‘‘ആ ബിൽ അവതരിപ്പിച്ചത് ആദിവാസികൾക്ക് നന്മ വരണം എന്ന ഉദ്ദേശ്യത്തോടുകൂടി’’; കെ.ഇ. ഇസ്മയിൽ പ്രതികരിക്കുന്നു

മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1313, 1314) മുൻ മന്ത്രി എ.കെ. ബാലൻ 1996ലെ ആദിവാസി ഭൂനിയമ ഭേദഗതിയെക്കുറിച്ചും ആദിവാസി ഭൂമിയെക്കുറിച്ചും നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് സി.പി.െഎ നേതാവും മുൻ റവന്യൂ മന്ത്രിയുമായിരുന്ന കെ.ഇ. ഇസ്മയിൽ സംസാരിക്കുന്നു. അന്നത്തെ നിയമഭേദഗതിയോട് യോജിപ്പുണ്ടായിരുന്നില്ലെന്നും അന്ന് കെ.ആർ. ഗൗരിയമ്മയായിരുന്നു ശരിയെന്നുമുള്ള എ.കെ. ബാലന്റെ പ്രസ്താവനകളോടും ഇസ്മയിൽ പ്രതികരിക്കുന്നു.കേരളത്തിന്റെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1313, 1314) മുൻ മന്ത്രി എ.കെ. ബാലൻ 1996ലെ ആദിവാസി ഭൂനിയമ ഭേദഗതിയെക്കുറിച്ചും ആദിവാസി ഭൂമിയെക്കുറിച്ചും നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് സി.പി.െഎ നേതാവും മുൻ റവന്യൂ മന്ത്രിയുമായിരുന്ന കെ.ഇ. ഇസ്മയിൽ സംസാരിക്കുന്നു. അന്നത്തെ നിയമഭേദഗതിയോട് യോജിപ്പുണ്ടായിരുന്നില്ലെന്നും അന്ന് കെ.ആർ. ഗൗരിയമ്മയായിരുന്നു ശരിയെന്നുമുള്ള എ.കെ. ബാലന്റെ പ്രസ്താവനകളോടും ഇസ്മയിൽ പ്രതികരിക്കുന്നു.
കേരളത്തിന്റെ ചരിത്രത്തിൽ ആദിവാസികൾക്കുവേണ്ടി നടന്നത് മൂന്ന് നിയമ നിർമാണങ്ങളാണ്. 1975ൽ കേന്ദ്രസർക്കാറിന്റെ നിർദേശപ്രകാരം സംസ്ഥാനത്ത് അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചുപിടിക്കുന്നതിനായി നിയമനിർമാണം നടത്തി. പിന്നീട് 1996, 1999 എന്നീ വർഷങ്ങളിൽ നിയമസഭ ഭേദഗതി പാസാക്കി. ഇതിൽ രണ്ടുതവണയും ബിൽ അവതരിപ്പിച്ചത് റവന്യൂ മന്ത്രി എന്നനിലയിൽ കെ.ഇ. ഇസ്മയിലാണ്. ഈ നിയമനിർമാണത്തിന്റെ പേരിലാണ് ചരിത്രത്തിൽ അദ്ദേഹത്തെ അടയാളപ്പെടുത്തുക.
1975നു ശേഷം ഇടതുപക്ഷത്തിന് അധികാരം കിട്ടിയപ്പോഴൊക്കെ സി.പി.ഐ ആയിരുന്നു റവന്യൂ വകുപ്പ് കൈകാര്യംചെയ്തിരുന്നത്. സി.പി.ഐയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായിരിക്കുമ്പോഴാണ് 1996ൽ കെ.ഇ. ഇസ്മയിൽ നിയമസഭയിലേക്ക് മത്സരിച്ചത്. അതിനാൽ, റവന്യൂ വകുപ്പ് ഇസ്മയിലിന്റെ കൈയിലെത്തി. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിച്ചു നൽകണമെന്ന് ഹൈകോടതി ഉത്തരവിട്ട കാലത്താണ് അദ്ദേഹം റവന്യൂ മന്ത്രിയായത്. കോടതിയലക്ഷ്യം നേരിട്ട സർക്കാറിന് മുന്നിൽ നിയമനിർമാണം അനിവാര്യമായി വന്നു. അടിയന്തരമായി നിയമനിർമാണം അല്ലാതെ മറ്റു പോംവഴി ഉണ്ടായിരുന്നില്ല. 1996ൽ നിയമസഭയിൽ ബിൽ അവതരിപ്പിച്ച് പാസാക്കി. അത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ ഒമ്പതാമത് രാഷ്ട്രപതിയായിരുന്ന ഡോ. ശങ്കർ ദയാൽ ശർമ തിരിച്ചയച്ചു. എന്നാൽ, പ്രസിഡന്റിന്റെ കൈയൊപ്പില്ലാതെ വളഞ്ഞ വഴിയിലൂടെ നിയമനിർമാണത്തിന് മുന്നണി ഭേദമില്ലാതെ ചർച്ച നടത്തി. കൃഷിഭൂമിയുടെ രീതിയിലേക്ക് മാറ്റിയാൽ പ്രസിഡന്റിന്റെ അനുമതിയുടെ ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചു. 1999ൽ വീണ്ടും നിർമാണം നടത്തി. നിയമസഭയിൽ കെ.ആർ. ഗൗരിയമ്മ ഒഴികെയുള്ള 139 എം.എൽ.എമാരും അനുകൂലമായി കൈപൊക്കി. ആദിവാസി വിഭാഗത്തെ പ്രതിനിധാനം ചെയ്ത എം.എൽ.എപോലും അന്ന് നിയമനിർമാണത്തെ എതിർത്തില്ല.
1999ലെ നിയമപ്രകാരം ആദിവാസികൾക്ക് അന്യാധീനപ്പെട്ട ഭൂമി അവർ താമസിക്കുന്ന പ്രദേശത്തുതന്നെ നഷ്ടപ്പെട്ട ഭൂമിക്ക് തത്തുല്യമായ ഭൂമി, വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി സർക്കാർ പൊന്നുംവിലയ്ക്ക് വാങ്ങി വിതരണം ചെയ്യുമെന്ന് ആദിവാസികൾക്ക് വാഗ്ദാനം നൽകിയാണ് നിയമസഭയിൽ കെ.ഇ. ഇസ്മയിൽ ബിൽ അവതരിപ്പിച്ചത്.
ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയുടെ വിഷയത്തിൽ കെ.ആർ. ഗൗരിയമ്മയുടെ നിലപാടായിരുന്നു ശരിയെന്ന് സി.പി.എം നേതാവായ എ.കെ. ബാലൻ ‘മാധ്യമം ആഴ്ചപ്പതിപ്പി’നുവേണ്ടി നടത്തിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. അതിനെ തുടർന്നാണ് നിയമനിർമാണത്തിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ച മുൻ മന്ത്രി കെ.ഇ. ഇസ്മയിൽ പലതും തുറന്നുപറയുന്നത്.
രാജ്യത്തിന്റെ ചരിത്രത്തിൽതന്നെ അപൂർവമായൊരു നിയമനിർമാണം നടത്തിയ മന്ത്രിയായിരുന്നോ കെ.ഇ. ഇസ്മയിൽ. അതിലേക്ക് നയിച്ച കാരണമെന്തായിരുന്നു?
അടിയന്തരാവസ്ഥ കാലത്താണ് 1975ലെ കേരള പട്ടികവർഗ (ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കലും) നിയമം പാസാക്കിയത്. അത് കേന്ദ്രസർക്കാറിന്റെ പ്രത്യേക നിർദേശം അനുസരിച്ചാണ് തയാറാക്കിയതും പാസാക്കിയതും. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി അവർക്ക് തന്നെ തിരിച്ചുപിടിച്ചു കൊടുക്കണം എന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി നൽകിയ നിർദേശം. അതിന്റെ അടിസ്ഥാനത്തിൽ മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരള നിയമസഭയും നിയമം പാസാക്കി. ആദിവാസികളുടെ ഭൂമി ധാരാളമായി മറ്റുള്ളവർ കൈയേറി എന്നത് വസ്തുതയാണ്. പലരും പ്രലോഭനങ്ങളിലൂടെയാണ് ഭൂമി തട്ടിയെടുത്തത്. ചാരായവും പുകയിലയും ഒക്കെ ആദിവാസികൾക്ക് വാങ്ങിക്കൊടുത്ത് ഭൂമി കൈവശപ്പെടുത്തിയവരുമുണ്ട്. അതേസമയം, ആദിവാസി ഭൂമി വിലകൊടുത്തു വാങ്ങിയവരും ഉണ്ടായിരുന്നു. ആദിവാസികൾ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നിരന്തരം കാട്ടിൽ സഞ്ചരിച്ച് ജീവിക്കുന്നവരായതിനാൽ അവർ പരാതികളുമായി ആദ്യകാലത്ത് സർക്കാറിനെ സമീപിച്ചില്ല. സ്ഥിരവാസം ഉറപ്പിക്കുകയും കൃഷിചെയ്യുകയും ചെയ്തിരുന്ന വിഭാഗങ്ങളുടെ ഭൂമി കാര്യമായി നഷ്ടപ്പെട്ടിട്ടില്ല.

കെ.ഇ. ഇസ്മയിൽ
ആ നിരീക്ഷണത്തിൽ പിശകില്ലേ. അട്ടപ്പാടിയിലെ ആദിവാസികളിൽ ഇരുളവിഭാഗത്തിനാണ് ഏറെ ഭൂമി നഷ്ടപ്പെട്ടത്. അവർ സ്ഥിരവാസമുറപ്പിച്ച് കൃഷി ചെയ്തുപോകുന്ന സമൂഹമായിരുന്നു. പുഴകളോടു ചേർന്ന് കൃഷിചെയ്തിരുന്ന സമതലപ്രദേശങ്ങളിലാണ് അവർക്ക് ഏറെ ഭൂമി നഷ്ടപ്പെട്ടത്. പുഴയുടെ തീരങ്ങളിൽ നല്ല വിളഭൂമിയായിരുന്നു?
എല്ലാ ആദിവാസി വിഭാഗങ്ങളുടെയും ഭൂമി നഷ്ടപ്പെട്ടിരുന്നു. അത് പലരീതിയിലാണ് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനായിരുന്നു 1975ൽ നിയമം പാസാക്കിയത്. എന്നാൽ, നിയമം നടപ്പാക്കാൻ സർക്കാറുകൾ തയാറായില്ല. ആ ബാധ്യത സർക്കാർ നിറവേറ്റിയില്ല. 1975ലെ നിയമം ഭരണഘടനാപരമായി ശരിയായിരുന്നു. നിയമസഭയിൽ ആരും ആ നിയമത്തെ എതിർക്കാൻ ഉണ്ടായിരുന്നില്ല. നിയമം പാസാക്കുമ്പോൾ രാഷ്ട്രീയ കക്ഷികൾ വിയോജിപ്പ് പ്രകടിപ്പിച്ചില്ല.
1975ലെ കേന്ദ്ര നിർദേശത്തെ ആർക്കും എതിർക്കാൻ കഴിയുമായിരുന്നില്ല എന്നതല്ലേ ശരി? എന്നാൽ, ചട്ടമുണ്ടാക്കാൻ കാലതാമസം നേരിട്ടതിനു കാരണം എന്താണ്? നിയമം നടപ്പാക്കാൻ സർക്കാർ വിസമ്മതിച്ചത് എന്താണ്?
നിയമം പാസാക്കിയെങ്കിലും അത് നടപ്പാക്കുന്നതിന് ചട്ടമുണ്ടാക്കുന്നത് സംബന്ധിച്ച് ചർച്ചകൾ ഒന്നും സർക്കാർതലത്തിൽ നടന്നിരുന്നില്ല. ചട്ടം ഉണ്ടാക്കണമെന്ന് ഇക്കാലത്ത് രാഷ്ട്രീയ പാർട്ടികൾ ആരും ആവശ്യപ്പെട്ടില്ല. ഞാൻ ആദിവാസി മേഖലയിൽ പ്രവർത്തിച്ച ഒരു കമ്യൂണിസ്റ്റുകാരനാണ്. പാർട്ടിയിൽ വന്ന കാലം മുതൽ കർഷക തൊഴിലാളി രംഗത്തും ആദിവാസി മേഖലയിലുമായിരുന്നു പ്രവർത്തനം. അതിനാൽ, ആദിവാസികളുടെ പ്രശ്നം എനിക്ക് നല്ലപോലെ അറിയാം. അട്ടപ്പാടി മേഖലയിൽ കൊങ്ങശ്ശേരി കൃഷ്ണനുമായി ചേർന്ന് അക്കാലത്ത് നിരന്തരം പ്രവർത്തനം നടത്തിയിരുന്നു. അന്യാധീനപ്പെട്ട ആദിവാസിഭൂമി അവർക്ക് തിരിച്ചുപിടിച്ചു കൊടുക്കുന്ന കാര്യത്തിൽ വളരെ വാശിപിടിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനാണ് ഞാൻ. 1975ലെ നിയമം പാസാക്കുന്നതിനുവേണ്ടി നിരവധി സമരങ്ങൾ നേരത്തേ നടത്തിയിരുന്നു. അതിനാലാണ് ഞാൻ റവന്യൂ മന്ത്രിയായപ്പോൾ 1996ൽ നിയമം ഫലപ്രദമായി നടപ്പാക്കാൻ എന്താണ് വഴി എന്ന് അന്വേഷിച്ചത്. നടപടികൾ ഫലവത്താക്കാൻ എങ്ങനെ ഇടപെടാം എന്നാണ് ചിന്തിച്ചത്.
യഥാർഥത്തിൽ ഡോ. നല്ലതമ്പി തേരയുടെ നിയമ പോരാട്ടമല്ലേ സർക്കാറിന് പ്രതിസന്ധിയുണ്ടാക്കിയത്. 1975ലെ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഹരജിയിൽ ഹൈകോടതി ഇടപെട്ടതോടെയാണ് നിയമസഭയിൽ പുതിയ നിയമ ഭേദഗതി എത്തിയത്. ഹൈകോടതി സർക്കാറിന് ശക്തമായ താക്കീത് നൽകിയിരുന്നു. അതല്ലേ സത്യം?
ഹൈകോടതി അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കണമെന്ന് ഉത്തരവിട്ടത് 1996ലെ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്തല്ല. മുൻ സർക്കാറിന്റെ കാലത്താണ്. യു.ഡി.എഫ് സർക്കാർ കാര്യമായി ഒന്നും ചെയ്തിരുന്നില്ല. ഞാൻ റവന്യൂ മന്ത്രി ആയതിനുശേഷമാണ് നിയമനിർമാണത്തിനുള്ള ശ്രമം തുടങ്ങിയത്. കലക്ടർമാർ, ആർ.ഡി.ഒ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രശ്നം ചർച്ചചെയ്തു. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിന് വഴി എന്താണെന്ന് അവരുമായി ആലോചിച്ചു. ഹൈകോടതി ഉത്തരവ് പ്രകാരം ആദ്യം 1975ലെ നിയമം നടപ്പാക്കാനാണ് ശ്രമിച്ചത്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ വേണ്ടി പലയിടത്തും റവന്യൂ വകുപ്പ് നടപടികൾ തുടങ്ങി. ഭൂമി കൈവശംവെച്ചിരിക്കുന്നവരിൽനിന്ന് വലിയ എതിർപ്പുണ്ടായപ്പോഴാണ് പ്രശ്നം സങ്കീർണമാണെന്ന് സർക്കാർ തിരിച്ചറിഞ്ഞത്. അട്ടപ്പാടിയിലും മറ്റ് നിരവധി സ്ഥലങ്ങളിലും പൊലീസിനൊപ്പം എത്തിയ റവന്യൂ ഉദ്യോഗസ്ഥർക്ക് എതിർപ്പ് നേരിട്ടു. ആദിവാസി ഭൂമി തിരിച്ചുപിടിക്കാൻ എത്തിയ സ്ഥലങ്ങളിലൊക്കെ വലിയ കലാപം ഉണ്ടാകുമെന്നാണ് സർക്കാറിന് റിപ്പോർട്ട് ലഭിച്ചത്

ആഴ്ചപ്പതിപ്പിൽ (ലക്കം 1313, 1314) മുൻ മന്ത്രി എ.കെ. ബാലനുമായി ആർ. സുനിൽ നടത്തിയ അഭിമുഖത്തിന്റെ മുഖപേജ്
പല സ്ഥലത്തും വ്യക്തികളുടെ കൈവശമല്ല അന്യാധീനപ്പെട്ട ഭൂമി. ഉദാഹരണമായി അട്ടപ്പാടി താവളം എന്ന പ്രദേശത്തെ സർക്കാർ ഓഫിസുകൾ വരെ നിർമിച്ചിരിക്കുന്നത് ആദിവാസി ഭൂമിയിലാണ്. പട്ടണം എന്നറിയപ്പെടുന്ന ടൗൺ യഥാർഥത്തിൽ ആദിവാസികളുടെ ഭൂമിയായിരുന്നു. അവിടത്തെ സർക്കാർ സ്ഥാപനങ്ങൾ, പോസ്റ്റോഫിസ് ഉൾപ്പെടെ നിർമിച്ചിരിക്കുന്നത് ആദിവാസി ഭൂമിയിലാണ്. അട്ടപ്പാടിയിൽ സർക്കാർ സ്കൂളുകളും സ്വകാര്യ സ്കൂളുകളും പള്ളികളും ഒക്കെ നിർമിച്ചിരിക്കുന്നത് പലയിടത്തും ആദിവാസി ഭൂമിയിലാണ്. ക്രിസ്ത്യൻ പള്ളിയും മുസ്ലിം പള്ളിയും ഹിന്ദു ക്ഷേത്രങ്ങളും ആദിവാസി ഭൂമിയിലുണ്ട്. അങ്ങനെ പൊതുസ്ഥാപനങ്ങൾ വരെ ആദിവാസി ഭൂമിയിൽ നിലനിൽക്കുന്നു. അതൊക്കെ തിരിച്ചെടുക്കണം എന്നു പറഞ്ഞാൽ വലിയ പ്രശ്നമുണ്ടാവും. അതിനാലാണ് 1975ലെ നിയമം ഭേദഗതി വരുത്തണമെന്ന് തീരുമാനിച്ചത്.
അങ്ങനെയെങ്കിൽ പൊതുസ്ഥാപനങ്ങളെ ഒഴിവാക്കാൻ നിയമഭേദഗതി കൊണ്ടുവന്നാൽ മതിയായിരുന്നല്ലോ?
പൊതുസ്ഥാപനങ്ങൾപോലെ ചില വ്യക്തികളുടെ കൈയിലും വലിയതോതിൽ ഭൂമിയുണ്ടായിരുന്നു. 40 വർഷം മുമ്പ് ആദിവാസികളുടെ ഭൂമി വാങ്ങിയവരുണ്ട്. ചിലയിടങ്ങളിൽ എട്ടും പത്തും കൈമാറ്റം ചെയ്തശേഷമാണ് ഇപ്പോഴത്തെ ഉടമസ്ഥന്റെ കൈയിൽ ഭൂമിയെത്തിയത്. ആ ഭൂമി തിരിച്ചുപിടിക്കാൻ പ്രായോഗികമായി വലിയ ബുദ്ധിമുട്ടാണ്. ആദ്യകാലത്ത് ആദിവാസികളിൽനിന്ന് നിസ്സാര വിലയ്ക്ക് വാങ്ങിയതോ സമ്മർദം ചെലുത്തി വാങ്ങിയതോ ആയിരിക്കാം. ആദ്യം വാങ്ങിയവരുടെ കൈയിലല്ല ഇന്ന് ഭൂമി. അതിനുശേഷം ന്യായവില കൊടുത്ത് നിരവധി കൈമാറ്റം നടന്നതിനുശേഷമാണ് നിലവിലുള്ളയാളിന്റെ കൈവശം ഭൂമിയെത്തിയത്. അയാൾ എങ്ങനെയാണ് ഇതിൽ കുറ്റവാളിയാകുക.
എട്ടും പത്തും കൈമാറ്റം എന്നൊക്കെ പറയുന്നത് ഒറ്റപ്പെട്ട കേസുകളിൽ മാത്രമാണ്. അന്യാധീനപ്പെട്ട ഭൂമി നഷ്ടപ്പെട്ടത് സംബന്ധിച്ച് റവന്യൂ വകുപ്പ് ആധികാരികമായ എന്തെങ്കിലും പഠനം നടത്തിയിരുന്നോ? ഏത് പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദഗതിക്ക് ഒരുങ്ങിയത്?
സർക്കാർ അത്തരത്തിലൊരു പഠനവും നടത്തിയിട്ടില്ല. ആദിവാസി ഭൂമി നഷ്ടപ്പെട്ടത് സംബന്ധിച്ച പരാതികൾ സ്വീകരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
പ്രായോഗികമായി നടപ്പാക്കാൻ കഴിയാത്ത നിയമമാണെന്ന് വിലയിരുത്തിയത് എന്തുകൊണ്ടാണ്? ഏതു പഠനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അങ്ങനെ ഒരു വിലയിരുത്തൽ നടത്തിയത്? ഏറ്റവും അധികം ഭൂമി നഷ്ടപ്പെട്ടത് അട്ടപ്പാടിയിലെ ആദിവാസികൾക്കാണ്. 1960 മുതൽ നഷ്ടപ്പെട്ട ഭൂമി ഇപ്പോഴും പലയിടത്തും തരിശായി കിടക്കുകയാണ്. നിയമം നടപ്പാക്കുമ്പോൾ കൈയേറ്റ ഭൂമി കൈയേറ്റക്കാർ എന്തുചെയ്തു എന്നുകൂടി അന്വേഷിക്കേണ്ടതില്ലേ?
അങ്ങനെ സൂക്ഷ്മമായ പഠനമൊന്നും സർക്കാർ നടത്തിയിട്ടില്ല. എന്നാൽ, ഓരോ പരാതി കിട്ടുമ്പോഴും അത് പരിശോധന നടത്തിയിരുന്നു. അതിൽനിന്ന് ചില ഭൂമികൾ ഒരുകാരണവശാലും ഒഴിപ്പിക്കാൻ കഴിയില്ലെന്ന് റവന്യൂ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ആദിവാസി ഭൂമിയിൽ സർക്കാർ സ്കൂളുകളുണ്ട്. ചിലയിടങ്ങളിൽ പള്ളികളുണ്ട്. എൽ.ഡി.എഫ് സർക്കാർ വരുന്നതിനു തൊട്ടുമുമ്പ് നടന്ന കൈമാറ്റങ്ങൾ (രണ്ടോ മൂന്നോ വർഷം മുമ്പുള്ള കൈമാറ്റങ്ങൾ) ഭൂമി തിരിച്ചുപിടിച്ചു കൊടുത്തിട്ടുണ്ട്. കാലപ്പഴക്കം ഇല്ലാത്ത കൈമാറ്റം തിരിച്ചുപിടിച്ച് കൊടുക്കാൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ചെറിയ കേസുകൾ അക്കാലത്ത് പരിഹരിച്ചു. അങ്ങനെയുള്ള ഒരുപാട് കേസുകൾ ഉണ്ടാകില്ല. എന്നാൽ, ഭൂമി അന്യാധീനപ്പെട്ടുവെന്ന് പറയുന്ന കേസുകളിൽ അധികവും വളരെ കാലപ്പഴക്കം ചെന്ന കേസുകളാണ്. അത് തിരിച്ചുപിടിക്കുക എന്ന് പറയുന്നത് വളരെ പ്രയാസമാണ്. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഭൂമി തിരിച്ചു പിടിക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്കു മനസ്സിലായി.
ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് (1987) ഒറ്റപ്പാലം സബ് കലക്ടർ സുബ്ബയ്യന്റെ നേതൃത്വത്തിൽ ഭൂമി തിരിച്ചുപിടിക്കാൻ അട്ടപ്പാടിയിൽ ഉദ്യോഗസ്ഥരെത്തിയപ്പോൾ കൈയേറ്റക്കാർ തടഞ്ഞു. അന്ന് പൊലീസ് നോക്കിനിൽക്കെ സബ് കലക്ടറെ കൈയേറ്റംചെയ്ത അനുഭവമുണ്ടായി. ഇത് സംബന്ധിച്ച് നായനാർ നിയമസഭയിൽ മറുപടി നൽകിയത് ആദിവാസികളുടെ ഭൂമി തിരിച്ചുകൊടുത്തേ മതിയാകൂ എന്നാണ്...
ഇതൊക്കെ ഒറ്റപ്പെട്ട കേസുകൾ ആയിരുന്നു. അതൊരു പൊതുസമീപനമായിരുന്നില്ല. നമ്മുടെ മനസ്സും മനഃസാക്ഷിയും 100 ശതമാനവും ഭൂമി അന്യാധീനപ്പെട്ട ആദിവാസികൾക്കൊപ്പമായിരുന്നു. ഭൂമി മുഴുവൻ തിരിച്ചുപിടിച്ച് ആദിവാസികൾക്ക് നൽകാൻ പ്രായോഗികമായി കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് ബദൽ മാർഗം എന്തെന്ന് അന്വേഷിച്ചത്. 1996ലെ നിയമനിർമാണം വരുന്നതുതന്നെ അതിന്റെ അടിസ്ഥാനത്തിലാണ്. നിയമം കൊണ്ടുവരുന്നതിനുമുമ്പ് ഇടതു മുന്നണിയിലെ പാർട്ടികളുമായി ആലോചന നടത്തിയിരുന്നു. സി.പി.എം, സി.പി.ഐ നേതാക്കളുമായി ഇതുസംന്ധിച്ച് വിശദമായ ചർച്ച നടത്തി. എൽ.ഡി.എഫിലെ വിവിധ ഘടകകക്ഷികളുമായി ചർച്ചചെയ്തു. എല്ലാ കക്ഷികളുമായി ചർച്ച നടത്തി പ്രശ്നത്തിനൊരു സമവായമുണ്ടാക്കി. അതിനുശേഷം യു.ഡി.എഫുമായി ആലോചിച്ചു. എ.കെ. ആന്റണിയാണ് അന്ന് പ്രതിപക്ഷേ നേതാവ്. ഉമ്മൻ ചാണ്ടി അടക്കമുള്ള പ്രധാന നേതാക്കളും കേരള കോൺഗ്രസിലെ കെ.എം. മാണി, ടി.എം. ജേക്കബ്, മുസ്ലിം ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരെല്ലാം അന്ന് നടന്ന ചർച്ചയിൽ പങ്കെടുത്തു. 1975ലെ നിയമം നടപ്പാക്കാൻ പ്രായോഗികമായി സാധ്യമല്ല. അതിനാൽ പുതിയ നിയമനിർമാണം നടത്തണമെന്ന നിലപാട് എല്ലാവരും അംഗീകരിച്ചു.
1996ലെ നിയമനിർമാണത്തിന് വിപുല തയാറെടുപ്പുകൾ നടത്തിയിരുന്നോ. ഇത് സംബന്ധിച്ച് എന്തെല്ലാം കാര്യങ്ങളാണ് ചർച്ചചെയ്തത്?
ആദിവാസികൾ ഭൂമിയില്ലായ്മ അനുഭവിക്കുന്നതിനാൽ അവർക്ക് ഭൂമി നൽകാൻ നിയമം വേണമെന്ന് എല്ലാവരും സമ്മതിച്ചു. അന്ന് താൻ പറഞ്ഞത് ചുരുങ്ങിയത് എല്ലാ ആദിവാസി കുടുംബങ്ങൾക്കും ഒരേക്കർ ഭൂമി നൽകണമെന്നാണ്. ഒരേക്കർ ഭൂമിയില്ലാത്തവർക്ക് ഒരേക്കർ തികക്കാൻ എത്ര ഭൂമി വേണോ അത്രയും ഭൂമി നൽകണം. അതിന് പൊന്നും വില കൊടുത്തായാലും ഭൂമി സർക്കാർ ഏറ്റെടുത്ത് ആദിവാസികൾക്ക് കൊടുക്കണം എന്നാണ് വാദിച്ചത്. സി.പി.എം അടക്കം എൽ.ഡി.എഫിലെ എല്ലാ ഘടകകക്ഷികളും അതിനോട് യോജിച്ചു. യു.ഡി.എഫിലെ നേതാക്കൾക്കും അത് സ്വീകാര്യമായി. ആ വ്യവസ്ഥയുമായി മുന്നോട്ടുപോകാം എന്നാണ് അന്ന് തീരുമാനമെടുത്തത്. വി.ആർ. കൃഷ്ണയ്യർ, സുകുമാർ അഴീക്കോട്, ബിഷപ് പൗലോസ് മാർ പൗലോസ് തുടങ്ങിയവരുമായി ഇക്കാര്യത്തിൽ ഞാൻ ചർച്ചനടത്തി. ആദിവാസി ഭൂരാഹിത്യം പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അവരുമായുള്ള ചർച്ചയിൽ വ്യക്തമായി. അവരും പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുകൊടുക്കണമെന്ന് മുദ്രാവാക്യം വിളിക്കാൻ കൊള്ളാം. ഇക്കാര്യത്തിൽ അതിനപ്പുറം നമുക്കൊന്നും ചെയ്യാൻ കഴിയില്ല. കാലാകാലങ്ങളായി ആദിവാസികളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കാം എന്നല്ലാതെ അത് നടപ്പാക്കുക പ്രയാസമാണ്. ഭൂമി കിട്ടുക എന്നത് ആദിവാസികളുടെ ന്യായമായ അവകാശമാണ്. അത് നടപ്പാക്കുകയെന്നത് റവന്യൂ മന്ത്രിയെന്ന നിലയിൽ എന്റെ ധാർമിക ചുമതലയാണ്. അതെല്ലാം സാംസ്കാരിക നായകന്മാരെ ബോധ്യപ്പെടുത്തി. 100 ശതമാനം ആത്മാർഥതയോടെയാണ് ഇക്കാര്യം പറയുന്നതെങ്കിൽ തങ്ങൾ കൂടെയുണ്ടാകുമെന്നും സാംസ്കാരിക പ്രമുഖർ ഉറപ്പുനൽകി.
അതിനുശേഷം ആദിവാസി സംഘടനകളെ വിളിച്ചുചേർത്തു. കേരളത്തിലെ ആദിവാസി സംഘടനകൾ രണ്ടുതരമുണ്ട്. ആദിവാസികൾതന്നെ നേതൃത്വം വഹിക്കുന്ന സംഘടനകൾ. രണ്ട്, ആദിവാസികൾക്കുവേണ്ടി ആദിവാസികളല്ലാത്ത ചിലയാളുകൾ നേതൃത്വം വഹിക്കുന്ന സംഘടനകൾ. അതിൽ ആദിവാസികൾ നേതൃത്വം നൽകുന്ന സംഘടനകളുടെ ലിസ്റ്റ് എസ്.സി-എസ്.ടി വകുപ്പിൽനിന്നും ആവശ്യപ്പെട്ട് ആ സംഘടനകൾക്ക് നോട്ടീസ് സംസ്ഥാന ഭാരവാഹികളുടെ യോഗം കൂടി. അന്ന് സി.കെ. ജാനു ആദിവാസി നേതാവെന്ന നിലയിൽ കത്തിനിൽക്കുന്ന കാലമാണ്. സി.കെ. ജാനുവിന്റെ ആദിവാസി സംഘടന അടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു. ആദിവാസികളുമായി ചർച്ചനടത്താതെ ഏകപക്ഷീയമായി എടുത്ത ഒരു തീരുമാനമായിരുന്നില്ല നിയമനിർമാണം. ആദിവാസികളുടെ ഇടയിൽ അന്ന് പ്രവർത്തിച്ചിരുന്ന പ്രധാന സംഘടന സി.പി.ഐയുടേതായിരുന്നു. ഊരു മൂപ്പന്മാരായിരുന്നു ആ മേഖലയിലെ പ്രബല വിഭാഗം. മൂപ്പന്മാരിൽ ഏറെപ്പേരും സി.പി.ഐയുടെ ഭാഗമായി നിന്ന ആളുകളാണ്. മൂപ്പന്മാരൊക്കെ സർക്കാർ വിളിച്ച ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. 175ഓളം ആദിവാസി ജനപ്രതിനിധികളാണ് ഗ്രാമപഞ്ചായത്ത് അംഗം മുതൽ എം.എൽ.എമാർ വരെയുള്ളത്. അന്ന് ആദിവാസി വിഭാഗത്തിൽപെടുന്ന ഒരു എം.എൽ.എയേ ഉള്ളൂ. അദ്ദേഹം ആ യോഗത്തിൽ പങ്കെടുക്കാൻ തീരെ നിർവാഹമില്ലെന്ന് അറിയിച്ചു. ആ യോഗത്തിൽ എടുക്കുന്ന ഏതു തീരുമാനവും സ്വീകാര്യമാണെന്നും പറഞ്ഞിരുന്നു. ആ യോഗത്തിൽ നിയമത്തിന് അനുകൂല സമീപനമാണ് ഉണ്ടായത്. അവരെയും ബോധ്യപ്പെടുത്തിയാണ് 1996ലെ നിയമം നിയമസഭ പാസാക്കിയത്.
നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ എതിർപ്പ് ഉയരാതിരിക്കാൻ നടത്തിയ മുൻകൂർ പ്രവർത്തനമല്ലേ അത്?
എല്ലാവർക്കും അറിയാവുന്ന പ്രശ്നമായിരുന്നു 1975ൽ പാസാക്കിയ നിയമം നടപ്പാക്കാൻ കഴിയില്ലെന്നത്. നിയമം 1996 വരെ നടപ്പാക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. അതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ധാരാളം നടന്നിരുന്നു. എന്നാൽ അത് എവിടെയും എത്തിയില്ല. 1996ൽ ഞാൻ പറഞ്ഞത് ചർച്ചകൾ നടത്തി തടസ്സവാദങ്ങളുന്നയിച്ച് നമ്മുടെ സമൂഹത്തിലെ ദുർബലമായ, ഏറ്റവും അവഗണന അനുഭവിക്കുന്ന ആദിവാസികളുടെ അവകാശങ്ങൾ ലഭ്യമാക്കുന്നതിൽ കാലതാമസം വരുത്തിക്കൊണ്ടു പോകാൻ പാടില്ലെന്നാണ്. ആദിവാസികളുടെ താൽപര്യം മുൻനിർത്തിത്തന്നെയാണ് എല്ലാവരും സംസാരിച്ചത്. ഞാൻ ആത്മാർഥമായി പറഞ്ഞു, ഈ പ്രശ്നത്തിന് നമുക്ക് പരിഹാരമുണ്ടാക്കണം. ആദിവാസികളുടെ പിന്നാക്കാവസ്ഥക്ക് കാര്യമായ മാറ്റംവരുത്താൻ കഴിഞ്ഞിട്ടില്ലെന്നുള്ള അവസ്ഥയാണ് നിലനിൽക്കുന്നത്. അതിന് എന്താണ് വഴി? യഥാർഥത്തിൽ ആദിവാസികൾക്ക് നഷ്ടപ്പെട്ട ഭൂമിക്ക് പകരം അത്രയും ഭൂമി സൗജന്യമായി കൊടുത്ത്, വീട് െവച്ചുകൊടുത്ത് അവരെ പുനരധിവസിപ്പിച്ച് പരിഹാരം കാണണം എന്ന നല്ല ഉദ്ദേശ്യത്തോടുകൂടിയാണ് 1996ൽ ഒരു ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. അതിന്റെ ചർച്ചയിൽ എല്ലാവരുടെയും സഹകരണമുണ്ടായിരുന്നു. നിയമസഭയിൽ കെ.ആർ. ഗൗരിയമ്മ ചില വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞു. ഗൗരിയമ്മ ഒഴിച്ച് ബാക്കിയെല്ലാവരും ഒന്നിച്ച് കൈ പൊക്കിയാണ് ആ നിയമം പാസാക്കിയത്.

നിയമസഭയിൽ ചർച്ച നടന്നപ്പോൾ 1996ൽ ബിൽ ഭരണഘടനാവിരുദ്ധമാണെന്ന് ഏതെങ്കിലും എം.എൽ.എ ആശങ്ക പ്രകടിപ്പിച്ചിരുന്നോ?
അങ്ങനെ ആരും പറഞ്ഞതായി ഓർമയില്ല.
യു.ഡി.എഫിലെ എം.എ. കുട്ടപ്പൻ ഇത് ഭരണഘടനാ വിരുദ്ധമാെണന്ന് ചൂണ്ടിക്കാണിച്ചിരുന്നല്ലോ? കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പട്ടികവർഗ മന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെന്ന് കുട്ടപ്പൻ ആവശ്യപ്പെട്ടല്ലോ..?
അങ്ങനെയൊരു വർത്തമാനം വന്നതായി ഇപ്പോൾ ഓർക്കുന്നില്ല. 1996ൽ നിയമസഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ വലതുപക്ഷവും ഇടതുപക്ഷവും രാഷ്ട്രീയഭേദമന്യേ എം.എൽ.എമാർ എന്നെ അഭിനന്ദിച്ചു. മൂന്നാം വായനയിൽ നേതാക്കളെല്ലാം ബില്ലിനെ അനുകൂലിച്ചാണ് സംസാരിച്ചത്. ബിൽ ആദ്യം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. മൂന്നാം വായനയിൽ പാർട്ടി നേതാക്കളാണ് സംസാരിക്കുക. എല്ലാ പാർട്ടി നേതാക്കളും സംസാരിച്ചത് അനുകൂലമായിട്ടാണ്.
അന്യാധീനപ്പെട്ട പകുതി ഭൂമിയെങ്കിലും ആദിവാസികൾക്ക് മടക്കിനൽകണം എന്നാണ് സെപ്റ്റംബർ 23ന് നിയമസഭയിലെ ചർച്ചയിൽ കെ.ആർ. ഗൗരിയമ്മ ആവശ്യപ്പെട്ടത്. അത് നിയമസഭ രേഖകളിലുണ്ട്... ഗൗരിയമ്മയുടെ ഈ വാദം അംഗീകരിച്ചിരുന്നുവെങ്കിൽ അഞ്ചേക്കർ ഭൂമി നഷ്ടപ്പെട്ട ആദിവാസിക്ക് രണ്ടര ഏക്കറും പത്തേക്കർ നഷ്ടപ്പെട്ടവർക്ക് അഞ്ചേക്കറും മടക്കിക്കിട്ടുമായിരുന്നു. അവർക്ക് സ്വന്തം ഭൂമിയിൽനിന്ന് കുടിയിറങ്ങേണ്ടി വരുമായിരുന്നില്ല..?
ഗൗരിയമ്മ അക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നോ എന്ന കാര്യം ഇപ്പോൾ ഓർമയില്ല. മൂന്നാം വായനയിൽ കെ.ആർ. ഗൗരിയമ്മ സംസാരിച്ചതായി ഓർമയില്ല. പ്രസംഗത്തിൽ നിയമനിർമാണത്തിന് അവർ എതിരാണ് എന്ന് മാത്രമേ ഗൗരിയമ്മ പറഞ്ഞിട്ടുള്ളൂ. നിയമസഭയിൽ എല്ലാ എം.എൽ.എമാരുടെയും പിന്തുണ ബില്ലിന് ലഭിച്ചിരുന്നു.
കെ.എം. മാണി നിയമസഭയിൽ കൈയേറ്റക്കാരുടെ പ്രതിനിധിയെന്ന നിലയിലല്ലേ സംസാരിച്ചത്. ഫലത്തിൽ കെ.എം. മാണിയുടെ ആഗ്രഹമനുസരിച്ചുള്ള ബില്ലായിരുന്നില്ലേ നിയമസഭയിൽ അവതരിപ്പിച്ചത്?
1996ലാണ് നിയമം നിർമിക്കുന്നത്. അന്നത്തെ നിലയിൽ ചിന്തിക്കുമ്പോൾ ഇതിനേക്കാൾ മെച്ചപ്പെട്ട ഒരു നിയമനിർമാണം സാധ്യമായിരുന്നില്ല. ആദിവാസികളെ സംരക്ഷിക്കണം എന്ന ആശയത്തെ മുൻനിർത്തിയാണ് നിയമനിർമാണം നടത്തിയത്. ആദിവാസികളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലാണ് ഞാനിതെല്ലാം ചെയ്തത്. സി.പി.എമ്മോ യു.ഡി.എഫിലെ ഘടകകക്ഷികളോ കേരള കോൺഗ്രസോ ലീഗോ ആരുംതന്നെ ഇതിനെ എതിർത്തിട്ടില്ല.
നിയമസഭയിൽ എല്ലാവരും പിന്തുണച്ചിട്ടും നിയമം പ്രസിഡന്റ് തിരിച്ചയച്ചില്ലേ..?
അതെ. 1996ൽ കേരള നിയമസഭ മുന്നണി ഭേദമില്ലാതെ പാസാക്കിയ നിയമം കേന്ദ്രത്തിന്റെ അനുമതിക്ക് അയച്ചപ്പോൾ പല തടസ്സങ്ങളും ഉണ്ടായി. പ്രസിഡന്റ് ഒന്നും പറയാതെ അനുമതി തരാതെ തിരിച്ചയച്ചു. പ്രസിഡന്റ് തിരിച്ചയച്ചതിനാലാണ് ആദിവാസികളുടെ ഭൂമിക്ക് പരിഹാരം കാണാതെ പിന്നീടും പ്രശ്നമായിത്തീർന്നത്. ഈ ഒരു സാഹചര്യത്തിൽ ആ പ്രശ്നത്തിന് പരിഹാരമുണ്ടാകണമല്ലോ. ഈ പ്രശ്നം സ്റ്റേറ്റ് സബ്ജക്ടായി നമുക്ക് പരിഹരിക്കാൻ കഴിയുമെങ്കിൽ പരിഹരിക്കാം.1975ലെ ബില്ലിൽ കേന്ദ്ര നിയമങ്ങളുമായി ബന്ധപ്പെട്ട ചില തടസ്സം ഉണ്ടായിരുന്നു. ഭരണഘടനയുടെ 254ാം അനുച്ഛേദപ്രകാരമാണ് പ്രസിഡന്റിന്റെ അനുമതി വേണ്ടിയിരുന്നത്. അനുമതിക്കുവേണ്ടി ബിൽ അയച്ചത് അതിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ, 1999ൽ കൊണ്ടുവന്ന കൈയേറ്റ നിയന്ത്രണവും പുനരവകാശസ്ഥാപനവും ബില്ലിലെ വ്യവസ്ഥകൾ കേന്ദ്ര നിയമങ്ങളുടെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ല.
കൃഷിഭൂമിയെന്ന നിലയിലല്ലേ 1999ൽ നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്..?
കൃഷിഭൂമി സംബന്ധിച്ച വ്യവസ്ഥകൾ മാത്രമാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ ബിൽ കൊണ്ടുവരുന്നതിന് ഒരു പ്രശ്നവുമില്ല. ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നതിന് അനുകൂലമായ ചില കോടതി ഉത്തരവുകൾതന്നെയുണ്ടായിരുന്നു. ഈ കാര്യത്തിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ നിയമനിർമാണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ വിധിയുണ്ടായിരുന്നു. അങ്ങനെ സംസ്ഥാനത്തിന്റെ അധികാരപരിധിയിൽനിന്നുകൊണ്ട് നഷ്ടപ്പെട്ട ഭൂമി ആദിവാസികൾക്ക് തിരിച്ചുനൽകുക, അതിനോടൊപ്പംതന്നെ നിലവിൽ ഭൂരഹിതരായ ആദിവാസികളുടെ കൂടി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് നിയമം പാസാക്കിയത്. 1986 ജനുവരി 24 മുതൽ നിയമത്തിന് പ്രാബല്യം ഉണ്ടാകുമെന്നാണ് ഈ ബില്ലിൽ പറഞ്ഞത്. കൃഷിഭൂമിക്ക് മാത്രമേ ഈ ബിൽ ബാധകമാകൂ. പട്ടികവർഗക്കാരുടെ കൈവശമുള്ള ഭൂമി 1986 ജനുവരി 24ന് ശേഷം പട്ടികവർഗത്തിൽപെടാത്ത ഒരാൾക്ക് അനുമതിയില്ലാതെ കൈമാറ്റം നടത്തുകയാണെങ്കിൽ ആ കൈമാറ്റം അസാധുവാകും എന്ന് നിയമത്തിൽ വ്യവസ്ഥചെയ്തു. പട്ടികവർഗത്തിലെ ഒരു അംഗം തന്റെ ഭൂമി പട്ടികവർഗത്തിൽപെടാത്ത ഒരാൾക്ക് 1960നും 1986നും ഇടക്ക് മുൻകൂർ അനുവാദമില്ലാതെ കൈമാറ്റം ചെയ്തിട്ടുണ്ടെങ്കിൽ ആ കൈമാറ്റഭൂമി രണ്ട് ഹെക്ടറിന് താഴെയാണെങ്കിൽ കൈവശക്കാരന് അവകാശമുണ്ടാകുമെന്നും നിയമത്തിൽ പറയുന്നു.
കൈമാറ്റം നടത്തിയത് രണ്ട് ഹെക്ടറിൽ കൂടുതൽ ആണെങ്കിലും ആ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നതാണെങ്കിൽ രണ്ട് ഹെക്ടർ വരെയുള്ള ഭൂമി കൈവശം വെക്കാൻ അവകാശമുണ്ടായിരിക്കും. കൃഷിഭൂമി സംബന്ധിച്ചാണ് നിയമം. മറ്റുള്ളതിന് ഇത് ബാധകമല്ല. ഇത് കൃഷിഭൂമിയെ സംബന്ധിച്ച് മാത്രമാണ്. ആദിവാസികളുടെ അന്യാധീനപ്പെട്ട പഴയ ഭൂമിയിൽ ഇന്ന് സ്കൂളുകളുണ്ട്, പൊതു സ്ഥാപനങ്ങളുണ്ട്. മുസ്ലിം പള്ളിയും ക്ഷേത്രങ്ങളും ചർച്ചുകളും ഒക്കെയുണ്ട്. അതൊക്കെ സംരക്ഷിച്ചുകൊണ്ടാണ് നിയമം പാസാക്കിയത്. പ്രായോഗിക ചിന്തയിലുള്ള സമീപനമാണ് അന്ന് സ്വീകരിച്ചത്. നഷ്ടപ്പെട്ട, അന്യാധീനപ്പെട്ട ഭൂമിയിൽ വ്യവസായമാണോ പള്ളിയാണോ അമ്പലമാണോ എന്നതുകൊണ്ടൊന്നും ആദിവാസികൾക്ക് നഷ്ടം വരുന്നില്ല. കാരണം പകരം ഭൂമികൊടുത്ത് അവരെ സംരക്ഷിക്കും. 1960 ജനുവരി ഒന്നിനും 1986 ജനുവരി 24നും ഇടക്ക് അന്യാധീനപ്പെട്ട ഭൂമിക്ക് പകരം തത്തുല്യമായ സ്ഥലം സർക്കാറിൽനിന്ന് പട്ടികവർഗക്കാർക്ക് നൽകുമെന്നാണ് നിയമത്തിൽ പറഞ്ഞത്. എത്ര ഭൂമി നഷ്ടപ്പെട്ടോ അത് നിശ്ചിത കാലയളവിനുള്ളിൽ കൊടുക്കും. സ്വന്തമായി ഭൂമിയില്ലാത്ത ആദിവാസി കുടുംബങ്ങൾക്ക് അവർ താമസിക്കുന്ന ജില്ലയിൽ ഒരേക്കറിൽ കവിയാതെയുള്ള ഭൂമി പതിച്ചു നൽകണമെന്ന് ഈ ബില്ലിൽ വ്യവസ്ഥചെയ്തു. അത് രണ്ട് വർഷത്തിനുള്ളിൽ നൽകണമെന്നാണ് ഉദ്ദേശിച്ചത്.
അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ഭൂമി നൽകുമെന്ന് ഉറപ്പു നൽകിയിട്ടും കെ.ആർ. ഗൗരിയമ്മ അവസാനം വരെ ബില്ലിനെ എതിർത്തല്ലോ. ഗൗരിയമ്മ വിമർശനമുന്നയിച്ചപ്പോൾ ഗൗരിയമ്മ കക്ഷി നേതാവല്ലെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ ഏറ്റുപറയരുതെന്നും താക്കീത് ചെയ്തില്ലേ താങ്കൾ? 1996ലെ നിയമത്തിൽ കൈയേറിയവർക്ക് ഒരു ഹെക്ടർ (രണ്ടര ഏക്കർ) ഭൂമി നൽകാനും 1999ൽ രണ്ടു ഹെക്ടർ (അഞ്ച് ഏക്കർ) നിലനിർത്താനും തീരുമാനിച്ചതിനെയും ഗൗരിയമ്മ എതിർത്തില്ലേ?
അക്കാര്യം ഓർമയില്ല. 1999ൽ ഗൗരിയമ്മ ബില്ലിനെ എതിർത്തു എന്നത് ശരിയാണ്. നിയമസഭയിൽ നടപടിക്രമം നടക്കുമ്പോൾ കെ.ആർ. ഗൗരിയമ്മ സി.പി.എമ്മിൽനിന്ന് മാറിനിൽക്കുകയാണ്. നിയമസഭയിൽ ഗൗരിയമ്മക്ക് സംസാരിക്കാൻ അവസരം നൽകുകയോ ഗൗരിയമ്മ അങ്ങനെയൊരു പ്രസംഗം നടത്തുകയോ ചെയ്തിട്ടില്ല. നിയമം പാസാക്കുന്ന സമയത്ത് താൻ എതിരാണെന്ന് ഗൗരിയമ്മ എണീറ്റ് നിന്ന് പറഞ്ഞതല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. പിന്നീട് ഗൗരിയമ്മ സ്റ്റേറ്റ്മെന്റ് കൊടുത്തതായിരിക്കും. നാമമാത്ര ചെറുകിട കൃഷിക്കാരൻ എന്ന സർക്കാറിന്റെ നിലവിലെ വിവക്ഷയിൽ രണ്ടു ഹെക്ടറാണ്. അതുകൊണ്ടാണ് രണ്ട് ഹെക്ടർ ഭൂമി വരെയുള്ളവരെ സംരക്ഷിക്കാൻ തീരുമാനിച്ചത്.

കെ.ഇ. ഇസ്മയിൽ
1999 നിയമം ഭേദഗതി ചെയ്തപ്പോൾ 1960 മുതലുള്ള കൈയേറ്റം എന്നത് 1986 മുതൽ എന്നാക്കി മാറ്റിയെന്നതായിരുന്നല്ലോ നിയമത്തിലെ പ്രധാന ഭേദഗതി. 1986 എന്നാക്കി മാറ്റുന്നതിന് കാരണം എന്താണ്?
1975െല നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ കഴിയുന്ന അവസ്ഥയുണ്ടായിരുന്നില്ല. 1975ലെ നിയമത്തിലെ കോട്ടങ്ങൾ തിരുത്തി ആദിവാസികൾക്ക് അനുകൂലമായി നിയമനിർമാണം നടത്താനാണ് 1996ലും 1999ലും ശ്രമിച്ചത്. ആദിവാസികൾക്ക് കൂടുതൽ പ്രയോജനപ്പെടുന്ന എന്തെങ്കിലും ചെയ്യാനാണ് ആലോചിച്ചത്. അതിന്റെ മുൻപന്തിയിൽനിന്ന ആളാണ് ഞാൻ.
1999ലെ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി അട്ടപ്പാടിയിൽ നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭൂമി നൽകുന്നതിന് സ്ഥലം നോക്കിയിരുന്നല്ലോ. എവിടെയാണ് ഭൂമി കണ്ടെത്തിയത് ?
അട്ടപ്പാടിയിൽ ആദിവാസികൾക്ക് കൊടുക്കാനായി ഉദ്യോഗസ്ഥരുമായി പോയി ഭൂമി നോക്കി. ഞാൻതന്നെ ഉദ്യോഗസ്ഥരോടൊപ്പം മലകയറി ഭൂമി പരിശോധന നടത്തി. ആനയൊക്കെ വരുന്ന സ്ഥലമാണെങ്കിലും ആദിവാസികൾക്ക് ജീവിക്കാൻ കൊള്ളാവുന്ന സ്ഥലമാണ് കണ്ടെത്തിയത്. അതിനുശേഷം ഊര് മൂപ്പന്മാരെ അവിടെ കൊണ്ടുപോയി സ്ഥലം കാണിച്ചു. അവരും അത് കൃഷിക്കും താമസത്തിനും നല്ല സ്ഥലമാണെന്ന് അഭിപ്രായപ്പെട്ടു. അങ്ങനെ ലൊക്കേഷൻ വരെ നോക്കിവെച്ച ശേഷമാണ് 1999ൽ നിയമസഭയിൽ ബിൽ കൊണ്ടുവന്നത്.
സ്ഥലം നോക്കിയശേഷം അവിടെ എന്ത് കൃഷി ചെയ്യാമെന്ന് ആലോചിച്ചു. കോഫി ബോർഡിന്റെ സംഘം സ്ഥലം കണ്ടു. തേയില കൃഷി നടത്തുന്നതിനായി കോഫി ബോർഡിൽനിന്ന് സാമ്പത്തിക സഹായം കിട്ടി. അവിടെ തേയില കൃഷി തുടങ്ങി. ആദിവാസികളെ കൊണ്ടുപോയി സ്ഥലം കാണിച്ച് പതിച്ചു നൽകി.
അട്ടപ്പാടിയിലെ ഏത് വില്ലേജിലാണ് ഭൂമി വിതരണംചെയ്തത്?
വില്ലേജിന്റെ പേര് ഇപ്പോൾ ഓർമയില്ല. അന്ന് നടത്തിയ പട്ടയമേളയിൽ 80 ആദിവാസി കുടുംബങ്ങൾക്കാണ് ഭൂമി നൽകിയത്.
അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? ആദിവാസികൾ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ടോ... തേയില കൃഷി നടക്കുന്നുണ്ടോ?
ഭൂമി വിതരണം ചെയ്തതിനുശേഷം തുടർപ്രവർത്തനം അന്വേഷിച്ചിട്ടില്ല. രണ്ടുമൂന്നു വർഷം കോഫി ബോർഡിന്റെ സഹായം ലഭിച്ചിരുന്നു. അവർ പൈസ കൊടുക്കുകയും മറ്റും ചെയ്തിരുന്നു. 1999ലെ നിയമം നടപ്പാക്കുന്നതിന്റെ ആദ്യത്തെ സംസ്ഥാനതല ഉദ്ഘാടനം അട്ടപ്പാടിയിൽെവച്ചാണ് നടത്തിയത്. ആദിവാസികൾ വളരെഉത്സാഹത്തോടെയാണ് പട്ടയമേളയിൽ പങ്കെടുത്തത്.
നിയമത്തിന് അനുമതി കിട്ടിയാൽ പിറ്റേദിവസം മുതൽ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് വലിയ ഉത്സവമായി ഓരോ ജില്ലയിലും ആദിവാസികൾക്ക് കൂടി സ്വീകാര്യമായ സ്ഥലങ്ങളിൽ ഭൂമി കൊടുക്കും എന്ന നിയമസഭയിലെ പ്രഖ്യാപനം ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ കൊടും തട്ടിപ്പായിരുന്നില്ലേ? കേരള നിയമസഭ കണ്ട കൊടുംചതിയായിരുന്നു 1999 നിയമം എന്നാണല്ലോ അട്ടപ്പാടിയിലെ ആദിവാസികളുടെ വിലയിരുത്തൽ?
അങ്ങനെ വിലയിരുത്തുന്നത് ശരിയല്ല. നിയമം പാസാക്കിയശേഷം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആദിവാസികൾക്ക് വിതരണം ചെയ്യാനുള്ള ഭൂമി കണ്ടെത്താൻ അടിയന്തരമായി നടപടി സ്വീകരിച്ചു. അതനുസരിച്ച് കണ്ടെത്തിയ ഭൂമി ഒട്ടുമിക്ക ജില്ലകളിലും വിതരണം ചെയ്തിട്ടുണ്ട്. എത്രപേർക്ക് വിതരണം ചെയ്തുവെന്നോ എത്ര ഏക്കർ വിതരണംചെയ്തുവെന്നോ കണക്ക് കൈവശമില്ല. ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും ഭൂമി നൽകി എന്നാണ് ഓർമ. ആലപ്പുഴ ജില്ലയിൽ അന്നത്തെ രേഖകൾ പ്രകാരം ആദിവാസികൾ ഇല്ലായിരുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ പട്ടയമേളകൾ തന്നെ നടത്തി. പാലക്കാടിന്റെ കാര്യത്തിൽ കുെറക്കൂടി താൽപര്യമെടുത്തിട്ടാണ് അട്ടപ്പാടിയിലും ഭൂമി വിതരണം ചെയ്തത്.
ഓർമ അനുസരിച്ച് അട്ടപ്പാടിയിൽ എത്ര കുടുംബങ്ങൾക്ക് 1999ലെ നിയമപ്രകാരം അന്ന് ഭൂമി നൽകി?
നൂറിൽ താഴെ കുടുംബങ്ങൾക്ക് അട്ടപ്പാടിയിൽ ഭൂമി നൽകിയിട്ടുണ്ട്. ഭൂമി അളന്ന് തിരിച്ചു കൊടുക്കുകയും പുനരധിവാസം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഭൂമി നഷ്ടപ്പെട്ടോ എന്ന് അറിയില്ല.
അട്ടപ്പാടിയിലെ ആദിവാസികൾ പറയുന്നത് പലതവണ പട്ടയമേളകൾ നടത്തിയെങ്കിലും പട്ടയം കടലാസിലൂടെ വിതരണം ചെയ്തുവെന്നാണ്. ഭൂമി എവിടെയാണെന്ന് ആദിവാസികൾക്ക് അറിയില്ല. സർവേ ചെയ്തു കൊടുത്തിട്ടില്ല. പട്ടയക്കടലാസ് മാത്രമാണ് ആദിവാസികളുടെ കൈവശമുള്ളത്? കടലാസിൽ സർവേ നമ്പർ എഴുതി പട്ടയം കൊടുക്കുകയല്ലേ ചെയ്തത്?
അത് ശരിയല്ല. ഭൂമി സർവേ ചെയ്തു കൊടുക്കണമെന്ന് ഞാൻ അന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ആദിവാസികളെ കൊണ്ടുപോയി ഭൂമി കാണിച്ച് അളന്ന് തിരിച്ചു നൽകണമെന്നായിരുന്നു തീരുമാനം. അത് ആദിവാസികളുടെ ഓരോരുത്തരുടെയും പ്ലോട്ട് ആണെന്ന് പറയുമ്പോഴേ പട്ടയ നടപടികൾ പൂർത്തീകരിക്കുന്നുള്ളൂ. ആദിവാസികൾക്ക് മാത്രമല്ല സാധാരണക്കാർക്കും അത് ആവശ്യമാണ്. സാധാരണ സമൂഹത്തെ പറ്റിച്ചാൽ അവർ ഇടപെടും. ആദിവാസികൾക്ക് ഇടപെടാനുള്ള ശേഷിയില്ല. അതുകൊണ്ട് പല സ്ഥലത്തും റവന്യൂ ഉദ്യോഗസ്ഥർ സർവേ ചെയ്ത് ഭൂമി കൊടുക്കണമെന്നത് നടത്തിയിട്ടുണ്ടാകില്ല. കണ്ണൂരും കാസർകോടും ഒക്കെ ഭൂമി നൽകിയിട്ടുണ്ട്. 1999ലെ നിയമം പാസാക്കിയപ്പോൾ തന്നെ ഭൂമി കണ്ടെത്തി പരമാവധി കൊടുക്കാൻ അക്കാലത്ത് പരിശ്രമം നടത്തി. എന്നാൽ, പൂർണമായും ഭൂമി കൊടുക്കാൻ കഴിഞ്ഞു എന്ന് വാദിക്കുന്നില്ല. ആദിവാസികൾക്കുവേണ്ടി അവരുടെ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ.
1999ൽ പൊതു സ്വീകാര്യതയോടെയാണ് നിയമം നടപ്പാക്കിയതെന്ന് പറയുമ്പോഴും ആദിവാസികൾക്ക് അന്യാധീനപ്പെട്ട ഒരിഞ്ച് ഭൂമിപോലും ലഭിച്ചില്ലല്ലോ?
അന്യാധീനപ്പെട്ട ഭൂമി ആദിവാസികൾക്ക് തിരിച്ചുകൊടുക്കാൻ കഴിയുന്ന സാഹചര്യം ഇന്ന് ഉണ്ടെങ്കിൽ 100 ശതമാനവും അതിന്റെ കൂടെ ഞാൻ നിൽക്കും. കർഷകത്തൊഴിലാളി, ആദിവാസി എന്നൊക്കെ പറഞ്ഞാൽ എന്റെ വികാരമാണ്. ആദിവാസികളുടെയും കർഷകത്തൊഴിലാളികളുടെയും സംഘടനകളെ നയിച്ചത് ഞാനാണ്.
കർഷകത്തൊഴിലാളിയും ആദിവാസിയും എന്നത് രണ്ട് സാമൂഹിക വിഭാഗങ്ങളല്ലേ. ഇരുകൂട്ടരെയും ഒരു സംഘടനയുടെ ബാനറിന് പിന്നിൽ അണിനിരത്താൻ കഴിയില്ലല്ലോ? ആദിവാസികൾക്ക് ഇന്ത്യൻ ഭരണഘടനയിൽ സവിശേഷമായ അവകാശങ്ങളുണ്ട്. സാധാരണ തൊഴിലാളികളിൽനിന്ന് വ്യത്യസ്തരല്ലേ ആദിവാസികൾ?
സി.പി.ഐയെ സംബന്ധിച്ചിടത്തോളം കർഷകത്തൊഴിലാളികളെയും ആദിവാസികളെയും ഒന്നായിട്ടാണ് സംഘടിപ്പിച്ചിരുന്നത്. സി.പി.ഐ അവരെ ഒന്നായിട്ടാണ് നയിക്കുന്നത്. ഈ സംഘടനയുടെ ദേശീയ നേതാവായി ഞാൻ ആറു വർഷം പ്രവർത്തിച്ചിരുന്നു.
അങ്ങനെ കണ്ടത് കമ്യൂണിസ്റ്റ് പാർട്ടിക്ക് പറ്റിയ ഒരു തെറ്റല്ലേ? ആദിവാസികളുടെ കൂടെ കർഷകത്തൊഴിലാളികളെ കെട്ടിയിടുകയേല്ല ചെയ്തത്..?
അത് രണ്ടും രണ്ടായിട്ടു തന്നെയാണ് കാണേണ്ടത്. ആദിവാസികളുടെ പ്രശ്നങ്ങൾ പ്രത്യേകമായി തന്നെയാണ് സംഘടന ചർച്ചചെയ്തത്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക സമരങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഇരുവിഭാഗങ്ങളും പാർട്ടിയിൽ ഒന്നിച്ചുനിൽക്കുന്നുണ്ട്. ഭാരതീയ കിസാൻ യൂനിയൻ (ബി.കെ.എം.യു) എന്ന സംഘടനയിൽ അവർ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ അടിത്തട്ടിലുള്ള ഗ്രാമീണരുടെ സംഘടനയാണത്. രണ്ട് സംഘടനയുടെയും നേതാവായിരുന്നു ഞാൻ. ആദിവാസികളെ കർഷകത്തൊഴിലാളി യൂനിയനിൽ കെട്ടിയിട്ട് അവരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാത്ത സംഘടനയല്ല.
ഒഡിഷയിലും ബിഹാറിലും ഒക്കെ സി.പി.ഐക്ക് ആദിവാസി സംഘടന ഉണ്ടല്ലോ?
കേരളത്തിലും സി.പി.ഐയുടെ നേതൃത്വത്തിൽ ആദിവാസി സംഘടന പ്രവർത്തിക്കുന്നുണ്ട്. മറ്റു രാഷ്ട്രീയ പാർട്ടികളുമായി താരതമ്യം ചെയ്താൽ വലിയ സംഘടനയാണത്. ആദിവാസികൾക്കിടയിൽ സ്വാധീനമുള്ള സംഘടനയാണ് ഞങ്ങളുടേത്. അട്ടപ്പാടിയിൽ ആദിവാസികളുടെ പ്രശ്നങ്ങൾ ഞങ്ങൾ കൈകാര്യംചെയ്യുന്നുണ്ട്.

നിയമസഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞത് ആറുമാസത്തിനകം പകരം ഭൂമി നൽകണമെന്നാണ്. എന്നാൽ, സർക്കാർ പറഞ്ഞത് ഒരു വർഷത്തിനകം ഭൂമി നൽകുമെന്നാണ്. രണ്ട് വ്യവസ്ഥകളും നടപ്പാക്കിയില്ലല്ലോ. ഒരു വർഷത്തിനകം നാലുവരിപ്പാതക്ക് സർക്കാർ ഭൂമി ഏറ്റെടുക്കുന്നതുപോലെ ആദിവാസികൾക്ക് വിതരണം ചെയ്യാൻ പൊന്നുംവില കൊടുത്ത് ഭൂമി ഏറ്റെടുക്കും എന്നായിരുന്നില്ലേ താങ്കൾ നൽകിയ വാഗ്ദാനം?
അതിന്റെ വിശദാംശങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ല. എന്റെ കൈയിൽ അതിന്റെ കണക്കുകൾ ഇല്ല. സർക്കാറിന്റെ പുറമ്പോക്കും തരിശുഭൂമിയും എല്ലാം ഏറ്റെടുത്താണ് അന്ന് വിതരണം ചെയ്തത്. കുറെ ആദിവാസികൾക്ക് വിവിധ ജില്ലകളിൽ വിതരണം ചെയ്യാവുന്ന ഭൂമിയെ കുറിച്ചുള്ള കണക്കും തയാറാക്കി. പലയിടത്തും അഞ്ഞൂറും മുന്നൂറും പേർക്ക് പട്ടയം വിതരണംചെയ്തിരുന്നു.
അട്ടപ്പാടിയിൽ ഭൂമി നഷ്ടപ്പെട്ടതായി സർക്കാർ അംഗീകരിച്ചത് 955 അപേക്ഷകളാണ്. അതിൽ 275 കേസിൽ അഞ്ചേക്കറിലധികം ഭൂമി നഷ്ടപ്പെട്ടവരാണ്. ആർക്കെങ്കിലും അതേ ഭൂമിയോ പകരം ഭൂമിയോ നൽകാൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ടോ? പകരം ഭൂമി കൊടുക്കുക എന്നത് ഇന്ന് സർക്കാറിന്റെ അജണ്ടയിൽപോലുമില്ല. പിന്നെ 1999ലെ നിയമത്തിന് എന്ത് പ്രസക്തിയാണുള്ളത്? ആദിവാസികൾക്ക് ഒരിഞ്ച് ഭൂമിപോലും ലഭിച്ചില്ലെന്നതല്ലേ സത്യം?
സർക്കാർ കർശനമായ നിലപാടെടുത്ത് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടതാണ്. നിയമം നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. അത് സർക്കാർ നിർവഹിക്കണം. 1999ൽ നിയമം പാസാക്കിയതിനുശേഷം കേരളത്തിൽ അധികാരത്തിൽവന്ന സർക്കാറുകൾ നിയമം നടപ്പാക്കാൻ ശ്രദ്ധകാണിച്ചില്ല. ആദിവാസികൾക്ക് കുറച്ചു ഭൂമിയെങ്കിലും നൽകണമെന്ന താൽപര്യംകൊണ്ടാണ് 1999ൽ നിയമനിർമാണം നടത്തിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ അത് പരമാവധി നടപ്പാക്കാനുള്ള പരിശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനുശേഷം ഭരണത്തിലെത്തിയവരും ഭരണസംവിധാനങ്ങളും ഇക്കാര്യത്തിൽ ശരിയായി പ്രവർത്തിച്ചില്ല എന്നാണ് കാണുന്നത്.
അട്ടപ്പാടിയിലെ ആദിവാസികൾ അനുഭവത്തിൽനിന്നല്ലേ 1975ലെ നിയമവും 1999ലെ നിയമവും വഴി ഒരിഞ്ച് ഭൂമിപോലും ലഭിച്ചിട്ടില്ലെന്ന് പറയുന്നത്? സി.പി.ഐയിൽ അംഗമായ ആദിവാസി മൂപ്പന്മാർതന്നെയല്ലേ ഇതിന്റെ ഇരകൾ?
ആദിവാസികൾക്ക് വിദ്യാഭ്യാസം ഇല്ലാത്തതിനാലാണ് ഒരുപാട് ആളുകൾ അവരെ പറ്റിച്ചത്. സാമൂഹികമായി അവരുടെ നില വളരെ പിന്നാക്കമാണ്. അവർ ദരിദ്രരാണ്. അവർക്ക് അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ കഴിയുന്നില്ല. അവർക്ക് സർക്കാർ പുതിയ വീട് വെച്ച് കൊടുത്താൽ അതിൽ ആടുമാടുകളെ കെട്ടിയിടുന്നതിന് അത് ഉപയോഗിക്കും. പഴയ ഷെഡിൽ അവർ കഴിയും. അത് ആദിവാസികളുടെ ജീവിതരീതിയാണ്.
ആദിവാസി മേഖലയിൽ പലയിടത്തും മേൽക്കൂര ചോരുന്ന കോൺക്രീറ്റ് വീടുകളല്ലേ സർക്കാർ നിർമിച്ചു നൽകിയത്? ആദിവാസിമേഖലയിലെ വീട് നിർമാണം ആറളം ഫാമിലടക്കം അഴിമതിയുടെ കഥകൾ പറയുന്നിേല്ല?
സർക്കാർ കെട്ടിക്കൊടുക്കുന്ന എല്ലാ വീടുകളും ചോരുന്ന വീടുകളാണെന്ന അഭിപ്രായം എനിക്കില്ല. ചിലയിടത്തൊക്കെ സംഭവിച്ചിട്ടുണ്ടാവാം. ആദിവാസികളുടെ ഇന്നത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സർക്കാറിന്റെ ആദിവാസി നയം തന്നെ പുനഃപരിശോധിക്കേണ്ടതാണ്. ഇതിനേക്കാൾ മെച്ചപ്പെട്ട നിലയിൽ അവർക്ക് ജീവിക്കാൻ കഴിയുന്ന നയം ആവിഷ്കരിക്കാൻ സർക്കാർതലത്തിൽ ആലോചിക്കേണ്ടതുണ്ട്.
ആദിവാസി മേഖലയിൽ അഴിമതി നടന്നാൽ ചോദിക്കാനും പറയാനും ആരുമില്ല. അതുകൊണ്ടാണ് ഉദ്യോഗസ്ഥർ സ്ഥിരമായി അങ്ങനെയൊക്കെ ചെയ്യുന്നത്. അട്ടപ്പാടിക്ക് മാത്രമായി ഈ കഴിഞ്ഞ 25 വർഷത്തെ കണക്കെടുത്താൽ എത്ര കോടി രൂപയാണ് ചെലവഴിച്ചത്. അത് കണക്കാക്കിയാൽ ഓരോ ആദിവാസിക്കും പൊന്നുകൊണ്ടുള്ള വീട് നിർമിച്ചു നൽകാം. എത്ര വലിയ ഫണ്ടാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അട്ടപ്പാടിയിലേക്ക് ഒഴുക്കിയത്. അത് പരിശോധിച്ചാൽ നമ്മൾ അമ്പരന്നു പോകും. ഉദ്യോഗസ്ഥന്മാരുടെ വെട്ടിപ്പിന്റെയും തട്ടിപ്പിന്റെയും വിളനിലമാണ് അട്ടപ്പാടി. കൃത്യമായി പരിശോധന നടത്തി വിലയിരുത്തൽ നടത്തി അഴിമതിക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാറിന് കഴിയുന്നില്ല. സർക്കാറിൽ അത്തരം ഒരു മോണിറ്ററിങ് സംവിധാനം നിലവിലില്ല.
(തുടരും)