‘പ്രതീക്ഷ അവസാനിക്കുന്ന നിമിഷം മരണമാണ്’

ഇസ്രായേൽ സൈനിക ആക്രമണം ഗസ്സയിൽ രൂക്ഷമാണ്. അവിടെനിന്നുള്ള ആബിദ്, ഹദീൽ എന്നിവർ സംസാരിക്കുന്നു. ഇരുവരും ഗസ്സയിലെ വർത്തമാന അവസ്ഥകൾ വിവരിക്കുന്നു.ഗസ്സയിലെ ഖാൻ യൂനുസിലാണ് അബ്ദുൽറഹ്മാൻ എസ്.ജെ. അബു തക്കിയ എന്ന ആബിദും അദ്ദേഹത്തിന്റെ ജീവിതപങ്കാളി ഹദീൽ കെ.എൽ. ബാഖി എന്ന ഹദീലും ജീവിക്കുന്നത്. ഇസ്രായേലി ആക്രമണങ്ങൾ കാരണം പലതവണ കുടിയിറക്കപ്പെട്ടവരാണ് ഇരുവരും. മധ്യ ഗസ്സക്കാരനാണ് ആബിദ്. ഹദീൽ ഖാൻ യൂനുസ് സ്വദേശിയും. വിഡിയോ ഗെയിമുകൾ, ഫുട്ബാൾ എന്നിവയിൽ അതീവ തൽപരനായിരുന്നു ആബിദ്. സ്വന്തമായുണ്ടായിരുന്ന കണ്ടന്റ് മാർക്കറ്റിങ് കമ്പനിയുടെ വളർച്ചയായിരുന്നു ഇരുവരും ചേർന്ന് കണ്ട സ്വപ്നം. അതിനുവേണ്ട...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഇസ്രായേൽ സൈനിക ആക്രമണം ഗസ്സയിൽ രൂക്ഷമാണ്. അവിടെനിന്നുള്ള ആബിദ്, ഹദീൽ എന്നിവർ സംസാരിക്കുന്നു. ഇരുവരും ഗസ്സയിലെ വർത്തമാന അവസ്ഥകൾ വിവരിക്കുന്നു.
ഗസ്സയിലെ ഖാൻ യൂനുസിലാണ് അബ്ദുൽറഹ്മാൻ എസ്.ജെ. അബു തക്കിയ എന്ന ആബിദും അദ്ദേഹത്തിന്റെ ജീവിതപങ്കാളി ഹദീൽ കെ.എൽ. ബാഖി എന്ന ഹദീലും ജീവിക്കുന്നത്. ഇസ്രായേലി ആക്രമണങ്ങൾ കാരണം പലതവണ കുടിയിറക്കപ്പെട്ടവരാണ് ഇരുവരും. മധ്യ ഗസ്സക്കാരനാണ് ആബിദ്. ഹദീൽ ഖാൻ യൂനുസ് സ്വദേശിയും. വിഡിയോ ഗെയിമുകൾ, ഫുട്ബാൾ എന്നിവയിൽ അതീവ തൽപരനായിരുന്നു ആബിദ്. സ്വന്തമായുണ്ടായിരുന്ന കണ്ടന്റ് മാർക്കറ്റിങ് കമ്പനിയുടെ വളർച്ചയായിരുന്നു ഇരുവരും ചേർന്ന് കണ്ട സ്വപ്നം. അതിനുവേണ്ട കാര്യങ്ങളെല്ലാം തുടങ്ങിവെക്കുകയുംചെയ്തു. എന്നാൽ, ഇസ്രായേൽ അധിനിവേശം എല്ലാം തകർത്തെറിഞ്ഞു.
നിലവിൽ അവർ സമൂഹമാധ്യമങ്ങളിൽ കണ്ടന്റുകൾ ചെയ്യുന്നുണ്ട്. ഗസ്സയിലെ ഓരോ ദിവസത്തെയും തങ്ങളുടെ ജീവിതമാണ് അവരുടെ ഉള്ളടക്കം. അതിൽ പക്ഷേ ഗസ്സയുടെ ദുരിതപൂർണമായ മുഖമില്ല, ഇരുവരുടെയും ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ മാത്രമാണുള്ളത്. അതിജീവനത്തിനും തളരാതെ മുന്നോട്ടുപോകാനും ആബിദും ഹദീലും കണ്ടെത്തിയ മാർഗമാണത്. ഒന്നിച്ചുകണ്ട സ്വപ്നങ്ങളെല്ലാം യുദ്ധം തകർത്തെങ്കിലും ഇരുവരും പൂർണ പ്രതീക്ഷയിലാണ്. പ്രതീക്ഷ നശിക്കുന്ന ദിനം മരണമാണെന്നാണ് ആബിദിന്റെയും ഹദീലിന്റെയും പക്ഷം. വിഡിയോകാളിലൂടെയും അല്ലാതെയുമായിരുന്നു അഭിമുഖം. അതിനിടെ പലതവണ ഇസ്രായേലി ബോംബർ ഡ്രോണുകൾ അവരുടെ താമസസ്ഥലത്തിന് മുകളിലൂടെ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. മരണം അങ്ങനെ തലക്കുമീതെ ചുറ്റിക്കറങ്ങുമ്പോഴും ‘‘ഞങ്ങൾ ഇതും മറികടക്കും’’ എന്നു മാത്രമാണ് നിറഞ്ഞ ചിരിയോടെ ഇരുവർക്കും പറയാനുള്ളത്.
അവർക്ക് ഗസ്സയെന്നാൽ ഒരേസമയം പ്രിയപ്പെട്ട വീടും യാതനകളുടെ ഭൂമിയുമാണ്. ‘‘അച്ഛൻ മകനെ അടിക്കുന്നത് പോലെയാണ്, അവനു വേദനിക്കുമ്പോഴും അച്ഛനോട് നിരുപാധിക സ്നേഹമാണ് മകന്.’’ അതുപോലെയാണ് തങ്ങൾക്ക് ഗസ്സയോടുള്ള ഇഷ്ടമെന്നും പറയുന്നുണ്ട് ആബിദ്. ജനിച്ചതു മുതൽ യുദ്ധങ്ങളാണെങ്കിലും സമാധാനത്തിന്റെ രാവുകളും ഉണ്ടായിരുന്നു. ആ രാത്രികൾ അവസാനിക്കില്ലെന്നും തുടർന്നങ്ങോട്ടും ഗസ്സ ശാന്തമായി ഉറങ്ങുമെന്നും ഇരുവരും പറയുന്നു.
ഗസ്സൻ ജനതയുടെ നിലവിലെ ജീവിതം എങ്ങനെയാണ്? ഒക്ടോബർ ഏഴിനുശേഷം അതെങ്ങെനെയാണ് മാറിയത്?
ആബിദ്: 2023 ഒക്ടോബർ ഏഴിനുമുമ്പ് പൂർണമായിട്ടല്ലെങ്കിൽപോലും സമാധാനപരമായ ഒരു ജീവിതമുണ്ടായിരുന്നു. ഒരു മനുഷ്യൻ അടിസ്ഥാനപരമായി അർഹിക്കുന്ന അന്തസ്സോടെയുള്ള ജീവിതം. എന്നാൽ, ഒക്ടോബർ ഏഴിന് പിന്നാലെ അതെല്ലാം നഷ്ടമായി. ഞങ്ങൾക്ക് ബിസിനസ് നഷ്ടമായി, ഗസ്സയിലിപ്പോൾ ഒരുതരത്തിലുമുള്ള വൈദ്യുതി സൗകര്യങ്ങളില്ല. വെള്ളംപോലും പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. ചില സമയങ്ങളിൽ സൗജന്യമായി വെള്ളം എത്തിക്കാറുണ്ട്. എന്നാൽ, ട്രക്കുകളിൽ കൊണ്ടുവരുന്ന വെള്ളം കിട്ടണമെങ്കിൽ പോലും വളരെ ബുദ്ധിമുട്ടാണ്. അത് കിട്ടിയില്ല എങ്കിൽ അന്നത്തെ ദിവസം കുടിക്കാൻപോലും ഒരുതുള്ളി വെള്ളമുണ്ടാകില്ല. മറ്റൊരു വിഷയംകൂടിയുള്ളത്, വെള്ളം നിറയെ കെമിക്കലുകളാണ്. അതെന്താണെന്നുപോലും അറിയില്ല. പക്ഷേ, കുടിച്ചാൽ വയറിന് കേടാണ്.
ഹദീൽ: ഭക്ഷണത്തിന്റെ കാര്യമാണെങ്കിൽ, അതു കിട്ടാൻ വലിയ പ്രയാസമാണ്. ഒപ്പം വലിയ വിലയും. സാധാരണയായി ലഭിച്ചിരുന്ന ഗോതമ്പു പോലും കിട്ടാനില്ല. ഏകദേശം 1700 രൂപയാണ് (20 ഡോളർ) വില. സമ്പൂർണ ഭക്ഷണം (Full Meal) വേണമെങ്കിൽ ഒരു മാസമെങ്കിലും കാത്തിരിക്കേണ്ടിവരും. എല്ലാമടങ്ങിയ ഒരു സാധാരണ ഭക്ഷണത്തിന്റെ കാര്യമാണ് പറയുന്നത്. അതുകൊണ്ട് മിക്കവരും ചെയ്യുന്നത്, ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണം മാത്രം കഴിക്കുകയാണ്. ഗസ്സയിലെ മിക്ക ആളുകളും കടന്നുപോകുന്നത് കൊടും പട്ടിണിയിലൂടെയാണ്. ആർക്കും ജോലിയും ബിസിനസുമൊന്നുമില്ല. അതിനാൽ വലിയ വില കൊടുത്ത് ഭക്ഷണം വാങ്ങാൻ ആളുകളുടെ കൈയിൽ പണവുമില്ല. പലരും പട്ടിണിമൂലം മരിച്ചുവീഴുകയാണ്.
ആബിദ്: ഞങ്ങളുടെ ശരീരഭാരമെല്ലാം കുറഞ്ഞു. വളരെയധികം ക്ഷീണിതരാണ് ഞങ്ങൾ. ഇതൊക്കെയാണ് ഇവിടത്തെ അവസ്ഥ.
എല്ലാ സംഘർഷങ്ങളും ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. ശുചിമുറികളുടെ അഭാവം, ഗർഭിണികൾ നേരിടുന്ന പോഷകാഹാരക്കുറവ് എന്നിങ്ങനെ നിരവധി റിപ്പോർട്ടുകളാണ് ഗസ്സയിൽനിന്ന് പുറത്തുവരുന്നത്. ഒരു സ്ത്രീയുടെ ഗസ്സയിലെ ജീവിതത്തെ കുറിച്ച് സംസാരിക്കാമോ?
ഹദീൽ: നിലവിൽ ഗസ്സയിലൊരു സ്ത്രീയായിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓരോ സ്ത്രീക്കും എല്ലാമാസവും പ്രത്യേക പരിചരണം ആവശ്യമാണ്. മരുന്നുകൾ വേണം, വൃത്തിയായി കുളിക്കാനും ശുചിമുറി ഉപയോഗിക്കാനുമുള്ള സൗകര്യങ്ങൾ വേണം. എന്നാൽ, ഗസ്സയിലിപ്പോൾ അതൊക്കെ ലഭിക്കുക എന്നത് പ്രയാസമാണ്. ഗർഭിണികളെ സംബന്ധിച്ചിടത്തോളം, വയറ്റിൽ വളരുന്ന കുഞ്ഞിന് വിറ്റമിൻസും മിനറൽസുമൊക്കെ ആവശ്യമാണ്. എന്നാൽ, ഗർഭിണികൾപോലും പട്ടിണിയിലാണ്.
ആബിദ്: ഭക്ഷണമെന്തെങ്കിലും ഉണ്ടാക്കണമെങ്കിൽതന്നെ തീ വേണ്ടി വരും. ഗ്യാസിന്റെ സൗകര്യങ്ങളൊന്നും തന്നെ മുനമ്പിലില്ല. മിക്കവരും തുണികളും പ്ലാസ്റ്റിക്കുകളും കൂട്ടിയിട്ട് കത്തിച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നത്. കഴിഞ്ഞദിവസം, ഷൂ കത്തിച്ചാണ് ഞങ്ങൾ അത്താഴം ഉണ്ടാക്കിയത്. ഇത്തരം ഭക്ഷണ പാചകരീതികൾ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ വലിയതോതിൽ ബാധിക്കും.
നിങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെ കടന്നുപോയപ്പോൾ, ഹദീലിന് നേരിടേണ്ടിവന്ന ഇസ്രായേലി ആക്രമണത്തെ കുറിച്ചൊരു കുറിപ്പ് കണ്ടിരുന്നു. എന്തായിരുന്നു അന്നുണ്ടായത്?
ഹദീൽ: 2024 ജനുവരി 22നാണ് ഖാൻ യൂനുസിലെ എന്റെ വീടും പരിസരവും ഇസ്രായേലി സൈന്യം വളയുന്നത്. അതോടെ അമ്മാവൻ, അമ്മായി, മുത്തച്ഛൻ, മുത്തശ്ശി ഉൾപ്പെടെയുള്ളവരുമായി അൽ മവാസിയിലേക്ക് പോകേണ്ടി വന്നു. അവിടെയൊരു ടെന്റിൽ ഞങ്ങൾ 34 പേർ ഉണ്ടായിരുന്നു. അന്നു വൈകീട്ട് (ജനുവരി 22) ആ പ്രദേശത്തും ഇസ്രായേലി സൈന്യമെത്തി. 7-8 മണിയായതോടെ ഇസ്രായേലി ടാങ്കുകൾ അടുത്തുവരാൻ തുടങ്ങി. അതിന്റെ ശബ്ദം കേൾക്കാമായിരുന്നു. ഞങ്ങൾ ടെന്റിലെ വെളിച്ചമെല്ലാം കെടുത്തി, അവർ പോകാൻ കാത്തിരുന്നു. അപ്പോഴെല്ലാം പുറത്ത് വെടിയൊച്ചയും ഡ്രോണുകളുടെ ശബ്ദവും മുഴങ്ങുന്നുണ്ടായിരുന്നു.
പെട്ടെന്ന് ഞങ്ങൾ താമസിച്ചിരുന്ന ടെന്റ് കത്തിയമരാൻ തുടങ്ങി, വെള്ളം കോരിയൊഴിച്ച് കെടുത്താൻ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീടാണ് ഞങ്ങൾക്കുമേൽ ഉപയോഗിച്ചത് വൈറ്റ് ഫോസ്ഫറസ് ആണെന്ന് മനസ്സിലായത്. എനിക്കൊപ്പം എന്റെ ആറു വയസ്സുള്ള സഹോദരി മിറയും ഏഴു വയസ്സുകാരിയായ ബന്ധു നൂറയുമുണ്ടായിരുന്നു. ഞാൻ അവരുടെ കൈപിടിച്ച് ഓടാൻ തുടങ്ങി.
അടുത്തുള്ള, യാതൊരു പരിചയവുമില്ലാത്ത ഒരാളുടെ വീട്ടിലേക്കാണ് ഓടിക്കയറിയത്. അവിടെ കുറച്ചുസമയം ഇരുന്നപ്പോഴേക്കും ആ വീടും ആക്രമിക്കപ്പെട്ടു. അതോടെ പിന്നെയും വീട് മാറേണ്ടി വന്നു. ധരിച്ചിരുന്ന വസ്ത്രം മാത്രമായിരുന്നു ആ കൊടും തണുപ്പിൽ ആകെ ഉണ്ടായിരുന്നത്. ടെന്റിൽ സൂക്ഷിച്ചിരുന്ന പണം, വസ്ത്രങ്ങൾ, കമ്പിളികൾ, ബിസിനസ് ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ എല്ലാം അന്ന് നഷ്ടമായി. അടുത്തദിവസം ടെന്റിൽ പോയി നോക്കിയെങ്കിലും എല്ലാം കത്തിനശിച്ചിട്ടുണ്ടായിരുന്നു. ചെരിപ്പുപോലുമില്ലാതെയായിരുന്നു അവിടെനിന്ന് റഫായിലേക്ക് പോയത്.ആ ദിവസം ഞാൻ അനുഭവിച്ച ഭയം ഇന്നും എന്നെ വിട്ടുപോയിട്ടില്ല. ഞാൻ ഇപ്പോഴും ദുഃസ്വപ്നങ്ങൾ കാണാറുണ്ട്, ആ ദിവസം ഇന്നും എന്നെ വേട്ടയാടുന്നു.
ആബിദ്: എവിടെയെങ്കിലും ഇപ്പോൾ വെടിയൊച്ച കേട്ടാൽ, അവൾ ചെവി പൊത്തി നിലത്തിരിക്കും. ഹദീലിന്റെ ആറ് വയസ്സുള്ള സഹോദരിയും ആ ട്രോമയിലാണ് ജീവിക്കുന്നത്. ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ പകർത്തി, സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് സാധാരണയാണ്. സാങ്കേതികമായി നിങ്ങളും അതാണ് ചെയ്യുന്നത്. പക്ഷേ നിങ്ങളുടെ ഒരു ദിവസമെന്ന് പറയുന്നത് ബോംബാക്രമണങ്ങളുടെയും പ്രിയപ്പെട്ടവരുടെ വേർപാടുകളുടെയും കൂടിയാണ്. നിങ്ങളുടെ കണ്ടന്റുകളോട് ലോകം എങ്ങനെയാണ് പ്രതികരിക്കുന്നത്? ഈ വിഡിയോകൾ ചെയ്യുന്നതിന്റെ ഉദ്ദേശ്യം എന്താണ്?
ഹദീൽ: ഒക്ടോബർ ഏഴിനു മുമ്പും ബിസിനസിന്റെ ഭാഗമായി ഞങ്ങൾ കണ്ടന്റുകൾ ചെയ്തിരുന്നു. പക്ഷേ സംഘർഷം മൂലം ഞങ്ങൾക്ക് ബിസിനസ് നഷ്ടമായി. അപ്പോഴാണ് പുതിയ കണ്ടന്റുകൾ ചെയ്യാനുള്ള ആശയം തേടാൻ ആരംഭിച്ചത്. കാരണം കണ്ടന്റ് ക്രിയേഷൻ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണ്, ഇഷ്ടവുമാണ്. അങ്ങനെയാണ് ‘ഡേ ഇൻ മൈ ലൈഫ്’ പോലുള്ള വിഡിയോകൾ ചെയ്യാൻ ആരംഭിക്കുന്നത്.
ആബിദ്: കണ്ടന്റുകൾ ചെയ്യാറുണ്ടെങ്കിലും ഞങ്ങൾ അനുഭവിക്കുന്ന ദുരിതജീവിതമോ ബുദ്ധിമുട്ടുകളോ ഒന്നും അതിൽ കാണിക്കാറില്ല. ഗസ്സയുടെയും ഞങ്ങളുടെ ജീവിതത്തിലെയും പോസിറ്റിവ് വശങ്ങൾ മാത്രമേ കാണിക്കാറുള്ളൂ. ജീവിതം വിട്ടുകളയാതിരിക്കാനും ജീവിച്ചിരിക്കാനും ഞങ്ങൾക്ക് എന്തെങ്കിലുമൊരു കാരണം കണ്ടെത്തേണ്ടതുണ്ട്. അതുകൂടി അവസാനിച്ചാൽ, ഞങ്ങളുടെ കീഴടങ്ങലാകും.
ഹദീൽ: ആളുകൾ ഞങ്ങളുടെ കണ്ടന്റുകൾ ഇഷ്ടപ്പെടുന്നുണ്ട്. പോസിറ്റിവായ കമന്റുകൾ ഇടാറുണ്ട്. കൂടുതൽ വിഡിയോകൾ ചെയ്യാനുള്ള പ്രചോദനം അവരാണ്. ഫലസ്തീനെ പിന്തുണക്കാനുള്ള ശക്തിയും പ്രേരണയും ഞങ്ങളുടെ വിഡിയോകളിലൂടെ അവർക്ക് ലഭിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ആബിദ്: അടുത്തിടെയായി ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, ഞങ്ങൾക്ക് ഏറ്റവുമധികം പിന്തുണ നൽകുന്നത് ഇന്ത്യക്കാരാണ്.
ഹദീൽ: പാകിസ്താനിൽനിന്നുള്ളവരും.
ആബിദ്: ഞങ്ങളോടൊപ്പവും ഗസ്സക്കൊപ്പവും ഇന്ത്യക്കാർ നിൽക്കുന്നു എന്നത് അത്യധികം സന്തോഷം തരുന്ന കാര്യമാണ്, അതുതന്നെയാണ് കൂടുതൽ വിഡിയോകൾ ചെയ്യാനുള്ള പ്രോത്സാഹനവും.

കഴിഞ്ഞ മൂന്നുമാസത്തോളം, ഭക്ഷണവും മറ്റു സഹായങ്ങളും ഗസ്സയിലേക്ക് പ്രവേശിക്കാൻ ഇസ്രായേൽ അനുവദിച്ചിരുന്നില്ല. ഇപ്പോൾ അതിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും ചെറിയ അളവിലാണ് സഹായങ്ങൾ ലഭ്യമാകുന്നത്. വിതരണ ചുമതലയാകട്ടെ അമേരിക്കൻ-ഇസ്രായേൽ പിന്തുണയുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും. ആ സംഘടന സഹായവിതരണത്തെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ആരോപണമുണ്ട്. സത്യാവസ്ഥ എന്താണ്?
ആബിദ്: ഭക്ഷണവിതരണം നടക്കുന്ന ഇത്തരം ക്യാമ്പുകളിലെ സ്ഥിതി ഭീകരമാണ്. ഭക്ഷണം വേണമെങ്കിൽ പുലർച്ചെ രണ്ടുമണിക്കൊക്കെ പോകേണ്ട അവസ്ഥയാണ്. ഇസ്രായേലിന്റെ ഉദ്ദേശ്യങ്ങളെ കുറിച്ചൊന്നും ഞങ്ങൾക്കറിയില്ല. പക്ഷേ, ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതിക്രൂരമായ സംഭവങ്ങളാണ്. കഴിഞ്ഞ ദിവസമാണ് ഭക്ഷണം വാങ്ങാൻ പോയ മുപ്പതുപേർക്ക് നേരെ വെടിയുതിർത്ത് അവരെ കൊന്നത്. സഹായവിതരണ ക്യാമ്പുകളിൽ എത്തുന്നവർക്ക് ചിലപ്പോൾ ബോംബാക്രമണമാണ് നേരിടേണ്ടിവരുന്നത്. ഒരുപക്ഷേ എന്തെങ്കിലും കിട്ടിയാൽതന്നെ, അതു വീട്ടിലെത്തിക്കാൻ കഴിയണമെന്നില്ല. കത്തിയും ആയുധങ്ങളുമായി പലരും വഴിയരികുകളിൽ കാത്തുനിൽക്കുന്നുണ്ടാകും. കൊന്നിട്ടാണെങ്കിലും അവർ ചിലപ്പോൾ സാധനങ്ങൾ എടുത്തുകൊണ്ടുപോയെന്ന് വരും. ശരിക്കും ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള അവസരങ്ങൾ ആരോ ബോധപൂർവം ഉണ്ടാക്കുന്നതാണെന്നാണ് തോന്നുന്നത്.
എന്തുതന്നെയായാലും ഞാൻ ഇത്തരം ക്യാമ്പുകളിലേക്ക് പോകാറില്ല, അതിന് താൽപര്യവുമില്ല. ആത്മാവിനെ വളരെ വിലപ്പെട്ട ഒന്നായിട്ടാണ് ഞാൻ കാണുന്നത്. ഭക്ഷണത്തിന്റെ പേരിൽ അതിന്റെ വില കളഞ്ഞുകുളിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ചിലപ്പോൾ ഞാൻ പട്ടിണി കിടന്ന് മരിച്ചേക്കാം, എന്നിരുന്നാലും ഇത്തരം കേന്ദ്രങ്ങളിലേക്ക് ഞാനില്ല. കാര്യങ്ങളെല്ലാം അലങ്കോലമാക്കാനാണ് അമേരിക്കൻ കമ്പനികൾ ശ്രമിക്കുന്നത്. അവരെന്തിന് അങ്ങനെ ചെയ്യുന്നു എന്നറിയില്ല. അവർക്ക് ഇവിടെ വേണ്ടത് കുഴപ്പങ്ങളാണ്. സഹായവിതരണം നടത്താൻ വേറെ നല്ല മാർഗമുണ്ടാകണം. കഴിഞ്ഞ 600 ദിവസങ്ങൾക്കിടെ, സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം പലരുടെയും മരണത്തിന് ചിലപ്പോൾ നിങ്ങൾ സാക്ഷിയായിട്ടുണ്ടാകും. ഈ ദുരിതങ്ങളിലും നിങ്ങളെ മുന്നോട്ടു നയിക്കുന്നത് എന്താണ്?
ഹദീൽ: എന്റെ അമ്മാവന്മാരെ എനിക്ക് ഈ യുദ്ധത്തിൽ നഷ്ടമായി. ഒപ്പം ഒമ്പത് പൂച്ചകളെയും. ശരിക്കും ഈ സംഘർഷങ്ങളുടെ തുടക്കത്തിൽ വലിയ കരുത്തൊന്നും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. എപ്പോഴും കരച്ചിലായിരുന്നു, മുഴുവൻ സമയവും നിരാശയിലും ഭയത്തിലുമായിരുന്നു ജീവിച്ചിരുന്നത്. നിലവിലിപ്പോൾ നേടിയെടുത്തിട്ടുള്ള കരുത്തെല്ലാം അല്ലാഹുവിൽനിന്നാണ്. ആ വിശ്വാസമാണ് അതിജീവിക്കാനുള്ള ശക്തി.

ഗസ്സൻ ജനതയെ കുടിയിറക്കാനുള്ള പല പദ്ധതികളും ഇസ്രായേലും അമേരിക്കയും പ്രഖ്യാപിച്ചിരുന്നു. എന്താണ് കരുതുന്നത്?
ആബിദ്: അങ്ങനെയൊരു പദ്ധതി യഥാർഥത്തിൽ ഉണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ, പല സമയങ്ങളിലും അങ്ങനെയൊരു ഉദ്ദേശ്യത്തിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്. ആവർത്തിച്ചുള്ള കുടിയിറക്കങ്ങൾ, പഴകിയ ടെന്റുകളുള്ള ഇടുങ്ങിയ പ്രദേശങ്ങളിലേക്ക് ആളുകളെ കൂട്ടമായി മാറ്റൽ –ഇവയെല്ലാം ആളുകളിൽ വലിയ സമ്മർദം സൃഷ്ടിക്കുന്നുണ്ട്.
ഞങ്ങളും വീണ്ടുമൊരു കുടിയിറക്കത്തിന്റെ വക്കിലാണെന്നാണ് തോന്നുന്നത്. ഖാൻ യൂനുസിലുള്ളവരെയെല്ലാം ഒരു ചെറിയ പ്രദേശത്തേക്ക് മാറ്റാൻ പോകുകയാണെന്നും അവിടെനിന്ന് റഫായിലേക്ക് കൊണ്ടുപോകും എന്നൊക്കെയാണ് കേൾക്കുന്നത്. വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയാത്തവിധം ഭീതിയിലാണ് ഗസ്സൻ ജനത. വെടിനിർത്തലിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, നേരത്തേയുള്ള വെടിനിർത്തൽ ഇസ്രായേൽ ലംഘിച്ചിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ ഗസ്സ അതിജീവിക്കുമെന്ന് നിങ്ങൾക്ക് എത്രത്തോളം ഉറപ്പുണ്ട്?
ആബിദ്: സംഘർഷത്തിന്റെ ആദ്യദിനം മുതൽ ഇന്നുവരെ, ഞങ്ങൾ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഏകദേശം 600 ദിവസം പിന്നിട്ടിരിക്കുന്നു, അപ്പോഴും പ്രതീക്ഷക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഞങ്ങളെ നിലനിർത്തുന്നത് പ്രതീക്ഷയാണ്. പ്രതീക്ഷ അവസാനിക്കുന്ന നിമിഷം മരണമാണ്. എന്തിനെങ്കിലും വേണ്ടി കാത്തിരിക്കുക എന്നത് മരണസമാനമാണ്. ഒരു സുഹൃത്ത് എത്താൻ ഒന്നോ രണ്ടോ മണിക്കൂർ വൈകിയാൽ നിങ്ങൾക്ക് ദേഷ്യം വരില്ലേ? എന്താ ഇത്ര വൈകിയത് എന്ന് ബഹളംവെക്കില്ലേ? എന്നാൽ, ഞങ്ങൾ കഴിഞ്ഞ ഒന്നര വർഷത്തോളമായി കാത്തിരിക്കുകയാണ്. അതിപ്പോഴും തുടരുന്നു. ഞങ്ങൾ ഈ നിമിഷത്തിലും പ്രതീക്ഷയിലാണ്.