഇടവ നടയറ കായലിന് സമീപത്തെ കായൽപ്പുറമാണ് ഉമ്മയുടെ നാട്. ഒരു ഉൾനാടൻ പ്രദേശം. ഉമ്മയുടെ പിതാവ് വലിയ എഴുത്തുകാരനായിരുന്നു. അവിടെയും വായനയുടെ അന്തരീക്ഷമുണ്ട്. വേടർകുന്ന് ട്രൈബൽ സ്കൂളിലാണ് ചെറുക്ലാസുകൾ പഠിച്ചത്. പിന്നീട് വർക്കലയിലേക്ക് മാറി. ചിലക്കൂർ, വർക്കല ഗവ. സ്കൂളുകളിലായിരുന്നു പിന്നീടുള്ള വിദ്യാഭ്യാസം. ശിവഗിരിയിലാണ് വാപ്പ സ്വന്തമായി വീടുവെച്ചത്. അങ്ങനെ ശിവഗിരി ശ്രീനാരായണ സ്കൂളിലെത്തി. പ്രീഡിഗ്രി വർക്കല എസ്.എൻ കോളജിലും ഡിഗ്രിക്ക് കൊല്ലം ഫാത്തിമമാതാ കോളജിലും.
ഇംഗ്ലീഷാണ് പഠിച്ചതെങ്കിലും ഇംഗ്ലീഷ് അത്ര നന്നായി സ്വായത്തമാക്കാൻ കഴിഞ്ഞിരുന്നില്ല. നമ്മുടെ അന്നത്തെ അധ്യയനരീതി പ്രകാരം ടെക്സ്റ്റ് ബുക്ക് പഠിക്കുന്നതിനപ്പുറം കാര്യമായി ഒന്നുമില്ലല്ലോ. ഇംഗ്ലീഷിൽ എഴുതാനൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. പ്രായോഗികമായി ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനുള്ള പരിശീലനമൊന്നും ലഭിക്കാറില്ല. എല്ലാവരെയുംപോലെ ഇംഗ്ലീഷിൽ സംസാരിക്കാനും ബുദ്ധിമുട്ടായിരുന്നു.
പിന്നീട് എം.എക്ക് തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ എത്തുമ്പോൾ ഒപ്പമുള്ളതെല്ലാം ബ്രില്യന്റായ സഹപാഠികൾ. മിക്കവരും അനായാസം ഇംഗ്ലീഷ് ഉപയോഗിക്കുന്നവരും റാങ്ക് ജേതാക്കളും. ഞാൻ മാത്രം ഒരു വില്ലേജ് ബോയ്. പുറംലോകത്തേക്കുള്ള ബന്ധം തുടങ്ങുന്നത് അവിടെനിന്നാണ്. ഇംഗ്ലീഷ് ഭാഷ വഴങ്ങിത്തുടങ്ങുന്നതും അവിടെനിന്നാണ്.
‘ടെയ്ൽസ് ഫ്രം ഖബറിസ്ഥാനി’ൽ പിതൃവിയോഗം വലിയൊരു ഘടകമായി തെളിഞ്ഞുനിൽക്കുന്നുണ്ട്. എങ്ങനെയാണ് അത് ജീവിതത്തെ ബാധിച്ചത്?
തൃശ്ശിനാപ്പള്ളി ജമാൽ മുഹമ്മദ് കോളജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു വാപ്പ. ഗൾഫ് ബൂമിന്റെ കാലമായിരുന്നു അത്. എല്ലാവരും ഗൾഫിലേക്ക് പോകുന്നു. വാപ്പ ലീവ് ചോദിച്ചപ്പോൾ കോളജ് അധികൃതർ നൽകിയില്ല. അങ്ങനെ ജോലി രാജിവെച്ച് അദ്ദേഹം യു.എ.ഇയിലേക്ക് പോയി. പക്ഷേ, സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കാൻ പറ്റുന്ന രീതികളായിരുന്നില്ല അദ്ദേഹത്തിന്റേത്. അവിടെയും വായനയും എഴുത്തുമൊക്കെ തന്നെയായിരുന്നു. അതിന്റെ ഞെരുക്കങ്ങൾ ഞങ്ങൾ അനുഭവിക്കുകയും ചെയ്തിരുന്നു. അങ്ങനെ കഴിയവേയാണ് അദ്ദേഹം രോഗിയാകുന്നത്. അദ്ദേഹം മടങ്ങിവന്നു. അപ്പോൾ ഞാൻ പി.ജി പൂർത്തിയാക്കിയിട്ടില്ല. കോഴ്സ് കഴിഞ്ഞിരുന്നു, പക്ഷേ, പരീക്ഷ എഴുതിയില്ല.
കുടുംബത്തിന്റെ ഉത്തരവാദിത്തം ഞാനറിയാതെ തന്നെ എന്റെ ചുമലിലാവുകയായിരുന്നു. മാതാപിതാക്കൾക്ക് പുറമേ, ഒരു സഹോദരി കൂടിയുണ്ട്. അങ്ങനെയാണ് ഗൾഫിലേക്ക് പോകാൻ തീരുമാനിക്കുന്നത്. അവിടെ ഒരുവർഷത്തോളം വിസിറ്റ് വിസകളിൽ കറങ്ങി. പല ജോലികളും ചെയ്തുനോക്കി. കൺസ്ട്രക്ഷൻ കമ്പനികളിൽ വരെ ജോലിക്കുപോയി. ഒന്നും ശരിയായില്ല. ആ അനുഭവങ്ങളിൽനിന്നുള്ള പത്തു ചെറുകഥകളുടെ സമാഹാരം ഇപ്പോൾ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. യഥാർഥ ഗൾഫ് ജീവിതം എന്താണെന്ന് പഠിപ്പിച്ചത് ആ ഒരുവർഷമാണ്.
അപ്പോഴേക്കും വാപ്പയുടെ രോഗം മൂർച്ഛിച്ചു. അതോടെ മടങ്ങിവരേണ്ടിവന്നു. തിരിച്ചെത്തിയ എന്നോട് എങ്ങനെയെങ്കിലും പി.ജി എഴുതിയെടുക്കണമെന്നാണ് വാപ്പ ആവശ്യപ്പെട്ടത്. വൈകാതെ വാപ്പ മരിച്ചു. ഇനിയെന്ത് എന്ന ചോദ്യമാണ് മുന്നിൽ. വാപ്പയെന്ന തണൽ പോയി, ജോലി ഇല്ല, പി.ജി എഴുതിയിട്ടുമില്ല, കൈയിലാകട്ടെ അധികം കാശുമില്ല.
പി.ജി എഴുതിയെടുക്കണമെന്ന വാപ്പയുടെ ആഗ്രഹം തലക്ക് മുകളിൽ നിൽപ്പുണ്ട്. ഒറ്റയടിക്ക് എം.എയുടെ മുഴുവൻ പേപ്പറും എഴുതി ജയിച്ചു. പിന്നെയും ജീവിതം ബ്ലാങ്കാണ്. എഴുതണമെന്ന ആഗ്രഹം മാത്രം ഇങ്ങനെ തികട്ടിവരും. കവിതകളാണ് അക്കാലത്ത് എഴുതിയിരുന്നത്. ഓൾ ഇന്ത്യ പോയട്രി സൊസൈറ്റിയും ബ്രിട്ടീഷ് കൗൺസിലും നടത്തുന്ന കവിത മത്സരങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. അവിടെ എന്റെ കവിതകൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജ്യത്തെ ശ്രദ്ധിക്കപ്പെടേണ്ട യുവ കവികളുടെ അവരുടെ പട്ടികയിലൊക്കെ പേര് വന്നു. ഒരു സമാഹാരം ഇറക്കുന്നതിനെക്കുറിച്ചുവരെ ആലോചിച്ചിരുന്നതാണ്. പക്ഷേ, പിന്നീടൊരിക്കൽ ഈ കവിതകൾ വീണ്ടും പരിശോധിക്കുമ്പോഴാണ് അതുനിറയെ രക്തവും നിരാശയുമൊക്കെയാണെന്ന തിരിച്ചറിവുണ്ടാകുന്നത്. ഈ കവിതകൾ പല സുഹൃത്തുക്കളെയും വിഷമിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഒരു പുനരാലോചനയിൽ കവിതയെഴുത്ത് നിർത്താൻ തീരുമാനിച്ചു.
ഇനിയെന്തെന്ന് ആശങ്കപ്പെട്ട് കഴിയുമ്പോഴാണ് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിന്റെ ജേണലിസം കോഴ്സ് ശ്രദ്ധയിൽ പെടുന്നത്. നല്ലൊരു ബാച്ചായിരുന്നു അവിടെ. അനന്തപദ്മനാഭൻ, നികേഷ് കുമാർ, മുരളി ഗോപി, മനു രമാകാന്ത് തുടങ്ങിയവരൊക്കെയാണ് ഒപ്പമുണ്ടായിരുന്നത്. കോഴ്സ് കഴിഞ്ഞ് ‘ഇന്ത്യൻ എക്സ്പ്രസി’ൽ ട്രെയിനിയായി. മേതിൽ രാധാകൃഷ്ണൻ എഡിറ്റ് ചെയ്തിരുന്ന യൂത്ത് എക്സ്പ്രസിൽ ആയിരുന്നു ജോലി. അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്നു. കുറേക്കാലം അവിടെ ജോലി ചെയ്തിട്ടും സ്ഥിരപ്പെടുത്തുന്നില്ല. അടുത്തത് ഞാനാകും എന്ന് ഓരോ തവണയും പ്രതീക്ഷിക്കും. വീട്ടിലാകട്ടെ കാശിന്റെ ആവശ്യമുണ്ട്. ട്രെയിനി ആയിരിക്കുമ്പോൾ എഴുതുന്നതിന് മാത്രമാണ് പ്രതിഫലം. എന്റെ കുടുംബ പശ്ചാത്തലമൊക്കെ അറിയാവുന്നതിനാൽതന്നെ അങ്ങനെയൊരു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് എക്സ്പ്രസിന്റെ എഡിറ്ററായിരുന്ന മാധവൻകുട്ടി സാർ പിന്നീട് പറഞ്ഞു.
എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. നൂറുവർഷം മുമ്പ് വലിയതോതിൽ കാശുമുടക്കി പ്രസ് ഒക്കെ ഇറക്കുമതി ചെയ്യാൻ കെൽപുണ്ടായിരുന്ന ഒരാളുടെ ചെറുമകന് ഇത്രയും ബുദ്ധിമുട്ട് വരാൻ കാരണം?
അതെ. ആ കാര്യം എനിക്കിപ്പോഴും ഒരു പ്രഹേളികയാണ്. പക്ഷേ, വക്കം മൗലവി അതിസമ്പന്നൻ ആയിരുന്നെങ്കിലും മരിക്കുമ്പോൾ കടത്തിലായിരുന്നു. പ്രസ്, വിവിധ അച്ചടി സംരംഭങ്ങൾ, മറ്റു സാമൂഹിക ഇടപെടലുകൾ എന്നിവയുടെ ബാക്കിപത്രമായിരുന്നു ആ കടം.

മാർകേസ്,വക്കം മൗലവി
മലയാളം പത്രപ്രവർത്തനത്തിന്റെയും അച്ചടിയുടെയും ഉന്നമനത്തിനായി മൗലവിയുടെ കുടുംബം ഈ ദുരിതങ്ങൾ സ്വയം വരിക്കുകയായിരുന്നുവെന്ന് തോന്നാറുണ്ടോ?
ഇപ്പോൾ റൊമാന്റിസൈസ് ചെയ്ത് അങ്ങനെയൊക്കെ വേണമെങ്കിൽ പറയാമെങ്കിലും യഥാർഥത്തിൽ അതുതന്നെയായിരുന്നു കഥ. എല്ലാം സമൂഹത്തിനും സമുദായത്തിനും വേണ്ടി നൽകിയശേഷം വീട്ടിൽ ഒന്നും ബാക്കിയില്ലാതായ അവസ്ഥയായിരുന്നു. രാജ ഭരണകൂടം കണ്ടുകെട്ടിയ പ്രസൊക്കെ പിന്നീട് അരനൂറ്റാണ്ടിനുശേഷം ഇ.എം.എസ് സർക്കാറിന്റെ കാലത്ത് തിരിച്ചുകിട്ടിയെങ്കിലും അതിലൊന്നും വലിയ കാര്യമുണ്ടായിരുന്നില്ല. 12,000 രൂപ കൊടുത്ത് ഉപ്പാപ്പ വരുത്തിയ ആ പ്രസ് അപ്പോഴേക്കും ഉപയോഗശൂന്യമായിരുന്നു. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രസിനായി മൗലവി ഇത്രയും പണം മുടക്കുമ്പോൾ തിരുവനന്തപുരം നഗരത്തിൽ ഒരേക്കർ സ്ഥലത്തിന് നൂറു രൂപക്ക് അടുത്തേ വിലയുണ്ടായിരുന്നുള്ളൂ എന്ന് ഓർക്കണം. അക്കാലത്ത് തിരുവിതാംകൂറിലെ ഏറ്റവും ധനികരായ മുസ്ലിം കുടുംബം ഒരു തലമുറ കഴിയുമ്പോൾ ഈ രീതിയിൽ മാറിപ്പോയത് എന്നും എനിക്ക് അത്ഭുതമാണ്. ജീവിതം അങ്ങനെയൊക്കെയാണ്. അതിൽ വിഷമമൊന്നുമില്ല. അതിന്റെ ഒരു വിരോധാഭാസം ഇടക്ക് ഇങ്ങനെ തികട്ടിവരുമെന്നു മാത്രം. വാപ്പാക്കോ അദ്ദേഹത്തിന്റെ സഹോദരങ്ങൾക്കോ ഇതിലൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അവരുമൊക്കെ കഷ്ടപ്പെട്ടാണ് പഠിക്കുകയും ജീവിക്കുകയും ചെയ്തത്. എങ്കിലും ഉപ്പാപ്പയുടെ പ്രവർത്തനങ്ങളിൽ അഭിമാനം മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ.
താങ്കളിന്ന് അറിയപ്പെടുന്ന ഒരു എഴുത്തുകാരനാണല്ലോ. എന്തുകൊണ്ടാണ് കുടുംബത്തിന്റെ ഈ കഥകൾ രേഖപ്പെടുത്താത്തത്?
എന്നെങ്കിലും ഞാൻ അതൊക്കെ ചെയ്തേക്കും. എന്റെ എഴുത്ത് കരിയറിൽ എവിടെയെങ്കിലുമൊക്കെ അതുവരും. ഉപ്പാപ്പയുടെ ഒരു ബയോഗ്രഫി ഇംഗ്ലീഷിൽ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്.
ഇടക്ക് ജേണലിസത്തിൽ ഭാഗ്യം പരീക്ഷിക്കാൻ ഡൽഹിയിലും ശേഷം ഗൾഫിലും പോയതിന്റെ അനുഭവം എന്താണ്?
‘ഇന്ത്യൻ എക്സ്പ്രസി’ൽ ജോൺ മേരി സാർ, മാധവൻകുട്ടി സാർ, മേതിൽ രാധാകൃഷ്ണൻ തുടങ്ങി വലിയ ആളുകൾക്കൊപ്പമാണ് ഉണ്ടായിരുന്നത്. അവർക്കിടയിലിരുന്ന് ഇംഗ്ലീഷിൽ ജേണലിസം തുടങ്ങിയത് തന്നെ ഭയപ്പാടോടെ ആയിരുന്നു. ഒരിക്കൽ ഒരു റിപ്പോർട്ട് എഴുതി കൊണ്ടുകൊടുത്തപ്പോൾ ജോൺ മേരി സാർ വലിച്ചെറിഞ്ഞശേഷം ചോദിച്ചത് ‘എന്താണ് കുട്ടീ, കവിത എഴുതിക്കൊണ്ടുവന്നിരിക്കുകയാണോ’ എന്നായിരുന്നു. പിന്നീട് പക്ഷേ, അതുമായി പൊരുത്തപ്പെട്ടു.
അതിനുശേഷമാണ് ഡൽഹിയിലേക്ക് പോയത്. തിരുവനന്തപുരത്തെ പ്രമുഖ മാധ്യമപ്രവർത്തകരുടെ ശിപാർശക്കത്തുമൊക്കെകൊണ്ടാണ് യാത്ര. സ്പോർട്സ് ജേണലിസമായിരുന്നു ലക്ഷ്യം. ഡൽഹിയിലെ അതിപ്രമുഖനായ മലയാളി മാധ്യമപ്രവർത്തകനെ പോയി കണ്ടു. ശിപാർശക്കത്തുകളൊക്കെ അദ്ദേഹത്തെ കാണിച്ചു, ആഗ്രഹം ബോധിപ്പിച്ചു. ‘എന്താകണം?’ എന്ന് അദ്ദേഹം ചോദിച്ചു. സ്പോർട്സ് ആണ് താൽപര്യം എന്ന് എന്റെ മറുപടി. തലയുയർത്തി അദ്ദേഹം ആരാഞ്ഞു; ‘തന്റെ പേര് രവി ശാസ്ത്രി എന്നാണോ, അല്ല, സുനിൽ ഗവാസ്കറെന്നോ ദിലീപ് വെങ്സർക്കാർ എന്നോ ആണോ?’ ഞാൻ പേടിച്ചു. തല ചൊറിഞ്ഞ് മുഖം കുനിഞ്ഞുനിന്നു. വീണ്ടും ചോദ്യങ്ങൾ: ‘ജോൺ ആർലട്ടിനെയോ ക്രിസ്റ്റഫർ മാർട്ടിൻ ജെൻകിൻസിനെയോ വായിച്ചിട്ടുണ്ടോ?’. ഇല്ലെന്ന മറുപടിക്ക് പിന്നാലെ അദ്ദേഹം എന്നെ വിരട്ടി. ‘ഇങ്ങനെയാണോ പത്രപ്രവർത്തകൻ ആകാൻ വരുന്നത്. നാട്ടിൽ പൊയ്ക്കോ. ഇതൊക്കെ വായിച്ചിട്ട് വാ. അപ്പോൾ നോക്കാം’. അക്ഷരാർഥത്തിൽ അവിടെനിന്ന് കരയുകയായിരുന്നു ഞാൻ. ബൈക്ക് വിറ്റിട്ടാണ് ഡൽഹിയിലേക്ക് വണ്ടികയറിയത്. ആ കാശ് തീരുന്നതിനുമുമ്പ് തിരിച്ചുപോകാമെന്ന് അതോടെ ഉറപ്പിച്ചു. തിരിച്ചു തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ ‘ദ വീക്കി’ലെ എൻട്രൻസ് എഴുതി. വൈകാതെ ലഖ്േനായിലേക്ക് ട്രെയിനി റിപ്പോർട്ടറിനുള്ള ഇന്റർവ്യൂ കാർഡ് വന്നു.
ആ സമയത്താണ് സഹോദരി ഭർത്താവ് അബൂദബിയിൽ ഒരു ജോലി ശരിയാക്കി അവിടേക്ക് ക്ഷണിക്കുന്നത്. രണ്ടിനും ഇടയിൽ പെട്ടുപോയി. ലഖ്നോവിലേക്ക് പോയാൽ സ്വപ്നം കണ്ടതുപോലെ മാധ്യമപ്രവർത്തകനാകാം. ഇന്റർവ്യൂവിൽ ജയിക്കാമെന്ന ആത്മവിശ്വാസം ഉണ്ടുംതാനും. വീട്ടിലെ ഉത്തരവാദിത്തം നിറവേറ്റാനാണെങ്കിൽ മുന്നിലെ മാർഗം ഗൾഫാണ്. അവിടെ ജോലിയും നല്ല ശമ്പളവും താമസവുമൊക്കെ ഉറപ്പാണ്. ഉമ്മയാകട്ടെ എന്റെ സ്വപ്നത്തിനൊപ്പമായിരുന്നു. എഴുത്തുകാരനാകണമെന്ന ആഗ്രഹം നടക്കട്ടെയെന്നാണ് ഉമ്മ എപ്പോഴും പറയുക. പക്ഷേ, ഉമ്മാക്കും അറിയാം, കാശുണ്ടെങ്കിലേ ജീവിക്കാനാകൂ. ലഖ്നോവിൽ പോയാൽ കിട്ടുന്ന കാശുകൊണ്ട് എനിക്ക് മാത്രം ജീവിക്കാനേ കഴിയുള്ളൂ. രണ്ടുകടലാസുകളും കൈയിൽ പിടിച്ച് തീരുമാനമെടുക്കാനാകാതെ കുറേ ദിവസം തള്ളിനീക്കി.
ഒടുവിൽ വളരെ വിഷമത്തോടെ ഇൻറർവ്യൂ കാർഡ് വലിച്ചുകീറിക്കളഞ്ഞ് അബൂദബിയിലേക്ക് വിമാനം കയറി. അങ്ങനെയാണ് ’98ൽ വീണ്ടും ഗൾഫിൽ എത്തുന്നത്. യു.എ.ഇയിലെ വൻകിട കമ്പനികളിലൊന്നായ അൽജാബിറിലാണ് ജോലി. ഫിനാൻസ് മാനേജരുടെ സെക്രട്ടറി പോസ്റ്റാണ്. നല്ല മനുഷ്യനായിരുന്നു ബോസ്. ലബനീസ്-ആസ്ട്രേലിയൻ സ്വദേശി. ജോലിയൊക്കെ സുഖകരം തന്നെയായിരുന്നു. പക്ഷേ, ഞാൻ തൃപ്തനായിരുന്നില്ല. എല്ലാദിവസവും ജോലി കഴിഞ്ഞ് മുറിയിലെത്തിയാൽ ഒറ്റക്കിരുന്ന് കരയും. ഇതല്ല എന്റെ വഴി എന്ന് മനസ്സ് ആവർത്തിച്ചുകൊണ്ടേയിരുന്നു. എഴുത്തോ അതിൽ ചുറ്റിപ്പറ്റിയുള്ള ലോകമോ ആണ് ആഗ്രഹിച്ചത്. ആത്മഹത്യ ചെയ്താലോ എന്നുവരെ ആലോചിച്ച ദിവസങ്ങളുണ്ട്.
ആ ദിവസങ്ങളിലൊന്നിലാണ് ‘എമിറേറ്റ്സ് ന്യൂസ്’ എന്ന സർക്കാറിന്റെ പത്രം ശ്രദ്ധയിൽപെടുന്നത്. ഓഫിസിൽ ഉച്ചക്ക് എല്ലാവരും ഉറങ്ങാറുണ്ട്. 12 മുതൽ മൂന്നു മണിവരെ. ഞാൻ ഉറങ്ങില്ല. ഓഫിസിൽ നിന്നിറങ്ങി ഇൻഡസ്ട്രിയൽ ഏരിയയിൽ പൊരിവെയിലിൽ നടക്കാൻ പോകും. എനിക്ക് ഭ്രാന്താണെന്ന് ഒപ്പമുള്ളവർ കളിയാക്കും. ഈ നടത്തത്തിനിടയിൽ കാണുന്ന കാഴ്ചകളും വാർത്തകളും എഴുതി ‘എമിറേറ്റ്സ് ന്യൂസി’ൽ അയക്കാൻ തുടങ്ങി. ഒന്നും അച്ചടിച്ചു കണ്ടില്ല. മൂന്നുമാസം കഴിഞ്ഞപ്പോൾ ഒരു കോൾ വന്നു. ‘എമിറേറ്റ്സ് ന്യൂസ്’ എഡിറ്റർ പീറ്റർ ഹെല്യർ ആണ്. അദ്ദേഹത്തെ വന്നുകാണാൻ ആവശ്യപ്പെട്ടു. എമിറേറ്റ്സ് ന്യൂസിന്റെ ഡെസ്കിൽ ഒരു ജോലി ഓഫറാണ്; അതും ഇപ്പോൾ കിട്ടുന്നതിന്റെ ഇരട്ടി ശമ്പളത്തിൽ. ജേണലിസത്തിലേക്ക് തിരിച്ചുപോകാൻ അപ്രതീക്ഷിതമായി അവസരം വന്നിരിക്കുന്നു. കണ്ണ് നിറഞ്ഞു. ഒന്നും നോക്കാതെ അവിടെ ജോയിൻ ചെയ്തു. സ്പോർട്സ് ആയിരുന്നു മേഖല. അപ്പോഴുണ്ടായിരുന്ന സ്പോർട്സ് എഡിറ്റർ കുറച്ചുകാലത്തിനുശേഷം നാട്ടിൽ പോവുകയും പിന്നീട് മരണപ്പെടുകയും ചെയ്തപ്പോൾ എന്നെ അസിസ്റ്റന്റ് സ്പോർട്സ് എഡിറ്ററാക്കി.
നല്ല ചില ന്യൂസ് എഡിറ്റർമാരെ കണ്ടുമുട്ടിയത് അവിടെ വെച്ചാണ്. ഗോവക്കാരും മറ്റുമാണ്. അവിടെനിന്നാണ് ശരിക്കും ഭാഷ എന്താണ്, അത് ഉപയോഗിക്കേണ്ട രീതി എങ്ങനെയാണ് എന്നൊക്കെ പഠിച്ചത്. എങ്ങനെ എഴുതണമെന്ന ധാരണ ഉറച്ചതും അവിടെ വെച്ചുതന്നെ. പിന്നീട് ഗൾഫ് ടുഡേയിലേക്ക് വന്നപ്പോൾ അവിടെ വിവേകാനന്ദൻ സാറുണ്ട്. ഗൾഫിൽ മാധ്യമസ്വാതന്ത്ര്യം ഇല്ലായിരിക്കാം. പക്ഷേ, ഗൾഫ് മാധ്യമപ്രവർത്തനമാണ് യഥാർഥത്തിൽ എന്നിലെ ജേണലിസ്റ്റിനെ രൂപപ്പെടുത്തിയത്. പിന്നീട് സ്വന്തമായി മാഗസിൻ ഇറക്കാൻ വരെ കഴിഞ്ഞത് ഗൾഫിലെ സാധ്യതകൾ കാരണമാണ്. ഒരുപാട് യാത്രകൾക്ക് അവസരം കിട്ടി, ഭാഷ മെച്ചപ്പെട്ടു. സംസാരത്തിലെയും എഴുത്തിലെയും ഭാഷ എത്രയോ മാറി. ആ നിലക്ക് ഗൾഫ് ജീവിതം എനിക്ക് നൽകിയത് ഗുണങ്ങൾ മാത്രമാണ്. മറ്റൊരുലോകത്തിലേക്ക് ഞാൻ എടുത്തിടപ്പെടുകയായിരുന്നു.

അരുന്ധതി റോയി,സബിൻ ഇഖ്ബാൽ
അവിടത്തെ ന്യൂസ് ഡെസ്കിലെ അനുഭവം എങ്ങനെയായിരുന്നു. ഒരുപാട് നാട്ടുകാരുള്ള രാജ്യമല്ലേ?
യു.എ.ഇ ആയതിനാൽ തന്നെ ഏതാണ്ടെല്ലാ പ്രധാന രാജ്യക്കാരും ഡെസ്കിലും ഉണ്ടായിരുന്നു. പേജിനേഷനിലും മറ്റും പാകിസ്താനികളാണ് കൂടുതൽ. മറ്റുമേഖലകളിൽ ധാരാളം ഇന്ത്യക്കാരുമുണ്ട്. ഷാർജയിൽ ഇന്ത്യയും പാകിസ്താനും കളിക്കുമ്പോൾ അതിന്റെ പിരിമുറുക്കം ഡെസ്കിലുമുണ്ടാകും. ‘ഷമാൽ ഡെയ്സി’ൽ അതൊക്കെ എഴുതിയിട്ടുണ്ട്. ഷാർജയിൽ ആസ്ട്രേലിയക്കെതിരെ സചിൻ ടെണ്ടുൽകർ ‘ഡെസർട്ട് സ്റ്റോം’ ഇന്നിങ്സ് കളിച്ച മത്സരം സ്റ്റേഡിയത്തിൽനിന്ന് റിപ്പോർട്ട് ചെയ്യാൻ അവസരം കിട്ടി. അവിടെ സുനിൽ ഗവാസ്കർ, ടോണി ഗ്രെഗ് തുടങ്ങിയ മഹാപ്രതിഭകൾക്കൊപ്പം ഇരിക്കാനും കഴിഞ്ഞു. ഇവരുൾപ്പെടെ ഒട്ടുമിക്ക കമന്റേറ്റർമാരെയും കളിക്കാരെയും ഇന്റർവ്യൂവും ചെയ്തു. ലെജൻഡറി കമന്റേറ്ററായ ടോണി ഗ്രെഗുമായുള്ള അഭിമുഖമാണ് ഇപ്പോഴും ഓർമയിലുള്ളത്. കളിക്കിടയിലെ ബ്രേക്ക് സമയത്ത് സംസാരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. അവിടത്തെ തിരക്കിനിടയിൽ പ്രൊഡക്ഷൻ റൂമിലെ തറയിൽ കുത്തിയിരുന്നാണ് അദ്ദേഹവുമായി സംസാരിച്ചത്. ഫെഡററും നദാലും കളിക്കുന്നതും നേരിൽ കാണാനായി. മിക്കപ്പോഴും കളികൾ റിപ്പോർട്ട് ചെയ്യാൻ പുറത്തേക്കുപോകാൻ അവസരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. അവിടെ നിന്നാണ് സ്വന്തമായി ഒരു സ്പോർട്സ് മാഗസിൻ ആരംഭിക്കാനുള്ള ആശയം ലഭിക്കുന്നത്. ഗൾഫ് മേഖലയിലെ ആദ്യത്തെ സമ്പൂർണ സ്പോർട്സ് മാഗസിൻ ആയിരുന്നു അത്. രണ്ടുവർഷത്തിലേറെ അതു കൊണ്ടുനടന്നു. കൈയിലെ കാശ് തീർന്നപ്പോൾ അവസാനിപ്പിച്ചു.
ഗൾഫിൽ നിന്നല്ലേ ജീവിതപങ്കാളിയെയും കണ്ടെത്തുന്നത്?
ഗൾഫ് ടുഡേ ബ്യൂറോയിലായിരുന്നു മറിയം. നേരത്തേ പറഞ്ഞതുപോലെ ഞാൻ ഡെസ്കിലും. കണ്ടു, പരിചയപ്പെട്ടു, കല്യാണം കഴിച്ചു. യു.എ.ഇയിലെ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ചായിരുന്നു വിവാഹം. ഞങ്ങൾക്ക് രണ്ടു മക്കൾ, കെസിയ, ഷോൺ. കെസിയ ക്രിക്കറ്റ് രംഗത്തുണ്ട്. യു.എ.ഇ ദേശീയ വനിത ടീമിൽ കളിക്കുന്നു. മകൻ ബംഗളൂരുവിൽ വിദ്യാർഥി.
ജേണലിസ്റ്റ് കരിയറിനെ കുറിച്ചാണ് ഇതുവരെ സംസാരിച്ചത്. എങ്ങനെയാണ് ഫിക്ഷനിലേക്കുള്ള കടന്നുവരവ്?
’97ൽ അരുന്ധതി റോയിക്ക് ബുക്കർ പ്രൈസ് കിട്ടിയതാണ് യഥാർഥത്തിൽ എനിക്കും വഴിത്തിരിവായത്. അന്ന് അബൂദബിയിലാണ്. അരുന്ധതി റോയി സ്വന്തം നാടിനെ കുറിച്ചാണ് എഴുതിയത്. എന്റെ ഉള്ളിലും കഥയുണ്ട്. നാടായ കായൽപ്പുറത്തും കഥകളുണ്ട്. അന്ന് എഴുതിത്തുടങ്ങിയതാണ് ഇപ്പോൾ ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിച്ച ‘ടെയ്ൽസ് ഫ്രം ഖബറിസ്ഥാൻ’ എന്ന നോവൽ. അന്ന് പലയിടത്തും ഇതു അയച്ചുകൊടുത്തെങ്കിലും ആരും പ്രസിദ്ധീകരിക്കാൻ തയാറായില്ല. പല പബ്ലിഷർമാരും ലിറ്റററി ഏജന്റുമാരും നിരസിച്ചു. പിന്നീട് 2020ൽ ‘ക്ലിഫ്ഹാങ്ങേഴ്സും’ 2021 ഷമാൽ ഡെയ്സും പ്രസിദ്ധീകരിക്കപ്പെട്ട ശേഷമാണ് വീണ്ടും മാറ്റിയെഴുതിയ ‘ടെയ്ൽസ് ഫ്രം ഖബറിസ്ഥാൻ’ പ്രസിദ്ധീകരിക്കപ്പെടുന്നത്.
യഥാർഥത്തിൽ അരുന്ധതി റോയിക്ക് അംഗീകാരം ലഭിച്ചത് തന്നെയാണ് എനിക്കൊരു സ്പാർക്ക് ആയത്. കേരളത്തിലെ ഒരുഗ്രാമത്തിന്റെ കഥക്ക് ഇത്രയും സ്വീകാര്യത ലഭിക്കുമെന്നത് എനിക്ക് മാത്രമല്ല നിരവധി മറ്റെഴുത്തുകാർക്കും വലിയ പ്രചോദനമായിരുന്നു. അരുന്ധതിയുടെ തരംഗം നിലനിന്ന അക്കാലത്തൊക്കെ ‘ഇന്ത്യൻ നോവൽ’ എന്ന് സബ്ജക്ട് ചെയ്ത് അയച്ചാൽ പെട്ടന്നുതന്നെ പ്രസാധകർ പ്രതികരിക്കുമായിരുന്നു. എനിക്കും ആദ്യം ഇത്തരം പ്രതികരണങ്ങൾ ലഭിച്ചുവെങ്കിലും പ്രസിദ്ധീകരണത്തിലേക്ക് എത്തിയില്ല.
ഫിക്ഷൻ എഴുത്തിലേക്ക് വന്നപ്പോൾ നാട്, പ്രത്യേകിച്ച് വർക്കല എങ്ങനെയാണ് ഉള്ളിൽ പ്രവർത്തിച്ചത്?
സൈക്കളോജിക്കൽ അല്ലെങ്കിൽ റിലേഷൻഷിപ് ആണ് മിക്ക പുതിയ അന്താരാഷ്ട്ര നോവലുകളിലും പ്രമേയം. ലിറ്ററേച്ചർ ഫെസ്റ്റിവൽ ക്യുറേഷൻ രംഗത്ത് വന്നശേഷം സമകാലിക ലോക നോവൽ മേഖലയുമായുള്ള സാമീപ്യത്താൽ ഇക്കാര്യം കൂടുതൽ വ്യക്തമായി. ബന്ധങ്ങളും അതിലെ പ്രശ്നങ്ങളുമാണ് മിക്കവർക്കും എഴുതാൻ താൽപര്യം. പക്ഷേ, എന്റെ നോവലിൽ പ്രധാനം മനുഷ്യരാണ്. ആ മനുഷ്യരാകട്ടെ കൂടുതലും ഗ്രാമവാസികളാണ്. ഞാൻ വളർന്ന, എനിക്ക് പരിചയമുള്ള ചുറ്റുപാടുകളിൽനിന്നുള്ളവരാണ് കഥാപാത്രങ്ങൾ. സുദൃഢമായ വേരുപിടിച്ച ഒരു സ്റ്റോറി ലൈനിനേക്കാൾ എന്റെ നോവലിൽ നിങ്ങൾ കാണുക കഥാപാത്രങ്ങളെയാകും. ഈ കഥാപാത്രങ്ങളുടെ കഥയാണ് നോവലിന്റെ കഥ. അല്ലാതെ കഥക്കുവേണ്ടി ഞാൻ കഥാപാത്രങ്ങളെ സൃഷ്ടിക്കാറില്ല.

ഷിംബോർസ്ക,മിവോഷി
താങ്കളുടെ നോവലുകളിൽ രാഷ്ട്രീയവും സാമൂഹിക അന്തരീക്ഷവും ദേശത്തിന്റെ പൊതുനിലയുമൊക്കെ പ്രകടമായ സാന്നിധ്യങ്ങളാണ് എന്നിരിക്കെ എങ്ങനെയാണ് ഇത് സാധ്യമാകുക?
കഥാപാത്രങ്ങളാണ് കഥ തീരുമാനിക്കുന്നത്. അവരുടെ രാഷ്ട്രീയമാണ് നോവലിന്റെ രാഷ്ട്രീയം. ആദ്യ നോവലായ ‘ക്ലിഫ്ഹാങ്ങേഴ്സ്’ ഐഡന്റിറ്റിയെ കുറിച്ചാണ് സംസാരിക്കുന്നത്. അതൊരു രാഷ്ട്രീയ നോവലാണ്, അങ്ങനെ തോന്നുന്നില്ലെങ്കിലും. ശക്തമായ ഒരു രാഷ്ട്രീയം അതിലുണ്ട്. ഐഡന്റിറ്റിയുടെ രാഷ്ട്രീയം തന്നെയാണ് അത് പറയുന്നത്. പക്ഷേ, ആ രാഷ്ട്രീയം പറയാനല്ല നോവൽ എഴുതുന്നത്. അതിലെ കഥാപാത്രങ്ങളായ കുട്ടികളുടെ കഥ എഴുതിയപ്പോഴാണ് അതിൽ രാഷ്ട്രീയത്തിന്റെ ഘടകങ്ങൾ വന്നുചേർന്നത്. കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും പ്രതിഫലനം എഴുത്തിലുണ്ടാകുമെന്നാണ് വിശ്വാസം. പക്ഷേ, എന്റെ രാഷ്ട്രീയം പ്രഖ്യാപിക്കാനോ അടിച്ചേൽപിക്കാനോ നോവലുകളെ ഉപയോഗിക്കാറില്ല. എഴുത്തുകാരൻ നിലനിർത്തേണ്ട ബാലൻസിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. എഴുത്തിന്റെ സ്പിരിറ്റ് നന്നായില്ലെങ്കിൽ അത് രചനയിൽ തെളിഞ്ഞുകാണും.
‘ക്ലിഫ്ഹാങ്ങേഴ്സിന്റെ’ പോളിഷ് വിവർത്തനത്തിന്റെ പ്രകാശന ചടങ്ങിനായി പോളണ്ടിൽ എത്തിയപ്പോൾ അവർ ചോദിച്ചത്, ഇന്ത്യ ഇപ്പോൾ എങ്ങനെയാണ് എന്നാണ്. സമകാലിക ഇന്ത്യൻ എഴുത്തുകാരുടെ അധികം രചനകൾ പോളിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല. അവർക്ക് അതുകൊണ്ടുതന്നെ പുതിയ ഇന്ത്യ എന്താണെന്ന് അറിയണം. മാറുന്ന ഇന്ത്യയുടെ ഒരു മുഖമാണ് എഴുതിയത് എന്നായിരുന്നു എന്റെ മറുപടി.
ഒരു ഫിക്ഷൻ എഴുത്തുകാരൻ എന്ന നിലയിൽ ‘മാറുന്ന ഇന്ത്യ’ എന്നാൽ താങ്കൾക്ക് എന്താണ്?
ഓരോരുത്തരും അവരവരുടെ രീതിയിലാണ് ഈ മാറ്റത്തെ കാണുന്നത്. ഒരു മുസ്ലിം നാമധാരി എന്ന നിലയിൽ എനിക്ക് അതിലൊരു കാഴ്ചപ്പാടുണ്ട്. എന്റെ പേര് എന്താണെന്ന് കേൾക്കുന്ന മാത്രയിൽ തന്നെ അപ്പുറത്തുനിൽക്കുന്ന ആൾ 50 ശതമാനത്തിലേറെ വിലയിരുത്തിക്കഴിഞ്ഞിരിക്കും. എന്റെ നിലപാടുകളോ രാഷ്ട്രീയമോ ഒന്നും അയാൾക്ക് വിഷയമേ ആകില്ല. പേര് പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയമാണത്. പേരുകൾകൊണ്ട് ആളുകൾ പ്ലേസ് ചെയ്യപ്പെടും. അതുകഴിഞ്ഞിട്ടേ ബാക്കിയുള്ളതിലേക്ക് ചർച്ചയുള്ളൂ. ആ അവസ്ഥയെക്കുറിച്ച് പറയാനാണ് ‘ക്ലിഫ്ഹാേങ്ങഴ്സി’ൽ ശ്രമിച്ചത്. അതിലെ നാലു കഥാപാത്രങ്ങൾ അങ്ങനെയൊരു പ്രതിസന്ധിയുടെ ഉൽപന്നങ്ങളും ഇരകളുമാണ്. അവർ അപ്പുറത്തുമില്ല, ഇപ്പുറത്തുമില്ല എന്ന അവസ്ഥയിലാണ് കഴിയുന്നത്.
ഈ പറയുന്ന കഥാപാത്രങ്ങൾ അവർ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ മുഖ്യധാര ചട്ടക്കൂടിന് അകത്തുള്ളവരല്ല. അതേസമയം അവരുടെ പ്രതിനിധാനം കാരണം വേട്ടയാടപ്പെടുകയും ചെയ്യുന്നു. ഇത് യഥാർഥത്തിൽ സബിൻ ഇഖ്ബാലിന്റെ ജീവിതാവസ്ഥയുടെ പ്രതീകമാണോ?
അത് ശരിയാണ്. എന്റെ പേരിന്റെ ബ്രാക്കറ്റിനുള്ളിൽ അക്ഷരാർഥത്തിൽ ഉൾപ്പെടുന്ന ഒരാളല്ല ഞാൻ. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ, എനിക്ക് അവരെ കൂടുതൽ അനുഭാവപൂർവം സമീപിക്കാൻ കഴിയുന്നത്. അവരുടെ ധർമസങ്കടം എന്റേതും കൂടിയാണ്. പലയിടത്തും എനിക്കും ഇതൊക്കെ നേരിടേണ്ടിവന്നിട്ടുണ്ട്. ഡൽഹിയിൽ ജോലിചെയ്യുമ്പോൾ പേരുകേട്ട് മാത്രം എനിക്ക് ഫ്ലാറ്റ് നിഷേധിച്ചിട്ടുണ്ട്. ഒരിക്കൽ മുംബൈ വിമാനത്താവളത്തിൽവെച്ച് പാസ്പോർട്ട് പരിശോധിച്ച ശേഷം മുഖത്ത് പ്രകടമായ അവജ്ഞയോടെ ഉദ്യോഗസ്ഥൻ എന്റെ നേരെ തട്ടിയിട്ടിട്ടുണ്ട്. ഞാൻ കൗണ്ടറിൽനിന്ന് പാസ്പോർട്ട് എടുത്ത് മടങ്ങാൻ തുടങ്ങുമ്പോൾ കൂടെ ഉണ്ടായിരുന്ന സുഹൃത്ത്, എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ആ ഉദ്യോഗസ്ഥനോട് ചോദിക്കാൻ പറഞ്ഞു. പക്ഷേ, അയാൾ അത് നിഷേധിച്ചു. നിഷേധിച്ചു കഴിഞ്ഞാൽ തെളിയിക്കാൻ കഴിയില്ലല്ലോ. എങ്കിലും നമുക്ക് മനസ്സിലാകും, അയാളുടെ മുഖത്തും മനസ്സിലും എന്താണ് ഉണ്ടായിരുന്നതെന്ന്. ഇതൊരു ചെറിയ കാര്യമാണ്. ഇത്തരം ഒരുപാട് ചെറിയ കാര്യങ്ങൾ വഴിയാണ് നമ്മൾ എവിടെയാണ് ആക്കപ്പെടുന്നതെന്ന് നമ്മൾ തിരിച്ചറിയുക.
വിവിധ മതങ്ങൾക്കുള്ളിലെ പ്രശ്നങ്ങളെ നോവലുകളിൽ സജീവമായി തന്നെ പരിഗണിക്കുന്നുണ്ട്. നേരത്തേ പറഞ്ഞപോലെ അണിഞ്ഞിരിക്കുന്ന നാമത്തിന്റെ ബാധ്യത ഇത്തരം വസ്തുനിഷ്ഠ വിമർശനങ്ങളിൽ കൂടുതൽ സൂക്ഷ്മത പുലർത്താൻ പ്രേരിപ്പിക്കുമോ?
അങ്ങനെ ഉണ്ടാകാം. പക്ഷേ, ഞാൻ പ്രതിനിധാനം ചെയ്യുന്ന വിശ്വാസധാരയുടെ പ്രശ്നങ്ങളെന്ന് കരുതുന്ന ഘടകങ്ങളെപ്പോലെ തന്നെ മറ്റു മതങ്ങളെയും പരിഗണിച്ചിട്ടുണ്ട്. ഒരിക്കൽ കേരളത്തിന് പുറത്തുള്ള ഒരു ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാളത്തിലെ ഒരെഴുത്തുകാരനുമായി ഞാൻ സംവദിച്ചിരുന്നു. ശേഷം ചോദ്യോത്തര സമയത്ത് ‘‘ഇക്കാലത്ത് എഴുതാൻ പേടിയുണ്ടോ’’ എന്ന് അദ്ദേഹത്തോട് ഒരാൾ ചോദിച്ചു. അദ്ദേഹം ഭൂരിപക്ഷ മതവിഭാഗത്തിന്റെ പ്രതിനിധിയാണ്. പക്ഷേ, പേടിയുണ്ട് എന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘‘എനിക്ക് വീട്ടിൽ അമ്മയും ഭാര്യയും മകളുമുണ്ട്. അവർക്ക് ഞാനേയുള്ളൂ’’ എന്നാണ് അദ്ദേഹം വിശദീകരിച്ചത്.
ഉള്ളിൽ നമ്മളെല്ലാം എന്തിനേയോ ഭയക്കുന്നു എന്നത് വസ്തുതയാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ കുടുംബം അനാഥമാകും. ഭാര്യക്ക് നടക്കാൻ പോലുമാകില്ല. രണ്ടു കുട്ടികളുണ്ട്. എഴുതുമ്പോൾ അതൊക്കെ എന്റെ ഉള്ളിലുണ്ട്. ‘കാരവൻ’ ഉൾപ്പെടെ മാഗസിനുകളിലേക്ക് ക്ഷണം വന്നപ്പോഴും ഇതേ ഭയം ഉണ്ടായിരുന്നു. ഇൻവെസ്റ്റിഗേറ്റിവ് ജേണലിസം ചെയ്യുമ്പോൾ അൽപമായി ചെയ്യാനാകില്ല. നന്നായി ചെയ്യണം. അപ്പോൾ റിസ്കുണ്ടാകും. എന്നെപ്പോലെ ഒരാൾക്കുണ്ടാകുന്ന റിസ്ക് മറ്റുള്ളവരേക്കാൾ കൂടുതലായിരിക്കും. ആ റിസ്ക് എടുക്കാൻ എനിക്ക് ധൈര്യമില്ല.
താങ്കളുടെ മൂന്നു നോവലുകളും പരിശോധിച്ചാൽ മുദ്രാവാക്യ സ്വഭാവമുള്ള ആശയങ്ങളുടെ പ്രതിഫലനം പ്രകടമാണ്. അത് മനപ്പൂർവം സ്വീകരിച്ച ശൈലിയാണോ?
ഇത്രയും കാലം എങ്ങനെയെങ്കിലും എഴുതണം, പബ്ലിഷ് ചെയ്യണം, അറിയപ്പെടണം എന്നത് മാത്രമായിരുന്നു ലക്ഷ്യം. എഴുത്തുകാരൻ എന്ന നിലയിലുള്ള ഉത്തരവാദിത്തം എന്നിൽ സ്വയം അടിച്ചേൽപിച്ചിരുന്നില്ല. യഥാർഥത്തിൽ ഇപ്പോഴാണ് എഴുത്തിനെ ഗൗരവത്തിൽ സമീപിക്കുന്നത്. സീരിയസ് റൈറ്റർ എന്ന നിലയിൽ ഇനിയുള്ള എഴുത്ത് അങ്ങനെയാകും എന്നാണ് പ്രതീക്ഷ.
കേരളത്തെക്കുറിച്ച് എഴുതാനാണ് ആഗ്രഹമെന്ന് നോവലുകളുടെ പ്ലോട്ടിൽ നിന്ന് വ്യക്തമാണ്. അതിന് അനുസരിച്ചുള്ള കഥകളിലേക്ക് എത്തിപ്പെടുകയാണോ?
ആദ്യം എഴുതിയത് സ്വദേശമായ വർക്കലയെ കുറിച്ചാണ്. പിന്നീട് ഉമ്മയുടെ നാടായ കായൽപ്പുറത്തെ ഭാവനാത്മകമായി പുനഃസൃഷ്ടിക്കാൻ ശ്രമിച്ചു. ഇനി പ്രസിദ്ധീകരിക്കാനിരിക്കുന്ന നോവൽ തിരുവനന്തപുരത്താണ്. ഈ നഗരത്തിന്റെ ഹൃദയത്തിലാണ് നോവൽ പ്ലേസ് ചെയ്തിരിക്കുന്നത്. ഫോർട്ട് കൊച്ചിയിൽ തുടങ്ങി, യു.എസ് വഴി ഡൽഹിയിൽ അവസാനിക്കുന്ന മറ്റൊരു നോവൽ രചനാഘട്ടത്തിലുമുണ്ട്. ഏതാനും മാസംകൊണ്ട് തീരുമെന്ന് പ്രതീക്ഷിക്കുന്നു. ബിനാലെക്കുവേണ്ടി ഫോർട്ട് കൊച്ചിയിൽ താമസിക്കുമ്പോഴാണ് ആ ആശയം മനസ്സിലുണ്ടാകുന്നത്.
ഞാൻ ജീവിച്ച ജീവിതങ്ങളാണ് എഴുത്തിൽ വരുന്നത്. നമ്മൾ സംസാരിക്കുന്ന ഈ നിമിഷംപോലും നമ്മളറിയാതെ എപ്പോഴെങ്കിലും എഴുത്തിലേക്ക് കടന്നുവരാം. ഈ നിമിഷം മനസ്സിൽ പതിഞ്ഞുകിടന്നശേഷം രചനയുടെ ഏതെങ്കിലും ഘട്ടത്തിൽ മറ്റേതെങ്കിലും കോൺടെക്സ്റ്റിൽ പുതിയൊരു രൂപംപ്രാപിച്ച് വരികളായി മാറും. അതാണ് എഴുത്തിന്റെ മാജിക്. നാം കരുതുന്നതല്ല പലപ്പോഴും എഴുതുന്നത്. ഒരൊറ്റ വാചകത്തിൽ തുടങ്ങിയതാണ് ‘ക്ലിഫ്ഹാങ്ങേഴ്സ്’. പിന്നീട് അങ്ങ് എഴുതുകയായിരുന്നു. ചില അധ്യായങ്ങൾ ഒരു ടൈപ്പിസ്റ്റിനെപോലെ ഭ്രാന്തമായി ടൈപ് ചെയ്യുകയായിരുന്നു.
അതിലെ മൂസയുടെ ഉമ്മ എന്ന കഥാപാത്രമൊന്നും മുൻകൂട്ടി പ്ലാൻ ചെയ്തതായിരുന്നില്ല. അവരിങ്ങനെ എന്റെ മുന്നിൽ വന്നുനിന്നു. പിന്നീട് അവർ സംസാരിക്കാൻ തുടങ്ങി. അതു പകർത്തുകമാത്രമായിരുന്നു എന്റെ ജോലി. എഴുത്തിന്റെ മാന്ത്രികതയിലേക്ക് വീഴുന്ന അവസ്ഥയാണത്. എഴുതാതിരിക്കാൻ എനിക്ക് കഴിയില്ല. ദിവസവും നിശ്ചിത സമയം എഴുതിയിരിക്കും. ജീവിതചര്യയുടെ ഭാഗമാണത്.
എഴുത്തിന് പുറമെയുള്ള ജീവിതവും ജീവിതചര്യയും എന്താണ്?
ഇപ്പോൾ ക്യുറേഷന്റെ പണികൾ ഉള്ളതുകൊണ്ടാണ്. അല്ലെങ്കിൽ ദിവസവും മണിക്കൂറുകളോളമാണ് എഴുതുക. 2005 ലാണ് ഭാര്യക്ക് സ്ട്രോക്ക് സംഭവിക്കുന്നത്. അതോടെ, ജീവിതം ആകെ മാറിമറിഞ്ഞു. ഇങ്ങനെയൊന്നുമല്ല ഞങ്ങൾ ജീവിതത്തെ കുറിച്ച് ചിന്തിച്ചിരുന്നത്. ഭാര്യയും മാധ്യമപ്രവർത്തകയായിരുന്നുവെന്ന് പറഞ്ഞുവല്ലോ. ഞങ്ങൾ ഒന്നും സമ്പാദിച്ചിരുന്നില്ല. അവധി കിട്ടുമ്പോൾ ഒരുമാസമൊക്കെ യൂറോപ്പിൽ പോയി താമസിക്കും. ധാരാളം യാത്ര ചെയ്യുമായിരുന്നു. കുഞ്ഞുങ്ങളായ ശേഷം ജീവിതം കൂടുതൽ നന്നായി ക്രമീകരിക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് എല്ലാം തകിടം മറിയുന്നത്. ആദ്യത്തെ മകൾക്കുശേഷം രണ്ടാംവർഷം മകനെ പ്രസവിച്ച് അഞ്ചാംദിനം ഭാര്യക്ക് പക്ഷാഘാതം സംഭവിച്ചു. അവർ പൂർണമായും കിടപ്പിലായി. ഇതെന്നെ വല്ലാതെ ഉലച്ചു. ജീവിതം പ്രതീക്ഷിക്കാത്ത മറ്റൊരു വഴിയിലേക്ക് പായാൻ തുടങ്ങി. ഒന്നേകാൽ വയസ്സും അഞ്ചുദിവസവും മാത്രം പ്രായമുള്ള കുഞ്ഞുങ്ങളുമായി ഞാൻ പകച്ചുനിന്നു.
എഴുത്തായിരുന്നു ആ ദിവസങ്ങളിലും എന്റെ ഏക ആശ്രയം. എല്ലാദിവസവും എന്തെങ്കിലുമൊക്കെ എഴുതുക. എഴുത്ത് മറ്റൊരുതരത്തിൽ രക്ഷപ്പെടലായിരുന്നു. ജീവിത യാഥാർഥ്യങ്ങളിൽനിന്നുള്ള രക്ഷപ്പെടൽ. ശ്വസിക്കുന്നതുപോലെയാണ് അന്നൊക്കെ എഴുതിക്കൊണ്ടിരുന്നത്. വീട്ടിൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിൽ ഞാൻ അതിനിടയിലിരുന്ന് എഴുതും.
തീരെ ചെറിയ കുട്ടികളാണല്ലോ അന്ന് അവർ. എങ്ങനെയാണ് ഇതിനിടയിൽ എഴുതുക. എങ്ങനെയാണ് ഈ രീതിയിൽ ശ്രദ്ധ മാറ്റി എഴുത്തിൽ കേന്ദ്രീകരിക്കാൻ കഴിയുക?
അതിജീവനത്തിന്റെ ഭാഗമായിരുന്നു ഈ ശ്രദ്ധമാറ്റൽ. റൈറ്റേഴ്സ് റെസിഡന്സിക്കൊന്നും ഞാൻ ശ്രമിക്കാറില്ല. കാരണം എനിക്ക് വീട്ടിൽനിന്ന് മാറിയിരിക്കാൻ കഴിയില്ല. ഈ പ്രശ്നങ്ങളുടെ നടുവിൽ നിന്നാലേ സ്വസ്ഥതയുണ്ടാകൂ. ഭാര്യക്ക് വയ്യാതാകും, കുട്ടികൾക്ക് സുഖമില്ലാതാകും, ആരും നോക്കാനില്ല, എല്ലാത്തിനും വിളി വരും. ഈ സാഹചര്യത്തിൽ വീടുവിട്ട് പോയി മാറിനിന്നാൽ സമാധാനമുണ്ടാകില്ല. എഴുതാൻ സ്വസ്ഥതയും സമാധാനവും വേണമെന്നില്ല. എഴുത്തും ഈ ജീവിതത്തിന്റെ ഭാഗമാണ്. അല്ലാതെ ജീവിതത്തിൽനിന്ന് വേറിട്ട ഒരു ഘടകമല്ല. ആ വിശ്വാസവും ജീവിതത്തിനുമേലുള്ള പ്രതീക്ഷയുമാണ് ജീവിക്കാൻ തന്നെ പ്രേരിപ്പിക്കുന്നത്. എല്ലാം ഒരിക്കൽ ശരിയാകുമെന്ന പ്രതീക്ഷ. ഉമ്മ എപ്പോഴും പറയും: ‘എല്ലാം ശരിയാകും’. ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ആപ്തവാക്യവും ഇതുതന്നെ. ഈ പ്രതീക്ഷയെന്നത് ഒരു മാജിക്കൽ അനുഭവമാണ്. ഈ പ്രതീക്ഷ എഴുത്തിൽക്കൂടി കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. എത്ര ഇരുളേറിയ യാഥാർഥ്യങ്ങൾക്കിടയിലും പ്രതീക്ഷയുടെ ഒരു നാമ്പ് വേണം.
എഴുത്തുകാരന്റെ മാനസികനില മാത്രമല്ല, പ്രായോഗികത എന്നൊരു വിഷയം കൂടിയുണ്ടല്ലോ. എങ്ങനെ ഇതു രണ്ടും മാനേജ് ചെയ്യും?
ഒന്നുകിൽ അതിരാവിലെ എഴുന്നേറ്റ് എഴുതാനിരിക്കും. ഇല്ലെങ്കിൽ കുട്ടികൾ സ്കൂളിൽ പോയശേഷം. എങ്ങനെയായാലും കുറഞ്ഞത് രണ്ടുമണിക്കൂർ ദിവസത്തിൽ എപ്പോഴെങ്കിലും കണ്ടുപിടിച്ചിരിക്കും. സ്വന്തമായി വീടില്ലാത്തതിനാൽ തന്നെ ഓരോകാലത്തും അതിന് അനുസരിച്ചുള്ള താമസസ്ഥലങ്ങളിലായിരിക്കും. നഗരത്തിൽ നിന്ന് വിട്ടുനിൽക്കുകയെന്ന ലക്ഷ്യത്തോടെ കഴക്കൂട്ടം, മേനംകുളം ഭാഗത്താണ് ആദ്യകാലങ്ങളിൽ കൂടുതലും താമസിച്ചിരുന്നത്. അവിടെയുമിപ്പോൾ സിറ്റിയായി. ‘ബിസിനസ് ഇന്ത്യ’യിൽ ജോലി ചെയ്തിരുന്നപ്പോൾ ദ്വൈവാരിക ആയതിനാൽ വല്ലപ്പോഴും ഒരു സ്റ്റോറി ഫയൽ ചെയ്താൽ മതി. അതിനായി ആരെയെങ്കിലും കാണാൻ ഇടക്കൊന്ന് സിറ്റിയിൽ വരും. ബാക്കി ദിവസങ്ങളിൽ വീട്ടിലിരുന്ന് എഴുത്തുതന്നെ. കുറഞ്ഞത് രണ്ടു പുസ്തകമെങ്കിലും ഒരേ സമയം എഴുതാറുണ്ട്. അതെങ്ങനെ സാധിക്കുന്നുവെന്ന് എല്ലാവരും ചോദിക്കാറുണ്ട്. വായിക്കുന്നതും അങ്ങനെ തന്നെ. പല പുസ്തകങ്ങളാണ് ഒരേ സമയം വായിക്കുക. എഴുതുമ്പോൾ ഓരോ പുസ്തകത്തിനുമുള്ള വ്യത്യസ്ത ഭാഷയിലേക്കും ഭൂമികയിലേക്കും അനായാസം സ്വിച്ച് ചെയ്യാൻ കഴിയും.
എഴുതാനിരിക്കുമ്പോൾ വരുന്നതുപോലെയാണ് എഴുതുന്നത് എന്ന് പറഞ്ഞു. അപ്പോൾ ഒരുതരത്തിലുള്ള ഔട്ട്ലൈനും ഇല്ലാതെയാണോ തുടങ്ങുന്നത്?
ഒരു നോവലിന്റെയും ആദ്യത്തെ അധ്യായമായിരിക്കില്ല ആദ്യം എഴുതിയിട്ടുണ്ടാവുക. നോവലിന്റെ ചിന്ത കാലാനുസൃതമായിട്ടാകണമെന്നില്ല. പലർക്കും അത് പല രീതിയിലാകും. ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതിത്തീർന്ന ശേഷം വായിച്ച് അധ്യായങ്ങൾ ക്രമപ്പെടുത്തുകയും പിന്നീട് അതിന് അനുസരിച്ച് കൂടുതൽ എഴുതുകയോ തുടർച്ച സൃഷ്ടിക്കുകയോ ആണ് ഞാൻ ചെയ്യുന്നത്. ഷമാൽ ഡെയ്സിന്റെ ആദ്യ അധ്യായമല്ല ആദ്യം എഴുതിയത്. നിലവിലെ അവസാന അധ്യായമാണ് ആദ്യം ഉണ്ടായത്. നല്ലൊരു എഡിറ്ററുടെ കൂടെ പ്രവർത്തിക്കുകയെന്നതാണ് ഇതിൽ പ്രധാനം.
എഴുത്തും എഡിറ്റിങ്ങും രണ്ട് വ്യത്യസ്ത പ്രക്രിയകളാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, മലയാളത്തിൽ എഡിറ്റിങ് എന്നൊരു ശാഖയേ ഇല്ല. അതൊരു കുറവ് തന്നെയാണ്. തന്നെ എഡിറ്റ് ചെയ്യരുതെന്നത് ഒരു ഈഗോ ആണ്. പക്ഷേ, നാം വായിക്കുന്ന മിക്ക പ്രധാന വിദേശ എഴുത്തുകാർക്കും നല്ല എഡിറ്റർമാരുണ്ടായിരുന്നു. ടി.എസ്. എലിയറ്റിന്റെ എഡിറ്ററായിരുന്നു എസ്രാ പൗണ്ട്. എലിയറ്റിന് എന്തെങ്കിലും കുറവുണ്ടായിട്ടാണോ ഒരു എഡിറ്റർ വരുന്നത്. എഡിറ്റിങ്ങിനെ കുറിച്ച് പറയുമ്പോൾ ‘കില്ലിങ് യുവർ ഡാർലിങ്സ്’ എന്നൊരു പ്രയോഗമുണ്ട്. നമ്മുടെ ഡാർലിങ്ങിനെ ഒരിക്കലും നാം കൊല്ലില്ല. പക്ഷേ, എഡിറ്റിങ് പ്രക്രിയ വേറെയാണ്. രചനയിൽ ഈ ഭാഗം ആവശ്യമില്ല എന്ന് എഡിറ്റർക്ക് തോന്നിയാൽ എന്തും ഒഴിവാക്കപ്പെടാം. ആ യാഥാർഥ്യം എഴുത്തുകാരൻ മനസ്സിലാക്കിയേ പറ്റൂ.
എന്താണ് എഴുത്തിന്റെ ഇന്ധനം?
വലിയൊരു വായനക്കാരനല്ല ഞാൻ. സെലക്ടിവായി, താൽപര്യമുള്ളതു മാത്രമാണ് വായിക്കുക. ആളുകളെ കാണാനും കേൾക്കാനും ഇഷ്ടമാണ്. അവരുടെ കഥകൾ, ചേഷ്ടകൾ, സംസാരരീതി തുടങ്ങിയവയൊക്കെ ശ്രദ്ധിക്കും. എന്റെ പഠനം മുഴുവൻ മനുഷ്യരിലാണ്. രണ്ടു ന്യൂസ് റൂമുകളിലെ ഞാൻ കണ്ട കഥാപാത്രങ്ങളാണ് ‘ഷമാൽ ഡെയ്സി’ൽ. അഞ്ചുമിനിറ്റിനുള്ളിൽ നമുക്കൊരു മനുഷ്യനെ ബാഹ്യമായി മനസ്സിലാക്കാം. ശരീരഭാഷയിലൂടെ ഒരാളുടെ ഉദ്ദേശ്യം എന്താണെന്ന് ഏകദേശം വെളിവാകും. എല്ലാ എഴുത്തുകാരും ഈ നിരീക്ഷണം നടത്തുന്നുണ്ടാകണം. അതുകൊണ്ടാണല്ലോ കണ്ടതും അനുഭവിച്ചതുമെല്ലാം മറ്റൊരു സാഹചര്യത്തിൽ ഭാവനാത്മകമായി പുനഃസൃഷ്ടിക്കപ്പെടുന്നത്. അതില്ലാത്തവരാണ് ഒന്നും ശ്രദ്ധിക്കാതെ നടക്കുന്നത്.
പിന്നെ, ഉമ്മ പറയുന്ന കഥകൾ. ലോകത്തേക്കുള്ള എന്റെ ജാലകങ്ങൾ ഉമ്മയുടെ കഥകളാണ്. നാട്ടിൻപുറത്തെ ആൾക്കാർ, അവരുടെ വിശേഷങ്ങൾ അങ്ങനെ. ‘ടെയ്ൽ ഓഫ് ഖബറിസ്ഥാനി’ലെ പങ്കൻ എന്ന കഥാപാത്രം എന്റെ വീട്ടിൽ വന്നിരുന്ന ആളാണ്. ആരെയും കാണുന്നത് കഥാപാത്രമായാണ്. അവരൊക്കെ എവിടെയെങ്കിലും എന്റെ എഴുത്തിലേക്ക് വന്നുചേരും.
ഒരുതരം ത്രില്ലർ സ്വഭാവം താങ്കളുടെ എഴുത്തിൽ കാണാം. വായനക്കാരനെ എളുപ്പത്തിൽ വിട്ടുപോകാൻ അനുവദിക്കാത്ത നിലയിലുള്ള പിരിമുറുക്കം. ജേണലിസത്തിന്റെ സ്വാധീനം അതിലുണ്ടോ?
ഡിസ്ക്രിപ്റ്റിവാണെന്ന് തോന്നാറുണ്ട്. വിശദീകരിച്ചെഴുതാനാണ് താൽപര്യം. കഥ പറച്ചിൽ അല്ല, പറച്ചിലിൽ ആണ് ഊന്നുന്നത്. കഥാപാത്രങ്ങളുടെ കഥയാണ് എന്റെ കഥയെന്ന് പറഞ്ഞല്ലോ. ഒരു സിനിമ കാണുന്നതുപോലെ വായിച്ചുതീർക്കാൻ കഴിഞ്ഞുവെന്ന് പലരും ‘ക്ലിഫ്ഹാങ്ങേഴ്സി’നെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
‘വർക്കല കസിൻസ്’ എന്ന് വിളിക്കാവുന്ന ബന്ധമാണല്ലോ താങ്കളും അനീസ് സലീമുമായുള്ളത്. ആ അടുപ്പവും ബന്ധവും എഴുത്തിനെ എങ്ങനെയാണ് സഹായിച്ചത്?
എഴുത്തിൽ അനീസിന്റെ ഫാനാണ് ഞാൻ. വാപ്പയുടെ കസിന്റെ മകനാണ് അദ്ദേഹം. അതിലുപരി ഞങ്ങൾ തമ്മിൽ നല്ല അടുപ്പമാണ്. ചെറുപ്പത്തിലേ ഒരുപാട് വായിക്കുകയും എഴുതുകയും ചെയ്യുന്ന ആളാണ് അദ്ദേഹം. അക്കാലത്ത് വർക്കലയിൽ അടുത്തടുത്ത വീടുകളിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. അന്നേ അദ്ദേഹം പ്രചോദനമാണ്. എനിക്കാദ്യമായി വി.എസ്. നയ്പാളിനെ പരിചയപ്പെടുത്തിയതും ഒരു പുസ്തകം തരുന്നതും അദ്ദേഹമാണ്. എഴുത്തുകാരന്റെ കണ്ണുകളിലെ അഗ്നി അദ്ദേഹത്തിൽ കണ്ടിരുന്നു. ടൈപ് റൈറ്ററിൽ ഇടവേളകളില്ലാതെ ടൈപ് ചെയ്ത് നീരുവെച്ച കൈവിരലുകളും കണ്ടിട്ടുണ്ട്. എഴുതിവെച്ച ഒരുപാട് മാനുസ്ക്രിപ്റ്റുകൾ കാണിച്ചുതരുമായിരുന്നു. എനിക്കും എഴുത്തുകാരനാകണം എന്ന മോഹം എന്നിലുണ്ടാക്കിയത് ഇതൊക്കെയാണ്.
പിൽക്കാലത്ത് എഴുത്ത് തുടങ്ങി കുറേയിടങ്ങളിൽനിന്ന് തിരസ്കരിക്കപ്പെട്ട് നിരാശനായ ഘട്ടത്തിൽ ഇതൊക്കെ മതിയാക്കുകയാണെന്ന് അനീസിനോട് പറഞ്ഞു. tenacity is a virtue എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്തുവന്നാലും പിടിച്ചുനിൽക്കണം, എപ്പോഴാണ് നമ്മുടെ വാതിലുകൾ തുറക്കപ്പെടുന്നതെന്ന് അറിയില്ല. അതാണ് പിന്നെയും എന്നെ എഴുത്തിൽ നിലനിർത്തിയത്. എഴുത്തിലെയും ജീവിതത്തിലെയും പ്രതിസന്ധികളിൽ ഒരു താങ്ങാണ് അദ്ദേഹം. എഴുതുന്ന ആദ്യ ഡ്രാഫ്റ്റുകൾ അയച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിന്റെ അപ്രൂവൽ എനിക്ക് പ്രധാനമാണ്.
പോളണ്ടുമായി വിശേഷപ്പെട്ട ബന്ധമാണല്ലോ. അവിടത്തെ ഭാഷയിലേക്ക് ‘ക്ലിഫ്ഹാങ്ങേഴ്സ്’ വിവർത്തനം ചെയ്യപ്പെടുന്നു. ഇന്ത്യൻ സാഹിത്യത്തിന്റെ പോളണ്ടിലെ അംബാസഡറെപ്പോലെ പ്രവർത്തിക്കുന്നു. എന്താണ് ഈ കൗതുകകരമായ ബന്ധത്തിന് പിന്നിൽ?
സാഹിത്യത്തിൽ മാത്രം അഞ്ച് നൊബേൽ ജേതാക്കൾ ഉള്ള രാജ്യമാണ് പോളണ്ട്. നമുക്ക് ആകെ ഒരാളേ ഉള്ളൂ എന്ന് ഓർക്കണം. പോളണ്ടിനെ കുറിച്ച് സാഹിത്യ, യാത്രാവിവരണ സ്വഭാവമുള്ള ഒരു പുസ്തകം എഴുതാൻ പോളിഷ് ഇൻസ്റ്റിറ്റ്യൂട്ടാണ് നിയോഗിച്ചത്. അതിനായി പോയപ്പോൾ നൊബേൽ ജേതാവായ ഷിംബോർസ്കയുടെ (Wis awa Szymborska) പേരിലുള്ള ഫൗണ്ടേഷൻ അവരുടെ സ്വന്തം ഫ്ലാറ്റിൽ രണ്ടാഴ്ച താമസിക്കാൻ അനുവാദം നൽകി. കോർണിക് എന്നൊരു തടാകത്തിന്റെ കരയിലുള്ള വീട്ടിലാണ് ഷിംബോർസ്ക ജനിച്ചത്. പിന്നെ മിവോഷിന്റെ (Czes aw Mi osz) ലിേത്വനിയൻ അതിർത്തിയിലുള്ള വീട്ടിലും താമസിച്ചു. അദ്ദേഹത്തിന്റെ അപ്പാർട്മെന്റ് അങ്ങനെ ആർക്കും തുറന്നുകൊടുക്കാറില്ല. അദ്ദേഹം മരിച്ചശേഷം അതേപോലെ തന്നെ സൂക്ഷിക്കുകയാണ് അവിടം. അദ്ദേഹം അവസാനമായി ഊരിവെച്ച ഷൂ അങ്ങനെതന്നെ അവിടെയുണ്ട്. ജാക്കറ്റ് ഊരി കസേരക്ക് മുകളിൽ വെച്ചശേഷമാണ് മരണപ്പെടുന്നത്. അദ്ദേഹത്തിനുശേഷം ആരും ആ അപ്പാർട്മെന്റിൽ ഒന്നും അനക്കിയിട്ടില്ല. അദ്ദേഹം പുറത്തുപോയിരിക്കുകയാണ്, ഇപ്പോൾ തിരിച്ചുവരുമെന്നൊരു ഫീൽ ആണ് അവിടെ കയറുമ്പോൾ കിട്ടുക.
അവരെനിക്ക് അപ്പാർട്മെന്റ് തുറന്നുതന്നു. അങ്ങനെ രണ്ടു നൊേബൽ ജേതാക്കൾ ജീവിച്ച മുറികളിൽ താമസിക്കാൻ അവസരം കിട്ടി. പോളണ്ട്- ലിേത്വനിയൻ അതിർത്തിയിൽ ബോർഡർ ലാൻഡ് ഫൗണ്ടേഷൻ എന്നൊരു സംവിധാനമുണ്ട്. അതിർത്തികളിൽ വസിക്കുന്ന മനുഷ്യരുടെ സംസ്കാരവും ജീവിതവും പഠിച്ച് അതിനുവേണ്ടി പ്രവർത്തിക്കുന്നതാണ്. അവിടെയാണ് മിവോഷിന്റെ കുടുംബവീട്. വിജനമായ പ്രദേശമാണ്. തൊട്ടടുത്ത കട പത്തു കിലോമീറ്റർ അകലെയാണ്. ഇതൊക്കെ എഴുതുന്നുണ്ട്. ക്രിയേറ്റിവ് നോൺ ഫിക്ഷൻ എഴുതാൻ വലിയ താൽപര്യമുണ്ട്. അതിനുള്ള അവസരമായും ഉപയോഗിക്കുന്നു. പോളണ്ടിലെ ഒരു യൂനിവേഴ്സിറ്റിയാണ് ‘ക്ലിഫ്ഹാേങ്ങ ഴ്സ്’ പോളിഷിലേക്ക് വിവർത്തനം ചെയ്തത്. അവിടെ ഇപ്പോൾ ക്ലാസ് എടുക്കുന്നുമുണ്ട്.