‘‘ആദിവാസികൾ തന്നെയാണ് അവരുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ’’

കെ.എം. സലിംകുമാർ നാല് പതിറ്റാണ്ടിലേറെക്കാലം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവമായിരുന്നു. രോഗബാധിതനായതോടെ സജീവ സാമൂഹിക പ്രവർത്തനംവിട്ട് എഴുത്തിലേക്ക് ചുരുങ്ങി. അടുത്തിടെ, മരണത്തിന് ഏതാനും നാളുകൾക്കു മുമ്പാണ് അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടത്. ആ സംഭാഷണത്തിൽ അദ്ദേഹം തന്റെ ജീവിതവും രാഷ്ട്രീയ വഴികളും ചിന്തകളും പങ്കുെവച്ചു. സുദീർഘമായ ആ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ. സി.പി.ഐ (എം.എൽ) പ്രസ്ഥാനവുമായി ബന്ധപ്പെട്ടത് മഹാരാജാസിൽ വെച്ചാണ്? പാർട്ടി അനുഭവം എന്തായിരുന്നു?ഇടുക്കിയിൽനിന്ന് 1967-68 കാലത്താണ് മഹാരാജാസിൽ പ്രീഡിഗ്രി പഠനത്തിനായി എത്തുന്നത്. ഞാൻ അവിടെ ഇടതുപക്ഷ വിദ്യാർഥി...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കെ.എം. സലിംകുമാർ നാല് പതിറ്റാണ്ടിലേറെക്കാലം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവമായിരുന്നു. രോഗബാധിതനായതോടെ സജീവ സാമൂഹിക പ്രവർത്തനംവിട്ട് എഴുത്തിലേക്ക് ചുരുങ്ങി. അടുത്തിടെ, മരണത്തിന് ഏതാനും നാളുകൾക്കു മുമ്പാണ് അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടത്. ആ സംഭാഷണത്തിൽ അദ്ദേഹം തന്റെ ജീവിതവും രാഷ്ട്രീയ വഴികളും ചിന്തകളും പങ്കുെവച്ചു. സുദീർഘമായ ആ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ.
സി.പി.ഐ (എം.എൽ) പ്രസ്ഥാനവുമായി ബന്ധപ്പെട്ടത് മഹാരാജാസിൽ വെച്ചാണ്? പാർട്ടി അനുഭവം എന്തായിരുന്നു?
ഇടുക്കിയിൽനിന്ന് 1967-68 കാലത്താണ് മഹാരാജാസിൽ പ്രീഡിഗ്രി പഠനത്തിനായി എത്തുന്നത്. ഞാൻ അവിടെ ഇടതുപക്ഷ വിദ്യാർഥി സംഘടനയിൽ അംഗമായി. പ്രകടനങ്ങൾക്ക് പോയെങ്കിലും ഇടതുപക്ഷത്തോടുള്ള ആഭിമുഖ്യമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സിനിമയിലെത്തിയ പവിത്രൻ, കൊടുങ്ങല്ലൂർ സ്വദേശി അഷ്റഫ് തുടങ്ങിയവരൊക്കെ അന്ന് ഇടതുപക്ഷ സംഘടനയുടെ തലപ്പത്ത് ഉണ്ടായിരുന്നു. ടി.കെ. രാമചന്ദ്രനും അന്ന് ഇടതുവിദ്യാർഥി രംഗത്തുണ്ടായിരുന്നു. അന്ന് മഹാരാജാസ് കോളജിൽ കെ.എസ്.യുവിന്റെ ഭരണമാണ് നിലനിന്നത്. കെ.എസ്.യുക്കാർ പുറത്തുനിന്ന് ആളുകളെ ഇറക്കി ഇടതു വിദ്യാർഥികളെ മർദിക്കുന്ന കാലം. ആ തല്ല് ഞാൻ ശ്രദ്ധിച്ചു. ഇടത് വിദ്യാർഥി സംഘടനക്കുവേണ്ടി അന്ന് തല്ലുകൊണ്ടതിൽ അധികംപേരും ദലിതരായിരുന്നു. ഞാനും തല്ലുകൊള്ളുന്നവർക്ക് ഒപ്പം ചേർന്നു.
കുടുംബം കോൺഗ്രസായിട്ടും മഹാരാജാസിൽ വരുമ്പോൾ എന്തുകൊണ്ടാണ് സലിംകുമാർ മറ്റൊരു വഴി തിരഞ്ഞെടുത്തത്?
ആ ചോദ്യത്തിനുത്തരം അന്ന് വലതുപക്ഷ വിദ്യാർഥി സംഘടനയിൽ നിന്നിരുന്നത് സമ്പന്ന കുടുംബങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികളായിരുന്നു എന്നാണ്. അവരാണ് മർദനത്തിന് നേതൃത്വം നൽകിയത്. മഹാരാജാസിലെ ദരിദ്രരായ വിദ്യാർഥികൾ തല്ലുകൊള്ളുന്നവരായിരുന്നു. മർദനത്തിന്റെ രീതി അതായിരുന്നു. ഇടതുപക്ഷത്ത് നിന്നതിനാലാണ് അവരെ തല്ലിയത്. ഇങ്ങനെ സമ്പന്ന-ദരിദ്ര വേർതിരിവ് അന്ന് പ്രകടമായിരുന്നു. മർദനത്തിന്റെ രീതിതന്നെ ഇന്നത്തേക്കാൾ വ്യത്യസ്തമായിരുന്നു. കോൺഗ്രസിന്റെ കുട്ടികൾ മെച്ചപ്പെട്ട സാമ്പത്തികശേഷിയുള്ള ആളുകളായിരുന്നു. മഹാരാജാസ് കോളജിന്റെ അന്തരീക്ഷത്തിൽ ഞാൻ തല്ലുന്നവരോടൊപ്പം അല്ല ചേർന്നത്. തല്ലുകൊള്ളുന്നവരോടൊപ്പം നിൽക്കാൻ തീരുമാനിച്ചു. അത് എന്റെ അന്നത്തെ രാഷ്ട്രീയ തീരുമാനമായിരുന്നു.
ഡിഗ്രി വിദ്യാഭ്യാസ കാലത്താണോ നക്സലൈറ്റ്-സി.പി.ഐ(എം.എൽ) രാഷ്ട്രീയത്തോട് അടുക്കുന്നത്?
1969ൽതന്നെ നക്സൽബാരിയെ കുറിച്ച് അന്വേഷിച്ചു തുടങ്ങി. അന്നത്തെ ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിൽ ബംഗാളിലെ രാഷ്ട്രീയവും നക്സൽബാരി സമരവുമൊക്കെ വാർത്തകളായി വന്നിരുന്നു. വായിച്ചപ്പോൾ എനിക്ക് ആഭിമുഖ്യം തോന്നി. കേരളത്തിൽ വയനാട്ടിലെ വർഗീസിന്റെ സമരവും കുന്നിക്കൽ നാരായണന്റെയും അജിതയുടെയും മന്ദാകിനിയുടെയുമൊക്കെ സംഭവങ്ങളും മലയാള പത്രങ്ങളും റിപ്പോർട്ട് ചെയ്തു. തലശ്ശേരിയും പുൽപള്ളിയുമെല്ലാം പത്രങ്ങളിൽ വലിയ വാർത്തയായി. ഈ വായനയാണ് നക്സലൈറ്റ് പ്രസ്ഥാനത്തോട് അടുപ്പം തോന്നാൻ കാരണം.
ഡിഗ്രി പൂർത്തിയാക്കിയില്ല, അതിനുമുമ്പ് തന്നെ വിപ്ലവത്തിലേക്ക് ഇറങ്ങിയോ?
വിദ്യാഭ്യാസം വേണ്ടപോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയുണ്ടായി. മഹാരാജാസിലെ ഡിഗ്രി പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അത് രാഷ്ട്രീയ സ്വാധീനംകൊണ്ടാണെന്ന് പറഞ്ഞാൽ രാഷ്ട്രീയത്തെ കുറ്റപ്പെടുത്തലാകും. രാഷ്ട്രീയം നമ്മുടെ തിരഞ്ഞെടുപ്പായിരുന്നു. പൊലീസ് ഇടപെടൽ ശക്തമായതോടെ വിദ്യാഭ്യാസം അവസാനിപ്പിച്ചു. വിദ്യാഭ്യാസത്തിലൂടെ മുന്നോട്ടുപോകുക എന്നത് നമ്മുടെ തിരഞ്ഞെടുപ്പ് അല്ല. അത് വേണ്ടെന്നുവെച്ചു. വിദ്യാഭ്യാസത്തിലൂടെ ജോലി നേടാമായിരുന്നു. അതേസമയം, വീട്ടിൽ ജീവിക്കാൻ മിനിമം സൗകര്യമുണ്ടായിരുന്നു. ജോലി കിട്ടിയാൽ ജീവിതസൗകര്യം വർധിപ്പിക്കാം.
പഠനം അവസാനിപ്പിച്ച് വീട്ടിലെത്തിയപ്പോൾ കുടുംബം അതിനെ എങ്ങനെയാണ് വിലയിരുത്തിയത്?
കുടുംബം മാത്രമല്ല എന്റെ ഗോത്രം മുഴുവൻ ഞാൻ പറഞ്ഞത് അംഗീകരിച്ചില്ല. പഠനം ഉപേക്ഷിച്ചത് ഗോത്രത്തിലെ ആളുകൾക്ക് മാത്രമല്ല, ആ പരിസരങ്ങളിലുള്ള ആളുകൾക്കും ഉൾക്കൊള്ളാനായില്ല. അവർക്ക് എന്നിൽ വലിയ പ്രതീക്ഷണ്ടായിരുന്നു. പലരും ഞാനൊരു ഡോക്ടറാകണമെന്ന് ആഗ്രഹിച്ചു. മഹാരാജാസിൽ പഠിച്ച കാലത്ത് ഞാൻതന്നെ ഒരു ഡോക്ടർ ആകുമെന്ന് പറഞ്ഞിരുന്നു. അത് സമൂഹത്തിൽ വലിയ പ്രതീക്ഷയുണ്ടാക്കി. ഞാൻ ജനിച്ച ഗോത്രത്തിൽനിന്ന് ആദ്യമായിട്ടാണ് ഒരാൾ മഹാരാജാസിൽ പഠനത്തിന് എത്തുന്നത്. അതിനാൽ സമൂഹത്തിന് അതങ്ങ് സ്വീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ക്രമേണ ഞാൻ നക്സലൈറ്റായി എന്ന് സമൂഹം അറിഞ്ഞുതുടങ്ങി. അതു വലിയ ആഘാതമായി.
അടിയന്തരാവസ്ഥയിൽ പാർട്ടി പ്രവർത്തനം നടത്തിയതിനാലാണോ അറസ്റ്റ് ചെയ്തത്?
സംസ്ഥാനത്ത് അന്ന് വ്യാപകമായ രീതിയിൽ അറസ്റ്റ് നടന്നു. അടിയന്തരാവസ്ഥക്കാലത്ത് എന്റെ പാർട്ടി പ്രവർത്തനം ഇടുക്കിയിലാണ്. കൊടുങ്ങല്ലൂരിലെ ടി.എൻ. ജോയിയും മറ്റും ഇടുക്കിയിൽ വന്നിരുന്നു. 1973 -74 കാലമാണ്. സോമദത്തനൊക്കെ അന്ന് ജയിലിലായി എന്നാണ് ഓർമ. ടി.എൻ. ജോയ് ആയിരുന്നു അന്ന് കോട്ടയത്തിന്റെയും ഇടുക്കിയുടെയുമൊക്കെ പാർട്ടി ചുമതലക്കാരൻ. കെ.കെ. മണിയൊക്കെ അന്ന് ഇടുക്കിയിൽനിന്ന് അറസ്റ്റിലായി. എന്നെയും പൊലീസ് അറസ്റ്റ് ചെയ്ത് പൊലീസ് ക്യാമ്പിൽ എത്തിച്ചു.
അടിയന്തരാവസ്ഥ കഴിഞ്ഞ് പിന്നീട് എന്താണ് ചെയ്തത്? പാർട്ടി പുനഃസംഘടനയിൽ വഹിച്ച റോൾ എന്തായിരുന്നു?
ആ സമയത്തൊക്കെ ഞാൻ പാർട്ടിയിലുണ്ട്. ജയിലിൽനിന്ന് പുറത്ത് വന്നയുടനെ എറണാകുളത്തുനിന്ന് അടിയന്തരാവസ്ഥക്കുശേഷം ഇറങ്ങുന്നത് ‘രക്തപതാക’ എന്ന മാസികയാണ്. അത് എത്ര ലക്കം ഇറക്കിയെന്ന് ഇന്ന് ഓർമയില്ല. അങ്ങനെയൊരു പ്രസിദ്ധീകരണം ഇറക്കിയതായി ആരും പറയാറില്ല. . ‘രക്തപതാക’യിലേക്ക് കത്തുകൾ അയച്ച ആളുകളെ പോയി കണ്ടാണ് അക്കാലത്ത് സംഘടന ഉണ്ടാക്കാൻ ശ്രമം നടത്തിയത്. കെ. വേണുവിന്റെ എഴുത്തിൽ ‘രക്തപതാക’ പ്രസിദ്ധീകരിച്ച കാര്യം സൂചിപ്പിച്ച് കണ്ടിട്ടില്ല. പാർട്ടിയിൽ ആരോടും ആലോചിച്ച് അനുമതി വാങ്ങിയല്ല ‘രക്തപതാക’ പ്രസിദ്ധീകരിക്കുന്നത്.
അടിയന്തരാവസ്ഥ കഴിഞ്ഞപ്പോൾ ഒരു പ്രസിദ്ധീകരണം ഇറക്കണം എന്ന് തോന്നി. അന്ന് ജയിലിൽ ഉണ്ടായിരുന്നവരുമായി പരിചയപ്പെട്ട് പത്തനംതിട്ടയും കൊല്ലത്തുമൊക്കെ പോകുന്നുണ്ട്. പലരെയും കണ്ടുവെങ്കിലും ആർക്കും പാർട്ടിയോട് താൽപര്യം ഉണ്ടായിരുന്നില്ല. ജയിൽവാസ കാലത്ത് മർദനമേറ്റ് പലരുടെയും ജീവിതം തകർന്നിരുന്നു. അപ്പോൾ മറ്റു കാര്യങ്ങൾ ആലോചിച്ചിട്ട് കാര്യമില്ല. ‘രക്തപതാക’ പ്രസിദ്ധീകരിച്ചതിനു ശേഷമാണ് വാസുവേട്ടനൊക്കെ രംഗത്തു വന്നത്. അക്കാലത്ത് വാസുവേട്ടനെയൊക്കെ കാണാൻ കോഴിക്കോട് പോയിരുന്നു. വാസുവേട്ടനെ കണ്ടെങ്കിലും സംസാരിച്ചു പോവുക മാത്രമാണ് ചെയ്തത്.
നിയമസഭ 1975ലാണല്ലോ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കുന്നതിന് നിയമം പാസാക്കിയത്. നിയമം നടപ്പാക്കുന്നതിന് 1987ൽ ചട്ടം നിർമിക്കുകയുംചെയ്തു? ഇതൊന്നും പാർട്ടി ചർച്ച ചെയ്തിരുന്നിേല്ല?
ഇത്തരം നിയമനിർമാണങ്ങൾ ഒന്നും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. നിയമസഭയിൽ നടക്കുന്ന ചർച്ചകളോ നിയമനിർമാണങ്ങളോ ഒന്നും പാർട്ടിയുടെ അജണ്ടയിൽ ഉണ്ടായിരുന്നില്ല. 1975ലെ ആദിവാസി ഭൂനിയമം പാർട്ടി ഒരിക്കലും ചർച്ച ചെയ്തിരുന്നില്ല. പാർട്ടി സായുധസമരത്തിലൂടെ അധികാരം പിടിച്ചെടുക്കുന്നതിനുള്ള പദ്ധതിയാണ് ചർച്ച ചെയ്തത്. നിയമസഭയിൽ നടന്ന നിയമനിർമാണത്തെ ആരും പരിശോധിച്ചില്ല. അതിനെക്കുറിച്ച് ഞാനടക്കം അറിഞ്ഞിരുന്നില്ല. ആദിവാസികൾക്കിടയിലും ഇക്കാര്യങ്ങൾ ചർച്ചചെയ്തിരുന്നില്ല.
സി.പി.ഐ (എം.എൽ) 1987ൽ പിളർന്ന ശേഷമല്ലേ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ എത്തുന്നത്?
അതെ, 1984ൽ പശ്ചിമ ബംഗാളിലെ മിഡ്നാപൂരിൽ നടന്ന സ്പെഷൽ കൺവെൻഷൻ പങ്കെടുത്തിരുന്നു. ഇക്കാലത്ത് പാർട്ടിയിൽ പ്രധാന ചുമതല വഹിച്ചിരുന്നില്ല. എന്നാൽ, സംസ്ഥാനതല പ്രവർത്തക യോഗത്തിൽ പങ്കെടുത്തിരുന്നു. സി.ആർ.സി (സി.പി.ഐ -എം.എൽ) 1987ൽ പിളർന്നു. കെ. വേണുവിന്റെയും കെ.എൻ. രാമചന്ദ്രന്റെയും നേതൃത്വത്തിൽ രണ്ട് പാർട്ടികളായി മാറി. അതോടെയാണ് ഞാൻ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തിയത്. കെ. വേണുവിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട പാർട്ടിയുടെ സംസ്ഥാന സമ്മേളനം കോഴിക്കോട് വെച്ചാണ് നടന്നത്. അതുകഴിഞ്ഞ് പാർട്ടിയുടെ പ്രഖ്യാപനം നടക്കുന്നത് എറണാകുളം രാജേന്ദ്ര മൈതാനിയിലാണ്.
1987ന് മുമ്പ് ഏതെങ്കിലും സമയത്ത് അംബേദ്കറെ വായിക്കണമെന്നോ ബി.ആർ. അംബേദ്കർ ചിന്ത മനസ്സിലാക്കണമെന്നോ തോന്നിയിട്ടുണ്ടോ?
നേരത്തേ അംബേദ്കറെ ശ്രദ്ധിച്ചിരുന്നു. എന്നാൽ, ഗൗരവപൂർവം വായിച്ചിരുന്നില്ല. ഭരണഘടന നിർമിച്ചയാൾ എന്ന നിലയിലാണ് വിലയിരുത്തിയത്. അതിനപ്പുറത്തേക്ക് അംബേദ്കറുടെ പുസ്തകങ്ങളിലേക്ക് കടന്നിരുന്നില്ല. മഹാരാജാസ് കാലത്ത് മുതൽ അംബേദ്കറെ കുറിച്ച് സംസാരിക്കുന്ന നിരവധി ആളുകൾ എറണാകുളത്തുണ്ടായിരുന്നു. വി.സി. രാജപ്പൻ അങ്ങനെയുള്ള ആളായിരുന്നു. കഥാകൃത്തായ ടി.കെ.സി. വടുതല എഡിറ്റ് ചെയ്ത അംബേദ്കർ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. പി.കെ. ബാലകൃഷ്ണൻ അംബേദ്കറെക്കുറിച്ച് പഠനം നടത്തി എഴുതിയിരുന്നു. ഇതൊന്നും നമ്മൾ അന്ന് ഗൗരവമായി ശ്രദ്ധിച്ചിരുന്നില്ല. സായുധസമരം കൈയിലുള്ളതിനാൽ അന്ന് ജാതി ഒരു പരിഗണനാ വിഷയംപോലും ആയിരുന്നില്ല.
എന്നാണ് പാർട്ടിക്കുള്ളിൽ ജാതി ഒരു പരിഗണന വിഷയമായി മാറിയത്? വി.പി. സിങ്ങിന്റെ മണ്ഡൽ കമീഷൻ റിപ്പോർട്ടാണോ പരിഗണനാവിഷയമായിത്തീരാൻ കാരണമായത്?
അതിനുമുമ്പു തന്നെ ജാതിപ്രശ്നം ചർച്ചചെയ്തു തുടങ്ങിയിരുന്നു. പാർട്ടി മുൻകൈയെടുത്ത് 1986ൽ തലയോലപ്പറമ്പിൽ ജാതിവിരുദ്ധ മതേതരവേദിയുടെ കൺവെൻഷൻ നടത്തിയിരുന്നു. മാർക്സിസ്റ്റ്-ലെനിസ്റ്റ് സിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്ന ദലിതർക്ക് ഇടയിൽ നേരത്തേതന്നെ ജാതിയെ കുറിച്ചുള്ള ചർച്ച തുടങ്ങിക്കഴിഞ്ഞിരുന്നു. സീഡിയൻ എന്ന സംഘടന ഇക്കാര്യം ചർച്ചചെയ്തിരുന്നു. സീഡിയൻ ഉണ്ടാക്കുന്നതിൽ ഒരാൾ മഹാരാജാസിൽ പഠിച്ച പിൽക്കാലത്ത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ച് അംബേദ്കർ കൃതികൾ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വി. പത്മനാഭനാണ്. ഞങ്ങളൊക്കെ സുഹൃത്തുക്കൾ എന്ന നിലയിൽ അന്ന് ചർച്ചയിൽ പങ്കെടുത്തിരുന്നു. പക്ഷേ, ആ വഴിയിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയിരുന്നില്ല.

സി.കെ. ജാനു,കെ. വേണു
ജാതിവിരുദ്ധ മതേതരവേദിയിൽനിന്ന് അധഃസ്ഥിത നവോത്ഥാന മുന്നണിയിലേക്ക് ഉണ്ടായ മാറ്റം എന്താണ്? എങ്ങനെയാണ് നിർവചിക്കാൻ കഴിയുക?
പാർട്ടി പിളരുന്നതിന് മുമ്പാണ് ജാതിവിരുദ്ധ മതേതര വേദിക്ക് രൂപം നൽകിയത്. അത് സത്യത്തിൽ ജാതിക്കെതിരായ ഒരു സംഘടനയായിരുന്നു. കെ. വേണു ആത്മകഥയിൽ എഴുതിയതുപോലെ മഹാരാഷ്ട്രയിൽ പോയി ജാതിയെക്കുറിച്ച് അറിഞ്ഞു എന്നു പറയുന്നതിൽ അർഥമില്ല. ഇവിടില്ലാത്തൊരു യാഥാർഥ്യം മഹാരാഷ്ട്രയിൽനിന്ന് തിരിച്ചറിഞ്ഞു എന്നാണ് കെ.വി പറയുന്നത്. അദ്ദേഹം ജനിച്ച കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് എന്ന ഗ്രാമത്തിൽ ജാതിയുണ്ട്. അവിടെ തിരക്കിയാൽ പോരേ ജാതിയുടെ കാര്യം.
കൊടുങ്ങല്ലൂർപോലും വരേണ്ടതില്ലല്ലോ. ജാതി എങ്ങനെയാണ് സമൂഹത്തിൽ പ്രവർത്തിക്കുന്നതെന്ന് ഞാൻ മഹാരാജാസ് കോളജിലെ അനുഭവത്തിൽനിന്ന് പറയാം. അക്കാലത്ത് എന്റെ സഞ്ചാരവഴികളിൽ ദലിതരുടെ ഓലപ്പുരകളിൽ മാത്രമാണ് അന്തിയുറങ്ങിയത്. ഞാൻ ആദ്യം ചെല്ലുന്ന സ്ഥലങ്ങളിൽ ഒന്ന് വൈക്കം സത്യഗ്രഹം നടന്ന വൈക്കത്താണ്. അവിടത്തെ കുട്ടികൾ എന്നെ ചേട്ടൻ എന്നു വിളിക്കുമ്പോൾ ഞാൻ താമസിച്ച വീട്ടിലെ വളരെ പ്രായമുള്ള കാരണവരെ പേരിനൊപ്പം പുലയൻ ചേർത്താണ് വിളിച്ചിരുന്നത്. എന്നെ പുള്ള (പിള്ള) എന്ന് വിളിക്കുന്നു. ഇതാണ് ഞാൻ കണ്ട ജാതി. വെള്ളമില്ലാതെ വരുമ്പോൾ വെള്ളമെടുക്കാൻ ഈഴവരുടെ കുളത്തിൽ ഇറങ്ങാൻ പുലയർക്ക് സ്വാതന്ത്ര്യമില്ല. ഈഴവർ വെള്ളമെടുത്തു കൊടുക്കും. പുലയർ തൊട്ട് അശുദ്ധമാക്കരുതെന്നാണ് കീഴ്വഴക്കം.
മുന്നണിയുടെ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമെന്താണ്?
തലയോലപ്പറമ്പിൽ നടന്ന ജാതിവിരുദ്ധ മതേതര വേദിയുടെ കൺവെൻഷനിലെ ചർച്ചയാണ് അതിന്റെ തുടക്കം. ആ പരിപാടിയിൽ ഭക്ഷണത്തിന്റെ ചുമതലയാണ് പാർട്ടി എന്നെ ഏൽപിച്ചത്.അതിനാൽ അവിടെ നടന്ന ചർച്ച കേൾക്കാനോ കാര്യമായി പരിപാടിയിൽ പങ്കെടുക്കാനോ കഴിഞ്ഞില്ല. അതിൽ അവതരിപ്പിച്ച രേഖകളൊക്കെ പിന്നീടാണ് വായിച്ചത്. എം.എം. സോമശേഖരന്റെ ജാതിയെക്കുറിച്ചുള്ള വീക്ഷണം ഗൗരവമായി വായിച്ചു. അന്ന് അവതരിപ്പിച്ച പ്രബന്ധങ്ങളാണ് അംബേദ്കർ വായനയിലേക്ക് നയിച്ചത്. കെ. വേണുവിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട പാർട്ടി കമ്മിറ്റിതന്നെയാണ് അധഃസ്ഥിത നവോത്ഥാന മുന്നണി രൂപവത്കരിക്കാൻ തീരുമാനിച്ചത്.
ദലിത് ആദിവാസി വിഭാഗങ്ങളെ പ്രത്യേകമായി തന്നെ സംഘടിപ്പിക്കുക എന്നത് പാർട്ടി തീരുമാനമായിരുന്നു. മുന്നണി രൂപവത്കരിച്ചതോടെ പാർട്ടിക്കുള്ളിൽ ഞാനെന്തു പറഞ്ഞാലും സലിംകുമാർ ജാതി കണ്ണിലാണ് കാണുന്നതെന്ന് വിമർശനം ഉയർന്നു. കൊയിലാണ്ടിക്കാരൻ ശിവദാസൻ അത്തരം വലിയ വിമർശനം എനിക്കെതിരെ ഉയർത്തിയിരുന്നു. അങ്ങനെ ജാതിയുടെ കണ്ണുകളിലൂടെ മാത്രം ഞാൻ കാര്യങ്ങൾ കാണുന്നു എന്ന വിമർശനം ശക്തമായി. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ ആശയങ്ങളെ സമൂഹത്തിന്റെ നിർമാണത്തിനായി ഉപയോഗപ്പെടുത്തണം എന്ന ചിന്ത വന്നു. ആ സമയത്തും ആദിവാസി ഭൂമിപ്രശ്നം ചർച്ചയായില്ല. അക്കാലത്തെ പരിമിതികൂടി നാം മനസ്സിലാക്കണം.
അധഃസ്ഥിത മുന്നണി എന്തെല്ലാം ചലനമുണ്ടാക്കി?
സി.ആർ.സി സി.പി.ഐ എം.എൽ പ്രവർത്തന കാലത്ത് ജാതി പ്രശ്നം അംഗീകരിക്കാൻ പാർട്ടി തയാറായി. അവിടെയാണ് അംബേദ്കർ കടന്നുവരുന്നത്. അന്ന് പാർട്ടിക്കകത്ത് ഒരു സൈദ്ധാന്തിക പ്രശ്നമായിത്തീർന്നത് വർഗസമരവും ജാതിയുമാണ്. ജാതിയും വർഗവും തമ്മിലുള്ള പ്രശ്നം പാർട്ടി ഗൗരവമായി ചർച്ചചെയ്തു. ജാതിയും വർഗവും രണ്ടുംകൂടി ഒന്നിച്ചു കൊണ്ടുപോവുക അത്ര എളുപ്പമല്ല. പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥി, യുവജന, സ്ത്രീ, ട്രേഡ് യൂനിയൻ തുടങ്ങിയ ബഹുജനസംഘടനകൾ ഉണ്ടാക്കി. ഗീതാനന്ദന്റെ നേതൃത്വത്തിലായിരുന്നു മേയ് ദിന തൊഴിലാളി യൂനിയൻ രൂപവത്കരിച്ചത്. അതുപോലെ അധഃസ്ഥിത നവോത്ഥാന മുന്നണിയും രൂപവത്കരിച്ചു. അവിടെ വിപ്ലവത്തിൽനിന്നും യുദ്ധത്തിൽനിന്നും അൽപം വ്യതിയാനം സംഭവിച്ചു.
എങ്കിലും ഗറില യുദ്ധത്തിനുവേണ്ടിയാണ് ഈ സംഘടനകളെല്ലാം രൂപവത്കരിച്ചത്. ഈ സംഘടനകളുടെ പ്രവർത്തനങ്ങളെല്ലാം പാർട്ടി നിയന്ത്രണത്തിലായിരുന്നു. എന്നാൽ, അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ തീരുമാനങ്ങൾ പാർട്ടി എടുക്കേണ്ടെന്ന തീരുമാനത്തിൽ ഞങ്ങൾ എത്തി. എല്ലാത്തിന്റെയും കേന്ദ്രം പാർട്ടിയാണെന്ന നിലപാടിനെ ചോദ്യംചെയ്തു. അത് ബ്രാഹ്മണിക്കലായ ഒരു രീതിയാണെന്ന് ചൂണ്ടിക്കാണിച്ചു. അതൊരു ബ്രാഹ്മണ ചിന്തയാണെന്ന് മുന്നണി തിരിച്ചറിഞ്ഞു. എല്ലാം കേന്ദ്രീകരിക്കപ്പെടുന്നു എന്നത് ബ്രാഹ്മണിസമാണ്. മുന്നണിയുടെ പ്രവർത്തനങ്ങൾ പാർട്ടി തീരുമാനിക്കുന്ന തലത്തിൽ അല്ല എന്നൊരു നില വന്നു. മനുസ്മൃതി കത്തിക്കാൻ മുന്നണിയാണ് തീരുമാനിച്ചത്. പാർട്ടി തീരുമാനം അനുസരിച്ചല്ല വൈക്കത്ത് മനുസ്മൃതി കത്തിച്ചത്.
അങ്ങനെ ഒരു തീരുമാനമെടുത്തത് എന്തുകൊണ്ടാണ്? മനുസ്മൃതി കത്തിക്കുന്നതിന്റെ വർത്തമാനകാല പ്രസക്തി എന്തായിരുന്നു?
ഭൂതകാലവും വർത്തമാനവും തമ്മിൽ അകലമുണ്ട്. കെ.കെ. കൊച്ചിനെ പോലെയുള്ള ആളുകൾ മനുസ്മൃതി കത്തിച്ചാൽ അത് ചാരമാണെന്ന് പരിഹസിച്ചു. 1989ലാണ് മനുസ്മൃതി കത്തിച്ചത്. പട്ടികജാതി-പട്ടികവർഗ അതിക്രമത്തിന് എതിരായ നിയമം കൊണ്ടുവരുന്നത് 1989ലാണ്. തഞ്ചാവൂരിലെ കീഴ്വെൺമണിയിൽ ഞാൻ കോളജിൽ പഠിക്കുന്ന കാലത്ത് 48 ദലിതരെയാണ് കൊന്നത്. ഈ കേസിൽ ബ്രാഹ്മണരെ ശിക്ഷിക്കാൻ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. ഗുജറാത്തിലെ കേസിലും ബ്രാഹ്മണരായ പ്രതികളെ വെറുതെ വിട്ടു. ബ്രാഹ്മണരായതുകൊണ്ട് അവർ അത് ചെയ്യില്ല എന്നാണ് കോടതിയും പറയുന്നത്. ബ്രാഹ്മണർ ഹിംസ ചെയ്യില്ല എന്ന് കോടതിപോലും വിശ്വസിക്കുന്നു. അത്ര പ്രാകൃതമാണ് നമ്മുടെ വ്യവസ്ഥ. നമ്മൾ മനുസ്മൃതി കത്തിക്കുമ്പോൾ തന്നെയാണ് രാജസ്ഥാനിൽ മനുവിന്റെ പ്രതിമ സ്ഥാപിച്ചത്.
വൈക്കത്ത് മനുസ്മൃതി കത്തിക്കുന്ന പരിപാടിയിൽ കെ. വേണു എത്തിയത് വിളിക്കാതെയാണ്. ആ പരിപാടിയുടെ നോട്ടീസിൽ വേണുവിന്റെ പേര് ഇല്ല. അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിട്ടില്ല. സമ്മേളനത്തിന് ഉദ്ഘാടനം ഒന്നുമുണ്ടായിരുന്നില്ല. ഞാനാണ് ആദ്യം സംസാരിച്ചത്. മനുസ്മൃതി കത്തിക്കുന്ന പരിപാടിക്ക് പാർട്ടിക്കാരെ എത്തിക്കാൻ അവർ തീരുമാനിച്ചുവെന്നാണ് പിന്നീട് ഞാനറിഞ്ഞത്. കെ. വേണു ആത്മകഥയിൽ മനുസ്മൃതി കത്തിച്ചതിനെ കുറിച്ച് എഴുതിയിരിക്കുന്നത് അവാസ്തവമായ കാര്യമാണ്. വൈക്കത്തെ പൊതുസമ്മേളനത്തിൽ പാർട്ടിയിൽനിന്ന് പങ്കെടുക്കാൻ ക്ഷണിച്ചത് സി.വി. രാമനെയാണ്. ട്രേഡ് യൂനിയൻ നേതാവ് എന്ന നിലയിൽ വിളിച്ചത് അഡ്വ. എ.എക്സ്. വർഗീസിനെയാണ്. കെ. വേണു പരിപാടി കാണാൻ വേണ്ടി വന്നതായിരിക്കാം. ആത്മകഥയിൽ എഴുതിയിരിക്കുന്നത് കെ. വേണു യോഗത്തിൽ പ്രസംഗിച്ചു എന്നാണ്. അത് തെറ്റായ ചരിത്ര രചനയാണ്. കെ. വേണു അത് തിരുത്തേണ്ടതാണ്. അങ്ങനെ എഴുതിയത് മോശമാണ്.
നവോത്ഥാനം നടന്ന കേരളത്തിൽ ജാതിയില്ല എന്ന് പൊതുവിൽ പറയാറുണ്ട്. ഈ അഭിപ്രായത്തെ ബ്രേക്ക് ചെയ്യുകയായിരുന്നു വൈക്കത്തെ മനുസ്മൃതി കത്തിക്കൽ. ഇപ്പോഴും ദലിതർ കോളനികളിൽ താമസിക്കുന്നത് ജാതികൊണ്ടാണ്. ബിഹാറിൽ ദലിത് കൂട്ടക്കൊല നടക്കുമ്പോൾ വൈക്കത്ത് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്താറുണ്ട്. ജാതിയുടെ ഭീകരതയാണ് അത് വ്യക്തമാക്കുന്നത്. കേരളത്തിൽ സി.ടി. സുകുമാറിനെ കൊല്ലുന്നു. അതിനു പിറകിൽ ഒരു ജാതിയുണ്ട് എന്ന് ആരും അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അധഃസ്ഥിതരെയും ആദിവാസികളെയും അടിച്ചമർത്തുന്ന സവർണ മേധാവിത്വത്തിന്റെ കൃതിയായ മനുസ്മൃതി വൈക്കത്ത് ചുട്ടെരിക്കുന്നു എന്ന് മുന്നണി പ്രഖ്യാപിച്ചത്. അത് ചുട്ടെരിച്ചോ ഇല്ലയോ എന്നതുപോലും തർക്കമാണ്. അതൊരു ആശയമായിരുന്നു. ആ ആശയം ഉന്നയിച്ച ആളുകളിൽ ഒരാളാണ് ഞാൻ.
ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയുടെ വിഷയത്തിൽ എന്ന് മുതലാണ് ഇടപെട്ടു തുടങ്ങിയത്. 1996ൽ നിയമസഭയിൽ ബിൽ അവതരിപ്പിച്ചതോടെയാണോ?
ആദിവാസി ഏകോപന സമിതിയാണ് രാഷ്ട്രപതിക്ക് നിവേദനം (1996ൽ) കൊടുക്കാൻ ആലോചന നടത്തിയത്. സമിതി അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ മുൻകൈയിലാണ് രൂപവത്കരിച്ചത്. അന്ന് ഡൽഹിയിൽ തോമസ് മാത്യു ഉണ്ടായിരുന്നു. അദ്ദേഹമടക്കമുള്ളവരുടെ സഹായത്താലാണ് രാഷ്ട്രപതിക്ക് നിവേദനം നൽകാനുള്ള വഴിയൊരുക്കിയത്. രാഷ്ട്രപതിയെ നേരിട്ട് കാണാൻ കഴിഞ്ഞില്ല. സി.കെ. ജാനു, കെ.ആർ. ജനാർദനൻ, ഭാസ്കരൻ തുടങ്ങിയവർക്കൊപ്പമാണ് നിവേദനം നൽകിയത്. ആ ഇടപെടൽകൊണ്ട് തന്നെയാണ് 1996ൽ കേരള നിയമസഭ പാസാക്കിയ നിയമം റദ്ദാക്കിയത്. കേരളത്തിന്റെ ചരിത്രത്തിൽ ആദിവാസികൾ സ്വന്തം മുൻകൈയിൽ ആദ്യമായി നടത്തിയ ഇടപെടലാണത്. ആദിവാസികളുടെ രക്ഷകരായി ധാരാളം പേർ എത്താറുണ്ട്. രക്ഷകരില്ലാതെയാണ് ഈ നീക്കം നടത്തിയത്. അത് തനതായ ഒരു നീക്കം ആയിരുന്നു. ആദിവാസികൾ നടത്തുന്ന പ്രവർത്തനങ്ങൾ സ്വയം മുന്നോട്ടുപോകണം.
സ്വന്തംനിലയിൽ ഒരു പ്രവർത്തനം നടത്തണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് രാഷ്ട്രപതിക്ക് നിവേദനം നൽകാൻ തീരുമാനിച്ചത്. തോമസ് മാത്യുവും ഡോ. സുഗതനും ഡൽഹിയിൽ സഹായത്തിനെത്തി. നമ്മൾ സൗഹൃദം എന്ന നിലയിലാണ് അവരുടെ സഹായം സ്വീകരിച്ചത്. അവരെ എനിക്ക് ഉറപ്പുണ്ടായിരുന്നു. അവർ ഒരിക്കലും ഇതിൽ അവകാശവാദം ഉന്നയിക്കില്ല. ഞാനിപ്പോഴും അവരെ ഓർക്കുന്നുണ്ട്. ആദിവാസികൾ സ്വന്തം നിലയിൽ ചെയ്യുന്ന ഒരു കാര്യമായിരുന്നു അത്. അത് എന്റെ ഒരു ആഗ്രഹമായിരുന്നു. ഒന്നിനും ശേഷിയില്ലാത്ത ഒരു സമൂഹം എന്ന് മുദ്രകുത്തിയവർ. ആദിവാസികൾ തന്നെയാണ് അവരുടെ സ്വന്തം കാര്യങ്ങൾ തീരുമാനിക്കേണ്ടത്. അങ്ങനെയൊരു സംഭവം പറഞ്ഞുകൊണ്ടാണ് ബില്ലിനെതിരെ നിവേദനം നൽകാൻ പോയത്. നിവേദനം നൽകാനുള്ള രേഖ എഴുതി തയാറാക്കിയത് ഞാനാണ്. അതൊരു ചരിത്രരേഖയാണ്. അന്ന് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പറഞ്ഞത് നിങ്ങൾ ധൈര്യമായി മുന്നോട്ടുപോകണം എന്നാണ്. നിയമസഭ പാസാക്കിയ 1996ലെ നിയമം നടപ്പാക്കുന്ന പ്രശ്നമില്ല എന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. അഖിലേന്ത്യതലത്തിൽ അറിയപ്പെടുന്ന ആദിവാസി സംരക്ഷകനായ ബി.ഡി. ശർമയെ ഞങ്ങൾ കണ്ടിരുന്നു. ശർമ ഞങ്ങളോട് എല്ലാ പിന്തുണയും അറിയിച്ചിരുന്നു. അദ്ദേഹം ഇടപെടാം എന്നും പറഞ്ഞിരുന്നു. അദ്ദേഹമടക്കമുള്ളവർ ഇടപെട്ടു.
നിയമസഭയിൽ ബില്ല് പാസാക്കിയതിനുശേഷമാണ് രാഷ്ട്രപതിയെ കണ്ടത്. 1996ലെ നിയമനിർമാണം ബ്ലോക്ക് ചെയ്യാൻ ആദിവാസി സംഘടനകൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കൂടെ സി.കെ. ജാനുവും ഉണ്ടായിരുന്നു. അതിലൊരു പ്രശ്നമുണ്ടായത് സി.കെ. ജാനുവിന്റെ എൻ.ജി.ഒ ബന്ധമാണ്. എൻ.ജി.ഒകളുടെ സ്വാധീനത്താൽ സി.കെ. ജാനു നിലപാടുകളിൽ പലപ്പോഴും ചാഞ്ചാട്ടം നടത്തി. ഡൽഹിയിൽനിന്നും മടങ്ങിവന്നിട്ടും കുടിയേറ്റക്കാർ അവർക്കുമേൽ സമ്മർദം ചെലുത്തിയിട്ടുണ്ട്. അവർ വീണ്ടും ഡൽഹിയിൽ പോയിരുന്നു. അങ്ങനെ സംഭവിക്കുമെന്ന് നേരത്തേ അറിയാമായിരുന്നു. ഇക്കാര്യത്തിൽ ഇനിയൊരു സഞ്ചാരത്തിന്റെ ആവശ്യമില്ല എന്ന് നമ്മൾ തീരുമാനിച്ചു.

പി.കെ. ബാലകൃഷ്ണൻ,കെ.എൻ. രാമചന്ദ്രൻ
സി.കെ. ജാനുവിന്റെ നിലപാട് മാറ്റത്തിന് കാരണം എന്തായിരുന്നു?
ജാനുവിനെ മുന്നോട്ടുകൊണ്ടുപോയത് ജോസ് സെബാസ്റ്റ്യൻ, നാരായണൻ എന്നിവരടക്കമുള്ള കുടിയേറ്റക്കാരുടെ സംഘത്തിന്റെ തണലിലാണ്. അവർ സോളിഡാരിറ്റി എന്നൊരു എൻ.ജി.ഒക്ക് രൂപംകൊടുത്തിരുന്നു. സംഘടനയുണ്ടാക്കാൻ ആദ്യം ജാനുവിനെ കാണാൻ പോയത് ഞാനും സേവ്യറുംകൂടിയാണ്. രാഷ്ട്രീയമായ ചില ധാരണകളുടെ അടിസ്ഥാനത്തിലാണ് ഐക്യപ്പെടുന്നത്. എൻ.ജി.ഒ സംഘടനകളുടെ പ്രവർത്തനത്തിൽനിന്ന് മാറിനിന്നെങ്കിൽ മാത്രമേ ആദിവാസികളുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ കഴിയൂ എന്ന് അന്നുതന്നെ ജാനുവിനോട് പറഞ്ഞിരുന്നു. അങ്ങനെ സഹകരിക്കാം എന്ന നിലപാടിലായിരുന്നു അന്ന് പ്രവർത്തിച്ചുതുടങ്ങിയത്. പക്ഷേ, ജാനുവിൽ അങ്ങനെയൊരു നിലപാടും ധാർമികതയും മൂല്യബോധവും ഒന്നും കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് ജാനു അത്തരം നിലപാടിൽ ഉറച്ചുനിന്നില്ല എന്ന് പറയുന്നതിൽ അർഥമില്ല.
ജാനു ആദിവാസികളുടെ താൽപര്യം മുൻനിർത്തിയല്ല പ്രവർത്തനം നടത്തിയത്. ഗീതാനന്ദനടക്കമുള്ളവരാണ് ജാനുവിനെ കേരളത്തിലെ ആദിവാസികളുടെയും ദലിതരുടെയും മുഖമായി അവതരിപ്പിച്ചത്. ദലിത് എന്നൊക്കെ പറഞ്ഞുനടക്കുന്ന കേരളീയ പൊതുസമൂഹം അതൊക്കെ വിശ്വസിച്ചു. അങ്ങനെ ചെയ്യാൻ പാടില്ല. ബി.ജെ.പിയിൽ പോയതോടെ അതിന്റെ അപമാനഭാരം മുഴുവൻ ആദിവാസികളുടെ തലയിലാണ് വന്നു വീണത്. ജാനുവിനെ കേരളത്തിൽ ഇപ്പോൾ ആർക്കും വേണ്ടാതായി. ആദിവാസികളിൽനിന്ന് നമ്മളോടൊപ്പം വയനാട്ടിൽ സഹകരിച്ചിരുന്ന കേശവൻ, ബാലൻ എന്നിവരൊക്കെ അന്നുതന്നെ ജാനുവിന്റെ ചാഞ്ചാട്ടം ചൂണ്ടിക്കാണിച്ചിരുന്നു. അവരൊക്കെ എന്നെയാണ് പിന്നീട് കുറ്റപ്പെടുത്തിയത്.
ഭൂമി പിടിച്ചെടുത്ത് ആദിവാസികളെ കുടിയിറക്കുന്ന ആളുകൾക്കെതിരെയല്ല സമരം എന്നാണ് പറഞ്ഞത്. അട്ടപ്പാടിയിൽ ഭൂമി പിടിച്ചെടുക്കുന്ന മാഫിയക്ക് എതിരല്ലായിരുന്നു സി.കെ. ജാനുവിന്റെ സമരം. കുടിയേറ്റക്കാർക്ക് എതിരല്ലാത്ത ഒരു സമരരൂപം എന്ന നിലയിലാണ് മുത്തങ്ങ നടത്തിയത്. അത് അവരുടെ കണ്ടുപിടിത്തമായിരുന്നു. മുത്തങ്ങയിൽ ഭരണകൂടം നടത്തിയ വേട്ടയിൽ നമ്മളെല്ലാവരും എതിർക്കുന്നുണ്ട്. പക്ഷേ, കുടിയേറ്റക്കാരുടെ താൽപര്യം സംരക്ഷിക്കുകയായിരുന്നു സി.കെ നടത്തിയ സമരങ്ങളുടെ ലക്ഷ്യം.
സി.കെ. ജാനു ഒരു സ്ത്രീയായതുകൊണ്ടാണ് കൂടുതൽ വിമർശിക്കാതിരുന്നത്. അവർ സമൂഹത്തിന്റെ വാക്കായി മാറുന്നത് നല്ലതാണ്. ഒരു ആദിവാസി സ്ത്രീ സംസാരിക്കട്ടെ എന്നാണ് ഞാനും വിചാരിച്ചത്. എന്നാൽ, ഉയർന്നുവന്ന ആദിവാസികളുടെ പ്രസ്ഥാനത്തെ മുഴുവൻ അവർ ഇല്ലാതാക്കി. ആദിവാസി പ്രസ്ഥാനം എന്നത് ഒരു അസംബന്ധ വാക്കാക്കിത്തീർത്തു. അതിൽ സി.കെ. ജാനുവിന് വലിയ പങ്കുണ്ട്. കുടിയേറ്റക്കാർക്കും കൈയേറ്റക്കാർക്കും എതിരല്ലെങ്കിൽ പിന്നെ ആർക്കെതിരെയാണ് ആദിവാസി സമരം നടത്തുക.