ഇത് കേരളത്തിന്റെ മുന്‍ഗണനകള്‍ നിര്‍വചിക്കേണ്ട സമയം

പ്രഫസര്‍ എം.എ. ഉമ്മൻ നവതിയുടെ ധന്യതയിലാണ്. കേരളത്തിന്റെ സാമ്പത്തിക അവസ്ഥകളെക്കുറിച്ചും തന്റെ ജീവിതവഴികളെക്കുറിച്ചും അദ്ദേഹം സാമ്പത്തിക വിദഗ്ധയും അധ്യാപികയുമായ അനിതകുമാരിയോട് സംസാരിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക ക്രമവുമായും സർക്കാർതല ആസൂത്രണങ്ങളുമായും അടുത്ത് പ്രവർത്തിച്ച ഉമ്മൻ ഇൗ സംഭാഷണത്തിലും ചില നിലപാടുകൾ സുവ്യക്തമായി അവതരിപ്പിക്കുന്നു.സമകാലിക കേരളത്തിലെ ഏറ്റവും മുതിര്‍ന്ന അധ്യാപകനും ഗവേഷകനുമാണ് പ്രഫസര്‍ എം.എ. ഉമ്മന്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി 33 പുസ്തകങ്ങളും 400ലധികം പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെ സ്മാരക പ്രഭാഷണങ്ങള്‍, ഒരുപാടു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പ്രഫസര്‍ എം.എ. ഉമ്മൻ നവതിയുടെ ധന്യതയിലാണ്. കേരളത്തിന്റെ സാമ്പത്തിക അവസ്ഥകളെക്കുറിച്ചും തന്റെ ജീവിതവഴികളെക്കുറിച്ചും അദ്ദേഹം സാമ്പത്തിക വിദഗ്ധയും അധ്യാപികയുമായ അനിതകുമാരിയോട് സംസാരിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക ക്രമവുമായും സർക്കാർതല ആസൂത്രണങ്ങളുമായും അടുത്ത് പ്രവർത്തിച്ച ഉമ്മൻ ഇൗ സംഭാഷണത്തിലും ചില നിലപാടുകൾ സുവ്യക്തമായി അവതരിപ്പിക്കുന്നു.
സമകാലിക കേരളത്തിലെ ഏറ്റവും മുതിര്‍ന്ന അധ്യാപകനും ഗവേഷകനുമാണ് പ്രഫസര്‍ എം.എ. ഉമ്മന്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി 33 പുസ്തകങ്ങളും 400ലധികം പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെ സ്മാരക പ്രഭാഷണങ്ങള്‍, ഒരുപാടു ഗ്രന്ഥങ്ങള്‍ക്ക് അവതാരികകള്‍ ഒക്കെ സമശീര്‍ഷകരില്‍നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
നവതിയുടെ നിറവിലും ചിന്തയുടെ തെളിമയിലും നിൽക്കുന്ന അദ്ദേഹത്തിന്റെ ജീവിത അനുഭവം, ഗവേഷണം, അധ്യാപനം, വികസന കാഴ്ചപ്പാടുകള്‍ എന്നിവയെകുറിച്ച് ഒരു അന്വേഷണം തികച്ചും പ്രസക്തമാണ്. അതിലേക്ക് വെളിച്ചം വീശുന്ന ചില ചോദ്യങ്ങളും മറുപടികളുമാണ് ചുവടെ.
ആദ്യം കോട്ടയം സി.എം.എസ് കോളജ്, പിന്നീട് ആലുവ യു.സി കോളജ്, ചിറ്റൂര്‍ ഗവണ്‍മെന്‍റ് കോളജ്, പാലക്കാട് വിക്ടോറിയ കോളജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് കേരള യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്നു. കേരള യൂനിവേഴ്സിറ്റിയിലെ സാമ്പത്തികവിഭാഗം തുടങ്ങിയത് സാറിനെ, ലെക്ചററായി നിയമിച്ചുകൊണ്ടാണ്. ആറ് പതിറ്റാണ്ട് മുമ്പുള്ള ആ ഓർമകള്‍ ഒന്ന് പങ്കുെവക്കാമോ? എന്തെങ്കിലും പാഠങ്ങള്‍?
ഞാന്‍ ജോലി തുടക്കംകുറിച്ച സ്വകാര്യകോളജുകള്‍ എല്ലാംതന്നെ പേരുകേട്ടവയും നല്ല പാരമ്പര്യം പുലര്‍ത്തിയവയുമായിരുന്നു. ഗവണ്‍മെന്‍റ് വിക്ടോറിയ കോളജും പ്രസിദ്ധം. അധ്യാപകരെ കൂവുന്ന പതിവ് ഈ കോളജുകളിലും ഉണ്ടായിരുന്നു. കേവലം 'പയ്യന്‍' ആയിരുന്ന എന്നെ ആരും ഒരിക്കലും കൂവിയിട്ടില്ല. പേരുകേട്ട അധ്യാപകര്‍ അപൂര്‍വമായിട്ടെങ്കിലും എല്ലായിടത്തും ഉണ്ടായിരുന്നു. സി.എം.എസ് കോളജില്‍ ഇംഗ്ലീഷ് പ്രഫസര്‍ സുബ്രഹ്മണ്യ അയ്യര്‍, മലയാളം പ്രഫസര്‍ സി.ഐ. രാമന്‍ നായര്‍, ആലുവയില്‍ കുറ്റിപ്പുഴ കൃഷ്ണപിള്ള, വിക്ടോറിയ കോളജില്‍ ബാലകൃഷ്ണ വാരിയര്‍ എന്നിങ്ങനെ അനേകം പേരുകള്‍ ഓർമയില്‍ വരുന്നു. എല്ലായിടത്തും അധ്യാപനം വളരെ ഗൗരവമായി എടുത്തിരുന്നുവെന്ന് തറപ്പിച്ചുപറയാം.
ഇന്ത്യയില്‍ ആസൂത്രണം എന്ന പുത്തന്‍ പരീക്ഷണം തുടങ്ങിയ സന്ദര്‍ഭം -പല കോളജും പ്ലാനിങ് ഫോറങ്ങള്‍ തുടങ്ങി വിക്ടോറിയ കോളജും പ്ലാനിങ് കമീഷന്റെ സഹായത്തോടെ ഒരു പ്ലാനിങ് ഫോറം ആരംഭിച്ചു. അതിന്റെ ചുമതല എനിക്കായിരുന്നു. ഞാന്‍ കുട്ടികളെയുംകൊണ്ട് പല ഗ്രാമങ്ങളില്‍ സാമൂഹിക-സാമ്പത്തിക കാര്യങ്ങളുടെ ഡാറ്റശേഖരണം നടത്തിയെന്നു മാത്രമല്ല, അതിന്റെ അടിസ്ഥാനത്തില്‍ ഒരു ലഘുഗ്രന്ഥം തന്നെ പുറത്തിറക്കി. ഉദാരമായി പണംതന്ന് പ്രിന്‍സിപ്പല്‍ സഹായിച്ചു. പ്ലാനിങ് ഫോറത്തിന്റെ ഉദ്ഘാടനം 1958ല്‍ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടാണ് നിര്‍വഹിച്ചത്. പദ്ധതികളുടെ രൂപവത്കരണത്തിലും നടത്തിപ്പിലും വിദ്യാര്‍ഥികള്‍, പ്രത്യകിച്ചും സാമൂഹിക-ശാസ്ത്ര വിദ്യാര്‍ഥികള്‍ മുന്‍നിരയില്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞത് ഓര്‍ക്കുന്നു.
അക്കാലത്തെ പേരുകേട്ട പബ്ലിഷറായിരുന്നു എസ്. വിശ്വനാഥന്‍ ആന്‍ഡ് കമ്പനി, മദ്രാസ്. അവര്‍ പാലക്കാട്ട് പുതിയ സിലബസ് അനുസരിച്ച് ഒരു പുസ്തകം എഴുതി തരാന്‍ എന്നെ നിര്‍ബന്ധിച്ചു. വളരെ തിടുക്കത്തില്‍ ഞാന്‍ പ്രിന്‍സിപ്പിൾസ് ഓഫ് ഇക്കണോമിക്സ് എന്ന പുസ്തകം തയാറാക്കി. ഒരു നോട്ടുബുക്കില്‍ വെറും കൈയെഴുത്ത് അവരെ ഏല്‍പ്പിച്ചു. പുസ്തകം ചൂടപ്പംപോലെ വിറ്റഴിഞ്ഞു. അക്കാലത്തു അത്തരം പഠനസഹായികള്‍ തുലോം ദുര്‍ലഭമായിരുന്നു.

പാലക്കാട്ട് ജോലിചെയ്യുമ്പോഴാണ് കേരള യൂനിവേഴ്സിറ്റി ഡിപ്പാർട്മെന്‍റുകള്‍ തുടക്കമിട്ടത്. ഇക്കണോമിക്സില്‍ ഒരു ഒഴിവ് കണ്ട് ലെറ്റര്‍പേപ്പറില്‍ അപേക്ഷ അയച്ചു. ഇന്‍റര്‍വ്യൂ കൂടാതെ നിയമനം. യൂനിവേഴ്സിറ്റി കോളജ് ഒരു സര്‍ക്കാര്‍ സ്ഥാപനമായി. യൂനിവേഴ്സിറ്റിയില്‍നിന്ന് കോളജ് സർവിസില്‍ ചേര്‍ന്ന എന്റെ പഴയ അധ്യാപകര്‍ വിക്ടോറിയ കോളജില്‍ എത്തിയിരുന്നു. സര്‍ക്കാര്‍ജോലി രാജിെവച്ച് എങ്ങുമെത്താത്ത യൂനിവേഴ്സിറ്റിയില്‍ പോകുന്നതിനെ ചിലര്‍ നിരുത്സാഹപ്പെടുത്തി എന്നോര്‍ക്കുക. എന്നെ യൂനിവേഴ്സിറ്റി കോളജില്‍ പഠിപ്പിച്ച പി.ജി.കെ. പണിക്കര്‍, ഇ.ടി. മാത്യു എന്നിവര്‍ ഡോക്ടറേറ്റ് സമ്പാദിക്കാന്‍ അമേരിക്കയിലേക്ക് പോയിരുന്നു.
ഞാന്‍ നിയമന ഉത്തരവുമായി രജിസ്ട്രാര്‍ കണ്ണന്‍നായരെ കണ്ടു. അന്ന് യൂനിവേഴ്സിറ്റി കോളജില്‍ പ്രഫസറും പ്രിന്‍സിപ്പലുമായിരുന്ന പ്രഫസര്‍ വി.ആര്‍. പിള്ളയെ കാണാന്‍ പറഞ്ഞു. ''ഉമ്മന്‍ നിങ്ങളുടെ ആസ്ഥാനം യൂനിവേഴ്സിറ്റി ഓഫിസിന്റെ താഴെയുള്ള സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റിെൻറ മുകളിലാണ്. അവിടെ ഒരു കുളത്തു അയ്യര്‍ ഉണ്ട്. അദ്ദേഹമാണ് സീനിയര്‍ ക്ലര്‍ക്ക്. എല്ലാ ഒത്താശയും അയാള്‍ ചെയ്യും. ഉടനെ തന്നെ പൊളിറ്റിക്സ് ഡിപ്പാർട്മെന്റിൽ പോയി ഇക്കണോമിക്സ് ക്ലാസ് എടുക്കണം, പുതിയ ഫര്‍ണിച്ചര്‍ വാങ്ങണം. ചുമതലകള്‍ ഒന്നൊന്നായി എന്റെ മുന്നില്‍നിരന്നു. യൂനിവേഴ്സിറ്റിയില്‍ പൊളിറ്റിക്സ് എം.എ തുടങ്ങിക്കഴിഞ്ഞിരുന്നു. അന്നത്തെ ആദ്യ ബാച്ചിലെ വിദ്യാർഥികളാണ് പിന്നീട് ഡി.ജി.പി ആയ ഡോ. പി.ജെ. അലക്സാണ്ടറും ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ പ്രഫസറായ ഡോ. വിവേകാനന്ദനും. ഇവര്‍ എന്നേ റിട്ടയര്‍ ചെയ്തെങ്കിലും ഇപ്പോഴും എന്റെ അടുത്ത ചങ്ങാതിമാരാണ്.
ഡോ. ജോണ്‍ മത്തായി ആയിരുന്നു വൈസ് ചാന്‍സലര്‍. അദ്ദേഹം ശമ്പളംപറ്റിയിരുന്നില്ല. മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ തിരുവനന്തപുരത്ത് എത്തിയിരുന്നുള്ളൂ. പക്ഷേ കാര്യങ്ങള്‍ കാര്യക്ഷമമായി നടന്നിരുന്നു. അദ്ദേഹം പടികയറുമ്പോള്‍ വടിയുടെ ശബ്ദം വെളിയില്‍ നിന്നാല്‍ കേള്‍ക്കാം. അത്രക്കും നിശ്ശബ്ദത. പുതിയ ഇക്കണോമിക്സ് ഡിപ്പാർട്മെന്റ് കേരള സമ്പദ് വ്യവസ്ഥയില്‍ ഗവേഷണം നടത്തണമെന്നത് അദ്ദേഹത്തിന്റെ നിര്‍ബന്ധം ആയിരുന്നു. അങ്ങനെയാണ് ഇന്ന് ലോകപ്രശസ്തിയാര്‍ജിച്ച കേരള സാമ്പത്തിക കാര്യങ്ങളുടെ ഗവേഷണ തുടക്കം. കോളജുകളില്‍ കേരളത്തെക്കുറിച്ചു അവബോധമുണ്ടാക്കാന്‍ യൂനിവേഴ്സിറ്റി മുന്‍കൈയെടുത്ത് ഒരു പ്രഭാഷണ പരമ്പര തുടങ്ങാന്‍ എന്നെ നിയോഗിച്ചത് പ്രഫ. വി.ആര്‍. പിള്ള ആയിരുന്നു. ഇതിനിടയില്‍ ഡിപ്പാർട്മെന്റ് വികസനത്തിനായി യു.ജി.സി ഒരു ഏകാംഗ കമീഷനെ നിയമിച്ചു. കുറക്കാനാവാത്ത എണ്ണത്തില്‍ ഒരു ഡിപ്പാർട്മെന്റ് ഉണ്ടാക്കാനാവില്ല. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ വേഗംനീങ്ങി. പി.ജി.കെ. പണിക്കര്‍, ഇ.ടി. മാത്യു എന്ന രണ്ട് റീഡറന്‍മാരും. വി.ആര്‍. പിള്ള പ്രഫസറുമായി. റിസര്‍ച്ച് അസ്സിസ്റ്റന്‍റായി പി.ആര്‍. ഗോപിനാഥന്‍ നായരും നിയമിതനായി. 1961ല്‍ ഒരു പുതിയ ഡിപ്പാർട്മെന്റ് അങ്ങനെ രൂപമെടുത്തു. ആദ്യത്തെ എം.എ ഇക്കണോമിക്സ് കോഴ്സ് ആരംഭിച്ചു.
70 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. കൊളോണിയല്‍ ഒസ്യത്തുകളില്‍ ഉന്നതവിദ്യാഭ്യാസം വളരെ മുന്നോട്ടു പോയിട്ടില്ല. സമ്പത്തില്‍ കേരളവും ഇന്ത്യയും വളരെ വളര്‍ന്നു. ഉന്നത വിദ്യാഭ്യാസം ഇപ്പോഴും ലെക്ചററും കേള്‍വിക്കാരും തമ്മിലുള്ള വെറും 'ശാബ്ദികബന്ധം' മാത്രം. ക്രിയാത്മക സംവാദങ്ങള്‍ എവിടെയും കേള്‍ക്കാനില്ല.
യൂനിവേഴ്സിറ്റി കോളജിലാണ് എം.എ പഠിച്ചത്. തീര്‍ച്ചയായും ചില സ്മരണകള്‍ കൗതുകകരമായിരിക്കും? ഒന്ന് വിശദമാക്കാമോ?
യൂനിവേഴ്സിറ്റി കോളജില്‍ പഠിച്ചത് 1952-1954 കാലഘട്ടത്തിലായിരുന്നു. തിരുവിതാംകൂര്‍ യൂനിവേഴ്സിറ്റിയുടെ നേരിട്ടുള്ള ഭരണം. കേംബ്രിജ്, ഓക്സ്ഫഡ് യൂനിവേഴ്സിറ്റികളുടെ കീഴിലാണ് ലോകപ്രസിദ്ധമായ ട്രിനിറ്റി കോളജ്, ബാലിയല്‍ കോളജ് ഒക്കെ പ്രവര്‍ത്തിച്ചത്. ഞാന്‍ കോളജില്‍ ചേരുമ്പോള്‍ അന്നുതന്നെ കേരളത്തില്‍ അറിയപ്പെടുന്ന അനേകംപേര്‍ അവിടെ വിദ്യാര്‍ഥികളും അധ്യാപകരുമായി ഉണ്ടായിരുന്നു. സുഗതകുമാരി, ഒ.എന്‍.വി. കുറുപ്പ്, ചെമ്മനം ചാക്കോ, പന്മന രാമചന്ദ്രന്‍, ശാരദാമണി എന്നിങ്ങനെ അക്കാലത്തെ കോളജ് വിദ്യാർഥികളില്‍ ഓർമയില്‍വരുന്ന പേരുകളാണ്. 'കള്ളിച്ചെല്ലമ്മ' എന്ന നോവല്‍ എഴുതിയ ജി. വിവേകാനന്ദനും ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കുന്നു. സുഗതകുമാരി ഫിലോസഫി വിദ്യാർഥിനിയായിരുന്നു. ജനയുഗം പത്രാധിപര്‍ ഗോപിയുടെഭാര്യ ശാരദാമണി എന്റെ സഹപാഠിയായിരുന്നു. ശാരദാമണി, മറ്റൊരു സഹപാഠി രാധാകൃഷ്ണന്‍ (ഒരുകമ്പനി മാനേജര്‍ ആയിരിക്കെ മരിച്ചു), ചവറ ഒ.എന്‍. വേലുക്കുറുപ്പ് തുടങ്ങി വിപ്ലവ ആവേശം കലിതുള്ളി നടക്കുന്ന ഒരുപാട് എസ്.എഫ്.ഐ നേതാക്കള്‍ കോളജില്‍ ഉണ്ടായിരുന്നു. വേലുക്കുറുപ്പും (ത്രയാക്ഷരത്തില്‍ അറിയപ്പെടുന്നതിനുമുമ്പ്) ഞാനും പല ആനുകാലിക സംഭവങ്ങളിലൊന്നിച്ചു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കോന്നിയൂര്‍ മീനാക്ഷി അമ്മ, ഗുപ്തന്‍ നായര്‍, ആനന്ദക്കുട്ടന്‍, എന്‍. കൃഷ്ണപിള്ള, ശ്രീധരമേനോന്‍, ജി. കുമാരപിള്ള എന്നിങ്ങനെ പ്രഗല്ഭരായ അനേകം അധ്യാപകര്‍ കോളജിന്റെ അഭിമാനമായിരുന്നു. കുമാരപിള്ള സാറിന്റെ അനുജന്‍ എന്റെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്നു. സാറിന്റെ 'അരളിപ്പൂക്കളില്‍' സുഗതകുമാരിയുടെ സൗരഭ്യം തളംകെട്ടിനിന്നിരുന്നെന്നും ചിലര്‍ പറഞ്ഞിരുന്നതും ഓര്‍ക്കുന്നു. വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങള്‍' അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് അഭിനയിച്ചത് കൗതുകകരമായിരുന്നു. ഗുപ്തന്‍ നായര്‍ സാര്‍ ബിഷപ്പിനെ തനി സുറിയാനി ക്രിസ്ത്യാനി വേഷത്തില്‍ അവതരിപ്പിച്ചതും, 'കൈമുത്തുന്നതും' മറ്റും മറക്കാനാകില്ല.
പ്രിന്‍സിപ്പല്‍ ഡോ. സി.എസ്. വെങ്കിടേശ്വരന്‍ ആയിരുന്നു. എല്ലാവരെയും പേരെടുത്തു വിളിക്കാനറിയാം. ഒരിക്കല്‍ കോളജ് യൂനിയന്‍ സെക്രട്ടറി റോസ് ചന്ദ്രന്‍ സ്റ്റെയര്‍കേസിന്റെ അടുത്തുനിന്ന് ഒരു പെണ്‍കുട്ടിയെ ചുംബിച്ചുവെന്ന് (പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ) ആക്ഷേപം പ്രിന്‍സിപ്പലിന്റെ മുന്നില്‍ എതിരാളികള്‍ അവതരിപ്പിച്ചു. ''ഐക്കനോട്ട് അണ്‍ഡു വാട്ട് ദേ ഡിഡ്'' -അതായിരുന്നു മറുപടി.
ഞാന്‍ പാലക്കാട് വിക്ടോറിയ കോളജില്‍ ജോലി ചെയ്യുമ്പോഴാണ് യൂനിവേഴ്സിറ്റിയില്‍ ചേരാനുള്ള ഉത്തരവ് ലഭിച്ചത്. പകരം ആള്‍ വരുന്നതുവരെ എന്നെ വിടില്ലെന്ന് പ്രിന്‍സിപ്പല്‍ ശാഠ്യംപിടിച്ചു. അപ്പോള്‍ കോളജിയേറ്റ് ഡയറക്ടര്‍ ആയ ഡോ. വെങ്കിടേശ്വരന് ഞാന്‍ എന്റെ സങ്കടംപറഞ്ഞു കമ്പിയടിച്ചു. മറുപടി ഉടന്‍. റിലീവ് ഉമ്മന്‍ ഫോര്‍ത്ത് വിത്ത് കമ്പിയുടെ കോപ്പിയുമായി പ്രിന്‍സിപ്പലിനെ സമീപിച്ചു. അദ്ദേഹം എന്നെ എഴുന്നേറ്റുനിന്ന് സ്വീകരിച്ചു. പിന്നീട് എന്‍.ജി യൂനിയന്‍ നേതാവായി ഉയര്‍ന്ന പത്മനാഭന്‍ ആയിരുന്നു ഓഫിസ് സൂപ്രണ്ട്. ഞാന്‍ എത്തുന്നതിനുമുമ്പേ റിലീവിങ് ഓര്‍ഡര്‍ തയാറാക്കിവെച്ചിരുന്നു. ഇങ്ങനെ യൂനിവേഴ്സിറ്റി കോളജ് പുരാണങ്ങള്‍ ഒത്തിരിയുണ്ട്.
വാസ്തവത്തില്‍ സാറിന്റെ അക്കാദമിക സഞ്ചാരം കേരള യൂനിവേഴ്സിറ്റിയിലാണ് തുടങ്ങുന്നത്. അന്ന് കേരളത്തില്‍ മറ്റ് സർവകലാശാലകള്‍ ഇല്ല. ഇന്ന് 15 യൂനിവേഴ്സിറ്റികളുണ്ട്. ഈ മാറ്റത്തെ സാര്‍ എങ്ങനെ നോക്കികാണുന്നു?
ഞാന്‍ പിറകോട്ട് ടോര്‍ച്ചടിക്കുമ്പോള്‍ രേഖീയമായ വളര്‍ച്ചയുടെ ഒരു നീണ്ട കണക്ക് തെളിഞ്ഞ് കാണാം. ഏതാനും കോളജുകള്‍ മാത്രമായിരുന്നിടത്ത് 1991ല്‍ 172 ആർട് ആന്‍ഡ് സയന്‍സ് കോളജ്. ഇന്ന് കോളജുകളുടെ എണ്ണം ആയിരത്തോടടുക്കുന്നു. എന്‍ജിനീയറിങ്, മെഡിക്കല്‍, നഴ്സിങ്, ഫാര്‍മസ്യൂട്ടിക്കല്‍ എന്നിങ്ങനെ എല്ലാ ബ്രാഞ്ചുകളും വളര്‍ന്നു. സർവകലാശാലകള്‍തന്നെ ധാരാളം. കൃഷി, മത്സ്യവിജ്ഞാനം, സാങ്കേതികവിദ്യ, ഡിജിറ്റല്‍, മലയാളം, സംസ്കൃതം, ആരോഗ്യം എന്നിങ്ങനെ വൈവിധ്യത്തിനും കുറവില്ല. 2010ല്‍ തുടങ്ങിയ ആരോഗ്യ സർവകലാശാലയേക്കാള്‍ മയോ ക്ലിനിക്കിനെക്കുറിച്ച് കേരളക്കാര്‍ക്കറിയാം. ഏതാണ്ട് അതേ അനുഭവംതന്നെയാണ് മറ്റു പല സർവകലാശാലകളുടെ കാര്യത്തിലും.
അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നകാലത്ത് അന്തര്‍ദേശീയ നിലവാരമുള്ള ഒട്ടേറെ സ്ഥാപനങ്ങള്‍ കേരളത്തില്‍ നാമ്പെടുത്തു. അവയില്‍ എത്രയെണ്ണം അനുസ്യൂതം വളർന്ന് അവയുടെ പ്രശസ്തി വളര്‍ത്തി. ഇത്തരം വൈജ്ഞാനിക സ്ഥാപനങ്ങളും സര്‍വകലാശാലകളും സമഗ്രമായ ഒരു കാഴ്ചപ്പാടുകളുടെ ഭാഗമായില്ല എന്നതാണ് വസ്തുത. ഒരുപക്ഷേ ആതന്‍സ് നഗരത്തെ ചുറ്റിപ്പറ്റിയ വൈജ്ഞാനിക വളര്‍ച്ചക്കോ, ജർമനിയുടെ ഗവേഷണ വൈഭവമോ ഒന്നും കേരളത്തിന് അവകാശപ്പെടാനില്ലെങ്കിലും ഇന്ത്യയുടെ ഏതു പ്രദേശത്തേക്കാളും ലോകോത്തര നിലവാരത്തിലേക്ക് വളരാനുള്ള ഒരുപാട് ഘടകങ്ങള്‍ നമുക്കുണ്ടായിരുന്നുവെന്ന് വിസ്മരിക്കാനാവില്ല. ഭാവി രാഷ്ട്രീയ നേതാക്കളെ വളര്‍ത്താനുള്ള വളക്കൂറുള്ള മണ്ണായിമാത്രം ഉന്നത വിദ്യാഭ്യാസ മേഖല നിലനില്‍ക്കുന്നുവെങ്കില്‍ കേരള രാഷ്ട്രീയം ആത്മപരിശോധന നടത്തേണ്ട ചരിത്രസന്ദര്‍ഭത്തിലാണെന്ന് അവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
സമീപകാലത്ത് ഒരു വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്കയച്ച കത്ത് വൻ വിവാദമായി. അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. രാഷ്ട്രീയ അധികാരികളോട് ഉന്നത വിദ്യാഭ്യാസ നിലവാരമുയര്‍ത്താന്‍ വേണ്ട നിര്‍ദേശങ്ങളും സംവാദങ്ങളും നടത്താന്‍ ധൈര്യമുള്ള എത്ര വൈസ് ചാന്‍സലര്‍മാരുണ്ടയി. നേരാംവണ്ണം ഡിഗ്രിപോലുമില്ലാത്തവര്‍ ആ സ്ഥാനത്തിരുന്നതായി കേട്ടിട്ടുണ്ട്. ജാതി അടിസ്ഥാനത്തിലോ, പാര്‍ട്ടി അടിസ്ഥാനത്തിലോ ആണ് വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത്. ഇതൊരു ഘടനാപരമായ വൈകല്യമായി കാണണം. പക്ഷേ അതിനെയൊക്കെ ന്യായീകരണ തൊഴിലാളികളെ അണിനിരത്തി നീതീകരിക്കുന്നതും ഭയപ്പെടുത്തുന്നതും നാഴികമണി പിറകോട്ടുതിരിക്കലാണ്. നാസിഭരണത്തില്‍ ജർമന്‍ ശാസ്ത്രം മുരടിച്ച കഥ കേരളം മറക്കരുത്; യൂനിവേഴ്സിറ്റികള്‍ വിമര്‍ശനാത്മക വിചാരങ്ങളുടെ ഈറ്റില്ലമായിരിക്കണം. തമ്മിലടിക്കാനും കൂവിത്തോല്‍പ്പിക്കാനും ആരും കലാലയങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ലല്ലോ?
കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇക്കണോമിക്സ് ഡിപ്പാർട്മെന്‍റ് തുടങ്ങിയപ്പോള്‍ സാര്‍ അവിടെ ഡിപ്പാർട്മെന്‍റ് മേധാവിയും ഡീനുമൊക്കെയായി. തൃശൂരിലെ ജോണ്‍ മത്തായി സെന്‍ററില്‍ സാര്‍ നിരവധി പാഠ്യപദ്ധതി പരീക്ഷണങ്ങള്‍ നടത്തിയതായി കേട്ടിട്ടുണ്ട്. അതേക്കുറിച്ചു വിശദമാക്കാമോ?
സര്‍വകലാശാല എന്ന സങ്കൽപത്തിന്റെ മഹത്ത്വവും പ്രചോദനവും ഞാന്‍ തൊട്ടറിഞ്ഞത് എന്റെ 1974-75 വര്‍ഷക്കാലം യേൽ-സര്‍വകലാശാലയിലും മറ്റുപല ഐ.വി ലീഗ് യൂനിവേഴ്സിറ്റികളും സന്ദര്‍ശിച്ചപ്പോഴാണ്. 24 മണിക്കൂറും യൂനിവേഴ്സിറ്റി പ്രവര്‍ത്തനക്ഷമമാണ്. 1976ല്‍ ഞാന്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ഇക്കണോമിക്സ് വിഭാഗം മേധാവിയായി. കൂടെ അഞ്ചുപേരും. തൃശൂരിലുള്ള ഡോ. ജോണ്‍ മത്തായിയുടെ കുടുംബവീടും, 18 ഏക്കര്‍ പുരയിടവുമാണ് ഞങ്ങളുടെ പ്രവര്‍ത്തനത്തിനായി തുറന്നിട്ടിരുന്നത്. എല്ലാം സംഘടിപ്പിക്കുന്നതിനൊപ്പം പുതിയ എം.എ കോഴ്സ് തുടങ്ങണം. അമേരിക്കയില്‍കണ്ട അന്വേഷണത്വര ഇവിടെ പറിച്ചുനടാന്‍ പറ്റില്ലെന്ന് എനിക്ക് ബോധ്യമായി. എങ്കിലും പയറ്റിനോക്കാന്‍ ഉറച്ചു.
ഇന്ത്യയിലെ 26 പ്രമുഖ യൂനിവേഴ്സിറ്റികളിലെ ഇക്കണോമിക്സ് സിലബസ് വരുത്തി പഠിച്ചു. 1976ല്‍ തന്നെ ഞാന്‍ ഹിഡന്‍ കരിക്കുലം ഇന്‍ ദ ടീച്ചിങ് ഓഫ് ഇക്കണോമിക്സ് എന്ന തലക്കെട്ടില്‍ ഒരു പ്രബന്ധം തയാറാക്കി. ജോണ്‍ റോബിന്‍സണ്‍, ഡഡ് ലി സീയേഴ്സ്, കെ.എന്‍. രാജ്, സി.ടി. കുര്യന്‍ എന്നീ പ്രഫസര്‍മാര്‍ക്ക് അയച്ചുകൊടുത്തു. അവരെല്ലാം അതിനെ സ്വാഗതം ചെയ്തു. 1981ല്‍ അത് പ്രസിദ്ധീകരിച്ചു. പിന്നീട് ഞാനൊരു എഡിറ്റഡ് പുസ്തകം പ്രസിദ്ധീകരിച്ചു. അത് വളരെ പണ്ഡിതശ്രദ്ധ ആകര്‍ഷിച്ചു. മുതലാളിത്തത്തിന് മറ്റ് മാതൃകകള്‍ ഇല്ലെന്ന സങ്കൽപം തെറ്റാണെന്ന് ഞാന്‍ വാദിച്ചു. പുതിയ എം.എ കോഴ്സില്‍ ധാരാളം പുതിയ ഓപ്ഷന്‍സ് ഉൾക്കൊള്ളിച്ചു . ട്രാന്‍സ്പോര്‍ട്ട് ഇക്കണോമിക്സ്, ഫോറസ്റ്റ് ഇക്കണോമിക്സ്, നാഷനല്‍ ഇന്‍കം എന്നിങ്ങനെ പലതും. കമ്പല്‍സറി പേപ്പറുകളില്‍ ഇന്ത്യന്‍ ഇക്കണോമി ഉള്‍പ്പെടുത്തി, കൃഷി, വ്യവസായം, സഹകരണം, ജലസേചനം എന്നിങ്ങനെ വിവിധ മേഖലാടിസ്ഥാനത്തിലുള്ള പഠനങ്ങള്‍ക്ക് പകരം സമ്പദ്ഘടനയുടെ ചലനാത്മകതക്ക് ഊന്നല്‍ നല്‍കി. ദാരിദ്ര്യം, വിതരണത്തിലെ അസമത്വം ഒക്കെ കുട്ടികള്‍ അറിയേണ്ട വിഷയങ്ങളാക്കി, അതില്‍ കേരള സമ്പദ്ഘടനയും ഉള്‍പ്പെടുത്തി. പക്ഷേ ഏറ്റവും വലിയ പരിഷ്കാരം എല്ലാ പേപ്പറിനും എക്സര്‍സൈസ് ബുക്ക് വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. മൈക്രോ, മാക്രോ ഇക്കണോമിക്സില്‍ അത് അനായാസമാണ്. ചോദ്യ പേപ്പറുകള്‍ കേവലം ഉപന്യാസങ്ങള്‍ എഴുത്തായിരുന്നില്ല. ഞാന്‍ പഠിച്ചകാലത്ത് എല്ലാ വിഷയങ്ങള്‍ക്കും 10 ചോദ്യങ്ങള്‍. ഏതെങ്കിലും അഞ്ചെണ്ണം എഴുതിയാല്‍മതി. സിലബസിന്റെ പകുതി വിട്ടാലും ജയിക്കാം. ഒബ്ജക്ടിവ് ചോദ്യങ്ങള്‍, സങ്കൽപനങ്ങളെക്കുറിച്ച്, വിദ്യാർഥിയുടെ വിഷയധാരണ പരീക്ഷിക്കല്‍ എന്നിങ്ങനെ ആഴത്തില്‍ പഠിക്കേണ്ട തരത്തിലായിരുന്ന പരീക്ഷാസമ്പ്രദായം നവീകരിച്ചത്.

ഇന്‍റേണല്‍ അസസ്മെന്റ് വളരെ കാര്യക്ഷമമായിരുന്നു. എല്ലാ വിദ്യാർഥികളും സെമിനാര്‍ പ്രബന്ധം അവതരിപ്പിക്കണം. പിന്നെ എക്സര്‍സൈസ് ബുക്ക് ഇവ ഇന്‍റേണല്‍ അസസ്മെന്റിന്റെ അടിസ്ഥാനമായിരുന്നു. അവസാനവര്‍ഷം എല്ലാ വിദ്യാർഥിയും ഒരു പ്രൊജക്ട് വര്‍ക്ക് ചെയ്യണം. എത്ര ഉത്സാഹത്തോടെയാണ് കുട്ടികള്‍ അത് ചെയ്തതെന്ന് എനിക്കറിയാം. തൃശൂരിലെ ഓടുവ്യവസായം, മുനിസിപ്പാലിറ്റിയുടെ ധനകാര്യ മാനേജ്മെന്‍റ്, വീടുകളിലെ ഇന്ധന ഉപയോഗം എന്നിങ്ങനെ എത്ര എത്ര വിഷയങ്ങള്‍. പിന്നെ ഓരോ സെമസ്റ്ററിനും സ്റ്റുഡന്‍റ് ഇവാലുവേഷന്‍ നടത്തി. സാറന്മാര്‍ക്ക് ഇത് രുചിച്ചില്ലെങ്കിലും ഞാന്‍ അത് നിര്‍ബന്ധമാക്കിയിരുന്നു.
1980ല്‍ ഞാന്‍ ബോട്സ്‍വാന യൂനിവേഴ്സിറ്റി മേധാവിയായി പോയപ്പോള്‍ പരീക്ഷണങ്ങള്‍ വെടിെവച്ചിട്ടു. ഒരു മുറ്റത്ത് രണ്ട് അടുപ്പു പാടില്ലത്രേ. എന്റെ ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായ സന്ദര്‍ഭങ്ങളായിരുന്നു അത്. ഡോ. പോള്‍ കാഡുമാന്‍ (കേംബ്രിജ്), മത്തായി നൂറനാള്‍ (യു.എന്‍), ഡോ. സെന്‍കുമാര്‍ (മുന്‍ ഡി.ജി.പി), ഡോ. രവിരാമന്‍ (പ്ലാനിങ് ബോര്‍ഡ് മെംബര്‍) ഇങ്ങനെ നിരവധിപേരെ വളര്‍ത്തിയെടുക്കുന്നതിന് ഈ പാഠ്യപദ്ധതി, അധ്യാപനരീതി ശാസ്ത്രവും ഒക്കെ സഹായിച്ചുവെന്ന് കരുതുന്നു. പരമ്പരാഗതരീതി തുടരാന്‍ ഞാനിഷ്ടപ്പെട്ടില്ല. ഞാന്‍ ഐ.എം.ജിയില്‍ പ്രഫസറായി തിരുവനന്തപുരത്തേക്ക് മടങ്ങിവന്നു. പക്ഷേ അപ്പോഴും എന്റെ പാഠ്യപദ്ധതി പരിഷ്കരണയജ്ഞം തുടര്‍ന്നു. ഐ.സി.എസ്.എസ്.ആര്‍ സഹായത്തോടെ കേരള-കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ എം.എ ഇക്കണോമിക്സ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ക്ക് ഒരു ശിൽപശാലനടത്തി. നിയോ ക്ലാസിക്കല്‍ ഇക്കണോമിക്സ് മാത്രമല്ല ബദല്‍ സിദ്ധാന്തങ്ങളും പഠനവിധേയമാക്കണമെന്ന് ഞാന്‍ വാദിച്ചു. കെ.എന്‍. രാജ് ഡല്‍ഹി യൂനിവേഴ്സിറ്റി എങ്ങനെയാണ് ഇക്കണോമിക്സ് സിലബസ് പരിഷ്കരിച്ചതെന്ന് വിശദമായി വിവരിച്ചു. ശിൽപശാല മൂന്ന് ദിവസം നീണ്ടുനിന്നു. ഇതിന്റെ സംക്ഷിപ്ത പ്രോസിഡിങ്സ് എന്റെ ഇഷ്യൂസ് ഇന്‍ ദ ടീച്ചിങ് ഓഫ് ഇക്കണോമിക്സിന്റെ രണ്ടാം ഭാഗമായി ചേര്‍ത്തിട്ടുണ്ട്. പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഈ പുസ്തകം വിലമതിച്ചിട്ടുണ്ട്.
എന്റെ പരീക്ഷണങ്ങളെക്കുറിച്ചും നിരൂപണങ്ങളെക്കുറിച്ചും അസിം-പ്രേംജി-യൂനിവേഴ്സിറ്റി 2018ല്‍ ഒരു ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ ഒരു റിപ്പോര്‍ട്ട് 2018, ജനുവരി 20ലെ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ ചേര്‍ത്തിട്ടുണ്ട്. എസ്. അംബിരാജന്‍, അമിയകുമാര്‍ ബാഗ്ചി തുടങ്ങി നിരവധിപേര്‍ ഈ സംരംഭങ്ങളെക്കുറിച്ച് വിലയിരുത്തി എഴുതിയിട്ടുണ്ടെന്നുള്ളത് ചാരിതാർഥജനകമാണ്.
താങ്കളുടെ ധനകാര്യ വികേന്ദ്രീകരണത്തെക്കുറിച്ചുള്ള പഠനങ്ങളുടെ സൂക്ഷ്മവും കാര്യമാത്ര പ്രസക്തവുമായ ഒരു ഫേസ്ബുക്ക് കുറിപ്പ് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് എഴുതിയത് സാറിന്റെ ശ്രദ്ധയില്‍പ്പെട്ടു കാണുമെന്ന് വിശ്വസിക്കുന്നു. സെന്‍കമ്മിറ്റി അംഗം, കേരളത്തിലെ നാലാം ധനകാര്യ കമീഷന്‍ ചെയര്‍മാന്‍, വികേന്ദ്രീകൃത വികസനസമിതി അധ്യക്ഷന്‍ എന്നിങ്ങനെ വിവിധ നിലയില്‍ ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്നത്തെ സ്ഥിതിയെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ചില വിലയിരുത്തലുകള്‍ പങ്കുവെക്കാമോ?
ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈകിയാണെങ്കിലും എന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. വളരെ കൃത്യവും വസ്തുതാപരവുമായ ഒരു വിലയിരുത്തല്‍. ലോകത്തില്‍ മറ്റൊരു രാജ്യത്തും ഇല്ലാത്തവണ്ണം വികേന്ദ്രീകൃത ജനാധിപത്യത്തിന്റെ മർമം അടയാളപ്പെടുത്തുന്നതാണ് 73/74 ഭരണഘടനാ ഭേദഗതി. ഗ്രാമസഭ, സ്ത്രീ പ്രാതിനിധ്യം, ചരിത്രം അരികുവത്കരിച്ചവരുടെ പ്രാതിനിധ്യം, താഴെത്തട്ടില്‍ നിന്ന് പ്രാദേശിക വിഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആസൂത്രണം (ജനകീയാസൂത്രണം എന്ന് സുന്ദരമായി കേരളം അതിനെ നാമകരണം ചെയ്തു) എന്നിങ്ങനെ സാധാരണക്കാരെയും സ്ത്രീകളെയും ശാക്തീകരിക്കുന്ന ഒരു മഹാവിപ്ലവമായി അതിനെ കണ്ടത് ഇ.എം.എസും ഐസക് ഉള്‍പ്പെടുന്ന ഇടതുപക്ഷവുമായിരുന്നു. പശ്ചിമ ബംഗാളും കർണാടകവും ഗുജറാത്തും പരാജയപ്പെട്ടിടത്താണ് കേരളം ഒരു വന്‍ സ്ഫോടന പരീക്ഷണവുമായി മുന്നോട്ടുവന്നത്. ബ്രസീലിലെ പോര്‍ട്ടോ അലഗ്രെ മുനിസിപ്പാലിറ്റിയില്‍ തുടങ്ങിയ പങ്കാളിത്ത ബജറ്റ് ഞാന്‍ അവിടെ പോയി ആഴത്തില്‍ പഠിച്ചു. കേരളത്തിന്റെ വെട്ടത്ത് അത് വരില്ല. എന്നാല്‍ ജനകീയാസൂത്രണവും തദ്ദേശീയ ജനാധിപത്യവും ബോധപൂർവം വളര്‍ത്തുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു. 2009ല്‍ ഞാന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിമര്‍ശനങ്ങള്‍ മാത്രമല്ല, നല്ല കുറെ നിർദേശങ്ങളും അടങ്ങിയിരുന്നു. ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് ചില കാര്യങ്ങള്‍കൂടി പറയാം. അധികവും സാമാന്യവത്കരണമാവും. കാരണം ഞാന്‍ ഫീല്‍ഡില്‍ ഇല്ല.

ജനാധിപത്യം ഒരു ഒറ്റപ്പെട്ട സംഭവമല്ല. സങ്കീർണമായ തുടര്‍പ്രക്രിയയാണ്. ഈ സത്യം മനസ്സിലാക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ചില്ല. പഴയ ആതന്‍സിലെ നഗരസഭ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങളുടെ മുന്നില്‍ ഒരു പ്രതിജ്ഞ എടുത്തിരുന്നു. ''ഞങ്ങളെ ഏല്‍പിച്ചതില്‍ ഭംഗിയായും സുന്ദരമായും ഞങ്ങള്‍ ഇതിനെ മുന്നോട്ടുകൊണ്ടു പോകും.'' പഞ്ചായത്തുകള്‍ അവരുടെ ഗ്രാമസഭകളുടെ മുന്നില്‍ ഇത്തരം പ്രതിജ്ഞയെടുക്കണം.
രണ്ട്, അന്യാദൃശമായ സാമൂഹിക മൂലധനമുള്ള നാടാണ്, കേരളം. രണ്ടു മഹാ പ്രളയങ്ങള്‍, കോവിഡ് മഹാമാരി ഒക്കെ നേരിടുന്നതില്‍ കേരളത്തിന്റെ ഈ പൈതൃകം വിളിച്ചോതി. പക്ഷേ അത് അതിവേഗം തുണ്ടുതുണ്ടുവത്കരിക്കപ്പെടുകയല്ലേ? ഞാന്‍ കത്തോലിക്കന്‍, നീ പുലയന്‍, മറ്റവന്‍ മുസ്‍ലിം പിന്നെ സുന്നി, ഇനിയുമൊരാള്‍ യൂനിയന്‍കാരന്‍ എന്നിങ്ങനെയുള്ള ശാഖീകരണം വന്നാല്‍ കേരളീയനാര്. ഇന്ത്യക്കാരന്‍ ആര്? നാനാത്വത്തില്‍ ഏകത്വം വരാനുള്ള പക്വത ഉണ്ടാകണം.
മൂന്ന്, സ്ത്രീസ്വാതന്ത്ര്യവും ശാക്തീകരണവും വേണ്ടവിധത്തില്‍ നടന്നില്ല. 54 ശതമാനം ജനപ്രതിനിധികള്‍ ഒരു ക്രിട്ടിക്കല്‍ മാസാണ്. പക്ഷേ അവര്‍ മുന്‍നിരയിലാണെന്ന് മാത്രം പറയരുത്. സ്ത്രീകളുടെ നേരെയുള്ള അതിക്രമം ഏറുന്നു. പോക്സോ കേസുകള്‍ കൂടുന്നു. കുടുംബശ്രീ സ്വയം ശക്തി സ്രോതസ്സല്ല. തയ്യല്‍ മെഷീനുകള്‍, മുലയൂട്ടുന്നവര്‍ക്ക് പോഷകാഹാരവും മറ്റും നൽകുന്നത് സ്ത്രീ ശാക്തീകരണമല്ല.
നാല്, അഴിമതിക്കും കൈക്കൂലിക്കും ഒരു കുറവുമില്ല. എമ്പ്രാന്‍ അൽപം കട്ടു ഭുജിച്ചാല്‍ അമ്പലവാസികള്‍ ഒക്കെ കക്കും എന്നാണല്ലോ ആപ്തവാക്യം. കോവിഡ് കാലത്തെ മരുന്നുകൊള്ളയും അഴിമതിയും ആരേയും ലജ്ജിപ്പിച്ചില്ല.
അഞ്ച്, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സ്ഥിതിയില്‍ മാറ്റമില്ല, അട്ടപ്പാടിയില്‍ മൂന്നു പഞ്ചായത്തുകള്‍ ഉണ്ട്. അവിടെ ശിശുമരണം കൂടുന്നു. അതിനു കാരണം സ്ത്രീകള്‍ക്ക് പോഷകാഹാരമില്ല എന്നതാണ്. പട്ടികവർഗ, പട്ടികജാതി കമ്പോണന്‍റ് പ്ലാനുകളുടെ തുക വേണ്ടവണ്ണം ചെലവഴിക്കപ്പെടുന്നില്ല, മാത്രമല്ല ധാരാളം വെട്ടിപ്പുകള്‍. ഇടമലക്കുടി പഞ്ചായത്തിന് നാലാം ധനകാര്യ കമീഷന്‍ ഉദാരമായി ഗ്രാന്‍റ് നൽകി. പക്ഷേ അവര്‍ മെച്ചപ്പെട്ടിട്ടില്ല.
ആറ്, 25 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും നാം നാഴികമണി സ്വയം പിറകോട്ടു തിരിക്കുന്നു. മിഷനുകള്‍ ജനകീയാസൂത്രണത്തെ മുന്നോട്ടു നയിച്ചില്ല. പഞ്ചായത്തുകളുടെ ശക്തി കുറഞ്ഞു. പുതിയ തലമുറയിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പഴയ ആവേശം ഉള്‍ക്കൊള്ളാനാവുന്നില്ല. എന്തായാലും തദ്ദേശ ജനാധിപത്യത്തെ പുനരുദ്ധരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അതിന്റെ നിസ്സീമസാധ്യതകള്‍ ലോകത്തിനു കാട്ടിക്കൊടുക്കാന്‍ കേരളത്തിനു മാത്രമേ സാധിക്കൂ.
വികേന്ദ്രീകൃത വികസനത്തോടൊപ്പം പരിഗണിക്കേണ്ടതാണ് കേരളത്തിലെ വികസനത്തെക്കുറിച്ചുള്ള വിലയിരുത്തല്‍. ഇത് ഇന്നു വളരെ പ്രസക്തമാണ്. കെ-റെയില്‍ പദ്ധതി ഇവിടെ വെല്ലുവിളി നേരിടുന്നു. അങ്ങ് എങ്ങനെയാണ് ഈ കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്?
വളരെ പ്രസക്തമായ ചോദ്യം. അക്കാദമികമായും നയപരമായും പ്രാധാന്യമുള്ള ചോദ്യം. ഈ അടുത്തകാലത്ത് കേരളത്തിലെ ആളുകളെ വികസന വിരോധികള്‍, വികസന അനുകൂലികള്‍ എന്നിങ്ങനെ ഒരു ദ്വിവിധ വർഗീകരണം ഉത്തരവാദപ്പെട്ടവര്‍ തന്നെ നടത്തുകയുണ്ടായി. വികസനമെന്ന സങ്കല്‍പനം തന്നെ ഇവിടെ ചര്‍ച്ചാവിഷയമാക്കേണ്ടതുണ്ട്. അതിനു മുമ്പ് വികസന വിരോധികള്‍ ആരാണ് എന്നു നോക്കേണ്ടതുണ്ട്. സ്വാർഥ താൽപര്യത്തിനു വേണ്ടി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നവര്‍, നിഷേധിക്കുന്നവര്‍, ഗുണ്ടകള്‍, നിയമം തങ്ങള്‍ക്ക് വേണ്ടി വളച്ചൊടിക്കാന്‍ കെൽപുള്ള മാഫിയ, ഖജനാവ് കൊള്ളയടിക്കുന്നവര്‍, ഇങ്ങനെ എണ്ണമറ്റ സാമൂഹിക വിരുദ്ധര്‍ തീര്‍ച്ചയായും വികസന വിരോധികളാണ്, സംശയമില്ല. പദ്ധതികള്‍ തങ്ങള്‍ക്ക് 'വെട്ടുമേനി' തട്ടാനുള്ളതാണെന്ന് ധരിച്ച് പ്രവര്‍ത്തിക്കുന്ന എൻജിനീയറന്മാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി പങ്കുപറ്റുവികസനക്കാര്‍ തീര്‍ച്ചയായും വികസന വിരോധികളാണ്. എന്നാല്‍ കെ-റെയിലിനെ എതിര്‍ക്കുന്ന ഇ. ശ്രീധരന്‍, അലോക് വർമ, മധുസൂദനന്‍, യശഃശരീരനായ എം.കെ. പ്രസാദ്, കെ.പി. കണ്ണന്‍ എന്നിങ്ങനെ എണ്ണമറ്റ വ്യക്തികളെല്ലാം ഒരർഥത്തിലും വികസനത്തെ എതിര്‍ക്കുന്ന കശ്മലന്മാരല്ല.
കേരളത്തിന്റെ വികസന അനുഭവങ്ങളെ മുക്തകണ്ഠം പ്രകീര്‍ത്തിച്ച അമര്‍ത്യസെന്‍ 1999ല്‍ സ്വാതന്ത്ര്യമാണ് വികസനം എന്ന തലക്കെട്ടില്‍ രചിച്ച പുസ്തകത്തില്‍ വികസനത്തെക്കുറിച്ച് വിശദമായി ഉപന്യസിക്കുന്നു, അതിനു 12 വര്‍ഷങ്ങള്‍ മുമ്പ് ചരക്കുകളും പ്രാപ്തികളും എന്നൊരു പുസ്തകം എഴുതി അതില്‍ ഉരുപ്പടികള്‍ ഉൽപാദിപ്പിക്കലല്ല, മറിച്ച് സ്വതന്ത്രമായി ചിന്തിക്കാനുള്ള പ്രാപ്തി വർധിപ്പിക്കലാണ് വികസനം എന്ന് വാദിച്ചിരുന്നു. നെല്ല് ഉൽപാദനമല്ല, അത് എത്ര കണ്ട് ജനങ്ങളുടെ പോഷകാഹാരവും ആരോഗ്യവും വർധിപ്പിച്ചുവെന്നതാണ് പ്രധാനം. വ്യക്തിയുടെ അസ്വാതന്ത്ര്യങ്ങള്‍ വർധിപ്പിക്കുന്ന അജ്ഞത, ദാരിദ്ര്യം, പട്ടിണി, അനാരോഗ്യം, തങ്ങളുടെ വിധി നിർണയിക്കുന്ന വികസനങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തല്‍ എന്നിങ്ങനെ എണ്ണമറ്റ പോരായ്മകള്‍ ഇല്ലാതാക്കുന്നതാണ് വികസനം. അതോടെ സാമൂഹികനീതിയും കൂട്ടിച്ചേര്‍ക്കണം. സാമ്പത്തിക വളര്‍ച്ച അതില്‍തന്നെ ലക്ഷ്യം അല്ല. അതു മനുഷ്യന്റെ പ്രാപ്തിയും സ്വാതന്ത്ര്യവും വളര്‍ത്താനുള്ള ഉപാധികള്‍ മാത്രമാണ്. നിങ്ങളുടെ സ്പൂണ്‍ സ്വർണമാണെങ്കിലും കഞ്ഞിക്കാണ് ആത്യന്തികമൂല്യം. അയ്യൻകാളി അജ്ഞത, ജന്മിത്തം, അറിവില്ലായ്മ, അന്ധവിശ്വാസം, ജാതി വ്യവസ്ഥ എന്നിങ്ങനെയുള്ള നിരവധി പരാധീനതകള്‍ക്കെതിരെ പോരാടി ജനങ്ങളെ സ്വാതന്ത്ര്യത്തിന് പ്രാപ്തരാക്കിയാണ് കേരളത്തെ മാതൃകയാക്കിയത്, നവോത്ഥാനം വളര്‍ത്തിയത്.

കെ-റെയിലിനെക്കുറിച്ച് കൂടുതല്‍ ഇവിടെ പറയുന്നില്ല. മൂന്നു പ്രധാന കാരണങ്ങള്‍കൊണ്ടാണ് ഞാന്‍ അതിനെ എതിര്‍ക്കുന്നത്. ഒന്ന്, കെ-റെയില്‍ സാമ്പത്തിക ദുരന്തമായിരിക്കും. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. രണ്ട് കെ-റെയില്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തില്‍നിന്ന് ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കും. വിശദാംശങ്ങള്‍ വിടുകയാണ്. ഇപ്പോള്‍തന്നെ പതിനായിരം അംഗീകൃത ക്വാറികളും അതിന്റെ ഇരട്ടി നിയമവിരുദ്ധമായവയും പ്രവര്‍ത്തിക്കുന്നു. അപ്പോള്‍ 28.6 ലക്ഷം ഘന മീറ്റര്‍ കരിങ്കല്ലും അതിനു വേണ്ട മണലും എവിടെനിന്ന് എന്ന ചോദ്യം കെ-റെയില്‍ സഞ്ചാരികളുടെ വിഷയമല്ലായിരിക്കാം. പുഞ്ചപ്പാടങ്ങള്‍, കുട്ടനാട്, വേമ്പനാട്, ശാസ്താംകോട്ട കായല്‍, 41 നദികള്‍ എല്ലാറ്റിനുമുപരി പശ്ചിമഘട്ടം തന്നെ വന്‍ ഭീഷണിയിലാണ്. കേരളം പോലെ ജീവന്‍, സമൂഹം, ഭരണം, സാമ്പത്തിക വികസനം തുടങ്ങിയ എല്ലാ കാര്യങ്ങളും പരിസ്ഥിതിയുടെ മൂശയില്‍ രൂപപ്പെടുന്ന പ്രദേശങ്ങള്‍ ഭൂമുഖത്ത് വേറെയില്ല. നമ്മുടെ സമ്പത്ത് നമ്മുടെ സൗന്ദര്യമാണ്. താറുമാറായി കിടക്കുന്ന ജലഗതാഗതം, പങ്കുപറ്റു വികസനത്തിന്റെ ശബ്ദിക്കുന്ന സാക്ഷികളായ കുണ്ടുകുഴികളും മാറ്റി റോഡ് ഗതാഗതം, റെയില്‍, വ്യോമയാനം, തീരദേശ യാത്ര, ഒക്കെ ചേര്‍ത്തിണക്കിയ ഒരു സാകല്യ ദര്‍ശനം നമ്മുടെ നേതാക്കള്‍ക്ക് ഇല്ലാതെ പോകുന്നു. വികസനമെന്നാല്‍ അണക്കെട്ടുകളും തുറമുഖങ്ങളും ഹൈവേകളും ഹൈഡ്രജന്‍ ബോംബ് നിര്‍മാണവും വിമാനത്താവളങ്ങളും പ്രകൃതിയെ മനുഷ്യനു വേണ്ട അസംസ്കൃത ഭണ്ഡാരമാണെന്നുള്ള കാഴ്ചപ്പാടുമൊക്കെ ആക്കിത്തീര്‍ത്തിരിക്കുന്നു. വാസ്തവത്തില്‍ മുമ്പ് പറഞ്ഞതുപോലെ അസ്വാതന്ത്ര്യങ്ങള്‍ക്കെതിരെ പടവെട്ടലും ജനങ്ങളുടെ പ്രാപ്തിയും പാത്രതയും വർധിപ്പിക്കലും കരുതലും ഒക്കെ അടങ്ങിയ ഒരു സാകല്യപ്രക്രിയയാണ്. മൂന്ന് കെ-റെയില്‍ ആണോ അതോ ആരോഗ്യ ഉന്നത വിദ്യാഭ്യാസ മേഖലകളുടെ പുനര്‍നിർമിതിയാണോ, ചെറുകിട വ്യവസായങ്ങള്‍ക്ക് വളര്‍ച്ച പദ്ധതികള്‍ ഉണ്ടാക്കുകയാണോ, കഞ്ചാവിലും ലഹരിയിലും ആത്മഹത്യ പ്രവണതയിലും അതിവേഗം അടിപതറുന്ന നമ്മുടെ സമൂഹത്തെ പിടിച്ചുകയറ്റുകയാണോ, ജനാധിപത്യം വളര്‍ത്തുകയാണോ തുടങ്ങി നമ്മുടെ മുന്‍ഗണനകള്‍ എന്തെന്ന് നിര്‍വചിക്കേണ്ട മുഹൂര്‍ത്തമാണെന്ന് മറക്കരുത്.
അമര്‍ത്യസെന്‍, ജീന്‍ഡ്രീസ്, ഫ്രാന്‍ഷ്യ ഹുത്താര്‍ട്ട്, റോയ്ബാള്‍, വെല്‍റ്റ്മെയര്‍ തുടങ്ങിയവരുമായുള്ള ബന്ധങ്ങള്‍ 'ഓര്‍മ്മപ്പടിയില്‍' കാണാം. അത്തരം അക്കാദമിക് ബന്ധങ്ങളെക്കുറിച്ച് വിശദമാക്കാമോ?
അക്കാദമികതലത്തിലുള്ളതാണ് എന്റെ സൗഹൃദങ്ങള്‍. സെന്‍ പലതവണ കാര്യവട്ടത്ത് ഇക്കണോമിക്സ് വകുപ്പ് സന്ദര്‍ശിച്ചിട്ടുണ്ട്. അന്നു മുതല്‍ അറിയാം. ഞാന്‍ ഒരു ലേഖനം അദ്ദേഹത്തിന് അയച്ചുകൊടുത്തപ്പോള്‍ അതിനു നല്ല കമന്‍റ് നല്കി.1993ല്‍ ഡല്‍ഹിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ ജോലി എടുത്തപ്പോള്‍ അതിന്റെ അധ്യക്ഷനായിരുന്ന പ്രഫസര്‍ ലക്കഡവാല മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു സ്മാരക പ്രഭാഷണ പരമ്പര ഏര്‍പ്പെടുത്തി. അതിന്റെ ആദ്യ പ്രഭാഷണത്തിന് സെന്നിനെ ക്ഷണിക്കാന്‍ ഞാന്‍ ഡല്‍ഹി സ്കൂളില്‍ എത്തിയ അദ്ദേഹത്തെ പോയി കണ്ടു. പഴയ സൗഹൃദം പുതുക്കിവരാമെന്ന് സമ്മതിച്ചു. 50,000 രൂപ പാരിതോഷികമുണ്ടെന്ന് പറഞ്ഞപ്പോള്‍ ആ തുക എനിക്ക് നേരിട്ടു തരണ്ട െകാല്‍ക്കത്തയിലുള്ള അമ്മക്ക് അയക്കണമെന്ന് എന്നോട് പറഞ്ഞത് ഓര്‍ക്കുന്നു. 1998ല്‍ നൊേബല്‍ സമ്മാനം കിട്ടിയശേഷം തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറില്‍ പ്രസംഗിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചുവരുത്തിയത് ഞാന്‍ മുന്‍കൈയെടുത്തിട്ടായിരുന്നു അദ്ദേഹത്തിന് ഒരു ഡി.ലിറ്റ് കേരള യൂനിവേഴ്സിറ്റി കൊടുക്കണമെന്നു പറയുവാന്‍ അന്നത്തെ വൈസ്ചാൻസലര്‍ ഡോ. ഇക്ബാലിനോട് അഭ്യർഥിച്ചത് ഡോ. ജോർജ് മാത്യുവും ഞാനും കൂടി ആയിരുന്നു. ഡോ. ആഷ്നാരായന്‍ റോയിയും ഡോ. ജോർജ് മാത്യുവും ചേര്‍ന്ന് എഡിറ്റ് ചെയ്ത് എന്റെ ബഹുമാനാർഥം പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ആദ്യലേഖനം അമര്‍ത്യസെന്നും ജോണ്‍ ഡ്രീസും ചേര്‍ന്ന് എഴുതിയതാണ്.
ജോണ്‍ ഡ്രീസിനെ ഞാന്‍ പരിചയപ്പെടുന്നത് 1993ല്‍ ഡല്‍ഹിയില്‍ വെച്ചാണ്. അന്ന് പ്ലാനിങ് കമീഷന്‍ അഡ്വൈസര്‍ ആയിരുന്ന ഡോ. എന്‍.ജെ. കുര്യന്റെ വീട്ടില്‍ െവച്ചാണ് ഡ്രീസിനെ ഞാന്‍ ആദ്യം കാണുന്നത്. ഞങ്ങള്‍ രണ്ടുപേരേയും മാത്രമായി ഒരു അത്താഴവിരുന്നിന് കുര്യന്‍ ക്ഷണിച്ചിരുന്നു. ഒരു പഴഞ്ചന്‍ സൈക്കിളിലാണ് ഡ്രീസ് വന്നത്. ബല്‍ജിയത്തിലെ ഒരു പ്രഭുകുടുംബത്തിലായിരുന്നു ജനനമെങ്കിലും ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. എന്റെ 1993ല്‍ പ്രസിദ്ധീകരിച്ച എസ്സേസ് ഓണ്‍ കേരള ഇക്കണോമി എന്ന പുസ്തകത്തിന് ദീര്‍ഘമായ അവതാരിക എഴുതിയിട്ടുള്ളത് ഡ്രീസാണ്.
ഫാ. ഹുത്താര്‍ട്ട് ഒരു കാത്തലിക് പാതിരിയാണ്. ഫിദല്‍ കാസ്ട്രോയുടെ ഉറ്റ ചങ്ങാതിയായിരുന്നു. അതുപോലെ തന്നെ ചൈനീസ് ഭരണകൂടവുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. അദ്ദേഹമൊരു മാര്‍ക്സിയന്‍ സോഷ്യോളജിസ്റ്റാണ്. സമീര്‍ അമീനും അദ്ദേഹവും ചേര്‍ന്ന് എഡിറ്റ് ചെയ്തിട്ടുള്ള വേള്‍ഡ് ഫ്രം ബിലോ എന്ന പുസ്തകത്തില്‍ എന്റെ ഒരു ലേഖനമുണ്ട്. പല ഭാഷകളിൽ പ്രസ്തുത പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത് ശ്രീലങ്കയിലെ കൊളംബോയില്‍ െവച്ചാണ്. അവിടെ ഒരു പ്രസിദ്ധ പുരോഗമന ചിന്തകനായ പാതിരി ടിസ്സാ ബാലസൂര്യ എന്റെ ചിരകാല സുഹൃത്താണ്. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ആദരണികയില്‍ എന്റെ ലേഖനമുണ്ട്. ആഗോളീകരണത്തെക്കുറിച്ചുള്ള പല അന്തര്‍ദേശീയ സെമിനാറുകളും ഫാ. ബാലസൂര്യ സംഘടിപ്പിച്ചിട്ടുണ്ട്. അവിടെ െവച്ചാണ് ഹുത്താര്‍ട്ടിനെ പരിചയപ്പെടുന്നത്. ചൈനീസ് ഗവൺമെന്റ് ആഗോളീകരണത്തെക്കുറിച്ച് സംഘടിപ്പിച്ച വലിയ കോണ്‍ഫറൻസിൽ ഞാന്‍ പങ്കെടുത്തത് ഫാ. ഹുത്താര്ട്ടിന്റെ ശിപാര്‍ശയിലായിരുന്നു. സ്പാനിഷിലും ഇംഗ്ലീഷിലും ആധികാരികമായി ചര്‍ച്ച ചെയ്യാനും പ്രബന്ധങ്ങള്‍ എഴുതാനും അദ്ദേഹത്തിന് അന്യാദൃശമായ കഴിവുണ്ട്. അദ്ദേഹം എന്നെ ബെല്‍ജിയത്തില്‍ നടന്ന അന്തര്‍ദേശീയ കോണ്‍ഫറസില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. അവിടെ െവച്ചാണ് ഞാന്‍ പ്രശസ്ത മാര്‍ക്സിയന്‍ എഴുത്തുകാരന്‍ പ്രഫസര്‍ സമീര്‍ അമീനുമായി പരിചയപ്പെട്ടത്. ഫാ. ഹുത്താര്‍ട്ടിനെ മാവേലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന വിചാര കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയില്‍ വിളിച്ചുവരുത്തി പ്രസംഗിപ്പിച്ചിട്ടുണ്ട്. അദ്ദേഹവുമൊത്ത് കുമരകത്ത് ഉല്ലാസയാത്ര നടത്തിയപ്പോഴും ബദല്‍ അന്വേഷണമായിരുന്നു ഞങ്ങളുടെ ചര്‍ച്ചാ വിഷയം.
തദ്ദേശീയ ധനകാര്യത്തെ കുറിച്ച് അന്തർദേശീയ തലത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് പ്രഫസര്‍ റോയിബാള്‍. ഒട്ടേറെ പ്രാമാണിക ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 73/74 ഭരണഘടനാ ഭേദഗതി പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഒരു മൂന്നാം തല സര്‍ക്കാറായി അംഗീകരിച്ചു. വാസ്തവത്തില്‍ അതിന് അര്‍ഹിക്കുന്ന പ്രാധാന്യം ഇനിയും കിട്ടിയിട്ടില്ല. 2003ല്‍ ലോകബാങ്ക് ഈ വിഷയത്തെ മുന്‍നിര്‍ത്തി ഒരു വലിയ പ്രോജക്ട് തുടങ്ങി. കർണാടകം പഠിക്കാന്‍ ഗോവിന്ദറാവുവിനെയും കേരളം പഠിക്കാന്‍ എന്നെയുമാണ് ബാങ്ക് ഏല്‍പിച്ചത്. അതിന്റെ മേല്‍നോട്ട ചുമതല റോയി ബാളിനായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ആ പ്രഫഷനല്‍ സൗഹൃദം ഇന്നും പുലര്‍ത്തുന്നു. 2004ല്‍ വേള്‍ഡ്ബാങ്കും ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസും ചേര്‍ന്ന് തയാറാക്കിയ പുസ്തകം, കര്‍ണാടകത്തെയും കേരളത്തെയും മുന്‍നിര്‍ത്തിയ ഒരു ആധികാരിക പഠനമാണ്.
ഹെന്‍ട്രി വെല്‍റ്റ് മെയര്‍ കാനഡയിലെ സെന്‍റ്മേരീസ് യൂനിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രഫസര്‍. ആഗോളീകരണത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും അനേകം പുസ്തകങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുള്ള പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞനാണ് അദ്ദേഹം. ക്യൂബയും കേരളവും താരതമ്യം ചെയ്യുന്ന ഒരു പഠനത്തിന് ഹെന്‍ട്രിയും ജോസഫ് താരമംഗലവും കനേഡിയന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിന്റെ ഒരു പ്രോജക്ടിനു അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ എന്നേയും കൂട്ടി. അങ്ങനെയാണ് ഞാന്‍ ഹെന്‍ട്രിയെ പരിചയപ്പെട്ടത്. അദ്ദേഹം തിരുവനന്തപുരം സന്ദര്‍ശിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇവിടെ ഒരു വർക്ഷോപ്പ് സംഘടിപ്പിച്ചതില്‍ ഹെന്‍ട്രിയോടൊപ്പം ക്യൂബയിലെ ചില സാമൂഹിക ശാസ്ത്രജ്ഞരും പങ്കെടുത്തു.
എപ്പോഴും ഒറ്റക്കു നില്‍ക്കുന്ന സാറിന്റെ ധൈര്യം എന്താണ്?
ദീര്‍ഘമായി ഒന്നും പറയുന്നില്ല. ഞാന്‍ എന്റെ നിലപാടുകളില്‍ എക്കാലവും ഉറച്ചുനിന്നു. ഒറ്റക്കു നില്‍ക്കാനുള്ള ധൈര്യമുണ്ട്. സാധാരണക്കാരുടെ പക്ഷത്തുനിന്നല്ലാതെ ഒന്നും എഴുതിയിട്ടില്ല. സംസാരിച്ചിട്ടില്ല. പണമുണ്ടാക്കാനും കരിയറില്‍ ഏണിപ്പടികള്‍ കയറാനും ആരുടെയും പിന്നാലെ പോയില്ല എന്ന ധൈര്യവുമുണ്ട്.