Begin typing your search above and press return to search.

‘ജി.എസ്​.ടി പരിഷ്‌കരണവും സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിക്കും’

‘ജി.എസ്​.ടി പരിഷ്‌കരണവും  സംസ്ഥാനത്തിന് കനത്ത   ആഘാതമേൽപ്പിക്കും’
cancel

കേരളത്തി​ന്റെ ധനസ്​ഥിതിയെയും സംസ്​ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്​നങ്ങളെയും കുറിച്ച്​ വിവരിക്കുകയാണ്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇൗ അഭിമുഖത്തിൽ. ജി.എസ്​.ടി പരിഷ്​കരണം, ​േക്ഷമപെൻഷൻ, കുടിശ്ശിക, കടം തുടങ്ങിയ വിവിധ വിഷയങ്ങളിലെ നിലപാട്​ അദ്ദേഹം വ്യക്തമാക്കുന്നു. അടുക്കളകളും അടുപ്പുകളുമാണ് ഒരു സര്‍ക്കാറിനെ അട്ടിമറിക്കുന്നതെന്നത് എണ്‍പതുകളിലെ സുപ്രസിദ്ധ വാചകമായിരുന്നു. അതി​ന്റെ ഉള്ളടക്കം പലവിധത്തില്‍ പലയാഴങ്ങളില്‍ നിര്‍വചിക്കപ്പെട്ടു. സോഷ്യോ പൊളിറ്റിക്കല്‍ ഇക്കണോമിക്കല്‍ നിര്‍വചനങ്ങളുമായി ഇടത്-വലത് ബുദ്ധിജീവികള്‍ പലവഴി സഞ്ചരിച്ചു. ചാരത്തേക്കാള്‍ നരച്ച അടുക്കളകളും അയൽപക്കങ്ങളും...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
കേരളത്തി​ന്റെ ധനസ്​ഥിതിയെയും സംസ്​ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്​നങ്ങളെയും കുറിച്ച്​ വിവരിക്കുകയാണ്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇൗ അഭിമുഖത്തിൽ. ജി.എസ്​.ടി പരിഷ്​കരണം, ​േക്ഷമപെൻഷൻ, കുടിശ്ശിക, കടം തുടങ്ങിയ വിവിധ വിഷയങ്ങളിലെ നിലപാട്​ അദ്ദേഹം വ്യക്തമാക്കുന്നു.

അടുക്കളകളും അടുപ്പുകളുമാണ് ഒരു സര്‍ക്കാറിനെ അട്ടിമറിക്കുന്നതെന്നത് എണ്‍പതുകളിലെ സുപ്രസിദ്ധ വാചകമായിരുന്നു. അതി​ന്റെ ഉള്ളടക്കം പലവിധത്തില്‍ പലയാഴങ്ങളില്‍ നിര്‍വചിക്കപ്പെട്ടു. സോഷ്യോ പൊളിറ്റിക്കല്‍ ഇക്കണോമിക്കല്‍ നിര്‍വചനങ്ങളുമായി ഇടത്-വലത് ബുദ്ധിജീവികള്‍ പലവഴി സഞ്ചരിച്ചു. ചാരത്തേക്കാള്‍ നരച്ച അടുക്കളകളും അയൽപക്കങ്ങളും ഉണ്ടായ കാലത്തൊക്കെയും തെരഞ്ഞെടുപ്പിന് മുന്നേതന്നെ സര്‍ക്കാറുകള്‍ വീണു. തെരഞ്ഞെടുപ്പുകള്‍ ആ വീഴ്ച പൂര്‍ണമാക്കിയെന്നു മാത്രം.

സാമ്പത്തികമായി സംസ്ഥാനത്തെ ശ്വാസംമുട്ടിച്ച് ഇല്ലായ്മചെയ്യാൻ ഏതുവഴിയും തേടുന്ന, ഫെഡറലിസത്തി​ന്റെ ആണിക്കല്ലിളക്കുന്ന കേന്ദ്രസർക്കാർ ഭീമാകാര രൂപംപൂണ്ട് നിൽക്കുമ്പോഴും അടുത്തഘട്ടം ക്ഷേമപെൻഷൻ വിതരണംചെയ്ത്, ‘ഓണം ഉണ്ട വയറ് ചൂളം പാടില്ലെന്ന്’ കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പുനൽകുകയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തി​ന്റെ പ്രസക്ത ഭാഗങ്ങളാണ്​ ചുവടെ:

കേരളത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു എന്ന കാര്യം സത്യമാണ്​. ഇക്കാര്യം കൃത്യമായി ജനങ്ങളിൽ എത്തിക്കാൻ ആദ്യഘട്ടത്തിൽ സർക്കാറിനോ എൽ.ഡി.എഫിനോ സി.പി.എമ്മിനോ കഴിഞ്ഞതുമില്ല. മന്ത്രിമാർ ആഡംബരം കാണിക്കുന്നുവെന്നും വഴിവിട്ട് പണം ചെലവഴിക്കുന്നുവെന്നും പ്രതിപക്ഷത്തി​ന്റെയും പൊതുജനത്തി​ന്റെയും പഴികേട്ട സർക്കാറിന് പിടിവള്ളിയായി മാറിയത് ഇത്തവണത്തെ ഓണക്കാലമായിരുന്നു. മാജിക്കെന്ന ഉപരിപ്ലവമായ വാചകത്തെ മാറ്റിനിര്‍ത്തി, എങ്ങനെയാണ് ഇത്രയും ഗംഭീരമായി ഇതൊക്കെയും സാധ്യമാക്കിയത്?

ആമുഖമായി പറയട്ടെ, മാജിക്, അത്ഭുതം തുടങ്ങിയ വാക്കുകളും അതുകൊണ്ട് നിർമിക്കപ്പെടുന്ന വാചകങ്ങളും ഒരു സർക്കാറി​ന്റെയോ മന്ത്രിയുടെയോ അതുമല്ലെങ്കിൽ ഒരു വകുപ്പി​ന്റെ ആകമാനമോ ഉള്ള ഇടപെടലുകളെ ഒറ്റയടിക്ക് റദ്ദ് ചെയ്യുന്നതാണ്. മാജിക് വളരെ എളുപ്പമുള്ള കലാപ്രകടനം മാത്രമാണ്. അത്ഭുതമെന്നത് മനുഷ്യ​ന്റെ പ്രതീക്ഷയാണ്. ഭരണവും ഭരണവിജയവും അങ്ങനെ ലളിതയുക്തിയിൽ കണക്കാക്കേണ്ടുന്ന ഒന്നല്ല. കേന്ദ്രം ഞെരുക്കുന്ന കേരളം എന്ന വിവക്ഷയിൽനിന്നുകൊണ്ടുതന്നെ പറയട്ടെ, ധനമന്ത്രി മുതൽ ധനവകുപ്പിലെ പ്യൂൺ വരെയുള്ളവരുടെ അഴിയാശൃം ഖല ഒരൊറ്റ മനസ്സോടെ മാസങ്ങളോളം പണിയെടുത്തതി​ന്റെ റിസൽട്ടാണ് ഓണക്കാലത്ത് കേരളം കണ്ടത്. ഏതുതരം ഉത്തോലകം ഉപയോഗിച്ചാലും ഉയര്‍ത്താനാകാത്തത്ര ഭാരം ധനവകുപ്പിന്റെ ചുമലില്‍ ഉണ്ടായിരുന്നു. പക്ഷേ, വളരെ കൃത്യതയാര്‍ന്നതും കാലേക്കൂട്ടിയുള്ളതുമായ പ്രവര്‍ത്തനത്തിന് ധനവകുപ്പ് നേതൃത്വം നല്‍കി. ഇത് ഒരു മന്ത്രി എന്ന നിലക്കുള്ള ഭരണപരമായ നേട്ടം മാത്രമല്ല, ധനവകുപ്പ് ഇടതടവില്ലാതെ ഇടപെട്ടതി​ന്റെ ഫലമാണ്. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും കൈയില്‍ വിപണിയിൽ ചെലവഴിക്കാന്‍ കഴിയുംവിധം പണം ഉണ്ടായിരുന്നു എന്നതാണ് വിജയത്തിന്​ കാരണം.

ആ പണം വിവിധ മാര്‍ഗങ്ങളിലൂടെ എത്തിക്കാന്‍ കഴിഞ്ഞു. ഇതിനുള്ള പ്ലാനിങ് വളരെ നേരത്തേ തന്നെ തുടങ്ങിയിരുന്നു. ധനവകുപ്പിനെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ചെലവ് വരുന്ന സമയം ഓണക്കാലവും മാര്‍ച്ച് മാസവുമാണ്. പക്ഷേ, ആ കഠിനകാലത്തെ മനോഹര കാലമാക്കി മാറ്റി എന്നതാണ് ഇത്തവണത്തെ വിജയം. ബോണസ്, പ്രത്യേക ആനുകൂല്യങ്ങള്‍ തുടങ്ങിയവയൊക്കെ അര്‍ഹരായവരുടെ കൈകളില്‍ നേരത്തേതന്നെ എത്തിച്ചു. ശമ്പളം കിട്ടുന്ന ജീവനക്കാര്‍, പെന്‍ഷന്‍ വാങ്ങുന്നവർ, കോണ്‍ട്രാക്ട് ജീവനക്കാര്‍, സ്‌കീം വര്‍ക്കേഴ്‌സ്, നെൽകർഷകർ, സാമൂഹിക ക്ഷേമ പെൻഷൻ കിട്ടുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾ, പ്ലാന്റേഷൻ തൊഴിലാളികൾ തുടങ്ങി സമൂഹത്തി​ന്റെ ഏറ്റവും താഴേത്തട്ടിലുള്ള മനുഷ്യരിലേക്ക് അവരുടെ പ്രതീക്ഷകൾ കാക്കുംവിധം സർക്കാർ പണം എത്തിച്ചു. ഇരുപതിനായിരം കോടിയോളം രൂപയാണ് ഇങ്ങനെ താഴേത്തട്ടിൽ എത്തിച്ചത്. ഓണക്കാലം പോലെയുള്ള ആഘോഷാവസരങ്ങളിൽ സാധാരണക്കാരിലേക്ക് എത്തുന്ന പണം സ്വാഭാവികമായും വിപണിയിലേക്ക് എത്തും. വിപണിയെ ചലനാത്മകമാക്കും. അത് സമൂഹത്തിനാകെ പുത്തനൊരു ഉണർവ് നൽകും. ഈ പൊതുതത്ത്വം വൃത്തിയായി നടപ്പാക്കാനായി.

പണം നൽകിയ വഴി ലളിതമായി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കിയാണോ മുന്നോട്ടു പോയത്. അതോ സ്വന്തമായി ഒരു മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞോ? കേന്ദ്രത്തി​ന്റെ സഹായമില്ലാതെ നെൽകർഷകർക്ക് പണം കൊടുക്കുക എന്നത് വലിയ ബാധ്യത ഉണ്ടാക്കുന്ന ഒന്നല്ലേ?

പഞ്ചാബോ ഹരിയാനയോ തുടങ്ങി വലിയതോതിൽ ധാന്യം ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ രീതിയല്ല കേരളത്തിൽ പിന്തുടരുന്നത്. സർക്കാർ നെല്ല് സംഭരണം നടത്തുന്നത് റേഷൻ സമ്പ്രദായത്തിനു വേണ്ടിയാണ്. മറ്റേത് സംസ്ഥാനത്തും ഉൽപാദന പ്രക്രിയ പൂർണമായും പൂർത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ പറയുന്ന കേന്ദ്രങ്ങളില്‍ ധാന്യം എത്തിക്കണം. എന്നാല്‍, കേരളത്തിൽ ഇടതു സര്‍ക്കാറിന്റെ നയം ഇതിന് നേര്‍വിപരീതമാണ്. അതായത്, കര്‍ഷകര്‍ ഉൽപാദിപ്പിച്ച നെല്ല്, മെതിച്ച സ്ഥലത്തുനിന്നും ചാക്കിലാക്കി ഭാരം കണക്കാക്കി സിവില്‍ സപ്ലൈസിന്റെ സംവിധാനം വഴി ഏറ്റെടുത്ത് ബാങ്ക് വഴി പണം കൊടുക്കുകയാണ്. ഇവിടെ കര്‍ഷകര്‍ക്ക് ഒരു തരത്തിലും നഷ്ടമുണ്ടാകാന്‍ സാധ്യതയില്ല, മറ്റ് സംസ്ഥാനങ്ങളില്‍ ആറുമാസത്തിന് ശേഷം കേന്ദ്രം കൊടുക്കുമ്പോള്‍ മാത്രമാണ് കര്‍ഷകരുടെ കൈകളില്‍ പണം എത്തുന്നത്. പക്ഷേ കേരളത്തിലാകട്ടെ വരമ്പത്ത് കൂലിയാണ്. നെല്ല് സംഭരണത്തിനു വേണ്ടി നിശ്ചയിച്ചിരിക്കുന്ന പണം കൊടുക്കേണ്ടത് കേന്ദ്ര സർക്കാറാണ്.

ഇതിനൊപ്പം സംസ്ഥാന സർക്കാർ കൊടുക്കുന്നതാണ് ഇന്‍സെന്റിവ് ബോണസ്. ഇത് രാജ്യത്ത് കേരളത്തില്‍ മാത്രമാണുള്ളത്. കേന്ദ്രം കൊടുക്കുന്ന പണം മാത്രം കർഷകരുടെ കൈയിലെത്തിയാൽ അവർക്കത് ലാഭകരമാകില്ല. ഇതിനുവേണ്ടിയാണ് ഇന്‍സെന്റിവ് ബോണസ്. താങ്ങുവില എന്ന മിനിമം പ്രൈസ് വേണമെന്നാണ് കേരളത്തിന്റെ നിലപാട്. എന്നാല്‍, സംസ്ഥാനം കൊടുക്കുന്ന പണം മാത്രം കർഷകരിൽ എത്തിച്ചിട്ട് ഞങ്ങള്‍ കൊടുത്തേ എന്ന് പറയാൻ സര്‍ക്കാറിന് കഴിയില്ല. കേന്ദ്രം പണം കൊടുക്കാൻ വൈകുമ്പോൾ അതുംകൂടി സംസ്ഥാനം കൊടുക്കേണ്ടി വരും. അതിനുവേണ്ടിയാണ് പി.ആര്‍.എസ് ലോണ്‍ എടുക്കേണ്ടി വരുന്നത്. എന്നാല്‍, ഈ ലോണിന്റെ ഭാഗമായുള്ള പലിശയുടെ ബഹുഭൂരിപക്ഷവും വഹിക്കുന്നത് സംസ്ഥാന സര്‍ക്കാറാണ്. ഇത് കര്‍ഷകര്‍ വഹിക്കേണ്ടി വരുന്നില്ല. മറ്റൊരിടത്തും ഇല്ലാത്തൊരു രീതി കേരളം അവലംബിക്കുമ്പോള്‍ അത് പൂര്‍ണമായും മനസ്സിലാക്കാന്‍ ചുരുക്കം ചില കര്‍ഷകരും കര്‍ഷക സംഘടനകളും തയാറാകുന്നില്ല. ഇത് സങ്കടകരമാണ്. അതുമാത്രമല്ല, എല്ലാ വര്‍ഷവും ഇത് രാഷ്ട്രീയലാഭത്തിനു വേണ്ടി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഉപയോഗിക്കുകയും ചെയ്യുന്നു. ഇക്കാര്യം കേരളത്തിലെ പ്രതിപക്ഷം മനപ്പൂര്‍വം കാണാതിരിക്കുകയുംചെയ്യുന്നു. ഈ സ്ഥിതി നിലനിൽക്കുമ്പോഴും ഓണക്കാലത്ത് നെൽകർഷകരുടെ കൈകളിൽ പണമെത്തി. സാമൂഹിക ക്ഷേമ പെൻഷ​ന്റെ കാര്യവും ഏതാണ്ട് ഈ വിധമാണ്.

ക്ഷേമ പെന്‍ഷന്‍ രണ്ടുമാസത്തെ കുടിശ്ശിക ഉണ്ടായിരുന്നു. ഇത് നേരത്തേതന്നെ കൊടുക്കാന്‍ കഴിഞ്ഞു. പെന്‍ഷന്‍ തുക വൈകി കിട്ടിയാൽ അത് ലഭിക്കുന്ന വ്യക്തികള്‍ക്ക് കാര്യമായ ഗുണം ഉണ്ടാകില്ല. ക്ഷേമപെന്‍ഷന്‍ അത് കിട്ടുന്നവരുടെ അന്തസ്സിന്റെയും ആത്മാഭിമാനത്തി​ന്റെയും പ്രശ്‌നംകൂടിയാണ്. ഒരാഴ്ച മുമ്പെങ്കിലും പണം കിട്ടിയെങ്കില്‍ മാത്രമേ കടയില്‍ പോയി സാധനം വാങ്ങാന്‍ പറ്റുകയുള്ളൂ. പ്രായമുള്ളവരെ സംബന്ധിച്ച് കൈയില്‍ പൈസ ഉണ്ടെന്നുള്ളത് അന്തസ്സിന്റെ മാറ്റ് കൂട്ടുന്ന ഒന്നാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യം എടുത്താല്‍, കോവിഡ് കാലത്ത് ശമ്പള പരിഷ്‌കരണം നടപ്പാക്കിയത് കേരളത്തില്‍ മാത്രമാണ്. അതി​ന്റെ ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുത്തതാകട്ടെ രണ്ടാം പിണറായി സര്‍ക്കാറും. പതിനായിരം കോടിയിലധികം രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായത്. ഡി.എയുടെ കാര്യത്തിൽ മാത്രമാണ് സര്‍ക്കാര്‍ കുറച്ച് പിന്നാക്കം പോയത്. അതില്‍ ഒരു ഗഡു കൊടുക്കാന്‍ തീരുമാനമായി. ഇക്കാര്യം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, സര്‍ക്കാര്‍ ജീവനക്കാരും വലിയ സന്തോഷത്തിലാണ്. 750 രൂപ മുതല്‍ 5000 രൂപ വരെ കൂടുതല്‍ ലഭിക്കും. അഞ്ചര ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഗുണം ലഭിക്കുക.

മാധ്യമങ്ങളിലാകട്ടെ, സോഷ്യൽ മീഡിയയിലാകട്ടെ വലിയ ചർച്ചകളിൽ ഇടംപിടിക്കാതെ പോകുന്ന പേരാണ് ബാലഗോപാലിന്റേത്. ഷോ ഓഫ് ഇല്ലാതെ പോകുന്ന മന്ത്രിയെന്ന ഖ്യാതിയുമുണ്ട്​. പബ്ലിക്കിന് അറിയാത്ത ക്രൈസിസ് മാനേജറാണോ ധനമന്ത്രി?

എന്‍.എസ്. മാധവന്റെ ‘ഹിഗ്വിറ്റ’ എന്ന കഥയിലെ ഗോളിയെപ്പോലെയാണ് ധനമന്ത്രി. പെനാല്‍റ്റി ഷൂട്ടൗട്ടിനെ നേരിടുന്ന ഗോളിയുടെ നേര്‍ക്കാണ് മുഴുവന്‍ കണ്ണുകളും. ധനകാര്യം അക്കങ്ങളുടെ കളിയാണ്, അത് അക്കൗണ്ട് ചെയ്യപ്പെടും. പ്രസ്താവന രാഷ്ട്രീയത്തിന് ഇവിടെ പ്രസക്തിയില്ല. കളര്‍ഫുളായ പരസ്യം കൊടുത്തിട്ട് ഇത് സാധ്യമാക്കുമെന്ന് പ്രഖ്യാപിക്കല്‍ സാധ്യമല്ല. അത് നടപ്പാക്കിയേ പറ്റൂ. പ്രഖ്യാപനം സാധ്യമാകണമെങ്കില്‍ പോക്കറ്റിൽ പൈസ ഉണ്ടായേ പറ്റൂ. മറ്റ് മന്ത്രിമാര്‍ മാത്രമല്ല, അടുത്ത സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും എന്തിനേറെ എതിര്‍ രാഷ്ട്രീയക്കാര്‍പോലും സ്ഥിരമായി ചോദിക്കുന്നതാണ് എന്താണ് ധനമന്ത്രിക്ക് ഷോ ഓഫ് ഇല്ലാത്തത് എന്ന്. എനിക്ക് ഷോ ഓഫ് ചെയ്യാന്‍ പേടിയാണ്. ആളുകള്‍ നമ്മളോട് നേരിട്ട് ചോദിക്കും. നിങ്ങള്‍ എന്തുചെയ്തുവെന്ന്.

അതുകൊണ്ടാണ് എന്ത് ചെയ്തുവെന്ന് നിയമസഭയില്‍ തന്നെ വ്യക്തമാക്കിയത്. ധനവകുപ്പിന് ഇത്തവണ നേട്ടമുണ്ട്. ഇത് പറയുന്നത് വെറുതെയല്ല. അക്കൗണ്ടന്റ് ജനറലിന്റെ കണക്ക് വെച്ചിട്ടാണല്ലോ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 15,000 കോടി രൂപ കൂടുതല്‍ ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷവും ഇത് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. മറ്റ് അഡ്മിനിസ്‌ട്രേറ്റിവ് വകുപ്പുകള്‍ക്ക് പണം എത്തിയില്ലെന്ന ന്യായം പറയാനും കഴിയും. റൂള്‍ 300 പ്രകാരം മുഖ്യമന്ത്രി ഒരു പ്രസ്താവന നടത്തി, ഈ പണം കൊടുത്തോ എന്ന ചോദ്യം എപ്പോള്‍ വേണമെങ്കിലും ഉയരാം. ഹൈകോടതിപോലും ചോദിക്കുന്ന സാഹചര്യമുണ്ട്. കോടതി ചോദിക്കേണ്ട ചോദ്യമല്ലത്, ഉത്തരം പറയാതിരിക്കാന്‍ കഴിയില്ലെന്ന നില സ്വാഭാവികമായും ധനമന്ത്രിയുടെയും വകുപ്പിന്റെയും മുകളിലേക്ക് പതിക്കും. ഇവിടെ ഒരു പ്രസ്താവന നടത്തി രക്ഷപ്പെടാനാകില്ല. പറഞ്ഞ കാര്യം അത് നടന്നോ ഇല്ലയോ എന്ന് അക്കൗണ്ട് ചെയ്യപ്പെടും. അതുകൊണ്ടുതന്നെ ധനവകുപ്പ് ജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നത്.


 


തോമസ് ഐസക്, നിർമല സീതാരാമൻ

ധനവകുപ്പി​ന്റെ കാര്യത്തിൽ കേരളത്തിലെ ജനം ഒപ്പമില്ലെന്ന ഫീലുണ്ടോ? പ്രതിപക്ഷവും മറ്റും നിരന്തരം നടത്തുന്ന പ്രചാരണങ്ങൾ മുന്നോട്ടുപോക്കിനെ തടസ്സപ്പെടുത്തുന്നുണ്ടോ?

കേരളത്തിലെ ജനം സര്‍ക്കാറിനെ അവരുടെ സ്വന്തം വീടായി പരിഗണിച്ചാല്‍ ഞാന്‍ ഉന്നയിച്ച പ്രശ്‌നങ്ങളൊക്കെയും ലളിതമായി മനസ്സിലാക്കാന്‍ കഴിയും. സര്‍ക്കാര്‍ റിയാലിറ്റിയാണ്. അതുകൊണ്ടുതന്നെ സർക്കാറിനെ ഓരോരുത്തരുടെയും വീടായി കാണണം. എങ്കിൽ മാത്രമേ സര്‍ക്കാര്‍ കടന്നുപോകുന്ന കഠിനവഴികളെ കുറിച്ച് ബോധ്യമുണ്ടാകൂ. ചില സാമ്പത്തിക വിദഗ്ധരും ബി.ജെ.പിയും കോണ്‍ഗ്രസും സർക്കാറിനെതിരെ ‘ആഞ്ഞടിക്കുന്നത്’ സമാന പദാവലികൾപോലും ഉപയോഗിച്ചാണ്. കേരളം ആറരലക്ഷം കോടിയുടെ കടക്കെണിയില്‍ എന്നതാണ് അവരുടെയൊക്കെയും പ്രധാനവാദം. മുപ്പത് കൊല്ലത്തെ ധനചരിത്രം എടുത്താല്‍ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും 90 മുതല്‍ 100 ശതമാനം വരെ കടം ഇരട്ടിക്കും. വി.എസ് സര്‍ക്കാറിന്റെ കാലത്ത് 80,000 കോടിയായിരുന്നു കടം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ കടം 1,86,000 കോടിയായി കൂടി. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് തോമസ് ഐസക് അവസാനിപ്പിച്ചത് 2,90,000 കോടിയിലധികമായിട്ടായിരുന്നു.

സാധാരണഗതിയില്‍ രണ്ടാം പിണറായി സര്‍ക്കാറിന്റെ ഭാഗമായി ഞാന്‍ അവസാനിപ്പിച്ച് ഇറങ്ങുമ്പോള്‍ അത് കുറഞ്ഞത് ആറ് ലക്ഷം കോടിയെങ്കിലും ആകണം. സാമ്പത്തിക വിദഗ്ധരുടെ കണക്കുകള്‍ ഈ നിലക്കാണ് സൂചിപ്പിക്കുന്നത്. പക്ഷേ, സംഭവിച്ചത് നേരെ മറിച്ചാണ്. 4,70,000 കോടി മാത്രമേ കടം ഉണ്ടാകൂ. കേന്ദ്രത്തിന്റെ കൈകടത്തല്‍ ഉണ്ടായില്ലായിരുന്നുവെങ്കില്‍ ഇത്രയും കടം വരില്ലായിരുന്നു. 57,000 കോടി രൂപ വെട്ടിക്കുറച്ചിട്ടും നമ്മള്‍ക്ക് ഈ നേട്ടം കൈയെത്തി പിടിക്കാന്‍ കഴിഞ്ഞു. ഇതൊന്നും മാജിക്കല്ല. കേരളത്തിലെ ജനം ഒറ്റക്കെട്ടായി നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. അതിന് ധനവകുപ്പ് നേതൃപരമായ പങ്കുവഹിക്കുന്നു. നമ്മുടെ മാത്രമായ, തനത് വരുമാനം കണ്ടെത്താൻ കഴിയും വിധത്തിൽ 50,000 കോടിയുടെ റിസോഴ്‌സസ് വര്‍ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇതൊരു ചെറിയ സംഗതിയല്ല. കേരളത്തിന്റെ ചരിത്രത്തില്‍ കടം ഏറ്റവും കുറഞ്ഞകാലം ഇതാണ്. ഒന്നേകാല്‍ ലക്ഷം കോടി കിട്ടേണ്ടത് കിട്ടാതെയാണ് നമ്മള്‍ ഈ നേട്ടത്തില്‍ എത്തിയത്. നമ്മളുടെ സ്വന്തം റിസോഴ്സസ് വര്‍ധിപ്പിച്ചു. ടാക്‌സ് വര്‍ധിച്ചു. കടം എടുക്കല്‍ പരിധി നന്നായി വെട്ടിക്കുറച്ചു. പ്രതിപക്ഷം പറഞ്ഞതുപോലെ ഖജനാവില്‍ പൂച്ച പെറ്റ് കിടന്ന് അത് എഴുന്നേറ്റ് പോകേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

ധനമന്ത്രി ജി.എസ്​.ടി കൗൺസിൽ യോഗത്തിന് ഡൽഹിയിൽ പോകുന്ന ദിവസങ്ങളിൽ മാത്രമാണ് ജി.എസ്​.ടിയും അതു സംബന്ധിച്ച ചർച്ചകളും കേരളത്തിൽ സജീവമാകുന്നത്. പിന്നെയത് പൊതുമണ്ഡലത്തിലില്ല. ജി.എസ്​.ടി ആരെയാണ് വളർത്തുന്നത്, ആരെയാണ് തളർത്തുന്നത്?

ജി.എസ്​.ടി എന്നത് കോഓപറേറ്റിവ് ഫെഡറലിസത്തെ നാമാവശേഷമാക്കാനും സംസ്ഥാനങ്ങളെ ഇല്ലാതാക്കാനുമാണ്. ഏറ്റവും ഒടുവിലത്തെ ജി.എസ്​.ടി വാർത്ത റേറ്റ് കുറച്ചതിനെക്കുറിച്ചാണ്. പൊതുജനം വളരെ ശ്രദ്ധയോടെ കാണേണ്ട, കേൾക്കേണ്ട പലതും ജി.എസ്​.ടിയുമായി ബന്ധപ്പെട്ടുണ്ട്. ജി.എസ്​.ടി കുറച്ചതോടെ ലാഭമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓരോ ഉപഭോക്താവും. വസ്തുത മനസ്സിലാക്കിയാൽ നമ്മൾ കബളിപ്പിക്കപ്പെടുന്നു എന്ന യാഥാർഥ്യത്തിൽ എത്തിച്ചേരാൻ കഴിയും. ഉപഭോക്താവിന് ലാഭമുണ്ടാകും എന്നത് വെറും പ്രചാരണം മാത്രമാണ്. സത്യത്തില്‍ കമ്പനികള്‍ക്ക് ലാഭം ഉണ്ടാകുക മാത്രമായിരിക്കും സംഭവിക്കുക. സംസ്ഥാന സര്‍ക്കാറിന് ഒരു വര്‍ഷം ഉണ്ടാകുന്ന നഷ്ടം ഇതോടെ 8000 കോടി മുതല്‍ 10,000 കോടിവരെയാണ്. രാജ്യത്താകെ രണ്ട് ലക്ഷം കോടി രൂപയുടെ വരുമാന കുറവ് ഉണ്ടാകുമെന്നാണ് കണക്ക്. ഉപഭോക്താക്കള്‍ക്ക് നഷ്ടം ഉണ്ടാകുമെന്ന് ജി.എസ്​.ടി യോഗത്തില്‍ പറഞ്ഞതാണ്. നേരത്തേ 180ഓളം സാധനങ്ങള്‍ക്ക് ജി.എസ്​.ടി കുറച്ചിരുന്നു. എന്നാല്‍, ഇതിന്റെ ലാഭം ഉപഭോക്താക്കള്‍ക്ക് ലഭിച്ചില്ല. വലിയ ലാഭം കമ്പനികള്‍ക്ക് ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. മാര്‍ക്കറ്റില്‍ വില നിശ്ചയിക്കുന്നത് ഉപഭോക്താവിന്റെ കപ്പാസിറ്റി അനുസരിച്ചാണ്.

ശ്രീലങ്കയിലെ വില ആയിരിക്കില്ല ഇന്ത്യയിലേത്. ഓരോ രാജ്യത്തെയും ജനങ്ങളുടെ വരുമാനം അനുസരിച്ചാണ് കമ്പനികള്‍ വില നിശ്ചയിക്കുക. ഇപ്പോള്‍ ഒരു ഷാംപുവിന് 50 രൂപ കുറച്ചാല്‍ മൂന്നുമാസം കഴിയുമ്പോള്‍ ഇപ്പോ കിട്ടുന്ന അതേ ഷാംപു മറ്റൊരു പേരില്‍ പുതിയ വിലയില്‍ മാര്‍ക്കറ്റില്‍ പ്രത്യക്ഷപ്പെടും. ഇതുപോലെ ഓരോ സാധനങ്ങളുടെയും വില കൂടും. മോഡല്‍ മാറ്റുകയോ, വേരിയന്റ് മാറ്റുകയോ ഒക്കെ കമ്പനികള്‍ സൗകര്യംപോലെ ചെയ്യും. ജി.എസ്​.ടി കുറക്കുന്നതോടെ രാജ്യത്ത് സംഭവിക്കാൻ പോകുന്നത് ഇങ്ങനെയായിരിക്കും എന്ന് കേരളം അടക്കമുള്ള എട്ട് സംസ്ഥാനങ്ങള്‍ ജി.എസ്​.ടി കൗണ്‍സിലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, പറഞ്ഞ കാര്യങ്ങൾ അവഗണിക്കപ്പെട്ടു. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ലഭിക്കേണ്ട നികുതിയില്‍ വലിയ തോതില്‍ കുറവ് വരാൻ പോകുകയാണ്. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സര്‍ക്കാറുകള്‍ക്ക് മാത്രമല്ല, ബി.ജെ.പി ഭരിക്കുന്ന സര്‍ക്കാറുകള്‍ക്കും വലിയ തലവേദന സൃഷ്ടിക്കും. ഇപ്പോള്‍ കിട്ടുന്നത് 32,500 കോടി മാത്രമാണ്. ഇതില്‍നിന്ന് 10,000 കോടി കുറയുന്ന സാഹചര്യം സംസ്ഥാന സര്‍ക്കാറിന്റെ നിലനിൽപിനെ തന്നെ ബാധിക്കുന്നതാണ്. വന്നുവന്ന് ജി.എസ്​.ടി സംസ്ഥാനങ്ങളെ ഇല്ലാതാക്കുന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. ജി.എസ്​.ടി വരുന്നതിനു മുന്നേ വാറ്റും സെയില്‍ ടാക്‌സും ആയിരുന്നു. അന്നത്തെ കണക്ക് അനുസരിച്ച് ജി.എസ്​.ടി നിലവില്‍വന്നില്ലായിരുന്നു എങ്കില്‍ ഈ കഴിഞ്ഞ വര്‍ഷം 51,500 കോടി ടാക്‌സ് കിട്ടിയേനെ.

ജി.എസ്​.ടി വന്നപ്പോള്‍ വാർഷിക വളർച്ച അനുസരിച്ച് 14 ശതമാനം വീതം തരാം എന്ന് പറഞ്ഞിരുന്നു. അത് സാധ്യമായില്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ടാക്‌സ് വെട്ടിക്കുറച്ചു. ഇതിന്റെ ഭാഗമായി 14.5 ശതമാനം സംസ്ഥാനങ്ങൾക്ക് ലഭിക്കും എന്നത് 11.5 ശതമാനമായി കുറഞ്ഞു. ഇപ്പോൾ ബിഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പായി വീണ്ടും കുറച്ചു. ടാക്‌സ് കുറയുന്നതിലോ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട സാധനങ്ങളുടെ വില കുറയുന്നതിലോ സി.പി.എമ്മിനോ ഇടതുപക്ഷത്തിനോ എതിര്‍പ്പില്ല. ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 11.5 ശതമാനം എട്ട് ശതമാനമായി കുറയാന്‍ സാധ്യതയുണ്ട്. ഈ നഷ്ടം സംസ്ഥാന സര്‍ക്കാറുകളെ ഗുരുതരമായി ബാധിക്കും. നമ്മള്‍ കൊടുത്ത 6000 കോടി കൂടി ഉപയോഗിച്ചാണ് ദേശീയപാത വികസനം നടത്തിയത്.

എന്നിട്ട് കേന്ദ്രം ടോള്‍ പിരിച്ച് ലാഭം ഉണ്ടാക്കുന്നു. ടോള്‍ പിരിച്ചോ പക്ഷേ കേരളത്തിന്റെ കൈയില്‍നിന്ന് വാങ്ങിയത് തിരികെ തരൂ എന്ന് ജി.എസ്​.ടി കൗണ്‍സില്‍ യോഗത്തിന് എത്തിയപ്പോള്‍ കേന്ദ്ര ധനമന്ത്രിയോട് പറഞ്ഞിരുന്നു. നോക്കാം എന്ന് മാത്രമായിരുന്നു മറുപടി. ഇപ്പോള്‍ പുതിയ ജി.എസ്​.ടി നിരക്കും വന്നിരിക്കുന്നു. കേരളത്തിലെ ജനം ഇത്തരം കാര്യങ്ങള്‍കൂടി മനസ്സിലാക്കണം എന്നാണ് അഭ്യര്‍ഥന. അതുകൊണ്ടുകൂടിയാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയപ്പോൾ മുന്നുംപിന്നും നോക്കാതെ അനുമതി കൊടുത്തതും ഇക്കാര്യം വിശദമായി സംസാരിച്ചതും. പറഞ്ഞുപഴകിയ ആക്ഷേപങ്ങൾക്കപ്പുറം മറ്റൊന്നും പറയാനില്ലാതെ പ്രതിപക്ഷം നിരായുധരായത് ഇത്രയും കാലം ധനവകുപ്പ് പറഞ്ഞ കാര്യങ്ങളിൽ വസ്തുതാവിരുദ്ധമായി മറ്റൊന്നും ഇല്ലാത്തതുകൊണ്ടുകൂടിയാണ്.


 


നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു. സമീപം മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ. വാസവൻ. ഫോട്ടോ: നിർമൽ ഹരീന്ദ്രൻ (ദി ഹിന്ദു)

ആത്യന്തികമായി ജി.എസ്​.ടി കേന്ദ്രാനുകൂലവും സംസ്ഥാന വിരുദ്ധവുമാകുന്നത് എങ്ങനെയൊക്കെയാണ്?

ജി.എസ്​.ടി ഒരിക്കലും കേന്ദ്ര സർക്കാറിന് ദോഷംചെയ്യുന്ന ഒന്നല്ല. ആകെയുള്ള വരുമാനത്തിന്റെ 41 ശതമാനമാണ്​ ജി.എസ്​.ടി. എക്‌സൈസ് ഡ്യൂട്ടി, ഇന്‍കം ടാക്‌സ്, സെസ് എന്നിവ പിരിക്കാന്‍ കേന്ദ്രസർക്കാറിന് കഴിയുന്നുണ്ട്. ഇത്തരത്തിൽ ജി.എസ്​.ടി മൂലമുണ്ടായ സവിശേഷ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനങ്ങളുടെ വരുമാനം എങ്ങനെ കൂട്ടാം എന്ന കാര്യം ജി.എസ്​.ടി കൗണ്‍സിലില്‍ ചോദിച്ചത്. പുതിയ ജി.എസ്​.ടി നിരക്ക് വന്നതോടെ 40 ശതമാനത്തിന് മുകളിലുള്ള ടാക്‌സ് പിരിക്കാന്‍ അവകാശം ഉള്ളത് യൂനിയന്‍ ഗവണ്‍മെന്റിന് മാത്രമാണ്. മറ്റൊരു തീരുമാനം ഉണ്ടായില്ലെങ്കില്‍ സംസ്ഥാനങ്ങളുടെ സ്ഥിതി അതിദയനീയമാകും. നേരത്തേയുള്ള ധനമന്ത്രിമാര്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പുകയില ഉൽപന്നങ്ങള്‍ക്ക് വലിയ നികുതിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഉപഭോഗം നിരുത്സാഹപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായിക്കൂടിയാണ് ഇത്തരമൊരു നീക്കം. അത് ഇപ്പോഴും തുടരുന്നുണ്ട്. 120 ശതമാനം നികുതി വാങ്ങുന്ന സിഗരറ്റുകളുണ്ട്. 90 ശതമാനം നികുതി വാങ്ങുന്ന മറ്റ് പുകയില ഉൽപന്നങ്ങളുണ്ട്. ഇതെല്ലാംകൂടി ഒരുലക്ഷം കോടി വരും.

ഈ പണം സംസ്ഥാനത്തിന് തരാനുള്ള ജി.എസ്​.ടി കോമ്പന്‍സേഷനുവേണ്ടി ഉപയോഗിക്കാം. പക്ഷേ, കേന്ദ്രം ഒരു മറുപടിയും പറഞ്ഞിട്ടില്ല. ഫലത്തില്‍ 5000 കോടിയുടെ കുറവ് മാര്‍ച്ച് വരെയുണ്ടാകും. 6000 കോടി ഈ വര്‍ഷം ആദ്യം കുറഞ്ഞത് കൂടാതെയാണിത്. ഈ സാഹചര്യത്തില്‍ എങ്ങനെ മുന്നോട്ടു പോകാനാകും. ആകെ ചെലവും വരുമാനവും രണ്ടു ലക്ഷം കോടിയില്‍ എത്തണം എന്നാണ് സർക്കാര്‍ ലക്ഷ്യംവെക്കുന്നത്. ഇതാണ് സാഹചര്യമെങ്കില്‍ രണ്ടുലക്ഷം കോടിയിലേക്ക് എത്താന്‍ കഴിയില്ല. ഒറ്റക്കല്ല കേരളം ജി.എസ്​.ടി കൗൺസിലിൽ ദുരവസ്ഥ വിവരിച്ചത്. കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങൾ, തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാൾ, ഡി.എം.കെ ഭരിക്കുന്ന തമിഴ്നാട്, ആം ആദ്മി ഭരിക്കുന്ന പഞ്ചാബ്, ഝാർഖണ്ഡ് മുക്തി മോർച്ച ഭരിക്കുന്ന ഝാർഖണ്ഡ് എന്നിങ്ങനെ എട്ട് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരടക്കമുള്ളവരാണ് ജി.എസ്​.ടി കൗൺസിലിന് മുന്നോടിയായി യോഗം ചേര്‍ന്നത്.

എന്നാല്‍, ഗൗരവമുള്ള വിഷയങ്ങളൊന്നും കേള്‍ക്കാന്‍ കേന്ദ്രം തയാറായില്ല. 16ാം ഫിനാന്‍സ് കമീഷന്‍ ചെയര്‍മാനെ ഞങ്ങള്‍ പോയി കണ്ടു. ഈ പോക്ക് പോയാല്‍ സംസ്ഥാനങ്ങളുടെ ധനസ്ഥിതി അപകടകരമാകുമെന്ന് ബോധ്യപ്പെടുത്തി. എന്നാല്‍, കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആശങ്കകളെ മുഖവിലക്കെടുക്കാന്‍ ഫിനാന്‍സ് കമീഷനും തയാറായില്ല. കേരളം എത്ര കണക്കുകൂട്ടല്‍ നടത്തിയാലും അതൊക്കെയും തെറ്റിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് വളരെ എളുപ്പമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജി.എസ്​.ടി പരിഷ്‌കരണം. ഇത് കനത്ത ആഘാതമായിരിക്കും സംസ്ഥാനത്തിന് ഉണ്ടാക്കുക. സംസ്ഥാനങ്ങളുടെ അസ്തിത്വത്തെ ആകമാനം ചോദ്യം ചെയ്യുക എന്ന നയം സ്വീകരിച്ചാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. ഈ കടുത്ത സാമ്പത്തിക നിയന്ത്രണം സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിരതയെ അടിമുടി താറുമാറാക്കും. കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന പണത്തെ ആശ്രയിച്ചാണ് പദ്ധതികള്‍ തയാറാക്കുന്നത്. ടാക്‌സില്‍നിന്നുള്ള വരുമാനം കുറഞ്ഞാല്‍, പ്രകൃതിദുരന്തം ഉണ്ടായാല്‍, പെ​െട്ടന്ന് കേന്ദ്രത്തിന്റെ പോളിസി ചെയ്ഞ്ച് ഉണ്ടായാല്‍ അതിവേഗം അത് സംസ്ഥാനത്തെ ബാധിക്കും.

കേരളത്തിന് ചാടിക്കടക്കാൻ കഴിയാത്ത വിധമുള്ള കുഴികളാണ് കേന്ദ്രം കുഴിക്കുന്നത്. പണമാണ് എല്ലാത്തി​ന്റെയും അടിസ്ഥാനം. പഴയ അടവുകളൊക്കെ തേഞ്ഞുതീർന്നപ്പോൾ കേന്ദ്രം പരീക്ഷിക്കുന്ന പുതിയ അടവുകൾ എന്തൊക്കെയാണ്? ഇത് മറികടക്കാനുള്ള പ്രാപ്തി കേരളത്തി​ന്റെ ധനവകുപ്പിന് അവശേഷിക്കുന്നുണ്ടോ?

കേരളത്തെ ഞെരുക്കാൻ പുതിയ പുതിയ വഴികൾ കേന്ദ്രം തേടുന്നു എന്നത് അതിശയോക്തി കലർന്ന ഒന്നല്ല. ഈ വർഷം നടന്ന മൂന്ന് പ്രധാന കാര്യങ്ങൾ പറയാം. ഗാരന്റി റിഡംപ്ഷൻ ഫണ്ട് ആദ്യമായി കൊണ്ടുവന്നു എന്നതാണ് ഇതിലെ ഒന്നാമത്തെ കാര്യം. ഈ വര്‍ഷം ആദ്യം അനുവദിച്ച് കിട്ടുമെന്ന് കേരളം പ്രതീക്ഷിച്ചതില്‍ 3300 കോടിയിലധികം ഗാരന്റി റിഡംപ്ഷൻ ഫണ്ട് വന്നതോടെ കുറഞ്ഞു. രണ്ടാമത്തെ കാര്യം, സുപ്രീംകോടതിയിൽ പോയതി​ന്റെ ഭാഗമായി ജി.എസ്.ഡി.പി കണക്കാക്കി ലോൺ എടുക്കാൻ കഴിയുമായിരുന്നു. 1850 കോടി കേരളത്തിന് ലഭിച്ചിരുന്നു. എന്നാൽ ഈ തുകയും ഇത്തവണ വെട്ടിക്കുറച്ചു. മൂന്നാമതായി ആറായിരം കോടിയോളം രൂപ വെട്ടിക്കുറച്ചതാണ്.

സംസ്ഥാന സര്‍ക്കാറിന്റെ ആകെ വരുമാനം ഇവിടെനിന്നും ഉണ്ടാകുന്ന ടാക്‌സ് ആണ്. കേന്ദ്രത്തിന് ആകെ കിട്ടുന്ന വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് കൊടുക്കും. സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്നതില്‍ കേരളത്തിന് കുറവ് വന്നു. പത്താം ധനകാര്യ കമീഷന്റെ സമയത്ത് 3.8 ശതമാനം കേരളത്തിന് ലഭിച്ചിരുന്നു എങ്കില്‍ ഇപ്പോ അത് 1.9 ആയി മാറി. ഇത് കേരളത്തിലെ ധനകാര്യ രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ക്ക് അറിയാവുന്ന കണക്കാണ്. 1.9 ശതമാനം എന്നത് 27,000 കോടി രൂപയാണ്. അതിന്റെ ഇരട്ടി നമുക്ക് കിട്ടേണ്ടതാണ്. അപ്പോള്‍ നമുക്ക് കാര്യമായ കുറവുണ്ട്. കേന്ദ്രം താഴേക്ക് പണം കൊടുക്കുന്നതിന് പല നിബന്ധനകളും ഉണ്ട്. ​െഡവലപ്ഡ് സ്റ്റേറ്റിന് പലതും കിട്ടാറില്ല. നമ്മക്ക് നല്ല സ്‌കൂളും ആശുപത്രിയുമൊക്കെ ഉണ്ട്. അതുകൊണ്ട് ഇത്തരം സൗകര്യങ്ങളൊന്നുമില്ലാത്ത സംസ്ഥാനങ്ങൾക്ക് കൊടുക്കട്ടെ എന്ന ന്യായം കേരളത്തിന് മുന്നിൽ നിരത്തും. ഇത്തരത്തിൽ കുയുക്തി കുത്തിനിറച്ച കുതന്ത്രങ്ങളാണ് കേരളത്തെ മെരുക്കാനും ഞെരുക്കാനും കേന്ദ്രം പ്രയോഗിക്കുന്നത്. സംസ്ഥാന വരുമാനത്തിന്റെ മൂന്ന് ശതമാനം നമുക്ക് കടം എടുക്കാന്‍ കഴിയുന്നതാണ്. അടുത്തവര്‍ഷത്തെ വളർച്ച വെച്ച് തിരിച്ചടക്കാവുന്നതും ആണ്. പക്ഷേ, മുമ്പ് കടം എടുത്തിരുന്നു എന്നുപറഞ്ഞ് കേന്ദ്രം അതും മുടക്കുകയാണ്.


 


ഉമ്മൻ ചാണ്ടി,  വി.എസ്. അച്യുതാനന്ദൻ                                        

സംസ്ഥാനങ്ങൾ ഇത്രത്തോളം ദുര്‍ബലപ്പെട്ട ഒരു കാലം രാജ്യത്തി​ന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഒരിടത്തുമാത്രം അധികാരം കേന്ദ്രീകരിക്കുന്ന അപകടകരമായ സ്ഥിതിയിലേക്കാണോ രാജ്യം നടന്നുനീങ്ങുന്നത്?

സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി, കേന്ദ്ര സര്‍ക്കാറില്‍ അധികാരം കേന്ദ്രീകരിക്കുന്ന ഒരു പൊളിറ്റിക്കല്‍ ഫിലോസഫിയാണ് ബി.ജെ.പിയിലൂടെ സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്നത്. ശക്തമായ സംസ്ഥാനങ്ങള്‍ എന്ന നിര്‍വചനം സംഘ്പരിവാറിന് അസ്വീകാര്യമാണ്. ഫെഡറലിസത്തിന്റെ കാര്യത്തില്‍ നമ്മള്‍ അമേരിക്കക്ക് നേര്‍വിപരീത ദിശയിലാണ്. അവിടെ ജി.എസ്​.ടി ഇല്ല, സംസ്ഥാനങ്ങള്‍ക്ക് നികുതി പിരിക്കാം. കോർപറേഷനുകള്‍ക്ക് പ്രത്യേകം നികുതി പിരിക്കാം. ഇവിടെ അതല്ലല്ലോ സ്ഥിതി. കേന്ദ്രത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് സംസ്ഥാനങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് ഇതോടെ വ്യക്തമാണല്ലോ. സംസ്ഥാനങ്ങളുടെ ഇക്കണോമിയെ ശക്തിപ്പെടുത്താനും അത് നിലനിര്‍ത്താനും കേന്ദ്രത്തിന് കഴിയണം. ഇതിനൊപ്പം സവിശേഷമായ ചില സാഹചര്യങ്ങളും പ്രശ്‌നങ്ങളും അതുകൊണ്ടുള്ള തിരിച്ചടികളും നേരിടേണ്ടി വരുന്ന സംസ്ഥാനംകൂടിയാണ് കേരളം. പോപ്പുലേഷന്‍ ഗ്രോത്ത് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. എഴുപതുകളില്‍ നമ്മളാകെ കേട്ടത് ജനസംഖ്യ വല്ലാതെ പെരുകുന്നു, അത് നിയന്ത്രിക്കണം, കുറക്കണം എന്ന മുറവിളികളാണ്.

നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളെ പോലെ ജനസംഖ്യ വര്‍ധിക്കണം വര്‍ധിക്കണം എന്ന് പറയേണ്ട സ്ഥിതിയിലേക്ക് കേരളം എത്തിയിരിക്കുന്നു എന്നകാര്യം ഞാൻ തുറന്നുപറയുകയാണ്. ഇപ്പോള്‍ ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണം 2,80,000 ആണ്. എണ്‍പതുകളില്‍ ഈ സംഖ്യ ആറ് ലക്ഷം ആയിരുന്നു. അതായത് പകുതിയില്‍ താഴെ കുട്ടികള്‍ മാത്രമാണ് ഇന്നുള്ളത്. ചെറുപ്പക്കാരുടെ എണ്ണം ഗണ്യമായി കുറയുകയും പ്രായമുള്ളവരുടെ എണ്ണം കൂടുകയും ചെയ്യുന്ന പ്രത്യേക സ്ഥിതിവിശേഷമാണ് ഇന്ന് കേരളത്തിലുള്ളത്. ഇതോടെ പണം കണ്ടെത്തുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടാകുന്നു. എംപ്ലോയ്‌മെന്റിന്റെ ഘടനയിലും ഇതോടെ വലിയ മാറ്റം ഉണ്ടാകുന്നു. ഈ മാറ്റവും ഇതുമൂലമുണ്ടാകുന്ന സോഷ്യോ-ഇക്കണോമിക്കല്‍ ചെയ്ഞ്ചുകളും ഉത്തര്‍പ്രദേശിനും ബിഹാറിനും അസമിനും ബാധകമല്ല. അപ്പോള്‍ ഇത്തരം കാര്യങ്ങള്‍കൂടി പഠിച്ചും പരിഗണിച്ചും വേണം കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിക്കാന്‍. സംസ്ഥാനങ്ങള്‍ ശക്തമായി നിലകൊണ്ടാലല്ലേ യൂനിയന്‍ ഗവണ്‍മെന്റിനും നിലനിൽപുള്ളൂ. രാജ്യത്ത് നിലവിലുള്ള കോഓപറേറ്റിവ് ഫെഡറലിസത്തിന്റെ നിലനില്‍പ് ചോദ്യം ചെയ്യുന്ന കാര്യങ്ങള്‍ നടക്കുന്നു.

ഇവിടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ഏകധ്രുവ ഭരണ നിര്‍വഹണമെന്ന പൊളിറ്റിക്കല്‍ ഫിലോസഫി അപകടകരമാകുന്നത്. പകരം മറ്റെല്ലാ വിഭാഗീയ ചിന്തകളും മാറ്റിവെച്ച് എല്ലാ സംസ്ഥാനങ്ങളെയും അതിലെ മനുഷ്യരെയും ഒരുമിച്ച് കൊണ്ടുപോകുന്ന പൊളിറ്റിക്കല്‍ ഫിലോസഫിയുടെ പ്രാധാന്യം. അതാണ് യൂനിയന്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. നിര്‍ഭാഗ്യമെന്ന് പറയട്ടെ, അതുണ്ടാകുന്നില്ല. ഈ രാഷ്ട്രീയ ജാഗ്രതയില്ലായ്മക്ക് രാജ്യം വലിയ വില കൊടുക്കേണ്ടിവരും. ഞങ്ങള്‍ തരുന്നതനുസരിച്ച് സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ മതിയെന്ന ധിക്കാരപരമായ സമീപനം ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല. ഞങ്ങള്‍ പറയും നിങ്ങള്‍ കേള്‍ക്കും എന്ന നില എത്രനാള്‍ തുടരാന്‍ കേന്ദ്രത്തിന് കഴിയും. അങ്ങനെ പോകാന്‍ കഴിയില്ല. ഇത് ജനാധിപത്യമാണ്. പരസ്പരം കരുതി മാത്രമേ കടന്നുപോകാന്‍ കഴിയൂ. ഏകപക്ഷീയമായ പോക്കിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരികതന്നെ ചെയ്യും. രാഷ്ട്രീയ പ്രതിരോധം കനക്കുന്നതോടെ നിലവിലെ നയം തുടരാനാവാത്ത സ്ഥിതി കേന്ദ്രത്തിന് മുന്നില്‍ സംജാതമാകും. അത്തരമൊരു ജനകീയ പ്രതിഷേധത്തിന് മാത്രമേ രാജ്യത്തി​ന്റെ ഭാവി നിർണയിക്കാൻ കഴിയൂ.

ജി.എസ്.ടിക്ക് എതിരായ ആദ്യ സ്വരമായിരുന്നു കെ.എൻ. ബാലഗോപാലിന്റേത്. രാജ്യസഭയിൽ ഇക്കാര്യം ഉന്നയിച്ചു. വിഷയം വാർത്തയായി എത്തിക്കാനും കഴിഞ്ഞു. എന്നാൽ, ഇക്കാര്യം ഇടതുപക്ഷത്തെ സാമ്പത്തിക വിദഗ്ധർക്കുപോലും ആദ്യഘട്ടത്തിൽ മനസ്സിലായിരുന്നില്ല കാലം മാറിയപ്പോൾ അത് ബാലഗോപാലി​ന്റെ തലക്കു മുകളിൽതന്നെ പതിച്ചു. എങ്ങനെ അതിജീവിക്കും ജി.എസ്​.ടിക്കാലത്തെ?

ജി.എസ്​.ടി ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് ‘മാധ്യമ’ത്തില്‍ തന്നെ അക്കാര്യം വ്യക്തമാക്കി ലേഖനം എഴുതിയിരുന്നു. ഇന്റർപെട്ടേഷന്‍ ഓഫ് സ്റ്റാറ്റ്യൂട്ട്സ് പഠിക്കുന്ന കാലത്ത് കേട്ടൊരു രസകരമായ കാര്യമുണ്ട്. ഒരു കാര്യത്തെ രണ്ടായും രണ്ട് കാര്യങ്ങളെ ഒന്നായും കാണിക്കാന്‍ കഴിയും. വെളിച്ചെണ്ണയുടെ ടാക്‌സ് കുറക്കാന്‍ കപ്പലണ്ടിയുടെ ടാക്‌സ് കുറക്കാന്‍ തീരുമാനിക്കാം. അതിന് എണ്ണക്കുരു എന്ന ഒറ്റപ്പേരില്‍ ഒതുക്കിയാല്‍ മതി. എന്നാല്‍ ഈ തീരുമാനത്തെ മറ്റൊരിക്കല്‍ മറ്റൊരു രൂപത്തില്‍ മറികടക്കാനും കഴിയും. മണ്ണിന് അടിയിലുണ്ടാകുന്ന എണ്ണക്കുരുവിന് മാത്രമേ ടാക്‌സ് ഇളവുള്ളൂ, മരത്തില്‍ ഉണ്ടാകുന്നതിന് ഇളവില്ല എന്നങ്ങ് തീരുമാനിച്ചാല്‍ മതി.

ഈ വിധത്തിലാണ് ഇഷ്ടമുള്ള സംസ്ഥാനങ്ങളോടും സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളോടും രാഷ്ട്രീയ നേട്ടത്തിനായി ചില സംസ്ഥാനങ്ങളോടും അവര്‍ക്കൊപ്പമെന്ന് തോന്നും വിധം നയപരമായി ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയുന്നത്. എന്നാല്‍, കേരളത്തിന് സഹായമൊന്നും തരാതിരിക്കാനും ഈ തത്ത്വം ഉപയോഗിക്കുന്നു. കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത പ്രകൃതിദുരന്തം നടന്ന വയനാടിന് കേന്ദ്രം സഹായം തരാതിരിക്കുന്നതും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ചോദിക്കാതെപോലും കൊടുക്കുന്നതും ഈ തിയറി വെച്ചാണ്. അതുകൊണ്ടാണ് പ്രത്യേക സ്‌കീമില്‍ കടം ചോദിച്ച് വാങ്ങേണ്ടിവരുന്നത്. അഥവാ കേന്ദ്രം തന്നില്ലെങ്കിലും സ്വന്തം നിലക്ക് കണ്ടെത്താന്‍ വേണ്ടി തീരുമാനിച്ചുറപ്പിച്ചാണ് ബജറ്റില്‍ വകയിരുത്തിയത്.


 



ഭൗതികവാദിയോട് അറംപറ്റിയോ എന്ന് ചോദിക്കുന്നതിൽ ശരികേടുണ്ട്. പക്ഷേ, രാജ്യസഭാംഗമായിരിക്കെ ഉപയോഗിച്ച ബെഗിങ് ബൗള്‍ പ്രയോഗം ഇപ്പോൾ തിരിഞ്ഞുകൊത്തുന്നില്ലേ?

സാമൂഹിക-സാമ്പത്തിക ചലനങ്ങളെ ശാസ്ത്രീയമായും ചരിത്രപരമായും വിലയിരുത്തുകയാണല്ലോ മാർക്സിസ്റ്റുകൾ ചെയ്യുന്നത്. ജി.എസ്​.ടി രാജ്യത്തി​ന്റെ ഫെഡറൽ ഘടനയെ തകർക്കുമെന്ന എ​ന്റെ വാദം വിഷമിപ്പിക്കുന്ന വസ്തുതയായി ഇപ്പോൾ എ​ന്റെ തലക്ക് മുകളിലുണ്ട്. സംസ്ഥാന ധനമന്ത്രിമാരെ കേന്ദ്രസർക്കാർ പിച്ചച്ചട്ടി എടുപ്പിക്കുമെന്ന് പറഞ്ഞത് ശരിയായി. രാജ്യം രാഷ്ട്രീയമായി മാറുന്നുവെന്ന കാഴ്ചപ്പാടില്‍നിന്നാണ് അന്നങ്ങനെ പറഞ്ഞത്. രാജ്യസഭാംഗമായിരിക്കെ ഡിസെന്റ് നോട്ടില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്, സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ ഫിനാന്‍സ് വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ മാത്രമായിപ്പോകും. കേന്ദ്രത്തിന് മുന്നില്‍ പിച്ചപ്പാത്രവുമായി വന്ന് നില്‍ക്കാന്‍ ധനകാര്യ മന്ത്രിമാര്‍ നിര്‍ബന്ധിതരാകും. നിലവിൽ കേന്ദ്രത്തിന് മുന്നില്‍ ബെഗിങ് ബൗളുമായി പോയി നില്‍ക്കേണ്ട ഗതികേടിലാണ് കേരളം. അങ്ങനെ ബെഗിങ് ബൗളുമായി കേന്ദ്രത്തിന് മുന്നില്‍പ്പോയി നില്‍ക്കുന്ന ഒരാളായി ഞാന്‍ മാറുമെന്ന് ഒരിക്കലും കരുതിയതല്ല, നിരാശയില്ല, ഇനിയും കേന്ദ്രത്തോട് ചോദിക്കുകതന്നെ ചെയ്യും. തരാന്‍ മടിച്ചാല്‍ നിയമപോരാട്ടം നടത്തിയാണെങ്കിലും മേടിച്ചിരിക്കും. ഞങ്ങള്‍ക്ക് വല്ലതും തരണേ അമ്മാ എന്ന വിലപിച്ച് നില്‍ക്കേണ്ടവരല്ലല്ലോ കേരളം.

നവകേരളം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് കിഫ്ബിയാണെന്ന് ഇടതുപക്ഷം വ്യാഖ്യാനിക്കുമ്പോഴും അത് ചെവിക്കൊള്ളാൻ പ്രതിപക്ഷം തയാറായിട്ടില്ല. കേന്ദ്രസർക്കാറാകട്ടെ കിഫ്ബിയെ ബജറ്റിനകത്ത് ആക്കിക്കൊണ്ട് തകർക്കാനും ശ്രമിക്കുന്നു. എന്തുകൊണ്ടാണ് ഇടതുപക്ഷം കിഫ്ബിയിൽ ഇങ്ങനെ മുറുകെപ്പിടിച്ചിരിക്കുന്നത്?

കേരള മോഡൽ വികസനത്തി​ന്റെ അലകുംപിടിയും നിർമിക്കുന്നത് കിഫ്ബിയാണ്. കണ്ണുതുറന്നൊന്ന് നോക്കിയാൽ കാണാവുന്നതാണത്. ഒമ്പതു കൊല്ലം മുമ്പുള്ള കേരളമല്ല ഇപ്പോഴുള്ളതെന്ന് അനുഭവിച്ച് അറിയാവുന്ന ഒന്നല്ലേ. ഇടതുപക്ഷ സർക്കാറുകളുടെ വികസനോന്മുഖ കാഴ്ചപ്പാടുകളുടെ ഗതിനിർണയിച്ച സംവിധാനമാണെന്നുള്ള വസ്തുത പ്രതിപക്ഷംപോലും രഹസ്യമായി സമ്മതിക്കുന്ന ഒന്നാണ്. പക്ഷേ ഇവിടെയും കേന്ദ്രസർക്കാറിന്റെ പൂട്ട് വീണിട്ടുണ്ട്. ലോണ്‍ ഒരുമിച്ച് എടുക്കുകയും പത്തോ ഇരുപതോ വര്‍ഷംകൊണ്ട് തിരിച്ചടക്കാൻ കഴിയുകയും ചെയ്യുന്ന സംവിധാനമായിരുന്നു പിന്തുടർന്നിരുന്നത്. വികസനംകൊണ്ട് സ്വാഭാവികമായി രൂപപ്പെട്ടുവരുന്ന ലാഭത്തിൽനിന്ന് ലോൺ അടച്ചുതീർത്താൽ മതിയായിരുന്നു. പക്ഷേ, കേന്ദ്രം കിഫ്ബിക്ക് അള്ളുവെച്ചു. ഈ വിധത്തിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള രീതി പറ്റില്ലെന്നാണ് കേന്ദ്ര നിലപാട്. ഈ വര്‍ഷം പതിനായിരം കോടി എടുത്താല്‍ ഈ വര്‍ഷത്തെയായി കണക്കാക്കണം എന്നാണ് തിട്ടൂരം.

കേന്ദ്രത്തി​ന്റെ തലതിരിഞ്ഞ നയം മൂലം സ്റ്റേറ്റ് പ്ലാനില്‍നിന്നാണ് കിഫ്ബിക്കുള്ള പണം പോകുന്നത്. അതായത്, നേരത്തേ ഉണ്ടായിരുന്നതുപോലെയല്ല. ഇത് സ്റ്റേറ്റ് പ്ലാനിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ഇതോടെ 4700 കോടിയോളം രൂപ കേന്ദ്രം ആദ്യം കട്ട് ചെയ്തു. ഇതിന് പുറമെ 6000 കോടി കൂടി കട്ട് ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി. കിഫ്ബിയെ തകര്‍ക്കുക എന്നതായിരുന്നു കേന്ദ്ര പദ്ധതി. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് കിഫ്ബി ചെലവഴിച്ചത് ആകെ 10,000 കോടി രൂപയാണ്. എന്നാൽ, 80 ശതമാനം ചെലവഴിക്കലും നടന്നത് ഇപ്പോൾ മാത്രവും. എന്നാൽ, പ്ലാൻ ഫണ്ടിൽനിന്ന് പണം എടുക്കാനാകില്ലെന്ന് പറഞ്ഞ് കിഫ്ബിയെ ഇല്ലാതാക്കാനല്ല സർക്കാർ നോക്കിയത്. പരിമിതികള്‍ക്കകത്തും പരമാവധി മുന്നോട്ട് പോകാനാണ് ശ്രമിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 1,06,000 കോടിയുടെ വികസനം നടത്തിക്കഴിഞ്ഞു. വികസനത്തി​ന്റെ ഒറ്റനോട്ടക്കാഴ്ചയിലെ തെളിവായി 80,000 കോടിയുടെ ഇൻഫ്രാസ്ട്രക്ചർ നമ്മളുടെ മുന്നിലുണ്ട്.

വലിയ എതിർപ്പുയർന്ന ഇടത്തുതന്നെ വലിയൊരു പദ്ധതിയായി വിഴിഞ്ഞം തുറമുഖം നിലകൊള്ളുന്നു. കേരളത്തി​ന്റെ വ്യവസായ മുഖച്ഛായതന്നെ മാറ്റാൻ കഴിവുള്ള പദ്ധതിയാണ് വിഴിഞ്ഞമെന്ന ഇടതുപക്ഷത്തി​ന്റെ വാദത്തിൽ എത്രമാത്രം കഴമ്പുണ്ട്? കേരളത്തി​ന്റെ പൊതുധനസ്ഥിതിയെ വിഴിഞ്ഞം പദ്ധതി എത്രത്തോളം ദുർബലപ്പെടുത്തി?

ഒറ്റവാക്കിൽ, പെ​െട്ടന്നൊരു മറുപടി പറഞ്ഞാൽ വിഴിഞ്ഞം കേരളത്തി​ന്റെ ഭാവി എന്നായിരിക്കും. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടം എന്താണെന്ന് എന്നോട് ചോദിച്ചാല്‍ മന്ത്രിയെന്ന നിലക്കല്ല, ഒരു കേരളീയന്‍ എന്ന നിലക്ക് കണ്ണുംപൂട്ടി പറയാവുന്ന ഉത്തരം വിഴിഞ്ഞം തുറമുഖം എന്നാണ്. ഒരു രൂപപോലും കേന്ദ്രത്തില്‍നിന്ന് കിട്ടാതെ, വയബിലിറ്റി ഗ്യാപ് ഫണ്ട് പോലും കിട്ടാതെ മറ്റുള്ള കാര്യങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ച പണം ഉപയോഗിച്ചും മുണ്ട് മുറുക്കിയുടുത്തും കൊടുത്തതുകൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് തുറമുഖം എത്തിയത്. പണമില്ല, അതുകൊണ്ട് കൊടുക്കുന്നില്ല എന്നൊരു നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചില്ല. അങ്ങനെ 6000 കോടി രൂപ കൊടുക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ലോകത്തെ പത്ത് പ്രധാന തുറമുഖങ്ങളില്‍ ഒന്നായി ഇത്രവേഗം വിഴിഞ്ഞത്തിന് മാറാന്‍ കഴിഞ്ഞത്. കഴിഞ്ഞ നാലരവര്‍ഷംകൊണ്ട് 90 ശതമാനം പണവും കൊടുത്തു. പോര്‍ട്ട് ഉള്ളതിനാല്‍ ദുബൈ ഒരു വലിയ ബിസിനസ് കേന്ദ്രമായി. അത് യു.എ.ഇയെ മൊത്തത്തില്‍ പുതുക്കിപ്പണിതു.

മലേഷ്യയും സിംഗപ്പൂരും വികസിച്ചതുപോലെ, ലോകത്തിന്റെ വികസനത്തിന്റെ വലിയൊരു പങ്ക് കേരളത്തിലേക്കും സമീപ സംസ്ഥാനങ്ങളിലേക്കും എത്തിച്ചേരുമെന്നുതന്നെയാണ് പ്രതീക്ഷ. അത് എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതാണ് ഇനി സമഗ്രമായി വിലയിരുത്തേണ്ടത്. ആദ്യഘട്ടത്തില്‍ തുറമുഖത്തിന് ചുറ്റിലുമായുള്ള വലിയ പ്രദേശത്തെ വലിയ വികസനം ആയിരിക്കും സാധ്യമാകുക. രാജ്യാന്തര റൂട്ടില്‍നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലമുള്ള മറ്റൊരു പോര്‍ട്ടുമില്ല ഈ ലോകത്ത്. ഇതോടെ മദർഷിപ്പുകളടക്കം വലിയ ഷിപ്പുകൾ ഇവിടേക്ക് മാത്രമേ വരൂ. ഡ്രഡ്ജിങ് ഒട്ടുമേ വേണ്ട. അതുകൊണ്ടുതന്നെ തുറമുഖത്തിന് പുറത്തുള്ള വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണം. യു.എ.ഇയെപ്പോലെ, യൂറോപ്പിനെപ്പോലെ കോസ്‌മോപൊളിറ്റന്‍ കൾചറിലേക്ക് കേരളം മാറും. രണ്ട് പതിറ്റാണ്ടിനുശേഷമുള്ള തിരുവനന്തപുരം നമ്മളുടെയൊക്കെ ഭാവനയിൽപോലും ഉൾക്കൊള്ളാൻ കഴിയുന്നതല്ല. ആ വിധത്തില്‍ പോസിറ്റിവായിട്ടാണ് സര്‍ക്കാര്‍ വിഴിഞ്ഞത്തെ കാണുന്നത്. കേവല രാഷ്ട്രീയ ലാഭം പ്രതിപക്ഷം മാറ്റിവെച്ചാല്‍ വിഴിഞ്ഞം വലിയ വികസന മോഡലായി മാറുമെന്ന് ഉറപ്പാണ്.


 



സമ്പത്തിനെ അടിസ്ഥാനമാക്കി ലോകരാഷ്ട്രീയം വീണ്ടും കലങ്ങി മറിയുകയാണ്. കണക്കുകൾ സൂചിപ്പിക്കുന്നത് അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വശക്തികളുടെ തകർച്ചയിലേക്കാണ് എന്ന വസ്തുതയാണ്. അതേസമയം, ചൈന മുന്നേറുകയുംചെയ്യുന്നു. ഇവിടെ നമ്മുടെ രാജ്യത്തിനും കേരളത്തിനും പഠിക്കാനുള്ളതെന്താണ്? പ്രത്യേകിച്ചും കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ ചൈനയെ മികച്ച മാതൃകയാക്കി സ്വീകരിക്കാവുന്നതല്ലേ?

പതിറ്റാണ്ടുകൾ മുന്നേ സി.പി.എമ്മും ഇടതുപക്ഷവും ചൂണ്ടിക്കാണിച്ച പല അപകടങ്ങളും ഇന്ന് രാജ്യത്തുണ്ടായി. അതിലേറെയും സാമ്പത്തികമായി രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളായിരുന്നു. ആഗോളീകരണവും ഉദാരവത്കരണവും ഗാട്ടും ആസിയാനും തുടങ്ങി നൂറുകണക്കിന് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. ശാസ്ത്രീയ വിലയിരുത്തലി​ന്റെ അടിസ്ഥാനത്തിൽ പറഞ്ഞതൊക്കെയും വലതുപക്ഷവും വലതുപക്ഷ മനസ്സുള്ള ജനങ്ങളും അന്ന് തിരസ്കരിച്ചു. പക്ഷേ, ജനജീവിതം അങ്ങേയറ്റം ദുസ്സഹമാക്കി ഈ നയങ്ങളൊക്കെയും കേന്ദ്ര സർക്കാറുകൾ നടപ്പാക്കി. അടുത്തതായി നമ്മൾ കാണാൻ പോകുന്നത് അമേരിക്കയുടെ സാമ്പത്തിക തകർച്ചയും ഡോളറി​ന്റെ പ്രസക്തി കുറയുന്നതുമൊക്കെ ആയിരിക്കും. തീരുവ കൂട്ടുന്ന കാര്യത്തിൽ ട്രംപ് കാണിക്കുന്ന തിടുക്കവും അതിന് തയാറാകാത്ത ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ നേർക്ക് നടത്തുന്ന വിരട്ടൽ സ്വഭാവവും സൂചിപ്പിക്കുന്നത് അമേരിക്കയുടെ വീഴ്ചയിലേക്കാണ്. ഇവിടെ ഞങ്ങളുടെ കാലിൽ നിൽക്കാൻ ഞങ്ങൾക്ക് അറിയാമെന്ന പൊളിറ്റിക്കൽ ഡിസിഷനല്ലേ രാജ്യം സ്വീകരിക്കേണ്ടത്.

അതിന് തയാറാകുന്നില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. ഇതേസമയം തന്നെ ബെറ്റർ ആൾട്ടർനേറ്റിവ് എന്ന നിലക്ക് ചൈന കുതിക്കുകയുംചെയ്യുന്നുണ്ട്. അമേരിക്കൻ വിരട്ടലിൽ ഇന്ത്യക്ക് താങ്ങായി ചൈന ഉണ്ടാകുമെന്ന രാഷ്ട്രീയസ്ഥിതി സംജാതമായിട്ടുമുണ്ട്. ചൈനയിലൊക്കെ എവിടെ സോഷ്യലിസം, അവിടെയെല്ലാം മുതലാളിത്തമല്ലേ എന്ന് പറഞ്ഞവരൊക്കെ തിരുത്താൻ തയാറായിട്ടുണ്ട്. അതിന് കാരണം സാമ്രാജ്യത്വത്തി​ന്റെ തകർച്ചയും ചൈനയുടെ കുതിപ്പുമാണ്. ഇതേ ചൈനയിൽനിന്നുള്ള പ്രതിനിധി സംഘം കേരളത്തിൽ എത്തിയപ്പോൾ അവർക്കുപോലും അത്ഭുതമുളവാക്കുന്ന പലതും കാണാൻ കഴിഞ്ഞു എന്നാണ് സാക്ഷ്യപ്പെടുത്തിയത്. കേരളം അതിദാരിദ്ര്യ നിർമാർജനം എന്ന ലക്ഷ്യത്തിലേക്ക് കടക്കുന്നു, നവംബർ ഒന്നിന് പ്രഖ്യാപനം എന്ന് പറയുമ്പോൾ അവിശ്വസനീയതയോടെയാണ് ചൈനീസ് പ്രതിനിധി സംഘം പ്രതികരിച്ചത്. സോഷ്യലിസ്റ്റ് സിസ്റ്റവും കെട്ടുറപ്പുള്ള സർക്കാറുമുള്ള ചൈനക്ക് അതിദാരിദ്ര്യ നിർമാർജനം സാധ്യമാക്കാൻ കഴിയും. പക്ഷേ, അതിനുപോലും ഇത്രയും വർഷം വേണ്ടിവന്നു.


News Summary - KN Balagopal interview