തമാശ ഫലിപ്പിക്കാൻ കുറുക്കുവഴികളില്ല

ചിത്രങ്ങൾ: രതീഷ് ഭാസ്കർ
കോമഡിയെ നിർവചിക്കാൻ ലോകത്തിൽ ഉയർന്നുവന്ന തത്ത്വചിന്തകർ ശ്രമിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം വ്യത്യസ്ത വഴികളിലൂടെയുള്ളതായിരുന്നു. എന്നാൽ, അരിസ്റ്റോട്ടിൽ മുന്നോട്ടുവെച്ച കോമഡിയുടെ ക്ലാസിക് സങ്കൽപമാണ് ഏറെ സ്വീകാര്യമായ സിദ്ധാന്തം. മനുഷ്യനൊരു സ്വകാര്യവ്യക്തി എന്നതിനപ്പുറം സാമൂഹിക ജീവിയായി പരിഗണിച്ച് സമൂഹത്തിലെ തിരുത്തൽ ശക്തിയായി നിലകൊണ്ട് പ്രവർത്തിക്കണമെന്ന് അരിസ്റ്റോട്ടിൽ തത്ത്വം പറയുന്നു. സമൂഹത്തിന്റെ വിഡ്ഢിത്തങ്ങളും ദുഷ്പ്രവണതകളും പ്രതിഫലിപ്പിക്കാനായി ഒരു കണ്ണാടി ഉയർത്തിപ്പിടിക്കുക എന്നതാണ് കോമിക് കലാകാരൻ നിർവഹിക്കേണ്ട കർത്തവ്യം. അതിലൂടെ പ്രശ്നപരിഹാരം സാധ്യമാക്കണമെന്നും സമൂഹത്തിന് കൂടി ഉപകരിക്കുന്ന കോമഡിയാണ് കലാകാരൻ സ്വീകരിക്കേണ്ടതെന്നും അരിസ്റ്റോട്ടിൽ വാദിച്ചു. സമകാലിക മലയാള സിനിമയിൽ കോമഡി പ്രധാന വിഷയമായെടുത്ത് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും പിന്നീട് കൊമേഡിയനായും സ്വഭാവ നടനായും തിളങ്ങുകയുംചെയ്ത കലാകാരനാണ് ജോണി ആന്‍റണി. കോമഡിയെക്കുറിച്ചും അതിനു പിന്നിലെ പരിശ്രമ, വിജയ പരാജയങ്ങളെ കുറിച്ചും മലയാള സിനിമയിലെ തമാശയുടെ നിലവാരത്തെ കുറിച്ചുമെല്ലാം അദ്ദേഹത്തിന് തന്‍റേതായ അഭിപ്രായമുണ്ട്. ജോണി ആന്റണിയുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ.
ബാല്യവും കൗമാരവും ഏറെ ക്ലേശകരമായിരുന്നല്ലോ. ചിരിക്കപ്പുറം ദാരിദ്ര്യവും ചിന്തകളും കൂടിയ കാലമായിട്ടുകൂടി പിൽക്കാലത്ത് താങ്കൾ ചെയ്ത മിക്ക സിനിമകളും തമാശയിലുള്ളതാണ്. ഇതെങ്ങനെ സംഭവിച്ചു?
സാമ്പത്തികമായി നോക്കുമ്പോൾ കുട്ടിക്കാലത്ത് അത്ര സുഖകരമായ അന്തരീക്ഷമുണ്ടായിരുന്നില്ല. യാഥാസ്ഥിതിക കുടുംബ പശ്ചാത്തലമായതുകൊണ്ടുതന്നെ വിശപ്പ്, വസ്ത്രം, പാർപ്പിടം തുടങ്ങി അടിസ്ഥാന കാര്യങ്ങൾക്കും സാമ്പത്തിക കെട്ടുറപ്പിനുംവേണ്ടിയാണ് അപ്പനും അമ്മയും പ്രാധാന്യം നൽകിയത്. ചങ്ങനാശ്ശേരി മാമൂട് ചാരങ്കാട്ട് ആന്‍റണിയാണ് എന്‍റെ അപ്പൻ. ഒരുപക്ഷേ നാട്ടിലെ ഏറ്റവും കഷ്ടപ്പെട്ട് വളർന്ന കുടുംബം ഞങ്ങളുടേതായിരിക്കും. എന്നാൽ, കുടുംബാംഗങ്ങളൊന്നും ഇല്ലായ്മ വിളിച്ചുപറഞ്ഞ് നടക്കുന്നവരായിരുന്നില്ല. അപ്പന്‍റെ 52ാം വയസ്സിലാണ് ഞാൻ ജനിക്കുന്നത്. അമ്മച്ചിക്ക് അന്ന് 42ഉം. രണ്ടുപേരും മധ്യവയസ്കരായിരുന്നെങ്കിലും മനസ്സും ശരീരവുംകൊണ്ടും അവർ പതറുകയോ പ്രയാസങ്ങളിൽ നൊമ്പരപ്പെടുകയോ ചെയ്തില്ല. ഏറ്റവും മൂത്ത സഹോദരനും ഞാനും തമ്മിൽ 15 വയസ്സിന്‍റെ പ്രായവ്യത്യാസമുണ്ട്. എനിക്ക് മുകളിൽ പിന്നെ രണ്ട് സഹോദരിമാരാണ്. ഏറ്റവും ചെറുതാണ് ഞാൻ.
അപ്പൻ ബ്രിട്ടീഷ് പട്ടാളത്തിൽ ഹവിൽദാറായിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. നാട്ടുകാർക്ക് അപ്പൻ അന്തോണിച്ചേട്ടൻ ആയിരുന്നു, അമ്മ മാമിച്ചേടത്തിയും. വീട്ടിലുണ്ടാകുന്ന സമയത്ത് അപ്പൻ ‘വെടിയുണ്ട കഥകൾ’ പറയാറുണ്ടായിരുന്നു. ആ പട്ടാള കഥകൾ കേൾക്കാൻ തന്നെ രസമായിരുന്നു. ഇല്ലായ്മയാണെങ്കിലും അപ്പനോട് കുത്തിക്കുത്തി ചോദിച്ച് ആ കഥകൾ കേൾക്കുമ്പോൾ ഒരു സിനിമ കാണുന്ന ഫീലായിരുന്നു അന്ന് മനസ്സ് നിറയെ. ജോലിയുടെ ഭാഗമായും മറ്റും സിംഗപ്പൂർ, ബർമ എന്നിവിടങ്ങളിലെല്ലാം അപ്പനന്ന് യാത്ര ചെയ്തിട്ടുണ്ട്. 75ാമത്തെ വയസ്സിൽ അപ്പൻ മരിക്കുമ്പോൾ എനിക്ക് 22 വയസ്സാണ്.
തമാശകളെ ഇഷ്ടപ്പെട്ട താങ്കൾക്ക് കുടുംബത്തിൽനിന്നുള്ള പ്രചോദനം എത്രമാത്രമായിരുന്നു. ഇതിനിടയിൽ പള്ളീലച്ചനാകാനുള്ള മോഹവും ഉണ്ടായി..?
വിഷമങ്ങളുണ്ടെങ്കിലും അപ്പനെയും അമ്മയെയും ചിരിക്കുന്ന മുഖത്തോടെയാണ് അധികവും ഞാൻ കണ്ടിട്ടുള്ളത്. തമാശ പറയുന്നവരും ഒരുപാട് ചിരിക്കുന്നവരുമായിരുന്നു കുടുംബക്കാരെല്ലാം. ഒരുപക്ഷേ, അവരിലൂടെയാകാം തമാശ പറയാനും പ്രകടിപ്പിക്കാനും എനിക്ക് സാധിച്ചത്. കുട്ടിക്കാലത്ത് മുതിർന്നവരോടും എന്നെക്കാൾ പ്രായക്കൂടുതലുള്ളവരോടും കൂട്ടുകൂടുന്ന സ്വഭാവമുണ്ടായിരുന്നു. അപ്പന്‍റെ കൂട്ടുകാർ വരെ എന്‍റെ അടുത്ത പരിചയക്കാരായിരുന്നു. കുഞ്ഞുപ്രായത്തിൽ തന്നെ വലിയ കാര്യങ്ങൾ കേട്ട എനിക്ക് ഏറെ താൽപര്യം നുറുങ്ങ് വർത്തമാനങ്ങളായിരുന്നു. അത് ആരു പറഞ്ഞാലും കാതുകൂർപ്പിച്ച് കേട്ടിരിക്കും. അന്ന് മൂന്ന് ജനറേഷൻ ആളുകളോട് വരെ ഒരുമിച്ച് പങ്കുചേർന്ന് നിന്നിട്ടുണ്ട്. അതായത് അപ്പൻ, മകൻ, വല്യപ്പൻ അങ്ങനെ. ചിലപ്പൊ ഞാൻ അവരുടെയെല്ലാം മനഃസാക്ഷി സൂക്ഷിപ്പുകാരനും ആയിട്ടുണ്ട്.
ഇതിനിടെ പള്ളീലച്ചനാകാനും ചെറുതായി ഞാനാഗ്രഹിച്ചു. അമ്മച്ചിയുടെ ആങ്ങള പള്ളീലച്ചനായിരുന്നു, ഫാ. ദിൽരാജ്. പുള്ളി വന്നാൽ പിന്നെ വീട്ടിലന്ന് ആഘോഷമായിരിക്കും. അമ്മച്ചി പൂവൻകോഴിയെ അറുത്ത് ശാപ്പാടൊരുക്കും. അന്നത്തെ ദിവസം എല്ലാവരും അദ്ദേഹത്തോടൊപ്പമായിരിക്കും സമയം പങ്കിടുക. പുള്ളിയുടെ സംസാരം കേൾക്കാനും രസമാണ്. കൊച്ചായിരുന്ന എന്നെയും ബന്ധത്തിലുള്ള മറ്റ് കുട്ടികളെയും അദ്ദേഹം പല സ്ഥലങ്ങളിലും വീടുകളിൽ കൊണ്ടുപോകാറുണ്ടായിരുന്നു. അവിടങ്ങളിൽനിന്നെല്ലാം അദ്ദേഹത്തിന് ലഭിക്കുന്ന ബഹുമാനവും, വിഭവസമൃദ്ധമായ ആഹാരവും കാണുമ്പോ ഉള്ളിൽ ആഗ്രഹം വന്നിട്ടുണ്ട്, പള്ളിലച്ചനായാൽ തനിക്കും ഇവയെല്ലാം ലഭിക്കുമല്ലോ എന്ന്. എന്നാൽ, സിനിമയെന്ന വലിയൊരു ലക്ഷ്യം ഉള്ളിൽ ചെറുതായെങ്കിലും മുളപൊട്ടിയ ആ ദിവസങ്ങളിൽ അധികവും ഞാൻ സ്വപ്നം കണ്ടത് വെളുത്ത സ്ക്രീനിൽ അഭിനയിച്ച് രസിപ്പിച്ച നടീനടന്മാരെയാണ്.
സിനിമ തന്നെയാണ് ലക്ഷ്യമെന്നത് അന്നുമുതലേ മനസ്സിൽ ഉറപ്പിച്ച് വെച്ചതായിരുന്നോ? മറ്റു ജോലികളും ചെയ്തിരുന്നല്ലോ?
ഉത്സവങ്ങൾ ധാരാളം കണ്ടുനടന്ന കാലംകൂടിയായിരുന്നു ബാല്യം. പൂരപ്പറമ്പിലും പള്ളിപ്പരിപാടികളിലും പതിവായി പോകാറുന്ന അമ്മച്ചിക്കൊപ്പം ഇളയമകൻ എന്ന അവസരം മുതലെടുത്ത് ഞാനും കൈപിടിച്ച് ഒപ്പം ചേർന്നു. ബാലെ, നാടകം, തമാശ പരിപാടികളെല്ലാം സാകൂതം വീക്ഷിച്ചിരുന്ന എനിക്ക് തമാശയോട് വല്ലാത്ത അടുപ്പമുണ്ടായി. സങ്കടം പറഞ്ഞ് കരയിപ്പിക്കാൻ എളുപ്പമാണെന്നും ആളുകളെ പൊട്ടിച്ചിരിപ്പിക്കലാണ് പ്രയാസമുള്ള കാര്യമെന്നും അന്നത്തെ ചെറുബുദ്ധിയിൽതന്നെ ഞാൻ മനസ്സിലാക്കിയതാണ്. വിവാഹാനന്തരം മുതിർന്ന സഹോദരങ്ങൾ വീടു വെച്ച് മാറിേപ്പായ അവസരത്തിൽ പിന്നീട് കുടുംബത്തിനൊപ്പം ഉണ്ടായിരുന്നത് ഈയുള്ളവനാണ്. അതുകൊണ്ട് തന്നെ കുടുംബത്തെ നോക്കേണ്ട ഉത്തരവാദിത്തവും വന്നു. അപ്പനും അമ്മയും തന്നെയാണ് അന്നും കഷ്ടപ്പാടുകളെല്ലാം പേറിയത്. ചെറിയ ജോലികൾചെയ്ത് അവരെ സഹായിക്കാൻ ഞാനും ചേർന്നു. എന്നാൽ, പ്രതിഭകളും പ്രകടനങ്ങളുംകൊണ്ട് സമ്പന്നമായ സിനിമയുടെ ലോകം മനസ്സിൽ മായാതെ നിൽപുണ്ടായിരുന്നു. റിലീസാകുന്ന മിക്ക സിനിമകളും കണ്ട് ആസ്വദിച്ചു, പിന്നെ മനസ്സിൽ കുറിച്ചു, ഒരിക്കലല്ലെങ്കിലൊരിക്കൽ ഞാനുമൊരു സിനിമാക്കാരനാകുമെന്ന്.
നിർമാതാവ് ജോക്കുട്ടനിലൂടെയാണല്ലോ താങ്കളുടെ സിനിമ പ്രവേശം. ചെന്നെയിലേക്ക് വണ്ടി കയറാൻ പ്രചോദനം നൽകിയതും അദ്ദേഹമല്ലേ. അവിടത്തെ ജീവിതം അത്ര സുഖകരമായിരുന്നോ?
നിർമാതാവ് ജോക്കുട്ടനിലൂടെയാണ് എനിക്ക് സിനിമയിലേക്കുള്ള വാതിൽ തുറന്നിടുന്നത്. ’80കളിൽ എനിക്കു മുമ്പേ സിനിമാ മോഹവുമായി ജോക്കുട്ടൻ കോടമ്പാക്കത്തേക്ക് വണ്ടി കയറിയിരുന്നു. അസി. ഡയറക്ടറാകണമെന്ന ലക്ഷ്യത്തോടെയാണ് ചെന്നതെങ്കിലും കാര്യങ്ങൾ ശരിയാംവിധം നടന്നില്ല. സിനിമയെടുത്തെങ്കിലും സാമ്പത്തിക വിജയമുണ്ടായില്ല. പിന്നീട് സിനിമാമോഹം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ജോക്കുട്ടനും ഞാനും ഓരേ നാട്ടുകാരാണ്. ചെറുപ്പംതൊട്ടേ ഞങ്ങൾ തമ്മിൽ അടുത്ത പരിചയമാണ്. സിനിമയോടുള്ള എന്‍റെ അതിയായ താൽപര്യം കണ്ട് അന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ‘‘നിന്നെ ഞാൻ ചെന്നൈയിലേക്ക് കൊണ്ടുപോകാം. അവിടെവെച്ച് പല പ്രമുഖരെയും കാണാം, പരിചയപ്പെടാം, സൗഹൃദമുണ്ടാക്കി അതുവഴി സിനിമയിലെത്താം.’’ ആ വാക്കുകളിലൂടെ എന്നിൽ പടർന്ന ധൈര്യവും ആത്മവിശ്വാസവും കുറച്ചധികം തന്നെയായിരുന്നു. അങ്ങനെയാണ് കൗമാര പ്രായത്തിൽ ഞാൻ ചെന്നൈയിലേക്ക് വണ്ടി കയറിയത്. അഭിനയം എന്നത് അന്ന് എന്‍റെ മനസ്സിൽപോലുമുണ്ടായിരുന്നില്ല. സിനിമ പഠിക്കണമെന്നും സംവിധാനംചെയ്യണമെന്നുമായിരുന്നു ഉദ്ദേശ്യം. ചെെന്നെയിൽ പുതിയ ലോകമായിരുന്നെങ്കിലും ദാരിദ്ര്യവും കഷ്ടപ്പാടും ആവോളമുണ്ടായിരുന്നു. ജോക്കുട്ടനാണ് സാമ്പത്തികമായി സഹായം നൽകിയത്. നമ്മൾ പതിവായി കേൾക്കുന്ന കോടമ്പാക്കം കഥകളിലെ ഏടുപോലെ, ആ ഒന്നര വർഷക്കാലത്തെ അനുഭവത്തിലൂടെ ജീവിതം ശരിക്കും പഠിച്ചു. നാട്ടിൽ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലെങ്കിലും കോടമ്പാക്കത്ത് പട്ടിണി കിടന്നു, പൈപ്പ് വെള്ളം കുടിച്ചു. കീശയിൽ മിച്ചംവെച്ച അവസാന നാണയത്തുട്ടും തീർന്നപ്പോൾ നാട്ടിലേക്ക് തിരിച്ചാലോ എന്നുവരെ ചിന്തിച്ചു.
നിർമാതാവ് ജോക്കുട്ടനൊപ്പം ജോണി ആന്‍റണി
ചെെന്നെയിൽ സൂപ്പർവൈറ്റ് കച്ചവടക്കാരനായും ജീവിക്കേണ്ടി വന്നല്ലോ?
ചെന്നെയിൽ ഇടുങ്ങിയ ജീവിതത്തിനിടെ സാമ്പത്തികമായി ജോക്കുട്ടനെ നിരന്തരം ആശ്രയിക്കാൻ മടി വന്നപ്പോൾ സൈക്കിളെടുത്ത് കച്ചവടത്തിനിറങ്ങി. താമസിച്ച റൂമിന് തൊട്ടടുത്ത് നാണുവേട്ടൻ എന്നയാളുടെ സൂപ്പർവൈറ്റ് കടയുണ്ടായിരുന്നു. ഒരു ഡസൻ സൂപ്പർവൈറ്റ് വിറ്റാൽ ആറുരൂപ വീതം കിട്ടും. അങ്ങനെ 10 ഡസൻ സൈക്കിളിൽ വെച്ചുകെട്ടി പോയി വിൽപന നടത്തും. അങ്ങനെ വിറ്റാൽ ആ ദിവസം 60 രൂപ കിട്ടും. മാസത്തിൽ കുറച്ചുദിവസം സൂപ്പർവൈറ്റ് കച്ചവടവുമായി സൈക്കിളിൽ കറങ്ങും. ബാക്കി ദിവസം സിനിമയിൽ ചാൻസ് ചോദിച്ചും നടക്കും. കച്ചവടത്തിന് പോയി കിട്ടിയ പണം ചാൻസ് ചോദിച്ച് പോയി തീരുമ്പോൾ വീണ്ടും സൂപ്പർവൈറ്റുമെടുത്ത് സൈക്കിളുമായി റോഡിലിറങ്ങും. ഇതിനിടയിൽ ജോക്കുട്ടനെ കാണുമ്പോൾ നല്ല ഭക്ഷണം വാങ്ങിത്തരും, അത്യാവശ്യം ചെലവിനുള്ള കാശും. ജീവിതം പിന്നെയും മുന്നോട്ടു പോകവെ ജോക്കുട്ടൻ പറയുന്ന ആളുകൾക്കടുത്തെല്ലാം ഓടിച്ചെന്ന് ചാൻസ് ചോദിച്ചുകൊണ്ടിരുന്നു. ഒന്നും ശരിയായില്ല. എങ്കിലും തളർന്നില്ല, നിരാശനുമായില്ല. ശ്രമം വീണ്ടും തുടർന്നു.
ആദ്യ സിനിമ സംഭവിക്കുന്നു. കാമറ മുന്നിലും പിന്നിലും പ്രഗൽഭരായ സിനിമ പ്രവർത്തകർ. വെല്ലുവിളികളെ എങ്ങനെ നേരിട്ടു?
ചാൻസ് ചോദിച്ച് നടക്കുന്നതിനിടെ, കഷ്ടപ്പാടിന് ആശ്വാസമായും ലക്ഷ്യത്തിലേക്കുള്ള സുവർണാവസരമായും എനിക്കുമുന്നിൽ ഒരു മാർഗം തെളിഞ്ഞു. ചെെന്നെയിൽ അന്ന് താമസിച്ച സ്ഥലത്തിനടുത്ത് ഒരു അസോസിയേറ്റ് ഡയറക്ടറുണ്ടായിരുന്നു. അദ്ദേഹത്തിലൂടെ സംവിധായകൻ കെ.ജി. രാജശേഖരനെ പരിചയപ്പെടാൻ അവസരമുണ്ടായി. അദ്ദേഹമൊരു സിനിമ ചെയ്യുന്നുണ്ടായിരുന്നു. ‘സിംഹധ്വനി’ എന്ന പേരിട്ട ആ സിനിമക്ക് പിന്നിൽ പ്രവർത്തിക്കാൻ അദ്ദേഹം എനിക്ക് അവസരം തന്നു. അങ്ങനെ ആദ്യമായി ചെെന്നെയിൽ വെച്ച് ഒരു സിനിമയുടെ ചിത്രീകരണം കാണാൻ ഭാഗ്യമുണ്ടായി.
തിലകൻ, സുരേഷ് ഗോപി, ഉർവശി, ശാരി, എം.ജി. സോമൻ, മാള അരവിന്ദൻ തുടങ്ങിയവരാണ് ‘സിംഹധ്വനി’യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെ.ജി. രാജശേഖരന്‍റെ കഥക്ക് പാപ്പനംകോട് ലക്ഷ്മണൻ സംഭാഷണമൊരുക്കി. അംരാജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പത്മജ തമ്പിയാണ് ചിത്രം നിർമിച്ചത്. സിനിമയിൽ ഞാൻ അസിസ്റ്റന്‍റ് ഡയറക്ടറായി ഒമ്പത് ദിവസം പ്രവർത്തിച്ചു. എം.ജി.ആറിന്‍റെ സത്യ സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിങ്. ആദ്യമായി ഉർവശി ചേച്ചിയുടെ ഒരു പാട്ട് സീനാണ് അവിടെവെച്ച് ചിത്രീകരിച്ചത്. സിനിമയൊരുക്കലിന്‍റെ ബാലപാഠങ്ങൾ മനസ്സിലാക്കി തന്ന ആ ചിത്രത്തിലൂടെ പിന്നീട് പുതിയ അവസരങ്ങളും എന്നെത്തേടി വന്നു. അന്നും സഹായത്തിന് ജോക്കുട്ടൻ എന്‍റെ ചാരത്തുതന്നെയുണ്ടായിരുന്നു.
അസി. ഡയറക്ടറായി കൂടുതൽ സിനിമകൾ ചെയ്തത് സംവിധായകൻ തുളസീദാസിനൊപ്പമായിരുന്നല്ലോ. ‘ചാഞ്ചാട്ടം’ അതിന്‍റെ തുടക്കവും?
മലയാളത്തിൽ എണ്ണം പറഞ്ഞ നല്ല സിനിമകൾ ചെയ്ത് സംവിധായകൻ തുളസീദാസ് സാറുമായി അന്ന് ജോക്കുട്ടന് പരിചയമുണ്ടായിരുന്നു. ആ പരിചയത്തിന് പുറത്താണ് തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയുടെ തിരക്കഥയിലും സംഭാഷണത്തിലും തുളസീദാസ് സാർ സംവിധാനംചെയ്ത ‘ചാഞ്ചാട്ടം’ സിനിമയിൽ അസി. ഡയറക്ടറായി അവർക്കൊപ്പം പിന്നീട് ഞാൻ ചേർന്നത്. ശ്രീമൂലനഗരം തങ്കപ്പൻ, ശ്രീകണ്ഠൻ വെഞ്ഞാറമ്മൂട് എന്നിവരാണ് എനിക്കൊപ്പം അസി. ഡയറക്ടർമാരായി ഉണ്ടായിരുന്നത്. ജയറാം, ഉർവശി, ശങ്കരാടി, അടൂർ ഭവാനി, സിദ്ദീഖ്, ജഗതി, മനോജ് കെ. ജയൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി വന്ന ഈ ചിത്രത്തിന് ജനശ്രദ്ധ നേടാനായി.പിന്നീട് തുളസീദാസ് സാർ സംവിധാനംചെയ്ത മിക്ക സിനിമകൾക്ക് പിന്നിലും അസി. ഡയറക്ടറായി ഞാനുമുണ്ടായിരുന്നു.
‘പൂച്ചയ്ക്കാരു മണി കെട്ടും’, ‘ഏഴരപ്പൊന്നാന’,‘കൺഗ്രാജുലേഷൻസ് മിസ്സ് അനിതാ മേനോൻ’, ‘മലപ്പുറം ഹാജി മഹാനായ ജോജി’, ‘ശുദ്ധമദ്ദളം’, ‘മാണിക്യച്ചെമ്പഴുക്ക’, ‘സുന്ദരി നീയും സുന്ദരൻ ഞാനും’, ‘മിന്നാമിനുങ്ങിനും മിന്നുകെട്ട്’, ‘കുങ്കുമച്ചെപ്പ്’, ‘ആയിരം നാവുള്ള അനന്തൻ’, ‘കിലുകിൽ പമ്പരം’, ‘മായപ്പൊന്മാൻ’ എന്നീ സിനിമകളെല്ലാം ഞാൻ തുളസീദാസ് സാറിനൊപ്പം ചേർന്ന് പ്രവർത്തിച്ചതാണ്.
ഇടവേളക്ക് ശേഷം ജോക്കുട്ടൻ ‘വർണ്ണപ്പകിട്ട്’ എടുത്തല്ലോ. അതിൽ പങ്കുചേരാനായോ ?
ചെയ്ത സിനിമ പരാജയപ്പെട്ട് നിക്കക്കള്ളിയില്ലാതെ വന്നപ്പോൾ ജോക്കുട്ടൻ സിംഗപ്പൂരിലേക്ക് പുറപ്പെടുകയായിരുന്നു. അവിടെ ചെന്ന് ബിസിനസ് ചെയ്ത് കാശു സമ്പാദിച്ച് പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. 1997ൽ സിംഗപ്പൂരിന്‍റെ പശ്ചാത്തലത്തിൽ മോഹൻലാൽ-മീന ജോഡികളെ കേന്ദ്ര കഥാപാത്രമാക്കി ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രമാണ് ‘വർണ്ണപ്പകിട്ട്’. ജോക്കുട്ടനാണ് ഈ സിനിമ നിർമിച്ചത്. കഥയും അദ്ദേഹത്തിന്‍റേതു തന്നെയായിരുന്നു. സിനിമ അന്ന് ജനശ്രദ്ധ നേടിയതിനൊപ്പം സാമ്പത്തികമായും വിജയിച്ചു. എന്നാൽ ആ സിനിമക്കൊപ്പം ചേരാൻ എനിക്ക് ഭാഗ്യമുണ്ടായില്ല. അതിനുമുമ്പ് 1992ൽ സിദ്ദീഖ്, ജഗദീഷ്, സായികുമാർ, മാള അരവിന്ദൻ, ബാബു നമ്പൂതിരി, രേണുക, സുമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോക്കുട്ടന്‍റെ കഥയിൽ തുളസീദാസ് സാർ സംവിധാനംചെയ്ത ‘കൺഗ്രാജുലേഷൻസ് മിസ്സ് അനിതാ മേനോൻ’ എന്ന സിനിമക്ക് പിന്നിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. ജോക്കുട്ടൻ എന്നോട് പറയുമായിരുന്നു, നീ എന്നെ പോലെയാകാതെ സിനിമയിൽതന്നെ പിടിച്ചുനിൽക്കണം. നല്ല സാമ്പത്തിക ലാഭമുള്ള സിനിമകൾ ചെയ്യണം എന്നെല്ലാം.
സിനിമയിൽ ഇന്ന് കാണുന്ന പല കോമഡി രംഗങ്ങളും കോപ്രായത്തരങ്ങളായി തരംതാണിട്ടുണ്ടല്ലോ. മലയാള സിനിമയിൽ കോമഡിക്ക് ക്ഷാമമുണ്ടോ?
തമാശ കടലാസിൽ എഴുതിപ്പിടിപ്പിക്കുന്നതുപോലെ അത്ര എളുപ്പമല്ല, അത് അഭിനയത്തിലേക്ക് കൊണ്ടുവരാനും നടീ നടന്മാരെ കൊണ്ട് അഭിനയിപ്പിച്ച് ഫലിപ്പിക്കാനും. പിന്നീട് തിയറ്ററിൽനിന്ന് പ്രേക്ഷകന്‍റെ കൈയടി നേടാനും നല്ല മിടുക്കുതന്നെ വേണം. സംവിധായകൻ ഉദ്ദേശിച്ചതെന്തോ അത് കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ കോമഡി ദുരന്തമാകും. കൈയടിക്കു പകരം കൂക്കിവിളിയാകും സദസ്സ് തിരിച്ചു നൽകുക. അതുകൊണ്ട് കൃത്യമായൊരു പഠനം അനിവാര്യമാണ്. പ്രേക്ഷകന്‍റെ അഭിരുചി മനസ്സിലാക്കി നിലവിലെ സാമൂഹിക പരിസ്ഥിതി എന്താണെന്ന് ബോധ്യപ്പെട്ട് മാത്രമേ കോമഡി ചെയ്യാൻ മുതിരാവൂ എന്നാണ് എനിക്ക് പറയാനുള്ളത്. കുട്ടിക്കാലത്ത് കണ്ടതും ഇഷ്ടപ്പെട്ടതും കൂടുതലും ഹാസ്യകഥാപാത്രങ്ങളെയായിരുന്നു. അതിൽതന്നെ അന്ന് തിളങ്ങിനിന്ന അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, എസ്.പി. പിള്ള, പിന്നീട് ജഗതി ശ്രീകുമാർ, മാള അരവിന്ദൻ, കുതിരവട്ടം പപ്പു തുടങ്ങിയവരുടെയും കോമഡി സിനിമകൾ വല്ലാതെ ആകർഷിച്ചിട്ടുണ്ട്.
’90കളുടെ തുടക്കത്തിൽതന്നെ കോമഡി സിനിമകൾ മലയാളത്തിൽ സജീവമായി വരികയും പ്രേക്ഷകശ്രദ്ധ ലഭിക്കുകയും ചെയ്തതോടെ തമാശ സിനിമകൾ ചെയ്യാൻ സംവിധായകർ തയാറായി. കൂടുതൽ കോമഡി സിനിമകൾ പുറത്തിറങ്ങുകയും ചെയ്തു. തമാശ നായകന്മാരും നടിമാരും വരികയും എത്ര സീരിയസ് സബ്ജക്ട് ആയാലും ഒരു കോമഡി രംഗമെങ്കിലും ആ സിനിമയിൽ ഉൾപ്പെടുത്താൻ പിന്നണി പ്രവർത്തകർ നിർബന്ധിതമാകുന്ന സാഹചര്യവുമുണ്ടായി. അതൊരുപക്ഷേ എന്‍റെ സിനിമ ജീവിതത്തിനും മുതൽക്കൂട്ടായിട്ടുണ്ട്. കാലങ്ങൾ കഴിഞ്ഞ് സ്വതന്ത്ര സംവിധാന രംഗത്തേക്ക് വന്നതും ‘സി.ഐ.ഡി മൂസ’യടക്കം ചെയ്തതും നല്ല തമാശ ഇഷ്ടപ്പെടുന്നവർ എന്നെ കൈവിടില്ലെന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടും കൂടിയാണ്.
അടൂർ ഗോപാലകൃഷ്ണൻ,ഹരിഹരൻ,കെ.ജി. രാജശേഖരൻ,തുളസീദാസ്
സി.ഐ.ഡി മൂസ പോലുള്ള സിനിമയെ കുറിച്ച് കോമാളി പടം എന്ന് പറഞ്ഞ് ആക്ഷേപിച്ചവർ തന്നെ പിൽക്കാലത്ത് അതിനെ പുകഴ്ത്തി പറയുകയും ചെയ്തിട്ടുണ്ട്. ബുദ്ധി ജീവികളാണോ കോമഡിക്കാരുടെ വില്ലൻ?
ആദ്യ സിനിമ ‘സി.ഐ.ഡി മൂസ’ ഗംഭീര വിജയമായെങ്കിലും തമാശ സിനിമ എന്ന നിലയിലാണ് പലരുമതിനെ തുടക്കത്തിൽ സ്വീകരിച്ചത്. എന്നാൽ, ആ തമാശയൊരുക്കിയതിന് പിന്നിൽ വലിയൊരു പരിശ്രമംകൂടിയുണ്ടെന്നും അത് തള്ളിക്കളയേണ്ടതില്ലെന്നും മുതിർന്ന സംവിധായകർ പറഞ്ഞപ്പോഴാണ് മൂസയിലെ തമാശ സാധ്യതകൾ സാധാരണ പ്രേക്ഷകർക്കപ്പുറത്ത് നിൽക്കുന്നവരും തിരിച്ചറിഞ്ഞത്. ‘മൂസ’ വെറുമൊരു തമാശ ചിത്രമല്ലെന്നും അതിനു പിന്നിലെ നല്ല ചിന്തയെ അംഗീകരിക്കേണ്ടതുണ്ടെന്നും പറഞ്ഞവരാണ് മലയാളത്തിലെ എക്കാലത്തെയും അറിയപ്പെടുന്ന സംവിധായകരായ അടൂർ ഗോപാലകൃഷ്ണനും ഹരിഹരനും. ‘മൂസ’ക്ക് പിന്നിലെ കഠിനശ്രമത്തിന് കിട്ടിയ അംഗീകാരംകൂടിയാണ് ആ സിനിമക്ക് ലഭിച്ച സംസ്ഥാന അവാർഡുകൾ. അവാർഡ് പ്രഖ്യാപന സമയത്ത് ജൂറി അംഗമായിരുന്ന ഹരിഹരൻ സാറടക്കമുള്ളവർ പറഞ്ഞതും ഞാൻ മുകളിൽ പറഞ്ഞ ആ നല്ല വാക്കുകൾ തന്നെയാണ്.
ഇതുമായി ചേർത്തുവെക്കുന്ന അഭിപ്രായമായിരുന്നു അടൂർ ഗോപാലകൃഷ്ണൻ സാറിന്‍റേതും. ദിലീപ് അഭിനയിച്ച സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ‘സി.ഐ.ഡി മൂസ’യാണെന്നാണ് അദ്ദേഹം ഒരു പൊതുവേദിയിൽവെച്ച് പറഞ്ഞത്. അദ്ദേഹത്തെ പോലുള്ള ലെജൻഡ് ‘മൂസ’യെ കാണാൻ ശ്രമിച്ചു എന്നതുതന്നെ വലിയ അംഗീകാരമാണ്. ഈ വാക്കുകൾ അവാർഡുകൾക്കും എത്രയോ മുകളിൽ നിൽക്കും. ‘മൂസ’യെ അംഗീകരിച്ചാൽ ബുദ്ധിയില്ലാത്തവരാകുമോ എന്നൊരു ചിന്ത ആദ്യ സമയത്ത് സിനിമ ബുദ്ധിജീവികൾക്കുണ്ടായിരുന്നു. എന്നാൽ, ഈ രണ്ടുപേരുടെ പരാമർശം വന്നതിനു ശേഷം അത്തരം ബുദ്ധിജീവികളും ‘മൂസ’യെ ഇഷ്ടപ്പെട്ടു എന്നതാണ് യാഥാർഥ്യം. ഒരിക്കൽ അടൂർ സാർ ഇരിക്കുന്ന വേദിയിൽ വെച്ച് ഞാൻ പറഞ്ഞതാണ്. അടൂർ സാർ ‘സി.ഐ.ഡി മൂസ’യെ കുറിച്ച് നല്ലത് പറഞ്ഞതിനു ശേഷമാണ് എന്‍റെ സിനിമക്ക് നിലയും വിലയുമുണ്ടായതെന്ന്. അതു കേട്ടപ്പോൾ അദ്ദേഹം ഉറക്കെ ചിരിക്കുകയായിരുന്നു. സദസ്സിൽനിന്ന് ഗംഭീര കരഘോഷവും.
മനപ്പൂർവം ചിരിക്കാതിരിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
‘സി.ഐ.ഡി മൂസ’യെടുക്കുമ്പോൾ ഞാൻ ചിന്തിച്ചത് ആളുകൾ ചിരിക്കണം, മുഴുനീളെ ആസ്വദിച്ച് തിയറ്ററിലിരിക്കണം എന്നത് മാത്രമാണ്. ആ തലത്തിൽ സിനിമ വിജയിക്കുകയും ഇന്നും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി നിൽക്കുകയും ചെയ്യുന്നത് അതിലെ ഹ്യൂമർ വർക്കായി എന്നതുകൊണ്ടാണ്. ചില ആളുകൾ പെട്ടെന്ന് ചിരിക്കും, ചിലർ എത്ര തമാശ കേട്ടാലും ചിരിക്കില്ല, ചിലർക്ക് ചില മുഖചലനങ്ങൾ മതി, അവർ മതിമറന്ന് ചിരിക്കും. അങ്ങനെ മുഖത്ത് ഭാവരസങ്ങൾ കൊണ്ടുവന്ന് ആളുകളെ കുടുകുടാ ചിരിപ്പിച്ച അഭിനയപ്രതിഭയാണ് ജഗതി ശ്രീകുമാർ. അദ്ദേഹമുണ്ടാക്കുന്ന രസങ്ങൾക്ക് ജീവനും പുതുമയും കരുത്തുമുണ്ട്. ആ കരുത്താണ് അദ്ദേഹത്തിന്‍റെ കോമഡി രംഗങ്ങളെ സമൂഹമാധ്യമങ്ങളിൽ ഇന്നും വൈറലാക്കുന്നത്. എല്ലാവരും പറയുന്നതാണല്ലോ, കൊമേഡിയന് കരയാൻ അവകാശമില്ലെന്നും ചിരിപ്പിക്കലാണ് അയാളുടെ ജോലിയും ലക്ഷ്യവുമെന്നും. ഇങ്ങനെ ദാരിദ്ര്യം മറച്ചുപിടിച്ച്, നിലനിൽപിനുവേണ്ടി കാമറക്കു മുന്നിൽ ആടിത്തകർത്ത തമാശകൾക്ക് ആജീവനാന്ത ഗാരന്റിയാണ്. അവ ആയുസ്സിനെയും ജന്മങ്ങളെയും മറികടന്ന് മുന്നേറുകതന്നെ ചെയ്യും. മനപ്പൂർവം ചിരിക്കാതിരിക്കാൻ ശ്രമിക്കാം, എന്നാൽ ഉള്ളിന്‍റെയുള്ളിൽ ഒരാൾക്ക് നിങ്ങളെ ചിരിപ്പിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് ചിരിച്ചുകൊണ്ട് തീർത്തേ മതിയാകൂ.